1 July 2026 · 34 min read · ചരിത്രം

അടിയന്തിരാവസ്ഥ 1975-77

"ജനാധിപത്യമെന്നത് ഒരു തലമുറ നേടിയെടുക്കുന്ന സ്വത്തല്ല; ഓരോ തലമുറയും വീണ്ടും വീണ്ടും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമാണ്."


ഈ ലേഖനത്തിൽ വായനക്കാരൻ ആദ്യം കേൾക്കുന്നത് ആരോ ഒരു വാതിലിൽ മുട്ടുന്നതിന്റെ ശബ്ദമായിരിക്കാം.
എന്നാൽ,

ഇതിൻ്റെ അവസാന ഭാഗത്ത് കേൾക്കുന്നത് ഒരു വിദ്യാർത്ഥി, ഭരണഘടനയുടെ പേജുകൾ മറിക്കുന്ന   ശബ്ദമായിരിക്കും.

ആ രണ്ട് ശബ്ദങ്ങൾക്കിടയിലാണ് 1975–1977 കാലത്തെ ഇന്ത്യയുടെ മുഴുവൻ ചരിത്രവും ഒഴുകിപ്പരക്കുന്നത്.

@@@@@@@@@@@@@@@@@@@@@


അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകൾ 1975–1977.

ഒരു ജനതയുടെ മൗനത്തിന്റെ ചരിത്രം.

(മുഖവുര.)

ചരിത്രമെന്നത് എല്ലായ്പ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും പ്രധാനമന്ത്രിമാരുടെയും മാത്രം കഥയായി ഒടുങ്ങി തീരുന്നതല്ല. തീരേണ്ടതുമല്ല.

അത് ചിലപ്പോഴെങ്കിലും 

ഒരു കർഷകന്റെ ഭയമാകാം.

ഒരു അമ്മയുടെ കണ്ണീരാകാം.

ഒരു പത്രത്തിന്റെ ശൂന്യമായ

എഡിറ്റോറിയൽ പേജാകാം.

അർദ്ധരാത്രിയിൽ 

വാതിലിൽ മുഴങ്ങിയ 

ഒരു പൊലീസുകാരന്റെ മുട്ടാകാം.

ഒരു കോടതിവിധിയാകാം.

ഒരു വോട്ടേഴ്‌സ് ലിസ്റ്റാകാം.

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ ഇന്ത്യ അനുഭവിച്ച ഇരുപത്തൊന്ന് മാസങ്ങൾ പറയുന്നത് അത്തരമൊരു ചരിത്രമാണ്.

അതല്ലാതെ ആ കാലഘട്ടത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രമല്ല അത്.

അവരുടെ അധികാരത്തിന്റെ ഇടനാഴികളിൽ മാത്രം ഒതുങ്ങുന്ന ചരിത്രവുമല്ല.

അത് സാധാരണ മനുഷ്യരുടെ ജീവിതത്തിൽ അടിയന്തിരാവസ്ഥ എങ്ങനെയാണ് കടന്നുവന്നത് എന്നതിന്റെ നേർരേഖയാണ്.

ന്യൂഡൽഹിയിലെ ഒരു ഇടുങ്ങിയ തെരുവിൽ നിന്ന്...

ഹരിയാനയിലെ ഗോതമ്പുപാടങ്ങളിൽ നിന്ന്...

ബിഹാറിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ നിന്ന്...

ഉത്തർപ്രദേശിലെ ഗ്രാമവഴികളിൽ നിന്ന്...

തുർക്ക്മാൻ ഗേറ്റിലെ പൊടിപടലങ്ങളിൽ നിന്ന്...

ജയിലിലെ ഇരുണ്ട സെല്ലുകളിൽ നിന്ന്...

സെൻസറിന്റെ കത്രികയേറ്റ പത്രമുറികളുടെ മുറിവുകളിൽ നിന്ന്...

അവസാനം 1977-ലെ വോട്ടുപെട്ടികൾ വരെ നീളുന്ന ഒരു യാത്ര.

ഇതിൽ സാങ്കൽപ്പിക കഥാപാത്രങ്ങളില്ല.

ഇവിടെ പറയുന്ന പ്രധാന സംഭവങ്ങളെല്ലാം ചരിത്രരേഖകളിൽ നിന്ന് ശേഖരിച്ചതാണ്.

ചില സ്ഥലങ്ങളിൽ പേരറിയാത്ത മനുഷ്യർ പ്രത്യക്ഷപ്പെടുന്നുണ്ടാകാം.

എന്നാൽ അവർ സാങ്കൽപ്പികമായി സൃഷ്ടിക്കപ്പെട്ടവരല്ല.

അവരുടെ ജീവിതം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, 

പലപ്പോഴും 

അവരുടെ പേരുകൾ കാലത്തിന്റെ പൊടിയിൽ കുതിർന്നമർന്ന് പോയിരുന്നതാകാം.

ഇത്  അവർക്കു വേണ്ടിയുള്ളതാണ്.

മാഞ്ഞുപോയ അവരുടെ പേരുകളുടെ

വീണ്ടെടുപ്പിനുള്ളതാണ്.

ചരിത്രം പലപ്പോഴും വിജയികളുടെ പേരുകൾ മാത്രമേ ഓർത്തു വെയ്ക്കൂ.

പക്ഷേ, ചരിത്രത്തിന്റെ ഭാരം ചുമന്നത് പലപ്പോഴും പേരില്ലാത്ത ഈ മനുഷ്യരാണ്.

ഇത് അവരുടെ ശബ്ദം കേൾക്കാനുള്ള ഒരു ശ്രമമാണ്.

@@@@@@@@@@@@@@@@@@@@


അധ്യായം ഒന്ന്.

ആ രാത്രിയെ പൊതിഞ്ഞ ശബ്ദങ്ങൾ.

1975 ജൂൺ 25.

ന്യൂഡൽഹി.

രാത്രി 11 മണി കഴിഞ്ഞിരുന്നു.

ആകാശം നിറയെ കാർമേഘങ്ങളായിരുന്നു.

എങ്കിലും മഴ പെയ്തിരുന്നില്ല.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് പുറത്തുള്ള സുരക്ഷ പതിവിലും ശക്തമായിരുന്നു അപ്പോൾ.

അകത്ത് വിളക്കുകൾ അണഞ്ഞിരുന്നില്ല.

ടെലിഫോണുകൾ ഇടവിടാതെ മുഴങ്ങിക്കൊണ്ടിരുന്നു.

ഫയലുകൾ മേശകളിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

വരാനിരിക്കുന്ന ഏതാനും മണിക്കൂറുകൾ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തെ മാറ്റിമറിക്കുമെന്ന് അവിടെ ഉണ്ടായിരുന്നവർക്ക് അറിയാമായിരുന്നു.

എന്നാൽ, 

ആയിരക്കണക്കിന് കിലോമീറ്റർ അകലെ...

