5 October 2025 · 15 min read · ചരിത്രം

ജഹനാര: മുഗൾ സാമ്രാജ്യത്തിലെ ആത്മീയ രാജകുമാരി.

മുത്തു വിളക്കുകൾ 

ഒന്നൊന്നായി കെട്ടടങ്ങിയ

രാത്രിയിൽ

കൊട്ടാരത്തിന്റെ ചുമരുകൾ 

മയങ്ങാൻ തുടങ്ങിയപ്പോൾ,
 

ഞാൻ എന്റെ ഹൃദയം 

ഒരു ചെപ്പ് പോലെ തുറന്നു വെച്ചു

ചെടികൾക്കും പൂവിനും അറിയാനാവാത്ത
ഒരു വേദന, 

ഒരു പ്രാർത്ഥന, 

ഒരു കിനാവ്,

ഇവയെല്ലാം ഞാൻ വാരിക്കൂട്ടി

വരികളാക്കി.
പടവിന്റെ കീഴിലുള്ള 

ഇരുണ്ട ഇടനാഴിയിൽ ഒളിപ്പിച്ചു.

പിതാവിന്റെ മഹിമ, 

സഹോദരന്മാരുടെ വഴക്കുകൾ,
എന്നെ വിട്ടൊഴിയാത്ത 

ഏകാന്തത 

അവയെയെല്ലാം 

ഞാൻ കവിതയെന്ന് വിളിച്ചു  

അവയെല്ലാം

ഒറ്റപ്പെടലിന്റെ ദൂരം പോലെ നീണ്ടു നിന്നു.

എന്നാൽ, 

ആരെങ്കിലുമൊരിക്കൽ
ഈ കൊട്ടാരത്തിലെ പൊടികൾക്കിടയിൽ

എന്റെ വരികൾ കണ്ടെത്തുമെങ്കിൽ,

അവരറിയട്ടെ,
ജഹനാരയുടെ ഹൃദയം ഒരിക്കലും

സിംഹാസനത്തിന്റെ 

സ്വർണ്ണത്തിളക്കത്തിൽ മാത്രം അടങ്ങിയിരിക്കുകയായിരുന്നില്ലെന്ന്.

####  ####  ####  ####  ####  ####  #

മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണയുഗത്തെ കുറിച്ചാലോചിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ആദ്യം തെളിഞ്ഞു വന്നേക്കാവുന്നത് മഹാജ്ഞാനിയായിരുന്ന അക്ബറിന്റെ മുഖമായിരിക്കാം, ചിലപ്പോൾ ജഹാംഗീറിൽ നിറഞ്ഞു നിന്നിരുന്ന കലാസ്നേഹമാകാം, അല്ലെങ്കിൽ ഷാജഹാൻ നിർമ്മിച്ച അനശ്വര സൃഷ്ടിയായ താജ്മഹലാകാം. ശരിയാണ് ഇവയൊക്കെയും ഒന്ന് മറ്റൊന്നിനോട് മാറ്റുരയ്ക്കും വിധത്തിലുള്ള മുഗൾ കാലഘട്ടത്തിൻ്റെ അനശ്വര പ്രതീകങ്ങൾ തന്നെയാണ്.  എന്നാൽ, ഈ മഹാനായകന്മാരുടെ ചരിത്രങ്ങൾക്ക് നടുവിലായി നമ്മൾ അധികം തിരിച്ചറിയപ്പെടാതെ പോയ ഒരു സ്ത്രീയുടെ മൗനസാന്നിദ്ധ്യം കൂടിയുണ്ട്. അവളുടെ ശക്തിയും, ആത്മീയതയും, കവിതാസ്പർശവുമുള്ള ജീവിതമുണ്ട്. അവളാണ്, ഷാജഹാന്റെയും, മുഗൾ സാമ്രാജ്യത്തിൻ്റെ തന്നെ ആത്മാവായിരുന്ന മുംതാസ് മഹലിന്റെയും ആറാമത്തെ പുത്രിയായ ജഹനാര ബീഗം.

1614-ൽ ആഗ്രയിലെ രാജകീയ കൊട്ടാരത്തിൽ ജനിച്ച ജഹനാര, മുഗൾ സാമ്രാജ്യത്തിന്റെ അത്യന്തം തിളക്കമുള്ള കാലഘട്ടത്തിലേക്കാണ് തൻ്റെ കുഞ്ഞു കണ്ണുകൾ തുറക്കുന്നത്. അവളുടെ ഉമ്മ മുംതാസ് മഹലിനെ “സ്വർഗ്ഗീയ തേജസ്സ്” എന്ന് വിശേഷിപ്പിച്ചിരുന്നതുപോലെ, ജഹനാരയും ബാല്യത്തിൽ തന്നെ ഒരു ദിവ്യതേജസ്സിന്റെ പ്രതീകമായിരുന്നു.

ഷാജഹാൻ്റെ അതിമനോഹരമായ കൊട്ടാരത്തിൽ എല്ലാ വിധ ലാളനകളോടെയും അവൾ കളിച്ചു വളർന്നു. ചക്രവർത്തിയുടെയും പ്രിയപത്നി മുംതാസി ൻ്റേതുമായി 14 മക്കൾ പിറവിയെടുത്തെങ്കിലും അതിൽ ആറ് പേർ ചെറുപ്പത്തിൽ തന്നെ  മരിച്ചു പോയിരുന്നു. 14-ാമത്തെ പ്രസവത്തോടെയാണ് മുംതാസും മരണമടയുന്നത്. ആറാമത്തെ മകളായാണ് ജഹനാര ജനിക്കുന്നത്. അതിനാൽ അവൾക്ക് കളിക്കാനായി മുറാദും ഔറംഗസീബും എപ്പോഴും കൂട്ടുണ്ടായിരുന്നു. ചിലപ്പോളൊക്കെ ഏറ്റവും മൂത്തവരായ ദാരയും ഷൂജയും അവരോടൊപ്പം കൂടി.

ഷാജഹാന് അക്കാലത്ത് തന്നെ മൂന്ന് ഭാര്യമാർ കൂടി ഉണ്ടായിരുന്നെങ്കിലും അവരിലാരും ഷാജഹാൻ്റെ  മക്കളെ പ്രസവിക്കരുത് എന്നൊരു നിബന്ധന മുംതാസിൽ നിന്നും ഉണ്ടായിരുന്നു. ഷാജഹാൻ അത് അക്ഷരം പ്രതി പാലിക്കുകയും ചെയ്തിരുന്നു.

ഷാജഹാൻ ചക്രവർത്തിയുടെ  മക്കളിൽ  ഏറ്റവും മൂത്തത് മകളായിരുന്നു. പർഹെസ് ബാനു ബീഗം (Parhez Banu Begum), 

​ദാര ഷിക്കോഹ് (Dara Shikoh)

​ഷാ ഷൂജ (Shah Shuja)

​ഔറംഗസേബ് (Aurangzeb)

​മുറാദ് ബഖ്ഷ് (Murad Bakhsh)

​ജഹനാര ബീഗം (Jahanara Begum)

​റോഷനാര ബീഗം (Roshanara Begum) 

​ഗൗഹർ ആര ബീഗം (Gauhar Ara Begum)

ബാല്യ കാല ശേഷം അവൾക്കു ലഭിച്ച വിദ്യാഭ്യാസം അന്നത്തെ സാദ്ധ്യതകളെ മറികടന്നിരുന്നുവെന്ന് വേണം പറയാൻ.  കവിത, സംഗീതം, സൂഫിസം, പേർഷ്യൻ സാഹിത്യം, ഭരണകാര്യങ്ങളിലെ അഭിജ്ഞത, അങ്ങനെ നിരവധി വിഷയങ്ങൾ. അവൾ ഒരു രാജകുമാരി മാത്രമായിരുന്നില്ല; ഒരു കലാകാരിയും, കവയിത്രിയും, രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ദീർഘദർശിത്വമുള്ളവളുമായിരുന്നു. എന്ന് വെച്ചാൽ, ഒരു സകല കലാ വല്ലഭ തന്നെയായിരുന്നു.

