2 August 2026 · 3 min read · സാഹിത്യം

ഖസാക്കിൻ്റെ വഴികളിലുടെ

 ഖസാക്കിന്റെ വഴികളിലൂടെ.......
വെയിൽ ചാഞ്ഞു തുടങ്ങി.....
അസ്തമയത്തിലാറാടാൻ തുടിക്കുന്ന  താഴ്‌വരയുടെ മനസ്സിലേക്കാണ് 
ഞാനിപ്പോൾ ഇറങ്ങി വന്നിരിക്കുന്നത്. .
ഇതിഹാസസമാനമായ ഒരു നോവലിന്റെ, കാലാന്തരങ്ങളെ തേടിയിറങ്ങുന്ന പഥികന് തസ്രാക്ക് എന്ന ഈ ഗ്രാമത്തിന്റെ ഹൃദയത്തെ സ്പർശിച്ചുകൊണ്ടല്ലാതെ കടന്നു പോകാനാവില്ല. 
തസ്റാക്കിലെ 
ഒ.വി.വിജയൻ സ്മാരകത്തിൽ നിന്നപ്പോൾ, 
ഞാൻ കടന്നുപോയത് അനിർവചനീയമായ ഏതൊക്കെ വികാരതലങ്ങളിലൂടെയാണെന്ന് എനിക്കിപ്പോഴും കൃത്യമായി പറയാനാവുന്നില്ല.


