29 August 2026 · 11 min read · കഥ
സുധീർ
പാട്ടുകൾ ബാക്കിയാക്കി
വെച്ചു പോയ ഒരു
നായകൻ..
മലയാള സിനിമാ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ,കൊടുങ്ങല്ലൂരിൻ്റെതായ നിരവധി കൈയ്യൊപ്പുകൾ അവിടവിടെയായി മിഴിവോടെ തെളിഞ്ഞു നിൽക്കുന്നത് കാണാം. ഒരു പക്ഷേ, പല ദേശക്കാർക്കും പറയാനുണ്ടാവുന്നത് പോലുള്ള ഒരു യാദൃശ്ചികത മാത്രമായിരിക്കാം അത്. എന്നാൽ ചരിത്രത്തിന്റെ വഴിത്താരകളിൽ ഇത്തരം യാദൃശ്ചികതകൾക്ക് പോലും ഒരു പ്രത്യേക സുഗന്ധവും സൗന്ദര്യമുവുണ്ടാവും.
അമ്പതുകളിലെ മലയാള സിനിമക്കാലം മുതൽ തന്നെ കൊടുങ്ങല്ലൂർക്കാരായ പലരും തിരശ്ശീലയ്ക്കു മുന്നിലും പിന്നിലുമായി തങ്ങളുടേതായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. അഭിനയം മുതൽ തിരക്കഥാരചനയിലേക്കും അതിൽ നിന്ന് സംവിധാനത്തിലേക്കും നീണ്ട ആ സിനിമായാത്രകളിൽ, തലമുറകളായി സാന്നിദ്ധ്യമറിയിച്ച ഒരു കുടുംബത്തിന്റെ പേര് പ്രത്യേകം എടുത്തു പറയേണ്ടിവരും. അതാണ് കൊടുങ്ങല്ലൂരിലെ പ്രഖ്യാത കുടുംബമായ പടിയത്ത് ഫാമിലി.
1954-ൽ "അവകാശികൾ" എന്ന സിനിമയിലുടെ നമുക്ക് മുന്നിലെത്തിയ ബഹദൂറും, എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ മൊയ്തു പടിയത്തുമാണ് അതിലെ ആദ്യ തലമുറ. പിന്നീട് അവരുടെ പാത പിന്തുടർന്ന് ആ കുടുംബത്തിൽ നിന്ന് പലരും സിനിമയിലേക്ക് വന്നു.

സ്വഭാവ നടനായും ഹാസ്യനടനായും മലയാള സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ചയാളാണ് ബഹദൂർ . അദ്ദേഹത്തിൻ്റെ പേരിനോട് ചേർന്ന് കൊടുങ്ങല്ലൂരിന്റെ പേരും മലയാള സിനിമയുടെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. 1954-ൽ "അവകാശിയിൽ" ചെറിയ വേഷത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയെന്നതു ചരിത്രം.
മൊയ്തു പടിയത്തിന്റെ വരവ് എഴുത്തിന്റെ വഴിയിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ "ഉമ്മ" എന്ന നോവൽ 1960-ൽ കുഞ്ചാക്കോ സിനിമയാക്കിയപ്പോൾ മലയാള സിനിമയിൽ ഒരു പുതിയ സാമൂഹ്യ ഭൂമികയാണ് തുറക്കപ്പെട്ടത്. യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്റെ ജീവിതവും അതുല്പാദിപ്പിക്കുന്ന സാമൂഹിക അനീതികളും അനാചാരങ്ങളും വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളും പ്രമേയമാക്കിയ "ഉമ്മ" മലയാളത്തിലെ ആദ്യകാല ശ്രദ്ധേയ മുസ്ലിം സാമൂഹിക ചിത്രങ്ങളിലൊന്നായി മാറി.

അവിടെനിന്ന് മൊയ്തു പടിയത്തിന്റെ സിനിമായാത്ര നീണ്ടു.
"കുട്ടിക്കുപ്പായം", "കുപ്പിവള", "യത്തീം", "മൈലാഞ്ചി", "മണിയറ", "മണിത്താലി", "കാലം മാറി കഥ മാറി "തുടങ്ങി നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കി. "അല്ലാഹു അക്ബർ" എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1989-ൽ വിടപറയുമ്പോഴേക്കും മലയാള സിനിമയിലെ ശ്രദ്ധേയനായ എഴുത്തുകാരനെന്ന സ്ഥാനം അദ്ദേഹം സ്വന്തമാക്കിയിരുന്നു.
പിന്നെയും ആ കുടുംബ വഴിയിൽ സിനിമ തുടർന്നു കൊണ്ടിരുന്നു.

1986-ൽ "മിഴിനീർപ്പൂക്കൾ" എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ സംവിധായകനായി കമൽ കടന്നു വന്നു. തൻ്റെ മാതാവും ഭാര്യയും വഴി പടിയത്ത് കുടുംബവുമായി അഭേദ്യമായ ബന്ധമുള്ളയാളാണ് കമൽ.
