16 October 2026 · ഏകദേശം 17 മിനിറ്റ് വായന

മരുഭൂമിയിലെ മഴ മണം.

ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice

ശബത് നാളിലെ പുട്ട്-- 3

ചേന്ദമംഗലത്ത് നിന്നും നെഗേവിൽ തിരിച്ചെത്തിയ ശേഷം റാഹേൽ മെല്ലെ മെല്ലെ മൗനിയായി. അതോടെ ബേബി എല്ലാ വൈകുന്നേരവും ചേച്ചിയുടെ വീട്ടിൽ പോകുന്ന ശീലത്തിലേക്കും മാറി. രണ്ട് പേരും ചേർന്ന് ചായ കുടിക്കും. പഴയതുപോലെ മലയാളത്തിൽ തന്നെ സംസാരിക്കും. മറന്നുപോയ വാക്കുകൾക്ക് പകരം ഹീബ്രു വാക്കുകൾ കയറി വരും. അപ്പോൾ രണ്ട് പേരും ചിരിക്കും.

ഒരു ദിവസം റാഹേൽ പറഞ്ഞു: "ബേബി, ഞാനൊരു സ്വപ്നം കണ്ടു. നമ്മുടെ അമ്മ ചേന്ദമംഗലത്തെ വീട്ടുമുറ്റത്ത് നിൽക്കുന്നു. അമ്മയുടെ കയ്യിൽ ഒരു വിളക്ക് ഉണ്ട്. അമ്മ എന്നെ വിളിച്ചു." മോളെ റാഹേലേ".

ബേബി ചേച്ചിയുടെ കൈ പിടിച്ചു.

"ചേച്ചി, നമ്മൾ വീണ്ടും പോകും. യൊനാഥനെയും കൂട്ടി."

റാഹേൽ ചിരിച്ചു. ആ ചിരി നിറയെ ക്ഷീണം നിറഞ്ഞിരുന്നു. "എന്റെ മോളെ, എനിക്കിനി വിമാനം കേറാനുള്ള ശേഷിയൊന്നുമില്ല. നീ യൊനാഥനെ കൊണ്ടുപോ. അവനോട് ആ മാവിന്റെ ചുവട്ടിൽ എനിക്ക് വേണ്ടി ഒരു നിമിഷം നിൽക്കാൻ പറഞ്ഞാൽ മതി."

അതിന് ശേഷം മൂന്ന് മാസം കഴിഞ്ഞ്, ഒരു ശബത്ത് തലേന്ന് വെള്ളിയാഴ്ച രാത്രി, റാഹേൽ ഉറക്കത്തിൽ മരിച്ചു.

വാർത്ത ബേബിയെ അറിയിച്ചത് റാഹേലിന്റെ മകൾ താമാർ ആണ്. ബേബി ഓടിച്ചെന്നപ്പോൾ റാഹേൽ കിടക്കയിൽ ശാന്തമായി ഉറങ്ങുന്നതുപോലെ കിടക്കുന്നു. മേശപ്പുറത്ത് ഒരു കടലാസ് ഉണ്ടായിരുന്നു. വിറയ്ക്കുന്ന കൈയക്ഷരത്തിൽ മലയാളത്തിൽ എഴുതിയിരിക്കുന്നു: "ബേബി, പേടിക്കേണ്ട. ഞാൻ നമ്മുടെ അമ്മയുടെ അടുത്തേക്ക് പോവുകയാണ്. ചേന്ദമംഗലത്തേക്ക്."

ശവസംസ്കാരം കഴിഞ്ഞു. നെഗേവിലെ ചുടുകാറ്റിൽ മണ്ണ് വീണ്ടും മൂടി. മക്കളും പേരക്കുട്ടികളും ചുറ്റുമുണ്ടായിരുന്നു. എല്ലാവരും പോയ ശേഷം ബേബി തനിച്ചായി.

ആറേഴ് പതിറ്റാണ്ടുകളായി ഒരേ ആത്മാവ് പോലെ കഴിഞ്ഞിരുന്നവരാണ്. 1959 ൽ കപ്പൽ കയറുമ്പോൾ റാഹേൽ ബേബിയുടെ കൈ വിട്ടിരുന്നില്ല. ഇസ്രയേലിൽ ആദ്യമായി മരുഭൂമിയിലെ ടെന്റിൽ ഉറങ്ങുമ്പോൾ, പേടിച്ച് കരഞ്ഞ ബേബിയെ റാഹേലാണ് നെഞ്ചോട് ചേർത്തത്. "മോള് പേടിക്കാതുറങ്ങിക്കോ. നമ്മൾക്ക് ഇവിടെയും മഴ പെയ്യും," അന്ന് പത്ത് വയസ്സുകാരി കള്ളം പറഞ്ഞു. ആ കള്ളം തന്നെയായിരുന്നു പിന്നീട് അവരുടെ ജീവിതം.

ഇപ്പോൾ ആ കൈ ഇല്ല.

ബേബിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രിയിൽ അവർ ഇ-മെയിൽ തുറന്നു. ദുബായിൽ വെച്ച് കണ്ടുമുട്ടിയ ആ മനുഷ്യന് എഴുതാൻ തോന്നി. അയാളാണ് അവരുടെ കഥ ആദ്യം കേട്ടത്, അയാളാണ് "ശബത് നാളിലെ പുട്ട്" എന്ന കഥയ്ക്ക് കാരണമായത്.

അവർ എഴുതി:

"പ്രിയപ്പെട്ട ചങ്ങാതി,

റാഹേൽ പോയി. ഇന്നലെ രാത്രി. ശബത്ത് വിളക്ക് കെടുത്തുന്നതിന് മുൻപ്.

നിങ്ങൾ അന്നെന്നെ കണ്ടപ്പോൾ ഞാൻ ഒറ്റക്കായിരുന്നെങ്കിലും ഞങ്ങൾ രണ്ട് പേരായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും ഒരാളായി.

ചേന്ദമംഗലത്ത് നിന്ന് കൊണ്ടുവന്ന മണ്ണ് ഞാൻ അവളുടെ ശവക്കുഴിയിൽ വിതറി. അവൾക്ക് ഇനി വേരുകൾ അന്യമല്ല.

യൊനാഥൻ ചോദിക്കുന്നു, സവ്താ റാഹേൽ ഇപ്പോൾ എവിടെയാണെന്ന്. ഞാൻ പറഞ്ഞു, അവൾ മഴയുള്ള സ്ഥലത്താണെന്ന്.

എനിക്ക് ഇപ്പോൾ 83 വയസ്സായി. എന്റെ ചേച്ചിക്ക് 84 ൽ തന്നെ നിൽക്കാനാണ് യോഗം.

നിങ്ങൾ ഞങ്ങളുടെ കഥ എഴുതിയല്ലോ. ഇതും കൂടി എഴുതുമോ? റാഹേൽ ഇല്ലാത്ത ബേബിയുടെ കഥ ആർക്കെങ്കിലും വേണ്ടി വരുമോ? അറിയില്ല.

സ്നേഹം

ബേബി."

ഇ-മെയിൽ അയച്ച ശേഷം ബേബി ജനാല തുറന്നു. നെഗേവിലെ രാത്രിക്കാറ്റ് അകത്തേക്ക് വന്നു. ചൂടുള്ള, വരണ്ട കാറ്റ്. പക്ഷേ ആ കാറ്റിൽ അന്ന് ഒരു നനവ് ഉണ്ടായിരുന്നതായി ബേബിക്ക് തോന്നി. ചേന്ദമംഗലത്തെ മഴയുടെ മണം പോലെ.

അവർ അലമാര തുറന്ന് ചേന്ദമംഗലത്ത് നിന്ന് കൊണ്ടുവന്ന തുണിസഞ്ചി എടുത്തു. അതിൽ ഇപ്പോഴും അൽപ്പം മണ്ണ് ബാക്കിയുണ്ട്. അവർ അത് നെറ്റിയിൽ ചേർത്ത് വെച്ചു.

പിറ്റേന്ന് രാവിലെ യൊനാഥൻ വന്നു. അവന്റെ കയ്യിൽ ആ ഓടിൻകഷ്ണം ഇപ്പോഴും ഉണ്ട്. അവൻ പറഞ്ഞു: "സവ്താ, നമ്മൾ വീണ്ടും ചേന്ദമംഗലത്തേക്ക് പോകണം. സവ്താ റാഹേലിന് വേണ്ടി."

