4 August 2026 · 6 min read · സിനിമ
ഓളവും തീരവും.

സിനിമ :
"ഓളവും തീരവും "
ഓളവും തീരവും: മലയാള സിനിമ പുതിയൊരു തീരം തേടിയപ്പോൾ
1957-ൽ പ്രസിദ്ധീകരിച്ച എം.ടിയുടെ ചെറുകഥാസമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയായിരുന്നു ‘ഓളവും തീരവും’. വർഷങ്ങൾക്കുശേഷം, എം.ടി. തന്നെ അതിന് തിരക്കഥയെഴുതി, പി.എൻ. മേനോൻ സംവിധാനം ചെയ്തപ്പോൾ അതേ പേരിൽ ഒരു സിനിമ പിറന്നു. 1970-ൽ പുറത്തിറങ്ങിയ ആ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചത്.
അത് ഒരു സിനിമയുടെ വരവു മാത്രമായിരുന്നില്ല. അന്നുവരെ മലയാള സിനിമയുടെ കച്ചവട തീരങ്ങളിൽ പതിവായി വന്നടിച്ചിരുന്ന തിരകളിൽനിന്ന് വ്യത്യസ്തമായ ഒരു തിരയായിരുന്നു അത്. ആ തിര പഴയ തീരങ്ങളെ തകർക്കുകയും പുതിയ തീരങ്ങൾക്കുള്ള വഴിയൊരുക്കുകയും ചെയ്തു.
എഴുപതുകളിൽ ‘പുതിയ സിനിമ’യുടെ അപ്പോസ്തലന്മാരിൽ ഒരാളായി മാറിയ പി.എ. ബക്കർ ചാരുചിത്ര എന്ന ബാനറിൽ നിർമ്മിച്ച ഈ ചിത്രം, മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് പുതിയ ചില ചോദ്യങ്ങൾ ഉയർത്തുകയും പുതിയ ചില ഉത്തരങ്ങൾ തേടുകയും ചെയ്തു.
പി.എൻ. മേനോൻ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചത് 1965-ൽ സംവിധാനം ചെയ്ത ‘റോസി’യിലൂടെയായിരുന്നു. സിനിമയുടെ വിവിധ മേഖലകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയിരുന്ന മേനോൻ, അഞ്ചു വർഷങ്ങൾക്കുശേഷമാണ് ‘ഓളവും തീരവും’ എന്ന ചിത്രത്തിലേക്ക് എത്തുന്നത്. തുടർന്ന് എഴുപതുകളുടെ തുടക്കത്തിൽ തന്നെ വ്യത്യസ്തമായ സിനിമാഭാഷ തേടിയുള്ള ഒരു സംവിധായകനായി അദ്ദേഹം ശ്രദ്ധേയനായി.
‘ചായം’, ‘ചെമ്പരത്തി’, ‘ഗായത്രി’, ‘മഴക്കാറ്’, ‘ദർശനം’ തുടങ്ങിയ ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സർഗാത്മകമായ ഊർജ്ജത്തിന്റെ തെളിവായിരുന്നു. അവയിൽ ചിലത് സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരങ്ങളും നേടി. എന്നാൽ, ആ വഴിത്തിരിവിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി ഇന്നും ഓർമ്മിക്കപ്പെടുന്നത് ‘ഓളവും തീരവും’ തന്നെയാണ്.
മേനോൻ വെട്ടിത്തുറന്ന ആ വഴിയിലൂടെയാണ് പിന്നീട് ‘നിർമ്മാല്യം’, ‘സ്വയംവരം’, ‘ഉത്തരായണം’ തുടങ്ങിയ സിനിമകൾ കടന്നു വന്നത്. അതുവരെ മലയാളി കണ്ടും ശീലിച്ചും വന്നിരുന്ന സിനിമയുടെ ആഖ്യാനരീതികളിൽനിന്നും ദൃശ്യഭാഷയിൽനിന്നും വ്യത്യസ്തമായിരുന്നു ഈ ചിത്രങ്ങൾ. തുടക്കത്തിൽ അവയെ പ്രേക്ഷകർ അത്ര എളുപ്പത്തിൽ സ്വീകരിച്ചില്ലെങ്കിലും, അവ മലയാളിയുടെ സിനിമാബോധത്തിൽ മായാത്ത അടയാളങ്ങൾ പതിപ്പിച്ചു.
