15 April 2026 · 6 min read · കഥ

ഓപ്പറേഷൻ മിൻസ് മീറ്റ്

ഓപ്പറേഷൻ മിൻസ്മീറ്റ്: ഹിറ്റ്‌ലറെ വിറപ്പിച്ച ഒരു 'മൃതദേഹത്തിന്റെ' കഥ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി  മാറ്റി കുറിച്ച, സിനിമയിൽപ്പോലും കാണാത്ത വിധത്തിലുള്ള ബുദ്ധിസാമർത്ഥ്യത്തിന്റെ കഥയാണിത്. ഒരു മൃതദേഹം എങ്ങനെ ആ യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു എന്ന വിസ്മയാവഹമായ കഥ !!

1943-ന്റെ തുടക്കക്കാലമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അഗ്നിയിൽ വെന്തു നീറുകയാണ് ലോകം. ഹിറ്റ്‌ലറുടെ നാസിപ്പട യൂറോപ്പിനെ ഒരു മാതിരി വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. സഖ്യകക്ഷികൾക്ക് യൂറോപ്പിലേക്ക് കടന്ന് ചെന്ന് നാസികളോട് പോരാടണമെങ്കിൽ ആകെയുള്ള ഒരു മാർഗ്ഗം ഇറ്റലി വഴി മാത്രമാണ്. അതും ,  ആദ്യം  സിസിലി എന്ന ദ്വീപിനെ കൈപ്പിടിയിലാക്കിയാലേ ഇറ്റലിയിലേക്കുള്ള വഴി തുറന്നു കിട്ടൂ. ഇനി ഇതൊക്കെ തന്ത്രപൂർവ്വം ചെയ്യാമെന്ന് വെച്ചാൽ പോലും വലിയ പ്രശ്നങ്ങൾ വേറെയും കിടക്കുകയാണ്.

ഹിറ്റ്‌ലറുടെ കഴുകൻ കണ്ണുകളും കുറുക്കൻ്റെ ബുദ്ധിയും  ഈ കാര്യം നേരത്തെ തന്നെ  മനസ്സിലാക്കി വെച്ചിട്ടുണ്ട്. അതിനാൽ സിസിലിയിൽ ഒരു വൻ സൈന്യത്തെ തന്നെ വിന്യസിച്ചിരിക്കയാണ് കക്ഷി. കടൽത്തീരങ്ങളായ തീരങ്ങൾ മുഴുവൻ പ്രതിരോധ നിര സുസജ്ജമാണ്. അവരുടെ കണ്ണ് വെട്ടിച്ച് ഒരു ഈച്ചക്ക് പോലും അവിടേക്ക് എത്തിനോക്കാനാവില്ലെന്ന് ഉറപ്പ്. സഖ്യകക്ഷികൾ ഇതിനെയാണ് മറികടക്കേണ്ടത്. നേരിട്ട് സിസിലി പിടിക്കാൻ ശ്രമിച്ചാൽ ചില്ലറ സൈനിക നാശമല്ല സംഭവിക്കാൻ പോകുന്നതെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിനു നല്ല  ബോദ്ധ്യവുമുണ്ട്. അപ്പോൾ, പിന്നെന്താണൊരു വഴി ?

ഹിറ്റ്ലർ എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കയാണ്. അവിടെ, അയാൾ ഭൂമിയിലെ ഏറ്റവും ഭീകരമായ, ഭയാനകമായ തീരുമാനങ്ങൾ എടുത്തുകൊണ്ടിരുന്നു.

അയാളുടെ മേശപ്പുറത്ത് വിരിച്ച മാപ്പുകളിൽ രാജ്യങ്ങളുടെ അതിർത്തികൾ വെറും വരകൾ മാത്രമായിരുന്നു. അയാളൊന്നു തീരുമാനിച്ചാൽ ആയിരങ്ങളും ലക്ഷങ്ങളും മരിക്കും. അയാൾക്കൊരു  സംശയം തോന്നിയാൽ  ഒരു രാജ്യത്തിന്റെ ഭാവി തന്നെ മാറും. അത്തരം ഒരു സമയത്ത്… രാപകലെന്നില്ലാതെ,

എങ്ങനെയെങ്കിലും അയാളെ കുരുക്കാനുള്ള വഴി തേടിക്കൊണ്ടിരിക്കയായിരുന്നു ബ്രിട്ടനും അമേരിക്കയും മറ്റ് സഖ്യരാജ്യങ്ങളും.

