18 October 2025 · 8 min read · കഥ
ഇന്ദുലേഖ
#പുസ്തകം# #മലയാളസാഹിത്യം# നോവൽ#ഇന്ദുലേഖ#ചന്തുമേനോൻ #സാഹിത്യം #നവോത്ഥാനം.

മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഒ. ചന്തുമേനോൻ്റെ 'ഇന്ദുലേഖ' വായിക്കാനായത് ഇപ്പോൾ മാത്രമാണ്. യാദൃശ്ചികമായി എറണാകുളത്ത് ആര്യാ റെസ്റ്റോറൻ്റിൻ്റെ ഒരു കോണിലെ പുസ്തകസ്റ്റാൻ്റിൽ കണ്ടപ്പോൾ വാങ്ങിയതാണ്. പുസ്തകത്തിൻ്റെ ഗെറ്റപ്പും അച്ചടിയും 136 വർഷം മുമ്പ് പ്രസിദ്ധീകരിച്ചപ്പോഴത്തെ കോപ്പിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാണാനായത്. പഴക്കം തോന്നിപ്പിക്കുന്ന വിധത്തിലുള്ള പുതിയ കടലാസിലാണ് അച്ചടി.
കാലാകാലങ്ങളിലായി മലയാള സാഹിത്യത്തിൽ എത്രയോ പ്രസ്ഥാനങ്ങൾ വന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ പുസ്തകവും ഒരു പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ടാവാം. എന്തായാലും, ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ നോവൽ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെയും ആചാരങ്ങളെയും അതിൻ്റെ എല്ലാ തീവ്രതയോടും കൂടി വരച്ചുകാട്ടുന്നുണ്ടെന്നാണ് അഭിഞ്ജ മതം.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ നമ്പൂതിരി-നായർ സമുദായങ്ങളുടെ ജീവിതം, അവരുടെ ആചാരങ്ങൾ, അവിടത്തെ സ്ത്രീകളുടെ സ്ഥാനം, അക്കാലത്തെ വിദ്യാഭ്യാസ രീതികൾ എന്നിവയൊക്കെ ഈ നോവലിൽ വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
കേവലം ഒരു പ്രണയകഥ എന്നതിനപ്പുറം, സ്ത്രീ ശാക്തീകരണത്തിൻ്റെയും സാമൂഹിക പരിഷ്‌കരണത്തിൻ്റെയും ആശയങ്ങൾ ഈ നോവൽ മുന്നോട്ട് വെക്കുന്നുണ്ട്.
നോവലിലെ പ്രധാന കഥാപാത്രങ്ങളായ ഇന്ദുലേഖയും മാധവനും അന്നത്തെ കാലത്തെ പുരോഗമന ചിന്താഗതിക്കാരായ യുവതലമുറയുടെ പ്രതിനിധികളാണ്. ഇന്ദുലേഖ എന്ന കഥാപാത്രം ബുദ്ധിയും സൗന്ദര്യവും ആത്മവിശ്വാസവുമുള്ള ഒരു യുവതി. കേവലം ഒരു സുന്ദരിയായ പെൺകുട്ടി എന്നതിനപ്പുറം, സ്വന്തമായി അഭിപ്രായങ്ങളുള്ള, വിദ്യാസമ്പന്നയായ സ്ത്രീയായി അവൾ തിളങ്ങിനിൽക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ള മാധവൻ എന്ന ചെറുപ്പക്കാരൻ പുരോഗമനപരമായ കാഴ്ചപ്പാടുകളുള്ള ഒരാളാണ്. ഇവർ തമ്മിലുള്ള പ്രണയം, വിവാഹത്തിന് സമൂഹത്തിൻ്റെ അംഗീകാരം നേടാൻ ഇവർ നടത്തുന്ന പോരാട്ടങ്ങൾ എന്നിവയെല്ലാം നോവലിൽ മനോഹരമായി ചിത്രീകരിക്കുന്നു.