ബേബി അവനെ കെട്ടിപ്പിടിച്ചു. അവന്റെ മുടിയിൽ ചേന്ദമംഗലത്തെ മഴയുടെ മണം ഉണ്ടോ എന്ന് അവർ നോക്കി. ഇല്ല, നെഗേവിലെ വെയിലിന്റെ മണം മാത്രം.

"പോകാം മോനേ," ബേബി പറഞ്ഞു. അവരുടെ ശബ്ദം വിറച്ചു, പക്ഷേ ഉറച്ചതായിരുന്നു. "നമ്മൾ പോകും. ഇത്തവണ ഞാൻ നിനക്ക് ആ മാവിന്റെ കഥ മുഴുവൻ പറഞ്ഞുതരാം. നിന്റെ സവ്താ റാഹേൽ കല്ലെറിഞ്ഞ കഥ, നിൻ്റെ വല്യമ്മൂമ്മ പാടിയ ശബത്ത് പാട്ടിന്റെ കഥ."

യൊനാഥൻ ചിരിച്ചു. "സവ്താ നമ്മളിനിയും വരുമോ എന്ന് ഞാൻ ഇനിയും ചോദിക്കും."

"ചോദിച്ചോ മോനേ," ബേബി അവന്റെ കൈ പിടിച്ചു. "ആ ചോദ്യം നീ ചോദിച്ചുകൊണ്ടേയിരിക്കണം. അപ്പോഴാണ് നമ്മൾ ജീവിച്ചിരിക്കുന്നത്."

അന്ന് വൈകുന്നേരം ബേബി അടുക്കളയിൽ കയറി പുട്ടുണ്ടാക്കി. പതിറ്റാണ്ടുകളായി അവർ ഉണ്ടാക്കുന്ന അതേ പുട്ട്. പക്ഷേ ഇന്ന് അവർ ജനാല തുറന്നിട്ടു. നെഗേവിലെ കാറ്റ് അകത്തേക്ക് വരട്ടെ. അരിപ്പൊടി വേവുമ്പോൾ ഉയരുന്ന ആവിയിൽ അവർ മുഖം കാണിച്ചു.

ആവിക്ക് പിന്നിൽ, ഒരു നിമിഷം, റാഹേലിന്റെ മുഖം തെളിഞ്ഞതുപോലെ തോന്നി. പത്ത് വയസ്സുള്ള റാഹേൽ. ചേന്ദമംഗലത്തെ ചെറിയ വീടിൻ്റെ അടുക്കളയിൽ പുട്ടിനായി കാത്തിരിക്കുന്ന റാഹേലും ബേബിയും.

ഒരു വെള്ളിയാഴ്ച രാവിലെ. അടുക്കളയിൽ അമ്മ. പുറത്ത് മഴ. അകത്ത് പുട്ടിന്റെ മണം.

"എടീ റാഹേലേ..."

"എന്താ?"

"നിനക്ക് ഓർമ്മണ്ടോ നമ്മുടെ വീട്ടിലെ അടുക്കള?"

" പിന്നില്ലാണ്ട് !?" റാഹേൽ ചിരിച്ചു.

"അമ്മ പുട്ട് ഉണ്ടാക്കുമ്പോൾ നമ്മൾ രണ്ടുപേരും അടുക്കളവാതിൽക്കൽ ഇരിക്കുമായിരുന്നു."

"അകത്ത് കയറാൻ പാടില്ലായിരുന്നു."

"എന്തേ?"

"ആദ്യം റബ്ബിക്ക് കൊടുക്കണം. പിന്നെ മുതിർന്നവർക്ക്. കുട്ടികൾക്ക് അവസാനം."

"അപ്പോൾ നീ എന്ത് ചെയ്യും?"

"ഞാൻ മോട്ടിക്കും."

"നീ?"

"ഞാൻ മോഷ്ടിക്കില്ല. ചുമ്മാ പറഞ്ഞതാണ്. നിന്റെ കയ്യിൽ നിന്ന് വാങ്ങും."

"അതെ. നീ അന്നും കള്ളിയായിരുന്നു."

"ഇപ്പോഴും." അവർ വീണ്ടും ചിരിച്ചു.

ബേബി മെല്ലെ പറഞ്ഞു: "ചേച്ചി, മണം നോക്കൂ. ഇന്ന് പുട്ടിന് മഴയുടെ മണമാണ്."
പക്ഷെ അത് കേൾക്കാനായി റാഹേൽ അവിടെ ഉണ്ടായിരുന്നില്ല.
@@@@@@@@@@@@@@@@@@@
സവ്താ, നമ്മളിനിയും വരുമോ?
ചേന്ദമംഗലത്തുനിന്ന് നെഗേവിലേക്കുള്ള ഓർമ്മകളുടെ യാത്ര.
ചില വേരുകൾ മണ്ണിൽനിന്നല്ല, ഹൃദയത്തിൽനിന്നാണ് വളരുന്നത്.
@@@@@@@@@@@@@@@@@@@

റാഹേൽ വിടപറഞ്ഞിട്ട് രണ്ട് മാസത്തോളമായിരിക്കുന്നു. നെഗേവിൽ അപ്പോഴും വേനൽ വിട്ടുപോയിരുന്നില്ല. പകൽ മുഴുവൻ മരുഭൂമിയുടെ ചൂടേറ്റ ചുവന്ന മണ്ണ് വൈകുന്നേരങ്ങളിൽ ആ ചൂടിനെ ഇരട്ടിയാക്കി പുറത്തേക്കു തള്ളി കൊണ്ടിരിക്കും. വീടുകൾക്കു മുകളിലൂടെ പൊടിക്കാറ്റ് ചുളം കുത്തി കടന്നു പോകും. ഈന്തപ്പനകളുടെ ഓലപ്പട്ടകൾ ഇളകിയാടും. ദൂരെയുള്ള കൃഷിയിടങ്ങളിൽ നനക്കുന്ന യന്ത്രങ്ങളുടെ ശബ്ദം രാത്രിയിലും കേൾക്കാം. എല്ലാം പഴയതുപോലെതന്നെ.

യഹൂദ വിശ്വാസപ്രകാരം ദുഖാചരണത്തിന്റെ കാലം കഴിയുമ്പോൾ വിഷമങ്ങൾ മെല്ലെ ഉള്ളിലേക്ക് മടങ്ങുമെങ്കിലും, ബേബിയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.

ഒരേ മൊഷാവിൽ, നടക്കാവുന്ന ദൂരത്തിൽ, ആറേഴ് പതിറ്റാണ്ടുകളായി രണ്ടു വീടുകളിലായി ജീവിച്ചിട്ടും ഒരേ വീട്ടിൽ കഴിയുന്നപോലെയായിരുന്നു അവർ. ബേബിയുടെ ഭർത്താവ് യോസേഫ്മോ ഷെ മരിച്ചിട്ട് പന്ത്രണ്ട് വർഷമായിരുന്നു. റാഹേലിന്റെ ഭർത്താവ് എൽദാദ് മരിച്ചിട്ട് ഏഴ് വർഷവും.

ഒരു ദിവസം പോലും അവർ പരസ്പരം കാണാതെ കടന്നു പോയിട്ടില്ല.

എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ ആദ്യം അറിയേണ്ടതും അറിഞ്ഞിരുന്നതും മറ്റേയാളാണ്. ഒരാൾ ഒരു വിഭവം ഉണ്ടാക്കിയാൽ ആദ്യം രുചിക്കേണ്ടതും മറ്റേയാൾ തന്നെ.

നെഗേവിലെ അവരുടെ മൊഷാവിൽ ജീവിതം പതിവുപോലെ തുടർന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കൽ, പ്രാർത്ഥന, അടുക്കളത്തോട്ടത്തിൽ വെള്ളമൊഴിക്കൽ.

ബേബി പതിവുപോലെ രാവിലെ എഴുന്നേറ്റ് റാഹേലിന്റെ വീട്ടിലേക്ക് നടക്കും. വാതിൽ പൂട്ടിയിരിക്കുന്നത് കണ്ട് നിർവികാരയായി തിരികെ പോരും. പെട്ടെന്ന് ഓർമ്മവരും, ചേച്ചി ഇനിയില്ല. ആറേഴ് പതിറ്റാണ്ടുകളായി ഒരേ ആത്മാവായി ജീവിച്ച തങ്ങളുടെ ജീവിതത്തിന്റെ പകുതി ഭാഗമാണ് നിലച്ചുപോയത്.

