25 October 2025 · 10 min read · കഥ
കാലത്തിൻ്റെ മഷിപ്പാടുകൾ
കാലത്തിൻ്റെ മഷിപ്പാടുകൾ: ഒരു നൊസ്റ്റാൾജിക് വായനാനുഭവം
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ,ലോകം നമ്മുടെ വിരൽത്തുമ്പിലാണ് ചുറ്റിക്കറങ്ങുന്നതെങ്കിലും ചില ഇടവേളകളിൽ, ഒരു നനുത്ത കാറ്റിനെപ്പോലെ മനസ്സിലേക്ക് കടന്നു വരുന്നുണ്ട് ഗൃഹാതുരത പടർത്തുന്ന ചില ഗതകാലഓർമ്മകൾ. ഇപ്പോളവ, ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ വായനയുടെ സിരകളിൽ തീവ്രമായി ഒഴുകി നടന്ന ആനുകാലികങ്ങളെക്കുറിച്ചുള്ള സ്മരണകളാണ്. അവയ്ക്ക് ഒരു പഴയ പുസ്തകത്താളിൻ്റെ മണവും, ഒഴിഞ്ഞു പോകാത്തൊരു നൊമ്പരത്തിൻ്റെ സ്പർശവുമുണ്ട്.

ആ കാലഘട്ടം, കേവലം അക്ഷരക്കൂട്ടുകൾക്കപ്പുറം മലയാളിയുടെ മനസ്സിൽ ഒരു സാംസ്കാരിക വിപ്ലവം സൃഷ്ടിച്ച, അച്ചടി മാധ്യമങ്ങളുടെ ഒരു സുവർണ്ണ കാലമായിരുന്നു. അവിടെ, തോരണങ്ങൾ പോലെ വാരികകളും മാസികകളും തൂങ്ങിയാടി. ശ്രീകാളീശ്വരി തിയേറ്ററിനോട് ചേർന്നുള്ള ഹംസയുടെ കടയിൽ. ബോയ്സ് സ്കൂളിനടുത്തുള്ള CKM മേനോൻ്റെ ആനുകാലികങ്ങൾ മാത്രം വില്ക്കുന്ന കടയിൽ. വടക്കേ നടയിലെ സലാമിൻ്റെ കടയിൽ. എറണാകുളം ബോട്ട് ജെട്ടിയിലെ ആൽമരച്ചുവട്ടിലെ തേനീച്ച കൂട്ടം പോലെയുള്ള ആഴ്ചപ്പതിപ്പ് കടയിൽ. എല്ലായിടങ്ങളിലും മലയാളനാടിൻ്റെയും മാതൃഭൂമിയുടെയും കലാകൗമുദിയുടെയും ഭാഷാപോഷിണിയുടെയും ചിന്താഭാരം തുങ്ങിക്കിടന്നാടിക്കൊണ്ടിരുന്നു. നർമ്മദയും സരസനും അസാധുവും പ്രസരിപ്പിച്ചിരുന്ന ഹാസ്യവും, മനോരമയിൽ നിന്നും മനോരാജ്യത്തിൽ നിന്നും ഒഴുകിപ്പടർന്നിരുന്ന വിഷാദവും വികാരവും, നാനയുടെ ഗ്ലാമറും പിന്നെ കുങ്കുമവും കേരള ശബ്ദവും എന്ന് വേണ്ട, വേണ്ടതും വേണ്ടാത്തതുമായ ആഴ്ചപ്പതിപ്പുകൾ വ്യത്യസ്ത വിഭവങ്ങളുമായി നിരന്നു കിടന്നു. ഈ പ്രസിദ്ധീകരണങ്ങൾ ഓരോന്നുമാണ് മലയാളിയുടെ വായനാശീലത്തെ രൂപപ്പെടുത്തിയെടുത്തത്. ഓരോന്നും ഓരോ തരം വായനക്കാരെയാണ് തൃപ്തിപ്പെടുത്തിയിരുന്നതും.

ആ പഴയ പ്രസിദ്ധീകരണങ്ങളുടെ പേരുകൾ ഓർമ്മിക്കുമ്പോൾ പോലും ഉള്ളിലുറഞ്ഞു കൂടുന്ന വികാരം വാക്കുകളാൽ പറഞ്ഞറിയിക്കാൻ പ്രയാസമാം വിധം കനമേറിയതാണ്. അത്, ഒരു കാലഘട്ടത്തിൻ്റെ ഹൃദയമിടിപ്പായിരുന്നു. വെറും വായനക്കാലമല്ലായിരുന്നത്. ഒരു ശീലമായിരുന്നു, ചിലപ്പോഴൊക്കെ ഒരു അനുഷ്ഠാനമെന്ന പോലെയുമായിരുന്നു!
