13 November 2020 · 12 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ -- ഒന്ന്.

 ദുബായിൽ ജീവിതം പഴയ നിലയിലേക്ക് പതിയെ തിരിച്ചെത്തുകയാണ്. കോവിഡ് വിതക്കുന്ന ഭീതിയുടെ വലയങ്ങൾ മറ്റെവിടെയുമെന്ന പോലെ ദുബായിയുടെ അന്തരീക്ഷത്തിലും ചൂഴ്ന്ന് നില്ക്കുന്നുണ്ടെങ്കിലും ഗവണ്മെന്റിന്റെ സത്വരമായ ഇടപെടലുകളിലൂടെ അതിനെ ചെറുത്തു നില്ക്കാനാവുന്നുണ്ട്. അത് കൊണ്ട് തന്നെ നാളുകൾ ചെല്ലുന്തോറും നിയന്ത്രണങ്ങളിൽ കൂടുതൽ അയവുകൾ വരുത്താനും അധികൃതർക്ക് ആവുന്നു. ഷോപ്പിങ്ങ് മോളുകളും ഹോട്ടലുകളും പഴയ നിലയിലേക്ക് തിരിച്ചെത്തിയെന്ന് തന്നെ പറയാം. വിദേശ,ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും കാര്യമായ വളർച്ച ഉണ്ടെന്നതും ആശ്വാസകരമാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി വിമാനസർവ്വീസുകളിലുണ്ടായ വർദ്ധനയും അതാണ് കാണിക്കുന്നത്.

കോവിഡിനെ ഭയന്ന് സ്വരാജ്യങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന പ്രവാസികളുടെ ഒഴുക്കു് ഏതാണ്ട് നിലച്ച മട്ടാണ്. നിർമ്മാണ മേഖലയിലും  പുത്തനുണർവ് പ്രകടമായി തുടങ്ങിയിരിക്കുന്നു. ഇനി ജീവിതം കോവിഡിനോടൊപ്പം എന്ന രീതി ഓരോരുത്തരും അറിയാതെ തന്നെ ജീവിത ശൈലിയായി രൂപപ്പെട്ടു കഴിഞ്ഞു.

റിട്ടയർമെന്റ് ജീവിതം ആശങ്കകളുടേതാകരുതെന്നും അത് കഴിയുന്നത്ര ആഘോഷപൂർണ്ണമാക്കണമെന്നും നേരത്തെ മനസ്സിലുറപ്പിച്ചതായിരുന്നു. പക്ഷെ, റിട്ടയർമെന്റും കോവിഡിന്റെ രംഗപ്രവേശവും ഒരുമിച്ചായതിനാൽ കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി ജീവിതം കൃത്യമായ ഒരു താളത്തിലേക്ക് തിരിച്ചു വിടാൻ കഴിഞ്ഞില്ല.ഒരു പക്ഷേ, കൃത്യതയുടെ ഒരു ചട്ടക്കൂട് ജീവിതത്തിൽ ഇന്ന് വരെ നിലനിറുത്താനാകാഞ്ഞതിന്റെ തുടർച്ചയായിരിക്കാം ഇതും . കോവിഡിന്റെ മേൽചാരിവെച്ച് സ്വന്തം നിലപാടിനെ ന്യായീകരിക്കുക എളുപ്പമാണല്ലോ. ഞാനെന്തായാലും ഇനി പുറത്തേക്കിറങ്ങാൻ തന്നെ തീരുമാനിച്ചിരിക്കയാണ്. എത്രയെന്ന് വെച്ചാ ഇങ്ങനെ അടഞ്ഞിരിക്കാനാവുക. മാർച്ച് മുതലുള്ള ഈ എട്ട് മാസങ്ങളിൽ കുറച്ച് പുസ്തകങ്ങൾ വായിക്കാനായി. സോഷ്യൽ മീഡിയകളിലൂടെ എന്തെങ്കിലും കുത്തിക്കുറിക്കാനുമായിട്ടുണ്ട്. എങ്കിലും അത് പോരല്ലൊ. മുപ്പത്തിരണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ എനിക്ക് കാണാൻ ഇട കിട്ടാഞ്ഞ ഒരുപാടൊരുപാട് കാഴ്ചകൾ ദുബായിലുണ്ട്. അത്രയും വർഷങ്ങൾക്ക് മുമ്പത്തെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള അന്തരം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ ചുറ്റിക്കറങ്ങുക തന്നെ വേണം. ഞാൻ വരുന്ന കാലത്ത് ഒരു ദുബായിയും അതിന് രണ്ട് കരകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു കരയെ ദേരയെന്നും മറുകരയെ ബർദുബായ് എന്നും വിളിച്ചിരുന്ന കാലം. അതിനുമപ്പുറം കരാമയും സത്വയുമൊക്കെ അന്ന് കുഞ്ഞ് അങ്ങാടികളായി  മാത്രം നില കൊണ്ടു. ഇന്നിപ്പോൾ ന്യൂ ദുബായ്, ദുബായ് ഡൗൺ ടൗൺ അങ്ങനെയങ്ങനെ വ്യത്യസ്തതയാർന്ന എത്രയെത്ര ദുബായ് മേഖലകളുണ്ടെന്നോ! അന്ന് അത്രെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അതിനും മുപ്പത് വർഷങ്ങൾക്ക് മുമ്പ് വെറും മണൽക്കാടുകൾ മാത്രമായിരുന്നു ഇന്നീ കാണുന്ന ആധുനിക നഗരം. പറഞ്ഞു വരുമ്പോൾ കോഴിക്കോട് ജില്ലയുടെ വലുപ്പമേ ഉള്ളു . എങ്കിലെന്താ   ഒരു പതിനാറ് കോഴിക്കോട് ജില്ലയുടെ വ്യാപ്തി കാഴ്ചകളിലൂടെ പകർന്ന് തരാൻ മാത്രം ദുബായ് വികസിച്ചു കഴിഞ്ഞിരിക്കുന്നു.  ഏതെല്ലാം രാജ്യക്കാരായ ആളുകളാണ് ഓരോ വർഷങ്ങളിലും  ദുബായിലെത്തിപ്പെടുന്നതെന്ന കണക്കുകൾ അതിശയിപ്പിക്കുന്നതാണ്.

