15 September 2026 · 9 min read

അമ്പത്തഞ്ച് വർഷമായി മുഴങ്ങുന്ന ആ വെടിയൊച്ച : അഹമ്മുവും അബ്ദുൽ ഖാദറും

ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice

1971-72 അധ്യയന വർഷം.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.
ഞങ്ങളുടെ ക്ലാസ് സ്കൂൾ കോമ്പൗണ്ടിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഓടുമേഞ്ഞ ഒരു ഒറ്റനിരക്കെട്ടിടത്തിലായിരുന്നു. ജനൽ തുറന്നാൽ സ്കൂൾ ജംഗ്ഷന്റെ പ്രധാനഭാഗം കാണാം. ആ കുഞ്ഞുലോകത്തെ അങ്ങാടിയെന്നോ ബസാർ എന്നോ ആരും വിളിച്ചിരുന്നില്ല. എല്ലാവർക്കും അതു “സ്കൂളിന്റെ അവിടം” മാത്രമായിരുന്നു.

മാനേജരുടെ റേഷൻകട മുതൽ വടക്കോട്ട് ആറേഴു കടകൾ. മാനേജരും പെട്ടിക്കാട്ടിൽ കുമാരേട്ടനും ചേർന്ന് നടത്തിയിരുന്ന ഐശ്വര്യമുള്ള പലചരക്കുകട, ഒരു ബാർബർ ഷാപ്പ്, അസിയുടെ ചായക്കട, ചിദംബരന്റെ സൈക്കിൾക്കട, അലിയുടെ പലചരക്കുകട. റേഷൻകടയോടു ചേർന്ന് ചെറിയൊരു ജവുളിക്കട. അതിന്റെ വരാന്തയിൽ രണ്ടു തയ്യൽക്കാർ—ചെറുപ്പക്കാരനായ ഇബ്രാഹിമും തീരെ പ്രായം ചെന്ന ബീരാവു ആശാനും.

അതിനടുത്തുള്ള അലിക്കാടെ ചായക്കടയിൽ പൊറോട്ടയും ഇറച്ചിയും മാത്രമല്ല, ഉച്ചയൂണും കിട്ടുമായിരുന്നു.

മറുവശത്ത് വാസുവിന്റെ ചായക്കട. പത്തു പൈസയ്ക്ക് ഒരു പ്ലേറ്റ് കപ്പസ്റ്റ്യൂവും മൂന്നു പൈസയ്ക്ക് ഒരു പപ്പടം പൊരിച്ചതും കിട്ടിയിരുന്ന കാലം.

പിന്നെ മണിയൻ ചേട്ടന്റെ ചായക്കട, കാട്ടുപറമ്പിൽ അബുക്കാന്റെ പലചരക്കുകട, മുക്രി അബുക്കാന്റെ പെട്ടിക്കട, തുപ്രസ്വാമിയുടെ സൈക്കിൾക്കട, കൊച്ചുണ്ണിക്കാടെ സ്റ്റേഷനറിക്കട, കൃഷ്ണത്തട്ടാന്റെ സ്വർണക്കട, മമ്മുക്കാന്റെ തയ്യൽക്കട, ലത്തീഫ്ക്കാടെ ഷാജി ബേക്കറി. റേഷൻകടയുടെ മുന്നിൽ രണ്ടുമൂന്നു പേർ മീൻ വിൽക്കും.

സ്കൂൾ കൂടിയുള്ളതുകൊണ്ട് ആ കവല എപ്പോഴും ഉണർന്നു കിടക്കും.

പക്ഷേ, 1971 സെപ്റ്റംബർ 17-ന് ആ കവലയുടെ ശബ്ദം പെട്ടെന്ന് മാറി.

വെള്ളിയാഴ്ചയായിരുന്നു.

മാർക്സിസം പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. ആഹ്വാനം ചെയ്ത അഖിലേന്ത്യാ പഠിപ്പുമുടക്ക്. എറിയാട് സ്കൂളിൽ അതൊരു വലിയ സമരമായി മാറാനുള്ള സംഘടനാശേഷി അന്ന് എസ്.എഫ്.ഐക്കുണ്ടായിരുന്നില്ല. അതുകൊണ്ട് രാവിലെ സ്കൂളിലെ കാര്യങ്ങൾ പതിവുപോലെ തന്നെയായിരുന്നു.