ജഹനാരയുടെ പ്രാഥമിക വിദ്യാഭ്യാസ മേൽനോട്ടങ്ങൾ മുത്തച്ഛനായ ജഹാംഗീറിന്റെ സദസ്സിൽ കവിയായിരുന്ന താലിബ് അമുലിയുടെ സഹോദരി സതി അൽ-നിസ ഖാനമിയായിരുന്നു വഹിച്ചിരുന്നത്. ഖുർആനിലും പേർഷ്യൻ സാഹിത്യത്തിലും ഉള്ള അറിവിനും, ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ, വീട്ടുജോലി, വൈദ്യശാസ്ത്രം എന്നിവയിലും സതി അൽ-നിസ പ്രശസ്തയായിരുന്നു. ജഹനാരയുടെ ഉമ്മയായ മുംതാസ് മഹലിന്റെ പ്രധാന പരിചാരികയായും അവർ സേവനമനുഷ്ഠിച്ചിരുന്നു. 

രാജകുടുംബത്തിലെ പല സ്ത്രീകളും വായന, കവിതയെഴുത്ത്, ചിത്രരചന എന്നിവയിൽ പ്രാവീണ്യം നേടിയിരുന്നവരായിരുന്നു. കൂട്ടത്തിൽ ചെസ്സ്, പോളോ, വേട്ടയാടൽ എന്നിവയിലും തങ്ങളുടെ പ്രാവീണ്യം  തെളിയിച്ചിരുന്നവരും ഉണ്ടായിരുന്നു. ലോകത്തിലെ വ്യത്യസ്ത മതങ്ങളെക്കുറിച്ചും സംസ്കാരങ്ങളെ കുറിച്ചും ഉള്ള പുസ്തകങ്ങളും പേർഷ്യൻ, ടർക്കിഷ് , ഇന്ത്യൻ സാഹിത്യങ്ങളും എല്ലാം നിറഞ്ഞ അക്ബർ ചക്രവർത്തിയുടെ  ലൈബ്രറിയിലേക്ക് സ്ത്രീകൾക്കും പ്രവേശനമുണ്ടായിരുന്നുവെന്നത് കാര്യങ്ങളെ എളുപ്പമാക്കി. 

ജഹാനാരയും ഇത്തരം വിഷയങ്ങളിൽ ഏറെ ആകൃഷ്ടയായിരുന്നുവെന്നതിന് പുറമേ രാഷ്ട്രീയ കാര്യങ്ങളിലും തത്പരയായിരുന്നു.  പതിയെപ്പതിയെ

അവൾ രാഷ്ട്രീയത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ടു.  ആഭ്യന്തര, അന്തർദേശീയ നയരൂപീകരണങ്ങളിൽ ഇടപെട്ടുകൊണ്ട് , അവയിൽ മേൽനോട്ടം വഹിച്ചു കൊണ്ട്, ചക്രവർത്തിയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. കൊട്ടാരത്തിലുള്ളവർക്കും വിദേശികൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. ചിലപ്പോഴൊക്കെ കുടുംബ തർക്കങ്ങൾ പരിഹരിക്കുന്നതിൽ മുൻപേ നിന്നു.

മുംതാസ് മഹൽ മരിച്ചപ്പോൾ ജഹനാരയ്ക്ക് വെറും 17 വയസ്സായിരുന്നു. അമ്മയുടെ മരണം മൂലം, ഷാജഹാന്റെ ഹൃദയം തകർന്നു വീഴുന്നത്, അവളുടെ മനസ്സിൽ ഒരിക്കലും മാഞ്ഞുപോകാത്ത ദുഃഖമായി. താജ്മഹലിന്റെ നിർമാണത്തിൽ അവൾ നിർണായക പങ്കുവഹിച്ചു. പിതാവിന്റെ ദുഃഖത്തെ ആശ്വസിപ്പിക്കാൻ, കലയും വാസ്തുവിദ്യയും ഒരുമിപ്പിച്ച്, അമ്മയുടെ സ്മരണ ശാശ്വതമാക്കാൻ അവൾ ചെയ്തതത്രയും കാലം രേഖപ്പെടുത്തി. ചരിത്രകാരന്മാർ പറയുന്നത്, “താജ്മഹൽ പണിതത് ഷാജഹാനാണെങ്കിലും, അതിൻ്റെ ആത്മാവായി ജീവിച്ചത് ജഹനാരയായിരുന്നു” എന്നാണ്. 

17 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും  ജഹനാരയെ രാജകീയ ദൗത്യങ്ങളുടെ പ്രധാന ചുമതലകൾ ഏൽപ്പിക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ബാദ്ഷാ ബീഗം (പ്രഥമ വനിത) എന്ന പദവി നൽകുകയും ചെയ്തു. ഷാജഹാന് അക്കാലത്ത് മൂന്ന് ഭാര്യമാർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലും ജഹനാര ഷാജഹാന്റെ പ്രിയപ്പെട്ട മകൾ തന്നെയായിരുന്നു. (ആ മൂന്ന് ഭാര്യമാരിൽ നിന്നും മക്കൾ ഉണ്ടാവാൻ പാടില്ലെന്നുള്ള ഒരു കരാർ മുംതാസ് മഹൽ ഷാജഹാനിൽ നിന്നും നേടിയെടുത്തിരുന്നു). അതിനാൽ തന്നെ പിതാവിന്റെ ഭരണകാലത്ത് വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ അവൾക്ക് കഴിയുമായിരുന്നുവെങ്കിലും എപ്പോഴും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുക എന്നതായിരുന്നു അവളുടെ രീതി. അക്കാലത്ത് "സാമ്രാജ്യത്തിലെ ഏറ്റവും ശക്തയായ സ്ത്രീ" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് വേറെ ആരെയുമായിരുന്നില്ല എന്നത് തന്നെ ജഹനാരയുടെ വ്യക്തിത്വത്തിൻ്റെ സൂചകമായി കാണാനാകും.

സാമ്രാജ്യത്തിലെ ഭരണകാര്യങ്ങളിൽ അവൾക്കുള്ള അഭിപ്രായം അന്തിമ വിധിയായി പലപ്പോഴും അംഗീകരിക്കപ്പെട്ടിരുന്നു.

വിദേശ വ്യാപാരത്തിലും തുറമുഖങ്ങളുടെ നിയന്ത്രണത്തിലും അവൾക്ക് വിസ്മയിപ്പിക്കുന്ന രീതിയിൽ അധികാരം ഉണ്ടായിരുന്നു.

അവളുടെ പേരിൽ മുഗൾ നാണയങ്ങൾ വരെ ഇറക്കപ്പെട്ടു.

സ്ത്രീകൾ കൊട്ടാരത്തിലെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ, ജഹനാരാ രാഷ്ട്രീയ വേദികളിൽ ഉറച്ച ചുവടു വെച്ച് അജയ്യയായി തിളങ്ങി നിന്നു.