മറുപടിയൊന്നും വരില്ലെന്ന് അറിഞ്ഞിട്ടും,

ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ബേബി വാതിൽക്കൽ ചെന്ന് മുട്ടിയിരുന്നു. പിന്നെ മെല്ലെ തിരിഞ്ഞു നടക്കും. വീട്ടിലെത്തി അടുക്കളയിൽ കയറുമ്പോൾ രണ്ടു കപ്പുകൾ എടുക്കുന്ന കൈ പെട്ടെന്ന് നിശ്ചലമാകും. ഒന്ന് തിരികെ അലമാരയിൽ വെക്കും.

ഒരാൾ മരിക്കുമ്പോൾ അവരോടൊപ്പം എന്തൊക്കെയാണ് ഇല്ലാതാകുന്നതെന്ന് ബേബി അപ്പോഴാണ് മനസ്സിലാക്കിയത്. ഒരാളുടെ ശബ്ദം മാത്രമല്ല. ആ ശബ്ദം കേൾക്കാൻ ശീലിച്ച നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഇല്ലാതാകുന്നത്.

റാഹേൽ പോയതോടെ ബേബിയുടെ ഓർമ്മകൾക്ക് പ്രായം കൂടി തുടങ്ങി.

എഴുപത്തഞ്ച് വർഷങ്ങൾക്കു പിന്നിലേക്ക് അവൾ മടങ്ങി. 1959-ലെ ആ യാത്രയിലേക്ക്. ചേന്ദമംഗലത്തെ വീട്ടുമുറ്റത്ത് അമ്മയുടെ കൈവിരലുകളിൽ പിടിച്ചുനിന്ന ഒമ്പത് വയസ്സുകാരിയിലേക്ക്. കൂടെ പത്ത് വയസ്സുകാരിയായ റാഹേൽ. എന്താണ് സംഭവിക്കുന്നതെന്ന് പൂർണമായി മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല അവർക്ക്. മുതിർന്നവർ പറയുന്നതെല്ലാം വിശ്വസിക്കുകയും അവരുടെ പിന്നാലെ നടക്കുകയും ചെയ്തിരുന്ന കാലം.

കേരളത്തിലെ പച്ചപ്പും മഴയും പിന്നിലാക്കി, വാഗ്ദത്ത ഭൂമിയെന്ന വിശ്വാസത്തിന്റെ വെളിച്ചത്തിൽ, ഇസ്രയേലിലെ നെഗേവിലേക്കുള്ള യാത്ര. അന്ന് റാഹേൽ ബേബിയുടെ കൈ മുറുകെ പിടിച്ചിരുന്നു.

പുതിയ നാട്ടിൽ ആദ്യമായി മരുഭൂമിയുടെ രാത്രിയിറങ്ങിയപ്പോൾ പേടിച്ചു കരഞ്ഞത് ബേബിയായിരുന്നു. പരിചയമില്ലാത്ത മണ്ണ്, അപരിചിതമായ ഭാഷ, ചുറ്റും വീശുന്ന വരണ്ട കാറ്റ്. മഴയുടെ ശബ്ദമില്ലാത്ത രാത്രി. അന്ന് പത്ത് വയസ്സുകാരിയായ റാഹേൽ അനിയത്തിയെ നെഞ്ചോടു ചേർത്തുപിടിച്ചു.

“കരയല്ലേ, മോളെ. ഇവിടെയും മഴ പെയ്യും.”

അവൾക്ക് അതെങ്ങനെ അറിയാനാണ്?

അറിയില്ലായിരുന്നു. എന്നിട്ടും അത്ര ഉറപ്പോടെ പറഞ്ഞത് അനിയത്തിയുടെ കണ്ണീരൊപ്പാനായിരുന്നു.

പിന്നീട് ജീവിതം മുഴുവൻ ആ വാക്കുകൾ അവരെ പിന്തുടർന്നു. നെഗേവിൽ മഴ പെയ്യുന്ന അപൂർവ ദിവസങ്ങളിൽ ബേബി ആ പഴയ വാഗ്ദാനം ഓർത്തു ചിരിക്കും. റാഹേൽ പറയും:

“കണ്ടോ, ഞാൻ അന്നേ പറഞ്ഞതല്ലേ?”

അവർ രണ്ടുപേരും ചിരിക്കും.

ഇപ്പോൾ ആ ചിരി ഓർമ്മയിൽ മാത്രമാണ്.

ഒരു വൈകുന്നേരം സ്കൂൾ വിട്ടുവന്ന യൊനാഥൻ നേരെ ബേബിയുടെ അടുത്തെത്തി. പതിവുപോലെ വാതിൽ തുറന്നയുടനെ സവ്തായെ കെട്ടിപ്പിടിച്ചില്ല. പകരം ബാഗിൽനിന്ന് മടക്കിവെച്ച ഒരു കടലാസ് എടുത്ത് അവരുടെ മുന്നിൽ നീട്ടിക്കൊടുത്തു.

“സവ്താ, ഇത് നോക്കൂ.”

കടലാസിന്റെ മുകളിൽ ഹീബ്രുവിൽ എഴുതിയിരുന്നു: എന്റെ കുടുംബത്തിന്റെ വേരുകൾ.

“ടീച്ചർ തന്ന വിഷയമാണ്. ഓരോരുത്തരും സ്വന്തം കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച് ക്ലാസ്സിൽ സംസാരിക്കണം. ഞാൻ ചേന്ദമംഗലത്തെക്കുറിച്ച് പറയാൻ പോകുന്നു.”

ബേബി അവനെ നോക്കി. അവർക്ക് ആശ്ചര്യമായി.

“എന്തൊക്കെയാണ് നീ പറയാൻ പോകുന്നത്?”

“നമ്മൾ പോയ വീട്. ആ മാവ്. പഴയ സിനഗോഗ്. പിന്നെ...” അവൻ ഒരു നിമിഷം നിർത്തി. “സവ്താ റാഹേലിനെക്കുറിച്ചും.”

ആ പേര് കേട്ടപ്പോൾ ബേബിയുടെ ഉള്ളിൽ എന്തോ പിടഞ്ഞു.

" സവ്‌ത റാഹേൽ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തിയ കഥ പറയണം,” യൊനാഥൻ ചിരിച്ചുകൊണ്ടു പറഞ്ഞു. “നിങ്ങൾ രണ്ടുപേരും ചെറുപ്പത്തിൽ അവിടെ കളിച്ചിരുന്നതും. പക്ഷേ സവ്താ, എനിക്ക് ഇനിയും കുറെ കാര്യങ്ങൾ അറിയണം.”

“എന്താണ് മോനേ?”

“സവ്താ റാഹേൽ മരിക്കുന്നതിനു മുമ്പ് നമ്മളോട് ആ മാവിൻ ചുവട്ടിൽ പോയി നിൽക്കണമെന്ന് പറഞ്ഞില്ലേ? നമുക്ക് വീണ്ടും പോകണം. ശരിക്കും പോകണം.”

ബേബി അവന്റെ മുഖത്തേക്കു നോക്കി. അവർ ആ കണ്ണുകളിൽ റാഹേലിനെ കണ്ടു. ഒരാഗ്രഹം മനസ്സിൽ ഉറച്ചാൽ പിന്നെ അതു സാധിക്കാതെ പിന്മാറാത്ത അതേ കണ്ണുകൾ.

പക്ഷേ എൺപത്തിമൂന്നാം വയസ്സിൽ, ശരീരത്തിന്റെ ക്ഷീണങ്ങളും യാത്രയുടെ ബുദ്ധിമുട്ടുകളും മറികടന്ന് വീണ്ടും കേരളത്തിലേക്കു പോകുക എന്നത് എളുപ്പമായിരുന്നില്ല.

“നിനക്കെന്നെ അവിടെ കൊണ്ടുപോകാനാകുമോ, യോനാ?” അവർ ചോദിച്ചു.

“തീർച്ചയായും. ഞാൻ കൊണ്ടുപോകും.”

