13 October 2026 · ഏകദേശം 14 മിനിറ്റ് വായന
ദ് ഗ്രീക്ക് പാഷൻ .
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
നിക്കോസ്
കസാൻദ് സാക്കിസ് .
“ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒന്നിനെയും ഭയക്കുന്നുമില്ല. ഞാൻ സ്വതന്ത്രനാണ്.”
നിക്കോസ് കസാൻദ് സാക്കിസ് .
1980-കളുടെ മദ്ധ്യത്തിലാണ് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിക്കോസ് കസാൻദ് സാക്കിസ് എന്ന പേര് വ്യാ****പകമായി കേൾക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ The Last Temptation of Christ എന്ന കൃതിയെ ആസ്പദമാക്കി പി. എം. ആന്റണി രചിച്ച “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന നാടകം അരങ്ങിലെത്തിയതോടെയായിരുന്നു അത്.
ഒരു നാടകത്തിന്റെ അരങ്ങേറ്റത്തിനപ്പുറമുള്ള സങ്കീർണ്ണമായ അവസ്ഥാ വിശേഷങ്ങളായിരുന്നു തുടർ നാളുകളിൽ കേരളം കണ്ടത്.
സഭാ നേതൃത്വങ്ങൾ നാടകത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പിന്നാലെ ഒരു സമുദായം മുഴുവൻ തെരുവിലേക്കിറങ്ങി. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ച നാളുകളായിരുന്നു അത്. കരുണാകരൻ സർക്കാർ സാമുദായിക വികാരങ്ങൾ മുൻനിർത്തി നാടകം നിരോധിച്ചു. അതേ സമയം, ഇടതു മുന്നണി ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പതാകയുമായി നിരോധനത്തിനെതിരെ തെരുവിലിറങ്ങി.
അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരുന്നതിനാൽ ആ നിലപാടിന് രാഷ്ട്രീയമായ പ്രതിഫലനങ്ങളും ഉണ്ടായി. അതിൻ്റെ പരിണിത ഫലമെന്നോണം, അധികം വൈകാതെ മറ്റൊരു വിരോധാഭാസത്തിന് കൂടി കേരളം സാക്ഷിയാകേണ്ടി വന്നു. അടുത്ത വർഷം അധികാരത്തിലെത്തിയ ഇടതു മുന്നണി, ഒരിക്കൽ സംരക്ഷിക്കാമെന്ന് പറഞ്ഞ ആവിഷ്കാരസ്വാതന്ത്ര്യത്തെ മൊത്തമായി തന്നെ ചവിട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലാക്കി, നാടകത്തിന് എന്നെന്നേക്കുമായി വിലക്ക് ഏർപ്പെടുത്തി. ഒരു എഴുത്തുകാരന്റെ പേരിൽ തുടങ്ങിയ വിവാദം അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയവും മതവും ആവിഷ്കാരസ്വാതന്ത്ര്യവും തമ്മിലുള്ള സങ്കീർണ്ണമായ ചേരിതിരിവിൻ്റെ കണ്ണാടിയായി മാറി.
എന്നാൽ കസാൻദ്സാക്കിസ്, അതിനുമുമ്പേ തന്നെ, കേരളത്തിലെ ചെറിയൊരു ശതമാനം വായനക്കാരുടെയെങ്കിലും മനസ്സിൽ
ഇടം നേടിയിരുന്ന എഴുത്തുകാരനായിരുന്നു.
------------------------------
കസാൻദ്സാക്കിസിനെ കണ്ടെത്തുന്നത്....
------------------------------
അടിയന്തരാവസ്ഥയ്ക്കുശേഷം ജയിൽമോചിതനായി തിരിച്ചെത്തിയ ടി. എൻ. ജോയി കൊടുങ്ങല്ലൂരിൽ ആരംഭിച്ച “സൂര്യകാന്തി” എന്ന സാംസ്കാരിക കേന്ദ്രത്തിലൂടെയാണ് കസാൻദ് സാക്കിസ് എന്ന എഴുത്തുകാരനെ ഞാൻ ആദ്യമായി അടുത്തറിയുന്നത്. 1980-കളുടെ തുടക്കത്തിലായിരുന്നു സൂര്യകാന്തിയുമായി എന്റെ അടുപ്പം തുടങ്ങുന്നത്. അന്ന് ഇംഗ്ലീഷ് ക്ലാസിക്കുകളുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. വായിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു; പക്ഷേ, ആ ആഗ്രഹത്തിന്റെ വ്യാപ്തിക്കൊത്ത് പുസ്തകങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.
പുസ്തകങ്ങൾ മുന്നിൽ തുറന്നു കിടക്കുമ്പോൾ തന്നെ അവയുടെ ആന്തരിക ലോകത്തേക്ക് കടക്കാൻ ഉള്ളിൽ ഒരു പേടി.
വായിക്കണമെന്ന അദമ്യമായ ആഗ്രഹവും, വായിക്കാൻ തനിക്ക് കഴിയുമോ എന്ന അപകർഷതയും. ഇവ തമ്മിലുള്ള ഒരു സംഘർഷം തന്നെയായിരുന്നു അന്നത്തെ എന്റെ വായനയെ മുന്നോട്ട് നയിച്ചിരുന്നത്.
ആ കാലത്ത് മുഹമ്മദാലിയുമായുള്ള നിരന്തര സമ്പർക്കവും സൗഹൃദവും ഇടപെടലുകളുമാണ് എന്നെ സൂര്യകാന്തിയിലേക്ക് കൂടുതൽ അടുപ്പിച്ചത്. രാഷ്ട്രീയത്തിലും സാമൂഹികതയിലും ആത്മീയതയിലും ഒരുപക്ഷേ കസാൻദ് സാക്കിസിനേക്കാൾ പോലും അശാന്തമായ മനസ്സുമായി കാലത്തിനുമുമ്പേ നടന്നുപോയ ഒരാളായിരുന്നു മുഹമ്മദാലി. ഒടുവിൽ ജലസമാധി വരിച്ച് ഐഹികജീവിതത്തിന്റെ തിരകളിൽനിന്നും ആത്മശാന്തിയുടെ ഏതോ അദൃശ്യചുഴിയിലേക്ക് മറഞ്ഞുപോയ മനുഷ്യൻ. അദ്ദേഹവും ടി. എൻ. ജോയിയും , എനിക്ക് സാംസ്കാരിക ലോകത്തിൻ്റെ അപരിചിതമേഖലകളിലേക്ക് വാതിലുകൾ തുറന്നു തന്ന മനുഷ്യരാണ്.
പുസ്തകങ്ങളെ വെറുതെ വായിക്കുകയല്ല, അവയെ നേരിടാനുള്ള ആർജ്ജവം എനിക്കുണ്ടായത് അവരുടെ പ്രോത്സാഹനത്തിലൂടെയാണ്.
ശരിക്കും അതൊരു നേരിടൽ തന്നെയായിരുന്നു.
