9 July 2026 · 20 min read · കഥ

കഥ

 കഥ

പുസ്തക സഞ്ചിയിലെ വിത്തുകൾ.

വിലങ്ങൻ കുന്നിന് എല്ലാ മനുഷ്യരെയും അറിയാം. അതിന്റെ നെറുകയിലേക്ക്   ഋതുക്കൾ വരുന്നതും പോകുന്നതും മനുഷ്യർക്കെന്ന പോലെ ആ കുന്നിനും കാണാം. മഴ വരുന്നതിന് മണിക്കൂറുകൾ മുമ്പേ കാറ്റിന്റെ മണം മാറുന്നത് പോലും അതിനറിയാം. വേനലിന്റെ അവസാന ദിവസങ്ങളിൽ പുല്ലുകൾ ദാഹം കൊണ്ട് പിടഞ്ഞ് ഞരങ്ങുന്നതും,  കാർത്തികത്തിലെ ആദ്യമഴയിൽ മണ്ണ് ദീർഘനിശ്വാസം വിടുന്നതും അതിന് കേൾക്കാം. വർഷങ്ങൾക്കുമുമ്പ് ഇവിടെ കാട്ടാനകൾ ഇറങ്ങിയ വഴികളും, പിന്നെ റബ്ബർത്തോട്ടങ്ങൾ വളർന്നതും, അതിനുശേഷം വീടുകൾ മുളച്ചതും എല്ലാം തന്നെ കുന്ന് നിശ്ശബ്ദമായി കണ്ടു നിന്നിട്ടുണ്ട്.

മനുഷ്യർ മാത്രം അതിനെ ഒരു വിസ്മയകാഴ്ചയായി കണ്ടുവെന്നതാണ് ശരി. അതിനാൽ കുന്ന്  മനുഷ്യരെയും ഒരു കഥയായാണ് കണ്ടത്. ആ കഥകളിൽ വിലങ്ങൻ കുന്നിന് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം അനിരുദ്ധനായിരുന്നു.

കുന്ന് ആദ്യം അവനെ കണ്ടത് ഒരു മഴക്കാല സന്ധ്യയിലായിരുന്നു. തോളിലൊരു പഴകിയ തുണിസഞ്ചി. കയ്യിൽ രണ്ടു പുസ്തകങ്ങൾ. നനഞ്ഞ ചെരുപ്പുകൾ. കുന്നിന്റെ മുകളിലെ പാറയിൽ ഇരുന്ന് മണിക്കൂറുകളോളം താഴേക്ക് നോക്കിയിരുന്ന ആ മനുഷ്യൻ മറ്റുള്ളവരെപ്പോലെയായിരുന്നില്ല. ഭൂമി വാങ്ങാൻ വന്നവരുടെ കണ്ണുകളായിരുന്നില്ല അവന്റേത്. ഭൂമിയെ അളക്കുന്ന കണ്ണുകളുമായിരുന്നില്ല.

അവൻ ദൂരങ്ങളെയാണ് അളന്നിരുന്നത്.

വഴികൾ എവിടെനിന്ന് വരുന്നു, എവിടേക്കാണ് പോകുന്നത് എന്നറിയാൻ ശ്രമിക്കുന്ന കണ്ണുകൾ.

അന്ന് അവൻ വൈകുന്നേരം വരെ അവിടെയിരുന്നു. പിന്നെ സൂര്യൻ മറഞ്ഞപ്പോൾ പുസ്തകങ്ങളുമെടുത്ത് നടന്നു പോയി.

അന്ന് കുന്നിന് അവന്റെ പേരറിയില്ലായിരുന്നു.

പക്ഷേ, അവൻ വീണ്ടും വരുമെന്ന് അതിന് ഉറപ്പുണ്ടായിരുന്നു.

അതങ്ങനെ തന്നെയായി.

ചില മാസങ്ങൾ കൂടുമ്പോൾ അവൻ എത്തും. ചിലപ്പോൾ ഒറ്റയ്ക്ക്. ചിലപ്പോൾ സാമൂഹ്യപ്രവർത്തകരുടെ ഒരു സംഘത്തോടൊപ്പം. ചിലപ്പോൾ കുറെ കുട്ടികളുമായി. 

ഓരോ തവണയും അവന്റെ തുണിസഞ്ചിയിൽ പുസ്തകങ്ങളുടെ എണ്ണം മാറും. പക്ഷേ ഒരു പുസ്തകം മാത്രം മിക്കപ്പോഴും അതിലുണ്ടായിരുന്നു.

ഇംഗ്ലീഷിൽ എഴുതിയ, കട്ടിയുള്ള ഒരു പുസ്തകം.

അവിടെയെത്തിയാൽ അതിന്റെ താളുകൾ തുറന്ന് അവൻ വായിക്കും. ചില ഭാഗങ്ങൾ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തും. പിന്നെ പുസ്തകം അടച്ച് വളരെ നേരം ആകാശത്തേക്ക് നോക്കിയിരിക്കും.

അവൻ വായിച്ചിരുന്നത് പുസ്തകമായിരുന്നില്ല.

സ്വന്തം മനസ്സായിരുന്നു എന്ന് കുന്നിന് തോന്നുമായിരുന്നു.

നിരന്തര സമ്മർദ്ദമുണ്ടായിരുന്നിട്ടും അനിരുദ്ധന് നാല്പത്തിയഞ്ച് വയസ്സായപ്പോഴാണ് വീട്ടുകാർക്ക് അവനെ വിവാഹത്തിന് സമ്മതിപ്പിക്കാനായത്.

"ഇനിയും എത്ര കാലം ഇങ്ങനെ അലഞ്ഞുനടക്കും?" എന്ന അമ്മയുടെ ചോദ്യം വർഷങ്ങളായി അവനെ പിന്തുടരുന്നുണ്ടായിരുന്നു.

അവൻ ചിരിക്കുമായിരുന്നു.

"അലഞ്ഞു നടക്കുന്നതല്ലമ്മേ... ഞാൻ വെറുതെ നടന്നുകൊണ്ടിരിക്കുകയല്ലേ."

രണ്ടും ഒരുപോലെയല്ലെന്ന് അവൻ കരുതി.

പക്ഷേ അവൻ പറഞ്ഞതിലെ വ്യത്യാസം ആ അമ്മക്കും മനസ്സിലായില്ല. മേഘനയെ കണ്ട ദിവസം അവൻ അധികം സംസാരിച്ചില്ല.

മേഘനയും. രണ്ടുപേരുടെയും നിശ്ശബ്ദതയായിരുന്നു ആ കൂടിക്കാഴ്ചയിലെ ഏറ്റവും നീണ്ട സംഭാഷണം.

@@@@@@@

അനിരുദ്ധന്റെ ജീവിതത്തിൽ ഒരു സ്ഥിരവിലാസം ഉണ്ടായിരുന്നെങ്കിൽ അത് ഒരു ലൈബ്രറിയായിരുന്നു.

ബാല്യത്തിൽ തന്നെ വീട്ടുകാർ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്താൽ രണ്ടുദിവസത്തിനകം അവ പൊട്ടിച്ചുകളയും. പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അത് ഉപയോഗിക്കുന്നത് വേറാരെങ്കിലുമായിരിക്കും. എന്നാൽ ഒരു പുസ്തകം കൈയിൽ കിട്ടിയാൽ ലോകം മുഴുവൻ അവൻ മറന്നിരിക്കും.

അവന്റെ അച്ഛൻ അധികം സംസാരിക്കുന്ന ആളായിരുന്നില്ല. പക്ഷേ എല്ലാ മാസവും ശമ്പളം കിട്ടിയാൽ ഒരു പുസ്തകമെങ്കിലും വാങ്ങിക്കൊണ്ടുവരുമായിരുന്നു. ആ ശീലം പിന്നീട് അനിരുദ്ധനിലേക്ക് ഒരു രോഗംപോലെ പകർന്നു.

വീടുമാറുമ്പോഴും ജോലിമാറുമ്പോഴും മനുഷ്യർ ആദ്യം അലമാരയും കട്ടിലും കൊണ്ടുപോകും.

അനിരുദ്ധൻ ആദ്യം കൊണ്ടുപോയിരുന്നത് പുസ്തകപ്പെട്ടികളായിരുന്നു.

പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, മനുഷ്യരെ വായിക്കാൻ പഠിപ്പിക്കുമെന്നും അവൻ വിശ്വസിച്ചിരുന്നു.

അതുകൊണ്ടാണ് കോളേജ് പഠനം കഴിഞ്ഞപ്പോൾ വലിയ ശമ്പളമുള്ള ജോലികളേക്കാൾ അവൻ തിരഞ്ഞെടുത്തത് മനുഷ്യരുടെ ഇടയിലേക്കുള്ള വഴികളായിരുന്നു.

ഒരു വർഷം അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ.

അടുത്ത വർഷം പാലക്കാട്ടെ വരൾച്ചാബാധിത ഗ്രാമങ്ങളിൽ മഴവെള്ളസംഭരണ പദ്ധതികളുമായി.

പിന്നെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരോടൊപ്പം.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ.

എന്നാൽ,  ഒരു സംഘടനയിലും അവൻ അധികകാലം നിന്നില്ല.

ആളുകളെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല.

ഒരിടത്ത് അധികനാൾ നിന്നാൽ അവന്റെ മനസ്സ് ജനൽ തുറന്ന് പുറത്തേക്ക് നോക്കിത്തുടങ്ങും. പറക്കാൻ വെമ്പും.

അപ്പോൾ അവൻ യാത്ര തിരിക്കും.

ചിലർ അതിനെ അസ്ഥിരതയെന്ന് വിളിച്ചു.

ചിലർ ഉത്തരവാദിത്തമില്ലായ്മയെന്ന്.

 കുടുംബത്തിലെ ഒരു കാരണവർ  മാത്രം ഒരിക്കൽ പറഞ്ഞു.

"മോനേ... നീയൊരു ദേശാടനപ്പക്ഷിയാണ്. നിന്നെ കൂടുണ്ടാക്കാൻ നിർബന്ധിക്കുന്ന വരാണ് വിഡ്ഢികൾ."