വർഷങ്ങളോളം പി. എൻ. മേനോൻ, കെ. എസ്. സേതുമാധവൻ, ഭരതൻ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരിൽ നിന്നും ആർജ്ജിച്ച തികഞ്ഞ അനുഭവസമ്പത്തും, ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിൽ കൈവരിച്ച ആഴത്തിലുള്ള അറിവുമായാണ് കമൽ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. 'മിഴിനീർപ്പൂക്കൾ' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ സംവിധാനജീവിതം, പിന്നീടുള്ള പതിറ്റാണ്ടുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വിജയകരമായ യാത്രകളിലൊന്നായി മാറുകയായിരുന്നു.
നോവലിസ്റ്റ്,തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തൻ്റെ പിതാവായ മൊയ്തുപടിയത്തിനേക്കാൾ ശ്രദ്ധേയനായ വ്യക്തിയാണ് സിദ്ധിഖ് ഷമീർ.

തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ മികച്ച ജനപ്രിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. സ്വന്തം നോവലായ 'കളിപ്പാവകൾ' ആസ്പദമാക്കി 2011-ൽ പുറത്തിറങ്ങിയ 'മൊഹബ്ബത്ത്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്.
പടിയത്ത് കുടുംബവുമായി ബന്ധപ്പെട്ട ഈ സിനിമാപാരമ്പര്യത്തിൽ അഷറഫ് പടിയത്തിന്റെയും സലിം പടിയത്തിന്റെയും പേരുകളും പിന്നീട് ചേർന്നു. അഷറഫ് പടിയത്ത് സംവിധാനം ചെയ്ത "ത്രാസം" എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് കമൽ തന്നെയായിരുന്നു. "ത്രാസം" 1981-ലാണ് പുറത്തിറങ്ങിയത്.

സലിം പടിയത്തിന്റെ കഥ കുറച്ചു കൂടി തിളക്കമുള്ള മറ്റൊരു വഴിയിലാണ് നമ്മൾ കണ്ടെത്തുന്നത്. അദ്ദേഹത്തിൻ്റെ "ഖരാക്ഷരങ്ങൾ" എന്ന ചിത്രത്തിന് 2000-ലെ മികച്ച ദേശീയ ബാലചിത്രത്തിനുള്ള സുവർണകമലം നേടാനായി. ആ ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനും സലിം പടിയത്ത് തന്നെയായിരുന്നു. അങ്ങനെ നോക്കുമ്പോൾ കൊടുങ്ങല്ലൂരിന്റെ ഒരു കുടുംബവേരിൽ നിന്ന് വളർന്ന് തിടം വെച്ച് മലയാള സിനിമയുടെ പല കാലങ്ങളിലേക്കും വളർന്നു പന്തലിച്ച ശാഖകൾ നമുക്ക് കാണാനാകും.

അഭിനയം.
എഴുത്ത്.
തിരക്കഥ.
സംവിധാനം.
നിർമ്മാണം.
ഒരേ കുടുംബത്തിൽനിന്ന് സിനിമയുടെ പല വാതിലുകളിലൂടെയും ആളുകൾ കടന്നു വന്നത് വെറും യാദൃശ്ചികതയാണോ?
അതോ സിനിമയോടുള്ള ഒരു പ്രത്യേക ആഭിമുഖ്യം തലമുറകളിലൂടെ കൈമാറിയതായിരിക്കുമോ?
അത് ജനിതകമായി കൈമാറിയതാണെന്ന് ശാസ്ത്രീയമായി പറയാനാവില്ല. പക്ഷേ കുടുംബാന്തരീക്ഷം, പരിചയങ്ങൾ, കഥ പറച്ചിലിനോടുള്ള താത്പര്യം, കലാരുചി, ഒരു തലമുറ നേടിയ അനുഭവങ്ങൾ അടുത്ത തലമുറയ്ക്ക് നൽകിയ പ്രചോദനം, എന്നിവയെല്ലാം ചേർന്നാൽ പോലും ഒരേ കുടുംബത്തിൽ നിന്നും സിനിമയിലേക്കുള്ള യാത്രകൾ ആവർത്തിക്കപ്പെടുന്നത് അത്ഭുതകരമായി തന്നെ തോന്നാം.
എന്നാൽ, ഈ ചിത്രത്തിൽ കണ്ണി ചേർക്കപ്പെടേണ്ട ഒരാൾ കൂടിയുണ്ട്.
പടിയത്ത് കുടുംബത്തിന്റെ സിനിമാപാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ ബഹദൂറിനെയും മൊയ്തു പടിയത്തിനെയും കമലിനെയും അഷറഫ് പടിയത്തിനെയും സിദ്ദിക്ക് ഷമീറിനെയും സലിം പടിയത്തിനെയും നമ്മൾ ഓർക്കുന്നുണ്ട്. എന്നാൽ അതേ കുടുംബവഴിയോട് ചേർന്ന മറ്റൊരു പേര്, കാലത്തിന്റെ മറ്റൊരു സന്ധിയിൽ മലയാള സിനിമയിലെ നായകവേഷത്തിലേക്ക് കടന്നു വന്നതും മറക്കാൻ പാടില്ലാത്തതാണ്. 1970-ൽ നിഴലാട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സുധീർ ആണത് . അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അബ്ദുൽ റഹീം പടിയത്ത് എന്നായിരുന്നു.

നൂറിലേറെ സിനിമകളുടെ ഒരു നീണ്ട പട്ടിക മാത്രമല്ല അദ്ദേഹത്തെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്.
