17 May 2026 · 14 min read · അനുഭവം

ഒരു ബോംബെക്കഥ

​1995 നവംബർ 14. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ആകാശത്തുനിന്നും ഒരു ഭീമൻ വിമാനം കുതിച്ചിറങ്ങി. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ' ബോയിങ് 737 വിമാനമായിരുന്നു അത്. വിമാനത്തിൽ യാത്രക്കാരായി നൂറുകണക്കിന് ആളുകളുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് വിരലിൽ എണ്ണാവുന്ന മനുഷ്യർ മാത്രം... അവർക്ക് നടുവിലായി മുംബൈയിൽ നിന്നും തന്റെ ജന്മനാട്ടിലേക്ക് ജീവനില്ലാത്ത ഒരു മനുഷ്യൻ കൂടിയുണ്ടായിരുന്നു.. 45-ാം വയസ്സിൽ വെടിയുണ്ടകൾ ചിറകരിഞ്ഞുവീഴ്ത്തിയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഉടമ, തഖിയുദ്ദീൻ അബ്ദുൽ വാഹിദ് എന്ന മലയാളി വ്യവസായിയായിരുന്നു അത്. അദ്ദേഹത്തിൻ്റെ ഭൗതികശരീരവും വഹിച്ചു കൊണ്ടായിരുന്നു ആ വിമാനം അന്ന് പറന്നിറങ്ങിയത്. 

മുംബൈ നഗരത്തിന്റെ തെരുവിൽ വെടിയേറ്റു വീണ തന്റെ പ്രിയപ്പെട്ട മുതലാളിയുടെ ഭൗതികശരീരവും വഹിച്ച് ആകാശ അതിരുകൾ താണ്ടി ആ വിമാനം ജന്മനാട്ടിലേക്ക് പറന്നിറങ്ങിയപ്പോൾ, തടിച്ചുകൂടിയ ജനക്കൂട്ടത്തിന് അതൊരു സാധാരണ കൊലപാതകം മാത്രമായിരുന്നു. എന്നാൽ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കോർപ്പറേറ്റ്-അധോലോക ഗൂഢാലോചനയുടെ ചോരമണക്കുന്ന അദ്ധ്യായങ്ങൾ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ആകാശ സ്വപ്നങ്ങളെ ചോരയിൽ മുക്കിയ ഒരു  ഗൂഢാലോചന നിറഞ്ഞ കഥയുടെ തുടക്കമായിരുന്നു അത്. 

തിരുവനന്തപുരം ജില്ലയിലെ വർക്കല എന്ന തീരദേശ ഗ്രാമത്തിലെ ഇടവ എന്ന ചെറിയ പ്രദേശത്തുനിന്നാണ് ഈ കഥ ആരംഭിക്കുന്നത്. ഹാജി അബ്ദുൽ വാഹിദ് മുസ്ലിയാരുടെയും സൽമാ ബീവിയുടെയും പതിനൊന്ന് മക്കളിൽ ഒരാളായി 1952-ൽ ജനിച്ച തഖിയുദ്ദീൻ, നാട്ടുകാർക്ക് 'തക്കി'യായിരുന്നു. മത്സ്യം മൊത്തമായി വാങ്ങി ഉപ്പിട്ടുണക്കി കയറ്റി അയക്കുന്നതായിരുന്നു ഉപ്പയുടെ ബിസിനസ്. 1970-കളിൽ തക്കിയുദ്ദീനും സഹോദരൻ നസ്റുദ്ദീനും ഉപ്പയോടൊപ്പം ഈ ഉണക്കമീൻ കച്ചവടത്തിലേക്ക് ഇറങ്ങി.

​അസാധാരണമായ ബുദ്ധിയും ഏതൊരാളെയും ആകർഷിക്കുന്ന ആശയവിനിമയ ശേഷിയുമായിരുന്നു തഖിയുദ്ദീന്റെ മൂലധനം. എന്നാൽ, കഠിനാധ്വാനത്തിന് അപ്പുറം ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ് ഇവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഈ ഗ്രാമത്തിന് പുറത്തൊരു വിശാലമായ ലോകമുണ്ടെന്നും അത് തങ്ങളെ ഉൾക്കൊള്ളാനായി കാത്തിരിക്കയാണെന്നും വിശ്വസിച്ച ആ സഹോദരങ്ങൾ മഹാനഗരമായ   മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഗൾഫിലൊരു ജോലി ശരിയായതോടെ തഖിയുദ്ദീൻ താത്കാലികമായിട്ടാണെങ്കിലും മുംബൈ വിട്ടു.

ഒരിക്കൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് നസ്റുദ്ദീന് ഒരു പേഴ്സ് വീണുകിട്ടി. പണവും രേഖകളും നിറഞ്ഞ ആ പേഴ്സിന്റെ ഉടമ ഒരു അറബിയായിരുന്നു. ഒട്ടും ആലോചിക്കാതെ നസ്റുദ്ദീൻ ആ അറബിയെ തിരഞ്ഞുപിടിച്ച് പേഴ്സ് ഏൽപ്പിച്ചു. ആ സത്യസന്ധതയിൽ സന്തുഷ്ടനായ അയാൾ തന്റെ വിസിറ്റിങ് കാർഡ് നസ്റുദ്ദീന് നൽകി. അദ്ദേഹം ബഹ്റൈനിലെ വൻകിട ബിസിനസ്സ് ഗ്രൂപ്പായ 'അൽ അഅ്ലി'യുടെ ഉടമകളിലൊരാളായ അഹമ്മദ് മൻസൂർ അഅ്ലിയായിരുന്നു!

ഈ സംഭവത്തിലുടെ ഭാഗ്യം തഖിയുദ്ദീൻ്റെ സഹോദരനായ നസ്റുദീനെ തേടിയെത്തുകയായിരുന്നു. തനിക്ക് ഒരു ജോലി തരാമെന്ന അറബിയുടെ വാഗ്ദാനത്തിന് പകരമായി, അറബിയുടെ കമ്പനിയിലേക്ക് ഇന്ത്യയിൽനിന്നും ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസി കരാർ തന്നാൽ മതിയെന്നാണ് നസ്റുദ്ദീൻ ആവശ്യപ്പെട്ടത്. അറബി അത് സന്തോഷത്തോടെ സമ്മതിച്ചു. അജ്മാനിൽ ജോലി ചെയ്യുകയായിരുന്ന തഖിയുദ്ദീനെയും കൂട്ടി നസ്റുദ്ദീൻ മുംബൈയിൽ റിക്രൂട്ട്മെന്റ് ബിസിനസ് ആരംഭിച്ചു. അങ്ങനെ, 1980-ൽ മുംബൈയിലെ ദാദറിൽ 'ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ്' പിറന്നു.