തസ്റാക്കിന്റെ 
അനന്തമായ വഴികളിലൂടെ 
നടന്നു നീങ്ങുന്ന, 
കർമ്മബന്ധങ്ങളുടെ ചരടുകളാൽ ബന്ധിക്കപ്പെട്ട 
ഓരോ യാത്രികനും 
സ്വന്തം അസ്തിത്വത്തിന്റെ പടവുകളിൽ ഇത്തിരിനേരമെങ്കിലും 
ഇരിക്കാൻ കൊതിക്കുമെങ്കിൽ, 
അതും ഒരു പക്ഷേ ഒരു നിയോഗമായിരിക്കാം.
അങ്ങനെയൊരു നിയോഗത്തിന്റെ 
ഉൾവിളിയോടെയാണ് 
ഇന്നലെ ഞാൻ തസ്റാക്കിലെത്തിയത്.
അത് വെറുമൊരു യാത്രയായിരുന്നില്ല. 
ഒരു സ്ഥലത്തേക്കുള്ള 
യാത്രയെന്നതിനേക്കാളധികം, 
ഒരു നോവലിനുള്ളിലേക്കുള്ള പ്രവേശനമായിരുന്നത്. 
വായിച്ചറിഞ്ഞ ഒരു ലോകത്തെ 
നേരിൽ കാണാനുള്ള ശ്രമം. 
വർഷങ്ങൾക്കുമുമ്പ് മനസ്സിൽ കുടിയേറിയ ചില മനുഷ്യരെയും, 
അവർ നടന്നുപോയ വഴികളെയും, 
അവർ ശ്വസിച്ച കാറ്റിനെയും, 
അവരുടെ ഏകാന്തതകളെയും, 
അവരുടെ സ്നേഹങ്ങളെയും, 
അവരുടെ സന്ദേഹങ്ങളെയും,
അവരുടെ പരാജയങ്ങളെയും 
വീണ്ടും കണ്ടുമുട്ടാനുള്ള 
ഒരു മടക്കയാത്ര.
അറബിക്കുളത്തിന്റെ പച്ചപ്പായൽ മൂടിയ ജലോപരിതലത്തിലേക്ക് നോക്കി നിൽക്കുമ്പോൾ, 
ജന്മപരമ്പരകളുടെ ഏത് കണ്ണികളാണ് എന്നെ അവിടെ ബന്ധിച്ചു നിർത്താൻ ഇടയാക്കിയതെന്ന്  ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു. 
ആ വെള്ളത്തിന്മേൽ നിശ്ചലമായി കിടന്നിരുന്ന പച്ചപ്പായൽ, 
കാലത്തിന്റെ അടരുകളെപ്പോലെ തോന്നി. 
ഒരു ചെറിയ കല്ലെടുത്തെറിഞ്ഞ് 
അതിൻ്റെ നിസ്സംഗഭാവത്തെ ചലനാത്മകമാക്കാൻ 
ഞാൻ കൊതിച്ചെങ്കിലും 
അങ്ങനെ ചെയ്തില്ല.
അതിനടിയിൽ എത്രയോ കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. 
എത്രയോ കാലടിപ്പാടുകൾ. 
എത്രയോ കാത്തിരിപ്പുകൾ. 
പറയാതെ പോയ 
എത്രയോ വാക്കുകൾ.
അതിനെ ഉണർത്താൻ പാടില്ല.
ഞാറ്റുപുരയിൽ നിന്നും അറബിക്കുളത്തിലേക്കുള്ള വഴിക്കിരുപുറവുമായി നിരന്നു നിന്ന അരയാലുകളെ തഴുകിവന്ന കാറ്റിൽ ഗതകാല സ്വപ്നങ്ങളുടെ 
സാന്ത്വനമിയന്ന  സ്പർശമുണ്ടായിരുന്നു. 
ആ കാറ്റ് 
വെറുമൊരു കാറ്റായിരുന്നില്ല. 
ഒരിക്കൽ രവി നടന്നുപോയ വഴികളിൽ നിന്നുയർന്ന ഒരു നിശ്വാസം പോലെയായിരുന്നു അത്. 
അയാളുടെ ഏകാന്തതയുടെ, 
അയാളുടെ അലച്ചിലിന്റെ, 
അയാളുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്ന ചോദ്യങ്ങളുടെ 
ഒരു മൃദുസ്പർശം പോലെ.
കുളത്തിനപ്പുറത്തായി
ഖസാക്കിന്റെ ആത്മീയാചാര്യൻ 
സയ്യിദ് മിയാൻ ഷെയ്ഖിന്റെ പ്രതിനിധിയായ അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്തുപള്ളി. ( അതിപ്പോൾ സ്വകാര്യ വ്യക്തിയുടെ വരുതിലായിപ്പോയിരിക്കുന്നു).
അങ്ങോട്ട് നോക്കുമ്പോൾ, 
നോവലിലെ വരികൾക്കിടയിൽ നിന്ന് 
ഒരു ശബ്ദം 
ഉയർന്നുവരുന്നതു 
പോലെ തോന്നി. 
മതവും മനുഷ്യനും, 
വിശ്വാസവും സംശയവും, 
പാപവും പുണ്യവും, 
ജീവിതവും മരണവും, 
എല്ലാം ഒരേ മണ്ണിൽ വേരൂന്നിയിരുന്ന ഒരു ലോകത്തിന്റെ ശബ്ദം.
അങ്ങോട്ടേക്കുള്ള യാത്രയിൽ 
ചെതലിയും യാക്കരയും 
കിണാശ്ശേരിയും മങ്കരയും 
ഏതോ ഓർമ്മപ്പെടുത്തലുമായി 
കൂടെക്കൂടി. 
അവ വെറും സ്ഥലനാമങ്ങളായിരുന്നില്ല. 
ഒരു ഭൂമിശാസ്ത്രത്തിന്റെ അടയാളങ്ങൾക്കപ്പുറം, 
ഓർമ്മയുടെ ഭൂപടത്തിലെ ചില പ്രകാശബിന്ദുക്കളായിരുന്നു. 
ഓരോ പേരു കേൾക്കുമ്പോഴും 
ഉള്ളിൽ എവിടെയോ 
ഒരു പഴയ വാതിൽ തുറന്നു.
അവിടെ കണ്ടത് ഒരു സ്മാരകം മാത്രമായിരുന്നില്ല. 
മലയാളിയുടെ വായനാസ്മൃതിയിൽ എക്കാലത്തേക്കുമായി പതിഞ്ഞ ഒരു ലോകത്തിന്റെ സാക്ഷാത്കാരമായിരുന്നു.