അവൾ കൗൺസിലുകളിൽ പങ്കെടുക്കുകയും തിരശ്ശീലയുള്ള ഇരിപ്പിടത്തിന് പിന്നിലിരുന്ന് രാജ്യത്തിന്റെയും ഭരണത്തിന്റെയും പ്രധാന വശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വാണിജ്യപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തു.  പ്രഭുക്കന്മാരും രാജാക്കന്മാരും വിദേശ പ്രതിനിധികളും ചക്രവർത്തിയുടെ മുമ്പാകെ അവളുടെ ഇടപെടലുകളും മദ്ധ്യസ്ഥതകളും തേടി കാത്തു നിന്നു. 

ജഹനാരയുടെ ശക്തിയായി എടുത്തു പറയാവുന്നത്, മറ്റ് സാമ്രാജ്യങ്ങളിലെ  രാജകുമാരിമാരിൽ നിന്ന് വ്യത്യസ്തമായി, ആഗ്ര കോട്ടയുടെ പരിധിക്കു പുറത്ത്, സ്വന്തം കൊട്ടാരത്തിൽ താമസിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നു എന്നത് കൂടിയാണ്. അവിടെ, അവർക്ക് യഥേഷ്ടം സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിഞ്ഞു.  അവിടെ അവർ പ്രഭുക്കന്മാരെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പുരോഹിതന്മാരെയും അംബാസഡർമാരെയും കാണുകയും സർക്കാർ കാര്യങ്ങളെക്കുറിച്ചോ അവരുടെ അഭ്യർത്ഥനകളെക്കുറിച്ചോ ചർച്ച ചെയ്യുകയും ചെയ്തു. വിദേശ വ്യാപാരം സാമ്രാജ്യത്തിന്റെ ഒരു പ്രധാന വശമായി അറിയപ്പെട്ടിരുന്നു. അതിൽ ജഹനാരയുടെ  സ്വാധീനം അളവറ്റതുമായിരുന്നു. 

വ്യാപാരത്തിന് അനുമതി നേടാൻ ശ്രമിച്ച ഡച്ച് എംബസി, ജഹാനരയുടെ അംഗീകാരത്തിന്റെ പ്രാധാന്യം ശ്രദ്ധിച്ചിരുന്നുവെന്നും, അവളുടെ പിതാവ് ഷാജഹാനെ സ്വാധീനിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  ഇതിനുപുറമെ, അവർ പലപ്പോഴും തലസ്ഥാനത്ത് നിന്ന് യാത്ര ചെയ്യുകയും, ജനങ്ങൾക്കിടയിൽ നിന്നും നിന്ദിതരെയും പീഢിതരെയും കണ്ടെത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്താനുതകുന്ന സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമായിരുന്നു. 

അവളുടെ വാക്കുകൾ ഏറെ ശക്തമായിത്തീർന്നു, അത് കാറ്റിൻ്റെ ദിശ നിർണ്ണയിക്കും വരെ ഉയർന്നു വന്നു എന്ന് ആലങ്കാരികമായി പറയപ്പെട്ടു. ഫ്രഞ്ച് സഞ്ചാരിയും ഡോക്റ്ററുമായ ഫ്രാങ്കോയിസ് ബെർണിയർ തന്റെ ഓർമ്മക്കുറിപ്പുകളായ ട്രാവൽസ് ഇൻ ദി മുഗൾ എംപയറിൽ എഴുതുന്നത് പോലെ ,

"ഷാജഹാൻ തന്റെ പ്രിയപ്പെട്ട മകളിൽ അതിരറ്റ ആത്മവിശ്വാസം പുലർത്തി; അവൾ അദ്ദേഹത്തിന്റെ സുരക്ഷ നിരീക്ഷിച്ചു, വളരെ ശ്രദ്ധയോടെ, ഒരു പാകപ്പിഴയുമില്ലാതെ. അതിനാൽത്തന്നെ അവളുടെ മേൽനോട്ടത്തിൽ തയ്യാറാക്കാത്ത ഒരു വിഭവം പോലും രാജകീയ മേശയിൽ പ്രത്യക്ഷപ്പെടാൻ അനുവദിച്ചിരുന്നു പോലുമില്ല."

ഔറംഗസേബും ഷാജഹാനുമായുണ്ടാകാറുള്ള അധികാരത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ജഹനാരയാണ് തന്റെ സഹോദരന് വേണ്ടി പലപ്പോഴും  മധ്യസ്ഥത വഹിച്ചിരുന്നത്. പിതാവായ ഷാജഹാനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലൂടെ ഔറംഗസേബിൽ നിന്നും എടുത്തുമാറ്റപ്പെട്ട പദവികൾ തിരികെ  പുനഃസ്ഥാപിച്ചിരുന്ന സംഭവങ്ങൾ നിരവധി തവണ അരങ്ങേറിയിട്ടുണ്ട്. ജഹനാരയായത് കൊണ്ട് മാത്രം ഷാജഹാൻ അനുരഞ്ജനത്തിന് തയാറായ സന്ദർഭങ്ങളാണ് ഇവയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. 

ഷാജഹാന് മകളോടുള്ള സ്നേഹം അദ്ദേഹം അവൾക്ക് നൽകിയ ഒന്നിലധികം സ്ഥാനപ്പേരുകളിൽ കൂടി പ്രതിഫലിച്ചു കാണുന്നുണ്ട്. സാഹിബത്ത് അൽ-സമാനി (യുഗത്തിലെ വനിത), ബാദിഷ ബീഗം (ലേഡി ചക്രവർത്തി) , ബീഗം സാഹിബ (രാജകുമാരിമാരുടെ രാജകുമാരി). എന്നിവ മറ്റാർക്കും കിട്ടാത്ത വിധം ഉയർന്ന പദവികളെ സൂചിപ്പിക്കുന്ന സ്ഥാനങ്ങളായിരുന്നു.

അധികാരത്തിൻ്റെ ഇടനാഴികളിൽ അവളെപ്പോഴും ജ്വലിച്ചു നിന്നിരുന്നെങ്കിലും ജഹനാരയുടെ ജീവിതത്തിലെ ഏറ്റവും പ്രകാശമേറിയ മുഖം അവൾക്ക് സൂഫിസം നല്കിയ തിളക്കമായിരുന്നു. ഖ്വാജ മുഇനുദ്ദീൻ ചിഷ്തിയുടെ അനുയായികളുടേതായ സൂഫി ആശ്രമങ്ങളുമായി അവൾ അടുത്ത ബന്ധം പുലർത്തി.
അവൾ “ മുനീസുൽ അർവാഹ്” (ആത്മാക്കളുടെ സുഹൃത്ത്) എന്ന പേരിൽ സൂഫിസത്തെക്കുറിച്ചൊരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി.

അവളുടെ അന്വേഷണത്വര നിറഞ്ഞ ജീവിതം കൊട്ടാരങ്ങൾ നല്കിയ ആഡംബരങ്ങളേക്കാൾ കൂടുതലായിരുന്നു; അത് ആത്മീയ സ്നേഹത്തിന്റെ, കരുണയുടെ, സഹോദര്യത്തിന്റെ ഒരു പ്രതിഫലനമായി എല്ലാറ്റിനും മേലെ ഉയർന്നു നിന്നു. കൊട്ടാരത്തിലെ സ്വർണ്ണച്ചുമരുകളിലല്ല, ആത്മാവിൻ്റെ നിശബ്ദ പ്രാർത്ഥനകളിലായിരുന്നു അവളുടെ രാജകീയത നിറഞ്ഞു നിന്നിരുന്നത്.