ആ വാക്കുകൾ അനിരുദ്ധൻ ജീവിതകാലം മുഴുവൻ മറന്നില്ല. എങ്കിലും ഒടുവിൽ അമ്മയുടെ തേങ്ങലുകൾക്ക് മുന്നിൽ അവൻ കീഴടങ്ങുകയായിരുന്നു.

യാത്രകളിൽ അവൻ എപ്പോഴും രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുമായിരുന്നു.

ചെന്നെത്തുന്ന നാട്ടിൽ നിന്നുമൊരു പുസ്തകം. കണ്ടെത്തുന്ന ഓരോ മനുഷ്യനിൽ നിന്നുമൊരു കഥ. 

അവന്റെ വീട്ടിലെ അലമാരകളിൽ പൊടി പിടിച്ചിരുന്ന പുസ്തകങ്ങൾ വെറും അച്ചടിച്ച കടലാസുകളായിരുന്നില്ല.

ചിലതിനിടയിൽ ഉണങ്ങിയ ഒരു പേരാൽ ഇല ഉണ്ടായിരുന്നു.

ഹിമാലയൻ ഗ്രാമത്തിലെ ഒരു കുട്ടി വരച്ച ചിത്രമുണ്ടായിരുന്നു.

ബസ്തറിലെ ഒരു ആദിവാസി മൂപ്പൻ സമ്മാനിച്ച മയില്പീലി ഉണ്ടായിരുന്നു.

ഓരോ പുസ്തകവും ഒരു യാത്രയുടെ ഓർമ്മ സൂക്ഷിച്ചുവച്ചിരുന്നു.

മേഘന പിന്നീട് അതിശയിച്ചുപോയത് അതുകൊണ്ടാണ്.

പുസ്തകം തുറക്കുമ്പോൾ അനിരുദ്ധൻ ആദ്യം വായിക്കുന്നത് അക്ഷരങ്ങളായിരുന്നില്ല.

അതിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഓർമ്മകളായിരുന്നു.

കൊൽക്കത്തയിലെ പഴയ പുസ്തകച്ചന്തയിൽ നിന്നാണ് ഒരിക്കൽ അവന് കട്ടിയുള്ള ഒരു ഇംഗ്ലീഷ് പുസ്തകം കിട്ടിയത്.

പുറംചട്ടയിൽ ഒരു മനുഷ്യന്റെ അസ്ഥികൂടത്തിന്റെ രേഖാചിത്രം.

പേര്—സാപ്പിയൻസ്.

പുസ്തകം വാങ്ങിയ ദിവസം ഒട്ടും വായിച്ചില്ല.

ട്രെയിനിൽ മടങ്ങുമ്പോഴാണ് ആദ്യ താൾ തുറന്നത്.

പിന്നെ ഉറങ്ങുന്നതുവരെ പുസ്തകം അടച്ചില്ല.

ആ പുസ്തകം അവന് പുതിയ വിവരങ്ങൾ നൽകിയില്ല.

പക്ഷേ, പഴയ ചോദ്യങ്ങൾക്ക് പുതിയ ഭാഷ്യം നൽകുകയായിരുന്നു.

മനുഷ്യൻ എന്തുകൊണ്ടാണ് ഒരിടത്ത് തന്നെ തങ്ങുന്നത്?

എന്തുകൊണ്ടാണ് ഭൂമി മനുഷ്യനെ സ്വന്തമാക്കുന്നത്?

എന്തുകൊണ്ടാണ് സ്വാതന്ത്ര്യം ക്രമേണ സുരക്ഷയ്ക്കു മുന്നിൽ തോൽക്കുന്നത്?

പുസ്തകത്തിൽ ചില വരികൾ അവൻ പെൻസിൽകൊണ്ട് അടിവരയിട്ടു.

ചിലതിന്റെ അരികിൽ ചോദ്യചിഹ്നമിട്ടു.

ചിലതിന്റെ അരികിൽ വലിയ അക്ഷരത്തിൽ എഴുതി.

"ശരിയാണോ?"

കാരണം അവൻ ഒരു പുസ്തകത്തെയും അന്തിമസത്യമായി സ്വീകരിച്ചിരുന്നില്ല.

നല്ല പുസ്തകങ്ങൾ ഉത്തരങ്ങൾ തരുന്നില്ലെന്നാണ് അവൻ്റെ വാദം.

അവ തരേണ്ടത് നല്ല ചോദ്യങ്ങളായിരിക്കണം. 

ആ പുസ്തകവും അതു തന്നെയായിരുന്നു നല്കിയത്.

വിലങ്ങൻ കുന്നിന്റെ മുകളിലിരുന്ന് പല സായാഹ്നങ്ങളിലും അവൻ ആ പുസ്തകം വായിച്ചു. വായന കഴിഞ്ഞാൽ പുസ്തകം അടച്ച് താഴെയുള്ള വയലുകളിലേക്ക് നോക്കിയിരിക്കും.

നെൽപ്പാടങ്ങൾ.

തെങ്ങിൻതോപ്പുകൾ.

വാഴക്കൃഷി.

മണ്ണിൽ കുനിഞ്ഞുനിൽക്കുന്ന മനുഷ്യർ.

അവരെ നോക്കുമ്പോൾ അവന് ബഹുമാനമേ തോന്നിയിരുന്നുള്ളൂ.

ഒരു വിത്തിനെ ഭക്ഷണമാക്കി മാറ്റുന്ന മനുഷ്യനേക്കാൾ വലിയ സൃഷ്ടാവ് ആരുണ്ട്?

എങ്കിലും ഒരു ചോദ്യം മാത്രം അവനെ വിട്ടുപോയില്ല.

ഒരു വിത്തിനെ സംരക്ഷിച്ച് ഭക്ഷണമാക്കാൻ മനുഷ്യൻ എത്രയെത്ര കാര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നു?

മഴയെ കാത്തിരിക്കണം.

വിളയെ കാത്തിരിക്കണം.

വിപണിയെ കാത്തിരിക്കണം.

വിലയെ കാത്തിരിക്കണം.

അങ്ങനെ കാത്തിരിപ്പുകൾക്കിടയിൽ ജീവിതം എപ്പോൾ കടന്നുപോകുന്നു?

ഈ ചോദ്യം കർഷകനെക്കുറിച്ചായിരുന്നില്ല.

സ്വത്വത്തെക്കുറിച്ചായിരുന്നു.

കാരണം അനിരുദ്ധൻ എപ്പോഴും ഭയപ്പെട്ടിരുന്നത് ദാരിദ്ര്യത്തെയല്ല.

ഒരിടത്ത് നിശ്ചലമായിപ്പോകുന്ന ജീവിതത്തെയായിരുന്നു.

ഒരു വൈകുന്നേരം 

വിലങ്ങൻ കുന്നിലൂടെ ദേശാടനപ്പക്ഷികളുടെ ഒരു കൂട്ടം തെക്കോട്ട് പറന്നുപോയി.

അവയുടെ ചിറകുകൾ സായാഹ്നവെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

അവൻ പുസ്തകം അടച്ച് അവയെ നോക്കി.

പക്ഷികൾ പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.

അവയ്ക്ക് വഴിയുടെ അറ്റം അറിയില്ല.

എന്നിട്ടും അവ പറക്കുന്നു.

അനിരുദ്ധൻ പെട്ടെന്ന് കയ്യിലുള്ള സഞ്ചിയിലേക്ക് നോക്കി.

അതിനുള്ളിൽ പുസ്തകങ്ങളുണ്ടായിരുന്നു.

പക്ഷേ ആ നിമിഷം അവന് തോന്നി.

ചില പുസ്തകങ്ങൾ വായിക്കാനുള്ളതല്ല.

അവ നമ്മളെ വായിക്കാനായി പിറവിയെടുത്തവയാണ്.

ആ സന്ധ്യയിൽ, വിലങ്ങൻ കുന്നിന്റെ നെറുകയിൽ കാറ്റ് പതിവിലും ശക്തിയായി വീശി. ആ കാറ്റിന് ഒരുപക്ഷേ അറിയാമായിരിക്കും ,

താഴ്വാരത്തിൽ ഇനിയും വിത്ത് വീണിട്ടില്ലെങ്കിലും, അനിരുദ്ധന്റെ ഉള്ളിൽ ഒരു സംഘർഷത്തിന്റെ ആദ്യ വിത്ത് നിശ്ശബ്ദമായി മുളച്ചു കഴിഞ്ഞുവെന്ന്.

@@@@@@@@

വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ മേഘനയുടെ ഓഹരിയായി കിട്ടിയ മൂന്നര ഏക്കർ ഭൂമി കാണാൻ അവർ വിലങ്ങൻ കുന്നിന്റെ താഴ്‌വാരത്തെത്തി.  കുന്നിന്റെ തെക്കേ ചരിവിൽ, മഞ്ഞുകാലത്ത് സൂര്യ സ്പർശം ആദ്യമേല്ക്കുകയും  മഴക്കാലത്ത് വെള്ളം അവസാനം വരെ കെട്ടിനിൽക്കുകയും ചെയ്യുന്ന മൂന്നര ഏക്കർ.

ഒരു വശത്ത് പഴയൊരു കിണർ.

അരികിൽ ഒരു മാവ്.

വടക്കേ അതിരിൽ ഒരു വൻ ആൽമരം.

പച്ചപ്പിൽ മുങ്ങിക്കിടക്കുന്ന താഴ്വാരം.

"ഇതാണ് അച്ഛന്റെ ഓഹരിയിൽ എനിക്ക് കിട്ടിയത്."

മേഘന പറഞ്ഞു.

"ഇവിടെ രാവിലെ മഞ്ഞിറങ്ങുമല്ലേ?" 

മേഘന അത്ഭുതത്തോടെ അവനെ നോക്കി.

"നിങ്ങൾ നമുക്ക് കിട്ടിയ ഭൂമി നോക്കുകയാണോ... അതോ കാലാവസ്ഥയോ?"

അവൻ ചിരിച്ചു.