ചില മുഖങ്ങൾ. ചില അവിസ്മരണീയ കഥാപാത്രങ്ങൾ.പഴയ സിനിമകളുടെ പോസ്റ്ററുകൾ. എല്ലാറ്റിലും പ്രധാനമായി,
ചില പാട്ടുകൾ.
അതു കൊണ്ടു തന്നെ സുധീറിന്റെ കഥ പറയുമ്പോൾ ആദ്യമേ അദ്ദേഹത്തെ ഒരു “പരാജയപ്പെട്ട നടൻ” എന്ന നിലയിൽ കാണുന്നതിന് മുമ്പ്, ഒരിക്കൽ കൊടുങ്ങല്ലൂരിൽ നിന്ന് സിനിമയെന്ന സ്വപ്നവുമായി മദ്രാസിലേക്ക് പോയ ഒരു യുവാവിനെയാണ് നമ്മൾ കാണേണ്ടത്.
കാരണം, പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത് പ്രശസ്തിയുടെ ഉയരവും മറവിയുടെ ആഴവും ആയിരുന്നുവെങ്കിലും, ആ യാത്രയുടെ തുടക്കത്തിൽ അദ്ദേഹവും മറ്റെല്ലാവരെയും പോലെ ഒരു സ്വപ്നജീവിയായിരുന്നു.
@@@@@@@@
പുതിയ നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ്.
മഹാനഗരത്തിലെ തിരക്കേറിയ കടലോരം. ആഹ്ലാദത്തിമിർപ്പിലാറാടുന്ന ജനസഞ്ചയം സൃഷ്‌ടിക്കുന്ന ആരവാരവങ്ങൾ. വർണ്ണങ്ങൾ വാരിവിതറിയ പോലെയാണ് പരിസരം. വർണ്ണപ്പട്ടങ്ങളും ബലൂണുകളും നിറമാർന്ന വസ്ത്രങ്ങളിൽ തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങളും ആ തീരത്തെ ഒരു ചായക്കൂട്ടുപോലെ സുന്ദരമാക്കിയിരുന്നു. ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നുപോയ മനുഷ്യരായിരുന്നു അവിടെങ്ങും...
എന്നാൽ, ആ സുന്ദരചിത്രത്തിന്റെ ഒഴിഞ്ഞൊരു കോണിൽ, തീർത്തും അലക്ഷ്യമായ മുഖഭാവത്തോടെ കടലിലേക്ക് മിഴികളും നട്ട് സുമുഖനായ ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ ജീവിതത്തിലെ വർണ്ണ കൂട്ടുകളെല്ലാം തന്നെ എപ്പോഴോ മാഞ്ഞുപോയിരുന്നു. അയാളുടെ മനസ്സിനുള്ളിലെ കനലുകളും പ്രക്ഷുബ്ധതകളും മുഴുവൻ ആവാഹിച്ചെടുത്തതു പോലെയാണ് കടൽ ഇടയ്ക്കിടെ കലിതുള്ളി കരയിലേക്ക് അലറി വരുന്നതെന്ന് തോന്നിച്ചിരുന്നു.
ആളുകൾ തിങ്ങിനിറഞ്ഞ ആ തീരത്ത് ആ മനുഷ്യനെ തിരിച്ചറിഞ്ഞവർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഒന്നു രണ്ടു പേർ സംശയത്തോടെ തിരിഞ്ഞു നോക്കി കടന്നു പോയി; പക്ഷേ, ആരും അയാളിലേക്ക് ഓടിയെത്തിയില്ല. വെള്ളിത്തിരയിൽ ഒരു കാലത്ത് ആയിരങ്ങളുടെ ഹൃദയം കവർന്ന, ആരാധന ഏറ്റുവാങ്ങിയിരുന്ന, ആൾക്കൂട്ടത്തിന്റെ നായകനാണ് അവിടെ ഒറ്റപ്പെട്ട നിലയിൽ ഇരിക്കുന്നത്! തിരക്കിന്റെ ആ പെരുങ്കടലിൽ തീർത്തും ഒരപരിചിതനെപ്പോലെ അയാളിരുന്നു...അത് മറ്റാരുമായിരുന്നില്ല, സുധീർ എന്ന നടനായിരുന്നു.
എഴുപതുകളിലെ മലയാള സിനിമയിലെ തിളക്കമാർന്ന നായക സങ്കല്പമായിരുന്ന അതേ സുധീർ. ആരെയും ആകർഷിക്കുന്ന സുന്ദരമായ മുഖശ്രീയും ഒത്ത ഉയരവും തലയെടുപ്പുള്ള ശരീരഘടനയും... ക്യാമറയ്ക്കു മുന്നിൽ സ്വാഭാവികതയോടെ പരകായപ്രവേശം നടത്താനുള്ള ശേഷി! ആ ദശകത്തിന്റെ തുടക്കത്തിലെ ആദ്യ വർഷങ്ങൾ കൊണ്ട് തന്നെ അദ്ദേഹം മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വന്നു.

1975-ൽ 'സത്യത്തിന്റെ നിഴലിൽ' എന്ന ചിത്രത്തിലെ തനിമയാർന്ന അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയപ്പോൾ, അത് അനിഷേധ്യമായ ഒരംഗീകാരം കൂടിയായിരുന്നു.
