21 October 2025 · 10 min read · കഥ

ഉമ്മുമ്മപ്പാലം

 ​#പിഎസ്_റഫീഖ് #ഉമ്മുമ്മപ്പാലംകടന്നഎപ്പി #പുസ്തക_ആസ്വാദനം #മലയാളസാഹിത്യം #അനുഭവക്കുറിപ്പുകൾ 

#പുതിയവായന

വിശപ്പിന്റെയും, വാത്സല്യത്തിന്റെയും, വിചിത്ര കാഴ്ചകളുടെയും 'ഉമ്മുമ്മപ്പാലം കടന്ന എപ്പി' – 

പി.എസ്. റഫീഖിന്റെ ഹൃദയം കൊളുത്തിവലിക്കുന്ന അനുഭവക്കുറിപ്പുകൾ!

​മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും ഭാവുകത്വത്തിൽ ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നർത്ഥമുള്ള  'ആമേൻ' പറഞ്ഞുകൊണ്ട് കടന്നുവന്ന പ്രതിഭയാണ് പി.എസ്. റഫീഖ്. തിരക്കഥാകൃത്ത്, കഥാകാരൻ, ഗാനരചയിതാവ് എന്നീ നിലകളിൽ അദ്ദേഹത്തിന്റെ രചനാവൈഭവം മലയാളികൾ കണ്ടതാണ്/ വായിച്ചും കേട്ടും ആസ്വദിച്ചതാണ്. 'ആമേൻ' എന്ന സിനിമ, കാല്പനികത നിറഞ്ഞ ഒരു പുതിയ സിനിമാ ഭാഷ്യം സമ്മാനിച്ചുവെങ്കിൽ, റഫീഖിന്റെ തൂലിക, കഥാപ്രപഞ്ചത്തിലേക്ക് തുറന്ന താക്കോലായിരുന്നത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് നിസ്സംശയം പറയാം.

2022ൽ പുറത്തിറങ്ങിയ പി.എസ്. റഫീഖിൻ്റെ ഉമ്മൂമ്മപ്പാലം കടന്ന എപ്പി എന്ന ആത്മാഖ്യാനത്തിൻ്റെ ഒരു എളിയ വായനാനുഭവമാണ് ഇവിടെ കുറിക്കുന്നത്. തന്റെ തലച്ചോറിലെ ചുരുളുകളിൽ  കഥാസന്ദർഭങ്ങളെ നിക്ഷേപിച്ച വ്യക്തികളെ നന്ദിയോടെ സ്മരിക്കുന്നതായി പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ പുസ്തകത്തിൻ്റെ എഴുത്തിലേക്ക് കടക്കുന്നത്. ആ വ്യക്തികൾ അദ്ദേഹത്തിന് നൽകിയ ജീവിതത്തിന്റെ താളവും ഒഴുക്കുമാണ് ഈ അനുഭവക്കുറിപ്പുകളിലെ ഓരോ വരിയിലും അലയടിക്കുന്നതെന്ന് അദ്ദേഹം പറയുന്നത് അത്രയും വിനയത്തോടും ബോദ്ധ്യത്തോടെയുമുള്ള ഭാഷയിലാണ്. ഇതിലെ അദ്ധ്യായങ്ങളോരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കഥകളായിട്ടല്ല. മറിച്ച് താൻ ജനിച്ചു വീണ മണ്ണിൽ നിന്നു പൊട്ടി മുളച്ച് വന്ന കരളുലയ്ക്കുന്ന അനുഭവങ്ങളാണെന്ന് റഫീഖ് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഭാവനയിൽ നിന്ന് കൊണ്ട് മാത്രം കഥകൾ പറയുന്നവരുണ്ട്. ജീവിതത്തിൻ്റെ പൊള്ളലുകൾ നേരിട്ട് തൊട്ടറിഞ്ഞു എഴുതുന്നവരുമുണ്ട്. പക്ഷേ പി.എസ്. റഫീഖ് ഇതിന് രണ്ടിനും നടുവിൽ നിൽക്കുന്ന ഒരാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉമ്മൂമ്മപ്പാലം കടന്ന എപ്പി എന്ന അനുഭവക്കുറിപ്പുകളിൽ, അദ്ദേഹം ജീവിതത്തിൻ്റെ നിസ്സാരതയും മനുഷ്യകഥകളുടെ മാംസളതയും മിശ്രിതമാക്കിയിരിക്കുന്നു; വായനക്കാരൻ്റെ ഉള്ളിൽ ആഴത്തിൽ തിരയടിക്കുന്ന തരത്തിൽ.

​​റഫീഖ് ജീവിതത്തെ നിർവചിക്കുന്നത് 'മനുഷ്യനെന്നാൽ വിശപ്പും അന്നവും മരണവുമാണ്' എന്ന തീവ്രമായ ഒറ്റ വാക്യത്തിലാണ്. ഈ വാക്കുകളുടെ ആഴം, തുടർന്ന് വരുന്ന ജീവിതചിത്രീകരണങ്ങളിൽ വ്യക്തമാവുന്നുണ്ട്. ഇല്ലായ്മയുടെ പടുകുഴിയിൽ നിന്നുകൊണ്ട് തന്നെ, മനുഷ്യൻ അവന്റെ സഹജീവികളോടുള്ള നീതി എങ്ങനെയാണ് ഉദാത്തമായ സ്നേഹമാക്കി മാററി നടപ്പാക്കുന്നത് എന്ന് ഈ കുറിപ്പുകൾ പറഞ്ഞുതരുന്നു.

