10 April 2026 · 4 min read · കഥ
ഇടമലയിലെ യാക്കോബ്
ആരായിരുന്നു ഇടമലയിലെ യാക്കോബ് ?
2025 ഓഗസ്റ്റിൽ ദുബായിൽ നിന്ന് നാട്ടിലെത്തുന്നത് ഒരു മാസത്തെ ഇടവേളയെന്ന കണക്ക് കൂട്ടലിലായിരുന്നു. പക്ഷെ, ഒരു മാസം പൂർത്തിയാവും മുമ്പേ തന്നെ നീണ്ട ആസ്പത്രിവാസത്തിലേക്കും ശസ്ത്രക്രിയയിലേക്കും ഒക്കെയായി തള്ളിയിടപ്പെട്ടു. അങ്ങനെ തിരക്കിലായിപ്പോയി.

അതേ ഓഗസ്റ്റിലായിരുന്നു പി. എസ് റഫീഖിൻ്റെ പുതിയ കഥാസമാഹാരമായ "കൂർക്കയും" ജമാൽ കൊച്ചങ്ങാടിയുടെ "സിനഗോഗ് ലെയ്ൻ" എന്ന നോവലും പ്രസിദ്ധീകരിച്ചത്. കേരളാബുക് ഹൗസിൽ രണ്ട് വട്ടം തിരക്കിയെങ്കിലും പുസ്തകങ്ങൾ ലഭ്യമായില്ല. ഓൺലൈനിൽ വാങ്ങാൻ തുടങ്ങുമ്പോഴേക്കും ഹോസ്പിറ്റലിലാവുകയും ചെയ്തു.
ഡിസ്ചാർജ് ആയി വീട്ടിലെത്തിയതോടെ വായന തുടരാനുള്ള മാനസികാവസ്ഥ, താത്കാലികമായിട്ടാണെങ്കിലും എവിടെയോ നഷ്‌ടമായതായി തിരിച്ചറിഞ്ഞു. ഏറ്റവും എളുപ്പമായ ഒരു പ്രക്രിയയായി റീൽസിൽ മുഴുകാൻ തുടങ്ങി. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മാസം മുമ്പ് റഫീഖുമായി കണ്ടുമുട്ടാനായത്. ഒരേ ഗ്രാമത്തിലാണ് ജീവിതമെങ്കിലും അയാളെ കണ്ടുമുട്ടുകയെന്നത് അപൂർവ്വമായിരുന്നു. പുസ്തകം കിട്ടിയിട്ടില്ല എന്ന കാര്യം സൂചിപ്പിച്ചതോടൊപ്പം Authors copy ഉണ്ടെങ്കിൽ റഫീഖിൻ്റെ കൈയൊപ്പോട് കൂടി ഒരു കോപ്പി എനിക്ക് വേണമെന്നാവശ്യപ്പെട്ടു. കയ്യൊപ്പില്ലാത്ത ഒരു കോപ്പി ഒരു പക്ഷേ തിരികെ കൊടുക്കേണ്ടി വന്നേക്കും എന്ന കണ്ടീഷനിൽ തരികയും ചെയ്തു.
വായിച്ചവയും പാതി വായിച്ചവയും തീരെ വായിക്കാത്തതുമായ പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫിനെ ഈ പുസ്തകം കൂടി ചേർത്ത് വെച്ച് വിപുലീകരിക്കാൻ എനിക്കുദ്ദേശമില്ലായിരുന്നെങ്കിലും വായന തീരെ നടക്കാതെ ദിവസങ്ങൾ പിന്നെയും നീണ്ടു പോയി. ഒടുവിൽ, ഇതു വരെ രണ്ട് കഥകൾ മാത്രം വായിക്കാനായ ആ സമാഹാരത്തിലെ രണ്ടാമത്തെ കഥയെ പറ്റിയാണ് ഈ കുറിപ്പ്.
റഫീഖിന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് 'ഇടമലയിലെ യാക്കോബ്' എന്നത് തീർച്ച. അതെ, മലയാള ചെറുകഥയിലെ ആധുനികാനന്തര ശൈലിയെ അടയാളപ്പെടുത്തുന്ന ഒരു കഥ തന്നെയാണിത്.
