7 October 2026 · ഏകദേശം 12 മിനിറ്റ് വായന
സബ്ഖയിലേക്കുള്ള വഴികൾ
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
സെപ്റ്റംബർ 2026-ന്റെ പകുതി കഴിഞ്ഞിരുന്നു. ദുബായിലെ വേനൽച്ചൂടിന് അല്പം ശമനം വന്നു തുടങ്ങിയിട്ടുണ്ട്. പ്രവാസജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച നഗരത്തിലൂടെ, വിശിഷ്യാ നായിഫ് റോഡും സബ്ഖയും ചുറ്റിയൊന്ന് നടക്കാമെന്ന് തോന്നി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. പഴയ വഴികളിലൂടെ വെറുതെ നടക്കുക മാത്രം.
അങ്ങനെ നടക്കുമ്പോഴാണ്, വർഷങ്ങൾക്കു ശേഷം ഏറെ പരിചയമുള്ള ഒരാളുടെ മുന്നിൽ അപ്രതീക്ഷിതമായി ചെന്നുനിൽക്കുന്നതു പോലൊരു അനുഭവം ഉണ്ടായത്.
അത് ഒരു മനുഷ്യനായിരുന്നില്ല.
ഒരു സ്ഥലം തന്നെയായിരുന്നു.
അത് സബ്ഖയായിരുന്നു.
എൺപതുകളിലും തൊണ്ണൂറുകളിലും കണ്ട സബ്ഖയിലെ പല കാഴ്ചകളും കാലം ഏറെക്കുറെ മായ്ച്ചുകളഞ്ഞിരിക്കുന്നുവെന്ന് അവിടെ നില്ക്കുമ്പോഴാണ് മനസ്സിലായത്. കെട്ടിടങ്ങൾക്ക് മുന്നിലെ
ബോർഡുകൾ മാറിയിരിക്കുന്നു.
കടകളുടെ രൂപം മാറിയിരിക്കുന്നു. മനുഷ്യരുടെ വേഷങ്ങൾ മാറിയിരിക്കുന്നു. കച്ചവടത്തിന്റെ രീതികൾ മാറിയിരിക്കുന്നു. വഴികളിലൂടെ ഒഴുകുന്ന മനുഷ്യക്കൂട്ടത്തിനും മറ്റൊരു കാലത്തിന്റെ വേഗം വന്നിരിക്കുന്നു.
പക്ഷേ ചില സ്ഥലങ്ങൾക്ക് ഓർമ്മകളെ പിടിച്ചുനിർത്താനുള്ള വല്ലാത്തൊരു കഴിവുണ്ട്. കാലം അവയെ കടന്നുപോകും; അവ കാലത്തെ കടന്നുപോകുകയില്ല.
നായിഫ് റോഡും സബ്ഖയും എനിക്ക് അത്തരത്തിലുള്ള ഇടങ്ങൾ കൂടിയാണ്.
അവിടെ ഇന്നത്തെ ദുബായിയെ കാണുമ്പോഴും, കണ്ണിന്റെ കോണിലൂടെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഒരു ദുബായ് ഇടയ്ക്കിടെ കടന്നുപോകുന്നതുപോലെ തോന്നും.
പഴയ കടകളുടെ മണം, വഴിയരികിലെ തിരക്ക്, ചുമലിൽ തൂങ്ങിയ ബാഗുമായി ഉത്കണ്ഠയോടെ പാഞ്ഞു നടന്നിരുന്ന പ്രവാസികൾ, ശമ്പളം കിട്ടുന്ന ദിവസങ്ങളിലെ തിരക്ക്, നാട്ടിലേക്കയക്കാനുള്ള പണവുമായി
മണി എക്സ്ചേഞ്ചുകൾക്കു മുന്നിൽ നിന്നിരുന്ന മനുഷ്യർ. എല്ലാം എവിടെയോ ആ വഴികളിൽ ഇന്നും ഒളിച്ചിരിക്കുന്നതുപോലെ.
സബ്ഖയിലൂടെ അന്ന് നടന്നപ്പോൾ, ഞാൻ ഒരു പഴയ മാർക്കറ്റി
ലൂടെ നടക്കുകയായിരുന്നില്ല.
ഞാൻ തന്നെ പിന്നിട്ട ഒരു കാലഘട്ടത്തിലൂടെയായിരുന്നു ആ നടത്തം.
ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ഓർമ്മയുടെ ഭാഗമായി മാറിയ ഒരു ദുബായിലൂടെ. അവിടെ നിന്നാണ് ഈ സബ്ഖാ ഓർമ്മകൾ വീണ്ടും തുടങ്ങുന്നത്.
ഞാനറിയാതെ തന്നെ ഓർമ്മകൾ പെട്ടെന്ന് ഇന്നിൽ നിന്ന് പല പതിറ്റാണ്ടുകൾ പിന്നിലേക്ക് പോയി. അന്നത്തെ ദുബായിൽ സബ്ഖയും നായിഫും മുർഷിദ് ബസാറും ക്രീക്കും ഗോൾഡ് സൂക്കും ഫിഷ് മാർക്കറ്റും വേറിട്ട ഇടങ്ങളായിരുന്നില്ല. അവയെല്ലാം ചേർന്നായിരുന്നു ഞങ്ങൾക്ക് പരിചിതമായ ദുബായ്.
ഇന്ന് ദുബായ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും. ആകാശത്തെ തൊടുന്ന ഗോപുരങ്ങൾ, കണ്ണാടിയിൽ തീർത്ത മാളുകൾ,, പാതാളത്തിലൂടെ പാഞ്ഞുപോകുന്ന മെട്രോ, രാത്രിയിലും പകലു പോലെ വെളിച്ചം
നിറഞ്ഞ റോഡുകൾ...