ഇവർക്കിടയിലേക്ക് കടന്നുവരുന്ന, വിഡ്ഢിയായ സൂര്യനമ്പൂതിരിപ്പാട് അന്നത്തെ നാട്ടുപ്രമാണികളുടെയും യാഥാസ്ഥിതിക ചിന്താഗതിക്കാരുടെയും പ്രതീകമാണ്. അദ്ദേഹത്തിൻ്റെ പെരുമാറ്റരീതികളും സംഭാഷണങ്ങളും അന്നത്തെ സാമൂഹിക ജീർണതയുടെ നേർക്കാഴ്ചയാണ്. അദ്ദേഹത്തിൻ്റെ ഹാസ്യത്തിൽ പൊതിഞ്ഞ കഥാപാത്രസൃഷ്ടി നോവലിന് ഒരു പ്രത്യേക രസം നൽകുന്നു.
"ഇന്ദുലേഖ" യെ മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നതിന് രണ്ട് വർഷം മുമ്പേ അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' എന്ന നോവലും മറ്റ് ചില എഴുത്തുകാരുടെ കൃതികളും ഉണ്ടായിരുന്നുവെങ്കിലും "ഇന്ദുലേഖ"യാണ് മലയാള നോവലിന് ഒരു ലക്ഷണമൊത്ത രൂപം നൽകിയതെന്ന് തന്നെയാണ് നിരൂപകമതം.

തമിഴിലെയും ഇംഗ്ലീഷിലെയും നോവലുകളുടെ മാതൃക പിന്തുടർന്നു കൊണ്ടാണെങ്കിലും, കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളും അവരുടെ വ്യത്യസ്ത മാനസിക നിലകളും സൂക്ഷ്മമായി നിലനിറുത്തിക്കൊണ്ടുള്ള ഒരു ആഖ്യാന രീതിയാണ് കഥയിലുടനീളം ദൃശ്യമാവുന്നത്. അതി സങ്കീർണ്ണമായ സാമൂഹ്യ യാഥാർത്ഥ്യങ്ങളെയും മനുഷ്യ ബന്ധങ്ങളെയും വിശകലനം ചെയ്തു കൊണ്ടുള്ളതാണ്
കഥയുടെ ഒഴുക്ക്. ഈ ഘടകങ്ങളാണ് ഇന്ദുലേഖയെ അതിന് മുമ്പുള്ള മറ്റു കൃതികളിൽ നിന്ന് വ്യത്യസ്തമാക്കിയത്. അത് കൊണ്ട് തന്നെ ഈ നോവൽ കേവലം ഒരു സാഹിത്യ സൃഷ്ടി എന്നതിനപ്പുറം, ഒരു സാംസ്കാരിക വിപ്ലവത്തിന്റെ തുടക്കം കൂടിയായിരുന്നു.
അന്നത്തെ സാമൂഹിക ചുറ്റുപാടുകളെയും നവോത്ഥാന ചിന്തകളെയും അത് ധീരമായി അഭിസംബോധന ചെയ്തു.
സാമൂഹ്യ പുനർഘടന, നവോത്ഥാന ചിന്തകൾ, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളെ മലയാള നോവലിൽ ആദ്യമായി അവതരിപ്പിക്കുന്നത് "ഇന്ദുലേഖ"യിലൂടെയാണ്. അതു കൊണ്ട് കൂടിയാണ് മലയാള സാഹിത്യലോകം "ഇന്ദുലേഖ"യെ മലയാളത്തിലെ ആദ്യ പൂർണ്ണ നോവൽ എന്നു വിളിക്കുന്നതും.
കഥയിലെ നായികയായ ഇന്ദുലേഖ, വിദ്യാഭാസവും സംസ്കാരവും സ്വായത്തമാക്കിയിട്ടുള്ള, തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ പ്രാപ്തയായ, “വിവാഹം എന്റെ വിധി നിർണ്ണയിക്കട്ടെ” എന്ന് പറയാതെ, സ്വജീവിതം സ്വന്തം പാതയിലൂടെ നയിക്കുന്ന ധീരമായ നിലപാടുകളുള്ള ഒരു സ്ത്രീയാണ്. ഇന്ദുലേഖയെന്ന കഥാപാത്രം മലയാളത്തിലെ ആദ്യ നവോത്ഥാന നോവലിലെ നായികയാണ്. അവളുടെ വ്യക്തിത്വം നോവലിനെ തന്നെ ചരിത്രപരമായി നിർണ്ണയിക്കുന്ന ഒന്നാണ്.
