10 October 2026 · ഏകദേശം 16 മിനിറ്റ് വായന

മസാല മാസ്റ്റേഴ്‌സ് ഓഫ് മട്ടാഞ്ചേരി

ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice

മിറക്കിൾ മസാല// ഒരു സിനിമാക്കഥ.

ചിരിപ്പിക്കുന്ന ഒരു അത്ഭുതത്തിന്റെ കഥ.

നജീബ് കടമ്പോട്ട്

Mohmed Najib

വിഭാഗം: ഫാന്റസി കോമഡി, ഫാമിലി എൻ്റർടെയ്‌നർ, സോഷ്യൽ സറ്റയർ .

പശ്ചാത്തലം: കൊച്ചി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കൊച്ചിൻ കാർണിവൽ.

പ്രധാന പ്രമേയം:

സന്തോഷം ഉൽപ്പാദിപ്പിക്കാനും പാക്കറ്റിലാക്കി വിൽക്കാനും കഴിയുമോ? അതോ

അത് മനുഷ്യർ പരസ്‌പരം പങ്കുവെക്കുമ്പോൾ മാത്രം ജനിക്കുന്ന ഒന്നാണോ?

@@@@@@@@@@@@@@@@@@@

മസാല മാസ്റ്റേഴ്സ് ഓഫ് മട്ടാഞ്ചേരി .

( MMM ).

ഒന്നാം ഭാഗം: മട്ടാഞ്ചേരിയിലെ ഒരു പഴയ കട.

മട്ടാഞ്ചേരിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ രാവിലെ സൂര്യപ്രകാശം പതുക്കെ ഇറങ്ങിവരുന്നു. പഴയ കെട്ടിടങ്ങളുടെ ചുമരുകളിൽ ചരിത്രത്തിൻ്റെ നിറം മങ്ങിയിരിക്കുന്നു. കാറ്റിൽ കുരുമുളകിൻ്റെയും ഏലക്കയുടെയും കറുവപ്പട്ടയുടെയും മണം. വിദേശികൾ ക്യാമറയുമായി നടക്കുന്നു. തട്ടുകടകളിൽ ചായ തിളയ്ക്കുന്നു. പഴയൊരു റേഡിയോയിൽനിന്ന് പാട്ട് ഒഴുകിവരുന്നു.

ഈ തെരുവിൻറെ ഒരു മൂലയിൽ, കാലം മറന്നുപോയതുപോലെ ഒരു സുഗന്ധവ്യഞ്ജനക്കടയുണ്ട്.

ഗോപി സ്പൈസ് മർച്ചന്റ്സ്.

വാസ്കോ ഡ ഗാമയുടെ കാലംമുതൽ ഗോപിയുടെ കുടുംബം നടത്തിവരുന്നതാണത്രേ ആ കട. തലമുറകളായി കൈമാറിവന്ന വ്യാപാരപാരമ്പര്യത്തിൻ്റെ കഥകൾ പറയാൻ ഗോപിയുടെ അമ്മയ്ക്ക് നൂറ് നാവാണ്. എന്നാൽ കടയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ പൂർവികർക്ക് തിരിച്ചു വരാനായാൽ പോലും സന്തോഷിക്കാനാവില്ല.

പൊടി പിടിച്ച കുപ്പികൾ. നിറം മങ്ങിയ ബോർഡ്. കാലഹരണപ്പെട്ട വിലവിവരങ്ങൾ. കടയ്ക്കുള്ളിൽ കയറിയാൽ സുഗന്ധവ്യഞ്ജനങ്ങളേക്കാൾ ആദ്യം മൂക്കിലെത്തുന്നത് പഴയ മരത്തിന്റെയും ഈർപ്പത്തിന്റെയും ഗന്ധമാണ്.

ഗോപി മുപ്പത്തഞ്ചിനോടടുത്ത ഒരു ചെറുപ്പക്കാരനാണ്. കച്ചവടത്തിൽ അയാൾക്ക് പ്രത്യേക താൽപ്പര്യമില്ല. കട തുറക്കണം, ഇടയ്ക്കൊക്കെ സാധനങ്ങൾ വിൽക്കണം, വീട്ടിലേക്ക് ആവശ്യമായ പണം കണ്ടെത്തണം. അത്രതന്നെ.

ജീവിതത്തിൽ വലിയൊരു ലക്ഷ്യമുണ്ടോ എന്ന് ചോദിച്ചാൽ ഗോപി പറയും:

“ഉണ്ട്. ഒരു ദിവസം രാവിലെ എണീക്കുമ്പോൾ ഉച്ചയായിരിക്കണം. അന്ന് കട തുറക്കേണ്ടല്ലോ!”

അയാളുടെ ഉറ്റസുഹൃത്താണ് ബെന്നി. ജോലിയെന്ന വാക്കിനോട് അലർജിയുള്ള ഒരു മനുഷ്യൻ. എപ്പോഴും ചുമലിൽ ഒരു പഴയ മെഗാഫോൺ. അത് എവിടെനിന്നു കിട്ടിയെന്നോ എന്തിനാണ് കൊണ്ടുനടക്കുന്നതെന്നോ ആർക്കും അറിയില്ല. ചോദിച്ചാൽ ബെന്നിയുടെ മറുപടി:

"ഇത് വെറുമൊരു മെഗാഫോണല്ല. എൻ്റെ ജീവിതത്തിന്റെ ശബ്ദമാണ്!”

“എന്നിട്ട് നിന്റെ ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും ശബ്‌ദമുണ്ടായിട്ടുണ്ടോ?”

2

ഗോപിയുടെ ചോദ്യത്തിന് ബെന്നിക്ക് മറുപടിയുണ്ടാകും.

"ഉണ്ടല്ലോ. നീ പൈസ തരുമ്പോൾ നിൻ്റെ പേഴ്‌സിൻ്റെ ശബ്ദം!”

ഗോപിയിൽനിന്ന് ചെറിയ ചെറിയ തുകകൾ വാങ്ങി ജീവിക്കുന്ന ബെന്നിക്ക് മട്ടാഞ്ചേരിയിലെ ഓരോ തെരുവും പരിചിതമാണ്. പണം കടം കൊടുത്തവരെ കണ്ടാൽ വഴിമാറി നടക്കുന്നതിൽ അയാൾക്ക് പ്രത്യേക വൈദഗ്ധ്യവുമുണ്ട്.

കടയോട് ചേർന്നുള്ള പഴയ മുറി വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ചുമരുകളിൽ വിള്ളലുകൾ. മേൽക്കൂരയിൽനിന്ന് ഇടയ്ക്കിടെ പൊടി വീഴും. ഒരു പഴയ അലമാരിയും തുരുമ്പെടുത്ത കസേരയും കുറെ മരപ്പെട്ടികളും മാത്രമാണ് അതിനുള്ളിൽ.

അപ്പോഴാണ് ഒരു പെൺകുട്ടി ആ മുറി വാടകയ്ക്കെടുക്കാൻ വരുന്നത്.

മീരയുടെ വരവ്.

മീര. ഇരുപത്തിയെട്ട് വയസ്സ്. പഴയ രേഖകളും കൈയെഴുത്തുപ്രതികളും സംരക്ഷിക്കുന്നതിൽ പരിശീലനം നേടിയ ഒരു യുവതി. കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെയും അവയുമായി ബന്ധപ്പെട്ട മനുഷ്യരുടെ ഓർമ്മകളെയും രേഖപ്പെടുത്തുകയാണ് അവളുടെ ജോലി.

പഴയ കടലാസുകളെ രക്ഷിക്കാൻ ജീവിതം ചെലവഴിക്കുന്ന മീരയ്ക്ക്, സ്വന്തം ജീവിതത്തിൽനിന്ന് രക്ഷിച്ചെടുക്കാൻ കഴിയാതെപോയ ചില ഓർമ്മകളുമുണ്ട്.

