26 September 2025 · 6 min read · അനുഭവം

ഓർമ്മ / സാങ്കേതികവിദ്യ

 #ഓർമ്മ #സാങ്കേതികവിദ്യ #സോഷ്യൽമീഡിയ #അറിവ് #പുരോഗതി #ജീവിതം #ചിന്തകൾ#

സാങ്കേതികവിദ്യയുടെ കൊടുമുടിയിൽ അഭിമാനിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു നിമിഷം നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്: 'നമ്മുടെ ഓർമ്മകൾക്ക് എന്താണ് സംഭവിക്കുന്നത്?' വിവരങ്ങൾ ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ഈ ലോകത്ത്, എന്തുകൊണ്ടാണ് ലഭിക്കുന്ന അറിവുകൾക്കും അനുഭവങ്ങൾക്കും ക്ഷണികമായ ആയുസ്സ് മാത്രം ലഭിക്കുന്നത്? മനുഷ്യന്റെ ഹ്രസ്വ സമയ ഓർമ്മകൾ (Short-term Memory) മാത്രമാണോ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് തോന്നിപ്പോകുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അറുപതുകളുടെ ആദ്യപാദം പിന്നിട്ടതിൻ്റെ ആകുലതകളിൽ നിന്നും പിറവിയെടുത്ത ഒരു ചിന്തയാണോ ഇതെന്ന് ഞാനെന്നോട് തന്നെ ചോദിച്ചിരുന്നു. അല്ല എന്നായിരുന്നു എനിക്ക് കിട്ടിയ ഉത്തരം.

സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന് നൽകിയ അനന്തമായ സൗകര്യങ്ങളെ ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല എന്നത് യാഥാർത്ഥ്യം. അത് ജീവിതം എളുപ്പമാക്കി തന്നിട്ടുണ്ട്, വിവരങ്ങൾ ജനാധിപത്യവൽക്കരിച്ചു തന്നിട്ടുണ്ട്. എങ്കിൽപ്പോലും, ഈ പുരോഗതിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് സമഗ്രമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

മുമ്പൊരിക്കൽ പ്രസിദ്ധ ചിന്തകനും പ്രഭാഷകനുമായ ശ്രീ. ശ്രീചിത്രൻ എം.ജെയുടെ ഒരു പ്രസംഗത്തിൽ "ഹ്രസ്വ സമയദൃഷ്ടി" എന്നൊരു പ്രയോഗം കേട്ടിരുന്നു. ക്ഷണനേരത്തേക്ക് മാത്രം കാഴ്ചയിൽ നില്ക്കുന്ന സംഭവങ്ങളുടെ, വാർത്തകളുടെ, അറിവിൻ്റെ ഒരു ലോകത്താണ് നമ്മളിന്ന് ജീവിച്ചു പോവുന്നത് എന്നാണ് ആ പ്രയോഗത്തിലൂടെ  അദ്ദേഹം ഉദാഹരണ സഹിതം അതിൽ സമർത്ഥിച്ചത്. അന്ന് ആ വാക്ക് മനസ്സിൽ തറഞ്ഞിരുന്നു. ചിലപ്പോളത് ക്ഷണികമായിരുന്നെന്ന പോലെ മനസ്സിൽ നിന്നും അപ്രതൃക്ഷമായി. മറ്റ് ചിലപ്പോൾ അത് പെട്ടെന്നങ്ങനെ മനസ്സിലേക്കെത്തി ജ്വലിച്ചു നില്ക്കാനും തുടങ്ങി.

ഒന്നാലോചിച്ചാൽ, ഇന്നത്തെ മനുഷ്യജീവിതം അഭിമുഖീകരിക്കുന്നതായിട്ടു പോലും ആരും കാര്യമായി ചിന്തിക്കാത്തതിനാൽ തന്നെ അറിയാതെ പോകുന്നതായ 

ഏറെ സങ്കീർണ്ണമായ ഒരു വിരോധാഭാസത്തെ കുറിച്ചാണ് അദ്ദേഹം വിശദമാക്കിയതെന്ന്  നമുക്ക് കാണാനാകും.
ലോകത്തെ മുഴുവൻ അറിവുകളും, വാർത്തകളും, വിനോദങ്ങളും, വിനോദത്തിനു പുറത്തുള്ള വിവരങ്ങളുമെല്ലാം നമ്മുടെ വിരൽത്തുമ്പിൽ എത്തിച്ചേരുന്ന ഒരു കാലമാണ് ഇന്ന്.
സ്മാർട്ട്‌ഫോണുകളിലും, OTT പ്ലാറ്റ്‌ഫോമുകളിലും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലുകളിലും, പോഡ്കാസ്റ്റുകളിലും, സമൂഹമാധ്യമങ്ങളിലുമൊക്കെ നിന്നാണ് നമുക്ക് അറിവുകൾ അങ്ങനെ ഇടതടവില്ലാതെ ഒഴുകിയെത്തുന്നത്.
 

