22 October 2026 · ഏകദേശം 11 മിനിറ്റ് വായന

വിജയൻ മാഷ്

ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice

പാൺട്രാളവും വിജയൻമാഷും അല്പം ചരിത്രവും.

അഞ്ചരപ്പതിറ്റാണ്ട് മുമ്പത്തെ കാര്യമാണ്. അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് പുതിയ കൂട്ടുകാരായി കുറച്ചുപേർ കുഞ്ഞയിനി, കാര ഭാഗങ്ങളിൽനിന്ന് എത്തുന്നത്. ശരിക്കും പറഞ്ഞാൽ, അന്നാണ് എൻ്റെ വീടിനടുത്ത്, സ്കൂൾ സ്ഥിതിചെയ്യുന്ന എറിയാടിനപ്പുറത്ത് അത്തരം ചില രാജ്യങ്ങളുണ്ടെന്നും അവിടെയും എറിയാട്ടുകാരെപ്പോലെ മനുഷ്യർ അധിവസിക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിയുന്നത്! അതുവരെ എനിക്ക് പരിചിതമായ ലോകം സ്കൂളും വീടും പിന്നെ വല്ലപ്പോഴും ജ്യേഷ്ഠന്മാരിൽ ആരെങ്കിലും സിനിമ കാണിക്കാൻ ചേരമാൻ ടാക്കീസിലേക്ക് കൊണ്ടുപോകുമ്പോൾ കിട്ടുന്ന അല്പം പുറം കാഴ്ചകളുമായിരുന്നു. എൻ്റെ അറിവിലുള്ള ഭൂമിശാസ്ത്രത്തിന്റെ അതിരുകൾക്കപ്പുറവും മനുഷ്യർ ജീവിക്കുന്നുണ്ടായിരിക്കാമെന്നൊക്കെ അറിയാമായിരുന്നെങ്കിലും, ആ അറിവിന് അന്നൊന്നും വലിയ പ്രസക്തിയുണ്ടായിരുന്നില്ല.

പിന്നെയുള്ള യാത്ര വെക്കേഷൻ കാലങ്ങളിലായിരുന്നു. കുറെ തെക്കു മാറി എടമുക്ക് എന്ന സ്ഥലത്തായിരുന്നു ഉമ്മയുടെ വീട്. അങ്ങോട്ടുള്ള മുക്കാൽ മണിക്കൂർ നടത്തത്തിനിടയിലെ വഴികൾ എനിക്ക് ഹൃദിസ്ഥമായിരുന്നു. അക്കാലത്ത് ഉമ്മയുടെ തറവാടിന്റെ അതിരിൽ ഒരു ഐനി( ആഞ്ഞിലി ) മരമുണ്ടായിരുന്നു. സീസണാകുമ്പോൾ അത് നിറയെ ഐനിച്ചക്ക തരും. അവ പറിച്ചെടുത്ത് വൈക്കോലിനുള്ളിൽ വെച്ച് പഴുപ്പിച്ച്, പഴുത്തുകിട്ടുന്ന മധുരമുള്ള ചുളകൾ തിന്നിരുന്നതിന്റെ ഓർമ്മ ഇന്നും നാവിൽ രുചിയുണർത്തുന്നു.

കുഞ്ഞയിനി എന്ന സ്ഥലത്തിന്റെ പേര് കേട്ടത് കൊണ്ടാണ് ഇത്രയൊക്കെ പറയേണ്ടി വന്നത്. ആ പേര് കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്ന സംശയം ഉമ്മയുടെ വീട്ടിലെ ഐനിയുടെ അനിയനായിരിക്കുമോ ഈ കുഞ്ഞയിനി എന്നാണ്! സ്ഥലനാമങ്ങൾക്കുപോലും കുടുംബബന്ധങ്ങളുണ്ടെന്ന് കരുതിയിരുന്ന ആ പ്രായത്തിന്റെ യുക്തിക്ക് അതിൽ തെറ്റൊന്നും തോന്നിയില്ല.

കുഞ്ഞയിനിയിൽ നിന്ന് വന്നിരുന്നത് പ്രദീപും മുരളിയും സുമേധനുമായിരുന്നു. അതുവരെ ഡൽഹിയിലായിരുന്ന ശ്രീകലയുടെ രംഗപ്രവേശം ആറാം ക്ലാസ്സിലായിരുന്നു. കോലാന്തറ ദാമോദരൻ പ്രദീപ്, കൈതക്കാട്ട് നാരായണൻ സുമേധൻ, വലിയ വീട്ടിൽ അപ്പു മുരളി എന്ന വി. എ. മുരളി. പിന്നെ ശശിധരനും.

പി. എ. ഷാഹുൽ ഹമീദ്, പി. എം. മൂസക്കുട്ടി, പി. ബി. മൂസക്കുട്ടി എന്നിവരും എനിക്ക് അത്രതന്നെ പരിചിതമല്ലാത്ത ദേശങ്ങളിൽ നിന്ന് വരുന്നവരായിരുന്നു. മൂവരും പതിയാശ്ശേരിക്കാർ. കുഞ്ഞയിനിക്കാരെപ്പോലെ അവരും ഞങ്ങൾ എറിയാട്ടുകാർക്ക് പരദേശികൾ തന്നെ. എല്ലാവരും കാര സാമ്രാജ്യത്തിൽനിന്നുള്ള പരാക്രമികൾ !