വർഷങ്ങൾക്കുശേഷം, പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഏറെ പ്രിയപ്പെട്ട സുഹൃത്തായ ഡോ. സുരേഷ് ബാബു, പി.എച്ച്.ഡി. പ്രബന്ധമായി സമർപ്പിച്ച “കസാൻദ് സാക്കിസിന്റെ നോവലുകളിലെ ആത്മീയ സംഘർഷങ്ങളും വിമോചന രാഷ്ട്രീയവും” എന്ന പഠനം വായിച്ചപ്പോഴും, ഈ എഴുത്തുകാരനിലൂടെ ഒരിക്കൽക്കൂടി ഒരു തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് തോന്നി.
അങ്ങനെ, വർഷങ്ങൾക്കു മുമ്പ് ഭയത്തോടെയും അതേ സമയം വിസ്മയത്തോടെയും തുറന്ന ആ പുസ്തകങ്ങളുടെ പേജുകളിലൂടെ ഞാൻ വീണ്ടും നടന്ന് മുന്നേറി.
-------------------------------
നൊബേലിനപ്പുറത്തുള്ള എഴുത്തുകാരൻ.
-------------------------------
വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒമ്പത് തവണ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കൽപോലും പുരസ്കാരം ലഭിക്കാത്ത എഴുത്തുകാരനായിരുന്നു നിക്കോസ് കസാൻദ് സാക്കിസ്.
എന്നാൽ ചില എഴുത്തുകാരുടെ മഹത്വം പുരസ്കാരങ്ങളുടെ പട്ടികയിൽ അളക്കാനാവുന്നതല്ല.
1957-ൽ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, നൊബേൽ സമ്മാനം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ആൽബേർ കമ്യുവിന് ലഭിച്ചപ്പോഴും അദ്ദേഹത്തിന് അതിൽ പ്രത്യേകമായൊരു ഉലച്ചിൽ ഉണ്ടായില്ല. എന്നാൽ, ആ പുരസ്കാരത്തിന് തന്നേക്കാൾ അർഹൻ കസാൻദ്സാക്കിസ് തന്നെയായിരുന്നുവെന്ന് കമ്യു തന്നെ തുറന്നു പറഞ്ഞത് ലോകം അതിശയത്തോടെയും ആദരവോടെയുമാണ് കേട്ടുനിന്നത്.
കവി, നാടകകൃത്ത്, സഞ്ചാരി, ഗദ്യകാരൻ, തത്ത്വചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല വേഷങ്ങളും ധരിച്ച മനുഷ്യനായിരുന്നു കസാൻദ് സാക്കിസ്. എന്നാൽ ലോകസാഹിത്യത്തിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചത് പ്രധാനമായും ജീവിതത്തിന്റെ അവസാനകാലത്ത് എഴുതിയ നോവലുകളിലൂടെയാണ്.
അറുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം നോവൽരചനയിലേക്ക് ശക്തമായി തിരിഞ്ഞത്. അതിനു മുമ്പ് തന്നെ ജീവിതം അദ്ദേഹത്തെ പല വഴികളിലൂടെ നടത്തിക്കഴിഞ്ഞിരുന്നു.
-------------------------------
‘സോർബ’യിലേക്കും ‘ഗ്രീക്ക് പാഷൻ’ലേക്കും
-------------------------------
1906-ൽ പ്രസിദ്ധീകരിച്ച Serpent and Lily ആയിരുന്നു ഫിക്ഷൻരംഗത്തെ അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങളിലൊന്ന്. എന്നാൽ ലോകവായനക്കാർക്കിടയിൽ അദ്ദേഹത്തിന്റെ പേര് കൂടുതൽ ആഴത്തിൽ പതിഞ്ഞത് പിന്നീട് വന്ന നോവലുകളിലൂടെയാണ്.
1946-ൽ, അറുപത്തിമൂന്നാം വയസ്സിൽ, Zorba the Greek എഴുതിയതോടെ നോവലിസ്റ്റായ കസാൻദ് സാക്കിസ് പുതിയൊരു ജീവിതത്തിലേക്ക് കടന്നു.
ശരീരത്തിന്റെ ആഘോഷവും ജീവിതത്തിന്റെ ഉന്മാദവും സ്വാതന്ത്ര്യത്തിന്റെ വന്യമായ ആഹ്വാനവും മനുഷ്യന്റെ ആത്മീയ അന്വേഷണവും ഒരേ ശരീരത്തിൽ വഹിച്ചുനടക്കുന്ന സോർബ ലോകസാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങളിലൊരാളായി.
1964-ൽ ആന്റണി ക്വിൻ സോർബയായി വെള്ളിത്തിരയിലെത്തിയതോടെ കസാൻദ്സാക്കിസിന്റെ പേര് ലോകത്തിന്റെ കൂടുതൽ വിശാലമായ സാംസ്കാരിക വലയത്തിലേക്ക് പടർന്നു.
പിന്നീട് The Last Temptation of Christ സിനിമയായതോടെ മരണത്തിനുശേഷവും അദ്ദേഹം സാംസ്കാരിക ലോകത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമായി തുടർന്നു.
അദ്ദേഹത്തിൻ്റെ മിക്കവാറും എല്ലാ നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും, എന്റെ കസാൻദ് സാക്കിസ് യാത്രയ്ക്ക് ഏറ്റവും ആഴമുള്ള ഇടം നൽകിയ കൃതി മറ്റൊന്നായിരുന്നു.
-------------------------------
The Greek Passion. ( Christ Recrucified)
നാല്പത് വർഷങ്ങൾക്കുശേഷം വീണ്ടും ‘ഗ്രീക്ക് പാഷൻ’
-------------------------------
അദ്ദേഹത്തിന്റേതായി ഞാൻ ആദ്യം വായിച്ച പുസ്തകമായിരുന്നു The Greek Passion. നാലര പതിറ്റാണ്ടുകൾക്ക് മുമ്പ് അത് വായിക്കുമ്പോൾ മനസ്സിൽ ഭയമുണ്ടായിരുന്നു. ഓരോ വാചകത്തിന്റെയും ആന്തരാർത്ഥത്തിലേക്ക് ഇറങ്ങിച്ചെല്ലാനാകുമോ എന്ന ആശങ്കയായിരുന്നു അതിൻ്റെ കാരണം. എന്നാൽ അതിനെ മറികടക്കുന്ന വലിയൊരു ആഗ്രഹവും മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. പുസ്തകത്തിന്റെ പുറംതാളിനപ്പുറം ഒളിച്ചിരിക്കുന്ന മനുഷ്യനെ കണ്ടെത്താനുള്ള ആഗ്രഹമായിരുന്നു അത്.
വർഷങ്ങൾക്കുശേഷം അതേ പുസ്തകം വീണ്ടും തുറന്നപ്പോൾ ഒരു വിചിത്രമായ അനുഭവം എന്നെ പൊതിഞ്ഞു.
അന്ന് വായിച്ച പുസ്തകമല്ല ഇത്.
അല്ലെങ്കിൽ പുസ്തകം മാറിയതല്ല.
വായിച്ച മനുഷ്യനാണ് മാറിയത്.
നാല്പത്തഞ്ച് വർഷങ്ങൾക്കുമുമ്പ് മനസ്സിലാകാതെ പോയ പലതും ഇപ്പോൾ പതുക്കെ തെളിഞ്ഞുവരുന്നു. അന്ന് കഥയായി മാത്രം തോന്നിയ പല സംഭവങ്ങളും ഇന്ന് മനുഷ്യന്റെ വിധിയെക്കുറിച്ചുള്ള ചോദ്യങ്ങളായി മുന്നിൽ നിൽക്കുന്നു.