ഇന്ദുലേഖ ഇംഗ്ലീഷും സംസ്കൃതവും പഠിച്ച, വിദ്യാഭ്യാസത്തിൽ മുന്നിലുള്ള നായികയാണ്.
പുരുഷന്മാർക്കും സ്ത്രീകൾക്കും സമാനമായ വിദ്യാഭ്യാസാവകാശം വേണമെന്ന് അവളുടെ നിലപാട് വ്യക്തമാക്കുന്നു. അവൾ തന്റെ സൗന്ദര്യത്തിലും മിടുക്കിലും മാത്രം അഭിരമിക്കുന്നവളല്ല.
കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തുമ്പോൾ പോലും അവൾ തന്റെ ഓരോ തീരുമാനങ്ങളിലും ഉറച്ചു നില്ക്കുന്നു.
ഇന്ദുലേഖക്ക് മാധവനോടുള്ള പ്രണയം അവൾ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതാണ്.
കുടുംബത്തിന്റെ യാഥാസ്ഥിതിക ആഗ്രഹങ്ങൾക്ക് വഴങ്ങാതെ, വിവാഹത്തിൽ സ്വന്തം സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുത്ത തീരുമാനം.
സാമുദായിക ക്രമീകരണങ്ങൾ പിന്തുടരുന്ന ജാതിവ്യവസ്ഥ പോലുള്ള അന്യായങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യുന്ന വ്യക്തിയാണ് ഇന്ദുലേഖ.
പഴയ തലമുറയുടെ അന്ധമായ അനുഷ്ഠാനങ്ങളോട് അവൾക്കൊരു വിമുഖതയുണ്ട്.
മലയാള സാഹിത്യലോകത്ത് പിന്നീട് വന്ന നായികാ കഥാപാത്രങ്ങൾക്ക് വഴികാട്ടിയായിത്തീരും വിധം ആദ്യമായി “സ്വയം തീരുമാനങ്ങൾ എടുക്കുന്ന, സമൂഹത്തിന് മുൻപിൽ ഉറച്ചുനിൽക്കുന്ന” നായികയായി ഇന്ദുലേഖ പ്രത്യക്ഷപ്പെടുന്നു.
ഇന്ദുലേഖയെ കേരള നവോത്ഥാനത്തിന്റെ ആദ്യ വനിതാ പ്രതിനിധി എന്നു വിളിക്കാം.
അവൾ ഒരു സാധാരണ “ സുന്ദരി”യായ നായികയല്ല, മറിച്ച് സാമൂഹ്യ ചിന്തകളിലും വ്യക്തിപരമായ തീരുമാനങ്ങളിലും ശക്തമായ നിലപാട് കൈക്കൊള്ളുന്ന സ്ത്രീയാണ്.
മലയാള സാഹിത്യത്തിൽ സ്ത്രീയുടെ പുരോഗമനചിന്തയും സ്വാതന്ത്ര്യബോധവും അവതരിപ്പിച്ച മൈൽസ്റ്റോൺ കഥാപാത്രമാണ് അവൾ. അന്നത്തെ കേരളത്തിലെ സാധാരണ സ്ത്രീകളുടെ മാതൃകയേ ആവാതെ ഒരു നവോത്ഥാന പ്രതീകമായി നിറഞ്ഞു നില്ക്കുകയാണവൾ. ലോകത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും തുളുമ്പുന്ന പ്രസരിപ്പും ആത്മവിശ്വാസവും, സ്വന്തമായ അഭിപ്രായങ്ങളുമുള്ള വിദ്യാസമ്പന്നയായ ഒരു നായിക. സൗന്ദര്യവും ബുദ്ധിയും ഒരുപോലെ ഒത്തുചേർന്നവളാണ് ഇന്ദുലേഖ. പുരുഷാധിപത്യ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ അവൾ വെല്ലുവിളിക്കുന്നുണ്ട് . വിവാഹമെന്നത് വെറും കച്ചവടമല്ലെന്നും, അത് ഇഷ്ടപ്പെട്ട ഒരു വ്യക്തിയുമായി നടക്കേണ്ട ഒന്നാണെന്നും അവൾ ഉറച്ചു വിശ്വസിച്ചു. പാണ്ഡിത്യത്തിന്റെ പേരിൽ മാത്രം ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകാത്ത അവളുടെ നിലപാടുകൾ, സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ശക്തമായ പ്രഖ്യാപനമായിരുന്നു.