"കാലാവസ്ഥയെ ഇഷ്ടപ്പെടാതെ ഭൂമിയെ എങ്ങനെ ഇഷ്ടപ്പെടും?"

ആ ചിരി മേഘന മനസ്സിൽ സൂക്ഷിച്ചു.

കാരണം അത് വീടുപണിയാൻ ആഗ്രഹിക്കുന്ന ഒരാളുടെ ചിരിയായിരുന്നില്ല.

പകരം ഒരു വഴി കണ്ടുപിടിച്ച യാത്രക്കാരന്റെ ചിരിയായിരുന്നു അത്.

ആദ്യത്തെ വർഷം മുഴുവൻ അവർ ഭൂമിയെ വായിച്ചു. വിത്ത് വിതയ്ക്കാൻ തിടുക്കം കാണിച്ചില്ല. രാവിലെ സൂര്യൻ എവിടെ നിന്നാണ് കയറി വരുന്നത്?

വൈകുന്നേരം നിഴൽ എവിടെയാണ് വീഴുന്നത്? മഴവെള്ളം ഏത് വഴിക്കാണ് ഒഴുകിപ്പോകുന്നത്? കാറ്റ് ഏത് ദിശയിൽ നിന്നാണ് കൂടുതൽ വീശുന്നത്?

മണ്ണ് എവിടെയാണ് കട്ടിയുള്ളത്?

എവിടെയാണ് അയഞ്ഞത്?

ഓരോ ദിവസവും പുതിയ പുതിയ പാഠങ്ങളായിരുന്നു.

മൂന്നര ഏക്കർ ഭൂമി പതിയെ അവരുടെ ജീവിതമായി മാറി.

ആദ്യ മഴയ്ക്ക് ശേഷം മണ്ണ് ഉഴുതു.

ചാണകവളം ചേർത്തു.

വിത്തുകൾ പാകി.

ചെറിയ മുളകൾ തലപൊക്കിയ ദിവസം അനിരുദ്ധൻ കുട്ടിയെപ്പോലെ സന്തോഷിച്ചു.

മേഘന അവനെ നോക്കി പറഞ്ഞു:

"ഇത്ര സന്തോഷിക്കുന്നത് കണ്ടാൽ ആരും പറയും... നിങ്ങൾ ജന്മനാ കർഷകനായിരുന്നെന്ന്."

അനിരുദ്ധൻ മറുപടി പറഞ്ഞില്ല.

ഒരു സായാഹത്തിൽ അവൻ ചെരിപ്പൂരി വെച്ച് മണ്ണിലേക്കിറങ്ങി.

മഴ പെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നെങ്കിലും മണ്ണിന് ഇപ്പോഴും ഈർപ്പമുണ്ടായിരുന്നു. കുനിഞ്ഞിരുന്ന് ഒരുപിടി മണ്ണെടുത്ത് വിരലുകൾക്കിടയിൽ തിരുമ്മി.

"എന്താണ് നോക്കുന്നത്?"

മേഘന ചോദിച്ചു.

"മണ്ണിന് നല്ല ഓർമ്മയുണ്ട്."

അവൾ ചിരിച്ചു.

"മണ്ണിനും ഓർമ്മയോ?"

"ഉണ്ട്. അതിനെ സ്നേഹിച്ചവരെയും ഉപദ്രവിച്ചവരെയും അത് മറക്കില്ല."

അവനത് അറിഞ്ഞത് പുസ്തകങ്ങളിൽ നിന്നായിരുന്നില്ല.

യാത്രകളിൽ കണ്ട അനേകം കർഷകരിൽ നിന്നായിരുന്നു.

ആ സന്ധ്യയിൽ മേഘന ചോദിച്ചു:

"ഇത്ര സൂക്ഷിച്ച് പഠിച്ചിട്ടാണോ കൃഷി ചെയ്യേണ്ടത്?"

അനിരുദ്ധൻ ചിരിച്ചു.

"നമ്മൾ ഭൂമിയെ ചുമ്മാ സ്വന്തമാക്കുകയല്ലല്ലോ. കുറച്ചുകാലത്തേക്ക് അതിന്റെ കൂടെ ജീവിക്കാൻ പോവുകയല്ലേ ! എല്ലാമറിയണം ."

ആ വാചകം കേട്ടപ്പോൾ വിലങ്ങൻ കുന്നിലൂടെ ഒരു കാറ്റ് വീശി.

ആ കാറ്റ് ആൽമരത്തിന്റെ ഇലകളെ തൊട്ടു.

അനിരുദ്ധന്റെ മുടിയിഴകളെ തഴുകി.

മേഘനയുടെ സാരിത്തലപ്പിലൂടെ കടന്നുപോയി.

കുന്നിന് ആ വാചകം ഇഷ്ടപ്പെട്ടു.

ആദ്യമായി അവർ നട്ടത് തക്കാളിയായിരുന്നു.

പിന്നെ വെണ്ട.

വഴുതന.

പയർ.

മുളക്.

ചീര.

ഒന്നും വലിയ തോതിലല്ല.

മണ്ണിന് ഇഷ്ടമുള്ളത്ര മാത്രം.

"കൃഷിയും ഒരു സംഭാഷണമാണ്, മണ്ണും മനുഷ്യനും വിത്തും വെള്ളവും ചേർന്നുള്ള സംഭാഷണം" അനിരുദ്ധൻ പറഞ്ഞു.

"മനുഷ്യൻ തനിയെ സംസാരിച്ചാൽ അത് കൃഷിയാകില്ല."

മേഘന ആ വാക്കുകൾ കേട്ട് ചിരിക്കുമായിരുന്നു.

"ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല . നീയാ ചെടികളോടൊന്ന് സംസാരിച്ചു നോക്ക്യേ".

എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കത് മനസ്സിലായി.

ചില ചെടികൾക്ക് അധികം വെള്ളം വേണ്ട.

ചിലതിന് ഏറെ വേണം.

ചില വിത്തുകൾ പെട്ടെന്ന് മുളയ്ക്കും.

ചിലത് ക്ഷമ പഠിപ്പിക്കും.

ഒരു ദിവസം വെണ്ടച്ചെടിയിൽ ആദ്യത്തെ പൂവ് വിരിഞ്ഞപ്പോൾ അനിരുദ്ധൻ അവളെ വിളിച്ചു.

"നോക്കൂ..."

ഒരു കുഞ്ഞ് ആദ്യമായി നടക്കുന്നത് കാണുന്ന അച്ഛന്റെ മുഖമായിരുന്നു അപ്പോൾ അവന്റേത്.

മേഘന പൂവിനെയല്ല നോക്കിയത്. പൂവായ് വിരിഞ്ഞ അവന്റെ മുഖത്തെയായിരുന്നു.

മുളച്ചുവന്ന ഓരോ തൈകളെയും നോക്കിക്കൊണ്ടിരിക്കെ അവന്റെ മനസ്സിൽ മറ്റൊരു ചോദ്യം  മുള പൊട്ടുകയായിരുന്നു.

"വിത്തുകൾ മണ്ണിൽ വേരൂന്നുമ്പോൾ... മനുഷ്യർ എവിടെയാണ് വേരൂന്നുന്നത്?"

കൃഷി പതിയെ അവരുടെ ജീവിതത്തിന്റെ താളമായി. രാവിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ശബ്ദം.

കിളികളുടെ ബഹളം.

മണ്ണിന്റെ മണം.

ഉച്ചയാകുമ്പോൾ വിയർപ്പിൽ നനഞ്ഞ ഷർട്ട്.

വൈകുന്നേരം പച്ചക്കറികൾ കഴുകി കുട്ടകളിലാക്കുന്ന തിരക്ക്.

അതിനുശേഷം ചായ.

വരാന്തയിൽ രണ്ട് കസേരകൾ.

അരികിലായി വിലങ്ങൻ കുന്ന്.

അത് ഓരോ ദിവസവും നിറം മാറുമായിരുന്നു.

മഴക്കാലത്ത് ഇരുണ്ട പച്ച.

വേനലിൽ ഇളം തവിട്ട്.

ഡിസംബറിലെ മഞ്ഞിൽ പാതി മറഞ്ഞ്.

അനിരുദ്ധൻ പലപ്പോഴും ചായകപ്പ് കൈയിൽ പിടിച്ച് കുന്നിനെ നോക്കിയിരിക്കും.

"എന്താണ് ഇത്ര നോക്കുന്നത്?"

മേഘന ചോദിക്കും.

"ചില നേരങ്ങളിൽ അത് ഒന്നും പറയുന്നില്ല."

"പിന്നെ?"

"അതുകൊണ്ടാണ് കേൾക്കാൻ ചെവിയോർക്കുന്നത്."

ആദ്യ വിളവെടുത്ത ദിവസം ഇരുവരും മാർക്കറ്റിൽ പോയി.

വലിയ ലാഭമൊന്നുമുണ്ടായിരുന്നില്ല.

പക്ഷേ മേഘനയുടെ മുഖത്ത് സംതൃപ്തിയുണ്ടായിരുന്നു.

"നമ്മുടെ മണ്ണിൽ നിന്നുണ്ടായതല്ലേ..."

അനിരുദ്ധൻ മിണ്ടിയില്ല.

വീട്ടിലെത്തിയ ഉടൻ അവൻ വീണ്ടും വയലിലേക്കിറങ്ങി.

വിളവെടുത്ത ചെടികളുടെ ചുവട്ടിൽ മണ്ണ് പതിയെ കൂട്ടിയിട്ടു.

ഒഴിഞ്ഞുപോയ ഇടങ്ങളിൽ പുതുവിത്തുകൾ പാകാൻ തുടങ്ങി.

അത് കണ്ടുനിന്ന മേഘന ചോദിച്ചു.

"ഒരുദിവസമെങ്കിലും വിശ്രമിച്ചുകൂടെ?"

അവൻ ചിരിച്ചു.

"മണ്ണ് വിശ്രമിക്കുമ്പോഴാണ് മനുഷ്യൻ പണിയെടുക്കേണ്ടത്."