സ്കൂൾ നിലനിൽക്കുന്ന ദേശത്തിന്റെ യഥാർത്ഥ അവകാശികളായി ആൺപ്രജകളിൽ ഉണ്ടായിരുന്നത് പി. വി. ഉണ്ണികൃഷ്ണനും, എ.എ. മൊയ്തീനും, സിദ്ധുവും പിന്നെ ഞാനും മാത്രം. മേനോൻ ബസാറിൽനിന്നു വന്നിരുന്ന ചന്ദ്രനെയും പി.എസ് നസീറിനെയും കൂടി ഞങ്ങൾ ദേശക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, അതിനൊരു വ്യവസ്ഥയുണ്ടായിരുന്നു. അവരിരുവരും ഞങ്ങൾക്ക് കപ്പം തരണമായിരുന്നു!

ചന്ദ്രൻ ആ വ്യവസ്ഥ പലപ്പോഴും ലംഘിച്ചുകൊണ്ടിരുന്നു. എങ്കിലും നസീർ കുഴപ്പമില്ലായിരുന്നു. എറിയാട് പഞ്ചായത്തിന്റെ തന്നെ ഒരു ഭാഗത്തുനിന്നാണല്ലോ ചന്ദ്രന്റെ വരവ് എന്ന കാരണത്താൽ ഇളവ് അനുവദിക്കാമെന്ന് സിദ്ദു അഭിപ്രായപ്പെട്ടതോടെ കപ്പത്തിന്റെ കാര്യത്തിൽ താൽക്കാലികമായൊരു ധാരണയുണ്ടായി. എന്നാൽ ഒരു സാമന്ത രാജാവിന് അർഹമായ എല്ലാ അവകാശങ്ങളും ദീർഘകാലം അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്ന് വാക്കാൽ വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ആ വ്യവസ്ഥയുടെ അന്തിമപരിണാമം 2004-ൽ സംഭവിച്ചു. ചന്ദ്രൻ കപ്പമൊന്നും കൊടുക്കേണ്ടാത്ത ഒരിടത്തേക്ക് താമസം മാറ്റി! 2025 ൽ സിദ്ദുവും.

അംബിക, സബൂറ, ജാസ്മിൻ, ഫാത്തിമ എന്നിവരായിരുന്നു പെൺപടകൾ. അവരും ദേശസ്നേഹികളായ നാട്ടുകാർ തന്നെ. അങ്ങനെ ഞങ്ങൾ പതിനെട്ട് പേരും ബാവുമാഷും ചേരുമ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽ ആകെ പതിനാലു കുട്ടികൾ.

ഇന്നാലോചിക്കുമ്പോൾ, ആ കൊച്ചുക്ലാസ്സ് കേരളത്തിന്റെ തന്നെ ഒരു ചെറിയ പരിച്ഛേദമായിരുന്നു. വ്യത്യസ്ത ദേശങ്ങളിൽനിന്നും മതങ്ങളിൽനിന്നും കുടുംബപശ്ചാത്തലങ്ങളിൽനിന്നും വന്ന കുട്ടികൾ ഒരേ ബെഞ്ചുകളിലിരുന്ന് പഠിക്കുകയും വഴക്കിടുകയും ചങ്ങാത്തം കൂടുകയും ചെയ്തിരുന്ന ഒരു ലോകം.

എന്നാൽ കുട്ടികളായിരുന്ന ഞങ്ങളുടെ അന്നത്തെ ലോകവീക്ഷണം ഒട്ടുമേ വിശാലമായിരുന്നില്ല. ഞങ്ങളുടെ ദേശമാണ് ലോകത്തിന്റെ കേന്ദ്രം; ബാക്കിയുള്ളവയെല്ലാം അതിന്റെ പ്രാന്തപ്രദേശങ്ങൾ. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ഞങ്ങളുടെ നാട്ടുരാജ്യങ്ങളുടെ അതിരുകളിൽ അവസാനിച്ചിരുന്നു എന്നൊക്കെയായിരുന്നു ഞങ്ങളുടെ ധാരണകളും വിശ്വാസവും.

അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി “പാൺട്രാളം” എന്നൊരു സ്കൂളിനെക്കുറിച്ച് കേൾക്കുന്നത്.

കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിനെക്കുറിച്ചോ ഗേൾസ് സ്കൂളിനെക്കുറിച്ചോ പോലും അന്നെനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. “കാവിൽ” എന്നു പറയുന്ന കൊടുങ്ങല്ലൂരിൽ അങ്ങനെ സ്കൂളുകളുണ്ടെന്നുപോലും അറിയില്ല. ഞങ്ങൾക്ക് ആകെയറിയാവുന്നത് എറിയാട് സ്കൂൾ. മൂത്തവരെല്ലാം പഠിച്ചതും പഠിച്ചുകൊണ്ടിരുന്നതും അവിടെയാണ്. അതിനിടയിലാണ് പാൺട്രാളം സ്കൂളിന്റെ അവതാരം.

പ്രദീപോ സുമേധനോ ആണ് ആ പേരിന്റെ ആദ്യത്തെ പ്രചാരകർ. ചേട്ടന്മാരൊക്കെ പഠിച്ചത് അവിടെയായിരുന്നെന്നോ മറ്റോ ആയിരുന്നു വിഷയം. പാൺട്രാളം സ്കൂൾ എന്നത് വലിയൊരു സംഭവമാണെന്ന മട്ടിലായിരുന്നു അവരുടെ അവതരണം.

“അവിടെ പട്ടാളക്കാരോ മറ്റോ ആണോ പഠിപ്പിക്കുന്നത്?”