ആ ചെറിയ വാക്കുകളിൽ വലിയൊരു ലോകമുണ്ടായിരുന്നു.

അന്ന് രാത്രി ബേബി മകൾ മിറിയമിനെ വിളിച്ചു.

“മോളേ, ഞാൻ യോനയെയും കൂട്ടി ഒരിക്കൽ കൂടി ചേന്ദമംഗലത്തേക്ക് പോകേണ്.”

മകൾ ആദ്യം എതിർത്തു. യാത്രയുടെ ദൈർഘ്യം, അമ്മയുടെ പ്രായം, ആരോഗ്യസ്ഥിതി. എല്ലാം അവളെ ആശങ്കപ്പെടുത്തി.

“അമ്മേ, ഇത്രയും ദൂരം വീണ്ടും യാത്ര ചെയ്യേണ്ടതുണ്ടോ? ഏഴെട്ട് വർഷം മുമ്പ് പോയ പോലെയല്ല ഇപ്പോൾ. നമുക്കൊന്ന് കൂടി ആലോചിച്ച് പിന്നെ പോയാൽ പോരെ.”

ബേബി കുറച്ചുനേരം മിണ്ടാതിരുന്നു.

“മോളേ, ചില യാത്രകൾ പോകാൻ തീരുമാനിക്കുന്നതല്ല. പോയേ തീരൂ. പണ്ട്, എൻ്റെ ചെറുപ്പത്തിൽ എട്ടൊമ്പതു വയസ്സുള്ള എന്നെ അമ്മ കൂട്ടിക്കൊണ്ടു പോന്നപ്പോൾ എനിക്കറിയില്ലായിരുന്നു, ഞാൻ എന്താണ് പിന്നിൽ ഉപേക്ഷിക്കുന്നതെന്ന്. ഇപ്പോൾ അറിയാം. റാഹേലിന് കൊടുത്ത വാക്ക് ബാക്കിയുണ്ട്. അത് പാലിക്കണം.”

മിറിയം ഒന്നും പറഞ്ഞില്ല.

അമ്മയുടെ ശബ്ദത്തിലെ ആ പഴയ ഉറപ്പ് അവൾക്ക് അറിയാമായിരുന്നു. എതിർത്തിട്ട് കാര്യമില്ല. കുറച്ചുനേരത്തിനുശേഷം അവൾ പറഞ്ഞു:

“ശരി, അമ്മേ. നമുക്ക് ഡോക്ടറോട് സംസാരിക്കാം. യൊനാഥൻ അമ്മയെ നോക്കിക്കൊള്ളും. പക്ഷേ നിങ്ങൾ രണ്ടുപേരും എന്നെ ദിവസവും വിളിക്കണം.”

ഫോൺ വെച്ചശേഷം ബേബി ഏറെ നേരം ജനാലയ്ക്കരികിൽ ഇരുന്നു. പുറത്തു നെഗേവിന്റെ രാത്രി. ദൂരെയുള്ള വീടുകളിൽ വിളക്കുകൾ തെളിഞ്ഞിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ.

അവർക്ക് പെട്ടെന്ന് ചേന്ദമംഗലത്തെ ഓർമ്മ വന്നു. മഴ പെയ്തു കഴിഞ്ഞ രാത്രികളിൽ മുറ്റത്തെ വെള്ളക്കെട്ടുകളിൽ നക്ഷത്രങ്ങൾ പ്രതിഫലിച്ചിരുന്നത്. അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ കേട്ടിരുന്ന പാട്ടുകൾ. ശബത്ത് തലേന്ന് വെള്ളിയാഴ്ചകളിൽ വീട്ടിലുയർന്നിരുന്ന പ്രാർത്ഥനകളുടെ ശബ്ദം.

എത്രയോ വർഷങ്ങൾക്കു ശേഷം ആ ഓർമ്മകൾക്ക് ഇത്ര വ്യക്തതയുണ്ടാകുമെന്ന് അവർ കരുതിയിരുന്നില്ല.

മറവിയുടെ അടിയിൽ ചില ഓർമ്മകൾ കെടാതെ കിടക്കുന്നുണ്ട്. ഒരു മണം മതി അവയെ ഉണർത്താൻ. ഒരു പാട്ട് മതി, നഷ്ടപ്പെട്ട ഒരു കാലം മുഴുവൻ തിരികെ വരാൻ.

കൊച്ചിയിൽ വിമാനം ഇറങ്ങുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു.

വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയ യൊനാഥൻ ആകാശത്തേക്കു മുഖമുയർത്തി. ചെറിയ മഴത്തുള്ളികൾ ചില്ലിൽ വീണ് താഴേക്കൊഴുകി.

“സവ്താ, ഇത് റാഹേൽ സവ്ത അയച്ച മഴയാണോ?”

ബേബി ചിരിച്ചു. കണ്ണുകൾ നിറഞ്ഞതുകൊണ്ട് ആ ചിരി മുഴുവനായില്ല.

“അങ്ങനെയായിരിക്കാം, മോനേ.”

വിമാനത്താവളത്തിനു പുറത്തേക്ക് വന്നപ്പോൾ നനഞ്ഞ മണ്ണിന്റെ മണം അവരെ പൊതിഞ്ഞു. എത്രയോ വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ച ഒരു വീടിന്റെ വാതിൽ തുറക്കുന്നതുപോലെ ആ മണം അവരുടെ ഉള്ളിൽ എന്തൊക്കെയോ തുറന്നു.

നെഗേവിൽ മഴ പെയ്യുമ്പോൾ മണ്ണിന്റെ മണം ഇതുപോലെയല്ല. അവിടുത്തെ മണ്ണിന് മറ്റൊരു സ്വഭാവമാണ്. ഇവിടെ മണ്ണിൽ പച്ചപ്പിന്റെ ശ്വാസമുണ്ട്. മരങ്ങളുടെ നനവുണ്ട്.ദൂരെയുള്ള കടലിന്റെ ഉപ്പുണ്ട്. അറിയാത്ത എത്രയോ ഓർമ്മകളുടെ നേർത്ത സ്പർശമുണ്ട്.

ചേന്ദമംഗലത്തേക്കുള്ള യാത്രയിൽ ബേബി അധികം സംസാരിച്ചില്ല. വഴിയരികിലെ മരങ്ങൾ, വീടുകൾ, ചെറിയ കടകൾ, മഴയിൽ തിളങ്ങുന്ന ഇലകൾ. എല്ലാം അവർ ശ്രദ്ധിച്ചു. പലതും മാറിയിരുന്നു. എട്ട് വർഷങ്ങൾ മുമ്പ് കണ്ടിരുന്ന കാഴ്ചകളിലെ മാറ്റങ്ങൾ. വഴികളും കെട്ടിടങ്ങളും മനുഷ്യരുടെ മുഖങ്ങളും. എന്നാൽ മഴയുടെ മണം മാത്രം മാറിയിരുന്നില്ല.

പഴയ ഹോംസ്റ്റേയിലെത്തിയപ്പോൾ അവിടുത്തെ സ്ത്രീ ബേബിയെ കണ്ടയുടനെ അടുത്തേക്കുവന്നു.

“ബേബിച്ചേച്ചീ!”

ആ വിളി കേട്ടപ്പോൾ ബേബിയുടെ കണ്ണുകൾ നിറഞ്ഞു. റാഹേലിന്റെ മരണവാർത്ത അവർ അറിഞ്ഞിരുന്നു. എന്തു പറയണമെന്ന് അറിയാതെ ആ സ്ത്രീ ബേബിയെ കെട്ടിപ്പിടിച്ചു.

“റാഹേൽച്ചേച്ചി കൂടി ഉണ്ടായിരുന്നെങ്കിൽ...” അവർക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല.

ബേബി അവരുടെ തോളിൽ മുഖം ചേർത്തു.

“അവളും വന്നിട്ടുണ്ട്. എന്റെ കൂടെയുണ്ട്.”