വെള്ളിയാഴ്ചയായതിനാൽ 9.30-നാണ് ക്ലാസ് തുടങ്ങിയത്.
രണ്ട് പീരിയഡ് കഴിഞ്ഞു.
ഇന്റർവെൽ.
11 മണി.
പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച രാവിലെ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു.
റോഡ് നിറയെ ആളുകൾ.
എല്ലാം മുഖപരിചയമില്ലാത്തവർ. മറ്റേതോ ദേശത്തുനിന്ന് വന്നവരെപ്പോലെ തോന്നിക്കുന്ന മുഖങ്ങൾ. കുട്ടികളായ ഞങ്ങൾക്ക് പേടി തോന്നാൻ മാത്രം കടുപ്പമുള്ള ഭാവങ്ങളാണവർക്ക്. അവർ കോൺഗ്രസ്സുകാരാണോ സി.പി.എമ്മുകാരാണോ എന്നൊന്നും തിരിച്ചറിയാനുള്ള ശേഷിയൊന്നും ഞങ്ങൾ ക്കുണ്ടായിരുന്നില്ല. പക്ഷെ സാമൂഹൃവിരുദ്ധരായ ആളുകളാണവരെന്ന് ഒറ്റനോട്ടത്തിലേ ആർക്കും മനസ്സിലാവുന്ന മുഖഭാവങ്ങളായിരുന്നു അവർ ഏവർക്കും .
ഇൻ്റർവെൽ സമയം തീരും മുമ്പേ
പെട്ടെന്ന് ബെല്ലടിച്ചു.

പുറത്തെ കാര്യങ്ങൾ നന്നായി മനസ്സിലാക്കിയ മാഷ് പടിഞ്ഞാറുവശത്തെ രണ്ടു ജനലുകളും വലിച്ചടച്ചു.
പക്ഷേ ഞങ്ങൾ കൗതുകം വിട്ടുകളയുന്ന പ്രായത്തിലായിരുന്നില്ല.
ജനൽപ്പാളിയുടെ വിടവിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.
റേഷൻകടയുടെ മുന്നിൽ ഒരു തെരുവുയുദ്ധം പോലെ.
എസ്.എഫ്.ഐ. നേതാവായിരുന്ന ഷെല്ലി പടിയത്തിനെ ഒരു സംഘം കോൺഗ്രസ്സുകാർ മർദ്ദിച്ചവശനാക്കുന്നു. ഉന്തുംതള്ളും, ആക്രോശങ്ങളും. പെട്ടെന്ന് ആളുകൾ ഓടുന്നു. പിന്നെ തിരിച്ചോടുന്നു.
ആ പ്രക്ഷുബ്ധമായ ആൾക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾക്ക് സുപരിചിതനായ ഒരു ആജാനുബാഹു.
എല്ലാവരും “പി.കെ.” എന്നു വിളിക്കുന്ന പി.കെ. അബ്ദുൽ ഖാദർ.
അന്ന് എം.എൽ.എ. അല്ലെങ്കിലും നാട്ടുകാരുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും പി.കെ. എന്ന MLA തന്നെയായിരുന്നു.

കൂടെ കുടുംബക്കാരായ കുറച്ചുപേരുമുണ്ട്.

ആളുകൾ അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു.

റേഷൻകടയുടെ വരാന്തയിലെ മണ്ണെണ്ണവീപ്പക്ക് പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്ന കൊച്ചുക്കയെ കണ്ടപ്പോൾ ഞങ്ങൾ ചിരി വന്നു.

അത് ചിരിക്കാൻ പാടില്ലാത്ത ഒരു നിമിഷമായിരുന്നെന്ന് അറിയാത്തതുകൊണ്ടായിരുന്നു ആ ചിരി എന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി.

സംഘർഷത്തിനിടെ കത്തിയെടുത്ത ഒരാളെ പി.കെ. പിടിച്ചുനിർത്തുന്നത് ഞങ്ങൾ കണ്ടു.

പിന്നെ—

കേട്ടത് വെടിയൊച്ചകളായിരുന്നു.

ഇടക്കെപ്പൊഴോ തുറന്നിരുന്ന ജനലിലൂടെ ഞങ്ങൾ കാണുന്നുണ്ടായിരുന്നു.

ആൾക്കൂട്ടത്തിനു മുന്നിൽ പി.കെ. വീഴുന്നു.

വീണ്ടും വെടിയൊച്ച.

“ജനലടയ്ക്ക്!”

മാഷ് അലറി.

പേടിച്ചരണ്ട ഞങ്ങൾ പുസ്തകങ്ങളെടുത്ത് വീടുകളിലേക്ക് ഓടാൻ തയ്യാറായി പുറത്തേക്കിറങ്ങി. പില്ക്കാലത്ത്

തിരിഞ്ഞു നോക്കുമ്പോൾ തോന്നിയിട്ടുണ്ട് അത്രയും സംഘർഷഭരിതമായ ഒരു തെരുവിലേക്ക് അന്നേരം കുട്ടികളെ പുറത്തിറക്കാൻ പാടില്ലായിരുന്നു.

