22 November 2020 · 14 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ - രണ്ട് .

'90 കളുടെ തുടക്കം വരെ ദുബായിലെ ഏറ്റവും വലിയ കെട്ടിടം ഷെയ്ക് സാഈദ് റോഡിന്റെ തുടക്കത്തിലുള്ള വേൾഡ് ട്രേഡ് സെന്റർ മാത്രമായിരുന്നു.  ഇന്ന് ദുബായിയുടെ പ്രധാന ലാൻഡ് മാർക്കായി അറിയപ്പെടുന്നത് ബുർജ് ഖലീഫയാണെങ്കിലും അത് നിലവിൽ വരുന്നതിനും എത്രയോ മുമ്പേ തന്നെ വിഖ്യാത വിനോദ സഞ്ചാരകേന്ദ്രമായി ദുബായ് ലോക ടൂറിസം മാപ്പിൽ ഇടം നേടിയിരുന്നു. വെറുതെ ഇടം നേടുകമാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും സഞ്ചാരികൾക്ക് പതിവുകാഴ്ചകൾക്കപ്പുറത്ത് വ്യതിരിക്തമായ, എന്നും ഓർത്തുവെക്കാനുള്ള പുതുമകൾ പ്രദാനം ചെയ്യുക കൂടിയാണ് തങ്ങളുടെ ഉദ്ദേശമെന്നും ദുബായ് പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.  ഏതൊരു യൂറോപ്യൻ രാജ്യത്തോടും കിട പിടിക്കുന്ന നഗര സംവിധാനവും ആധുനികോത്തര മുഖ മുദ്രയുമുള്ള ദുബായ് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന നഗരമാണ്. ഒഴുകുന്ന പുഴയിലെ പുതിയ ജലവിതാനം പോലെയാണത് . ഓരോ പദവിന്യാസത്തിലും പുതുമകൾ നിറഞ്ഞ ദുബായിയാണ് നമുക്ക് മുന്നിൽ അവതരിച്ചു കൊണ്ടിരിക്കുന്നത്. വശ്യമായ ചേഷ്ഠകളോടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോഴും ഉണർന്നിരിക്കുന്ന ഒരു യുവസുന്ദരിയെ പോലെയാണ് ദുബായ്. പുതുപുത്തൻ കാഴ്ചകളിലേക്കായി അതെപ്പോഴും നമ്മെ മാടി വിളിച്ചു കൊണ്ടേയിരിക്കും. വൃത്തിയും ഭംഗിയും ഒരു പോലെ എഴുന്ന് നില്ക്കുന്ന അതിന്റെ തെരുവുകളും മനോഹരമായ കെട്ടിട സമുച്ചയങ്ങളും വഴിയോരക്കാഴ്ചകളും എല്ലാം തന്നെ സഞ്ചാരിയുടെ മനസ്സിൽ എന്നും സ്ഥാനം പിടിക്കുന്ന ഒന്ന് തന്നെയാണ്. ദുബായ് പോലെ ദുബായ് മാത്രമേ ഉള്ളു എന്ന് ഓരോ സഞ്ചാരിയും ഉരുവിട്ടു പോകും വിധം വൈവിധ്യങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് നഗരവും ചുറ്റുവട്ടങ്ങളും നമുക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത് . 

കാഴ്ചകളിൽ മാത്രമല്ല ദുബായ് വൈവിധ്യം നിലനിറുത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ഒരേ പോലെ നിലനിറുത്തുന്നതിൽ ദുബായ് പുലർത്തുന്ന സഹിഷ്ണുതയും നിഷ്കർഷതയും  ലോകത്തിന് തന്നെ മാതൃകയാണ്. 160 ലേറെ രാജ്യക്കാരെ ഒരേ മനസ്സോടെ ഉൾക്കൊള്ളാനും അവർക്കെല്ലാം പോറ്റമ്മയായി തീരാനും ദുബായ് പോലെ മറ്റൊരു ദേശവും സൂര്യന് കീഴിൽ നമുക്ക് കണ്ടെത്താനാകില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യമായ യു.എ.ഇ യുടെ ഭാഗമാണെങ്കിൽ പോലും ഏറെ ലിബറൽ സമീപനങ്ങളാണ് ദുബായ് നിലനിറുത്തിപ്പോരുന്നത്. നിയമങ്ങൾ കർക്കശമാണെങ്കിൽ പോലും അവ ന്യായമായും സാമൂഹ്യ സുരക്ഷയൊരുക്കാൻ മാത്രമുള്ളവയാണ്. അവിടെ തദ്ദേശീയരെന്നോ കുടിയേറ്റക്കാരനെന്നോ ഭേദമില്ല. വ്യക്തി സുരക്ഷയുടെ കാര്യത്തിലും ദുബായ് ഏറെ മുൻപന്തിയിൽ തന്നെയാണ്. ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് പോലും ഭയപ്പാടില്ലാതെ സഞ്ചരിക്കാവുന്ന തരത്തിലാണ് ദുബായിലെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ. 

1966 ൽ പെട്രോൾ കണ്ടെത്തും മുമ്പേ തന്നെ വാണിജ്യ രംഗത്ത് തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാനായി എന്നതാണ് ദുബായിയുടെ പ്രത്യേകത. ഇന്നും കയറ്റുതിക്ക് വേണ്ടത്ര ഇന്ധനക്ഷമത മറ്റ് എമിറേറ്റുകളെപോലെ ദുബായ്ക്ക് പ്രാപ്യമല്ലെങ്കിലും ബിസിനസ്സിലൂടെയും ടൂറിസം മേഖലയിലൂടെയും തങ്ങളുടെ സ്വന്തം അസ്തിത്വം പ്രോജ്ജ്വലമായി നിലനിറുത്താൻ ആകുമെന്ന് ദുബായ് തെളിയിച്ചു കൊണ്ടിരിക്കയാണ്.അത് കൊണ്ട് തന്നെ ഏഴ് എമിറേറ്റുകളിൽ തലയെടുപ്പോടെ ഉയർന്ന് നില്ക്കാനും  ദുബായിക്കാവുന്നുണ്ട്.  