മാധവനാണ് കഥയിലെ നായകൻ. വിദ്യാസമ്പന്നനും, ഇംഗ്ലീഷ് സംസ്കാരത്തിൽ ആകൃഷ്ടനുമായ മാധവൻ, ഇന്ദുലേഖയുടെ കാഴ്ചപ്പാടുകൾക്ക് പിന്തുണ നൽകുന്ന ഒരാളാണ്. അവൻ ഒരു 'പുതിയ തലമുറ'യുടെ പ്രതീകമാണ്. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടിയ, പാശ്ചാത്യ വിജ്ഞാനത്തിന്റെ പ്രതിനിധി. പുരോഗമനപരമായ ആശയങ്ങളുള്ള, സ്ത്രീകളുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന, സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു യുവാവ്. മാധവനും ഇന്ദുലേഖയും തമ്മിലുള്ള സംഭാഷണങ്ങൾ, അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന യാഥാസ്ഥിതിക ചിന്താഗതികളെ ചോദ്യം ചെയ്യുന്ന വിധമാണ് നമുക്ക് വായിച്ചെടുക്കാനാവുക.
പഞ്ചുമേനോൻ എന്നൊരു പ്രധാന
കഥാപാത്രം കൂടി കഥയിൽ വരുന്നുണ്ട്.
പഴയ ആഢ്യബ്രാഹ്മണ സംസ്കാരത്തിന്റെ ശക്തനായ പ്രതിനിധിയാണ്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും നവോത്ഥാന ആശയങ്ങളെയും തള്ളിപ്പറയുന്നതാണ് അദ്ദേഹത്തിന്റെ മനോഭാവം.
കുടുംബത്തിന്റെ സാമൂഹ്യസ്ഥാനം, ആഢ്യാനുഷ്ഠാനങ്ങൾ, അധികാരവഴിപാട് — ഇവ എല്ലാം അദ്ദേഹം കർശനമായി പാലിക്കാൻ ശ്രമിക്കുന്നു. ജന്മിത്വ വ്യവസ്ഥയുടെയുംയാഥാസ്ഥിതികതയുടെയും പ്രതിരൂപമാണ് അദ്ദേഹം. അധികാരവും അഹങ്കാരവും നിറഞ്ഞ പഞ്ചുമേനോന്റെ ചെയ്തികൾ, അക്കാലത്തെ സാമൂഹിക ജീർണ്ണതകളെ തുറന്നു കാണിക്കുന്നു. ഇന്ദുലേഖയെ തൻ്റെ മരുമകനായി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അദ്ദേഹം അഭിമുഖീകരിക്കുന്നത് കടുത്ത ചെറുത്തുനിൽപ്പാണ്. പുതിയ കാലത്തിന്റെ വെളിച്ചം പഴയ തലമുറയുടെ ചിന്താഗതികളെ എങ്ങനെ ചോദ്യം ചെയ്യുന്നു എന്ന് ഈ കഥാപാത്രത്തിലൂടെ വ്യക്തമാകുന്നുണ്ട്.
പഞ്ചുമേനോൻ കഥയിൽ വെറുമൊരു വ്യക്തിയല്ല, മറിച്ച് ഒരു തലമുറയുടെ മനോഭാവത്തിൻ്റെ തന്നെ പ്രതിനിധിയാണ്.