സഹോദരൻ ദാര ഷിക്കോഹിനൊപ്പം, അവൾ മുല്ല ഷാ ബദക്ഷിയുടെ ശിഷ്യയായിരുന്നു. 1641-ൽ ഖാദിരിയ സൂഫി സന്യാസത്തിലേക്ക് അദ്ദേഹം അവരെ പ്രവേശിപ്പിച്ചു. സൂഫി പാതയിൽ ജഹാനര ബീഗം വളരെയധികം പുരോഗതി കൈവരിച്ചതിനാൽ മുല്ല ഷാ അവരെ ഖാദിരിയയിലെ തന്റെ പിൻഗാമിയായി നാമകരണം ചെയ്യുകയായിരുന്നു, എന്നാൽ ഖാദിരിയ നിയമാവലി ക്രമം ഇത് അനുവദിക്കുന്നതായിരുന്നില്ല. 

ഇന്ത്യയിലെ ചിഷ്തി സമാജത്തിന്റെ സ്ഥാപകനായ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ജീവചരിത്രം മുനിസ് അൽ-അർവാഹ് 'ആത്മാക്കളുടെ വിശ്വസ്തൻ' എന്ന പേരിൽ അവൾ എഴുതി. 

അതുപോലെ തന്നെ മുല്ല ഷായുടെ ജീവചരിത്രം റിസാല-ഇ സാഹിബിയാ എന്ന പേരിലും അവൾ എഴുതി. അതിൽ അദ്ദേഹത്തിൽ നിന്നുള്ള തന്റെ ദീക്ഷയെക്കുറിച്ചും അവൾ വിവരിച്ചിട്ടുണ്ട്.  മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ജീവചരിത്രം അതിന്റെ വിധിന്യായത്തിലും സാഹിത്യ നിലവാരത്തിലും വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ്. അതിൽ, അദ്ദേഹത്തിന്റെ മരണത്തിന് നാല് നൂറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം തന്നെ ആത്മീയമായി ആരംഭിച്ചതായി അവർ കണക്കാക്കുന്ന, അജ്മീറിലേക്കുള്ള തീർത്ഥാടനത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം അത്യന്തം മനോഹരമാണ്. ഒരു സൂഫി സ്ത്രീ എന്ന നിലയിലുള്ള തന്റെ ഉദ്യമങ്ങളെ സൂചിപ്പിക്കുന്നതിന് അവൾ സ്വയം ഒരു ഫഖീറയായി സംസാരിച്ചു; നിലകൊണ്ടു.

അവളുടെ സൂഫി കൃതിയുടെ ഒരു വശം, സാഹിബിയ (സ്ത്രീയുടെ ഗ്രന്ഥം) എന്ന പേരിൽ അവരുടെ ചിന്തകളും അനുഭവങ്ങളും വിശദീകരിക്കുന്ന ഒരു ആത്മകഥാപരമായ വിവരണവും ഉൾപ്പെടുന്നുണ്ട്. അതിൽ അവളുടെ ആത്മീയാനുഭവം, ഒരു സൂഫി ഗുരുവിനെക്കുറിച്ചുള്ള അന്വേഷണം, ലാഹോറിലെ ഖാദിരി സദസ്സിലേക്കുള്ള അവളുടെ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പരിവർത്തനം എടുക്കേണ്ട സങ്കീർണ്ണമായ ഒരു തീരുമാനമായിരുന്നു: “ഞാൻ ചിഷ്തി സദസ്സിലെ ഒരു ശിഷ്യയായിരുന്നുവെന്ന് എനിക്ക് തോന്നി, പക്ഷേ ഇപ്പോൾ ഞാൻ ഖാദിരി സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ, എന്നിൽ സംഘർഷം ഉണ്ടാകുമോ?” 

സൂഫിസം സ്വീകരിച്ച തിമൂറിന്റെ പിൻഗാമികളിൽ താനും സഹോദരൻ ദാരയും മാത്രമാണെന്ന് ജഹനാര ബീഗം പ്രസ്താവിച്ചു .  (എന്നിരുന്നാലും, സൂഫിസത്തിന്റെ അനുയായി എന്ന നിലയിൽ ഔറംഗസീബിന് ആത്മീയ പരിശീലനം ലഭിച്ചു.) സൂഫി സാഹിത്യത്തിന്റെ രക്ഷാധികാരി എന്ന നിലയിൽ, ക്ലാസിക് സൂഫി സാഹിത്യത്തിലെ നിരവധി കൃതികളുടെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും അവളുടെ കണ്ടെത്തലിലൂടെ ലോകത്തിൽ അവതരിക്കാനിടയായി. 

ജഹനാരയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അധ്യായം സ്വന്തം സഹോദരന്മാരുടെ അധികാരത്തിന് വേണ്ടിയുള്ള  തമ്മിൽത്തല്ല് തന്നെയായിരുന്നു.

ഒരു വശത്ത് അധികാര ദുര മൂത്ത ഔറംഗസേബ്.

മറുവശത്ത് മാനുഷിക മൂല്യങ്ങളെ ചേർത്ത് പിടിച്ച കരുണയും കലയും നിറഞ്ഞ ദാരാശികോഹ്. ജഹനാര തന്റെ സഹോദരൻ ദാര ശിക്കോഹിനോട്  കടുത്ത ആഭിമുഖ്യം പുലർത്തുന്ന നിലപാടുള്ളവളായിരുന്നു.   അവൻ ജീവിതത്തിൽ പുലർത്തിയിരുന്ന സൂഫിസവും അതിലൂടെ പകർന്ന് കിട്ടിയ മതസൗഹാർദ്ദവും അവൾക്കു അത്രമേൽ പ്രിയതരമായിരുന്നു.       പിതാവിന്റെ തിരഞ്ഞെടുക്കപ്പെട്ട പിൻഗാമിയായി അദ്ദേഹത്തെയേ അവൾക്ക്  പിന്തുണക്കാനാവുമായിരുന്നുള്ളു. 

എന്നാൽ 1657-ൽ ഷാജഹാൻ ഗുരുതരാവസ്ഥയിലായി. അദ്ദേഹത്തിന്റെ നാല് ആൺമക്കളായ ദാരാ ഷിക്കോ, ഷാ ഷുജ , ഔറംഗസേബ്, മുറാദ് ബക്ഷ് എന്നിവർക്കിടയിൽ പിന്തുടർച്ചാവകാശത്തിനായുള്ള അവകാശ വാദം പൊട്ടിപ്പുറപ്പെട്ടു. 

പിന്തുടർച്ചാവകാശ യുദ്ധത്തിൽ, ജഹനാര തന്റെ സഹോദരനും ഷാജഹാന്റെ മൂത്ത മകനുമായ ദാര ഷിക്കോയെ പിന്തുണച്ചു. 1658-ൽ  ഔറംഗസേബിന്റെ കൈകളാൽ ദാര ഷിക്കോയുടെ ജനറൽമാർ പരാജയപ്പെട്ടപ്പോൾ, ജഹനാര ഔറംഗസീബിന് ഒരു കത്തെഴുതി. പിതാവിനെ അനുസരിക്കണമെന്നും സഹോദരനുമായി യുദ്ധം ചെയ്യരുതെന്നും ഉപദേശിച്ചു. എന്നാൽ അവളുടെ ആ ദൗത്യം വിജയിച്ചില്ല. സമുഗഡ് യുദ്ധത്തിൽ (1658 മെയ് 29) ദാര ദയനീയമായി പരാജയപ്പെട്ടു, അദ്ദേഹം ഡൽഹിയിലേക്ക് പലായനം ചെയ്തു. 

