2 September 2026 · 23 min read · കഥ

നാലാമത്തെ വാതിൽ.

നജീബ് കടമ്പോട്ട്.

നാലാമത്തെ വാതിൽ.

1. കഴുക്കോലിന്റെ അറ്റം/ കോട്ടപ്പുറം കോട്ട.

രാത്രി പന്ത്രണ്ടര മണി.

ആ രാത്രി പുഴയ്ക്ക് അസാധാരണ നിശ്ശബ്ദതയായിരുന്നു. പുഴയുടെ  ആഴങ്ങളിലാണ്ട് പോയ

കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾക്ക് മേലെയായി പെരിയാറിന്റെ കടും പച്ച നിറത്തിലുള്ള വെള്ളം നിശ്ചലമായി കിടന്നു. പുഴയ്ക്കക്കരെ,  കിഴക്ക് മാറി   ഗോതുരുത്തിലെ വീടുകളിൽ അവിടവിടെയായി പ്രകാശിച്ചിരുന്ന വിളക്കുകളുടെ വെളിച്ചം വെള്ളത്തിൽ നീണ്ട വരകൾപോലെ ഇളകാതെ നിന്നു.

അബ്ദുൽ റഹ്മാൻ കെട്ടുവള്ളത്തിൻ്റെ കഴുക്കോൽ വെള്ളത്തിലേക്ക് ഊന്നി.

“തട്ടിയല്ലോ…”

പെട്ടെന്നയാൾ  കഴുക്കോൽ പിൻവലിച്ചു.

വള്ളത്തിലുണ്ടായിരുന്ന 

അയാളുടെ ചെറുമകൻ നിഹാൽ ചോദിച്ചു.

“എന്താ വെല്ലുപ്പാ  ?”

“ ഇവിടെയും എന്തോ ഉണ്ട് മോനെ.”

“കല്ലായിരിക്കും.”

റഹ്മാൻ വീണ്ടും കഴുക്കോൽ ഊന്നി.

ഇപ്രാവശ്യവും അറ്റം എന്തിലോ 

ശക്തമായി തട്ടി. 

ടക്!

അയാൾ നിശ്ശബ്ദനായി.

നിഹാൽ മൊബൈലിന്റെ ടോർച്ച് വെള്ളത്തിലേക്ക് തെളിച്ചു.

ഒന്നും കാണാനായില്ല.

പുഴയുടെ അടിത്തട്ടിൽ കനത്തു കറുത്ത ഇരുട്ട് മാത്രം.

എങ്കിലുമവൻ പറഞ്ഞു.

“ഇവിടെ കല്ലൊന്നുമില്ല വെല്ലുപ്പാ.”

റഹ്മാൻ കഴുക്കോൽ വീണ്ടും ഊന്നി.

ടക്… ടക്… ടക്…

മൂന്നു തവണ.

അയാൾ പതുക്കെ പറഞ്ഞു:

“ഇത് കല്ലല്ല.”

“പിന്നെ?”

വൃദ്ധൻ കുറച്ചുനേരം മിണ്ടിയില്ല.

“എന്റെ വാപ്പ പറഞ്ഞിട്ടുണ്ട്. ഇവിടെ താഴെ ആ മതിലിൻ്റെ ബാക്കി ഇപ്പോഴു മുണ്ടെന്ന്.”

“ഏത് മതിൽ?”

റഹ് മാൻ കോട്ടയുടെ ഇരുണ്ട അവശിഷ്ടങ്ങളിലേക്ക് നോക്കി.

“തുരങ്കത്തിന്റെ.” 

നിഹാൽ ചിരിച്ചു.

“കോട്ടപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന ആ തുരങ്കത്തിൻ്റെതല്ലേ?”

റഹ്മാൻ ചിരിച്ചില്ല.

“ആ കഥയൊക്കെ നിനക്കുമറിയാമല്ലേ?”

“ അറിയോന്നോ ! എന്താ വെല്ലുപ്പാ, ഞാനുമിവിടത്തുകാരൻ തന്നെയല്ലേ?. ”

“ അപ്പോ എല്ലാരും കേട്ടിട്ടുണ്ട്. പക്ഷേ…”

റഹ്‌മാൻ വീണ്ടും വെള്ളത്തിലേക്ക് നോക്കി.

“എന്റെ വാപ്പ പറഞ്ഞത് വെറുമൊരു കഥയല്ലായിരുന്നു.”

"വെല്ലുപ്പാടെ വാപ്പാടെ വാപ്പായും ഇത് തന്നെ പറഞ്ഞു കാണും" 

നിഹാൽ ആരോടെന്നില്ലാതെ പറഞ്ഞു.

2.  ഒരു മരണം

അടുത്ത ദിവസം രാവിലെ. ചരിത്രഗവേഷകയായ മായ മേനോന് ഒരു ഫോൺ വന്നു.

വിളിച്ചത് പഴയ സുഹൃത്തായ 

വേണുഗോപനായിരുന്നു.

“മായ, നീ കോട്ടപ്പുറം കോട്ടയെക്കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ?”

“ ഉവ്വല്ലോ.”

“ഒരു കാര്യം കാണിക്കാനുണ്ടാർന്നു.”

“എന്ത്?”

“ഒരു പഴയ രേഖ.”

“എവിടെന്ന് കിട്ടി?”

വേണുഗോപൻ കുറച്ചു നിമിഷം മിണ്ടാതിരുന്നു.

“അത് തന്നെയാണ് പ്രശ്നം.”

“എന്ത് പ്രശ്നം? പറയ്.”

“രേഖ എവിടെ നിന്നാണ് കിട്ടിയതെന്ന് ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല.”

“ നി പറയ്.”

“ഒരു മരണവീട്ടിൽ നിന്നാണ്.”

മായയുടെ മുഖത്ത് ഗൗരവമായി.

“ആരാണ് മരിച്ചത്?”

“ജോസഫ് പള്ളിപ്പറമ്പിൽ.”

മായയുടെ കൈയിലെ പേന താഴെ വീണു.

ജോസഫ് പള്ളിപ്പറമ്പിൽ.

പുരാവസ്തു ശേഖരിക്കുന്നവരിൽ തെക്കേ ഇന്ത്യയിലെ ഒന്നാമൻ.

പോർച്ചുഗീസ്-ഡച്ച് കാലഘട്ടത്തെക്കുറിച്ച് അസാധാരണമായ അറിവുണ്ടായിരുന്ന മനുഷ്യൻ.

“അദ്ദേഹമെപ്പോഴാണ് മരിച്ചത്, എങ്ങനെയാണ്?”

“ ഹാർട്ട് അറ്റാക്കാണെന്നാണ് പൊലീസ് പറഞ്ഞത്.”

“ ഓ! അത് ശരി. പിന്നെ?”

“പിന്നെ...... അദ്ദേഹത്തിന്റെ മേശപ്പുറത്തെ ലെറ്റർ പാഡിൽ ഒരു വാക്ക് എഴുതി വെച്ചിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.”

" ഒരു വാക്ക്! അതേത് വാക്ക്"!

വേണുഗോപൻ മൂളുക മാത്രം ചെയ്തു.

"എന്തായിരുന്നാ വാക്ക്?”മായ ചോദ്യമാവർത്തിച്ചു.

അയാൾ ശബ്ദം താഴ്ത്തി  പറഞ്ഞു.

“AQUA.”

3. രഹസ്യപ്പെട്ടി

അന്ന് വൈകുന്നേരം മായ വേണുഗോപന്റെ വീട്ടിലെത്തി.

മേശപ്പുറത്ത് ഒരു ചെറിയ ഇരുമ്പുപെട്ടി.

പഴയതായിരുന്നു.

തുരുമ്പിച്ച പൂട്ട്.

വേണുഗോപൻ അത് തുറന്നു.

അകത്ത്  മടക്കിയ ഒരു കടലാസ്.

ഒരു പഴയ ഭൂപടത്തിന്റെ ഭാഗം.

അതിന്റെ മധ്യത്തിൽ ഒരു ചിഹ്നം.

ഒരു കുതിര.

കുതിരയുടെ താഴെ മൂന്ന് വാക്കുകൾ:

AQUA
CRANGANORE
LXIII

“LXIII എന്നത് 63 ആയിരിക്കണം” മായ പറഞ്ഞു.

“അതെ.”

“ പക്ഷെ, എന്താണ് 63?”

“അതറിയില്ല.”

മായ  സൂക്ഷിച്ച് ഭൂപടത്തിൻ്റെ മടക്ക് തുറന്നു.

പെരിയാർ.

കോട്ടപ്പുറം.

പള്ളിപ്പുറം.

അതിനുശേഷം കിഴക്കോട്ട് നീളുന്ന ഒരു മങ്ങിയ രേഖ.

അവൾ പെട്ടെന്ന് നിശ്ചലയായി.

“ഇത്…”

“എന്തേ?”

“ഇത് ഒരു പഴയ ജലപാതയുടെ അടയാളമല്ലേ ?.”

“തുരങ്കമാണോ?”

“അതറിയില്ല.”

“പക്ഷേ രേഖ കോട്ടയിൽ നിന്ന് കിഴക്കോട്ടാണ് പോകുന്നത്.”

മായയുടെ കണ്ണുകൾ ഭൂപടത്തിൽ ഉറച്ചു പോയിരുന്ന പോലെ.

“പാലക്കാട്ടേക്ക്?”

വേണുഗോപൻ ചോദിച്ചു.

മായ മറുപടി പറഞ്ഞില്ല.

4. ചരിത്രത്തിലെ ഒരു ശൂന്യസ്ഥലം

അടുത്ത ദിവസം അവർ കോട്ടപ്പുറത്ത് എത്തി.പുഴയുടെ തിണ്ടിൽ  നിന്നുകൊണ്ട്  മായ ആ പഴയ കോട്ടയുടെ അവശിഷ്ടങ്ങളിലേക്ക് നോക്കി.

ഇന്ന് അവിടെ കാണുന്നത് 

ഒരു മഹത്തായ കാലത്തെ കോട്ടയുടെ ചെറിയൊരു ഭാഗം മാത്രം. പക്ഷേ നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെ കപ്പലുകൾ വന്നടുത്തിരുന്നു.

കുരുമുളക്, ഏലം, മുത്ത്, സ്വർണം.

പോർച്ചുഗീസുകാർ.ഡച്ചുകാർ. ബ്രിട്ടീഷുകാർ,മൈസൂർ.തിരുവിതാംകൂർ.കൊച്ചി. ഓരോരുത്തരും ഈ ഭൂമിയുടെ നിയന്ത്രണത്തിനായി പോരാടി.

“ഒരു കാര്യം ശ്രദ്ധിച്ചോ?” മായ ചോദിച്ചു.

“എന്ത്?”

“ഈ കോട്ടയുടെ ഏറ്റവും വലിയ ശക്തി മതിലല്ലായിരുന്നു.”