പക്ഷേ എന്റെ മനസ്സിൽ ദുബായ് എന്ന പേരിനൊപ്പം ഇന്നും ആദ്യം തെളിയുന്നത് അതൊന്നുമല്ല.
സബ്ഖയാണ്.
ഒരു കാലത്ത് ദുബായിയുടെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്ന ഒരു ചെറിയ പ്രദേശം.
എന്നാൽ, ഇന്ന് ആഗോള നഗരമായി രൂപാന്തരപ്പെട്ട ദുബായിയുടെ ഭൂപടത്തിൽ സബ്ഖയ്ക്ക് വിസ്തൃത സ്ഥാനമൊന്നുമില്ല. പക്ഷേ ഒരു കാലത്ത് അതിന്റെ ഓരോ തെരുവുകൾക്കും ഓരോ ഇടുങ്ങിയ വഴികൾക്കും ഓരോ കടകൾക്കും പറയാൻ ഓരോരോ കഥകളുണ്ടായിരുന്നു. അന്ന് ദേരയുടെ തെരുവുകളിലൂടെ നടന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ മനുഷ്യരുടെ ജീവിതം ഒരേ ചൂടിലും പൊടിയിലും വിയർപ്പിലും കലർന്നു പോകുന്നത് കാണാമായിരുന്നു.
അതിനാൽ തന്നെ സബ്ഖയ്ക്ക് ഒരു മണം കൂടിയുണ്ടായിരുന്നു.
ഇന്നത്തെ മാളുകൾക്ക് എയർകണ്ടീഷന്റെ തണുപ്പും സുഗന്ധദ്രവ്യങ്ങളുടെ നിയന്ത്രിത ഗന്ധവുമുണ്ട്.
സബ്ഖയ്ക്ക് അങ്ങനെയൊരു ഒറ്റ മണമല്ലായിരുന്നു.
അവിടെ നിറഞ്ഞുനിന്നിരുന്നത്
മസാലയുടെ മണം.
ഊദിന്റെ മണം.
തുണിയുടെ മണം.
ചായയുടെ മണം.
വറുത്ത ഭക്ഷണത്തിന്റെ മണം.
കടൽക്കാറ്റിന്റെ ഉപ്പുമണം.
ചൂടിൽ വിയർത്തുരുകുന്ന മനുഷ്യരുടെ മണം.
പഴയ മരത്തിന്റെയും പൊടിയുടെയും മണം.
അങ്ങനെ എല്ലാം കൂടിക്കലർന്ന ഒരു പ്രത്യേക ഗന്ധമായിരുന്നു.
അത് ഒരു പെർഫ്യൂം കമ്പനിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത മണമായിരുന്നു.
അത് ജീവിതത്തിന്റെ മണമായിരുന്നു.
അത് കൊണ്ടാണ് ഇന്ന് ലോകത്തിലറിയപ്പെടുന്ന ദുബായ് ഈ പ്രദേശങ്ങൾക്ക് അന്യമാണെന്ന് നമ്മൾക്ക് ഗൃഹാതുരതയോടെ അനുഭവപ്പെടുന്നത്. ദുബായ് ഡൗൺ ടൗൺ, ദുബായ് സൗത്ത്, ദുബായ് വേൾഡ് സെൻട്രൽ എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങളിലായി മണൽക്കാടുകളത്രയും ആധുനിക ദുബായിയായി രൂപപ്പെട്ടു കഴിഞ്ഞു. ആകാശം മുട്ടുന്ന ചില്ലുകെട്ടിടങ്ങളും മോഹിപ്പിക്കുന്ന കടൽ തീരങ്ങളും വിസ്മയങ്ങൾ തീർക്കുന്ന മാളുകളുമാണ് എങ്ങും. അതിനകത്തെ ലോകോത്തര ബ്രാൻഡുകളുടെ അനന്ത ശ്രേണികൾ, തണുത്തുറഞ്ഞ ഇടനാഴികൾ, എസ്കലേറ്ററുകൾ, ഫുഡ് കോർട്ടുകൾ. സഞ്ചാരികൾക്ക് സ്വർഗ്ഗീയാനുഭൂതികൾ പ്രദാനം ചെയ്യുന്നത് അത്തരം ഇടങ്ങളാണിന്ന്.
അത്തരം വലിയ ലോകോത്തര നിലവാരത്തിലുള്ള മാളുകൾ വരുന്നതിനുമുമ്പ് ദുബായിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായിരുന്നു സബ്ഖ. ഇടുങ്ങിയ വഴിയോരങ്ങളിൽ ചെറിയ കടകൾ നിരന്നുനിന്നു. ഒരു കടയിൽ തുണികൾ, മറ്റൊന്നിൽ ഇലക്ട്രോണിക്സ്, വേറൊരിടത്ത് ചെരിപ്പുകൾ, ബാഗുകൾ, വാച്ചുകൾ, പെർഫ്യൂമുകൾ...
വിലപേശലിന്റെ ശബ്ദങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഒഴുകിപ്പോകും.
“ ഇതിനെത്ര?”
“ഇത് അവസാന വിലയാണ്.”
“കുറച്ചു കൂടി കുറക്കൂന്ന് ...”
“ഇനി കുറയ്ക്കാൻ പറ്റില്ല മാഷേ. ഒന്നും കിട്ടൂലാന്ന്....”
അങ്ങനെ പറഞ്ഞും ചിരിച്ചും തർക്കിച്ചും കച്ചവടം ഉറപ്പിച്ചും ആളുകൾ കടകളിൽ നിന്ന് ഇറങ്ങും.
