15 February 2026 · 9 min read · അനുഭവം

ഡിജിറ്റൽ ഡിറ്റോക്സ്


ഡിജിറ്റൽ ലഹരിയിൽ നിന്ന് അക്ഷരങ്ങളിലേക്ക് ഒരു തിരിച്ചുനടത്തം.

പണ്ടൊക്കെ ആരെങ്കിലും തനിയെ ഇരുന്ന് ചിരിക്കുകയോ പിറുപിറുക്കുകയോ ചെയ്താൽ നമ്മൾ പറയും, " ങ്ഹാ, അവനെ ഏതോ പ്രേതം പിടികൂടീ" എന്ന്. ഉടനെ മന്ത്രവാദിയെ വരുത്തലായി പുകയിടലായി ആവാഹനം തുടങ്ങലുമായി. ഇന്നിപ്പോ ഒറ്റക്കിരുന്ന് ചിരിക്കാറില്ലെങ്കിലും ഈ 67-ാം വയസ്സിൽ എന്റെ അവസ്ഥയും ഏതാണ്ട് ഇതു തന്നെയായിരിക്കുന്നു. എന്നെ പിടികൂടിയത് ഏതെങ്കിലും പ്രേതമോ കുട്ടിിച്ചാത്തനോ അല്ല, മറിച്ച്   അവരേക്കാളൊക്കെ ഭീകരനായ സാക്ഷാൽ 'റീൽസ്' (Reels) ആണ്!

നേരം വെളുത്താൽ ഇൻസ്റ്റാഗ്രാമിലെ തട്ടുപൊളിപ്പൻ ഡാൻസും, "കാവാ ലാവാ" പാട്ടും കണ്ട് രാത്രി രണ്ട് മണി വരെ ഞാൻ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കലാണ്. ഇതിനിടയിൽ ഫോൺ താഴെ വെച്ചാൽ കൈ വിറയ്ക്കും, മനസ്സിന് വല്ലാത്തൊരു വെപ്രാളം. വീട്ടുകാരി വിചാരിച്ചു എനിക്ക് വട്ടു പിടിച്ചെന്ന്. ഒടുവിൽ സഹികെട്ട് ഞാൻ തന്നെ ഒരു കൗൺസിലിംഗ് വിദഗ്ധനെ ഫോണിൽ വിളിച്ചു.

​"ഡോക്ടറെ, രക്ഷിച്ചേ ഒക്കൂ! ഈ 67-ാം വയസ്സിൽ എനിക്ക് ഉറക്കമില്ല, എപ്പോഴും ഫോണിൽ  റീൽസ് നോക്കി ഇരിക്കാനാണ് തോന്നുന്നത്. ഒരുമാതിരി ബാധ കയറിയ അവസ്ഥ!" ഞാൻ സങ്കടം പറഞ്ഞു.

ഡോക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. എന്റെ ജീവിതരീതികളും അസുഖവിവരങ്ങളും പങ്കു വെക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു: "അങ്കിളിൻ്റെ ബൈപ്പാസ് സർജറി കഴിഞ്ഞെന്നല്ലേ പറഞ്ഞത്, അന്ന് രക്തം കുറെ കേറ്റിലെ?"

​ഞാൻ പറഞ്ഞു, "അതെല്ലോ, അന്ന് 30-35 വയസ്സുള്ള യങ്ങ് വൈബുള്ള ആറ് ചെറുപ്പക്കാരുടെ ചോരയാണ് എന്റെ ശരീരത്തിൽ കേറ്റീർന്നത്."

