27 September 2026 · ഏകദേശം 16 മിനിറ്റ് വായന
തിരിച്ചറിയുന്ന വഴികൾ
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
****തിരിച്ചറിയുന്ന വഴികൾ.
(ശബത് നാളിലെ പുട്ട് .)
ഒരു മുഖവുര
2026 ഓഗസ്റ്റ്.
ദുബായിലെ അൽ ബസ്താക്കിയയുടെ പഴയ ഇടവഴികളിലൊന്നിലെ ഒരു ചാരുബെഞ്ചിൻ്റെ അങ്ങേത്തലക്കലാണ് ബേബിയെ ഞാൻ ആദ്യമായി കാണുന്നത്. ബേബി എന്നത് യഥാർത്ഥ പേരല്ല. ഈ കഥയിൽ അവരെ അങ്ങനെ വിളിക്കാനാണ് ഞാൻ തീരുമാനിച്ചത്. ടെൽ അവീവിൽ നിന്ന് ദുബായ് വഴി കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു അവർ. പക്ഷെ അന്നവർ ചേന്ദമംഗലത്തെ പറ്റി വൈകാരികമായി ഏറെ പറഞ്ഞെങ്കിലും അങ്ങോട്ടുള്ള യാത്രയെ പറ്റി സൂചനകൾ ഒന്നും തന്നിരുന്നില്ല. വാസ്തവത്തിൽ ദുബായിലുള്ള മകന്റെ വീട്ടിൽ കുറച്ചു ദിവസം ചെലവഴിച്ചശേഷം കേരളത്തിലേക്ക് പോകാനുള്ള യാത്രയ്ക്കിടയിലെ ഒരു ഇടവേളയായിരുന്നു അത്. പേരക്കുട്ടിയായ യോനാഥനും ദുബായിലുള്ള മകന്റെ കുട്ടികളുമായിരുന്നു അന്ന് അവരോടൊപ്പമുണ്ടായിരുന്നത്.
എഴുപത്തൊന്നുകാരിയായ ആ സ്ത്രീയെ അന്ന് കണ്ടപ്പോൾ, അവരുടെ ജീവിതത്തിൽ ഇത്രയേറെ ദൂരങ്ങളും വർഷങ്ങളും അടിഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് റാഹേൽ ബേബിക്കൊപ്പമുണ്ടായിരുന്നില്ല.
ചേന്ദമംഗലം എന്ന സ്ഥലം അന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെടേണ്ട കേന്ദ്രമായിരുന്നുമില്ല. അവർ അപ്പോഴും ചേന്ദമംഗലത്ത് എത്തിയിട്ടില്ലായിരുന്നു. ഞങ്ങൾ പിരിഞ്ഞു.
പക്ഷേ ആ കൂടിക്കാഴ്ച അവിടെ അവസാനിച്ചില്ല എന്നതായിരുന്നു വിസ്മയം.
പിന്നീട് അടുപ്പിച്ചടുപ്പിച്ച് വന്ന ഇമെയിലുകളിലൂടെയാണ് ബേബിയുടെ ചേന്ദമംഗലം യാത്ര പതിയെ എന്റെ മുന്നിൽ തുറക്കപ്പെട്ടത്. വർഷങ്ങൾക്കു മുമ്പ് വിട്ടുപോന്ന ഒരു ദേശത്തേക്ക് ജീവിതത്തിന്റെ സന്ധ്യയിൽ അവർ വീണ്ടും നടത്തിയ യാത്രയുടെ ഓരോ ഘട്ടവും അവർ എന്നോട് പങ്കുവെച്ചു.
പഴയ പേരുകൾ,
വീടുകൾ,
വഴികൾ,
മനുഷ്യർ,
ഓർമ്മകൾ...
അവയ്ക്കിടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ ഒരു ബാല്യവും.
അവ വായിക്കുമ്പോൾ എനിക്ക് തോന്നിയത്, ഞാൻ എന്താണ് വായിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ലല്ലോ എന്നായിരുന്നു.
എന്നാൽ, ശരിക്കും അത് ഒരു തിരിച്ചുവരവിന്റെ കഥയായിരുന്നു.
ഒരു മനുഷ്യൻ ജനിച്ച മണ്ണിലേക്ക് തിരികെ നടക്കുമ്പോൾ അയാൾ മാത്രമല്ല സഞ്ചരിക്കുന്നത്. അയാളോടൊപ്പം കാലവും സഞ്ചരിക്കുന്നുണ്ട്.
മറന്നുപോയ ചില പേരുകൾ വീണ്ടും വിളിക്കപ്പെടുന്നുണ്ട്.
അടഞ്ഞുപോയ ചില വാതിലുകൾ ഓർമ്മയിൽ തുറക്കപ്പെടുന്നുണ്ട്.
ഒരിക്കൽ പിന്നിലാക്കി പോയ ഒരു നാടിന്റെ മണ്ണും വെള്ളവും കാറ്റും, വർഷങ്ങൾക്കിപ്പുറം മറ്റൊരു ഭാഷയിൽ ജീവിക്കുന്ന ഒരാളോട് വീണ്ടും എന്തോ പറയാൻ തുടങ്ങുന്നുമുണ്ട്.
ബേബിയുടെ കഥയിൽ റാഹേലും പതിയെ വന്നു ചേർന്നു. റാഹേൽ കൂടിയില്ലാതെ ഈ കഥക്ക് ഒരു മുന്നോട്ട് പോക്കില്ല എന്ന് തന്നെയാണ് ബേബി സൂചിപ്പിച്ചതും. അവരുടെ ബാല്യവും, ചേന്ദമംഗലത്തെ പഴയ ജീവിതവും, ഇസ്രായേലിലേക്കുള്ള കുടിയേറ്റവും, ദീർഘമായ വേർപാടും, ഒടുവിൽ നടത്തിയ ആ തിരിച്ചുവരവുമെല്ലാം ചേർന്ന യാഥാർത്ഥ്യത്തിന്റെ വിത്തുകളിൽ നിന്ന് എന്റെ മനസ്സിൽ മുളച്ച് വളർന്ന ചിത്രങ്ങളാണ് ഇവിടെ പകർത്താൻ ശ്രമിക്കുന്നത്.
അതിനാൽ ‘ശബത് നാളിലെ പുട്ട്’ ഒരു രേഖപ്പെടുത്തൽ മാത്രമല്ല. ബേബി പറഞ്ഞതും, അവരുടെ കത്തുകളിൽ നിന്ന് ഞാൻ അറിഞ്ഞതും, അതിനിടയിലെ മൗനങ്ങളിൽ ഞാൻ സങ്കൽപ്പിച്ചതും ചേർന്നുണ്ടായ സംഭവങ്ങളുടെ ഒരു പുന:സൃഷ്ടിയാണിത്.
യാഥാർത്ഥ്യത്തിന്റെ വഴിയിലൂടെ തുടങ്ങിയ യാത്ര, കഥയുടെ വഴിയിലൂടെ കുറച്ചുകൂടി ദൂരം സഞ്ചരിക്കുന്നു എന്ന് മാത്രം. എന്നാലിതൊരു കഥയാണോ എന്നെ നിക്കറിയുകയുമില്ല.
അവിടെ, ഒരിക്കൽ ചേന്ദമംഗലത്ത് നിന്ന് ഇസ്രായേലിലേക്ക് പോയ ചില മനുഷ്യർ വീണ്ടും അവരുടെ ബാല്യത്തിന്റെ വാതിൽക്കൽ എത്തുന്നു.
