22 October 2026 · ഏകദേശം 8 മിനിറ്റ് വായന
കാപ്പിരിത്തുരുത്തിലെ നിഴൽരൂപങ്ങൾ.
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
കടലിൽ നിന്ന് വീശിയെത്തിയ കാറ്റിന് ഉപ്പിന്റെയും ഉണക്കമീനിന്റെയും പഴകി ദ്രവിച്ച ചരിത്ര പുസ്തകങ്ങളുടെയും ഗന്ധമായിരുന്നു. ഫോർട്ട് കൊച്ചിയിലെ തണൽ വീണ, പ്രാക്തനമായ വീഥികൾക്ക് മുകളിൽ ഒരാവരണമായി ആ ഗന്ധം പഥികരോടൊപ്പം പടർന്നേറി. നടത്തം നീളവെ പഴമയുടെ ഒരു നിശ്ശബ്ദ ഭാരവും കൂടി ചേർന്ന് ആ ഗന്ധത്തിന് മദമേകുന്നത് അവരറിയുന്നുണ്ടായിരുന്നു. സാമുവൽ ഗുസ്താവോയുടെ കണ്ണുകളിൽ അവിടത്തെ കാഴ്ചകൾ ഒരു സാധാരണ സഞ്ചാരിയുടെ കൗതുകമല്ലായിരുന്നു പേറിയിരുന്നത്. എന്തിനെയോ ചൂഴ്ന്നു തിരയുന്ന അയാളുടെ കണ്ണുകളിൽ ജിജ്ഞാസയും മനസ്സിൽ അലോസരവും കുടിയേറിയിരുന്നു. തലമുറകളുടെ ഓർമ്മകളെ തേടുന്ന വംശപരമായ തിരച്ചിൽ പോലെയാണ് ആ യാത്ര അയാൾക്ക് അനുഭവപ്പെട്ടത്.
പരസ്പരം ഒന്നും മിണ്ടാതെയുള്ള നടത്തത്തിനിടയിലും വിശ്വനാഥൻ കൂടെയുള്ള സാമുവൽ ഗുസ്താവോയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴൊ ഒരു ഉന്മാദിയുടെ ഭാവം അയാളിൽ നിറഞ്ഞു തുളുമ്പുന്ന പോലെ വിശ്വനാഥന് തോന്നി.
പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് എത്തിയ സാമുവലിന് ഇതൊരു വെറും വിനോദയാത്രയായിരുന്നില്ല; തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു ചാര- ചരിത്രശൃംഖലയുടെ അദൃശ്യകണ്ണികൾ തേടിയുള്ള തീർത്ഥാടനമായിരുന്നു അയാൾക്കിത്.
അസ്തമയ സൂര്യന്റെ ചുവപ്പ് പടർന്ന ഫോർട്ട് കൊച്ചിയിലെ ഇടുങ്ങിയ റോഡുകളിലൂടെ നടക്കവെ, ഒരു പഴയ മതിലിനരികിൽ അവരൊന്ന് നിന്നു. പാതി തകർന്ന, പ്രാചീനമായ അത്തരം മതിലുകളെയായിരുന്നു നാട്ടുകാർ 'കാപ്പിരി മതിൽ' എന്ന് വിളിച്ചിരുന്നതെന്ന് വിശ്വനാഥൻ ഓർത്തെടുത്തു.
നൂറ്റാണ്ടുകൾക്ക് മുൻപ് പോർച്ചുഗീസുകാർ തങ്ങളുടെ പൊന്നും പണവും ഒളിപ്പിച്ചുവെക്കാൻ പണിതതാണ് അത്തരം മതിലുകൾ. പക്ഷേ, ആ കല്ലുകൾക്കിടയിൽ ചുണ്ണാമ്പും മണ്ണും മാത്രമായിരുന്നില്ല; ആഫ്രിക്കയുടെ മണ്ണിൽ നിന്നും ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുവന്ന ഒരുപിടി മനുഷ്യരുടെ ജീവനും സ്വപ്നങ്ങളും കൂടി അതിൽ ഇഴുകി ചേർന്നിരുന്നു.