​രാത്രി നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തുന്ന ഉപ്പയുടെ കൂടെ വിദൂര ദേശങ്ങളിൽ നിന്ന് വന്ന് പള്ളിയിൽ തമ്പടിക്കുന്ന ഫക്കീറന്മാരായ അതിഥികൾ പതിവായിരുന്നു. ഉപ്പാക്ക് വേണ്ടി പകർന്ന് വെച്ച കഞ്ഞിപ്പാത്രത്തിന് ചാരെ, കഞ്ഞിക്കലത്തിൻ്റെ അടിയിൽ മാത്രം ബാക്കിയുള്ള ആഴക്ക് വറ്റിനെയോർത്തിരിക്കുന്ന ഉമ്മയുടെ ചിത്രം റഫീഖ് വരച്ചിടുമ്പോൾ, അത് ഒരു ദൃശ്യാനുഭവമായി വായനക്കാരന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്നുണ്ട്. ഒടുവിൽ ആ കഞ്ഞി പോലും, വന്നുകേറിയവന്റെ പശിയടക്കാനായി ഉമ്മ കൊടുക്കുമ്പോൾ, ആ മുഖത്ത് വിടരുന്ന സംതൃപ്തി വായനക്കാരന്റെ മുഖത്തേക്ക് സംക്രമിക്കുന്നത് ഒരു വിഷാദച്ഛവിയായിട്ടാണ്. ഒരു നിമിഷം കണ്ണുകൾ നിറഞ്ഞുപോകുന്നതാണ് ആ കാഴ്ച. പട്ടിണി കിടക്കുന്നവന്റെ മുന്നിൽ സ്വന്തം വിശപ്പ് പോലും മാറ്റിവെച്ച്, തൃപ്തി നേടുന്ന ഒരു 'ഉമ്മ'യെ കണ്ടെത്തുമ്പോൾ,  ആ മനസ്സിന്റെ ഉദാത്തമായ അവസ്ഥയെയാണ് തൊട്ടറിയാനാകുന്നത്. ഈ ദാരിദ്ര്യത്തിലും, പങ്കു വെക്കൽ പോലുമല്ലാതെ, ഉള്ളതത്രയും കൊടുക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നതിൻ്റെ  ആത്മീയത, സ്വയം ത്യജിച്ച് മറ്റൊരാൾക്ക് നൽകുക എന്ന ഉന്നതമായ ഭാവത്തെയാണ് അടയാളപ്പെടുത്തുന്നതും.

അത് അനുവാചകനെ അത്രത്തോളം മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്.
എന്നാൽ അതിനായി റഫീഖ് ഇവിടെ ഒരു ചിത്രരചനയും നടത്തുന്നില്ല; മറിച്ച് വായനക്കാരന്റെ മുന്നിൽ ഉമ്മയുടെ മനസ്സിനെ തന്നെ വിസ്തരിക്കുകയാണ്.

അവിടെ ഉമ്മ വെറും ഉമ്മയല്ല, അത് “മാതൃത്വം” എന്ന പ്രപഞ്ചതത്ത്വമാണ്. കഞ്ഞിപ്പാത്രത്തിനടിയിൽ കിടക്കുന്ന

ഒരു ചെറിയ വറ്റു പോലും മറ്റൊരാളുടെ വിശപ്പടക്കാൻ ഉപയോഗിക്കാമെന്ന കരുതൽ, ഇന്നത്തെ സ്വാർത്ഥ ലോകത്തിന്റെ പ്രതിപ്രവർത്തനമെന്ന പോലെ ഉയർന്നു നില്ക്കുന്നു. അതുകൊണ്ടാണ് ഈ താളുകൾ പറയുന്നത് ഇത് ഒരു അമ്മയെപ്പറ്റിയുള്ള ഓർമ്മ മാത്രമല്ലെന്നും  മറിച്ച് മനുഷ്യനാകാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചുള്ള സാക്ഷ്യം കൂടിയാണെന്ന് നമുക്ക് തിരിച്ചറിയാനാകുന്നതും.

​​റഫീഖിന് ആദ്യാവസാനം ലോകത്തെ തുറന്നു കാണാനുള്ള താക്കോൽ നൽകിയത് ഇതേ ഉമ്മ തന്നെയാണ്. ആ താക്കോലിട്ട് തുറന്നപ്പോൾ കണ്ടതത്രയും വിചിത്രമായതും, അത്യന്തം ദുഃഖകരമായതുമായ കാഴ്ചകളായിരുന്നു. റഫീഖ് പങ്കുവെക്കുന്ന ജീവിതത്തിന്റെ വൈവിധ്യവും, വൈചിത്ര്യതയും, അതിലെ വേദനകളും സൗന്ദര്യങ്ങളും ഈ താക്കോലിട്ട് തുറന്ന വാതായനങ്ങളിലൂടെയാണ് അയാൾ കണ്ടറിഞ്ഞത്. അതിലേറിയ പങ്കും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു.

​ഇതിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയ ഒരു അധ്യായമാണ് ദളിതനായ സിദ്ധാർത്ഥനെയും അമ്മയെയും കുറിച്ചു ള്ളത്. 

മനുഷ്യനെപ്പറ്റി അദ്ദേഹം പറയുമ്പോൾ അത്രയും ലളിതമായൊരു വാചകം , “മനുഷ്യനെന്നാൽ വിശപ്പും അന്നവും മരണവുമാണ്.”

അത് തന്നെയാണ് ഈ പുസ്തകത്തിൻ്റെ ത്രിമാനബോധം. വിശപ്പിൻ്റെ ആഴം, അന്നത്തിൻ്റെ ദൗർലഭ്യത, മരണത്തിൻ്റെ അനിവാര്യത — ഇവയുടെ ഇടയിലായി പിടഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യൻ്റെ ആത്മാവിലേക്കാണ്  റഫീഖ് ഉറ്റു നോക്കുന്നത്.

'പാത്രം നിറയുന്നത് തുള്ളികളായാണ്' എന്ന സിദ്ധാർത്ഥനെന്ന ഗൗതമ ബുദ്ധന്റെ തത്വാധിഷ്ഠിതമായ വാചകങ്ങളെക്കുറിച്ച്  ഈ പുസ്തകത്തിലെ സിദ്ധാർത്ഥൻ്റെ അമ്മക്ക് എന്തറിയാനാണ് എന്ന് നമ്മൾ ചിന്തിച്ചേക്കും.  എങ്കിലും ആ സങ്കല്പത്തെ റഫീഖ് അവരുടെ ജീവിതത്തിൽ പുനർസൃഷ്ടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ദളിതയായതു കൊണ്ടും ദരിദ്രയായത് കൊണ്ടും സ്വന്തം ജീവിതത്തിൽ നിറഞ്ഞു കാണാനാവാത്ത സമൃദ്ധിയെ സ്വന്തമാക്കാനായിട്ടെന്നോണം സിദ്ധാർത്ഥന്റെ അമ്മ തന്റെ കൂരക്കകത്തെ പാത്രങ്ങളിൽ പൊതുടാപ്പിൽ നിന്നെടുക്കുന്ന വെള്ളം എന്നും നിറച്ചു വെയ്ക്കുന്നുണ്ട്. 

വെള്ളം പാത്രങ്ങളിൽ നിറച്ച് വെയ്ക്കുന്ന ആ സ്ത്രീക്ക് തത്വങ്ങൾ എന്താണെന്ന് പോലും അറിയില്ലായിരിക്കാം; പക്ഷേ അവരുടെ ജീവിതം അവരറിയാതെ തന്നെ ഒരു സിദ്ധാർത്ഥതത്ത്വം ആയി മാറിയിരിക്കുകയാണിപ്പോൾ.

അവരുടെ ആവർത്തിത പ്രവൃത്തികളിൽ കാണുന്ന അർത്ഥരാഹിത്യവും അതിൽ നിന്ന് അവർക്ക് ലഭ്യമാവുന്ന മന:സമാധാനവുമാണ് ആ മനുഷ്യജീവിതത്തിന്റെ വിചിത്രത. അതിലൂടെ കടന്ന് പോവുമ്പോൾ നമുക്ക് മനസ്സിലാവുന്നത് ഇത്രയും ഭാവുകത്വം ഒരു സാധാരണ ജീവിതത്തിൽ കണ്ടെത്താനുള്ള കഴിവാണ് ഒരു എഴുത്തുകാരനെ നിർമ്മിക്കുന്നതെന്ന് തന്നെയാണ്.     

എന്നിട്ട്, ഒന്നും സംഭവിക്കാത്ത പോലെ പിറ്റേന്ന് ആ വെള്ളമത്രയും ഒഴുക്കിക്കളഞ്ഞ് അതേ പ്രവൃത്തി ആവർത്തിക്കുന്നത് അവരുടെ ജീവിതം അവർക്ക് നേരെ നീർത്തിക്കാണിക്കുന്ന അർത്ഥരാഹിത്യത്തിന്റെ പ്രതീകമായി കാട്ടിത്തരികയാണ് എഴുത്തുകാരൻ. അതോ, മുജ്ജന്മത്തിലെ ഏതോ സ്ഥലരാശികളിൽ നിന്നും അജ്ഞാതമായ ചരടുകളാൽ അവർ നിയന്ത്രിക്കപ്പെടുന്നതിൻ്റെ സൂചനകളാകുമോ അതൊക്കെയും? ഇപ്പോൾ ബുദ്ധന്റെ തത്ത്വചിന്തയെ തികച്ചും വിപരീതമായി വ്യാഖ്യാനിക്കുന്ന ഈ ദൃശ്യങ്ങൾ, ഇല്ലായ്മയുടെയും ജാതീയമായ വേർതിരിവുകളുടെയും വേദനയിൽ ഉഴലുന്ന ഒരു മനസ്സിന്റെ നിസ്സഹായതയാണ്. സമൃദ്ധി ആഗ്രഹിക്കുകയും, എന്നാൽ അത് സ്വന്തമാക്കാൻ കഴിയാതെ വരുമ്പോൾ, ആ 'ഇല്ലായ്മയെ' തന്നെ ഒരു പ്രവൃത്തിയിലൂടെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിൻ്റെ ഒരു ദയനീയ ചിത്രം. സകല സുഖങ്ങളെയും ത്യജിച്ച് സിംഹാസനം പോലും വെടിഞ്ഞ് ഇറങ്ങിപ്പോയ സിദ്ധാർത്ഥന്റെ പുനർജന്മമായിരിക്കുമോ റഫീഖ് കാണിച്ച് തരുന്ന ഈ പുതുജീവിതം? അപ്രാപ്യമായ ശാന്തി തേടുന്നതിനായി അർത്ഥമില്ലാത്ത വഴികളിലൂടെയാവുമോ സിദ്ധാർത്ഥൻ്റെ അമ്മ സഞ്ചരിച്ചിരുന്നത്! ഇവിടെ റഫീഖിന്റെ നിരീക്ഷണങ്ങൾ വായനക്കാരന്റെ ചിന്തകളെ പല വഴികളിലേക്ക് തിരിച്ചുവിടുന്നു.