അവളുടെ അച്ഛൻ പുരാവസ്‌തുക്കളിലും പഴയ പുസ്‌തകങ്ങളിലും താൽപ്പര്യമുള്ള മനുഷ്യനായിരുന്നു. മീര കുട്ടിയായിരുന്നപ്പോൾ അയാൾ പറഞ്ഞുകൊടുക്കുന്ന കഥകളിൽ മട്ടാഞ്ചേരിയിലെ പഴയ വ്യാപാരികളും കപ്പലുകളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞുനിന്നിരുന്നു. അച്ഛൻ്റെ മരണശേഷം ആ കഥകളെല്ലാം അവളുടെ ഓർമ്മകളിൽ മാത്രം അവശേഷിച്ചു.

പഴയ രേഖകൾ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി കൊച്ചിയിൽ ഒരു ചെറിയ സ്ഥാപനം തുടങ്ങണമെന്നതാണ് മീരയുടെ ആഗ്രഹം. അതിനായി വലിയ വാടക നൽകാൻ അവൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഗോപിയുടെ കടയ്ക്കരികിലുള്ള ആ പഴയ മുറി അവൾ തിരഞ്ഞെടുക്കുന്നത്.

മുറി കണ്ടപ്പോൾ ഗോപി ചോദിച്ചു:

“ഇവിടെ എന്തെങ്കിലും സ്ഥാപനം തുടങ്ങാനാണോ?”

“ അതേ.”

3

“എന്ത് സ്ഥാപനം?"

"പഴയ രേഖകൾ സംരക്ഷിക്കുന്ന സ്ഥാപനം."

ഗോപി ചുമരിലെ വിള്ളലിലേക്ക് നോക്കി.

“അങ്ങനെയാണെങ്കിൽ ഈ കെട്ടിടം തന്നെ ആദ്യം സംരക്ഷിക്കേണ്ടിവരും!”

മീര ചിരിച്ചു.

“ ഇതിന് എത്ര വാടക തരേണ്ടിവരും?”

“നിങ്ങൾക്ക് എത്ര തരാൻ കഴിയും?"

“എനിക്ക് താങ്ങാവുന്ന തുക പറഞ്ഞാൽ മതി.”

ഗോപി ഒരു തുക പറഞ്ഞു. മീര സമ്മതിച്ചു.

പക്ഷേ അവൾക്ക് ആ മുറി ഇഷ്‌ടപ്പെട്ടതിൻ്റെ യഥാർത്ഥ കാരണം മറ്റൊന്നായിരുന്നു. അച്ഛന്റെ പഴയ കുറിപ്പുകളിൽ മട്ടാഞ്ചേരിയിലെ ഈ ഭാഗത്തെക്കുറിച്ച് ചില പരാമർശങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് സുഗന്ധവ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ഒരു കെട്ടിടത്തെക്കുറിച്ചും അയാൾ എഴുതിയിരുന്നു. അതേ കെട്ടിടമാണോ ഇതെന്ന് അവൾക്ക് ഉറപ്പില്ല.

മുറി വൃത്തിയാക്കാൻ മീര തുടങ്ങിയപ്പോൾ ഗോപി സഹായിക്കാൻ ചെന്നു. എന്നാൽ ഒരു പഴയ പെട്ടി എടുത്തുവയ്ക്കുന്നതിനിടയിൽ പൊടി പറന്നതോടെ അയാൾ തുമ്മിക്കൊണ്ട് പുറത്തേക്ക് ഓടി.

"ഇത്രയും പഴക്കമുള്ള സാധനങ്ങൾക്കിടയിൽ മനുഷ്യന് ജീവിക്കാൻ കഴിയുമോ?"

മീര ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:

“നിങ്ങളുടെ കടയിൽ ഇതിലും പഴക്കമുള്ള സാധനങ്ങളില്ലേ?"

“ഉണ്ട്. പക്ഷേ അവയ്ക്ക് വിലയുണ്ട്. ഇവയ്ക്ക് പൊടിയല്ലാതെ മറ്റൊന്നുമില്ല!"

അവിടെയുണ്ടായിരുന്ന ബെന്നി ഉടനെ ഇടപെട്ടു.

"പൊടിക്കും വിലയുണ്ട്. സുഗന്ധവ്യഞ്ജനപ്പൊടിക്ക്!"

അങ്ങനെ മീരയും ഗോപിയും ബെന്നിയും തമ്മിലുള്ള പരിചയം ആരംഭിക്കുന്നു.

4

മീരയ്ക്ക് ആ മുറിയിൽ ഒരു പഴയ അലമാര കാണാനിടയായി. അലമാരയുടെ അടിത്തട്ടിൽ ഒരു രഹസ്യ അറയുണ്ടായിരുന്നു. അത് തുറന്നപ്പോൾ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു കട്ടിയുള്ള ലെഡ്‌ജർ കിട്ടി.

ലെഡ്‌ജറിൻ്റെ പുറംചട്ടയിൽ വിചിത്രമായ അക്ഷരങ്ങൾ. അകത്തെ പേജുകളിൽ പല നിറങ്ങളിലുള്ള മഷികൊണ്ട് എഴുതിയ വരികൾ. ചിലയിടങ്ങളിൽ കണക്കുകൾ. മറ്റുചിലയിടങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പേരുകൾപോലെ തോന്നിക്കുന്ന ചിഹ്നങ്ങൾ.

ഗോപിക്ക് ഒന്നും മനസ്സിലായില്ല.

ബെന്നി അതെടുത്ത് തിരിച്ചും മറിച്ചും നോക്കി.

“ഇത് പോർച്ചുഗീസാണ്!”

മീര ചോദിച്ചു:

“നിങ്ങൾക്ക് പോർച്ചുഗീസ് അറിയാമോ?"

“അറിയാം. എൻ്റെ മുതുമുത്തച്ഛൻ പോർച്ചുഗീസുകാരുടെ കൂടെ കച്ചവടം ചെയ്തിരുന്നു."

“അപ്പോൾ ഇതിലെന്താണ് എഴുതിയിരിക്കുന്നത്?"

ബെന്നി ഗൗരവത്തോടെ പേജ് തുറന്നു.

"ഇതിൽ പറയുന്നത്... ഇതൊരു പുസ്‌തകമാണെന്നാണ്!”

ഗോപി അവനെ നോക്കി.

“നിനക്ക് അറിയാവുന്ന ഭാഷയിൽ ഇതിൽ ഒന്നും എഴുതിയിട്ടില്ലല്ലോ?”

“അതുതന്നെയാണ് പോർച്ചുഗീസിൻ്റെ പ്രത്യേകത. നമുക്ക് മനസ്സിലാകില്ല!”

മീര ചിരിച്ചു. ലെഡ്‌ജർ കേടുവരാതെ സൂക്ഷിക്കണമെന്ന് അവൾ നിർദേശിച്ചെങ്കിലും, അതിന്റെ രഹസ്യം കണ്ടെത്താൻ അപ്പോൾ ആരും തയ്യാറായിരുന്നില്ല.

വെള്ളം തൊട്ടപ്പോൾ തെളിഞ്ഞ അത്ഭുതം.

മുറി വൃത്തിയാക്കൽ തുടരുന്നതിനിടെ ബെന്നി പുറത്തുപോയി വെള്ളം കൊണ്ടുവന്നു. ക്ഷീണം കാരണം ഒരു മരപ്പെട്ടിക്കരികിൽ ഇരുന്ന് വെള്ളം കുടിക്കുന്നതിനിടയിൽ കൈ തട്ടി പാത്രം മറിഞ്ഞു.

വെള്ളം ലെഡ്‌ജറിൻ്റെ പുറംചട്ടയിലൂടെ ഒഴുകി.

5

"എൻ്റെ ദൈവമേ! ഇതിപ്പോൾ മുഴുവനും നശിച്ചല്ലോ!"