"അവരിപ്പോഴും ഇവിടെയുണ്ട് മക്കളേ," അടുത്തുണ്ടായിരുന്ന കിളവൻ പാപ്പൻ പറഞ്ഞു. പാപ്പന്റെ കണ്ണുകൾ മേലെ സൂര്യനിലേക്ക് നീണ്ടു. "നിധി കാക്കാൻ വേണ്ടി പറങ്കികൾ ജീവനോടെ കുഴിച്ചുമൂടിയ മനുഷ്യർ. അവർ മരിച്ചിട്ടില്ല, മരിക്കുകയുമില്ല. അവർ മുത്തപ്പന്മാരായി ഈ മണ്ണിൽ തന്നെയുണ്ട്."
മങ്ങാട്ടുതറയിലെ ചെറിയ കാപ്പിരിത്തറയിൽ അപ്പോൾ മെഴുകുതിരി വെളിച്ചം വിറയ്ക്കുന്നുണ്ടായിരുന്നു. ഓടുമേഞ്ഞ ആ ചെറിയ കൂരയ്ക്ക് താഴെ കാപ്പിരി മുത്തപ്പൻ ശാന്തനായി ഇരിക്കുന്നുവെന്നാണ് വിശ്വാസം. അവിടെ ഒരാൾ ഭക്തിയോടെ മെഴുകുതിരി തെളിയിച്ച് ഒരു ചുരുട്ടും ഒരു കുപ്പി മദ്യവും അർപ്പിച്ചു കൂപ്പു കൈകളോടെ നില്ക്കുന്നത് സാമുവലും വിശ്വനാഥനും കണ്ടു.
"വിശ്വനാഥാ, നമ്മളീ കാണുന്ന മതിലുകളിലെ പായൽ പിടിച്ച കല്ലുകൾ വെറും കല്ലുകളല്ല. നിനക്കെന്ത് തോന്നുന്നു"
സാമുവൽ തന്റെ കയ്യിലുണ്ടായിരുന്ന വെങ്കലത്തിൽ തീർത്ത ഒരു പുരാതന മുദ്ര വിരലുകൾ കൊണ്ട് തടവി ഉയർത്തിക്കാട്ടി. അതിൽ ഒരു കുരിശും അതിനു താഴെ വിടർന്ന ചിറകുകളുള്ള ഒരു പക്ഷിയുടെ ചിത്രവും കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
“ഇത് അതിലൊന്നാകാം. അല്ല, അതിലൊന്നാണ് ” ചുണ്ണാമ്പുകല്ല് കൊണ്ടുണ്ടാക്കിയ ആ പഴയ മതിലിനെ ചേർന്ന് നിന്ന് കൊണ്ട് സാമുവൽ പറഞ്ഞു.
വിശ്വനാഥൻ അടുത്തേക്ക് ചെന്നു നോക്കി. മങ്ങിയതും ഭാഗികമായി പൊളിഞ്ഞു പോയതുമായ ഒരു ചിഹ്നം. ഒരു കുരിശ് പോലെ തോന്നും. അതിനകത്ത് ചെറിയ വൃത്തങ്ങളും രേഖകളും. അയാൾ ഗുസ്താവിൻ്റെ കയ്യിലിരിക്കുന്ന ഫലകത്തിലേക്കും മതിലിലേക്കും മാറി മാറി നോക്കി.
“ ശരിക്കും ഇതെന്താണ്?”
“ഞങ്ങളുടെ കുടുംബത്തിൽ ഇതിനെ ‘സിഗ്നൽ’ എന്നു വിളിക്കുമായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,” സാമുവൽ ശബ്ദം താഴ്ത്തി പറഞ്ഞു. “സ്പൈ നെറ്റ്‌വർക്കിങ്ങിന്റെ അടയാളം.”
“സ്പൈ?” വിശ്വനാഥൻ ചിരിച്ചു. “ നീയെന്താ സിനിമാക്കഥ പറയുകയാണോ?”
സാമുവൽ ചിരിച്ചില്ല.
“അതേ. ഇതെന്റെ മുതുമുത്തച്ചൻ അന്റോണിയോ ഗുസ്താവോയുടേതാണ്. അദ്ദേഹം പോർച്ചുഗീസ് ചാര ശൃംഖലയുടെ കൊച്ചിയിലെ നേതാവായിരുന്നു. അവർ വിവരങ്ങൾ കൈമാറിയിരുന്നത് ഈ ചിഹ്നത്തിലൂടെയായിരുന്നു."