​​ഈ അനുഭവക്കുറിപ്പുകളിലെ ഏറ്റവും തീക്ഷ്ണമായ മറ്റൊരു ഭാഗം, 'ഉമ്മ' എന്ന മൃദലവികാരത്തെ ഉദാത്ത തലത്തിൽ നിറുത്തിക്കൊണ്ട്, ഇല്ലായ്മയുടെ വറുതിയിൽ പോലും ഉമ്മയോട് പുലർത്തേണ്ട നീതിയോട് സന്ധി ചെയ്യാൻ തയ്യാറാവാഞ്ഞതിൻ്റെ കരളലിയിക്കുന്ന സന്ദർഭങ്ങളാണ്.

​മരണാസന്നയായ ഉമ്മയെ ശുശ്രൂഷിക്കേണ്ടി വരുമ്പോൾ, ഗർഭിണിയായ തൻ്റെ ഭാര്യക്ക് അതിന് കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയും വേവലാതിയും റഫീഖിനെ അലട്ടുന്നുണ്ട്. ഏതൊരു പെണ്ണിനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കഠിനകൃത്യത്തിന്, അതായത് സ്വന്തം ഉദരത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കേണ്ടി വരുന്ന അവസ്ഥയിലേക്ക്, ഭാര്യ ഭർത്താവിൻ്റെ നിർദ്ദേശത്തിന് വഴങ്ങുന്നത് ഭർതൃമാതാവിനോടുള്ള കടമ പൂർത്തിയാക്കാൻ വേണ്ടിയാണ്. 

ഈ സന്ദർഭം, 'മാതാവിനോളം പ്രാധാന്യം മറ്റൊന്നിനുമില്ല' എന്ന പ്രഖ്യാപനമാണ് റഫീഖ് മുന്നോട്ട് വെക്കുന്നതെങ്കിലും പുരുഷ കേന്ദ്രിതമായ ഒരു തീരുമാനം മാത്രമായി അതിനെ കാണേണ്ടി വരുന്നത് അത്യന്തം ദുഃഖകരമാണ്. ഏതൊരവസ്ഥയിലും മാതാവിനോടുള്ള നീതിയുടെ പ്രാധാന്യം എത്രത്തോളമാവണമെന്ന് ഈ ഭാഗം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ഒരു മനുഷ്യന് ജീവിതത്തിൽ എടുക്കേണ്ടി വരുന്ന ഏറ്റവും കഠിനമായ തീരുമാനത്തെയും, അതിന്റെ പിന്നിലെ മാനുഷികവും ധാർമ്മികവുമായ സമ്മർദ്ദങ്ങളെയും റഫീഖ് തുറന്നു കാട്ടുന്നത് ഒരു തരം നിസ്സഹായാവസ്ഥയിലൂടെയാണ്. ഇത് വെറും ഒരു വ്യക്തിപരമായ അനുഭവമല്ല, മറിച്ച്, ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ചുള്ള ഒരു സാമൂഹിക പ്രസ്താവനയാണ്.

പുതിയൊരദ്ധ്യായത്തിൽ തന്റെ തട്ടകമായ കൊടുങ്ങല്ലൂരിന്റെ പ്രാചീന ചരിത്രങ്ങളിലൂടെ അദ്ദേഹം നടത്തുന്ന യാത്ര, വെറുമൊരു ഭൂതകാല സ്മരണയല്ല. അത് പോർച്ചുഗീസുകാരുടെയും, റോമാക്കാരുടെയും, ബ്രിട്ടീഷ് ഭരണത്തിന്റെയും കാലങ്ങളിലൂടെയുള്ള ഒരു സാംസ്‌കാരിക പുനർവായനയാണ്. ഈ യാത്ര പുതിയ കാലത്തിൽ എത്തിച്ചേരുമ്പോൾ, അവിടെ പി. ഭാസ്‌കരനും, സച്ചിദാനന്ദനും, നാസിമുദ്ദീനും, ഗോപീകൃഷ്ണനും, സബാസ്റ്റ്യനും പോലുള്ള സർഗ്ഗധനരായ വ്യക്തികളെ അദ്ദേഹം കണ്ടെത്തുന്നു. കൊടുങ്ങല്ലൂരിന്റെ മാനം കാക്കാൻ പിറവിയെടുത്തവരായി, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും കൊച്ചുണ്ണി തമ്പുരാന്റെയും പിൻഗാമികളായി റഫീഖ് ഇവരെ അടയാളപ്പെടുത്തുന്നു.     റഫീഖ് തന്റെ നാട്ടിനെ വെറും പശ്ചാത്തലമായി ഉപയോഗിക്കുന്നതല്ല; മറിച്ച്, കൊടുങ്ങല്ലൂർ തന്നെയാണ് ഇവിടെ ജീവിച്ചിരിക്കുന്ന കഥാപാത്രം. അത് അദ്ദേഹത്തിന്റെ ഓർമ്മകളിൽ എപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മിത്താണ്.