ലൈകോവ്റിസ്സി എന്ന ഗ്രാമത്തിന്റെ ഓരോ ഇടവഴികളും വീണ്ടും കണ്ണിനു മുന്നിൽ തെളിഞ്ഞു. അതിലൂടെ കടന്നുപോകുന്ന മനുഷ്യർ, വീടുകളുടെ നിഴലുകൾ, വയലുകൾ, മലനിരകൾ, ദൂരെ നിന്നെത്തുന്ന കാറ്റ്, എല്ലാം കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ എന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നുവെന്ന തോന്നൽ.
ചില പുസ്തകങ്ങൾ നമ്മളോടൊപ്പമുണ്ടെങ്കിലും നമ്മൾ വായിക്കേണ്ടതില്ല.
തീർച്ചയായും അവ അവ നമ്മളെ വായിക്കുകയാണ് ചെയ്യുന്നത്.
The Greek Passion അത്തരമൊരു പുസ്തകമാണ്.
------------------------------
ലൈകോവ്റിസ്സി
------------------------------
അനറ്റോലിയയിലെ ഒട്ടോമൻ ഭരണകാലത്തെ ഒരു സാങ്കൽപ്പിക ഗ്രീക്ക് ഗ്രാമമാണ് ലൈകോവ്റിസ്സി. മലകളും ഹരിതാഭ തുളുമ്പുന്ന താഴ്വരകളും പുഴകളും വയലുകളും നിറഞ്ഞ മനോഹരമായൊരു ഗ്രാമം. പുറമേ നിന്ന് നോക്കിയാൽ സമാധാനത്തിന്റെ ഒരു തുരുത്ത്. പക്ഷേ ആ സമാധാനത്തിനടിയിൽ ഭയത്തിന്റെയും അധികാരത്തിന്റെയും അസമത്വത്തിന്റെയും പെട്ടെന്ന് ദൃശ്യമാകാത്ത പല പാളികളുണ്ടായിരുന്നു.
ഗ്രാമ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് തുർക്കി ഉദ്യോഗസ്ഥനായ ആഗയും, അദ്ദേഹത്തെ ചുറ്റിപ്പറ്റിയിരുന്ന ഗ്രാമത്തിലെ മുതിർന്ന പ്രമാണിമാരുമായിരുന്നു. പുരോഹിതനായ ഗ്രിഗോറിസായിരുന്നു ആ അധികാരത്തിന്റെ ഏറ്റവും ശക്തമായ മുഖം.
ദൈവത്തിന്റെ പേരിൽ സംസാരിക്കുകയും, എന്നാൽ സ്വന്തം അധികാരം സംരക്ഷിക്കാൻ ദൈവഹിതം വളച്ചൊടിക്കാൻ മടിയില്ലാത്തവനുമായ മനുഷ്യനാണയാൾ.
അയാളുടെ മുന്നിൽ പുതിയ ചിന്തയെന്നാൽ അപകടമായിരുന്നു. ചോദ്യം ചെയ്യൽ പാപമായിരുന്നു. കരുണ പോലും അധികാരത്തിന് ഭീഷണിയാകാമായിരുന്നു.
ഗ്രാമത്തിൽ ഏഴു വർഷത്തിലൊരിക്കൽ ക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ ആസ്പദമാക്കി ഒരു പാഷൻ നാടകം അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു.
പക്ഷേ അത് വെറുമൊരു സാമ്പ്രദായിക നാടകമായിട്ടല്ല അവതരിപ്പിച്ചിരുന്നത്.
അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ഒരു വർഷം തങ്ങളുടെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കണമെന്നായിരുന്നു നിബന്ധന.
അങ്ങനെ, ജീവിതവും അഭിനയവും തമ്മിലുള്ള അതിർത്തി പതുക്കെ മാഞ്ഞുപോകുന്ന വിധമായിരുന്നു നാടകത്തിൻ്റെ ക്രമീകരണം.
കഥാപാത്രങ്ങളായി അഭിനയിക്കുന്നതിൽനിന്ന്, ആളുകൾ കഥാപാത്രങ്ങളായി മാറുന്നിടത്താണ് നോവലിലെ നാടകം തുടങ്ങുന്നത്.
-------------------------------
കഥാപാത്രങ്ങൾ ജീവിതമാകുമ്പോൾ.
-------------------------------
ക്രിസ്തുവിന്റെ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പൊതുവേ ദുർബ്ബലനും ലജ്ജാശീലനുമായ ആട്ടിടയൻ മനോലിയോസായിരുന്നു. ഗ്രാമത്തിലെ സാമാന്യം കൊള്ളാവുന്ന കുടുംബത്തിലെ പെൺ കുട്ടിയായ ലെനിയയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു, എന്നാൽ ക്രിസ്തുവിന്റെ ജീവിതവും വചനങ്ങളും പതുക്കെ തന്റെ ഉള്ളിലേക്ക് പടരുന്നതായി മനസ്സിലാക്കിയ മനോലിയോസ് അവളുമായുള്ള ആ വിവാഹബന്ധത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന വിധം ഗ്രാമത്തിന്റെ സൗന്ദര്യവും ആകർഷണവും സ്വന്തം ശരീരത്തിൽ വഹിച്ചുനടക്കുന്ന വിധവയായ കാതറിനക്കായിരുന്നു മഗ്ദലന മറിയത്തിന്റെ വേഷം. എന്നാൽ അവളുടെ ഉള്ളിൽ ഗ്രാമം കാണാത്ത മറ്റൊരു മനുഷ്യ ജീവി കൂടിയുണ്ടായിരുന്നു. കരുണയുള്ള, മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്ന ഒരു സ്ത്രീ.
അപ്പൊസ്തലനായ പത്രോസാകുന്നത് യന്നാക്കോസാണ്.
ഗ്രാമങ്ങളിലൂടെ സാധനങ്ങൾ വിൽപ്പന നടത്തി അലഞ്ഞുതിരിയുന്ന അയാളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ തന്റെ കഴുതയാണ്. സൗമ്യനും നിഷ്കളങ്കനുമായ യന്നാക്കോസ്, ജീവിതത്തിന്റെ വലിയ സത്യങ്ങളും ദർശനങ്ങളും എന്തെന്നറിയാതെയും ബോദ്ധ്യപ്പെടാതെയും തന്നെ അവയിൽ പലതും ജീവിച്ചു തീർക്കുന്ന മനുഷ്യനാണ്.
യോഹന്നാനായി മാറുന്നത് സമ്പന്നനായ പാത്രിയാർക്കീസിന്റെ മകൻ മൈക്കേലിസ്.
ജെയിംസ് ദി ഗ്രേറ്റിന്റെ വേഷം ഗ്രാമത്തിലെ കഫേ ഉടമയായ കോൺസ്റ്റാൻഡിസിനാണ്. നല്ല മനസ്സുള്ളവനാണയാൾ. എപ്പോഴും തന്റെ കൈവശമുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കിടാൻ തയ്യാറുള്ളവൻ. പക്ഷേ സ്വന്തം ആഗ്രഹങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും ഇടയിൽ പലപ്പോഴും വഴിതെറ്റിപ്പോകുന്നവനുമാണയാൾ.