എന്റെ സംശയം ന്യായമായിരുന്നു. പേരുകേട്ടാൽ ഏതോ സൈനികകേന്ദ്രമാണെന്നു തോന്നും. പക്ഷേ, ചോദ്യത്തിന് വ്യക്തമായ ഒരുത്തരം അവരിൽനിന്ന് കിട്ടിയില്ല. സൂര്യനുകീഴിലുള്ള സകല കാര്യങ്ങളും സരസമായി കൈകാര്യം ചെയ്യാറുള്ള സിദ്ദുവിനുപോലും ഈ വിഷയത്തിൽ എവിടെയെങ്കിലും എത്തിച്ചേരാനുള്ള വഴി അടഞ്ഞതായി അവന്റെ മുഖഭാവത്തിൽനിന്ന് വ്യക്തമായിരുന്നു.

എന്തായാലും ഇതങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ!

കെ. വി. എച്ച്. എസ്സിനെക്കാൾ വലിയൊരു സ്കൂളോ? എന്നിട്ടെന്തേ ഈ ശൂരന്മാർ അവിടെ പഠിക്കാതെ ഇങ്ങോട്ട് വന്നിരിക്കുന്നത്? എന്തോ കാര്യമായൊരു ദുരൂഹതയുണ്ട്. അതു കണ്ടുപിടിച്ചേ തീരൂ.

പറ്റാവുന്നവരോടൊക്കെ ചോദിച്ചു. പലർക്കും അറിയില്ല. അറിയാവുന്നവർക്കാണെങ്കിൽ എടവിലങ്ങിൽ പാൺട്രാളം സ്കൂൾ എന്നൊന്നുണ്ട് എന്ന അറിവിനപ്പുറം ഒന്നും പറയാനില്ല. അങ്ങനെ, ആ പേരിന്റെ രഹസ്യം എനിക്കൊരു ബാല്യകാല സമസ്യയായി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണെങ്കിലും ചിലപ്പോളവ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമാകാറില്ല. ഓർമ്മയുടെ ഏതെങ്കിലും ഇരുണ്ട അറയിൽ സ്ഥാനം പിടിച്ച് അവിടെയങ്ങനെ കിടക്കും. കാലം ചെല്ലുമ്പോൾ നമ്മൾ അവയെ മറന്നുവെന്ന് കരുതും. എന്നാൽ, എവിടെയെങ്കിലും ഒരു സൂചന കിട്ടിയാൽ മതി; വർഷങ്ങൾക്കുമുമ്പ് അടച്ചിട്ട ആ വാതിൽ പെട്ടെന്ന് തുറക്കും.

എന്റെ പാൺട്രാളം അന്വേഷണത്തിനും സംഭവിച്ചത് അതുതന്നെയായിരുന്നു.

കാലമെത്രയോ കടന്നുപോയ ശേഷമാണ് “പാൺട്രാളം” എന്താണെന്ന തിരിച്ചറിവുണ്ടാകുന്നത്. ഒരുപക്ഷേ, പലർക്കും അത് നേരത്തേ അറിയാമായിരുന്നിരിക്കാം. എങ്കിലും അഞ്ചാം ക്ലാസ്സുകാരന്റെ മനസ്സിൽ വർഷങ്ങളോളം നീണ്ടുനിന്ന കൗതുകം, പിന്നീടത് വിസ്മൃതിയിലേക്ക് വഴുതിവീണത്, തുടർന്ന് ഒരുനാൾ പുതിയൊരറിവായി വീണ്ടും തിരിച്ചെത്തിയത്—ഇതെല്ലാം എന്നിലുണർത്തിയ ആഹ്ലാദം ചെറുതായിരുന്നില്ല.

നാടൻ സംസാരഭാഷയുടെ വിചിത്രമായ ശൈലിയിൽ ഉയിർകൊണ്ട ഒരു പേരിന്റെ ഉത്ഭവവും അതിനുപിന്നിലെ ചരിത്രവും പതിറ്റാണ്ടുകൾക്കുശേഷം തിരിച്ചറിയുക! അതൊരു സ്കൂളിന്റെ പേരിന്റെ അർത്ഥം മനസ്സിലാക്കുക മാത്രമായിരുന്നില്ല. ബാല്യത്തിൽ നമുക്കു ചുറ്റും നിലനിന്നിരുന്ന ലോകം നമ്മൾ വിചാരിച്ചതിനേക്കാൾ എത്രയോ വലുതും സങ്കീർണവുമായിരുന്നു എന്ന തിരിച്ചറിവുകൂടിയായിരുന്നു.

ആ തിരിച്ചറിവിലേക്ക് എന്നെ നയിച്ചത് എം. എൻ. വിജയൻമാഷുമായുള്ള ഒരു കൂടിക്കാഴ്ചയാണ്.

വിജയൻ മാഷ്

മലയാളത്തിന്റെ സാംസ്കാരിക ലോകത്ത് സുവർണനക്ഷത്രമായി പ്രശോഭിച്ച വ്യക്തിത്വമാണ്. അധ്യാപകൻ, സാഹിത്യനിരൂപകൻ, പ്രഭാഷകൻ, രാഷ്ട്രീയചിന്തകൻ—ഇങ്ങനെ പല വിശേഷണങ്ങൾകൊണ്ടും അദ്ദേഹത്തെ അടയാളപ്പെടുത്താം. എന്നാൽ, അവയിലൊന്നു കൊണ്ടും പൂർണമായി ഒതുക്കിവെക്കാൻ കഴിയാത്ത ഒരു ചിന്താലോകമായിരുന്നു അദ്ദേഹം.

മലയാളിയുടെ പ്രബുദ്ധമനസ്സുകളിൽ പുതിയ ചോദ്യങ്ങളുണർത്തുകയും പതിവുചിന്തകളുടെ സുരക്ഷിതമായ അതിരുകൾ ഭേദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സാന്നിധ്യം, ജീവിച്ചിരുന്ന കാലത്തു മാത്രമല്ല, മരണശേഷവും പ്രസക്തമായി തുടരുന്നു. പ്രത്യേകിച്ചും ഫാസിസ്റ്റ് പ്രവണതകളോടും അധികാരത്തിന്റെ അധിനിവേശങ്ങളോടും വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ കാപട്യങ്ങളോടും അദ്ദേഹം പുലർത്തിയ വിമർശനാത്മക നിലപാടുകൾ ഇന്നും നമ്മളെ ചിന്തിപ്പിക്കുന്നു.

