22 September 2026 · 4 min read
തകരച്ചെണ്ടയുടെ മുഴക്കം.
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
തകരച്ചെണ്ടയുടെ മുഴക്കം.
മ്യൂണിക്കിലുള്ള മകളുടെ അടുക്കൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സമയം തെറ്റിയിരുന്നു. ജനലിനപ്പുറം ബവേറിയൻ മഞ്ഞ് ഇളം ചാരനിറത്തിൽ പെയ്യുന്നുണ്ടായിരുന്നു. ഞാനും ഭാര്യയും മകളെയും അവളുടെ ഒരു വയസ്സാകാറായ കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ഇറങ്ങി. ഞങ്ങളുടെ അടുത്ത ലക്ഷ്യം ആംസ്റ്റർഡാം ആയിരുന്നു, പക്ഷേ നേരിട്ടല്ല. മ്യൂണിക്കിൽ നിന്ന് മാഡ്രിഡിലേക്ക്, അവിടെ നിന്ന് മറ്റൊരു ചിറകിലേക്ക് മാറിക്കയറി ഷിഫോളിലേക്ക്. മ്യൂണിക്കിൽ ഇതാദ്യമായിരുന്നില്ല. പക്ഷെ ആംസ്റ്റർഡാമിൽ മകൻ പാർപ്പു തുടങ്ങിയിട്ട് ആറ് മാസമേ ആവുന്നുള്ളു.
മാഡ്രിഡിൽ സ്റ്റേ ഓവർ ഇല്ല. പേരിന് മാത്രം ഒരു ട്രാൻസിറ്റ്. രണ്ട് ഫ്ലൈറ്റുകൾക്കിടയിൽ ശ്വാസം എടുക്കാൻ പോലും സമയമില്ലാത്ത ഒരു ഓട്ടം.
പക്ഷേ മ്യൂണിക്കിൽ നിന്നുള്ള വിമാനം താമസിച്ചു. സ്ക്രീനിൽ ചുവന്ന അക്ഷരത്തിൽ DELAYED എന്ന് തെളിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി. മാഡ്രിഡിലെ ബരാഹസ് എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ കാലുകൾക്ക് ചിറകുണ്ടായിരുന്നുവെന്ന് തോന്നി. ഭാര്യയുടെ കൈ പിടിച്ച്, ഹാൻഡ് ലഗേജ് നെഞ്ചോട് ചേർത്ത് ഞങ്ങൾ ബോർഡിംഗ് ഗേറ്റിലേക്ക് പറക്കുകയായിരുന്നു. കോറിഡോറുകൾ, എസ്കലേറ്ററുകൾ, അപരിചിതമായ അനൗൺസ്മെന്റുകൾ. ബോർഡിംഗ് ഗേറ്റിൽ എത്തുമ്പോഴേക്കും അവസാന വിളി കഴിഞ്ഞിരുന്നു. ആംസ്റ്റർഡാമിലേക്കുള്ള വാതിൽ അടയാൻ തുടങ്ങുകയായിരുന്നു.
കിതച്ചുകൊണ്ട് അകത്ത് കയറി സീറ്റ് കണ്ടുപിടിച്ച് ഇരുന്നപ്പോൾ വിമാനം തന്നെ ഞങ്ങളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.
എന്റെ അരികിൽ വിൻഡോ സീറ്റിൽ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു. മുപ്പതുകളുടെ തുടക്കം. ചെമ്പൻ മുടി, നീലക്കണ്ണുകൾ. മടിയിൽ ഒരു പഴയ പുസ്തകം - ഗുന്തർ ഗ്രാസിന്റെ The Tin Drum. അവൻ പുസ്തകം മടക്കി, എന്നെ നോക്കി പുഞ്ചിരിച്ചു.
"ബ്രാം," അവൻ പറഞ്ഞു. "അബ്രഹാം. ചുരുക്കി ബ്രാം."