അതു പറയുമ്പോൾ അവരുടെ കൈയിൽ റാഹേലിന്റെ പഴയൊരു ഫോട്ടോ ഉണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ അവർ മാവിൻ ചുവട്ടിലേക്കു നടന്നു. പഴയ തറവാട് നിന്നിരുന്ന സ്ഥലത്ത് പുതിയൊരു വീട് ഉയർന്നിരുന്നു. കാലം പഴയവീടിൻ്റെ അടയാളങ്ങൾ മായ്ച്ചുകളഞ്ഞെങ്കിലും മുറ്റത്തെ മാവ് അവിടെത്തന്നെയുണ്ടായിരുന്നു. തടി കുറച്ചുകൂടി വണ്ണംവെച്ചിരിക്കുന്നു. കൊമ്പുകൾ മുറ്റത്തിനുമീതെ പടർന്നിരിക്കുന്നു. ഇലകൾക്കിടയിൽ കാറ്റ് കളിക്കുന്നു.

മാവിനെ കണ്ട നിമിഷം ബേബി നിന്നുപോയി.

എഴുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് പത്ത് വയസ്സകാരിയായിരുന്ന റാഹേൽ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്താൻ ശ്രമിച്ചിരുന്നത് ഈ മരത്തിലേക്കായിരുന്നു. മാങ്ങ വീഴാതെ വന്നപ്പോൾ അവൾ ദേഷ്യത്തോടെ വീണ്ടും കല്ലെടുത്തെറിഞ്ഞു. ഒടുവിൽ മാങ്ങ വീണപ്പോൾ അത് എടുത്തോടിയതും അനിയത്തിയുടെ കൈയിൽ പകുതി വെച്ചുകൊടുത്തതും ബേബിക്ക് ഓർമ്മ വന്നു.

“നീ ആദ്യം കഴിക്ക്,” റാഹേൽ അന്നു പറഞ്ഞിരുന്നു.

അവൾ എപ്പോഴും അങ്ങനെയായിരുന്നു. തനിക്കുള്ളതിൽ നിന്ന് അനിയത്തിക്കൊരു പങ്ക് മാറ്റിവെക്കാൻ മറക്കാത്തവൾ.

ബേബി മരത്തിന്റെ തടിയിൽ കൈവെച്ചു. കണ്ണുകൾ അടച്ചു. വിരലുകൾക്കടിയിൽ പരുക്കനായ തടി. പക്ഷേ അവരുടെ മനസ്സ് കൊണ്ട് തൊട്ടത് ഒരു മരത്തെയായിരുന്നില്ല; കാലം പിന്നിട്ടിട്ടും തന്നെ തിരിച്ചറിയുന്ന ഒരു പഴയ കൂട്ടുകാരനെയായിരുന്നു.

വീട്ടിലെ മുതിർന്നവർ അവരെ സ്നേഹത്തോടെ സ്വീകരിച്ചു. ബേബി വന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അവർ പറഞ്ഞു:

“ ഞങ്ങൾ വാങ്ങിയെന്നത് നേര്. പക്ഷെ ഇത് നിങ്ങളുടെ കൂടി മണ്ണാണ്. എത്ര നേരം വേണമെങ്കിലും ഇവിടെ കഴിയാം.”

ബേബി ഒന്നും പറഞ്ഞില്ല. മണ്ണിലേക്ക് നോക്കിയിരുന്നു.

ബേബി കാരണവരോട് കാര്യങ്ങൾ ഒന്ന് കൂടി വിശദീകരിച്ചു. പൂജകളൊന്നുമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കാരണവർ ബേബിക്ക് അനുവാദം കൊടുത്തു.

ബേബി ബാഗ് തുറന്നു. അതിൽ ഒരു ചെറിയ തുണിസഞ്ചിയുണ്ടായിരുന്നു. ആദ്യയാത്രയിൽ ചേന്ദമംഗലത്തുനിന്നു കൊണ്ടുപോയ മണ്ണിന്റെ അവസാനത്തെ അംശം. റാഹേലിന്റെ ഫോട്ടോ. പിന്നെ നെഗേവിൽനിന്നു കൊണ്ടുവന്ന ഒരു ചെറിയ ശബത്ത് വിളക്ക്.

യൊനാഥൻ അത്ഭുതത്തോടെ ചോദിച്ചു:

“സവ്താ, ഇവിടെ വിളക്ക് തെളിയിക്കാനാണോ?”

“അതെ, മോനേ. നിന്റെ സവ്താ റാഹേലിനു വേണ്ടി.”

മാവിന്റെ ചുവട്ടിൽ അവർ ഒരു ചെറിയ ഇടം വൃത്തിയാക്കി. റാഹേലിന്റെ ഫോട്ടോ വെച്ചു. തുണിസഞ്ചിയിലെ മണ്ണ് അതിനു സമീപം ചൊരിഞ്ഞു. പിന്നെ വിളക്ക് കൊളുത്തി.

കാറ്റ് വീശി. മരത്തിന്റെ ഇലകൾ ഇളകി. ജ്വാല ഒരു നിമിഷം വിറച്ചു. യൊനാഥൻ തന്റെ ഇരുകൈകൾക്കൊണ്ട് കാറ്റിനെ മറപിടിച്ച് ആ തീനാളത്തെ കാത്തു സൂക്ഷിച്ചു.

കണ്ണടച്ച്, ഏറെക്കാലം മുൻപ് മനസ്സിൽ നിധിപോലെ സൂക്ഷിച്ച മലയാള വാക്കുകളിൽ ബേബി പ്രാർത്ഥിച്ചു: "അമ്മേ... നമ്മുടെ റാഹേലിനെ നീ ചേർത്തുപിടിക്കണേ..."

തുടർന്ന് ആ തുണിസഞ്ചിയിലെ ബാക്കി മണ്ണ് അവർ ആ മാവിന്റെ ചുവട്ടിലേക്ക് പതുക്കെ വിതറി. "ചേച്ചി... നീ പറഞ്ഞതുപോലെ ഞാൻ യോനയോടൊപ്പം നിന്റെ അരികിൽ വന്നു നിന്നിരിക്കുന്നു. നീ കൊതിച്ച നിന്റെ മണ്ണ് ഞാൻ നിനക്ക് തിരികെ തന്നിരിക്കുന്നു."

ബേബി കൈകൾ കൂപ്പി നിന്നു. ഓർമ്മയിൽ ശേഷിച്ച മലയാളവാക്കുകൾ അവർ പതുക്കെ ഉച്ചരിച്ചു.

“അമ്മേ... എന്റെ ചേച്ചിയെ നോക്കണേ. അവൾ ഇത്രയും കാലം എന്നെ നോക്കി. ഇപ്പോളെനിക്ക് അവളെ നോക്കാൻ കഴിയില്ലല്ലോ.”

ശബ്ദം ഇടറി.

“അവളെ ഒറ്റയ്ക്കാക്കരുതേ, അമ്മേ.”

യൊനാഥൻ മുത്തശ്ശിയുടെ കൈ പിടിച്ചു. അവൻ ഒന്നും ചോദിച്ചില്ല. ആ നിമിഷം ചില ദുഃഖങ്ങൾക്ക് പരിഭാഷ ആവശ്യമില്ലെന്ന് അവന് മനസ്സിലായതുപോലെ അവൻ കണ്ണകൾ അടച്ചു നിന്നു.

അപ്പോഴാണ് മഴ ശക്തമായത്.

ആദ്യം ഇലകളിൽ നേർത്ത തുള്ളികൾ. പിന്നെ മുറ്റത്തേക്കും മരത്തിന്റെ ചുവട്ടിലേക്കും പെയ്തിറങ്ങുന്ന മഴ. ബേബിയുടെ മുടിയും മുഖവും വസ്ത്രങ്ങളും നനഞ്ഞു. യൊനാഥൻ ചിരിച്ചുകൊണ്ട് കൈകൾ നീട്ടി മഴത്തുള്ളികൾ പിടിക്കാൻ ശ്രമിച്ചു.

“സവ്താ, നനയുന്നുണ്ടല്ലോ!”

ബേബി കണ്ണടച്ചുനിന്നു.

“നനയട്ടെ, മോനേ. ഇത്രയും കാലം ഞാൻ ഈ മഴയെ സ്വപ്നം കണ്ടതാണ്.”

ആ വാക്കുകൾക്കുശേഷം അവർ ഒന്നും പറഞ്ഞില്ല. മഴ പെയ്യട്ടെ. തങ്ങളെ നനയ്ക്കട്ടെ. മരിച്ചുപോയ ചേച്ചിയുടെ ഓർമ്മകളിലേക്ക് തങ്ങളെ കുറച്ചുനേരം കൂടി കൊണ്ടുപോകട്ടെ.