വിജയൻമാഷിന്റെ തൊട്ടയൽവാസിയായിരുന്നു എന്റെ ഭാര്യാസഹോദരി. ഒരവധിക്കാലത്ത് നാട്ടിലെത്തിയപ്പോളാണ് മാഷ് വീട്ടിലുണ്ടെന്നറിഞ്ഞത്. അദ്ദേഹത്തെ കാണണം, സംസാരിക്കണം എന്ന ഉത്കടമായ ആഗ്രഹം മനസ്സിൽ പൊട്ടിമുളച്ചു. പക്ഷേ, മനസ്സ് മുന്നോട്ടുപോകാൻ പറയുമ്പോഴും കാലുകൾ അങ്ങോട്ടു ചലിക്കുന്നില്ല.

ഒരുൾഭയം!

ആരെയാണ് കാണാൻ പോകുന്നത്? മലയാളക്കര കണ്ട ഏറ്റവും വലിയ ധിഷണാശാലികളിലൊരാൾ. സാഹിത്യത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും മനുഷ്യന്റെ ആന്തരികജീവിതത്തെയും ആഴത്തിൽ വിശകലനം ചെയ്ത ഒരാൾ. അദ്ദേഹത്തെ കണ്ടു സംസാരിക്കണമെങ്കിൽ എന്തെങ്കിലും അറിവുണ്ടായിരിക്കേണ്ടേ? വായിച്ച പുസ്തകങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ സംസാരിക്കാൻ തക്ക ബൗദ്ധികമായ തയ്യാറെടുപ്പ് വേണ്ടേ?

അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ വെറുമൊരു ശിശു മാത്രം.

ശിശുവല്ല, “അശു” എന്നതായിരിക്കും കൂടുതൽ ശരി!

അങ്ങനെ അന്ന് അദ്ദേഹത്തെ കാണാൻ മുതിർന്നില്ല. വീട്ടിലെത്തി പഴയ കുറച്ച് കലാകൗമുദി വാരികകൾ തപ്പിയെടുത്തു. അവയിൽ വന്നിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള ചില ലേഖനങ്ങൾ വീണ്ടും വായിച്ചു. വായിച്ച കാര്യങ്ങൾ മനസ്സിലുറപ്പിച്ചു. എന്തെങ്കിലും ചോദിക്കാനോ സംസാരിക്കാനോ അവസരം കിട്ടിയാൽ വെറുതെ വായുംപൊളിച്ച് ഇരിക്കേണ്ടി വരരുതല്ലോ!

പിറ്റേന്ന്, ഓർമ്മയിൽ സൂക്ഷിച്ച കാര്യങ്ങൾ ഒന്നുകൂടി മനസ്സിലുറപ്പിച്ച് ധൈര്യം സംഭരിച്ച് “കരുണ”യുടെ വാതിലിൽ മുട്ടി.

നൈർമല്യമേറിയ ചിരിയോടെ വാതിൽ തുറന്നത് അദ്ദേഹം തന്നെ.

ഞാൻ സ്വയം പരിചയപ്പെടുത്തി.

എന്റെ മുൻവിധികളും കണക്കുകൂട്ടലുകളുമെല്ലാം തെറ്റിച്ചുകൊണ്ട് കരുണ നിറഞ്ഞ മുഖവുമായി അറിവിന്റെ ആ മഹാമേരു എന്റെ മുന്നിൽ നിന്നു. തൊഴുതുനിൽക്കുമ്പോൾ സൗമ്യമായൊരു ശബ്ദം പുറത്തേക്കൊഴുകി.

പ്രസംഗവേദികളിൽ സിംഹഗർജനം പോലെ മുഴങ്ങാറുള്ള ആ ശബ്ദം തന്നെയോ ഇത്!

മനസ്സിൽ ഒരുക്കിവെച്ചിരുന്നതെല്ലാം ഒന്നൊഴിയാതെ ഒലിച്ചുപോയ അവസ്ഥ. വായിച്ചുവെച്ച കാര്യങ്ങളൊന്നും ഓർമ്മയിൽ തെളിയുന്നില്ല. ചോദിക്കാനായി കരുതിയ ചോദ്യങ്ങൾ എവിടെയോ മറഞ്ഞുപോയിരിക്കുന്നു. വലിയൊരു പരീക്ഷയ്ക്കു തയ്യാറെടുത്ത് പരീക്ഷാഹാളിലെത്തിയപ്പോൾ ചോദ്യപേപ്പർ കണ്ടു പകച്ചുപോയ വിദ്യാർഥിയുടെ അവസ്ഥ.

എന്നാൽ, അകത്തുകയറി ഇരുന്ന ആദ്യത്തെ രണ്ടുമിനിറ്റിനുള്ളിൽത്തന്നെ ആശങ്കകൾ അകന്നുതുടങ്ങി. സ്വകാര്യവിഷയങ്ങളിൽനിന്ന് സംസാരം സാഹിത്യത്തിലേക്കും രാഷ്ട്രീയത്തിലേക്കും വഴിമാറി. ഞാൻ ഭയപ്പെട്ടിരുന്ന ധിഷണാശാലിയുടെ ഗൗരവമുഖത്തിനുപകരം, മുന്നിലിരിക്കുന്ന മനുഷ്യനെ കേൾക്കാനും അയാളുടെ വാക്കുകൾക്ക് ഇടം നൽകാനും അറിയുന്ന ഒരു അധ്യാപകനെയാണ് അവിടെ കണ്ടത്.