ഗോപി ചാടിയെഴുന്നേറ്റു. എന്നാൽ അടുത്ത നിമിഷം മൂന്നുപേരും അത്ഭുതത്തോടെ നോക്കിനിന്നു.

പുറംചട്ടയിലെ പഴയ അടയാളങ്ങൾക്കിടയിൽ ചില അക്ഷരങ്ങൾ തെളിഞ്ഞുവരുന്നു. മലയാളം!

മീര ഉടനെ ലെഡ്ജർ സൂക്ഷിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷേ ഈർപ്പം പടർന്നതോടെ അകത്തെ ചില പേജുകളിലും നേരത്തെ കാണാത്ത അക്ഷരങ്ങൾ തെളിഞ്ഞുവന്നു.

അവൾ കടലാസിൻ്റെ അവസ്ഥ പരിശോധിച്ചു. വളരെ പഴയൊരു രേഖയായിരുന്നു അത്.

വെള്ളത്തിൽ ലയിക്കുന്ന മഷിയുടെ പ്രത്യേകത കൊണ്ടോ പേജുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു എഴുത്തുപാളി നനഞ്ഞതുകൊണ്ടോ അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതാകാമെന്ന് അവൾ കരുതി.

മുഴുവൻ രഹസ്യവും അപ്പോൾ വ്യക്തമായില്ല. എന്നാൽ ചില മലയാളം വാക്കുകൾ വായിക്കാൻ കഴിഞ്ഞു.

“സന്തോഷം നിലനിൽക്കുന്ന കൂട്ടിന്റെ രീതി.”

അതിനുതാഴെ നീണ്ടൊരു പാചകക്കുറിപ്പ്.

കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയ്‌ക്കൊപ്പം അവർക്ക് പരിചയമില്ലാത്ത ചില ചേരുവകളുടെ പേരുകളും. ഓരോ ചേരുവയ്ക്കും അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാചകത്തിൻ്റെ അവസാന ഭാഗത്ത് വിചിത്രമായൊരു നിർദേശം:

“ഈ കൂട്ട് ചേർക്കേണ്ടത് തീ അണയ്ക്കുന്നതിന് മുമ്പല്ല; മനസ്സുകൾ ഒന്നിക്കുന്ന നേരത്താണ്.”

ഗോപി പേജ് വീണ്ടും വായിച്ചു.

“ഇത് മസാലക്കൂട്ടാണോ അതോ കല്യാണാലോചനയാണോ?"

ബെന്നി ഉടനെ പറഞ്ഞു:

“എന്തായാലും പരീക്ഷിക്കണം. മനസ്സ് ഒന്നിച്ചില്ലെങ്കിലും വയറുകൾ ഒന്നിക്കട്ടെ!”

മീര ലെഡ്‌ജർ സുരക്ഷിതമായി സൂക്ഷിച്ച് ഓരോ പേജിന്റെയും ചിത്രങ്ങൾ എടുത്തു. അതിന്റെ ഭാഷയും ചരിത്രവും പരിശോധിക്കാൻ അവൾ തീരുമാനിച്ചു.

അതേസമയം ഗോപിയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു.

മസാലക്കൂട്ട് ശരിക്കും അത്ഭുതകരമാണെങ്കിൽ?

6

അയാൾക്ക് ജീവിതത്തിൽ ആദ്യമായി ഒരു വലിയ ലക്ഷ്യം തോന്നി.

ആദ്യത്തെ പരീക്ഷണം.

പാചകക്കുറിപ്പിലെ ചേരുവകൾ കണ്ടെത്താൻ ഗോപിയും ബെന്നിയും ഇറങ്ങിത്തിരിക്കുന്നു.

മട്ടാഞ്ചേരിയിലെ പഴയ മസാലക്കടകളിലും ഗോഡൗണുകളിലും അവർ കയറിയിറങ്ങുന്നു. ചില പേരുകൾ കാലക്രമത്തിൽ മാറിയവയായിരുന്നു. ചിലത് പ്രാദേശികമായി ഉപയോഗിച്ചിരുന്ന പഴയ അളവുകളെ സൂചിപ്പിക്കുന്നതും. ചില സൂചനകൾ മനസ്സിലാക്കാൻ മീരയുടെ സഹായം വേണ്ടിവന്നു.

ഒടുവിൽ ആദ്യത്തെ മിശ്രിതം തയ്യാറായി.

ഗോപി ഒരു ചെറിയ അളവ് കറിയിൽ ചേർത്തു.

ബെന്നി ഒരു സ്പൂൺ കറി വായിലിട്ടതും കണ്ണുകൾ പുറത്തേക്ക് തള്ളി.

“എന്തുപറ്റി?”

“എന്റെ വായ്ക്കുള്ളിൽ ഒരു മുളകുപടക്കശാല പൊട്ടിയിരിക്കുന്നു!"

വെള്ളം കുടിച്ചിട്ടും ആശ്വാസമില്ല. ബെന്നി മെഗാഫോൺ എടുത്ത് അതിലൂടെ സഹായം അഭ്യർഥിച്ചു.

“മട്ടാഞ്ചേരിക്കാരേ, ആരുടെയെങ്കിലും കൈയിൽ പാലുണ്ടെങ്കിൽ ഉടനെ എത്തിക്കുക! ഒരു സുഹൃത്തിൻ്റെ നാവ് രക്ഷിക്കാനുണ്ട്!”

അടുത്ത വീട്ടുകാർ ഓടിയെത്തി. ചിലർ പാൽ കൊണ്ടുവന്നു. മറ്റുചിലർ തൈര്. ഒരാൾ അഗ്നിശമനസേനയെ വിളിക്കണമെന്നുവരെ നിർദേശിച്ചു.

മീര ചിരിച്ചുകൊണ്ട് മിശ്രിതത്തിൻ്റെ അളവുകൾ പരിശോധിച്ചു. ഗോപിക്ക് ഒരു കാര്യം മനസ്സിലായി: പാചകക്കുറിപ്പിൽ പറയുന്ന അളവുകൾ താൻ തെറ്റായി കണക്കാക്കിയിരിക്കുന്നു.

രണ്ടാമത്തെ പരീക്ഷണത്തിൽ മഞ്ഞൾ കൂടിപ്പോയി. മൂന്നാമത്തേതിൽ കുരുമുളകിന്റെ അളവ് തെറ്റി. നാലാമത്തേത് ബെന്നി കഴിക്കാൻ വിസമ്മതിച്ചു.

“ഞാൻ നിന്റെ സുഹൃത്താണ്. പരീക്ഷണശാലയിലെ എലിയല്ല!" ബെന്നി പറഞ്ഞു.

7

പക്ഷേ പരാജയങ്ങൾക്കിടയിലും ചില സൂചനകൾ തെളിഞ്ഞുവന്നു. ശരിയായ അളവിൽ ചേരുവകൾ ചേർത്ത ഒരു കറിയിൽനിന്ന് അസാധാരണമായൊരു സുഗന്ധം ഉയർന്നു. അത് കഴിച്ചപ്പോൾ എല്ലാവർക്കും നല്ല സന്തോഷം തോന്നി.

അത് യഥാർത്ഥ മിറക്കിൾ മസാലയായിരുന്നോ എന്ന കാര്യത്തിൽ അപ്പോഴും സംശയമുണ്ടായിരുന്നു.

അതിനിടയിലാണ് ഗോപിയുടെ അമ്മയുടെ വീട്ടിൽ ഒരു കുടുംബ അത്താഴം നടക്കുന്നത്. വർഷങ്ങളായി അമ്മയും ഗോപിയുടെ ഇളയമ്മയും തമ്മിൽ സ്വരച്ചേർച്ചയില്ല. ചെറിയ കാര്യങ്ങൾക്കുപോലും തർക്കം. കുടുംബത്തിലെ വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഇരുവരും ഒരേ മുറിയിലുണ്ടെങ്കിൽ ആരെങ്കിലും ഇടനിലക്കാരനായി നിൽക്കേണ്ടിവരും.