വേറെ ഏതെങ്കിലും  രാജ്യത്തെ കാഴ്ചകളിൽ മുഴുകിനടക്കാനായി നാലോ അഞ്ചോ നാളുകൾ ചിലവിടുന്നത് പോലെയല്ല ദുബായ് നല്കിക്കൊണ്ടിരിക്കുന്ന കാഴ്ചാ സൗകര്യങ്ങൾ. എപ്പോ വേണമെങ്കിലും ചെന്ന് കാണാനും ഓരോ കാഴ്ചകളുടെയും നുള്ളു നുറുങ്ങുകൾ വരെ ഒപ്പിയെടുക്കാനും കഴിയുകയെന്നത് ഒരസുലഭാവസരം തന്നെയാണ്. അത് വേണ്ടുവോളം ഉപയോഗിക്കാനാവുന്നുണ്ടോ എന്നത് മാത്രമാണ് ഇപ്പോളത്തെ പ്രശ്നം. മുമ്പ് ജോലിത്തിരക്കുകൾക്കിടയിൽ കിട്ടിയ ഇടവേളകളിൽ കണ്ടെത്തിയ കാഴ്ചകളെ വീണ്ടുമൊരിക്കൽ കൂടി അടുത്തു കാണാനിടയാകുമ്പോൾ അതുളവാക്കുന്ന ആനന്ദം ചില്ലറയല്ല. മുൻ യാത്രാവിവരണങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടെന്തെങ്കിലും പകർത്തുകയാണ് ഉദ്ദേശം. നോക്കട്ടെ. ബസ്സിനെയും മെട്രോയെയും ട്രാമിനെയും അത്യാവശ്യഘട്ടങ്ങളിൽ ടാക്സിയെയും ആശ്രയിക്കാനാണ് തീരുമാനം.   

2004 ജനുവരി ആറിന് നിർമ്മാണം തുടങ്ങുകയും 2010 ജനുവരി ആറിന് ലോകത്തിനായി തുറന്ന് കൊടുക്കയും ചെയ്ത ബുർജ് ഖലീഫയാണ് മിക്കവാറും എല്ലാ സഞ്ചാരികളുടെയും മനസ്സിലേക്കോടിയെത്തുന്ന ആദ്യ കാഴ്ചാവേശം . തായ് വാനിലെ   തായ്പെയ് 101 എന്ന, തായ്പെയ് ഫൈനാൻഷ്യൽ കോർപ്പറേഷന്റെ കെട്ടിടത്തിന്റെ ആറ് വർഷം നീണ്ട് നിന്ന പെരുമയെ ചോദ്യം ചെയ്തു കൊണ്ടാണ് ദുബായ് ഡൗൺടൗണിൽ പുതിയ അംബരചുംബിയായ ബുർജ് ഖലീഫ ഉയർന്ന് വന്നത്. 829 മീറ്റർ ഉയരത്തിലായി 148 നിലകളിൽ ആകാശ വിസ്തൃതിയിലേക്ക് ഒരു സൂചിമുന പോലെ നീണ്ടു നില്ക്കുന്ന ഈ കെട്ടിടം ലോകത്തിന് മുന്നിൽ വലിയ വിസ്മയം തീർത്തില്ലെങ്കിലും ഗൾഫ് മേഖലയിലാകെ അതൊരു സംസാരവിഷയം തന്നെയായിരുന്നു. 124 -ാമത്തെ നിലയിൽ സ്ഥാപിച്ച ഒബ്സർവേഷൻ ഡെക്കിലെ ഇലക്ട്രോണിക്ക് ടെലിസ്കോപ് നല്കുന്ന അനുഭവം ചെറുതല്ല. പുറം കാഴ്ചകളുടെ മനോഹാരിതയോടൊപ്പം നേരത്തെ ലോഡ് ചെയ്തിട്ടുള്ള പഴയ ദുബായിയുടെ ചിത്രങ്ങളും ഓഗ്മെന്റ് റിയാലിറ്റി തലത്തിൽ കണ്ട് അത്ഭുതത്തിന്റെ പാരമ്യത്തിലെത്താൻ സഞ്ചാരികൾക്ക് കഴിയും വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത് . കിലോമീറ്ററുകൾക്കപ്പുറത്തുള്ള ഇറാൻ തീരങ്ങൾ വരെ തൊട്ടടുത്തെന്ന പോലെ കാണാനാവുന്നത് നമ്മളിലുണ്ടാക്കുന്ന വിസ്മയം അനുഭവിച്ചേ അറിയാനാവൂ .

കെട്ടിടത്തിനുള്ളിലേക്കുള്ള പ്രവേശനം ദുബായ് മോളിനുള്ളിൽ നിന്നാണ്. ടിക്കറ്റുകളും അവിടെ നിന്ന് വാങ്ങാം. വാരാന്ത്യങ്ങളിൽ വളഞ്ഞു പുളഞ്ഞു പോകുന്ന ക്യൂ നാട്ടിലെ ബ് വറേജസ് ഔട്ട് ലെറ്റിന്റെ മുന്നിലെ ക്യൂവിനേക്കാൾ നീളമേറും. ഓരോ സമയങ്ങളിലും വ്യത്യസ്ത നിരക്കുകളാണിവിടെ. അനന്തമായ ക്യൂവിലെ വിരസതയും സമയ നഷ്ടവും ഒഴിവാക്കാനായി ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങുന്നതായിരിക്കും ഏറെ ഉചിതം. ബുർജ് ഖലീഫയിലെ കാഴ്ചകൾക്കായി തയാറെടുക്കുമ്പോൾ ഒന്നോർമ്മിക്കുക. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പുള്ള സമയമാണ് നമ്മുടെ ഓർമ്മകളിലെന്നും നിറഞ്ഞു നില്ക്കാൻ പാകത്തിലുള്ള ദൃശ്യങ്ങൾ നമുക്ക് പകർന്ന് തരിക. വിട പറയുന്ന പകലിന്റെയും വിരുന്നെത്തുന്ന രാത്രിയുടെയും വ്യത്യസ്ത ദൃശ്യങ്ങൾ ഉയരങ്ങളിൽ നിന്ന് വീക്ഷിക്കുന്നത് ഒരപൂർവ്വ അനുഭവം തന്നെയായിരിക്കും. എവിടെ നിന്നു വേണം ഈ കാഴ്ചകൾ കാണേണ്ടതെന്ന കാര്യം നമുക്ക് തീരുമാനിക്കാം. 124, 125 നിലകളിൽ നിന്ന് വേണോ 148 മത്തെ നിലയിൽ നിന്ന് ഒരു കോഫി കഴിച്ചു കൊണ്ട് ഈ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലണമോ എന്നത് നമ്മുടെ ഇഷ്ടം.

ഈ ലോകാത്ഭുതത്തെ മറികടക്കാനായി 2021 ൽ നിർമ്മാണം പൂർത്തിയാകുന്ന ദുബായ് ക്രീക്ക് ടവർ മറ്റൊരു ദൃശ്യവിരുന്നായിരിക്കും സഞ്ചാരികൾക്ക് കാഴ്ചവെക്കുക. അതിന്റെ ഉയരം എത്രയെന്നത് ഇത് വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 829 മീറ്ററിനേക്കാൾ കൂടുതൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ബർജ് ഖലീഫയുടെ ഉയരങ്ങളെ കീഴടക്കുക മാത്രമല്ല കുവൈറ്റിലും സൗദി അറേബ്യയിലും ഉയർന്നുകൊണ്ടിരിക്കുന്ന ഇതേ പോലുള്ള കെട്ടിടങ്ങളെ കൂടി അപ്രസക്തമാക്കുന്ന രീതിയിലായിരിക്കും ക്രീക്ക് ടവറിന്റെ പിറവി എന്ന് വേണം അനുമാനിക്കാൻ.