“പിന്നെ?”

“ ഈ പുഴ.”

അവൾ വെള്ളത്തിലേക്ക് നോക്കി.

“കോട്ട തകർന്നാലും പുഴ നിലനിൽക്കും. പുഴയുടെ അടിയിൽ എന്തെങ്കിലും ഒളിപ്പിച്ചാൽ ........?”

 വേണുഗോപൻ ചിരിച്ചു.

“നിധിയോ?”

മായ മറുപടിയായി ഒന്നും പറഞ്ഞില്ല.

5. ആദ്യത്തെ മരണം

അന്നു  രാത്രി വേണുഗോപന് 

ഒരു ഫോൺ വന്നു.

വള്ളക്കാരൻ റഹ്‌മാൻ.

“സാർ… ഇന്നലെ നിങ്ങൾ ചോദിച്ച കാര്യം…”

“എന്ത്?”

“താഴെ എന്തോ ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?”

“അതെ.”

“ഇന്ന് ഞാൻ വീണ്ടും പോയി.”

“എന്ത് കണ്ടു?”

“കണ്ടില്ല.”

“പിന്നെ?”

“കേട്ടു.”

“എന്ത്?”

“ഇരുമ്പ് ചങ്ങല വലിക്കുന്ന ശബ്ദം.”

ഫോണിന്റെ മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.

“റഹ്മാൻ, നിങ്ങളിപ്പോൾ എവിടെയാണ്?”

“പുഴയിൽ.”

“വള്ളത്തിൽ തന്നെയാണോ?”

“അതെ.”

“കരയിലേക്ക് വരൂ.”

“വരാൻ പറ്റില്ല സാർ.”

“എന്തുകൊണ്ട്?”

റഹ്മാൻ പതുക്കെ പറഞ്ഞു:

“എന്റെ വള്ളത്തിൻ്റെ പിന്നിൽ മറ്റൊരു ചെറുവഞ്ചിയുണ്ട്.”

“ആരാണതിൽ?”

“അറിയില്ല.”

“വെളിച്ചമുണ്ടോ?”

“ഇല്ല.”

“അപ്പോൾ?”

“പക്ഷേ… അതിൽ ഒരാൾ നിൽക്കുന്നുണ്ട്.”

അടുത്ത നിമിഷം ഫോൺ വിച്ഛേദിച്ചു.

വേണുഗോപൻ ഉടൻ മായയെ വിളിച്ചു.

അവർ പുഴക്കരയിലെത്തുമ്പോൾ റഹ്മാന്റെ വള്ളം ഒഴുകിക്കൊണ്ടിരുന്നു.

റഹ്മാൻ അതിലില്ല.

അവർ നിന്നിടത്ത് ഒരു രക്തത്തുള്ളി.

അതിന്റെ അരികിൽ ഒരു പഴയ ചെമ്പുനാണയം.

6. നിധി

മായ നാണയം എടുത്തു.

അതിൽ ഒരു കുരിശും രാജമുദ്ര പോലെയുള്ള ഒരു ചിഹ്നവും.

“പോർച്ചുഗീസ്?” വേണുഗോപൻ ചോദിച്ചു.

“ആയിരിക്കാം.”

“അപ്പോൾ നിധിയുണ്ടായിരുന്നെന്നാണോ?”

മായ പതുക്കെ പറഞ്ഞു:

“ നിധിയുണ്ടെന്നതിന് ചരിത്രത്തിൽ  തെളിവൊന്നുമില്ല.”

“ അപ്പോൾ?”

“ചരിത്രത്തിൽ എല്ലാം രേഖപ്പെടുത്തിയിട്ടില്ലന്ന് തന്നെ.”

അവൾ പുഴയിലേക്ക് നോക്കി.

“പ്രത്യേകിച്ച് യുദ്ധകാലത്ത്.”

അവളുടെ മനസ്സിൽ ഒരു ചിന്ത തെളിഞ്ഞു.

1662-63 ,ഡച്ചുകാർ ഈ  കോട്ട വളഞ്ഞ കാലം.കോട്ട നഷ്ടപ്പെടുമെന്ന്   പോർച്ചുഗീസുകാർക്ക് മനസ്സിലായപ്പോൾ, ഓടി രക്ഷപ്പെടുമ്പോൾ കൂടെ കൊണ്ടുപോകാൻ കഴിയാത്ത ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ അവർ എന്ത് ചെയ്തുകാണും?

ഒളിപ്പിച്ചിരിക്കാം.

അത് പിന്നീട് തിരികെ എടുക്കാൻ കഴിയുന്നിടത്ത്.

പുഴയുടെ അടിയിൽ.

7. മൂന്നാമത്തെ മനുഷ്യൻ

അവരുടെ പിന്നിലായി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.

കറുത്ത ഷർട്ട്.

തൊപ്പി.

കയ്യിൽ പഴയ ഒരു ലെതർ ബാഗ്.

അവൻ മായയെ നോക്കി.

“നിങ്ങൾ അന്വേഷിക്കുന്നത് നിധിയാണോ?”

മായ തിരിഞ്ഞു.

“താങ്കൾ ആരാണ്?”

“പേര് പ്രധാനമല്ല.”

“പിന്നെ എന്താണ് പ്രധാനപ്പെട്ടത്?”

അവൻ ചിരിച്ചു.

“നിങ്ങൾക്ക് കിട്ടിയ ഭൂപടം.”

മായയുടെ മുഖം മാറി.

“അത് നിങ്ങളെങ്ങനെ അറിഞ്ഞു?”

“ജോസഫ് പള്ളിപ്പറമ്പിൽ മരിക്കുന്നതിന് മുമ്പ് അത് എനിക്ക് അയച്ചിരുന്നു.”

“അപ്പോൾ നിങ്ങൾ?”

“അയാളെ കൊന്നത് ഞാനല്ല.”

“ആരാണ് കൊന്നത്?”

അയാൾ മറുപടി പറഞ്ഞില്ല.

“നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ അന്വേഷിക്കുന്നത് സ്വർണമല്ല.”

“പിന്നെ?”

“ചരിത്രം.”

അവൻ തിരിഞ്ഞു നടന്നു.

മായ വിളിച്ചു:

“നിധിയിൽ എന്താണുള്ളത്?”

അവൻ നിന്നു.

“ അതൊരു രാജാവിന്റെ കിരീടമല്ല.”

“പിന്നെ?”

“ഒരു സാമ്രാജ്യത്തെ തകർക്കാൻ കഴിയുന്ന രേഖ.”

8. അറുപത്തിമൂന്ന്

ആ രാത്രി മായ ഭൂപടത്തിലെ LXIII പരിശോധിച്ചു.

വേണുഗോപൻ പഴയ പോർച്ചുഗീസ് രേഖകളുടെ ഡിജിറ്റൽ ശേഖരങ്ങൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു.

അവസാനം ഒരു സൂചന കിട്ടി.

“മായേ!”

അവൾ ഓടിയെത്തി.

“നോക്ക്യേ.”

ഈ  പഴയ രേഖയിലെ ഒരു വാചകം.

“Aqua subterranea…”

അതിനുശേഷം രേഖ മങ്ങിയിരുന്നു.

“ ഭൂഗർഭത്തിലെ ജലം,” മായ പറഞ്ഞു.

“ അപ്പോൾ 63?”

അവൾ കയ്യിലുണ്ടായിരുന്ന  കോട്ടയുടെ പഴയൊരു പ്ലാൻ എടുത്തു.

“കോട്ടയുടെ വടക്കുപടിഞ്ഞാറൻ മൂലയിൽ നിന്ന് 63 അടി.”

അർദ്ധരാത്രി.അവർ വീണ്ടും കോട്ടയിലെത്തി.

മഴ തുടങ്ങി.

മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ കല്ല്.

മായ അത് നീക്കി.

താഴെ ഒരു ഇരുമ്പ് വളയം.

അവരിരുവരും ചേർന്ന് അത് വലിച്ചു.

ഒരു കല്ലുപാളി പതുക്കെ ഉയർന്നു.

താഴെ ഇരുട്ട്.

വായുവിൽ മഴയേല്ക്കാത്ത ഭാഗത്തെ 

പഴയ മണ്ണിന്റെ ഗന്ധം.

വേണുഗോപൻ ടോർച്ച് തെളിച്ചു.

ചെറിയൊരു വഴി.

ഒരു മനുഷ്യന് കുനിഞ്ഞ് നടക്കാൻ 

മാത്രം വീതി.

“ഇതാണോ തുരങ്കം?”

മായ പതുക്കെ താഴേക്ക് ഇറങ്ങി.

ചുമരുകളിൽ പാകിയ ചെങ്കല്ലുകൾ.

ചില ഭാഗങ്ങളിൽ പഴയ ചുണ്ണാമ്പ്.

പത്ത് മീറ്റർ.

ഇരുപത്.

മുപ്പത്.

പിന്നെ ഒരു ചെറിയ അറ.

അവിടെ ഒരു മരപ്പെട്ടി.

മായയുടെ ഹൃദയം ശക്തമായി മിടിച്ചു.

“തുറക്കൂ.”

വേണു പെട്ടി തുറന്നു.

സ്വർണ്ണമില്ല.

വെള്ളിയുമില്ല.

പകരം പഴയ കടലാസുകൾ.

പോർച്ചുഗീസ് മുദ്രയുള്ള രേഖകൾ.

മായ ഒന്ന് തുറന്നു.

അവളുടെ മുഖം പെട്ടെന്ന് വെളുത്തു.

“എന്താണ്?”

“ഇത്… ഇതൊരു സാധാരണ വ്യാപാരരേഖയല്ല.”

“പിന്നെ?”

“ഇത് ഇവിടെ നടന്ന രഹസ്യ ഇടപാടുകളുടെ രേഖയാണ്.”

“ആരുമായി?”

മായയുടെ ശബ്ദം താഴ്ന്നു.

“പോർച്ചുഗീസുകാർ മാത്രമല്ല.”

അവൾ അടുത്ത പേജ് തുറന്നു.

“ഡച്ചുകാരും.”

“അപ്പോൾ?”

“ഇരുവരും പരസ്പരം ശത്രുക്കളായി നടിച്ചിരുന്നെങ്കിലും…”

അവൾ വാചകം പൂർത്തിയാക്കിയില്ല.

അപ്പോൾ തുരങ്കത്തിന്റെ അറ്റത്ത് ഒരു ശബ്ദം.

കാൽച്ചുവടുകൾ.

ഒന്ന്.

രണ്ട്.

മൂന്ന്.

വേണുഗോപൻ ടോർച്ച് ഓഫ് ചെയ്തു.

ഇരുട്ട്.

“ആരാണ്?”

മറുപടി ഇല്ല.

പിന്നെ ഒരു ശബ്ദം.

“രേഖകൾ അവിടെവെച്ച് പുറത്തേക്ക് വരൂ.”

മായ തിരിച്ചറിഞ്ഞു.