ഇതാണ് ഇന്നത്തെ വിവര ലോകത്തിന്റെ പ്രത്യേകത.

പക്ഷേ, അതിന്‍റെ മറുവശത്ത്  ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യം കൂടി കാത്തിരിക്കുന്നുണ്ട്.
നമ്മുടെ ഓർമ്മശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു എന്നതാണത്.
അല്ലെങ്കിൽ, ഇത്തിരി ഡെക്കറേറ്റ് ചെയ്ത് പറഞ്ഞാൽ , ഓർമ്മയുടെ ദൈർഘ്യം തന്നെ ചുരുങ്ങി ക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടി വരും. 


  

ഇ ഇന്നത്തെ വാർത്തകൾ, ഇന്നത്തെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഇന്നത്തെ വൈറൽ വീഡിയോകൾ – എല്ലാം “ഈയൊരു ഇന്നത്തേക്ക് പോലുമായി നില്ക്കുന്നില്ല എന്നതാണ് സത്യം. ചിലതൊക്കെയും ഈയൊരു നിമിഷത്തേക്ക് മാത്രം” ജീവിക്കുന്നതേയുള്ളു.
ഒരു വാർത്ത നമ്മെ ഞെട്ടിക്കുമ്പോൾ, അതിന്‍റെ ആഘാതത്തിൽ നിന്നു കരകയറാനായി നമുക്ക് സമയം കിട്ടും മുമ്പ് തന്നെ മറ്റൊരു വാർത്ത അതിനെ മറികടന്ന് വരികയാണ്.
അതിനാൽ, ഒരു സംഭവം അതിൻ്റെ യഥാർത്ഥ തലത്തിൽ  നമ്മുടെ മനസ്സിൽ പതിയുന്നത് പോലും ഇല്ല.

ഒരിക്കൽ വായിച്ചുകേട്ട കാര്യം, അടുത്ത നിമിഷം തന്നെ മറക്കുന്നതായിരിക്കുന്നു സാധാരണ അനുഭവം.
അറിവിന്റെ സമുദ്രത്തിൽ ഒഴുകുന്നവർക്ക് അറിവുകൾ കിട്ടുന്നുണ്ടെങ്കിലും അത് മനസ്സിന്റെ അടിത്തട്ടിൽ കെട്ടിക്കിടക്കാതെ,
വെറുതെ മുഖത്ത് തട്ടി മറഞ്ഞു പോകുന്ന തരംഗങ്ങളായി മാത്രം മാറുന്നു.

ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ കാലത്തെ ജീവിതം എത്രത്തോളം വ്യത്യസ്തമായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാം.
ടെലിവിഷൻ വരുന്നതിന് മുമ്പ്, വാർത്തകൾക്കും കഥകൾക്കുമായി ആളുകൾ ആശ്രയിച്ചിരുന്നത് പത്രങ്ങളെ/ വാരികകളെ യായിരുന്നു.
ഒരു ദിവസത്തിൽ ഒരിക്കൽ മാത്രം വരുന്ന പത്രം/ ആഴ്ചയിലൊരിക്കൽ മാത്രം വരുന്ന വാരിക– അതിൽ വരുന്ന ചെറിയ വാർത്തകൾ പോലും മനുഷ്യർ ദിവസങ്ങളോളം ചർച്ച ചെയ്യുമായിരുന്നു.
ചിലപ്പോൾ ആ വാർത്തകൾ മനുഷ്യരുടെ ഓർമ്മയുടെ ചരിത്ര ഭാഗമായിത്തന്നെ മാറുകയും ചെയ്തിരുന്നു..