ഉടനെ വന്നു ഡോക്ടറുടെ മറുപടി: "ആ , വെറുതെയല്ല. പിടികിട്ടി, പിടി കിട്ടി! ശരിക്ക് അങ്കിളിനെയല്ല ആ റീൽസ് പിടികൂടിയിരിക്കണത്, അങ്കിളിന്റെ ഉള്ളിലിരിക്കുന്ന ആ ആറ് 'യുവരക്തങ്ങളെയാണ്'. ആ പിള്ളേരുടെ പെടപെടക്കണ ചോര തുടിപ്പിക്കുന്നത് ഇൻസ്റ്റാഗ്രാമിലെ ട്രെൻഡിംഗ് പാട്ടുകളും ഡാൻസുകളുമാണ്. അങ്കിളിൻ്റെ പ്രായത്തിന്റെ പക്വത ശരീരം കാണിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ ചോരയ്ക്ക് ഇപ്പോഴും റീൽസ് കണ്ട് അടിച്ചുപൊളിക്കാനാണ് താല്പര്യം!"

അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അന്തംവിട്ടുപോയി. അതൊരു ഒന്നൊന്നര കണ്ടുപിടുത്തമായിരുന്നു! എന്റെ അഡിക്ഷൻ മാറ്റാൻ അദ്ദേഹം ചില 'മന്ത്രങ്ങൾ' ഉപദേശിച്ചു തന്നു. "ഓരോ തവണ റീൽസ് കാണാൻ തോന്നുമ്പോഴും മനസ്സിനോട് പറയുക: ഇത് എന്റെ ചോരയല്ല, മറ്റാരോ തന്ന ദാനമാണ്. ഞാൻ 67-കാരനാണ്, ഇൻഫ്ലുവൻസർ അല്ലേയല്ല!"

ഡിജിറ്റൽ ഡിറ്റോക്സിന്റെ ഭാഗമായി അദ്ദേഹം പറഞ്ഞുതന്ന ടിപ്പുകൾ പിന്തുടർന്ന് എന്റെ അഡിക്ഷൻ ഇപ്പോൾ കുറെയൊക്കെ പമ്പ കടന്നു എന്നാണ് വീട്ടുകാരിയുടെ നിഗമനം. (സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും മനഃപൂർവം ഒരു നിശ്ചിത കാലയളവിലേക്ക് വിട്ടുനിൽക്കുന്ന രീതിയെയാണ് ഡിജിറ്റൽ ഡിറ്റോക്സ് (Digital Detox) എന്ന് വിളിക്കുന്നത്.​ ശരീരത്തിലെ വിഷാംശങ്ങൾ കളയാൻ നാം 'ഡിറ്റോക്സ് ഡയറ്റ്' ചെയ്യുന്നത് പോലെ, അമിതമായ വിവരങ്ങളിൽ നിന്നും ഡിജിറ്റൽ ലോകത്തെ സമ്മർദ്ദങ്ങളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.)

ഇപ്പോൾ റീൽസ് കാണാൻ തോന്നുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി എന്റെ നരച്ച മുടി ഒന്ന് തടവും. അപ്പോൾ ഉള്ളിലിരിക്കുന്ന ആ ആറ് 'യുവാക്കളും' എത്ര നേരത്തേക്കാണെന്നറിയില്ല, വാല് ചുരുട്ടി മിണ്ടാതിരിക്കും! 

പണ്ട് മന്ത്രവാദി ഓതി മാറ്റിയ പിശാചുക്കളേക്കാൾ കടുപ്പമാണ് ഈ ബാധയെന്ന് അപ്പോഴാണെനിക്ക് മനസ്സിലാവാറ്. എന്തായാലും ഇപ്പോൾ എന്റെ ഫോണിൽ ആകെ കേൾക്കുന്നത് 60-70 കളിലെ മെലഡി ഗാനങ്ങൾ മാത്രമാണ്, അല്ലാതെ "ടാ തക തക തെയ്" ഒന്നുമല്ല!