അത് ലെതർ ബാഗുകാരന്റെ ശബ്ദമായിരുന്നു.

9. തുരങ്കത്തിലെ വേട്ട

“അവൻ നമ്മളെ പിന്തുടർന്നിരുന്നു,” വേണുഗോപൻ പിറുപിറുക്കും പോലെ പറഞ്ഞു.

മായ രേഖകൾ നെഞ്ചോട് ചേർത്തു.

“മറ്റൊരു വഴി ഉണ്ടാകണം.”

അവർ അറയുടെ പിന്നിലേക്ക് നോക്കി.

അവിടെ വെള്ളം.

മതിലിൽ ചെറിയൊരു തുറവ്.

വേണുഗോപൻ  കൈ കയറ്റി.

“ഇവിടെ കാറ്റോട്ടമുണ്ട്.”

അവൻ കല്ല് തള്ളി.

പിന്നിൽ മറ്റൊരു ഇടുങ്ങിയ വഴിയുണ്ടായിരുന്നു.

അവർ അതിലൂടെ കയറി.

പിറകിൽ ടോർച്ചിന്റെ വെളിച്ചം തെളിഞ്ഞു.

“ഓടൂ!”

തുരങ്കം വളഞ്ഞു.

വെള്ളം മുട്ടോളം.

പിന്നിൽ കാൽച്ചുവടുകൾ.

അപ്പോൾ മായയുടെ കാലിൽ എന്തോ തട്ടി.

അവൾ താഴേക്ക് നോക്കി.

ഒരു ഇരുമ്പുപെട്ടി.

അവൾ അത് തുറന്നു.

അതിനുള്ളിൽ ഒരു ചെറിയ സ്വർണ്ണ കുരിശ്.

അതിന്റെ പിന്നിൽ 

“63 is not a distance.” എന്ന് കൊത്തിയിരുന്നു

മായ നിശ്ചലയായി.

“ വേണു…”

“എന്തേ?”

“ അപ്പോൾ അറുപത്തിമൂന്ന് 

എന്നത് ദൂരമല്ല .”

“പിന്നെ?”

“അത് ഒരു തീയതിയാണ്.”

“എന്തിന്റെ?”

മായയുടെ കണ്ണുകൾ രേഖയിലേക്ക് നീങ്ങി.

1663.

ഡച്ചുകാർ കോട്ട പിടിച്ച വർഷം.

“നിധി ഒളിപ്പിച്ചത് ഡച്ചുകാരുടെ ആക്രമണത്തിന് മുമ്പല്ല,” അവൾ പറഞ്ഞു.

“പിന്നെ?”

“കോട്ട വീഴുന്നതിന് തൊട്ടുമുമ്പ്.”

അവൾ പെട്ടെന്ന് മനസ്സിലാക്കി.

“അതൊളിപ്പിച്ചത് പോർച്ചുഗീസുകാർ അല്ല.”

“ പിന്നെ ആരാണ്?”

“കോട്ടയിൽ ഉണ്ടായിരുന്ന നാട്ടുകാർ.”

10. യഥാർത്ഥ നിധി

തുരങ്കത്തിന്റെ അവസാനം അവർ പുറത്തുവന്നത് പുഴയുടെ മറ്റൊരു കരയിലാണ്.

നേരം പുലർച്ചെയായിരുന്നു.

ലെതർ ബാഗുകാരൻ അവിടെ കാത്തുനിന്നിരുന്നു.

അവന്റെ കയ്യിൽ തോക്ക്.

“രേഖകൾ.”

മായ ഒന്നും പറഞ്ഞില്ല.

അവൻ തോക്ക് ഉയർത്തി.

അപ്പോഴാണ് പിന്നിൽ നിന്ന് പോലീസ് ജീപ്പിന്റെ സൈറൺ കേട്ടത്.

അവൻ തിരിഞ്ഞുനോക്കി.

വേണുഗോപൻ ചിരിച്ചു.

“നിങ്ങൾ കരുതിയത് ഞങ്ങൾ ഒറ്റയ്ക്കാണ് ന്നാണ് ല്ലേ?”

അയാൾ ഓടാൻ ശ്രമിച്ചു.

പക്ഷേ പോലീസ് പിടികൂടി.

അവന്റെ ലെതർ ബാഗിൽ നിന്ന് കിട്ടിയത് ഒരു  കറുത്ത കവറുള്ള പുസ്തകം.

ജോസഫ് പള്ളിപ്പറമ്പിലിന്റെ ഡയറി.

അവസാന പേജിൽ ഒരു വാചകം മാത്രം:

“നിധി കണ്ടെത്തുന്നവൻ സ്വർണം അന്വേഷിക്കരുത്. പക്ഷെ, ആരാണ് ചരിത്രം എഴുതിയത് എന്ന് അന്വേഷിക്കണം.”

11. അവസാന രഹസ്യം

ആഴ്ചകൾക്കുശേഷം 

പുരാവസ്തു വകുപ്പ് തുരങ്കപ്രദേശത്ത് പരിശോധന തുടങ്ങി.

കണ്ടെത്തിയത് വിലപിടിപ്പുള്ള സ്വർണ്ണശേഖരം ആയിരുന്നില്ല.

പക്ഷേ ചരിത്രപരമായി സ്വർണ്ണത്തെക്കാൾ വിലയേറിയ ചില രേഖകൾ.

പഴയ വ്യാപാരക്കണക്കുകൾ.

കപ്പൽപ്പട്ടികകൾ.

രഹസ്യ കരാറുകളുടെ പകർപ്പുകൾ.

പോർച്ചുഗീസ്-ഡച്ച് വ്യാപാരബന്ധങ്ങളുടെ തെളിവുകൾ.

കൊടുങ്ങല്ലൂരിലെ പഴയ തുറമുഖത്തിന്റെ രൂപരേഖകൾ.

പുഴയുടെ പഴയ കാലത്തെ ഗതിമാറ്റങ്ങൾ.

ഇവയെല്ലാം ചേർന്ന്  മറന്നുപോയ ഒരു കാലത്തിന്റെ ചിത്രം പതുക്കെ തെളിഞ്ഞു.

പാലക്കാട്ടേക്ക് പോകുന്ന നൂറുകിലോമീറ്റർ തുരങ്കം?

തെളിവൊന്നുമില്ല.

കുതിരപ്പുറത്ത് സഞ്ചരിക്കാവുന്ന തുരങ്കം?

ഇതുവരെ കണ്ടെത്തിയിട്ടില്ല.

പക്ഷേ കോട്ടപ്പുറത്തും പള്ളിപ്പുറത്തും ഭൂഗർഭ അറകളും വഴികളും ഉണ്ടായിരുന്നോ?

അതിന് തെളിവുകളുണ്ട്.

അതിനപ്പുറമുള്ളതെല്ലാം നാട്ടുകഥകൾ.

കഥകൾക്ക് തെളിവില്ലെങ്കിലും അവയ്ക്ക് മേൽ ചിലപ്പോൾ ചരിത്രത്തിന്റെ നിഴൽപ്പാടുകൾ വീണെന്നിരിക്കാം.

12. വീണ്ടും ആ രാത്രി

ഒരു മാസം കഴിഞ്ഞ് റഹ്മാൻ വീണ്ടും വള്ളവുമായി പുഴയിലിറങ്ങി.

അവന്റെ കഴുക്കോൽ പതിവുപോലെ വെള്ളത്തിലേക്ക് ഊന്നു.

ടക്!

അവൻ നിശ്ചലനായി.

വീണ്ടും.

ടക്!

അവൻ താഴേക്ക് നോക്കി.

വെള്ളം തെളിഞ്ഞിരുന്നു.

കഴുക്കോലിന്റെ അറ്റത്ത് ചുറ്റിപ്പിടിച്ച

പായലിനൊപ്പം 

ഒരു ഇരുമ്പുപെട്ടി കൂടി പൊങ്ങി വന്നു.

റഹ്മാൻ വള്ളം നിർത്തി.

“അയ്യോ…”

അയാൾ കുനിഞ്ഞ് നോക്കി.

പെട്ടിയിൽ ഒരു ചിഹ്നം.

ഒരു കുതിര.

അതിന്റെ താഴെ മൂന്ന് അക്ഷരങ്ങൾ:

A Q U

റഹ്മാൻ എന്ത് ചെയ്യണമെന്നറിയാതെ എഴുന്നേറ്റു.

അപ്പോഴാണ് പുഴയുടെ മറുകരയിൽ ഒരു മനുഷ്യന്റെ രൂപം കണ്ടത്.

കറുത്ത ഷർട്ട്.

തൊപ്പി.

ലെതർ ബാഗ്.

റഹ്മാൻ കണ്ണുകൾ ചുരുട്ടി നോക്കി.

അത് ആ മനുഷ്യൻ തന്നെയായിരുന്നു.

പക്ഷേ…

അവൻ ജയിലിലായിരുന്നല്ലോ.

റഹ്മാൻ പിന്നിലേക്ക് നോക്കി.

വഞ്ചിയിൽ ആരുമില്ല.

വീണ്ടും മറുകരയിലേക്ക് നോക്കിയപ്പോൾ 

അവിടെയും ആരുമില്ലായിരുന്നു.

അയാൾ പതുക്കെ പെട്ടിയിലേക്ക് കൈ നീട്ടി.

പെട്ടിയുടെ മൂടി തുറന്നു.

അകത്ത് സ്വർണം ഇല്ല.

ഒരു പഴയ ഭൂപടം മാത്രം.

അതിൽ കൊടുങ്ങല്ലൂർ മുതൽ കിഴക്കോട്ട് നീളുന്ന ഒരു ചുവന്ന രേഖ.

രേഖയുടെ അവസാനത്തിൽ 

ഇംഗ്ലീഷിൽ ഒരു വാക്ക്:

PALAKKAD

റഹ്മാന്റെ കൈ വിറച്ചു.

അയാൾ ഭൂപടം മറിച്ചു.

പിന്നിൽ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ ഒരു വാചകം.

അതിനടിയിൽ മലയാളത്തിൽ ആരോ പിന്നീട് എഴുതിയിരുന്നു:

“ഒന്നാമത്തെ വഴി കണ്ടെത്തിയവർ രണ്ടാമത്തെ വഴി മറച്ചുവച്ചു.”

പുഴ അപ്പോഴും പതുക്കെ ഒഴുകിക്കൊണ്ടിരുന്നു.

കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ നിശ്ശബ്ദമായി നിന്നു.

ചരിത്രം ഒരിക്കൽ കൂടി തന്റെ വാതിൽ അടച്ചു.

പക്ഷേ…

താക്കോൽ ആരുടെയോ കയ്യിലുണ്ടായിരുന്നു.

നാലാമത്തെ വാതിൽ.

അറുപത്തിമൂന്നാമത്തെ കല്ല്

രാത്രി രണ്ടുമണി. മഴ പെയ്തു തീർന്നിരുന്നു.