അന്ന് അതിഥികളായി ഇളയമ്മയും കുടുംബവും എത്തി.

ഗോപി പരീക്ഷണത്തിനായി തയ്യാറാക്കിയ മസാലക്കൂട്ട് ഇറച്ചിക്കറിയിൽ ചെറിയ അളവിൽ ചേർത്തു.

ആദ്യം എല്ലാവരും പതിവുപോലെ ഭക്ഷണം കഴിച്ചുതുടങ്ങി. പിന്നെ ബെന്നി പറഞ്ഞ ഒരു വിഡ്ഢിത്തം കേട്ട് ഇളയമ്മ ചിരിച്ചു. വർഷങ്ങൾക്കുശേഷം അമ്മയും അവരോടൊപ്പം ചിരിച്ചു.

സംസാരങ്ങൾ പഴയ ഓർമ്മകളിലേക്ക് നീങ്ങി. പിണക്കങ്ങളുടെ കാരണങ്ങൾ എത്ര നിസ്സാരമായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ഇരുവരും പരസ്പരം വിളിച്ചുപറയുന്നതിനു പകരം അടുത്തിരുന്ന് സംസാരിക്കുകയായിരുന്നു.

ഗോപി അത്ഭുതപ്പെട്ടു.

എന്നാൽ മീര ഒരു കാര്യം ശ്രദ്ധിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചിരിക്കുകയും ചെയ്‌തപ്പോഴാണ് ആ മാറ്റം സംഭവിച്ചത്.

മസാലയുടെ രഹസ്യം എന്തായാലും, അതിന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അവൾക്ക് തോന്നി.

അഞ്ചാം ഭാഗം: മട്ടാഞ്ചേരിയിൽ ചിരിയുടെ പടയോട്ടം

ഗോപിയും ബെന്നിയും പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.

മട്ടാഞ്ചേരിയിലെ ഒന്നുരണ്ട് റെസ്റ്ററൻ്റുകളിലെ പാചകക്കാരെ അവർ രഹസ്യമായി സമീപിക്കുന്നു. മിറക്കിൾ മസാലയുടെ ചെറിയ അളവുകൾ നൽകി പരീക്ഷിക്കാൻ ആവശ്യപ്പെടുന്നു.

8

ആദ്യ റെസ്റ്ററന്റിൽ കുടുംബങ്ങൾ തമ്മിൽ സംസാരിച്ചുതുടങ്ങുന്നു. രണ്ടാമത്തേതിൽ പതിവായി വഴക്കിടുന്ന രണ്ട് സുഹൃത്തുക്കൾ പരസ്‌പരം ഭക്ഷണം വിളമ്പുന്നു. മറ്റൊരിടത്ത് ബില്ലിനെച്ചൊല്ലി തർക്കിച്ചിരുന്ന രണ്ടു പേർ ഒടുവിൽ ഒരേ മേശയിൽ ഇരുന്ന് ചിരിക്കുന്നു.

ആളുകൾ വീണ്ടും വീണ്ടും ആ ഭക്ഷണം തേടിയെത്തുന്നു.

എന്താണ് അതിൻ്റെ രഹസ്യമെന്ന് റെസ്റ്ററൻ്റ് ഉടമകൾക്ക് മനസ്സിലാകുന്നില്ല. മസാലക്കൂട്ട് തീരുന്നതുവരെ തിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു.

അതോടെ മട്ടാഞ്ചേരിയിൽ ഒരു പുതിയ വാർത്ത പരക്കുന്നു.

ഗോപിയുടെ കടയിൽ അത്ഭുതമസാല കിട്ടും!

വാർത്ത പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും എത്തുന്നു. ചിലർ അതിനെ സന്തോഷത്തിന്റെ്റെ മസാലയെന്ന് വിളിക്കുന്നു. മറ്റുചിലർ ചിരിയുടെ മസാല. ഒരു യൂട്യൂബർ കടയുടെ മുന്നിൽ നിന്നുകൊണ്ട് തത്സമയം പ്രഖ്യാപിക്കുന്നു:

“സുഹൃത്തുക്കളേ, ഇവിടെ മസാല വാങ്ങിയാൽ ജീവിതത്തിൽ സന്തോഷം ഉറപ്പാണ്!”

ഗോപി അയാളെ തിരുത്തുന്നു:

“അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല.”

“അപ്പോൾ നിങ്ങളുടെ മസാല കഴിച്ചാൽ സന്തോഷം കിട്ടില്ലേ?”

"കിട്ടുമായിരിക്കും."

“അപ്പോൾ ഉറപ്പാണല്ലോ!”

ഇതിനിടെ കടയ്ക്കു മുന്നിൽ ജനക്കൂട്ടം കൂടുന്നു. ആളുകളെ നിയന്ത്രിക്കാൻ ബെന്നി മെഗാഫോണുമായി ഇറങ്ങുന്നു.

“ക്യൂവിൽ നിൽക്കുക! തള്ളരുത്! മസാല എല്ലാവർക്കും കിട്ടും! ചിരിക്കാനുള്ളവർ ഇടത്തോട്ടും ചിരിക്കാത്തവർ വലത്തോട്ടും മാറുക!"

ഒരാൾ ചോദിക്കുന്നു:

“ചിരിക്കാത്തവർ എന്തിനാണ് ഇവിടെ വന്നത്?"

ബെന്നി മറുപടി പറയുന്നു:

“അവർക്കാണ് ഏറ്റവും കൂടുതൽ ആവശ്യം!”

9

എന്നാൽ ഈ വിജയം അധികകാലം രഹസ്യമായി തുടരുന്നില്ല.

ആറാം ഭാഗം: കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ ഭയം

അർജുൻ നായർ എന്ന വ്യവസായി രാജ്യത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്പനികളിലൊന്നിൻ്റെ സിഇഒ യാണ്. കൃത്യമായ കണക്കുകൂട്ടലുകൾ, വിപണിയിലെ ആധിപത്യം, എതിരാളികളെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ - ഇതൊക്കെയാണ് അയാളുടെ ലോകം.

ഗോപിയുടെ കടയിലെ തിരക്ക് കമ്പനിയുടെ മാർക്കറ്റ് ഗവേഷണ വിഭാഗം ശ്രദ്ധിക്കുന്നു.

ആദ്യം അർജുൻ അതിനെ തമാശയായി കാണുന്നു. ഒരു പഴയ കടയിലെ മസാലക്കൂട്ടിന് തന്റെ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ കഴിയുമെന്ന് അയാൾ വിശ്വസിക്കുന്നില്ല.

പക്ഷേ വിൽപ്പന കണക്കുകൾ മാറിത്തുടങ്ങുന്നു. ചില റെസ്റ്ററൻ്റുകൾ പതിവ് ബ്രാൻഡുകൾ ഒഴിവാക്കി ഗോപിയുടെ മസാല തേടുന്നു. സാമൂഹികമാധ്യമങ്ങളിൽ ഉപഭോക്താക്കൾ പഴയ കമ്പനികളുടെ ഉൽപ്പന്നങ്ങളെ പരിഹസിക്കുന്നു.

അർജുൻ അടിയന്തര യോഗം വിളിക്കുന്നു.

"ഒരു ചെറിയ കട. രണ്ട് അലസന്മാർ. പിന്നെ ഒരു മസാലക്കൂട്ട്. ഇതാണോ നമ്മുടെ കമ്പനിയെ ഭീഷണിപ്പെടുത്തുന്നത്?”

ഒരു ഉദ്യോഗസ്ഥൻ പറയുന്നു:

“സാർ, അവർക്ക് വലിയ പരസ്യങ്ങളൊന്നുമില്ല. പക്ഷേ ആളുകൾ അവരുടെ ഉൽപ്പന്നത്തെക്കുറിച്ച് സ്വയം സംസാരിക്കുന്നു.”