സബ്ഖയിൽ നടക്കുമ്പോൾ ഒരു ലോകം. കടയിൽ കയറിയാൽ മറ്റൊരു ലോകം. പുറത്തിറങ്ങിയാൽ വീണ്ടും മറ്റൊരു ലോകം.
അന്നത്തെ ദുബായിയുടെ ഒരു ചെറിയ ലോകമേള പോലെയായിരുന്നു സബ്ഖ.
പക്ഷേ സബ്ഖയുടെ കഥ കച്ചവടത്തിന്റെ മാത്രം കഥയല്ല.
അത് മനുഷ്യരുടെ കഥ കൂടിയായിരുന്നു.
പ്രത്യേകിച്ച് പ്രവാസികളുടെ.
@@@@@@@@@@@@@@@@@@
ഒറ്റ ബാഗുമായി വന്ന മനുഷ്യർ.
ഖാദർ ഹോട്ടലിൻ്റെ കഥ.
ഇന്ന് ദുബായിലെത്തുന്ന ഒരാൾക്ക് ഒരു ഹോട്ടൽ കണ്ടെത്തുക എന്നത് വലിയ കാര്യമൊന്നുമല്ല. മൊബൈൽ ഫോണിൽ വിരൽത്തുമ്പു കൊണ്ട് മുറി ബുക്ക് ചെയ്യാം. വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ താമസസ്ഥലം ഉറപ്പായിരിക്കും. ആരെ വിളിക്കണം, എവിടേക്ക് പോകണം, ജോലി എവിടെ അന്വേഷിക്കണം എന്നൊക്കെ അറിയാൻ ഒരു ഫോൺ മതി.
എഴുപതുകളിൽ ഗൾഫിലേക്ക് വന്നിരുന്ന പലർക്കും ഇന്നത്തെ പ്രവാസികൾക്കുള്ള സൗകര്യങ്ങളൊന്നുമില്ലായിരുന്നു. മൊബൈൽ ഫോൺ ഇല്ല. ഇന്റർനെറ്റ് ഇല്ല. Google Maps ഇല്ല. ജോലി തേടാൻ ഓൺലൈൻ സൈറ്റുകളില്ല.
നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ കൈയിൽ ഒരു ബാഗ്. അതിനുള്ളിൽ രണ്ടുമൂന്ന് ജോഡി വസ്ത്രങ്ങൾ. പാസ്‌പോർട്ട്, കുറച്ച് പണം.
അത്ര മാത്രം. കപ്പലിലും ലോഞ്ചിലുമായി റാസൽ ഖൈമയിലോ ഫുജൈറയിലൊ വന്നിറങ്ങി നടന്നും തളർന്നും ജീവൻ ബാക്കി നില്ക്കുന്നത് കൊണ്ട് മാത്രം ഒരു വിധം ദുബായിൽ എത്തിപ്പെടുന്നവരുടെ അടുത്ത ആകുലത
ആരെയാണ് അന്വേഷിക്കേണ്ടത്?
എവിടെയാണ് താമസിക്കേണ്ടത്?
ജോലി എവിടെ കിട്ടും?
നാട്ടുകാരെ എങ്ങനെ കണ്ടെത്തും?
ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു. അത്തരം മനുഷ്യരുടെ ആദ്യ വിലാസങ്ങളിൽ ഒന്നായിരുന്നു സബ്ഖ.
അവർക്കൊരു ജോലി കിട്ടുന്നതുവരെ ഭക്ഷണം കൊടുക്കാനും, താമസിക്കാൻ ഇടം നൽകാനും, നാട്ടുകാരെ കണ്ടെത്തിക്കൊടുക്കാനും, ജോലി വിവരങ്ങൾ അറിയിക്കാനും മുന്നോട്ടുവന്ന ചില സ്ഥാപനങ്ങൾ അന്ന് സബ്ഖയിലും ദേരയിലും ഉണ്ടായിരുന്നു.
ഇന്ന് ഏറെക്കുറെ മറവിയിലേക്ക് പോയെങ്കിലും പഴയ പ്രവാസികളുടെ ഓർമ്മയിൽ ഇപ്പോഴും ജീവിക്കുന്ന ഒരു പേരാണ്
ഖാദർ ഹോട്ടൽ.
ആളുകളുടെ നാവിൽ ഖാദർ ഹോട്ടൽ എന്നായിരുന്നെങ്കിലും അതിന്റെ യഥാർത്ഥ പേര് "അയിഷാ റെസ്റ്റോറൻ്റ്" എന്നായിരുന്നു. ഇന്നത്തെ സബ്ഖ ബസ് സ്റ്റേഷൻ പരിസരത്തായിരുന്നു അത്. (ഈ യാത്രയിൽ തന്നെ സബ്ഖ ബസ്സ്റ്റേഷൻ പൊളിച്ചു കൊണ്ടിരിക്കുന്നത് കാണാനിടയായി).
ലാഹോറിൽ നിന്ന് ദുബായിലെത്തിയ മലയാളിയായ ഒരു ഖാദറായിരുന്നു അതിന്റെ ഉടമ. എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ ഖാദർ ഇക്ക എന്നാണ് വിളിച്ചിരുന്നത്.
ഖാദർ ഹോട്ടൽ ഒരു ഹോട്ടൽ മാത്രമായിരുന്നില്ല. 1970-കളിലെ ദുബായിൽ പുതുതായി എത്തുന്ന പല പ്രവാസികൾക്കും അത് ഒരു അഭയകേന്ദ്രം പോലെയായിരുന്നു. ജോലി കിട്ടുന്നതുവരെ സൗജന്യമായി ഭക്ഷണവും താമസവും ലഭിച്ചിരുന്നുവെന്ന് അന്നത്തെ പ്രവാസികൾ ഓർത്തെടുത്തിരുന്നതിൻ്റെ രേഖകളുണ്ട്.. പുതുതായി ദുബായിലെത്തുന്ന ഒരാൾക്ക് സ്വന്തം നാട്ടുകാരെ കണ്ടെത്തണമെങ്കിൽ ഖാദർ ഹോട്ടലിലേക്ക് പോകാൻ പറയുമായിരുന്നു.