ഞാനും ഭാര്യയും ഞങ്ങളെ പരിചയപ്പെടുത്തി. മ്യൂണിക്കിൽ നിന്ന് വരുന്നു, മകൾ അവിടെയുണ്ട്, ഇപ്പോൾ ആംസ്റ്റർഡാമിലേക്ക് എന്നൊക്കെ പറഞ്ഞു.
അവൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം കണ്ടപ്പോൾ എന്റെ ഉള്ളിൽ എവിടെയോ മറന്നു കിടന്നിരുന്ന ഒരു തുരുത്ത് തെളിഞ്ഞു. വർഷങ്ങൾക്ക് മുമ്പ്, എവിടെയോ വെച്ച് വായിച്ചതിന്റെ നേർത്ത ഓർമ്മ. ഞാൻ എന്റെ ദുർബ്ബലമായ ഇംഗ്ലീഷിൽ, പിടഞ്ഞു പിടഞ്ഞു പറയാൻ തുടങ്ങി.
"ഓസ്കർ... ഓസ്കർ മറ്റ്സെറാത്ത്..."
ബ്രാമിന്റെ കണ്ണുകൾ തിളങ്ങി.
"നിങ്ങൾ ഓസ്കറിനെ ഓർക്കുന്നുണ്ടോ?"
ആ രണ്ടര മണിക്കൂർ ഞങ്ങൾ ഓസ്കറിനെക്കുറിച്ച് സംസാരിച്ചു. മൂന്നു വയസ്സിൽ വളരാൻ വിസമ്മതിച്ച ആ കുട്ടി. ലോകത്തിന്റെ കാപട്യത്തോടുള്ള പ്രതിഷേധമായി തന്റെ തകരച്ചെണ്ട കൊട്ടിക്കൊണ്ടിരുന്നവൻ. അലറിപ്പൊളിച്ച നിലവിളി കൊണ്ട് ഗ്ലാസുകൾ പൊട്ടിച്ചവൻ. നാസികളുടെ റാലിയിൽ തന്റെ ചെണ്ട കൊട്ടി അവരുടെ മാർച്ചിന്റെ താളം തെറ്റിച്ചവൻ.
ഞാൻ ചോദിച്ചു, യൂറോപ്പിൽ മിക്കവാറും രാജ്യങ്ങളും സ്വന്തം ഭാഷയിൽ മാത്രം അഭിമാനിക്കുമ്പോൾ ഡച്ചുകാർ ഇംഗ്ലീഷിനോട് ഇത്ര സ്നേഹം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന്.
ബ്രാം ചിരിച്ചു.
"ഞങ്ങൾ ചെറിയ രാജ്യമല്ലേ. മറ്റുള്ളവരെ കേൾക്കാൻ ഞങ്ങൾക്ക് ഇംഗ്ലീഷ് വേണം. അല്ലെങ്കിൽ ആരും ഞങ്ങളെ അറിയാതെ പോകും."
സംസാരം പതിയെ ചരിത്രത്തിലേക്ക് വഴുതി. ഞാൻ ചുരുക്കത്തിൽ പറഞ്ഞു.
നാല് നൂറ്റാണ്ട് മുമ്പ് ബ്രാമിൻ്റെ മുത്തച്ഛന്മാർ നമ്മുടെ നാട്ടിൽ വന്ന കഥ. കൊടുങ്ങല്ലൂരിന്റെ അഴിമുഖത്ത്, കൊച്ചിയുടെ കായലിൽ, ഡച്ച് പതാക പാറിയ കഥ. കോട്ടകൾ, കുരുമുളക്, കീഴടക്കലുകൾ.
അത് കേട്ടതും ബ്രാമിന്റെ മുഖം ചുവന്നു. അവൻ ശരിക്കും വിഷമിച്ചു.
"സോറി. ഐ ആം സോ സോറി. എന്റെ പൂർവ്വപിതാക്കൾ ചെയ്തതിന്..."