നാസിമുദ്ദീൻ്റെ “കല്ല്” എന്ന കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം വായിക്കുമ്പോൾ തോന്നും ഭാഷയുടെ ജാതിഭേദം പോലെ അതിൻ്റെ ശബ്ദത്തിനും വേരുകൾ ഉണ്ടെന്ന്. നാസിമുദ്ദീൻ കണ്ടെത്തിയ ആ ഭാഷാപ്രാക്തനത, റഫീഖ് തന്റെ എഴുത്തിൽ വീണ്ടും പുതുക്കുന്നു. കൂട്ടത്തിൽ, കവിതയിൽ നിന്നും ഭാഷയുടെ നിഷ്‌കളങ്കതയെ, കാലാതീതമായ ശക്തിയെ വായിച്ചെടുക്കാൻ കഴിയുന്നുവെന്ന് പറയുമ്പോൾ, റഫീഖ് ചെയ്യുന്നത് കവിതയുടെ വെറുമൊരു വായനയല്ല, മറിച്ച് തന്റെ ദേശത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ആ കവിക്കുള്ള സ്ഥാനം കൂടി ഉറപ്പിക്കുകയാണ്. ഓരോ ദേശവും അതിന്റെ എഴുത്തുകാരിലൂടെയും കവികളിലൂടെയുമാണ് സംസാരിക്കുന്നത്. കൊടുങ്ങല്ലൂർ എന്ന തുറമുഖനഗരം, അതിന്റെ എല്ലാ മഹത്വത്തോടും കൂടി, ഈ എഴുത്തുകാരനിലൂടെ വീണ്ടും എഴുതപ്പെടുകയാണ്.

ഓർമ്മകളുടെ ഈ പുസ്തകത്താളുകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങൾ, റഫീഖിന്റെ ജീവിതയാത്രയുടെ ദിശ നിർണ്ണയിച്ചവരാണ്. ചരിത്രപരമായ ഭാഷ്യങ്ങളുടെ മധ്യത്തിൽ നിന്നുകൊണ്ട്, "ചരിത്രരാഹിത്യമാണ് റഫീഖിന് ഇണങ്ങുക" എന്ന് വിളിച്ചു പറഞ്ഞ ടി.എൻ. ജോയ് എന്ന നക്‌സലൈറ്റ് നേതാവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ഒരു നക്‌സലൈറ്റ് നേതാവിൽ നിന്ന് ഒരു എഴുത്തുകാരൻ കേൾക്കുന്ന ഈ വിമർശനത്തിന് ആഴമേറിയ ഒരർത്ഥമുണ്ട്. ചരിത്രത്തെ കേവലമായ രേഖപ്പെടുത്തലായി കാണാതെ, അതിനെ നിഷേധിച്ച്, സ്വയം ഒരു ചരിത്രമായി മാറാനുള്ള ഒരു വെല്ലുവിളിയായിരിക്കാം അത്. അതല്ലെങ്കിൽ, സ്ഥാപിത ചരിത്രസത്യങ്ങളെ തകർത്ത്, സാധാരണക്കാരന്റെ കാഴ്ചപ്പാടിലൂടെ പുതിയൊരു ഭാവനയുടെ ലോകം സൃഷ്ടിക്കാനുള്ള പ്രേരണയായിരിക്കാം. 

ജോയ് എന്ന മനുഷ്യൻ റഫീഖിന്റെ കൗമാരത്തിൽ ഉണ്ടാക്കിയ സ്വാധീനം നിസ്സാരമായിരുന്നില്ല. ​അതുപോലെ, റഫീഖിന്റെ കൗമാര കാലത്ത് ഗ്രാമത്തിലൂടെ അലഞ്ഞുനീങ്ങിയ സിദ്ദിഖ് എന്ന 'അവധൂതൻ'. പലപ്പോഴും, കലാകാരന്മാരുടെ ജീവിതത്തിൽ, സമൂഹത്തിന്റെ സാധാരണ യുക്തികൾക്ക് പുറത്ത് സഞ്ചരിക്കുന്ന ഇങ്ങനെയുള്ള വ്യക്തികൾ വലിയ സ്വാധീനം ചെലുത്താറുണ്ട്. ലോകത്തെ അതിന്റെ നിഷ്‌കളങ്കമായ, എന്നാൽ അസ്വസ്ഥജനകമായ രൂപത്തിൽ കണ്ടറിയാൻ സിദ്ദിഖ് പോലുള്ളവർ റഫീഖിനെ സഹായിച്ചിരിക്കാം. ഒരുപക്ഷേ, ഈ അവധൂതൻ റഫീഖിന് നൽകിയ പാഠം, ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും, അതിലെവിടെയും അതിരുകളില്ല എന്നുമാകാം. ഈ പുസ്തകത്താളുകളിൽ നിറഞ്ഞു തൂവുന്ന ഇത്തരം നിരവധിയാളുകൾ, റഫീഖിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

