8 April 2026 · 5 min read · കഥ

ഓപ്പറേഷൻ ഈഗിൾ ക്ലോ

#History #InternationalPolitics #Iran #USA #Israel #JimmyCarter #OperationEagleClaw #MiddleEastCrisis #WorldPolitics #MalayalamAnalysis

മണലാരണ്യത്തിൽ തകർന്നുവീണ അമേരിക്കൻ അഹങ്കാരവും ഇന്നത്തെ ഇറാൻ-ഇസ്രയേൽ-അമേരിക്കൻ പോരും: ഒരു ചരിത്ര വിശകലനം 🇺🇸🇮🇷🇮🇱

ചരിത്രം ചിലപ്പോൾ ഒരു വൃത്തം പോലെയാണ്. 45 വർഷങ്ങൾക്ക് മുൻപ് ഇറാാനിലെ മണലാരണ്യത്തിൽ അമേരിക്കയുടെ അത്യാധുനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും കത്തിയെരിഞ്ഞപ്പോൾ തുടങ്ങിയ ഒരു പകയുടെ കനലാണ് ഇന്നും മിഡിൽ ഈസ്റ്റിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ന്യായമായും കരുതാം. അങ്ങനെയെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് 1980-ലെ ഒരു കറുത്ത രാത്രിയിലായിരിക്കും. ആ രാത്രിയുടെ പേരാണ് 'ഓപ്പറേഷൻ ഈഗിൾ ക്ലോ' (Operation Eagle Claw).

എന്തായിരുന്നു ഓപ്പറേഷൻ ഈഗിൾ ക്ലോ?

1979-ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുന്ന കാലം. അതേ വർഷം നവംബർ 4-ന് പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിൽ ഇരച്ചുകയറി അത് പിടിച്ചെടുക്കുകയും 52 അമേരിക്കൻ ഉദ്യോഗസ്ഥരെ  ബന്ദികളാക്കുകയും ചെയ്തു. 

ദിവസങ്ങൾ കടന്ന് പോയി. അമേരിക്ക അങ്കലാപ്പിലായി. ഷായുടെ ഭരണ കാലത്ത്, തൊട്ടുമുമ്പുള്ള വർഷം വരെ അമേരിക്കയുടെ ഒക്കച്ചങ്ങായിമാരായിരുന്നല്ലോ ഇറാൻ എന്ന് കാർട്ടർ ഓർത്തു. അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം! സംസാരിച്ചു നോക്ക തന്നെ. 

അങ്ങനെ മാസങ്ങൾ നീണ്ട ചർച്ചകൾ, മാരത്തോൺ ചർച്ചകൾ . ഇടനിലക്കാർ മാറി മാറി വന്നു. നിന്നും ഇരുന്നും നടന്നും കിടന്നും ഒക്കെ ചർച്ചകൾ നടത്തി നോക്കി. ഇറാൻ ഒരു കഴഞ്ചിനും അടുക്കുന്നില്ല. ഇന്നത്തെ പോലെ തന്നെ ഉശിരോടെ നില്ക്കുകയാണ്. അങ്ങനെ  ഫലം ഒന്നും കാണാതിരുന്നതോടെ,  ജിമ്മി കാർട്ടർ ഒരു കഠിനമായ തീരുമാനമെടുത്തു. സൈനിക നീക്കത്തിലൂടെ ബന്ദികളെ മോചിപ്പിക്കുകയേ ഇനി വഴിയുള്ളു. 

അങ്ങനെയാണ് അതീവ രഹസ്യമായ 'ഓപ്പറേഷൻ ഈഗിൾ ക്ലോ' ജനിക്കുന്നത്.