പഴയ സമൂഹക്രമം ഉറച്ചു പിടിച്ച് നിന്നവർക്ക് അദ്ദേഹം ഒരു രൂപകമാണ്.
ഇന്ദുലേഖയുടെയും മാധവന്റെയും വിദ്യാഭ്യാസവും പുതിയ ആശയങ്ങളും സ്വീകരിക്കുന്ന പുതിയ ലോകത്തോട് അദ്ദേഹം പ്രകടിപ്പിക്കുന്ന കടുത്ത എതിർപ്പ് പുസ്തകത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അങ്ങനെ നോക്കുമ്പോൾ, ഇന്ദുലേഖയിലെ പുരാതനവും നവീനവുമായ ലോകങ്ങൾ തമ്മിലുള്ള സംഘർഷത്തെ വെളിവാക്കുന്ന പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് പഞ്ചുമേനോൻ.
ഇന്ദുലേഖ ഒരു പ്രണയകഥ മാത്രമല്ല. അതിൽ നിരവധി സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഈ നോവൽ എടുത്തുപറയുന്നുണ്ട്. വിദ്യാഭ്യാസം നേടുന്നതിലൂടെ സ്ത്രീകൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, തങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്താനും കഴിയുമെന്ന സന്ദേശം നൽകുന്നു. ഇന്ദുലേഖ എന്ന കഥാപാത്രം തന്നെ അതിന് ഉദാഹരണമാണ്.
സ്ത്രീശാക്തീകരണത്തെ കുറിച്ച് ഇന്നും നമ്മൾ കൂടുതൽ ഗൗരവപൂർവ്വം ചർച്ചകൾ തുടരുമ്പോൾ തന്നെ, 1889-ൽ ഇന്ദുലേഖ തന്റെ സ്വത്വ ബോധം തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനം എടുത്തിരുന്നു എന്നത് എത്ര അത്ഭുതകരമാണ്. എന്നിട്ട് നമ്മൾ ഇന്നും ഒട്ടും തന്നെ മുന്നോട്ട് പോവാതെ നിന്നിടത്ത് തന്നെ നില്ക്കുകയാണ് എന്ന ലജ്ജാകരമായ വസ്തുതയാണ് നമ്മൾക്ക് കണ്ടെത്താനാവുന്നത്.
വിദ്യാഭ്യാസം സമൂഹ മാറ്റത്തിനുതകും എന്ന സന്ദേശം, അന്നുൾക്കൊണ്ട സമൂഹത്തിൻ്റെ പിൻമുറക്കാരാണ് നാം എന്നതിനാൽ അതിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞവരാണ് നാമെന്നത് അല്പം സമാധാനത്തിന് പകയുള്ളത് തന്നെ. പക്ഷെ,
മതത്തിൻ്റെയും ജാതിയുടെയും പേരിൽ മനുഷ്യബന്ധങ്ങളെ വിഭജിക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമം ഇന്നും സമൂഹത്തിൽ കാണുമ്പോൾ, ഇന്ദുലേഖ തന്നെ നമ്മോട് നേരിട്ട് ചോദിക്കുന്നുണ്ട്: “136 വർഷം കഴിഞ്ഞിട്ടും നമ്മൾ മാറാത്തതെന്തേ” എന്ന്.
ജാതി, മതം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ നിലനിന്നിരുന്ന അന്ധമായ വിശ്വാസങ്ങളെയും അനാചാരങ്ങളെയും നോവൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രണയ വിവാഹത്തെക്കുറിച്ചുള്ള ഇന്ദുലേഖയുടെ കാഴ്ചപ്പാടുകൾ അക്കാലത്ത് വലിയ വിപ്ലവം തന്നെയായിരുന്നു.
ഭാഷാപരമായ പരിവർത്തനം:
ചന്തുമേനോന്റെ രചനാശൈലി വളരെ ലളിതവും എന്നാൽ ശക്തവുമാണ്.