പത്രത്തിൽ വന്ന ഒരു കഥ, ഒരു സംഭവവിവരണം, ഒരു റിപ്പോർട്ട് – എല്ലാം
വായിച്ചവർ വീണ്ടും വീണ്ടും കൂട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കുകയും അതിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തിരുന്നതാണ് ആ കാലം.
അങ്ങനെ പഠിച്ചതും അറിഞ്ഞതും മനസ്സിൽ പതിഞ്ഞു നിൽക്കുന്ന ഒരു സംസ്കാരവുമുണ്ടായിരുന്നു.  

അന്ന് ലഭിച്ചിരുന്ന വിവരങ്ങൾക്ക് ഇന്നത്തെ അപേക്ഷിച്ച് പരിമിതികൾ ഉണ്ടായിരുന്നു. എങ്കിലും ആ ലഭ്യതക്കുറവ് ഒരുതരം മൂല്യബോധം നൽകിയിരുന്നു. രാവിലെ കിട്ടുന്ന പത്രം വായിച്ച് ചർച്ച ചെയ്യുന്നത് അന്നത്തെ ഒരു പ്രധാന ദിനചര്യയായിരുന്നു. അതിലെ വാർത്തകൾ അത്രയെളുപ്പം ആരും മറന്നിരുന്നില്ല; കാരണം, അതിനുശേഷം ഉടൻ ഒരു 'വാർത്താ പ്രളയം' ഉണ്ടാകുമായിരുന്നില്ല. ലഭിച്ച അറിവ് മനസ്സിൽ കിടന്ന് വേരൂന്നിയിരുന്നു.

​ഇന്ന്, ഓൺലൈൻ ന്യൂസ് പോർട്ടലുകളും സോഷ്യൽ മീഡിയ ഫീഡുകളും വിവരങ്ങളെ നിമിഷാർദ്ധത്തിൽ ഉപഭോഗവസ്തുക്കളാക്കി മാറ്റി. ഒരു വാർത്തയുടെ ഹെഡ്ലൈൻ കണ്ടാൽത്തന്നെ അടുത്തതിലേക്ക് പോകുന്ന രീതിയായി. ആഴത്തിലുള്ള വായനയും വിശകലനവും ഇല്ലാതായി. തലച്ചോറിന് ഒരു വിവരത്തെ ദീർഘകാല ഓർമ്മയിലേക്ക് മാറ്റാൻ ആവശ്യമായ സമയം നമ്മൾ നിഷേധിച്ചു.

ഒരു സിനിമ കണ്ടാൽ,
കഥയും കഥാപാത്രങ്ങളുടെ പേരും, സംഗീതവും, സംഭാഷണങ്ങളും – എല്ലാം വളരെക്കാലം ആളുകൾക്ക് ഓർമ്മയിലുണ്ടായിരുന്നു.
സിനിമ കണ്ടയാൾ വീട്ടിൽ എത്തിയാൽ അയാളുടെ ചുറ്റും വട്ടം കൂടുകയും, അയാൾ കഥ മുഴുവൻ ആവേശത്തോടെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്ന കാലം. 

ഇന്ന് സ്ഥിതി മാറി.
'ബിഞ്ച് വാച്ചിംഗ്' (Binge-watching) എന്ന പുതിയ പ്രവണത ആളുകളെ കീഴടക്കിയിരിക്കുന്നു. ഒരു ദിവസത്തിൽ തന്നെ ഒന്നിലധികം സിനിമകളോ സീരീസുകളോ നമ്മൾ കണ്ടുതീർക്കുന്നു. OTT വഴിയോ, തിയേറ്ററുകളിലൂടെയോ ഒരുപാടു സിനിമകൾ കാണുമ്പോൾ,
കണ്ട സിനിമ ഓർമ്മയിൽ നിന്നു പോകുന്നത് “അടുത്ത സിനിമ തുടങ്ങുന്ന സമയത്ത് തന്നെ”യായി തീരുന്നു.
“ഒന്നുകൂടി കാണാം” എന്ന സൗകര്യം, സിനിമയുടെ കഥയെ മനസ്സിൽ സൂക്ഷിക്കേണ്ട ആവശ്യകത തന്നെ ഇല്ലാതാക്കി.
അതുകൊണ്ട് തന്നെ സിനിമയുടെ ഓർമ്മയും ക്ഷണികമായി മാറി.