ലണ്ടനിലെ അപ്പർ തെംസ് സ്ട്രീറ്റിലെ ഒരു രഹസ്യമുറിയിൽ ബ്രിട്ടീഷ് ഇന്റലിജൻസിലെ ബുദ്ധിശാലികളായ രണ്ട് പേർ അതിസങ്കീർണ്ണമായ ചിന്താസരണികളിലുടെ ഉഴറി നീങ്ങുകയായിരുന്നു. ചിലപ്പോളൊക്കെ അതൊരു  ഗൂഢാലോചനയുടെ തീവ്രത കൈവരിക്കുന്നുണ്ടെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല എന്നതാണ് അവസ്ഥ. 

ചാൾസ് കോൾമോണ്ടെലിയും യുവാൻ മൊണ്ടാഗുവുമായിരുന്നു അവർ. അവർക്കൊപ്പം മറ്റൊരു യുവാവുമുണ്ട്. പില്ക്കാലത്ത് ലോകപ്രശസ്തമായ ജെയിംസ് ബോണ്ട് കഥകൾ എഴുതിയ സാക്ഷാൽ  ഇയാൻ ഫ്ലെമിങ് ആയിരുന്നു ആ മൂന്നാമൻ. അവർക്ക് മുന്നിലുള്ള കടമ്പ ഹിമാലയത്തോളം ഭീമാകാരമായിരുന്നു. അച്ചുതണ്ട് ശക്തികളുടെ കോട്ടയായ ഇറ്റലിയിലേക്ക് പ്രവേശിക്കണമെങ്കിൽ 'സിസിലി' പിടിച്ചെടുത്തേ ഒക്കൂ. ആ ടാസ്‌ക് എങ്ങനെ പ്രാവർത്തികമാക്കാം !

പെട്ടെന്ന് മൊണ്ടാഗുവിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.

"നമ്മൾ സിസിലിയിൽ ഇറങ്ങുമെന്ന് ഹിറ്റ്‌ലർക്കറിയാം. പക്ഷേ, അയാളെ നമുക്ക് വേറൊന്ന് വിശ്വസിപ്പിച്ചാലോ?  നമ്മൾ ആക്രമിക്കുന്നത് സിസിലിയെയല്ല, മറിച്ച് ഗ്രീസിനെയാണെന്ന് വിശ്വസിപ്പിച്ച്   അയാളുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ചാലോ ? അങ്ങനെ ചെയ്യാനായാൽ മിക്കവാറും നമ്മുടെ ഉദ്ദേശ്യം നടന്നെന്ന് വരും ". ഒറ്റനോട്ടത്തിൽ വിചിത്രമെന്ന് തോന്നാവുന്ന ഒരു യുദ്ധതന്ത്രത്തിൻ്റെ പ്ലാനായിരുന്നു അവിടെ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരുന്നത്.

അതേ വഴിയുള്ളു. അതിനാൽ അങ്ങനെ തന്നെ എന്നവർ നിശ്ചയിച്ചുറപ്പിച്ചു.

അതിനായി അവർക്ക് വേണ്ടിയിരുന്നത്   ഒരു 'മൃതദേഹം' ആയിരുന്നു!

പിറ്റേന്ന്  പ്രഭാതം. 