ഈ ദൗത്യം അത്ര കണ്ട് ലളിതമായിരുന്നില്ല. ഇറാൻ്റെ ഉൾപ്രദേശത്തുള്ള മരുഭൂമിയിൽ വിമാനങ്ങൾ ഇറക്കി, അവിടെനിന്ന് ഹെലികോപ്റ്ററുകളിൽ ടെഹ്‌റാനിൽ എത്തി ബന്ദികളെ മോചിപ്പിക്കുക എന്നതായിരുന്നു പ്ലാൻ.

ഇറാൻ്റെ മദ്ധ്യഭാഗത്തുള്ള ഒരു വിജനമായ മരുഭൂമിയാണ് അമേരിക്ക അതിനായി തെരഞ്ഞെടുത്തത്. രാത്രി നേരത്ത് അവിടെ വിമാനങ്ങളും  ഹെലികോപ്റ്ററുകളും ഒത്തുചേരും.അവിടെ നിന്ന് ഡെൽറ്റാ ഫോഴ്സ് കമാൻഡോകൾ ഹെലികോപ്റ്ററിൽ ടെഹ്‌റാൻ്റെ അടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറും. പിറ്റേന്ന് രാത്രി എംബസി ആക്രമിച്ചു ബന്ദികളെ മോചിപ്പിക്കും.

അത്യന്തം സങ്കീർണ്ണമായിരുന്നു ആ പദ്ധതിയെന്ന് പറയേണ്ടല്ലോ. ഒമാൻ ഉൾക്കടലിലെ യുദ്ധക്കപ്പലുകളിൽ നിന്ന് ഒരേസമയം എട്ട് ഹെലികോപ്റ്ററുകൾ പുറപ്പെടണം. ഈജിപ്തിൽ നിന്ന് വിമാനങ്ങൾ വരണം. നേരത്തെ നിശ്ചയിച്ച  'ഡെസേർട്ട് വൺ' എന്ന വിജനമായ മരുഭൂമിയിൽ ഇവ സന്ധിക്കണം. അവിടെ നിന്ന് ടെഹ്‌റാനിലേക്ക് കടന്ന് ബന്ദികളെ മോചിപ്പിക്കണം. ഡെൽറ്റാ ഫോഴ്സ് എന്ന അമേരിക്കയുടെ എലൈറ്റ് കമാൻഡോകൾക്ക് ഇതൊരു 'ഈസി വാക്ക്' ആയിരിക്കുമെന്ന് തന്നെയായിരുന്നു പെൻ്റഗൺൻ്റെ കണക്കുകൂട്ടൽ.

1980 ഏപ്രിൽ 24. ദൗത്യം തുടങ്ങുകയാണ്. പക്ഷേ, സാങ്കേതിക വിദ്യയെയും സൈനിക കരുത്തിനെയും വെല്ലുവിളിച്ചുകൊണ്ട് പ്രകൃതി ഇറാനു കാവൽ നിന്നുവെന്ന് തന്നെ പറയേണ്ടിവരും. സായാഹ്നം വരെ ശാന്തമായി നിന്ന പ്രകൃതി രാത്രിയോടെ പ്രക്ഷുബ്ധമായി. 'ഹബൂബ്' എന്ന് വിളിക്കപ്പെടുന്ന അതിശക്തമായ മണൽക്കാറ്റ് മരുഭൂമിയിൽ വീശിയടിക്കാൻ തുടങ്ങി. ഹെലികോപ്റ്ററുകളുടെ നാവിഗേഷൻ തകരാറിലായി. എട്ടെണ്ണത്തിൽ മൂന്നെണ്ണം വഴിയിൽ വെച്ച് തന്നെ ഉപയോഗശൂന്യമായി.

ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ കാർട്ടർ അത് ഉപേക്ഷിക്കാൻ ഉത്തരവിട്ടു. 