ആ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മേഘന ഒരു കാര്യം ശ്രദ്ധിച്ചു.

അനിരുദ്ധന്റെ കൈകൾക്ക് മാറ്റം വന്നിരിക്കുന്നു.

മുമ്പ് പുസ്തകത്താളുകൾ മാത്രം മറിച്ചിരുന്ന വിരലുകൾ ഇപ്പോൾ മണ്ണിൽ ജീവിക്കുന്നവരുടെ കൈകളായി മാറിയിരിക്കുന്നു.

നഖങ്ങൾക്കിടയിൽ മണ്ണ്.

കൈപ്പത്തിയിലെ രേഖകളിൽ പടർന്നമർന്ന് വിട്ടുപോകാൻ മടിക്കുന്ന ചെളി .

വിരലുകളിൽ ചെറുമുറിവുകൾ.

അവൾ ആ കൈകൾ പതിയെ തന്റെ കൈകളിലൊതുക്കി.

"വേദനിക്കുന്നുണ്ടോ?"

"ഇല്ല."

"കള്ളം."

അവൻ ചിരിച്ചു.

"വേദനയുണ്ട്."

"എന്നിട്ടും ഇത്ര സന്തോഷമാണല്ലോ?"

"ചില വേദനകൾ അങ്ങനെയാണ് ."

അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു.

പക്ഷേ  കുന്ന് മറ്റൊന്നാണ് കണ്ടത്.

സന്ധ്യകളിൽ പുസ്തകവുമായി കുന്നിൻ മുകളിലേക്ക് കയറിവന്നിരുന്ന മനുഷ്യൻ ഇപ്പോൾ അപൂർവമായേ അവിടേക്ക് എത്തുന്നുള്ളൂ. അവന്റെ പുസ്തകങ്ങളിൽ പൊടി വീഴാൻ തുടങ്ങി. തുണിസഞ്ചി അലമാരയുടെ മുകളിലേക്ക് കയറി.

യാത്രകളുടെ ചിത്രങ്ങൾ ചുമരിലുണ്ടായിരുന്നു.

പക്ഷേ അവയിലെ വഴികൾ പതിയെ മങ്ങിക്കൊണ്ടിരുന്നു.

മണ്ണിൽ അവൻ്റെ വേരുറയ്ക്കുന്നതിന്റെ സൗന്ദര്യം വിലങ്ങൻ കുന്നിന് അറിയാമായിരുന്നു.

അതുപോലെ ഒരു വേരിന്, ചില മനുഷ്യരുടെ ഉള്ളിൽ, ചങ്ങലയുടെ രൂപവും കൈവരിക്കാമെന്ന് അതിന് അറിയാമായിരുന്നു.

അതുകൊണ്ട് ഓരോ സന്ധ്യയിലും അത് കാറ്റിനോട് ഒരു ചോദ്യം ചോദിച്ചു.

"ഈ മനുഷ്യൻ വേരുറയ്ക്കുകയാണോ...

അതോ പതിയെ കെട്ടിയിടപ്പെടുകയാണോ?"

@@@@@@@

കുന്നിന് ഋതുക്കളെ എണ്ണാൻ കലണ്ടർ വേണ്ടായിരുന്നു.

ആദ്യ വേനൽക്കാറ്റ് വീശുമ്പോൾ പാറകളിലെ തണുപ്പ് അകലാൻ തുടങ്ങുന്നതും, മഴക്കാലത്തിന്റെ ആദ്യ ഇടിമുഴക്കം കേൾക്കുമ്പോൾ താഴ്വാരത്തിലെ മണ്ണ് നിശ്ശബ്ദമായി ചിരിക്കാൻ തുടങ്ങുന്നതും അതിന് അറിയാമായിരുന്നു.

അങ്ങനെ രണ്ടാമത്തെ മഴക്കാലവും കടന്നുപോയി.

മൂന്നാമത്തെ വേനലും.

മൂന്നര ഏക്കർ ഭൂമി ഇപ്പോൾ അനിരുദ്ധന്റെയും മേഘനയുടെയും കൈകളുടെ ഭാഷ പഠിച്ചു കഴിഞ്ഞിരുന്നു.

ഏത് ചെടിക്ക് എത്ര വെള്ളം വേണമെന്ന് ആ കിണറിന് അറിയാമായിരുന്നു.

രാവിലെ അഞ്ചുമണിക്ക് കതക് തുറക്കുന്ന ശബ്ദം കേട്ടാൽ വീട്ടിലെ പൂച്ച പോലും എഴുന്നേൽക്കുമായിരുന്നു.

ജീവിതത്തിന് ഒരു താളം വന്നിരുന്നു.

ആ താളം ആദ്യം മധുരമായിരുന്നു.

പിന്നീട് ആ മധുരം പതിവായി.

അവസാനം...

അത് ഒരു ഘടികാരത്തിന്റെ ടിക്... ടിക്... എന്ന ശബ്ദം പോലെ അനിരുദ്ധന്റെ ഉള്ളിൽ മുഴങ്ങിത്തുടങ്ങി.

ഒരു ദിവസം മേഘന അലമാര  വൃത്തിയാക്കുകയായിരുന്നു.

മുകളിലെ തട്ടിൽ പൊടിപിടിച്ചുകിടന്ന തുണിസഞ്ചി അവൾ താഴെയിറക്കി.

" ദേ നോക്ക്യേ."

അനിരുദ്ധൻ തിരിഞ്ഞുനോക്കി.

അത് അവന്റെ പഴയ യാത്രാസഞ്ചിയായിരുന്നു.

അതിനകത്ത് ഒരു റെയിൽവേ ടിക്കറ്റ്.

ലഡാക്കിൽ നിന്നെടുത്ത ഒരു ചെറുകല്ല്.

മഴ നനഞ്ഞ് മങ്ങിയ ഒരു ഭൂപടം.

മൂന്നാല് പുസ്തകങ്ങൾ.

മേഘന പൊടി തട്ടിക്കളഞ്ഞുകൊണ്ട് ചോദിച്ചു.

"ഇവയെല്ലാം സൂക്ഷിക്കുന്നതെന്തിനാണ്?"

അനിരുദ്ധൻ സഞ്ചി വാങ്ങി പതുക്കെ തുറന്നു.

ഓരോ സാധനവും തൊട്ടുനോക്കി.

അവ സാധനങ്ങളായിരുന്നില്ല.

ഓരോന്നും ഓരോ ജീവിതമായിരുന്നു.

"ഇവ കളയാൻ പറ്റില്ല."

അത്രയേ പറഞ്ഞുള്ളൂ.

മേഘന പിന്നെ ഒന്നും ചോദിച്ചില്ല.

ആ രാത്രിയിൽ എല്ലാവരും ഉറങ്ങിയശേഷം അനിരുദ്ധൻ വരാന്തയിലിറങ്ങി.

വിലങ്ങൻ കുന്ന് ചന്ദ്രപ്രകാശത്തിൽ പകുതി ഉറക്കത്തിലായിരുന്നു.

കാറ്റ് മരങ്ങളോട് എന്തോ പറയുന്നുണ്ടായിരുന്നു.

പണ്ടൊക്കെ ഈ സമയത്ത് അവൻ പുസ്തകം വായിക്കുമായിരുന്നു.

അല്ലെങ്കിൽ അടുത്ത യാത്രയെക്കുറിച്ച് ആലോചിക്കുമായിരുന്നു.

ഇപ്പോൾ അവൻ ചിന്തിക്കുന്നത് നാളത്തെ മാർക്കറ്റിലെ വിലയെക്കുറിച്ചാണ്.

മഴ വൈകിയാൽ തക്കാളിക്ക് എന്ത് സംഭവിക്കുമെന്ന്.

പുതിയ വിത്ത് എവിടെനിന്ന് വാങ്ങാമെന്ന്.

അവൻ സ്വയം ഒന്നു ഞെട്ടി.

"ഞാൻ എപ്പോഴാണ് ഇങ്ങനെയായത്?"

ചോദ്യം കാറ്റിൽ അലിഞ്ഞുപോയി.

പക്ഷേ വിലങ്ങൻ കുന്ന് അത് കേട്ടു.

പുസ്തക അലമാരയ്ക്ക് മുമ്പിൽ നിന്നപ്പോൾ മറ്റൊരു ഞെട്ടൽ.

പല പുസ്തകങ്ങളിലും പൊടിപിടിച്ചിരിക്കുന്നു.

ചിലതിന്റെ താളുകൾ മഞ്ഞനിറമായിരിക്കുന്നു.

വായിക്കാൻ മാറ്റിവെച്ചിരുന്ന എത്രയോ പുസ്തകങ്ങൾ.

"സമയം കിട്ടുമ്പോൾ..."

അവൻ പലതവണ പറഞ്ഞ വാക്കുകൾ.

പക്ഷേ സമയം ഒരിക്കലും വന്നില്ല.

അവൻ ഒരു പുസ്തകം വലിച്ചെടുത്തു.

പിന്നെ മറ്റൊന്ന്.

അവസാനം കൈയിൽ വന്നത്  സാപ്പിയൻസ് ആയിരുന്നു.

പുറംചട്ട അല്പം മങ്ങിയിരുന്നു.

തുറന്നപ്പോൾ പഴയ കടലാസിന്റെ മണം ഉയർന്നു.

അവൻ വർഷങ്ങൾക്കുമുമ്പ് പെൻസിൽകൊണ്ട് അടിവരയിട്ടിരുന്ന വരികൾ വീണ്ടും കണ്ടു.

വായിച്ചുകൊണ്ടിരിക്കെ ഇടയ്ക്ക് പുസ്തകം അടച്ചു.

കണ്ണടച്ച് ഏറെ നേരം ഇരുന്നു.

പുസ്തകത്തിൽ എഴുതിയിരുന്നതിനെക്കാൾ കൂടുതൽ, എഴുതാതിരുന്നതാണ് അവനെ അലട്ടിയത്.

മനുഷ്യൻ സുരക്ഷയെ തേടി.

വിശപ്പിൽ നിന്ന് രക്ഷപെടാൻ.

നാളെയെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ.