എഴുത്തുകാരൻ്റെ ബാല്യവും കൗമാരവും നമ്മൾ വായിക്കുമ്പോൾ, അവിടെ വ്യക്തിപരമായ ഓർമ്മകൾക്ക് അപ്പുറം ഒരു കാലഘട്ടത്തിൻ്റെ സമൂഹ മനസ്സും നമ്മുക്ക് കാണാനാവുന്നു. മതപരമായ, വിശ്വാസത്തിലൂന്നിയ യുക്തിരാഹിത്യം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥകൾ കേട്ടുവളർന്ന ബാല്യം ഈ എഴുത്തുകാരന് ലഭിച്ച ഏറ്റവും വലിയ മുതൽക്കൂട്ടായിരുന്നിരിക്കണം. പേടിയും, അത്ഭുതവും, അന്ധവിശ്വാസങ്ങളും, ഭക്തിയും ഇടകലർന്ന ആ അന്തരീക്ഷത്തിൽ നിന്നാണ് റഫീഖ് എന്ന കഥാകാരൻ സ്വയം രൂപപ്പെടുന്നത്. കഥ പറച്ചിലിന്റെ പ്രാഥമിക പാഠങ്ങൾ അദ്ദേഹം പഠിച്ചത് ആ പേടിപ്പെടുത്തുന്ന രാത്രികളിലും, വിശ്വാസത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നുമാകാം. അവിടെ നിന്നും സ്വയം കഥപറച്ചിലിലേക്ക് വളരാനിടയായ സാഹചര്യങ്ങൾ, ഒരു കലാകാരന്റെ തുടക്കം എങ്ങനെയായിരുന്നു എന്ന് നമ്മെ പഠിപ്പിക്കുന്നു.

​ഈ ഓർമ്മകൾക്കൊപ്പം, സിനിമയോടുള്ള അടങ്ങാത്ത ആഭിമുഖ്യം ഒരു സമാന്തരധാരയായി ഒഴുകുന്നുമുണ്ട്. ഒരു തിരക്കഥാകൃത്തായി അദ്ദേഹം മാറിയതിൽ ഈ അഭിനിവേശം വഹിച്ച പങ്ക് വളരെ വലുതാണ്. സിനിമ കണ്ടിട്ടില്ലാത്ത പിതാവ്, മകന്റെ ഈ അടങ്ങാത്ത മോഹത്തിന് പരോക്ഷമായെങ്കിലും സപ്പോർട്ട് ചെയ്തിരുന്നു എന്ന ഓർമ്മ, സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ നിർവചനമാണ്. പിതാവ് സിനിമ കണ്ടിട്ടില്ലെങ്കിലും, മകന്റെ കണ്ണുകളിൽ തിളങ്ങിയിരുന്ന  സ്വപ്നത്തെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മകന്റെ ഭാവനയ്ക്ക് അദ്ദേഹം തടസ്സം നിന്നില്ല. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ പിന്തുണയും സ്വാതന്ത്ര്യവും അതാണ്.

റഫീഖിൻ്റെ പുസ്തകം പതിനഞ്ച് അദ്ധ്യായങ്ങളിലായി നിവരുമ്പോൾ, അത് വെറും അനുഭവക്കുറിപ്പല്ല; അത് ഒരു തലമുറയുടെ ആത്മപരിശോധനയായാണ് നമ്മെ സ്പർശിക്കുക. വായനക്കാരൻ ഓരോ അദ്ധ്യായത്തിലൂടെയും കടന്നുപോകുമ്പോൾ, ഒരു വിധ ആത്മസ്മരണയുടെ യാത്രയാണ് നേരിടുന്നത്. ഗ്രാമത്തിലെ ചിരികളും വേദനകളും, മഴ നനഞ്ഞ വഴികളിലെ ഓർമകളും എല്ലാം അവിടെ പുനരാവിഷ്കൃതമാകുന്നു. 

റഫീഖ് പറയുന്ന കഥകളിൽ ധാരാളം ഇടങ്ങൾ നമുക്ക് സ്വയം കാണാൻ കഴിയുന്നവയാണ്. ഉമ്മൂമ്മപ്പാലത്തിനപ്പുറമുള്ള ബാല്യകാല കളികളും, പഠനത്തിനും കഥപറച്ചിലിനും ഇടയിലായി കടന്നു പോയ അവിശ്വസനീയമായ നിമിഷങ്ങളും  ഇതെല്ലാം നമുക്ക് സ്വന്തം ഓർമ്മകളായി തോന്നും.

അദ്ദേഹം പറയുന്ന വീട്ടകങ്ങളിലെ   രസകരമായ കഥകൾ, സഹോദരങ്ങൾക്കിടയിലെ നർമ്മം, ഉമ്മയുടെ ചിരിയും പിതാവിൻ്റെ നൈർമ്മല്യതയും ഇതെല്ലാം ഒരു  ദേശത്തിൻ്റെ പൂർണ്ണമായ മാനവരൂപം തന്നെയാണ്. പഴയ വീടുകളിൽ സജീവമായിരുന്ന ആ സരളതയും സ്വപ്നങ്ങളോടുള്ള അത്യന്തം നിഷ്കളങ്കമായ ബന്ധവുമാണ് പുസ്തകത്തിൻ്റെ സുഷിരങ്ങൾ നിറയ്ക്കുന്നത്.