ആഗ്രയിലെ ആസൂത്രിത അധിനിവേശം തടയാൻ ഷാജഹാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. ഔറംഗസേബിന്റെ പക്ഷത്ത് ഭാരം ചുമത്തരുതെന്ന് മുറാദിനെയും ഷുജയെയും ബോധ്യപ്പെടുത്താൻ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടാൻ അദ്ദേഹം ജഹാനരയോട് ആവശ്യപ്പെട്ടു. 

1658 ജൂണിൽ, ഔറംഗസേബ് ആഗ്ര കോട്ടയിൽ വെച്ച് തന്റെ പിതാവ് ഷാജഹാനെ ഉപരോധിച്ചു.  ജലവിതരണം നിർത്തിവച്ചുകൊണ്ട് നിരുപാധികം കീഴടങ്ങാൻ അദ്ദേഹത്തെ നിർബന്ധിച്ചു. 

1658 ജൂൺ 10 ന് ജഹനാര ഔറംഗസേബിന്റെ അടുത്തെത്തി, സാമ്രാജ്യത്തിന്റെ വിഭജനം നിർദ്ദേശിച്ചു. എല്ലാം സമാധാനപരമായി പങ്കു വെക്കാം എന്ന് ഉറപ്പുനല്കി. ദാരാ ഷിക്കോയ്ക്ക് പഞ്ചാബും സമീപ പ്രദേശങ്ങളും, ഷുജയ്ക്ക് ബംഗാളും, മുറാദിന് ഗുജറാത്തും, ഔറംഗസേബിന്റെ മകൻ സുൽത്താൻ മുഹമ്മദിന് ഡെക്കാൻ പ്രദേശവും, സാമ്രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ മൊത്തം ഔറംഗസേബിനും നൽകും. 

ദാരാ ഷിക്കോ ഒരു അവിശ്വാസിയാണെന്ന കാരണത്താൽ ഔറംഗസേബ് ജഹനാരയുടെ ഈ നിർദ്ദേശങ്ങളെല്ലാം  നിരസിച്ചു. ഔറംഗസേബ് സിംഹാസനത്തിലേറിയതോടെ, ജഹാനാര ആഗ്ര കോട്ടയിൽ തടവിൽ കഴിയുന്ന തന്റെ പിതാവിനൊപ്പം ചേർന്നു . 1666-ൽ അദ്ദേഹത്തിന്റെ മരണം വരെ അവർ അവിടെ സ്വയം സമർപ്പിച്ചു. എതിരാളിയും ഇളയ സഹോദരിയുമായ റോഷനാര, ഔറംഗസേബിനോട് ചേർന്ന് നിന്നിരുന്നതിനാൽ ബാദ്ഷാ ബീഗം, ബീഗം സാഹിബ് എന്നീ പദവികൾ നേടിയെടുത്തു. 

എന്ന് മാത്രമല്ല, സാമ്രാജ്യ കുടുംബത്തിന്റെയും കൊട്ടാരത്തിന്റെയും നിയന്ത്രണം കൂടി റോഷനാരയുടെ കൈകളിലായി. 

ജീവിതത്തിലെ ഒരു ഘട്ടത്തിൽ പോലും ജഹനാര പിതാവിനെ ഉപേക്ഷിച്ചില്ല. അദ്ദേഹത്തിൻ്റെ അവസാന ശ്വാസം വരെ, അവൾ പിതാവിനൊപ്പം തന്നെ നില കൊണ്ടു. ഷാജഹാനെ പതിയെപ്പതിയെ ലോകം മറന്നപ്പോഴും, ഒരു മകൾ തന്റെ പിതാവിന്റെ കൈ പിടിച്ചുനിന്നതിൻ്റെ ചരിത്രസാക്ഷ്യമായിരുന്നു അത് . ചരിത്രത്തിൻ്റെ ഏറ്റവും കരുണാഭരിതമായ സന്ധികളിലൊന്ന് .സ്വന്തം പിതാവിന് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു ജഹനാരയുടെതെന്നതിനാൽ  1666-ൽ ഷാജഹാൻ മരണപ്പെടുന്നത് വരെ അവൾ അദ്ദേഹത്തെ പരിപാലിച്ചു. 

എങ്കിലും ഷാജഹാന്റെ മരണശേഷം, ജഹനാരയും ഔറംഗസേബും അനുരഞ്ജനത്തിലായി. ബാദ്ഷാ ബീഗം (ലേഡി ചക്രവർത്തി അല്ലെങ്കിൽ ഗ്രാൻഡ് എമ്പ്രസ്സ്) , ബീഗം സാഹിബ് (രാജകുമാരിമാരുടെ രാജകുമാരി) എന്നീ പഴയ പദവികൾ അദ്ദേഹം അവൾക്ക് തിരികെ നൽകി. ഷഹ്സാദി സാഹിബ് ( രാജകുമാരിമാരുടെ ചക്രവർത്തി ) എന്ന പുതിയ പദവിയും കൂടി നൽകി. 

അനുനയത്തിൻ്റെ ഭാഗമായി റോഷനാരയെ പ്രഥമ വനിതയായി ജഹാനാര പ്രഖ്യാപിച്ചു. ഔറംഗസേബിൻ്റെ കൊട്ടാരത്തിലെ പ്രഥമ വനിത എന്ന നിലയിൽ, ഷാജഹാന്റെ ഭരണകാലത്തുണ്ടായിരുന്ന   അവരുടെ വാർഷിക അലവൻസ് 1 മില്യൺ രൂപയിൽ നിന്ന് 1.7 മില്യൺ രൂപയായി ഉയർത്തി. 

സൂറത്ത് തുറമുഖത്തിന്റെയും ഡൽഹിയിലെ വലിയ മാളികകളുടെയും വരുമാനം ഔറംഗസേബ് ജഹനാരക്ക് നൽകിക്കൊണ്ട് ഔറംഗസേബ് അവളെ ബഹുമാനിക്കുകയും സംസ്ഥാന, പൊതുജനക്ഷേമ കാര്യങ്ങളിൽ അവളുടെ ഉപദേശം തേടുകയും ചെയ്തു. തന്റെ വാദങ്ങൾ സമർത്ഥിക്കുന്നതിനായി ചക്രവർത്തിയുമായി വാദിക്കാൻ അവൾ ഒരിക്കലും മടിച്ചില്ല, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നിർബന്ധിത ചെലവുചുരുക്കൽ നടപടികളോ മതപരമായ അസഹിഷ്ണുതയോ സംബന്ധിച്ചാണെങ്കിൽ. 

ഔറംഗസേബിന്റെ ഭരണകാലത്ത് തന്നെയാണ്  ജഹനാര മരണപ്പെടുന്നത്. തന്റെ സൂഫി ആഭിമുഖ്യങ്ങളിലൂടെ നിർവ്വഹണം നടത്തിയ നിരവധി സാഹിത്യകൃതികളിലൂടെ അവർ ലോകത്തിന് മുന്നിൽ  ഇന്നും അറിയപ്പെടുന്നുണ്ട്. അത് വഴി സൂഫിസത്തിൽ അവരുടെ സാന്നിധ്യം ഇന്നും നിലനിൽക്കുന്നുമുണ്ട്. നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന, ഇന്ത്യയിലെ സൂഫി സന്യാസിമാരിൽ ഏറ്റവും ഉന്നതനും തന്റെ ആത്മീയ ഗുരുവുമായി അവർ വിശ്വസിച്ചിരുന്നയാളുമായ 'മുനിസ് അൽ അർവാ' എന്ന ഷെയ്ഖ് മുഇൻ ഉദ്-ദിൻ ചിഷ്ടിയുടെ ജീവചരിത്രത്തിലൂടെയും അവർ പ്രശസ്തയാണ്.  