യാക്കോബ് എന്ന കഥാപാത്രത്തെയും അദ്ദേഹം ജീവിക്കുന്ന ഇടമല എന്ന ദേശത്തെയും കേന്ദ്രീകരിച്ച് വികസിക്കുന്ന ഈ കഥ മാജിക്കൽ റിയലിസത്തിന് സമാനമായ ഒരു ആഖ്യാനശൈലിയിലാണ് റഫീഖ് നമുക്ക് മുന്നിൽ പകർത്തി വെച്ചിരിക്കുന്നത് എന്നാണ് എനിക്കനുഭവപ്പെട്ടത്.

സാധാരണ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ മിത്തുകളോടും ഫാന്റസിയോടും ചേർത്തുവെച്ച് അവതരിപ്പിക്കാൻ റഫീഖിനുള്ള കഴിവ് നമ്മൾ അദ്ദേഹത്തിൻ്റെ സിനിമയിലുടെ നേരത്തെ കണ്ടിട്ടുള്ളതാണ്.
വളരെ ലളിതമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴമേറിയ അർത്ഥതലങ്ങളുള്ള ഭാഷയാണ് ഈ കഥയുടേത്. ഇടമല എന്ന ഭൂപ്രദേശം വെറുമൊരു ഇടമല്ല, മറിച്ച് ആ പ്രകൃതിയുടെ സ്വഭാവത്തെയും സംസ്കാരത്തെയും കഥയിലേക്ക് സന്നിവേശിപ്പിച്ച് നിറുത്താനും നിർണ്ണയിക്കാനും ഉതകുന്ന ഒരു പ്രധാന ഘടകം കൂടിയാണത്. കഥാ പരിസരത്തെ പൊതിഞ്ഞു നില്ക്കുന്ന വിഭ്രാന്തികൾ, അവിടത്തെ ഏകാന്തത, യാക്കോബിൻ്റെ വിചിത്രമായ പെരുമാറ്റങ്ങൾ എന്നിവയെല്ലാം വായനയിൽ നമ്മോടൊപ്പം തന്നെ അനുധാവനം ചെയ്യുന്ന വിധത്തിലാണ് ഇതിൻ്റെ ആഖ്യാനം.
പി.എസ്. റഫീഖിന്റെ ആഖ്യാന വൈദഗ്ധ്യം തെളിയുന്ന മറ്റൊരു ഭാഗമാണ് മരിച്ച അപ്പന് ഇടക്കിടെ കത്തയക്കാറുള്ള അജ്ഞാതനായ ഒരു മനുഷ്യനെ കുറിച്ചുള്ള വിവരണങ്ങളും അപ്പൻ്റെ രൂപസാദൃശ്യമുള്ള യാക്കോബ് എന്ന മനുഷ്യനെ കാണുമ്പോഴുള്ള അയാളുടെ വിസ്മയ ഭാവങ്ങളും. ഇവിടം മുതൽ കഥയ്ക്ക് ചെറുതല്ലാത്ത ഒരു മിസ്റ്റിക് ഭാവം കൈ വരുന്നുണ്ട്.
മരിച്ചുപോയ അപ്പന്റെ ഇരട്ടയെപ്പോലെയുള്ള ഒരാളെ കാണുമ്പോഴുണ്ടാകുന്ന വിഭ്രമവും അതേസമയം തോന്നുന്ന ആത്മബന്ധവുമാണ് കഥയുടെ പ്രധാനപ്പെട്ട ഈ തലം. അപ്പന് അയച്ച കത്തുമായി യാക്കോബിനെ കാണാൻ പോകുന്ന മകൻ യഥാർത്ഥത്തിൽ തന്റെ ഭൂതകാലത്തെയും, അപ്പന്റെ അത് വരെ അറിഞ്ഞിട്ടില്ലാത്ത നിഗൂഢമായ മറ്റൊരു ലോകത്തെയുമാണ് അവിടെ കണ്ടെത്തുന്നത്.