****************************************
മനോരമ, മനോരാജ്യം എന്നീ പേരുകൾ ഓർക്കുമ്പോൾ തന്നെ കൈയിലെടുത്ത് ഓമനിക്കാൻ തോന്നാവുന്ന ഒരു പൈങ്കിളിയുടെ സൗന്ദര്യാത്മകത മനസ്സിലേക്കെത്തി നോക്കുന്നുണ്ടിപ്പോഴും. ഒപ്പം അനിർവ്വചനീയമായ ഒരു സുഗന്ധം കൂടി മനസ്സിലേക്ക് വരുന്ന പോലെയും തോന്നുന്നുണ്ട്! ( വായിച്ചു വളരാഞ്ഞതിൻ്റെ ദൂഷ്യമാണാവോ!)
പൈങ്കിളി വാരികകളായിരുന്ന ഇവ രണ്ടും സാധാരണക്കാരൻ്റെ വായനാ തൃഷ്ണകളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിരുന്നുവെന്നതിൽ സംശയമില്ല. പ്രണയത്തിൻ്റെയും വൈകാരികതയുടെയും അതിഭാവുകത്വത്തിൻ്റെയും കഥകളായിരുന്നു ഓരോ പേജിലും നിറഞ്ഞു തൂവിയിരുന്നത്. ഇന്നത്തെ സീരിയലുകൾക്ക് തുല്യമായിരുന്ന അന്നത്തെ പൈങ്കിളി കഥകൾ. ഓരോ ലക്കവും അടുത്തതെന്തായിരിക്കും എന്ന ആകാംക്ഷയോടെ കാത്തിരുന്ന് വായിച്ചിരുന്ന ആ അനുഭവം ഒരു പ്രത്യേക ലഹരിയായിരുന്നു. അതിലെ കഥാപാത്രങ്ങളുമായി വായനക്കാർക്ക് ശക്തമായ വൈകാരിക ബന്ധവുമുണ്ടായിരുന്നു. അന്നൊക്കെ മനോരമയിൽ PK രാജൻ ചിത്രങ്ങൾ വരച്ചു തുടങ്ങും മുമ്പേ കഥക്ക് അനുസൃതമായിരുന്ന ഫോട്ടോകളായിരുന്നു കൊടുത്തിരുന്നത്. ഈ നീണ്ടകഥയിൽ അഭിനയിച്ചവർ എന്ന കുറിപ്പോടെ അവസാന അദ്ധ്യായത്തിനൊപ്പം സ്റ്റാമ്പ് സൈസ് ഫോട്ടോകൾ കൊടുത്തിരുന്നതും ഓർമ്മകൾ.

15 വയസ്സുവരെയുള്ള ഇഷ്ടവാരികകൾ 'മനോരാജ്യം' മനോരമ എന്നിവ തന്നെ ആയിരുന്നു. മനോരമ പതിവായി വീട്ടിൽ വന്നിരുന്നെങ്കിലും മനോരാജ്യം കൊടുങ്ങല്ലൂരിൽ ഒരേയൊരു കടയിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. ആ വാരിക വാങ്ങാനായി ബുധനാഴ്ചകളിൽ സ്കൂൾ വിട്ട്, കൺസഷൻ ടിക്കറ്റെടുത്ത് ടൗണിലേക്ക് പോവുക... അടുത്ത ബസ്സിൽ തിരികെ പോരുക. അതൊരു 'മിഷൻ' തന്നെ ആയിരുന്നു! ഇന്നത്തെ കുട്ടികൾക്ക് ഓൺലൈനിൽ ഒറ്റ ക്ലിക്കിൽ ലോകം മുഴുവൻ ലഭിക്കുമ്പോൾ, അന്നത്തെ ആ 'തിരഞ്ഞുപിടിക്കലി'ന് ഒരു പ്രത്യേക മാധുര്യമുണ്ടായിരുന്നു.
30 പൈസ കൊടുത്ത് വാരിക വാങ്ങി, അടുത്ത ബസ്സിൽ തിരികെ വീട്ടിലേക്ക്! 1973-74 കാലത്ത് ആഴ്ചയിൽ 30 പൈസ ഒപ്പിച്ചെടുക്കുക എന്നത് ഇത്തിരി ദുഷ്കരമായ കാര്യമായിരുന്നെങ്കിലും ജേഷ്ഠന്മാരുടെ സ്നേഹവും സഹകരണവും അതിനെ അത്രമേൽ ബുദ്ധിമുട്ടില്ലാതാക്കുകയായിരുന്നു. അങ്ങനെ അന്ന് ബസ്ചാർജ്ജടക്കം 50 പൈസ ഒരു 'മോശമല്ലാത്ത തുക'യായിരുന്നെങ്കിൽ, 30 പൈസ കൊടുത്ത് വാങ്ങുന്ന ആ വാരികയുടെ മൂല്യവും അതിനൊത്ത വിധം വലുതായിരുന്നു. ഇന്നത്തെ പണത്തിൻ്റെ മൂല്യം വെച്ച് അളക്കാൻ പറ്റാത്തത്ര വൈകാരിക മൂല്യം കൂടി ആ 50 പൈസക്ക് ഉണ്ടായിരുന്നു!