ലണ്ടനിലെ ഒരു അനാഥാലയത്തിന് പുറത്ത് മഞ്ഞുവീണ് കൊണ്ടിരുന്ന   തെരുവോരത്ത് ഒരാൾ മരിച്ചു കിടന്നിരുന്നത് ആരുമങ്ങനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും കോൾ മോണ്ടെലിയും യുവാൻ മൊണ്ടാഗുവും അതിൻ്റെ വിശദാംശങ്ങൾ അന്വേഷിച്ചിറങ്ങി. ദിവസങ്ങൾ ഏറെയായിരുന്നു അയാൾ എന്തെങ്കിലും കഴിച്ചിട്ടെന്നും  അതിനാൽ വിശപ്പടക്കാനൊരു വഴിയും കാണാതെ റൊട്ടി കഷ്ണത്തിൽ  എലിവിഷം പുരട്ടി   കഴിച്ചു സ്വയം ജീവനൊടുക്കുകയായിരുന്നു അനാഥനായ ആ മനുഷ്യനെന്നും അവർ കണ്ടെത്തി. 

ഗ്ലിൻഡ്വർ മൈക്കിൾ എന്നായിരുന്നു ദരിദ്രനും സാധാരണക്കാരനുമായിരുന്ന അയാളുടെ പേര്. ജീവിച്ചിരിക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ തൻ്റെ ജീവിതം ലോകചരിത്രത്തിൻ്റെ തന്നെ ഗതി മാറ്റാൻ പോകുന്ന ഒരു വലിയ 'ചതുരംഗക്കരു' ആകുമെന്ന്  അയാൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. എങ്കിലും ബ്രിട്ടീഷ് ഇൻ്റലിജൻസിലെ ആ രണ്ട് ഉദ്യോഗസ്ഥർക്കും അക്കാര്യത്തിൽ സംശയമേതുമുണ്ടായില്ല. ഇത് തന്നെയാണ് ഹിറ്റലർക്കെതിരെ ഉപയോഗിക്കാനായി  തങ്ങൾ തേടി നടന്ന "ആയുധം" എന്നവർ തീരുമാനിച്ചുറപ്പിച്ചു.

നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മരണപ്പെട്ട മൈക്കിളിന്റെ മൃതദേഹം അവർ ഏറ്റെടുത്തു. അതിനെ അവർ തണുപ്പിച്ചു സംരക്ഷിച്ചു. പക്ഷേ വെറുമൊരു മൃതദേഹം പോരല്ലോ! ഹിറ്റ്‌ലറുടെയും നാസി ചാരസംഘടനയായ 'അബ് വേറിന്റേയും' (Abwehr) കണ്ണു വെട്ടിക്കണമെങ്കിൽ അയാൾക്ക് മതിയായ വ്യക്തിത്വമുണ്ടാക്കിയെടുക്കണം. സമ്പന്നമായ ഒരു ഭൂതകാലമുണ്ടാക്കണം. 

അതിനായി ആദ്യം തന്നെ അവർ അയാൾക്കൊരു പേര് നൽകി. മേജർ വില്യം മാർട്ടിൻ. റോയൽ മറൈൻ ചീഫെന്ന  പദവിയും  കൊടുത്തു. പോരാഞ്ഞ്,  പാം എന്ന പേരിൽ അയാൾക്കൊരു  സാങ്കല്പിക കാമുകിയെയും അവർ നൽകി.

അടുത്തതായി, ആളെ മേജറാക്കി മാറ്റിയ സ്ഥിതിക്ക് സൈനിക യൂണിഫോം ധരിപ്പിച്ച് ആ ശവത്തിന്റെ പോക്കറ്റുകളിൽ അവർ 'തെളിവുകളായി' കുറെ രേഖകൾ ഒളിപ്പിച്ചു. 

കാമുകിയായ പാമിന്റെ  പ്രണയ ലേഖനം, ഒരു മോതിരം വാങ്ങിയതിന്റെ രസീത്, ഓവർഡ്രാഫ്റ്റിനെക്കുറിച്ച് ബാങ്കിൽ നിന്ന് വന്ന  റിമൈൻഡർ, തലേന്ന്  രാത്രി കണ്ട സിനിമാ ടിക്കറ്റിൻ്റെ കഷ്ണം ... അങ്ങനെ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനിൽ കണ്ടേക്കാവുന്ന  പോലുള്ള രേഖകൾ അവർ സൃഷ്ടിച്ചു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നായിരുന്നു. 