ഗൾഫ് മോഹവുമായി കിടപ്പാടം പണയം വെച്ച്  പോലും മുംബൈയിലെത്തുന്ന പാവപ്പെട്ട ചെറുപ്പക്കാരെ , ഓരോരുത്തരുടെയും യോഗ്യതക്കനുസരിച്ച് കൃത്യമായ ശമ്പളവും സുരക്ഷിതത്വവും കിട്ടാവുന്ന ജോലികൾ ഏർപ്പാടാക്കി  അവരെ കടൽ കടത്തുക എന്നതായിരുന്നു അവർ ഏറ്റെടുത്ത ദൗത്യം. വിശ്വാസ്യതയുടെ ആ അടിത്തറയിൽ ഈസ്റ്റ് വെസ്റ്റ് അതിവേഗം വളർന്നു. 1986 ആയപ്പോഴേക്കും എയർ ഇന്ത്യയുടെയും ഗൾഫ് എയറിന്റെയും ഇന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ഏജന്റായി തഖിയുദ്ദീൻ്റെ സ്ഥാപനം മാറി. പക്ഷേ, അപ്പോഴും തഖിയുദ്ദീന്റെ കണ്ണ്  അതിരുകളില്ലാത്ത ആകാശത്തായിരുന്നു പാറി നടന്നിരുന്നത്.

1992-ൽ ഇന്ത്യൻ വ്യോമയാന ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. അതുവരെ കേന്ദ്രസർക്കാർ നേരിട്ട് നടത്തിയിരുന്ന എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും മാത്രം കുത്തകയുണ്ടായിരുന്ന ആകാശം സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ സർക്കാർ തീരുമാനിച്ചു (Open Sky Policy).

ഇന്ത്യയിലെ വ്യവസായ ഭീമന്മാരായ ടാറ്റയും ബിർലയും മഹീന്ദ്രയുമൊക്കെ വിമാനക്കമ്പനി തുടങ്ങാൻ ലൈസൻസിനായി ഡൽഹിയിലെ മന്ത്രാലയങ്ങളിൽ സ്വാധീനം ചെലുത്തി കാത്തിരുന്നു. എന്നാൽ അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്, ആകാശത്തേക്ക് ആദ്യമായി ഒരു സ്വകാര്യ വിമാനം പറന്നുയർന്നു. 35 കോടി രൂപ മുതൽമുടക്കിൽ, ഗിന്നസ് പീറ്റ് ഏവിയേഷനിൽ നിന്നും വിമാനങ്ങൾ വാടകയ്ക്കെടുത്ത് തഖിയുദ്ദീൻ വാഹിദ് തുടക്കമിട്ട 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്' ആയിരുന്നു അത്!

1992 ഫെബ്രുവരി 28-ന് ഈസ്റ്റ് വെസ്റ്റിന്റെ ആദ്യ ബോയിങ് 737 വിമാനം മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയർന്നപ്പോൾ ഇന്ത്യൻ കോർപ്പറേറ്റ് ലോകം മൂക്കത്ത് വിരൽവെച്ചു. ഡൽഹിയിലെയും മുംബൈയിലെയും വൻകിട ലോബികൾക്ക് ദഹിക്കുന്നതായിരുന്നില്ല ഒരു സാധാരണ മലയാളിയുടെ  ഈ അവിശ്വസനീയമായ കുതിപ്പ്.

അവിടെനിന്ന് അവർ വളർന്നു. 

​കുറഞ്ഞ ടിക്കറ്റ് നിരക്കും മികച്ച സേവനവുമായി ഈസ്റ്റ് വെസ്റ്റ് ആകാശത്തെ രാജാവായി വാഴാൻ തുടങ്ങി.  ഇന്ത്യൻ എയർലൈൻസ് വൻ നഷ്ടത്തിലോടുമ്പോൾ തഖിയുദ്ദീന്റെ കമ്പനി കോടികളുടെ ലാഭമുണ്ടാക്കുകയായിരുന്നു.

യാത്രക്കാർക്ക് രാജകീയമായ സേവനമാണ് തഖിയുദ്ദീൻ നൽകിയത്. പൈലറ്റുമാർക്കും ജീവനക്കാർക്കും സർക്കാർ കമ്പനികളേക്കാൾ നാലിരട്ടി ശമ്പളം നൽകി അദ്ദേഹം രാജ്യത്തെ മികച്ച പ്രതിഭകളെ തന്റെ കമ്പനിയിലെത്തിച്ചു. മദർ തെരേസയുടെ കാരുണ്യപ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് തന്റെ വിമാനങ്ങളിൽ അവർക്ക് എക്കാലത്തേക്കും തഖിയുദ്ദീൻ സൗജന്യ ടിക്കറ്റ് നൽകിയിരുന്നു. വെറും ആറുമാസം കൊണ്ട് പന്ത്രണ്ട് കേന്ദ്രങ്ങളിലേക്ക് ഈസ്റ്റ് വെസ്റ്റ് സർവീസ് വ്യാപിപ്പിച്ചു. തഖിയുദ്ദീൻ, ഇതിനകം ആകാശത്തിലെ അനിഷേധ്യ രാജാവായി മാറി കഴിഞ്ഞിരുന്നു.

മികച്ച സേവനവും കൃത്യനിഷ്ഠയും കാരണം ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രിയപ്പെട്ട എയർലൈനായി ഇത് മാറി. ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന മദർ തെരേസ, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ബോളിവുഡ്-മോളിവുഡ് രംഗത്തെ മുൻനിര സിനിമാ താരങ്ങൾ എന്നിവരെല്ലാം ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ സ്ഥിരം യാത്രക്കാരായിരുന്നു. അങ്ങനെ,

തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ കൊണ്ടും മികച്ച കസ്റ്റമർ സർവീസ് കൊണ്ടും ഇന്ത്യൻ ആകാശത്ത് സമാനതകളില്ലാത്ത വിജയഗാഥ രചിക്കാനായതിൻ്റെ ഖ്യാതി ഈസ്റ്റ് വെസ്റ്റ് സ്വന്തമാക്കി.