##############################

ഈ വിധമൊക്കെയാണ് ​മൂന്ന് മാസം മുമ്പ് നടന്ന ബൈപ്പാസ് സർജറിക്ക് ശേഷം ജീവിതത്തിന് പുതിയൊരു താളം കണ്ടെത്താനുള്ള എൻ്റെ ശ്രമം. സർജറി നടത്തിയ ഡോക്റ്റർ നിർദ്ദേശിച്ച വിശ്രമത്തിനിടയിൽ എപ്പോഴോ എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളും സോഷ്യൽ മീഡിയകളിലെ ഗൗരവമായ ചർച്ചകളും എനിക്ക് അന്യമായതായി ഞാൻ തിരിച്ചറിയുകയായിരുന്നു.  മുമ്പ് ഒരു നല്ല നോവൽ കൈയിൽ കിട്ടിയാൽ മണിക്കൂറുകൾ എങ്ങനെയെന്നറിയാതെ കടന്നുപോകുമായിരുന്നു.   ഇന്നാകട്ടെ വായന 90 ശതമാനവും നിലച്ചു. പകരം, സ്മാർട്ട്ഫോണിലെ 'റീൽസി'ൻ്റെ അനന്തമായ ലോകത്തേക്ക് ഞാൻ വഴുതിവീണു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വിരലുകൾ ചലിക്കുമ്പോൾ, സമയം മണൽത്തരികൾ പോലെ ചോർന്നു പോകുന്നത് അറിയുന്നതേയില്ല.

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ഞാനെന്നോട് തന്നെ തിരക്കിയപ്പോഴാണ് നേരത്തെ പറഞ്ഞ കൗൺസിലറെ ബന്ധപ്പെടാനായത് തന്നെ. ശരിക്കും അതിൻ്റെ ഉത്തരം പറഞ്ഞു തന്നത് അദ്ദേഹം തന്നെയാണ്. ആളൊരു തമാശക്കാരൻ കൂടിയായിരുന്നെങ്കിലും കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ പറഞ്ഞു തന്നു. അങ്ങനെയാണ് 'അറ്റൻഷൻ ഇക്കോണമി' (Attention Economy) എന്ന പ്രയോഗത്തെ പറ്റിത്തന്നെ ഞാൻ ആദ്യമായി കേൾക്കുന്നത്.  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കച്ചവടച്ചരക്ക് സ്വർണ്ണമോ മയക്കുമരുന്നുകളോ ഒന്നുമല്ലത്രെ. അത് നമ്മുടെ 'ശ്രദ്ധ'യാണെന്നാണ് മൂപ്പര്ടെ കണ്ടെത്തൽ. ഒന്നരമണിക്കുറോളം അദ്ദേഹവുമായി സംസാരിച്ചതിൻ്റെ ഒരേകദേശരൂപമാണ് ഇനിയുള്ള ഭാഗം.

വായനയ്ക്ക് വേണ്ടത് ഏകാഗ്രതയും ക്ഷമയുമാണെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. അത് ശരിയാണല്ലോ. എന്നാൽ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് നമ്മുടെ തലച്ചോറിന് നിമിഷനേരം കൊണ്ട് സന്തോഷം നൽകുന്ന 'ഡോപ്പമിൻ' (Dopamine) ഹിറ്റുകൾ നൽകാനാവുന്ന വിധമാണ്. ആഴത്തിലുള്ള ചിന്തകളെക്കാൾ ഉപരിപ്ലവമായ കാഴ്ചകളിൽ നമ്മെ തളച്ചിടാൻ ഈ ലൂപ്പിന് എളുപ്പത്തിൽ സാധിക്കുന്നു. ​ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തളർച്ചയിൽ ഈ റീലുകൾ എനിക്ക് ഒരു താത്കാലിക ആശ്വാസമായിരുന്നുവെന്നത് ശരി. പക്ഷേ, പതുക്കെ അത് വായനയിൽ നിന്ന് കിട്ടിയിരുന്ന സ്വസ്ഥതയെ ഇല്ലാതാക്കി. വായന ചിന്തകളെ ഉണർത്തിയിരുന്ന സ്ഥാനത്ത് അമിതമായ സ്ക്രോളിംഗ് തലച്ചോറിനെ മരവിപ്പിക്കുകയാണ് ചെയ്തത്. ഈ തിരിച്ചറിവാണ് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത്. 