ഞാൻ അവന്റെ തോളിൽ തൊട്ടു. "നീ എന്തിന് സോറി പറയണം, ബ്രാം? ചരിത്രമെന്നത് നിന്റെ കുറ്റമല്ലല്ലോ."
അപ്പോഴാണ് അത് സംഭവിച്ചത്.
ഞങ്ങൾക്കിടയിലെ ആ ചെറിയ ട്രേ ടേബിളിൽ, ബ്രാമിന്റെ Tin Drum പുസ്തകം പെട്ടെന്ന് ഒന്നു വിറച്ചു. കാറ്റില്ലാതെ തന്നെ ഒരു താൾ മറിഞ്ഞു.
പിന്നെ, വിമാനത്തിൻ്റെ ഇടനാഴിയിൽ, ഒരിക്കലും മൂന്നു വയസ്സിൽ കൂടുതൽ വളരാത്ത ഒരു കുട്ടി പ്രത്യക്ഷപ്പെട്ടു. ചുവന്ന തകരച്ചെണ്ട തോളിൽ തൂക്കി, വരയൻ ഷർട്ടിട്ട്.
ഓസ്കർ മറ്റ്സെറാത്ത്.
വിമാനത്തിലെ ആരും അവനെ കണ്ടില്ല. എയർഹോസ്റ്റസ് ഭക്ഷണ ട്രോളി തള്ളി അവനിലൂടെ കടന്നുപോയി. ഞാനും ബ്രാമും മാത്രം അവനെ കണ്ടു.
ഓസ്കർ തന്റെ ചെണ്ടയിൽ ഒന്നു കൊട്ടി. ടം. ടം. ടം.
"നിങ്ങൾ രണ്ടുപേരും എന്തൊരു ബോറൻ ചരിത്ര ക്ലാസ്സ് നടത്തുകയാണ്," അവൻ ജർമ്മൻ കലർന്ന ഇംഗ്ലീഷിൽ പറഞ്ഞു,
ശബ്ദം കുട്ടിയുടേത്, പക്ഷേ സ്വരം നൂറു വയസ്സുള്ളവൻ്റെതുപോലെ.
"ഒരാൾ സോറി പറയുന്നു. മറ്റേയാൾ സാരമില്ല എന്നു പറയുന്നു. എത്ര എളുപ്പം!"
ബ്രാം അമ്പരന്ന് എന്നെ നോക്കി. ഞാനും.
അവൻ ജനാലയിലൂടെ താഴേക്ക് നോക്കി. മേഘങ്ങൾക്കടിയിൽ യൂറോപ്പ് ഇരുണ്ടു കിടപ്പുണ്ടായിരുന്നു. ഓസ്കർ തുടർന്നു.
"ഞാൻ ഡാൻസിഗിൽ ചെണ്ട കൊട്ടിയപ്പോൾ ലോകം എന്നെ കള്ളം പറയുന്നവൻ എന്നു വിളിച്ചു. നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്? മുകളിൽ നിന്ന് നോക്കൂ. അതിർത്തികൾ. മതിലുകൾ. ഞാൻ കണ്ട അതേ യൂണിഫോമുകൾ പോലും പുതിയ നിറത്തിൽ തിരിച്ചു വന്നിരിക്കുന്നു. കുട്ടികൾ ഇപ്പോഴും കടലിൽ മുങ്ങുന്നു, നിങ്ങൾ 'മൈഗ്രേഷൻ ക്രൈസിസ്' എന്നു പേരിട്ട് വാർത്ത വായിക്കുന്നു. എന്റെ കാലത്ത് ഗ്യാസ് ചേമ്പറുകൾ ഉണ്ടായിരുന്നു, ഇപ്പോൾ നിങ്ങൾക്ക് ബോംബിട്ടു തകർക്കാൻ ഡ്രോണുകൾ ഉണ്ട്. എല്ലാം കൂടുതൽ വൃത്തിയായി, കൂടുതൽ ദൂരെ നിന്ന്."
അവൻ ബ്രാമിനു നേരെ തിരിഞ്ഞു.