അതിൽ തെറ്റെന്തുണ്ട്?

ഒന്നുമില്ല.

പിന്നെ...

എന്തുകൊണ്ടാണ് തന്റെ ഉള്ളിൽ ഈ അസ്വസ്ഥത?

അത് പുസ്തകത്തിന്റെ ചോദ്യമല്ലായിരുന്നു.

അവനോട് തന്നെയുള്ള ചോദ്യമായിരുന്നു.

അടുത്ത ആഴ്ച ഒരു കത്ത് വന്നു.

ആസ്സാമിൽ പ്രവർത്തിക്കുന്ന ഒരു പഴയ സുഹൃത്തിന്റെ കത്ത്.

ബ്രഹ്മപുത്രയുടെ തീരത്തെ പ്രളയബാധിത ഗ്രാമങ്ങളിൽ കുറച്ചുമാസം സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന്.

"നീ വന്നാൽ കുട്ടികൾക്ക് ഒരു ചെറിയ ലൈബ്രറി തുടങ്ങാം."

എന്നൊരു വരിയുമുണ്ടായിരുന്നു.

മുമ്പായിരുന്നെങ്കിൽ കത്ത് വായിച്ച അന്നുതന്നെ മറുപടി എഴുതിയേനെ.

ഇപ്പോൾ അവൻ കത്ത് മടക്കി അലമാരയിൽ വെച്ചു.

"പിന്നീട് നോക്കാം."

പിന്നീട്...

ആ വാക്ക് അന്ന് മുഴുക്കെ വീട്ടിനകത്ത് മുഴങ്ങി.

മറന്നുപോയത് ആ കത്തിനെയായിരുന്നില്ല.

ദേശാടനപ്പക്ഷികളെയായിരുന്നു.

സെപ്റ്റംബർ അവസാനത്തെ ഒരു പുലർച്ചെ.

വിലങ്ങൻ കുന്നിന് മുകളിലൂടെ നൂറുകണക്കിന് പക്ഷികൾ തെക്കോട്ട് പറന്നുപോയി.

അവയുടെ ശബ്ദം കേട്ട് മേഘന പുറത്തേക്കിറങ്ങി.

"അനിരുദ്ധാ... വേഗം വന്നേ... എന്തൊരു ഭംഗി!"

അവൻ കേട്ടു.

പക്ഷേ അപ്പോൾ അവൻ വെണ്ടയുടെ ഇലകൾ തിരിച്ചു പിടിച്ചു നോക്കുകയായിരുന്നു.

ചെറിയ പുഴുക്കൾ ഇലയുടെ അടിയിൽ കൂടുകൂട്ടിയിരുന്നു.

"ദാ ഇപ്പോ വരാം..."

അവൻ പറഞ്ഞു.

മേഘന ആകാശത്തേക്ക് നോക്കി.

പിന്നെ അനിരുദ്ധനെ നോക്കി.

ഒന്നും പറഞ്ഞില്ല.

എന്നാൽ വിലങ്ങൻ കുന്ന് ഒരു കാര്യം മനസ്സിലാക്കി.

പണ്ട് പക്ഷികളെ നോക്കിയിരുന്ന മനുഷ്യൻ ഇപ്പോൾ ഇലകളെയാണ് നോക്കുന്നത്.

അതിൽ തെറ്റൊന്നുമില്ല.

പക്ഷേ ആ മാറ്റം അനിരുദ്ധൻ പോലും അറിയാതെ സംഭവിച്ചിരിക്കുന്നു.

അന്നുരാത്രി മഴ പെയ്തു.

കനത്ത മഴ.

ഉറങ്ങാൻ കഴിയാതെ അനിരുദ്ധൻ വീണ്ടും വരാന്തയിലിറങ്ങി.

മഴത്തുള്ളികൾ കിണറ്റിലേക്ക് വീഴുന്ന ശബ്ദം.

മണ്ണിന്റെ മണം.

ഇരുട്ടിൽ തവളകളുടെ പാട്ട്.

അവന് പെട്ടെന്ന് ഒരു വിചിത്രമായ തോന്നൽ.

ഈ ഭൂമിക്ക് ഇപ്പോൾ അനിരുദ്ധനെന്ന തന്നെ വേണം.

നാളെ രാവിലെ വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നോക്കണം.

മറ്റന്നാൾ കള പറിക്കണം.

അടുത്ത ആഴ്ച മാർക്കറ്റിൽ പോകണം.

അടുത്ത മാസം പുതിയ വിള...

അടുത്ത വർഷം...

അടുത്ത...

അവൻ പെട്ടെന്ന് ആ ചിന്തയുടെ നടുവിൽ നിന്ന് പുറത്തുവന്നു.

അടുത്ത വർഷം.

അതിനടുത്ത വർഷം.

വീണ്ടും അതിനടുത്ത വർഷം.

ജീവിതം മുഴുവൻ ഇങ്ങനെ തന്നെയോ?

ആ ചോദ്യം മിന്നൽപോലെ ഉള്ളിലൂടെ കടന്നുപോയി.

അപ്പോൾ അവന്റെ കണ്ണ് വരാന്തയുടെ മൂലയിലിരുന്ന തുണിസഞ്ചിയിലേക്കു വീണു.

പൊടിപിടിച്ച ആ സഞ്ചി നിശ്ശബ്ദമായി അവനെ നോക്കുന്നതുപോലെ തോന്നി.

അതിന്റെ ഉള്ളിൽ പുസ്തകങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്.

നടക്കാൻ ബാക്കിവെച്ച ,

തന്നെ പ്രതീക്ഷിച്ച് കിടക്കുന്ന വഴികളും ഉണ്ടായിരുന്നു.

കാണാതെ പോയ മനുഷ്യരും.

ഇനിയും വായിക്കാത്ത പുസ്തകങ്ങളും.

പോകാതെ ബാക്കിയാക്കിയ ദേശങ്ങളും.

മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

വിലങ്ങൻ കുന്നിന്റെ നെറുകയിലൂടെ ചെറിയ വെള്ളച്ചാലുകൾ താഴേക്ക് ഒഴുകി.

കുന്ന് നിശ്ശബ്ദമായിരുന്നു.

കാരണം അതിനറിയാമായിരുന്നു.

മണ്ണിൽ ആദ്യം പൊട്ടുന്നത് വിത്തല്ല.

മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദതയാണ്.

ആ പൊട്ടലിന്റെ ശബ്ദം മറ്റാരും കേൾക്കില്ല.

പക്ഷേ ഒരുദിവസം...

ആ ശബ്ദം തന്നെ ഒരു മനുഷ്യനെ വീണ്ടും വഴിയിലേക്കിറക്കും.

@@@@@@@@

വിലങ്ങൻ കുന്ന് ആദ്യം ശ്രദ്ധിച്ചത് ഒരു ചെറിയ മാറ്റമായിരുന്നു.

അനിരുദ്ധൻ ഇപ്പോഴും എല്ലാ ദിവസവും പുലർച്ചെ എഴുന്നേൽക്കുന്നുണ്ട്

കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.

തക്കാളിച്ചെടികൾക്കിടയിലൂടെ നടക്കുന്നുണ്ട്.

വെണ്ടയുടെ ഇലകൾ മറിച്ചുനോക്കുന്നുണ്ട്.

വിപണിയിലേക്ക് അയയ്ക്കാനുള്ള പച്ചക്കറികൾ വേർതിരിക്കുന്നുണ്ട്.

എല്ലാം പഴയതുപോലെ തന്നെ.

പക്ഷേ, മനുഷ്യന്റെ കൈകൾ പഴയതുപോലെ പ്രവർത്തിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ സഞ്ചരിക്കുന്ന നിമിഷങ്ങൾ പ്രകൃതിക്ക് തിരിച്ചറിയാൻ കഴിയും.

കുന്നിന് അതറിയാമായിരുന്നു.

ആ വർഷം മഴ വൈകിയെത്തി.

ഭൂമിയിലെ വിള്ളലുകൾ കുറച്ചുകൂടി ആഴത്തിലായി.

കിണറിലെ വെള്ളം പതിയെ താഴ്ന്നു.

മഴയെ കാത്തിരുന്ന ദിവസങ്ങളിൽ അനിരുദ്ധൻ പതിവിലും കൂടുതൽ നിശ്ശബ്ദനായി.

മേഘന അതു ശ്രദ്ധിച്ചു.

പക്ഷേ ചോദിച്ചില്ല.

ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് അവൾക്കറിയാമായിരുന്നു.

ഒരു സന്ധ്യയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ അവൾ  ചോദിച്ചു.

"പുസ്തകങ്ങൾ വായിക്കാറില്ലല്ലോ ഇപ്പോൾ?"

അനിരുദ്ധൻ ഒന്നു ഞെട്ടി.

"എന്താ അങ്ങനെ ചോദിച്ചത്?"

" കുറെയായി  ഒരു പുസ്തകം പോലും കൈയിൽ കാണാറില്ല."

അവൻ മറുപടി പറയാതെ ചായക്കപ്പ് താഴെ വച്ചു.

ആ രാത്രിയാണ് ഏറെ നാളുകൾക്കു ശേഷം അലമാര തുറന്നത്.

പുസ്തകങ്ങൾ അവിടെത്തന്നെ ഉണ്ടായിരുന്നു.

പക്ഷേ അവയുടെ മണം മാറിയിരുന്നു.

പൊടിപിടിച്ച പുസ്തകങ്ങൾക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്.

വായിക്കപ്പെടാതെ കാത്തിരിക്കുന്ന വാക്കുകളുടെ ഗന്ധം.

അവൻ സാപ്പിയൻസ് പുറത്തെടുത്തു.

പഴയ അടയാളങ്ങൾ അതേപടി.

പെൻസിൽകൊണ്ട് കോറിയിട്ട വരികൾ.

അരികിൽ ചെറുതായി എഴുതിയിരുന്ന ചോദ്യങ്ങൾ.