ഹരിയാനയിലെ ഒരു ഗ്രാമത്തിൽ 

ഒരു കർഷകൻ തന്റെ കാളകളെ തൊഴുത്തിൽ കെട്ടുകയായിരുന്നു.

ഉത്തർപ്രദേശിലെ

ഒരു റെയിൽവേ സ്റ്റേഷനിൽ അവസാന ട്രെയിൻ വിസിൽ മുഴക്കി നീങ്ങുകയായിരുന്നു.

ബിഹാറിൽ

ഒരു വിദ്യാർത്ഥി നാളത്തെ സമരത്തിനായി കൈകൊണ്ട് പോസ്റ്റർ എഴുതുകയായിരുന്നു.

പഴയ ഡൽഹിയിൽ

ഒരു റിക്ഷാക്കാരൻ അന്നത്തെ അവസാന യാത്രക്കാരനെ ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കേരളത്തിൽ

ഒരു മത്സ്യത്തൊഴിലാളി പുലർച്ചത്തെ കടൽയാത്രയ്ക്കായി വല മടക്കിവെക്കുകയായിരുന്നു.

അവരിൽ

ഒരാൾക്കുപോലും അറിയില്ലായിരുന്നു.

ഡൽഹിയിൽ അവരുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു തീരുമാനം എഴുതപ്പെടുകയാണെന്ന്.

അർധരാത്രിയോട് അടുക്കുമ്പോൾ രാഷ്ട്രപതി ഭവനിലെ ഒരു മുറിയിൽ ആ രേഖ തയ്യാറായി കഴിഞ്ഞിരുന്നു.

അതിൽ ഏതാനും വരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ, ആ ഏതാനും വരികളുടെ ഭാരം കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലേക്ക് പതിക്കാനിരിക്കുകയായിരുന്നു.

ആ രേഖയിൽ ഒപ്പുവെച്ച നിമിഷം മുതൽ ഇന്ത്യയിൽ 

അടിയന്തിരാവസ്ഥ 

നിലവിൽ വന്നു.

അതേ നിമിഷം മറ്റൊരു അദൃശ്യ ചക്രവും തിരിയാൻ തുടങ്ങി.

ഡൽഹിയിൽ നിന്ന് രഹസ്യ സന്ദേശങ്ങൾ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു.

പോലീസ് ആസ്ഥാനങ്ങളിലെ ടെലിഫോണുകൾ മുഴങ്ങി.

ജില്ലാ പൊലീസ് മേധാവിമാർക്ക് ഉത്തരവുകൾ കൈമാറപ്പെട്ടു.

ചില നഗരങ്ങളിൽ ജീപ്പുകൾ സ്റ്റാർട്ടായി.

ചിലയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക ഒരിക്കൽക്കൂടി പരിശോധിച്ചു.

രാത്രി ഒന്നര മണി.

ന്യൂഡൽഹിയിലെ ഒരു വീട്ടിൽ ബെൽ മുഴങ്ങി.

വീട്ടുടമ വാതിൽ തുറന്നു.

പുറത്ത് മൂന്ന് പൊലീസുകാർ.

"നിങ്ങൾ ഞങ്ങളോടൊപ്പം വരണം."

"എന്തിനാണ് ? എന്താണ് കുറ്റം?"

ഉദ്യോഗസ്ഥൻ നിമിഷനേരം മൗനമായി നിന്നു. പിന്നെ പതുക്കെ പറഞ്ഞു.

"ഉത്തരവാണ്..."

ആ രാത്രി ഇന്ത്യയിൽ ആയിരക്കണക്കിന് വീടുകളിൽ നടന്ന സംഭാഷണം ഇത് തന്നെയായിരുന്നു.

കുറ്റം പലപ്പോഴും വ്യക്തമാക്കപ്പെട്ടില്ല.

വിചാരണ ഉണ്ടായില്ല.

പക്ഷേ അറസ്റ്റ് നടന്നു.

ആ രാത്രി ഒരു രാജ്യത്തിന്റെ നിയമപുസ്തകത്തിൽ പുതിയൊരു അധ്യായം എഴുതപ്പെട്ടു.

അതേ രാത്രി കോടിക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതത്തിലും ഒരു പുതിയ അദ്ധ്യായം ആരംഭിച്ചു കഴിഞ്ഞിരുന്നു.

അത് ഭയത്തിന്റെ അദ്ധ്യായമായിരുന്നു.

@@@@@@@@@@@@@@@@@@@@@



അദ്ധ്യായം രണ്ട് .

വാതിലിൽ മുഴങ്ങിയ മുട്ട്.

ഡൽഹി.

1975 ജൂൺ 26. രാത്രി 1.40

വാതിലിലെ

ആദ്യത്തെ മുട്ട് മൃദുവായിട്ടായിരുന്നു.

വീട്ടിനുള്ളിൽ ആരും ഉണർന്നില്ല.

രണ്ടാമത്തെ മുട്ട് കുറച്ചുകൂടി ശക്തമായി.

മൂന്നാമത്തേത് ഒരു അറിയിപ്പു പോലെയായിരുന്നു.

"വാതിൽ തുറക്കൂ... പൊലീസാണ്."

അകത്ത് ഒരു വിളക്ക് തെളിഞ്ഞു.

മുറ്റത്തെ മാവിന്റെ ഇലകൾക്കിടയിലൂടെ വീണ മങ്ങിയ വെളിച്ചത്തിൽ കാക്കി യൂണിഫോം ധരിച്ച മൂന്ന് പോലീസുകാർ നിശ്ശബ്ദരായി നിന്നു.

അവരിൽ ഒരാളുടെ കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു.

ആ ഫയലിൽ ഒരു പേരുണ്ടായിരുന്നു.

ആ പേര് , ആ രാത്രിയിൽ, അതേ അവസ്ഥ നേരിടേണ്ടി വന്ന ആയിരക്കണക്കിന് മനുഷ്യരുടെ പേരുകളിൽ ഒന്ന് മാത്രമായിരുന്നു.

വാതിൽ തുറന്നു.

"എന്താണ് കാര്യം?"

പോലീസ് ഓഫീസർ തൊപ്പി നേരെയാക്കി.

"ഞങ്ങളോടൊപ്പം വരണം."

"ഇപ്പോൾ?"

"അതെ... ഇപ്പോൾത്തന്നെ."

"എന്താണ് കുറ്റം?"

ചോദ്യം വായുവിൽ തങ്ങി.

ഉത്തരം വന്നില്ല.

ഉത്തരവാണ് ഉണ്ടായിരുന്നത്.

അതേ സമയം, ന്യൂഡൽഹിയിലെ തന്നെ മറ്റൊരു വീട്ടിൽ എഴുപത്തിരണ്ടുകാരനായ ഒരാൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു.

അദ്ദേഹം ജയിലുകൾ പുതുമയുള്ള ഒരാളായിരുന്നില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ,

സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലും പോലീസ് അദ്ദേഹത്തിന്റെ വാതിൽക്കൽ എത്തിയിരിക്കുകയാണ്.