റഫീഖ് എഴുത്തിലൂടെ പറയുന്നത് വെറും ഓർമ്മകളല്ല, മറിച്ച് ഒരു മാറുന്ന ഭാഷയുടെ കഥയാണ്. ഒരിക്കൽ നമുക്കു പാരമ്പര്യമായിരുന്ന വാക്കുകൾ, ഇന്നത്തെ തലമുറയുടെ നാവിൽ എങ്ങനെ അപ്രത്യക്ഷമാകുന്നു എന്ന ബോധം അദ്ദേഹത്തിന്റെ ഭാഷയുടെ അടിയിലൂടെ ഒഴുകിപ്പരക്കുന്നുണ്ട്. അതുകൊണ്ടാണ് “ഉമ്മൂമ്മപ്പാലം കടന്ന എപ്പി” വായിക്കുമ്പോൾ നമ്മുക്ക് തോന്നുന്നത്, നാം വായിക്കുന്നത് ഒരാളുടെ ജീവിതം മാത്രമല്ല, ഒരു നാട്ടിൻ്റെ ആത്മാവാണെന്ന്.

ഇന്ന്, തിരക്കഥാകൃത്ത് എന്ന നിലയിൽ കേരള സർക്കാർ അവാർഡ് നേടിയ റഫീഖ്, ആ ഉമ്മൂമ്മപ്പാലം കടന്ന ബാല്യത്തിൽ നിന്നു വളരെ ദൂരെയായിട്ടാണ് എത്തിയിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ എഴുത്തിൽ അത്രയും ദൂരം കടന്നുപോയയാളുടെ അഹങ്കാരം ഇല്ല; മറിച്ച് പഴയ വീടിൻ്റെ അഴകു പോലെ, ഒരു ശാന്തമായ വിനയമാണ് അവിടെ നിലനിൽക്കുന്നത്.

ഉമ്മൂമ്മപ്പാലം കടന്ന എപ്പി വായിച്ചുകഴിഞ്ഞാൽ നമ്മുക്ക് തോന്നും  കഥകൾക്ക് നമ്മൾ പിറവി കൊടുക്കുന്നത് പോലെ നാം കഥകളിൽ പിറക്കുന്നുമുണ്ടെന്ന്. റഫീഖ് തന്റെ ജീവിതം പറഞ്ഞ് വെക്കുകയായിരുന്നില്ല; മറിച്ച് നമ്മുടെ ജീവിതങ്ങൾക്കൊരു പ്രതിബിംബം നല്കിയിരിക്കുക മാത്രമാണിത്. കൊടുങ്ങല്ലൂരിൽ നിന്ന്, ബാല്യകാല പാതകളിൽ നിന്ന്, സ്വപ്നങ്ങളിലേക്കും സിനിമയിലേക്കും നീളുന്ന ആ യാത്ര, ഒരു എഴുത്തുകാരൻ്റെ വിജയയാത്ര മാത്രമല്ല; അത് നമ്മുടെ കാലത്തിൻ്റെ ആത്മയാത്രയാണ്.

എങ്കിലും റഫീഖ് ഇപ്പോഴും ഒരു സാധാരണക്കാരനായി അതേ ഗ്രാമപാതകളിലൂടെ നടന്ന് പോകുന്നവനാണെന്നത് എനിക്ക് അനുഭവം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻ്റെ കൈയിൽ ഒരു പേനയല്ല, മറിച്ച് ഒരു പ്രകാശരേഖയാണ്. ആ പ്രകാശം നമ്മളിലേക്കും പതിയുമ്പോൾ, നമ്മൾക്കു മനസ്സിലാവും ഈ ഭൂമിയും ഈ ഭാഷയും ഇത്ര മനോഹരമാക്കിയത് ഈ പ്രകാശം പരത്തിയ കഥകളാണെന്ന്.

റഫീഖിൻ്റെ ഈ പുസ്തകം, ഒരാളുടെ ജീവിതയാത്രയെ രേഖപ്പെടുത്തുന്നതിലുപരി, മലയാളികളുടെ സാമുഹ്യസ്മരണകളെയും കാലത്തിന്റെ കഠിനയാഥാർത്ഥ്യങ്ങളെയും ഒരുമിച്ച് ചുമക്കുന്ന ആത്മസാക്ഷ്യമായി തീരുന്നുവെന്നതാണ് യാഥാർത്ഥ്യം. മമ്മൂട്ടിയെപ്പറ്റി എഴുതുമ്പോൾ, അത് ഒരു മഹാനടനെപ്പറ്റിയുള്ള ആരാധനയായിട്ടല്ല, മറിച്ച് ആ വ്യക്തിത്വത്തിൽ പ്രതിഫലിക്കുന്ന മലയാളിയുടെ സ്വപ്നങ്ങളെയും പോരാട്ടങ്ങളെയും കുറിച്ചുള്ള ആഴമുള്ള നിരീക്ഷണമാണ് നമുക്ക് മുന്നിൽ നിവരുന്നത്. മഹാപ്രളയങ്ങളിലൂടെ കടന്നുപോയ ജനതയുടെ പ്രതിരോധശേഷിയെ നമ്മൾ കണ്ടെത്തുന്നു, കോവിഡ് മഹാമാരിയുടെ അനന്തമായ പരീക്ഷണങ്ങളിലൂടെ പുനർജന്മം പ്രാപിച്ച മനുഷ്യരാശിയുടെ പടവുകൾ ഈ പുസ്തകം അതിശയകരമായി ചിത്രീകരിക്കുന്നു.