അവരുടെ കൂടെ ഒരു പേരക്കുട്ടിയുമുണ്ട്.
അവന്റെ പേര് യോനാഥൻ.
അവന് ആ മണ്ണ് അപരിചിതമാണ്.
പക്ഷേ,
ഒരുപക്ഷേ,
ആ മണ്ണിന് അവനെ പരിചയമുണ്ടാകാം.
@@@@@@@@@@@@@@@
ചില യാത്രകൾ ദൂരങ്ങളിലേക്കുള്ളതല്ല.
കാലത്തിലേക്കുള്ളതാണ്.
വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചുപോയ ഒരു വഴിയിലൂടെ വീണ്ടും നടക്കുമ്പോൾ, നമ്മൾ തിരികെ എത്തുന്നത് ഒരു സ്ഥലത്തേക്കു മാത്രമല്ല; നമ്മളിൽ തന്നെ മറഞ്ഞുകിടക്കുന്ന ഒരു കാലത്തിലേക്കു കൂടിയാണ്.
ബേബിക്കും റാഹേലിനും ചേന്ദമംഗലത്തേക്കുള്ള ഈ മടക്കം അങ്ങനെയായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ചേന്ദമംഗലത്തേക്കുള്ള യാത്രയിൽ ബേബിയും റാഹേലും അധികം സംസാരിച്ചില്ല.
അവർക്കിടയിൽ സംസാരിക്കാനൊന്നുമില്ലാത്തതുകൊണ്ടല്ല.
പറയാൻ വാക്കുകൾക്കപ്പുറമുള്ള പലതുമുണ്ടായിരുന്നു. ബേബി കാറിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. റാഹേൽ ഇടയ്ക്കിടെ അവളെ നോക്കും. പിന്നെ പുറത്തേക്കും. എന്നെന്നേക്കുമായി നഷ്‌ടപ്പട്ടു പോയി എന്ന് കരുതിയിരുന്ന തങ്ങളുടെ ഗ്രാമത്തിൻ്റെ ആത്മാവിനെ രണ്ട് പേരും ഉള്ളിലേക്ക് ആവാഹിക്കുകയായിരുന്നു എന്നു തോന്നിച്ചു.
വിമാനത്താവളത്തിൽ നിന്ന് കാർ പുറപ്പെട്ടപ്പോൾ യോനാഥനും ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു.
അവന് കേരളം പുതുതായിരുന്നു.
മഴ പുതിയത്.
പച്ചപ്പ് പുതിയത്.
വഴിയരികിലെ മരങ്ങളും
വീടുകളും മനുഷ്യരും പുതിയത്.
അവന്റെ ഗ്രാൻഡ്മാമാരുടെ കണ്ണുകളിൽ തെളിഞ്ഞുകൊണ്ടിരുന്ന പരിചിതമായ പ്രകാശം പോലും അപ്പോൾ അവന് പുതിയൊരു കാഴ്ചയായിരുന്നു.
“ഗ്രാൻഡ്മാ...”
അവൻ ബേബിയെ വിളിച്ചു.
“എന്താടാ?”
“ഇതാണോ നിങ്ങൾ പറഞ്ഞിരുന്ന സ്ഥലം?”
ബേബി പുറത്ത് നിന്നും കണ്ണുകളെടുത്തില്ല.
“അതെ.” അവർ പറഞ്ഞു.
“ ശരിക്കും നിങ്ങളിവിടെ ജീവിച്ചിരുന്നതാണോ?”
“ജീവിച്ചിരുന്നു.”
അവർ കുറച്ചുനേരം മിണ്ടാതിരുന്നു.
“നീ ജനിക്കുന്നതിനും വളരെ മുമ്പ്.”
യോനാഥൻ ചിരിച്ചു.
അവന്റെ മനസ്സിലെ ഗ്രാൻഡ്മാ എന്നത് നെഗേവിലെ വീട്ടിൽ ജീവിക്കുന്ന ഒരു വൃദ്ധയായിരുന്നു. പക്ഷേ ഈ സ്ത്രീകൾ ആത്മാവിൽ ചേർത്തുപിടിക്കുന്ന ഈ ഗ്രാമത്തിൽ തന്നെ തുടരുമായിരുന്നെങ്കിൽ ഇവർ മറ്റാളുകളാകുമായിരുന്നു.
ഇവർ മഴയിൽ ഓടിച്ചാടി നടക്കുമായിരുന്ന
രണ്ട് പെൺകുട്ടികളായി വളർന്നിരുന്നേനെ, പുഴയിൽ കുളിച്ചു
മദിച്ചിരുന്ന കുട്ടികളായിരുന്നേനെ,
മാവിൽ കയറി മാങ്ങ പറിച്ചിരുന്ന കൗമാരക്കാരികളായിരുന്നേനെ.
അവന് അപ്പോഴാണ് മനസ്സിലായത്, മനുഷ്യർക്ക് ഒരൊറ്റ ജീവിതമല്ല ഉള്ളത്.
ഓരോരുത്തരുടെയും ഉള്ളിൽ പല ജീവിതങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട്.
ബേബി യോനാഥന് ഉത്തരം നല്കിയപ്പോൾ അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.
റാഹേൽ ഒന്നും പറഞ്ഞില്ല.
അവർക്ക് അറിയാമായിരുന്നു,
‘ഇവിടെ ജീവിച്ചിരുന്നു’ എന്ന വാക്കിൽ ഒരു ജീവിതകാലം മുഴുവൻ ഒളിച്ചിരിപ്പുണ്ടെന്ന്.
നെഗേവിന്റെ വരണ്ട മണ്ണിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം പിന്നിട്ടവരായിരുന്നു അവരിരുവരും. മരുഭൂമിയുടെ ചൂടും മണലും കല്ലും നിറഞ്ഞ ഭൂമി. മഴ അപൂർവമായിരുന്നു. വെള്ളത്തിന് വിലയുണ്ടായിരുന്നു. ഒരു ചെടി പച്ചപിടിച്ചു നിൽക്കുന്നത് പോലും അവിടെ ഒരു ചെറിയ അത്ഭുതം പോലെ തോന്നിച്ചിരുന്നു.
അവിടെ അവർ വീടുണ്ടാക്കി.
കുടുംബമുണ്ടാക്കി.
മക്കളെ വളർത്തി.
പിന്നെ കൊച്ചുമക്കളെയും.
ജീവിതം അവരോട് പലവട്ടം പറഞ്ഞു.
“ഇതാണ് ഇനി നിങ്ങളുടെ നാട്.”
അവരതു വൈമനസ്യത്തോടെയെങ്കിലും സമ്മതിച്ചു.
മനുഷ്യൻ തന്റെ ജീവിതത്തോട് പൊരുത്തപ്പെടും.
പക്ഷേ, ബാല്യത്തോട് ഒരിക്കലും
പൊരുത്തപ്പെടാൻ കൂട്ടാക്കില്ല.
ബാല്യം അവന്റെ/ അവളുടെ ഉള്ളിൽ
ഒരു സ്വന്തം രാജ്യം പണിതു വെക്കും.
ആ രാജ്യത്തിന് അതിർത്തികളില്ല.
പാസ്പോർട്ടില്ല.
വിസയില്ല.