അവിടെ ചെന്നാൽ ആരെങ്കിലും ഉണ്ടാകും.
“ നാട്ടിൽ എവിടുന്നാ?”
“കണ്ണൂർ.”
“ആഹാ... വരിൻ വരിൻ"
ഇന്നത്തെ തലമുറയ്ക്ക് അതൊരു സാധാരണ ഹോട്ടലിന്റെ പേരായി തോന്നിയേക്കാം. പക്ഷേ എഴുപതുകളുടെ ദുബായിൽ ഖാദർ ഹോട്ടൽ അതിനേക്കാൾ വളരെ വലുതായിരുന്നു. പുതുതായി ദുബായിലെത്തിയ, ഈ നഗരത്തിൽ തനിക്ക് ആരെയും അറിയാത്ത ഒരാൾക്ക് അത് ഒരു ഹോട്ടൽ മാത്രമായിരുന്നില്ല; “ഇവിടെ നിന്നു തുടങ്ങാം” എന്ന് പറയുന്ന ഒരു താവളം കൂടിയായിരുന്നു.
അക്കാലത്ത് പുതുതായി രൂപംകൊണ്ട യു.എ.ഇയിലേക്ക് പല ദേശങ്ങളിൽ നിന്നും ആളുകൾ ഭാഗ്യം തേടി വന്നുകൊണ്ടിരുന്നു. കൈയിൽ വലിയ സമ്പാദ്യമൊന്നുമുണ്ടാവില്ല; പരിചയക്കാരുമില്ല. ജോലി കിട്ടുമോ, താമസിക്കാൻ ഇടമുണ്ടാകുമോ, നാളെ എന്ത് കഴിക്കും എന്നൊക്കെയുള്ള അനിശ്ചിതത്വവുമായി എത്തുന്ന മനുഷ്യർ.
അങ്ങനെയുള്ള ഒരാൾക്ക് സബ്ഖയിൽ ഖാദർ ഹോട്ടൽ കണ്ടെത്തിയാൽ, അയാൾ പൂർണ്ണമായും ആരുമില്ലാത്തവനായിരുന്നില്ല.
“നിന്റെ നാട്ടുകാര് ആരെങ്കിലും അവിടെ കാണും. ബാക്കിയെല്ലാം അവർ നോക്കിക്കോളും.”
പുതുതായി ദുബായിലെത്തിയവരോട് ആദ്യം കണ്ടെത്തുന്ന അപരിചിതരായ മലയാളികൾ പറഞ്ഞിരുന്ന വാക്കുകളായിരുന്നു അതെന്ന് പഴയ പ്രവാസികളുടെ ഓർമ്മകളിൽ കാണാം. 1977-ൽ ദുബായിലെത്തിയ സഹദേവൻ എന്ന പ്രവാസി, അയാൾ ആദ്യമായി വരുമ്പോൾ ഖാദർ ഹോട്ടലിലേക്ക് പോകാൻ ആളുകൾ പറഞ്ഞിരുന്നതായി ഓർത്തെടുക്കുന്നുണ്ട്.
അത്തരം നിർദ്ദേശങ്ങൾ തന്നെ ചിലപ്പോൾ അയാൾക്ക് ഒരു വീടിന്റെ വാതിൽ തുറന്നതു പോലെയായിരുന്നിരിക്കണം. പറഞ്ഞ പോലെ അവിടെ നാട്ടുകാരനെ കാണാനായി.
“എവിടുന്നാ?” എന്നൊരു ചോദ്യം വന്നു.
“കോഴിക്കോടാണ്.”
“ഏത് സ്ഥലം?”
“നാദാപുരം.”
അപ്പോൾ മറ്റൊരാൾ ഇടപെട്ടു കാണും.
“നാദാപുരത്തുകാരനാണെങ്കിൽ എനിക്കറിയാവുന്ന ഒരാളുണ്ട്. നാളെ
അയാളെ കാണാം.”
മതി. അത്രയും മതി.
അപരിചിതമായ മരുഭൂമിയിൽ പെട്ടെന്ന് ഒരാൾക്ക് സ്വന്തം നാടിന്റെ ഒരു തുണ്ട് കിട്ടിയിരിക്കുന്നു.
ഖാദർ ഹോട്ടലിന്റെ യഥാർത്ഥ ചരിത്രം അവിടെയാണ് കിടക്കുന്നത്.
അങ്ങനെ ഒരു പരിചയം തുടങ്ങും.
ആ പരിചയം ചിലപ്പോൾ ഒരു ജോലിയിലേക്കുള്ള വഴി തുറക്കും.
ചിലപ്പോൾ താമസിക്കാനുള്ള ഇടം കിട്ടും.
ചിലപ്പോൾ നാട്ടിലേക്ക് ഒരു കത്ത് അയയ്ക്കാനുള്ള വഴി.
ചിലപ്പോൾ ജീവിതം തന്നെ മാറിപ്പോകും.