ദുബായ് എയർപോർട്ടിൽ മൂന്ന് പതിറ്റാണ്ടിലേറെ ജോലി ചെയ്തിരുന്നപ്പോൾ ശ്രദ്ധിച്ചു പോന്ന സ്റ്റാറ്റിസ്റ്റിക്സിൽ നിന്നാണ് ഞാനീ കണക്കുകൾ പഠിക്കുന്നത്. പഠിക്കുന്ന കാലത്തെ കണക്കുകൾ പോലെയായിരുന്നല്ല അവയൊന്നും. നേരെ ചൊവ്വേ പറഞ്ഞു പോകുന്ന കൂട്ടലും കിഴിക്കലുമില്ലാത്ത സത്യസന്ധമായ കണക്കുകൾ. അങ്ങനെയാണ്, ഓരോ നിമിഷത്തിലും ദുബായ് പുതിയ ചുവടുകളിലൂടെ വളർച്ച നേടുകയായിരുന്നു എന്നത് ഒരു  പ്രവാസി എന്ന നിലയിൽ എന്റെ ശ്രദ്ധ ആകർഷിക്കത്തക്ക ഒരു വിഷയമായി തീരുന്നത്.  പക്ഷെ ആര് ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനിവാര്യമായത് സംഭവിച്ചേ ഒക്കൂ എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് മാത്രമേ ഇവിടെയും സംഭവിച്ചുള്ളു. അത് കൊണ്ട് തന്നെ ചുമ്മാ  വായിച്ച് വീട്ടിനകത്തിരുന്നാൽ കാഴ്ചകളുടെ വശ്യസൗന്ദര്യവുമായി ദുബായ് നഗരം എന്റെ അടുത്തേക്ക് വരില്ല എന്ന് ഞാൻ മനസ്സിലാക്കി . മല മുഹമ്മദിന്റെ അടുത്തേക്ക് വരാത്തിടത്തോളം മുഹമ്മദ് മലയുടെ അടുത്തേക്ക് തന്നെ ചെന്നല്ലേ ഒക്കൂ .

എൺപതുകളുടെ ഒടുവിൽ ഞാൻ കാണാൻ തുടങ്ങിയ ദുബായിലെ മണൽക്കാടുകളൊക്കെയും എന്റെ കൺമുമ്പിലൂടെ സ്വയം രൂപാന്തരപ്പെട്ട് അത്യാകർഷകങ്ങളായ ഷോപ്പിങ് മോളുകളുൾപ്പെടുന്ന കെട്ടിടസമുച്ചയങ്ങളായി മാറി സഞ്ചാരികളുടെ കാഴ്ചാ മോഹങ്ങൾക്ക് പുതിയ ദിശാബോധമേകിയത് കണ്ണടച്ചു തുറക്കുന്ന  വേഗത്തിലായിരുന്നു. അതെ, എന്താണിവിടെ സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ പോലും സമയം തരാത്ത വിധം തന്നെയായിരുന്നു വളർച്ചയുടെ ഘട്ടങ്ങൾ. ചെറിയ ചെറിയ കെട്ടിടങ്ങളും അതിലേറെ പഴയ മാതൃകയിലുള്ള വില്ലകളും ഈന്തപ്പനകളും മാത്രമുണ്ടായിരുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ യഥാർത്ഥ പറുദീസയായി തീർന്നതിന്റെ പിന്നിൽ ഭരണകർത്താക്കളുടെ ദീർഘ വീക്ഷണവും ആധുനികതയോടുള്ള ആഭിമുഖ്യവും തന്നെയെന്നത് വസ്തുതയാണ്. പഴയ ദുബായിലെ ദേരയിൽ നിന്നും എയർ പോർട്ട് റോഡിലൂടെ നീങ്ങുമ്പോൾ റോഡിനിരുവശവും കണ്ണെത്താ ദൂരത്തിലുള്ള മണൽ പരപ്പുകളായിരുന്നു. ക്ലോക്ക് ടവറിന് പിറകിലായി പോർട്ട് സഈദ് എന്നറിയപ്പെടുന്ന മരുഭൂ പ്രദേശത്ത് 1993 ൽ എന്തോ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കണ്ട് ഞങ്ങൾ അന്തം വിട്ടിട്ടുണ്ട്. ദേര സിറ്റി സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുടക്കമായിരുന്നു അവിടെ നടന്നിരുന്നത്. ഈ മരുഭൂമിയിൽ ഷോപ്പിങ്ങ് മോൾ വരുന്നത് ആരെ ലക്ഷ്യമാക്കിയിട്ടായിരിക്കും എന്ന് എല്ലാവരും അത്ഭുതം കൂറിയിരുന്നു അക്കാലത്ത്. തങ്ങൾക്കാവശ്യുള്ള എന്തും ലഭിക്കുന്ന നായിഫ് റോഡ് മാർക്കറ്റ് നിലവിലുള്ളപ്പാൾ ആരാണിത്ര ദൂരം താണ്ടി ദുർഘടം പിടിച്ച ഈ വഴിയിലൂടെ എത്തിപ്പെടുക എന്നും ഓരോരുത്തരും ചോദിച്ചു. 