ഇവർക്ക്, ഈ രണ്ട് സ്ത്രീകൾക്ക്
ആ രാജ്യത്തിന്റെ പേര്
ചേന്ദമംഗലം എന്നായിരുന്നു.
@@@@@@@@@@@@
ചേന്ദമംഗലത്ത് എത്തിയ ഉടൻ അവർ പഴയ വീടിന്റെ തിരച്ചിലിലേക്കല്ല പോയത്.
ആദ്യമായി അവർ പോയത് സിനഗോഗിലേക്കായിരുന്നു.
പഴയ പ്രാർത്ഥനാലയത്തിന്റെ ചുവരുകൾക്കുള്ളിൽ കാലത്തിന്റെ മണം അപ്പോഴും തങ്ങി നിന്നിരുന്നു. ഒരിക്കൽ പ്രാർത്ഥനകളാൽ ശബ്ദമുഖരിതമായിരുന്ന ഇടം. പിന്നീട് ആളുകൾ കുറഞ്ഞു. കുടുംബങ്ങൾ ഒന്നൊന്നായി പോയി. ഒടുവിൽ നിശ്ശബ്ദത മാത്രം അവിടെ താമസമാക്കി.
ഇപ്പോൾ അത് ഒരു മ്യൂസിയമായിരിക്കുന്നു.
ചരിത്രം വസ്തുക്കളായി,
ചിത്രങ്ങളായി,
രേഖകളായി,
അവിടെ സൂക്ഷിക്കപ്പെട്ടിരുന്നു.
ചേന്ദമംഗലത്തെ ജൂതസമൂഹം ഇസ്രയേലിലേക്ക് നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രം തുടങ്ങുന്നത് അങ്ങിനെയാവുമോ. ബേബി ഓർത്തുനോക്കി. 1948-ൽ ഇസ്രയേൽ രൂപീകൃതമായതിനുശേഷം കേരളത്തിലെ ജൂതസമൂഹത്തിൽ നിന്ന് വലിയൊരു വിഭാഗം പല ഘട്ടങ്ങളിലായി ഇസ്രയേലിലേക്ക് കുടിയേറി; ചേന്ദമംഗലത്തുനിന്നുള്ള കുടിയേറ്റവും അതിന്റെ ഭാഗമായിരുന്നു.
യോനാഥൻ ചുറ്റും നോക്കി നിന്നു.
അവന്റെ ലോകത്ത് ഇസ്രയേൽ ഒരു രാജ്യമല്ലായിരുന്നു.
അത് അവന്റെ വീടായിരുന്നു.
പക്ഷേ ഇവിടെ, ഈ പഴയ കെട്ടിടത്തിനുള്ളിൽ, ആ രാജ്യത്തിലേക്കുള്ള മറ്റൊരു യാത്രയുടെ ചരിത്രമാണ് കിടന്നിരുന്നത്.
ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ അവർ പഴയ രേഖകളുടെ പകർപ്പുകൾ പരിശോധിച്ചു.
പേരുകൾ.
വീട്ടുപേരുകൾ.
കുടുംബാംഗങ്ങളുടെ എണ്ണം.
പോയ വർഷങ്ങൾ.
പുതിയ രാജ്യത്തിലെ വിലാസങ്ങൾ.
വർഷങ്ങളായി പൊടിപിടിച്ച് കിടന്നിരുന്ന ഒരു രജിസ്റ്ററിന്റെ പേജുകൾ പതുക്കെ മറിഞ്ഞു കൊണ്ടിരുന്നു.
അവസാനം ഒരു പേജിൽ റാഹേലിന്റെ കണ്ണുകൾ നിശ്ചലമായി.
അവർ വിരൽ കൊണ്ട് ഒരു വരി തൊട്ടു.
“ബേബി...”
അവരുടെ ശബ്ദം വിറച്ചു.
ബേബി അടുത്തേക്ക് വന്നു.
അവിടെ അവരുടെ വീട്ടുപേര്.
അതിനുതാഴെ കുടുംബാംഗങ്ങളുടെ പേരുകൾ.
കുടിയേറിയ വർഷം.
പുതിയ താമസസ്ഥലം.
റാഹേൽ വീണ്ടും വായിച്ചു.
അവർക്ക് ആ പേരുകൾ മുഴുവൻ വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
പക്ഷേ വീട്ടുപേര് അവർ തിരിച്ചറിഞ്ഞു.
Isaac Mundakkathil...
ഭാര്യ: Sarah
മക്കൾ: Rachel, Baby
Family migrated to Israel — 1959.
“ഇത് നമ്മുടേതാണ്.”
അവർ പറഞ്ഞു.
ബേബി രേഖയിൽ വിരൽ വെച്ചു.
“അപ്പോൾ നമ്മൾ ശരിക്കും ഇവിടെ ഉണ്ടായിരുന്നല്ലോ...”
റാഹേൽ അവരെ നോക്കി.
വർഷങ്ങളായി മറ്റൊരു രാജ്യത്തിന്റെ പൗരന്മാരായി ജീവിച്ച രണ്ടു സ്ത്രീകൾ, ഒരു പഴയ രജിസ്റ്ററിലെ ഏതാനും അക്ഷരങ്ങൾക്കിടയിൽ പെട്ടെന്ന് വീണ്ടും ചേന്ദമംഗലത്തുകാരായി മാറുകയായിരുന്നു.
രേഖകളിൽ അവരുടെ പഴയ വീടിന്റെ സ്ഥലം സംബന്ധിച്ച സൂചനകളും ഉണ്ടായിരുന്നു.
അത് ഒരു ചെറിയ പ്രദേശത്തിന്റെ പേരിലേക്ക് അവരെ എത്തിച്ചു.
“നമ്മൾ മറന്നതല്ല. നമ്മളെക്കുറിച്ചുള്ള രേഖ പോലും ഇവിടെ ബാക്കിയുണ്ടായിരുന്നു.”
അവരുടെ മുന്നിൽ ചിതറിക്കിടന്നിരുന്ന പഴയ കടലാസ് പെട്ടെന്ന് ഒരു ഭൂപടമായി.
അത് അവരുടെ ബാല്യത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.
രേഖയിൽ സൂചിപ്പിച്ചിരുന്ന പ്രദേശം സിനഗോഗിന്റെ പരിസരത്തുനിന്ന് അധികം അകലെയല്ലെന്ന് മനസ്സിലായി.
പക്ഷേ ഏത് വീട്?
ഏത് മുറ്റം?
ഏത് ഇടവഴി?
അത് രേഖകൾക്ക് പറയാനായില്ല.
അവിടെയാണ് ഒരു മനുഷ്യന്റെ ഓർമ്മ ആവശ്യമായത്.
സിനഗോഗിലെ ജീവനക്കാരൻ സമീപവാസിയായ ഒരു വൃദ്ധനെ വിളിപ്പിച്ചു.
വെള്ളമുടി.
മെലിഞ്ഞ ശരീരം.
കൈയിൽ ഒരു ഊന്നുവടി.
അവരെ കണ്ടപ്പോൾ അയാൾ ആദ്യം ഒന്നും പറഞ്ഞില്ല.
പേര് പറഞ്ഞപ്പോൾ അയാൾ കുറച്ചുനേരം ആലോചിച്ചു.
“ആ വീട്ടുപേര് എനിക്ക് പരിചയമുണ്ട്.”
ബേബിയെയും റാഹേലിനെയും അയാൾ മാറിമാറി നോക്കി.