രവിയും മൈമൂനയും അപ്പുക്കിളിയും മാധവൻ നായരും ചാന്തു മുത്തുവും കുഞ്ഞുനൂറുവും കുഞ്ഞാമിനയും  എല്ലാവരും കൺമുന്നിൽ തെളിഞ്ഞുനിന്നു. 
അവരോടൊപ്പം, കുഞ്ഞാമിനയെ സ്നേഹപൂർവ്വം കൊത്തിയ 
മയിലച്ചാരും. 
ഓരോരുത്തരും 
ഒരു കഥാപാത്രമെന്ന പരിധി കടന്ന്, 
നമ്മുടെ തന്നെ ജീവിതത്തിന്റെ 
ഏതോ ഇരുണ്ട കോണുകളിൽ താമസിക്കുന്ന 
മനുഷ്യരായി മാറിയിരുന്നു.
രവിയുടെ അലച്ചിൽ നമ്മുടേതല്ലേ? മൈമൂനയുടെ കാത്തിരിപ്പ് നമ്മുടേതല്ലേ? അപ്പുക്കിളിയുടെ നിഷ്കളങ്കമായ ലോകം നമ്മിൽ നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ ഒരു തുണ്ടല്ലേ? മാധവൻ നായരുടെ സാന്നിധ്യത്തിൽ നാം കണ്ടത് ഗ്രാമത്തിന്റെ ഓർമ്മയും പാരമ്പര്യവും മനുഷ്യബന്ധങ്ങളുടെ അദൃശ്യമായ വേരുകളുമല്ലേ?
സ്മാരകത്തിന്റെ പരിസരത്ത് നിൽക്കുമ്പോൾ, ദേവന്മാർ കുടിച്ചിട്ട് ഉപേക്ഷിച്ച കല്പവൃക്ഷത്തിന്റെ തൊണ്ടുകൾ പോലെ ഒന്നിന് പിറകെ ഒന്നായി ഓർമ്മകൾ വന്നു കൊണ്ടിരുന്നു. 
വായിച്ച കാലത്തെ ഓർമ്മകൾ. വായിക്കാതെ തന്നെ മനസ്സിൽ പതിഞ്ഞ രംഗങ്ങൾ. 
ചില വരികൾ. 
ചില മുഖങ്ങൾ. 
ചില ശബ്ദങ്ങൾ. 
ചില മരണങ്ങൾ. 
ചില കാത്തിരിപ്പുകൾ.
ഓ.വി. വിജയൻ തസ്റാക്കിനെ എഴുതിയതായിരുന്നില്ല.
അദ്ദേഹം 
ഒരു ഗ്രാമത്തെ 
സാഹിത്യത്തിന്റെ 
ശാശ്വതമായ ഭൂപടത്തിൽ പതിപ്പിക്കുകയായിരുന്നു. 
അതുകൊണ്ടാണ് 
ഇന്നും തസ്റാക്കിലെത്തുന്ന 
ഒരാൾ 
വെറുമൊരു ഗ്രാമത്തെ മാത്രം കണ്ട് തിരികെ പോവാത്തത്. 
അയാൾ ഒരു നോവലിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ്. 
മറവിയിലാണ്ട സ്വന്തം ഓർമ്മകളുടെ   ഏതോ മുറിയിലേക്ക് കടക്കുന്നു.
അവിടെ നിൽക്കുമ്പോൾ, നമ്മൾ നമ്മളോട് തന്നെ ചോദിച്ചുപോകും. 
നമ്മുടേതായ ഖസാക്ക് എവിടെയാണ്? നമ്മെ ഇന്നും വിളിച്ചുകൊണ്ടിരിക്കുന്ന ആ ഗ്രാമം ഏതാണ്? 
നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും വഴിത്തിരിവിൽ നാം ഉപേക്ഷിച്ചുപോയ രവി ആരാണ്? 
നമ്മുടെ ഓർമ്മയിൽ ഇന്നും പച്ചപ്പായൽ മൂടാതെ കിടക്കുന്ന ആ അറബിക്കുളം ഏതാണ്?
തസ്റാക്കിൽ നിന്ന് മടങ്ങുമ്പോൾ, 
ഞാൻ ഒരു സ്ഥലത്തുനിന്നായിരുന്നില്ല മടങ്ങിയത്. 
ഒരു കാലത്തിൽനിന്നായിരുന്നു. 
ഒരു നോവലിൽനിന്നായിരുന്നു. 
അതിൻ്റെ സ്ഥലരാശിയിൽ നിന്നായിരുന്നു. 
ഒരുപക്ഷേ, എന്റെ തന്നെ ഉള്ളിൽനിന്നായിരുന്നു.
പക്ഷേ, തസ്റാക്ക് അവിടെ അവസാനിച്ചില്ല.
അത് ഇപ്പോഴും എന്റെ ഉള്ളിൽ തുടരുകയാണ്.  
അരയാലിലകളെ തഴുകിയെത്തുന്ന കാറ്റായി, 
അറബിക്കുളത്തിന്റെ 
നിശ്ചലമായ ജലപരപ്പായി, 
അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്തുപള്ളിയിൽ 
നിന്നുയരുന്ന  ശബ്ദങ്ങളായി, 
രവിയുടെ അനന്തമായ യാത്രയായി.
ഓർമ്മകൾക്ക് ഒരിക്കലും പൂർണ്ണമായ മടക്കയാത്രയില്ല. 
അവ വീണ്ടും വീണ്ടും നമ്മെ വിളിച്ചുകൊണ്ടിരിക്കും.
തസ്റാക്കും അങ്ങനെ തന്നെയാണ്.
ഒരിക്കൽ കണ്ടാൽ 
പിന്നെ മറക്കാനാവാത്ത ഒരു ഗ്രാമം.
ഒരിക്കൽ വായിച്ചാൽ പിന്നെ വിട്ടുപോകാനാവാത്ത ഒരു ഇതിഹാസം.
ഒരിക്കൽ ഹൃദയത്തിൽ കയറിയാൽ 
പിന്നെ 
ജീവിതകാലം മുഴുവൻ 
നമ്മോടൊപ്പം നടക്കാൻ വിധിക്കപ്പെട്ട 
ഒരു ഖസാക്ക്.
കർമപരമ്പരയുടെ 
സ്‌നേഹരഹിതമായ കഥ 
തന്നെയാണോ ഇത് !.
@നജീബ് കടമ്പോട്ട് 
26 Aug 26.

Share this story

Comments (0)

  • Be the first to write one.