യൂദാസിന്റെ വേഷം പനയാതോറസിനാണ് വന്ന് ചേർന്നത്. എങ്കിലും അവനെ അതിന് തിരഞ്ഞെടുക്കേണ്ടി വന്നത് ഏതാണ്ട് ഒരു പരിഹാസം പോലെയായിരുന്നു മറ്റുള്ളവർ നിരീക്ഷിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ പോലും ഒറ്റിക്കൊടുക്കലിനും പ്രതികാരത്തിനും അവസരം കാത്തു നിൽക്കുന്ന ഒരു മനുഷ്യനാണയാൾ എന്നാണ് പൊതു ധാരണ. ഗ്രാമവാസികൾക്ക് അയാളെ യൂദാസായി കാണാൻ അഭിനയത്തിന്റെ ആവശ്യം തെല്ലു പോലും ഉണ്ടായിരുന്നില്ല.
പക്ഷേ കസാൻദ്സാക്കിസിന്റെ ചോദ്യം ഇവിടെ കൂടുതൽ ആഴത്തിലേക്ക് പോകുന്നുമുണ്ട്. ഒരു മനുഷ്യൻ യൂദാസായി ജനിക്കുന്നതാണോ, സമൂഹം അവനെ യൂദാസാക്കി തീർക്കുന്നതാണോ?
-------------------------------
അധികാരത്തിന്റെ മുഖങ്ങൾ.
-------------------------------
ഗ്രിഗോറിസ്, പാത്രിയാർക്കീസ്, ഓൾഡ് ലഡാസ് . ഇവരെല്ലാം ഗ്രാമത്തിലെ അധികാരത്തിന്റെ വിവിധ മുഖങ്ങളാണ്.
ഒരാൾ മതത്തെ ഉപയോഗിക്കുന്നു.
മറ്റൊരാൾ സമ്പത്തിനെ.
മറ്റൊരാൾ പാരമ്പര്യത്തെ.
ഓൾഡ് ലഡാസ് പണത്തെ മാത്രം സ്നേഹിക്കുന്ന മനുഷ്യനാണ്. പക്ഷെ അതിലൊരു ചില്ലിക്കാശ് പോലും ചെലവഴിക്കാൻ തയ്യാറുമല്ല. സമ്പന്നനായിട്ടും ദാരിദ്ര്യത്തിൽ ജീവിക്കുന്നയാളാണ് അയാൾ.
ഹാഡ്ജി നിക്കോളിസ് നല്ലവനാണ്. പക്ഷേ നല്ലവനെന്ന് പറയുന്നതിനപ്പുറം ഗുണപരമായി എന്തെങ്കിലും വിശേഷങ്ങൾ അയാൾക്കില്ല . പുരാതന ഗ്രീസിന്റെ മഹത്വത്തെക്കുറിച്ച് വിലപിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകനായ അയാൾ സഹോദരനായ പുരോഹിതൻ ഗ്രിഗോറിസിനെ അങ്ങേയറ്റം ഭയക്കുന്നവൻ കൂടിയാണ്. പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുമ്പോഴും സ്വന്തം ജീവിതത്തിലെ അനീതിക്കെതിരെ ഒരു ചുവടുപോലും വെക്കാത്ത മനുഷ്യനാണയാൾ.
അവരെയെല്ലാം ചുറ്റിപ്പറ്റി ചെറിയ കഥാപാത്രങ്ങൾ.
കശാപ്പുകാരൻ ദിമിത്രി, ബാർബർ അൻഡോണിസ്, ഓൾഡ് മാർത്ത, ബ്രഹിമാക്കി, പെനിലോപ്...
ഒരു ഗ്രാമം.
ഒരു സമൂഹം.
അതിന്റെ ചെറിയ ആഗ്രഹങ്ങളും വലിയ ഭയങ്ങളും.
-------------------------------
അഭയാർത്ഥികൾ എത്തുന്നു
-------------------------------
അപ്പോഴാണ് കഥയുടെ ഹൃദയത്തിലേക്ക് മറ്റൊരു ലോകം കൂടി കടന്നുവരുന്നത്.
തുർക്കികളുടെ ആക്രമണത്തിൽ തകർന്നുപോയ ഒരു ഗ്രാമത്തിൽനിന്ന്, പ്രീസ്റ്റ് ഫോട്ടിസ് എന്ന പുരോഹിതന്റെ നേതൃത്വത്തിൽ ഒരു കൂട്ടം അഭയാർഥികൾ ലൈകോവ്റിസ്സിയിലെത്തുന്നു. വിശപ്പും ദാരിദ്ര്യവും യുദ്ധത്തിന്റെ മുറിവുകളും പേറുന്ന മനുഷ്യർ.
വീടില്ല,
ഭൂമിയില്ല,
സ്വന്തമെന്ന് പറയാൻ ഒരിടമില്ല. ജീവിച്ചിരിക്കാൻ ഒരിടം മാത്രം തേടി അലയുന്ന പാവം മനുഷ്യർ.
ഈസ്റ്റർ ഞായറാഴ്ചയാണ് അവർ ഗ്രാമത്തിലെത്തുന്നത്. വിശപ്പടക്കാൻ അൽപം ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഗ്രാമീണർക്കു മുന്നിൽ അവർ കൈ നീട്ടുന്നു. പക്ഷേ, ആ യാചനകൾക്കിടയിൽ വിശപ്പു സഹിക്കാനാവാതെ ഒരു സ്ത്രീ മരണത്തിനു കീഴടങ്ങുന്നു. മനുഷ്യജീവിതത്തിന്റെ ഏറ്റവും ദയനീയമായൊരു കാഴ്ചയാണത്. ഒരു നേരത്തെ അന്നത്തിനുവേണ്ടി മനുഷ്യൻ മറ്റൊരു മനുഷ്യനു മുന്നിൽ കൈനീട്ടേണ്ടിവരുന്ന ലോകം!
എന്നാൽ, അവരുടെ ദുരിതം കണ്ടിട്ടും ലൈകോവ്റിസ്സിയുടെ അധികാരകേന്ദ്രങ്ങൾ കാരുണ്യത്തിന്റെ വാതിലുകൾ തുറക്കുന്നില്ല. വിശന്നുവലയുന്ന മനുഷ്യരിൽ അവർ കാണുന്നത് സഹായം തേടുന്ന സഹജീവികളെയല്ല, തങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയായെത്തിയ അപരിചിതരെയാണ്.
അതിനിടെ, ഗ്രാമത്തിലെ പുരോഹിതനായ ഗ്രിഗോറിസ് ജനങ്ങളുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകുന്നു. മരിച്ച സ്ത്രീയുടെ മരണകാരണം കോളറയാണെന്ന് പ്രഖ്യാപിച്ച്, അഭയാർഥികൾക്കിടയിൽ രോഗം പടർന്നിട്ടുണ്ടെന്നും അവർ ഗ്രാമത്തിൽ താമസമാക്കിയാൽ മഹാമാരി പടരുമെന്നും ഭീതിയുണർത്തുന്നു.