പിന്നെ രേഖയിലേക്ക് നോക്കി.
വീണ്ടും അവരുടെ മുഖങ്ങളിലേക്ക്.
“നിങ്ങൾ... അപ്പോൾ ......”
അയാൾ വാക്ക് പൂർത്തിയാക്കാതെ നിന്നു.
“ബേബിയാണോ?”
ബേബി ഞെട്ടി.
റാഹേൽ അയാളെ നോക്കി.
വൃദ്ധന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു പഴയ കാലത്തിന്റെ വെളിച്ചം തെളിഞ്ഞു.
“റാഹേലും?”
റാഹേൽ പതുക്കെ എഴുന്നേറ്റു.
“അതെ.”
അയാൾ വടി മണ്ണിൽ ഉറപ്പിച്ച് നിന്നു.
“അപ്പോൾ നിങ്ങൾ തന്നെയാണല്ലേ...”
അയാൾ ചിരിച്ചു.
“ എനിക്ക് നിങ്ങളുടെ അപ്പച്ചനെ അറിയാമായിരുന്നു.”
ബേബിയുടെ കണ്ണുകൾ നിറഞ്ഞു.
“അമ്മച്ചിയെയും?”
@@@@@@@@@@@@@@@@
അവസാനം അവർ പഴയ വീടിരുന്ന സ്ഥലത്തെത്തി.
വീടവിടെ ഇല്ലായിരുന്നു.
കാലം വീടുകളെ ചിലപ്പോൾ അങ്ങനെ മായ്ച്ചുകളയും.
പക്ഷേ മുറ്റത്തിന്റെ ഒരറ്റത്ത് ആ പഴയ മാവ് ഇപ്പോഴും നിന്നിരുന്നു.
മരം വലുതായിരുന്നു.
കൊമ്പുകൾ പടർന്നിരുന്നു.
തടി കട്ടിയായിരുന്നു.
എങ്കിലും അത് അതേ മാവ് തന്നെ.
ബേബി പതുക്കെ അതിനരികിലേക്ക് നടന്നു.
കൈ തടിയിൽ വെച്ചു.
വിരലുകൾ പഴയ മുറിവുകൾ തേടി.
“ഞങ്ങൾ പോയപ്പോൾ നീ ഇത്ര വലുതായിരുന്നില്ലല്ലോ...”
അവൾ പറഞ്ഞു.
റാഹേൽ പിന്നിൽ നിന്നു.
“നമ്മളും ഇത്ര വലുതായിരുന്നില്ല.”
ബേബി ചിരിച്ചു.
പിന്നെ അവരുടെ കണ്ണുകൾ നിറഞ്ഞു.
മാവിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ഇരുവർക്കും ഓർമ്മ വന്നു.
ആ വേനൽക്കാലങ്ങൾ,
മാങ്ങയുടെ മണം, ഉച്ചതിരിഞ്ഞുള്ള ഉറക്കങ്ങൾ, കുട്ടികളുടെ വിളികൾ, അമ്മയുടെ ശാസന, അച്ഛന്റെ ചിരി.
പിന്നെ പെട്ടൊന്നൊരുദിവസം വന്ന യാത്ര.
തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ പോയ യാത്ര.
പക്ഷേ ചില യാത്രകൾക്ക് മടങ്ങിവരാനുള്ള തീയതി ഉണ്ടാകില്ല. അത് കുട്ടികളായിരുന്ന റാഹേലിനോ ബേബിക്കോ അറിയില്ലായിരുന്നല്ലോ.
അപ്പോഴാണ് അവരുടെ കൂടെ വന്നിരുന്ന വയോധികൻ മന്ദമായി ആവർത്തിച്ചത്:
“നിങ്ങളുടെ അമ്മച്ചിയെ എനിക്ക് നല്ല ഓർമ്മയുണ്ട്.”
രണ്ടുപേരും അയാളെ നോക്കി.
“അപ്പച്ചനെയും അറിയാം. നല്ല മനുഷ്യനായിരുന്നു.”
അവരുടെ കണ്ണുകളിൽ പെട്ടെന്ന് മറ്റൊരു കാലം തെളിഞ്ഞു.
അയാൾ അവരെ വീട്ടിന് ചുറ്റുമുണ്ടായിരുന്ന പഴയ അടയാളങ്ങൾ കാണിച്ചു കൊടുത്തു.
“ഇവിടെയായിരുന്നു കിണർ. അവിടെയായിരുന്നു ചെറിയ കുളം. നിങ്ങളുടെ അമ്മച്ചി രാവിലെ കുട്ടികളായിരുന്ന നിങ്ങളെ കുളിപ്പിക്കുമായിരുന്നു.”
അയാൾ കുറച്ചുനേരം നിശ്ശബ്ദനായി.
പിന്നെ ചിരിച്ചു.
“ശബത് ദിവസങ്ങളിൽ നിങ്ങളുടെ വീട്ടിൽ നിന്ന് വരുന്ന പുട്ടിന്റെ മണം ഇന്നും മറന്നിട്ടില്ല.”
ബേബി പെട്ടെന്ന് അയാളെ നോക്കി.
റാഹേൽ ചിരിച്ചു. വർഷങ്ങളായി അടഞ്ഞുകിടന്ന ഒരു വാതിൽ പെട്ടെന്ന് തുറന്നതുപോലെ.
“പുട്ടോ?” യോനാഥൻ ചോദിച്ചു.
അവൻ മലയാളം മുഴുവനായി മനസ്സിലാക്കിയില്ലെങ്കിലും ആ വാക്ക് അവന്റെ കൗതുകമുണർത്തി.
“Grandma, what is puttu?”
ബേബി അവനെ നോക്കി.
“പുട്ട്?”
“അതെ.”
അവർ ചിരിച്ചു.
“അത് ഒരു ഭക്ഷണമാ.”
പിന്നെ എന്തോ ഓർത്തതുപോലെ അവളുടെ ശബ്ദം പതുക്കെയായി.
“ഞാൻ കുട്ടിയായിരിക്കുമ്പോൾ... നിന്റെ വലിയമ്മച്ചി ശബത് ദിവസം രാവിലെ പുട്ട് ഉണ്ടാക്കുമായിരുന്നു.”
“ഞാൻ കഴിച്ചിട്ടുണ്ടോ?”
“നീ?”
അവർ ചിരിച്ചു.
“ഇല്ല. നീ അന്ന് ജനിച്ചിട്ടു പോലുമില്ലായിരുന്നു.”
കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.
യോനാഥൻ വൃദ്ധനെ നോക്കി നിന്നു.
അവൻ ആദ്യമായി തന്റെ ഗ്രാൻഡ്മാമമാരുടെ ഭൂതകാലം ഒരു പുസ്തകത്തിലോ കഥയിലോ അല്ല, ഒരു മനുഷ്യന്റെ കണ്ണുകളിൽ കാണുകയായിരുന്നു.
“നിങ്ങൾ പോയപ്പോൾ ബേബിക്ക് എത്ര വയസ്സുണ്ടായിരുന്നു?”
വൃദ്ധൻ ചോദിച്ചു.
“നാലോ... അഞ്ചോ.”
ബേബി പറഞ്ഞു.
“റാഹേലിന്?”
“ആറോ ഏഴോ.”
റാഹേൽ പറഞ്ഞു.
വൃദ്ധൻ ചിരിച്ചു.