ഒരു പേജിൽ മാത്രം വലിയ അക്ഷരത്തിൽ എഴുതിയിരുന്നു,

"സ്വാതന്ത്ര്യം സുരക്ഷയ്ക്ക് കൈമാറുന്ന നിമിഷം എപ്പോഴാണ്?"

ആ ചോദ്യത്തിന് താഴെ തീയതിയുണ്ടായിരുന്നു.

ഏഴു വർഷം പഴക്കം.

അനിരുദ്ധൻ ദീർഘനേരം ആ തീയതിയിലേക്കു നോക്കിയിരുന്നു.

ഏഴു വർഷം മുമ്പ് ആ ചോദ്യം ഒരു ചിന്ത മാത്രമായിരുന്നു.

ഇന്ന്...

അതൊരു കണ്ണാടിയായി മാറിയിരിക്കുന്നു.

പിറ്റേന്ന് രാവിലെ വിലങ്ങൻ കുന്നിന് മുകളിലേക്ക് അവൻ ഒറ്റയ്ക്കു കയറി.

വളരെ നാളുകൾക്കു ശേഷമായിരുന്നു അത്.

പാറമേൽ ഇരുന്നു.

താഴെ പച്ചക്കറിത്തോട്ടം.

വളരെ ചെറിയ മനുഷ്യരായ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന തൊഴിലാളികൾ.

കാറ്റ് മുഖത്തടിച്ചു.

അവൻ കണ്ണുകളടച്ചു.

അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്,

ഈ കാറ്റിന്റെ മണം പോലും എത്രയോ മാസങ്ങൾക്കു ശേഷമാണ് താൻ ശരിക്കും അനുഭവിക്കുന്നത്.

പെട്ടെന്ന് ഒരോർമ്മ വന്നു.

ഹിമാലയത്തിലെ ഒരു ചെറിയ ഗ്രാമം.

മഞ്ഞുവീഴ്ച.

അവിടത്തെ സ്കൂളിൽ കുട്ടികൾക്കായി കഥ പറഞ്ഞിരുന്ന ദിവസങ്ങൾ.

മറ്റൊരോർമ്മ.

നർമദയുടെ തീരത്ത് കണ്ട ഒരു വൃദ്ധസന്യാസി.

അയാൾ പറഞ്ഞ വാക്കുകൾ.

"നദികൾ ഒരിടത്ത് നിൽക്കാൻ തുടങ്ങുന്ന ദിവസം അവ ചതുപ്പായി തുടങ്ങും."

അന്ന് ആ വാക്ക് കേട്ട് അവൻ ചിരിച്ചിരുന്നു.

ഇപ്പോൾ...

ആ ചിരി തിരികെ വന്നില്ല.

ആസ്സാമിൽ നിന്നുള്ള രണ്ടാമത്തെ കത്ത് വന്നത് ആഴ്ചയുടെ ഒടുവിലായിരുന്നു.

ഇത്തവണ കത്തിനൊപ്പം ഒരു ചെറിയ ചിത്രവുമുണ്ടായിരുന്നു.

മുളകൊണ്ട് കെട്ടിയ ഒരു ലൈബ്രറി.

ചുറ്റും കുട്ടികൾ.

പിന്നിൽ ബ്രഹ്മപുത്ര.

സുഹൃത്ത് എഴുതിയിരുന്നു:

"നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് ലോകം കുറച്ചുകൂടി വലുതാകുമായിരുന്നു."

അനിരുദ്ധൻ കത്ത് രണ്ടുതവണ വായിച്ചു.

മൂന്നാമതും.

പിന്നെ മടക്കി പുസ്തകത്തിനുള്ളിൽ വെച്ചു.

ആ രാത്രി ഉറക്കം വന്നില്ല.

മേഘന ഉണർന്നപ്പോൾ വരാന്തയിലെ കസേരയിൽ അവൻ ഇരിക്കുകയായിരുന്നു.

"ഉറങ്ങിയില്ലേ?"

"ഉറക്കം വന്നില്ല."

"മഴയെക്കുറിച്ചാണോ ആലോചിക്കുന്നത്?"

അവൻ മന്ദഹസിച്ചു.

"അല്ല."

"പിന്നെ?"

അവൻ കുറെ നേരം മിണ്ടിയില്ല.

പിന്നെ ആദ്യമായി തന്റെ മനസ്സിന്റെ ഒരു വാതിൽ തുറന്നു.

"മേഘന..."

"ഉം..."

"നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ... നമ്മൾ ജീവിക്കുന്ന ജീവിതം നമ്മളെ പതിയെ സ്വന്തമാക്കുന്നുവെന്ന്?"

മേഘന അയാളെ നോക്കി.

അവളുടെ കണ്ണുകളിൽ പരിഭ്രമമില്ലായിരുന്നു.

"ഉണ്ട്."

അനിരുദ്ധൻ അത്ഭുതപ്പെട്ടു.

"നിനക്കും?"

"അതെ."

"പിന്നെ?"

അവൾ ചിരിച്ചു.

"എനിക്കീ ജീവിതം ഇഷ്ടമാണ്."

അൽപ്പം നിർത്തി അവൾ തുടർന്നു.

"പക്ഷേ നിനക്കിത് മതിയാകില്ലെന്നും എനിക്കറിയാം."

അനിരുദ്ധൻ അവളെ നോക്കി.

"എന്താണ് പറയുന്നത്?"

"നീ വീട്ടിൽ ഉണ്ടെങ്കിലും... കുറേ ദിവസങ്ങളായി നീ ഇവിടെ ഇല്ല."

ആ വാക്കുകൾ അയാളെ നിശ്ശബ്ദനാക്കി.

കാരണം, അതാണ് സത്യം.

ശരീരം മൂന്നര ഏക്കറിലായിരുന്നു.

മനസ്സ് എവിടെയോ വഴികളിൽ.

അടുത്ത ദിവസങ്ങളിൽ മേഘന ഒന്നും ചോദിച്ചില്ല.

പക്ഷേ അവൾ ശ്രദ്ധിക്കാൻ തുടങ്ങി.

പുസ്തകങ്ങൾ വീണ്ടും കിടക്കയ്ക്കരികിലെത്തിയിരിക്കുന്നു.

രാത്രി വൈകുവോളം വായന.

വായനയ്ക്കിടയിൽ ദീർഘമായ മൗനങ്ങൾ.

പുലർച്ചെ വിലങ്ങൻ കുന്നിലേക്കുള്ള നടത്തം.

ചിലപ്പോൾ കൃഷിയിടത്തിന്റെ നടുവിൽ നിന്നുകൊണ്ട് ദൂരേക്ക് നോക്കൽ.

ഒരു ദിവസം വെണ്ടയുടെ ഇലയിൽ വെള്ളം തളിച്ചുകൊണ്ടിരിക്കെ അനിരുദ്ധൻ പെട്ടെന്ന് ചോദിച്ചു.

"മേഘന..."

"എന്താ?"

"നീ ഒരിക്കലെങ്കിലും ദേശാടനപ്പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?"

അവൾ ചിരിച്ചു.

"നിന്നെ വിവാഹം കഴിച്ചതിനുശേഷം ശ്രദ്ധിക്കാൻ തുടങ്ങി."

"എന്തുകൊണ്ട്?"

"അവ പറക്കുമ്പോൾ നിന്റെ കണ്ണുകൾ മാറിപ്പോകും."

അവൻ ഒന്നും പറഞ്ഞില്ല.

വെള്ളം തളിച്ചുകൊണ്ടേയിരുന്നു.

പക്ഷേ അവന്റെ ഉള്ളിൽ എന്തോ തിളച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

ആ സന്ധ്യയിൽ വിലങ്ങൻ കുന്നിന്റെ മുകളിലൂടെ വീണ്ടും ദേശാടനപ്പക്ഷികൾ പറന്നുപോയി.

ഇത്തവണ അനിരുദ്ധൻ ജോലി നിർത്തി.

കൈയിലെ വെള്ളക്കുടം താഴെ വച്ചു.

ആകാശത്തേക്ക് നോക്കി.

പക്ഷികൾ ഒരു വരിപോലെ അകലേക്ക് നീങ്ങി.

ഒരു നിമിഷം...

ഒരൊറ്റ നിമിഷം...

അവനും അവയുടെ കൂടെ പറന്നുപോയി.

തിരിച്ചെത്തിയത് ശരീരം മാത്രമായിരുന്നു.

ആ സന്ധ്യയിൽ വിലങ്ങൻ കുന്ന് ഒരു കാര്യം ഉറപ്പിച്ചു.

വിത്ത് ഇപ്പോഴും മണ്ണിലുണ്ട്.

പക്ഷേ അതിനുള്ളിൽ മുള പൊട്ടിക്കഴിഞ്ഞു.

ഇനി അതിനെ തടഞ്ഞുനിർത്താൻ മണ്ണിന് പോലും കഴിയില്ല.


@@@@@@@@@

യാത്ര തീരുമാനിച്ച ദിവസം അനിരുദ്ധൻ ആദ്യം ചെയ്തത് സഞ്ചിയെടുക്കുകയായിരുന്നില്ല.

വിത്തുകൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു. മുളപൊട്ടിത്തുടങ്ങിയ വിത്തുകളിലേക്ക്

വെള്ളം തളിക്കുമ്പോൾ ഓരോന്നിൻ്റേയും  മുന്നിൽ അയാൾ അൽപ്പം കൂടുതൽ സമയം നിന്നു.

വെണ്ടച്ചെടിയുടെ ഇലകളിൽ വിരലോടിച്ചു.

വഴുതനച്ചെടിയെ നോക്കി ചിരിച്ചു.

തക്കാളിവള്ളിയിൽ പഴുത്തു തുടങ്ങിയ കായകൾ കൈയിലെടുത്ത്  താലോലിച്ചു തിരിച്ചുവച്ചു.

മേഘന ദൂരെ നിന്ന് അതെല്ലാം കണ്ടുകൊണ്ടിരുന്നു.

ആ പ്രഭാതത്തിനെന്തോ പുതുമയുണ്ടെന്ന് അവൾക്കു തോന്നി.

പക്ഷേ അവൾ ചോദിച്ചില്ല.