പക്ഷെ 1995 ൽ ദേര സിറ്റി സെന്റർ എന്ന അന്നത്തെ അതി ബൃഹത്തായ ഷോപ്പിങ്ങ് മോൾ യാഥാർത്ഥ്യമായി തീർന്നപ്പോൾ എല്ലാവരുടെയും ആശങ്കകൾ അസ്ഥാനത്തായി മാറിയതായാണ് കണ്ടത്. അത് വരെ ദുബായിൽ ഞങ്ങൾ കണ്ട് പരിചയിച്ചിരുന്ന ഷോപ്പിങ് മോളുകൾ നഗരമദ്ധ്യത്തിലുള്ള അൽഗുറൈർ സെന്ററും ഏറെ ദൂരെ മാറിയുള്ള അൽ മുല്ല പ്ലാസയുമായിരുന്നു. ഷോപ്പിങ്ങ് മോളുകളുടെ ദുബായ് സങ്കല്പം പൊളിച്ചെഴുതി കൊണ്ടുള്ളതായിരുന്നു ദേര സിറ്റി സെന്ററിന്റെ രൂപകല്പന.ഏത് വിസ്താരത്തിലും ഭംഗിയിലും പണിതുയർത്താൻ പാകത്തിലുള്ള സ്ഥല ലഭ്യതയും മികച്ച ശില്പവൈദഗ്ദ്യവും അതിനെ നിലവിലുള്ളവയിൽ നിന്നും ഒന്ന് വേറിട്ടതാക്കി മാറ്റി. ഒറ്റപ്പെട്ട കോണിൽ ഒരു ഷോപ്പിങ്ങ് മഹാത്ഭുതം എന്നതിനപ്പുറം നഗരം വളർന്ന് വികസിച്ച് അതിനോട് ചേർന്ന് നില്ക്കാൻ പാകത്തിലായിരുന്നു അതിന്റെ നിർമ്മിതി . വെറും ഷോപ്പിങ്ങ് അനുഭവങ്ങൾ മാത്രമല്ല ഇത്തരം മോളുകൾ പ്രദാനം ചെയ്യുന്നതെന്നതും ആശ്ചര്യജനകമായിരുന്നു. കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും മൾട്ടി പ്ലെക്സ് തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറൻ്റുകളും എന്ന് വേണ്ട ആധുനിക സമൂഹത്തിന്റെ സുഖലോലുപതക്ക് അവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കപ്പെട്ടിരുന്നു. പ്രധാനമായും അറബികളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കിയായിരുന്നു അതിന്റെ നിർമ്മിതി. എങ്കിലും എണ്ണത്തിൽ യു.എ.ഇ ക്കാരോടത്രയും തന്നെയുള്ള ഇന്ത്യക്കാരും മറ്റ് വിദേശികളായ പ്രവാസികളും സിറ്റിസെന്ററിനെ ഒരു പോലെ തങ്ങളുടേതായി തന്നെ കണ്ടു. അത് മാറ്റങ്ങളുടെ ഒരു തുടക്കമായിരുന്നു. 

ഘട്ടം ഘട്ടമായി മാറ്റങ്ങൾ വഴി തുറന്ന കാഴ്ചകളാണ് ദുബായിലെമ്പാടും.അതിലേക്ക് പടിപടിയായി തന്നെ വേണം കടന്ന് ചെല്ലാൻ. അപ്പോൾ നമ്മൾ തുടങ്ങേണ്ടത് പഴമയിൽ നിന്ന് തന്നെയാവണം. ഏറ്റവും പ്രാചീനമായതിൽ നിന്നും തുടങ്ങുക എന്നത് തന്നെയാണ്  ശരി. ദുബായ് ഇന്നൊരു സ്വപ്ന നഗരിയാണ്. അവിടെ എത്തിപ്പെടണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷെ, അതിന്റെ പൗരാണിക ചരിത്രത്തിലൂടെ മുന്നോട്ടു നീങ്ങി ഇന്നത്തെ ദുബായി എങ്ങനെ വളർന്ന് വികാസം പ്രാപിച്ചു എന്ന്  അറിയുമ്പോളാണ് യാത്രയുടെ യഥാർത്ഥ അനുഭവങ്ങൾ നമ്മുടെ കാഴ്ചകളോടൊപ്പം മനസ്സിലും  നിറഞ്ഞു നില്ക്കാൻ പര്യാപ്തമാവുക.

യു.എ.ഇയുടെ പ്രത്യേകിച്ച് ദുബൈയുടെ പരമ്പരാഗത ജീവിതരീതി എങ്ങനെയായിരുന്നു എന്ന് ഓരോ സന്ദർശകനും വിശദമായി മനസ്സിലാക്കുവാൻ തക്കവിധത്തിലാണ് യു.എ.ഇയുടെ സ്വാതന്ത്ര്യ വർഷത്തിൽത്തന്നെ ഒരു മ്യൂസിയവും ദേശത്തിനായി സമർപ്പിച്ചത്. ആദ്യം അങ്ങോട്ട് നീങ്ങാൻ തന്നെയാണ് എന്റെ തീരുമാനം. ഞാൻ താമസിക്കുന്നിടത്ത് നിന്നും പതിനഞ്ച് മിനിറ്റിൽ ഒരു മെട്രോ യാത്രയിൽ എത്താൻ പാകത്തിലാണ് അൽ ഫഹദി ഫോർട്ട് സ്ഥിതി ചെയ്യുന്നത്. ഒഴിവു ദിവസമല്ലാതിരുന്നിട്ട് പോലും സന്ദർശകർ ഏറെയുണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പ്രധാന കവാടത്തിനരികിൽ നില്ക്കുന്ന ഉദ്യോഗസ്ഥർ ഒരു നിറഞ്ഞ പുഞ്ചിരിയും സമ്മാനമായി നല്കുന്നുണ്ട്. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു.  തൊട്ടപ്പുറത്തെ ക്രീക്കിൽ നിന്നും വീശുന്ന നവമ്പറിലെ കാറ്റിന് ചെറിയ തണുപ്പുള്ളത് കൊണ്ട് ഒരു സുഖം ഫീൽ ചെയ്യുന്നുണ്ട്. കൂടുതലും യൂറോപ്യൻ സന്ദർശകരായിരുന്നു അവിടെയണ്ടായിരുന്നത്. ദുബായിലെ ടൂറിസം കോവിഡിനെ അതിജീവിക്കുന്നു എന്ന് ഒറ്റനോട്ടത്തിൽ തോന്നാൻ അതിടയാക്കി.