“അപ്പോൾ നിങ്ങളൊന്നും വീടിനെ ഓർത്തിരിക്കാനിടയില്ല.”
അത് കേട്ട് ബേബിയും റാഹേലും പരസ്പരം നോക്കി.
അവർ രണ്ടുപേരും അതുതന്നെയാണ് മനസ്സിലാക്കിയിരുന്നത്.
“അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ വന്നത്,” ബേബി പറഞ്ഞു.
“വീടിനെ ഓർമ്മകൊണ്ട് കണ്ടെത്താനല്ല.”
റാഹേൽ രേഖയിലേക്ക് നോക്കി.
“ഓർമ്മയെ വീടുമായി ബന്ധിപ്പിക്കാൻ.”
വൃദ്ധൻ പതുക്കെ തലകുലുക്കി.
“വരൂ.”
അവർ കാറിൽ കയറി.
വൃദ്ധൻ മുന്നിൽ ഇരുന്നു.
ചേന്ദമംഗലത്തിന്റെ വഴികളിലൂടെ കാർ നീങ്ങി.
“ഇവിടെ ഒരു വലിയ കുളം ഉണ്ടായിരുന്നു, നിങ്ങക്കോർമ്മ കാണുമോ എന്തോ ?” വൃദ്ധൻ പറഞ്ഞു.
“ഇപ്പോൾ കാണാം.”
കുറച്ചുദൂരം കഴിഞ്ഞപ്പോൾ
വഴിയരികിലെ പഴയ കുളം കണ്ടപ്പോൾ റാഹേൽ കാറിൽ നിന്നിറങ്ങി.
കുളം പകുതിയും കാടു പിടിച്ചു കിടന്നു.
വെള്ളത്തിൽ ആകാശത്തിന്റെ മങ്ങിയ പ്രതിബിംബം.
ഒരു മൂലയിൽ ആമ്പൽ.
റാഹേൽ കുളത്തിനരികിലേക്ക് നടന്നു.
വെള്ളത്തിലേക്ക് നോക്കി.
അവർ സ്വന്തം മുഖം കണ്ടില്ല.
പകരം മറ്റൊരു മുഖം.
പാവാടയിട്ട ഒരു ചെറിയ പെൺകുട്ടി.
മുടിയിൽ രണ്ട് റിബ്ബൺ.
കയ്യിൽ ഒരു പച്ചമാങ്ങ.
ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് നോക്കുന്ന ഒരു പെൺകുട്ടി.
റാഹേൽ കണ്ണടച്ചു.
“ഇവിടെയാണ് ഞാൻ വീണത്.”
ബേബി ചിരിച്ചു.
“നീ വീണതല്ല. നിന്നെ ഞാൻ തള്ളിയിട്ടതാണ്.”
“കള്ളം.”
“സത്യം.”
“നീ എന്നെ പേടിപ്പിച്ചതാണ്.”
“അത് വേറെ.”
യോനാഥൻ അവരെ നോക്കി.
എഴുപതുകളിൽ നില്ക്കുന്ന രണ്ടു സ്ത്രീകൾ പെട്ടെന്ന് കുട്ടികളായി മാറിയിരുന്നു.
അവന് ചിരി വന്നു.
അവൻ ആദ്യമായി മനസ്സിലാക്കി, വയസ്സാകുന്നത് ശരീരത്തിനാണ്. ഓർമ്മകൾക്ക് വയസ്സാകുന്നില്ല.
കാർ വീണ്ടും മുന്നോട്ട്.
“ഈ വഴിയിലൂടെ പോയാൽ പുഴ.”
ബേബിയുടെ ഹൃദയം പെട്ടെന്ന് ഇടിച്ചു.
പുഴയുടെ പേര് കേൾക്കുമ്പോൾ തന്നെ അവരുടെ ഉള്ളിൽ എന്തോ ഉണർന്നു.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വൃദ്ധൻ കൈ ഉയർത്തി.
“ഇവിടെ നിന്ന് ഇടത്തോട്ട്.”
പിന്നെ ഒരു ഇടവഴി.
വഴി ചുരുങ്ങി.
പഴയ വീടുകൾക്കിടയിൽ പുതിയ വീടുകൾ.
ഒരു വളവ്.
മറ്റൊരു വളവ്.
“ഇതാ.”
വൃദ്ധൻ പറഞ്ഞു.
കാർ നിർത്തി.
അപ്പോഴേക്കും മഴ തുടങ്ങി.
നെഗേവിൽ മഴ ഒരു അതിഥിയാണെങ്കിൽ
ചേന്ദമംഗലത്തെ മഴ അങ്ങനെയായിരുന്നില്ല.
അത് വീട്ടുകാരിയാണ്.
മുറ്റത്തിറങ്ങും.
തോട്ടിലൂടെ ഓടും.
തോടുകളെ നിറയ്ക്കും.
പുഴയെ പെരുപ്പിക്കും.
പഴയ ഓടുമേഞ്ഞ വീടുകളുടെ മേൽക്കൂരയിൽ വിരലുകൾകൊണ്ട് പഴയൊരു പാട്ടിന്റെ താളം കൊട്ടും.
കാറിന്റെ ഗ്ലാസിലൂടെ മഴത്തുള്ളികൾ ഒഴുകിയപ്പോൾ റാഹേൽ കണ്ണടച്ചു.
“ഈ മഴ...”
അവർ പതുക്കെ പറഞ്ഞു.
അത്ര മാത്രം.
പക്ഷേ ആ രണ്ടു വാക്കുകളിൽ അവരുടെ ബാല്യം മുഴുവൻ ഉണ്ടായിരുന്നു.
ബേബി ഇറങ്ങി.
റാഹേലും ഇറങ്ങി; യോനാഥനും.
അവർ ചുറ്റും നോക്കി.
@@@@@@@@@@@@@@@
അവരുടെ വേർപാടിനും ഒരു കഥയുണ്ടായിരുന്നു.
ചില കഥകളിൽ ഒരു വില്ലനുണ്ടാവണമെന്നില്ല.
അതൊരു വലിയ ദുരന്തവുമായിരിക്കില്ല.
ജീവിതത്തിന്റെ ചെറുചെറു
നിർബന്ധങ്ങൾ മാത്രം അതിൽ
മുന്നിട്ടു നില്ക്കും.
കുടുംബത്തിന്റെ തീരുമാനങ്ങൾ.
കാലത്തിന്റെ വിളി.
പുതിയ ജീവിതത്തിന്റെ സാധ്യത.
പഴയ ജീവിതത്തിന്റെ അനിശ്ചിതത്വം.
അങ്ങനെയാണ് മനുഷ്യർ പലപ്പോഴും സ്വന്തം നാട്ടിൽ നിന്ന് അകന്നുപോകുന്നത്.
ഒരു ദിവസം യാത്രയാകും.
അടുത്ത ദിവസം പുതിയൊരു രാജ്യം.
പിന്നെ പുതിയൊരു ഭാഷ.
പുതിയ വീടുകൾ.
പുതിയ മനുഷ്യർ.
പുതിയ ശീലങ്ങൾ.
അങ്ങനെ വർഷങ്ങൾ കടന്നുപോകും.
നെഗേവിൽ അവർ ജീവിതം പടുത്തുയർത്തി.
മരുഭൂമിയിൽ ഒരു ചെറിയ തോട്ടമുണ്ടാക്കി.