ഈസ്റ്റ് വെസ്റ്റിന്റെ ഈ ജൈത്രയാത്ര തുടരുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമയാന രംഗത്തേക്ക് മറ്റൊരു വ്യക്തിയുടെ പ്രവേശനം. നരേഷ് ഗോയൽ! ഉത്തരേന്ത്യൻ രാഷ്ട്രീയ പ്രമാണിമാരുടെയും വിദേശ നിക്ഷേപകരുടെയും പിൻബലത്തോടെ ഗോയൽ 'ജെറ്റ് എയർവേയ്സ്' ആരംഭിച്ചു.

എന്നാൽ, വിപണിയിൽ നേർക്കുനേർ മത്സരിച്ച് ഈസ്റ്റ് വെസ്റ്റിനെ തോൽപ്പിക്കാൻ ജെറ്റ് എയർവേയ്സിന് കഴിയില്ലായിരുന്നു. തഖിയുദ്ദീന്റെ ബിസിനസ്സ് തന്ത്രങ്ങളും ജനപ്രീതിയും അത്രമേൽ ശക്തമായിരുന്നു. ഇതോടെ, അത്തരം തന്ത്രങ്ങൾക്ക് പകരമെന്നോണം കുതികാൽ വെട്ടലുകളുടെയും ഗൂഢാലോചനകളുടെയും കറുത്ത നാടകങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ അരങ്ങേറാൻ തുടങ്ങി.

ഈ ഘട്ടത്തിലാണ് ആഭ്യന്തര റൂട്ടുകളിൽ ഇന്ത്യയിലാദ്യമായി ബിസിനസ് ക്ലാസ് സർവീസ് തുടങ്ങാനായി മലേഷ്യൻ എയർലൈൻസിൽ നിന്നും മൂന്ന് അത്യാധുനിക വിമാനങ്ങൾ വാങ്ങാൻ തഖിയുദ്ദീൻ കരാറൊപ്പിടുന്നത്. വൻ തുക അഡ്വാൻസ് നൽകി. വിമാനങ്ങളിൽ ഈസ്റ്റ് വെസ്റ്റിന്റെ ലോഗോയും പെയിന്റും അടിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, വിമാനം ഇന്ത്യയിലേക്ക് പറക്കാൻ തയാറാവുന്നതിന് തൊട്ടുമുമ്പ് ഡൽഹിയിലെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (DGCA) വിചിത്രമായ ഒരു ഉത്തരവിറക്കി:

"ഈ വിമാനങ്ങൾ ഇന്ത്യൻ ആകാശത്തിന് പരിചയമില്ലാത്ത തരത്തിലുള്ളതാണ്. അതിനാൽ ഇതിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ബ്ലൂപ്രിന്റും സാങ്കേതിക രേഖകളും ഇന്ത്യൻ സർക്കാരിന് സമർപ്പിക്കണം. എന്നാലേ ഈ വിമാനങ്ങൾക്ക് ഇന്ത്യയിൽ സർവ്വീസ് നടത്താൻ അനുവാദം നല്കാനാവൂ"

ലോകത്ത് ഒരു വിമാനക്കമ്പനിയും തങ്ങളുടെ സാങ്കേതിക രഹസ്യങ്ങൾ ഇങ്ങനെ കൈമാറാറില്ല എന്നറിയാത്തവരല്ല ഇന്ത്യൻ അധികൃതർ. മലേഷ്യൻ കമ്പനി അതിന് തയ്യാറാവില്ല എന്നവർക്ക് പൂർണ്ണ ബോദ്ധ്യമുള്ള കാര്യവും തന്നെയായിരുന്നു . മൂന്ന് ദിവസത്തിനകം വിമാനം ഏറ്റെടുത്തില്ലെങ്കിൽ കരാർ റദ്ദാകുമെന്ന അവസ്ഥ വന്നു. തഖിയുദ്ദീൻ ഡൽഹിയിൽ ഉന്നതരെ കണ്ടു കെഞ്ചി നോക്കിയെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ കരാർ റദ്ദായി, തഖിയുദ്ദീന് കോടികളുടെ നഷ്ടം സഹിക്കേണ്ടി വന്നു.

​എന്നാൽ, വിചിത്രമെന്നു പറയട്ടെ,

ആ കരാർ റദ്ദായി കൃത്യം ഒരാഴ്ചയ്ക്കകം, അതേ മൂന്ന് വിമാനങ്ങളും യാതൊരുവിധ സാങ്കേതിക തടസ്സങ്ങളുമില്ലാതെ ഇന്ത്യാഗവണ്മെണ്ടിൻ്റെയും സിവിൽ ഏവിയേഷൻ്റെയും  അനുമതിയോടെ ഇന്ത്യയിലെ റൺവേകളിൽ വന്നിറങ്ങി! പക്ഷേ, അതിൽ ഈസ്റ്റ് വെസ്റ്റിന്റെ ലോഗോയ്ക്ക് പകരം നരേഷ് ഗോയലിന്റെ 'ജെറ്റ് എയർവേസിന്റെ' ലോഗോ ആയിരുന്നു പതിച്ചിരുന്നത്! ഭരണകൂടവും ഉദ്യോഗസ്ഥ ലോബിയും ആർക്കുവേണ്ടിയാണ് കളിക്കുന്നതെന്ന് തഖിയുദ്ദീൻ അപ്പോഴാണ് ഞെട്ടലോടെ മനസ്സിലാക്കിയത്.

ശത്രുക്കൾ അവിടെയും നിർത്തിയില്ല. ചതിയുടെ അടുത്ത വല നെയ്തത് തഖിയുദ്ദീന്റെ സ്വന്തം ഓഫീസിനുള്ളിലായിരുന്നു. നരേഷ് ഗോയലുമായി പിണങ്ങിപ്പിരിഞ്ഞ് വന്നതാണെന്ന് പറഞ്ഞ് ദാമോദരൻ എന്നൊരു മലയാളി ഉദ്യോഗസ്ഥൻ ഈസ്റ്റ് വെസ്റ്റിൽ ജോലിക്ക് കയറിയിരുന്നു. വിശ്വസ്തനായ ഒരു മലയാളിയാണല്ലോ എന്ന് കരുതി തഖിയുദ്ദീൻ അയാൾക്ക് കമ്പനിയുടെ തന്ത്രപ്രധാനമായ ചുമതലകൾ നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തഖിയുദ്ദീൻ ആ സത്യം തിരിച്ചറിഞ്ഞത്. ദാമോദരൻ ജെറ്റ് എയർവേസിന്റെ ചാരനായിരുന്നു! ഈസ്റ്റ് വെസ്റ്റിന്റെ ആഭ്യന്തര ബിസിനസ്സ് രഹസ്യങ്ങളും തന്ത്രങ്ങളും ചോർത്തിയ ശേഷം അയാൾ തിരികെ ഗോയലിന്റെ പാളയത്തിലേക്ക് തന്നെ മടങ്ങിപ്പോയി.