അങ്ങനെ, വിശപ്പുകൊണ്ട് തളർന്ന മനുഷ്യർക്കു നേരെ കാരുണ്യത്തിന്റെ കൈ നീളേണ്ടിടത്ത് ഭയത്തിന്റെ മതിലുകൾ ഉയരുന്നു. മറ്റൊരാളുടെ ദുരിതത്തിൽ അലിഞ്ഞുചേരേണ്ട മനുഷ്യഹൃദയങ്ങൾ, സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയിൽ കല്ലുപോലെ കഠിനമാകുന്നു.
ഭയം മനുഷ്യനെ എത്ര വേഗത്തിലാണ് ക്രൂരനാക്കുന്നത്! വിശക്കുന്നവന് ഒരുപിടി അന്നം നൽകാതിരിക്കാനും അഭയമില്ലാത്തവന് ഒരിടം നിഷേധിക്കാനും മനുഷ്യൻ കണ്ടെത്തുന്ന ന്യായങ്ങൾ എത്ര ഭീകരമാണ്! കസാൻദ്സാക്കിസ് ഇവിടെ വരച്ചിടുന്നത് ഒരു ഗ്രാമത്തിന്റെ മാത്രം ചിത്രമല്ല; അപരിചിതനെ ഭയന്നും സ്വന്തം സുഖസൗകര്യങ്ങൾ സംരക്ഷിച്ചും സഹജീവിയുടെ വേദനയ്ക്കു നേരെ കണ്ണടയ്ക്കുന്ന മനുഷ്യസമൂഹത്തിന്റെ നേർക്കാഴ്ചയാണ്.
അവർക്കു ആദ്യം സഹായ ഹസ്തം നീട്ടുന്നത് കാതറിനയാണ്. പിന്നീട് മനോലിയോസും യന്നാക്കോസും മൈക്കേലിസും കോൺസ്റ്റാൻഡിസും അവരോടൊപ്പം ചേരുന്നു. പക്ഷേ കരുണയ്ക്ക് മുന്നിൽ അധികാരം ശക്തി കാട്ടി നിൽക്കുമ്പോൾ കരുണ പലപ്പോഴും തോൽക്കുന്നതായാണ് അനുഭവം.
മതപുരോഹിതനും ഗ്രാമത്തിലെ പ്രമുഖരും ചേർന്ന് അഭയാർത്ഥികളെ ഗ്രാമത്തിൽനിന്ന് പുറത്താക്കുന്നു.
-------------------------------
സരാകിനയിലേക്ക്.
-------------------------------
തീപ്പൊരി പോലെ പോരാട്ട വീര്യമുള്ളവനെങ്കിലും ഗ്രാമീണരുടെ മുന്നിൽ പിടിച്ചു നില്ക്കാനാകാതെ പ്രീസ്റ്റ് ഫോട്ടിസ് അഭയാർഥികളുമായി അടുത്തുള്ള സരാകിനാ പർവതത്തിന്റെ തരിശായ ചരിവുകളിലേക്ക് പലായനം ചെയ്യുന്നു. നിത്യദാരിദ്ര്യത്തിന്റെ തുടർക്കഥയെന്നോണം അവർ പട്ടിണിയുമായി അവിടെ ജീവിതം തുടരുന്നു. അവിടെ പ്രീസ്റ്റ് ഫോട്ടിസ്, മനോലിയോസ്, യന്നാക്കോസ്, മൈക്കെലിസ്, കോൺസ്റ്റാൻഡിസ് എന്നിവരുടെ സഹായത്തോടെ നില നില്ക്കുന്ന അനിശ്ചിതത്വത്തിന് അയവു വരുത്താനുള്ള മാർഗ്ഗങ്ങൾ തിരയുന്നു. അതിനായുള്ള ശ്രമങ്ങൾ ലൈകോവ്റിസ്സിയുടെ ദേശീയമായ നിലനില്പിനെ തന്നെ ബാധിക്കും വിധത്തിൽ വളരുമ്പോൾ സംഘർഷാത്മകമായ സംഭവ പരമ്പരകൾ ഒന്നൊന്നായി അരങ്ങേറുകയാണ്.
ഗ്രിഗോറിസിന്റെ ഉള്ളിൽ ഇപ്പോൾ അധികാരം നഷ്ടപ്പെടുമെന്ന ഭയം അഗ്നിപോലെ ആളിക്കത്തുകയാണ്. ഗ്രാമത്തിന്റെ മനസ്സിനെയും വിശ്വാസത്തെയും നിയന്ത്രിച്ചുപോന്ന തന്റെ ആധിപത്യം തകരുകയാണെന്ന തിരിച്ചറിവ് അയാളെ കൂടുതൽ അപകടകാരിയാക്കുന്നു. അധികാരം കൈവിട്ടുപോകുമെന്ന ഭീതിയിൽ അയാൾ ആദ്യം പ്രീസ്റ്റ് ഫോട്ടിസിനും അഭയാർഥികൾക്കുമെതിരെ വിദ്വേഷത്തിന്റെ വിഷം ചീറ്റുന്നു. പിന്നീട് ആ വിഷപ്രചാരണത്തിന്റെ മുന മനോലിയോസിനും കൂട്ടാളികൾക്കും നേരെ തിരിക്കുന്നു.
കാരുണ്യത്തെ കുറ്റമായും സഹാനുഭൂതിയെ വിശ്വാസവഞ്ചനയായും മുദ്രകുത്തി, മനുഷ്യസ്നേഹത്തിന്റെ അവസാനത്തെ വെളിച്ചംകൂടി കെടുത്തിക്കളയാനാണ് അയാളുടെ ശ്രമം. ഒരു ഘട്ടത്തിൽ, ഗ്രാമത്തെ രക്ഷിക്കാൻ മനോലിയോസ് സ്വന്തം ജീവൻപോലും ബലികൊടുക്കാൻ തയ്യാറാകുന്നു. മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ സ്വന്തം ജീവിതം സമർപ്പിക്കാനുള്ള ആ സന്നദ്ധതയിൽ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ നിഴൽ തെളിയുന്നു. എന്നാൽ അവസാന നിമിഷത്തിൽ അയാൾ രക്ഷപ്പെടുന്നു.
അതോടെ കഥയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് വളരുന്നു. ഗ്രാമത്തിലെ പ്രമാണിമാരുടെ പ്രതിലോമചിന്തകൾ കൂടുതൽ ഭീകരമായ രൂപം കൈക്കൊള്ളുന്നു. അധികാരവും സ്വാർത്ഥതയും മതഭ്രാന്തും ചേർന്നൊരുക്കുന്ന ഈ ഇരുണ്ട കൂട്ടുകെട്ട് ആഗയെപ്പോലും ഭയപ്പെടുത്തുന്ന ഘട്ടത്തിലെത്തുന്നു. ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനും ഇഷ്ടമുള്ളതെന്തും ചെയ്യാനും കഴിയുന്ന തന്റെ അദൃശ്യശക്തി ചോർന്നുപോകുകയാണെന്ന തിരിച്ചറിവ് അയാളെയും വേട്ടയാടുന്നു. അധികാരത്തിന്റെ ഏറ്റവും വലിയ ഭയം എതിരാളിയുടെ കരുത്തല്ല; താൻ അജയ്യനല്ലെന്ന തിരിച്ചറിവാണ് എന്ന ബോധം ആഗയെ ചുറ്റി വരിയുന്നു.