കോട്ടപ്പുറം പുഴ ഉറക്കമില്ലാതെ ഒഴുകി. 

പുഴയുടെ മേൽ മഞ്ഞുപോലെ നേർത്ത ഒരു പുകപ്പാളി പരന്നു കിടന്നു. ദൂരെയുള്ള വിളക്കുകളുടെ പ്രതിബിംബങ്ങൾ വെള്ളപ്പരപ്പിൽ  കിടന്നിളയിയാടി.

റഹ്മാൻ വള്ളത്തിൽ ഒറ്റയ്ക്കായിരുന്നു.

അയാളുടെ മുന്നിൽ കിടന്നിരുന്ന പഴയ ഇരുമ്പുപെട്ടി തുറന്നുകിടന്നു.

അതിനുള്ളിലെ ഭൂപടം അയാൾ വീണ്ടും തുറന്നു.

PALAKKAD

അതിനു താഴെ ഒരു ചെറിയ കറുത്ത വൃത്തം.

വൃത്തത്തിനുള്ളിൽ ഒരു സംഖ്യ.

63

അതിനു താഴെ മറ്റൊരു വാക്ക്.

NON APRIRE

റഹ്മാൻ ആ വാക്ക് പലതവണ വായിച്ചു.

അർത്ഥമറിയില്ല.

പക്ഷേ എന്തോ അപകടകരമായ ഒന്നാണെന്ന് തോന്നി.

അപ്പോഴാണ് പുഴയുടെ മറുകരയിൽ ഒരു വെളിച്ചം തെളിഞ്ഞത്.

ഒന്ന്.

രണ്ട്.

മൂന്ന്.

മൂന്ന് ചെറിയ വെളിച്ചങ്ങൾ.

റഹ്മാന്റെ കൈയിൽ നിന്ന് ഭൂപടം വഴുതി.

അയാൾ ഉടൻ വള്ളത്തിലെ വിളക്കണച്ചു.

മറുകരയിലെ വെളിച്ചങ്ങൾ പതുക്കെ നീങ്ങിത്തുടങ്ങി.

അവ വഞ്ചികളുടേതല്ലായിരുന്നു.

പുഴയുടെ കരയിലൂടെ ആരോ നടക്കുകയായിരുന്നു.

റഹ്മാൻ ശ്വാസം പിടിച്ചു.

അവരിൽ ഒരാൾ നിന്നു.

പിന്നെ പുഴയിലേക്ക് നോക്കി.

“റഹ്മാൻ…”

അയാളുടെ ശരീരം മരവിച്ചു.

ആ ശബ്ദം അയാൾ തിരിച്ചറിഞ്ഞു.

മരിച്ചുപോയ ജോസഫ് പള്ളിപ്പറമ്പിലിന്റെ ശബ്ദമായിരുന്നത്.

1. മരിച്ചവന്റെ ശബ്ദം

പിറ്റേന്ന് രാവിലെ റഹ്മാൻ മായയെ 

കാണാൻ പോയി.

അയാൾ ഒന്നും മറച്ചുവെച്ചില്ല.

ഭൂപടം മേശപ്പുറത്ത് വച്ചു.

മായ അത് തുറന്നു.

“ഇത് എവിടെ നിന്നാണ് കിട്ടിയത്?”

“പുഴക്കരയിൽ നിന്ന്.”

“എപ്പോൾ?”

“ഇന്നലെ രാത്രി.”

“മറ്റാരെങ്കിലും കണ്ടോ?”

റഹ്മാൻ മിണ്ടാതെ നിന്നു.

“റഹ്മാൻക്കാ… പറയ്...”

“ഞാൻ ഒരാളെ കണ്ടു.”

“ആരെ?”

“ജോസഫ് സാറിനെ.”

മായയുടെ മുഖം മാറി.

“അത് അസാധ്യമാണ്.”

“അറിയാം.”

“അദ്ദേഹം മരിച്ചിട്ട്…”

“എനിക്ക് അറിയാം.”

“പിന്നെ?”

റഹ്മാൻ അവളുടെ കണ്ണിലേക്ക് നോക്കി.

“ഞാൻ കണ്ടത് അദ്ദേഹത്തെ തന്നെയാണെന്ന് ഞാൻ പറഞ്ഞില്ല.”

“പിന്നെ?”

“അദ്ദേഹത്തിന്റെ ശബ്ദം.”

മുറിയിൽ നിശ്ശബ്ദത.

വേണുഗോപൻ ഭൂപടം എടുത്തു.

“ഇതിൽ എന്തോ എഴുതിയിട്ടുണ്ട്.”

മായ തലകുനിച്ചു.

“NON APRIRE.”

അവൾ പഴയ പോർച്ചുഗീസ് നിഘണ്ടു തുറന്നു.

“ഇതിന്റെ അർത്ഥം…”

അവൾ നിശ്ചലയായി.

“തുറക്കരുത്.”

2. അറുപത്തിമൂന്നാമത്തെ കല്ല്

അന്ന് ഉച്ചയ്ക്ക് മായയും വേണുഗോപനും വീണ്ടും കോട്ടപ്പുറത്തെത്തി.

ആദ്യ തുരങ്കം കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങിയിരുന്നു.

പക്ഷേ മായയ്ക്ക് അറിയാമായിരുന്നു, 

താൻ അന്വേഷിക്കുന്നത് അതല്ലെന്ന്.

ഭൂപടത്തിലെ കറുത്ത വൃത്തം കോട്ടയുടെ പഴയ മതിലിൽ നിന്ന് കൃത്യമായി 63 അടി അകലെയായിരുന്നു.

അവർ കല്ലുകൾ എണ്ണിത്തുടങ്ങി.

അറുപത്.

അറുപത്തൊന്ന്.

അറുപത്തിരണ്ട്.

അറുപത്തിമൂന്ന്.

വേണുഗോപൻ നിശ്ചലനായി.

“ഇതാ.”

ഒരു വലിയ ചുവന്ന ചുണ്ണാമ്പ് കല്ല്.

അത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അതിന്റെ നടുവിൽ മങ്ങിയൊരു അടയാളം.

കുതിര.

അതിന്റെ താഴെ ഒരു കുരിശ്.

മായ വിരലുകൊണ്ട് പൊടി നീക്കി.

അടയാളത്തിനകത്ത് 

മറ്റൊരു ചെറിയ ചിഹ്നം.

ഒരു കണ്ണ്.

“ഇത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്,” 

അവൾ പറഞ്ഞു.

“എവിടെ?”

“ജോസഫിന്റെ ഡയറിയിൽ.”

അവൾ ബാഗിൽ നിന്ന് ഫോട്ടോ എടുത്തു.

ഡയറിയുടെ അവസാന പേജിലെ അതേ കണ്ണ്.

പക്ഷേ ഇവിടെ അതിന് താഴെ മറ്റൊരു സംഖ്യയുണ്ടായിരുന്നു.

III

വേണുഗോപൻ പതുക്കെ പറഞ്ഞു:

“മൂന്നാമത്തേത്.”

“എന്തിന്റെ?”

മായ മറുപടിക്കായി കാത്തില്ല. 

3. മതിലിനുള്ളിലെ മുറി

കല്ല് നീക്കൽ അത്ര എളുപ്പമായിരുന്നില്ല.

ഏകദേശം അരമണിക്കൂർ പരിശ്രമിച്ചപ്പോൾ അത് അല്പമൊന്നനങ്ങി.

അതിനുപിന്നിൽ ശൂന്യമായിരുന്നു.

വേണുഗോപൻ ടോർച്ച് തെളിച്ചു.

മതിലിനുള്ളിൽ ചെറിയൊരു മുറി.

ഒരു മനുഷ്യന് നിൽക്കാൻ മാത്രം വലുപ്പം.

അവിടെ ഒരു കറുത്ത മരപ്പെട്ടി.

പൂട്ടിയിട്ടില്ല.

മായ പരിഭ്രമത്തോടെ അത് തുറന്നു.

അകത്ത് ഒരു വെള്ളിപ്പാത്രം.

ഒരു പഴയ താക്കോൽ.

പാതിയോളം കത്തിയ ഒരു  മെഴുകുതിരി.

പിന്നെ…

ഒരു കത്ത്.

കത്തിന്റെ മുകളിൽ ഒരു തീയതി.

1663

മായയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

കത്ത് പോർച്ചുഗീസ് ഭാഷയിൽ.

അവൾ പതുക്കെ വായിച്ചു.

അവസാന വരിയിൽ എത്തുമ്പോൾ അവൾ നിശ്ചലയായി.

“എന്താണ്?” വേണുഗോപൻ ചോദിച്ചു.

മായ കത്ത് അവന് കൊടുത്തു.

“ഇതൊരു സാധാരണ കത്തല്ല.”

“പിന്നെ?”

“ഇതൊരു നിർദ്ദേശമാണ്.”

“ആർക്കുള്ളത്?”

“കോട്ട ഉപേക്ഷിക്കുന്ന രാത്രിയിൽ അവസാനമായി തുരങ്കത്തിലേക്ക് പോകുന്ന ആൾക്കുള്ളത്.”

വേണുഗോപൻ കത്ത് വായിച്ചു.

അതിൽ ഒരു വരി മാത്രം അവന് മനസ്സിലായി.

“മൂന്ന് വാതിലുകൾ കടന്നാൽ ....... നാലാമത്തെ വാതിൽ തുറക്കരുത്.”

4. നാലാമത്തെ വാതിൽ

“നമുക്ക് തിരിച്ചു പോകാം,” വേണുഗോപൻ പറഞ്ഞു.

മായ ചിരിച്ചു.

“നിനക്കിപ്പോൾ  പേടി തോന്നുന്നുണ്ടോ?”

“അതെ.”

“ അത് നല്ലതാണ്.”

“ങും?”

“ഭയമുള്ളപ്പോൾ മാത്രമാണ് മനുഷ്യൻ അപകടം ശ്രദ്ധിക്കുന്നത്.”

അവർ മുറിയുടെ പിന്നിലെ മതിൽ പരിശോധിച്ചു.

അവിടെ ഒരു ചെറിയ ഇരുമ്പ് വളയം.

വേണുഗോപൻ വലിച്ചു.

ക്ലിക്ക്.

മതിലിന്റെ ഒരു ഭാഗം തുറന്നു.

താഴേക്ക് പോകുന്ന പടികൾ.

പുതിയതല്ല.

നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന കല്ലുകെട്ടിയ പടികൾ.

മായ താഴേക്ക് ഇറങ്ങി.

അഞ്ച് പടികൾ.

പത്ത്.

പതിനഞ്ച്.

ഇരുട്ട് കനത്തു.

താഴെ വെള്ളം കല്പടവിൽ വന്നടിക്കുന്നതിൻ്റെ ശബ്ദം.

“ഇത് പുഴയിലേക്കാണ് പോകുന്നത്” വേണുഗോപൻ പറഞ്ഞു.

