11 August 2026 · കഥ
Untitled
ഇത് വെറുമൊരു
പഴയ പരസ്യം മാത്രമായി കണ്ട് അടുത്ത റീലിലേക്ക് നീങ്ങിയതാണ്.
അപ്പോഴാണ് ഇതങ്ങനെ തള്ളിക്കളയേണ്ട ഒരു വിഷയമല്ലല്ലോ എന്ന്
മനസ്സിലിരുന്ന് ആരോ പറഞ്ഞ പോലൊരു തോന്നൽ. അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ സാമൂഹിക/ സാമ്പത്തിക ജീവിതത്തിലേക്കു
എത്തി നോക്കാനാവുന്ന ഒരു കിളിവാതിലാണല്ലോ ഈ പരസ്യം തുറന്നിട്ടിരിക്കുന്നത് എന്നും തോന്നി. അക്കാലത്തെ ജീവിതത്തിന്റെ ലാളിത്യവും പൈസയുടെ മൂല്യവും ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്തി നോക്കാൻ കഴിയും വിധമുള്ള ഓർമ്മകൾ പകർന്ന് തരുന്ന ഒരു കിളിവാതിൽ.

ഇത് പോലുള്ള ചില പഴയ പരസ്യങ്ങൾ കാണുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അതിലെ ഉൽപ്പന്നത്തെയല്ല; അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു കാലത്തെയാണ്.
1975-ലെ ഈ പരസ്യം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. ഇന്നിത്
നോക്കുമ്പോൾ അതിലെ അക്ഷരങ്ങളും രൂപകല്പനയും പഴയതായിരിക്കാം. പക്ഷേ, അതിനേക്കാൾ പഴയതായി തോന്നുന്നത് അതിനുള്ളിൽ ജീവിക്കുന്ന ‘പൈസ’ എന്ന വാക്കാണ്.
പൈസ ഇന്ന് ഇന്ത്യൻ കറൻസിയുടെ കാലഹരണപ്പെട്ട ഒരു ചെറിയ യൂണിറ്റ് മാത്രമായിരിക്കുന്നു. ഒരു പൈസയിൽ തുടങ്ങി അമ്പത് പൈസയിൽ ഒടുങ്ങുന്ന എട്ട് ജനങ്ങളിലായി (Denominations) മൂല്യവത്തായിരുന്നു നമ്മുടെ പൈസ. അന്ന് അത് ജീവിതത്തിന്റെ മൊത്തം ഭാഗവുമായിരുന്നു.

ഈ പരസ്യത്തിൽ കാണും വിധം ഒരു രൂപക്ക് പത്ത് പൈസ റിബേറ്റ് കിട്ടുമെന്ന് പറയുമ്പോൾ ആ പത്ത് പൈസയ്ക്ക് ഇത്രമാത്രം മൂല്യമുണ്ടായിരുന്നോ എന്ന് ഇന്നത്തെ കുട്ടികൾ നമ്മളോട് ചോദിച്ചാൽ നമ്മൾ ആ പഴയ കാലത്തേക്ക് തിരിഞ്ഞൊന്ന് നോക്കുകയല്ലാതെ വേറെ വഴിയില്ല.
എഴുപതുകളിലെ കേരളത്തിൽ/ ഇൻഡ്യയിൽ പത്ത് പൈസയ്ക്ക് നല്ല വിലയുണ്ടായിരുന്നു എന്ന് തന്നെയാണ് ഈ പരസ്യം പറയുന്നത്. അന്നൊക്കെ ഇരുപത്തഞ്ച് പൈസ, അമ്പത് പൈസ, ഒരു രൂപ ഇവയൊക്കെ കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും വലിയ നാണയത്തുട്ടുകൾ തന്നെയായിരുന്നു.
അന്നൊക്കെ ഒരു രൂപ കൈയിൽ കിട്ടിയാൽ അത് വെറുതെ ചെലവാക്കാനുള്ള പണമല്ലായിരുന്നു. രണ്ടാമതൊന്നാലോചിക്കേണ്ടി വരും
ഒരു തീരുമാനമെടുക്കാൻ...
ഇത് സിനിമയ്ക്കോ?
കൂട്ടുകാരൊത്ത് ചായയ്ക്കും
പലഹാരത്തിനുമോ?
ബസ്സു കൂലിക്കോ?
പണം കുറവായിരുന്നതിനാൽ
മനുഷ്യർ പണത്തിന്റെ വില
ശരിക്കും
അറിഞ്ഞിരുന്ന കാലം.