പക്ഷേ, പ്രശസ്തിയുടെ ആ കൊടുമുടിയിൽ നിന്ന് കാലം അദ്ദേഹത്തോട് കാട്ടിയത് തീർത്തും ക്രൂരമായ മുഖമായിരുന്നു.
വെള്ളിത്തിരയുടെ ലോകം എന്നും അങ്ങനെയാണ്; ഇന്നലെകളിൽ ഒരാളെ ആകാശത്തോളം ഉയർത്തിപ്പിടിക്കുന്ന അത്, നാളെ അയാളെ ഓർമ്മകളുടെ ഇരുട്ടിലേക്ക് തള്ളിവിട്ട് ആരുമല്ലാതാക്കാൻ ഒരു നിമിഷം പോലും മടിക്കില്ല.
@@@@@@
കൊടുങ്ങല്ലൂരിലെ എടവിലങ്ങ് പടിയത്ത് പുത്തൻ പുരയ്ക്കൽ ആണ് സുധീറിന്റെ കുടുംബവീട്. ജില്ലാ ജഡ്ജിയായിരുന്ന പടിയത്ത് പി. എ. മൊഹിയുദ്ദീന്റെ മകനായിരുന്നു അദ്ദേഹം. സാമ്പത്തികമായും സാമൂഹികമായും മോശമല്ലാത്ത കുടുംബ പശ്ചാത്തലം. പഠിച്ച് നല്ലൊരു ജീവിതത്തിലേക്ക് കടക്കാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ടായിരുന്നു.
പക്ഷേ, ചില മനുഷ്യരുടെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒരു സ്വപ്നം മറ്റെല്ലാ സാധ്യതകളെയും മറികടക്കും.
സുധീറിനും സിനിമ അങ്ങിനെയായിരുന്നു.
എഞ്ചിനീയറിംഗിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയുടെ മാസ്മരിക വശ്യത അദ്ദേഹത്തെ പിടികൂടുന്നത്.
പിന്നൊന്നും നോക്കിയില്ല. വീട്ടുകാരുടെ എതിർപ്പുകളെയും ഉപദേശങ്ങളെയും അവഗണിച്ച് മദ്രാസിലേക്ക് വണ്ടികയറി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് എത്തിയെങ്കിലും ആരും അതിൻ്റെ വാതിൽ തുറന്നു കൊടുത്തില്ല. പക്ഷെ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായതുമില്ല.
സിനിമയുടെ മറ്റൊരു വാതിലിൽ മുട്ടി തുറപ്പിക്കാനായി അടുത്ത ശ്രമം.
അങ്ങനെയാണ് ഫോട്ടോഗ്രാഫറായത്.
എൻ . ഇ .ബാലകൃഷ്ണന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. പിന്നീട് വിഖ്യാത ക്യാമറാമാൻ വിൻസന്റിന്റെ സഹായിയായി.

ഇതിനിടയിലാണ് പടിയത്ത് അബ്ദുൽ റഹീം എന്ന പേര് സിനിമാലോകത്ത് സുധീർ എന്ന പേരിലേക്ക് മാറുന്നത്. സുധീറിന്റെ ഉള്ളിലെ അഭിനയ മോഹം മനസ്സിലാക്കിയ വിൻസന്റാണ് തൻ്റെ "നിഴലാട്ടം "എന്ന ചിത്രത്തിൽ അദ്ദേഹത്തിന് അവസരം നൽകിയത്. അങ്ങനെ 1970-ൽ പുറത്തിറങ്ങിയ "നിഴലാട്ടം" അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ തുടക്കമായി.
അവിടെനിന്ന് പിന്നെ യാത്ര വേഗത്തിലാവുകയായിരുന്നു.
@@@@@@
തുടർന്ന് വന്ന "ചായം", "ചെമ്പരത്തി" തുടങ്ങിയ ചിത്രങ്ങളാണ് സുധീറിനെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. പ്രത്യേകിച്ച് പി. എൻ. മേനോന്റെ "ചെമ്പരത്തി". അത് മലയാള സിനിമയുടെ എഴുപതുകളിലെ മാറ്റത്തിന്റെ പ്രതീകങ്ങളിലൊന്നായിരുന്നു. മധു, രാഘവൻ, ശോഭന എന്ന റോജാ രമണി എന്നിവർക്കൊപ്പം സുധീറും പ്രധാന വേഷത്തിലുണ്ടായിരുന്നു. ചിത്രം നിരൂപകശ്രദ്ധയും വാണിജ്യവിജയവും നേടി.

ആ കാലത്തെ സിനിമയെ ഓർക്കുമ്പോൾ അതിലെ പാട്ടുകളും ഓർമ്മ വരും.
“ചക്രവർത്തിനി”, “കുണുക്കിട്ട കോഴി”, “ ശരണമയ്യപ്പാ സ്വാമി” തുടങ്ങിയ ഗാനങ്ങൾ ഇന്നും ആ കാലത്തിന്റെ സംഗീത സ്മൃതികളിൽ ജീവിക്കുന്നവയാണ്. വയലാറിന്റെ വരികളും ദേവരാജന്റെ സംഗീതവും ചേർന്ന ആ ലോകത്ത് സുധീർ എന്ന പുതിയ മുഖവും മലയാളിയുടെ ഓർമ്മയിൽ പതിഞ്ഞു.