ആളുകൾ പരസ്പരം കടിച്ചുകീറുന്ന പോലെയായിരുന്നു.

ഒരു തെരുവുയുദ്ധം തന്നെ.

മുന്നോട്ടു നടക്കുന്തോറും ആളുകൾ ചെറിയ ചെറിയ കൂട്ടങ്ങളായി നിൽക്കുന്നു. സംസാരിക്കുന്നത് പതിഞ്ഞ സ്വരത്തിൽ.

ആരൊക്കെയോ പറയുന്നത് കേട്ടു

വലതുകണ്ണിനരികിൽ ഒന്ന്.

വായിൽ ഒന്ന്.

വയറ്റിൽ ഒന്ന്.

പിന്നിൽ, അരക്കെട്ടിനരികിൽ ഒന്ന്.

നാല് വെടിയുണ്ടകൾ.

അതിനിടയിലാണ് മറ്റൊരു വാർത്ത കൂടി കേട്ടത്.

എന്തോ ആവശ്യത്തിനായി പി.കെ.യെ കാണാൻ വന്ന അഹമ്മു എന്ന ചെറുപ്പക്കാരനും വെടിയേറ്റിട്ടുണ്ട്.

കഴുത്തിൽ.

വെടിയേറ്റ പാടെ ചോരയൊലിപ്പിച്ച് അയാൾ വടക്കോട്ട് ഓടിയത്രെ.

ഒരു ഫർലോംഗിലേറെ.

അവിടെ കുഴഞ്ഞുവീണ അയാളെ ആളുകൾ കണ്ടെത്തി തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

പി.കെ.യെ കൊടുങ്ങല്ലൂർ ആശുപത്രിയിലും.

അന്ന് എട്ടാം ക്ലാസ്സുകാരായ ഞങ്ങൾക്ക് അത്രയേ അറിയുമായിരുന്നുള്ളൂ.

ഒരു വെടിയൊച്ച.

ഒരു വീഴ്ച.

ഒരു ഓട്ടം.

പിന്നെ വീടുകളിലേക്ക് പാഞ്ഞുപോയ കുട്ടികൾ.

ആരായിരുന്നു പി.കെ.?

ആ വെടിയുണ്ടകൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിയ പി.കെ. അബ്ദുൽ ഖാദർ എന്ന രാഷ്ട്രീയക്കാരനെ അന്നത്തെ കുട്ടികളായ ഞങ്ങൾക്ക് അറിയുമായിരുന്നില്ല.

അന്ന് ഞങ്ങളുടെ കൺമുന്നിൽ നടന്നത് ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും ഒരു സംഭവമായിരുന്നു.

അതിനു പിന്നിലെ മനുഷ്യനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെയും തിരിച്ചറിയാൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു.

കാലം കടന്നുപോയപ്പോഴാണ് ആ മനുഷ്യന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാനും സ്വന്തം നിലയിൽ അതിനെ വിലയിരുത്താനും ഞങ്ങൾക്ക് കഴിഞ്ഞത്.

1921 മാർച്ച് 17-ന് എറിയാട് പടിയത്ത് മണപ്പാട്ട് തറവാട്ടിൽ ജനിച്ച പി.കെ., കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകൻ.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു.

പിന്നീട് കോൺഗ്രസ്സിന്റെ

സമരമുഖങ്ങളിൽ സജീവ സാന്നിധ്യമായി.

1954-ലും 1961-ലും കൊടുങ്ങല്ലൂരിൽ നിന്ന് നിയമസഭയിലെത്തി.

അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജവഹർലാൽ നെഹ്റു തന്നെ കൊടുങ്ങല്ലൂരിലെത്തിയ കഥ ഇന്നും പഴമക്കാർ പറയാറുണ്ട്.

1960 മുതൽ 1963 വരെ തൃശൂർ ഡി.സി.സി. പ്രസിഡന്റായിരുന്നു.

ഇന്നത്തെ രാഷ്ട്രീയത്തിലെ ഒരു സംഘടനാ പദവി മാത്രമായിരുന്നില്ല അന്നത്തെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം. ജില്ലയിൽ കോൺഗ്രസ്സിന്റെ പ്രധാന തീരുമാനങ്ങളിലൊക്കെയും നിർണായക സ്വാധീനമുള്ള സ്ഥാനമായിരുന്നു അത്.

അതിനൊപ്പം പി.കെ. കെ.പി.സി.സി. അംഗവുമായിരുന്നു.