ഷെയ്ക് സാഇദ് റോഡിന്റെ ഇരുപാർശ്വങ്ങളിലും മരുഭൂമിയായി കിടന്നിരുന്ന പ്രദേശങ്ങളിലൊക്കെയും ആധുനികോത്തര ശില്പവൈദഗ്ദ്യം തുടിക്കുന്ന കെട്ടിടങ്ങളുടെ ശ്രേണി കാഴ്ചകളിലേക്ക് പുതിയ അനുഭവമായി വരാൻ തുടങ്ങിയത് 1990 കളുടെ തുടക്കത്തിലാണ്. പെരുമ പേറുന്ന തലയെടുപ്പോടെ അന്നവിടെ നിലനിന്നിരുന്നത് വേൾഡ് ട്രേഡ്സെന്ററായിരുന്നെങ്കിൽ പിന്നീട് വന്ന കെട്ടിടങ്ങളത്രയും അതിന്റെ പ്രൗഢിയെ  ചോദ്യം ചെയ്യുന്ന നിലയിലേക്ക് വളർന്നു. ക്രമാനുഗതമായ വളർച്ചയിലുടെ ഷെയ്ക് സാഇദ് റോഡിന് പുതിയ മുഖം കൈവരികയായിരുന്നു. ഇന്ന് ബർജ് ഖലീഫയെ ചുറ്റിയുള്ള ഡൗൺ ടൗൺ പ്രദേശത്തിന് രണ്ട് സ്ക്വയർ കിലോമീറ്റർ ചുറ്റളവേ ഉള്ളുവെങ്കിലും അത് ദുബായിയുടെ ആധുനിക പരിവേഷത്തിന് നല്കുന്ന ചാതുര്യവും ദൃശ്യ പ്രാധാന്യവും അതിലുമെത്രയോ വ്യാപ്തിയേറിയതാണ്. പ്രധാന കാഴ്ചയായ ബുർജ് ഖലീഫയുടെ പാർശ്വങ്ങളിലായിട്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിങ് മോൾ ആയ ദുബായ് മോളും തൊട്ടരികിലായി ദുബായ് ഫൗണ്ടനും സ്ഥിതിചെയ്യുന്നത്. 2008 ൽ സന്ദർശകർക്കായി തുറന്ന 1200 ഓളം ലോകോത്തര ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളുള്ള  ദുബായ് മോളിൽ ശരാശരി അമ്പത് ലക്ഷം ആളുകളെങ്കിലും ഒരു മാസം വന്നെത്താറുണ്ട് എന്നാണ് കണക്ക്. ഒരിക്കൽ അകത്ത് പ്രവേശിച്ചാൽ പൂർണ്ണമായും ചുറ്റി നടന്ന് കാണണമെങ്കിൽ തന്നെ രണ്ട് മൂന്ന് മണിക്കൂർ വേണ്ടിവരും. അക്വേറിയം, അണ്ടർ വാട്ടർസൂ,ഐസ് സ്കേറ്റിങ്ങ്, ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഗോൾഡ് സൂക്ക് എന്നിവ ദുബായ് മോളിന്റെ പ്രാമുഖ്യം ഉയർത്തി കാട്ടുന്നവയാണ്. ശരിക്കും ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതി ഓരോ കോണിലും നമുക്ക് ആകർഷണീയമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നുണ്ട് ഇവിടെ . ബുർജ് ഖലീഫ മെട്രോയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ദുബായ്മോളിന്റെ സ്ഥാനമെങ്കിലും അങ്ങോട്ടുള്ള എയർകണ്ടീഷൻഡ് കൺവെയർ ബെൽറ്റ് സിസ്റ്റം ഏറെ ആശ്വാസപ്രദം തന്നെയാണ്. ആദ്യഘട്ടത്തിൽ അത്തരമൊരു സൗകര്യമില്ലാതിരുന്നത് ഒരു കുറവ് തന്നെയായിരുന്നെങ്കിലും ഈ സൗകര്യം വന്ന ശേഷം സന്ദർശകരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് കണക്ക്.


 

ബുർജ് ഖലീഫയുടെ തന്നെ ചേർന്നുള്ള അതിന്റെ കൃത്രിമ തടാകവും അതിനോട് ചേർന്നുള്ള പ്രകൃതിയും അത്യന്തം നയനസുഖം നല്കുന്ന കാഴ്ചകളാണ്. ദുബായ് മോളിനോടൊപ്പം തന്നെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദുബായ് ഫൗണ്ടൻ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക്കൽ ഫൗണ്ടനായിട്ടാണ് ഇന്നും അറിയപ്പെടുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ആരംഭിക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ ഷോ രാത്രി ഏറെ നീളുന്നത് വരെ നീണ്ടു നില്ക്കും. 500 മീറ്റർ വരെ ഉയരത്തിലേക്ക് നിരവധി വർണ്ണവ്യത്യാസങ്ങളോടെ അറബിക് മ്യൂസിക്കിന്റെ താളനിബദ്ധമായ ചലനങ്ങളിൽ വെള്ളവും വെളിച്ചവും ചേർന്നൊരുക്കുന്ന ഈ കാഴ്ച പ്രായഭേദമെന്യേ ഏവർക്കും ആഹ്ലാദജനകമാണ്. ( ഒക്ടോബർ 22, 2020 ൽ പുതുതായി ലോകത്തിന് സമർപ്പിച്ച ദുബായ് പാം ഫൗണ്ടൻ ഗിന്നസ് റെക്കോർഡിൽ ഒന്നാമതായി ഇടം നേടിയിട്ടുണ്ട് ) .