ജോലി കിട്ടുന്നതുവരെ അവിടെ ഭക്ഷണവും താമസവും ലഭിച്ചിരുന്നുവെന്നാണ് പഴയ പ്രവാസികളുടെ ഓർമ്മ. അതു കൊണ്ടു തന്നെ ഖാദർ ഹോട്ടൽ പലർക്കും ഒരു അഭയകേന്ദ്രം പോലെയായിരുന്നു. ജോലി അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞ ഒരാൾക്ക് വയറു നിറയ്ക്കാനുള്ള ഭക്ഷണം മാത്രമല്ല, “നാളെ നോക്കാം” എന്ന് പറഞ്ഞ് ഒരു രാത്രി കൂടി ഉറങ്ങാനുള്ള ഇടവും അവിടെ കിട്ടുമായിരുന്നു.
അവിടെ ഭക്ഷണം കഴിച്ചിരുന്നത് വിശപ്പുള്ളവർ മാത്രമായിരുന്നില്ല. മനസ്സ് നിറയെ സ്വപ്നങ്ങളുമായി വന്നവരും അവിടെ അതിനായി ഇരുന്നു.
ഒരാൾക്ക് ജോലി കിട്ടിയാൽ മറ്റൊരാൾക്ക് വിവരം നൽകും. ആരുടെയെങ്കിലും നാട്ടുകാരൻ എത്തിയിട്ടുണ്ടെങ്കിൽ അയാളെ പരിചയപ്പെടുത്തും. ആരെങ്കിലും ഒരു ചെറിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചാൽ, പലരും ചേർന്ന് പണം സമാഹരിക്കുന്ന ഒരു രീതിയും അവിടെ ഉണ്ടായിരുന്നുവെന്ന് പഴയ പ്രവാസികൾ പറയുന്നു. ബാങ്കിംഗ് സൗകര്യങ്ങൾ ഇന്നത്തെപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്ത് ചിലർ തങ്ങളുടെ സമ്പാദ്യം പോലും ഖാദർ ഇക്കയെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നുവത്രേ.
ഇന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന മറ്റൊരു കാര്യവുമുണ്ട്.
അന്ന് നാട്ടിലേക്ക് ഫോൺ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതിനാൽ ശബ്ദം കാസറ്റിൽ റെക്കോർഡ് ചെയ്ത് നാട്ടിലേക്കയക്കുന്നതായിരുന്നു ഒരു വഴി. ഖാദർ ഹോട്ടലിനടുത്ത് ഖാദർ ഇക്കയുടെ തന്നെ ഇലക്ട്രോണിക്സ് കടയുണ്ടായിരുന്നു. നാട്ടിലേക്ക് പോകുന്ന ആരെയെങ്കിലും കണ്ടെത്തി ആ കാസറ്റും കത്തും സമ്മാനങ്ങളുമൊക്കെ അവരുടെ കൈയിൽ കൊടുത്തയക്കും.
അങ്ങനെ നോക്കുമ്പോൾ സബ്ഖയിലെ ആ ചെറിയ ഹോട്ടൽ ഒരു കാലത്ത് ഹോട്ടലും, താമസസ്ഥലവും, ജോലി അന്വേഷിക്കുന്നവരുടെ വിവരകേന്ദ്രവും, നാട്ടുകാരെ കണ്ടെത്താനുള്ള വിലാസവും, നാട്ടിലേക്കുള്ള കത്തുകളുടെയും കാസറ്റുകളുടെയും ഒരു അനൗപചാരിക തപാൽ ഓഫീസും ആയിരുന്നു.
അന്നത്തെ പ്രവാസിയുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് പണമല്ലായിരുന്നു; ഒരു പരിചിത മുഖമായിരുന്നു.
ആ പരിചിത മുഖങ്ങൾക്കിടയിലാണ് ഖാദർ ഇക്കയും അദ്ദേഹത്തിന്റെ ഹോട്ടലും ഒരു ഇടത്താവളമായി നിലകൊണ്ടത്.
അന്ന് പ്രവാസി സമൂഹത്തിന് ഇന്ന് നമുക്ക് പരിചിതമായ സംഘടിത സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മനുഷ്യൻ തന്നെയായിരുന്നു മറ്റൊരു മനുഷ്യന്റെ സംവിധാനം.
ആ ഒരാളുടെ പരിചയം മറ്റൊരാളുടെ ജീവിതം മാറ്റിയേക്കും. ഒരാളുടെ ഫോൺ നമ്പർ മറ്റൊരാൾക്ക് ജോലി കിട്ടാനുള്ള വഴിയാകും. ഒരാളുടെ വാക്ക് മറ്റൊരാൾക്ക് താമസിക്കാനുള്ള ഇടമാകും.
അങ്ങനെ നോക്കുമ്പോൾ ഖാദർ ഹോട്ടൽ ഒരു ഹോട്ടലായിരുന്നില്ല. അത് ആദ്യകാല ഗൾഫ് മലയാളിയുടെ അനൗപചാരിക എംബസിയായിരുന്നു.
ഇന്ന് സബ്ഖയിലൂടെ നടക്കുമ്പോൾ പഴയ ദേരയുടെ പല അടയാളങ്ങളും കാണാനില്ല. കെട്ടിടങ്ങൾ മാറി. വഴികൾ മാറി. കടകൾ മാറി. ഒരുകാലത്ത് മലയാളികളുടെ ശബ്ദം നിറഞ്ഞിരുന്ന പല ഇടങ്ങളും പുതിയ നഗരത്തിന്റെ തിരക്കിൽ മറഞ്ഞുപോയി.
പക്ഷേ ചില സ്ഥലങ്ങൾ അങ്ങനെയല്ല.
അവ കെട്ടിടങ്ങളായി നിലനിൽക്കണമെന്നില്ല. ഓർമ്മകളായി നിലനിൽക്കും.
ഖാദർ ഹോട്ടലും അത്തരമൊരു ഓർമ്മയാണ്.