നഷ്ടപ്പെട്ട വായനാലോകം തിരിച്ചുപിടിക്കുക എന്നത് വെറുമൊരു ആഗ്രഹമായിരുന്നില്ല, മറിച്ച് മാനസികാരോഗ്യത്തിന് അത് അനിവാര്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

​അതുകൊണ്ട്, ആ പഴയ ശീലങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഒറ്റയടിക്ക് പഴയ വേഗതയിൽ എത്തിപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. എങ്കിലും, ഒരു ദിവസം കുറച്ചു പേജുകൾ എന്ന നിലയിൽ പുസ്തകങ്ങളെ വീണ്ടും കൂട്ടു പിടിക്കണം. അക്ഷരങ്ങൾക്കിടയിലെ ആ പഴയ സമാധാനം വീണ്ടെടുക്കണം. അൽഗോരിതങ്ങൾ നിശ്ചയിക്കുന്ന കാഴ്ചകൾക്കപ്പുറം, സ്വന്തം ചിന്തകൾക്ക് വേരോടാൻ കഴിയുന്ന ആ പഴയ പുസ്തകത്താളുകളിലേക്ക് തിരികെ നടന്നു തന്നെ തുടങ്ങണം.

​Attention Economy (ശ്രദ്ധാ സമ്പദ്‌വ്യവസ്ഥ) എന്നത് മനുഷ്യരുടെ ശ്രദ്ധ (attention) തന്നെ ഏറ്റവും വിലയേറിയ വിഭവമാക്കി മാറ്റിയ ഒരു സാമ്പത്തിക സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആദ്യമൊന്നും തലയിൽ കേറിയില്ല. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സാധാരണ മാർക്കറ്റിങ് ഉൽപ്പന്നങ്ങളോളം തന്നെ  നമ്മൾ എത്ര നേരം എന്തിലാണ് ശ്രദ്ധ ചെലവഴിക്കുന്നത് എന്നതും ഡിജിറ്റൽ കമ്പനികൾക്ക് വലിയ വരുമാന മാർഗമാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞു തരികയായിരുന്നു.

ടിവി, സോഷ്യൽ  മീഡിയ, വാർത്താ സൈറ്റുകൾ, വീഡിയോ പ്ലാറ്റ്ഫോമുകൾ എന്നിവ എല്ലാം നമ്മുടെ സമയം കൂടുതൽ പിടിച്ചു നിർത്താൻ രൂപകൽപ്പന ചെയ്തവയാണ്. നമ്മൾ എത്ര കൂടുതൽ സമയം അവയിൽ ചെലവഴിക്കുന്നുവോ അത്രയും കൂടുതൽ പരസ്യങ്ങൾ കാണാൻ നിർബന്ധിതരാകുന്നുണ്ട്. കൂടുതൽ ഡാറ്റ ശേഖരിക്കുന്നുണ്ട് , എന്നാൽ അത് വഴി കൂടുതൽ ലാഭം   ലഭിക്കുന്നത് കമ്പനികൾക്കാണത്രെ! ഉദാഹരണമായി അദ്ദേഹം പറഞ്ഞു തന്നത് Meta Platforms, Google, TikTok, YouTube തുടങ്ങിയവയുടെ ബിസിനസ് മോഡൽ തന്നെ പ്രധാനമായും ഉപഭോക്തൃശ്രദ്ധയെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്. നമ്മളറിയാതെ തന്നെ നമ്മൾ കച്ചവടച്ചരക്കായി മാറുന്ന അവസ്ഥ.

ഇവയുടെ പ്രധാന ദൂഷ്യഫലങ്ങൾ എന്തെന്നും പറഞ്ഞു തന്നു.

ഒന്നാമത്തേത് ശ്രദ്ധ ചിതറലാണ് (Attention fragmentation).