ബ്രിട്ടീഷ് ഹൈക്കമാൻഡിൽ നിന്നുള്ള ഒരു 'ടോപ്പ് സീക്രട്ട്' കത്ത് ആയിരുന്നു അത്.

ആ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: 

" സിസിലിക്ക് അത്രകണ്ട് പ്രാധാന്യം കൊടുക്കേണ്ടതില്ലാത്തതിനാൽ നമ്മൾ ഗ്രീസിനെ ആക്രമിക്കാൻ പോകുന്നു.  അതിനാൽ സിസിലിയെ  ഒഴിവാക്കി ഉടനെ നമുക്ക് ഗ്രീസിലേക്ക് നീങ്ങാം. "

1943 ഏപ്രിൽ 30. പുലർച്ചെ സ്പെയിനിന്റെ തീരത്ത് 'സെറാഫി' എന്ന ബ്രിട്ടീഷ് മുങ്ങിക്കപ്പൽ നിശബ്ദമായി പൊങ്ങിവന്നു. കടൽ ശാന്തമായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ വില്യം മാർട്ടിന്റെ മൃതദേഹം പുറത്തെടുത്തു. അയാളുടെ കയ്യിൽ വിലങ്ങുവെച്ച് ബന്ധിച്ച ഒരു ബ്രീഫ്കെയ്സ് ഉണ്ടായിരുന്നു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ആ മൃതദേഹം കടലിലേക്ക് തള്ളുമ്പോൾ അയാൾ പ്രാർത്ഥിച്ചു: 

"ദൈവമേ, ഈ ലോകത്തിൻ്റെ ഭാവിയും ആയിരങ്ങളുടെ ജീവനും രക്ഷിക്കാനായിട്ടാണ് ഞങ്ങൾ ഈ കടുംകൈ ചെയ്യുന്നത്. ഞങ്ങളോട് പൊറുക്കേണമേ!"

തണുത്ത വെള്ളത്തിലൂടെ“മേജർ മാർട്ടിൻ” ഒഴുകി നീങ്ങി. തിരമാലകൾ ആ മൃതദേഹത്തെ സ്പെയിനിലെ ഹുയൽവ തീരത്തേക്ക് കൊണ്ടുപോയി. അടുത്ത ദിവസം രാവിലെ ഒരു സ്പാനിഷ് മീൻപിടുത്തക്കാരൻ അത് കണ്ടെത്തി. സ്പെയിൻ നിഷ്പക്ഷ രാജ്യമായിരുന്നെങ്കിലും അവിടെ ഹിറ്റ്‌ലറുടെ ചാരന്മാർക്ക് വൻ സ്വാധീനമുണ്ടായിരുന്നു.

ആ പെട്ടിയിലെ രേഖകൾ സ്പാനിഷ് അധികാരികൾ വഴി ജർമ്മൻ ചാരന്മാരുടെ കൈകളിലെത്തി. വിവരമറിഞ്ഞ ഹിറ്റ്‌ലർ ആവേശം കൊണ്ടു. കത്തുകൾ കണ്ട ഹിറ്റ്ലർ അത് നൂറ് ശതമാനം ശരിയാണെന്ന് വിശ്വസിച്ചു. ബ്രിട്ടീഷുകാർ സിസിലിയിൽ ആക്രമണം നടത്തുമെന്ന് താൻ കരുതിയത് തെറ്റാണെന്നും, അവരുടെ യഥാർത്ഥ ലക്ഷ്യം ഗ്രീസാണെന്നും ഹിറ്റ്ലർ ഉറപ്പിച്ചു.    

ഹിറ്റ്ലറുടെ സൈനിക ഉപദേശകർ ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും, കത്തുകളിലെ വ്യക്തിപരമായ വിവരങ്ങളും തെളിവുകളും നിരത്തി  ഹിറ്റ്ലർ അവരെ ശാസിച്ചു. 

ഹിറ്റ്‌ലറുടെ ഏറ്റവും വലിയ ദൗർബല്യം തന്റെ ബുദ്ധിയിലുള്ള അമിതവിശ്വാസമായിരുന്നു. 