ആ വൃദ്ധന്റെ പേര് ജയപ്രകാശ് നാരായൺ.

അദ്ദേഹം ശാന്തനായി നിന്ന് വസ്ത്രം ധരിച്ചു.

പോലീസ് ഉദ്യോഗസ്ഥനെ നോക്കി ഒറ്റ ചോദ്യം മാത്രം ചോദിച്ചു.

"പോകാമല്ലോ, അല്ലേ?"

അദ്ദേഹത്തെ കൊണ്ടുപോയ വാഹനത്തിന്റെ പിൻവിളക്കുകൾ ഇരുട്ടിൽ മറഞ്ഞു.

ആ രാത്രി ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷ ശബ്ദങ്ങളിലൊന്നിൻ്റെ ജയിലിലേക്കുള്ള യാത്ര തുടങ്ങുകയായി .

ന്യൂഡൽഹിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ മറ്റൊരു വീട്ടിൽ

മറ്റൊരു വാതിൽ തുറന്നു.

അവിടെ നിന്നിറങ്ങിയത്

മൊറാർജി ദേശായി.

മറ്റൊരിടത്ത്

അടൽ ബിഹാരി വാജ്പേയി.

മറ്റൊരു നഗരത്തിൽ

ലാൽകൃഷ്ണ അഡ്വാനി.

പിന്നീട് ഭൂഗർഭജീവിതത്തിലേക്ക് മാറുകയും  അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ജോർജ് ഫെർണാണ്ടസ് പോലുള്ള നേതാക്കൾ ആ കാലഘട്ടത്തിന്റെ പ്രതിരോധത്തിന്റെ പ്രതീകങ്ങളായി മാറി.

രാഷ്ട്രീയ ആശയങ്ങൾ വ്യത്യസ്തമായിരുന്നു.

പാർട്ടികൾ വ്യത്യസ്തമായിരുന്നു.

എന്നാൽ ആ രാത്രിയിൽ അവർക്കെല്ലാം ഒരു സാമ്യം ഉണ്ടായിരുന്നു.

അവർ ഭരണകൂടത്തിന്റെ എതിരാളികളായിരുന്നു.

ഈ അറസ്റ്റുകൾ ഒരു നഗരത്തിൽ മാത്രമായിരുന്നില്ല.

ന്യൂഡൽഹി...

ലഖ്നൗ...

പട്ന...

ചണ്ഡീഗഢ്...

ജയ്പുർ...

അഹമ്മദാബാദ്...

രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാത്രിയുടെ നിശ്ശബ്ദതയിൽ പൊലീസ് ജീപ്പുകൾ ചീറി പാഞ്ഞു നടന്നു.

ചരിത്രകാരന്മാർ പിന്നീട് രേഖപ്പെടുത്തിയത്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് പ്രമുഖ നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ്. തുടർന്ന് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (MISA) ഉൾപ്പെടെയുള്ള നിയമങ്ങളുടെ കീഴിൽ പതിനായിരക്കണക്കിന് ആളുകളും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.

ആ രാത്രി ഉറക്കം നഷ്ടപ്പെട്ടത് നേതാക്കൾക്ക് മാത്രമായിരുന്നില്ല.

ഒന്നുമറിയാത്ത സാധാരണക്കാർക്കും കൂടിയായിരുന്നു.

ഒരമ്മ തേങ്ങലോടെ വാതിൽക്കൽ നിന്നു.

ഒരു ഭാര്യ ഭർത്താവിന്റെ ഷർട്ട് മടക്കി ബാഗിലിട്ടു.

ഒരു കുട്ടി ഉറക്കച്ചടവിൽ ചോദിച്ചു.

"അച്ഛൻ എവിടേക്കാണ് പോകുന്നതമ്മേ?"

ആ ചോദ്യത്തിന് ആ രാത്രിയിൽ

ഒരു വീടുകളിലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.

അതേസമയം ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗിലുള്ള പത്രം ഓഫീസുകളിൽ മറ്റൊരു നിശ്ശബ്ദത രൂപം കൊള്ളുകയായിരുന്നു.

അച്ചടിക്കായി തയ്യാറായിരുന്ന വാർത്തകൾ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം വന്നു.

ചില തലക്കെട്ടുകൾ മാറ്റി.

ചില റിപ്പോർട്ടുകൾ ഒഴിവാക്കി.

ചില വാർത്തകൾ ഒരിക്കലും വെളിച്ചം കണ്ടില്ല.

ഇന്ത്യയിൽ അന്ന് ഒരു പുതിയ പദം സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്കും കടന്നുവന്നു.

"പ്രസ്സ് സെൻസർഷിപ്പ്."

പത്രപ്രവർത്തകർ അന്നുരാത്രി മനസ്സിലാക്കി

ഇനി വാർത്ത എഴുതുന്നതു കൊണ്ടു മാത്രം മതിയാകില്ല.

അത് പ്രസിദ്ധീകരിക്കാൻ അനുമതിയും വേണ്ടിയിരിക്കുന്നു.

ന്യൂഡൽഹിയിലെ ജയിലുകളിലേക്ക് പോലീസ് വാഹനങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരുന്നു.

ഓരോ വാഹനത്തിൽ നിന്നും ഇറങ്ങുന്ന ഓരോ മുഖവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഓരോ അദ്ധ്യായമായിരുന്നു.

എന്നാൽ ആ വാഹനങ്ങൾക്കിടയിൽ ചരിത്രം മറ്റൊരു കാര്യം നിശ്ശബ്ദമായി എഴുതുകയായിരുന്നു.

പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുക എളുപ്പമായിരിക്കാം.

പക്ഷേ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സമൂഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയുമോ?

ആ ചോദ്യത്തിനുള്ള ഉത്തരം അപ്പോൾ ഇരുപത്തൊന്ന് മാസം അകലെയായിരുന്നു.

@@@@@@@@@@@@@@@@@@@@@

അദ്ധ്യായം മൂന്ന്.

ഒരു വാർത്ത കൊല്ലപ്പെടുന്നു.

ഡൽഹി,

1975 ജൂൺ 26, രാവിലെ 2.25.

അവൾ ജനിച്ചത് ഒരു ടൈപ്പ് റൈറ്ററിന്റെ കീബോർഡിലായിരുന്നു.

കറുത്ത മഷി പുരണ്ട അക്ഷരങ്ങളായി.

അവൾക്ക് ഏതാനും വരികളുടെ ലോല ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"പ്രതിപക്ഷ നേതാക്കളെ അർധരാത്രിയിൽ അറസ്റ്റ് ചെയ്തു..."

അത്രമാത്രം.

പക്ഷേ ആ ഏതാനും വരികൾ അടുത്ത ദിവസം ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ വായിക്കേണ്ട ഒരു വാർത്തയായിരുന്നു.

