17 July 2026 · 8 min read · സാഹിത്യം
പതിനൊന്നാമത്തെ പുസ്തകം
.

ചില യാത്രകൾ മനോഹരമായ കാഴ്ചകളിലേക്കായിരിക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുക. ചിലത് പ്രിയപ്പെട്ട മനുഷ്യരിലേക്കും... എന്നാൽ ജീവിതത്തിൽ അപൂർവ്വമായി എനിക്ക് ലഭിച്ച ഒരു യാത്രയുടെ ഓർമ്മത്തുണ്ടുകളാണിത്. ഇതും ഒരു മനഷ്യനിലേക്ക് തന്നെയാണ്. ഒരു പാട് പുസ്തകങ്ങൾക്ക് ജന്മം നൽകിയ അക്ഷരങ്ങളുടെ ശില്പിയായ ഒരു പച്ചയായ മനുഷ്യനിലേക്ക് ......
എന്റെ ജീവിതത്തിലെ അങ്ങനെയൊരു യാത്രയായിരുന്നു 1974 ൽ വടകരയിലേക്കുണ്ടായത്.
അന്ന് എനിക്ക് പതിനഞ്ച് വയസ്സേയുള്ളു. എസ്.എസ്.എൽ.സി. പരീക്ഷയുടെ തോൽവിക്ക് ശേഷം, കൊടുങ്ങല്ലൂരിൽ വിശ്വഭാരതി ട്യൂട്ടോറിയലിൽ പഠിക്കുകയാണ്. ഭാവിയെക്കുറിച്ച് അങ്ങനെ വ്യക്തമായ ധാരണകളൊന്നുമില്ലാതെ, മിക്കവാറും പാഠ്യേതര പുസ്തകങ്ങളുടെ ലോകത്ത് അലഞ്ഞു നടന്നിരുന്ന വെറുമൊരു ഗ്രാമീണ ബാലനായിരുന്നെന്ന് പറയാം.
ആ കാലത്താണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പുസ്തകങ്ങൾ എന്റെ വായനയിൽ കടന്നു വന്നിരുന്നത്. പുനത്തിൽ മാത്രല്ല എം. മുകുന്ദനും, ഒ.വി.വിജയനും കാക്കനാടനും സേതുവും ബഷീറും എം.ടിയും എന്ന് വേണ്ട, എറിയാട് MALC ലൈബ്രറിയിൽ കിട്ടാവുന്ന ആധുനിക സാഹിത്യങ്ങളൊക്കെ വായിച്ചു കൊണ്ടിരിക്കുന്ന കാലം കൂടിയാണത്. പുനത്തിലിൻ്റെ അലിഗഡിലെ തടവുകാരൻ, ഖലീഫ, മലമുകളിലെ അബ്ദുള്ള, കത്തി, സൂര്യൻ... പിന്നെ അതുപോലുള്ള അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കഥകളും ചില നോവലുകളും അന്നേ വായിച്ചിട്ടുണ്ട്. അങ്ങനെ ഓരോ കഥകളും വായിച്ചു കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ. ഈ മനുഷ്യനെ ഒരിക്കൽ നേരിൽ കാണണം.
അക്കാലത്ത് അദ്ദേഹം മാതൃഭൂമിയിൽ "സ്മാരകശിലകൾ" എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു.
ഇന്ന് ആലോചിക്കുമ്പോൾ അതൊരു വിചിത്രമായ കാലമായിരുന്നു. ഒരു എഴുത്തുകാരനെ കാണാൻ ഫോൺ വിളിച്ച് സമയം ചോദിക്കാനോ, സന്ദേശം അയച്ച് അനുവാദം വാങ്ങാനോ വഴിയില്ല. വിലാസം കൃത്യമായി അറിയില്ല. സമൂഹ മാധ്യമങ്ങളില്ല. ഒരു വായനക്കാരന്റെ കൈവശം ഉണ്ടാകാമായിരുന്നത് പുസ്തകങ്ങളും ആകാംക്ഷയും മാത്രം. അന്നത്രയേ വഴികളുള്ളു.