ഇവിടെയാണ് പിന്നീട് കേരളത്തിലെ കോൺഗ്രസ്സിന്റെ ചരിത്രത്തെ തന്നെ സ്വാധീനിച്ച മറ്റൊരു അധ്യായം ആരംഭിക്കുന്നത്.

1950-കളിലെ കൊടുങ്ങല്ലൂർ കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്നില്ല.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന പ്രദേശം.

ഇന്ത്യയിൽ ബാലറ്റിലൂടെ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി വിജയിച്ച മണ്ഡലമായ കൊടുങ്ങല്ലൂരിൽ നിന്നുതന്നെ ആ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് പി.കെ. 1954-ൽ നിയമസഭയിലെത്തിയത്.

1961-ൽ വീണ്ടും അതേ

മണ്ഡലത്തിൽ നിന്ന് ജയിച്ചു.

അത് അദ്ദേഹത്തിന്റെ ജനകീയ സ്വാധീനത്തിന്റെ തെളിവായിരുന്നു.

അതേസമയം തൃശൂർ രാഷ്ട്രീയത്തിൽ പുതിയൊരു ശക്തി വളർന്നുവരികയായിരുന്നു.

കെ. കരുണാകരൻ.

കണ്ണൂരിൽ നിന്നെത്തിയ കരുണാകരൻ തൃശൂർ കേന്ദ്രീകരിച്ച് തന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുമ്പോൾ, ജില്ലയിൽ സ്വാഭാവികമായി വളർന്നുവന്ന ശക്തനായ നേതാവായിരുന്നു പി.കെ.

അവർക്കിടയിലെ അകലം ക്രമേണ രാഷ്ട്രീയ സംഘർഷമായി മാറി.

പിന്നീട് പി.കെ.യെ കോൺഗ്രസ് അച്ചടക്കലംഘനം ആരോപിച്ച് പുറത്താക്കി.

എന്തായിരുന്നു ആ അച്ചടക്കലംഘനം?

അതിന്റെ കൃത്യമായ രാഷ്ട്രീയ പശ്ചാത്തലം ഇന്ന് പരിശോധിക്കുമ്പോൾ പോലും പല ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു.

എന്നാൽ അന്നത്തെ കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ ആ സംഭവത്തെ പൂർണ്ണമായി വായിക്കാനാവില്ല.

പി.കെ.യുടെ പുറത്താക്കൽ ഒരു വ്യക്തിയുടെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവ് മാത്രമായിരുന്നില്ല.

സംസ്ഥാന കോൺഗ്രസ്സിലെ അധികാരസമവാക്യങ്ങളെയും

അത് മാറ്റിമറിച്ചു.

ഇവിടെയാണ് കോൺഗ്രസ്സിലെ ആ പഴയ ശൈലി തുടങ്ങുന്നത് - വളർന്നുവരുന്ന ശക്തനായ നേതാവിനെ ഉള്ളിൽ നിന്ന് തന്നെ വെട്ടുക.

പി.കെ ഒരു ജനകീയ നേതാവായിരുന്നു. മണപ്പാട്ട് തറവാട്ടിന്റെ പാരമ്പര്യം, മുസ്ലിം നവോത്ഥാന പശ്ചാത്തലം, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പാരമ്പര്യം, നെഹ്റുവിനെ വരെ കൊടുങ്ങല്ലൂരിൽ എത്തിക്കാൻ കഴിഞ്ഞ ദേശീയ ബന്ധം. ഇതൊക്കെ കരുണാകരൻ എന്ന സംഘാടകന് ഒരു ഭീഷണി തന്നെയായിരുന്നു.

കരുണാകരന്റെ രാഷ്ട്രീയം എക്കാലവും സംഘടനാ സംവിധാനത്തെ പിടിച്ചുള്ള രാഷ്ട്രീയമായിരുന്നു. ഗ്രൂപ്പ് മാനേജ് ചെയ്യുക, എതിരാളിയെ അച്ചടക്ക നടപടിയുടെ പേരിൽ ഒതുക്കുക. പി.കെയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഒരു ഡിസിസി പ്രസിഡന്റിനെ, അതും രണ്ട് തവണ എംഎൽഎയായ ഒരാളെ, "അച്ചടക്ക ലംഘനം" ആരോപിച്ച് പുറത്താക്കുക എന്നത് ഇന്ന് ആലോചിച്ചാൽ പോലും അസ്വാഭാവികമാണ്. പുറത്താക്കാൻ മാത്രം എന്ത് അച്ചടക്ക ലംഘനമാണ് അദ്ദേഹം ചെയ്തത് എന്നതിന് ഇന്നും കൃത്യമായ രേഖയില്ല. ഉണ്ടായിരുന്നത് ഗ്രൂപ്പ് വൈരമായിരുന്നു.