പിന്നീട് മൂത്ത ജേഷ്ഠൻ എനിക്ക് വേണ്ടി, വാർഷിക വരിസംഖ്യയായ 15 രൂപ എൻ്റെ പേരിൽ അടച്ചത് വെറുമൊരു സമ്മാനം മാത്രമല്ല, ഒരു അനുഗ്രഹവും അംഗീകാരവും കൂടിയായിരുന്നു. ഇനി എല്ലാ ആഴ്ചയും 'മനോരാജ്യം' വീട്ടിലെത്തും എന്ന ഉറപ്പ് നൽകിയ സ്നേഹ സമർപ്പണം.
എൻ്റെ പേരും വിലാസവും എഴുതിയ റാപ്പറിൽ മനോരാജ്യം ബുക് പോസ്റ്റായി കൃത്യമായി വീട്ടിലെത്തിച്ചിരുന്നത് പോസ്റ്റ്മാൻ കുമാരനായിരുന്നു. അദ്ദേഹം വെറുമൊരു കത്തുവാഹകൻ മാത്രമായിരുന്നില്ല, ഓരോ ആഴ്ചയിലെയും 'സന്തോഷവാഹക'നായിരുന്നു. ഇന്നത്തെ കൊറിയർ ബോയ്‌സിനെക്കാൾ എത്രയോ വൈകാരികമായ ബന്ധമാണ് അന്നത്തെ പോസ്റ്റ്മാൻമാർക്ക് വായനക്കാരുമായി ഉണ്ടായിരുന്നത്! ആ 'റാപ്പറി'ന് പോലും ഒരു ഗൃഹാതുര ഗന്ധമുണ്ട്.
പിന്നീട് പതിയെപ്പതിയെ 'മാതൃഭൂമി', 'മലയാളനാട്', 'കലാകൗമുദി' തുടങ്ങിയ ഗൗരവമേറിയ വായനയിലേക്ക് മനസ്സ് സംക്രമിക്കുകയായിരുന്നു. നിരവധി ലിറ്റിൽ മാഗസിനുകളുടെയും കാലമായിരുന്നു അത്.
വായനയുടെ ഈ പരിണാമം ഒരുപാട് പേർക്ക് സംഭവിച്ചിട്ടുള്ളതാകാം..
****************************************
നർമ്മദയും സരസനും ഓർമ്മയുണ്ടോ? ആർട്ടിസ്റ്റ് രാഘവൻ നായർ എന്ന കാർട്ടൂണിസ്റ്റ് പ്രതിഭയുടെ കൈകളിൽ നിന്നിറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ അതുല്യ ശില്പമായിരുന്നു നർമ്മദ. രാഷ്ട്രീയം കേവലം ചർച്ചാവിഷയം മാത്രമല്ലാതിരുന്ന അക്കാലത്ത് തമാശയുടെ കൂരമ്പുകളായ കാർട്ടൂണുകളുടെയും അതുല്പാദിപ്പിക്കുന്ന ചിരിയുടെ മേമ്പൊടിയോടെയും അതിനിശിതമായ വിമർശനങ്ങളായി മലയാളിക്ക് മുന്നിൽ വിളമ്പിയ മാസികയായിരുന്നു നർമ്മദ. അധികാര വർഗ്ഗത്തെ ഭയമില്ലാതെ വിമർശിക്കാനും, അതേ സമയം വായനക്കാരെ ചിരിപ്പിക്കാനും അതിന് കഴിഞ്ഞിരുന്നു. അത്തരം വിമർശനങ്ങളെ ഒരു തിരുത്തൽ ശക്തിയായിത്തന്നെ അന്നത്തെ രാഷ്ട്രീയ നേതൃത്വവും ഉൾകൊണ്ടിരുന്നുവെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ‘നർമ്മദ’ യാണ് എപ്പോഴും മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത്. രാഘവൻ നായർ വരച്ച കഥാപാത്രങ്ങൾ വെറും കാർട്ടൂണുകൾ ആയിരുന്നില്ല; അത് ഒരു കാലത്തിന്റെ രാഷ്ട്രീയ മട്ടുകളെയും മനോഭാവങ്ങളെയും മിനുക്കിയ കണ്ണാടിയായിരുന്നു. നർമ്മദ വായിച്ചവർക്ക് ഓർമ്മയുണ്ടാകും — ഓരോ പേജും, ഓരോ കാർട്ടൂണും, അതിന്റെ ചുണ്ടിലൊതുങ്ങിയ പുഞ്ചിരിയിലും പൊള്ളുന്ന സത്യങ്ങൾ ഒളിഞ്ഞിരുന്നതെങ്ങനെയെന്ന്.
രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായ 'സരസൻ' മൂന്നു പതിറ്റാണ്ട് നടത്തിയ ആർ. മാധവൻ പിള്ള അറിയപ്പെട്ടിരുന്നത് തന്റെ മാസികയുടെ പേരിൽ തന്നെയാണ്: 'സരസൻ' മാധവൻ പിള്ള.

അനേകം കാർട്ടൂണിസ്റ്റുകൾ 'സരസ'നോടും സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും മലയാറ്റൂരും ഇതിൽ വരക്കുമായിരുന്നു.
1975-ൽ 'സരസൻ' നല്ല ശോഭയോടെ നില്ക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 'ശങ്കർസ് വീക്കിലി' പോലും അക്കാലത്ത് നിർത്തിയപ്പോൾ 'സരസനും' ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് 'സരസന്' സാദ്ധ്യമായിരുന്നില്ല. എങ്കിലം മൂന്നു പതിറ്റാണ്ട് കാലം 'സരസൻ', കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി എന്നു പറഞ്ഞാൽ അതു സത്യമാണ്.
ഒരുകാലത്ത് നർമ്മദയും സരസനും മലയാളത്തിന്റെ രാഷ്ട്രീയ നർമ്മഭാഷക്ക് മൂർച്ച നൽകിയിരുന്നപ്പോൾ, അതിന്റെ തുടർച്ചയായി ഉയർന്നുവന്ന മറ്റൊരു മനോഹരമായ ശബ്ദമായിരുന്നു അസാധു. കാർട്ടൂണിസ്റ്റ് യേശുദാസന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച ഈ മാസിക, പേരിനോട് ചേർന്നൊരു വിമർശന ഭാവം കൊണ്ടും അതുല്യമായ ഹാസ്യബോധം കൊണ്ടും ഓർമ്മിക്കപ്പെടുന്നു.
അസാധു വായിക്കുന്നത് ഒരു മാസികയെ വായിക്കുന്നതല്ല, മറിച്ച് ആ കാലത്തെ രാഷ്ട്രീയത്തെയും സാമൂഹിക കപടതകളെയും കണ്ണാടിയിൽ കാണുന്ന ഒരു അനുഭവമായിരുന്നു. ഓരോ കാർട്ടൂണും ലേഖനവും ആഴത്തിലുള്ള ബുദ്ധിയേയും ആചാരങ്ങളെയും ഭേദിച്ച് കടന്ന കുത്തുകളായിരുന്നു. എന്നാൽ ആ കുത്തുകൾ ചിരിയിൽ പടർന്ന സത്യം മാത്രമായിരുന്നു.
യേശുദാസന്റെ വരകളിൽ കടുത്ത രാഷ്ട്രീയ ആക്രോശങ്ങൾ പോലും സ്നേഹപൂർവ്വമായ നർമ്മത്തിൽ ലയിക്കുമായിരുന്നു. വായനക്കാർക്കിടയിൽ അസാധുവിേ നാട്| അടുപ്പവുമുണ്ടായിരുന്നു — ഒരു "നമ്മുടേതായ" മാസികയെന്ന തോന്നൽ. പലരും അതിനെ ചിരിയുടെ പത്രമെന്നതിലുപരി, സ്വതന്ത്രചിന്തയുടെ വേദിയെന്ന നിലയിലും കണക്കാക്കിയിരുന്നു.
ഇന്ന് ആ പഴയ മഞ്ഞ നിറം പിടിച്ച പേജുകൾ മറിച്ചുനോക്കുമ്പോൾ, ആ കാലത്തിന്റെ ഗന്ധം വീണ്ടെടുക്കുന്നതു പോലെയാണ് തോന്നുന്നത്. അസാധു ഇനി പ്രസിദ്ധീകരിക്കാതിരുന്നാലും, അതിന്റെ ആത്മാവ് മലയാളിയുടെ ബോധത്തിൽ ഇപ്പോഴും ജീവിക്കുന്നു. ചിരിയുടെ മുഖത്തു കൂടി സത്യം പറയാനുള്ള ധൈര്യമായി.

അസാധുവിന് ഒപ്പം യേശുദാസൻ്റെ പത്രാധിപത്യത്തിൽ തന്നെ പുറത്ത് വന്നിരുന്ന മറ്റൊരു മാസികയായിരുന്നു 'ടക്-ടക്'. മലയാള സിനിമയുടെ തിളക്കമാർന്ന ലോകത്തേക്ക് ഒരു വികടചിരി സമ്മാനിച്ചിരുന്ന
മുഖമായിരുന്നു ഈ മാസികക്ക്.