ഒരു ദിവസം വീട്ടിൽ നിന്ന് യാത്രയായി. ദീർഘ ദൂരത്തേക്കുള്ള ആദ്യയാത്രയായിരുന്നു അത്. ഭയവും ഉത്കണ്ഠയുമുണ്ട്. അതിനാൽ വിശ്വഭാരതിയിൽ കൂടെ പഠിക്കുന്ന സുധീന്ദ്രനെന്ന ഒരു കൂട്ടുകാരനെയും കൂടെ കൂട്ടി. അവന് കാക്കനാടനും മുകുന്ദനുമെല്ലാം ഒരുപോലെയാണ്. ആ വക കാര്യങ്ങളിൽ പ്രത്യേക താത്പര്യങ്ങളൊന്നുമില്ല. എങ്കിലും നാളത് വരെ എക്സ്കർഷൻ പരിപാടിക്കൊന്നും പോയിട്ടില്ലാത്തതിനാൽ, നമുക്കൊരു യാത്രപോയാലോ എന്ന് ചോദിച്ചപ്പോൾ തന്നെ അവൻ ചാടിപ്പുറപ്പെട്ടു. അതെനിക്കൊരു വലിയ ധൈര്യം പകർന്ന് കിട്ടാനിടയാക്കി.
ട്രെയിനിന്റെ ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോകുന്ന മരങ്ങളെയും പാടങ്ങളെയും നോക്കിയിരുന്നെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു. പുസ്തകങ്ങളുടെ പുറംചട്ടയിൽ കണ്ട ആ മുഖം എങ്ങനെയായിരിക്കുമെന്നായിരുന്നു ചിന്ത. ഒരു പതിനഞ്ചുകാരന് അദ്ദേഹം കാണാൻ അനുവാദം തരുമോ? സംസാരിക്കുമോ? അതോ രോഗികളെ കാണുന്ന തിരക്കിലായിരിക്കുമോ?
വടകര സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മനസ്സിൽ വീണ്ടും പരിഭ്രമമായിരുന്നു. പക്ഷേ അതിനേക്കാൾ വലിയ ആവേശവും. പത്ത് പൈസ കൊടുത്താൽ ഒന്നും രണ്ടും സാധിക്കാവുന്ന റെയിൽവേയുടെ തന്നെ ശൗചാലയത്തിൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച് പുറത്തേക്കിറങ്ങി.
കയ്യിൽ ബാക്കിയുണ്ടായിരുന്ന കാശ് മനസ്സിലിട്ട് ഒന്ന് കൂടി തിട്ടപ്പെടുത്തി. ശേഷം അതിൽ നിന്നൊരു ചെറിയ ഭാഗമെടുത്ത് ഞങ്ങളതിനെ പുട്ടും കടലയുമായി പരിഭാഷപ്പെടുത്തി ജഠരാഗ്നിയെ ദഹിപ്പിച്ചു. ശേഷം ആളുകളോട് ചോദിച്ചും വഴി തിരക്കിയും ഞങ്ങൾ അൽമാ ക്ലിനിക്കിന്റെ മുന്നിലെത്തി. ( പില്ക്കാലത്ത് അതൊരു ഹോസ്പിറ്റൽ ആയി മാറിയെന്നാണറിവ്).
ഇന്ന് അരനൂറ്റാണ്ടിനിപ്പുറം കണ്ണടച്ചാൽ പോലും ആ കെട്ടിടം വ്യക്തമായി കാണാം.
അന്നത് വലിയ ആശുപത്രിയൊന്നുമായിരുന്നില്ല.
അത്രക്ക് ചെറുതല്ലാത്ത ഒരു കോൺക്രീറ്റ് വീടായിരുന്നത്.. മുന്നിൽ സാമാന്യം വലിയൊരു വരാന്ത.അവിടെയുള്ള തടി ബെഞ്ചുകളിൽ കുറച്ചു പേർ ഊഴം കാത്തിരിക്കുകയാണ്. അവരുടെ മുഖങ്ങളിൽ രോഗത്തിന്റെ ലക്ഷണങ്ങളുണ്ട്. ഞങ്ങളുടെ മുഖങ്ങളിലാണെങ്കിൽ രോഗിയുടെ ഭാവമല്ല. ചെറിയ യാത്രാക്ഷീണമുള്ളതൊഴിച്ചാൽ തീർത്തും പ്രസന്നം . എനിക്ക് മൊത്തത്തിലൊരു ആകാംക്ഷയുള്ളതിനാൽ അതിൻ്റെയൊരു ക്ഷീണം കണ്ടേക്കാം. അതിനാൽ പ്രോട്ടോക്കോൾ തെറ്റിക്കണ്ടാന്ന് കരുതി ഞങ്ങളും അവരോടൊപ്പം ഒരു ബെഞ്ചിൽ ചെന്നിരുന്നു.