ന്യൂസ് എഡിറ്റർ പേജ് ഒരിക്കൽക്കൂടി വായിച്ചു.

വാക്കുകൾ കൃത്യമായിരുന്നു.

വസ്തുതകൾ പരിശോധിച്ചിരുന്നു.

റിപ്പോർട്ടർ രണ്ടു തവണ അത് സ്ഥിരീകരിച്ചിരുന്നു.

ഇനി അത് അച്ചടിക്കായി അയച്ചാൽ മതി.

അതേ സമയം ടെലിഫോൺ മണിയടിച്ചു.

ന്യൂസ് റൂമിലെ ശബ്ദങ്ങൾ പെട്ടെന്ന് നിലച്ചു.

റിസീവർ എടുത്ത എഡിറ്ററുടെ മുഖത്ത് നിമിഷങ്ങൾക്കകം ഒരു അസ്വാഭാവിക ഗൗരവം നിറഞ്ഞു.

"അതെ..."

"മനസ്സിലായി..."

"ശരി..."

അദ്ദേഹം പതുക്കെ റിസീവർ വച്ചു.

മുറിയിൽ ഉണ്ടായിരുന്നവർ ഒന്നും ചോദിച്ചില്ല.

അദ്ദേഹം പറയാൻ പോകുന്നത് എന്താണെന്ന് എല്ലാവർക്കും ഏകദേശം മനസ്സിലായിരുന്നു.

അദ്ദേഹം പതുക്കെ പറഞ്ഞു:

"ആ വാർത്ത...... അതിനി വേണ്ട. മാറ്റി വെച്ചേക്കു."

അത്രയേയുണ്ടായിരുന്നുള്ളൂ.

ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ആ രാത്രി അച്ചടിയന്ത്രത്തിലേക്ക് പോയില്ല.

അന്നുരാത്രി, 

ഡൽഹിയിലെ ഒരു പത്രം മാത്രമായിരുന്നില്ല അത്. രാജ്യത്തെ പ്രധാന പത്രങ്ങളിലെല്ലാം ഏതാണ്ട് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്.

വാർത്തകൾ എഴുതി.

വീണ്ടും വായിച്ചു.

തിരുത്തി.

പിന്നെ...

അവ വേണ്ടെന്ന് വെച്ചു.

അല്ലെങ്കിൽ വെട്ടിമാറ്റി.

അല്ലെങ്കിൽ തലക്കെട്ട് മാറ്റി.

അല്ലെങ്കിൽ പ്രസിദ്ധീകരിക്കാനാകാതെ പോയി.

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ആദ്യമായി, ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ അതിൻ്റെ സത്യസന്ധത മാത്രം പോരാ എന്ന അവസ്ഥ വന്നിരിക്കയാണ്.

അതിന് സർക്കാരിന്റെ അനുമതിയും ആവശ്യമായിരിക്കുന്നു.

ആ രാത്രി മുതൽ ഓരോ പത്രപ്രവർത്തകനും ഒരു പുതിയ സഹപ്രവർത്തകനെ കൂടി ലഭിച്ചു.

അയാളെ നിയമിച്ചത് ഒരു പത്രവും ആയിരുന്നില്ല.

ഒരു മാധ്യമസ്ഥാപനവും ആയിരുന്നില്ല.

അയാളുടെ പേര്

സെൻസർ.

പത്രം അച്ചടിക്കാൻ പോകുന്നതിന് മുമ്പ് പല വാർത്തകളും സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. അറസ്റ്റുകൾ, പ്രതിഷേധങ്ങൾ, ഭരണകൂടത്തെ വിമർശിക്കുന്ന റിപ്പോർട്ടുകൾ, ചില രാഷ്ട്രീയ പ്രസ്താവനകൾ. ഇവയിൽ പലതും പ്രസിദ്ധീകരിക്കപ്പെടാതെ പോയി.

വായനക്കാർക്ക് പതിവ് പോലെ

പിറ്റേന്ന് രാവിലെയും പത്രം ലഭിച്ചു.

പക്ഷേ ആ പത്രം,

മുഴുവൻ സത്യവും പറഞ്ഞില്ല.

അവർക്ക് അറിയില്ലായിരുന്നു,

ചില വാർത്തകൾ അച്ചടിക്കുന്നതിന് മുമ്പേ മരിച്ചു പോയിരുന്നെന്ന്.

ഒരു മുതിർന്ന പത്രപ്രവർത്തകൻ പിന്നീട് ഓർത്തെടുത്തു:

"ഞങ്ങൾ വാർത്ത എഴുതുന്നത് നിർത്തിയില്ല. പക്ഷേ പല വാർത്തകൾക്കും വായനക്കാരിലേക്കെത്താൻ  കഴിഞ്ഞില്ല."

അതായിരുന്നു ആ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം.

 ഒരു വാർത്തയുടെ മരണം 

ഒരു റിപ്പോർട്ടറുടെ പരാജയമല്ല.

ഒരു ജനാധിപത്യത്തിന്റെ നഷ്ടമാണ്.

അതേസമയം ഡൽഹിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ ജനങ്ങൾ പിറ്റേന്നത്തെ പ്രഭാതത്തിലേക്ക് ഉണരുകയായിരുന്നു.

അവർക്ക് അറിയില്ലായിരുന്നു.

അവരുടെ ജീവിതത്തിലേക്ക് ഇനിയും ഒരു സർക്കാർ പരിപാടി കടന്നുവരാനിരിക്കുന്നുവെന്ന്.

അതിന്റെ പേര്

കുടുംബാസൂത്രണമെന്നായിരുന്നു.

അത് ഒരു പുതിയ പദ്ധതിയായിരുന്നില്ല.

പക്ഷേ ഇനി അതിന്റെ നടപ്പാക്കൽ പഴയതുപോലെയായിരിക്കില്ല എന്ന് മാത്രം.

ഇനി ഓരോ ജില്ലയ്ക്കും ഒരു സംഖ്യ ഉണ്ടാകും.

ഓരോ ബ്ലോക്കിനും ഒരു ലക്ഷ്യം ഉണ്ടാകും.

ആ ലക്ഷ്യം നിറവേറ്റേണ്ടത് മനുഷ്യരുടെ ശരീരങ്ങളിലൂടെയായിരിക്കും.

ചരിത്രം പതുക്കെ മറ്റൊരു ഇരുണ്ട അധ്യായത്തിലേക്ക് കടക്കുകയായിരുന്നു.

@@@@@@@@@@@@@@@@@@@@@@@

അധ്യായം നാല്.

അധികാരത്തിന്റെ നിഴലിൽ ഒരു യുവാവ്

ന്യൂഡൽഹി.

1976.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മന്ത്രിമാർ ഇടതടവില്ലാതെ വരികയും പോകുകയും ചെയ്തു. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ ഫയലുകളുമായി ഇടനാഴികളിലൂടെ നടന്നു.