കോൺഗ്രസ്സിന്റെ "കാലുവാരൽ" പാരമ്പര്യത്തിന് തുടക്കം കുറിച്ചത് ഒരുപക്ഷേ പി.കെയുടെ പുറത്താക്കലിലൂടെയാകാം. പിന്നീട് കേരളത്തിൽ കോൺഗ്രസ്സ് കണ്ട എല്ലാ പിളർപ്പുകളുടെയും, ഐ ഗ്രൂപ്പ് - എ ഗ്രൂപ്പ് പോരിന്റെയും ആദ്യരൂപം തൃശൂരിൽ പി.കെ V/S കരുണാകരൻ പോരാട്ടത്തിലൂടെയാണ് തുടങ്ങിയത്.

അന്ന് പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം എന്താകുമായിരുന്നു?

ഹിന്ദു-മുസ്ലിം ഭേദമില്ലാതെ എറിയാട് - കൊടുങ്ങല്ലൂർ മേഖലയിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വാധീനം അപാരമായിരുന്നു. മുസ്ലിം ശക്തി കേന്ദ്രമല്ലാത്ത തൃശൂരിൽ ഒരു മുസ്ലിം നേതാവിന് ഇത്രയും ഹിന്ദു വോട്ടുകൾ നേടാൻ കഴിഞ്ഞിരുന്നുവെന്നത് വിസ്മയമായി തന്നെയാണ് അക്കാലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.

1960-കളിൽ കോൺഗ്രസ്സിൽ മുസ്ലിം നേതൃത്വത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. കോൺഗ്രസ്സിന് ഒരു ശക്തനായ മുസ്ലിം മുഖം ആവശ്യവുമായിരുന്നു. ആ സ്ഥാനത്തേക്ക് സ്വാഭാവികമായി ഉയരേണ്ടിയിരുന്ന ആളായിരുന്നു പി.കെ.

നെഹ്റുവുമായുള്ള ബന്ധം തന്നെ അപൂർവ്വം നേതാക്കൾക്ക് മാത്രം സാദ്ധ്യമായ കാര്യമായിരുന്നു. അങ്ങനെ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന നേതാവായിരുന്നു പി.കെ. അക്കാലത്ത് അതൊരു വലിയ യോഗ്യതയാണ്.

പുറത്താക്കൽ ഉണ്ടായില്ലായിരുന്നെങ്കിൽ 1970-കളിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തോ, കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഒരു പ്രധാന വകുപ്പ് ചെയ്യുന്ന മന്ത്രി സ്ഥാനത്തോ എത്താൻ സാധ്യതയുള്ള, അതിന് എല്ലാ യോഗ്യതയും ഉണ്ടായിരുന്ന നേതാവായിരുന്നു പി.കെ .

അദ്ദേഹത്തെ പുറത്താക്കിയതിലൂടെ കോൺഗ്രസ്സിന് നഷ്ടമായത് ഒരു ഭാവി മുഖ്യമന്ത്രിയെയാണ്. കരുണാകരൻ വ്യക്തിപരമായി നേട്ടമുണ്ടാക്കി. തൃശൂർ എന്ന തട്ടകം കൈപ്പിടിയിലൊതുക്കുക വഴി കരുണാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമായി. പക്ഷെ അതിന് വെടിയേറ്റ് വീഴേണ്ടി വന്നത് പി.കെ എന്ന ധീരനായ നേതാവായിരുന്നു.

ആ അച്ചടക്ക നടപടി ഒരു പാർട്ടി നടപടി മാത്രമായിരുന്നില്ല, കേരളത്തിലെ കോൺഗ്രസ്സിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു വഴിത്തിരിവായിരുന്നു

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ദിവസം പി.കെ.യുടെ കണ്ണുകൾ നിറഞ്ഞിരുന്നതായി ഭാര്യ ഫാത്തിമ പിന്നീട് മക്കളോട് പറഞ്ഞിട്ടുണ്ട്.

ആ വേദനയിലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോയത്.

പക്ഷേ ആ ചെങ്കൊടി പൂർണമായി പുതയ്ക്കും മുൻപേ

സ്വന്തം തറവാടിന്റെ വിളിപ്പാടകലെ

അദ്ദേഹം വെടിയേറ്റുവീണു.

മരിക്കുമ്പോൾ അമ്പതാം വയസ്സിലായിരുന്നു.

കോൺഗ്രസ്സുകാരനായി ജീവിതം ആരംഭിച്ച ആ മനുഷ്യന്റെ ശരീരത്തിൽ അവസാനം പുതപ്പിക്കപ്പെട്ടത് ചെങ്കൊടിയായിരുന്നു.