കുറച്ചുകഴിഞ്ഞ് കൗമാരപ്രായമുള്ള ഒരു പെൺകുട്ടി പുറത്തുവന്നു. ഓരോരുത്തരേയും വിളിച്ച് രജിസ്റ്ററിൽ വിവരങ്ങൾ എഴുതുകയാണ്. അവളുടെ ശരീരഭാഷയിലും ശബ്ദത്തിലും പതിവ് ജോലിയുടെ യാന്ത്രികതയുണ്ട്.
എന്റെ ഊഴമെത്തി.
"പേര്?"
ഞാൻ പറഞ്ഞു.
"വയസ്സ്?"
ഞാൻ മിണ്ടാൻ പോയില്ല.
"എന്താണ് അസുഖം?"
"ഞാൻ... രോഗിയല്ല."
അവൾ ആദ്യമായി എന്റെ മുഖത്തേക്ക് നോക്കി.
"പിന്നെ?"
"ഡോക്ടറെ ഒന്ന് കാണണം."
"എന്തിന്?"
"വെറുതെ..."
അവളുടെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല.
ഇന്ന് ആലോചിക്കുമ്പോൾ തോന്നുന്നു, എന്നെപ്പോലെയുള്ള നിരവധി പേരെ അവൾ അതിനുമുമ്പും കണ്ടിട്ടുണ്ടാവണം. പുഞ്ചിരിക്കാതെയും കൂടുതൽ ചോദ്യം ചെയ്യാതെയും അവൾ ഒരു വാചകം മാത്രം പറഞ്ഞു.
"കാത്തിരിക്കേണ്ടി വരും."
ഞങ്ങൾ വീണ്ടും ബെഞ്ചിലിരുന്നു.
കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ്. അകത്തുനിന്ന് രോഗികൾ ഒരോരുത്തരായി പുറത്തു വരുന്നതിനനുസരിച്ച് അകത്തോട്ടും പൊയ്ക്കൊണ്ടിരുന്നു. എന്റെ ഊഴം മാത്രം എത്തുന്നില്ല. പക്ഷേ എനിക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. കാരണം ഞാൻ ഒരു ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നില്ല.
ഒരു എഴുത്തുകാരനെ
കാണലായിരുന്നല്ലോ ലക്ഷ്യം.
ഒടുവിൽ എന്റെ പേരും വിളിച്ചു.
സുധീന്ദ്രനെ പുറത്ത് തന്നെയിരുത്തി വാതിൽ പതുക്കെ തുറന്ന്
ഞാൻ അകത്തു കയറി.
അത്രക്ക് ചെറിയ മുറിയല്ല.
ഒരു മേശ.
അതിന്മേൽ അലക്ഷ്യമായി കിടക്കുന്ന മെഡിക്കൽ ജേർണലുകളും
സാമ്പിൾ മരുന്നു കുപ്പികളും.
രണ്ടു മൂന്ന് കസേരകൾ.
അതിനിടയിൽ ലുങ്കിയും ബനിയനും ധരിച്ച ഒരാൾ.
കഴുത്തിൽ സ്റ്റെതസ്കോപ്പ്.
ഞാൻ പുസ്തകങ്ങളുടെ പുറംചട്ടയിൽ കണ്ടിരുന്ന അതേ ചെറുപ്പക്കാരൻ്റെ
അതേ മുഖം.
പുനത്തിൽ കുഞ്ഞബ്ദുള്ള.