എന്നാൽ ദുരന്തം അവിടെയും തീർന്നില്ല. തിരികെ പറക്കാൻ ഇന്ധനം നിറയ്ക്കുന്നതിനിടെ ഒരു ഹെലികോപ്റ്റർ സി-130 വിമാനത്തിൽ ഇടിച്ചു തകർന്നു. എട്ട് അമേരിക്കൻ സൈനികർ അവിടെ വെന്തുമരിച്ചു. തങ്ങളുടെ അഭിമാനമായിരുന്ന ഹെലികോപ്റ്ററുകളും രഹസ്യരേഖകളും മൃതദേഹങ്ങളും എല്ലാം ഉപേക്ഷിച്ച് അമേരിക്കൻ സൈന്യത്തിന് അന്ന് ജീവനും കൊണ്ട് ഓടേണ്ടി വന്നു.

ഈ പരാജയം ജിമ്മി കാർട്ടറുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അന്ത്യം കുറിക്കുകയായിരുന്നു. 'ദുർബലനായ പ്രസിഡൻ്റ്' എന്ന മുദ്ര കുത്തപ്പെട്ട അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനോട് പരാജയപ്പെട്ടു. കാർട്ടർ നേരിട്ട തോൽവി എന്നതിനപ്പുറം ലോകത്തിന് മുന്നിൽ അമേരിക്കയുടെ 'സൂപ്പർ പവർ' പരിവേഷത്തിന് ഏറ്റ വലിയൊരു മുറിവായിരുന്നു അത്. 

അടുത്ത ദിവസം ഇറാൻ റേഡിയോയിലൂടെ ലോകം ഈ വാർത്ത അറിഞ്ഞു. മരുഭൂമിയിൽ ചിതറിക്കിടക്കുന്ന അമേരിക്കൻ വിമാനങ്ങളുടെയും കൊല്ലപ്പെട്ട സൈനികരുടെയും ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇത് അമേരിക്കയ്ക്ക് വലിയ നാണക്കേടുണ്ടാക്കി.

അന്ന് ആ മരുഭൂമിയിൽ ചിതറിക്കിടന്ന അമേരിക്കൻ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന് ആയത്തുള്ള ഖൊമേനി പറഞ്ഞു: "അമേരിക്കൻ സാങ്കേതികവിദ്യ ഒന്നുമല്ല എന്ന് നാം കാണുന്നില്ലേ, അല്ലാഹുവിൻ്റെ മണൽത്തരികളാണ് അവരെ തോൽപ്പിച്ചോടിച്ചത്." ഈ വാക്കുകൾ ഇന്നും ഇറാാൻ്റെ പ്രതിരോധ തന്ത്രങ്ങളുടെ ആണിക്കല്ലാണ്.

ഇന്ന് നമ്മൾ വാർത്തകളിൽ കാണുന്ന ഡ്രോൺ ആക്രമണങ്ങളും മിസൈൽ വർഷങ്ങളും 1980-ലെ ആ പരാജയത്തിൻ്റെ ബാക്കിപത്രമാണ്. എങ്ങനെ?

അമേരിക്ക തങ്ങളെ നേരിട്ട് ആക്രമിക്കാൻ മടിക്കില്ലെന്ന് ആ കാലത്ത് തന്നെ ഇറാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു. അതുകൊണ്ട് അവർ തങ്ങളുടെ വ്യോമപ്രതിരോധവും മിസൈൽ ശേഷിയും ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം അന്നേ തുടങ്ങി. ഇന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും ഇറാനെ നേരിട്ട് ആക്രമിക്കാൻ മടിയുണ്ടാകുന്നത് ഇറാൻ്റെ ഈ കരുത്ത് ഭയന്നാണ്.

നേരിട്ട് ഏറ്റുമുട്ടുന്നത് നഷ്ടമുണ്ടാക്കുമെന്ന് ഇരുപക്ഷവും മനസ്സിലാക്കിയതോടെയാണ്, യുദ്ധം നിഴൽയുദ്ധങ്ങളിലേക്ക് (Proxy Wars) മാറാൻ തുടങ്ങുന്നത്. ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ എന്നിവരെ ഇറാൻ വളർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും മേൽ നിരന്തര സമ്മർദ്ദം ചെലുത്താനാണ്. ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഇറാാനിലെ പ്രമുഖ വ്യക്തികളെയും ആണവ നിലയങ്ങളെയുമാണ്.