മുഖ്യമന്ത്രിമാർ ഡൽഹിയിലെത്തി കൂടിക്കാഴ്ചകൾ നടത്തി.

എന്നാൽ ആ കാലത്ത് ഡൽഹിയിൽ മറ്റൊരു വിലാസവും ഭരണനിർവഹണത്തിന്റെ അനൗപചാരിക കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരുന്നു.

അവിടെ ഔദ്യോഗിക മന്ത്രിസഭാ യോഗങ്ങൾ നടന്നിരുന്നില്ല.

അവിടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നിരുന്നില്ല.

പക്ഷേ അവിടെ പറയുന്ന വാക്കുകൾ പലപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റുകളിലേക്കും ജില്ലാ ഓഫീസുകളിലേക്കും എത്തിച്ചേരുന്നുവെന്ന് ഭരണകൂടത്തിനുള്ളിൽ വ്യാപകമായി വിശ്വസിക്കപ്പെട്ടു.

ആ ഓഫീസിൻ്റെ  ഉടമ പ്രധാനമന്ത്രിയല്ലായിരുന്നു.

അത് പ്രധാനമന്ത്രിയുടെ ഇളയ മകനായ സഞ്ജയ് ഗാന്ധിയുടേതായിരുന്നു.

1975-ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ സഞ്ജയ് ഗാന്ധിക്ക് ഭരണഘടനാപരമായ ഒരു പദവിയും ഉണ്ടായിരുന്നില്ല.

അദ്ദേഹം മന്ത്രിയല്ല.

പാർലമെന്റ് അംഗമല്ല.

സിവിൽ സർവീസിലെ ഉദ്യോഗസ്ഥനുമല്ല.

എന്നാൽ, അന്നത്തെ നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനിരീക്ഷകരുടെയും പിന്നീട് പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളുടെയും അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ സ്വാധീനം ഔദ്യോഗിക പദവികളെക്കാൾ ഏറെ വ്യാപിച്ചതായി ചിത്രീകരിക്കപ്പെടുന്നു.

സഞ്ജയ് ഗാന്ധി രാജ്യത്തിനായി ഒരു അഞ്ചിന പരിപാടി മുന്നോട്ടുവച്ചു.

അതിൽ പ്രധാനമായി ഉൾപ്പെട്ടത്:

കുടുംബാസൂത്രണം.

മരങ്ങൾ നട്ടുപിടിപ്പിക്കൽ.

നിരക്ഷരത നിർമാർജനം.

സ്ത്രീധനവിരുദ്ധ പ്രചാരണം.

ജാതിവ്യവസ്ഥയ്‌ക്കെതിരായ ബോധവൽക്കരണം.

ഡൽഹിയിലെ അധികാര ഇടനാഴികളിൽ ഒരു ചോദ്യം പതിവായി ഉയർന്നു:

"ഇത് സർക്കാരിന്റെ തീരുമാനമാണോ... അതോ സഞ്ജയ് ഗാന്ധിയുടെ ആഗ്രഹമാണോ?"

പലപ്പോഴും രണ്ടും വേർതിരിച്ചറിയുക എളുപ്പമായിരുന്നില്ല.

ഈ ലക്ഷ്യങ്ങളിൽ ചിലത് സ്വതവേ സാമൂഹികമായി അഭിലഷണീയമായവയായിരുന്നു.

പക്ഷേ ചരിത്രത്തിൽ ഒരു പദ്ധതിയെ വിലയിരുത്തുന്നത് അതിന്റെ ലക്ഷ്യങ്ങൾ കൊണ്ടു മാത്രമല്ല.

അത് നടപ്പാക്കിയ രീതികൊണ്ടു കൂടിയാണ് .

അതാണ് 1976-ലെ ഇന്ത്യയെ വിവാദങ്ങളുടെ കേന്ദ്രമാക്കിയത്.

ഡൽഹിയിൽ നിന്ന് സന്ദേശങ്ങൾ പുറപ്പെട്ടു.

സംസ്ഥാനങ്ങളിലേക്ക്.

മുഖ്യമന്ത്രിമാരിലേക്ക്.

ജില്ലാ കളക്ടർമാരിലേക്ക്.

ആരോഗ്യവകുപ്പ് ഡയറക്ടർമാരിലേക്ക്.

"ലക്ഷ്യം കൈവരിക്കണം."

"സംഖ്യ ഉയരണം."

"പുരോഗതി റിപ്പോർട്ട് അയയ്ക്കണം."

ഈ ഭരണഭാഷ വളരെ വേഗത്തിൽ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

ഒരു ജില്ലയിൽ അത് സമ്മർദ്ദമായി.

മറ്റൊരിടത്ത് അത് ഭീഷണിയായി.

ചില സ്ഥലങ്ങളിൽ അത് നിർബന്ധമായി.

സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായികളിൽ ചിലർ അദ്ദേഹത്തെ പുതിയ ഇന്ത്യയുടെ ശില്പിയായി അവതരിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ പരിപാടികളെ ആവേശത്തോടെ ഏറ്റെടുത്തു.

മാററത്തിലേക്ക് കുതിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവർ കണ്ടത്.

ഇക്കാലത്ത് യൂത്ത് കോൺഗ്രസിന്റെ നേതാവ് എന്ന പദവി മാത്രമായിരുന്നു സഞ്ജയ്ഗാന്ധിക്കുണ്ടായിരുന്നതെന്നോർക്കണം. എന്നാൽ പ്രധാനമന്ത്രിയുടെ വസതിയായ നമ്പർ വൺ അക്ബർ റോഡ് കേന്ദ്രീകരിച്ച് സഞ്ജയും അദ്ദേഹത്തിന്റെ വിശ്വസ്തരായ ഡി.കെ. ബറുവ (കോൺഗ്രസ് പ്രസിഡന്റ്), ബൻസി ലാൽ (പ്രതിരോധ മന്ത്രി), വി.സി. ശുക്ല (വാർത്താവിനിമയ മന്ത്രി) എന്നിവരടങ്ങുന്ന ഒരു സംഘമാണ് രാജ്യം ഭരിച്ചത്. ഭരണസംവിധാനത്തെ പൂർണ്ണമായും തന്റെ വിരൽത്തുമ്പിലാക്കാൻ സഞ്ജയ് ഗാന്ധിക്ക് കഴിഞ്ഞു. ഉദ്യോഗസ്ഥവൃന്ദവും പൊലീസും അദ്ദേഹത്തിൻ്റെ ആജ്ഞാനുവർത്തികളായി മാറി.

പക്ഷേ, അതേ സമയത്ത്

ഗ്രാമങ്ങളിൽ ഒളിച്ചിരുന്ന പുരുഷന്മാരും

വാസക്ടമിക്കു വേണ്ടി വരിയൊപ്പിച്ചു നിൽക്കാൻ നിർബന്ധിതരായ തൊഴിലാളികളും

തങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് കരുതിയ സാധാരണ മനുഷ്യരുമടങ്ങുന്ന മറ്റൊരു ഇന്ത്യയും ഉണ്ടായിരുന്നു.