"നീ സോറി പറഞ്ഞത് നിന്റെ മുത്തച്ഛൻ കൊടുങ്ങല്ലൂരിൽ ചെന്ന് കുരുമുളക് കട്ടതിന് മാത്രമാണോ? അതോ ഇന്നലെ മെഡിറ്ററേനിയനിൽ മുങ്ങിയ ബോട്ടിന് കൂടിയാണോ? സോറി പറഞ്ഞാൽ തീരുന്നതാണോ കൊളോണിയലിസത്തിൻ്റെ ക്രൂരതകൾ, ബ്രാം?"
ബ്രാം വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു, "പിന്നെ ഞാൻ എന്തു ചെയ്യണം?"
ഓസ്കർ ചിരിച്ചു. ഗ്ലാസ് പൊട്ടുന്ന ചിരി.
"ചെണ്ട കൊട്ടുക! എല്ലാവരും മാർച്ച് ചെയ്യുമ്പോൾ നീ താളം തെറ്റിക്കുക! അതാണ് ഞാൻ ചെയ്തത്."
അവൻ എനിക്കു നേരെ തിരിഞ്ഞു.
"പിന്നെ നിങ്ങൾ, ... നിങ്ങൾ എന്തിനാണ് ഓടുന്നത്? മ്യൂണിക്കിൽ നിന്ന് മാഡ്രിഡിലേക്ക്, മാഡ്രിഡിൽ നിന്ന് ആംസ്റ്റർഡാമിലേക്ക്. മകൾ ടടുത്തൂന്ന് മകൻ്റെടുത്തേക്ക്. എല്ലാവരും ഓടുകയാണ്. പക്ഷേ ആരും വളരാൻ കൂട്ടാക്കുന്നില്ല. എന്നെപ്പോലെ."
വിമാനം ഷിഫോളിലേക്ക് താഴാൻ തുടങ്ങിയിരുന്നു. ലൈറ്റുകൾ മങ്ങി. സീറ്റ് ബെൽറ്റ് സൈൻ തെളിഞ്ഞു.
ഓസ്കർ അവസാനമായി ഒന്നുകൂടി ചെണ്ട കൊട്ടി. ആ ശബ്ദം വിമാനത്തിന്റെ എഞ്ചിന്റെ മുഴക്കത്തെ പോലും മറികടന്നു.
"ഞാൻ തിരിച്ചു പോക്‌വേണ്, പുസ്തകത്തിലേക്ക് തന്നെ. കാരണം പുറത്തെ ലോകം ഇപ്പോഴും പുസ്തകത്തിനുള്ളിലെ ലോകത്തെപ്പോലെ തന്നെ ഭയാനകമായി തുടരുന്നുവെങ്കിൽ എന്ത് വ്യത്യാസം?."
അടുത്ത നിമിഷം അവൻ ഇല്ലായിരുന്നു. ട്രേ ടേബിളിൽ പുസ്തകം മാത്രം. അതിന്റെ ഒരു താൾ പകുതി മടങ്ങിയിരുന്നു.
ഞങ്ങൾ ഷിഫോളിൽ ഇറങ്ങി. ബ്രാം എഴുന്നേറ്റ് തന്റെ ബാഗ് എടുത്തു. ഇറങ്ങുന്നതിനു മുമ്പ് അവൻ എന്റെ കൈ പിടിച്ചു.
"താങ്ക് യൂ," അവൻ പറഞ്ഞു. "ഓസ്കറിന് വേണ്ടിയും."
ഞാനും ഭാര്യയും ആ വലിയ എയർപോർട്ടിന്റെ തിരക്കിലേക്ക് നടന്നു. പിന്നിൽ നിന്ന് എവിടെ നിന്നോ ഒരു തകരച്ചെണ്ടയുടെ നേർത്ത മുഴക്കം ഇപ്പോഴും കേൾക്കുന്നുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നി. ടം. ടം. ടം.
✍️നജീബ് കടമ്പോട്ട്.