ഇരിക്കാൻ ഒരു സ്റ്റൂളിലേക്ക് അദ്ദേഹം
വിരൽചൂണ്ടി.
ഞാൻ ഇരുന്നു.
അദ്ദേഹം കഴുത്തിലിട്ടിരുന്ന സ്റ്റെതസ്കോപ്പ് എടുത്ത് ചെവിയിൽ ഘടിപ്പിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു.
"എന്താ അസുഖം".
"അസുഖമൊന്നുമില്ല" ഞാൻ പറഞ്ഞു.
"പിന്നെ?"
" പിന്നെ....." ഞാൻ കിടന്നു തപ്പി.
"എവിടെ നിന്നാണ്?"
"കൊടുങ്ങല്ലൂര് ന്നാ."
അദ്ദേഹത്തിന്റെ പുരികമൊന്ന് ഉയർന്നു.
"കൊടുങ്ങല്ലൂര്ന്നോ?"
"അതെ."
"എന്തിനാ വന്നത്?"
ഞാൻ ഒരു നിമിഷം മടിച്ചു.
പിന്നെ പതുക്കെ പറഞ്ഞു.
"താങ്കളുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്."
അദ്ദേഹം മിണ്ടാതെ എന്നെ നോക്കി.
ഞാൻ ധൈര്യം സംഭരിച്ച് അടുത്ത വാചകവും പറഞ്ഞു.
"താങ്കളെ കാണാനായിട്ടാണ് വന്നത്."
ഒരു നിമിഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു.
പിന്നെ അദ്ദേഹം പൊട്ടിച്ചിരിച്ചു.
സ്റ്റെതസ്കോപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.
"കൊടുങ്ങല്ലൂരുന്ന് ഇവിടെ വരെയെത്തി... അപ്പോൾ തലക്കാണല്ലേ അസുഖം! അതിന് ഇവിടെ ചികിത്സയില്ലല്ലോ അനിയാ..."
ഞാനും ചിരിച്ചു.
ആ ചിരിയോടൊപ്പം ഞങ്ങൾ തമ്മിലുള്ള അകലവും ഇല്ലാതെയായി.
ഒരു മഹാനായ എഴുത്തുകാരനും, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ച് ഭ്രമിച്ചുപോയ ഒരു ഗ്രാമീണ ബാലനും തമ്മിലുള്ള വിടവ് ഇല്ലാതായി.
ആ കാഴ്ച അങ്ങനെയായിരുന്നു ആരംഭിച്ചത്.
ആ ചിരി കഴിഞ്ഞപ്പോൾ മുറിയിൽ ഒരു സുഖകരമായ നിശ്ശബ്ദത പടർന്നു.
ഞാൻ വന്നപ്പോൾ കണ്ട ഡോക്ടറെ കാണാനേയില്ലായിരുന്നു. ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത് ഒരു എഴുത്തുകാരനായിരുന്നു. സ്റ്റെതസ്കോപ്പ് മേശപ്പുറത്തേക്ക് മാറ്റിവെച്ചതോടെ അദ്ദേഹത്തിനുള്ളിലെ കഥാകാരൻ ഉണർന്നതുപോലെ തോന്നി.
"ഏതൊക്കെ വായിച്ചിട്ടുണ്ട്?"
ആദ്യത്തെ ചോദ്യം അതായിരുന്നു.
ഞാൻ ഒന്നൊന്നായി പറയാൻ തുടങ്ങി.
"അലിഗഡിലെ തടവുകാരൻ... ഖലീഫ... മലമുകളിലെ അബ്ദുള്ള, ... സൂര്യൻ... പിന്നെയും കുറെ കഥകൾ..."
ഞാൻ പറയുമ്പോൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. ഇടയ്ക്ക് പുഞ്ചിരിക്കും. ചിലപ്പോൾ തലകുലുക്കും. ഒരു കൗമാരക്കാരൻ തന്റെ പുസ്തകങ്ങളുടെ പേരുകൾ ഇത്ര ആവേശത്തോടെ പറയുന്നത് അദ്ദേഹത്തിനും സന്തോഷം നൽകിയിട്ടുണ്ടാകണം.
" പഠിക്കുന്നില്ലേ".