ഈ രണ്ട് ഇന്ത്യകൾ തമ്മിലുള്ള അകലം ഓരോ ദിവസവും വർധിച്ചുകൊണ്ടിരുന്നു.

ചരിത്രകാരൻമാർ പില്ക്കാലത്ത് എഴുതിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്.

അടിയന്തിരാവസ്ഥക്കാലത്ത് ഔദ്യോഗിക ഭരണഘടനാപരമായ അധികാരവും അനൗപചാരിക രാഷ്ട്രീയ സ്വാധീനവും തമ്മിലുള്ള അതിർത്തികൾ മങ്ങിപ്പോയി എന്നതായിരുന്നു ആ കണ്ടെത്തൽ.

ഈ സാഹചര്യത്തിലാണ് സഞ്ജയ് ഗാന്ധിയുടെ പങ്ക് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായി മാറിയത്.

(ഷാ കമ്മീഷനും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട നിരവധി പഠനങ്ങളും, അധികാരത്തിന്റെ ഈ കേന്ദ്രീകരണത്തെയും ഭരണനിർവഹണത്തിൽ ഉണ്ടായ അമിത സമ്മർദ്ദങ്ങളെയും പ്രത്യേകം പരിശോധിച്ചിട്ടുണ്ട്.)

ഡൽഹിയിൽ സഞ്ജയ് ഗാന്ധിയുടെ സ്വാധീനം വർധിച്ചുകൊണ്ടിരുന്നു.

എന്നാൽ അതേ സമയം, പഴയ ഡൽഹിയിലെ ഒരു പ്രദേശത്ത് മറ്റൊരു പദ്ധതി രൂപം കൊള്ളുകയായിരുന്നു.

അതിന്റെ പേരായിരുന്നു

"നഗര നവീകരണം."

ആ വാക്ക് കേൾക്കുമ്പോൾ പ്രതീക്ഷ തോന്നാം. പക്ഷേ തുർക്ക്മാൻ ഗേറ്റിലെ ജനങ്ങൾക്ക് അതിന് മറ്റൊരു അർത്ഥമായിരുന്നു. അവർക്ക് അതിന്റെ ശബ്ദം ഇങ്ങനെയായിരുന്നു.

ബുൾഡോസറിന്റെ എഞ്ചിൻ സ്റ്റാർട്ടാകുന്ന ശബ്ദം.

@@@@@@@@@@@@@@@@@@@@@

അദ്ധ്യായം അഞ്ച്.

ഗ്രാമത്തിലേക്ക് വന്ന ജീപ്പ്.

ഹരിയാന,1976 സെപ്റ്റംബർ.

പുലർച്ചെ അഞ്ചുമണി.

ഗ്രാമം ഇനിയും പൂർണമായി ഉണർന്നിരുന്നില്ല.

കിണറ്റിൽ നിന്ന് ആദ്യത്തെ വെള്ളം കോരുന്ന ശബ്ദം.

അകലെ ഗോതമ്പുപാടങ്ങളിൽ നിന്നുള്ള കാറ്റിന്റെ ഇരമ്പൽ.

പള്ളിയിൽ നിന്ന് പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളി.

അധികം വൈകാതെ ക്ഷേത്രമണിയും  മുഴങ്ങി.

ഗ്രാമം മറ്റൊരു സാധാരണ ദിവസത്തിലേക്ക് ഉണരുകയായിരുന്നു.

അപ്പോഴാണ് ഒരാൾ ഓടി വന്ന് ശ്വാസംമുട്ടലോടെ പറഞ്ഞത്,

"ജീപ്പ്... ജീപ്പ് വരുന്നു..."

ഒരു നിമിഷം കൊണ്ട് അന്തരീക്ഷം മാറി.

വയലിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന പുരുഷന്മാർ പരസ്പരം നോക്കി.

ചിലർ വീടിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേക്കിറങ്ങി.

ചിലർ കരിമ്പിൻതോട്ടത്തിലേക്ക് ഓടി.

മറ്റുചിലർ അടുത്ത ഗ്രാമത്തിലേക്കുള്ള ഇടവഴികളിലൂടെ അപ്രത്യക്ഷരായി.

ഇത് കള്ളന്മാരെ കണ്ടുള്ള ഓട്ടമായിരുന്നില്ല.

പോലീസിനെ കണ്ടുള്ള ഓട്ടവുമല്ല.

ഇത് ഒരു സർക്കാർ വാഹനത്തെ കണ്ടുള്ള ഓട്ടമായിരുന്നു.

ഗ്രാമത്തിലേക്ക് പ്രവേശിച്ച ജീപ്പിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട ജീവനക്കാരും ഉണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ പോലീസും ഒപ്പമുണ്ടായിരുന്നു.

അവരുടെ കൈവശം ഒരു പട്ടികയുണ്ടായിരുന്നു.

അതിൽ മനുഷ്യരുടെ പേരുകളല്ല ഉണ്ടായിരുന്നത്. പേരുകൾക്ക് പകരം

നമ്പറുകളായിരുന്നു.

ഈ മാസം എത്ര വന്ധ്യംകരണ ശസ്ത്രക്രിയകൾ?

ഈ ആഴ്ച എത്ര?

ഈ ഗ്രാമത്തിൽ നിന്ന് എത്ര?

അങ്ങനെ കുറെ സംഖ്യകളും അതിൽ എഴുതി ചേർക്കപ്പെട്ടിരുന്നു.

ലക്ഷ്യം പൂർത്തിയാക്കാത്ത ജില്ലകളെക്കുറിച്ച് മുകളിലേക്കുള്ള റിപ്പോർട്ടുകൾ പോകുമായിരുന്നു.

ആ സമ്മർദ്ദം ഇപ്പോൾ പതിയെ താഴേക്കിറങ്ങുകയാണ്.

സംസ്ഥാന ഭരണകൂടങ്ങളിലേക്ക്.

ജില്ലാ ഓഫീസുകളിലേക്ക്.

ബ്ലോക്ക് ഓഫീസുകളിലേക്ക്.

ആരോഗ്യപ്രവർത്തകരിലേക്ക്.

അങ്ങനെ ഒടുവിൽ അത് ഗ്രാമത്തിലെ സാധാരണ മനുഷ്യന്റെ വാതിൽക്കൽ എത്തിയിരിക്കയാണ്.

ഇന്ത്യയിൽ കുടുംബാസൂത്രണ പരിപാടി പുതിയതായിരുന്നില്ല.

1950-കളിൽ തന്നെ സർക്കാർ അത് ആരംഭിച്ചിരുന്നു.

പക്ഷേ 1976-ൽ അതിന്റെ സ്വഭാവം പല പ്രദേശങ്ങളിലും മാറി.

പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അമിത സമ്മർദ്ദം ഭരണസംവിധാനത്തെ, മനുഷ്യരുടെ സമ്മതത്തെക്കാൾ കണക്കുകൾക്ക് പ്രാധാന്യം നൽകുന്ന അവസ്ഥയിലേക്ക് നയിച്ചു.

ഈ കാലഘട്ടത്തിൽ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടികളിൽ കുടുംബാസൂത്രണത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചു. അത് ഔദ്യോഗിക സർക്കാർ നയവും പ്രാദേശിക ഭരണകൂടത്തിന്റെ പ്രവർത്തനരീതിയും തമ്മിൽ ചേർന്നപ്പോൾ പല സ്ഥലങ്ങളിലും ഗുരുതരമായ അധികാര ദുരുപയോഗങ്ങൾക്ക് വഴിവെച്ചു.

ഒരു ഗ്രാമത്തിലെ ഒരു സ്കൂൾ അധ്യാപകൻ പറഞ്ഞതിങ്ങനെ:

"ഇനിയുമെത്രനാൾ കഴിഞ്ഞാലാകും സമാധാനമായിട്ടൊന്ന് ഉറങ്ങാനാവുക."

അടുത്ത ഗ്രാമത്തിൽ ഒരു അമ്മ മകനോട് പറഞ്ഞു:

"നിന്റെ അച്ഛൻ വയലിലാണെന്ന് പറഞ്ഞാൽ മതി."

മറ്റൊരിടത്ത് ഒരു വിവാഹം മാറ്റിവച്ചു.

കാരണം വരൻ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല.

അയാൾ ഒളിച്ചിരിക്കുകയായിരുന്നു.

ചരിത്രകാരന്മാർ പിന്നീട് രേഖപ്പെടുത്തി.

ചില സ്ഥലങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ വന്ധ്യംകരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തി.

ചിലയിടങ്ങളിൽ റേഷൻ, വായ്പ, ഭൂമിപട്ടയം, സർക്കാർ സേവനങ്ങൾ എന്നിവയിൽ സമ്മർദ്ദം ചെലുത്തിയതായി സാക്ഷ്യങ്ങൾ ലഭിച്ചു.

എല്ലായിടത്തും ഒരേ രീതിയിലായിരുന്നില്ല.

എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെയായിരുന്നില്ല.

പക്ഷേ നിരവധി ജില്ലകളിൽ ഭരണലക്ഷ്യങ്ങൾ മനുഷ്യാവകാശങ്ങളെ മറികടന്നുവെന്നത് പിന്നീട് നടന്ന അന്വേഷണങ്ങളിലും പഠനങ്ങളിലും ആവർത്തിച്ച് ഉയർന്നുവന്ന കണ്ടെത്തലാണ്.

ആ ഗ്രാമത്തിലെ ഒരു വൃദ്ധസ്ത്രീ ജീപ്പ് അകന്നുപോകുന്നത് നോക്കി നിന്നു.

അവരുടെ മുഖത്ത് ആശ്വാസമുണ്ടായിരുന്നില്ല.

കാരണം അവർക്കറിയാമായിരുന്നു

ജീപ്പ് വീണ്ടും വരും.

നാളെ.

അല്ലെങ്കിൽ അടുത്ത ആഴ്ച.

വീണ്ടും ഒരു പട്ടികയുമായി.

വീണ്ടും ഒരു ലക്ഷ്യവുമായി.

ആ ദിവസം ഗ്രാമത്തിൽ നിന്ന് ഓടിപ്പോയ പുരുഷന്മാർ വൈകുന്നേരം മാത്രമാണ് മടങ്ങിയെത്തിയത്.

എന്നാൽ അവരുടെ ഭയം ആ വൈകുന്നേരത്തോടെ അവസാനിച്ചില്ല.

അത് അടുത്ത പല മാസങ്ങളും അവരോടൊപ്പം ജീവിച്ചു.

ചരിത്രം ചിലപ്പോൾ യുദ്ധങ്ങൾ കൊണ്ടല്ല ഭയപ്പെടുത്തുന്നത്.

ഒരു സർക്കാർ ജീപ്പിന്റെ ശബ്ദം പോലും മതിയാകും അതിന്. 

@@@@@@@@@@@@@@@@@@@@@

അദ്ധ്യായം ആറ്.

ബുൾഡോസറിൻ്റെ വരവ്.

പഴയ ഡൽഹി.

തുർക്ക്മാൻ ഗേറ്റ്.

1976 ഏപ്രിൽ.

സൂര്യൻ ഉദിക്കാൻ ഇനിയും സമയമുണ്ടായിരുന്നു. ഡൽഹി നഗരത്തിൻ്റെ

ഇടുങ്ങിയ തെരുവുകളിലൂടെ പാൽക്കാരൻ സൈക്കിൾ തള്ളിക്കൊണ്ടു പോവുന്നുണ്ടായിരുന്നു.

ഒരു ചായക്കടയുടെ അടുപ്പ് കത്തിത്തുടങ്ങി.

അടുത്തുള്ള പള്ളിയിൽ നിന്ന് പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് മുഴങ്ങി.

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന ആ പഴയ പ്രദേശത്ത് അതും മറ്റൊരു സാധാരണ പ്രഭാതം പോലെയായിരുന്നു.

അവരുടെ വീടുകൾ ചെറുതായിരുന്നു.

മുറ്റങ്ങൾ ഇടുങ്ങിയതായിരുന്നു.

എന്നാൽ ആ വീടുകൾക്ക് ഒരു ചരിത്രമുണ്ടായിരുന്നു.

അവിടെ താമസിച്ചിരുന്നവരിൽ പലരും വിഭജനകാലത്തെ അഭയാർഥികളായിരുന്നു.

ചില കുടുംബങ്ങൾ തലമുറകളായി അവിടെയായിരുന്നു.

ചെരിപ്പുകുത്തുന്നവൻ.

തയ്യൽക്കാരൻ.

റിക്ഷാക്കാരൻ.

ചായക്കടക്കാരൻ.

പലചരക്ക് കച്ചവടക്കാരൻ.

ഡൽഹിയുടെ ഭൂപടത്തിൽ അവരെ കാണാൻ പ്രയാസമായിരുന്നെങ്കിലും, ഡൽഹിയുടെ ജീവിതത്തിൽ അവർ അനിവാര്യരായിരുന്നു.

ആ പ്രഭാതത്തിൽ അവർ പതിവുപോലെ അന്നത്തെ ജോലിക്കായി തയ്യാറെടുക്കുകയായിരുന്നു.

അപ്പോഴാണ് ദൂരെ നിന്നും ഒരു ശബ്ദം ഉയർന്നത്.

ആദ്യമത് ഒരു ലോറിയാണെന്ന് ചിലർകരുതി.

പിന്നീട് ശബ്ദം കൂടിക്കൂടി വന്നു.