അർജുൻ മേശയിൽ കൈയടിക്കുന്നു.

“അപ്പോൾ നമ്മളും അതുതന്നെ ചെയ്യും. അവരുടെ മസാല സ്വന്തമാക്കണം. വിലകൊടുത്ത് കിട്ടിയില്ലെങ്കിൽ മറ്റൊരു വഴിയിലൂടെ."

അങ്ങനെ രൂപംകൊള്ളുന്നു സ്പൈസ് സാബോട്ടേഴ്‌സ് - കമ്പനിയുടെ രഹസ്യനീക്കങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന വിചിത്രമായൊരു സംഘം.

അവരുടെ നേതാവ് ഒരു മുൻ ചാരനാണെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥൻ. എന്നാൽ അയാൾക്ക് വേഷം മാറുന്നതിലും രഹസ്യമായി പിന്തുടരുന്നതിലും വലിയ മിടുക്കില്ല. ഗോപിയുടെ കടയിൽ കസ്റ്റമറായി കയറുന്ന അയാൾ അവിടെയിരുന്ന് ഉറങ്ങിപ്പോകുന്നു.

10

മറ്റൊരാൾ കടയുടെ പുറകിലൂടെ രഹസ്യമായി കടക്കുന്നതിനിടെ മീൻവണ്ടിയിൽ വീഴുന്നു.

ഒരാൾ ബെന്നിയുടെ മെഗാഫോണിലൂടെ നടക്കുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വന്തം സംഭാഷണങ്ങൾത്തന്നെ നാട്ടുകാരെ കേൾപ്പിക്കുന്നു.

എല്ലാ പരാജയങ്ങൾക്കും അർജുൻ നായർ ഒരേ മറുപടി പറയുന്നു:

“നിങ്ങൾ ചാരന്മാരാണോ അതോ സർക്കസുകാരാണോ?"

അവർക്ക് അതിനും മറുപടിയുണ്ട്.

“സാർ, സർക്കസിൽ കുറഞ്ഞത് കൈയടിയെങ്കിലും കിട്ടും!”

ഏഴാം ഭാഗം: മീര കണ്ടെത്തുന്ന രണ്ടാമത്തെ രഹസ്യം

കോർപ്പറേറ്റ് ചാരന്മാർ മസാലയുടെ റെസിപ്പി തേടുമ്പോൾ മീര ലെഡ്‌ജറിന്റെ ചരിത്രം അന്വേഷിക്കുകയാണ്.

പഴയ രേഖകളിലെ ഭാഷയും കണക്കുകളും പരിശോധിക്കുന്നതിനിടെ അവൾക്ക് ഒരു കാര്യം മനസ്സിലാകുന്നു. ലെഡ്‌ജർ ഒരു സാധാരണ വ്യാപാരിയുടെ അക്കൗണ്ട് പുസ്‌തകമല്ല. പല കാലങ്ങളിലായി വ്യത്യസ്‌ത ആളുകൾ അതിൽ കുറിപ്പുകൾ ചേർത്തിട്ടുണ്ട്. പോർച്ചുഗീസ് വ്യാപാരരേഖകൾക്കൊപ്പം മലയാളത്തിലുള്ള കുടുംബക്കുറിപ്പുകളും പിന്നീടുള്ള തലമുറകളുടെ അടയാളങ്ങളും അതിലുണ്ട്.

ആ കുറിപ്പുകളിൽ പ്രധാനപ്പെട്ട ഒരു രേഖപ്പെടുത്തലുണ്ട്: ഒരാൾ ആ മസാലക്കൂട്ട് തനിക്കുവേണ്ടി മാത്രം സൂക്ഷിച്ചുവെച്ചിരുന്നില്ല. വ്യാപാരത്തിൽ ഉപയോഗിച്ചിരുന്നെങ്കിലും, കുടുംബങ്ങൾ ഒത്തുചേർന്ന് ഭക്ഷണം പങ്കുവെക്കുന്ന അവസരങ്ങളിലാണ് അതിന് പ്രാധാന്യമുണ്ടായിരുന്നത്.

ലെഡ്‌ജറിലെ അവസാന പേജുകളിലേക്ക് എത്തുമ്പോൾ മറ്റൊരു സൂചന തെളിയുന്നു. ചില ചേരുവകളുടെ പേരുകൾക്ക് അരികിൽ ചെറിയ കുറിപ്പുകളുണ്ട്. അവയുടെ അളവുകൾ ഭക്ഷണത്തിൻ്റെ രുചി മാത്രമല്ല, അത് തയ്യാറാക്കുന്ന സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു.

മീര ഗോപിയോട് പറയുന്നു:

“നമ്മൾ തിരയുന്നത് ഒരു രഹസ്യപ്പൊടിയാണെന്ന് കരുതിയല്ലേ? പക്ഷേ ഈ പുസ്തകം പറയുന്നത് അതിലധികം കാര്യമാണ്.”

ഗോപി മറുപടി പറയുന്നു:

"അപ്പോൾ രഹസ്യം മസാലയിലല്ലേ?"

11

“മസാലയുടെ രഹസ്യം അതിൽ മാത്രമല്ല. ഈ കുറിപ്പുകൾ എഴുതിയവർ എന്തിനുവേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് മനസ്സിലാക്കണം."

അതിനിടെ അർജുൻ നായർ മീരയെ സമീപിക്കുന്നു. വലിയൊരു തുക വാഗ്ദാനം ചെയ്ത് ലെഡ്‌ജറും അതിൻ്റെ ചിത്രങ്ങളും വാങ്ങാൻ ശ്രമിക്കുന്നു.

മീര നിരസിക്കുന്നു.

“ചരിത്രം വിലകൊടുത്ത് വാങ്ങാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

അർജുൻ ചിരിക്കുന്നു.

“ചരിത്രം മാത്രമല്ല, അതിൻ്റെ ഭാവിയും വാങ്ങാം.”

മീരയ്ക്ക് അയാളുടെ ഉദ്ദേശ്യം വ്യക്തമായി.

ഇപ്പോൾ ഈ പോരാട്ടം ഗോപിയുടെ കടയും ഒരു വലിയ കമ്പനിയും തമ്മിലുള്ള മത്സരം മാത്രമല്ല. പാരമ്പര്യവും ലാഭക്കൊതിയും തമ്മിലുള്ള പോരാട്ടമാണ്.

എട്ടാം ഭാഗം: കള്ളറെസിപ്പിയും യഥാർത്ഥ തട്ടിപ്പും

അർജുൻ നായർ ഗോപിയുടെ മസാലക്കൂട്ട് തട്ടിയെടുക്കാൻ പുതിയ പദ്ധതി തയ്യാറാക്കുന്നു.

വൻതുക വാഗ്ദാനം ചെയ്തിട്ടും റെസിപ്പി കൈക്കലാക്കാനാകാതെ വന്നതോടെ അയാളുടെ ഒരു ഉദ്യോഗസ്ഥൻ വേഷംമാറി കടയിലെത്തുന്നു. മസാലയുടെ രഹസ്യം അറിയാൻ വന്ന ഒരു വിദേശ നിക്ഷേപകനാണെന്ന് അയാൾ അവകാശപ്പെടുന്നു.

പക്ഷേ ബെന്നി അയാളെ ആദ്യനോട്ടത്തിൽത്തന്നെ സംശയിക്കുന്നു.

"നിങ്ങൾ നിക്ഷേപകനാണോ?"

“അതെ."

“എത്ര നിക്ഷേപിക്കും?”

"ഒരു കോടി."

ബെന്നി മെഗാഫോൺ താഴ്ത്തി ഗോപിയോട് പതുക്കെ പറയുന്നു:

"ഇവനെ വിടരുത്. ഇത്രയും പണം ഉണ്ടെങ്കിൽ ഇവന് സ്വന്തമായി ഒരു മെഗാഫോൺ വാങ്ങാമായിരുന്നു!”