മേനോന്റെ സിനിമകൾക്കു പിന്നാലെ വന്ന അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.പി. കുമാരൻ, പി.എ. ബക്കർ തുടങ്ങിയവർക്കും പിന്നീട് ആ വഴിയിലൂടെ സഞ്ചരിച്ച പുതിയ തലമുറയ്ക്കും ആ തുടക്കങ്ങൾ നൽകിയ പ്രചോദനം ചെറുതായിരുന്നില്ല.
മലയാള സിനിമയിൽ റിയലിസം ശക്തമായി വേരുറപ്പിച്ച കാലമായിരുന്നു അത്. സിനിമയെ സ്റ്റുഡിയോയുടെ കൃത്രിമമായ ചുവരുകളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ജീവിതത്തിന്റെ യഥാർത്ഥ പരിസരങ്ങളിലേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ശക്തമായി. ബംഗാളിൽ അതിന് മുമ്പേ തന്നെ സമാന്തര സിനിമയുടെ ചലനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, കലാമൂല്യവും ജനപ്രീതിയും ഒരേസമയം കൈവരിച്ച ചിത്രങ്ങളുടെ ശ്രദ്ധേയമായ ഒരു നിര മലയാളത്തിൽ രൂപപ്പെട്ടത് പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
പുതിയ യാഥാർത്ഥ്യബോധത്തെ ആദ്യം അൽപ്പം സംശയത്തോടെയാണ് മലയാളി നോക്കിനിന്നത്. എന്നാൽ അധികം വൈകാതെ അതിനെ സ്വീകരിക്കുന്നതിൽ മലയാളി പ്രേക്ഷകർ മറ്റു ഭാഷകളിലെ പ്രേക്ഷകരെക്കാൾ മുന്നിലെത്തി. യാഥാർത്ഥ്യത്തിന്റെ ഈ പുതിയ ഭാഷ പിന്നീട് മലയാളത്തിലെ ഒരു തലമുറ മുഴുവൻ സംവിധായകരുടെ സിനിമാഭാവനയുടെ നിർണായക ഘടകമായി മാറുകയും ചെയ്തു.
ആ മാറ്റത്തിന്റെ ആദ്യകാല നിർണായക അടയാളങ്ങളിലൊന്നായിരുന്നു ‘ഓളവും തീരവും’.
സ്റ്റുഡിയോയിൽ നിന്ന് ജീവിതത്തിലേക്ക്
മലയാള സിനിമയെ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്ന് പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും യഥാർത്ഥ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ചിത്രമായിരുന്നു ‘ഓളവും തീരവും’. പരമ്പരാഗത ചിത്രീകരണരീതികളെ അതുവഴി സിനിമ വെല്ലുവിളിച്ചു.
മുഴുവനായും ഔട്ട്ഡോർ ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചത്. അതിന് ദൃശ്യഭാഷയുടെ ശക്തി പകർന്നത് മങ്കട രവിവർമ്മയുടെ ക്യാമറയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ആ വർഷത്തെ കേരള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
എസ്. കൊന്നനാട്ടിന്റെ കലാസംവിധാനവും രവിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേറിട്ട സ്വഭാവത്തിന് കൂടുതൽ മിഴിവേകി.
മലപ്പുറത്തിന്റെ, പ്രത്യേകിച്ച് നിലമ്പൂരിന്റെ പ്രാദേശിക ജീവിതവും ഭാഷയും ശബ്ദവും ‘ഓളവും തീര’ത്തിന്റെ ആത്മാവിനോടു ചേർന്നുനിന്നു. എം.ടി.യുടെ തിരക്കഥയും സംഭാഷണങ്ങളും ആ നാട്ടുഭാഷയുടെ സ്വാഭാവികതയോടെ കഥാപാത്രങ്ങളെ സംസാരിപ്പിച്ചു. സംഭാഷണങ്ങളിൽ പോലും ഒരു പ്രദേശത്തിന്റെ ജീവിതം മുഴുവൻ കേൾക്കാമായിരുന്നു.