അസാധു ഇടപെട്ടിരുന്നത് രാഷ്ട്രീയ കാര്യങ്ങളിലായിരുന്നെങ്കിൽ ടക് ടക്ൻ്റെ ലക്ഷ്യം സിനിമയായിരുന്നു. മലയാളത്തിൻ്റെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളും, സംവിധായകരും, ഹിറ്റ് ചിത്രങ്ങളും ടക്-ടകിൻ്റെ കത്രികയിൽ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. സിനിമകളുടെ പേരുകൾ മുതൽ, താരങ്ങളുടെ പ്രവൃത്തികൾ, പ്രശസ്തമായ ഡയലോഗുകൾ, എല്ലാം തന്നെ ഒരു രസകരമായ വികൃതി ആക്കി മാറ്റുകയായിരുന്നു അതിൻ്റെ പ്രവൃത്തി. ഒരു സിനിമയുടെ പ്രചാരണപോസ്റ്റർ കണ്ടാൽ, അതിൻ്റെ 'ടക്-ടക്' പാരഡി എപ്പോൾ വരും എന്ന് വായനക്കാർ കാത്തിരിക്കുമായിരുന്നു.
എന്നാൽ ഇവിടെയും യേശുദാസൻ്റെ പത്രാധിപത്യം സൂക്ഷ്മത കാത്തുസക്ഷിച്ചു. അത് ദുഷിച്ച വിമർശനമോ വ്യക്തിപരമായ അധിക്ഷേപമോ അല്ലായിരുന്നു. സിനിമയെന്ന മഹാ പ്രസ്ഥാനത്തെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരു ചിരി മാത്രമായിരുന്നു അത്. സ്വയം ഗൗരവമായി കാണുന്ന ഒരു കലയോടുള്ള ഒരു സൗഹാർദ്ദപൂർണ്ണമായ കുത്ത് പോലെ.
ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ, ട്രോളിംഗിൻ്റെയും വൈറൽ ആക്രമണത്തിൻ്റെയും ഒരു അരാജകത്വമാണുള്ളത്. എന്നാൽ ടക്-ടകിൻ്റെ കാലം അതിലുമവകാശം കൂടിയതായിരുന്നു. അത് ഒരിക്കലും ഒരു വിധ്വംസനമല്ലായിരുന്നു. മറിച്ച് സൃഷ്ടിപരവും ബുദ്ധിപരവുമായ കളിയായിരുന്നു. ഒരു സിനിമയെ ഇഷ്ടപ്പെട്ടു കൊണ്ട് തന്നെയാണ് അത് എഴുതിയതും വരച്ചതും. അതുകൊണ്ടാണ് കുത്ത് കൊണ്ടവർക്കുപോലും അതിൽ ഒരു നർമ്മം തോന്നിയത്.

അസാധുവും ടക്-ടകും ഒരേ നാണയത്തിൻ്റെ രണ്ട് മുഖങ്ങളായിരുന്നു. ഒന്ന് രാഷ്ട്രീയത്തെയും മറ്റേത് സിനിമയേയും കളിയാക്കി. രണ്ടും ഒരു കാലഘട്ടത്തിൻ്റെ ബുദ്ധിശക്തിയും രസബോധവും ഓർമ്മപ്പെടുത്തുന്നവയായിരുന്നു.
****************************************
എഴുപതുകളുടെ തുടക്കം മുതൽ മലയാളനാട് വാരിക സാഹിത്യലോകത്ത് ഒരു പുതു സംവേദനശീലം സൃഷ്ടിച്ചു. അതു വെറും ഒരു പത്രത്തിന്റെ സാഹിത്യപൂരകമല്ലായിരുന്നു, മറിച്ച് ഒരു കാലഘട്ടത്തിന്റെ ബൗദ്ധിക പ്രാതിനിധ്യം തന്നെയായിരുന്നു.
എസ്.കെ നായരുടെ സമർപ്പിത പത്രാധിപത്യത്തിൽ മലയാളനാട് വാരിക മലയാള ഭാഷയുടെ ശൈലിസൗന്ദര്യവും, സാഹിത്യത്തിന്റെ ആഴവും, നിരൂപണത്തിന്റെ വസ്തുനിഷ്ഠതയും ഒരുമിപ്പിച്ച വേദിയായി മാറി.
മലയാളത്തിലെ ആനുകാലികങ്ങളിൽ 'മാതൃഭൂമി'യോളം തന്നെ സാംസ്കാരികമായ ഔന്നത്യം ഒരു വാരിക നിലനിർത്തിയിരുന്നുവെങ്കിൽ, അത് എസ്.കെ നായർ പത്രാധിപരായിരുന്ന മലയാളനാട് തന്നെയായിരുന്നു. ഉടമയും പത്രാധിപരും ഒരേയാൾ തന്നെ. എഴുപതുകളുടെ തുടക്കത്തോടെ, പഴഞ്ചൻ ചിന്തകളെയും വായനാശീലങ്ങളെയും അത്ഭുതകരമാംവിധം പൊളിച്ചെഴുതിക്കൊണ്ട്, ഒരു തീപ്പൊരിപോലെയാണ് 'മലയാളനാട്' വായനക്കാരുടെ മനസ്സിലേക്ക് കടന്നു ചെന്നത്. പതിനാല് സംവത്സരങ്ങളേ അത് ജ്വലിച്ചു നിന്നുള്ളുവെങ്കിലും അതൊരു വെറും വാരിക മാത്രമായിരുന്നില്ല; അത് ധൈര്യശാലികളായ എഴുത്തുകാരുടെയും ചിന്തകരുടെയും ഒരു വിപ്ലവവേദിയായിരുന്നു!