പിന്നെ പി. എം മേനോൻ്റെ തന്നെ"ചായം" വന്നു. “ചായം കറുത്ത ചായം...” എന്ന ഗാനം ഇന്നും പഴയ മലയാള സിനിമയുടെ സംഗീതലോകത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്. വയലാറിന്റെ വരികൾക്കും ദേവരാജന്റെ സംഗീതത്തിനുമൊപ്പം സുധീർ ഉൾപ്പെട്ടിരുന്ന ആ കാലവും മലയാള സിനിമയുടെ ഒരു പ്രത്യേക സാംസ്കാരിക ഘട്ടമായിരുന്നു.
ചായം, ചെമ്പരത്തി, കലിയുഗം, സ്വപ്നം, രാക്കുയിൽ, അച്ചാണി, തുലാവർഷം, തീർത്ഥയാത്ര... ഒന്നിനു പിന്നാലെ ഒന്നായി ചിത്രങ്ങൾ. 1973-ലെ "സ്വപ്നം" പ്രത്യേകമായി ഓർക്കേണ്ട ചിത്രമാണ്. മധു, നളിതാബോസ്, സുധീർ തുടങ്ങിയവർ അഭിനയിച്ച ആ ചിത്രത്തിലെ സംഗീതം സലിൽ ചൗധരിയുടേതായിരുന്നു. “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ...” എന്ന വാണിജയറാം പാടിയ ഗാനം ഇന്നും ആ സിനിമയുടെ പേരിനൊപ്പം ഓർമ്മിക്കപ്പെടുന്നു. ഒപ്പം സുധീർ പാടിയഭിനയിച്ച "നീ വരൂ കാവ്യദേവതേ" *മാനേ മാനേ വിളി കേൾക്കൂ" എന്നീ യേശുദാസ് ഗാനങ്ങളും അനശ്വരങ്ങളായി ഇന്നും നമ്മോടൊപ്പമുണ്ട്.
അതുപോലെ രാക്കുയിൽ എന്ന ചിത്രത്തിലെ “ഓരോ ഹൃദയസ്പന്ദന...”വും “ശ്യാമസുന്ദരി...”യും പോലുള്ള ഗാനങ്ങൾ പഴയ മലയാള സിനിമയുടെ സംഗീത സൗന്ദര്യത്തെ ഓർമ്മിപ്പിക്കുന്നവയാണ്.

" കലിയുഗ" മാണ് മറ്റൊരു പ്രധാന ചിത്രം. കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയഭാരതിക്കൊപ്പം സുധീർ പ്രധാന വേഷത്തിലായിരുന്നു. വയലാർ ദേവരാജന്മാർക്ക് ആ സിനിമയിലും വലിയ സ്ഥാനമുണ്ടായിരുന്നു.
തുലാവർഷത്തിലെ " കേളീ നളിനം വിടരുമോ”..., അച്ചാണിയിലെ "മല്ലികാബാണൻ തൻ്റെ വില്ലെടുത്തു"
ഹലോ ഡാർലിംഗിലെ" നയൻ്റീൻ സെവൻ്റി ഫൈവ് ഇത് നയൻ്റീൻ സെവൻ്റി ഫൈവ്" തുടങ്ങിയ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ സുധീർ അഭിനയിച്ചിരുന്ന ഒരു കാലഘട്ടം മനസ്സിലേക്ക് തിരിച്ചുവരുന്നു. ഇതു കൊണ്ടൊക്കെ തന്നെ സുധീറിനെ ഓർക്കുമ്പോൾ ഒരു നടനെ മാത്രമായിട്ടല്ല നമ്മൾ ഓർക്കുന്നത്. ശരിക്കും എഴുപതുകളിലെ മലയാള സിനിമയുടെ ഒരു മുഴുവൻ അന്തരീക്ഷമാണ് നമുക്ക് മുന്നിൽ വിടർന്നു വരുന്നത്.
@@@@@@
സത്യന്റെ മരണശേഷം മലയാള സിനിമയിൽ ഒരു വലിയ ശൂന്യത ഉണ്ടായെന്ന് പറയപ്പെടുന്ന ഘട്ടം. ആ ശൂന്യത നികത്താൻ പല പേരുകളും ഉയർന്നുവന്നു. അക്കാലത്തെ പത്രങ്ങളിലും സിനിമാലോകത്തും സുധീറിനെ സത്യന്റെ പകരക്കാരനായി അവതരിപ്പിച്ചവരു മുണ്ടായിരുന്നു. അത് സുധീറിന് അനുഗ്രഹമായോ ശാപമായോ എന്ന് പറയാൻ പ്രയാസമാണ്. ഒരു നടനെ മറ്റൊരു നടന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് എളുപ്പമാണ്. പക്ഷേ, ആ വിശേഷണത്തിന്റെ ഭാരമേറ്റു നടക്കുന്ന ആ നടന് മാത്രമേ അതിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാനാകൂ എന്നതായിരിക്കും സത്യം.
സുധീർ സത്യനായിരുന്നില്ല.
വിൻസന്റും സത്യനായിരുന്നില്ല.
രാഘവനും സത്യനായിരുന്നില്ല.