സബ്‌ഖയെ പറ്റി പറയുമ്പോൾ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഏടായി ഖാദർ ഹോട്ടൽ മാറുന്നത് അങ്ങനെയാണ്.
കാലം മാറി. ദുബായ് മാറി. സബ്ഖ മാറി. ആ ഹോട്ടലും ഒടുവിൽ ഇല്ലാതായി. ഖാദർ ഇക്ക ദുബായ് വിട്ടുപോയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം വന്നു.
പക്ഷേ അത്ഭുതം മറ്റൊന്നാണ്.
ഖാദർ ഹോട്ടൽ ഇല്ലാതായിട്ടും ഖാദർ ഹോട്ടലിന്റെ പേര് അവിടെ നിന്ന് പോയില്ല.
ഇന്നത്തെ സബ്ഖ ബസ് സ്റ്റേഷൻ പരിസരം പോലും പഴയ തലമുറയിൽ പലരും “ഖാദർ ഹോട്ടൽ ഏരിയ” എന്ന പേരിലാണ് ഓർത്തിരുന്നത്. ഹോട്ടൽ നിന്നിരുന്ന കെട്ടിടം ഇല്ലാതായെങ്കിലും ഒരു സ്ഥലത്തിന്റെ ഓർമ്മയായി ആ പേര് നിലനിന്നു.
ഒരു കെട്ടിടത്തിന് ഇതിലും വലിയൊരു സ്മാരകം വേറെന്ത് കിട്ടാൻ !
സബ്ഖയുടെ ചരിത്രം കെട്ടിടങ്ങളുടെയും കടകളുടെയും പേരുകളുടെയും ചരിത്രം മാത്രമല്ല. അവിടെ വന്നുപോയ മനുഷ്യരുടെ ചരിത്രം കൂടിയാണ്. അവരുടെ വിയർപ്പിൻ്റെയും വിശപ്പിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ചരിത്രം.
ആ ചരിത്രത്തിൽ ഖാദർ ഹോട്ടൽ ഒരു ചെറിയ അദ്ധ്യായമായി ഒതുക്കപ്പെടേണ്ടതല്ല.
ദുബായിൽ പുതുതായി എത്തിയ ഒരാളോട്—“നീ ഇവിടെ ഒറ്റയ്ക്കല്ല”—എന്ന് പറഞ്ഞിരുന്ന ഒരു കാലത്തിന്റെ പേരായിരുന്നു ഖാദർ ഹോട്ടൽ.
@@@@@@@@@@@@@@@@@@@@
വീണ്ടും സബ്ഖ
സബ്ഖ എന്റെ കാഴ്ച്ചപ്പാടിൽ ഒരു വിനോദസഞ്ചാരിയുടെ കാഴ്ചയിൽ ഒടുങ്ങി തീരേണ്ട ഒന്നല്ല. ജീവിതത്തിന്റെ ഓരോരോ ആവശ്യങ്ങൾക്കായി പലതവണ നടന്നുപോയ ഒരു സ്ഥലമാണത്.
മാസത്തിലൊരിക്കൽ ശമ്പളം കിട്ടുമ്പോൾ ആ മാസത്തെ ചെറിയൊരു യാത്ര അവിടെ നിന്നാണ് തുടങ്ങിയിരുന്നത്.
ആദ്യം നാസർ സ്ക്വയറിലെ ബ്രിട്ടീഷ് ബാങ്കിലേക്ക്. ശമ്പളം കൈപ്പറ്റിയാൽ പിന്നെ നേരെ മണി എക്സ്ചേഞ്ച്. അൽ റസൂഖിയിലേക്കോ അൽ അൻസാരിയിലേക്കോ. പക്ഷേ അവിടന്ന് തന്നെ പണം അയയ്ക്കുമെന്ന ഉറപ്പൊന്നും ഇല്ല. റേറ്റ് നോക്കണം.
അതിനായി നാലോ അഞ്ചോ എക്സ്ചേഞ്ചുകളിലെങ്കിലും വീണ്ടും കയറിയിറങ്ങും. എവിടെയാണ് കുറച്ചുകൂടി നല്ല നിരക്ക് എന്നറിയാൻ.
ഇന്ന് ചെറിയൊരു വ്യത്യാസമായി തോന്നുന്ന തുക അന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിൽ വലിയ കാര്യമായിരുന്നു. ശമ്പളത്തിന്റെ ഓരോ ദിർഹത്തിനും കണക്കുണ്ടായിരുന്ന കാലം.
എക്സ്ചേഞ്ചിലെ ആ കണക്കുകൂട്ടൽ കഴിഞ്ഞാൽ എന്റെ മാസപ്പതിവിന്റെ
അടുത്ത അധ്യായമായി.
നാട്ടുകാരനായ പടിയൻ മുഹമ്മദാലിക്കയുടെ സ്വകാര്യ പോസ്റ്റ് ഓഫീസ്.
അവിടെ നിന്നും സ്റ്റാമ്പുകൾ വാങ്ങും.
പക്ഷേ സ്റ്റാമ്പുകൾ വാങ്ങി ഉടനെ പുറത്തേക്കിറങ്ങുകയില്ല. അവിടെ മാതൃഭൂമിയും കലാകൗമുദിയും ഉണ്ടാകും. വാരികകൾ കൈയിലെടുക്കും. അവയുടെ പേജുകൾ മറിക്കുമ്പോൾ തന്നെ നാട്ടിലേക്ക് ഒരു ചെറിയ ജനൽ തുറന്നതുപോലെ തോന്നും.
അന്നത്തെ പ്രവാസജീവിതത്തിൽ സാംസ്കാരിക മണ്ഡലവുമായി അടുപ്പിച്ച് നിറുത്തിയിരുന്നത് ഈ വാരികകളിലൂടെയായിരുന്നു.