പില്ക്കാലത്ത് 'കലാകൗമുദി'യിലൂടെ മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച, നിശിത വിമർശനങ്ങളുടെയും സാഹിത്യ വിശകലനങ്ങളുടെയും ലോകത്തേക്കുള്ള കവാടം തുറന്ന എം. കൃഷ്ണൻ നായരുടെ 'സാഹിത്യവാരഫലം' എന്ന ജനപ്രിയ പംക്തിക്ക് തുടക്കം കുറിച്ചത് 'മലയാളനാട്' ആയിരുന്നു. എം. കൃഷ്ണൻ നായരുടെ വാക്കിന് ഒരു പുസ്തകത്തിൻ്റെ വിധി നിർണ്ണയിക്കാൻ ശക്തിയുണ്ടായിരുന്നു.
സദാചാരത്തിൻ്റെ വേലിക്കെട്ടുകളെ തകർത്തെറിഞ്ഞ്, തുറന്നെഴുത്തിൻ്റെ കൊടുങ്കാറ്റായി മാറിയ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യുടെ പരമ്പരയായിട്ടുള്ള പ്രസിദ്ധീകരണം... അതൊരു സംഭവമായിരുന്നു! ലൈംഗികതയെയും സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും ഇത്രമേൽ സത്യസന്ധമായി ആവിഷ്കരിച്ച ആ കൃതി, മലയാളനാടിൻ്റെ ധൈര്യത്തിൻ്റെ മുദ്രയായി ഇന്നും നിലനിൽക്കുന്നു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത്, അധികാരത്തിൻ്റെ അശ്ലീലതയെയും കിരാതത്വത്തെയും നഗ്നമായി വരച്ചുകാട്ടിയ ഒ.വി. വിജയൻ്റെ 'ധർമ്മപുരാണം'! ആ നോവലിൻ്റെ പ്രസിദ്ധീകരണത്തിന് വേണ്ടി 'മലയാളനാട്' എടുത്ത നിലപാട്, മലയാളനാടിനെ വെറുമൊരു പ്രസിദ്ധീകരണമെന്നതിലുപരി, ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ മഹാമേരുവാക്കി മാറ്റി. അതുപോലെ, കുടിയേറ്റ ജീവിതത്തിൻ്റെയും മനുഷ്യൻ്റെ അതിജീവനത്തിൻ്റെയും ഇതിഹാസമായി മാറിയ കാക്കനാടൻ്റെ പറങ്കി മലയും മലയാളനാടിൻ്റെ തിരുമുറ്റത്താണ് പിറന്നുവീണത്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൻ്റെ അപ്പോസ്തലനായ വി.കെ.എൻൻ്റെ പിതാമഹനും ആദ്യമായി അച്ചടി മഷി പുരണ്ടത് മലയാളനാടിലുടെയായിരുന്നു.
നരേന്ദ്ര പ്രസാദ്, കെ.പി. അപ്പൻ പോലുള്ള വിമർശകരുടെ പ്രൗഢമായ ലേഖനങ്ങൾ, വായനയുടെ നിലവാരം ഉയർത്തി. സച്ചിദാനന്ദൻ്റെ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ വായനക്കാർക്ക് പുതിയ ഭാവുകത്വം നൽകി. കൂടാതെ, പട്ടത്തുവിള, ടി.ആർ., വി.പി. ശിവകുമാർ, സക്കറിയ എന്നിവരടക്കമുള്ള ആധുനിക എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകൾക്ക് 'മലയാളനാട്' കളമൊരുക്കി. 1974 ലോ മറ്റോ ഒരു ഓണപ്പതിപ്പിൽ വി. ബി.സി നായർ ഒരുക്കിയ പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ ' എന്ന പംക്തിയിലൂടെ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ വ്യക്തിജീവിതത്തെ വിശദമായി പരിചയപ്പെടുത്തിയതും ഓർക്കുന്നു.

ചുരുക്കത്തിൽ,
മാമൂലുകളെ തകർത്തെറിഞ്ഞ ഒരു 'ഓഫ് ബീറ്റ്' പ്രസിദ്ധീകരണമായിരുന്നു മലയാളനാട്. അത് വഴിമാറി നടന്നില്ല, മറിച്ച് ഒരു പുതിയ വഴി വെട്ടിത്തുറക്കുകയായിരുന്നു. വെറുമൊരു വാരികയായിരുന്നില്ല അത്; മലയാളത്തിൻ്റെ ആധുനിക സാഹിത്യത്തിന് വളക്കൂറായ ഒരു സർഗ്ഗശാലയായിരുന്നു.