ചിത്രം മികച്ച ഫീച്ചർ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടുകയും എം.ടി. മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഓളങ്ങളിൽ പെട്ടുപോയ ജീവിതങ്ങൾ
മലമുകളിലെ കാടുകളിൽ നിന്ന് തടി വെട്ടി പുഴയിലൂടെ താഴേക്ക് എത്തിക്കുന്ന തൊഴിലാളിയാണ് ബാപ്പുട്ടി. ഉറ്റവരും ഉടയവരുമില്ലാത്ത അയാൾ, സഹപ്രവർത്തകനായ അബ്ദുവിനൊപ്പം കാട്ടിലെ ജീവിതമാണ് നയിക്കുന്നത്.
അബ്ദുവിന്റെ ജീവിതത്തിന് പിന്നിൽ ഒരു പഴയ മുറിവുണ്ട്. പിതാവിന്റെ മരണശേഷം അമ്മ ബീവാത്തുവിന്റെ ജീവിതരീതിയെ അംഗീകരിക്കാൻ കഴിയാതെ അയാൾ നാടുവിട്ടതാണ്. കാലമേറെ കഴിഞ്ഞിട്ടും അയാൾ പിന്നെ വീട്ടിലേക്ക് മടങ്ങിയില്ല.
ഒരിക്കൽ കാട്ടിൽനിന്ന് തടികൾ കയറ്റി വ്യാപാരകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ അബ്ദു രോഗബാധിതനായി വഴിയിൽവെച്ച് മരിക്കുന്നു. ബാപ്പുട്ടി അവന്റെ മൃതദേഹവുമായി ബീവാത്തുവിന്റെ കുടിലിലെത്തുന്നു. ആ കുടുംബത്തിന്റെ നിസ്സഹായത അയാളെ ആഴത്തിൽ സ്പർശിക്കുന്നു. അവരെ സഹായിക്കണമെന്ന് അയാൾ തീരുമാനിക്കുന്നു.
അവിടെയാണ് ബാപ്പുട്ടിയുടെ ജീവിതം നബീസയുമായി ചേരുന്നത്.
അബ്ദുവിന്റെ ഏക സഹോദരിയായ നബീസ, അമ്മയുടെ ജീവിതരീതിയെ വെറുക്കുന്നവളാണ്. എന്നാൽ ആ സാഹചര്യങ്ങളിൽനിന്ന് പുറത്തുകടക്കാൻ അവൾക്കു സ്വന്തം നിലയിൽ കഴിയുന്നില്ല.
ബാപ്പുട്ടിയും നബീസയും തമ്മിൽ പരസ്പരം സ്നേഹത്തിലാവുന്നു. അവളെ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം തുടങ്ങണമെന്ന സ്വപ്നം ബാപ്പുട്ടിയുടെ മനസ്സിൽ വേരുറക്കുന്നു. അതിന് പണം വേണം.
പണം സമ്പാദിക്കാനായി ബാപ്പുട്ടി ദൂരെയുള്ള മരം ഡിപ്പോകളിലേക്ക് പോകുന്നു. തിരിച്ചെത്തുമ്പോൾ നബീസയോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയോടെ.
പക്ഷേ ജീവിതത്തിന് മറ്റൊരു കണക്കുണ്ടായിരുന്നു.
കുഞ്ഞാലിയുടെ വരവ്
നാട്ടിൽ ഏറെക്കാലമായി ഇല്ലാതിരുന്ന ധനികനായ കുഞ്ഞാലി തിരിച്ചെത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. അയാളുടെ കണ്ണുകൾ നബീസയിൽ പതിയുന്നു. അവളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. പണത്തിനോടുള്ള അതിരില്ലാത്ത ആഗ്രഹത്തിൽ കഴിയുന്ന ബീവാത്തു മകളെ കുഞ്ഞാലിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ നബീസ അതിൽനിന്നെല്ലാം ഒഴിഞ്ഞു മാറുന്നു.