രണ്ട് മരണമൊഴികൾ

കൊടുങ്ങല്ലൂർ ആശുപത്രിയിൽ മജിസ്ട്രേറ്റ് മരണമൊഴിയെടുക്കാൻ എത്തിയപ്പോൾ പി.കെ. പറഞ്ഞതായി രേഖപ്പെടുത്തിയ വാക്കുകൾ:

“ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇതൊക്കെ സംഭവിക്കും.”

പ്രതികളുടെ പേര് പറയുന്നതിനു മുമ്പേ വന്ന ആ വാചകത്തിൽ ഒരു രാഷ്ട്രീയപ്രവർത്തകന്റെ ജീവിതത്തെക്കുറിച്ചുള്ള വിചിത്രമായ നിർവികാരതയുണ്ടായിരുന്നു.

ആ മൊഴി പൂർത്തിയാകുന്നതിനു മുമ്പേ പി.കെ. മജിസ്ട്രേറ്റിന്റെ

മുന്നിൽവെച്ച് മരിച്ചു.

അതേസമയം തൃശൂരിൽ അഹമ്മുവും തന്റെ മരണമൊഴി നൽകുകയായിരുന്നു.

ആ മൊഴികളുടെ അടിസ്ഥാനത്തിൽ പി.കെ. അബ്ദുൽ സലാം, പി.കെ. റഷീദ്, പി.കെ. ഹൈദ്രോസ്, പി.കെ. മുഹമ്മദലി, കൊടിയാറ്റിൽ മുഹമ്മദ് എന്നിവർ അറസ്റ്റിലായി. പിന്നീട് ഇവരെ വിട്ടയച്ചു.

ജാമ്യത്തിലിറങ്ങിയ മുഹമ്മദലിയെ പിന്നീട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു.

യഥാർത്ഥ പ്രതികളെന്ന് പിന്നീട് കണ്ടെത്തിയ മണപ്പാട്ട് ജബ്ബാറിനെയും കാക്കാച്ചി മുഹമ്മദിനെയും പുണെയിൽ നിന്നാണ് പിടികൂടിയത്.

ജബ്ബാറിന് ജീവപര്യന്തം തടവ് ലഭിച്ചു. എട്ടുവർഷത്തിനു ശേഷം, 1982-ൽ നായനാർ സർക്കാർ ശിക്ഷയിൽ ഇളവ് നൽകി.

എന്നാൽ ആ കേസിനൊപ്പം മറ്റൊരു ചോദ്യം കൂടി കാലത്തിനുള്ളിൽ കിടന്നു.

അത് രാഷ്ട്രീയത്തിന്റെ മാത്രം വെടിയൊച്ചയായിരുന്നോ?

അതോ അതിനുള്ളിൽ കുടുംബവൈരത്തിന്റെ ശബ്ദവും കലർന്നിരുന്നോ?

കാരണം കേസിലെ ഒന്നാം പ്രതിയായ ജബ്ബാറും ആദ്യം അറസ്റ്റിലായ സലാമും പി.കെ. അബ്ദുൽ ഖാദറിന്റെ പിതാവിന്റെ സഹോദരന്റെ മക്കളായിരുന്നു.

ഒരേ തറവാട്ടിലെ രക്തം തന്നെ തമ്മിൽ ഏറ്റുമുട്ടിയതായിരുന്നോ?

ഈ ചോദ്യം പി.കെ. അബ്ദുൽ ഖാദറിന്റെ ഏകമകൻ ഡോ. മുഹമ്മദ് സഈദിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഏറെ അർത്ഥവത്തായിരുന്നു:

“മൾട്ടിപ്പിൾ റീസൺസ്. ഇതു രണ്ടും അതിൽപെടും. ആരെയും വേദനിപ്പിക്കാനില്ല. ഒരു ഹൃദയാഘാതത്തിനു പിന്നിൽ കൊളസ്ട്രോളും പ്രഷറും ഒരുപോലെ കാരണമാകുന്നതുപോലെ തന്നെയാണിതും.”

ചില സത്യങ്ങൾക്ക് അതിൽക്കൂടുതൽ വിശദീകരണം ആവശ്യമില്ല.

സംഭവം നടക്കുമ്പോൾ 24 വയസ്സായിരുന്നു ഡോ. സഈദിന്.

തൃശൂർ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു അദ്ദേഹം.

“വാപ്പയ്ക്ക് വയ്യ, വേഗം വരണം.”

ഒരു ഫോൺകോൾ.

ഓപ്പറേഷൻ കഴിഞ്ഞ് കാറിൽ കൊടുങ്ങല്ലൂരിലേക്ക് പാഞ്ഞു.