ഞാൻ കാര്യങ്ങൾ വിശദമാക്കി.
"വായിക്കുന്നത് നല്ലതാണ്," അദ്ദേഹം പറഞ്ഞു. " പാഠപുസ്തകങ്ങൾ മാത്രം വായിച്ചാൽ പോരാ. അതിന് പുറത്തുള്ള വായന കൂടിയാണ് മനുഷ്യൻ്റെ ലോകത്തെ വളർത്തുന്നത്."
ആ വാക്കുകൾ എന്റെ മനസ്സിൽ ചെറിയൊരു തിരമാലയായി വന്നും പോയുമിരുന്നു.
അതിനിടെ പെൺകുട്ടി വന്ന് അടുത്ത രോഗിയെ വിളിക്കട്ടെ എന്ന് ചോദിച്ചു.
അദ്ദേഹം വാതിൽക്കലേക്ക് നോക്കി.
"കുറച്ചു സമയം കാത്തിരിക്കാൻ പറയൂ."
ഡോക്റ്റർ ഓപ്പറേഷൻ തിയ്യേറ്ററിലാണെന്നും എന്തോ സീരിയസ് കേസ് അറ്റൻഡ് ചെയ്യുകയാണെന്നും ഉള്ള ഭാവമായിരുന്നോ അന്നേരം ആ മുഖത്ത് !!
ആ വാക്കുകൾ കേട്ട് എനിക്ക് അത്ഭുതം തോന്നി. പുറത്തിരുന്ന രോഗികൾക്ക് അസുഖമുണ്ട്. ഞാൻ ആരോഗ്യവാനാണ്. എന്നിട്ടും അദ്ദേഹം അവരുടെ സമയം എടുത്ത് ഒരു അപരിചിതനായ പയ്യനോട് സംസാരിക്കുകയാണ്.
ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, അത് ഒരു എഴുത്തുകാരന്റെ മഹത്വമല്ല ഒരു മനുഷ്യന്റെ ഹൃദയവിശാലതയായിരുന്നു എന്ന് തിരിച്ചറിയുന്നുണ്ട്.
സംസാരം പതിയെ പുസ്തകങ്ങളിൽ നിന്ന് സാഹിത്യത്തിലേക്കും, സാഹിത്യത്തിൽ നിന്ന് ജീവിതത്തിലേക്കും ഒഴുകി.
"ബഷീറിനെ വായിക്കണം,"
അദ്ദേഹം പറഞ്ഞു.
"ബഷീറിനെ വായിക്കുമ്പോൾ മനുഷ്യരെ വായിക്കാനും സ്നേഹിക്കാനും പഠിക്കും."
അതിനുശേഷം എം. ടി. വാസുദേവൻ നായരെക്കുറിച്ച് ഏറെ നേരം സംസാരിച്ചു. എം.ടിയുടെ കഥാപാത്രങ്ങളെപ്പറ്റിയും, ഭാഷയെപ്പറ്റിയും, നിശ്ശബ്ദതയെ പോലും കഥയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെപ്പറ്റിയും അദ്ദേഹം പറഞ്ഞ വാക്കുകൾ അന്ന് എനിക്ക് പൂർണമായി മനസ്സിലായിരുന്നില്ല. പക്ഷേ കേൾക്കാൻ നല്ല രസവും അത്ഭുതവും തോന്നി.
പിന്നീട് എൻ. പി. മുഹമ്മദിന്റെ പേര് വന്നു. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പുനത്തിലിന്റെ ശബ്ദത്തിൽ ഒരു പ്രത്യേക താളമുണ്ടായിരുന്നു. ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരനെ അത്രമേൽ സ്നേഹത്തോടെ ഓർക്കുന്ന കാഴ്ച.
ഇടയ്ക്കിടെ അദ്ദേഹം ആധുനിക സാഹിത്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു.
"ഒരു കഥ എപ്പോഴും നേരെ നടക്കണമെന്നില്ല. ജീവിതം എങ്ങനെയാണോ, സാഹിത്യവും അങ്ങനെയാണ്."