നിരവധി ഘട്ടങ്ങളിലായാണ് അൽ ഫാഹിദി കോട്ട പണിതിട്ടുള്ളത് എന്ന് അവിടത്തെ സൂചകങ്ങൾ തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഏറ്റവും പഴക്കം ചെന്ന ടവർ 1787 ൽ നിർമ്മിച്ചതാണ്. ദുബായിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണിതെന്നാണ് അനുമാനം.  ഷെയ്കിന്റെ കൊട്ടാരത്തോട് ചേർന്ന് നിരീക്ഷണ ഗോപുരമുണ്ട്. പട്ടണത്തിലേക്കുള്ള ഭാഗങ്ങളെ സംരക്ഷിക്കാനായിട്ടായിരുന്നു ഈ കോട്ട ഉപയോഗിച്ചു വന്നിരുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

അകത്തേക്ക് പ്രവേശിക്കുമ്പോൾ, കോട്ട നിർമ്മിച്ച രീതികളും അതിനോടൊപ്പം  വിവിധ പ്രദർശനങ്ങളും കാണാം. തുടർന്ന് കോട്ടയിൽ നിന്ന് ഗാലറികളിലേക്കുള്ള ഒരു പാതയാണ് നമ്മെ എതിരേല്ക്കുന്നത്. പ്രാദേശിക പുരാവസ്തുക്കളും ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളും കൗതുകമുണർത്തുന്ന വിധം സജ്ജീകരിച്ചിരിക്കയാണ് . എണ്ണയുടെ ആവിർഭാവത്തിന് മുമ്പ് എമിറേറ്റിലെ ജീവിതം കാണിക്കുന്ന ചെറുചിത്രങ്ങളും ശില്പങ്ങളുമടങ്ങിയ നിരവധി കാഴ്ചകളും ഇതോടൊപ്പമുണ്ട്. കൂടാതെ ബിസി 3000 വരെ പഴക്കമുള്ളതും സമീപകാലങ്ങളിൽ കണ്ടെത്തിയവയുമായ നിരവധി കരകൗശല വസ്തുക്കളും ഇവിടെ നമുക്ക് കാണാനാകും.

ചതുരാകൃതിയിലുള്ള അൽ ഫാഹിദി കോട്ടയുടെ മൂന്ന് കോണുകളിലും ഉയർത്തപ്പെട്ട ഗോപുരങ്ങളുണ്ട്. പവിഴ പാറയും ചുണ്ണാമ്പും ഉപയോഗിച്ച്  പല ഘട്ടങ്ങളിലായിട്ടാണ് ഇതിന്റെ നിർമ്മാണം . വലതു വശത്തെ മതിലിനു തൊട്ടു ചേർന്ന് പഴയ നഗര മതിലുകളുടെ പുനർനിർമ്മാണങ്ങൾ കാണാം. അതിന്റെ തൊട്ടടുത്തായി ഭൂഗർഭ ഗാലറികൾ ഉൾക്കൊള്ളുന്ന ഒരു വലിയ മുറ്റത്തിന് നടുവിൽ ഉയരത്തിൽ ഒരു  പരമ്പരാഗത ബോട്ട് സ്ഥാപിച്ചിട്ടുണ്ട്. മുൻവശത്തെ മതിലിലെ കോട്ടയിലേക്കുള്ള പ്രധാന കവാടത്തിന് മുമ്പിൽ രണ്ട് പീരങ്കികൾ കാവൽ എന്ന പോലെ പ്രൗഡിയോടെയും ജാഗ്രതയോടെയും നിൽക്കുന്നു. ദുബൈയുടെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും പതാകകൾ അന്തരീക്ഷത്തിൽ അലകളിളക്കി  പാറിക്കളിക്കുന്നു.

വിശാലമായ നടുമുറ്റത്തിന് ചുറ്റുമായി വെങ്കലത്തിലുള്ള പീരങ്കികൾ, ഒരു കിണർ, വിവിധതരം ബോട്ടുകൾ എന്നിവ കാണാം. ഒരു മൂലയിലായി  ആരിഷ് എന്ന പരമ്പരാഗത വേനൽക്കാല വസതി നിൽക്കുന്നു. ആരിഷ് പൂർണ്ണമായും ഈന്തപ്പനയോലകൾ കൊണ്ടാണ്  നിർമ്മിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങൾ ഏറെയുള്ള സ്വീകരണ മുറിയും കിടപ്പു മുറികളും  അടുക്കളയും ഇതിൽ ഉൾപ്പെടുന്നു. പോയ  കാലങ്ങളിൽ നാട്ടുകാർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും വസ്തുക്കളും. വൈദ്യുതിക്ക് മുമ്പുള്ള നാളുകളിൽ  എയർ കണ്ടീഷനിംഗിനായി ഉപയോഗിച്ചിരുന്ന ടവർ രൂപകൽപ്പനയാണ് ആരിഷിന്റെ മറ്റൊരു സവിശേഷത.