അവർ ഓരോരുത്തരും അവരവരുടേതായ കഴിവുകളുള്ള നടന്മാരായിരുന്നു. സുധീറിനും അദ്ദേഹത്തിന്റേതായ ഒരു അഭിനയശൈലിയുണ്ടായിരുന്നു.
ചിലർ അദ്ദേഹത്തിന്റെ അഭിനയത്തിലെ ആക്ഷൻ ഭാഗങ്ങൾ അൽപ്പം അതിരുകടന്നതായിരുന്നുവെന്ന് വിമർശിച്ചിട്ടുണ്ടാകാം.
പക്ഷേ അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമാജീവിതത്തെ മുഴുവനായി തള്ളിക്കളയാനാവില്ല.
"സത്യത്തിന്റെ നിഴലിൽ" എന്ന സിനിമക്ക്
അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന പുരസ്കാരം തന്നെ അതിന് തെളിവാണ്.
@@@@@@
മദ്രാസ് കാലഘട്ടം സുധീറിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ളതെങ്കിലും ഏറെ സങ്കീർണ്ണമായ അധ്യായങ്ങളിലൊന്നുമായിരുന്നു. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയകളോ പാപ്പരാസികളോ ഇല്ലാത്ത കാലമായിരുന്നെങ്കിലും
അക്കാലത്ത് കോടമ്പക്കത്ത് താമസിച്ചിരുന്നവർക്ക് സിനിമാക്കാരുടെ തിരശ്ശീലയ്ക്കു പുറത്തുള്ള ജീവിതവും കാണാപ്പാഠമായിരുന്നു. അതിനാൽ സിനിമാലോകത്തെ വാർത്തകൾ തടസ്സങ്ങളില്ലാതെ പടർന്ന് പിടിച്ചിരുന്നു.
ഖദീജയുമായുള്ള സുധീറിന്റെ അടുപ്പത്തെക്കുറിച്ച് അക്കാലത്ത് പല കഥകളും പ്രചരിച്ചത് അങ്ങനെയാണ്. സിനിമാ ജീവിതത്തിൻ്റെ തുടക്കകാലത്ത് മദ്രാസിൽ കഴിയാൻ അവർ സുധീറിനെ സഹായിച്ചിരുന്നുവെന്നുള്ള സംസാരങ്ങളുണ്ടായിരുന്നു. ആ ബന്ധം പിന്നീട് സുധീറിന്റെ ജീവിതത്തെയും സിനിമയിലെ പ്രതിച്ഛായയെയും ബാധിച്ചുവെന്ന വിലയിരുത്തലുകളും കേൾക്കാമായിരുന്നു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ഇത്തരം കാര്യങ്ങളെക്കുറിച്ച് എഴുതുമ്പോൾ ഒരു കാര്യം മറക്കരുത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ മുഴുവൻ പരാജയങ്ങൾക്കും ഒരു ബന്ധത്തെ മാത്രം കാരണമാക്കുന്നത് ചരിത്രത്തോടും ആ മനുഷ്യനോടും ചെയ്യുന്ന നീതിയായിരിക്കില്ല എന്നേ പറയാനാവൂ. ഖദീജയുമായുള്ള ബന്ധത്തെക്കുറിച്ച് പലതരം കഥകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, അവയിൽ ഏതാണ് പൂർണ്ണ സത്യം എന്നത് ഇന്ന് ഉറപ്പോടെ പറയാൻ കഴിയില്ല.
@@@@@@
സിനിമയിൽ അവസരങ്ങൾക്കായി
ആളുകൾ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പലർക്കും താമസിക്കാനോ വിശപ്പടക്കാനോ ഉള്ള വഴിയില്ലായിരുന്ന അക്കാലത്ത് കോടമ്പാക്കത്തെ തന്റെ മുറി സിനിമയെ സ്നേഹിച്ച ഒരു കൂട്ടം ചെറുപ്പക്കാർക്കായി തുറന്നിടാനായി സുധീറിന് ഒരു മടിയുമുണ്ടായിരുന്നില്ലത്രെ.
നടൻ കുഞ്ചൻ പിന്നീട് പറഞ്ഞതായി പ്രചരിച്ച ഓർമ്മകളിൽ, സുധീർ തന്റെ മുറിയിൽ ഭരതനെയും കുഞ്ചനെയും ഉൾപ്പെടെയുള്ളവരെ ഭക്ഷണം കൊടുത്ത് സംരക്ഷിച്ചിരുന്ന കാലത്തെക്കുറിച്ച് പറയുന്നുണ്ട്.
എങ്ങനെയൊക്കെ ആയാലും അവസാനം ഒരു മനുഷ്യൻ മാത്രമാണ് അവിടെ ബാക്കിയാകുന്നത്.
അത് സിനിമയിലെ നായകനല്ല.
പരാജയപ്പെട്ട ബിസിനസുകാരനല്ല.
വിവാദങ്ങളിലെ കഥാപാത്രമല്ല.
മറവിയിലേക്ക് നടന്ന് പോയ ഒറ്റപ്പെട്ട ഒരു മനുഷ്യൻ മാത്രം.