ആ വാക്കുകൾ കാറ്റിൽ കട്ടി പിടിച്ചു നിന്നു.
അവർ മുന്നോട്ട് നടന്നു. പഴയ വീടുകൾ, ചാരനിറം പിടിച്ച ജനലുകൾ, തകർന്ന വാതിലുകൾ. അവയെല്ലാം ഒരു കാലഘട്ടത്തിന്റെ സാക്ഷികളായി ഒതുങ്ങി നിന്നു.
അവർ വീണ്ടും നടന്നു. ഇപ്പോളവർ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിക്കരികിലുള്ള ഡച്ച് പാലസിൻ്റെ പഴയ മതിലിനരികിൽ നിന്നു. അടർന്നുവീണ കുമ്മായത്തിനടിയിൽ, കല്ലിൽ കൊത്തിവെച്ച പക്ഷിയുടെ അതേ ചിത്രം! പക്ഷെ, ഇത്തവണ വിശ്വനാഥനെ അത്ഭുതം സ്പർശിച്ചതേയില്ല.
നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചി രാജാവിനെ സഹായിക്കാനെന്ന വ്യാജേന വന്ന്, കൊച്ചിയെ ഒരു സാമന്തരാജ്യമാക്കി മാറ്റിയ പോർച്ചുഗീസുകാരുടെ ബുദ്ധിശക്തി ആ മതിലിൽ നിശബ്ദമായി മറഞ്ഞിരിപ്പുണ്ടെന്ന് വിശ്വനാഥന് തോന്നി. പക്ഷെ, ആ തോന്നൽ അയാൾ ഗുസ്താവോയുമായി പങ്കുവെച്ചില്ല.
നടന്ന് നടന്ന് അവർ ചെന്നെത്തുന്നത് 'തുരുത്തി' എന്നറിയപ്പെടുന്ന ഭാഗത്തേക്കാണ്. പഴയ 'കാപ്പിരിത്തുരുത്ത്'.
അവിടെ നിൽക്കുമ്പോൾ
സാമുവലിന്റെ മുഖം പെട്ടെന്ന് ഗൗരവം കൊണ്ട് മൂടപ്പെട്ടു. അയാൾ മൗനിയായി. തൻ്റെ ദൗത്യം പൂർണ്ണമായി തുടങ്ങുന്നതിൻ്റെ സൂചനകളാണോ അയാളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നത് ?
"ഇവിടെയായിരിക്കണം വിശ്വനാഥാ, എന്റെ പൂർവ്വികർ ആഫ്രിക്കയിൽ നിന്ന് വേട്ടയാടിക്കൊണ്ടു വന്ന മനുഷ്യരെ പാർപ്പിച്ചിരുന്നത്. മൃഗങ്ങളെപ്പോലെ അവരെ ചങ്ങലയ്ക്കിട്ടതും ഞായറാഴ്ചകളിൽ പള്ളിക്കു മുന്നിലെ ചന്തകളിൽ കുരുമുളകും ഏലവും ലേലം വിളിക്കുന്നതുപോലെ അവരെ വില പേശി വിറ്റിരുന്നതും. അവർ ആറരയടിപ്പൊക്കവും കരിക്കട്ട പോലെ കറുത്ത നിറവും പിരിഞ്ഞ കുറ്റിത്തല മുടിയുള്ളവരുമായിരുന്നിരിക്കണം. "
“അത് നിനക്ക് എങ്ങനെ അറിയാം?”
“കഥകൾ… കുടുംബത്തിൽ പോലും പറയാത്ത കഥകൾ,” സാമുവൽ പറഞ്ഞു. “പറയാൻ ആരും ആഗ്രഹിക്കാത്ത സത്യങ്ങൾ. എന്റെ മുതുമുത്തച്ഛന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്, ആരോഗ്യമുള്ള ഒരു ആഫ്രിക്കൻ യുവാവിനെക്കാൾ വില അന്നത്തെ കമ്പോളത്തിൽ ഒരു ചാക്ക് ഉണങ്ങിയ കുരുമുളകിനായിരുന്നു എന്ന്."