പക്ഷേ പടികൾ അവസാനിച്ചില്ല.

അവർ വീണ്ടും താഴേക്ക്.

അവസാനം ഒരു ഇടുങ്ങിയ തുരങ്കം.

അവിടെ ചുമരിൽ മൂന്ന് വാതിലുകൾ.

ആദ്യത്തേത് തുറന്നിരുന്നു.

രണ്ടാമത്തേത് പകുതി തകർന്നിരുന്നു.

മൂന്നാമത്തേത് ഇരുമ്പു കൊണ്ട് അടച്ചിരുന്നു.

അതിനപ്പുറം…

ഒരു വലിയ കല്ലുവാതിൽ.

നാലാമത്തെ വാതിൽ.

മായയുടെ കയ്യിലെ ടോർച്ച് വിറച്ചു.

വാതിലിന്റെ നടുവിൽ അതേ കണ്ണിന്റെ ചിഹ്നം.

അതിനു താഴെ എഴുതിയിരുന്നത്:

NON APRIRE

“തുറക്കരുത്,” വേണുഗോപൻ പറഞ്ഞു.

മായ വാതിലിൽ കൈവച്ചു.

“നമുക്ക് തുറക്കേണ്ട.”

“പിന്നെ?”

“ഇത് ആരാണ് അടച്ചതെന്ന് കണ്ടെത്തണം.”

5. പള്ളിപ്പുറത്തെ നിഴൽ

അന്നേ രാത്രി പള്ളിപ്പുറം കോട്ടയിൽ 

ഒരാൾ എത്തി.

കൈയിൽ ചെറിയ ഇരുമ്പുപെട്ടി.

അയാൾ കോട്ടയുടെ ഭൂഗർഭ അറയ്ക്കരികിൽ നിന്നു.

ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കി.

പിന്നെ പെട്ടി തുറന്നു.

അതിനുള്ളിൽ പഴയൊരു ഭൂപടത്തിന്റെ പകുതി.

അവൻ അത് നിലത്ത് വിരിച്ചു.

കൊടുങ്ങല്ലൂർ.

പള്ളിപ്പുറം.

പാലക്കാട്.

മൂന്ന് സ്ഥലങ്ങൾ.

മൂന്നിനെയും ബന്ധിപ്പിക്കുന്ന മൂന്ന് രേഖകൾ.

പെട്ടെന്ന് പിന്നിൽ നിന്ന് ശബ്ദം.

“നിങ്ങൾക്ക് ഇപ്പോഴും തോന്നുന്നുണ്ടോ മൂന്നാമത്തെ താക്കോൽ നിങ്ങളുടെ കൈയിലാണെന്ന്?”

അയാൾ തിരിഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച ഒരാൾ.

“നിങ്ങൾ ആരാണ്?”

“നിങ്ങൾക്ക് എന്നെ അറിയാം.”

“ഇല്ല.”

“ജോസഫ് മരിക്കുന്നതിന് മുമ്പ് അവസാനമായി സംസാരിച്ചത് ആരോടാണെന്ന് ഓർക്കൂ.”

അയാൾ ഭയന്നു.

“അത്… നിങ്ങൾ ആയിരുന്നോ?”

കറുത്ത വസ്ത്രക്കാരൻ ചിരിച്ചു.

“ജോസഫ് തെറ്റായ മനുഷ്യരെയാണ് വിശ്വസിച്ചത്.”

“നിധി എവിടെയാണ്?”

“നിധി?”

അയാൾ ചിരിച്ചു.

“ഇനിയും നിങ്ങൾ അതിനെ നിധി എന്നാണോ വിളിക്കുന്നത്?”

6. നിധിയല്ല.

കൊടുങ്ങല്ലൂരിൽ മായ പഴയ രേഖകൾ വീണ്ടും പരിശോധിച്ചു.

ഒരു വാക്ക് അവളെ അലട്ടിക്കൊണ്ടിരുന്നു.

AQUA

ആദ്യമവൾ അത് വെള്ളമെന്ന്  കരുതി.

പക്ഷേ ഒരു പഴയ പോർച്ചുഗീസ് രേഖയിൽ അതേ വാക്ക് വേറൊരു സാഹചര്യത്തിൽ ഉപയോഗിച്ചിരുന്നു.

Aqua Regia.

രാജകീയ വെള്ളം.

മായയുടെ കണ്ണുകൾ വലുതായി.

“ വേണൂ…”

“ ഏ?”

“നിധി സ്വർണമല്ല.”

“പിന്നെ?”

“രാസപരമായി സ്വർണം അലിയിക്കാൻ കഴിയുന്ന ദ്രാവകത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേരാണ് Aqua Regia.”

വേണുഗോപൻ അവളെ നോക്കി.

“അതുകൊണ്ട്?”

“പഴയ രേഖകളിൽ ഇത് ഒരു കോഡ് ആയിരിക്കാം.”

“എന്തിന്റെ കോഡ്?”

മായ മറുപടി പറയുന്നതിന് മുമ്പ് ഫോൺ മുഴങ്ങി.

അപരിചിത നമ്പർ.

“ഹലോ?”

മറുവശത്ത് നിശ്ശബ്ദത.

പിന്നെ ഒരു ശബ്ദം.

“നാലാമത്തെ വാതിൽ തുറന്നോ?”

മായയുടെ കൈ തണുത്തു.

“ആരാണ്?”

“തുറക്കരുത്.”

“നിങ്ങൾ ആരാണ്?”

“നിങ്ങളുടെ മുമ്പ് അവിടെ പോയ അവസാന മനുഷ്യൻ.”

“ആരാണ്?”

“ജോസഫ്.”

ഫോൺ വിച്ഛേദിച്ചു.

7. മരിച്ച മനുഷ്യന്റെ ഡയറി

മായയുടെ കൈകൾ വിറച്ചു.

“അത് അസാധ്യമാണ്.”

വേണുഗോപൻ ഫോൺ എടുത്തു.

“നമ്പർ?”

“Private.”

“ജോസഫിന്റെ ശബ്ദമായിരുന്നോ?”

മായ ഒന്നും പറഞ്ഞില്ല.

അവൾ ഡയറി വീണ്ടും തുറന്നു.

അവസാന പേജുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ഒരു ചെറിയ കടലാസ് അവൾ കണ്ടെത്തി.

അതിൽ കൈയെഴുത്ത്.

“ഞാൻ മരിച്ചാൽ എന്നെ വിശ്വസിക്കരുത്.”

വേണുഗോപൻ വായിച്ചു.

“ഇത് ജോസഫിന്റെ എഴുത്താണോ?”

മായ തലകുനിച്ചു.

“അതെ.”

അടുത്ത വരി:

“എന്റെ ശബ്ദത്തിൽ ആരെങ്കിലും നിങ്ങളോട് സംസാരിച്ചാൽ അത് ലകൾക്കാൻ നില്ക്കാതെ ഓടിപ്പോകുക.”

മുറിയിൽ പെട്ടെന്ന് ഒരു ശബ്ദം.

ടക്.

അവർ ഇരുവരും തിരിഞ്ഞു.

വാതിൽ അടഞ്ഞിരുന്നു.

അകത്ത് ആരുമില്ല.

പക്ഷേ മേശപ്പുറത്ത്…

അവർ മുമ്പ് അവിടെ കണിട്ടില്ലാത്ത 

ഒരു വസ്തു.

ഒരു പഴയ വെള്ളിത്താക്കോൽ.

അതിന്റെ മുകളിൽ കൊത്തിയിരുന്നത്:

63

8. മൂന്നാമത്തെ താക്കോൽ

അവർ ആ താക്കോൽ എടുത്തില്ല.

പകരം പോലീസിനെ അറിയിച്ചു.

പക്ഷേ പോലീസ് എത്തിയപ്പോൾ മേശപ്പുറത്ത് ഒന്നുമുണ്ടായിരുന്നില്ല.

താക്കോൽ അപ്രത്യക്ഷം.

ക്യാമറ പരിശോധിച്ചു.

അന്നത്തെ മുഴുവൻ സമയത്തും മുറിയിലേക്ക് ആരും വന്നിട്ടില്ല.

പക്ഷേ രാത്രി 2:13-ന് ക്യാമറയിൽ ഒരു വിചിത്രമായ ഫ്രെയിം.

മുറിയുടെ വാതിലിനരികിൽ ഒരു മനുഷ്യന്റെ നിഴൽ.

മുഖമില്ല.

ശരീരമുണ്ട്.

പക്ഷേ നിഴലിന്…

തല ഇല്ല.

നാലാമത്തെ വാതിൽ.

രണ്ടാം ഭാഗം.

9. പാലക്കാട്ടേക്കുള്ള യാത്ര

അടുത്ത ദിവസം മായ ഒരു തീരുമാനം എടുത്തു.

“നമുക്ക് പാലക്കാട് പോകണം.”

“എന്തിനാണ്?”

“ഭൂപടത്തിലെ മൂന്നാമത്തെ സ്ഥലം അവിടെയാണോ അവസാനിക്കുന്നതെന്ന് അറിയാൻ തന്നെ.”

“പിന്നെ?”

“അവിടെ നിന്നാണ് രേഖ തിരിച്ച് പടിഞ്ഞാറോട്ട് വരുന്നത്. അതും ഉറപ്പാക്കണം”

“ അതെന്തിന്?”

മായ ഭൂപടം മേശയിൽ വിരിച്ചു.

രേഖയുടെ അവസാനബിന്ദു പാലക്കാട് കോട്ടയല്ല.

അതിനും തെക്കുകിഴക്ക്.

ഒരു പഴയ കുന്നിൻപ്രദേശം.

“ അത് കോട്ടയൊന്നുമല്ല,” അവൾ പറഞ്ഞു.

“പിന്നെ?”

“ഒരു പഴയ ഖനിപ്രദേശം.”

അയാൾ മിണ്ടാതായി.

“അപ്പോൾ…”

“അതെ.”

മായയുടെ കണ്ണുകളിൽ ഭയം.

“കോട്ടപ്പുറത്തെ തുരങ്കം പാലക്കാട്ടേക്ക് പോകുന്നില്ല.”

“പിന്നെ?”

“പാലക്കാട്ട് നിന്ന് എന്തോ കൊണ്ടുവന്ന വഴിയാണ് അത്.”

“എന്ത്?”

മായ ഭൂപടത്തിന്റെ അവസാന വരി വായിച്ചു.

പഴയ പോർച്ചുഗീസ് അക്ഷരങ്ങളിൽ:

“The stone that remembers.”

അവൾ പതുക്കെ  പറഞ്ഞു:

“ഓർമ്മിക്കുന്ന കല്ല്.”

10. കുന്നിൻ ചരിവ്.

മൂന്ന് ദിവസത്തിന് ശേഷം അവർ പാലക്കാട്ടെത്തി.

പഴയ കോട്ടയുടെ ചുറ്റും പരിശോധന നടത്തി.