12

മീരയും ഗോപിയും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കുന്നു. അവർ വ്യാജമായൊരു റെസിപ്പി ഉണ്ടാക്കുന്നു. ചേട്ടത്തിയെക്കൊണ്ട് അത് കൃത്യമായി എഴുതിച്ച് ഉദ്യോഗസ്ഥന് കൈമാറുന്നു. പകരമായി അയാൾ വലിയൊരു തുക നൽകുന്നു.

കോർപ്പറേറ്റ് ആസ്ഥാനത്ത് റെസിപ്പി എത്തുന്നു.

അർജുൻ നായർ അതിനെ വിജയത്തിൻ്റെ രേഖയായി സ്വീകരിക്കുന്നു. കമ്പനി ശാസ്ത്രജ്ഞർ മിശ്രിതം തയ്യാറാക്കുന്നു. എന്നാൽ ഫലം ഭീകരം. ആദ്യ പരീക്ഷണത്തിൽ കറി കയ്പ്പാകുന്നു. രണ്ടാമത്തേതിൽ മുളകിൻ്റെ അളവ് കൂടുന്നു. മൂന്നാമത്തേതിൽ സുഗന്ധവ്യഞ്ജനങ്ങൾ തമ്മിൽ പൊരുത്തപ്പെടാതെ വിചിത്രമായൊരു ഗന്ധം ഉയരുന്നു.

അർജുൻ ദേഷ്യത്തിൽ ചോദിക്കുന്നു:

“ഇതാണോ ലോകത്തെ കീഴടക്കാൻ പോകുന്ന മസാല?"

ശാസ്ത്രജ്ഞൻ പറയുന്നു:

“സാർ, രുചിയുടെ കാര്യത്തിൽ ഇത് ലോകത്തെ കീഴടക്കില്ല. പക്ഷേ ആളുകളെ ഭക്ഷണത്തിൽനിന്ന് അകറ്റാൻ കഴിയും!"

അതിനിടെ ഗോപിയുടെ കടയിൽ വിൽപ്പന തുടരുന്നു. എന്നാൽ മസാലയുടെ ശേഖരം കുറയുകയാണ്. വലിയ തോതിൽ ഉൽപ്പാദിപ്പിക്കാൻ ഗോപിക്ക് സൗകര്യങ്ങളില്ല. അതുകൊണ്ട് അവർ ചെറിയൊരു അടുക്കള ഒരുക്കുന്നു.

ഗോപി അളവുകൾ തെറ്റിക്കുന്നു. ബെന്നി പൊടികൾ കലർത്തുന്നതിനിടെ ചുമയ്ക്കുന്നു. ചേട്ടത്തി എല്ലാവരെയും ശകാരിച്ചുകൊണ്ട് പണി മുന്നോട്ടുകൊണ്ടുപോകുന്നു.

ഒരു ദിവസം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കലർന്നുണ്ടായ പൊടിക്കാറ്റ് കടയിൽനിന്ന് തെരുവിലേക്കെത്തുന്നു. അടുത്തുള്ള കടകളിലെ ആളുകൾ തുമ്മിക്കൊണ്ട് പുറത്തേക്കോടുന്നു. ഒരു വിനോദസഞ്ചാരി അതിനെ പുതിയൊരു മസാലാനുഭവമാണെന്ന് കരുതി വീഡിയോ ചിത്രീകരിക്കുന്നു.

വീഡിയോ വൈറലാകുന്നു.

“മട്ടാഞ്ചേരിയിൽ മസാലക്കാറ്റ്!"

ബെന്നി മെഗാഫോണിലൂടെ പ്രഖ്യാപിക്കുന്നു:

"ദയവായി ശാന്തരാകുക! ഇത് പ്രകൃതിദുരന്തമല്ല. ഗോപിയുടെ കണക്കുപിശകാണ്!"

13

ഒൻപതാം ഭാഗം: ഗോപിയുടെ തട്ടിക്കൊണ്ടുപോകൽ

കള്ളറെസിപ്പി കൊണ്ട് പരാജയപ്പെട്ട അർജുൻ നായർ ഇനി ക്ഷമിക്കാൻ തയ്യാറല്ല.

ഗോപിയെ തന്ത്രപരമായി തട്ടിക്കൊണ്ടുപോകാൻ അയാൾ തീരുമാനിക്കുന്നു.

ഒരു വലിയ ഹോട്ടലിൽ മസാല പരീക്ഷിക്കാനുള്ള ക്ഷണമെന്ന വ്യാജേന ഗോപിയെ വിളിച്ചുവരുത്തുന്നു. ഗോപി അതൊരു ബിസിനസ് അവസരമാണെന്ന് കരുതുന്നു. ബെന്നിയും കൂടെ പോകാൻ തയ്യാറാകുന്നു. പക്ഷേ അവസാന നിമിഷം ഒരു വ്യാജ ഫോൺവിളിയിൽ കുടുങ്ങി ബെന്നി വഴിയിൽ അകപ്പെടുന്നു.

ഗോപി അർജുന്റെ ആളുകളുടെ പിടിയിലാകുന്നു.

കമ്പനിയുടെ രഹസ്യ കേന്ദ്രത്തിൽ അയാളെ എത്തിക്കുന്നു. അർജുൻ ഗോപിക്ക് വലിയൊരു കരാർ വാഗ്ദാനം ചെയ്യുന്നു. പണം, ആഡംബരജീവിതം, വിദേശയാത്രകൾ, സ്വന്തം പേരിലുള്ള മസാല ബ്രാൻഡ് - എല്ലാം.

ഗോപി കുറച്ചുനേരം നിശ്ശബ്‌ദനായി ഇരിക്കുന്നു.

"ഇതെല്ലാം തന്നാൽ ഞാൻ എന്തുചെയ്യണം?”

"റെസിപ്പി പറഞ്ഞുതരണം.”

“അത് പറഞ്ഞുതന്നാൽ നിങ്ങൾക്ക് സന്തോഷം കിട്ടുമോ?”

അർജുൻ പരിഹാസത്തോടെ ചിരിക്കുന്നു.

“സന്തോഷം? ഞാൻ ബിസിനസാണ് ചെയ്യുന്നത്."

ഗോപി തലകുലുക്കുന്നു.

“അതാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾക്ക് ബിസിനസ് അറിയാം. പക്ഷേ ഭക്ഷണം കഴിക്കാൻ അറിയില്ല!”

അർജുൻ ഗോപിയെ ഭീഷണിപ്പെടുത്തുന്നു. ഒടുവിൽ അയാൾ റെസിപ്പി പറഞ്ഞുകൊടുക്കുന്നു. എന്നാൽ ഗോപി പറഞ്ഞത് യഥാർത്ഥ മസാലക്കൂട്ടിന്റെ അളവുകൾ മാത്രമല്ല. മസാല തയ്യാറാക്കുമ്പോൾ പാലിക്കേണ്ട ചില രീതികളും അതിന്റെ യഥാർത്ഥ ഉപയോഗത്തെക്കുറിച്ചുള്ള സൂചനകളും അയാൾ മനപ്പൂർവം ഒഴിവാക്കുന്നു.

കമ്പനി പുതിയ മിശ്രിതം തയ്യാറാക്കുന്നു. ആഡംബരപൂർവമായ പാക്കേജിങ്. വമ്പൻ പരസ്യങ്ങൾ. “പുതിയതും മെച്ചപ്പെട്ടതുമായ മിറക്കിൾ മസാല" എന്ന പേരിൽ വിപണിയിലിറക്കുന്നു.

14

ആദ്യ ദിവസംതന്നെ പരസ്യം എല്ലായിടത്തും നിറയുന്നു.