@@@@@@
സുധീർ നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ചാണി, തീർത്ഥയാത്ര, ചന്ദനച്ചോല, ലവ് ലെറ്റർ, പെൺപട, പട്ടാഭിഷേകം, ഹലോ ഡാർലിംഗ്, കല്യാണപ്പന്തൽ, ആനയും അമ്പാരിയും, യതീം തുടങ്ങി നീണ്ടുപോകുന്ന പട്ടികയാണത്. തമിഴിലും അദ്ദേഹം അഭിനയിച്ചു; രജനികാന്ത് നായകനായ ഭൈരവിയിൽ ഉപനായകനായിട്ടും സുധീർ അഭിനയിച്ചിരുന്നു.
എൺപതുകളിലേക്ക് കടന്നപ്പോൾ
മലയാള സിനിമയുടെ മുഖം മാറി.
പുതിയ നായകന്മാർ വന്നു.
കഥ പറയുന്ന രീതികൾ മാറി.
നായകന്റെ ശരീരഭാഷ മാറി.
പ്രേക്ഷകന്റെ അഭിരുചി മാറി. അതോടെ എഴുപതുകളിലെ സുധീറുൾപ്പെടെയുള്ള പല നായകന്മാർക്കും അവരുടെ മുൻകാല സ്ഥാനത്ത് തുടരാൻ കഴിഞ്ഞില്ല. പുതിയ തലമുറയിലെ സോമനും സുകുമാരനും ഉൾപ്പെടെയുള്ള നടന്മാരുടെ വരവ് തന്നെ ഒരു ഒന്നൊന്നര സ്റ്റൈലിലുള്ള വരവായിരുന്നു.
അങ്ങനെ സുധീറും പതുക്കെ
മുൻനിരയിൽനിന്ന് പിന്നിലായി.
നായകവേഷങ്ങളിൽനിന്ന് സഹവേഷങ്ങളിലേക്ക്.
സഹവേഷങ്ങളിൽനിന്ന്
അപ്രധാന വേഷങ്ങളിലേക്ക്.
സിനിമയിലെ സ്ഥാനം ചുരുങ്ങിയപ്പോൾ ജീവിതത്തിൽ ഏകാന്തതയും വർദ്ധിച്ചു.
ഒരു ഘട്ടത്തിൽ നിലനിൽപ്പിന് വേണ്ടി A സർട്ടിഫിക്കറ്റ് ചിത്രങ്ങളിലും അഭിനയിക്കേണ്ടി വന്നു.
പിന്നീട് സീരിയലുകളിലേക്കു തിരിയാനുള്ള ശ്രമമുണ്ടായി. എന്നാൽ പഴയ തിളക്കം
തിരിച്ചു പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന്
മദ്രാസിൽനിന്ന് കോഴിക്കോട്ടെ അശോകപുരത്തേക്ക് ജീവിതം മാറ്റി.
ഒരു ബിസിനസ് ആരംഭിച്ചു.
അതും അധികകാലം നിലനിന്നില്ല.
അങ്ങിനെ ഓരോ വാതിലും
അടഞ്ഞു കൊണ്ടിരുന്നു.
അത്ഭുതകരമായ കാര്യം, ഈ പരാജയങ്ങളോട് അദ്ദേഹം
എങ്ങിനെ പ്രതികരിച്ചു എന്നതാണ്.
ഒരാളുടെ മുന്നിലും അവസരം ചോദിച്ച് ഓടിയില്ലെന്നാണ് സുഹൃത്തുക്കളും പരിചയക്കാരും പറഞ്ഞിട്ടുള്ളത്.
അത് ആത്മാഭിമാനമായിരുന്നോ?
അല്ലെങ്കിൽ ജീവിതത്തോട് തോറ്റുപോയ ഒരാളുടെ നിശ്ശബ്ദമായ പിന്മാറ്റമായിരുന്നോ?
ഒരു പക്ഷേ രണ്ടുമാകാം.
@@@@@@
2004 സെപ്റ്റംബർ 17.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആ ജീവിതം അവസാനിച്ചു.
ഒരു കാലത്ത് “സത്യന്റെ പകരക്കാരൻ” എന്ന് വിളിച്ച് പുകഴ്ത്തിയ സിനിമാലോകം അധികം വൈകാതെ തന്നെ മറ്റൊരു വാർത്തയിലേക്ക് തിരിഞ്ഞു.
സിനിമ അങ്ങിനെയാണ്.
ഇന്നലെ നായകൻ.
ഇന്ന് വാർത്ത.
നാളെ മറവി.
പക്ഷേ, 1970-കളിലെ മലയാള സിനിമയെ ഓർക്കുന്നവർക്ക് സുധീറിനെ
പൂർണ്ണമായി മറക്കാൻ കഴിയില്ല.
നിഴലാട്ടം മുതൽ ചെമ്പരത്തി വരെ.
ചായം മുതൽ സ്വപ്നം വരെ.
രാക്കുയിൽ മുതൽ കലിയുഗം വരെ.
അച്ചാണി, തീർത്ഥയാത്ര, ചന്ദനച്ചോല, പെൺപട, ലവ് ലെറ്റർ, കല്യാണപ്പന്തൽ, ഹലോ ഡാർലിംഗ്...
ആ സിനിമകളുടെ നടുവിലൂടെ ഒരിക്കൽ ഒരു സുമുഖനായ യുവാവ് നടന്നുപോയിരുന്നു.
അയാളുടെ മുഖത്ത് സിനിമയുടെ സ്വപ്നമുണ്ടായിരുന്നു.