അവർ തുരുത്തിന്റെ ഉൾഭാഗത്തേക്ക് നടന്നു. ഇന്നത്തെ കൊച്ചിയിലെ തിരക്കേറിയ ഇടുങ്ങിയ തെരുവുകൾക്കിടയിൽ, ആ പഴയ പീഡനങ്ങളുടെ നിഴലുകൾ എവിടെയോ ഒളിഞ്ഞിരിക്കുന്നതുപോലെ.
പെട്ടെന്നാണ് അവർ ആ പഴയ ആൽമര മുത്തശ്ശന് ചുവട്ടിലെത്തിയത്.
അവരുടെ കണ്ണുകൾ ആ ചെറിയ തറയിലേക്ക് തിരിഞ്ഞു. ചില പഴയ നാണയങ്ങൾ. ചുറ്റും ഉരുകിയൊലിച്ച മെഴുകുതിരി കൂമ്പാരങ്ങൾ.
ചിലത് അപ്പോഴും കാറ്റിലുലയുന്ന നാളങ്ങളായ് കത്തിക്കൊണ്ടിരുന്നു. അവക്കെല്ലാം മേലെയായി ചുരുട്ടിന്റെ മണം വായുവിൽ തങ്ങിനിൽക്കുന്നു.
“ഇതും കാപ്പിരി മുത്തപ്പൻ തറ തന്നെ.” വിശ്വനാഥൻ പറഞ്ഞു.
സാമുവൽ അടുത്തേക്ക് ചെന്നു.
“ഇതും…?”
“അതെ,” വിശ്വനാഥൻ തലകുനിച്ചു.
"ഇനിയുള്ള ആ കഥയുടെ ബാക്കിയുണ്ടല്ലോ, അതിനി ഞാൻ പറയാം" വിശ്വനാഥൻ പറഞ്ഞു.
" പണ്ട്, പതിനേഴാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ലന്തക്കാരുടെ വരവോടെ നിൻ്റെ പൂർവ്വപിതാക്കൾക്ക് ഗത്യന്തരമില്ലാതെ ഇവിടം വിട്ട് ഓടിപ്പോകേണ്ടി വന്നു. കയ്യിലുണ്ടായിരുന്ന സ്വർണ്ണവും രത്നങ്ങളും അവർ മണ്ണിലും മതിലിലും കുഴിച്ചിട്ടു. ആ നിധിക്ക് കാവൽ നിൽക്കാൻ വിശ്വസ്തരായ ആഫ്രിക്കൻ അടിമകളെ അവർ അവിടെത്തന്നെ നിർത്തി. എന്നിട്ട് നിധി ആരും തൊടാതിരിക്കാൻ ആ രഹസ്യമറിയാവുന്ന അതേ കാവൽക്കാരെ അവിടെത്തന്നെ കൊന്നു കുഴിച്ചു മൂടി. മതിലുകളിൽ ചേർത്ത് വെച്ച് ചുണ്ണാമ്പ് കല്ലുകൾ തേച്ചു പിടിപ്പിച്ചു. അവിടെ അടയാളം വെച്ചു. അവരുടെ ആത്മാക്കളാണ് ഇന്നും നിധിക്ക് കാവൽ നിൽക്കുന്ന ഈ മുത്തപ്പന്മാർ. അന്ന് കൊച്ചി വിട്ടു പോകേണ്ടിവന്ന നിൻ്റെ പൂർവ്വികരുടെ ഏതെങ്കിലും തലമുറക്കാര്‍ മടങ്ങി വരുന്ന കാലം വരെ അടിമകളുടെ ആത്മാക്കള്‍ ആ സ്വത്തിനു കാവല്‍നില്‍ക്കും എന്നായിരുന്നത്രെ പറങ്കികള്‍ വിശ്വസിച്ചിരുന്നത്. ശരിക്കും നീ അതിനായിട്ടാണോ ഇപ്പോൾ വന്നിരിക്കുന്നത്?"