അവസാനം ഭൂപടത്തിലെ അടയാളവുമായി പൊരുത്തപ്പെടുന്ന ഒരു പഴയ കല്ലുമതിൽ കണ്ടെത്തി.

അവിടെ ഒരു കല്ലിൽ അതേ ചിഹ്നം.

കണ്ണ്.

താഴെ:

63

വേണുഗോപൻ കല്ലിൽ കൈവച്ചു.

അത് അല്പം ചലിച്ചു.

പിന്നിൽ നിന്ന് ഒരു ശബ്ദം.

“നിങ്ങൾ വൈകി.”

അവർ തിരിഞ്ഞു.

കറുത്ത വസ്ത്രക്കാരൻ.

ഈ പ്രാവശ്യം അവന്റെ കയ്യിൽ തോക്കില്ല.

പകരം ഒരു പഴയ മരപ്പെട്ടി.

“ഇത് നിങ്ങൾക്കുള്ളതാണ്.”

മായ ചോദിച്ചു:

“എന്താണിത്?”

“നിങ്ങൾ അന്വേഷിക്കുന്നതിന്റെ ആദ്യ ഭാഗം.”

“നിധി?”

അവൻ ചിരിച്ചു.

“നിധിയെന്ന വാക്ക് മറക്കൂ.”

“പിന്നെ?”

അവൻ പെട്ടി തുറന്നു.

അകത്ത് ഒരു കല്ല്.

ചെറിയ കറുത്ത കല്ല്.

പക്ഷേ അതിന്റെ മുകളിൽ കൊത്തിയിരുന്നത്…

കൊടുങ്ങല്ലൂർ കോട്ടയുടെ പൂർണ്ണ രൂപരേഖ.

മായ കല്ല് കൈയിൽ എടുത്തു.

അത് തണുത്തിരുന്നില്ല.

ചൂടായിരുന്നു.

“ഇത് എന്താണ്?”

അവൻ പതുക്കെ പറഞ്ഞു:

“ഇത് ഒരു ഭൂപടമല്ല.”

“പിന്നെ?”

“ഇത് താക്കോലാണ്.”

11. അവസാനത്തെ വാക്ക്

അവൻ കല്ല് തിരിച്ചു.

പിന്നിൽ ഒരു ചെറിയ അറ.

അതിൽ ഒരു കടലാസ്.

മായ അത് തുറന്നു.

ഒരേയൊരു വാചകം:

“കൊടുങ്ങല്ലൂരിലെ നാലാമത്തെ വാതിൽ തുറന്നാൽ പുഴയുടെ ഒഴുക്ക് നില്ക്കും.”

വേണുഗോപൻ ചിരിച്ചു.

“അത് അസംബന്ധമാണ്.”

കറുത്ത വസ്ത്രക്കാരൻ അവനെ നോക്കി.

“നിങ്ങൾക്ക് തോന്നുന്നുണ്ടോ ഈ തുരങ്കങ്ങൾ വെള്ളം കടക്കാൻ മാത്രം നിർമ്മിച്ചതാണെന്ന്?”

മായ അവനെ നോക്കി.

“അപ്പോൾ എന്തിനാണ്?”

അവൻ മറുപടി പറഞ്ഞില്ല.

പകരം കല്ല് തിരികെ പെട്ടിയിൽ വെച്ചു.

“അത് നിങ്ങൾ നാലാമത്തെ വാതിൽ തുറക്കുമ്പോൾ മനസ്സിലാകും.”

“നിങ്ങൾ ഞങ്ങളെ അവിടെ എത്തിക്കാൻ ശ്രമിക്കുകയാണോ?”

“അല്ല.”

അവൻ പിന്നോട്ട് നടന്നു.

“ഞാൻ നിങ്ങളെ തടയാനാണ് ശ്രമിക്കുന്നത്.”

മായ അവനെ പിന്തുടരാൻ തിരിഞ്ഞപ്പോൾ…

അവൻ ഇല്ല.

അവിടെ കാറ്റ് മാത്രം.

പെട്ടിയിൽ കല്ല്.

അതിനടിയിൽ മറ്റൊരു ചെറിയ കടലാസ്.

മായ അത് തുറന്നു.

ഇപ്പോൾ അവളുടെ മുഖത്ത് ഭയമായിരുന്നില്ല.

ആകാംക്ഷയായിരുന്നു.

കടലാസിൽ എഴുതിയിരുന്നത്:

“63 was never the number of the stone.
It was the number of the men who died guarding it.”

മായ പതുക്കെ മലയാളത്തിലേക്കത് ഉരുവിട്ടു. 

“63 ഒരിക്കലും കല്ലിന്റെ നമ്പറായിരുന്നില്ല.
അതിനെ കാത്ത് മരിച്ച മനുഷ്യരുടെ എണ്ണമായിരുന്നു.”

പാലക്കാട്ടെ രാത്രി കൂടുതൽ ഇരുണ്ടു.

അതേ സമയം…

കൊടുങ്ങല്ലൂരിലെ പുഴയുടെ അടിയിൽ, നൂറ്റാണ്ടുകളായി അടഞ്ഞുകിടന്ന നാലാമത്തെ വാതിലിന്റെ മറുവശത്ത്…

ഒരു പഴയ ഇരുമ്പ് ചങ്ങല പതുക്കെ നീങ്ങി.

ക്ലിങ്…

വാതിലിനപ്പുറം നിന്ന് വെള്ളത്തിന്റെ ശബ്ദമല്ല വന്നത്.

ഒരു മനുഷ്യന്റെ ശ്വാസം.

പിന്നെ വളരെ താഴ്ന്നൊരു ശബ്ദം:

“അവസാനം… അവർ തിരിച്ചെത്തി.”

നാലാമത്തെ വാതിൽ

കോട്ടപ്പുറം പുഴയുടെ അടിയിൽ നിന്ന് വീണ്ടും ആ ശബ്ദം കേട്ടപ്പോൾ സമയം പുലർച്ചെ മൂന്ന് മണിയായിരുന്നു.

ക്ലിങ്…

ഇരുമ്പ് ചങ്ങല നീങ്ങിയ ശബ്ദം.

പിന്നെ നിശ്ശബ്ദത.

അതിനുശേഷം,

ക്ലിങ്…

രണ്ടാമതും.

നൂറ്റാണ്ടുകളായി ആരും തുറക്കാത്ത ഒരു വാതിലിന്റെ പിന്നിൽ എന്തോ ഉണർന്നതുപോലെ.

1. തിരിച്ചു വരവ്

പാലക്കാട്ടുനിന്ന് കൊടുങ്ങല്ലൂരിലേക്ക് മായയും വേണുഗോപനും തിരികെ എത്തുമ്പോഴേക്കും പുഴയിലെ ജലം അസാധാരണമായി കലങ്ങിയിരുന്നു.

കോട്ടപ്പുറത്താകെ പൊലീസ്,

പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ,

വഞ്ചിക്കാർ,

നാട്ടുകാർ.

എല്ലാവരും ഒരേ കാര്യമാണ് സംസാരിക്കുന്നത്.

“രാത്രിയിൽ വെള്ളം പെട്ടെന്ന് താഴ്ന്നുപോയി. ചില ഭാഗങ്ങൾ ഒരു മൈതാനം പോലായി .”

“പുഴയുടെ നടുവിൽ കല്ലുകൾ കാണുന്നുണ്ട്.”

“താഴെ എന്തോ വലിയ മതിൽ പോലെയുണ്ട്.”

റഹ്മാൻ അവരെ കണ്ടയുടൻ ഓടിയെത്തി.

“മായ മാഡം…”

“എന്താണ് സംഭവിച്ചത്?”

“പുഴ തന്നെ മാറിപ്പോയി.”

“എങ്ങനെ?”

“ഇന്നലെ രാത്രി മുതൽ വെള്ളം ഒരു ഭാഗത്തേക്ക് വലിഞ്ഞുപോകുന്ന പോലെയാണ്.”

വേണുഗോപൻ പുഴയിലേക്ക് നോക്കി.

“ഇവിടെയാണോ?”

റഹ്മാൻ കഴുക്കോൽ നീട്ടി.

“ഇവിടെ.”

കഴുക്കോൽ വെള്ളത്തിലേക്ക് ഇറങ്ങി.

അൽപ്പം കഴിഞ്ഞ്,

ടക്!

വേണുഗോപൻ മായയെ നോക്കി.

“നാലാമത്തെ വാതിൽ.”

മായ ഒന്നും പറഞ്ഞില്ല.

അവളുടെ കയ്യിലുണ്ടായിരുന്ന 

കറുത്ത കല്ല് പെട്ടെന്ന് ചൂടു പിടിച്ചു.

2. അറുപത്തിമൂന്ന്

അവർ വീണ്ടും തുരങ്കത്തിലേക്ക് ഇറങ്ങി.

ഇത്തവണ അവർ ഒറ്റയ്ക്കായിരുന്നില്ല.

പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥൻ രാഘവൻ, രണ്ട് തൊഴിലാളികൾ, റഹ്മാൻ, എല്ലാവരും കൂടെ.

ആദ്യത്തെ മൂന്ന് വാതിലുകളും കടന്ന് അവർ നാലാമത്തെ വാതിലിനു മുന്നിലെത്തി.

വാതിലിന്റെ നടുവിലെ കണ്ണിന്റെ ചിഹ്നത്തിൽ മായ കറുത്ത കല്ല് ചേർത്തുവച്ചു.

ക്ലിക്ക്.

വാതിൽ തുറന്നില്ല.

പക്ഷേ ചുമരിനുള്ളിൽ എവിടെയോ ഒരു യന്ത്രം പ്രവർത്തിക്കുന്ന ശബ്ദം.

ഘർർർ…

അതിനുശേഷം വാതിലിന്റെ മുകളിലൂടെ വെള്ളം താഴേക്ക് വീഴാൻ തുടങ്ങി.

രാഘവൻ പിന്നോട്ടടി വച്ചു.

“വെള്ളം കയറുന്നു!”

മായ വാതിലിലേക്ക് നോക്കി.

“ഇത് വാതിൽ തുറക്കാനുള്ള സംവിധാനം അല്ല.”

“പിന്നെ?”

“ഇത് വെള്ളത്തിന്റെ മർദ്ദം ഉപയോഗിക്കുന്ന സംവിധാനമാണ്.”

അവൾ ചുമരിൽ കൈവച്ചു.

“ഇത് ഒരു ജലവാതിലാണ്.”

വേണുഗോപൻ പെട്ടെന്ന് മനസ്സിലാക്കി.

“അതുകൊണ്ടാണ് പുഴയിലെ വെള്ളം താഴ്ന്നത്.”

“അതെ.”

മായയുടെ ശബ്ദവും താഴ്ന്നു.

“ഈ തുരങ്കം മനുഷ്യരെ പാലക്കാട്ടേക്ക് കൊണ്ടുപോകാനല്ല നിർമ്മിച്ചത്.”