മൃതദേഹത്തിൻ്റെ പോക്കറ്റിലുണ്ടായിരുന്ന പ്രണയലേഖനങ്ങളും ചെറിയ ബില്ലുകളും കണ്ടപ്പോൾ അത് വ്യാജമാണെന്ന് സംശയിക്കാൻ  അയാൾക്ക് തോന്നിയില്ല. മിനിറ്റുകൾക്കുള്ളിൽ ഹിറ്റ്‌ലർ ഉത്തരവിട്ടു.  "സിസിലിയല്ല ഗ്രീസാണ് പ്രധാനം" .  

സിസിലിയിൽ നിന്ന് നല്ലൊരു ശതമാനം  ടാങ്കുകളേയും സൈനികരെയും ഹിറ്റ്ലർ ഗ്രീസിലേക്കു  മാറ്റി. ബാൾക്കൻ രാജ്യങ്ങളിലേക്ക് ടാങ്കുകളും വിമാനങ്ങളും പറന്നു.

ജൂലൈ 9, 1943.     

ഹിറ്റ്‌ലർ സഖ്യരാഷ്ട്ര സേനയെ ഗ്രീസിൽ കാത്തിരിക്കുകയാണ്. അതേ സമയം ബ്രിട്ടീഷ്-അമേരിക്കൻ പടക്കപ്പലുകൾ സിസിലിയുടെ തീരത്തെത്തി. അവർ കണ്ടത് ശൂന്യമായ പ്രതിരോധ കോട്ടകളായിരുന്നു. ഒരു തുള്ളി രക്തം പോലും ചിന്താതെ, ഒരു വെടിയുണ്ട പോലും ഉപയോഗിക്കാതെ മിനിറ്റുകൾക്കുള്ളിൽ സഖ്യകക്ഷികൾ സിസിലി പിടിച്ചെടുത്തു. അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റിയ നിമിഷമായിരുന്നു.

പരാജയം ഉറപ്പായപ്പോൾ ഹിറ്റ്ലർ കോപാകുലനായി. തന്റെ ചാരസംഘടനയ്ക്ക് ഇത്ര വലിയ തെറ്റ് എങ്ങനെ പറ്റി എന്ന് അദ്ദേഹം ആക്രോശിച്ചു. താൻ ഒരു മൃതദേഹത്തിന് മുന്നിൽ തോറ്റുപോയി എന്നത് ഹിറ്റ്ലറുടെ അഹന്തയ്ക്ക് ഏറ്റ ഏറ്റവും വലിയ മുറിവായിരുന്നു.

സിസിലി പിടിച്ചെടുത്തതോടെ ഇറ്റാലിയൻ സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ അധികാരം നഷ്ടപ്പെട്ടു. ഇറ്റലി സഖ്യകക്ഷികൾക്ക് മുന്നിൽ കീഴടങ്ങിയതോടെ ജർമ്മനിക്ക് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടുകാരനെയാണ് നഷ്ടമായത്. ഇത് ഹിറ്റ്‌ലറെ പ്രതിരോധത്തിലാക്കി.

സിസിലി വഴി ഇറ്റലിയിലേക്ക് സഖ്യകക്ഷികൾ കയറിയതോടെ, റഷ്യൻ അതിർത്തിയിൽ  പോരാടിക്കൊണ്ടിരുന്ന ജർമ്മൻ സൈന്യത്തിന്റെ ഒരു വലിയ ഭാഗത്തെ ഇറ്റലിയിലേക്ക് മാറ്റാൻ ഹിറ്റ്‌ലർ നിർബന്ധിതനായി. ഇത് സോവിയറ്റ് യൂണിയന് ജർമ്മനിയെ പിന്നിൽ നിന്ന് ആക്രമിക്കാനുള്ള സാഹചര്യത്തെ എളുപ്പമാക്കി. 