നേരത്തേ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം അദ്ദേഹം എനിക്ക് തിരിച്ചുനൽകി. അല്പമെങ്കിലും തയ്യാറെടുപ്പുണ്ടായിരുന്നതിനാൽ സങ്കോചമില്ലാതെ സംസാരിച്ചുനീങ്ങാനും കഴിഞ്ഞു.

ചായയും വീട്ടിൽ തന്നെയുണ്ടായിരുന്ന പാളയങ്കോടൻ പഴവും തന്നു.

അത്രയേറെ സ്വാഭാവികമായിരുന്നു ആ കൂടിക്കാഴ്ച.

ഒരുപക്ഷേ, വലിയ മനുഷ്യരുടെ യഥാർത്ഥ വലിപ്പം തിരിച്ചറിയുന്നത് ഇത്തരം നിമിഷങ്ങളിലായിരിക്കാം. അവരുടെ അറിവിന്റെ ഉയരം നമ്മെ ചെറുതാക്കുന്നതിലല്ല, നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മവിശ്വാസത്തെ ഉണർത്തുന്നതിലാണ് ആ മഹത്വം വെളിപ്പെടുന്നത്.

വിജ്ഞാനത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മുന്നിലിരിക്കുന്ന സാധാരണ മനുഷ്യന് സംസാരിക്കാനുള്ള ഇടം നൽകുക എന്നത് ചെറിയൊരു ഗുണമല്ല.

വിജയൻമാഷ് എന്നെ സംബന്ധിച്ച് അന്ന് ഒരു വലിയ സാഹിത്യകാരനെന്നതിലുപരി, അറിവിനുമുന്നിൽ അപകർഷതയോടെ തലകുനിച്ചുനിന്ന ഒരാൾക്ക് സംസാരിക്കാനുള്ള ധൈര്യം നൽകിയ മനുഷ്യൻകൂടിയായി.

സാഹിത്യത്തെ ജീവിതവുമായി ചേർത്തുവായിച്ച ചിന്തകൻ

വിജയൻമാഷിനെക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ സാഹിത്യനിരൂപണത്തിന്റെ സവിശേഷതകളെക്കുറിച്ചും ഓർക്കാതിരിക്കാനാവില്ല. സാഹിത്യകൃതികളെ വെറും വാക്കുകളുടെയും പ്രമേയങ്ങളുടെയും സൗന്ദര്യശാസ്ത്രപരമായ ഘടനകളായി മാത്രം കാണാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മനുഷ്യൻ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങൾ, അവനെ നിയന്ത്രിക്കുന്ന അധികാരവ്യവസ്ഥകൾ, അവന്റെ മനസ്സിനുള്ളിൽ പ്രവർത്തിക്കുന്ന ഭയങ്ങളും ആഗ്രഹങ്ങളും സംഘർഷങ്ങളും.

ഇവയെല്ലാം സാഹിത്യവായനയുടെ ഭാഗമാകണമെന്ന് അദ്ദേഹത്തിന്റെ വിമർശനലോകം നമ്മെ ഓർമ്മിപ്പിച്ചു.

പതിനെട്ടരയാളത്തിന്റെ ചരിത്രവഴികൾ

പതിനേഴ് വർഷം മുമ്പുള്ള ആ കൂടിക്കാഴ്ചയിൽ, അതിനും മൂന്നര പതിറ്റാണ്ടു മുമ്പ് എന്റെ മനസ്സിൽ മുളച്ച ഒരു സംശയത്തിന് വിരാമമാവുകയായിരുന്നു.

സംസാരത്തിനിടയിൽ അദ്ദേഹം പഠിച്ച സ്കൂളിന്റെ കാര്യം വന്നു. “പതിനെട്ടരയാളം” സ്കൂളിലായിരുന്നു പഠിച്ചതെന്ന അദ്ദേഹത്തിന്റെ പരാമർശം കേട്ടപ്പോൾ പഴയ പാൺട്രാളം ഓർമ്മ വീണ്ടും മനസ്സിലേക്കോടിയെത്തി. അത് എടവിലങ്ങ് സ്കൂളായിരുന്നെന്ന മറുപടി കേട്ടതോടെ, വർഷങ്ങളായി എവിടെയോ കിടന്നിരുന്ന ആ പേര് വീണ്ടും തെളിഞ്ഞുവന്നു.

“പാൺട്രാളം” എന്ന പേര് എങ്ങനെയുണ്ടായി എന്ന എന്റെ കൗതുകത്തിന് അദ്ദേഹം നൽകിയ വിശദീകരണം അതിശയകരമായിരുന്നു.

അന്നൊക്കെ അങ്ങനെതന്നെയായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. ബാല്യത്തിൽ കേട്ട പേര് ശരിക്കും പതിനെട്ടരയാളം എന്ന ചരിത്രപ്രധാനമായ സ്ഥലവുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി.

എന്റെ അന്വേഷണം അങ്ങനെ ഒരു സ്കൂളിന്റെ പേരിൽനിന്ന് ഒരു പഴയ കോവിലകത്തിന്റെ ചരിത്രത്തിലേക്കു കടന്നു.