എനിക്ക് പ്രവേശന ഫീസ് വേണ്ടാത്ത ഒരിടത്തേക്കാണിനി യാത്ര. ദുബായിയുടെ ഹൃദയ ഭാഗത്ത് സബീൽ പാർക്കിനരികിലായി 2018 ൽ സ്ഥാപിതമായ വ്യത്യസ്തതയാർന്ന ഒരു വാസ്തുശില്പമാണ് ദുബായ് ഫ്രെയിം. ദുബായിലെ ഒരു ലാൻഡ് മാർക്കാണ് ഇത്. ബ്രിട്ടീഷ് പത്രമായ ദ് ഗാർഡിയൻ ഇതിനെ വിശേഷിപ്പിച്ചത്,ലോകത്തിലെ ഏറ്റവും വലിയ ചിത്ര ഫ്രെയിം എന്നാണ്. സീനിയർ സിറ്റിസൺസിന് പ്രവേശനം സൗജന്യമാണിവിടെ. ലോകമെമ്പാടുമുള്ള ഏറ്റവും പ്രഗത്ഭരായ ആർക്കിടെക്റ്റുകൾ തമ്മിലുള്ള കടുത്ത മത്സരമായിരുന്നു ഈ കെട്ടിടത്തിന്റെ ഡിസൈനിംഗിനായി. 150 മീറ്റർഉയരത്തിൽ  ഏതൊരു സഞ്ചാരിയെയും ആകർഷിക്കും വിധം പൂർണ്ണമായും, സ്റ്റീൽ, ഗ്ലാസ്, അലൂമിനിയം എന്നിവ കൊണ്ടാണ് ഈ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. കിടിലൻ കാഴ്ചകൾ തന്നെയാണ് ഇത് നമുക്ക്മുന്നിൽ തുറന്നിടുന്നത്. അൾട്രാ മോഡേൺ, അൾട്രാ ഫ്യൂച്ചറിസ്റ്റ് ഡിസൈൻ. സന്ദർശകരുടെ   മനസ്സിലുണർത്തുന്ന  ആസ്വാദ്യതയും അനുഭവങ്ങളും പകർത്തി വെക്കാൻ മറ്റേത് പദങ്ങളേക്കാളും ഇവയാവും  ഏറെ ഇണങ്ങുക.

ഭൂതം,വർത്തമാനം, ഭാവി എന്നീ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിലാണ് ഇതിന്റെ ഘടനയും രൂപകല്പനയും. അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ പഴയ കാലത്തെ കച്ചവടകേന്ദ്രങ്ങളുടെയും മറ്റും മിനിയേച്ചറുകളും കച്ചവട  സ്ഥാപനങ്ങൾ തന്നെയും നമ്മളെ ആകർഷിക്കും. ലിഫ്റ്റിലൂടെ മുകളിലേക്ക് കയറിച്ചെന്നാൽ ദുബായിയുടെ ഭൂതകാലത്തിലെ ദേര, കരാമ, സത്വ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങൾ ആകാശ വീക്ഷണത്തിൽ നമുക്ക് ദൃശ്യമാകും. മറുവശത്ത് നാം കാണുന്നത് വർത്തമാന കാലത്തെ ആധുനികതയുടെ പരിച്ഛേദമായ ദുബായ് ഡൗൺടൗൺ ഏരിയകളുടെ അത്യാകർഷകങ്ങളായ കാഴ്ചകളാണ്. എന്നാൽ ഏറ്റവും രസകരമായത് നമ്മൾ  ഗ്ലാസ് തറയിൽ കാലെടുത്ത് വെക്കുന്ന നിമിഷമാണ്. തറ സുതാര്യമായതിനാൽ  നമ്മുടെ  കാലിനടിയിൽ നിലത്ത് എന്താണുള്ളതെന്ന് നമ്മൾക്ക്  കാണാൻ കഴിയും.

കാഴ്ചകൾ പ്രദാനം ചെയ്ത ഉന്മേഷത്തിൽ പുതിയൊരു മനസ്സുമായി ഇറങ്ങുമ്പോഴാണ് അടുത്ത 50 വർഷങ്ങൾക്കുള്ളിൽ ദുബായി കൈവരിക്കാൻ ഉദ്ദേശിക്കുന്ന  പുതിയ പദ്ധതികളുടെ വീഡിയോ ചിത്രങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്. ഹൈപ്പർ ലൂപ്പ് (അത് ഉടനെ പ്രവർത്തനയോഗ്യമാകും.) മുതൽ ചൊവ്വായിലെക്കുള്ള കുതിപ്പിന്റെ സൂചനകൾ വരെ നല്കുന്ന വീഡിയോ. തീർച്ചയായും ദുബായ് ഫ്രെയിം നല്കുന്ന ദൃശ്യങ്ങൾ ഒരു സഞ്ചാരിയെന്ന നിലയിൽ വ്യത്യസ്ത അനുഭവം തന്നെ നമുക്കേകുമെന്നതിൽ സംശയമില്ല. ബുർജ് ഖലീഫയിലെന്ന പോലെ സൂര്യാസ്തമയത്തിന് അരമണിക്കൂർ മുമ്പ് ഇവിടെയെത്തുന്നതാണ് നല്ലത്. അങ്ങിനെയായാൽ പകലും രാത്രിയും മാത്രമല്ല, സൂര്യൻ അസ്തമിച്ച ഉടനെയുള്ള നഗരത്തിന്റെ പനോരമ ദൃശ്യങ്ങളും നമ്മൾക്ക് വേണ്ടുവോളം ആസ്വദിക്കാനാവും.



ലോകമെങ്ങും അറിയപ്പെടുന്നത് ദുബായ് ഒരു ആഡംബര യാത്രാ കേന്ദ്രമായി തന്നെയാണ്. ഒട്ടനവധി മനോഹരങ്ങളായ ബീച്ചുകളാൽ സമൃദ്ധമാണ് ദുബായ്. ഒന്ന് മറ്റൊന്നിനോട് കിടപിടിക്കും മട്ടിൽ ആകർഷണീയത മുറ്റി നില്ക്കുന്നവയാണ്. ദീർഘ ദീർഘം നീണ്ടു കിടക്കുന്ന വെള്ള മണൽപ്പരപ്പുകൾ നിറഞ്ഞ ഒട്ടേറെ ബീച്ചുകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. തീരത്തോടടുത്ത് വന്ന് കഥകൾ പറയാൻ തുടിക്കുന്ന തിരമാലക്കുഞ്ഞുങ്ങളുടെ കുസൃതികൾ. നീല നിറത്തിലുള്ള തിരകളുടെ തലോടലേറ്റ് നിർവൃതിയടയാൻ കാത്തിരിക്കുന്ന തീരങ്ങൾ. ഏറെ മോഹിപ്പിക്കുന്ന കാഴ്ചകളുമായാണ് ഓരോ കടൽത്തീരങ്ങളും  നമ്മുടെ മുന്നിൽ ഒരുങ്ങി നില്ക്കുന്നത്. സ്വർഗ്ഗീയ ഹൂറിമാരെ പോലെ ചില തീരങ്ങൾ. മറ്റു ചിലതാകട്ടെ അൾട്രാ മോഡേൺ സുന്ദരിമാരെ തോല്പിക്കും വിധവും. ഒന്നിറങ്ങി ആ ജലസ്പർശം ഏൽക്കാൻ കൊതിക്കാത്തവർ അപൂർവ്വം ആയിരിക്കും. ലൈഫ് ഗാർഡുകളുടെ കണ്ണ് വെട്ടിച്ച് യഥേഷ്ടം നീന്തി മുന്നേറാൻ നമുക്ക് ആവേശമേറിയേക്കും. പക്ഷെ അതിന് പരിധികളുണ്ട്. റെഡ് ലൈനിന് അപ്പുറം അനുവദനീയമല്ലാത്തത് കൊണ്ട് മാത്രം അപകടങ്ങൾ തീരെ ഉണ്ടാവാറില്ല എന്നതാണ് വസ്തുത.  