പണ്ഡിതോചിതമായ ശൈലികളിൽ നിന്ന് മാറി, സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നോവൽ എഴുതാൻ അദ്ദേഹം മനസ്സിരുത്തിയിട്ടുണ്ട് എന്നത് സ്പഷ്ടം. സംഭാഷണങ്ങളിൽ തന്മയത്വവും ലാളിത്യവും നിലനിർത്തിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെയും സംഭാഷണങ്ങളെയും അദ്ദേഹം വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിന്റെയും വ്യക്തിപരമായ സ്വഭാവ സവിശേഷതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് അതിൻ്റെ നിർവ്വഹണം. ഉദാഹരണത്തിന്, പഞ്ചുമേനോന്റെ തനി നാടൻ ശൈലിയും മാധവന്റെയും ഇന്ദുലേഖയുടെയും ഇംഗ്ലീഷ് കലർന്ന സംഭാഷണങ്ങളും അക്കാലത്തെ സാമൂഹിക വൈവിധ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
പക്ഷെ, പുതുകാല നോവലുകളിലൂടെ അനായാസം കടന്ന് പോകുന്നത് പോലെ അത്ര എളുപ്പമല്ല ഇതിൻ്റെ പാരായണപരത എന്നും പറയേണ്ടിയിരിക്കുന്നു. എങ്കിലും ഭാഷാപരമായ ലാളിത്യം സാധാരണക്കാരെയും ഈ പുസ്തകത്തിലേക്ക് ആകർഷിക്കാനുതകും വിധം സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് അംഗീകരിച്ചേ ഒക്കൂ. അക്കാലത്ത് അത്രയെങ്കിലുമൊക്കെ ചെയ്യാനായി എന്നത് തന്നെ അഭിനന്ദനാർഹമാണ്.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നോവലിൽ ഉടനീളം കാണാം. മാധവന്റെ വ്യക്തിത്വത്തിൽ വിദ്യാഭ്യാസം ചെലുത്തിയ സ്വാധീനം വ്യക്തമാണ്. ഇത് പുതിയ ചിന്താഗതികളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്നു.
ഇന്ദുലേഖ മലയാള സാഹിത്യത്തിൽ ഒരു പുതിയ വഴിവെട്ടിത്തുറന്നു. അതിനുശേഷം നിരവധി നോവലുകൾ മലയാളത്തിൽ ഉണ്ടായി. ഈ നോവൽ ഒരു സാമൂഹിക രേഖ കൂടിയാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളീയ സമൂഹം കടന്നുപോയ പരിവർത്തനങ്ങളുടെയും നവോത്ഥാന ചിന്തകളുടെയും ഒരു ചിത്രം അത് നൽകുന്നു.
ഇന്നും ഇന്ദുലേഖയുടെ പ്രസക്തി കുറഞ്ഞിട്ടില്ല. ആധുനിക സമൂഹത്തിലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പല വെല്ലുവിളികളെയും ഈ നോവൽ മുൻകൂട്ടി കണ്ടു. വിദ്യാഭ്യാസം നേടാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന സന്ദേശം ഇന്നും പ്രസക്തമാണ്.
ഇന്ദുലേഖ വെറുമൊരു നോവൽ മാത്രമല്ല, അത് ഒരു കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. മലയാളിയുടെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിച്ച ഒരു മഹത്തായ സാഹിത്യ സൃഷ്ടി. അതുകൊണ്ട് തന്നെ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇന്ദുലേഖ.
മലയാള നോവൽ സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകിയ, കാലത്തെ അതിജീവിച്ച ക്ലാസിക് കൃതിയാണ് ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖ എന്ന് പറഞ്ഞാൽ അത് വെറും മേനി പറച്ചിലായി മാറുമോ എന്നാണ് സംശയിക്കേണ്ടി വരുന്നത്. കാരണം .......
(ഇന്ദുലേഖയെ സംബന്ധിക്കുന്ന ഏറെ പ്രാധാന്യമുള്ള ഒരു ഭാഗമാണ്
താഴെ കൊടുത്തിരിക്കുന്നത്. അത് വിക്കി പിഡിയയിൽ നിന്നും കടം കൊണ്ടതാണ്.)