ഓരോ തവണ ഫോൺ നോക്കുമ്പോഴും തലച്ചോറിൽ ഡോപ്പമിൻ (Dopamine) ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് നമ്മെ സ്ക്രീനുകളിൽ തന്നെ തളച്ചിടുന്നു.  അവിടെ നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകൾ, ഷോർട്ട് വീഡിയോകൾ എന്നിവ കാരണം നമ്മുടെ ദീർഘകാല ഏകാഗ്രത നമ്മളറിയാതെ തന്നെ കുറയുന്നുണ്ട്. അത് വഴി പുസ്തകം വായിക്കുക പോലുള്ള നീണ്ട ശ്രദ്ധ ആവശ്യമായ പ്രവർത്തനങ്ങൾ ക്രമേണ നമുക്ക് അപ്രാപ്യമാവുന്നു.  ക്രമേണ പുസ്തകങ്ങളെ നമ്മൾ മറന്നേ പോകുന്നു.

അടുത്തത് അതുവഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദമാണ്.

സ്ഥിരമായ സോഷ്യൽ മീഡിയ താരതമ്യം,

ലൈക്ക്-കമന്റ് ആശ്രിതത്വം

ഡോപ്പമിൻ അധിഷ്ഠിത അടിമത്ത സ്വഭാവത്തിലേക്ക് വഴുതി മാറുമ്പോൾ മാനസിക സമ്മർദ്ദം ഏറുന്നതായി നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും കമന്റുകൾക്കും പിന്നാലെ നിരന്തരമായി പോകുന്നത് ഉത്കണ്ഠ , വിഷാദം എന്നിവയ്ക്ക് കാരണമാകുന്നതായും വിലയിരുത്തപ്പെടുന്നു.

തെറ്റായ വിവര വ്യാപനമാണ് അടുത്തത്.

ആളുകളുടെ ശ്രദ്ധ വേഗത്തിൽ കിട്ടാൻ വേണ്ടി സെൻസേഷണൽ ആയതോ അല്ലെങ്കിൽ വിവാദപരമായ ഉള്ളടക്കം ഉള്ളതോ വ്യാജമായത് തന്നെയോ ആയ വാർത്തകൾ പ്രചരിക്കുന്ന ലോകമാണ് ചുറ്റും. സത്യമായ വിവരങ്ങൾക്കു പകരം “ആകർഷകമായ” അത്തരം വിവരങ്ങൾ മുൻപിൽ വന്നു കൊണ്ടേയിരിക്കും. 

ഇതിനൊക്കെയുമുപരി സമയനഷ്ടവും.

ചിലപ്പോൾ ആളുകൾ അവരറിയാതെ തന്നെ മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ ചെലവാക്കും.

ഇത് കൊണ്ട് ലാഭം കൊയ്യുന്നവർ

ഡിജിറ്റൽ പ്ലാറ്റ്ഫോം കമ്പനികൾ തന്നെ.

പരസ്യവരുമാനം പ്രധാനമായും ഉപയോക്തൃശ്രദ്ധയിൽ നിന്നാണ് വരുന്നത്.

പരസ്യം നല്കുന്നവർ ആളുകളുടെ ശ്രദ്ധ കൂടുതൽ ലഭിക്കുന്നിടത്ത് പരസ്യം കാണിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നു. അതിന് വേണ്ടി നമ്മുടെ ഓൺലൈൻ ശീലങ്ങൾ നിരീക്ഷിച്ച് ആ വിവരങ്ങൾ ആവശ്യക്കാർക്ക് വിൽക്കാൻ ഡാറ്റാ ബ്രോക്കർമാരുമുണ്ട്. നമ്മുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കി കൃത്യമായ ഉൽപ്പന്നങ്ങൾ നമ്മുടെ മുന്നിലെത്തിക്കാൻ ഇവർക്ക് സാധിക്കുന്നു.​ചുരുക്കത്തിൽ, നമ്മൾ ഒരു സർവീസിന് പണം നൽകുന്നില്ലെങ്കിൽ (ഉദാഹരണത്തിന് Facebook നമ്മൾക്ക് Free ആണല്ലോ. അത് പോലെ ഫ്രീ ആയ ഏതൊരു ആപ്പും), അവിടെ നമ്മൾ ഉപഭോക്താവല്ല, മറിച്ച് നമ്മുടെ ശ്രദ്ധയാണ് അവിടുത്തെ ഉൽപ്പന്നം. 