വെള്ളം സൂക്ഷിച്ചു.
ചെടികൾ നട്ടു.
വീടിന്റെ മുറ്റത്ത് മരം വളർത്തി.
മക്കൾ വളർന്നു.
അവരുടെ കുട്ടികളും വളർന്നു.
ബേബിയും റാഹേലും പലപ്പോഴും പരസ്പരം നോക്കി ചിരിച്ചു.
“നമ്മൾ വന്നത് ഇത്ര ദൂരത്തേക്കാണെന്ന് അന്ന് അറിഞ്ഞിരുന്നോ?”
റാഹേൽ ചോദിക്കും.
“അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നോ?”
ബേബി മറുപടി പറയും.
അവർ ചിരിക്കും.
പക്ഷേ ചിരിക്ക് പിന്നിൽ ഒരു ചെറിയ നിശ്ശബ്ദത ഉണ്ടാകും.
കാരണം മനുഷ്യൻ പുതിയൊരു ദേശത്തെ സ്നേഹിക്കുമ്പോഴും പഴയ ദേശത്തെ മറക്കേണ്ടതില്ല.
രണ്ടു മണ്ണുകളിലും വേരുകൾ പടരാം.
പക്ഷേ ആദ്യത്തെ വേര് എവിടെയാണെന്ന് ശരീരം മറക്കില്ല.
@@@@@@@@@@@@@@@@@@
“അദ്ദേഹം നിങ്ങളെ എങ്ങനെ തിരിച്ചറിഞ്ഞു ഗ്രാൻ്റ്മാ?” യോനാഥൻ്റെ ചോദ്യം.
ബേബി മാവിലേക്ക് നോക്കി.
“ചില മുഖങ്ങൾ പ്രായമാകില്ല.”
റാഹേൽ പതുക്കെ കൂട്ടിച്ചേർത്തു:
“അവയെ ഓർമ്മയാണ് സൂക്ഷിക്കുന്നത്.”
അവർ വീട്ടിലേക്ക് നടന്നു.
കാറ്റില്ലാതിരുന്നിട്ടും മാവിന്റെ ഇലകൾ പതുക്കെ അനങ്ങി.
അപ്പോൾ ബേബിക്ക് തോന്നി,
ഇത്രയും വർഷങ്ങൾക്കുശേഷം തങ്ങളെ തിരിച്ചറിഞ്ഞത് ആ വൃദ്ധൻ മാത്രമല്ല.
ഈ ഇടവഴിയും.
ഈ മാവും.
ഈ മഴയും.
ഈ പുഴയും.
ഈ മണ്ണും.
എല്ലാം അവരെ കാത്തുവെച്ചിരുന്നു.
അവർ മറന്നുപോയതായിരുന്നു.
ചേന്ദമംഗലം അവരെ മറന്നിരുന്നില്ല.
അടുത്ത ദിവസം അവർ പുഴയിലേക്ക് പോയി.
പുഴ മാറിയിരുന്നു.
കരകൾ മാറിയിരുന്നു.
വെള്ളത്തിന്റെ ഒഴുക്കും പഴയതുപോലെ ആയിരുന്നില്ല.
എങ്കിലും പുഴയുടെ ശബ്ദം പഴയതുതന്നെ.
ബേബി ചെരിപ്പ് അഴിച്ചു.
വെള്ളത്തിലിറങ്ങി.
റാഹേൽ അവളുടെ കൈ പിടിച്ചു.
“ശ്രദ്ധിക്കണം.”
“ഇനി വീണാൽ എഴുന്നേൽക്കാൻ സമയമെടുക്കും.”
“അന്ന് വീണതാരാണെന്ന് സമ്മതിക്കാത്തതുപോലെ തന്നെയല്ലേ?”
“അത് ചരിത്രത്തിൽ തീർപ്പാകാതെ കിടക്കുന്ന കേസാണ്.”
യോനാഥൻ ചിരിച്ചുകൊണ്ട് അവരുടെ പിന്നാലെ വെള്ളത്തിലിറങ്ങി.
തണുത്ത വെള്ളം അവന്റെ കാലുകളെ തഴുകി.
“ഇത് നെഗേവിൽ ഇല്ല.”
അവൻ പറഞ്ഞു.
ബേബി അവനെ നോക്കി.
“അതുകൊണ്ടാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്.”
യോനാഥൻ പുഴയിലേക്ക് നോക്കി.
അവന് പെട്ടെന്ന് തോന്നി,
ഈ വെള്ളം തന്റെ ഗ്രാൻഡ്മാമാരുടെ ബാല്യത്തിലൂടെ ഒഴുകിയതാണ്.
അവർ ഓടിയ വഴികളിലൂടെ.
അവർ കരഞ്ഞ രാത്രികളിലൂടെ.
അവർ ചിരിച്ച ഉച്ചകളിലൂടെ.
അവർ വിട്ടുപോയ വീടിന്റെ അരികിലൂടെ.
ഇപ്പോൾ അത് അവന്റെ കാലുകളെയും തഴുകുന്നു.
അവൻ ആ നിമിഷം ഒരു കാര്യം മനസ്സിലാക്കി.
വേരുകൾ കാണാൻ കഴിയില്ല. പക്ഷേ അവയില്ലാതെ ഒരു മരത്തിനും നിൽക്കാനുമാവില്ല.
തിരിച്ചുപോകുന്ന ദിവസം വന്നു.
വീണ്ടും വിമാനത്താവളം.
വീണ്ടും യാത്ര.
വീണ്ടും നെഗേവ്.
പക്ഷേ ഇത്തവണ അവരുടെ കൂടെ ചേന്ദമംഗലവും ഉണ്ടായിരുന്നു.
ബേബിയുടെ ബാഗിൽ മാവിൻചുവട്ടിൽ നിന്ന് എടുത്ത ഒരു ഉണങ്ങിയ ഇല.
റാഹേലിന്റെ ബാഗിൽ പഴയ വീട്ടുമുറ്റത്തെ കുറച്ച് മണ്ണ്.
യോനാഥന്റെ കൈയിൽ ഒരു ചെറിയ പച്ചമാങ്ങ.
അത് അവൻ മാവിൽ നിന്ന് പറിച്ചെടുത്തതല്ല.
ബേബിയാണ് അവന് കൊടുത്തത്.
“ഇത് എന്തിനാ?”
യോനാഥൻ ചോദിച്ചു.
“കൊണ്ടുപോ.”
“അവിടെ നട്ടാൽ മുളയ്ക്കുമോ?”
ബേബി ചിരിച്ചു.
“മണ്ണ് വേറെയായിരിക്കും.”
“അപ്പോൾ?”
അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.
“മുളച്ചില്ലെങ്കിലും കുഴപ്പമില്ല.”
പിന്നെ അവൾ പറഞ്ഞു:
“ഒരു വിത്തിന് മുളയ്ക്കാൻ കഴിയാത്തിടത്തും ഒരു ഓർമ്മയ്ക്ക് മുളയ്ക്കാനായേക്കും.”
യോനാഥൻ മാങ്ങ കൈയിൽ മുറുകെ പിടിച്ചു.
ആ രാത്രി ബേബിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
വീടിന്റെ രൂപം ഓർമ്മയില്ല.
വാതിലിന്റെ നിറം ഓർമ്മയില്ല.
മുറ്റത്തിന്റെ വലിപ്പം ഓർമ്മയില്ല.