എന്നാൽ ഉൽപ്പന്നം ഉപയോഗിച്ചവർ നിരാശരാകുന്നു. ഭക്ഷണത്തിന് അസ്വാഭാവികമായ രുചി. ആളുകൾ തമ്മിലുള്ള തർക്കങ്ങൾ കൂടുന്നു. സാമൂഹികമാധ്യമങ്ങളിൽ പരിഹാസം നിറയുന്നു.

ഒരു റെസ്റ്ററന്റ് ഉടമ പരാതിപ്പെടുന്നു:

“നിങ്ങളുടെ മസാല കഴിച്ചിട്ട് എൻ്റെ പാചകക്കാരനും മാനേജരും തമ്മിൽ അടിപിടിയായി!”

കമ്പനി വക്താവ് പറയുന്നു:

“അത് ഉൽപ്പന്നത്തിന്റെ പ്രശ്‌നമല്ല. വ്യക്തിപരമായ അഭിപ്രായവ്യത്യാസമായിരിക്കും.”

“അങ്ങനെയെങ്കിൽ മസാല കഴിച്ചശേഷം എന്തിനാണ് എല്ലാവർക്കും അഭിപ്രായവ്യത്യാസം കൂടുന്നത്?"

അതിനും കമ്പനിക്ക് മറുപടിയില്ല.

മീരയും ബെന്നിയും ചേർന്ന് ഗോപിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ബെന്നി തന്റെ മെഗാഫോണിലൂടെ നഗരത്തിലെ ആളുകളെ വിളിച്ചുകൂട്ടുന്നു. മീര ലെഡ്ജറിൽനിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് ഗോപിയെ എവിടെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നു.

ഒടുവിൽ അവർ ഗോപിയെ രക്ഷിക്കുന്നു.

എന്നാൽ അർജുൻ നായർ പരാജയം സമ്മതിക്കുന്നില്ല. അയാൾ അവസാനത്തെ വലിയ പദ്ധതിയുമായി മുന്നോട്ടുപോകുന്നു.

പത്താം ഭാഗം: ഡിസംബർ 31 ചിരിയുടെ മഹോത്സവം

കൊച്ചിൻ കാർണിവലിന്റെ രാത്രി.

ഫോർട്ട് കൊച്ചിയുടെ തെരുവുകൾ നിറയെ വെളിച്ചം. സംഗീതം. നൃത്തം. മുഖംമൂടികൾ. നിറമുള്ള വസ്ത്രങ്ങൾ. വിദേശികളും നാട്ടുകാരും കുട്ടികളും കുടുംബങ്ങളും മുഴുവൻ ആഘോഷത്തിലാണ്.

ഈ ജനക്കൂട്ടത്തിനിടയിൽ അർജുൻ നായർ തൻ്റെ കമ്പനിയുടെ ഏറ്റവും വലിയ പ്രചാരണപരിപാടി ഒരുക്കുന്നു. പുതിയ മസാലയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വലിയ വേദി. ഭീമൻ സ്ക്രീനുകൾ. പടക്കങ്ങൾ. ക്യാമറകൾ. തത്സമയ സംപ്രേഷണം.

15

അർജുന്റെ പ്രഖ്യാപനം മുഴങ്ങുന്നു:

“ഇനി സന്തോഷം യാദൃച്ഛികമല്ല. സന്തോഷം നിങ്ങളുടെ കൈകളിൽ. ലോകത്തിലെ ആദ്യത്തെ ശാസ്ത്രീയമായി വികസിപ്പിച്ച സന്തോഷമസാല!"

വേദിക്കു പിന്നിൽ ഗോപിയും മീരയും ബെന്നിയും എത്തുന്നു.

ഗോപിയുടെ കൈയിൽ യഥാർത്ഥ മിറക്കിൾ മസാലയുടെ ചെറിയൊരു പാത്രമുണ്ട്.

ബെന്നിയുടെ കൈയിൽ മെഗാഫോൺ.

മീരയുടെ കൈയിൽ പഴയ ലെഡ്‌ജർ.

അവരുടെ പദ്ധതി വളരെ ലളിതമാണ്. അർജുൻ്റെ വെല്ലുവിളി സ്വീകരിച്ച്, എല്ലാവരുടെയും മുന്നിൽ യഥാർത്ഥ മസാല പരീക്ഷിക്കാൻ അവസരം നൽകുക.

ആദ്യം അർജുൻ പരിഹസിക്കുന്നു.

“നിങ്ങൾ എന്നെ വീണ്ടും കബളിപ്പിക്കാനാണോ വന്നത്?”

ഗോപി ശാന്തമായി പറയുന്നു:

"ഞാൻ നിങ്ങളെ കബളിപ്പിക്കാൻ വന്നതല്ല. നിങ്ങൾക്ക് ഒരിക്കൽ ശരിക്കും ഭക്ഷണം കഴിക്കാനുള്ള അവസരം തരാനാണ് വന്നത്."

ജനക്കൂട്ടം നിശ്ശബ്ദമാകുന്നു.

ഗോപി അർജുനെ ക്ഷണിക്കുന്നു. വേദിയിൽ ഒരുക്കിയിരിക്കുന്ന വലിയ പാചകപ്പാത്രത്തിൽ ബിരിയാണി തയ്യാറാക്കിയിട്ടുണ്ട്. ഗോപിയുടെ മസാല അതിൽ ചേർക്കുന്നു. അർജുൻ സംശയത്തോടെ നോക്കുന്നു.

“ഇതിൽ എന്താണ് രഹസ്യം?”

ഗോപി പറയുന്നു:

“അത് കഴിച്ചിട്ട് പറയാം.”

അർജുൻ ഒരു സ്‌പൂൺ ബിരിയാണി വായിലിടുന്നു.

ആദ്യ നിമിഷം ഒന്നും സംഭവിക്കുന്നില്ല.

അയാൾ ഗോപിയെ പരിഹസിക്കാൻ വായ തുറക്കുന്നു.

പക്ഷേ പെട്ടെന്ന് അയാളുടെ മുഖത്ത് ഒരു മാറ്റം.

16

ചുണ്ടുകൾ വിറയ്ക്കുന്നു. കണ്ണുകൾ വിടരുന്നു. പിന്നെ ഒരു ചെറുചിരി.

അത് പതുക്കെ വളരുന്നു.

അർജുൻ നായർ ചിരിക്കുന്നു!

ജീവിതത്തിൽ ഒരിക്കലും ചിരിക്കാത്തതുപോലെ തോന്നിപ്പിച്ചിരുന്ന ആ മനുഷ്യൻ നിയന്ത്രണം വിട്ട് ചിരിക്കുന്നു. ആദ്യം അടുത്തുനിൽക്കുന്ന ഉദ്യോഗസ്ഥർ അമ്പരക്കുന്നു. പിന്നെ അവരിൽ ഒരാൾ ചിരിക്കുന്നു. അതുകണ്ട് മറ്റൊരാൾ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വേദിയിൽ ചിരി പടരുന്നു.

എന്നാൽ ഈ ചിരി മസാലയുടെ മാന്ത്രികതകൊണ്ടു മാത്രം ഉണ്ടാകുന്നതല്ല. അർജുൻ ആദ്യമായി തന്റെ കർക്കശമായ മുഖംമൂടി അഴിച്ചുവെച്ച് മറ്റുള്ളവരോടൊപ്പം ഭക്ഷണം പങ്കിടുകയാണ്. വർഷങ്ങളായി അയാൾ അടക്കിവെച്ചിരുന്ന ഓർമ്മകളും വികാരങ്ങളും ആ നിമിഷത്തിൽ പുറത്തുവരുന്നു.

അയാളുടെ ചിരി കണ്ട ജനക്കൂട്ടം ആദ്യം അമ്പരക്കുന്നു. പിന്നെ ചിരിക്കുന്നു. ആരോ ഒരു തമാശ പറയുന്നു. കുട്ടികൾ കൈയടിക്കുന്നു. ബെന്നി മെഗാഫോൺ ഉയർത്തുന്നു.