പുല്ലൂറ്റ് പാലത്തിലെത്തിയപ്പോൾ മൈക്ക് അനൗൺസ്മെന്റ് കേട്ടു.

“നാടിന്റെ പൊന്നോമനപ്പുത്രൻ പി.കെ. അബ്ദുൽ ഖാദറിനെ രാഷ്ട്രീയ ഗുണ്ടകൾ വെടിവെച്ചു കൊന്നു…”

വാപ്പ മരിച്ച വിവരം മകൻ അറിഞ്ഞത് അവിടെവെച്ചാണ്.

“ലോകം കീഴ്മേൽ മറിഞ്ഞതുപോലെ തോന്നി.”

വർഷങ്ങൾക്കിപ്പുറം മെഡികെയർ ആശുപത്രിയുടെ സൂപ്രണ്ടായി നിൽക്കുന്ന ആ മകൻ ഇന്നും ആ നിമിഷം ഓർക്കുന്നു.

മറക്കപ്പെട്ട മറ്റൊരു പേര് — അഹമ്മു

ചരിത്രം പി.കെ.യെ രക്തസാക്ഷി സ്തൂപത്തിലേക്ക് ഉയർത്തി.

എറിയാട് മണപ്പാട്ട് തറവാട്ടിൽ നിന്ന് ഒരു വെടിയൊച്ച അകലെ ഇന്ന് ആ സ്മരണയുടെ ഒരു അടയാളമുണ്ട്.

എല്ലാ സെപ്റ്റംബർ 17-നും അവിടെ ചെങ്കൊടികൾ ഉയരുന്നു.

പക്ഷേ ആ സ്മാരകത്തിന്റെ നിഴലിൽ മറ്റൊരു മനുഷ്യനും നിൽക്കുന്നുണ്ട്.

അഹമ്മു.

വെറും 24 വയസ്സ്.

കഴുത്തിൽ വെടിയേറ്റ് ഒരു ഫർലോംഗിലേറെ ഓടി വീണ മനുഷ്യൻ.

അദ്ദേഹത്തിന്റെ മകൾ സുൽഫത്തിന് അന്ന് വെറും 90 ദിവസം പ്രായം.

വാപ്പയുടെ മുഖം അവൾക്ക് ഓർമ്മയില്ല.

“വാപ്പയെ കണ്ടിട്ടേയില്ല. ഞങ്ങളുടെ അത്താണിയാണ് നഷ്ടപ്പെട്ടത്.”

അഹമ്മുവിന് രണ്ടു വയസ്സുള്ള ഒരു മകൻ കൂടിയുണ്ടായിരുന്നു.

സഗീർ. അവനും വർഷങ്ങൾക്കു

മുമ്പ് മരിച്ചു.

അഹമ്മുവിന്റെ മരണത്തോടെ റാബിയ വിധവയായി.

അഹമ്മുവിന്റെ അനുജൻ കുഞ്ഞുമുഹമ്മദിനോട് അവരുടെ വാപ്പ പറഞ്ഞുവത്രെ:

“നീ റാബിയയെ കെട്ടണം. അവൾ വിധവയായി നിൽക്കരുത്.”

അങ്ങനെ ആ വിവാഹം നടന്നു.

റാബിയയുടെ സ്വർണവും പാർട്ടി പിരിച്ച പണവും ചേർത്ത് സുൽഫത്തിനും സഗീറിനും പത്ത് സെന്റ് വീതം സ്ഥലം വാങ്ങിക്കൊടുത്തു.

രക്തസാക്ഷി ദിനത്തിൽ ഇന്നും ആ കുടുംബത്തെ ക്ഷണിക്കാറുണ്ട്.

എങ്കിലും ചരിത്രത്തിന്റെ വലിയ തലക്കെട്ടുകളിൽ അഹമ്മുവിന്റെ പേര് പലപ്പോഴും പിൻനിരയിലായിപ്പോകുന്നു.

ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ കഴുത്തിലൂടെ കടന്നുപോയി.

പക്ഷേ ആ വെടിയൊച്ച അദ്ദേഹത്തിന്റെ വീട്ടിൽ ഇന്നും തീർന്നിട്ടില്ല.

പി.ടി. ചാക്കോയ്ക്ക് രാഷ്ട്രീയ സമ്മർദ്ദം കൂടുമ്പോൾ ഓടിയെത്തി താമസിച്ച് കുളത്തിൽ നീന്തി മനസ്സു ശാന്തമാക്കിയിരുന്നുവെന്ന് പഴമക്കാർ പറയുന്ന അതേ മണപ്പാട്ട് തറവാട്ടിന്റെ മുറ്റത്തേക്കാണ് പിറ്റേന്ന് പി.കെ.യുടെ മൃതദേഹം എത്തിയത്.