കൊടുങ്ങല്ലൂരിന്റെയും കൊച്ചിയുടെയും ചരിത്രം പരിശോധിക്കുമ്പോൾ രാജവംശങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അധീനപ്രദേശങ്ങളും യുദ്ധങ്ങളും അഭയാർഥിത്വവും രാഷ്ട്രീയസന്ധികളുമെല്ലാം കടന്നുവരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള പ്രാദേശിക ചരിത്രവിവരണങ്ങൾ പതിനെട്ടരയാളത്തിന്റെ ഉത്ഭവവുമായി ചേർത്തുപറയപ്പെടുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപകുതിയിൽ മലബാറിലേക്കും കൊച്ചിയിലേക്കും വ്യാപിച്ച മൈസൂർ സൈനികനീക്കങ്ങൾ കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാലമായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കൊടുങ്ങല്ലൂർ രാജാവ് കൊച്ചി രാജാവിന്റെ സംരക്ഷണം തേടിയെന്നും അതിനു നന്ദിസൂചകമായി പതിനെട്ടരയാളം കോവിലകം സമ്മാനിച്ചുവെന്നുമാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചരിത്രവിവരണം.

ഈ സംഭവങ്ങളുടെ ഓരോ വിശദാംശവും ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു പരിശോധിക്കേണ്ടതുണ്ടെങ്കിലും, പ്രാദേശിക സ്മൃതിയിൽ പതിനെട്ടരയാളം ഒരു രാജകീയ സൗഹൃദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളമായി നിലകൊള്ളുന്നു.

കൊച്ചിരാജാവിന്റെ അനന്തരവൾ വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഈ കോവിലകം, പതിനെട്ടരക്കവികളുടെ സാന്നിധ്യംകൊണ്ടും പ്രസിദ്ധമായിരുന്നു. കവികളും പണ്ഡിതന്മാരും ഒത്തുചേർന്നിരുന്ന ആ ഇടത്തിന്റെ പേരുതന്നെ കാലക്രമത്തിൽ പ്രദേശത്തിന്റെ പേരായി മാറിയെന്നാണ് പ്രാദേശിക ചരിത്രവിവരണം.

ഒരു സ്ഥലത്തിന്റെ ചരിത്രം രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും മാത്രം ചരിത്രമല്ല. അവിടെ ജീവിച്ച മനുഷ്യരുടെയും അവർ സൃഷ്ടിച്ച സംസ്കാരത്തിന്റെയും ഭാഷയുടെയും ഓർമ്മകളുടെയും ചരിത്രംകൂടിയാണ്. രാജകീയമായ ഒരു പേരിന് നാട്ടുഭാഷയിൽ പുതിയ രൂപം കൈവരിക്കാം. തലമുറകൾ അത് ഉച്ചരിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ ആദ്യരൂപം മാഞ്ഞുപോകാം. എങ്കിലും പേരിനുള്ളിൽ പഴയ കാലത്തിന്റെ ഒരു അംശം നിലനിൽക്കും.

എന്റെ പാൺട്രാളം എന്ന കൗതുകം ഇതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണ്.

പതിനെട്ടരയാളം എന്ന ചരിത്രപ്രധാനമായ പേര് നാട്ടുഭാഷയിലൂടെ രൂപംമാറി പാൺട്രാളമായി എന്റെ ബാല്യകാലത്തിലേക്കെത്തി. ആ പേരിന്റെ അർത്ഥമറിയാതെ അതിനെക്കുറിച്ച് അത്ഭുതപ്പെട്ടിരുന്ന കുട്ടിക്ക് പതിറ്റാണ്ടുകൾക്കുശേഷം അതിന്റെ ചരിത്രത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടി.

അങ്ങനെ നോക്കുമ്പോൾ, ഭാഷയുടെ ചരിത്രവും സ്ഥലത്തിന്റെ ചരിത്രവും വ്യക്തിയുടെ ഓർമ്മയുടെ ചരിത്രവും ഇവിടെ ഒന്നിച്ചുചേരുന്നു.

താലപ്പൊലിയും കോവിലകവും

എടവിലങ്ങിലെ പതിനെട്ടരയാളത്തിന് പ്രാദേശികമായ മത-സാംസ്കാരിക ജീവിതത്തിലും ഒരു സ്ഥാനമുണ്ട്. താലപ്പൊലി ഉത്സവവുമായി ബന്ധപ്പെട്ട പതിനെട്ടരയാളം എഴുന്നള്ളിപ്പ് അതിന്റെ പ്രധാന ഉദാഹരണമാണ്. കൊച്ചിരാജവംശത്തിന്റെ കേന്ദ്രങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ പ്രദേശത്തുനിന്നുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പ് പഴയ രാജകീയ പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങായി നിലനിൽക്കുന്നു.

പാരമ്പര്യമായി പറയപ്പെടുന്നതനുസരിച്ച്, ആദ്യകാലങ്ങളിൽ മൂന്നാം താലപ്പൊലി കൊച്ചി രാജാവിന്റെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്. അതിന്റെ സ്മരണ നിലനിർത്തിക്കൊണ്ടാണ് പതിനെട്ടരയാളത്തുനിന്നുള്ള എഴുന്നള്ളിപ്പ് തുടരുന്നതെന്നാണ് പ്രാദേശിക വിശദീകരണം. വർഷത്തിൽ ഒരു പ്രത്യേക ദിവസം മാത്രമാണ് കോവിലകം തുറക്കുന്നതെന്ന വിശ്വാസവും ആ സ്ഥലത്തിന് സവിശേഷമായൊരു പൈതൃകസ്വഭാവം നൽകുന്നു.

തിരുവഞ്ചിക്കുളം ക്ഷേത്രവുമായും പതിനെട്ടരയാളം കോവിലകത്തിന് ബന്ധമുണ്ടെന്ന് ചരിത്രപരമായും പ്രാദേശികമായും പറയപ്പെടുന്നു.