പൈതൃക സംഭവങ്ങൾ സംരക്ഷിക്കുന്നതിനും നിലനിറുത്തുന്നതിനും  യുഎഇയിലെ പഴയ പരമ്പരാഗത ജീവിതത്തിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനുമായി 1997 ൽ ഡൈവിംഗ് വില്ലേജിന് സമീപമുള്ള അൽ ഷിൻഡാഗയിൽ ചരിത്രപരമായ സ്ഥലത്താണ് ഹെറിറ്റേജ് വില്ലേജ് സ്ഥാപിച്ചിരിക്കുന്നത്  . സമുദ്രം, പർവ്വതം എന്നിവ പൂർവ്വകാലത്ത് ജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനം എവ്വിധമായിരുന്നെന്ന് കൗതുകപൂർവ്വം നോക്കിക്കാണാനുതകുന്ന വിധത്തിലാണ് അവിടത്തെ ക്രമീകരണങ്ങൾ. ചരിത്രാന്വേഷികൾ അല്ലെങ്കിൽ പോലും ദുബായ് മ്യൂസിയത്തെ  പോലെ തന്നെ ഹെറിറ്റേജ് വില്ലേജും നാം അവശ്യം സന്ദർശിച്ചിരിക്കേണ്ട ഇടം തന്നെയാണ്. ഒരു രാജ്യത്തിന്റെ പരമ്പരാഗത ആചാരങ്ങളും പഴയ വീടുകളുടെ പ്രത്യേകതകളും കരകൗശല വസ്തുക്കളും പാറ്റേണുകളും ജീവിതരീതികളും തിരിച്ചറിയാൻ കഴിയും വിധമാണ് ഇതിന്റെ രൂപകല്പന .

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബനിയാസ് ഗോത്രത്തിലെ അബു അൽ ഫലാസ രാജവംശമാണ്  ദുബായ് സ്ഥാപിക്കുന്നത്.  1833 വരെ അബുദാബിയെ ആശ്രയിച്ചായിരുന്നു രാഷ്ട്രീയവും വാണിജ്യപരവുമായ  എല്ലാ ക്രയവിക്രയങ്ങളും തുടർന്ന് പോന്നിരുന്നത്. 1820 ൽ ദുബായിലെ ഷെയ്ഖും സമീപ ദേശങ്ങളിലെ മറ്റ് ഷെയ്ക്കുമാരും ബ്രിട്ടീഷ് സർക്കാരുമായി "ജനറൽ മാരിടൈം പീസ് " എന്ന ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഈ പ്രദേശത്തെ കൊള്ളയും കടൽക്കൊള്ളയും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. തുടർന്ന് 1833-ൽ ബനിയാസ് ഗോത്രത്തിലെ അൽ മക്തൂം  അബുദാബിയുമായുള്ള ബന്ധം വിച്ഛേദിച്ച്   അബു ഫലാസ വംശത്തിൽ നിന്ന് ദുബായ് ഏറ്റെടുത്തു.  ഇദ്ദേഹമാണ് ഇന്നത്തെ അൽ മക്തൂം രാജവംശത്തിന്റെ സ്ഥാപകൻ. 1841-ൽ വൻതോതിൽ പടർന്നുപിടിച്ച വസൂരി പട്ടണത്തെയാകെ  ബാധിച്ചു.  ജനങ്ങൾ കൂട്ടത്തോടെ   ദുബായിലെ ദേരയിലേക്ക് മാറാൻ  നിർബന്ധിതരായി. 

1853-ൽ, കടൽക്കൊള്ളയെ കൂടുതൽ തടയാനുള്ള ശ്രമത്തിൽ, ബ്രിട്ടീഷുകാരുമായി  മറ്റൊരു ഉടമ്പടിയിൽ ഒപ്പുവച്ചു.  കടൽക്കൊള്ളയെ ഇല്ലായ്മ ചെയ്യുന്നതിന് പകരമായി ഈ പ്രദേശത്തിന്റെ ഭരണത്തിൽ നിന്ന് വിട്ടുനിൽക്കാമെന്ന ധാരണയിലെത്തി. അങ്ങിനെയാണ് ഈ പ്രദേശം ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെടാൻ ഇടയാവുന്നത്. 1894-ൽ ഉണ്ടായ അഗ്നി ബാധയിലൂടെ ദേരയിലെമ്പാടും തീ പടർന്നതിനാൽ മിക്ക വീടുകളും കത്തി നശിച്ചെങ്കിലും  ഭൂമിശാസ്ത്രപരമായ സ്ഥാനവും ബിസിനസ്സിലൂടെയുള്ള വളർച്ചയും നഗരത്തിന്റെ പുനർനിർമ്മാണത്തെ ത്വരിതഗതിയിലാക്കി.

തുടർന്ന് ഈ  പ്രദേശത്തിന്റെ ഉയിർത്തെഴുന്നേല്പ് ഷെയ്ഖ് മക്തൂം 1892 ൽ ബ്രിട്ടീഷുകാരുമായി ഒരു പ്രത്യേക ബിസിനസ്സ് കരാറിൽ ഒപ്പുവെക്കുന്നതോടെയാണ്. അതിലൂടെ ദുബായിയെ ബ്രിട്ടീഷ് സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. 1894 ൽ എല്ലാ വിദേശ വ്യാപാരികൾക്കും പൂർണ്ണ നികുതി ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നതോടെ വ്യാപാര രംഗം പ്രബലമാവാൻ തുടങ്ങി. 1903 ആയപ്പോഴേക്കും ദുബായിയെ ഒരു തുറമുഖമാക്കി മാറ്റാൻ ഒരു പ്രധാന ബ്രിട്ടീഷ് സ്റ്റീംഷിപ്പ് ലൈനിനെ ഏർപ്പെടുത്തുന്നതിലും ഷെയ്ഖിന്റെ അശ്രാന്ത പരിശ്രമം വിജയിച്ചു.