തുടർന്നുള്ള സംഭവങ്ങൾ അപ്പോസ്തലന്മാരുടെ ധാർമ്മികബോധത്തെ അഗ്നിപരീക്ഷയ്ക്കു വിധേയമാക്കുന്നു. വിശ്വാസവും പ്രലോഭനവും തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് തകരുന്നത്, ആരാണ് മനുഷ്യനായി ഉയരുന്നത് എന്ന ചോദ്യമാണ് കസാൻദ്സാക്കിസ് ഇവിടെ ഉന്നയിക്കുന്നത്.
അഭയാർഥികളുടെ കൈവശമുള്ള അവസാനത്തെ നാണയംപോലും തട്ടിയെടുക്കാൻ ഓൾഡ് ലഡാസ് കണ്ടെത്തുന്ന മാർഗം മനുഷ്യന്റെ അധഃപതനത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. പത്രോസായി വേഷമിടാൻ നിയോഗിക്കപ്പെടുന്ന യന്നക്കോസിനെ അതിനായി അയാൾ ചട്ടംകെട്ടുന്നു. പട്ടിണിയും നിസ്സഹായതയും കൊണ്ട് തകർന്ന മനുഷ്യരുടെ അവസാനത്തെ സമ്പാദ്യംകൂടി കവർന്നെടുക്കാനുള്ള ഈ ഗൂഢാലോചനയിൽ ലാഭക്കൊതിയുടെ ക്രൂരമുഖമാണ് തെളിയുന്നത്.
എന്നാൽ, അവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. അഭയാർഥികളുടെ സ്നേഹവും അവരുടെ ദുരിതങ്ങളുടെ ആഴവും നേരിട്ടറിയുമ്പോൾ യന്നക്കോസിന്റെ മനസ്സ് ഉരുകുന്നു. താൻ അവരെ വഞ്ചിക്കാനാണ് വന്നതെന്ന് അയാൾ തുറന്നുപറയുന്നു. അതിലുപരി, അയാൾ തന്റെ സമ്പാദ്യമെല്ലാം അവർക്കായി വിട്ടുകൊടുക്കുകയും ചെയ്യുന്നു.
ഇവിടെ കസാൻദ്സാക്കിസ് മനുഷ്യന്റെ ഉള്ളിൽ നടക്കുന്ന നിശ്ശബ്ദമായൊരു വിപ്ലവം വരച്ചിടുന്നു. മറ്റൊരാളുടെ വേദന നേരിട്ടറിയുമ്പോൾ, അതുവരെ മുറുകെപ്പിടിച്ചിരുന്ന സ്വാർത്ഥതയുടെ കോട്ടകൾ തകർന്നുവീഴാം. ചൂഷകനാകാൻ നിയോഗിക്കപ്പെട്ട ഒരാൾ സഹജീവിസ്നേഹത്തിന്റെ പ്രതീകമായി മാറാം.
മനുഷ്യനെ യഥാർത്ഥത്തിൽ മാറ്റുന്നത് പ്രഭാഷണങ്ങളല്ല, മറ്റൊരു മനുഷ്യന്റെ കണ്ണീരിനോടുള്ള മുഖാമുഖമാണ്.
മനോലിയോസിന്റെ ജീവിതത്തിലും ഇതേ ആത്മസംഘർഷത്തിന്റെ മറ്റൊരു മുഖം തെളിയുന്നു. ഒരിക്കൽ കാതറിനയോടുള്ള അഗാധമായ പ്രണയം അയാളുടെ ഉള്ളിൽ അഗ്നിപോലെ ജ്വലിച്ചിരുന്നു. അവളെ സ്വന്തമാക്കാനുള്ള മോഹവും അവളോടുള്ള വൈകാരികമായ അടുപ്പവും അയാളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരുന്നു. എന്നാൽ വീണ്ടും കണ്ടുമുട്ടുമ്പോൾ, പഴയ പ്രണയത്തിന്റെ വഴിയിലേക്ക് മടങ്ങാൻ അയാൾ തയ്യാറാകുന്നില്ല. കാതറിനയോടുള്ള പ്രണയത്തെ നിഷേധിച്ചുകൊണ്ടല്ല, അതിനെ മറ്റൊരു ആത്മീയതലത്തിലേക്ക് ഉയർത്തിക്കൊണ്ടാണ് അയാൾ അവളിൽനിന്ന് അകലുന്നത്.
യേശുവിന്റെയും മഗ്ദലന മറിയത്തിന്റെയും ബന്ധത്തിലെ ആത്മീയസ്നേഹത്തിന്റെ തലങ്ങളെക്കുറിച്ച് അയാൾ അവളോട് സംസാരിക്കുന്നു. കാമനകൾക്കപ്പുറത്തേക്ക് കടക്കുന്ന, സ്വന്തമാക്കലിന്റെ അതിരുകൾ ഭേദിക്കുന്ന, ആത്മാവിന്റെ വിശുദ്ധിയിലേക്ക് ഉയരുന്ന സ്നേഹത്തെക്കുറിച്ചാണ് മനോലിയോസ് അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. കാതറിനെ ഒരു പ്രണയിനിയായി കാണുന്നതിനുപകരം വിശുദ്ധിയുടെ പ്രതിരൂപമായി മാത്രമേ ഇനി കാണാനാകൂ എന്ന് അയാൾ പറയുന്നു.
എന്നാൽ, ഈ നിരാകരണത്തിൽ കേവലം പ്രണയത്തിന്റെ തിരസ്കരണം മാത്രമല്ല ഉള്ളത്. ഒരു മനുഷ്യനിൽ സംഭവിക്കുന്ന ആന്തരികമായ പരിവർത്തനത്തിന്റെ വേദനയും വൈരുധ്യവും അതിലുണ്ട്. ഒരിക്കൽ ഹൃദയത്തെ കീഴടക്കിയിരുന്ന വികാരങ്ങളെപ്പോലും ആത്മീയമായൊരു ലക്ഷ്യത്തിനുവേണ്ടി അതിജീവിക്കാൻ ശ്രമിക്കുന്ന മനോലിയോസ്, ക്രിസ്തുവിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന്റെ സംഘർഷഭരിതമായ രൂപമായി മാറുന്നു.
അങ്ങനെ, വിശപ്പും അധികാരവും വഞ്ചനയും പ്രണയവും ആത്മീയതയും പരസ്പരം ഏറ്റുമുട്ടുന്ന ഈ സംഭവങ്ങളിലൂടെ കസാൻദ്സാക്കിസ് ഒരു നിർണായകമായ ചോദ്യം നമ്മുടെ മുന്നിൽ ഉയർത്തുന്നു: മനുഷ്യനെ വിശുദ്ധനാക്കുന്നത് അവൻ മുറുകെപ്പിടിക്കുന്ന വിശ്വാസമാണോ, അതോ മറ്റൊരു മനുഷ്യന്റെ വേദനയ്ക്കു മുന്നിൽ അവനിൽ ഉണരുന്ന കാരുണ്യമാണോ?