ഒരു ലളിതമായ ഉദാഹരണം അദ്ദേഹമെനിക്ക് പറഞ്ഞു തന്നത് ഇങ്ങനെയാണ്. ഒരു ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമിൽ നമ്മൾ 20 മിനിറ്റ് ചെലവഴിക്കുന്നുവെന്ന് കരുതുക. തീർച്ചയായും അവിടെ അഞ്ചോ ആറോ പരസ്യങ്ങൾ കാണിക്കും. അത് വഴി നമ്മുടെ ഇഷ്ടങ്ങൾ രേഖപ്പെടുത്തപ്പെടുകയാണവിടെ. അതോടൊപ്പം അടുത്ത ദിവസവും നമ്മൾക്ക് അതേ പ്ലാറ്റ്ഫോം വീണ്ടും തുറക്കാൻ ആകർഷിക്കുന്ന വിധം ഉള്ളടക്കം നമ്മളറിയാതെ ഒരുക്കപ്പെടുന്നുമുണ്ട്. ഇതാണ് Attention Economy യുടെ അടിസ്ഥാന പ്രവർത്തനം.

ചുരുക്കത്തിൽ Attention Economy എന്നത് “ഉപയോക്താവിന്റെ ശ്രദ്ധ = സാമ്പത്തിക മൂല്യം” എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്.

ഇത് സാങ്കേതിക പുരോഗതിയുടെ സ്വാഭാവിക ഫലമാണെന്ന് പറയാമെങ്കിലും അതിന്റെ അമിത ഉപയോഗം മനുഷ്യരുടെ ശ്രദ്ധ, സമയം, മാനസികാരോഗ്യം എന്നിവയെ ബാധിക്കുമെന്നതിൽ സംശയമില്ല.

നമ്മുടെ പോക്കറ്റിലിരിക്കുന്ന ഫോൺ യഥാർത്ഥത്തിൽ ഒരു കുഞ്ഞൻ അത്ഭുതവിളക്കല്ല, മറിച്ച് ലോകത്തിലെ ഏറ്റവും മിടുക്കരായ മനഃശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ചേർന്ന് തയ്യാറാക്കിയ ഒരു 'ഡിജിറ്റൽ ചൂണ്ട'യാണ്. നമ്മൾ പോലുമറിയാതെ അറ്റൻഷൻ ഇക്കോണമി നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് നിയന്ത്രിക്കുന്നത് എന്ന് ചില രസകരമായ ഉദാഹരണങ്ങളിലൂടെ നോക്കാം:

1. ഇൻഫിനിറ്റ് സ്ക്രോളിംഗ് (Infinite Scrolling) അഥവാ വറ്റാത്ത കിണർ .

പണ്ട് നമ്മൾ പത്രം വായിക്കുമ്പോൾ ഒരു പേജ് കഴിഞ്ഞാൽ അടുത്ത പേജ് മറിക്കണം. വായന തീർന്നാൽ പത്രം മടക്കി വെക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ പത്രം തീരുന്നതേയില്ല! തീർന്നെങ്കിലല്ലേ മടക്കി വെക്കേണ്ടതുള്ളു.

നമ്മൾ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ വെറുതെ ഒന്ന് കേറുന്നു. താഴേക്ക് സ്ക്രോൾ ചെയ്യുന്തോറും പുതിയ കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഇത് കൃത്യമായി ഡിസൈൻ ചെയ്തിരിക്കുന്നത് നമ്മുടെ തലച്ചോറിന് 'ഇവിടെ വായന നിർത്താം' എന്നൊരു സിഗ്നൽ നൽകാതിരിക്കുന്ന വിധമാണ്. നിറുത്താതെ വിളമ്പിക്കൊണ്ടിരിക്കുന്ന ഒരു സദ്യ പോലെയാണിത്. വയർ നിറഞ്ഞാലും നമ്മൾ കഴിച്ചുകൊണ്ടേയിരിക്കും!