സാമുവൽ ആ രംഗം ഭാവനയിൽ കണ്ട് കൊണ്ട് തറയിൽ തൊട്ടു. "എന്റെ മുതുമുത്തച്ചൻ അന്റോണിയോ ആയിരുന്നു ആ നിധി ഒളിപ്പിച്ച സംഘത്തിന്റെ തലവൻ. അദ്ദേഹം ആദ്യം കൊന്നത് തന്റെ ഏറ്റവും വിശ്വസ്തനായ ' ലൂക്കാ' എന്ന അടിമയെയായിരുന്നു. ലൂക്കയുടെ ചോര വീണ മണ്ണിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്."
പെട്ടെന്ന് കാറ്റിന് ഭാരമുള്ളതുപോലെ തോന്നി. സാമുവൽ കൈയിൽ സൂക്ഷിച്ചിരുന്ന ചെറിയ മെറ്റൽ പ്ലേറ്റ് പുറത്തെടുത്തു. അതിലെ ചിഹ്നത്തിനെ തലോടി.
അവൻ ചുറ്റും നോക്കി. മതിലുകളിൽ, മരങ്ങളിൽ, പഴയ കല്ലുകളിൽ, എല്ലായിടത്തും അതേ ചിഹ്നം. ഒരു രഹസ്യ കോഡ് എന്ന പോലെ.
“ഇത് നിധിയിലേക്ക് നയിക്കുന്ന വഴിയായിരിക്കുമോ? ” വിശ്വനാഥൻ ചോദിച്ചു.
“അല്ലെങ്കിൽ…” സാമുവൽ പറഞ്ഞു, “…ഒരു മുന്നറിയിപ്പ്.”
“ഇവിടെ രാത്രി വിചിത്രമായ കാര്യങ്ങൾ നടക്കും എന്ന് ആളുകൾ പറയുന്നു,” വിശ്വനാഥൻ പറഞ്ഞു.
“വിശ്വാസങ്ങൾ പലപ്പോഴും സത്യങ്ങളെ മറച്ചു കൊണ്ട് ഉയർന്നു നിൽക്കുന്നവയാണ്,” സാമുവൽ മറുപടി നൽകി.
അവൻ ഒരു കല്ലിലേക്ക് കുനിഞ്ഞ് നോക്കി. അതിലും ആ ചിഹ്നം. പക്ഷെ, നേരത്തെ കണ്ടവയിൽ നിന്നും ചെറിയ വ്യത്യാസങ്ങളോടെ.
വളരെ ചെറുതായി, എങ്കിലും വ്യക്തമായി.
“ഇത് ഒരു നെറ്റ്‌വർക്ക് ആണ്,” സാമുവൽ പറഞ്ഞു. “ചിഹ്നങ്ങൾ എല്ലാം ചേർന്നാൽ ഒരു പാറ്റേൺ.”
“അത് എന്തിലേക്കായിരിക്കും നമ്മളെ കൊണ്ടു ചെന്നെത്തിക്കുക?”
“ഒളിപ്പിച്ച ഒരു കാര്യത്തിലേക്ക്… അല്ലെങ്കിൽ മറച്ചുവെക്കപ്പെട്ട ഒരു കുറ്റത്തിലേക്ക്.”
കടൽക്കാറ്റിൽ ആഞ്ഞിലി മരത്തിന്റെ ഇലകൾ മർമ്മരമുണ്ടാക്കി. പണ്ട്, പോസ്റ്റ് ഓഫീസിന് അടുത്തുണ്ടായിരുന്ന വലിയ ആൽമരത്തിലും മാവിലും കാപ്പിരികളുടെ ശ്വാസം തങ്ങി നില്ക്കുമായിരുന്നെന്ന് പഴമക്കാർ പറയുമായിരുന്നു. വികസനത്തിന്റെ തിരക്കിൽ പല മതിലുകളും പൊളിച്ചുമാറ്റപ്പെട്ടെങ്കിലും, ഡച്ച് സെമിത്തേരിക്ക് അരികിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ കഥ പാപ്പൻ ഓർത്തു. ചങ്ങലകളിൽ ബന്ധിക്കപ്പെട്ട ആ അസ്ഥികളെ പറ്റി ചരിത്രകാരന്മാർ എഴുതിയത് വെറുമൊരു കഥയായിരുന്നില്ലെന്ന് കൊച്ചിക്കാരിലെ പഴമക്കാർ ഉറച്ചു വിശ്വസിക്കുന്നു.