ഇത് സിനിമയുടെ കുഴപ്പമല്ല, മറിച്ച് വിവരങ്ങളെയും അനുഭവങ്ങളെയും കൈകാര്യം ചെയ്യുന്ന നമ്മുടെ രീതിയുടെ പ്രശ്നമാണ്. വിവരങ്ങൾ അധികം ലഭ്യമാകുമ്പോൾ, അതിനോടുള്ള നമ്മുടെ ശ്രദ്ധ കുറയുന്നു. എളുപ്പത്തിൽ കിട്ടുന്ന എന്തിനും ആഴം കുറയുമെന്ന് പറയുന്നതെത്ര ശരി!

ഇന്ന് നമ്മൾ അറിവുകളോട് നടത്തുന്ന ഇടപെടൽ “ആഴത്തിലുള്ള പഠനമല്ല” – മറിച്ച് വെറും സർഫിംഗ് മാത്രമാണ്.
ഒരു വിവരത്തിൽ നിന്ന് മറ്റൊന്നിലേക്ക്,
ഒരു വീഡിയോയിൽ നിന്ന് മറ്റൊന്നിലേക്ക്,
ഒരു പോസ്റ്റിൽ നിന്ന് മറ്റൊന്നിലേക്ക് –
ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പക്ഷേ ആഴത്തിലേക്ക് തുഴഞ്ഞെത്താനാകുന്നില്ല അതിനൊട്ട് ശ്രമിക്കുന്നുമില്ല. അതിൻ്റെ ആവശ്യമില്ലെന്ന് തന്നെയായി.

അറിവ് വായിച്ചു മനസ്സിലാക്കേണ്ടതായൊരു സമ്പത്ത് അല്ലാതെയായി,
അത് വെറും കണ്ടു മറക്കുന്നൊരു കളിപ്പാട്ടമായി മാറി.

തീർച്ചയായും, മനുഷ്യൻ എന്ന നിലയിൽ നമ്മൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ഫോണും അതിവേഗ ഇന്റർനെറ്റും ഉപയോഗിക്കുന്നു. ചൊവ്വയിലേക്കുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ, ഈ വിവര പ്രളയത്തിൽ നമ്മുടെ ഓർമ്മയുടെ കരുത്ത് നഷ്ടപ്പെട്ടുപോയിട്ടില്ലേ? അറിവുകൾ വേരുറയ്ക്കാതെ പറന്നുനടക്കുന്ന ഈ ലോകത്ത്, നമ്മൾ ജ്ഞാനത്തിലേക്ക് എത്തുന്നുണ്ടോ? അതോ വെറും വിവരദാഹികളായി  മാത്രം ഒതുങ്ങുകയാണോ?

സാങ്കേതിക പുരോഗതി –
ലോകത്തെ വിരൽ തുമ്പിലേക്കെത്തിച്ചിരിക്കുന്നു.
ഭൂമിയുടെ മറുവശത്ത് നടക്കുന്ന ഒരു സംഭവത്തെ പോലും കുറച്ച് സെക്കൻഡിനുള്ളിൽ നമ്മുക്ക് അറിയാൻ കഴിയുന്നുണ്ട്.

പക്ഷേ, ഈ വേഗത്തിന്‍റെ വില വലിയതാണ്.
ഓർമ്മ, ഏകാഗ്രത, ആഴത്തിലുള്ള ചിന്ത – ഇവയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

പുരോഗതി മനുഷ്യനെ മുന്നോട്ട് കൊണ്ടുപോയെങ്കിലും,
ഓർമ്മയുടെ കാര്യത്തിൽ മനുഷ്യൻ വളരെ പിന്നിലേക്ക് പോയിരിക്കുന്നു.

ഓർമ്മയുടെ ക്ഷണികത, സമൂഹത്തെയും ബാധിക്കുന്നുണ്ട്.

ചരിത്രബോധം നഷ്ടപ്പെടുന്നു.
ഇന്നലെ നടന്ന സംഭവങ്ങൾ പോലും ആളുകൾ മറന്നുപോകുന്നു.

വിവേകപൂർവ്വമായ തീരുമാനങ്ങൾ കുറയുന്നു.
ക്ഷണികമായ വികാരങ്ങൾ മാത്രം മനുഷ്യരെ നയിക്കുന്നു.

കലാ-സാഹിത്യങ്ങളുടെ മൗലിക ഭാവങ്ങൾ കുറയുന്നു.
കുറഞ്ഞ നേരത്തേക്കുള്ള വിനോദങ്ങൾ മാത്രമാണ് ആളുകളിപ്പോൾ തേടുന്നത്.