പല ബീച്ചുകളും സ്വകാര്യവും ആഡംബര റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളുമായോ ഹോട്ടലുകളുമായോ ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ധാരാളം ബീച്ചുകൾ ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിൽ പൊതുജനങ്ങൾക്ക്  പ്രവേശനം അനുവദിക്കുന്നതായിട്ടുണ്ട്. കൈറ്റ് ബീച്ച്, പാം ജുമേറാ ബീച്ച്, ഉമ്മ് സുഖും, മറിനാ,മംസാർ,ലാമെർ അങ്ങനെ നിരവധി ബീച്ചുകൾ അസ്തമയ കാഴ്ചകളൊരുക്കി ഏതൊരാളേയും വരവേല്ക്കാനായി കാത്തിരിക്കുന്നുണ്ട്. ഇവിടത്തെ കടപ്പുറങ്ങളിലെ പൂഴികൾക്ക് പോലും നമ്മോട് പറയാൻ ഏറെ കഥകൾ കണ്ടേക്കും. ചക്രവാളത്തിനുമപ്പുറത്ത് നിന്നും വീശിയടിച്ച് നമുക്കരികിലെത്തുമ്പോഴേക്കും നേർമ്മയേറിയതായി തീരുന്ന കാറ്റിന്റെ സ്പർശവും നമ്മോട് പറയുന്നത് നാം കേട്ടിട്ടില്ലാത്ത ഏതോ കഥകളായിരിക്കാം. ഓരോ ബീച്ചുകളും നമുക്ക് അനുഭവങ്ങളൊരുക്കുന്നത് അതിന്റെ വൈവിധ്യങ്ങളിലാണ്. ഓരോയിടത്തിലും നാം കാണുന്ന കടലും തീരങ്ങളും വ്യത്യസ്തങ്ങളാവുന്നത് കാഴ്ചകളിൽ നാം പുലർത്തുന്ന സൗന്ദര്യബോധത്തിന്റെ മാനങ്ങളാൽ മാത്രമാണെന്ന് പറയാനാവില്ല. മറിച്ച് നഗര സംവിധാനത്തിലെന്ന പോലെ ബീച്ചുകളിലും തങ്ങളുടേതായ ഒരു വ്യത്യസ്തത നില നിറുത്തണം എന്ന നിർബ്ബന്ധ ബുദ്ധിയുടെ ഉദാഹരണങ്ങളായി വേണം അതിനെ കാണാൻ. 

ഒക്ടോബർ മുതലാണ് തിരക്കേറിയ സീസൺ തുടങ്ങുന്നത്. യൂറോപ്പിൽ നിന്ന് നിരവധി സഞ്ചാരികൾ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ വരുന്നത് മിക്കവാറും ഈ സമയങ്ങളിലാണ് . മിക്ക ബീച്ചുകളിലും അടിസ്ഥാന സേവനങ്ങളുണ്ട്. ബാത്ത്റൂം, ഡ്രസ്സ് മാറാനുള്ള മുറികൾ തുടങ്ങിയവയും സൗജന്യ വൈ - ഫൈയും ലഭ്യമാണ്.

വ്യക്തിഗത സുരക്ഷയും ദുബായ് വാദാനം ചെയ്യുന്നു എന്നത് അത്യന്തം  കൗതുകകരമാണ്.  ജനനിബിഡമായ  ബീച്ചുകളിൽ ആളുകൾ നീന്താൻ പോകുമ്പോൾ അവരുടെ പേഴ്‌സുകൾ, വാലറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ ബീച്ച് കസേരകളിൽ തന്നെ വെച്ചിട്ട് പോയാൽ പോലും തിരികെ വരുമ്പോഴും അതവിടെ തന്നെ ഉണ്ടായിരിക്കും. സുരക്ഷിതത്വത്തിന് വേണ്ടുന്ന  ജാഗ്രത അത്രയറെ കർശനമായി പാലിക്കപ്പെടുന്ന ബീച്ചുകൾ ലോകത്തെവിടെയും വിരളമായിരിക്കും. 

ജുമൈറ ബീച്ച് റെസിഡൻസ്  ദുബായിലെ ഏറ്റവും മികച്ച കടൽത്തീരം തന്നെയാണ്. കടലോരത്തിന്റെ നീളമത്രയും പഞ്ചാരമണ്ണിനാൽ പൊതിയപ്പെട്ട, സഞ്ചാരികളുടെ മനസ്സിൽ ആഹ്ലാദത്തിരയുയർത്തുന്ന ഒരിടം. ചില ഭാഗങ്ങളിൽ വലിയ ഹോട്ടലുകളാണെങ്കിലും, സാധാരണക്കാരായ സന്ദർശകർക്കായി ഇടവിട്ടിടവിട്ട് ലഘുഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ട്. മറ്റ് ബീച്ചുകളിലെപ്പോലെ കടലിലെ കുളി കഴിഞ്ഞെത്തുമ്പോൾ വീണ്ടും കുളിച്ച് വസ്ത്രങ്ങൾ മാറാനുള്ള സൗകര്യങ്ങൾ ഇവിടെയും ലഭ്യമാണ്.  നീന്തി മുന്നേറാനുള്ള ഏരിയക്ക് പരിധി നിശ്ചയിച്ചു കൊണ്ടുള്ള ചുവന്ന റിബ്ബണുകൾ കടലിൽ സ്ഥാപിച്ചിരിക്കുന്നത് കാണാവുന്നതാണ്. 