രാത്രിയായതോടെ ഫോർട്ട് കൊച്ചിയുടെ അന്തരീക്ഷം മാറി. ഡച്ച് സെമിത്തേരിയുടെ ഭാഗത്തേക്ക് നടക്കുമ്പോൾ ആരോ തങ്ങളെ പിന്തുടരുന്നതായി വിശ്വനാഥന് തോന്നി. ടൂറിസം മാപ്പുകളിൽ ഇല്ലാത്ത കൊച്ചിയുടെ മറ്റൊരു മുഖം അവിടെ അനാവരണം ചെയ്യപ്പെടുകയായിരുന്നു.
ഇന്നത്തെ കൊച്ചി നേരിടുന്ന ലഹരിമരുന്നിന്റെയും മാഫിയകളുടെയും നിഴലുകൾ ആ പഴയ സെമിത്തേരിയുടെ മതിലുകൾക്ക് പുറത്ത് ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. ഇരുളിൽ പതുങ്ങിയിരുന്ന ചില രൂപങ്ങൾ സാമുവലിനെ ശ്രദ്ധിക്കുന്നത് വിശ്വനാഥൻ തിരിച്ചറിഞ്ഞു.
വിദേശിയായ ഒരു സഞ്ചാരിയുടെ കയ്യിലുള്ള പുരാതന മുദ്രയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു വിപണിയിൽ കോടികൾ വിലയുണ്ടെന്ന് അവർ മനസ്സിലാക്കിയിരിക്കണം.
"സാമുവൽ, നമുക്ക് വേഗം പോകാം. ഈ സ്ഥലം അത്ര ശരിയല്ല," വിശ്വനാഥൻ മുന്നറിയിപ്പ് നൽകി.
എന്നാൽ സാമുവൽ ഒരു ആവേശത്തിലെന്നപോലെ സെമിത്തേരിയിലെ ശവകുടീരങ്ങൾക്ക് മുകളിലെ അസ്പഷ്ടമായ ലിപികൾ വായിക്കാൻ ശ്രമിക്കുകയായിരുന്നു.
"ഇവിടെ നോക്കൂ വിശ്വനാഥാ, ഈ ലിപികൾ പറയുന്നത് ഒരു നിധിയെക്കുറിച്ചല്ല, മറിച്ച് ഒരു ശാപത്തെക്കുറിച്ചാണ്.
"രക്തം കൊണ്ട് മൂടപ്പെട്ട സ്വർണ്ണം ഒരിക്കലും സമാധാനം നൽകില്ല."
പെട്ടെന്ന് മൂന്ന് യുവാക്കൾ അവരുടെ വഴി തടഞ്ഞു. അവരുടെ കണ്ണുകൾ ലഹരിയുടെ ആവേശത്തിൽ ചുവന്നിരുന്നു. ഒരാളുടെ കയ്യിലെ കത്തി ആ മങ്ങിയ വെട്ടത്തിലും തിളങ്ങുന്നുണ്ടായിരുന്നു.
"ആ കയ്യിലിരിക്കുന്ന സാധനം ഇങ്ങു തന്നേക്ക് സായിപ്പേ," അവരിലൊരാൾ ആക്രോശിച്ചു.
ചരിത്രത്തിലെ പോർച്ചുഗീസ് ചാരന്മാരെപ്പോലെ സാമുവലും ഭയപ്പെട്ടില്ല. അയാൾ തന്റെ കയ്യിലുണ്ടായിരുന്ന മുദ്ര ഉയർത്തിപ്പിടിച്ചു. "ഇത് നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ മരിച്ചുവീണവരുടെ ഓർമ്മയാണ്. നിങ്ങൾക്ക് ഇത് വേണമെങ്കിൽ എടുത്തോളൂ, പക്ഷേ ഇതിന്റെ കൂടെയുള്ള ശാപവും നിങ്ങൾ ഏറ്റെടുക്കേണ്ടി വരും."