1644 മാർച്ചിൽ, തന്റെ മുപ്പതാം പിറന്നാളാഘോഷത്തിനിടെ ജഹനാരയുടെ ശരീരത്തിൽ ഗുരുതരമായ പൊള്ളലേറ്റു, പരിക്കുകൾ മൂലം അവളുടെ ജീവൻ തന്നെ നഷ്ടപ്പെടും എന്ന അവസ്ഥ സംജാതമായി. ദരിദ്രർക്ക് ധാരാളം ദാനധർമ്മങ്ങൾ നൽകാനും, തടവുകാരെ മോചിപ്പിക്കാനും, രാജകുമാരിയുടെ രോഗശാന്തിക്കായി പ്രാർത്ഥനകൾ നടത്താനും ഉത്തരവിടപ്പെട്ടു. ഔറംഗസീബ് അടക്കമുള്ളവർ അവളെ 'കാണാൻ ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങി.  

സുഗന്ധദ്രവ്യങ്ങളിൽ മുക്കിയ ജഹനാരയുടെ വസ്ത്രങ്ങൾക്ക് തീപിടിച്ചതായിട്ടാണ് ചിലർ പറയുന്നത്.  രാജകുമാരിയുടെ പ്രിയപ്പെട്ട നൃത്തക്കാരിയുടെ വസ്ത്രത്തിന് തീപിടിച്ചുവെന്നും രാജകുമാരി അവളുടെ സഹായത്തിനെത്തിയപ്പോൾ നെഞ്ചിൽ സ്വയം പൊള്ളലേറ്റുവെന്നും മറ്റ് വിവരണങ്ങൾ അവകാശപ്പെടുന്നു. 

അവളുടെ രോഗാവസ്ഥയിൽ, തന്റെ പ്രിയപ്പെട്ട മകളുടെ ക്ഷേമത്തിൽ ഷാജഹാൻ വളരെയധികം ശ്രദ്ധാലുവായിരുന്നു.  അതിനാൽ ഭരണകാര്യങ്ങൾക്കായുള്ള ദിവാൻ-ഇ-ആമിലെ തന്റെ ദൈനംദിന ദർബാറിൽ പോലും അദ്ദേഹം വളരെ കുറച്ച് മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ . 

ജഹനാര ഡൽഹി നഗരത്തിന്റെ നവീകരണത്തിലും പങ്കുവഹിച്ചു.

ചാന്ദ്നി ചൗക്കിന്റെ മനോഹരമായ തെരുവുകൾ അവളുടെ സ്വപ്നത്തിലൂടെ ജനിച്ചവയാണ്.

ധാരാളം വിപണികളും പൊതുപ്രവർത്തനങ്ങളും അവളുടെ പേരിൽ ഉയർന്നു.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച അവൾ, സ്നേഹത്തിൻ്റെ രാജകുമാരിയായി മാറി.

ആഗ്രയിൽ , പഴയ നഗരത്തിന്റെ ഹൃദയഭാഗത്ത് 1648-ൽ ജുമാ മസ്ജിദ് അല്ലെങ്കിൽ ഫ്രൈഡേ മോസ്ക് നിർമ്മിക്കുന്നതിന് മുൻകൈയെടുത്തത് ജഹനാരയായിരുന്നു.  ജഹനാരയാണ് പള്ളിക്ക് പൂർണ്ണമായും ധനസഹായം നൽകിയത്. അവരുടെ സ്വകാര്യ അലവൻസ് ഉപയോഗിച്ചാണ് ഇത് ചെയ്തത്.  ഈ മോസ്കിന് പുറമേ, ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന മുല്ലാ ഷാ മോസ്കിന്റെ നിർമ്മാണത്തിനും അവർ ധനസഹായം നൽകി.  വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി അവർ ജുമാ മസ്ജിദിനോട് ചേർന്നു് ഒരു മദ്രസ സ്ഥാപിച്ചു.  കശ്മീരിൽ ഒരു പൂന്തോട്ടം നിർമ്മിക്കുന്നതിനും അവർ ധനസഹായം നൽകി. 

തലസ്ഥാന നഗരമായ ഷാജഹാനാബാദിന്റെ ഭൂപ്രകൃതിയിലും അവർ ഗണ്യമായ സ്വാധീനം ചെലുത്തി. സ്ത്രീകൾ നേരിട്ട് നിർമ്മാണ പദ്ധതികളിൽ ഏർപ്പെട്ട ഷാജഹാനാബാദ് നഗരത്തിലെ പതിനെട്ട് കെട്ടിടങ്ങളിൽ അഞ്ചെണ്ണം ജഹനാര കമ്മീഷൻ ചെയ്തു. ജഹനാരയുടെ എല്ലാ നിർമ്മാണ പദ്ധതികളും 1650-ൽ ഷാജഹാനാബാദിന്റെ നഗരമതിലുകൾക്കുള്ളിൽ പൂർത്തിയായി. അവരുടെ പദ്ധതികളിൽ ഏറ്റവും അറിയപ്പെടുന്നത് പഴയ ഡൽഹിയിലെ പ്രധാന തെരുവായ ചാന്ദ്‌നി ചൗക്ക് ആയിരുന്നു .

തെരുവിന്റെ കിഴക്കുവശത്ത് പിന്നിൽ പൂന്തോട്ടങ്ങളുള്ള മനോഹരമായ ഒരു കാരവൻ സരായി അവർ നിർമ്മിച്ചു. 1902-ൽ ഹെർബർട്ട് ചാൾസ് ഫാൻഷാവെ സരായിയെക്കുറിച്ച് പരാമർശിക്കുന്നു:

"ചാന്ദ്‌നി ചൗക്കിലൂടെ മുന്നോട്ട് പോയി ആഭരണങ്ങൾ, എംബ്രോയിഡറികൾ, ഡൽഹിയിലെ മറ്റ് കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രധാന വ്യാപാരികളുടെ നിരവധി കടകൾ കടന്നാൽ, നോർത്ത്ബ്രൂക്ക് ക്ലോക്ക് ടവറും കടന്ന് ക്വീൻസ് ഗാർഡൻസിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിൽ എത്തിച്ചേരാം. ഷാ ബീഗം എന്ന പേരിൽ അറിയപ്പെടുന്ന രാജകുമാരി ജഹനാര ബീഗത്തിന്റെ  കാരവൻ സരായ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ആദ്യത്തേത്. തെരുവിന് കുറുകെ പ്രദർശിപ്പിച്ചിരിക്കുന്ന സരായ്, ഡൽഹിയിലെ ഏറ്റവും മികച്ച കെട്ടിടങ്ങളിലൊന്നായി ബെർണിയർ കണക്കാക്കിയിരുന്നു. താഴെ ആർക്കേഡുകളും മുകളിൽ മുന്നിൽ ഒരു ഗാലറിയുള്ള മുറികളും കാരണം അതിനെ പാലൈസ് റോയലുമായി താരതമ്യപ്പെടുത്തി." 