“പിന്നെ?”

“വെള്ളത്തെ നിയന്ത്രിക്കാനാണ്.”

3. കോട്ടയുടെ രഹസ്യം

വാതിൽ പതുക്കെ തുറന്നു.

അതിനപ്പുറം ഒരു വലിയ ഭൂഗർഭ അറ.

ചുമരുകളിൽ പഴയ കല്ലുപണികൾ.

മദ്ധ്യത്തിൽ കല്ലുകൊണ്ടുണ്ടാക്കിയ ഒരു വലിയ ചതുരക്കുഴി.

അതിനുള്ളിൽ വെള്ളം.

പക്ഷേ അതിനേക്കാൾ വിചിത്രമായത് മറ്റൊന്നായിരുന്നു.

അറയുടെ നാല് ചുമരുകളിലും കൊത്തിവച്ചിരുന്ന ഭൂപടങ്ങൾ.

ഒന്നിൽ കൊടുങ്ങല്ലൂർ.

മറ്റൊന്നിൽ പള്ളിപ്പുറം.

മൂന്നാമത്തിൽ പാലക്കാട്.

നാലാമത്തേത്…

മായയുടെ ശ്വാസം നിലച്ചു.

പെരിയാറിന്റെ പഴയ ഒഴുക്ക്.

ഇന്നത്തെ പുഴയല്ല.

നൂറ്റാണ്ടുകൾക്കുമുമ്പത്തെ പുഴ.

“ഇതൊരു ജലപാത നിയന്ത്രണകേന്ദ്രമായിരുന്നു,” അവൾ പറഞ്ഞു.

രാഘവൻ അടുത്തെത്തി.

“ആരാണ് നിർമ്മിച്ചത്?”

മായ ചുമരിലെ അടയാളം നോക്കി.

പോർച്ചുഗീസ് കുരിശ്.

അതിനടിയിൽ മറ്റൊരു മുദ്ര.

ഡച്ചുകാരുടെ ചിഹ്നം.

അതിനപ്പുറം…

മൈസൂരിന്റെ പുലി.

“ഒരാൾ മാത്രം അല്ല.”

അവൾ പറഞ്ഞു.

“ഇത് പല കാലഘട്ടങ്ങളിൽ ഉപയോഗിക്കുകയും മാറ്റുകയും ചെയ്തതാണ്.”

4. നിധിയുടെ യഥാർത്ഥ രൂപം

അറയുടെ ഒരു മൂലയിൽ കല്ലുകൊണ്ടുണ്ടാക്കിയ പെട്ടി.

അതിനുള്ളിൽ സ്വർണ്ണനാണയങ്ങൾ.

വെള്ളി.

രത്നങ്ങൾ.

പഴയ മുദ്രകൾ.

വേണുഗോപൻ പതിയെ ചിരിച്ചു.

“അപ്പോൾ നിധി ഉണ്ടായിരുന്നു.”

മായ തലകുനിച്ചു.

“അതെ.”

റഹ്മാൻ കണ്ണുകൾ വലുതാക്കി.

“എന്നിട്ട് ഇത്രയും കാലം…”

“പക്ഷേ ഇതല്ല അവർ ഒളിപ്പിച്ചത്.”

“പിന്നെ?”

മായ പെട്ടിയുടെ അടിഭാഗം പരിശോധിച്ചു.

അവിടെ മറ്റൊരു രഹസ്യ അറ.

അതിൽ ഒരു കറുത്ത ലോഹപ്പെട്ടി.

പൂട്ടിയിരിക്കുന്നു.

അതിന്റെ മുകളിൽ ഒരു വാചകം:

“സ്വർണം നഷ്ടപ്പെട്ടാലും രേഖകൾ നഷ്ടപ്പെടരുത്.”

വേണുഗോപൻ മിണ്ടാതെ നിന്നു.

മായ പെട്ടി തുറന്നു.

അതിനുള്ളിൽ നൂറുകണക്കിന് രേഖകൾ.

കപ്പലുകളുടെ പട്ടിക.

വ്യാപാരക്കണക്കുകൾ.

രഹസ്യ കരാറുകൾ.

പോർച്ചുഗീസ് ഉദ്യോഗസ്ഥരുടെ കത്തുകൾ.

ഡച്ച് ഉദ്യോഗസ്ഥരുടെ കത്തുകൾ.

മൈസൂർ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള രേഖകൾ.

അവസാനം,

ഒരു പട്ടിക.

63 പേരുകളുടെ പട്ടിക.

5. അറുപത്തിമൂന്ന് മനുഷ്യർ

മായ ഓരോ പേരും വായിച്ചു.

വ്യത്യസ്ത ഭാഷകൾ.

വ്യത്യസ്ത കുടുംബപ്പേരുകൾ.

വ്യത്യസ്ത മതങ്ങൾ.

പക്ഷേ എല്ലാവരുടെയും പേരിന് നേരെ  

ഒരേ കുറിപ്പ്.

“Guardian.”

കാവൽക്കാരൻ.

രാഘവൻ ചോദിച്ചു:

“ഇവർ ആരായിരുന്നു?”

മായയുടെ ശബ്ദം പതുക്കെയായി.

“തുരങ്കത്തിന്റെ കാവൽക്കാർ.”

“എന്തിനാണ് അറുപത്തിമൂന്ന് പേർ?”

“കാരണം, അവർ ഒരു നിധിയെ മാത്രമല്ല കാത്തത്.”

അവൾ അവസാന പേജ് എടുത്തു.

അവിടെ ഒരു വരി:

“If the fort falls, close the fourth gate.
If the gate is opened, the river will remember.”

മായ അതിന്റെ അർത്ഥം പറഞ്ഞു.

“കോട്ട വീണാൽ നാലാമത്തെ വാതിൽ അടയ്ക്കുക. വാതിൽ തുറന്നാൽ പുഴ ഓർക്കും.”

വേണുഗോപൻ ചിരിച്ചു.

“പുഴ ഓർക്കുമെന്നോ?”

മായ അവനെ നോക്കി.

“ ഇതൊരു  കവിതയല്ല.”

അവൾ ചുമരിലെ പഴയ ഭൂപടത്തിലേക്ക് വിരൽ ചൂണ്ടി.

“വാതിൽ തുറന്നാൽ പുഴയുടെ പഴയ ഒഴുക്ക് തിരിച്ചുവരും.”

6. അവസാനത്തെ ഗൂഢാലോചന

അപ്പോഴാണ് പിന്നിൽ വെടിയൊച്ച.

ധാം!

രാഘവൻ നിലത്തുവീണു.

എല്ലാവരും ഞെട്ടി.

തുരങ്കത്തിന്റെ പ്രവേശനത്തിൽ മൂന്ന് പേർ.

അവരുടെ മുന്നിൽ…

കറുത്ത വസ്ത്രക്കാരൻ.

മായ അവനെ നോക്കി.

“നീ!”

അവൻ തോക്ക് താഴ്ത്തി.

“ഞാൻ പറഞ്ഞില്ലേ? നിങ്ങളെ തടയാനാണ് ശ്രമിക്കുന്നതെന്ന്.”

വേണുഗോപൻ നിലത്തിരുന്ന തോക്കിലേക്ക് നോക്കി.

“രാഘവന്?”

“വെടിയേറ്റിട്ടില്ല.”

അവൻ രാഘവനെ നോക്കി.

“ഭയപ്പെടുത്താൻ മാത്രം.”

അപ്പോൾ പിന്നിൽ മറ്റൊരു സംഘം.

ഈ പ്രാവശ്യം യഥാർത്ഥ ആയുധങ്ങളുമായി.

കറുത്ത വസ്ത്രക്കാരന്റെ മുഖം മാറി.

“അവർ എത്തി.”

“ആരാണ്?”

“നിധിക്കുവേണ്ടി വന്നവർ.”

“നിധി ഇവിടെയുണ്ടെന്ന് അവർക്കറിയാമോ?”

“നിധി മാത്രമല്ല.”

അവൻ കറുത്ത ലോഹപ്പെട്ടിയിലേക്ക് നോക്കി.

“ആ രേഖകൾ.”

7. യഥാർത്ഥ ശത്രു

സംഘത്തിന്റെ നേതാവ് മുന്നോട്ട് വന്നു.

അമ്പതിലേറെ വയസ്സുള്ള ഒരാൾ.

അവന്റെ കൈയിൽ പഴയൊരു വെള്ളിത്താക്കോൽ.

“പെട്ടി എനിക്ക് തരൂ.”

മായ ചോദിച്ചു:

“നിങ്ങൾ ആരാണ്?”

അയാൾ ചിരിച്ചു.

“ചരിത്രം വാങ്ങുന്നവൻ.”

“ചരിത്രത്തെ വാങ്ങാൻ കഴിയില്ല.”

“കഴിയും.”

അയാൾ ഒരു രേഖ പുറത്തെടുത്തു.

“ലോകത്തിലെ വലിയ സ്വകാര്യ ശേഖരങ്ങൾ ചരിത്രം വാങ്ങിയാണ് ഉണ്ടാക്കിയത്.”

“നിങ്ങൾക്ക് ഈ രേഖകൾ എന്തിനാണ്?”

“കാരണം ഇവയിൽ ചിലത് പുറത്തുവന്നാൽ…”

അവൻ നിശ്ശബ്ദനായി.

“പല കുടുംബങ്ങളുടെ നൂറ്റാണ്ടുകളായുള്ള കഥകൾ മാറും.”

മായ തിരിച്ചറിഞ്ഞു.

ഇത് സ്വർണ്ണത്തിനുവേണ്ടിയുള്ള വേട്ടയല്ല.

ചരിത്രത്തിന്റെ ഉടമസ്ഥതയ്ക്കുവേണ്ടിയുള്ള യുദ്ധമാണ്.

വേണുഗോപൻ പതുക്കെ പറഞ്ഞു:

“ജോസഫിനെ നിങ്ങൾ കൊന്നു.”

അയാൾ മറുപടി പറഞ്ഞില്ല.

കറുത്ത വസ്ത്രക്കാരൻ മുന്നോട്ട് വന്നു.

“അതെ.”

“അപ്പോൾ നീ ആരാണ്?”

അവൻ ആദ്യമായി തന്റെ പേര് പറഞ്ഞു.

“അരവിന്ദൻ.”

മായ ഞെട്ടി.

“ജോസഫിന്റെ വിദ്യാർത്ഥി?”

“അതെ.”

“അപ്പോൾ ഇത്രയും കാലം…”

“ജോസഫ് എന്നെ വിശ്വസിച്ചിരുന്നു.”

അവന്റെ കണ്ണുകൾ നിറഞ്ഞു.

“ പക്ഷെ, അയാളെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.”

8. പുഴയുടെ ഓർമ്മ

അപ്പോഴാണ് ഭൂമി വിറച്ചത്.