ആ നിമിഷം, അന്തരീക്ഷത്തിൽ ഒരു മാറ്റം സംഭവിച്ചു. കടലിൽ നിന്ന് ശക്തമായ ഒരു കാറ്റ് വീശി. ദൂരെ കാപ്പിരി മുത്തപ്പൻ തറയിൽ നിന്ന് ചുരുട്ടിന്റെ രൂക്ഷമായ മണം അവിടേക്ക് പടർന്നു. സെമിത്തേരിയിലെ പഴയ മരങ്ങൾ ഉലഞ്ഞു. പാണ്ടികശാലകളുടെ മേൽക്കൂരകളിൽ നിന്നും ഓടുകൾ പറന്നിറങ്ങി. ലഹരിയുടെ ഉന്മാദത്തിലായിരുന്ന ആ യുവാക്കൾ ഭയന്നു കാണണം. അവർ പിന്മാറി. അവർക്ക് ചുറ്റും അദൃശ്യരായ ആരോ നിൽക്കുന്നതുപോലെ അവർക്ക് തോന്നിയിരിക്കാം.
ആധുനിക കൊച്ചിയിലെ 'ക്വട്ടേഷൻ' സംഘങ്ങളെപ്പോലും ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ആ മണ്ണിൽ, ആ നിമിഷത്തിൽ പിറവി കൊണ്ടിരുന്നു.
അവർ ഓടി മറഞ്ഞതിനുശേഷം വിശ്വനാഥനും സാമുവലും പുഴക്കരയിലെ ചീനവലകൾക്ക് അരികിലിരുന്നു.
"വിശ്വനാഥാ, നീ കണ്ടോ? കാലം മാറിയിട്ടും കൊച്ചിയിലെ ക്രൂരതകൾക്ക് മാറ്റമില്ല. അന്ന് അടിമക്കച്ചവടമായിരുന്നെങ്കിൽ ഇന്ന് അത് ലഹരിയും മനുഷ്യക്കടത്തുമാണ്. അന്ന് പോർച്ചുഗീസുകാർ സ്വർണ്ണത്തിനുവേണ്ടി മനുഷ്യരെ കൊന്നു, ഇന്ന് ആധുനിക മാഫിയകൾ പണത്തിനുവേണ്ടി യുവാക്കളുടെ ജീവിതത്തെ കൊല്ലുന്നു. എനിക്ക് മടുപ്പ് തോന്നുന്നു" സാമുവൽ പറഞ്ഞു.
അടുത്ത ദിവസം രാവിലെ സാമുവൽ മടങ്ങാൻ തയ്യാറെടുത്തു. പോകുന്നതിന് മുൻപ് അയാൾ ആ വെങ്കല മുദ്ര വിശ്വനാഥന് നൽകി.
"ഇത് എന്റെ കുടുംബത്തിന്റെ പാപത്തിന്റെ അടയാളമാണ്. ഇത് ഇനി യൂറോപ്പിലേക്ക് കൊണ്ടുപോകാൻ എനിക്ക് വയ്യ. ഇത് കാപ്പിരി മുത്തപ്പന്റെ മണ്ണിൽ തന്നെ ഇരിക്കട്ടെ."
വിശ്വനാഥൻ അത് വാങ്ങി.
അയാൾ നെടുമ്പാശേരിയിലെത്തി സാമുവലിനെ യാത്രയാക്കി നേരെ കാപ്പിരിത്തുരുത്തിലെ ആ പഴയ തറയിലേക്ക് നടന്നു. അവിടെ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു. ആ മണ്ണിൽ സാമുവൽ നൽകിയ മുദ്ര കുഴിച്ചിട്ടു.
അയാൾ തിരിച്ചിറങ്ങുമ്പോൾ, തറയ്ക്ക് മുകളിൽ വായുവിൽ പുകപടലങ്ങൾ പോലെ ഒരു രൂപം തെളിയുന്നതായി അയാൾക്ക് തോന്നി. വലിപ്പമുള്ള ഒരു മനുഷ്യരൂപം, ചുണ്ടിൽ ഒരു ചുരുട്ടുമായി അയാൾക്ക് നേരെ നോക്കി ചിരിക്കുന്നു. അത് ആരുടെയെങ്കിലും നന്ദി പറച്ചിലാണോ അതോ നിധി കാക്കുന്നവന്റെ ഗൗരവമാണോ എന്ന് വിശ്വനാഥന് മനസ്സിലായില്ല.