2. ഡോപ്പമിൻ ലൂപ്പ് (The Dopamine Loop) - ഡിജിറ്റൽ ഭാഗ്യക്കുറി

ഓരോ തവണ ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുമ്പോൾ അല്ലെങ്കിൽ ശബ്ദിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ചെറിയൊരു ആകാംക്ഷ വരും. 

"ആരാണാവോ ലൈക് ചെയ്തത്?", "എന്താണാവോ മെസ്സേജ്?".

ഉത്സവപ്പറമ്പുകളിലെ സ്ലോട്ട് മെഷീനുകൾ (Gambling Machines) പ്രവർത്തിക്കുന്നത് പോലെയാണിത്. ഓരോ തവണ താഴേക്ക് വലിച്ച് റിഫ്രഷ് ചെയ്യുമ്പോഴും അടുത്ത സമ്മാനം അടിച്ചാലോ എന്ന പ്രതീക്ഷയിലാണ് നമ്മൾ അത് ചെയ്യുന്നത്. അങ്ങനെ പത്ത് തവണ നോക്കുമ്പോൾ എട്ട് തവണയും ബോറൻ കാര്യങ്ങളാണെങ്കിലും, ആ രണ്ട് തവണ കിട്ടുന്ന 'ലൈക്' അല്ലെങ്കിൽ 'ചിരിപ്പിക്കുന്ന വീഡിയോ' നമ്മളെ വീണ്ടും അവിടെത്തന്നെ അടിഞ്ഞു കൂടും വിധം അടിമയാക്കുന്നു.

3. ഓട്ടോ-പ്ലേ (Auto-play) - "ഇതുകൂടി കണ്ടിട്ട് നിർത്താം"

യൂട്യൂബിലോ നെറ്റ്ഫ്ലിക്സിലോ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അടുത്തത് തനിയെ പ്ലേ ആകുന്നു.

"ഒരു എപ്പിസോഡ് കൂടി കണ്ടിട്ട് ഉറങ്ങാം" എന്ന് വിചാരിക്കുന്ന നമ്മളെ അടുത്ത ഭാഗത്തേക്ക് തള്ളിയിടുന്നത് ഈ ഓട്ടോ-പ്ലേ ആണ്. നമ്മുടെ 'തീരുമാനമെടുക്കാനുള്ള ശേഷിയെ' (Decision making) അവർ ഇല്ലാതാക്കുന്നു. നമ്മൾ 'വേണ്ട' എന്ന് പറയുന്നതിന് മുൻപേ അവർ 'ഇതാ അടുത്തത്' എന്ന് വിളമ്പിത്തരുന്നു.

4. സ്ട്രീക്കുകളും പോയിന്റുകളും (Streaks & Gamification)

സ്നാപ്ചാറ്റിലെ സ്ട്രീക്കുകൾ അല്ലെങ്കിൽ ഡുവോലിംഗോ പോലുള്ള ആപ്പുകളിലെ പോയിന്റുകൾ.

രാവിലെ എണീറ്റപ്പോൾ, സുഹൃത്തിന് അയക്കാൻ നമുക്ക് ഇന്ന് പ്രത്യേകിച്ച് ഒന്നും കാണില്ലായിരിക്കാം. പക്ഷെ അയാളിൽ നിന്നും കിട്ടിയേക്കാവുന്ന ലൈക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം നമ്മൾ എന്തെങ്കിലും അയക്കും. ഇതിലൂടെ കമ്പനികൾ നമ്മളുടെ സൗഹൃദത്തെ നമ്മളറിയാതെ ഒരു ഗെയിം ആക്കി മാറ്റുന്ന വഴിയിലൂടെ നമ്മളെ നയിക്കുകയാണ്. 