മഴത്തുള്ളികൾ മാവിന്റെ ഇലകളിൽനിന്ന് താഴേക്കു വീണു. ചിലത് വിളക്കിന്റെ അരികിലെ മണ്ണിൽ പതിച്ചു. ജ്വാല വീണ്ടും വിറച്ചു. യൊനാഥൻ രണ്ടു കൈകളും കൊണ്ട് അതിനെ കാറ്റിൽനിന്നു മറച്ചുപിടിച്ചു.

ബേബി അവനെ നോക്കി.

ആ നിമിഷം റാഹേലിന്റെ വാക്കുകൾ അവർ വീണ്ടും കേട്ടു.

നമ്മൾക്ക് ഇവിടെ മഴ കാണാനാകും മോളെ.

അന്ന് അനിയത്തിയെ ആശ്വസിപ്പിക്കാൻ പറഞ്ഞ ഒരു കുട്ടിയുടെ വാക്ക്. ഇപ്പോൾ, ഇത്രയും പതിറ്റാണ്ടുകൾക്കുശേഷം, ആ വാക്കിനരികിൽ നിൽക്കുന്നത് ആ കുട്ടിയുടെ അനിയത്തിയാണ്. കൈകളിൽ അവളുടെ ഓർമ്മയും കണ്ണുകളിൽ മഴയും.

വൈകുന്നേരം ഹോംസ്റ്റേയിൽ തിരിച്ചെത്തിയപ്പോൾ ചൂടുള്ള ചായയും പുട്ടും തയ്യാറായിരുന്നു.

ബേബി പുട്ടിന്റെ ഒരു ചെറിയ കഷ്ണമെടുത്തു. കുറച്ചുനേരം അതിലേക്കു നോക്കിയിരുന്നു. പിന്നെ റാഹേലിന്റെ ഫോട്ടോ അതിനരികിൽ വെച്ചു.

“ചേച്ചി, നിനക്ക് ഓർമ്മയുണ്ടോ? അമ്മ പുട്ടുണ്ടാക്കുമ്പോൾ നമ്മൾ അടുക്കളയുടെ വാതിൽക്കൽ കാത്തുനിൽക്കുമായിരുന്നു. ചൂടോടെ കിട്ടാൻ വേണ്ടി.”

ഒരു ശനിയാഴ്ച രാവിലെ. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

ഒരു പഴയ വീട്ടിലെ അടുക്കളയിൽ ഒരു അമ്മ പുട്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു.

രണ്ട് പെൺകുട്ടികൾ അടുക്കളവാതിൽക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഒരാൾ മറ്റെയാളെ തള്ളുന്നു.

"നിനക്ക് ആദ്യം കിട്ടില്ല."

"എനിക്ക് കിട്ടും."

"അമ്മേ..."

"എന്താ?"

"റാഹേൽ പുട്ട് മോഷ്ടിച്ചു!"

"ഞാനല്ല!"

"നീയാ!" പുറത്ത് മഴ കനക്കുന്നു.അകത്ത് പുട്ടിന്റെ ആവി ഉയരുന്നു.

ആവിക്കിടയിൽ അവരുടെ ബാല്യം. അത് പിന്നെ പതുക്കെ മാഞ്ഞുപോകുന്നു.പക്ഷേ പൂർണ്ണമായിട്ടല്ല.കാരണം, ചില ഓർമ്മകൾക്ക് മരിക്കാനറിയില്ല.അവ ഭക്ഷണത്തിൽ ഒളിക്കും.മണത്തിൽ ഒളിക്കും.ഭാഷയിൽ ഒളിക്കും.

ബേബിക്ക് മറുപടി കിട്ടിയില്ല.

എങ്കിലും ബേബിക്ക് ചേച്ചി അടുത്തിരുന്ന് ചിരിക്കുന്നതുപോലെ തോന്നി.

യൊനാഥൻ തന്റെ സ്കൂൾപ്രോജക്ടിനായി വീഡിയോ പകർത്തുന്നുണ്ടായിരുന്നു. അവൻ ക്യാമറയിലേക്കു നോക്കി ഹീബ്രുവിൽ പറഞ്ഞു:

“ഇതാണ് എന്റെ കുടുംബത്തിന്റെ വേരുകൾ. എന്റെ സവ്താ ബേബിയും സവ്താ റാഹേലും ജനിച്ച മണ്ണ്. എന്റെ കുടുംബം ഈ സ്ഥലത്തുനിന്ന് വളരെ ദൂരെയുള്ള ഒരു മരുഭൂമിയിലാണ് ജീവിച്ചത്. പക്ഷേ അവരുടെ ഓർമ്മകൾ ഇവിടെത്തന്നെയായിരുന്നു.”

പിന്നെ അവൻ ക്യാമറ താഴ്ത്തി ബേബിയുടെ അടുത്തുവന്നു.

“സവ്താ, എന്റെ വേരുകൾ രണ്ടിടത്താണല്ലോ?”

“അതെ, മോനേ.”

“ഒന്ന് നെഗേവിൽ. മറ്റൊന്ന് ചേന്ദമംഗലത്ത്.”

ബേബി അവന്റെ തലയിൽ കൈവെച്ചു.

“വേരുകൾക്ക് അതിരുകളില്ല, യോനാ. മനുഷ്യർ എവിടെയൊക്കെ പോയാലും അവർക്ക് ജന്മം നൽകിയ മണ്ണ് ഉള്ളിൽ ജീവിക്കും. ചിലപ്പോൾ നമ്മൾ അത് മറന്നെന്നു തോന്നും. പക്ഷേ ഒരു മഴ പെയ്താൽ മതി, അതെല്ലാം വീണ്ടും ഓർമ്മ വരാൻ.”

അവൻ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു.

“ഞാൻ ഇനിയും വരും, സവ്താ.”

ബേബി അവനെ ചേർത്തുപിടിച്ചു.

“വരണം. നിനക്കു കഴിയുന്നത്ര തവണ വരണം.”

“അപ്പോൾ സവ്താ റാഹേലും വരുമോ?”

ബേബി അവന്റെ മുഖം കൈകളിലെടുത്തു.

“നീ അവളെ ഓർക്കുമ്പോഴൊക്കെ അവളും വരും, മോനേ.”

നെഗേവിൽ തിരിച്ചെത്തിയപ്പോൾ ബേബിക്ക് പഴയതുപോലെ ദുഃഖമുണ്ടായിരുന്നില്ല. എങ്കിലും റാഹേലിന്റെ അഭാവമുണർത്തിയ വിഷമം മാറിയിരുന്നില്ല. അവരുടെ വീടിന്റെ വാതിൽ ഇപ്പോഴും പൂട്ടിയിരുന്നു. വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ആരുമെത്തിയിരുന്നില്ല. അടുക്കളയിൽ രണ്ടു കപ്പുകൾ എടുക്കാനുള്ള ശീലം ഇടയ്ക്കിടെ വീണ്ടും ഉണർന്നിരുന്നു.

എങ്കിലും ചേന്ദമംഗലത്തുനിന്നു മടങ്ങിയ ബേബിയുടെ ഉള്ളിൽ ഒരു ചെറിയ വിളക്ക് തെളിഞ്ഞിരുന്നു.

ഒരു രാത്രി അവർ വീണ്ടും ഇ-മെയിൽ തുറന്നു. ദുബായിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ആ മനുഷ്യന് എഴുതാൻ തുടങ്ങി. അവരുടെ ജീവിതത്തിലെ ചില മറന്നുപോയ വാതിലുകൾ തുറന്നത് ആ കൂടിക്കാഴ്ചയായിരുന്നു. അവരുടെ ഓർമ്മകൾക്ക് കഥയുടെ രൂപം നൽകിയതും അയാൾ തന്നെ.

“പ്രിയപ്പെട്ട ചങ്ങാതീ,

ഞാനും യൊനാഥനും വീണ്ടും ചേന്ദമംഗലത്തു പോയി തിരികെ വന്നു. റാഹേൽ പോകാൻ ആഗ്രഹിച്ചിരുന്ന മാവിൻ ചുവട്ടിൽ ഞങ്ങൾ നിന്നു. അവളുടെ ഫോട്ടോ വെച്ച് ഒരു ചെറിയ വിളക്ക് തെളിയിച്ചു. ഞാൻ സൂക്ഷിച്ചിരുന്ന ചേന്ദമംഗലത്തെ മണ്ണിന്റെ അവസാനത്തെ തരി പോലും അവിടെത്തന്നെ വിതറി.