എസ്.കെ. നായർ എന്ന പത്രാധിപരുടെ ദീർഘവീക്ഷണവും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സും തന്നെയാണ് മലയാളനാടിനെ മലയാള സാഹിത്യത്തിലെ 'ഉദാത്ത സാഹിത്യത്തിൻ്റെ ഉരകല്ല്' ആക്കി മാറ്റിയത്.
ഇന്നത്തെ തലമുറക്ക്, ആ തീവ്രമായ വായനയുടെയും ചർച്ചകളുടെയും കാലം ഒരു വിസ്മയമായിരിക്കും! അന്നത്തെ ആ വാരികയുടെ ഒരു കോപ്പിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധി പേർ ഇന്നും കാണും എന്ന കാര്യത്തിൽ സംശയമേയില്ല!
****************************************
മലയാള സിനിമയുടെ വളർച്ചയുടെ ഒപ്പം നടന്നവയാണ് ഫിലിം മാഗസിൻ, നാന ചിത്രകാർത്തിക, ചിത്രരമ, സിനിരമ, സിനിമാ മാസിക തുടങ്ങിയവ. ഇന്നത്തെ സിനിമാ ഗോസിപ്പുകൾ ഡിജിറ്റൽ ലോകത്തെ ആശ്രയിക്കുമ്പോൾ, അന്ന് വെള്ളിത്തിരയുടെ മായാലോകം വായനക്കാർക്ക് മുന്നിൽ തുറന്നു വെച്ചത് ഈ പ്രസിദ്ധീകരണങ്ങളായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ, അഭിമുഖങ്ങൾ, സിനിമയുടെ പിന്നാമ്പുറ കഥകൾ... ഓരോ പേജും ആകർഷകമായിരുന്നു. മൾട്ടി കളർ പ്രിൻ്റിംഗ് അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത്, ഈ മാസികകളിലെ അപൂർവ്വമായ കളർ ചിത്രങ്ങൾ വിസ്മയങ്ങളായിരുന്നു. നായകന്മാരെയും നായികമാരെയും കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങൾക്കും ഭ്രമങ്ങൾക്കും നിറം നൽകിയത് ഈ മാഗസിനുകളായിരുന്നു. അന്നൊക്കെ അവയിലെ ഫോട്ടോകൾ പലരുടെയും ചുവരുകളിൽ ഇടം പിടിച്ചിരുന്നു.“ഫിലിം മാഗസിൻ”, “ചിത്രകാർത്തിക”, “ചിത്രരമ” — സിനിമയുടെ സ്വപ്നലോകം തൊട്ടറിയാൻ കഴിയുന്ന പേജുകൾ. പുതിയ ചിത്രങ്ങളുടെ വാർത്തകൾ, നടീനടൻമാരുടെ അഭിമുഖങ്ങൾ. പേജുകൾ മുഴുവൻ തിളങ്ങുന്ന ഫോട്ടോകൾ, ഒപ്പം താരങ്ങളുടെ ഫോട്ടോ ഷൂട്ടുകളും… ആ പേജുകൾക്കിടയിൽ നിന്നാണ് മലയാളിയുടെ ഗ്ലാമർ ബോധം പിറന്നത് എന്ന് തന്നെ പറയാം.‘
പിന്നെ 'ഫോട്ടോ മാഗസിൻ'... കാലം മായ്ക്കാത്ത ഒരുപാട് ദൃശ്യങ്ങൾ പകർത്തിയെത്തിയ ഈ മാഗസിൻ, ഫോട്ടോഗ്രാഫിയെ ഒരു കലയായി ഉയർത്തിക്കാട്ടി. അന്ന് മൊബൈൽ ക്യാമറയോ, ഇൻസ്റ്റാഗ്രാമോ ഇല്ലാത്ത കാലത്ത്, ലോകത്തെ കാഴ്ചകൾ നമ്മുടെ മുന്നിലെത്തിച്ചത് ഈ പ്രസിദ്ധീകരണമായിരുന്നു.
“ജനയുഗവും ദേശാഭിമാനിയും”' രാഷ്ട്രീയത്തെയെന്ന പോലെ സംസ്കാരിക രംഗത്തെയും കൂടിച്ചേർത്തു കൊണ്ടായിരുന്നു അവയിലെ ഉള്ളടക്കം. അതിലൂടെ മലയാളികൾക്ക് ലോകം തുറന്നുകൊടുത്തത് പാർട്ടി വാദങ്ങൾക്കതീതമായ ഒരു സാംസ്കാരിക ബോധം തന്നെയായിരുന്നു.