ഇതിനിടയിൽ, വിദേശ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് യു.എ.ഇ.യിലെ വിഖ്യാതമായ 'എമിറേറ്റ്സ്' എയർലൈൻസുമായി തഖിയുദ്ദീൻ വൻ നിക്ഷേപ കരാറൊപ്പിട്ടു. ഈ വിവരം പുറത്തു വന്നതോടെ അദൃശ്യശക്തികൾ വീണ്ടും ഉണർന്നു. വിദേശ കമ്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സർക്കാർ പുതിയ നിയമനിർമ്മാണം നടത്തി.

എന്നാൽ ഇതേ നിയമം നിലനിൽക്കുമ്പോൾ തന്നെ നരേഷ് ഗോയലിന്റെ ജെറ്റ് എയർവേസിന് കുവൈറ്റ് എയർവേസിൽ നിന്നും ഗൾഫ് എയറിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ യാതൊരു തടസ്സവുമുണ്ടായില്ല! ഡൽഹിയിലെ അധികാര ഇടനാഴികളിൽ തഖിയുദ്ദീന് മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, നരേഷ് ഗോയലിനായി അവ മലർക്കെ തുറക്കപ്പെട്ടു.

ഭരണകൂടത്തെ ഉപയോഗിച്ച് തകർക്കാൻ നോക്കിയിട്ടും ഈസ്റ്റ് വെസ്റ്റ് തളർന്നില്ല. 1994-ൽ ഇന്ത്യയിലാദ്യമായി ഷെഡ്യൂൾഡ് റൂട്ടുകൾ സ്വന്തമാക്കുന്ന സ്വകാര്യ എയർലൈൻസായി ഈസ്റ്റ് വെസ്റ്റ് മാറി. തങ്ങളുടെ സർവ്വ സന്നാഹങ്ങളും പരാജയപ്പെടുന്നത് കണ്ടതോടെ ശത്രുക്കൾ അവസാനത്തെ അടവെടുത്തു.

1993-ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷം നഗരത്തിൽ വർഗീയ ധ്രുവീകരണം ശക്തമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത്, തഖിയുദ്ദീന് മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും, സ്ഫോടനക്കേസിലെ പ്രതികളെ വിമാനത്തിൽ രക്ഷപ്പെടാൻ സഹായിച്ചുവെന്നുമുള്ള വ്യാജവാർത്തകൾ ഉത്തരേന്ത്യൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.  അന്വേഷണ ഏജൻസികൾ തഖിയുദ്ദീനെ പിടികൂടാൻ വലവിരിച്ചെങ്കിലും, തെളിവുകളില്ലാത്തതിനാൽ ആ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

അതോടെ തഖിയുദ്ദീന്റെ ഫോണുകളിലേക്ക് മരണത്തിന്റെ സന്ദേശങ്ങൾ വരാൻ തുടങ്ങി."വിമാനക്കമ്പനി പൂട്ടി കച്ചവടം അവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ ഞങ്ങൾ ജീവനോടെ വെച്ചേക്കില്ല..." അധോലോകത്തിൽ നിന്നുള്ള ഭീഷണികൾ നിരന്തരമായി.

പക്ഷേ, പ്രതിസന്ധികളോട് പോരാടി വളർന്ന തഖിയുദ്ദീൻ അതിനെയെല്ലാം വെറുമൊരു ബിസിനസ്സ് വിരട്ടലായി മാത്രമേ കണ്ടുള്ളൂ. മുംബൈയിലെ സുരക്ഷിതമല്ലാത്ത അന്തരീക്ഷം കാരണം തന്റെ തട്ടകം ചെന്നൈയിലേക്ക് മാറ്റാൻ അദ്ദേഹം ആലോചിക്കുകയായിരുന്നു. എന്നാൽ  കാലം അയാൾക്ക് അതിനുള്ള സമയം അനുവദിച്ചില്ല.

1995 നവംബർ 13, സമയം രാത്രി 9 മണി.

മുംബൈയിലെ ബാന്ദ്രയിലുള്ള ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ആസ്ഥാന മന്ദിരം. അന്ന് ഒക്ടോബർ മാസത്തെ കണക്കുകൾ പുറത്തുവന്ന ദിവസമായിരുന്നു. ഈസ്റ്റ് വെസ്റ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷനും ലാഭവും നേടിയ മാസമായിരുന്നു അത്. അതിന്റെ സന്തോഷത്തിലായിരുന്നു തഖിയുദ്ദീൻ.

ഓഫീസിൽ നിന്നും ഇറങ്ങിയ തഖിയുദ്ദീന് സെക്യൂരിറ്റി ജീവനക്കാരൻ സല്യൂട്ട് നൽകി. ഡ്രൈവർ സ്യൂട്ട്കേസ് വാങ്ങി കാറിന്റെ പിൻസീറ്റിലേക്ക് വെച്ചു. തിളങ്ങുന്ന ആ പുത്തൻ കടുംനീല മെഴ്സഡിസ് കാറിന്റെ ഡോർ തുറന്ന് തഖിയുദ്ദീൻ അകത്തു കയറി. കാർ ബാന്ദ്രയിലെ തിരക്കേറിയ റോഡിലേക്ക് പ്രവേശിച്ചു.

ഏതാനും മീറ്ററുകൾ മാത്രം മുന്നോട്ട് പോയതേയുള്ളൂ... പെട്ടെന്ന് ഒരു ഇടറോഡിൽ നിന്നും അതിവേഗതയിൽ ഒരു ചുവന്ന മാരുതി വാൻ മെഴ്സഡിസ് കാറിന് മുന്നിലേക്ക് കയറ്റി നിർത്തി! 