ആ വാചകത്തിന്റെ ആഴം അന്ന് എനിക്ക് പിടികിട്ടിയില്ല. പക്ഷേ വർഷങ്ങൾക്കുശേഷം ഓ. വി. വിജയനെയും കാക്കനാടനെയും സക്കറിയയെയും വീണ്ടും വായിച്ചപ്പോൾ, അൽമാ ക്ലിനിക്കിലെ ആ ചെറിയ മുറിയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമ്മവന്നു.
സംസാരം തുടരുന്നതിനിടെ അദ്ദേഹം അകത്തേക്ക് വിളിച്ചു.
"രണ്ട് ചായ കൊണ്ടുവരൂ."
ആ ചായയുടെ രുചി ഇന്ന് ഓർമ്മയില്ല.
പക്ഷേ ആ ചായ എനിക്ക് നൽകിയ സന്തോഷം ഇപ്പോഴും ഓർമ്മയുണ്ട്.
കാരണം, എന്റെ മുന്നിലിരുന്ന മനുഷ്യൻ എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു.
ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം പെട്ടെന്ന് ചോദിച്ചു.
"നീ എഴുതാറുണ്ടോ?"
എനിക്ക് നാണമാണ് വന്നത്. ഞാൻ ചിരിച്ചു.
"ഇല്ല..."
അദ്ദേഹം എന്നെ സൂക്ഷിച്ചൊന്നു നോക്കി.
പിന്നെ വളരെ ശാന്തമായി പറഞ്ഞു.
"ബഷീർ പറഞ്ഞത് കേട്ടിട്ടില്ലേ ...."
അദ്ദേഹം തുടർന്നു.
"പത്ത് പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞാൽ പതിനൊന്നാമത്തെ പുസ്തകം സ്വന്തമായി എഴുതണം."
ആ വാചകം പറഞ്ഞപ്പോൾ അതിൽ യാതൊരു ഗാംഭീര്യവും ഉണ്ടായിരുന്നില്ല. ഉപദേശത്തിന്റെ ഭാരവുമില്ലായിരുന്നു. ഒരു ജ്യേഷ്ഠൻ തന്റെ ഇളയ സഹോദരനോട് പറയുന്നതിലെ ലാളിത്യം മാത്രം.
ആ വാചകം എന്റെ മനസ്സിൽ എവിടെയോ ചെന്ന് കിടന്നു.
ഉച്ചയായി.
അപ്പോഴേക്കും രോഗികളൊതുങ്ങി.
"ചോറു കഴിച്ചിട്ടു പോയാൽ മതി." അദ്ദേഹം പറഞ്ഞു.
ഞാൻ മടിച്ചു. പുറത്തൊരുത്തൻ എന്നേം കാത്തിരിപ്പുണ്ടെന്ന് അപ്പോഴാണ് ഞാൻ പറഞ്ഞത്. സംസാരത്തിനിടയിൽ സുധീന്ദ്രനെ ഞാൻ മറന്ന് പോയതിൽ മനസ്സ് ഖേദം കൊണ്ടു.
" അയ്നെന്താ, ഓനേം വിളിച്ചോ." അടുപ്പം കൂടിയത് കൊണ്ടോ എന്തോ പുനത്തിൽ തനി നാടനായി.
അദ്ദേഹം നിർബന്ധിച്ചു.
അപരിചിതനായ ഒരു പയ്യന് സ്വന്തം വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊടുത്ത ഒരു വലിയ സാഹിത്യകാരൻ്റെ സ്നേഹം അന്നെനിക്ക് പുതിയ അനുഭവമായിരുന്നു. ( പില്ക്കാലത്ത് വൈലാലിൽ നിന്നും അതേ അനുഭവം ഉണ്ടായിട്ടുണ്ട്).
വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ ഏറെ സംസാരിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ സംസാരിച്ചു എന്നത് പൂർണ്ണമായും ശരിയല്ല. അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു, ഞാൻ ശ്രോതാവായി എന്നതാണ് ശരി.
സാഹിത്യം മാത്രമല്ല, ജീവിതവും
സംസാര വിഷയമായി.
പുസ്തകങ്ങൾ മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്നതായിരുന്നു ആ സംഭാഷണത്തിന്റെ അടിയൊഴുക്ക്.