ആമേൻ സിനിമയിൽ തിലകന് പകരമായി വന്നു അനശ്വരമായൊരു പ്രകടനം കാഴ്ചവെച്ച കൈനകരി തങ്കരാജിൻ്റെ ഓർമ്മകൾ, സുഹൃത്തായ വിക്രമൻ്റെ വേർപാട്, ഇവയെല്ലാം ഒരാളുടെ അനുഭവങ്ങളെ മറികടന്ന് ഒരു തലമുറയുടെ വികാരസ്മാരകങ്ങളായി പുസ്തകത്തിൽ ഉയർന്നുനിൽക്കുന്നു. ഈ ഭാഗങ്ങളിൽ റഫീഖ് കാണിക്കുന്ന സത്യസന്ധതയും ഭാവുകത്വവും അദ്ദേഹത്തെ എഴുത്തുകാരനായി മാത്രമല്ല, ഒരു മനുഷ്യനായി കൂടി ആഴത്തിൽ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നു.

അവസാന അദ്ധ്യായങ്ങളിൽ സിദ്ധാർത്ഥൻ്റെ മരണം ദയനീയമായൊരു അന്ത്യമായി വരുമ്പോഴും, അതിനുപിന്നിലെ ആത്മീയമായ സമാധാനം വായനക്കാരനെ മറ്റൊരു ചിന്താതലത്തിൽ എത്തിക്കുന്നുണ്ട്. മരണം ചിലപ്പോൾ ജീവിതത്തിൻ്റെ തീർച്ചയല്ല, മറിച്ച് വേദനകളുടെ അവസാനവട്ടമായൊരു അനുഗ്രഹമാകാം എന്നത് ഓർമ്മപ്പെടുതുന്നു.

“അനുഭവങ്ങളുടെ തീച്ചൂള” എന്ന പരാമർശം റഫീഖിൻ്റെ ജീവിതത്തിനും എഴുത്തിനും പൂർണമായി യോജിക്കുന്നു. ക്ലീഷേയായി തോന്നിയേക്കാവുന്ന ഈ വാക്കുകൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തത്വമായി മാറുന്നു. വേദനകളെ പാചകം ചെയ്ത് അതിൽ നിന്ന് പ്രകാശം പ്രസരിപ്പിക്കുന്ന ഒരാളുടെ ആത്മവൃത്താന്തം എന്ന നിലയിൽ.

പുസ്തകത്തിന്റെ തുടക്കത്തിലെ ചില അദ്ധ്യായങ്ങൾ വായനക്കാരനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. എന്നാൽ ആദ്യന്തം അങ്ങനെയാവാത്തതിൻ്റെ  കാരണം അത് ഒരു കാലത്തിന്റെ രേഖാപതിപ്പാണ് എന്നത് തന്നെ. ഈ എഴുത്ത് നിശ്ശബ്ദതകളിൽ നിന്നും പൊട്ടിത്തെറിച്ച വാക്കുകളുടെ സംഗീതമാണ്.

മൂന്നോ നാലോ ദശാബ്ദങ്ങൾക്കുശേഷം, ഈ കലാകാരൻ കൂടുതൽ ആഴവും വിശാലതയും നിറഞ്ഞൊരു ആത്മകഥയുമായി വരും എന്ന പ്രത്യാശയുള്ള വായനക്കാരുണ്ടാകും. ആ ദിനം വരുമ്പോൾ, ഇന്നത്തെ ഈ പുസ്തകത്തെ അതിൻ്റെ പ്രാരംഭ ജ്വാലയായി അവർ ഓർക്കും. 

#####. #####.  #####.  #######

​'ഉമ്മുമ്മപ്പാലം കടന്ന എപ്പി' എന്നത് കേവലം അനുഭവക്കുറിപ്പുകളല്ല. അത് ജീവിതത്തിന്റെ അസംസ്കൃതമായ യാഥാർത്ഥ്യങ്ങളെ, വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും, സ്നേഹബന്ധങ്ങളുടെയും, കഠിനമായ തിരഞ്ഞെടുപ്പുകളുടെയും തീവ്രതയിൽ ചാലിച്ചെടുത്ത ഒരനുഭവമാണ്. റഫീഖിന്റെ ആഖ്യാന ശൈലി, വളരെ ലളിതമെങ്കിലും, വായനക്കാരന്റെ ഹൃദയത്തിൽ ആഴത്തിൽ കൊളുത്തിവലിക്കാൻ പാകത്തിൽ ശക്തിയുള്ളതാണ്. ഓരോ വരിയും ഒരു കവിത പോലെ, ഒരു സിനിമയുടെ ഫ്രെയിം പോലെ, നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു.

Share this story

Comments (0)

  • Be the first to write one.