മനോലിയോസ് മറ്റെല്ലാം വെടിഞ്ഞ് പ്രീസ്റ്റ് ഫോട്ടിസിനും അഭയാർത്ഥികൾക്കും ഒപ്പം പർവ്വതത്തിൽ താവളമടിക്കുന്നു. ഇപ്പോഴേക്കും ഈസ്റ്റർ ദിനത്തിൽ അവതരിപ്പിക്കേണ്ട നാടകത്തിലെ കഥാപാത്രങ്ങൾ എന്നതിനപ്പുറം ബൈബിളിലെ കഥാപാത്രങ്ങളോട് എല്ലാവരും താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അതുവരെ ലജ്ജാശീലനായ ഒരിടയൻ എന്ന നിലയിൽ മാത്രം ഗ്രാമത്തിൽ അറിയപ്പെട്ടിരുന്ന മനോലിയോസ് പൂർണ്ണമായും ഒരു ക്രിസ്തീയ ധാർമ്മിക രീതി പിന്തുടരാൻ തുടങ്ങുന്നു. എല്ലാവരെയും സഹോദരങ്ങളായി കണ്ട് സഹവർത്തിത്വം പുലർത്താനും, സമ്പത്തുള്ളവർ അത് പാവങ്ങൾക്കായി പങ്കിടാനും ആളുകളെ ഉത്ബോധിപ്പിക്കുന്നു.
മനോലിയാസിന്റെ ഈ മാറ്റങ്ങളെ ഗ്രാമമുഖ്യർ ഗൗരവത്തോടെയാണ് കാണുന്നത്. പുരോഹിതനായ ഗ്രിഗോറിസ് ഗ്രാമത്തെ മുഴുക്കെ തെറ്റിദ്ധരിപ്പിക്കും വിധം വീണ്ടും പ്രഖ്യാപനം നടത്തുന്നു. മനോലിയോസ് വെറുമൊരു വഴി തെറ്റിപ്പോയ ക്രിസ്ത്യാനിയല്ലെന്നും അയാളൊരു ബോൾഷെവിക് ആണെന്നും അയാൾ ആണയിടുന്നു. പ്രീസ്റ്റ് ഫോട്ടിസ് ജോൺ ബാപ്റ്റിസ്റ്റിന്റെ വ്യക്തിത്വം പുലർത്തുവനാണെന്നും കൂടി പറഞ്ഞു വെക്കുമ്പോൾ ക്രിസ്തുമതത്തിനപ്പുറം കഥ ഒരു വിശാല തലത്തിലേക്ക് മാറ്റപ്പെടുകയാണ്. ഇരുവരും റഷ്യയുടെ ഏജന്റുമാരാണെന്നും ഗ്രിഗോറിസ് നാട്ടുകാരെ വിശ്വസിപ്പിക്കുന്നു.
ഈ ഘട്ടത്തിൽ അച്ഛനുമായി തെറ്റി സകല സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് മൈക്കേലിസ് മനോലിയോസിനോടൊപ്പം സരാകിനയിൽ വസ് ചേരുന്നു.
ഇത്, പാത്രിയാർക്കിസിനെ പ്രകോപിതനാക്കുന്ന വിധം സങ്കീർണ്ണമാവുകയും ഒടുവിൽ അത് പാത്രിയാർക്കീസിന്റെ തന്നെ വധത്തിന് കാരണമാവുകയും ചെയ്യുന്നു.
യൂദാസിന്റെ ഭാഗം അഭിനയിക്കുന്ന പനയാതോറസ് ബൈബിളിലെ യൂദായേക്കാൾ അപകടകാരിയും ഒറ്റുകാരനുമായി മാറുന്നു. പർവ്വതത്തിൽ തമ്പടിച്ചിരിക്കുന്ന മനോലിയോസിനെയും മൈക്കേലിസിനെയും കൂട്ടരെയും പ്രധാന വില്ലനായ ഗ്രിഗേറിയോസിന് ഒറ്റു കൊടുക്കാൻ അയാൾ അമാന്തിക്കുന്നില്ല.
തുടർന്ന് ആഗയുടെ അസ്വാഭാവിക മരണം കഥയിൽ വഴിത്തിരിവാകുന്നു. ഗ്രാമത്തിലെ മുതിർന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുകയും യഥാർത്ഥ കൊലപാതകിയെ കണ്ടെത്തും വരെ ഓരോരുത്തരെയായി ദിവസേന തൂക്കിക്കൊല്ലുമെന്ന പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്നു.
-------------------------------
മനോലിയോസിൻ്റെ സ്വപ്നം.
-------------------------------
മനോലിയോസ് കണ്ട വിചിത്രമായ ഒരു സ്വപ്നത്തിൽ താൻ തന്നെ കുറ്റം ഏല്ക്കണമെന്ന അരുളപ്പാടുണ്ടാവുകയും തുടർന്ന് അങ്ങനെ ഏറ്റു പറയുകയും ചെയ്യുന്നു.
"മനോലിയോസിന്റെ ഹൃദയം അവനെ തന്നെ തിരിഞ്ഞു കുത്തി. അവൻ വാതില്ക്കലേക്ക് നോക്കി. കത്തിച്ചു വെച്ച മൂന്ന് വിളക്കുകൾ. ചുവന്ന കവിൾത്തടമുള്ള, മുടിചീകിയൊതുക്കിയ യേശു പുഞ്ചിരിക്കുന്നു. കന്യാമറിയം അവനരികിൽ കുനിഞ്ഞിരിക്കുന്നു. വിശുദ്ധ സ്നാപക യോഹന്നാൻ മരുഭൂമിയിൽ പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു.
മനോലിയാസ് ജനക്കൂട്ടത്തെ നോക്കി.
ഓൾഡ് ലഡാസിന്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു. "നമുക്കവനെ കൊല്ലാം!"
വാതിലിൽ ഇടി മുഴങ്ങി തുടങ്ങി.
"തുറക്കൂ. തുറക്കൂ'! അത് പ്രീസ്റ്റ് ഫോട്ടിസിന്റെ ശബ്ദമായിരുന്നു.
"സരാകിന ഞങ്ങളിൽ നിന്ന് അവനെ എടുക്കാൻ വന്നിരിക്കുന്നു."
പുറത്ത് സ്ത്രീകളുടേയും പുരുഷന്മാരുടെയും ശബ്ദങ്ങൾ ഉച്ഛസ്ഥായിലായി.
"കൊലപാതകികളേ നിങ്ങൾക്ക് ദൈവഭയം എന്നൊന്നില്ലേ? "പ്രീസ്റ്റ് ഫോട്ടിസിന്റെ ശബ്ദം വീണ്ടും ഉയർന്നു.
ഗ്രിഗോറിസ് കൈകൾ മേലോട്ടുയർത്തി.
"ക്രിസ്തുവിന്റെ നാമത്തിൽ ഈ പാപം ഞാൻ എന്റെ മേൽ തന്നെ ചുമത്തുന്നു."
പനയാതോറസ് മുന്നോട്ട് വന്നു.