വാർത്തകളുടെ സത്യാവസ്ഥയെ അന്വേഷിക്കാനുള്ള മനോഭാവം നഷ്ടപ്പെടുന്നു.
“വരുന്നു, കാണുന്നു, മറക്കുന്നു” – ഇതാണ് സമൂഹത്തിന്റെ പ്രതികരണം.

ഇവയെല്ലാം കണ്ടാൽ വിഷാദം തോന്നാം.
പക്ഷേ, പരിഹാരം ഇല്ലെന്ന് പറയാനാവില്ല.

വായനയുടെ സംസ്കാരം വളർത്തണം.
പുസ്തകങ്ങൾ, പത്രങ്ങൾ, ആഴത്തിലുള്ള ലേഖനങ്ങൾ – ഇവ വായിക്കുന്നവർക്ക് ഓർമ്മയിൽ അറിവുകൾ കൂടുതൽ സമയം നിലനിൽക്കും.

ഓരോ വാർത്തയ്ക്കും, ഓരോ സംഭവത്തിനും, നമുക്ക് നമ്മുടെ മനസ്സിൽ താമസിക്കാൻ സമയം കൊടുക്കണം. അതിനിടം കൊടുക്കണം.

ചർച്ചകൾ വീണ്ടും ജീവിക്കണം.
ഒരിക്കൽ ഉണ്ടായിരുന്നതുപോലെ, കണ്ട സിനിമയെയും വായിച്ച പുസ്തകത്തെയും പറ്റി മറ്റുള്ളവരോട് പറയുന്ന സംസ്കാരം തിരിച്ചുപിടിക്കണം.

ഡിജിറ്റൽ ഡീറ്റോക്സ് – ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി,
നിശ്ശബ്ദമായ ഇടങ്ങളിൽ ഇരുന്ന് ചിന്തിക്കാനുള്ള ഇടവേളകൾ ആവശ്യമാണ്.

നമ്മുടെ തലച്ചോറ് ഒരു ഹാർഡ് ഡ്രൈവ് പോലെ വിവരങ്ങളെ സംഭരിക്കുന്ന ഒരിടം മാത്രമല്ല. അത് അനുഭവങ്ങളെ സംസ്കരിക്കുന്ന, ബന്ധിപ്പിക്കുന്ന, വൈകാരികമായി കൂട്ടിച്ചേർക്കുന്ന ഒരത്ഭുത യന്ത്രമാണ്.

​ഓർമ്മ എന്നാൽ വെറും ഡാറ്റാ ശേഖരണം മാത്രമല്ല. അത് പഠനമാണ്, അനുഭവമാണ്, നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന കണ്ണികളാണ്.

​ദീർഘകാല ഓർമ്മകൾ  രൂപപ്പെടുന്നത് വിവരങ്ങളെ നമ്മൾ ആവർത്തിച്ച് ഉപയോഗിക്കുമ്പോഴും, ചർച്ച ചെയ്യുമ്പോഴും, അവയെക്കുറിച്ച് ചിന്തിക്കുമ്പോഴുമാണ്. എന്നാൽ, ഇന്ന് ആ പ്രക്രിയയ്ക്ക് നമ്മൾ അവസരം നൽകുന്നില്ല.

മനുഷ്യൻ പുരോഗമിക്കുന്നു – പക്ഷേ ചില മേഖലകളിൽ പിന്നോട്ട് പോകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഓർമ്മയുടെ ക്ഷണികത നമ്മെ മനസ്സിന്റെ ദാരിദ്ര്യത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് തിരിച്ചറിയേണ്ട സമയം എത്തിയിരിക്കുന്നു.

ലോകത്തെ കൈവശപ്പെടുത്താൻ ശ്രമിക്കുന്ന മനുഷ്യൻ,
സ്വന്തം ഓർമ്മയെയും, സ്വന്തം ചരിത്രത്തെയും, സ്വന്തം കഥകളെയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കട്ടെ – പക്ഷേ,
ഓർമ്മയുടെ സംസ്കാരം നമ്മൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

ഈ വായിച്ചതത്രയും ഞാനടക്കം എത്ര പേരുടെ മനസ്സിൽ ഇപ്പോഴും നിലനില്ക്കാനിടയുണ്ടാവാം!

Share this story

Comments (0)

  • Be the first to write one.