പിന്നീട് സരായിക്ക് പകരം ഇപ്പോൾ ടൗൺ ഹാൾ എന്നറിയപ്പെടുന്ന ഒരു കെട്ടിടം സ്ഥാപിക്കപ്പെട്ടു, സ്ക്വയറിന്റെ മധ്യത്തിലുള്ള കുളത്തിന് പകരം ഒരു വലിയ ക്ലോക്ക് ടവർ ( ഘണ്ടാഘർ ) സ്ഥാപിക്കപ്പെട്ടു.

1681-ൽ, 67 വയസ്സിൽ ജഹനാര മരണമടഞ്ഞു. അവളുടെ ശവകുടീരം ഡൽഹിയിലെ ഹുമയൂൺ ദർഗക്ക് സമീപമാണ് നില കൊള്ളുന്നത്.
അവളുടെ ശിലാശാസനം, ഒരിക്കലും മറക്കാനാവാത്ത ഒരു കവിതയായി നമ്മെ പിന്തുടരാൻ പര്യാപ്തമാണ്
“ഈ ലോകം ഒരു പൂന്തോട്ടമാണ്, ഞാൻ അതിലൊരു പൂവ് മാത്രം.
ഞാൻ ഇല്ലാതാവുമ്പോൾ,
എന്റെ മണ്ണ് വീണ്ടും പൂക്കൾക്കു ഭക്ഷണമാകും.”

സ്വർണ്ണത്തിലും വജ്രത്തിലും പൊതിഞ്ഞ ഒരു മുഗൾ രാജകുമാരി, തന്റെ ശവകുടീരം ഒരു സാധാരണ പാറക്കല്ലിൽ മാത്രം നിർമിക്കാൻ നിർദ്ദേശിച്ചു. അതാണ് അവളുടെ വിനയവും ആത്മീയതയും.

ജഹനാര തന്റെ ജീവിതകാലത്ത് തന്നെ തന്റെ ശവകുടീരം നിർമ്മിച്ചു. ആകാശത്തേക്ക് തുറന്നിരിക്കുന്ന ട്രെല്ലിസ് വർക്ക് ഉള്ള ഒരു സ്ക്രീൻ ഉപയോഗിച്ച് പൂർണ്ണമായും വെളുത്ത മാർബിൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

മരണശേഷം, ഔറംഗസീബ് അവർക്ക് സാഹിബത്ത്-ഉസ്-സമാനി (യുഗത്തിന്റെ യജമാനത്തി) എന്ന മരണാനന്തര പദവി നൽകി.  ന്യൂഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സമുച്ചയത്തിലെ ഒരു ശവകുടീരത്തിലാണ് ജഹാനരയെ അടക്കം ചെയ്തിരിക്കുന്നത് , ഇത് "അതിന്റെ ലാളിത്യത്തിന് ശ്രദ്ധേയമാണ്" എന്ന് കണക്കാക്കപ്പെടുന്നു. ശവകുടീരത്തിലെ ലിഖിതം ഇപ്രകാരമാണ്:

അള്ളാഹു
ജീവിക്കുന്നു
. എൻ്റെ ശവകുടീരം പച്ചപ്പുല്ല് കൊണ്ട് മൂടരുത്,
പാവപ്പെട്ടവർക്ക് ഈ പുല്ല് മതി.
ജഹനാര രാജകുമാരി,
ഖ്വാജ മൊയിൻ-ഉദ്-ദിൻ ചിഷ്തിയുടെ ശിഷ്യ,
വിജയിയായ ഷാജഹാൻ്റെ മകൾ,
അല്ലാഹു അവൻ്റെ തെളിവ് പ്രകാശിപ്പിക്കട്ടെ.

ജഹനാര വെറുമൊരു സ്ത്രീ മാത്രമായിരുന്നില്ല; അവൾ ഒരു കാലഘട്ടം തന്നെയായിരുന്നു.

കലയും ഭരണവും ഒരുമിപ്പിച്ചൊരു പ്രതിഭ.

ആഡംബരത്തിനിടയിൽ സൂഫിസത്തിന്റെ പ്രകാശം തേടിയൊരു ആത്മാവ്.

സഹോദരന്മാരുടെ രാഷ്ട്രീയകലഹത്തിനിടയിൽ കരുണയുടെ വാക്കായി നിലകൊണ്ടൊരു സഹോദരി.

പിതാവിന്റെ അവസാന വേദനകളിൽ കൈപിടിച്ചുനിന്നൊരു മകൾ.

മുഗൾ സാമ്രാജ്യം വീണുപോയി, കൊട്ടാരങ്ങൾ പൊളിഞ്ഞു, എന്നാൽ ജഹനാരയുടെ ആത്മീയ പ്രകാശം ഇന്നും ചരിത്രത്തിൻ്റെ പുസ്തകങ്ങളിൽ തെളിഞ്ഞുനിൽക്കുന്നു.

തെരുവിന്റെ കിഴക്കുവശത്ത് പിന്നിൽ പൂന്തോട്ടങ്ങളുള്ള മനോഹരമായ ഒരു കാരവൻ സരായി അവർ നിർമ്മിച്ചു. 1902-ൽ ഹെർബർട്ട് ചാൾസ് ഫാൻഷാവെ സരായിയെക്കുറിച്ച് പരാമർശിക്കുന്നു:

"ചാന്ദ്‌നി ചൗക്കിലൂടെ മുന്നോട്ട് പോയി ആഭരണങ്ങൾ, എംബ്രോയിഡറികൾ, ഡൽഹിയിലെ മറ്റ് കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രധാന വ്യാപാരികളുടെ നിരവധി കടകൾ കടന്നാൽ, നോർത്ത്ബ്രൂക്ക് ക്ലോക്ക് ടവറും ക്വീൻസ് ഗാർഡൻസിലേക്കുള്ള പ്രധാന പ്രവേശന കവാടവും എത്തിച്ചേരാം. ഷാ ബീഗം എന്ന പേരിൽ അറിയപ്പെടുന്ന രാജകുമാരി ജഹനാര ബീഗത്തിന്റെ  കാരവൻ സരായ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആദ്യത്തേത്. തെരുവിന് കുറുകെ പ്രദർശിപ്പിച്ചിരിക്കുന്ന സരായ്, ഡൽഹിയിലെ ഏറ്റവും മികച്ച കെട്ടിടങ്ങളിലൊന്നായി ബെർണിയർ കണക്കാക്കിയിരുന്നു , താഴെ ആർക്കേഡുകളും മുകളിൽ മുന്നിൽ ഒരു ഗാലറിയുള്ള മുറികളും കാരണം അതിനെ പാരീസിലെ പാലസ് റോയലുമായി താരതമ്യപ്പെടുത്തി." 

പിന്നീട് സരായിക്ക് പകരം ഇപ്പോൾ ടൗൺ ഹാൾ എന്നറിയപ്പെടുന്ന ഒരു കെട്ടിടം സ്ഥാപിക്കപ്പെട്ടു, സ്ക്വയറിന്റെ മധ്യത്തിലുള്ള കുളത്തിന് പകരം ഒരു വലിയ ക്ലോക്ക് ടവർ ( ഘണ്ടാഘർ ) സ്ഥാപിക്കപ്പെട്ടു.