സന്ധ്യ.
ഇരുണ്ടു തുടങ്ങിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു.
"ഇന്നിനി എങ്ങനെ പോകാനാണ്?"
ഞാൻ ട്രെയിനിന്റെ കാര്യം പറഞ്ഞു.
അദ്ദേഹം കുറച്ചുനേരം ആലോചിച്ചു.
"ഇന്ന് ഇവിടെ തങ്ങിക്കോളൂ. രാവിലെ പോയാൽ മതി."
ഒരു നിമിഷം ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
വടകരയിൽ ഞങ്ങൾക്ക് ബന്ധുക്കളില്ല.
പരിചയക്കാരില്ല.
പക്ഷേ ആ രാത്രി എനിക്ക് അനാഥത്വം തോന്നിയില്ല.
കാരണം, പുസ്തകങ്ങളിലൂടെ പരിചിതനായ ഒരാൾ ജീവിതത്തിലും എനിക്ക് സ്വന്തം ആളായി മാറിക്കഴിഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ അദ്ദേഹം കാറിൽ ഞങ്ങളെ വടകര റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വന്നു.
യാത്ര പറഞ്ഞ് പിരിയുമ്പോൾ വീണ്ടുമൊരിക്കൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് എൻ്റെ പുറകിൽ തട്ടി.
ഞാൻ നന്ദി പറയാൻ ശ്രമിച്ചു.
വാക്കുകൾ കിട്ടിയില്ല.
ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ജനാലയിലൂടെ ഞാൻ അദ്ദേഹത്തെ നോക്കി.
അദ്ദേഹം പതിയെ കാഴ്ചയിൽ നിന്ന് മറഞ്ഞു.
എന്നാൽ, ബഷീറിൻ്റേതാണെങ്കിൽ പോലും അദ്ദേഹം പറഞ്ഞ ഒരു വാചകം മാത്രം എന്നോടൊപ്പം കൂടെ പോന്നു.
"പത്ത് പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞാൽ പതിനൊന്നാമത്തെ പുസ്തകം സ്വന്തമായി എഴുതണം."
പിന്നീട് രണ്ടോ മൂന്നോ കത്തുകൾ എഴുതി. കുറച്ച് വൈകിയാണെങ്കിലും ഓരോ കത്തുകൾക്കും മറുപടികളും കിട്ടിയിരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കൽ റും ഷിഫ്റ്റിങ്ങ് നടക്കുമ്പോൾ അതെവിടെയോ അനാഥമായി എന്നത് ഏറെ വൈകിയാണ് സങ്കടത്തോടെ അറിഞ്ഞത്.
അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
ജീവിതം എന്നെ എത്രയോ ദേശങ്ങളിലൂടെ കൊണ്ടുപോയി.
എത്രയോ മനുഷ്യരെ കണ്ടു.
എത്രയോ പുസ്തകങ്ങൾ വായിച്ചു.
പക്ഷേ അൽമാ ക്ലിനിക്കിലെ ആ ചെറിയ മുറിയിൽ കേട്ട ആ ഒരു വാചകം ഇന്നും എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ട്.
ഇന്ന് ഈ ഓർമ്മകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ, വടകരയിൽ നിന്ന് മടങ്ങിയ ആ പതിനഞ്ചുകാരൻ ഇപ്പോഴും എന്റെ ഉള്ളിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.
പക്ഷേ... ആയുസ്സിലിന്ന് വരെ ആ "പതിനൊന്നാമത്തെ പുസ്തക"ത്തിലേക്കെത്താൻ എനിക്കായില്ലല്ലോ എന്ന ഖേദം ബാക്കിയാവുന്നു.
എങ്കിലും,
എഴുതപ്പെടാതെ പോയ ആ പുസ്തകത്തിൻ്റെ ടൈറ്റിൽ ഇങ്ങനെയായിരിക്കാം എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു :
മലമുകളിലെ വലിയ അബ്ദുള്ള അഥവാ
"മലയാളികളുടെ (കുഞ്ഞല്ലാത്ത)അബ്ദുള്ള......."
@(നജീബ് കടമ്പോട്ട് )