കാറിന്റെ ബ്രേക്ക് ആഞ്ഞു ചവിട്ടിയ ഡ്രൈവർക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാകും മുമ്പ് വാനിന്റെ സ്ലൈഡിങ് ഡോർ തുറന്ന് മൂന്ന് പേർ പുറത്തേക്ക് ചാടി.

അവരുടെ കൈകളിൽ അത്യാധുനിക തോക്കുകളുണ്ടായിരുന്നു. ഒരാളുടെ കയ്യിൽ വലിയൊരു ഇരുമ്പ് ചുറ്റികയും. 

അയാൾ ആ ചുറ്റികകൊണ്ട് മെഴ്സഡിസ് കാറിന്റെ വിൻഡ് സ്ക്രീൻ അടിച്ചുതകർത്തു. കാർ തടസ്സപ്പെട്ട് നിൽക്കാനായിരുന്നു അത്. തൊട്ടടുത്ത ക്ഷണം, ബാക്കി രണ്ടുപേരും കാറിന്റെ ഇരുവശത്തു നിന്നുമായി തഖിയുദ്ദീന് നേരെ തോക്കുകൾ ചൂണ്ടി.

നിശബ്ദമായ ആ രാത്രിയെ കീറി മുറിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി. കാറിന്റെ ഗ്ലാസ്സുകൾ തകർന്ന് തരിപ്പണമായി. തുരുതുരെ പെയ്ത വെടിയുണ്ടകൾ തഖിയുദ്ദീന്റെ ശരീരത്തിലേക്ക് തുളച്ചുകയറി. ചോരയിൽ കുതിർന്ന അദ്ദേഹം കാറിന്റെ സീറ്റിലേക്ക് ചരിഞ്ഞു. കൃത്യം നിർവ്വഹിച്ച അക്രമികൾ നിമിഷങ്ങൾക്കകം വാനിൽ കയറി ഇരുളിലേക്ക് അപ്രത്യക്ഷരായി.

​തഖിയുദ്ദീൻ ദാവൂദിന്റെ ആളാണെന്നും അതുകൊണ്ട് ശത്രുവായ ചോട്ടാരാജൻ കൊന്നതാണെന്നും പറഞ്ഞ് മുംബൈ പോലീസ് കേസ് എങ്ങുമെത്താതെ ഒതുക്കിത്തീർത്തു .  എന്നാൽ ഇവിടെയാണ് മറ്റൊരു വലിയ സസ്പെൻസ് പുറത്തുവരുന്നത്:

കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് മുംബൈ പോലീസ് തഖിയുദ്ദീന് ഒരു രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ചോട്ടാരാജൻ വധിക്കാൻ ലക്ഷ്യമിടുന്നവരുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് തഖിയുദ്ദീന്റെ പേരായിരുന്നുവെന്നതായിരുന്നു അത്. ഈ സുരക്ഷാ ഭീഷണിയുള്ളതിനാൽ തഖിയുദ്ദീന്റെ വീടിന് മുന്നിൽ മുംബൈ പോലീസിന്റെ ഒരു ജീപ്പ് കാവലുണ്ടായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ  പോലീസ് ആ ജീപ്പ് അവിടെനിന്നും പെട്ടെന്ന് പിൻവലിച്ചിരുന്നു! അത് ആരുടെ ഉത്തരവ് പ്രകാരമായിരുന്നിരിക്കണം എന്നത് മറുപടി ഇല്ലാത്ത ചോദ്യമായി  അവശേഷിച്ചു.

തഖിയുദ്ദീന്റെ മരണത്തോടെ സഹോദരൻ ഫൈസൽ വാഹിദ് കമ്പനി ഏറ്റെടുത്തെങ്കിലും ശത്രുക്കളുടെ ഭീഷണിയും കേസുകളും കാരണം ഈസ്റ്റ് വെസ്റ്റിന് മുന്നോട്ട് പോകാനായില്ല. 1996 ഓഗസ്റ്റ് എട്ടിന് ഈസ്റ്റ് വെസ്റ്റിന്റെ വിമാനങ്ങൾ പറക്കൽ അവസാനിപ്പിച്ചു. 1997-ൽ ആ കമ്പനി ഇന്ത്യൻ ആകാശത്തുനിന്നും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു..തഖിയുദ്ദീന്റെ മരണത്തോടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ചിറകുകൾ എന്നെന്നേക്കുമായി കരിഞ്ഞുപോയി.

വർഷങ്ങൾ കഴിഞ്ഞു. 

ഈസ്റ്റ് വെസ്റ്റ് എന്ന പേര് ജനങ്ങൾ മറന്നു തുടങ്ങി. എന്നാൽ 2003-ൽ ഇന്ത്യൻ ചാരസംഘടനയായ 'റോ' (RAW) ചോർത്തിയ ഒരു അധോലോക ഫോൺ സംഭാഷണം ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തെ നടുക്കി. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ ചോട്ടാ ഷക്കീലും മുംബൈയിലെ അയാളുടെ ഏജന്റും തമ്മിലുള്ള ഫോൺ കോൾ ആയിരുന്നു അത്. അതിൽ ചോട്ടാ ഷക്കീൽ രോഷാകുലനായി പറയുന്ന ഒരു വാചകമുണ്ടായിരുന്നു:

"തഖിയുദ്ദീൻ വാഹിദിനെ കൊലപ്പെടുത്തിയതിന് നരേഷ് ഗോയൽ  തരാമെന്ന് ഏറ്റ പണം അയാൾ ഇതുവരെ തന്നുതീർത്തിട്ടില്ല. ഗോയലിനോട് ആ പണം എത്രയും പെട്ടെന്ന് ചോദിച്ച് വാങ്ങിക്കണം!"

ഈ ഞെട്ടിക്കുന്ന രേഖകൾ ഒടുവിൽ രാജ്യത്തെ പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകനും മലയാളിയും കൂടിയായ ജോസി ജോസഫിന്റെ കൈകളിലെത്തി. അദ്ദേഹം തന്റെ 'എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്' (A Feast of Vultures) എന്ന വിഖ്യാത പുസ്തകത്തിലൂടെ ഈ കോർപ്പറേറ്റ് കൊലപാതകത്തിന്റെ ചുരുളുകൾ ലോകത്തിന് മുന്നിൽ  തുറന്നിട്ടു.