ചില വിടപറച്ചിലുകൾ വാക്കുകൾകൊണ്ട് മലിനമാക്കരുതെന്ന് അവൾക്കറിയാമായിരുന്നു.

ആ ദിവസം മാർക്കറ്റിൽ പോകേണ്ടത് അനിരുദ്ധനായിരുന്നു.

തിരിച്ചു വന്നപ്പോൾ പതിവുപോലെ കണക്കുപുസ്തകം തുറന്നില്ല.

പകരം, അലമാരയിൽ നിന്ന് പഴയ തുണിസഞ്ചി എടുത്തു.

അതിന്റെ മടക്കുകൾ നിവർത്തി.

പൊടി തട്ടിക്കളഞ്ഞു.

വർഷങ്ങൾക്കു മുമ്പ് തോളിൽ കിടന്ന അതേ സഞ്ചി.

അതിന്റെ മണം പോലും മാറിയിരുന്നില്ല.

മേഘന അടുക്കളവാതിൽക്കൽ നിന്ന് അതു നോക്കി.

"സഞ്ചി കഴുകട്ടേ?"

അവൾ സാധാരണപോലെ ചോദിച്ചു.

"വേണ്ട."

അനിരുദ്ധൻ മൃദുവായി പറഞ്ഞു.

"ഈ മണം പോകരുത്."

മേഘനയുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിടർന്നു.

അവൾക്കറിയാമായിരുന്നു,

ചില മണങ്ങൾ വസ്ത്രങ്ങളുടേതല്ല.

ജീവിതത്തിന്റേതാണ്.

അടുത്ത ദിവസങ്ങളിൽ അനിരുദ്ധൻ ഒരു വിചിത്രമായ ശാന്തതയിലായിരുന്നു.

മുമ്പത്തെ അസ്വസ്ഥത കുറഞ്ഞിരുന്നു.

പക്ഷേ ആ ശാന്തതയിൽ ഒരു തീരുമാനത്തിന്റെ തെളിച്ചമുണ്ടായിരുന്നു.

അവൻ കൂടുതൽ വായിക്കാൻ തുടങ്ങി.

സാപ്പിയൻസ് വീണ്ടും വായിച്ചു.

അതിനു പിന്നാലെ യാത്രകളെക്കുറിച്ചുള്ള പഴയ കുറിപ്പുകൾ.

ഹിമാലയത്തിൽ കണ്ട കുട്ടികളുടെ പേരുകൾ.

നർമദയുടെ തീരത്ത് എഴുതിയ ദിനസരിക്കുറിപ്പുകൾ.

വയനാട്ടിലെ ആദിവാസി ഊരുകളിൽ നടത്തിയ വായനശാലകളുടെ കണക്കുകൾ.

ഓരോ താളും തുറക്കുമ്പോൾ ഓരോ വഴിയും വീണ്ടും അവനെ വിളിച്ചു.

അവൻ മനസ്സിലാക്കി.

താൻ യാത്രകളെ മാത്രം മിസ് ചെയ്യുകയല്ല.

മനുഷ്യരെ മിസ് ചെയ്യുകയായിരുന്നു.

വഴികളിൽ കണ്ട അപരിചിതരെ.

ഗ്രാമങ്ങളിലെ വായനശാലകളെ.

ഒരു പുസ്തകം ആദ്യമായി കൈയിൽ കിട്ടുന്ന കുട്ടിയുടെ കണ്ണുകളിലെ അത്ഭുതത്തെ.

വൈകുന്നേരം പതിവുപോലെ ഇരുവരും വിലങ്ങൻ കുന്നിന്റെ മുകളിലേക്ക് നടന്നു.

അസ്തമയസൂര്യൻ താഴ്വാരത്തെ പൊൻനിറമാക്കിക്കൊണ്ടിരുന്നു.

പച്ചക്കറിത്തോട്ടം ആ ഉയരത്തിൽ നിന്ന് മറ്റൊരു ലോകം പോലെ തോന്നി.

"സുന്ദരമാണല്ലേ?"

മേഘന ചോദിച്ചു.

"അതെ."

"ഇതെല്ലാം വിട്ടുപോകാൻ വിഷമമുണ്ടോ?"

അനിരുദ്ധൻ അവളെ നോക്കി.

ആ ചോദ്യം കേട്ട് അയാൾ ഞെട്ടിയില്ല.

കാരണം അതു ചോദിക്കാൻ അവൾക്കുള്ള അവകാശം അയാൾ അംഗീകരിച്ചിരുന്നു.

"ഉണ്ട്."

അവൻ പതുക്കെ പറഞ്ഞു.

"വളരെ ?."

"വളരെ "

"വിഷമമുള്ളതെല്ലാം വിട്ടുപോകേണ്ടി വരും എന്നല്ല..."

"പക്ഷേ ചിലപ്പോൾ സ്നേഹിക്കുന്ന രണ്ടു കാര്യങ്ങൾക്കൊത്ത് ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല."

"ആര് ?"

" ഈ കുന്നും ദൂരെയുള്ള വഴികളും."

മേഘന ഒന്നും പറഞ്ഞില്ല.

കാറ്റ് അവളുടെ മുടിയിഴകൾ മുഖത്തേക്ക് വീഴ്ത്തി.

അവൾ അതു ചെവിക്കു പിന്നിലേക്ക് ഒതുക്കി.

"നിനക്കറിയാമോ അനിരുദ്ധാ..."

അവൾ മന്ദസ്വരത്തിൽ പറഞ്ഞു.

"ഞാൻ  വിവാഹം കഴിച്ചത് ഒരു കർഷകനെ അല്ല."

അവൻ അവളെ നോക്കി.

"ഞാൻ വിവാഹം കഴിച്ചത് വഴികളെ സ്നേഹിക്കുന്ന ഒരാളെയാണ്."

ആ വാക്കുകൾ കേട്ട് അനിരുദ്ധന്റെ കണ്ണുകൾ നിറഞ്ഞു.

"നിന്നെ ഞാൻ തടഞ്ഞുവച്ചെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?"

അവൾ ചോദിച്ചു.

"ഇല്ല."

"അങ്ങനെ തോന്നുന്ന ദിവസം എന്നോട് പറയണം."

അനിരുദ്ധൻ തലകുനിച്ചു.

"പക്ഷേ ഇപ്പോൾ..."

അവൾ വാചകം പൂർത്തിയാക്കിയില്ല.

അത് പൂർത്തിയാക്കേണ്ട ആവശ്യമില്ലായിരുന്നു.

ആ രാത്രി ഏറെ വൈകിയാണ് ഇരുവരും ഉറങ്ങിയത്.

സംസാരിച്ചത് യാത്രകളെക്കുറിച്ചായിരുന്നു.

ആസ്സാമിനെക്കുറിച്ച്.

ബ്രഹ്മപുത്രയെക്കുറിച്ച്.

വായനശാലകളെക്കുറിച്ച്.

പുസ്തകങ്ങളെക്കുറിച്ച്.

അനിരുദ്ധൻ വർഷങ്ങൾക്കു ശേഷം വീണ്ടും പഴയ ശബ്ദത്തിൽ സംസാരിക്കുന്നത് മേഘന കേട്ടിരുന്നു.

ആ ശബ്ദത്തിൽ മണ്ണിനോടുള്ള സ്നേഹവും ഉണ്ടായിരുന്നു.

വഴികളോടുള്ള പ്രണയവും.

അപ്പോൾ അവൾക്ക് ഒരു കാര്യം വ്യക്തമായി.

ചില മനുഷ്യർക്ക് ഒരു വീടുണ്ടാകും.

പക്ഷേ അവരുടെ ആത്മാവിന്റെ വിലാസം ഒരു ഭൂപടത്തിലും ഉണ്ടാകില്ല.

യാത്രയുടെ തലേദിവസം അനിരുദ്ധൻ വയലിലൂടെ ഒറ്റയ്ക്കു നടന്നു.

ഓരോ വരമ്പും പതുക്കെ കടന്നു.

കിണറ്റിന്റെ കരയിൽ നിന്നു.

മാവിൻതണലിൽ ഇരുന്നു.

ആൽമരത്തിന്റെ തടിയിൽ കൈവെച്ചു.

അവസാനം താഴേക്ക് കുനിഞ്ഞ് ഒരു പിടി മണ്ണെടുത്തു.

മണം നുകർന്നു.

പതിയെ അതേ സ്ഥലത്ത് തിരികെ ഇട്ടു.

"ഞാൻ തിരിച്ചു വരും."

അയാൾ മണ്ണിനോടാണോ പറഞ്ഞത്...

സ്വന്തം മനസ്സിനോടാണോ പറഞ്ഞത്...

വിലങ്ങൻ കുന്നിനുപോലും ഉറപ്പില്ലായിരുന്നു.

പുലർച്ചെ യാത്രപുറപ്പെടാൻ നേരം.

സഞ്ചിയിൽ കുറച്ചു വസ്ത്രങ്ങൾ.

രണ്ടു ജോഡി മുണ്ടുകൾ.

ഒരു നോട്ട് പാഡ്.

പിന്നെ പുസ്തകങ്ങൾ.

അവസാനമായി സാപ്പിയൻസ്.

പുസ്തകം കൈയിൽ എടുത്തപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു.

"നീയും വരുമല്ലോ..."

എന്നപോലെ അതിനെ സഞ്ചിയിൽ വെച്ചു.

മേഘന ആ കാഴ്ച നിശ്ശബ്ദമായി നോക്കി.

പിന്നെ സഞ്ചി എടുത്ത് അകത്തേക്ക് നടന്നു.

"ഞാൻ ഒന്നു മടക്കിവെക്കാം."

അവൾ പറഞ്ഞു.

അനിരുദ്ധൻ തലകുലുക്കി.

അവൾ മുറിക്കുള്ളിൽ കയറി.

വാതിൽ പാതിയടഞ്ഞു.

പുറത്ത് വിലങ്ങൻ കുന്ന് നിശ്ശബ്ദമായി നിന്നു.

അകത്ത്...

മേഘന തുണിസഞ്ചി പതുക്കെ തുറന്നു.