ഇതെല്ലാം കേൾക്കുമ്പോൾ ഒരു പഴയ കെട്ടിടത്തിന്റെ ചുവരുകൾക്കുള്ളിൽ എത്രയോ കാലങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്നുണ്ടെന്ന് തോന്നും. ഒരിക്കൽ രാജകുടുംബത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരുന്ന ഇടം; പിന്നീട് ഉത്സവസ്മരണകളുടെയും പ്രാദേശിക ഐതിഹ്യങ്ങളുടെയും ഭാഗമായിത്തീർന്ന ഇടം; ഇന്ന് പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി വീണ്ടും ശ്രദ്ധ നേടുന്ന ഇടം.

അന്ന് വിജയൻമാഷിന്റെ വീട്ടിൽനിന്ന് മടങ്ങുമ്പോൾ എന്റെ മനസ്സിൽതെളിഞ്ഞുനിന്നത് പാൺട്രാളത്തിന്റെ ചരിത്രം മാത്രമായിരുന്നില്ല. അതിലേക്കുള്ള വഴി തുറന്നുതന്ന ഒരു മനുഷ്യന്റെ ഓർമ്മ കൂടിയായിരുന്നു.

അദ്ദേഹത്തെ കാണാൻ പോകുന്നതിനുമുമ്പ് എന്റെ മനസ്സിലുണ്ടായിരുന്ന ധാരണ, വലിയൊരു ധിഷണാശാലിയുടെ മുന്നിൽ സംസാരിക്കാൻ വലിയ അറിവുണ്ടായിരിക്കണം എന്നതായിരുന്നു. എന്നാൽ, അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സിലായത് അറിവ് നമ്മെ മറ്റുള്ളവരിൽനിന്ന് അകറ്റാനുള്ള മതിലല്ലെന്നും മനുഷ്യർ തമ്മിൽ സംസാരിക്കാനുള്ള പാലമായിരിക്കണമെന്നും ആയിരുന്നു.

ഞാൻ കരുതിയിരുന്നത് അദ്ദേഹത്തോടു സംസാരിക്കാൻ ആവശ്യമായ അറിവ് സമ്പാദിച്ചശേഷം മാത്രമേ അദ്ദേഹത്തെ സമീപിക്കാവൂ എന്നായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം എന്നെ പഠിപ്പിച്ചത് അറിവിലേക്കുള്ള യാത്രയിൽ ചോദ്യങ്ങളുമായി ഒരാളുടെ മുന്നിലെത്തുന്നതും അത്രതന്നെ പ്രധാനമാണെന്നാണ്.

അന്ന് പാൺട്രാളത്തെക്കുറിച്ചുള്ള സംശയം തീർന്നു. എന്നാൽ, അതിനേക്കാൾ വലിയൊരു തിരിച്ചറിവാണ് എനിക്ക് ലഭിച്ചത്. നമുക്കു പരിചിതമായ കാര്യങ്ങളുടെ പുറംതോടിനപ്പുറം എത്രയോ ചരിത്രങ്ങളും ആശയങ്ങളും അനുഭവങ്ങളും ഒളിഞ്ഞുകിടക്കുന്നുണ്ട്. ഒരു പേരിനെക്കുറിച്ചുള്ള കൗതുകം ഒരു കോവിലകത്തിന്റെ ചരിത്രത്തിലേക്കു നയിക്കാം. ഒരു സാഹിത്യകൃതിയെക്കുറിച്ചുള്ള ചോദ്യം സമൂഹത്തിന്റെ അധികാരഘടനകളിലേക്കു നമ്മെ കൊണ്ടുപോകാം. ഒരു രാഷ്ട്രീയസംഭവത്തെക്കുറിച്ചുള്ള സംശയം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കാം.

ചോദ്യങ്ങളുടെ മൂല്യം അവയ്ക്കുള്ള ഉത്തരം കണ്ടെത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പുതിയ ചോദ്യങ്ങളിലേക്കുള്ള വഴികൾ തുറക്കുന്നതിലും അതിനുള്ള കഴിവുണ്ട്.

വിജയൻമാഷിന്റെ സാഹിത്യവും രാഷ്ട്രീയവും ഈ അർത്ഥത്തിൽപരസ്പരം വേർപെടുത്താനാവാത്ത മേഖലകളാണ്. സാഹിത്യം മനുഷ്യനെ കൂടുതൽ സൂക്ഷ്മമായി കാണാൻ നമ്മെ പഠിപ്പിക്കുന്നു. രാഷ്ട്രീയം മനുഷ്യർ ജീവിക്കുന്ന സാമൂഹികക്രമങ്ങളെ വിമർശനാത്മകമായി മനസ്സിലാക്കാൻ സഹായിക്കുന്നു. ഇവ രണ്ടും ചേർന്നാലാണ് വ്യക്തിയുടെ അനുഭവവും സമൂഹത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നത്.

അദ്ദേഹത്തിന്റെ ജീവിതവും ഇടപെടലുകളും ഓർക്കുമ്പോൾ, ഒരു ചിന്തകന്റെ പ്രസക്തി അയാൾ എഴുതിയ പുസ്തകങ്ങളുടെ എണ്ണത്തിലോ പ്രസംഗങ്ങളുടെ ജനപ്രീതിയിലോ മാത്രം അളക്കാനാവില്ലെന്നു തോന്നുന്നു. അയാൾ മറ്റുള്ളവരിൽ ഉണർത്തിയ ചിന്തകളിലും അവർ ചോദിക്കാൻ തുടങ്ങിയ ചോദ്യങ്ങളിലും അയാൾ തുറന്നുകൊടുത്ത പുതിയ കാഴ്ചപ്പാടുകളിലുമാണ് ആ പ്രസക്തിയുടെ ഒരു പ്രധാന ഭാഗം.