ഒരാളുടെ/ ഒരു കുടുംബത്തിൻ്റെ
ആഗ്രഹത്തിന്റെയും ആവശ്യത്തിന്റെയും അത്യാവശ്യത്തിൻ്റെയും അനാവശ്യത്തിൻ്റെയും
വ്യത്യാസം അറിഞ്ഞിരുന്ന കാലം.
1975-ൽ മാസശമ്പളമായി
രൂപ400 നും 500 നും ഇടയിലായി കിട്ടിയിരുന്ന ഒരു സർക്കാർ ജീവനക്കാരനെ
ഇന്നത്തെ കണ്ണുകൊണ്ട് നോക്കിയാൽ
ഒരു പക്ഷേ അതൊരു
“വളരെ ചെറിയ ശമ്പളം” എന്ന് തോന്നാം.
പക്ഷേ അന്നത്തെ കേരളത്തിലെ ജീവിതച്ചെലവുകളിലേക്ക് കൂടി നോക്കിയാലേ ആ തുകയുടെ സാമൂഹിക മൂല്യം നമുക്ക് ബോദ്ധ്യപ്പെടുകയുള്ളു.
[ അന്ന് IAS കാരനായ ജില്ലാ കളക്റ്ററുടെ അടിസ്ഥാനശമ്പളം 1500 രൂപയായിരുന്നു. ലാസ്റ്റ് ഗ്രേഡുകാരന് 196 രൂപയും. ഗൂഗിളിനോട് കടപ്പാട് ] .
ശമ്പളം കിട്ടുന്ന ദിവസം
ഇന്നത്തെപ്പോലെ മൊബൈൽ ബാങ്കിങ് അറിയിപ്പുകളൊന്നും വന്നിരുന്നില്ല.
ശമ്പളം കൈയിൽ കിട്ടും.
നോട്ടുകൾ മടക്കി അലമാരയിലോ പെട്ടിയിലോ വയ്ക്കും.
അങ്ങനെ അടക്കിയും മടക്കിയും
വെക്കാൻ മാത്രമൊന്നും കാണില്ല.
നൂറ് രൂപാ നോട്ടുകളാണ് അന്നത്തെ
ഏറ്റവും വലിയ നോട്ട്. അത് നാലോ അഞ്ചോ ഉണ്ടായെന്നിരിക്കും.
ആ നോട്ടിൻ്റെ വലിപ്പം അക്കാലത്തെ ജന്മിമാരുടെ വീട്ടുമുറ്റങ്ങളിൽ നെല്ലുണക്കാനിടുന്ന
ചിക്കപ്പായയുടെ അത്ര കാണുമായിരുന്നു. സാധാരണക്കാർക്കൊക്കെ
അത് കണ്ട് സായൂജ്യമടയുക എന്നത് പോലും അത്യപൂർവ്വമായ സംഗതിയായിരുന്നു.
മക്കളെ കെട്ടിക്കാനായി
ആകെയുള്ള വീടും സ്ഥലവും
ബാങ്കിൽ പണയം വെക്കുന്ന ദിവസം അവിടന്ന് കിട്ടുന്ന കുറച്ച് പണത്തിൽ
ഒന്നോ രണ്ടോ അത്തരത്തിലുള്ള "പച്ചക്കണ്ണൻ" നോട്ടുകൾ സ്വന്തമായി കിട്ടുമായിരുന്നു; സ്വന്തമെന്ന് കരുതാൻ തുടങ്ങും മുമ്പേ തന്നെ അതും കയ്യിലൂടെ ഊർന്നിറങ്ങിപ്പോകുമായിരുന്നു.
അക്കാലത്തെ ഒരു സർക്കാർ ഹൈസ്കൂൾ അധ്യാപകൻ്റെ കുടുംബ ജീവിതം എങ്ങനെയെന്ന് നോക്കാം. അയാൾക്ക് ഭാര്യയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളുമുണ്ട്.
മാസത്തിന്റെ തുടക്കത്തിൽ ശമ്പളം കിട്ടുന്നു. അതിൽ നിന്ന് വീട്ടുചെലവിനുള്ള ഓരോ രൂപയും കൃത്യമായി
മാറ്റിവയ്ക്കലാണ് ആദ്യ പടി.
അന്ന് കുടുംബത്തിന്റെ ഭക്ഷണച്ചെലവിൽ അരിക്കായിരുന്നു ഏറ്റവും വലിയ പങ്ക്.