“സഹോദരങ്ങളേ, ഇതാണ് യഥാർത്ഥ പരീക്ഷണം! ചിരിക്കാനറിയാത്തവർ ദയവായി മുന്നോട്ടുവരുക. അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്!"

ക്യാമറകൾ എല്ലാം പകർത്തുന്നു. തത്സമയ സംപ്രേഷണം രാജ്യത്താകമാനം എത്തുന്നു.

എന്നാൽ ഇതാ, അപ്രതീക്ഷിതമായൊരു വഴിത്തിരിവ്.

ഗോപി അർജുനോട് ചോദിക്കുന്നു:

“ഇപ്പോൾ എങ്ങനെയുണ്ട്?"

അർജുൻ ചിരിച്ചുകൊണ്ട് പറയുന്നു:

“വളരെ നന്നായിരിക്കുന്നു!"

“അപ്പോൾ മസാലയുടെ രഹസ്യം മനസ്സിലായോ?"

അർജുൻ തലയാട്ടുന്നു.

“ഇതിൽ എന്തോ മാന്ത്രികതയുണ്ട്.”

ഗോപി പഴയ ലെഡ്‌ജർ ഉയർത്തിക്കാട്ടുന്നു.

“ഈ പുസ്ത‌കത്തിൽ മസാലയുടെ രുചിയെക്കുറിച്ച് മാത്രമല്ല എഴുതിയിരിക്കുന്നത്. അത് പങ്കുവെക്കേണ്ടതെങ്ങനെയെന്നും എഴുതിയിട്ടുണ്ട്.”

17

മീര മുന്നോട്ടുവന്ന് ലെഡ്‌ജറിലെ അവസാനത്തെ കുറിപ്പ് വായിക്കുന്നു:

“ഒറ്റയ്ക്ക് കഴിക്കുന്ന ഭക്ഷണം വിശപ്പടക്കും. പങ്കുവെച്ചു കഴിക്കുന്ന ഭക്ഷണം മനുഷ്യരെ ഒന്നിപ്പിക്കും. മസാലയുടെ രഹസ്യം അതിൻ്റെ അളവിൽ മാത്രമല്ല; അത് വിളമ്പുന്ന കൈകളിലുമാണ്.”

ജനക്കൂട്ടം നിശ്ശബ്ദമാകുന്നു.

ഗോപി തുടരുന്നു:

“നിങ്ങൾ സന്തോഷം ഒരു പാക്കറ്റിലാക്കി വിൽക്കാൻ ശ്രമിച്ചു. പക്ഷേ സന്തോഷം അങ്ങനെ വിൽക്കാൻ കഴിയില്ല. നമുക്ക് അത് പരസ്‌പരം നൽകാൻ മാത്രമേ കഴിയൂ."

അർജുൻ തലതാഴ്ത്തുന്നു.

പിന്നെ അയാൾ ഒരു അപ്രതീക്ഷിത കാര്യം ചെയ്യുന്നു. വേദിയിലെ മൈക്രോഫോൺ എടുത്ത് സ്വന്തം കമ്പനിയുടെ പേരിൽ മാപ്പ് പറയുന്നു. ഗോപിയുടെ മസാലയെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ സമ്മതിക്കുന്നു.

ആ വാക്കുകൾ അർജുനെ നിശ്ശബ്ദനാക്കുന്നു. അയാളുടെ കുടുംബബന്ധങ്ങൾ വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. വിജയത്തിൻ്റെ പിന്നാലെ ഓടിയപ്പോൾ സ്വന്തം ജീവിതത്തിൽനിന്ന് വിട്ടുപോയ മനുഷ്യരെക്കുറിച്ച് അയാൾ ചിന്തിച്ചിരുന്നില്ല.

അന്ന് കാർണിവൽ വേദിയിൽ ഒരു വലിയ വിരുന്ന് ആരംഭിക്കുന്നു.

ആഡംബര വിഭവങ്ങളൊന്നുമല്ല പ്രധാന ആകർഷണം. ഓരോരുത്തരും മറ്റൊരാൾക്ക് ഭക്ഷണം വിളമ്പുന്നു. അപരിചിതർ സംസാരിക്കുന്നു. പഴയ പിണക്കങ്ങൾ മറക്കുന്നവർ. കുടുംബങ്ങൾ വീണ്ടും ഒന്നിക്കുന്നവർ. കുട്ടികൾ ചിരിക്കുന്നു. മുതിർന്നവർ കൈയടിക്കുന്നു.

ബെന്നി മെഗാഫോൺ ഉയർത്തി അവസാന പ്രഖ്യാപനം നടത്തുന്നു:

“ഇന്നത്തെ പരിപാടിയിൽ ഭക്ഷണം സൗജന്യമാണ്. ചിരിക്ക് നികുതിയില്ല. സന്തോഷത്തിന് ജിഎസ്ട‌ിയില്ല. എന്നാൽ വീട്ടിൽ പോയി പാത്രം കഴുകേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കും സ്വന്തം!"

ജനക്കൂട്ടം പൊട്ടിച്ചിരിക്കുന്നു.

അർജുൻ പോലും ചിരിച്ചുകൊണ്ട് കൈയടിക്കുന്നു.

18

ഗോപി മീരയെ നോക്കുന്നു.

“ഇനി ഈ മസാലയുടെ രഹസ്യം ലോകം മുഴുവൻ അറിയുമല്ലോ?"

മീര പുഞ്ചിരിക്കുന്നു.

"രഹസ്യം അറിയുന്നതുകൊണ്ട് മാത്രം കാര്യമില്ല. ആളുകൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കണം.”

ഗോപി കടയുടെ മുന്നിൽ കാത്തുനിൽക്കുന്ന ആളുകളെ നോക്കുന്നു. അവരിൽ ഒരു കുടുംബം ഭക്ഷണപ്പൊതി വാങ്ങിയശേഷം അടുത്തുള്ള അപരിചിതരെയും കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയാണ്.

ഗോപി സന്തോഷത്തോടെ ചിരിക്കുന്നു.

ക്യാമറ പതുക്കെ കടയിൽനിന്ന് പിന്നിലേക്ക് നീങ്ങുന്നു. മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവ്. മസാലകളുടെ മണം. മനുഷ്യരുടെ ചിരി. പഴയ കെട്ടിടങ്ങളുടെ മുകളിൽ വൈകുന്നേരത്തെ സൂര്യപ്രകാശം.

ബെന്നിയുടെ മെഗാഫോണിൽനിന്ന് അവസാന ശബ്ദം ഉയരുന്നു:

“പ്രിയപ്പെട്ടവരേ, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതും ഏറ്റവും വിലയേറിയതുമായ സാധനം സന്തോഷമാണ്. വിലകുറഞ്ഞത് - അത് സൗജന്യമായി പങ്കുവെക്കാം. വിലയേറിയത് - അത് നഷ്‌ടപ്പെട്ടാൽ കോടികൾ കൊടുത്താലും തിരികെ വാങ്ങാൻ കഴിയില്ല!"

ഒരു നിമിഷത്തെ നിശ്ശബ്ദത.

പിന്നെ തെരുവ് മുഴുവൻ ചിരിയിൽ മുങ്ങുന്നു.

തിരശ്ശീല വീഴുന്നു.

✍️ നജീബ് കടമ്പോട്ട്.

എഴുത്തുപുര

Since 2009

വായിച്ചു തീർത്തു

ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ

ഈ കഥ ഇഷ്ടപ്പെട്ടോ?

 

Share this story

Mohmed Najib

About the author

നജീബ് കടമ്പോട്ട്

Mohmed Najib

കഥകൾ, ഓർമ്മകൾ, യാത്രകൾ.

Read more · 84 stories

Comments (0)

  • Be the first to write one.