"പിതാവേ, നിന്റെ അനുഗ്രഹത്താൽ."
"അതെ എന്റെ അനുഗ്രഹത്താൽ തന്നെ.
തുടങ്ങുക." ഗ്രിഗോറിസ് വീണ്ടും പറഞ്ഞു.
ഒടുവിൽ അനുവാദം കിട്ടിയതോടെ ഗ്രാമവാസികളടങ്ങുന്ന ഒരു ജനക്കൂട്ടം പള്ളിയിലേക്കുള്ള പടിക്കെട്ടുകളിൽ വെച്ച് മനോലിയോസിനെ കൊല്ലുന്നു.
പ്രീസ്റ്റ് ഫോടിസും അഭയാർത്ഥികളിൽ ചിലരുമൊത്ത് മനോലിയോസിന്റെ ശരീരം സരാകിന പർവ്വതത്തിലേക്ക് കൊണ്ട് വന്നു. അവിടെ പ്രീസ്റ്റ് ഫോട്ടിസ് മനോലിയോസിന്റെ അരികിൽ മുട്ടുകുത്തി അവന്റെ കൈകളിൽ പിടിക്കുന്നു.
അർദ്ധരാത്രി.
മണിമുഴങ്ങുന്നു.
ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ ഗ്രാമവാസികൾ പള്ളിയിലേക്ക് ഒഴുകിയെത്തുന്നു.
പുറത്ത് മഞ്ഞ്.
നിശ്ശബ്ദമായ ഭൂമി.
നക്ഷത്രങ്ങളില്ലാത്ത തണുത്ത രാത്രി.
അകത്ത് മനുഷ്യർ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നു.
പുറത്ത്, ഒരു ക്രിസ്തു
കൊല്ലപ്പെട്ടു കിടക്കുന്നു.
പ്രീസ്റ്റ് ഫോട്ടിസ്
മണിമുഴങ്ങുന്നത് കാതോർക്കുന്നു.
ലോകത്തെ രക്ഷിക്കാനായി യേശു ഭൂമിയിലേക്ക് ഇറങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആ മണിനാദം.
അവൻ തലകുലുക്കുന്നു.
ഒരു ദീർഘനിശ്വാസം.
പിന്നെ, തന്റെ ഉള്ളിൽനിന്ന് പൊട്ടിവരുന്ന ഒരു ചോദ്യംപോലെ പതുക്കെ പറയുന്നു:
“വെറുതെ... വെറുതെ എന്റെ ക്രിസ്തു.”
രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യർ ക്രിസ്തുവിനെ ക്രൂശിച്ചുകൊണ്ടേയിരിക്കുന്നു.
അവൻ വീണ്ടും പറയുന്നു:
“എന്റെ ക്രിസ്തു, നീ എപ്പോൾ ജനിക്കും?”
"ഇനി ക്രൂശിക്കപ്പെടാതെയിരിക്കാനായി...
മനുഷ്യരുടെ ഇടയിൽ തന്നെ ജീവിക്കാനായി......"
അത്രയും പറഞ്ഞിട്ട് പ്രീസ്റ്റ് ഫോട്ടിസ്
തിരിഞ്ഞു നടക്കുന്നു.
അഭയാർത്ഥികൾക്ക് പുതിയൊരു സുരക്ഷിത താവളം കണ്ടെത്തണം.
മുന്നിൽ അറിയാത്ത വഴികളാണ്.
പിന്നിൽ കത്തിയാളുന്ന ഒരു ലോകം.
മനോലിയോസ് ഇല്ല.
പക്ഷേ അവൻ പറഞ്ഞ വാക്കുകൾ ബാക്കിയുണ്ട്.
അവന്റെ സ്വപ്നം ബാക്കിയുണ്ട്.
അവന്റെ കരുണ ബാക്കിയുണ്ട്.
അവന്റെ മരണം പോലും ബാക്കിയുണ്ട്.
അഭയാർത്ഥികളെ നയിച്ചുകൊണ്ട് പ്രീസ്റ്റ് ഫോട്ടിസ് മുന്നോട്ട് നടക്കുന്നു.
പർവ്വതത്തിന്റെ ഇരുണ്ട വഴികളിലൂടെ.
പുതിയൊരു പ്രഭാതത്തെ തേടി.
അവിടെ, ഒരുപക്ഷേ, കസാൻദ്സാക്കിസ് നമ്മോടും ചോദിക്കുന്നുണ്ടാകാം
ക്രിസ്തു ജനിച്ചത് രണ്ടായിരം വർഷം മുമ്പല്ലേ?
അല്ല.
മനുഷ്യൻ മനുഷ്യനെ സഹോദരനായി കാണുന്ന ദിവസം മാത്രമേ ക്രിസ്തു ശരിക്കും ജനിക്കുകയുള്ളൂ.
അതുവരെ അവൻ വീണ്ടും വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കും.
ഒരിക്കൽ പള്ളിയുടെ കുരിശിൽ.
മറ്റൊരിക്കൽ വിശപ്പിന്റെ മുന്നിൽ.
മറ്റൊരിക്കൽ അധികാരത്തിന്റെ
വാളിന് കീഴിൽ.
മറ്റൊരിക്കൽ നമ്മുടെ മൗനത്തിനുള്ളിൽ.
അതുകൊണ്ടുതന്നെയാകാം,
നാല്പത്തഞ്ച് വർഷങ്ങൾക്കുശേഷം
The Greek Passion വീണ്ടും വായിച്ചപ്പോൾ, പഴയൊരു പുസ്തകം വായിക്കുന്ന അനുഭവമല്ല എനിക്ക് ഉണ്ടായത്.
സ്വന്തം കാലത്തെയും സ്വന്തം മനുഷ്യരെയും സ്വന്തം ഉള്ളിനെയും വീണ്ടും വായിക്കുന്ന അനുഭവമായിരുന്നു അത്.
നിക്കോസ് കസാൻദ് സാക്കിസ് നമ്മെ വിട്ടുപോയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു.
നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയില്ല.
പക്ഷേ അതിനേക്കാൾ ദീർഘായുസ്സുള്ള മറ്റൊന്ന് അദ്ദേഹം നേടി
വായനക്കാരന്റെ മനസ്സിൽ
മരിക്കാത്ത ഒരു സ്ഥാനം.
അവിടെ പുരസ്കാരങ്ങളില്ല.
അവിടെ വേദികളില്ല.
അവിടെ അധികാരങ്ങളില്ല.
അവിടെ ഒരേയൊരു ചോദ്യം മാത്രം:
മനുഷ്യൻ എപ്പോൾ മനുഷ്യനാകും?
അവിടെയാണ് കസാൻദ് സാക്കിസിന്റെ എഴുത്ത് ഇന്നും നമ്മെ പിന്തുടരുന്നത്.
അവിടെയാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ വിളിയും കേൾക്കുന്നത്:
“ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
ഒന്നിനെയും ഭയക്കുന്നില്ല.
ഞാൻ സ്വതന്ത്രനാണ്.”
✍️ നജീബ് കടമ്പോട്ട്.
എഴുത്തുപുര
Since 2009
വായിച്ചു തീർത്തു
ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ
ഈ കഥ ഇഷ്ടപ്പെട്ടോ?