കൊച്ചിയിലെ തെരുവുകൾ ഉണരുകയായിരുന്നു. മെട്രോ ട്രെയിനുകളും ആഡംബര കാറുകളും പായുന്ന ആധുനിക നഗരത്തിനടിയിൽ, ഇപ്പോഴും ചങ്ങലകളുടെ കിലുക്കവും പഴയ ചാരന്മാരുടെ അടക്കംപറച്ചിലുകളും ഒളിഞ്ഞിരിക്കുന്നുണ്ട്.
ചരിത്രം മരിക്കുന്നില്ല, അത് വെറുതെ ഉറക്കം നടിക്കുകയാണെന്ന് വിശ്വനാഥന് തോന്നി. ആ മണ്ണിന്റെ ഓരോ തരിയിലും പോർച്ചുഗീസ് സ്വർണ്ണത്തേക്കാൾ വിലയുള്ള മനുഷ്യവേദനയുടെ കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നും അയാളറിഞ്ഞു.
തലേന്ന് രാത്രിയിലെ സാമുവലുമായുള്ള അവസാനവട്ട സംസാരം വിശ്വനാഥൻ ഒന്ന് കൂടി ഓർത്തെടുത്തു.
"ശരിക്കും നീ തിരയുന്നത് എന്താണ്? നിൻ്റെ കാർന്നോന്മാർ ഒളിപ്പിച്ചു വെച്ച നിധിശേഖരമാണോ? അത് നിനക്കിനി കിട്ടാൻ പോകുന്നതേയില്ല ".
വിശ്വനാഥൻ്റെ ചോദ്യം സാമുവലിനെ ഞെട്ടിച്ചു.
ആ രാത്രി, കാപ്പിരി മുത്തപ്പൻ തറയ്ക്ക് മുന്നിൽ സാമുവൽ ഒറ്റയ്ക്ക് നിന്നു. മെഴുകുതിരി കത്തിച്ചു.
ഒരു ചുരുട്ട് വെച്ചു.
“എനിക്ക് അറിയില്ല ഞാൻ എന്താണ് തിരയുന്നതെന്ന്,”
അവൻ മന്ദമായി പറഞ്ഞു.
കാറ്റ് പതുക്കെ വീശി.
മെഴുകുതിരിയുടെ ജ്വാല വിറച്ചു.
അവൻ കണ്ണുകൾ അടച്ചു.
ഒരു നിമിഷം,
അവൻ ഒരു ദൃശ്യം കണ്ടു.
അന്ധകാരത്തിൽ,
കെട്ടിയിടപ്പെട്ട ആളുകൾ. ചങ്ങലകൾ. വേദന. നിലവിളികൾ. നിധി കുഴിച്ചിടുന്നത്.
പിന്നെ,
വഞ്ചന.
കൊടിയ വഞ്ചന.
സാമുവൽ പെട്ടെന്ന് കണ്ണുതുറന്നു.
ശ്വാസം വേഗത്തിലായി.
വിശ്വനാഥൻ പിന്നിൽ നില്ക്കുന്നുണ്ടായിരുന്നു.
“നീ കണ്ടോ?” അവൻ ചോദിച്ചു.
സാമുവൽ ഗുസ്താവോ തലകുനിച്ചു.
“ഇത് നിധിയുടെ കഥയല്ല,” അവൻ പറഞ്ഞു. “ഇത് നീതി ലഭിക്കാതെ പോയ മനുഷ്യരുടെ കഥയാണ്.”
“ഇത് ഞാൻ എഴുതും,” അവൻ പറഞ്ഞു. “പക്ഷേ നിധിയെക്കുറിച്ച് അല്ല… മനുഷ്യരെക്കുറിച്ച്.”
വിശ്വനാഥൻ ചിരിച്ചു.
“അത് തന്നെയായിരിക്കും യഥാർത്ഥ കഥ.”
(നജീബ് കടമ്പോട്ട് )
@
എഴുത്തുപുര
Since 2009
വായിച്ചു തീർത്തു
ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ
ഈ കഥ ഇഷ്ടപ്പെട്ടോ?