യാത്ര ചെന്നെത്തുന്നത് 'ഇടമല' എന്ന നിഗൂഢമായ ഭൂപ്രദേശത്തേക്കാണ്. അവിടെ കഥാപാത്രങ്ങളും പ്രകൃതിയും ഒക്കെ ഒരു പ്രത്യേക താളത്തിലാണ് ജീവിക്കുന്നത്. യാക്കോബിനെ കാണുന്നതോടെ മകന് തന്റെ അപ്പനെക്കുറിച്ച് അതുവരെ അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുകയാണ്.
അപ്പൻ മരിച്ചതിനുശേഷം വന്ന ആ കത്ത് മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ഒരു പാലമായി മാറുന്നത് അങ്ങനെയാണ്. യാക്കോബ് എന്ന കഥാപാത്രം അപ്പന്റെ മറ്റൊരു പതിപ്പായി മകന് അനുഭവപ്പെടുന്നു.
മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതയും, മരണം കൊണ്ട് അവസാനിക്കാത്ത ഓർമ്മകളും റഫീഖ് ഈ കഥയിലൂടെ മനോഹരമായി വരച്ചുകാട്ടുന്നു.
'ഇടമലയിലെ യാക്കോബ്' എന്ന കഥയുടെ ആഖ്യാനഘടനയും അതിലെ മാജിക്കൽ റിയലിസവും പരിശോധിക്കുമ്പോൾ, മലയാള ചെറുകഥയിലെ റിയലിസ്റ്റിക് രീതികളോടുള്ള വലിയൊരു കലഹമായി ഇതിനെ കണ്ടെത്താനാകും.
മരിച്ചുപോയ അപ്പന്റെ അപരനായി യാക്കോബ് പ്രത്യക്ഷപ്പെടുന്ന സന്ദർഭം, നേരത്തെ പരിചിതമായ ഒന്ന് പൊടുന്നനെ അപരിചിതമായി അനുഭവപ്പെടുന്ന അവസ്ഥയുടെ ഒരു നേർക്കാഴ്ചയായി വായനക്കാരനിലേക്ക് വന്നെത്തുന്നുണ്ട്. മകൻ തന്റെ അപ്പനെ മറ്റൊരു ശരീരത്തിൽ കാണുമ്പോൾ ഉണ്ടാകുന്നത് ഭയമല്ല, മറിച്ച് വിഭ്രാന്തമായ ഒരു തിരിച്ചറിവാണ്. അപ്പന്റെ മരണശേഷവും അവസാനിക്കാത്ത ചില കടപ്പാടുകളോ രഹസ്യങ്ങളോ ഉണ്ടെന്ന തോന്നൽ വായനക്കാരനിലും ഇത് ജനിപ്പിക്കുന്നുണ്ട്.
ഇടമലയിലെ ആ പഴയ ബംഗ്ലാവ് രണ്ട് ലോകങ്ങൾക്കിടയിലുള്ള ഒരു ഇടനാഴിയായിട്ടാണ് വർത്തിക്കുന്നത്. പുറംലോകത്തിന്റെ യുക്തികൾ അവിടെ അപ്രസക്തമാണ്. കാടിന്റെ വന്യതയും ബംഗ്ലാവിലെ നിഗൂഢതയും ചേരുമ്പോൾ അത് മനുഷ്യന്റെ ഉപബോധമനസ്സിന്റെ തന്നെ പ്രതിഫലനമായി മാറുന്നു. ആ ബംഗ്ലാവിനുള്ളിൽ വെച്ച് കഥാനായകൻ നേരിടുന്ന അനുഭവങ്ങൾ അയാളുടെ തന്നെ അടിച്ചമർത്തപ്പെട്ട ഭയങ്ങളോ ആഗ്രഹങ്ങളോ ആകാം.