@@@@@@@@@

മുറിയുടെ വാതിൽ പാതിയടഞ്ഞിരുന്നു.

അനിരുദ്ധൻ മുറ്റത്ത് നിന്നുകൊണ്ട് ചെരുപ്പിലെ പൊടി തട്ടിക്കളയുകയായിരുന്നു.

അകത്ത് മേഘന തുണിസഞ്ചി പതുക്കെ തുറന്നു.

ആദ്യം പുസ്തകങ്ങളെടുത്തു.

ഒന്നൊന്നായി അടുക്കിവെച്ചു.

ഏറ്റവും അടിയിൽ സാപ്പിയൻസ്.

അതിന്റെ മുകളിൽ നോട്ട് പാഡ്.

പിന്നെ വസ്ത്രങ്ങൾ.

സഞ്ചി അടയ്ക്കാൻ തുടങ്ങിയപ്പോൾ അവളുടെ കണ്ണ് ജനലിലൂടെ പുറത്തേക്കു വീണു.

താഴെ പച്ചക്കറിത്തോട്ടത്തിൽ കാറ്റ് മെല്ലെ ഓടിനടക്കുന്നു.

വെണ്ടച്ചെടികൾ ഇളകുന്നു.

മുളകുചെടികൾ തലകുലുക്കുന്നു.

അവൾ കുറേ നേരം അങ്ങനെ തന്നെ നിന്നു.

പിന്നെ അലമാരയുടെ താഴത്തെ തട്ടിൽ നിന്ന് ഒരു ചെറിയ തുണിപ്പൊതി എടുത്തു.

അതിൽ വെണ്ടയുടെയും പയറിന്റെയും ചീരയുടെയും വഴുതനയുടെയും കുറച്ചു വിത്തുകൾ.

ഈ വർഷം അവരുടെ കൃഷിയിൽ നിന്നു സൂക്ഷിച്ചവ.

വിപണിയിൽ നിന്ന് വാങ്ങിയതല്ല.

അവരുടെ ജീവിതത്തിൽ നിന്ന് ശേഖരിച്ചവ.

ആ വിത്തുകൾ അവൾ പുസ്തകങ്ങൾക്കിടയിൽ സൂക്ഷിച്ചുവച്ചു.

പിന്നെ ഒരു ചെറിയ കടലാസ് എടുത്തു.

ഒരുപാട് എഴുതാനുണ്ടായിരുന്നു.

പക്ഷേ അവൾ എഴുതിയത് ഏതാനും വരികൾ മാത്രം.

കടലാസ് മടക്കി വിത്തുകൾക്കരികിൽ വെച്ചു.

സഞ്ചി പതുക്കെ അടച്ചു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല.

കാരണം ചില സ്നേഹങ്ങൾ കരഞ്ഞു തീരാനുള്ളതല്ല.

അവയ്ക്ക് കാത്തിരിക്കാൻ മാത്രമേ അറിയൂ.

ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ വിലങ്ങൻ കുന്ന് പിന്നിലേക്ക് ഒഴുകാൻ തുടങ്ങി.

ജനലരികിൽ അനിരുദ്ധൻ ഇരിക്കുകയായിരുന്നു.

തോളിലെ ഭാരത്തേക്കാൾ മനസ്സിലെ ഭാരം കൂടുതലായിരുന്നു.

റെയിൽപാളങ്ങളുടെ താളം പഴയൊരു പാട്ടുപോലെ തോന്നി.

എത്രയോ വർഷങ്ങൾക്കു ശേഷം വീണ്ടും യാത്ര.

പക്ഷേ ഇത്തവണ അത് ഓടിരക്ഷപ്പെടാനുള്ള യാത്രയായിരുന്നില്ല.

തിരിച്ചെത്താൻ കഴിയുന്ന ഒരു മനുഷ്യന്റെ യാത്രയായിരുന്നു.

സഞ്ചി മടിയിൽ വെച്ച് അവൻ ഒരു പുസ്തകം എടുക്കാൻ തുറന്നു.

ആദ്യം കൈയിൽ തട്ടിയത് സാപ്പിയൻ ആയിരുന്നില്ല.

ഒരു ചെറിയ തുണിപ്പൊതിയായിരുന്നു.

അവൻ അത്ഭുതത്തോടെ അതെടുത്തു.

അഴിച്ചുനോക്കി.

വിത്തുകൾ.

അതിനൊപ്പം ഒരു മടക്കുകടലാസ്.

അവൻ പതുക്കെ തുറന്നു.

മേഘനയുടെ കൈയക്ഷരം.

"ഈ വിത്തുകൾ നട്ടുപിടിപ്പിക്കാനായിട്ടാണ് ഞാൻ തരുന്നത്.

ഒരു ദിവസം നീ എവിടെയെങ്കിലും നിൽക്കുമ്പോൾ, അവിടെ മണ്ണുണ്ടെങ്കിൽ ഇതിൽ ഒരെണ്ണം നട്ട് നോക്കുക.

മുളച്ചാൽ അത് നമ്മുടെ വീട്ടിന്റെ ഓർമ്മയല്ല.

നമ്മൾ ഒരുമിച്ച് ജീവിച്ച ജീവിതത്തിന്റെ തുടർച്ചയായിരിക്കും.

നിന്നെ ഞാൻ കാത്തിരിക്കില്ല അനിരുദ്ധാ...

കാരണം നീ തിരികെ വരുമെന്ന് എനിക്കറിയാം.

എവിടേക്കു പോയാലും, ഒടുവിൽ മനുഷ്യൻ മടങ്ങിവരുന്നത് തന്നെ സ്നേഹിച്ച മണ്ണിലേക്കാണ്."

വായിച്ചു തീർന്നപ്പോൾ അവൻ ഏറെ നേരം അനങ്ങാതെ ഇരുന്നു.

കുറിപ്പ് വീണ്ടും വായിച്ചില്ല.

വിത്തുകൾ വീണ്ടും പൊതിയിലാക്കി.

അവയെ കൈയിൽ മുറുകെപ്പിടിച്ചു.

ജനലിന് പുറത്തേക്ക് നോക്കി.

നെൽപ്പാടങ്ങൾ പിന്നിലേക്ക് ഓടിക്കൊണ്ടിരുന്നു.

പെട്ടെന്ന് അവന് ഒരു കാര്യം മനസ്സിലായി.

വർഷങ്ങൾക്കുമുമ്പ് ഒരു പുസ്തകം അവനോട് ചോദിച്ച ചോദ്യം.

മനുഷ്യൻ എന്തിനാണ് വേരുറച്ചത്?

ഇപ്പോൾ അതിന് ഉത്തരമുണ്ടായിരുന്നു.

വേരുറക്കുന്നത് തടവാകുമ്പോഴാണ് മനുഷ്യൻ വഴിയിലിറങ്ങുന്നത്.

പക്ഷേ...

സ്നേഹമാണ് വേരുറക്കുന്നതെങ്കിൽ, എത്ര ദൂരം സഞ്ചരിച്ചാലും ആ വേരുകൾ മനുഷ്യനെ ബന്ധിക്കുകയല്ല.

തിരികെ വിളിക്കുകയാണ്.

അവൻ സാപ്പിയൻസ് എടുത്തു.

അൽപ്പം മറിച്ചുനോക്കി.

പിന്നെ പതുക്കെ അടച്ചു.

ഈ യാത്രയിൽ തനിക്കേറ്റവും ആവശ്യമുള്ള പുസ്തകം അത് അല്ലെന്ന് അവന് തോന്നി.

മടിയിൽ കിടക്കുന്ന ചെറിയ വിത്തുപൊതിയായിരുന്നു.

അതേസമയം വിലങ്ങൻ കുന്നിൽ സന്ധ്യ ഇറങ്ങുകയായിരുന്നു.

മേഘന ഒറ്റയ്ക്ക് തോട്ടത്തിലൂടെ നടന്നു.

രാവിലെ അനിരുദ്ധൻ   നനച്ച വെണ്ടച്ചെടിയുടെ അരികിൽ അവൾ കുറേ നേരം നിന്നു.

മണ്ണിനിപ്പോഴും നനവുണ്ടായിരുന്നു.

അവൾ  കുനിഞ്ഞ് ഒരു പിടി മണ്ണെടുത്തു.

വിരലുകൾക്കിടയിലൂടെ അത് പതിയെ താഴേക്ക് ഉതിർന്നു വീണു.

ദൂരെ ആകാശത്ത് ദേശാടനപ്പക്ഷികളുടെ ഒരു കൂട്ടം വടക്കോട്ട് പറന്നു പോകുന്നുണ്ടായിരുന്നു.

അവൾ അവയെ നോക്കി പുഞ്ചിരിച്ചു.

"പറക്കൂ..."

അത്രയേ പറഞ്ഞുള്ളൂ.

കാറ്റ് ആ വാക്ക് വിലങ്ങൻ കുന്നിന്റെ നെറുകയിലെത്തിച്ചു.

വിലങ്ങൻ കുന്ന് ആദ്യമായി തന്റെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന രഹസ്യം മനസ്സിലാക്കി.

അനിരുദ്ധനെ ഇവിടെ പിടിച്ചുനിർത്തിയത് മണ്ണായിരുന്നില്ല.

അവനെ യാത്രയാക്കിയത് വഴികളുമല്ല.

സ്നേഹമായിരുന്നു.

പിടിച്ചുവയ്ക്കാത്ത സ്നേഹം.

തിരികെ വരാൻ വാതിൽ തുറന്നുവയ്ക്കുന്ന സ്നേഹം.

അതിനുശേഷം വിലങ്ങൻ കുന്ന് അവനെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെട്ടില്ല.

കാരണം അതിന് അറിയാമായിരുന്നു.

ചില മനുഷ്യർ വീടുവിട്ടുപോകുന്നവരല്ല.

അവർ വീടിനെ ലോകമെമ്പാടും കൊണ്ടുനടക്കുന്നവരാണ്.

(നജീബ് കടമ്പോട്ട് )

Share this story

Comments (0)

  • Be the first to write one.