പക്ഷേ വാരികകളേക്കാൾ വലിയ കാത്തിരിപ്പ് മറ്റൊന്നിനായിരുന്നു.
അത് കത്തായിരുന്നു.
അത് ഇന്നത്തെ ഇ-മെയിലോ വാട്ട്സ്ആപ്പ് മെസേജോ ആയിരുന്നില്ല.
വീട്ടിൽ നിന്ന് വന്ന ഒരു കത്ത് കൈയിൽ കിട്ടിയാൽ അത് വായിച്ചു തീർക്കുന്ന ഒന്നായിരുന്നില്ല. ഒന്നാം വായന കഴിഞ്ഞാൽ മടക്കി പോക്കറ്റിലിടും. പിന്നെ മുറിയിലെത്തി വീണ്ടും തുറക്കും.
ഒരേ കത്ത് അഞ്ചോ പത്തോ തവണ വരെ വായിച്ചിട്ടുണ്ടെന്ന് ഇപ്പോൾ ഓർക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു.
വാക്കുകൾ മാറിയിട്ടില്ല.
പക്ഷേ ഓരോ വായനയിലും വീട്ടിനോടുള്ള ദൂരം കുറയുന്നതുപോലെ തോന്നും.
ഒരു കത്തിൽ ബാപ്പയുടെ സ്റ്റൈലൻ കാലിഗ്രാഫിക് അക്ഷരങ്ങളിലുള്ള കൈയെഴുത്തുണ്ടാകും. മറ്റൊന്നിൽ ഭാര്യയുടെ വിശേഷങ്ങൾ. കുട്ടികളുടെ ചെറിയ കാര്യങ്ങൾ. നാട്ടിലെ മഴ. അയൽവീട്ടിലെ കല്യാണം. ആരുടെയോ അസുഖം. ആരുടെയോ മരണം.
അത്രയൊക്കെ മതി.
ആ കുറച്ച് പേജുകളിൽ ഒരു പ്രവാസിയുടെ മുഴുവൻ കേരളവും ഒതുങ്ങുമായിരുന്നു.
ഫോൺ ചെയ്യുക എന്നത് അന്നൊരു വേറിട്ട കാര്യമായിരുന്നു. ചെലവേറിയതായിരുന്നു.
30 ദിർഹത്തിന്റെ ഒരു കാർഡ് വാങ്ങിയാൽ ഏകദേശം നാല് മിനിറ്റ് സംസാരിക്കാം. ഒരു മിനിറ്റിന് ഏഴര ദിർഹം.
അതുകൊണ്ട് ഫോണിലും വാക്കുകൾക്ക് ബജറ്റുണ്ടായിരുന്നു.
“എല്ലാവർക്കും സുഖമാണോ?”
“കുട്ടികൾക്ക് സുഖമാണോ?”
“പണം കിട്ടിയോ?”
“വീട്ടിൽ എന്തുണ്ട് വിശേഷം?”
അത്രയും പറഞ്ഞപ്പോഴേക്കും മനസ്സിലെ ബാക്കി വാക്കുകൾക്ക് സമയം തീരും.
ഫോൺ വെച്ചശേഷം പറയാതെ പോയ കാര്യങ്ങളാണ് പിന്നെ കത്തിലേക്ക് മാറുന്നത്.
അതുകൊണ്ടാവാം കത്തുകൾക്ക് അന്ന് ഇത്രയും വിലയുണ്ടായിരുന്നത്.
ഇന്ന് ഒരാളെ വിളിച്ചാൽ മുഖവും ശബ്ദവും ഒരുമിച്ച് മുന്നിലെത്തും. അന്ന് ഒരു കത്ത് തുറന്നാൽ ഒരു വീട് മുഴുവൻ മുന്നിലെത്തുമായിരുന്നു.
@@@@@@@@@@@@@@@
കാലം മാറി. ദുബായ് മാറി. നമ്മളും മാറി.
പക്ഷേ സബ്ഖയിലെ ചില വഴികളിലൂടെ ഇന്നും നടക്കുമ്പോൾ, അന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ കത്തിന്റെ മടക്ക് വിരലിൽ തൊടുന്നതുപോലെ തോന്നും. മണി എക്സ്ചേഞ്ചിന്റെ കൗണ്ടറിനു മുന്നിൽ നിന്നിരുന്ന ആ ചെറുപ്പക്കാരനെയും, ശമ്പളം കിട്ടിയ ദിവസത്തെ ചെറിയ സന്തോഷത്തെയും, നാട്ടിലേക്ക് അയയ്ക്കാനുള്ള ദിർഹങ്ങൾ എണ്ണിയിരുന്ന ആ സൂക്ഷ്മതയെയും, ഒരു കത്തിനായി കാത്തിരുന്ന ആ ആകാംക്ഷയെയും പെട്ടെന്ന് ഓർമ്മ വരും.
അന്ന് സബ്ഖയിലൂടെയുള്ള നടത്തം ഒരു നഗരത്തിലൂടെയുള്ള നടത്തമല്ലായിരുന്നു. ജീവിതത്തിലൂടെയുള്ള നടത്തമായിരുന്നു.
ഒരു വശത്ത് സ്വർണത്തിന്റെ തിളക്കം. മറുവശത്ത് വിയർപ്പിന്റെ മണം. ഇടയിൽ കച്ചവടവും തിരക്കും ശബ്ദങ്ങളും. അതിന്റെ നടുവിലൂടെ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു കത്തിനായി കാത്തുനിന്ന മനുഷ്യർ.
അവരിൽ ഒരാളായിരുന്നു ഞാനും.