വിവിധ ഭരണാധികാരികൾക്ക് ശേഷം, 1912 ൽ ഭരണാധികാരിയായ ഷെയ്ഖ് സയീദ് ബിൻ മക്തൂം ബിൻ ഹഷർ അൽ മക്തൂം ഭരണസാരഥ്യം ഏറ്റെടുത്തു. ഗണ്യമായ കാലയളവിൽ ദുബായ് ഭരിച്ച ആദ്യത്തെ ഭരണാധികാരിയാണ് ഇദ്ദേഹം . ദുബായി എമിറേറ്റിന്റെ  പിതാക്കന്മാരിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മുത്തു വ്യവസായത്തിന്റെ അഭിവൃദ്ധിയുടെ കാലം 1929 ൽ ലോകമെങ്ങും വ്യാപിച്ച മഹാമാന്ദ്യം വരെ ശക്തമായി തുടർന്നു. പിന്നീട്  പല രാജ്യങ്ങളിലായി കൃത്രിമ മുത്തുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയത് ദുബായിയുടെ സമ്പദ്‌വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കാൻ തുടങ്ങി. സാമ്പത്തിക അസ്ഥിരതയുണ്ടാക്കിയ സാഹചര്യങ്ങളെ അതിജീവിക്കാനായി ഷെയ്ക്ക് വിപുലീകരണത്തിനുള്ള മറ്റ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഒരുങ്ങി. ഇതിന്റെ ഫലമായി ദുബായ് ഒരു പ്രധാന റീ-എക്‌സ്‌പോർട്ട് ബിസിനസ് തുറമുഖമായി ഉയർത്തിക്കൊണ്ട് വരാൻ അദ്ദേഹത്തിനായി. ദുബായിയെ ഒരു നികുതി രഹിത  തുറമുഖമായി മാറ്റുകയും  ചരക്കുകൾ ഇറക്കുമതി ചെയ്ത്  ഉടൻ തന്നെ മറ്റൊരു വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പ്രക്രിയക്ക് തുടക്കമിടുകയും ചെയ്തു . 

പേർഷ്യൻ ഗൾഫിലെ പ്രധാന പ്രവേശനകവാടവും 1900 മുതലുള്ള ഏറ്റവും തിരക്കേറിയ വ്യാപാര തുറമുഖവുമായി ദുബായ് മാറുന്ന കാഴ്ചകളായിരുന്നു ഇവയെല്ലാം . എമിറേറ്റിന്റെ  പ്രധാന വരുമാന മാർഗ്ഗം വാണിജ്യവും ടൂറിസവുമാണ് .വളർച്ചയുടെ പല പടവുകൾ താണ്ടി  ഇന്ന് ദുബായ് യു.എ.ഇയുടെ  സാമ്പത്തിക കാര്യങ്ങളിലും രാഷ്ട്രീയ ഘടനയിലും അടിസ്ഥാന പങ്ക് വഹിക്കുന്നു. അത് കൂടാതെ അന്താരാഷ്ട്ര കാര്യങ്ങളിലും വ്യക്തതയുള്ള അഭിപ്രായത്തോടെ ലോകരാഷ്ടങ്ങൾക്ക് മുമ്പിൽ സ്ഥാനമുറപ്പിക്കാനും ഈ എമിറേറ്റിന് കഴിയും വിധം വളരാനുമായി.

1958-ൽ സയീദ് ബിൻ മക്തൂം അൽ മക്തൂമിന്റെ മരണത്തെത്തുടർന്ന് ഷൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ഭരണാധികാരിയായി. ഷെയ്ഖ്റാഷിദ് അൽ മക്തൂം ദുബായിയുടെ വികാസത്തിന്റെ പ്രേരകശക്തിയായി പരക്കെ കണക്കാക്കപ്പെടുന്നു. എണ്ണയുടെ കണ്ടെത്തൽ എല്ലാ മേഖലകളുടെയും വികാസത്തിന് വഴിയൊരുക്കാനുള്ള അവസരമായി അദ്ദേഹം കണ്ടു.  അത് ശരിക്കും കൈകാര്യം ചെയ്യാനുള്ള ആർജ്ജവവും  ഷൈഖ് റാഷിദിന് ഉണ്ടായിരുന്നു . ആധുനിക കപ്പലുകൾക്ക്  കയറാൻ കഴിയാത്തത്ര ചെറുതായതിനാൽ 1963 ൽ അദ്ദേഹം ദുബായ് ക്രീക്ക് ഡ്രെഡ്ജിംഗ് ആരംഭിച്ചു. ഇത് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമായി.  ഡ്രെഡ്ജിംഗ്  പൂർത്തിയാക്കാൻ ആവശ്യമായ പണം ദുബായിലെ വാർഷിക വരുമാനത്തേക്കാൾ വളരെ ഉയർന്നതായതിനാൽ വളരെ ആശങ്കാകുലമായ ഒരവസ്ഥ നിഴൽ വിരിക്കാൻ തുടങ്ങി.  പക്ഷെ, അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഷെയ്ഖ് സധൈര്യം മുന്നോട്ട് നീങ്ങി.  ഏത് വലുപ്പത്തിലുള്ള കപ്പലുകൾക്കും തുറമുഖത്ത് ഡോക്ക് ചെയ്യാൻ പ്രാപ്തമാവും വിധം ഡ്രെഡ്ജിംഗ് വിജയകരമായിരുന്നു. ഇത് സ്വർണ്ണത്തിന്റെ  പുനർ കയറ്റുമതി വിപണി ആരംഭിക്കാൻ കാരണമായതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കു നീക്കങ്ങൾക്കും സഹായകമായി. ഇതോടൊപ്പം ബ്രിട്ടീഷുകാരുമായി ചേർന്ന് സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനും ദീർഘദർശിയായ ഷെയ്ഖ് റാഷിദിന് കഴിഞ്ഞുവെന്നതും ദുബായുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലെ ഒരു നാഴികക്കല്ലാണ്.  