മഴ പെയ്തു. നല്ല മഴ.

എത്രയോ വർഷങ്ങൾക്കുശേഷം ഞാൻ ആ മഴയിൽ നനഞ്ഞു. എന്റെ ചേച്ചി പറഞ്ഞ വാക്കുകൾ ഓർത്തു. അന്ന് എന്നെ ആശ്വസിപ്പിക്കാൻ അവൾ പറഞ്ഞതാണ്: നെഗേവിലും മഴ പെയ്യുമെന്ന്. ജീവിതം മുഴുവൻ ഞങ്ങൾ ആ വാക്കുകൾക്കൊപ്പം ജീവിച്ചു. റാഹേൽ ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. പക്ഷേ അവൾ ആ മണ്ണിലും മഴയിലും എന്റെ ഓർമ്മകളിലും ഉണ്ടെന്ന് എനിക്കു തോന്നുന്നു.

യൊനാഥൻ ഇപ്പോൾ ഞങ്ങളുടെ കഥ അറിയുന്നവനാണ്. അവൻ ചേന്ദമംഗലത്തെക്കുറിച്ച് പഠിക്കുന്നു. അവന്റെ വേരുകൾ എവിടെയാണെന്ന് അവൻ ചോദിക്കുമ്പോൾ എനിക്ക് ഇനി പേടിയില്ല. അവന് ഒരിടം മാത്രമല്ല, രണ്ടു ലോകങ്ങളുണ്ട്.

നിങ്ങൾ ഞങ്ങളുടെ കഥ എഴുതിയല്ലോ. അതിന് നന്ദി.

റാഹേൽ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളിൽ അവൾ അടുത്ത മുറിയിലുണ്ടെന്നു തോന്നും. ചിലപ്പോൾ എന്തെങ്കിലും പറയാൻ ഫോൺ എടുക്കും. പിന്നെയാണ് ഓർക്കുന്നത്.

എങ്കിലും ഇപ്പോൾ എനിക്ക് ഒരു സമാധാനമുണ്ട്. അവൾക്കുവേണ്ടി ഞാൻ പോകേണ്ടിടത്ത് പോയി. അവൾക്കുവേണ്ടി ഒരു വിളക്ക് തെളിയിക്കാനായി.
ഇനിയും ഇടക്കിടെ എഴുതാം. ഈ സായാഹ്ന വേളയിൽ നിങ്ങൾ എനിക്ക് കിട്ടിയ ഒരു നല്ല സുഹൃത്ത് തന്നെ. ഇടക്കൊക്കെ എനിക്കെഴുതണം . യോന സ്നേഹം അറിയിച്ചിട്ടുണ്ട്❤️

സ്നേഹത്തോടെ,

ബേബി.”

ഇ-മെയിൽ അയച്ചശേഷം അവർ ജനാല തുറന്നു. നെഗേവിലെ വരണ്ട കാറ്റ് അകത്തേക്കു വന്നു. പതിവുപോലെ അതിൽ മഴയുടെ മണമുണ്ടായിരുന്നില്ല. എന്നിട്ടും ബേബിക്ക് ഒരു നിമിഷം ചേന്ദമംഗലത്തെ നനഞ്ഞ മണ്ണ് ഓർമ്മ വന്നു.

അവർ അലമാര തുറന്ന് ചെറിയ തുണിസഞ്ചി എടുത്തു. അതിൽ മണ്ണൊന്നും ബാക്കിയുണ്ടായിരുന്നില്ല. പക്ഷേ സഞ്ചി അവർ ഉപേക്ഷിച്ചിരുന്നില്ല. അതിനുള്ളിൽ ഒരിക്കൽ തങ്ങളുടെ വീടിന്റെ മുറ്റത്തുനിന്ന് വാരിയെടുത്ത മണ്ണുണ്ടായിരുന്നു. ആ മണ്ണിനൊപ്പം കൊണ്ടുപോയ അമ്മയുടെ ഓർമ്മയും റാഹേലിന്റെ ബാല്യവും സ്വന്തം ജീവിതത്തിന്റെ നഷ്ടപ്പെട്ട ഒരു ഭാഗവും.

അവർ സഞ്ചി നെറ്റിയിൽ ചേർത്തു.

അടുത്ത ദിവസം രാവിലെ യൊനാഥൻ വന്നു. കൈയിൽ ചേന്ദമംഗലത്തെ പഴയ സിനഗോഗിന്റെ മുറ്റത്തുനിന്ന് പെറുക്കിയെടുത്ത ചെറിയ ഓടിൻകഷ്ണം.

“സവ്താ, ഞാൻ ടീച്ചറോട് എല്ലാം പറഞ്ഞു. മാവിനെക്കുറിച്ചും മഴയെക്കുറിച്ചും വിളക്കിനെക്കുറിച്ചും. സവ്താ റാഹേലിനെക്കുറിച്ചും.”

“ടീച്ചർ എന്തു പറഞ്ഞു?”

“ ടീച്ചർ പറഞ്ഞു, നമ്മുടെ കുടുംബത്തിന് വളരെ മനോഹരമായൊരു ചരിത്രമുണ്ടെന്ന്. സവിശേഷമായ ഒരു കഥയുണ്ടെന്ന്.”

ബേബി ചിരിച്ചു.

“നമ്മുടെ കഥ മാത്രമല്ല, മോനേ. സ്വന്തം മണ്ണ് ഉപേക്ഷിച്ച് ദൂരേക്കു പോകേണ്ടിവന്ന ഒരുപാട് മനുഷ്യരുടെ കഥയാണത്.”

യൊനാഥൻ കുറച്ചുനേരം ആലോചിച്ചു.

“സവ്താ, നമ്മളിനിയും പോകുമോ?”

ബേബി അവനെ ചേർത്തുപിടിച്ചു.

മുൻപൊരിക്കൽ വിമാനത്തിൽവെച്ച് അവൻ ചോദിച്ച അതേ ചോദ്യം. അന്ന് ആ ചോദ്യം അവരുടെ നെഞ്ചിൽ ഒരു കല്ലുപോലെ വീണിരുന്നു. ഇന്ന് അതിന് ഒരു പുതിയ അർഥമുണ്ടായിരുന്നു.

“ പോകും, മോനേ. നീ പോകും. നിന്റെ മക്കളും പോകുമായിരിക്കും. അവർക്കും ആ മണ്ണിന്റെ കഥ പറഞ്ഞുകൊടുക്കണം.”

“അപ്പോൾ നമ്മൾ ഒന്നിച്ച് ഒരിക്കലും പോകുന്നില്ല?

ബേബി അവന്റെ നെഞ്ചിൽ കൈവെച്ചു.

“നമ്മൾ എവിടേക്കു പോയാലും, നമ്മളെ സ്നേഹിച്ചവരും നമ്മൾ സ്നേഹിച്ച മണ്ണും ഇവിടെത്തന്നെയുണ്ടാകും ഈ നെഞ്ചിൽ .അതാണ് നമ്മുടെ വേരുകൾ.”

യൊനാഥൻ ചിരിച്ചു.

ബേബി അവന്റെ മുടിയിൽ വിരലോടിച്ചു. അവിടെ ചേന്ദമംഗലത്തെ മഴയുടെ മണമുണ്ടായിരുന്നില്ല. നെഗേവിലെ വെയിലിന്റെ മണം മാത്രം. പക്ഷേ അതു പ്രശ്നമായിരുന്നില്ല. ഒരുനാൾ ആ കുട്ടി മറ്റൊരു നാട്ടിലേക്കു പോകും. മറ്റൊരു ഭാഷയിൽ സംസാരിക്കും. മറ്റൊരു കാലത്തിന്റെ തിരക്കുകളിൽ ജീവിക്കും. എന്നിട്ടും മഴ പെയ്യുന്ന ഒരു ദിവസം, ഒരു പഴയ പാട്ടു കേൾക്കുന്ന നേരത്ത്, അല്ലെങ്കിൽ പുട്ടിന്റെ മണം അടുക്കളയിൽ നിറയുമ്പോൾ, അവന്റെ ഉള്ളിൽ ചേന്ദമംഗലം ഉണരും.