കുഞ്ഞാലിയുടെ നിരന്തരമായ വരവും ഇടപെടലുകളും ബീവാത്തുവിന്റെ മനസ്സിൽ ബാപ്പുട്ടിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ മാറ്റുന്നു. അതേസമയം, ബാപ്പുട്ടി തിരിച്ചെത്തി തന്നെ ഈ ദുരിതത്തിൽനിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് നബീസ.
പക്ഷേ ആ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായില്ല. ബീവാത്തുവിന്റെ കണക്കുകൂട്ടലുകൾക്കപ്പുറം, കുഞ്ഞാലി നബീസയെ പീഡിപ്പിക്കാനുള്ള ഒരു അവസരം കണ്ടെത്തുന്നു. അവളുടെ ജീവിതത്തിന്റെ അവസാന പ്രതിരോധവും അവിടെ തകർന്നുവീഴുന്നു.
ബാപ്പുട്ടി തിരികെയെത്തുമ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.
എല്ലാം അറിഞ്ഞിട്ടും നബീസയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് ബാപ്പുട്ടി അവളോട് പറയുന്നു. എന്നാൽ നബീസ അതിന് സമ്മതിക്കുന്നില്ല. തന്നെ വിട്ടുപോകണമെന്ന് അവൾ അയാളോട് അപേക്ഷിക്കുന്നു. ഒടുവിൽ നബീസ ആത്മഹത്യ ചെയ്യുന്നു.
വീണ്ടും ആരുമില്ലാത്തവനായി ബാപ്പുട്ടി ആ ഗ്രാമം വിട്ടുപോകുന്നു.
കരയ്ക്കടിഞ്ഞ് വീർത്തുപൊന്തിയ നബീസയുടെ മൃതദേഹത്തിലേക്ക് നോക്കിനിൽക്കുന്ന ബാപ്പുട്ടിയുടെ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.
ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രതീക്ഷകൾ എങ്ങനെ ഒന്നൊന്നായി തകർന്നുവീഴുന്നു എന്നതിന്റെ അതീവ വേദനാജനകമായ ദൃശ്യമായിരുന്നു അത്. അതോടൊപ്പം, മനുഷ്യരെ അവരുടെ സാമൂഹിക സാഹചര്യങ്ങൾ എത്രമാത്രം നിസ്സഹായരാക്കുന്നു എന്നതിന്റെ ശക്തമായ ചലച്ചിത്രഭാഷ്യവും.
കഥാപാത്രങ്ങളിലൂടെ ഒരു കാലത്തിന്റെ ജീവിതം
മധുവും ഫിലോമിനയും തങ്ങളുടെ കഥാപാത്രങ്ങളെ അസാധാരണമായ സ്വാഭാവികതയോടെയാണ് അവതരിപ്പിച്ചത്. ബാപ്പുട്ടിയായി മധു കഥാപാത്രത്തിന്റെ നിശ്ശബ്ദമായ വേദനയും നിസ്സഹായതയും പ്രേക്ഷകരിലെത്തിച്ചു.
എന്നാൽ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് ഫിലോമിനയുടെ ബീവാത്തു തന്നെയായിരുന്നു. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച ഫിലോമിനയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായി ബീവാത്തുവിനെ കാണാം. ആ കഥാപാത്രമാണ് അവർക്ക് ആ വർഷത്തെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്.
ഉഷാനന്ദിനി നബീസയായി നിറഞ്ഞുനിന്നു. നബീസയുടെ നിസ്സഹായതയും ഉള്ളിലെ സംഘർഷങ്ങളും അവർ പ്രകടമാക്കിയപ്പോൾ, ജോസ് പ്രകാശിന്റെ കുഞ്ഞാലി അധികാരവും പണവും കൈവശമുള്ള ഒരാളുടെ ക്രൂരമായ മനോഭാവത്തിന്റെ പ്രതിനിധിയായി.
നിലമ്പൂർ ബാലൻ, അബ്ബാസ്, ആലുമ്മൂടൻ, കുഞ്ഞാവ, മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്‌കരൻ, നിലമ്പൂർ ആയിഷ, പറവൂർ ഭരതൻ, പരിയാനമ്പറ്റ തുടങ്ങിയവരും തനിമയുള്ള കഥാപാത്രങ്ങളായി ചിത്രത്തിന്റെ ഗ്രാമീണ ലോകത്തെ സമ്പന്നമാക്കി.