യാക്കോബും കഥാനായകനും ചേർന്ന് ഒരു അതിഥിയെ കാത്തിരിക്കുന്നത് സാമുവൽ ബെക്കറ്റിന്റെ 'വെയ്റ്റിംഗ് ഫോർ ഗോദോ' (Waiting for Godot) എന്ന നാടകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. ആ അതിഥി വരുന്നുണ്ടോ ഇല്ലയോ എന്നതിനേക്കാൾ, ആ കാത്തിരിപ്പിലൂടെ ഇവർക്കിടയിൽ രൂപപ്പെടുന്ന നിശബ്ദമായ വിനിമയമാണ് പ്രധാനം. ഈ കാത്തിരിപ്പ് ജീവിതത്തിന്റെ അർത്ഥശൂന്യതയെയും അതേസമയം വരാനിരിക്കുന്ന എന്തിലോ ഉള്ള പ്രതീക്ഷയെയും ഒരേസമയം അടയാളപ്പെടുത്തുന്നു. ഒടുവിൽ അത് വന്നെത്തുമ്പോൾ, നേർത്ത ഒരു കിളിനാദം പോലെ അപരിചിതമായ ഏതോ ഒരു സംഗീതോപകരണത്തിൽ നിന്നുമുത്ഭവിക്കുന്ന അനിർവചനീയമായ ഒരു താളത്തിൽ അയാൾ അലിഞ്ഞില്ലാതാവുന്നുമുണ്ട്.
മുമ്പൊക്കെ യാക്കോബിനൊപ്പം അപ്പൻ ഇരിക്കാറുള്ള അതേയിടത്തിൽ തന്നെയാണ് മകനും ഇരുന്നിരുന്നത്. ആ ഇരിപ്പിൽ അയാൾ ആകാശത്തിലേക്ക് ഉയർന്ന് പൊങ്ങി. സമുദ്രത്തിൻ്റെ അഗാധതകളിൽ ഒഴുകി നീങ്ങി. കൂറ്റൻ സ്രാവുകൾ അയാളെ ഉരുമ്മി കടന്ന് പോയി. വലിയ പ്രളയങ്ങളിൽ മുങ്ങി മറഞ്ഞു. പിന്നീട് ജലോപരിതലത്തിൽ പൊങ്ങി കിടന്നു. പ്രണയങ്ങളും നൈരാശ്യവും യുദ്ധങ്ങളും കണ്ടു........
രാത്രിയിലെ അവിശ്വസനീയമായ അനുഭവങ്ങൾക്കൊടുവിൽ നായകൻ സ്വന്തം വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങുന്നത് മാജിക്കൽ റിയലിസത്തിന്റെ ഒരു ക്ലാസിക് അന്ത്യമാണ്. അസാധാരണമായതിനെ കണ്ടുമുട്ടിയ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആ വ്യക്തി പഴയ ആളായിരിക്കില്ല. ആ പഴയ കത്ത് കൈമാറുന്നതിലൂടെ മകൻ തന്റെ പിതൃതുല്യമായ ബാധ്യതകളിൽ നിന്ന് മോചിതനാകുന്നുണ്ടോ അതോ കൂടുതൽ കുരുക്കുകളിൽ അകപ്പെടുന്നുണ്ടോ എന്നത് വായനക്കാരന് വിട്ടുനൽകിയിരിക്കുകയാണ്.
കഥാകൃത്ത് ബോധപൂർവ്വം നിലനിർത്തുന്ന നിഗൂഢത ചിലയിടങ്ങളിൽ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്തിനാണ് ആ അതിഥിയെ കാത്തിരിക്കുന്നത് എന്നതിനോ, അപ്പനും യാക്കോബും തമ്മിലുള്ള യഥാർത്ഥ ബന്ധമെന്ത് എന്നതിനോ കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ല.
റഫീഖിന്റെ സിനിമാറ്റിക്കായ വിവരണങ്ങൾ കഥയെ ഒരു ചലച്ചിത്രം പോലെ അനുഭവപ്പെടുത്തുന്നുണ്ടെങ്കിലും, അത് കഥയുടെ സാഹിത്യപരമായ ആഴത്തെ ചിലയിടങ്ങളിലെങ്കിലും കുറയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
'ഇടമലയിലെ യാക്കോബ്' വെറുമൊരു കഥയായിട്ടല്ല ഒടുങ്ങുന്നത്; അത് മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും, പാരമ്പര്യമായി കൈമാറി വരുന്ന ഓർമ്മകളെക്കുറിച്ചുമുള്ള ഒരു അന്വേഷണമായി തുടരുകയാണ്.
എങ്കിലും, ഈ കഥയിൽ റഫീഖ് വായനക്കാരനെ ഒരു മാന്ത്രികവലയത്തിൽ തളച്ചിടുന്നതിൽ തീർത്തും വിജയിച്ചിരിക്കുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.