5. മിസ്സിംഗ് ഔട്ട് പേടി (FOMO - Fear Of Missing Out)

എല്ലാവരും ഒരു പുതിയ ചാലഞ്ച് ചെയ്യുന്നു, അല്ലെങ്കിൽ ഒരു സിനിമയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് കരുതുക.

നമ്മൾ ഒരു ദിവസം സോഷ്യൽ മീഡിയയിൽ കയറിയില്ലെങ്കിൽ ലോകം എവിടെയോ എത്തിയെന്നും നമ്മൾ മാത്രം പിന്നിലായെന്നും തോന്നിപ്പിക്കും. ഈ പേടി കാരണമാണ് പലരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പാടെ കണ്ണു തിരുമ്മി ആദ്യം ഫോൺ നോക്കുന്നത്.

നമ്മൾ ഒരു കഫേയിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ള ഭംഗി ആസ്വദിക്കുന്നതിന് പകരം, ആ കാപ്പിയുടെ ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ട്, അതിന് എത്ര ലൈക്ക് കിട്ടുന്നു എന്ന് നോക്കി ഇരിക്കുമ്പോഴാണ് അറ്റൻഷൻ ഇക്കോണമി വിജയിക്കുന്നത്. അവിടെ നമ്മൾ കാപ്പി കുടിക്കുകയല്ല, മറിച്ച് നമ്മുടെ  'അറ്റൻഷൻ' ആപ്പുകൾക്ക് ഭക്ഷണമായി നൽകുകയാണ്.

ഇനി ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു നില്ക്കാനുള്ള വഴികളാണ് കൗൺസിലിംഗിൻ്റെ അടുത്ത ഭാഗമായി അദ്ദേഹം പറഞ്ഞു തന്നത്.

ഇത് പൂർണ്ണമായും ഫോൺ ഉപേക്ഷിക്കലല്ല, മറിച്ച് ഫോണുമായുള്ള നമ്മുടെ ബന്ധത്തെ നിയന്ത്രിക്കലാണ്. അതിനായി Counsellor പറഞ്ഞു തന്ന ചില വഴികൾ ഞാനിവിടെ പങ്കുവെക്കാം.

നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക: 

അനാവശ്യമായ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുന്നത് ഫോൺ ഇടയ്ക്കിടെ എടുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

'നോ-ഫോൺ' സോണുകൾ: 

ഭക്ഷണമേശയിലോ കിടപ്പുമുറിയിലോ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക.

സമയം നിശ്ചയിക്കുക: 

ദിവസവും ഒരു നിശ്ചിത സമയം (ഉദാഹരണത്തിന് രാത്രി 9 മണിക്ക് ശേഷം) ഡിജിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും മാറ്റിവെക്കുക.

സ്ക്രീൻ ടൈം ട്രാക്ക് ചെയ്യുക: 

ഫോണിലെ 'Digital Wellbeing' അല്ലെങ്കിൽ 'Screen Time' സെറ്റിംഗ്സ് ഉപയോഗിച്ച് ഓരോ ആപ്പിനും സമയപരിധി നിശ്ചയിക്കുക.

ഹോബികൾ കണ്ടെത്തുക: 

ഫോണിന് പകരം പുസ്തകം വായിക്കുകയോ, പുറത്തുപോയി കളിക്കുകയോ, സംസാരിക്കുകയോ ചെയ്യുന്നത് ശീലമാക്കുക.

(ഇത്രയും വായിച്ചിട്ടും നാടോടുമ്പോൾ നടുവേ ഓടാമെന്നല്ലാതെ ഇതൊക്കെ ആരെക്കൊണ്ട് നടക്കാൻ എന്നാണ് ഭാവമെങ്കിൽ ഒന്നും പറയാനില്ല.🤔)

Share this story

Comments (0)

  • Be the first to write one.