ഇന്ന് ദുബായ് ലോകത്തിന്റെ ഭാവിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ആകാശത്തെ തൊടുന്ന കെട്ടിടങ്ങളും വിസ്മയിപ്പിക്കുന്ന മാളുകളും അതിന്റെ ഉയരവും സമ്പന്നതയും ലോകത്തിനു മുന്നിൽ കാണിക്കുന്നു. പക്ഷേ സബ്ഖ പോലുള്ള പഴയ ഇടങ്ങൾ ദുബായ് എത്ര ഉയരത്തിലെത്തി എന്നതിനെക്കാൾ, അത് എവിടെ നിന്നാണ് തുടങ്ങിയത് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
അവിടെ ഒരുകാലത്ത് കാൽനടയായി നടന്ന മനുഷ്യരുടെ സ്വപ്നങ്ങളിലാണ് ഇന്നത്തെ ദുബായിയുടെ വലിയൊരു ഭാഗം പണിതുയർന്നത്.
അതുകൊണ്ടാണ് സബ്ഖ എനിക്ക് ഒരു സ്ഥലമല്ലാത്തത്.
അത് എന്റെ പ്രവാസജീവിതത്തിന്റെ ഒരു പഴയ വിലാസമാണ്. ശമ്പളത്തിന്റെ ആദ്യ കണക്കുകളുടെ വിലാസം. നാട്ടിലേക്ക് പോയ ഓരോ ദിർഹത്തിന്റെയും വിലാസം. മാതൃഭൂമിയുടെയും കലാകൗമുദിയുടെയും പേജുകളിൽ നാട്ടിനെ തിരഞ്ഞ കാലത്തിന്റെ വിലാസം. വീട്ടിൽ നിന്നെത്തിയ കത്തുകൾ നെഞ്ചോടു ചേർത്തുനിന്ന കാലത്തിന്റെ വിലാസം. ഒറ്റപ്പെട്ടവന് മറ്റൊരു മനുഷ്യൻ തുണയായിരുന്ന കാലത്തിന്റെ വിലാസം. സ്വപ്നങ്ങളുമായി വന്നവർ പരസ്പരം കൈപിടിച്ചുയർത്തിയിരുന്ന ഒരു ദുബായിയുടെ വിലാസം.
ഇന്ന് അവിടെ പലതും കാണാനില്ല.
പക്ഷേ എല്ലാം നഷ്ടപ്പെട്ടിട്ടില്ല.
ചില കെട്ടിടങ്ങൾ പോയി. ചില കടകൾ പോയി. ചില വഴികൾ മാറി. ചില പേരുകൾ പോലും മാഞ്ഞു.
എന്നാൽ ഓർമ്മകൾക്ക് സ്വന്തം ഒരു ഭൂപടമുണ്ട്.
ആ ഭൂപടത്തിൽ സബ്ഖ ഇന്നും അതേ സ്ഥാനത്താണ്.
അതുകൊണ്ടായിരിക്കാം വർഷങ്ങൾക്കു ശേഷം അവിടെ വീണ്ടും ചെന്നുനിന്നപ്പോൾ, ഞാൻ പഴയ സബ്ഖയെ അന്വേഷിച്ചില്ല.
പഴയ എന്നെയായിരുന്നു അന്വേഷിച്ചത്.
ഒരു കയ്യിൽ ശമ്പളത്തിന്റെ കണക്കും, മറ്റേ കയ്യിൽ നാട്ടിലേക്ക് അയയ്ക്കാനുള്ള കത്തും പിടിച്ച്, ഈ നഗരത്തിൽ തന്റെ ചെറിയൊരു ഇടം കണ്ടെത്താൻ ശ്രമിച്ചിരുന്ന ആ മനുഷ്യനെ.
സബ്ഖയിൽ നിന്ന് മടങ്ങുമ്പോൾ എനിക്ക് തോന്നിയത് അതായിരുന്നു.
ദുബായ് മാറിപ്പോയിരിക്കാം. സബ്ഖ മാറിപ്പോയിരിക്കാം. പക്ഷേ നമ്മൾ ജീവിച്ചുപോയ ഒരു കാലം ഒരിക്കലും പൂർണ്ണമായി മാറിപ്പോകില്ല.
അത് ചിലപ്പോൾ ഒരു പഴയ വഴിയായി മുന്നിൽ വരും. ഒരു കടയുടെ പേരായി ഓർമ്മയിൽ തെളിയും. ഒരു കത്തിന്റെ മടക്കിനുള്ളിൽ നിന്ന് പുറത്തുവരും. അല്ലെങ്കിൽ, വർഷങ്ങൾക്കു ശേഷം സബ്ഖയിലൂടെ വെറുതെ നടക്കുമ്പോൾ, പെട്ടെന്ന് നമ്മുടെ മുന്നിൽ വന്ന് നിൽക്കും.
ഒരു മനുഷ്യനെപ്പോലെ.
നമ്മൾ മറന്നുപോയെന്ന് കരുതിയിരുന്ന നമ്മുടെ തന്നെ ഒരു പഴയ രൂപമായി.
അപ്പോൾ മനസ്സിലാകും
ചില സ്ഥലങ്ങൾ നമ്മൾ സന്ദർശിക്കുന്നതല്ല. അവ നമ്മളെ ഓർമ്മിപ്പിക്കുകയാണ്.
സബ്ഖ അങ്ങനെയൊരു സ്ഥലമാണ്.
✍️ നജീബ് കടമ്പോട്ട്.
എഴുത്തുപുര
Since 2009
വായിച്ചു തീർത്തു
ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ
ഈ കഥ ഇഷ്ടപ്പെട്ടോ?