ഈഗിൾ ക്ലോ പരാജയപ്പെടുന്ന കാലത്ത് ഇസ്രയേലിന് ഇന്നത്തെപ്പോലെ ഒരു റോളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മിഡിൽ ഈസ്റ്റിൽ ഇറാനെ തടയാനുള്ള അമേരിക്കയുടെ പ്രധാന ആയുധം ഇസ്രയേലാണ്. ഇസ്രയേലിന് നേരെയുള്ള ഏതൊരു ആക്രമണവും അമേരിക്കയുടെ നെഞ്ചിലേക്കുള്ള വെടിയുണ്ടയായിട്ടാണ് വാഷിംഗ്ടൺ കാണുന്നത്.

1980 ൽ തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ജിമ്മി കാർട്ടർ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ വിജയിച്ച റൊണാൾഡ് റീഗൻ അധികരമേൽക്കുന്നതിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ അൾജീരിയയുടെ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമായിരുന്നു. ഒടുവിൽ 'അൾജിയേഴ്സ് അക്കോർഡ്' (Algiers Accords) എന്ന കരാറിലൂടെ ബന്ദികളെ വിട്ടയക്കാമെന്ന് ഇറാൻ സമ്മതിച്ചു. ഇറാൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തുറന്നു കൊടുക്കുക എന്നതായിരുന്നു അവരുടെ പ്രധാന വ്യവസ്ഥ.

എന്നിട്ടും ഇറാൻ ഈ വിഷയത്തിൽ അമേരിക്കയോട് കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ പകപോക്കൽ ബന്ദികളുടെ മോചന സമയമായിരുന്നു. 1981 ജനുവരി 20-ന്, അമേരിക്കയിൽ പുതിയ പ്രസിഡൻ്റായി റൊണാൾഡ് റീഗൻ സത്യപ്രതിജ്ഞ ചെയ്ത് കൃത്യം 20 മിനിറ്റിനു ശേഷം ബന്ദികളെ കയറ്റിയ വിമാനം ഇറാനിൽ നിന്ന് പറന്നുയർന്നു. 

ജിമ്മി കാർട്ടർക്ക് അതിൻ്റെ ക്രെഡിറ്റ് ലഭിക്കരുത് എന്ന് ഇറാന് നിർബന്ധബുദ്ധിയുണ്ടായിരുന്നെന്ന പോലെയായിരുന്നു അത്. 

അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി 'ഓപ്പറേഷൻ ഈഗിൾ ക്ലോ' മാറിയെങ്കിലും, ആ 52 ബന്ദികളുടെ കഥ അവസാനിച്ചത് നാടകീയമായ മറ്റൊരു അധ്യായത്തോടെയാണ്.

1979 നവംബർ 4-ന് തടവിലാക്കപ്പെട്ട അവർ  444 ദിവസങ്ങളാണ് ഇറാനിൽ ബന്ദികളായി കഴിഞ്ഞത്. നീണ്ട ഒന്നര വർഷത്തോളം ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു മനുഷ്യാവകാശ പ്രശ്നമായിരുന്നു ഇത്.

അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെട്ടതോടെ, പിന്നീട് ഇറാൻ ബന്ദികളെ  രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. അമേരിക്കയുടെ ഭാഗത്തു നിന്നു വീണ്ടുമൊരു സൈനിക നടപടി ഉണ്ടായാൽ അത് തടയാനായിരുന്നു ഈ നീക്കം. ഇത് ബന്ദികളുടെ മോചനം കൂടുതൽ സങ്കീർണ്ണമാക്കി.