കഥ’ എന്ന മാസിക, പേര് സൂചിപ്പിക്കും പോലെ, മലയാള കഥാസാഹിത്യത്തെ പരിപോഷിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചു. മികച്ച കഥകൾക്കായി "കഥ"യെ കാത്തിരിക്കുമായിരുന്നു വായനക്കാർ. മലയാള കഥകളുടെ സുവർണ്ണകാലം തന്നെയായിരുന്നു ആ മാസികയുടെ കാലം. എം.ടി., ഒ.വി. വിജയൻ, സുകുമാരൻ, പൊൻകുന്നം വർക്കി, എല്ലാരുടെയും പുതിയ കഥകൾ വായിക്കാൻ കാത്തിരുന്നിരുന്നത് ആയിരക്കണക്കിന് വായനക്കാരായിരുന്നു. “കഥ”യുടെ ഒരു പുതുവർഷ പതിപ്പ് കിട്ടിയാൽ അത് പുസ്തകത്തെക്കാൾ വിലപ്പെട്ടതായി തോന്നുമായിരുന്നു.
ഇന്ന് ആ മാസികകളൊന്നും നമ്മുടെ മേശപ്പുറത്ത് ഇല്ല. പത്രക്കച്ചവടക്കാരുടെ ചെറുകടകളിൽ ആ പഴയ കവർ പേജുകൾ പൊടിപിടിച്ച് കിടക്കുന്നത് കണ്ടാൽ ഒരു ചുടു കാറ്റ് ഹൃദയത്തിലൂടെ കടന്നുപോകുന്നതായി തോന്നും.“നർമ്മദ ഈ മാസം വന്നോ?” എന്ന് ചോദിച്ചിരുന്ന സുഹൃത്തുക്കൾ, “മനോരാജ്യം കഴിഞ്ഞ ആഴ്ച കിട്ടിയില്ലല്ലോ!” എന്ന് വിഷമത്തോടെ പറഞ്ഞിരുന്ന അയൽക്കാർ… ഇന്നതെല്ലാം തേഞ്ഞു മാഞ്ഞു പോയ ഒരു ലോകം.
ആ മാസികകളുടെ കവർപേജുകൾ ഒരു വീട്ടിലെ അലമാര തുറക്കുമ്പോൾ ഒട്ടിച്ച ചിത്രങ്ങളായി ഇന്നും ചില വീടുകളിൽ കിടക്കുന്നു. ചിലത് മഞ്ഞപിടിച്ച്, ചിലത് കീറിയ നിലയിൽ. പക്ഷേ അതിനുള്ളിലെ മണവും ഓർമ്മയും അപ്രത്യക്ഷമായിട്ടില്ല. അതൊരു കാലത്തിന്റെ സ്മൃതി മാത്രമല്ല, മലയാളിയുടെ വായനാശീലത്തിന്റെ ആത്മാവാണ്.
അന്ന് മലയാളികൾ വായിച്ചിരുന്നത് വെറും വിനോദം എന്നതുകൊണ്ടല്ല; അത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലാണ്. ആ പേജുകളിലൂടെയായിരുന്നു അവർ ലോകത്തെ കണ്ടിരുന്നത്, ചിരിച്ചിരുന്നത്, ചിന്തിച്ചിരുന്നത്.
വായനയുടെ ആ കുശലതയും, രചനയുടെ ഗൗരവവും, കാർട്ടൂണുകളിലെ ആ കടുപ്പമുള്ള നർമ്മവും… എല്ലാം നമുക്ക് പിന്നിലായി പോയി. പക്ഷേ ചില രാത്രികളിൽ പഴയ അലമാര തുറക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പഴയ വാരിക കയ്യിലേയ്ക്ക് വീഴുമ്പോൾ, ആ മഷി മണം കൊണ്ട് ഞാൻ കുറച്ച് നേരം പിന്നോട്ട് പോകുന്നു. ആ കവർപേജിൽ നിന്നു പുഞ്ചിരിക്കുന്ന നായികയെ നോക്കുമ്പോൾ എനിക്ക് മനസ്സിലാവും — കാലമൊരുപാട് കടന്ന് പോയെങ്കിലും, അതിൻ്റെ ചൂട് ഇപ്പോഴും മനസ്സിലുണ്ട്.
പൈസ കൊടുത്തു വാങ്ങുന്നത് കൂടാതെ, വായനശാലകളിൽ പോയി ക്ഷമയോടെ കാത്ത് നിന്ന് വായിക്കുക കൂടി ചെയ്തിരുന്ന കാലം കൂടിയായിരുന്നു അത്. പുസ്തകങ്ങളുടെ ഗന്ധം, വിരൽത്തുമ്പിൽ പതിയുന്ന മഷിത്താളുകളുടെ സ്പർശം, ഏതൊരു ഇലക്ട്രോണിക് സ്ക്രീനിനും പകരം വെക്കാനാവാത്ത അനുഭൂതിയായിരുന്നു അന്നത്തെ ആ പ്രസിദ്ധീകരണങ്ങൾ. അവ കേവലം അക്ഷരക്കൂട്ടങ്ങളായിരുന്നില്ല. അത് ഒരു സംസ്കാരമായിരുന്നു. ഒരു തലമുറയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൻ്റെ നേർച്ചിത്രമായിരുന്നു.
നജീബ് കടമ്പോട്ട്