ചെങ്കൊടി പുതച്ച ശരീരം.

കറുത്ത കൊടികൾ കുത്തിയ ലോറി.

ആയിരങ്ങളുടെ ഇരമ്പൽ.

ഒരു ദിവസം മുമ്പ് അതേ മുറ്റത്തുനിന്ന് കേട്ട വെടിയൊച്ചയുടെ തുടർച്ചപോലെ ഒരു വിലാപയാത്ര.

കേസിലെ ഒന്നാം പ്രതിയായ ജബ്ബാർ ഇന്ന് എറിയാടുണ്ട്.

സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് 21 വയസ്സ്.

വർഷങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞതായി കേട്ട വാക്കുകൾ:

“അങ്ങനെ സംഭവിച്ചുപോയി. നിയന്ത്രണം വിട്ട് ചെയ്തുപോയതിൽ വിഷമമുണ്ട്. ആളെ തിരിച്ചുകൊടുക്കാൻ പറ്റില്ലല്ലോ. പൊറുതി കിട്ടാൻ പ്രാർത്ഥിക്കുന്നു. ഒന്നും നിഷേധിക്കുന്നില്ല.”

അമ്പത്തഞ്ച് വർഷം പൂർത്തിയാകുന്നു.

എന്റെ ഓർമ്മയിൽ ആ ദിവസം ഇന്നും ഒരു 8-ാം ക്ലാസ്സുകാരന്റെ ജനൽക്കാഴ്ച തന്നെയാണ്.

മണ്ണെണ്ണവീപ്പക്ക് പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്ന കൊച്ചുക്ക.

റോഡിൽ വീഴുന്ന പി.കെ.

കഴുത്തിൽ വെടിയേറ്റ് ചോരയൊലിപ്പിച്ച് ഓടുന്ന അഹമ്മു.

അന്ന് അതിന്റെ അർത്ഥമൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.

ഇന്ന്, അമ്പത്തഞ്ച് വർഷങ്ങൾക്കിപ്പുറം, ആ കാഴ്ചയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു

ചരിത്രപുസ്തകത്തിൽ അത് ഒരു രാഷ്ട്രീയ കൊലപാതകമാണ്.

ഒരു പാർട്ടിക്ക് അത് രക്തസാക്ഷി ദിനമാണ്.

പക്ഷേ എറിയാട്ടെ ആ തറവാടിനും അഹമ്മുവിന്റെ മകൾക്കും അത് അതിനേക്കാൾ വലുതാണ്.

അത് അവരുടെ ഹൃദയങ്ങളിൽ അമ്പത്തഞ്ച് വർഷമായി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു വെടിയൊച്ചയാണ്.

അത് ഒരിക്കലും നിലയ്ക്കില്ല.

✍️ നജീബ് കടമ്പോട്ട്

Share this story

Comments (3)

  • അബ്ദുല്ലകുട്ടി. വട്ടപ്പിള്ളി.

    17 September 2026

    എല്ലാം കണ്മുന്നിൽ കാണുന്നപോലെ തോന്നി. നന്നായി എഴുതി . ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി.👍👍

  • Abdulla Padiyath

    17 September 2026

    അന്ന് സ്കൂൾ വിട്ട് വീട്ടിലെത്തിയ ഞാന്‍ ഉപ്പാനോട് ഈ വിവരം പറഞ്ഞപ്പോൾ ഉപ്പ വാവിട്ട് കരഞ്ഞതും ആ ദുരന്തവാർത്ത അറിയിച്ച എന്നെ ക്ഷോഭവും സങ്കടവും അടക്കാനാകാതെ എന്നെ അടിച്ചതും പിന്നീട് കെട്ടിപ്പിടിച്ചത് വിതുമ്പിയതും ഇന്നും ഒരു നെരിപ്പോടായി നീറ്റലായി ഓർമ്മയിൽ...

  • സജീവൻ കെ ടി .

    17 September 2026

    ഏറെ പഴകിയതെങ്കിലും, ഒരു പ്രദേശത്തിൻ്റെ ചരിത്രത്താളിൽ, ഇന്നും തരാതരം ചർച്ച ചെയ്യപ്പെട്ടുവരുന്ന ഒരു സംഭവത്തെ വളരെ ഹൃദ്യമായ ഭാഷയിൽ സമ്മഗ്രമായി രേഖപ്പെടുത്തിയിരിക്കുന്നു. അനുവാചകന് തിരശ്ശീലയിൽ തെളിയുന്ന ചിത്രങ്ങൾ പോലെ വ്യക്തമായി🥰💐👌👍