ഓപ്പറേഷൻ ഈഗിൾ ക്ലോ എന്നത് ഒരു സൈനിക നീക്കം എന്നതിലുപരി, അമിത ആത്മവിശ്വാസവും കാലാവസ്ഥയും സാങ്കേതിക പിഴവുകളും ചേർന്ന് എഴുതിയ ഒരു ദുരന്തകാവ്യമായിരുന്നു.

52 പേരും സുരക്ഷിതരായി അമേരിക്കയിൽ തിരിച്ചെത്തി.  ശാരീരികമായി അവർ സുരക്ഷിതരായിരുന്നുവെങ്കിലും, നീണ്ട കാലത്തെ തടവ് അവരിൽ വലിയ മാനസിക ആഘാതങ്ങൾ ഉണ്ടാക്കിയിരുന്നു.

സൈനിക നീക്കത്തിലൂടെ (Eagle Claw) അവരെ രക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. പകരം, വലിയൊരു സാമ്പത്തിക-രാഷ്ട്രീയ ഒത്തുതീർപ്പിലൂടെയാണ് (Diplomacy) 444 ദിവസങ്ങൾക്ക് ശേഷം അവർക്ക് മോചനം ലഭിച്ചത്. ഈ സംഭവം അമേരിക്കൻ വിദേശനയത്തെയും ഇറാൻ ബന്ധത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചു.

അന്ന് ഹെലികോപ്റ്ററുകൾ തകർന്നതാണ് അമേരിക്കയെ തോൽപ്പിച്ചതെങ്കിൽ, ഇന്ന് ഇറാൻ ആ പണി ഡ്രോണുകൾ വെച്ച് ചെയ്യുന്നു. കുറഞ്ഞ ചിലവിൽ കൃത്യമായ നാശം വിതയ്ക്കാൻ കഴിയുന്ന ഇറാൻ്റെ 'ഷാഹിദ്' ഡ്രോണുകൾ ഇന്ന് യുക്രെയ്ൻ മുതൽ ഇസ്രയേൽ അതിർത്തി വരെ ഭീതി പടർത്താൻ കെല്പുള്ളവയാണ്.

45 വർഷങ്ങൾക്ക് മുൻപ് ഇറാനിലെ മരുഭൂമിയിൽ ഒടുങ്ങിയത് വെറും എട്ട് സൈനികരുടെ ജീവൻ മാത്രമല്ല, മറിച്ച് ഒരു കാലഘട്ടത്തിൻ്റെ ശാക്തിക സമവാക്യങ്ങൾ കൂടിയാണ്. 

ജിമ്മി കാർട്ടറുടെ ആ പരാജയം ഇറാനെ ഒരു സായുധ വിപ്ലവ ശക്തിയായി വളരാൻ പ്രേരിപ്പിച്ചു.

ഇന്ന് ഇസ്രയേലിൽ മിസൈലുകൾ വീഴുമ്പോഴും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെടുമ്പോഴും നമ്മൾ കാണുന്നത് ആ പഴയ 'ഈഗിൾ ക്ലോ'യുടെ ഓർമ്മകളിൽ നിന്ന് ഇറാൻ കെട്ടിപ്പടുത്ത പ്രതിരോധ കോട്ടകളുടെ പ്രകടനമാണ്. 

ലോകം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലാണോ എന്ന് ചോദിക്കുമ്പോൾ തന്നെ, ചരിത്രത്തിലെ ഈ ഏടുകൾ നൽകുന്ന സൂചന വ്യക്തമാണ്. പശ്ചിമേഷ്യയിലെ സമാധാനം എന്നത് ഇപ്പോഴും 1980-ൽ മണൽക്കാറ്റിൽ തകർന്ന ആ ഹെലികോപ്റ്ററുകൾ പോലെ അപ്രാപ്യമായ ഒന്നായി തുടരുകയാണോ ?

Share this story

Comments (0)

  • Be the first to write one.