നരേഷ് ഗോയൽ ജോസി ജോസഫിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തെങ്കിലും കോടതിയിൽ തെളിവുകൾ നിരത്തി ജോസി ജോസഫ് വിജയം നേടി. അധികാരവും അധോലോകവും വ്യവസായ ലോബിയും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു തഖിയുദ്ദീന്റേതെന്ന് അപ്പോൾ മാത്രം രാജ്യം തിരിച്ചറിഞ്ഞു.

@@@@@@@@@@@@@@@@@@@@@@

​തഖിയുദ്ദീന്റെ ചോരയിൽ ചവിട്ടിനിന്ന് നരേഷ് ഗോയൽ ഇന്ത്യയിലെ കോടീശ്വരനായി വളർന്നു. പക്ഷേ, കാലചക്രം  തിരിഞ്ഞുവന്നു. വർഷങ്ങൾക്കിപ്പുറം ജെറ്റ് എയർവേസ്  കടക്കെണിയിലാവുകയും അമ്പേ തകരുകയും ചെയ്തു. 2023-ൽ 538 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നരേഷ് ഗോയലിനെ ഇ.ഡി (ED) അറസ്റ്റ് ചെയ്തു. ജയിലിന്റെ തറയിൽ , ക്യാൻസർ രോഗ ബാധിതനായി കിടക്കുന്ന, കോടതിക്ക് മുന്നിൽ കൈകൂപ്പി കരയുന്ന നരേഷ് ഗോയലിന്റെ രൂപമാണ് ലോകം ഒടുവിലായി കണ്ടത്.

കാലം അതിന്റെ കണക്കുകൾ ബാക്കി വെക്കില്ല എന്നത് എത്ര സത്യം!

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, തഖിയുദ്ദീൻ നേരിട്ട അതേ തകർച്ചയാണ് ജെറ്റ് എയർവേസിനെയും തേടിയെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിൽ 17-ന് ജെറ്റ് എയർവേസ് തങ്ങളുടെ എല്ലാ സർവീസുകളും നിർത്തിവെച്ചു. 

അക്ഷരാർത്ഥത്തിൽ കമ്പനി പൂട്ടി. 

അതിനിടയിൽ അയാളുടെ ഭാര്യ ക്യാൻസർ ബാധിച്ച് മരണപ്പെട്ടു. ഗോയലിനെയും ക്യാൻസർ രോഗം വിഴുങ്ങി. മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്നും രോഗബാധിതനായി കോടതിയിലെത്തിയ നരേഷ് ഗോയൽ, ജഡ്ജിക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു: 

"എനിക്കിനിയും ജീവിക്കാൻ  ആഗ്രഹമില്ല, ജയിലിൽ കിടന്ന് മരിക്കാൻ എന്നെ അനുവദിക്കൂ..."

ഒരു കാലത്ത് ഇന്ത്യൻ ആകാശത്തെ വിറപ്പിച്ച കോടീശ്വരന്റെ ദയനീയമായ അന്ത്യം!

ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും പ്രബലമായ ഒരു സാമ്രാജ്യത്വത്തിന്റെ ഉദയവും അതിന്റെ അത്യന്തം ദയനീയമായ അസ്തമയവും ഓർമ്മിപ്പിക്കുന്ന ഒന്നാണ് നരേഷ് ഗോയൽ എന്ന വ്യവസായ പ്രമുഖന്റെ ജീവിതകഥ. അധികാരത്തിന്റെ കൊടുമുടിയിൽ വിരാജിച്ചിരുന്ന ഒരാൾക്ക് കാലം കാത്തുവെച്ച വിധി എത്രത്തോളം ക്രൂരമാകാം എന്നതിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകൾ.

ഒരു കാലത്ത് ഇന്ത്യൻ ആകാശത്തെ തന്റെ വിരൽത്തുമ്പിൽ നിർത്തിയിരുന്ന, ഭരണാധികാരികളെയും നിയമങ്ങളെയും പോലും സ്വാധീനിക്കാൻ കെൽപ്പുള്ള ഒരു 'അജയ്യൻ' ആയിരുന്നു നരേഷ് ഗോയൽ. എതിരാളികളെ ഒന്നൊന്നായി തറപറ്റിച്ചും,  തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും ജെറ്റ് എയർവേയ്‌സിനെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാക്കി മാറ്റിയപ്പോഴും അദ്ദേഹം കരുതിയിരിക്കില്ല, താൻ കെട്ടിപ്പൊക്കിയ ഈ കൊട്ടാരം ഒരുനാൾ വെറും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമെന്ന്. 

ഇന്ത്യൻ വ്യോമയാന രംഗത്തെ വലിയൊരു സാന്നിധ്യമായിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ തകർച്ചയും അതിന്റെ ഉടമ തഖിയുദ്ദീൻ വാഹിദിന്റെ ദാരുണമായ അന്ത്യവുമെല്ലാം വ്യോമയാന ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളായി ഗോയലിന്റെ പേരിനൊപ്പം  ചേർത്തേ വായിക്കാനാകൂ. അദ്ദേഹം അത്രമേൽ  അധികാരഗർവ്വോടെ വിഹരിച്ച ഒരു കാലമായിരുന്നു അത്.

പതനത്തിന്റെ തുടക്കവും തടവറയും

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബാങ്ക് വായ്പ കുടിശ്ശിക കേസിലും പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെയാണ് ആ കറുത്ത നാളുകൾ ആരംഭിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ ആർതർ റോഡ് ജയിലിൻ്റെ ഒരു ഇടുങ്ങിയ കോൺക്രീറ്റ് മുറിക്കുള്ളിലേക്ക് അദ്ദേഹം തള്ളിവിടപ്പെട്ടു. ഒരു കാലത്ത് ആഡംബരത്തിന്റെ നടുവിൽ ജീവിച്ചിരുന്ന, ലോകത്തിലെ ഏറ്റവും മികച്ച വിമാനങ്ങളിൽ മാത്രം യാത്ര ചെയ്തിരുന്ന ആ മനുഷ്യൻ, ജയിലിന്റെ തണുത്ത തറയിൽ അന്തിയുറങ്ങേണ്ടി വന്നു. ആ പതനം വെറുമൊരു സാമ്പത്തിക വീഴ്ചയായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന്റെ സമ്പൂർണ്ണ തകർച്ചയായിരുന്നു.