അവിടെ കുട്ടിയായിരുന്ന റാഹേൽ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്താൻ ശ്രമിക്കുന്നുണ്ടാകും. ബേബി അവളുടെ പിന്നാലെ ഓടുന്നുണ്ടാകും. അമ്മ അടുക്കളയിൽനിന്ന് അവരെ വിളിക്കുന്നുണ്ടാകും. മുറ്റത്തെ മാവിലകളിൽ മഴ പെയ്യുന്നുണ്ടാകും.

അന്ന് വൈകുന്നേരം ബേബി അടുക്കളയിൽ പുട്ടുണ്ടാക്കി.

പതിവുപോലെ മാവ് നനച്ചു. തേങ്ങ ചിരകി. പുട്ടുകുറ്റിയിൽ മാവും തേങ്ങയും പാളികളായി നിറച്ചു. വെള്ളം തിളച്ചപ്പോൾ ഉയർന്ന ആവി അടുക്കളയിൽ പരന്നു.

അവർ ജനാല തുറന്നിട്ടു.

നെഗേവിലെ കാറ്റ് അകത്തേക്കു വന്നു. മരുഭൂമിയുടെ വരണ്ട കാറ്റ്. പക്ഷേ അതിനിടയിൽ, ഓർമ്മയുടെ ഏതോ അദൃശ്യമായ വഴിയിലൂടെ, ചേന്ദമംഗലത്തെ മഴയുടെ മണം അവരെ തേടിയെത്തിയതുപോലെ തോന്നി.

ബേബി കണ്ണുകളടച്ചു.

“ചേച്ചീ,” അവർ പതുക്കെ പറഞ്ഞു, “പുട്ട് റെഡിയായി.”

മറുപടി കേട്ടില്ല.

എങ്കിലും റാഹേൽ അടുത്തെവിടെയോ ഉണ്ടെന്ന് അവർക്കു തോന്നി. ഒരു കാലത്ത് പുട്ടിന്റെ മണം കേട്ട് അടുക്കളയിലേക്കോടിയിരുന്ന പത്ത് വയസ്സുകാരിയായി. പിന്നെ ജീവിതത്തിന്റെ എല്ലാ വെയിലുകളിലും അനിയത്തിയുടെ കൈ മുറുകെ പിടിച്ചുനിന്ന സഹോദരിയായി. ഒടുവിൽ, ചേന്ദമംഗലത്തേക്കുള്ള യാത്ര പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു വൃദ്ധയായി.

ബേബി രണ്ടു പാത്രങ്ങളിൽ പുട്ട് വിളമ്പിയില്ല. ഒറ്റ പാത്രത്തിൽ മാത്രം.

പക്ഷേ മേശയ്ക്കരികിൽ രണ്ടാമതൊരു കസേര അവർ നീക്കിയിട്ടു.

പുറത്ത് നെഗേവിന്റെ ആകാശം പതിവുപോലെ തെളിഞ്ഞുകിടന്നു. മഴയുടെ ഒരു സൂചനയുമില്ല. എന്നിട്ടും ബേബിക്ക് അറിയാമായിരുന്നു, റാഹേൽ പറഞ്ഞ ആ പഴയ വാക്ക് വെറുമൊരു ആശ്വാസമായിരുന്നില്ലെന്ന്.

മഴ പെയ്യുക എന്നത് ആകാശത്തുനിന്ന് വെള്ളം വീഴുക മാത്രമല്ല. വരണ്ടുപോയ ഒരു ഓർമ്മയിൽ വീണ്ടും ജീവൻ മുളപ്പിക്കുന്നതും മഴയാണ്. ഉപേക്ഷിച്ചുപോയ മണ്ണിലേക്ക് ഒരിക്കൽ കൂടി മടങ്ങിച്ചെല്ലുന്നതും മഴയാണ്. ഒരാൾ മരിച്ചിട്ടും അയാളുടെ കഥ അടുത്ത തലമുറയുടെ ഹൃദയത്തിൽ തുടരാനിടയാക്കുന്നതും മഴയാണ്.

ബേബി ജനാലയ്ക്കരികിൽനിന്ന് പുറത്തേക്കു നോക്കി.

നെഗേവിന്റെ കാറ്റിൽ ചേന്ദമംഗലത്തിന്റെ മണം അവർ വീണ്ടും തിരഞ്ഞു.

അത് അവിടെ ഉണ്ടായിരുന്നോ എന്നറിയില്ല.

പക്ഷേ ആ മണം ഇനി കണ്ടെത്താൻ അവർക്ക് ഒരു യാത്ര കൂടി വേണ്ടിയിരുന്നില്ല.

കാരണം, ചേന്ദമംഗലം അവരുടെ ഉള്ളിലുണ്ടായിരുന്നു. റാഹേലിന്റെ ചിരിയിലും യൊനാഥന്റെ ചോദ്യത്തിലും പഴയ സിനഗോഗിന്റെ മുറ്റത്തെ ഓടിൻകഷ്ണത്തിലും, മഴയുടെ മണമുള്ള പുട്ടിന്റെ ഓർമ്മയിലും.

മാവിൻ ചുവട്ടിൽ തെളിച്ചുവെച്ച ആ ചെറിയ വിളക്കിലും.

കഥ അവിടെയും അവസാനിച്ചില്ല.

മണ്ണിൽനിന്ന് പറിച്ചുമാറ്റിയ വേരുകൾക്ക് ചിലപ്പോൾ വീണ്ടും മണ്ണിലേക്കു മടങ്ങാൻ കഴിയില്ല. പക്ഷേ അവയുടെ ഓർമ്മകൾക്ക് അതിരുകളില്ല. തലമുറകളിലൂടെ അവ സഞ്ചരിക്കും. ഒരു കുട്ടിയുടെ ചോദ്യമായി, ഒരു വൃദ്ധയുടെ കണ്ണീരായി, ഒരു സഹോദരിയുടെ പേരായി.

ഒരിക്കൽ യൊനാഥൻ സ്വന്തം മക്കളെയും കൂട്ടി ചേന്ദമംഗലത്തെത്തും. മാവിൻ ചുവട്ടിൽ അവരെ നിർത്തി അവൻ പറയും:

“ഇവിടെ എന്റെ സവ്താ ബേബിയും സവ്താ റാഹേലും ചെറുപ്പത്തിൽ കളിച്ചിരുന്നു. ഇവിടുത്തെ മണ്ണിന്റെ മണം അവർ ജീവിതകാലം മുഴുവൻ മറന്നിരുന്നില്ല.”

അപ്പോൾ അവന്റെ മക്കളിലൊരാൾ ചോദിച്ചേക്കാം:

“അബ്ബാ, നമ്മളിനിയും വരുമോ?”

യൊനാഥൻ ചിരിച്ചുകൊണ്ട് പറയും:

“വരും. നമ്മുടെ വേരുകൾ ഇവിടെയാണല്ലോ.”

അന്നും ഒരുപക്ഷേ മഴ പെയ്യുന്നുണ്ടാകും.

മാവിന്റെ ഇലകളിൽ.

പഴയ മുറ്റത്ത്.

ഒരിക്കൽ അവിടെനിന്ന് ദൂരേക്കു പറന്നുപോയ ഒരു കുടുംബത്തിന്റെ ഓർമ്മകളിൽ.

ചില വേരുകൾ മണ്ണിലല്ല, മനുഷ്യരുടെ ഹൃദയങ്ങളിലാണ് വളരുന്നത്. അവയെ കാലത്തിനോ ദൂരത്തിനോ മരണംകൊണ്ടുപോലുമോ പിഴുതെറിയാനാവില്ല.
✍️ നജീബ് കടമ്പോട്ട്.

എഴുത്തുപുര

Since 2009

വായിച്ചു തീർത്തു

ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ

ഈ കഥ ഇഷ്ടപ്പെട്ടോ?

 

Share this story

Mohmed Najib

About the author

നജീബ് കടമ്പോട്ട്

Mohmed Najib

കഥകൾ, ഓർമ്മകൾ, യാത്രകൾ.

Read more · 84 stories

Comments (0)

  • Be the first to write one.