അയാൾ എഞ്ചിനീയറിംഗ് പഠനം
ഉപേക്ഷിച്ച് മദ്രാസിലെത്തി.
ആരും വിളിച്ചില്ല.
ഫോട്ടോഗ്രാഫറായി.
അസിസ്റ്റന്റായി.
പിന്നെ നടനായി.
ഒരിക്കൽ നായകനായി.
സംസ്ഥാന പുരസ്കാരം നേടി.
ആയിരങ്ങളുടെ കൈയടി കേട്ടു.
പിന്നീട് അതേ മനുഷ്യൻ നഗരത്തിലെ ജനത്തിരക്കിനിടയിൽ ആരോരുമറിയാതെ മറവിയിലേക്ക് നടന്നു പോയി.
അതാണ് സിനിമയുടെ ഏറ്റവും വലിയ വിരോധാഭാസം.
@@@@@@
തിരശ്ശീലയിൽ മനുഷ്യന് അമരത്വം നൽകുന്ന കല, തിരശ്ശീലയിൽ നിന്നി റങ്ങിയാൽ അതേ മനുഷ്യനെ ഏറ്റവും വേഗത്തിൽ മറക്കുന്ന ലോകവുമാണ്.
സുധീറിനെ ഓർക്കേണ്ടത് അദ്ദേഹം സത്യന്റെ പകരക്കാരനായിരുന്നോ എന്ന ചോദ്യത്തിലൂടെയല്ല.
മഹാനടനായിരുന്നോ എന്ന ചോദ്യത്തിലൂടെയും അല്ല.
അദ്ദേഹം ഒരു കാലഘട്ടത്തിൻ്റെ നടനായിരുന്നു.
സ്വപ്നങ്ങളുമായി മദ്രാസിലേക്ക് പോയ ഒരു ചെറുപ്പക്കാരൻ.
അവസരങ്ങൾ കിട്ടിയപ്പോൾ അവയെ സ്വീകരിച്ച മനുഷ്യൻ.
പിന്നീട് കാലത്തിന്റെ ഒഴുക്കിൽ പിന്നിലായിപ്പോയ മനുഷ്യൻ.
അവസാനം ഏകാന്തതയിലേക്ക് പിന്മാറിയ മനുഷ്യൻ.
അതിനപ്പുറം, നമ്മളെപ്പോലെ തന്നെ ജീവിതത്തിൽ ജയിക്കുകയും തോൽക്കുകയും ചെയ്ത മനുഷ്യൻ.
സ്വപ്നങ്ങളുടെ ലോകത്ത് മനുഷ്യൻ എത്ര പെട്ടെന്ന് ഉയരുകയും അതിലും വേഗത്തിൽ മറക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ ഒരു ചെറിയ ചരിത്രമാണിത്.
എങ്കിലും ഇന്ന്, പഴയൊരു റേഡിയോയിൽ നിന്നോ ഏതെങ്കിലും യൂട്യൂബ് പ്ലേലിസ്റ്റിൽ നിന്നോ “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ...” എന്ന ഈണം ഒഴുകിയെത്തുമ്പോൾ, “ചായം കറുത്ത ചായം...” എന്ന വരികൾ ഓർമ്മകളിൽ വിരുന്നു വരുമ്പോൾ, “മാനേ മാനേ വിളി കേൾക്കൂ...” എന്ന പ്രണയാർദ്രമായ ഗാനം മനസ്സിൽ തങ്ങിനിൽക്കുമ്പോൾ, 'ചെമ്പരത്തി'യിലെ ആ “ചക്രവർത്തിനി” വീണ്ടും നമ്മെ വശീകരിക്കുമ്പോൾ...
ഒന്നു നിർത്താം; ഒരു നിമിഷം ആ സുന്ദരരൂപനായ സുധീറിനെയും ഓർക്കാം.
അദ്ദേഹം എത്രത്തോളം മഹാനായിരുന്നു എന്ന് വിധി എഴുതാനല്ല ഇത്.
സിനിമയുടെ വഴിത്താരകളിൽ അദ്ദേഹം തോറ്റുപോയവനാണോ എന്ന് കണക്കെടുക്കാനുമല്ല.
ഒരു കാലത്ത് വെള്ളിത്തിരയിൽ നമ്മെ വശീകരിച്ച, പുഞ്ചിരി കൊണ്ടും ഭാവങ്ങൾ കൊണ്ടും സിനിമാപ്രേമികളുടെ ഹൃദയം കവർന്ന ആ സുമുഖനായ യുവാവിനെ ഒന്നു തൊട്ടറിയാൻ മാത്രം.
കാരണം, ചില മനുഷ്യർ ഭൗതികമായി മരിക്കുന്നത് ഒരു പ്രത്യേക ദിവസത്തിലാണ്. എന്നാൽ മറ്റു ചിലരാകട്ടെ, ആളുകളുടെ മറവിയിലാണ് യഥാർത്ഥത്തിൽ മരിച്ചുപോകുന്നത്.
സുധീർ എന്ന കലാകാരനെ സംബന്ധിച്ചിടത്തോളം, മറവിയുടെ ആ കറുത്ത തിരശ്ശീല പൂർണ്ണമായി വീഴാതിരിക്കട്ടെ.
@( നജീബ് കടമ്പോട്ട് )