അർബുദത്തിന്റെ ക്രൂരതയും ഏകാന്തതയും

ജയിൽവാസത്തിനിടയിലാണ് വിധി അദ്ദേഹത്തിന് മേൽ അടുത്ത പ്രഹരമേൽപ്പിച്ചത്. ക്യാൻസർ. മാരകമായ രോഗം ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങിയതോടെ നരേഷ് ഗോയൽ എന്ന മനുഷ്യൻ മാനസികമായും ശാരീരികമായും പൂർണ്ണമായി തകർന്നുപോയി. കോടതിയിൽ ജാമ്യാപേക്ഷകളുമായി എത്തുമ്പോൾ അദ്ദേഹം പൊട്ടിക്കരയുന്ന കാഴ്ച മാധ്യമങ്ങളിലൂടെ ലോകം കണ്ടു.

"എനിക്ക് ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ജയിലിൽ കിടന്ന് മരിക്കാനാണ് എന്റെ വിധിയെങ്കിൽ ഞാനതിന് തയ്യാറാണ്. പക്ഷേ എനിക്ക് എന്റെ ഭാര്യയോടൊപ്പം കുറച്ചു സമയം ചിലവഴിക്കണം..."

കോടതി മുറികളിൽ അദ്ദേഹം കൈകൾ കൂപ്പി യാചിച്ച വാക്കുകളാണിത്. 

അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയലും അർബുദ ബാധിതയായി മരണത്തോട് മല്ലടിക്കുകയായിരുന്നു. തന്റെ സാമ്രാജ്യവും സമ്പത്തും അധികാരവും ഒന്നും തന്നെ ആ നിമിഷങ്ങളിൽ അദ്ദേഹത്തിന് തുണയായില്ല.

നിരാശയും അന്ത്യവും

അവസാന നാളുകളിൽ കോടതി മാനുഷിക പരിഗണന മുൻനിർത്തി അദ്ദേഹത്തിന് ജാമ്യവും ചികിത്സയും അനുവദിച്ചെങ്കിലും, മനസ്സിന്റെയും ശരീരത്തിന്റെയും തകർച്ചയിൽ നിന്ന് അദ്ദേഹത്തിന് കരകയറാൻ കഴിഞ്ഞില്ല. 2024 മെയ് മാസത്തിൽ ഭാര്യ അനിത ഗോയലിന്റെ മരണം അദ്ദേഹത്തെ പൂർണ്ണമായും അനാഥനാക്കി. തന്റെ വിജയങ്ങളിലെല്ലാം പങ്കാളിയായിരുന്ന പ്രിയപ്പെട്ടവളുടെ വേർപാട് അദ്ദേഹത്തിന്റെ അവശേഷിച്ച ജീവന്റെ കണികകളെക്കൂടി ഇല്ലാതാക്കി.

തുടർന്ന് അർബുദ രോഗത്തോടും കടുത്ത വിഷാദത്തോടും പോരാടി, ഒടുവിൽ ഒരുകാലത്ത് ഇന്ത്യൻ വ്യോമയാന രംഗം ഭരിച്ചിരുന്ന ആ രാജാവ്, തികച്ചും നിശബ്ദനായി, ഏകാന്തതയുടെയും നിരാശയുടെയും കയ്പുനീർ കുടിച്ച് ഈ ലോകത്തോട് വിടപറഞ്ഞു.

അധികാരവും പണവും ഗർവ്വും ഒന്നും ശാശ്വതമല്ലെന്നും, കാലം കണക്കുചോദിക്കാത്ത ഒരു സാമ്രാജ്യവും ഭൂമിയിലില്ലെന്നുമുള്ള വലിയൊരു ജീവിതപാഠം ബാക്കിവെച്ചാണ് നരേഷ് ഗോയൽ യാത്രയായത്. ആകാശത്തിന്റെ രാജാവായിരുന്ന ഒരാൾ, ഒടുവിൽ ഒരിറ്റ് സമാധാനത്തിനും സ്നേഹത്തിനുമായി യാചിച്ചുകൊണ്ട് വിടപറഞ്ഞത് മനുഷ്യജീവിതത്തിന്റെ അസ്ഥിരതയെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്.

ഒടുവിലൊരു കൗതുകം:

അന്ന് മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ സ്വന്തമായി ഒരു വലിയ കൊട്ടാരം പണിയാനായി തഖിയുദ്ദീൻ വാഹിദ് വാങ്ങിയിട്ടിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ആ മണ്ണിലാണ് ഇന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തന്റെ ആഡംബര ബംഗ്ലാവ് നിർമ്മിച്ച് താമസിക്കുന്നത്!

തഖിയുദ്ദീൻ വാഹിദ് എന്ന മലയാളി വ്യവസായിയുടെ ആകാശസ്വപ്നങ്ങൾ തെരുവിൽ ഒടുങ്ങിയെങ്കിലും, കാലം കാത്തുവെച്ച കാവ്യനീതിയുടെ ഈ കഥ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരിക്കലും മായാത്ത ചോരപ്പാടായി ഇന്നും നിലനിൽക്കുന്നു.@@@@@@@@@@@@@

ജോസി ജോസഫിൻ്റെ 'Feast of Vultures' എന്ന പുസ്തകത്തിലെ ഏറ്റവും ആകാംക്ഷാഭരിതവും ഞെട്ടിക്കുന്നതുമായ ഒരു ഭാഗമാണ് ഇന്ത്യയിലെ വ്യോമയാന മേഖലയെക്കുറിച്ചും  നരേഷ് ഗോയൽ, ജെറ്റ് എയർവേയ്‌സ്  ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് തഖിയുദ്ദീൻ എന്നിവരെക്കുറിച്ചും പ്രതിപാദിക്കുന്ന ഭാഗം. പുസ്തകത്തിൻ്റെ മൂന്ന് ഭാഗങ്ങളിലായിട്ടാണ് ജോസി ജോസഫ് ഈ 'കോർപ്പറേറ്റ് യുദ്ധം' തുറന്നുകാട്ടുന്നത്.

ഇന്ത്യയിൽ 1990-കളുടെ തുടക്കത്തിൽ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ഭാഗമായി 'ഓപ്പൺ സ്കൈ പോളിസി'  പ്രഖ്യാപിച്ചതോടെ, അതുവരെ എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിൻ്റെയും കുത്തകയായിരുന്ന ആകാശത്തേക്ക് സ്വകാര്യ കമ്പനികൾക്ക് വഴിതുറന്നു കിട്ടി. ഈ കാലഘട്ടത്തിൽ നടന്ന ചോരയിറ്റുന്ന കോർപ്പറേറ്റ് മത്സരത്തെപ്പറ്റി പുസ്തകം പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.