ബാപ്പുട്ടി — മധു
നബീസ — ഉഷാനന്ദിനി
ബീവാത്തു — ഫിലോമിന
കുഞ്ഞാലി — ജോസ് പ്രകാശ്
മൂപ്പൻ — നിലമ്പൂർ ബാലൻ
കശാപ്പുകാരൻ മൂസ — അബ്ബാസ്
നാരായണൻ — ആലുമ്മൂടൻ
അബ്ദു — നെല്ലിക്കോട് ഭാസ്‌കരൻ
ആയിഷ — നിലമ്പൂർ ആയിഷ
സുലൈമാൻ — പറവൂർ ഭരതൻ
കടത്തുകാരൻ മമ്മത് — പരിയാനമ്പറ്റ
എന്നിങ്ങനെ കഥാപാത്രങ്ങൾ നിരന്നുനിൽക്കുമ്പോൾ, അവരുടെയെല്ലാം പിന്നിൽ ഒരു പ്രദേശത്തിന്റെ ജീവിതം കൂടി സിനിമയിൽ രൂപപ്പെടുന്നു.
പുഴയും ഒരു കഥാപാത്രമാകുമ്പോൾ
‘ഓളവും തീരവും’ എന്ന പേരിൽ തന്നെയുണ്ട് ചിത്രത്തിന്റെ ഒരു വലിയ സൗന്ദര്യരഹസ്യം.
ചിത്രത്തിലെ ഭാരതപ്പുഴ വെറുമൊരു പശ്ചാത്തലമല്ല. ഒഴുകുകയും കരകവിഞ്ഞൊഴുകുകയും പിന്നെയും ശാന്തമാവുകയും ചെയ്യുന്ന പുഴ, ചിത്രത്തിലെ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു രൂപകമായി മാറുന്നു. മനുഷ്യരുടെ വരവും പോക്കും, പ്രതീക്ഷകളും നഷ്ടങ്ങളും, ജീവിതത്തിന്റെ ഒഴുക്കും മരണത്തിന്റെ നിശ്ചലതയും—എല്ലാം ആ പുഴയുടെ സാന്നിധ്യത്തിൽ കൂടുതൽ അർത്ഥവത്താകുന്നു.
പി. ഭാസ്കരൻ–ബാബുരാജ് കൂട്ടുകെട്ടിന്റെ ഗാനങ്ങൾക്കൊപ്പം മലബാറിന്റെ പ്രിയകവി മോയിൻകുട്ടി വൈദ്യരുടെ പ്രശസ്തമായ രണ്ട് ഗാനങ്ങളും സന്ദർഭോചിതമായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അവ സിനിമയുടെ ദേശസവിശേഷതയ്ക്ക് കൂടുതൽ ആഴം നൽകി.
‘ഓളവും തീരവും’ അതുകൊണ്ടുതന്നെ ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരം മാത്രമല്ല.
ഒരു പ്രദേശത്തിന്റെ ജീവിതം, അതിന്റെ ഭാഷ, പ്രകൃതി, മനുഷ്യർ, അവരുടെ ആഗ്രഹങ്ങൾ, നിസ്സഹായതകൾ, ഇവയെല്ലാം ചേർന്നുണ്ടാക്കിയ ഒരു കാലത്തിന്റെ ദൃശ്യരേഖയാണ് അത്.
മലയാള സിനിമ സ്റ്റുഡിയോയുടെ ചുവരുകൾക്കപ്പുറത്തേക്ക് നോക്കിത്തുടങ്ങിയ കാലത്തിന്റെ ഒരു പ്രധാന അടയാളം.
പിന്നീട് മലയാള സിനിമയെ ലോകസിനിമയുടെ ഭൂപടത്തിൽ വേറിട്ടുനിർത്തിയ ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ ആദ്യകാല ചുവടുകളിലൊന്ന്.
ഓളത്തിനൊപ്പം സഞ്ചരിച്ചുകൊണ്ട് ഒരു പുതിയ തീരം തേടിയ സിനിമ.
അതാണ് ‘ഓളവും തീരവും’
@ നജീബ് കടമ്പോട്ട്.