ആദ്യം വളരെ ചെറിയൊരു വിറയലായിരുന്നു.

പിന്നെയത് ശക്തമായി.

ചുമരുകളിൽ നിന്ന് പൊടി വീണു.

രാഘവൻ നിലവിളിച്ചു:

“വെള്ളം!”

അറയുടെ അടിയിലെ വെള്ളം ഉയരുകയായിരുന്നു.

മായ പഴയ ഭൂപടത്തിലേക്ക് നോക്കി.

“നാലാമത്തെ വാതിൽ പൂർണ്ണമായി തുറന്നു.”

അരവിന്ദൻ നിലവിളിച്ചു:

“എല്ലാവരും പുറത്തേക്ക്!”

കറുത്ത ലോഹപ്പെട്ടി എടുത്ത് സംഘം ഓടാൻ തുടങ്ങി.

അവർ പുറത്തേക്ക് പോകുന്നതിന് മുമ്പ് പുഴയുടെ അടിത്തട്ടിൽ നിന്ന് വലിയൊരു ശബ്ദം.

ഗർർർർർ…

ഭൂഗർഭ ജലപാത തുറന്നു.

വെള്ളം തുരങ്കത്തിലേക്ക് പാഞ്ഞുകയറി.

ഒരു നിമിഷംകൊണ്ട് എല്ലാവരും മുട്ടോളം വെള്ളത്തിൽ.

അടുത്ത നിമിഷം അരക്കെട്ടോളം.

മായ പെട്ടി പിടിച്ചു.

വേണുഗോപൻ അവളെ വലിച്ചു.

“ഓടൂ!”

9. അറുപത്തിമൂന്നാമത്തെ മരണം

ഗൂഢസംഘത്തിലെ ഒരാൾ വെള്ളത്തിൽ വീണു.

മറ്റൊരാൾ അവനെ പിടിക്കാൻ ശ്രമിച്ചു.

പക്ഷേ വെള്ളത്തിന്റെ ശക്തി അവരെ വലിച്ചിഴച്ചു.

അരവിന്ദൻ പിന്നോട്ട് നോക്കി.

വാതിലിനരികിൽ ഒരു മനുഷ്യൻ നിന്നിരുന്നു.

ജോസഫ്.

അയാളുടെ രൂപം.

അതേ മുഖം.

അതേ വസ്ത്രം.

അരവിന്ദൻ നിശ്ചലനായി.

“സാർ…”

മായയും തിരിഞ്ഞുനോക്കി.

അവിടെ ആരുമില്ല.

പക്ഷേ മതിലിൽ ഒരു നിഴൽ.

ഒരു നിമിഷം മാത്രം.

പിന്നെ വെള്ളം എല്ലാം മറച്ചു.

10. അവസാന രേഖ

അവർ പുറത്തെത്തുമ്പോഴേക്കും പുലർച്ചയായി.

പുഴ വീണ്ടും ശാന്തമായി.

അറയുടെ പ്രവേശനം വെള്ളത്തിനടിയിൽ മറഞ്ഞു.

പുരാവസ്തു വകുപ്പ് സ്ഥലം സുരക്ഷിതമാക്കി.

ഗൂഢസംഘത്തിലെ ചിലർ പിടിയിലായി.

ചിലർ രക്ഷപ്പെട്ടു.

പക്ഷേ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ മായയുടെ കയ്യിലുണ്ടായിരുന്നു.

അവൾ അവസാന രേഖ തുറന്നു.

അത് 1663-ലെ ഒരു കത്ത്.

ഒരു പോർച്ചുഗീസ് ക്യാപ്റ്റൻ എഴുതിയത്.

പക്ഷേ കത്തിന്റെ അവസാനത്തിൽ മറ്റൊരാളുടെ മലയാളം കൈയെഴുത്ത്.

“ഇത് ആരുടേയും നിധിയല്ല.
ഇത് ഈ നാടിന്റെ ഓർമ്മയാണ്.
ഒരാൾക്ക് മാത്രം അവകാശപ്പെടാൻ കഴിയാത്ത ഓർമ്മ.”

താഴെ 63 പേരുടെ ഒപ്പുകൾ.

മായയുടെ കണ്ണുകൾ നിറഞ്ഞു.

അവൾ പതുക്കെ പറഞ്ഞു:

“അവർ സ്വർണം കാത്തിരുന്നില്ല.”

വേണുഗോപൻ ചോദിച്ചു:

“പിന്നെ?”

“അവർ തെളിവ് കാത്തു.”

11. ഒരു വർഷത്തിന് ശേഷം

ഒരു വർഷം കഴിഞ്ഞു.

കോട്ടപ്പുറം.

പുഴയുടെ കര.

വൈകുന്നേരം.

പുരാവസ്തു വകുപ്പ് കണ്ടെത്തിയ രേഖകളെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു.

പഴയ വ്യാപാരപാതകളെക്കുറിച്ച് പുതിയ ഗവേഷണങ്ങൾ തുടങ്ങി.

പോർച്ചുഗീസ്-ഡച്ച് കാലത്തെ പല ചരിത്രധാരണകളും വീണ്ടും പരിശോധിക്കപ്പെട്ടു.

പക്ഷേ ഒരു കാര്യം ഇന്നും തെളിയിച്ചിട്ടില്ല.

കൊടുങ്ങല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് കുതിരപ്പുറത്ത് സഞ്ചരിക്കാവുന്ന തുരങ്കം ഉണ്ടായിരുന്നോ?

ഉത്തരം:

തെളിവില്ല.

പള്ളിപ്പുറം കോട്ടയിലെ ഭൂഗർഭ അറകൾ?

ഉണ്ട്.

കോട്ടപ്പുറത്തെ ഭൂഗർഭ നിർമ്മിതികൾ?

ഉണ്ട്.

പുഴയുടെ അടിയിൽ പഴയ കെട്ടിടാവശിഷ്ടങ്ങൾ?

ഉണ്ടാകാം.

പാലക്കാട്ടുമായി ബന്ധമുള്ള ഒരു രഹസ്യപാത?

തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാൽ ഒരു കാര്യം മായയുടെ മനസ്സിൽ ഇപ്പോഴും തീർന്നിരുന്നില്ല.

അവൾക്ക് ലഭിച്ച അവസാന രേഖയുടെ അടിയിൽ ഒരു ചെറിയ വരിയുണ്ടായിരുന്നു.

ആർക്കും അവൾ അത് കാണിച്ചിരുന്നില്ല.

“63 was the first gate.”

അറുപത്തിമൂന്ന്…

അതാണ് ആദ്യത്തെ വാതിൽ. 

12. അവസാന രാത്രി

ആ രാത്രി മായ വീണ്ടും കോട്ടപ്പുറം പുഴക്കരയിലെത്തി.

റഹ്മാന്റെ വഞ്ചിയിൽ.

“മാഡം, ഇനി എന്താണ് അന്വേഷിക്കുന്നത്?”

മായ ചിരിച്ചു.

“ഒന്നുമില്ല.”

“അപ്പോൾ  പിന്നെന്തിന് വീണ്ടും വന്നു?”

അവൾ പുഴയിലേക്ക് നോക്കി.

“ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയെന്നാൽ പോലും ആ സ്ഥലങ്ങളെ വിട്ടുപോകാൻ പറ്റിയെന്ന് വരില്ല.”

റഹ്മാൻ കഴുക്കോൽ വെള്ളത്തിലേക്ക് ഊന്നി.

ടക്!

അവൻ ഞെട്ടി.

“വീണ്ടും?”

മായ എഴുന്നേറ്റു.

“എവിടെ?”

“ഇവിടെ.”

കഴുക്കോൽ വീണ്ടും താഴേക്ക്.

ടക്!

മായ വെള്ളത്തിലേക്ക് നോക്കി.

“റഹ്മാൻ…”

“എന്താ?”

“വഞ്ചി നിർത്തൂ.”

അവൾ വെള്ളത്തിലേക്ക് കുനിഞ്ഞു.

താഴെ എന്തോ തിളങ്ങി.

റഹ്മാൻ കയറിട്ട് ചെറിയൊരു ഇരുമ്പുപെട്ടി ഉയർത്തി.

മായ അത് തുറന്നു.

അകത്ത് സ്വർണമില്ല.

രേഖകളില്ല.

ഒരു ചെറിയ കല്ല് മാത്രം.

കറുത്ത കല്ല്.

അതിന്റെ മുകളിൽ…

കണ്ണിന്റെ ചിഹ്നം.

മായ കല്ല് കൈയിലെടുത്തു.

പിന്നിൽ ഒരു വാക്ക് കൊത്തിയിരുന്നു.

64

അവൾ കുറച്ചുനേരം അതിലേക്ക് നോക്കി.

റഹ്മാൻ ചോദിച്ചു:

“അറുപത്തിനാല്?”

മായ മറുപടി പറഞ്ഞില്ല.

അവൾ പുഴയുടെ ഇരുണ്ട ഒഴുക്കിലേക്ക് നോക്കി.

അപ്പോഴാണ് ദൂരെയുള്ള കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ വെളിച്ചം തെളിഞ്ഞത്.

ഒന്ന്.

രണ്ട്.

മൂന്ന്.

അത് പതുക്കെ അണഞ്ഞു.

മായ കല്ല് പെട്ടിയിലേക്ക് തിരികെ വച്ചു.

“റഹ്മാൻ…”

“എന്താ?”

“ഇത് ഇനി ആരോടും പറയരുത്.”

“എന്ത്?”

മായ പുഞ്ചിരിച്ചു.

“നിധി കണ്ടെത്തിയെന്ന്.”

“പക്ഷേ നിധി കിട്ടിയില്ലല്ലോ.”

“കിട്ടി.”

“എവിടെ?”

മായ പുഴയിലേക്ക് നോക്കി.

“ചരിത്രത്തിൽ.”

വഞ്ചി പതുക്കെ കരയിലേക്ക് നീങ്ങി.

കോട്ടപ്പുറം പിന്നിലായി.

പുഴ വീണ്ടും പഴയപോലെ ഒഴുകി.

നൂറ്റാണ്ടുകളായി അത് ഒഴുകിക്കൊണ്ടിരുന്നതുപോലെ.

എന്നാൽ പുഴയുടെ അടിയിൽ…

ഒരു വാതിൽ വീണ്ടും അടഞ്ഞുകിടന്നു.

അതിന്റെ മുകളിൽ ഒരു കണ്ണ്.

താഴെ ഒരു സംഖ്യ.

64

അതിനപ്പുറം, ഇരുട്ടിൽ…

ആരോ വളരെ പതുക്കെ ഒരു ഇരുമ്പുചങ്ങല വലിച്ചു.

ക്ലിങ്…

അതിനുശേഷം നിശ്ശബ്ദത.

പൂർണ്ണ നിശ്ശബ്ദത.

@@@@


 

Share this story

Comments (0)

  • Be the first to write one.