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാത്തതുകൊണ്ട് ചന്തു മേനോൻ സ്വന്തമായാണ് അച്ചടിച്ച് പുറത്തിറക്കിയത്.1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നൂ. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപെട്ടിടുണ്ട്. നോവലിന്റെ പ്രാധാന്യം മനസ്സിലാക്കി പല പത്രങ്ങളിലും നിരുപണങ്ങൾ പ്രസദ്ധികരിക്കപ്പെട്ടു . 1890 ൽ നോവലിന്റെ രണ്ടാം പതിപ്പും പ്രസിദ്ധികരിച്ചു. ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.
ഇന്ദുലേഖയ്ക്ക് പ്രധാനമായും മൂന്ന് ഇംഗ്ലീഷ് വിവർത്തനങ്ങളാണ് വന്നിട്ടുള്ളത്: 1890-ൽ മലബാർ കലക്ടറായിരുന്ന ഡബ്ല്യൂ. ഡ്യൂമർഗിന്റെ വിവർത്തനവും (Indulekha: A Novel from Malabar ) 1979 ലെ ആർ. ലീലാദേവിയുടെ വിവർത്തനവും 1995-ലെ അനിതാ ദേവസ്യയുടെ വിവർത്തനവും.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത യഥാർഥ ഇന്ദുലേഖയുടെ ഒന്നാം പതിപ്പിൽ നിന്ന് നോവലിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന രീതിയിൽ വെട്ടിത്തിരുത്തലുകൾ നടന്നതായുള്ള തെളിവുകളും യഥാർഥ ഇന്ദുലേഖയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് തയ്യാറാക്കിയിരുന്നു.
കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണെന്നാണ് ഇത് കണ്ടെത്തിയ ഡോ. പി.കെ. രാജശേഖരൻ, ഡോ. പി. വേണുഗോപാലൻ എന്നിവരുടെ അഭിപ്രായം. കഥാന്ത്യത്തിൽ നോവലിസ്റ്റ് ഒ. ചന്തുമേനോൻ നിർവഹിച്ച ചരിത്ര പ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായി ഇവർ ആരോപിക്കുന്നു.
ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു എന്ന ഭാഗവും വികലമാക്കിയതായും നോവലിന്റെ തുടക്കത്തിൽ കഥാപാത്രങ്ങളുടെ ബന്ധം പ്രസ്താവിക്കുന്ന പ്രധാനഭാഗം വെട്ടിമാറ്റപ്പെട്ടതായും ഇവർ പറയുന്നു.
ഒന്നാം പതിപ്പിലെ അവസാന അധ്യായമായ ‘കഥയുടെ സമാപ്തി’ യിലെ അവസാനത്തേതിനു തൊട്ടുമുൻപുള്ള ഖണ്ഡികയിൽ ‘ഇംക്ലീഷ പഠിച്ച ഇംക്ലീഷ സമ്പ്രദായമാവുന്നതകൊണ്ട നുമ്മടെ നാട്ടുകാരായ സ്‌ത്രീകൾക്ക അത്യാപത്ത വരുന്നു എന്ന കാണിപ്പാൻ ഇയ്യടെ വടക്കെ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്‌തകം എഴുതീട്ടുണ്ട’ എന്നാണ് ചന്തുമേനോൻ എഴുതിയിരുന്നത്. പിന്നീട് ഈ പരാമർശം ഒഴിവാക്കപ്പെട്ടു.
ആ നിലക്ക് ആദ്യ പതിപ്പിൽ 498 പേജുകൾ ഉണ്ടായിരുന്ന ഈ പുസ്തകം 220 പേജിലേക്ക് ചുരുങ്ങിയപ്പോൾ ഈ ക്ലാസ്സിക് കൃതി എത്ര മാത്രം വികലമാക്കപ്പെട്ടിട്ടുണ്ടാകാം എന്ന് നമ്മൾക്ക് ഊഹിക്കാവുന്നതേയുള്ളു. എന്നാൽ, ഇതൊരു സംക്ഷിപ്ത പതിപ്പാണെന്ന് പുസ്തകത്തിലൊരിടത്തും പറഞ്ഞിട്ടുമില്ല.