പേൾ ജുമൈറ ബീച്ചിനും ജുമൈറ ബേയ്ക്കും ഇടയിൽ കടലിലേക്ക് വ്യാപിച്ചുകിടക്കുന്ന ജുമൈറ ഒന്നിൽ ഏകദേശം രണ്ടര കിലോമീറ്റർ നീളത്തിൽ ഒരു സുന്ദരിക്കുട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുകയാണ് ലാമെർ. ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ മേഖലകൾ എന്നിവ സഞ്ചാരികൾക്ക് ഒരു പുത്തൻ അനുഭവം തന്നെ ഇവിടെ കാത്തുവെച്ചിരിക്കുന്നു. ലാ മെർ നോർത്ത്, ലാ മെർ സൗത്ത് എന്നീ രണ്ട് മേഖലകളിലായി  130 ലധികം ഷോപ്പുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ബീച്ചിനോട് ബന്ധപ്പെട്ട വിനോദങ്ങൾ  എന്നിവയാണ് ഇവിടത്തെ ആകർഷക ഘടകങ്ങൾ. ജുമൈറ ഒന്നിനടുത്തായി 20 വർഷം മുമ്പ് താമസിച്ചിരുന്നപ്പോൾ ഇടക്കിടെ കാറ്റുകൊള്ളാനായി പോയിരുന്ന ഒരു സാധാരണ ബീച്ചിന്റെ മാറ്റം എന്നെ തെല്ലൊന്നുമല്ല  അത്ഭുതപ്പെടുത്തിയത്. ഒരു പുഴു ശലഭമായി മാറുന്നത് പോലുള്ള അതിന്റെ  പരിണാമം തീർത്തും വിസ്മയാവഹമായി തോന്നി. തൊട്ടടുത്തുള്ള ചില ലാൻഡ് മാർക്കുകൾ കൊണ്ട് മാത്രം മനസ്സിലുള്ള പഴയ ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞു. മെറ്റമോർഫോസിസ് എന്ന വാക്ക് ശരിക്കും അന്വർത്ഥമാക്കും വിധമുള്ളതായിരിക്കുന്നു ഈ കടൽ തീരത്തിന്റെ തീർത്തും അത്ഭുതകരമായ രൂപാന്തരം. 

കടലിനെയും മണലിനെയും ഉപയോഗിച്ച് ഷോപ്പിങ്ങും സ്റ്റൈലിഷ് രീതികളും വിനോദവും സംയോജിപ്പിക്കുന്ന ഒരു വ്യത്യസ്താനുഭവമാണ് ലാമെർ നമുക്ക് മുന്നിലവതരിപ്പിക്കുന്നത്. ഒരു വെള്ളിമേഘക്കീറു പോലുമില്ലാത്ത നീലാകാശത്തിന്  കീഴെ നീല നിറത്തിലുള്ള ശാന്തമായ തിരകളും പഞ്ചാര മണൽ പരപ്പും ചുവർച്ചിത്രങ്ങളും ഉല്ലാസകേന്ദ്രങ്ങളും ജുമൈറ പരിസരത്തിനാകെ വർണ്ണാഭ നല്കുന്നു.നഗരത്തിനോട് ഏറെ അടുത്തുള്ള ഈ ബീച്ച് ഒന്ന് കൂടെ ശ്രദ്ധേയമാവുന്നത്  വിവിധ വർണ്ണങ്ങളിലുള്ള അലങ്കാര കലകളാലും പ്രചോദനാത്മകമായ ഗ്രാഫിറ്റികളാലുമാണ്. അത് നടപ്പാതകളിലും കെട്ടിടങ്ങളിലുടനീളം  പോലും കണ്ടെത്താനാകും.അറബി പദങ്ങളായ ‘യല്ല ഹബീബി’, ‘ആല കീഫക്ക് മുതൽ ഒട്ടകങ്ങൾ, കാറുകൾ മുതലായവ  ഉൾക്കൊള്ളുന്ന മനോഹരങ്ങളായ  ചുവർച്ചിത്രങ്ങൾ എവിടെയും ദൃശ്യമാണ്. 

ലാമെറിന്റെ രാത്രികാല കാഴ്ചകളായിരിക്കും  അത്യധികം ആഹ്ലാദം പകരുക. പകലത്രയും കൊടും ചൂടിനാൽ പൊതിയപ്പെട്ട ഒരിടമാണോ ഇതെന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും വിധം ആപ്ലാദത്തിരകളിൽ ആളുകൾ ഒഴുകി നീങ്ങുന്നത് നമുക്ക് കാണാനാകും. ലാ മെർ ഇപ്പോൾ ഉടയാടകൾ ഊരിയെറിഞ്ഞ യൗവ്വനയുക്തയായ ഒരു പെൺകൊടിയായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കയാണ്. ബീച്ചിനാകെ ഒരു മദാലസ ഭാവം കൈ വന്ന പോലെ . കരയിലേക്ക് അലസമായെത്തുന്ന തിരയോടൊപ്പം പൊങ്ങിയും താഴ്ന്നും ചാഞ്ചാടുന്ന കുഞ്ഞുങ്ങളുടെ മേലേക്ക് വന്ന് വീഴുന്ന സാന്ധ്യ വർണ്ണങ്ങൾ. സന്ധ്യയുടെ തുടുപ്പിൽ കരയിൽ നിരന്ന് നില്ക്കുന്ന ഈന്തപ്പനകൾക്ക് പോലും ഒരു പ്രത്യേക ഭാവം. അവയിൽ തട്ടി വരുന്ന കാറ്റിലൂടെ ഒരു മാസ്മര ഗീതത്തിന്റെ മർമ്മരം ശ്രവിക്കാനാവുന്നില്ലേ.

ദുബായിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് നഗരത്തിലും അതിനു ചുറ്റുമുള്ള അത്ഭുതപ്പെടുത്തുന്ന കൂറ്റൻ കെട്ടിടങ്ങളും അതിനുള്ളിലെ വിസ്മയം ജനിപ്പിക്കുന്ന മോളുകളും  മാത്രമാണെന്ന് കരുതുന്നുവെങ്കിൽ അത് മുഴുവനും ശരിയല്ല . നഗരത്തിന് വെളിയിലായും മരുഭൂമിയിൽപ്പോലും നമുക്ക് സന്ദർശിക്കാൻ വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കിത്തന്നെയാണ് ദുബായ് സഞ്ചാരികളെ വരവേല്ക്കുന്നത്. കാണുന്ന വേളയിൽ തന്നെ അതിനോടലിഞ്ഞു ചേരാനും പിന്നീട് മനസ്സിലെന്നും സൂക്ഷിക്കാനും ഉതകുന്ന അപൂർവ്വമായ ദൃശ്യങ്ങൾ ഒരുക്കുന്ന അതിശയകരമായ സ്ഥലങ്ങൾ ഒരു പാടൊരുപാടുണ്ട്.  ഓരോ ദിവസവും , ദുബായ് ഏവരേയും ആശ്ചര്യപ്പെടുത്തുന്ന കൂടുതൽ അത്ഭുതങ്ങൾ തുറന്ന് വെക്കുന്നു.   റാസ് അൽ ഖോറിലെ  വൈൽഡ് ലൈഫ് സാൻക്ച്വറി പോലെ, മിറക്കിൾ ഗാർഡൻ പോലെ പ്രകൃതിയുമായിണങ്ങിയ ഒട്ടേറെ വിസ്മയങ്ങളുണ്ട്.  അത്തരം ഇടങ്ങളിലൊന്നാണ് അൽ ഖുദ്റ മരുഭൂവിന് നടുവിലെ ലവ് ലേക്ക്.