1966 ൽ എണ്ണ കണ്ടെത്തിയതാണ് ദുബായിയുടെ ചരിത്രത്തിലെയും ഭാഗ്യത്തിലെയും പ്രധാന വഴിത്തിരിവ്.  പേർഷ്യൻ ഗൾഫ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ റിയാൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നത് ഈ സന്ദർഭത്തിലാണ്. 1971 ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായതിന് ശേഷവും ഈ നില തുടർന്നു. 1973 ൽ യു.എ. ഇ ദിർഹം നിലവിൽ വരുന്നതു വരെയും ഇന്ത്യൻ കറൻസിയും ഇവിടെ പ്രാബല്യത്തിൽ ഉണ്ടായിരുന്നതായി കാണാം.  1973 ൽ തന്നെയാണ് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള ആറ് എമിറേറ്റുകളുമായി ഒന്നിച്ചു നീങ്ങാനുള്ള തീരുമാനത്തിലെത്തുന്നതും. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ വീറ്റോ അധികാരമുള്ള  എമിറേറ്റുകളാണ് അബുദാബിയും ദുബായിയും. അതേസമയം മറ്റ് എമിറേറ്റുകൾക്ക് അത്തരം കാര്യങ്ങളിൽ വോട്ട് മാത്രമേയുള്ളൂ. രാജ്യത്ത് സ്വന്തമായ വ്യക്തിത്വം പുലർത്താനും സുസ്ഥിരമായ ഒരു സ്ഥാനം ഉറപ്പാക്കാനും ആയതോടെ അതിവേഗം വികസിക്കുകയും വളരുകയും ചെയ്യുക എന്നത് ദുബായ് തങ്ങളുടെ അതിപ്രധാന നയമായി സ്വീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. 1969 ൽ ആദ്യമായി എണ്ണ കയറ്റുമതി ചെയ്തുകഴിഞ്ഞതോടെ, ഒരു സ്വ യംഭരണ രാജ്യമെന്ന നിലയിൽ ദുബായിയുടെ ഭാവി സുരക്ഷിതമാക്കി നിറുത്താൻ കഴിഞ്ഞത് വലിയ നേട്ടമായി എണ്ണപ്പെടുന്നു. പിന്നീടുള്ള വർഷങ്ങളിൽ യുഎഇയുടെ പൊതു ഭരണകാര്യങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുള്ള പ്രാപ്തിയിലേക്ക് ദുബായ് വളരുകയായിരുന്നു.

ആകെ നാല്പത് അംഗങ്ങളുള്ള യു.എ. ഇ ഫെഡറൽ നാഷണൽ കൗൺസിലിലെ എട്ട് അംഗങ്ങൾ ദുബായിയെ പ്രതിനിധീകരിക്കുന്നു.   ദുബായ് സ്വന്തം ജുഡീഷ്യൽ കോടതികൾ നിലനിർത്തുന്ന സംസ്ഥാനമാണ്. മറ്റുള്ള എമിറേറ്റുകളെല്ലാം  യു‌എഇയുടെ ഫെഡറൽ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ് നില്ക്കുന്നത് . ബിസിനസ്സിൽ ഏർപ്പെടുന്ന കമ്പനികൾക്ക് അനിയന്ത്രിതമായ തൊഴിൽ ഇറക്കുമതിയും മൂലധന കയറ്റുമതിയും നൽകിക്കൊണ്ട് 1979 ലാണ് ജബൽ അലി ഫ്രീ സോൺ തുടങ്ങുന്നത് . ഇത് ഇന്ന് കാണുന്ന ആഗോള കമ്പനികളുടെ വരവ് കുതിച്ചുയരാൻ സഹായകമായി.

ഷെയ്ഖ് റാഷിദ് അൽ മക്തൂമിന്റെ മരണത്തെ തുടർന്ന് ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം ഭരണമേറ്റെടുക്കുകയായിരുന്നു.  1990 ലെ ഗൾഫ് യുദ്ധത്തിൽ യുഎഇയുടെ ഭാഗമായി ദുബായ്, സഖ്യരാഷ്ട്ര സൈന്യങ്ങൾക്ക്  സഹായം നൽകി. മിഡിൽ ഈസ്റ്റിന്റെ  സമ്പദ്‌വ്യവസ്ഥയെ ചെറിയ തോതിൽ അസ്വസ്ഥമാക്കിയ നാളുകളായിരുന്നു ത്തക്കാലം. എന്നിരുന്നാലും, 1990 കളുടെ മധ്യത്തിൽ ഇത് സുസ്ഥിരമാവുകയും നിരവധി വിദേശ വ്യാപാര സമൂഹങ്ങൾ തങ്ങളുടെ ബിസിനസുകൾ ദുബായിലേക്ക് മാറ്റുകയും ചെയ്തു. പാശ്ചാത്യ ലോകവുമായുള്ള രാഷ്ട്രീയ സഖ്യം വളർത്തിയെടുക്കുന്ന ദുബായ് 2003 ലെ ഇറാഖ് അധിനിവേശകാലത്ത് പേർഷ്യൻ ഗൾഫ് യുദ്ധകാലത്തെപ്പോലെ ജബൽ അലി ഫ്രീ സോണിലെ സഖ്യസേനയ്ക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള താവളങ്ങൾ നൽകി. 

ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ വർധന പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദുബായിക്ക് സഹായകമായി. ജബൽ അലി ഫ്രീ സോണിന്റെ വിജയം, ദുബായ് ഇൻറർനെറ്റ് സിറ്റി,  ദുബായ് മീഡിയ സിറ്റി, എന്നിവയുൾപ്പെടെ പുതിയ സ്വതന്ത്ര സോണുകളുടെ ക്ലസ്റ്ററുകൾ വികസിപ്പിക്കാൻ പ്രേരകമായി. കൂടാതെ വാട്ടർഫ്രണ്ടുകളും  തുറമുഖങ്ങളും ഉൾപ്പെടെ നിരവധി സൗകര്യങ്ങളുള്ള ദുബായ് മാരിടൈം സിറ്റി പോലുള്ള പദ്ധതികളും  . കഴിഞ്ഞ ദശകങ്ങളിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രീസ്റ്റാൻഡിംഗ് ഹോട്ടലായ ബുർജ് അൽ അറബ് ഉൾപ്പെടെയുള്ള വിജയകരമായ കെട്ടിട നിർമ്മാണ പദ്ധതികളിലൂടെ ദുബായ് ലോകമെങ്ങും അറിയപ്പെട്ടു.  പാം ദ്വീപുകൾ എന്നറിയപ്പെടുന്ന ഈന്തപ്പനയുടെ ആകൃതിയിലുള്ള  മൂന്ന് കൃത്രിമ ദ്വീപുകൾ.  ഇതിൽ അത്യാകർഷകങ്ങളും  ആഡംബരപൂർണ്ണവുമായ  വാസയോഗ്യവും വാണിജ്യപരവുമായ കെട്ടിട സമുച്ചയങ്ങൾ. ലോകത്തിന്റെ ആകൃതിയിലുള്ള 300 ദ്വീപുകളുള്ള ഒരു വലിയ മനുഷ്യനിർമിത ദ്വീപസമൂഹമായ വേൾഡ് ഐലന്റ്സ് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ  ബുർജ് ഖലീഫ.എണ്ണിയാലൊടുങ്ങാത്ത വിസ്മയ കാഴ്ചകളിലൂടെയാണ് ദുബായിലെ  ഓരോ വഴിയും സഞ്ചാരികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. 

എണ്ണവിലയെച്ചൊല്ലി രാജ്യാന്തര കലഹമുണ്ടായിട്ടും ദുബായ് ഇതിനകം മിഡിൽ ഈസ്റ്റിലെ ഹോങ്കോങ്ങായി കണക്കാക്കപ്പെടുന്നു.  ലോകത്തെ എണ്ണ വിതരണം തീർന്നുപോയാൽ പോലും, മറ്റിടങ്ങളിൽ നിന്ന്   വ്യത്യസ്തമായി എണ്ണ രഹിത ലോകത്ത് ദുബായ്ക്ക് നില നിൽക്കാനാകും . ദുബായ് മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങൾ അനുദിനം  വളരുകയാണ്. കാരണം എണ്ണ നിലനിൽക്കുന്നുവെന്ന് അറിയുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ദുബായ് ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു.  ഇറാനുമായുള്ള എമിറേറ്റിന്റെ വ്യാപാര പ്രവേശനം ചൈനയുമായുള്ള ഹോങ്കോങ്ങിന്റെ വ്യാപാരത്തിന് സമാനമാണ്.

യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ അവസാനമായി അവശേഷിക്കുന്ന എണ്ണ നിക്ഷേപം 2029 അവസാനത്തോടെ തീർന്നു പോയേക്കാം. യുഎഇയിൽ കൂടുതൽ എണ്ണയില്ലാത്തപ്പോൾ പോലും, അവരുടെ ടൂറിസവും  വ്യവസായവും പരമാവധി അവർക്ക് മുന്നോട്ടുള്ള സുഗമമായുള്ള നീക്കത്തിന് പര്യാപ്തമാകും . 2016 ഫെബ്രുവരിയിലെ കണക്കുപ്രകാരം, ദുബായിൽ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനൊപ്പം) 44 ബില്യൺ ബാരൽ അസംസ്കൃത പെട്രോളിയം കരുതൽ ശേഖരം മാത്രമേയുള്ളൂ. ശരിയായി ഉപയോഗിക്കുകയും ഇതര ഇന്ധനങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്താൽ, ദുബായിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രവർത്തനം നിലനിർത്തുന്ന കരുതൽ ഇന്ധനങ്ങൾ 21-ആം നൂറ്റാണ്ടിന്റെ അവസാനം വരെ നീണ്ടുനിൽക്കും. 

2006 ൽ, ഷെയ്ഖ് മക്തൂം അൽ-മക്തൂമിന്റെ മരണശേഷം, അദ്ദേഹത്തിന്റെ സഹോദരൻ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം അമീറായി . നിലവിൽ ദുബായിയുടെ ഭരണാധികാരിയും യു.എ. ഇയുടെ ഉപപ്രധാനമന്ത്രിയും ഇദ്ദേഹമാണ്. ദുബായിയുടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ഷെയ്ക് മുഹമ്മദിന്റെ നിപുണത അതേപടി പിന്തുടരുന്ന ക്രൗൺ പ്രിൻസ് ഷെയ്ക് ഹംദാൻ ബ്ന് മുഹമ്മദ് അൽ മക്തൂം എപ്പോഴും കർമ്മനിരതനായി ഒരു രാഷ്ട്രതന്ത്രജ്ഞന്റെ നില കൈവരിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഇസ്റയേലുമായി ഉണ്ടാക്കിയ പുതിയ കരാറുകൾ പലയിടങ്ങളിലും മുറുമുറുപ്പുകൾ സൃഷ്ടിക്കുന്നുവെങ്കിലും മിഡിൽ ഈസ്റ്റിന്റെ സമാധാനത്തിനും വികസനത്തിനും അത് വഴി വെച്ചേക്കും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. 

Share this story

Comments (0)

  • Be the first to write one.