മീൻ, പച്ചക്കറി, പരിപ്പ്, തേങ്ങ, മുളക്, എണ്ണ, മാസത്തിലൊരിക്കൽ ഇറച്ചി എന്നിവയൊക്കെ ചേർന്നാലും ഇന്നത്തെ സൂപ്പർമാർക്കറ്റ് ബില്ലുമായി താരതമ്യം ചെയ്യാനാകാത്തത്ര ചെറിയ തുക.
അയാൾ
തിരുവിതാംകൂറുകാരനായതിനാൽ ജോലിസ്ഥലമായ മലപ്പുറത്ത് വീട് വാടകയ്ക്ക്എടുത്തിരിക്കയാണ്. ഇന്നത്തെപ്പോലെ ഞെക്കിപ്പിഴിയുന്ന വാടകയില്ലെങ്കിലും ചെറുവക ബാദ്ധ്യത തന്നെയായിരുന്നു അതും!
ബസ് യാത്രയെന്നത് പൈസകളിൽ കണക്കാക്കാവുന്ന ചെലവ് മാത്രമേ വരുമായിരുന്നുള്ളു. കുട്ടികൾ നടരാജാ സർവ്വീസായിട്ടാണ് സ്കൂളിൽ പോയിരുന്നത്.
ഈ കുടുംബത്തിന് ‘ആഡംബരങ്ങൾ’ എന്ന പറയാവുന്നതായി കണ്ടിരുന്നത് .....
ദിവസേന പത്രവും ആഴ്ച തോറും ഒരു വാരികയും വീട്ടിൽ വരുത്തുന്നുണ്ടെന്നതാണ്. പിന്നെ......
മാസത്തിലൊരിക്കൽ കുടുംബമൊന്നിച്ച് ഒരു സിനിമ,
വല്ലപ്പോഴും
ഹോട്ടലിൽ നിന്ന് ചായയും പലഹാരവും.
ഓണത്തിന് പുതിയ വസ്ത്രങ്ങൾ.
വർഷത്തിലൊരിക്കൽ പുത്തൻ ചെരുപ്പ്.
അപൂർവ്വാവസരങ്ങളിൽ നാട്ടിലേക്കും ഒരു യാത്രയുണ്ട്.
ഇന്ന് നമുക്ക് സാധാരണമായി തോന്നുന്ന പല കാര്യങ്ങളും അന്ന് പ്രത്യേക അവസരങ്ങളായിരുന്നു.
ഒരു വീട്ടിൽ റേഡിയോ ഉണ്ടായിരുന്നെങ്കിൽ അത് തന്നെ വലിയൊരു വിനോദകേന്ദ്രം.
വൈകുന്നേരം റേഡിയോയ്ക്ക് ചുറ്റുമിരുന്ന് വാർത്ത കേൾക്കും.
സിനിമാഗാനങ്ങൾ കേൾക്കും.
നാടകങ്ങൾ കേൾക്കും. ആഴ്ചയിലൊരിക്കൽ
ചലച്ചിതശബ്ദരേഖ കേൾക്കും .
ടെലിവിഷൻ ഇല്ല.
മൊബൈൽ ഇല്ല.
ഇന്റർനെറ്റ് ഇല്ല.
Netflix ഇല്ല.
പക്ഷേ
ഇതൊന്നുമില്ലാതിരുന്നതുകൊണ്ട് ജീവിതത്തിന്
തകരാറൊന്നുമുണ്ടായിരുന്നില്ല.
അതത്രക്ക് വിരസമായിരുന്നുമില്ല.
എല്ലാറ്റിനും സമയമുണ്ടായിരുന്നു.
അയൽക്കാരനുമായി സംസാരിക്കാൻ സമയം.
വീട്ടുമുറ്റത്ത് എല്ലാവരുമൊത്ത് ഇരിക്കാൻ സമയം.
കുട്ടികളോടൊപ്പം നടക്കാൻ സമയം.
ബന്ധുവീട്ടിൽ പോയി മണിക്കൂറുകളോളം സംസാരിച്ചിരിക്കാൻ സമയം.
ഇതാണ് 1970 കളിലെ സാമൂഹൃ/സാമ്പത്തിക ജീവിതത്തിലെ ഏറ്റവും വലിയ വൈരുധ്യം:
പണം കുറവായിരുന്നു; പക്ഷേ സമയം കൂടുതലായിരുന്നു.
ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും വരുമാനം അന്നത്തേക്കാൾ നൂറുകണക്ക് മടങ്ങ് കൂടുതലാണ്. എന്നാൽ ഓരോ മാസവും ശമ്പളം തീരുന്നതിന് മുമ്പ് പലതിൻ്റെയും EMI, സ്കൂൾ ഫീസ്, വൈദ്യുതി, ഫോൺ, ഇന്റർനെറ്റ്, വാഹനച്ചെലവ്, ഇൻഷുറൻസ്, ഓൺലൈൻ വാങ്ങലുകൾ ചിട്ടികൾ തുടങ്ങി ചെലവുകൾ കാത്തിരിക്കുന്നു.
1975-ൽ ഒരു രൂപ ചെലവാക്കുന്നതിന് മുമ്പ് രണ്ടുതവണ ആലോചിച്ചിരുന്ന മനുഷ്യൻ, ഇന്ന് നൂറും ആയിരവും രൂപ ഒരു വിരൽത്തുമ്പിന്റെ സ്പർശത്തിൽ ചെലവാക്കുന്നു.
അതിനാലാണ് ആ പഴയ പരസ്യത്തിലെ 10 പൈസ നമ്മോട് ഇത്രയും കഥകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
അന്ന് ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങൾ പരിമിതമായിരുന്നു.
ഇന്ന് ആഗ്രഹങ്ങൾക്ക് അവസാനമില്ല.
അന്ന് ഒരു പുതിയ ഷർട്ട് കിട്ടിയാൽ അത് ഒരു സംഭവം ആയിരുന്നു.
പുതിയ ചെരുപ്പ് വാങ്ങിയാൽ കുട്ടി നാലാളുടെ ശ്രദ്ധ കിട്ടാൻ അത് ധരിച്ച് ശബ്ദമുണ്ടാക്കി നടക്കുമായിരുന്നു.
പുതിയ സൈക്കിൾ കിട്ടിയാൽ നാട്ടുകാരാകെ അറിയുമായിരുന്നു.
ഒരു റേഡിയോ വീട്ടിലെത്തിയാൽ
അത് വീട്ടിലെ മാത്രം സാധനമല്ല, അയൽപക്കത്തിന്റെ കൂടി
പാട്ടുപെട്ടി ആയിരുന്നു.
ഇന്ന് ചിലർക്കാകട്ടെ,
ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ
കിട്ടുന്ന സന്തോഷത്തേക്കാൾ വലുതാണ്
ആ ഫോണിൻ്റെ അടുത്ത മോഡലിൽ
ഏതൊക്കെ ഫീച്ചേഴ്സായിരിക്കും കൂടുതൽ എന്നാലോചിക്കുമ്പോൾ ലഭ്യമാവുന്ന നിർവൃതി.
നേടുന്നതിലൊന്നും ആരും തൃപ്തരല്ലാഞ്ഞിട്ടാണോ?
അന്നത്തെ ജീവിതത്തിൽ മോഹിപ്പിക്കുന്ന വസ്തുക്കൾ കുറവായിരുന്നു;
പക്ഷേ, അപൂർവമായെങ്കിലും അവ വന്ന് ചേർന്നാൽ അവയോടുള്ള സ്നേഹം കൂടുതലായിരുന്നു.
പണത്തിന്റെ മൂല്യം അളക്കാൻ
വിലക്കയറ്റത്തിന്റെ
കണക്കുകൾ മാത്രം പോരാ.
ഒരു രൂപയുടെ വാങ്ങൽശേഷി എത്രയായിരുന്നു എന്നത് സാമ്പത്തിക ശാസ്ത്രത്തിനേ പറയാനാവൂ എന്നതാണ് അതിൻ്റെ ഹിക്മത്ത്. ശരിയായിരിക്കാം.
പക്ഷേ ആ ഒരു രൂപയ്ക്കായി ഒരു അച്ഛൻ എത്ര മണിക്കൂർ ജോലി ചെയ്തുവെന്നത് പറയാൻ സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ട കാര്യമില്ല.
അത് ഒരു കുടുംബത്തിന്റെ ചരിത്രത്തിൻ്റെ ഭാഗമാണ്.
എങ്കിലും,
ഒരു കുട്ടി അമ്പത് പൈസ ചോദിച്ചപ്പോൾ അമ്മ അതു കൊടുക്കുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കുമായിരുന്നെങ്കിൽ, അതിന് പിന്നിൽ പിശുക്കല്ലായിരുന്നു. വീട്ടിലെ ബജറ്റിന്റെ യാഥാർത്ഥ്യമായിരുന്നു.
അന്നത്തെ ധനകാര്യമന്ത്രിമാരായിരുന്ന അമ്മമാർക്ക്
വീട്ടുചെലവ് നടത്തുന്നതിന്
അത്തരത്തിലുള്ള ഒരു ചെറിയ
സാമ്പത്തിക ശാസ്ത്രം
തന്നെയായിരുന്നു പിൻബലം.