എന്നെ സംബന്ധിച്ചിടത്തോളം, പാൺട്രാളത്തിന്റെ ചരിത്രത്തിലേക്കുള്ള വാതിൽ തുറന്നുതന്നത് വിജയൻമാഷാണ്. പക്ഷേ, ആ വാതിലിനപ്പുറം ഉണ്ടായിരുന്നത് ഒരു സ്കൂളിന്റെ പേരിന്റെ ചരിത്രം മാത്രമല്ല. നാടിന്റെ ചരിത്രം, ഭാഷയുടെ പരിണാമം, പൈതൃകത്തിന്റെ പ്രസക്തി, അറിവിനോടുള്ള നമ്മുടെ സമീപനം—ഇവയെല്ലാം അതിനുള്ളിൽ ഉണ്ടായിരുന്നു.

അരനൂറ്റാണ്ടിനുമുമ്പ് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇത്രയും കാലമെടുത്തു. അതിനിടയിൽ കൂട്ടുകാർ പലരും ഓർമ്മകളായി മാറി. ബാല്യകാലത്തെ ദേശാതിർത്തികൾ ഇല്ലാതായി. കപ്പം കൊടുക്കേണ്ടിയിരുന്ന ചന്ദ്രൻ കപ്പമൊന്നും കൊടുക്കേണ്ടാത്ത ലോകത്തേക്കു പോയി. അന്ന് വലിയൊരു രഹസ്യമായി തോന്നിയ പാൺട്രാളം ചരിത്രത്തിന്റെ മറ്റൊരു പേരായി മാറി.

വിജയൻമാഷും ഓർമ്മയായി.

എന്നാൽ, ചില ഓർമ്മകൾ കാലപ്പഴക്കം കൊണ്ട് മങ്ങിപ്പോകുന്നില്ല. അവയ്ക്കുള്ളിൽ ഒരു ചെറിയ വെളിച്ചം അവശേഷിക്കും. പുതിയൊരു അറിവ് തേടുമ്പോഴോ പഴയൊരു സംശയം വീണ്ടും തലപൊക്കുമ്പോഴോ ആ വെളിച്ചം നമ്മെ വഴികാട്ടും.

എന്റെ ഓർമ്മയിലെ വിജയൻമാഷ് അങ്ങനെയൊരു വെളിച്ചമാണ്—വലിയ അറിവിന്റെ ഗാംഭീര്യംകൊണ്ട് എന്നെ അകറ്റിനിർത്തിയ ഒരാളല്ല, ആ അറിവിന്റെ വാതിൽ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ച ഒരാൾ.

അങ്ങനെ, പതിറ്റാണ്ടുകൾ നീണ്ട പാൺട്രാളം അന്വേഷണത്തിന് ഒരു തീരുമാനമായി.

ഒരന്തിമ തീരുമാനം.

എന്നാൽ, ആ തീരുമാനത്തിന്റെ ഏറ്റവും വലിയ സന്തോഷം ഒരു പഴയ പേരിന്റെ രഹസ്യം കണ്ടെത്തിയതിലല്ല. കൗതുകത്തോടെ ചോദിച്ച ഒരു ചോദ്യം ഒരിക്കലും പാഴാകുന്നില്ലെന്നും അറിവിന്റെ ലോകത്തേക്കുള്ള യാത്രയ്ക്ക് പ്രായപരിധിയില്ലെന്നും ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞതിലാണ്

പാൺട്രാളം എന്ന പേരിൽ തുടങ്ങിയ എന്റെ ചെറിയ അന്വേഷണം ഒടുവിൽ പതിനെട്ടരയാളത്തിന്റെ ചരിത്രത്തിലും വിജയൻമാഷിന്റെ ചിന്താലോകത്തിലും എത്തിനിന്നു.

ചരിത്രം ചിലപ്പോൾ വലിയ സംഭവങ്ങളിലൂടെ മാത്രമല്ല നമ്മെ തേടിയെത്തുന്നത്. ബാല്യത്തിൽ കേട്ട ഒരു വിചിത്രമായ പേര്, മറന്നുപോയ ഒരു സംശയം, ഒരു അധ്യാപകന്റെ സൗമ്യമായ ചിരി, ഇവയിലൂടെയും അത് നമ്മളെ കണ്ടെത്തും.

അന്ന് എനിക്ക് പാൺട്രാളത്തിന്റെ ചരിത്രം മനസ്സിലായപ്പോൾ ഒരു പഴയ ചോദ്യത്തിന് ഉത്തരം കിട്ടി. വിജയൻമാഷിന്റെ അരികിലിരുന്ന ആ നിമിഷങ്ങൾ ഓർക്കുമ്പോൾ, അതിനേക്കാൾ വിലപ്പെട്ട മറ്റൊരു കാര്യംകൂടി മനസ്സിലാകുന്നു: അറിവിന്റെ ഏറ്റവും മനോഹരമായ രൂപം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നതല്ല; അവരുടെ ഉള്ളിൽ പുതിയൊരു അന്വേഷണത്തിന്റെ വെളിച്ചം തെളിയിക്കുന്നതാണ്.

✍️നജീബ് കടമ്പോട്ട്.

എഴുത്തുപുര

Since 2009

വായിച്ചു തീർത്തു

ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ

ഈ കഥ ഇഷ്ടപ്പെട്ടോ?

 

Share this story

Mohmed Najib

About the author

നജീബ് കടമ്പോട്ട്

Mohmed Najib

കഥകൾ, ഓർമ്മകൾ, യാത്രകൾ.

Read more · 84 stories

Comments (0)

  • Be the first to write one.