നനുത്ത മഞ്ഞിൻ കണങ്ങൾ കുസൃതി നിറഞ്ഞ കാറ്റോടൊപ്പം അന്തരീക്ഷത്തെ ഈറനണിയിക്കുമ്പോൾ  പ്രഭാതത്തിന് പ്രസരിപ്പ് ഏറുന്നതായി തോന്നി  . ഏഴ് മണിയാവുന്നതേയുള്ളു. പ്രവാസ ജീവിതത്തിലെ ഒരവധി ദിനം കൂടി  തുടിക്കുന്ന ഓർമ്മകളാക്കി മാറ്റാനുള്ള ആവേശവുമായി ആളുകൾ കുടുംബങ്ങളോടൊത്ത് അവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു. കുട്ടികളും മുതിർന്നവരുമായി വർണ്ണങ്ങൾ വാരിവിതറിയ പരിസരം ഏറെ ആകർഷകമായിരുന്നു. ഇളം കാറ്റിൽ തടാകത്തിലെ ജലപ്പരപ്പിൽ കുഞ്ഞലകളുടെ ഇടവിടാത്ത ചലനങ്ങൾ. മത്സ്യങ്ങൾ കൂട്ടമായി അലസഗമനം നടത്തുന്ന കാഴ്ച. കുറച്ചു മാറി തൂവെള്ള നിറത്തിലുള്ള ഇണയരയന്നങ്ങൾ പരസ്പരം കൊക്കുരുമ്മുകയും ഇടക്കിടെ വെള്ളത്തിലേക്ക് തലപൂഴ്ത്തുകയും ചെയ്യുന്നു. ഹൃദയാകൃതിയിൽ നിറഞ്ഞു നില്ക്കുന്ന തടാകം.കരയിലെ പുൽത്തകിടിക്കരികിലായി വീതിയേറിയ നടപ്പാത. എത്ര ദൂരം നടന്നു എന്നത് ആരുമറിയുന്നില്ല. ആരുമത് തിരക്കുന്നുമില്ല. മരുഭൂവിന് നടുവിലായി ഏറെ ആഹ്ലാദം പകരുന്ന ഈ കാഴ്ചകളത്രയും മറ്റെല്ലാം മറക്കാൻ മനസ്സിനെ പ്രാപ്തമാക്കുന്നവ തന്നെയാണ്. 

2018 ലാണ് ഇത് സഞ്ചാരികൾക്ക് മുമ്പേ മലർക്കെ തുറക്കപ്പെട്ടത്. തുടക്കത്തിൽ അധികമാരും ചെന്നെത്തിപ്പെട്ടില്ലെങ്കിലും ദുബായിലെ ക്രൗൺ പ്രിൻസ് ഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അതിന്റെ ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ മുതലാണ് ശരിക്കും ഇതേപ്പറ്റി ലോകം അറിയാൻ തുടങ്ങിയത്. തടാകങ്ങളെല്ലാം നിശ്ചലമായി നിലകൊണ്ടെങ്കിലും തടാകക്കരകളൊക്കെയും സഞ്ചാരികളുടെ ഒഴുക്കിനാൽ ഗതിവേഗമാർജ്ജിക്കാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. 

മനസ്സിൽ പ്രണയം നിലനിറുത്തുന്ന ഏതൊരാൾക്കും ലവ്‌ലേക്ക് നല്കുന്ന അനുഭവങ്ങൾ അനിർവ്വചനീയമാണ്. അത് മറ്റൊരാളിലേക്ക് പകർന്ന് നല്കാൻ പറ്റാത്തത്ര തീവ്രമാണ്. ഓരോ ചുവടിലും നമ്മൾ പ്രണയാതുരരായി പോകും വിധമാണ് അവിടത്തെ കാഴ്ചകൾ നമുക്ക് മുമ്പിൽ അനാവൃതമാകുന്നത്. തൊട്ടടുത്ത മരുഭൂമിയിൽ സൂര്യതാപത്തിനാൽ


ഊഷ്മാവ് വർദ്ധിക്കുന്നുവെങ്കിൽ ഈ മരുപ്പച്ച നല്കുന്ന സ്നേഹോഷ്മളത നമ്മുടെ മനസ്സിലെ പ്രണയത്തിന്റെ ഊഷ്മാവും വർദ്ധിപ്പിക്കുന്നതായി നമുക്കനുഭവപ്പെടും. പുല്ലിലും പൂവിലും മണ്ണിലും ജലത്തിലും വായുവിൽ പോലും പ്രണയം നിമഗ്നമായിരിക്കുന്നത് ഒട്ടൊരു ആഹ്ലാദത്തോടെ  തൊട്ടറിഞ്ഞ് ഉള്ളിലേക്കാവാഹിക്കാതിരിക്കാൻ നമുക്കാകില്ല. ചുറ്റിനുമുള്ള  മരൂഭൂമി നല്കുന്ന ഊഷരതയുടെ മടുപ്പിക്കുന്ന കാഴ്ചകളിലൂടെ ഏകദേശം 10 കിലോമീറ്റർ ഓഫ് റോഡ് യാത്ര നല്കുന്ന വിരസ നിമിഷങ്ങൾക്കറുതി വരുത്തി നമ്മളവിടെ എത്തിച്ചേരുമ്പോൾ  ഈ ഭൂഭാഗം നല്കുന്ന പ്രശാന്തവും മനോഹരവുമായ കാഴ്ചകൾ അതിൽ മുഴുകിയിറങ്ങാൻ നമ്മുടെ മനസ്സിനെ സജ്ജമാക്കും.


അതെ, തീർത്തും റൊമാന്റിക്ക് ആയിപ്പോകും വിധം നമ്മൾ പ്രണയത്തിന്റെ ഒരു മാസ്മര വലയത്തിലകപ്പെട്ട പോലെ തോന്നിക്കും ഇവിടെ എത്തിക്കഴിഞ്ഞാൽ. രണ്ട് ഇന്റർലോക്കിംഗ് ഹൃദയങ്ങൾ പോലെയാണ്  ഈ തടാകങ്ങൾ എങ്കിലും ഒറ്റനോട്ടത്തിൽ നമുക്കത് മനസ്സിലാക്കാൻ കഴിയില്ല. പക്ഷെ, തടാകവും, കരയിലെ കൊച്ചു പുൽമേടുകളും അതിനപ്പുറത്തെ കുഞ്ഞു കുഞ്ഞു  കാടുകളും ഏതൊരു മനസ്സിനെയും ആനന്ദപുളകിതരാക്കും എന്നതിൽ സംശയമില്ല. പാർക്കിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന ഹൃദയങ്ങളുടെ ആദ്യ കാഴ്ച പ്രവേശന കവാടത്തിലെ വലിയ മരത്തിന്മേലുള്ള കൊത്തുപണികളാണ്.  പൂക്കളുടെയും ചെടികളുടെയും ആകർഷകമായ കൂട്ടങ്ങൾ പ്രണയപൂർവ്വം മന്ദഹസിക്കുന്നതായും നമ്മളോടെന്തോ പറയാൻ വെമ്പുന്നതായും നമുക്കനുഭവപ്പെടും..