പക്ഷേ പുട്ടിന്റെ മണം ഓർമ്മയുണ്ടായിരുന്നു.
അമ്മച്ചിയുടെ കൈകളുടെ മണം.
തേങ്ങയുടെ മണം.
വെളുത്ത അരിപൊടിയുടെ മണം.
അടുക്കളയിൽ നിന്നുയരുന്ന ചൂടിന്റെ മണം.
ശബത് പ്രഭാതത്തിൽ വീടിനകത്ത് നിറയുന്ന ആ പ്രത്യേക ഗന്ധം.
അത് ഭക്ഷണത്തിന്റെ
മണം മാത്രമായിരുന്നില്ല.
അത് വീടിന്റെ മണം ആയിരുന്നു.
അവൾ റാഹേലിനോട് പറഞ്ഞു:
“നിനക്ക് ഓർമ്മയുണ്ടോ?”
റാഹേൽ ഏറെ നേരം മിണ്ടിയില്ല.
“മണം ഓർമ്മയുണ്ട്.”
“വീട്?”
“ഇല്ല.”
രണ്ടുപേരും ചിരിച്ചു.
അത് ഒരു തോൽവിയുടെ ചിരിയായിരുന്നില്ല.
ഓർമ്മയ്ക്ക് പോലും പ്രായമാകുമെന്ന തിരിച്ചറിവിന്റെ ചിരിയായിരുന്നു.
അപ്പോഴാണ് റാഹേൽ പറഞ്ഞത്:
“നമ്മൾ വീടിനെ ഓർക്കുന്നില്ല.
പക്ഷേ വീട് നമ്മളെ ഓർക്കുന്നുണ്ടാകാം.”
അടുത്ത ദിവസം അവർ വീണ്ടും ആ പഴയ മാവിൻചുവട്ടിലെത്തി.
യോനാഥൻ മണ്ണിൽ ഇരുന്നു.
“Grandma, is this where you lived?”
ബേബി പറഞ്ഞു:
“അതെ... ഒരിക്കൽ.”
“Do you remember?”
അവൾ അവനെ നോക്കി.
“എല്ലാം ഓർമ്മയില്ല.”
“Then how do you know?”
ബേബി കുറച്ചുനേരം ആലോചിച്ചു.
“ചില കാര്യങ്ങൾ അറിയാൻ ഓർമ്മ വേണ്ട.”
അവൾ മാവിൻതടിയിൽ കൈവച്ചു.
“മണ്ണ് മതി. മണവും”
യോനാഥൻ ഒന്നും പറഞ്ഞില്ല.
അവൻ കുറച്ച് മണ്ണ് കൈയിൽ എടുത്തു.
ഇസ്രായേലിൽ ജനിച്ച ഒരു കുട്ടിയുടെ കൈയിൽ ചേന്ദമംഗലത്തിന്റെ മണ്ണ്.
അവന്റെ മുത്തശ്ശിയുടെ ബാല്യത്തിന്റെ മണ്ണ്.
അവന് അതിന്റെ ചരിത്രം അറിയില്ലായിരുന്നു.
പക്ഷേ അവൻ അത് സൂക്ഷിച്ചു.
മടങ്ങിപ്പോകുന്നതിന് മുമ്പ് യോനാഥൻ ബേബിയോട് വീണ്ടും ചോദിച്ചു:
“Grandma, can you make that puttu for me?”
ബേബി ചിരിച്ചു.
“നിനക്ക് പുട്ട് ഇഷ്ടമാണോ?”
“അതെ.”
“എങ്ങിനാ?”
യോനാഥൻ കുറച്ചുനേരം ചിന്തിച്ചു.
പിന്നെ പറഞ്ഞു:
“It tastes like home.”
ബേബി ഒന്നും പറഞ്ഞില്ല.
റാഹേൽ അവളെ നോക്കി.
അവരുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.
ഒരിക്കൽ ചേന്ദമംഗലത്തെ ഒരു ചെറിയ വീട്ടിൽ ശബത് രാവിലെയുണ്ടാക്കിയിരുന്ന ഒരു സാധാരണ ഭക്ഷണം, വർഷങ്ങൾക്കും കടലുകൾക്കും അതിരുകൾക്കും അപ്പുറം ഒരു പേരക്കുട്ടിയുടെ നാവിൽ വീണ്ടും വീട്ടിന്റെ രുചിയായി മാറുകയായിരുന്നു.
അന്ന് അവർ മനസ്സിലാക്കി,
വീട് എന്നത് ചിലപ്പോൾ ഒരു കെട്ടിടമല്ല.
ഒരു ദേശവുമല്ല.
ഒരു വിലാസവുമല്ല.
ഒരാളുടെ ബാല്യത്തിൽ പതിഞ്ഞുപോയ ഒരു മണം മാത്രം മതിയാകും അതിനെ തിരിച്ചു പിടിക്കാൻ.
@@@@@@@@@@@@@@@
ദുബായിലെ അൽ ബസ്താക്കിയയിൽ ഞാൻ ബേബിയെ കണ്ടിട്ട് അധികം ദിവസങ്ങളായിരുന്നില്ല.
അന്ന് അവരോടൊപ്പമുണ്ടായിരുന്ന യോനാഥനെ നോക്കുമ്പോൾ, ഈ കുട്ടി ഒരിക്കൽ തന്റെ മുത്തശ്ശിയുടെ ബാല്യത്തിന്റെ മണ്ണിൽ ഇരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അവർ പിരിഞ്ഞശേഷം വന്ന ഇമെയിലുകളിലൂടെയാണ് ആ യാത്രയുടെ ഓരോ വാതിലും എനിക്ക് തുറന്നത്.
ഒരു ദിവസം ബേബി എഴുതി:
“ഇന്ന് ഞങ്ങൾ പഴയ വീടിരുന്ന സ്ഥലം കണ്ടു.”
മറ്റൊരു ദിവസം:
“ഇന്ന് ഒരാൾ അപ്പച്ചനെ ഓർത്തെടുത്തു.”
അതിനുശേഷം:
“റാഹേലിന് അമ്മച്ചിയുടെ അടുക്കള ഓർമ്മ വന്നു.”
ഒടുവിൽ ഒരു ചെറിയ വരി:
“യോനാഥന് പുട്ട് വളരെ ഇഷ്ടമായി.”
ആ വരി വായിച്ചപ്പോൾ ഞാൻ ഏറെ നേരം ആലോചിച്ചു.
കഥ തുടങ്ങിയത് ദുബായിലായിരുന്നു.
അത് ചേന്ദമംഗലത്തിലേക്ക് പോയി.
അവിടെ നിന്ന് ഇസ്രായേലിലേക്കും വീണ്ടും ദുബായിലേക്കും തിരികെ വന്നു.
പക്ഷേ യഥാർത്ഥ യാത്ര നടന്നത് മറ്റൊരിടത്തായിരുന്നു.
ഒരു തലമുറയുടെ ഓർമ്മയിൽ നിന്ന് മറ്റൊരു തലമുറയുടെ ഓർമ്മയിലേക്ക്.
ശബത് അവസാനിക്കുമ്പോൾ യഹൂദരുടെ വീട്ടിൽ വിളക്കുകൾ അണയും.
പ്രാർത്ഥന അവസാനിക്കും
ആഴ്ച വീണ്ടും തുടങ്ങും.
പക്ഷേ ചില മണങ്ങൾ അങ്ങനെ അവസാനിക്കുന്നില്ല.