1945-ന്റെ തുടക്കത്തോടെ ജർമ്മനിയുടെ പതനം ഉറപ്പായി. സോവിയറ്റ് യൂണിയന്റെ റെഡ് ആർമി കിഴക്ക് നിന്നും , അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ പടിഞ്ഞാറ് നിന്നും ജർമ്മനിയെ വളഞ്ഞിട്ട് ആക്രമിച്ചു. ഏപ്രിൽ പകുതിയോടെ സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിനകത്തേക്ക് ഇരച്ചു കയറി.  

ബെർലിനിലെ തന്റെ ഭൂഗർഭ ബങ്കറിൽ നിന്നും  ഹിറ്റ്‌ലർ പുറത്തിറങ്ങാതായി.  പുറത്ത് നഗരം കത്തിയെരിയുമ്പോഴും തന്റെ സൈന്യം രക്ഷക്കെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ സൈന്യം പൂർണ്ണമായും തകർക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഹിറ്റ്‌ലർ, 1945 ഏപ്രിൽ 29-ന് തന്റെ കാമുകിയായിരുന്ന ഇവാ ബ്രൗണിനെ വിവാഹം കഴിച്ചു.

 പിറ്റേന്ന്, 1945 ഏപ്രിൽ 30-ന്, സോവിയറ്റ് സൈന്യം ബങ്കറിന് തൊട്ടടുത്തെത്തി യെന്നറിഞ്ഞപ്പോൾ, ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. 

ഒരു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യം! 

തന്റെ മൃതദേഹം ശത്രുക്കൾക്ക് വിട്ടുകൊടുക്കരുത് എന്ന ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം അത് ബങ്കറിന് പുറത്ത് വെച്ച് കത്തിച്ചു കളയുകയാണുണ്ടായത്.

ഒരാഴ്ചകഴിഞ്ഞ് മെയ് 7-ന് ജർമ്മൻ സൈന്യം നിരുപാധികം കീഴടങ്ങി.  ഇതോടെ യൂറോപ്പിലെ രണ്ടാം ലോകമഹായുദ്ധത്തിന് ഔദ്യോഗികമായി അന്ത്യമായി. 

യൂറോപ്പിലെ ഉരുക്ക് കോട്ടയായ ജർമ്മനിയെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്  ഓപ്പറേഷൻ മിൻസ്മീറ്റിലൂടെ സിസിലി പിടിച്ചെടുത്ത്  അത് വഴി     സഖ്യകക്ഷികൾക്ക് ജർമ്മനിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിഞ്ഞതിലുടെ തന്നെയായിരുന്നു.

 അങ്ങനെ യുദ്ധം അവസാനിച്ചു. 

ആ ചാരനീക്കമാണ്   'ഓപ്പറേഷൻ മിൻസ്മീറ്റ്' എന്ന പേരിൽ  പിന്നീട് ലോകമറിഞ്ഞത്. 

മരിച്ച ഒരാൾ യുദ്ധം ജയിപ്പിച്ച കഥ! 

ഇന്ന് സ്പെയിനിലെ ഹുയൽവയിലെ സെമിത്തേരിയിൽ മേജർ വില്യം മാർട്ടിന്റെ പേരിൽ ഒരു കല്ലറയുണ്ട്. 

വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ഗവൺമെന്റ് അതിൽ ഒരു വാചകം കൂടി കൂട്ടിച്ചേർത്തു: 

"ഗ്ലിൻഡ്വർ മൈക്കിൾ, മേജർ വില്യം മാർട്ടിനായി ഇവിടെ വിശ്രമിക്കുന്നു."

യുദ്ധങ്ങൾ ജയിക്കുന്നത് എപ്പോഴും വൻ ആയുധങ്ങൾ കൊണ്ടായിരക്കണമെന്നില്ല, മറിച്ച് അതിസൂക്ഷ്മമായ ബുദ്ധി കൊണ്ടുമാകാം എന്നതിന് ഇതിലും വലിയൊരു ഉദാഹരണം ലോകചരിത്രത്തിലില്ല. 

ആ അനാഥൻ ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ നിശ്ശബ്ദ നായകനായി വാഴ്ത്തപ്പെടുന്നു!

Share this story

Comments (0)

  • Be the first to write one.