വെറുമൊരു  ബാർബിക്യൂ കൂടിച്ചേരലിനേക്കാൾ, അല്ലെങ്കിൽ ഒരു സായാഹ്നം ചിലവിടുന്നയിടത്തേക്കാൾ ഏറെ സാദ്ധ്യതകൾ നമ്മുടെ മുന്നിൽ തുറന്ന് വെക്കുന്നുണ്ട് ലവ് ലേക്ക് . മരുഭുവിന് നടുവിലായി പരിസ്ഥിതി സൗഹൃദപരത നിലനിറുത്തുന്ന ഇവിടം സഞ്ചാരികളുടെ മനസ്സിൽ ദുബായ് സങ്കല്പങ്ങളെ ഏറെ മികവുറ്റ രീതിയിലേക്ക് മാറ്റിയെഴുതും എന്നതിൽ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. നഗരത്തിൽ നിന്ന് ഏറെ അകലെയായതിനാൽ ഈ സ്ഥലം പ്രകൃത്യാ മനോഹരവും വളരെ പ്രശാന്തവുമാണ്. 

ദുബായിലെ ഏറ്റവും മനോഹരമായൊരു സൂര്യാസ്തമയത്തിന് സാക്ഷിയാകാൻ ഇവിടം നമ്മൾക്ക് വേദിയാകും. അസ്തമയ സൂര്യൻ ചൊരിയുന്ന തിളക്കമാർന്ന വർണ്ണങ്ങൾ  തടാകത്തിലേക്കും ചുറ്റുമുള്ള  പച്ചപ്പിന്റെ നിബിഡതയിലേക്കും ഒഴുകിയെത്തുമ്പോൾ അനുഭവവേദ്യമാകുന്ന ആസ്വാദ്യത പൂർണ്ണമായും വാക്കുകളിൽ പകരുക അസാദ്ധ്യമെന്ന് തന്നെ പറയണം


.

ലവ് ലേക്കിൽ നിന്നും പുറത്തേക്ക് കടന്ന് മെയിൻ റോഡിലേക്കുള്ള വഴി തിരയുമ്പോഴാണ് അൽ ഖുദ്റ ലേക്കിന്റെ ഭാഗങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ആശ്ചര്യം തോന്നും വിധം നീണ്ടും, വളഞ്ഞുപുളഞ്ഞും കിടക്കുന്ന തടാകത്തിന് ചുററും മരങ്ങൾ സ്നേഹോഷ്മളായ തണലേകികൊണ്ട് നിരന്നു നിന്നു. തടാകത്തിൽ നിന്നും ലഭിക്കുന്ന ജീവജലം അവരുടെ ശാഖകളെയൊക്കെയും പച്ചപ്പിനാൽ പൊതിഞ്ഞു. ചിലത് പൂക്കൾ വിടർത്തി നിന്ന് മന്ദഹാസം ചൊരിഞ്ഞു. ഇതൊരു മരുഭൂമിയുടെ ഭാഗം തന്നെയോ എന്ന ആശ്ചര്യം ഓരോ സഞ്ചാരിയുടെ മുഖങ്ങളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഓഫ് റോഡിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു.ഒന്ന് രണ്ട് വർഷങ്ങൾക്കകം ഇവിടമെല്ലാം നിരപ്പാർന്ന റോഡുകളായി തീരും എന്ന് മനസ്സ് പറഞ്ഞു. ലവ് ലേക്കിനേക്കാൾ സന്ദർശക ബാഹുല്യം ശരിക്കും ഇവിടെയായിരുന്നു. ഓരോന്നും കണ്ടും അനുഭവിച്ചും നീങ്ങിക്കൊണ്ടിരിക്കെ ധ്യാനാവസ്ഥയിൽ നില്ക്കുന്ന നിരവധി ഫ്ലെമിംഗോസിനെ കാണാനായി. കൂട്ടത്തിൽ പേരറിയാത്ത ഒരുപാട് പക്ഷികളെയും. വഴിയിലൊരിടത്ത് പക്ഷി നിരീക്ഷണത്തിനായുള്ള ഒരു ടവറും കണ്ടു. കാഴ്ചകൾ ഒക്കെയും കണ്ട് തിരിക്കുമ്പോൾ മനസ്സിൽ ഓർത്തു; ഒരു മരൂഭൂമിയുടെ നടുവിലായി ഇത്തരമൊരു വിസ്മയം ഉയർത്തിയെടുത്തവരെ എത്ര ശ്ലാഘിച്ചാലും മതിയാവില്ലെന്ന് .

ലവ് ലേക്കിന്റെ ഓരോ ഇഞ്ചും പരിസ്ഥിതി സൗഹൃദമാണ്. പാർക്ക് ബെഞ്ചുകൾ മുതൽ ടിഷ്യു ബോക്സുകൾ വരെ ജൈവ പ്രകൃതി നില നില്ക്കുന്ന  വസ്തുക്കളാലാണ് നിർമ്മിച്ചിരിക്കുന്നത്. മുളയും മരവും കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങൾ. ദൂരം സൂചിപ്പിക്കുന്ന ശിലാഫലകങ്ങൾ. കുടുംബങ്ങൾക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി ചെടികളാൽ മറതീർത്ത പ്രത്യേക ക്യാബിനുകൾ. ചിലയിടങ്ങളിൽ കണ്ടൽക്കാടുകൾക്ക് സമാനമായ സസ്യജാലങ്ങളുടെ കൂട്ടങ്ങൾ. 

പുതിയ കാലത്തിലേക്കുള്ള ദുബായിയുടെ പരിസ്ഥിതി സൗഹൃദ ദർശനത്തിന്റെ സാക്ഷ്യമാണ് ലവ് ലേക്ക്..

Share this story

Comments (2)

  • Anonymous

    23 November 2020

    ദുബായിലെ ടൂറിസ്റ്റ് ആകർഷണങ്ങൾ ലേഖകൻ ലളിതമായി വരച്ചു കാട്ടിയിരിക്കുന്നു.ദുബൈയിൽ ഇപ്പോൾ ഉള്ളവരും,സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട വിവരണം.നജീബിന് അഭിനന്ദനങ്ങൾ.

  • baby

    2 December 2020

    നജീബ് നിങ്ങളുടെ യാത്രാവിവരണം അഭിനന്ദനീയംഓരോന്നിനെ പറ്റിയും വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു വായനക്കാരെ ആകർഷിക്കാൻ താങ്കളുടെ കുറുപ്പിന് കഴിയുന്നു അഭിനന്ദനങ്ങൾപഴയ കാലവും പുതിയ കാലവും വളരെ ലളിതമായിപുഴ പോലെ ശാന്തസുന്ദരമായി ഒഴുകട്ടെയുടെ