1681-ൽ, 67 വയസ്സിൽ ജഹനാര മരണമടഞ്ഞു. അവളുടെ ശവകുടീരം ഡൽഹിയിലെ ഹുമയൂൺ ദർഗക്ക് സമീപമാണ് നില കൊള്ളുന്നത്.
അവളുടെ ശിലാശാസനം, ഒരിക്കലും മറക്കാനാവാത്ത ഒരു കവിതയായി നമ്മെ പിന്തുടരാൻ പര്യാപ്തമാണ്
 

“ഈ ലോകം ഒരു പൂന്തോട്ടമാണ്, ഞാൻ അതിലൊരു പൂവ് മാത്രം.
ഞാൻ ഇല്ലാതാവുമ്പോൾ,
എന്റെ മണ്ണ് വീണ്ടും പൂക്കൾക്കു ഭക്ഷണമാകും.”

സ്വർണ്ണത്തിലും വജ്രത്തിലും പൊതിഞ്ഞ ഒരു മുഗൾ രാജകുമാരി, തന്റെ ശവകുടീരം ഒരു സാധാരണ പാറക്കല്ലിൽ മാത്രം നിർമിക്കാൻ നിർദ്ദേശിച്ചു. അതാണ് അവളുടെ വിനയവും ആത്മീയതയും.

ജഹനാര തന്റെ ജീവിതകാലത്ത് തന്നെ തന്റെ ശവകുടീരം നിർമ്മിച്ചു. ആകാശത്തേക്ക് തുറന്നിരിക്കുന്ന ട്രെല്ലിസ് വർക്ക് ഉള്ള ഒരു സ്ക്രീൻ ഉപയോഗിച്ച് പൂർണ്ണമായും വെളുത്ത മാർബിൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

മരണശേഷം, ഔറംഗസീബ് അവർക്ക് സാഹിബത്ത്-ഉസ്-സമാനി (യുഗത്തിന്റെ യജമാനത്തി) എന്ന മരണാനന്തര പദവി നൽകി.  ന്യൂഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സമുച്ചയത്തിലെ ഒരു ശവകുടീരത്തിലാണ് ജഹാനരയെ അടക്കം ചെയ്തിരിക്കുന്നത് , ഇത് "അതിന്റെ ലാളിത്യത്തിന് ശ്രദ്ധേയമാണ്" എന്ന് കണക്കാക്കപ്പെടുന്നു. ശവകുടീരത്തിലെ ലിഖിതം ഇപ്രകാരമാണ്:

അള്ളാഹു
നിലനില്ക്കുന്നു

എൻ്റെ ശവകുടീരം പച്ചപ്പുല്ല് കൊണ്ട് മൂടരുത്,
പാവപ്പെട്ടവർക്ക് ഈ പുല്ല് മതി.
ജഹനാര രാജകുമാരി,
ഖ്വാജ മൊയിൻ-ഉദ്-ദിൻ ചിഷ്തിയുടെ ശിഷ്യ,
വിജയിയായ ഷാജഹാൻ്റെ മകൾ,

അല്ലാഹു അവൻ്റെ തെളിവ് പ്രകാശിപ്പിക്കട്ടെ.

ജഹനാര വെറുമൊരു സ്ത്രീ മാത്രമായിരുന്നില്ല; അവൾ ഒരു കാലഘട്ടം തന്നെയായിരുന്നു.

കലയും ഭരണവും ഒരുമിപ്പിച്ചൊരു പ്രതിഭ.

ആഡംബരത്തിനിടയിൽ സൂഫിസത്തിന്റെ പ്രകാശം തേടിയൊരു ആത്മാവ്.

സഹോദരന്മാരുടെ രാഷ്ട്രീയകലഹത്തിനിടയിൽ കരുണയുടെ വാക്കായി നിലകൊണ്ടൊരു സഹോദരി.

പിതാവിന്റെ അവസാന വേദനകളിൽ കൈപിടിച്ചുനിന്നൊരു മകൾ.

മുഗൾ സാമ്രാജ്യം വീണുപോയി, കൊട്ടാരങ്ങൾ പൊളിഞ്ഞു, എന്നാൽ ജഹനാരയുടെ ആത്മീയ പ്രകാശം ഇന്നും ചരിത്രത്തിൻ്റെ പുസ്തകങ്ങളിൽ തെളിഞ്ഞുനിൽക്കുന്നു.

🌸 ജഹനാരയെ ഓർക്കുമ്പോൾ സ്ത്രീകളുടെ കരുത്തിനെയും, ആത്മീയതയുടെ ആഴങ്ങളെയും, കരുണയുടെ അമൂല്യതയെയുമാണ് ഓർക്കുന്നത്.
ഒരു രാജകുമാരിയുടെ ജീവിതത്തിലൂടെ, ചരിത്രം നമ്മോട് പറയുന്നത് – അധികാരം, സമ്പത്ത്, രാജകീയത്വം എന്നിവയെല്ലാം തന്നെ ക്ഷണികമാണ്, എന്നാൽ സ്നേഹം, കരുണ, ആത്മീയത – അവ മാത്രമാണ് അനശ്വരം.

കാലത്തിൻ്റെ കൊട്ടാരങ്ങൾ പൊളിഞ്ഞു വീണു,
വഴികളിൽ പൊടിയേറി, ചാന്ദ്നി ചൗക്കിലെ വിളക്കുകൾ മങ്ങിപ്പോയി.
എങ്കിലും,
ജഹനാരയുടെ ആത്മാവ് ഇന്നും സൂഫി കവിതകളുടെ സംഗീതത്തിൽ ജ്വലിച്ചു നിൽക്കുന്നു.

അവളുടെ കണ്ണുകളിൽ നമ്മൾ കാണുന്നത് –
പിതാവിൻ്റെ വേദനകൾ പങ്കിട്ട ഒരു മകളുടെ കണ്ണീർ,
സഹോദരന്റെ മരണത്തിൽ വിങ്ങിയൊരു സഹോദരിയുടെ കരച്ചിൽ,
അറിവും കലയും ഒരുമിച്ചോർത്തൊരു സ്ത്രീയുടെ പ്രകാശഭരിതമായൊരു മുഖം.

രാജസിംഹാസനങ്ങളും സ്വർണ്ണാഭരണങ്ങളും മറന്നു,
അവൾ തെരഞ്ഞെടുത്തത് മണ്ണിൻ്റെ മണവും, പൂക്കളുടെ വിനയവുമായിരുന്നു.
ഒരു മുഗൾ രാജകുമാരിയായി ജനിച്ചെങ്കിലും,
അവൾ ലോകത്തെ വിട്ടുപോയത് ഒരു സൂഫി സന്യാസിനിയുടെ ആത്മാവായിട്ടാണ്.

✨ ജഹനാര – അധികാരത്തിൻ്റെ കൊട്ടാരങ്ങളിൽ ജനിച്ചെങ്കിലും, കരുണയുടെ ഹൃദയത്തിൽ ജീവിച്ചവൾ.
ചരിത്രം അവളെ “മുഗൾ രാജകുമാരി” എന്ന് വിളിച്ചാലും,
കാലം അവളെ എന്നും “മനുഷ്യരാശിയുടെ ആത്മീയ സഹോദരി” എന്നും ഓർക്കും.

🌹 ജഹനാരയെ ഓർക്കുമ്പോൾ, നമ്മൾ ഓർക്കുന്നത്,
ജീവിതത്തിൽ ശേഷിക്കുന്നത് അധികാരമല്ല,
സ്നേഹവും കരുണയും ആത്മീയതയും മാത്രമാണെന്നാണ് 🌹

Share this story

Comments (0)

  • Be the first to write one.