മലയാളിയായ തഖിയുദ്ദീൻ വാഹിദിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് ആയിരുന്നു ഓപ്പൺ സ്കൈ പോളിസിക്ക് ശേഷം ഇന്ത്യയിൽ വലിയ വിജയമായി മാറിയ ആദ്യത്തെ സ്വകാര്യ എയർലൈൻ. വളരെ പെട്ടെന്ന് തന്നെ അവർ ജനപ്രീതി നേടുകയും വിപണി കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഈ വളർച്ച ഇന്ത്യൻ വ്യോമയാന രംഗത്തെ മറ്റ് വമ്പന്മാരെയും പുതിയതായി വരാനിരുന്നവരെയും അസ്വസ്ഥരാക്കി.

1995-ൽ മുംബൈയിൽ വെച്ച് തഖിയുദ്ദീൻ വാഹിദ് അധോലോക അക്രമികളാൽ വെടിയേറ്റു മരിച്ചു. മുംബൈ അധോലോകവുമായുള്ള  ബന്ധമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പറയപ്പെട്ടെങ്കിലും, ഈസ്റ്റ്-വെസ്റ്റ് എയർലൈൻസിനെ തകർക്കാൻ എതിരാളികൾ അധോലോകത്തെ വിലയ്‌ക്കെടുത്തതാണെന്ന സംശയങ്ങളും ശക്തമായിരുന്നു. വാഹിദിൻ്റെ മരണത്തോടെ ആ കമ്പനി പൂർണ്ണമായും തകർന്നു.

തഖിയുദ്ദീൻ വാഹിദിൻ്റെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് നരേഷ് ഗോയലിൻ്റെ ജെറ്റ് എയർവേയ്‌സ് ഇന്ത്യൻ ആകാശത്ത് പിടിമുറുക്കുന്നത്. ഒരു സാധാരണ ട്രാവൽ ഏജൻ്റായി കരിയർ ആരംഭിച്ച്, ഗൾഫ് എയർലൈനുകളുമായുള്ള ബന്ധത്തിലൂടെ വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു നരേഷ് ഗോയൽ.

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നതിൽ  ഗോയൽ അതീവ സമർത്ഥനായിരുന്നു എന്ന് ജോസി ജോസഫ് വ്യക്തമാക്കുന്നുണ്ട്. ബ്യൂറോക്രസിയെ തൻ്റെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഈ പുസ്തകത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തൽ, ജെറ്റ് എയർവേയ്‌സിനും നരേഷ് ഗോയലിനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നെന്ന് കാണിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളായ ഇൻ്റലിജൻസ് ബ്യൂറോയും (IB), റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങും (RAW) ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ അതീവ രഹസ്യ സ്വഭാവമുള്ള കത്തുകളും റിപ്പോർട്ടുകളും ജോസി ജോസഫ് പുറത്തുവിട്ടു എന്നതാണ്.

ജെറ്റ് എയർവേയ്‌സിൻ്റെ പ്രാരംഭ നിക്ഷേപങ്ങളിൽ  അധോലോകപ്പണം കലർന്നിട്ടുണ്ടെന്ന സംശയങ്ങൾ ഈ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, ഈ റിപ്പോർട്ടുകളെല്ലാം ഭരണകൂടം പൂഴ്ത്തുകയും നരേഷ് ഗോയലിന് ബിസിനസ്സ് തുടരാൻ അനുമതി നൽകുകയും ചെയ്യുകയാണ് ഉണ്ടായത്.

തനിക്ക് എതിരായി വരാൻ സാധ്യതയുള്ള എല്ലാ സ്വകാര്യ എയർലൈനുകളെയും നരേഷ് ഗോയൽ എങ്ങനെയാണ് തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കിയത് എന്ന് പുസ്തകം വിവരിക്കുന്നുണ്ട്.

ഉദാഹരണത്തിന്, ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് ഇന്ത്യയിൽ ഒരു എയർലൈൻ തുടങ്ങാൻ ശ്രമിച്ചപ്പോൾ, വ്യോമയാന മന്ത്രാലയത്തിലെ നിയമങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തിച്ച് ആ ഡീൽ ഗോയൽ തകിടം മറിച്ചു.

ഒരു വിദേശ എയർലൈൻസിനും ഇന്ത്യൻ ആഭ്യന്തര സർവീസുകളിൽ നിക്ഷേപം നടത്താൻ അനുവാദമില്ലെന്ന തരത്തിൽ നിയമം മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു (തൻ്റെ കമ്പനിയിൽ വിദേശ നിക്ഷേപം ഉണ്ടായിരുന്നിട്ട് കൂടി).

ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ നരേഷ് ഗോയലും ജെറ്റ് എയർവേയ്‌സും ജോസി ജോസഫിനെതിരെ കോടികളുടെ അപകീർത്തിക്കേസ്  ഫയൽ ചെയ്തിരുന്നു. എന്നാൽ തൻ്റെ പക്കൽ കൃത്യമായ സർക്കാർ രേഖകളും തെളിവുകളും ഉള്ളതിനാൽ ജോസി ജോസഫ് കോടതിയിൽ ഭയമില്ലാതെ നിലകൊണ്ടു. പിൽക്കാലത്ത് (2019-ൽ) ജെറ്റ് എയർവേയ്‌സ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും, പിന്നീട് നരേഷ് ഗോയലിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി (ED) അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ 'Feast of Vultures'-ൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സത്യമായിരുന്നു എന്ന് രാജ്യം തിരിച്ചറിഞ്ഞു.

ഇന്ത്യയിൽ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് വെറും കഠിനാധ്വാനം കൊണ്ടല്ല, മറിച്ച് എതിരാളികളെ ചോരയിൽ മുക്കിയും, ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്തും, നിയമങ്ങൾ കാറ്റിൽപ്പറത്തിയുമാണെന്ന ഭീതിജനകമായ യാഥാർത്ഥ്യമാണ് ഈ ഭാഗത്തിലൂടെ ജോസി ജോസഫ് വായനക്കാരിലേക്ക് എത്തിച്ചത്.

Share this story

Comments (0)

  • Be the first to write one.