“ഇന്ന് ഇത് വാങ്ങാം.
അത് അടുത്ത മാസം വാങ്ങാം.”
എന്ന് പറഞ്ഞ് അവർ മാസത്തിന്റെ അവസാന ദിവസങ്ങളിലേക്ക്
കുടുംബത്തെ എത്തിച്ചു.
രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന പ്രയോഗം വന്നതങ്ങനെയാവാം!
ഇന്ന് നമ്മുടെ പക്കൽ പണമുണ്ട്.
Debit/ credit കാർഡുകളുണ്ട്.
ഓൺലൈൻ പേയ്മെന്റുണ്ട്.
വായ്പയുണ്ട്. EMI ഉണ്ട്.
അന്ന് പണമില്ലെങ്കിൽ പല കാര്യങ്ങളും നടക്കുമായിരുന്നില്ല.
അതുകൊണ്ടുതന്നെ
'വേണ്ട’ എന്ന് പറയാനുള്ള ശീലവും ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് പണത്തിന്റെ മൂല്യം കുറഞ്ഞതാണോ, അതോ നമ്മുടെ ആവശ്യങ്ങളുടെ വലുപ്പം കൂടിയതാണോ?
ഒരു പക്ഷേ രണ്ടും.
1975-ലെ ആ പരസ്യത്തിൽ നമ്മൾ കാണുന്നത് ഒരു ഉൽപ്പന്നത്തിന്റെ പരസ്യം മാത്രമല്ല. ഒരു സമൂഹത്തിന്റെ സാമ്പത്തിക മനഃശാസ്ത്രമാണ്.
അന്ന് പരസ്യം പറഞ്ഞിരുന്നത്:
“ഇത് വാങ്ങൂ” എന്നതായിരുനെങ്കിൽ.
ഇന്ന് പരസ്യം പറയുന്നത്:
“ഇതില്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ല” എന്നാണെന്ന് തോന്നും.
അതാണ് കാലം
മാറിയതിന്റെ ഏറ്റവും വലിയ വ്യത്യാസം.
അന്ന് പണം ജീവിതത്തെ സഹായിക്കുന്ന ഒന്നായിരുന്നു.
ഇന്ന് പലപ്പോഴും ജീവിതം തന്നെ
പണം സമ്പാദിക്കാനുള്ള
ഒരു ഉപാധിയായി മാറിയിരിക്കുന്നു.
1975-ലെ ആ ചെറിയ പരസ്യത്തിലേക്ക് വീണ്ടും നോക്കുമ്പോൾ, അതിനുള്ളിൽ നിന്ന് ഒരു പഴയ കാലത്തിന്റെ ശബ്ദം കേൾക്കാം.
പത്ത് പൈസയുടെ ശബ്ദം.
അത് നമ്മളെ ഓർമ്മിപ്പിക്കുന്നത് പണത്തിന്റെ മൂല്യം മാത്രമല്ല.
കുറവുകളിൽ പോലും
സന്തോഷിക്കാൻ അറിഞ്ഞിരുന്ന മനുഷ്യരെക്കുറിച്ചാണ്.
വാങ്ങാൻ കഴിയാത്തതിനെക്കുറിച്ച് വിഷമിച്ചിരുനെങ്കിലും,
ഉള്ളതിനെ സ്നേഹിച്ച മനുഷ്യരെക്കുറിച്ചാണ്.
കണക്കുകൂട്ടിയാണ് ജീവിച്ചിരുന്നതെങ്കിലും
ബന്ധങ്ങൾ അറ്റുപോവാതിരിക്കാൻ പാടുപെട്ടിരുന്ന മനുഷ്യരെക്കുറിച്ചാണ്.
അതുകൊണ്ടാവാം പഴയ പൈസകൾക്ക് ഇന്നും ഒരു പ്രത്യേക
മണവും ഓർമ്മയും ഉള്ളത്.
അവയുടെ ലോഹമൂല്യം പോയി
എന്നത് ശരിയാകാം.
വാങ്ങൽശേഷിയും പോയി.
പക്ഷേ അവ സൂക്ഷിച്ചിരുന്ന,
ക്രയവിക്രയം ചെയ്തിരുന്ന കാലത്തിന്റെ മൂല്യം
ഇന്നും കൂടി നില്ക്കുന്നതേയുള്ളു.
(@ നജീബ് കടമ്പോട്ട്)