അവ കാലത്തിലൂടെ സഞ്ചരിക്കും.
ഒരു അമ്മച്ചിയുടെ അടുക്കളയിൽ നിന്ന് ഒരു കൊച്ചുമകന്റെ ഓർമ്മയിലേക്ക്.
ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക്.
ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്.
ബേബിയും റാഹേലും ചേന്ദമംഗലത്തിൽ നിന്ന് പോയി.
അവരുടെ മക്കൾ മറ്റൊരു ദേശത്ത് വളർന്നു.
യോനാഥൻ മറ്റൊരു ഭാഷയിൽ ബാല്യം ജീവിച്ചു.
എന്നിട്ടും ഒരു ദിവസം അവൻ തന്റെ മുത്തശ്ശിയുടെ നാട്ടിൽ ഇരുന്ന് പുട്ട് കഴിച്ചു.
അപ്പോൾ ഒരു വിദൂര ദേശം അവന് വീടായി തോന്നി.
അതാണ് ഒരു പക്ഷേ വേരുകളുടെ
ഏറ്റവും വലിയ രഹസ്യം.
മനുഷ്യർക്ക് ദേശം മാറാം.
ഭാഷ മാറാം.
വിലാസം മാറാം.
പക്ഷേ ഓർമ്മയുടെ മണ്ണിന് അതിരുകളില്ല.
ബേബി മടങ്ങിപ്പോയത് ഒരു പഴയ വീട്ടിലേക്കല്ലായിരുന്നു.
അവൾ മടങ്ങിപ്പോയത് തന്റെ ഉള്ളിൽ ഇത്രയും കാലം ജീവിച്ചിരുന്ന ഒരു മണത്തിലേക്കായിരുന്നു.
അമ്മച്ചിയുടെ അടുക്കളയിൽ നിന്ന് ഒരിക്കൽ ഉയർന്ന ആ പുട്ടിന്റെ മണം,
കടലുകൾ കടന്നു.
വർഷങ്ങൾ കടന്നു.
തലമുറകൾ കടന്നു.
ഒടുവിൽ യോനാഥന്റെ വാക്കുകളിൽ വീണ്ടും വീടായി:
“It tastes like home.”
അപ്പോൾ മനസ്സിലായി,
ചില മനുഷ്യർ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് കുടിയേറിപ്പോകുന്നു. പക്ഷേ അവരുടെ ഓർമ്മകൾ കുടിയേറുന്നില്ല.
അവ അവിടെത്തന്നെ കാത്തിരിക്കും.
ഒരു പഴയ മാവിൻചുവട്ടിൽ.
ഒരു മഴയുടെ മണത്തിൽ.
ഒരു അമ്മച്ചിയുടെ വിളിയിൽ.
അല്ലെങ്കിൽ,
ഒരു ശബത് നാളിലെ പുട്ടിൽ.
വിമാനം ഉയർന്നു.
ചേന്ദമംഗലം താഴേക്ക് ചെറുതായി.
പുഴ ഒരു വെള്ളിനൂൽ പോലെ.
വഴികൾ വരകൾ പോലെ.
വീടുകൾ പൊട്ടുകൾ പോലെ.
ബേബി ജനലിലൂടെ പുറത്തേക്ക് നോക്കി.
റാഹേൽ കണ്ണുകൾ അടച്ചു.
യോനാഥൻ അവരുടെ ഇടയിൽ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞ് അവൻ ചോദിച്ചു:
“ഗ്രാൻഡ്മാ...”
“എന്താ?”
“നമ്മൾ വീണ്ടും വരുമോ?”
ബേബി മറുപടി പറഞ്ഞില്ല.
റാഹേലും പറഞ്ഞില്ല.
അവർ പരസ്പരം നോക്കി.
ഈ പ്രായത്തിൽ മനുഷ്യൻ ചില സ്ഥലങ്ങളിൽ നിന്ന് മടങ്ങുമ്പോൾ, വീണ്ടും വരാനുള്ള ഉറപ്പ് കൈയിൽ കരുതാറില്ല.
പക്ഷേ ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു.
ചേന്ദമംഗലം ഇനി ഒരിക്കലും അവരിൽ നിന്ന് പോകില്ല.
മഴയുടെ മണം പോലെ.
പുഴയുടെ തണുപ്പ് പോലെ.
കുളത്തിലെ പഴയ വെള്ളത്തിന്റെ ഓർമ്മ പോലെ.
മാവിന്റെ തണൽ പോലെ.
ഒരു പഴയ ഇടവഴി പെട്ടെന്ന് തിരിഞ്ഞുനോക്കി
“നിങ്ങളെ ഞാൻ മറന്നിട്ടില്ല.”
എന്ന് പറയുന്നതുപോലെ.
വിമാനം മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു.
ചേന്ദമംഗലം കണ്ണിൽ നിന്ന് മറഞ്ഞു.
പക്ഷേ ബേബിയുടെ മനസ്സിൽ ആ മാവ് ഇപ്പോഴും നിന്നിരുന്നു.
റാഹേലിന്റെ ഉള്ളിൽ പുഴ ഇപ്പോഴും ഒഴുകുകയായിരുന്നു.
യോനാഥന്റെ കൈയിൽ ആ പച്ചമാങ്ങ ഇപ്പോഴും ഉണ്ടായിരുന്നു.
ഒരുപക്ഷേ, നെഗേവിലെ വീട്ടുമുറ്റത്ത് ഒരിക്കൽ അതിന്റെ വിത്ത് മണ്ണിൽ വീഴും.
മുളയ്ക്കുമോ എന്നറിയില്ല.
ഒരു മാവ് വളരുമോ എന്നറിയില്ല.
പക്ഷേ അതിന്റെ നിഴലിൽ ഒരിക്കൽ യോനാഥൻ ഇരിക്കുമ്പോൾ, അവന്റെ ഗ്രാൻഡ്മാമമാർ നടന്നിരുന്ന ആ പഴയ ഇടവഴിയും, മഴയും, തോടും, കുളവും, പുഴയും, ചേന്ദമംഗലത്തിന്റെ മണ്ണും അവന്റെ ഓർമ്മയിൽ വീണ്ടും മുളച്ചുവരും.
അപ്പോൾ അവൻ തിരിച്ചറിയും,
മനുഷ്യർ ദേശങ്ങൾ മാറാം.
ഭാഷകൾ മാറാം.
വീടുകൾ മാറാം.
ജീവിതങ്ങൾ മാറാം.
പക്ഷേ വേരുകൾക്ക് ദേശാന്തരമില്ല.
അവ മണ്ണിനടിയിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും.
ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക്.
ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക്.
ഒരു പഴയ മാവിൽ നിന്ന് ഒരു പച്ചമാങ്ങയിലേക്ക്.
അങ്ങനെ, ഏറെ ദൂരെയുള്ള നെഗേവിലെ ഒരു ചെറിയ വീട്ടുമുറ്റത്ത് പോലും, ഒരു ദിവസം ചേന്ദമംഗലത്തിന്റെ മഴ പെയ്യാൻ തുടങ്ങും.
കാറ്റില്ലാത്ത സമയത്തും.
മരത്തിന്റെ ഇലകൾ പതുക്കെ അനങ്ങും.
ആരും കാണാതെ.
ആരും അറിയാതെ.
✍️ നജീബ് കടമ്പോട്ട്.