ഭൂമി നേരിയതായി വിറ കൊണ്ടു.

കുട്ടികൾ വീടിന്റെ വാതിലുകളിലേക്ക് ഓടി.

പുരുഷന്മാർ തെരുവിലേക്ക് ഇറങ്ങി.

സ്ത്രീകൾ കൂരകൾക്കകത്തെ വിടവുകളിലുടെ ഒളിഞ്ഞ് നോക്കി.

വളവ് തിരിഞ്ഞ് 

ആദ്യം പ്രത്യക്ഷപ്പെട്ടത് 

ഒരു പൊലീസ് വാഹനമായിരുന്നു.

അതിന് പിന്നിൽ മറ്റൊന്ന്.

പിന്നെയും മറ്റൊന്ന്.

അവയുടെ പിന്നാലെ മഞ്ഞനിറത്തിലുള്ള ഒരു യന്ത്രം പതുക്കെ മുന്നോട്ട് വന്നു.

അതായിരുന്നു ബുൾഡോസർ.

കഴിഞ്ഞ കുറെ മാസങ്ങളിലായി "നഗര നവീകരണം", "അനധികൃത നിർമാണങ്ങൾ നീക്കംചെയ്യൽ", "പഴയ ഡൽഹിയുടെ സൗന്ദര്യവൽക്കരണം" എന്നീ പേരുകളിൽ പദ്ധതികൾ ചർച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു.

അവയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് അന്നത്തെ ലഫ്റ്റനൻ്റ് ഗവർണർ സജീവമായിരുന്നു.  സഞ്ജയ് ഗാന്ധിയുടെ നഗരദർശനവും ഈ പദ്ധതികൾക്ക് രാഷ്ട്രീയ പിന്തുണ നൽകിയതായി നിരവധി ചരിത്രപഠനങ്ങൾ വിലയിരുത്തുന്നുണ്ട്.

പക്ഷേ ആ പ്രഭാതത്തിൽ തുർക്ക്മാൻ ഗേറ്റിലെ ജനങ്ങൾ കേട്ടത് പദ്ധതികളുടെ ഭാഷയല്ല.

യന്ത്രങ്ങളുടെ ശബ്ദമായിരുന്നു.

ഒരു ഉദ്യോഗസ്ഥൻ മുന്നോട്ട് വന്ന് ഉറക്കെ പറഞ്ഞു:

"നിങ്ങളെല്ലാവരും വീടുകൾ ഒഴിയണം."

"ഇത് സർക്കാർ ഉത്തരവാണ്."

ചിലർ രേഖകൾ കാണിച്ചു.

ചിലർ അപേക്ഷിച്ചു.

"ഇവിടെ ഞങ്ങൾ മുപ്പതിലേറെ വർഷമായി താമസിക്കുന്നവരാണ്."

"ഞങ്ങളീ കുട്ടികളുമായി എവിടേക്ക് പോകും?""കുറച്ച് സമയം തരൂ."

മറുപടി വന്നില്ല. പകരം,

ആദ്യ മതിൽ ഇടിഞ്ഞുവീണു.

പൊടിപടലം ആകാശത്തേക്ക് ഉയർന്നു. അത് വെറും ഇഷ്ടികകളുടെ പൊടിയായിരുന്നില്ല.

ഒരു കുടുംബത്തിന്റെ ഓർമ്മകളായിരുന്നു.

ഒരു ജീവിതത്തിന്റെ അടിത്തറയായിരുന്നു.

ഒരു ദേശത്തിന്റെ ആത്മാഭിമാനമായിരുന്നു.

ജനങ്ങൾ പ്രതിഷേധിച്ചു.

ചിലർ ബുൾഡോസറിന് മുന്നിൽ ഇരുന്നു. സ്ത്രീകളും കുട്ടികളും കരഞ്ഞു തളർന്നു. സ്ഥിതി പെട്ടെന്ന് സംഘർഷഭരിതമായി.

അപ്പോൾ  പൊലീസ് ഇടപെട്ടു.

ലാത്തിച്ചാർജ് നടന്നു.

അതിനുശേഷം 

വെടിയൊച്ചകൾ മുഴങ്ങി.

എത്ര പേർ കൊല്ലപ്പെട്ടു?

ആ ചോദ്യത്തിന് ചരിത്രം ഇന്നും കൃത്യമായൊരു സംഖ്യ നൽകുന്നില്ല.

ഔദ്യോഗിക കണക്കുകളും ദൃക്സാക്ഷി മൊഴികളും പിന്നീട് പ്രസിദ്ധീകരിച്ച പഠനങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ട്.

എന്നാൽ ഒരു കാര്യത്തിൽ അവയെല്ലാം യോജിക്കുന്നു.

അന്ന് മനുഷ്യജീവൻ നഷ്ടപ്പെട്ടു.

ആ പ്രഭാതം തുർക്ക്മാൻ ഗേറ്റിന്റെ ചരിത്രം എന്നെന്നേക്കുമായി മാറുകയായിരുന്നു.

അടുത്ത ദിവസം ഡൽഹിയിലെ  ആളുകളെല്ലാം  പതിവുപോലെ ജോലിക്കുപോയി.

പക്ഷേ തുർക്ക്മാൻ ഗേറ്റിൽ ചിലർക്ക് തിരിച്ചെത്താൻ വീടില്ലായിരുന്നു.

അവർക്ക് ശേഷിച്ചത് പൊടിമണ്ണും തകർന്ന പാത്രങ്ങളും അവശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്ന കുടുംബഫോട്ടോകളുമായിരുന്നു.

ഡൽഹിയുടെ ചരിത്രത്തിൽ ആ പ്രദേശം പിന്നീട് ഒരു ഭൂമിശാസ്ത്രപരമായ സ്ഥലമല്ലാതെയായി.

അത് അടിയന്തിരാവസ്ഥയുടെ ഏറ്റവും വേദനാജനകമായ പ്രതീകങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

@@@@@@@@@@@@@@@@@@@@@@@

അദ്ധ്യായം ഏഴ്.

സംഖ്യകളായി മാറിയ മനുഷ്യർ.

ഹരിയാന.

1976 ഒക്ടോബർ.

രാവിലെ എട്ടുമണി.

ജില്ലാ ആശുപത്രിയുടെ വരാന്തയിൽ അസാധാരണമായ തിരക്കായിരുന്നു.

രോഗികളെക്കാൾ കൂടുതൽ ആരോഗ്യപ്രവർത്തകർ.

ആരോഗ്യപ്രവർത്തകരെക്കാൾ കൂടുതൽ സർക്കാർ വാഹനങ്ങൾ.

ഒരു മൂലയിൽ രജിസ്റ്റർ തുറന്നു വെച്ചിരുന്നു.

പേരുകൾ എഴുതിക്കൊണ്ടിരുന്നു.

മറ്റൊരു മേശയിൽ ചുവന്ന മഷിയിൽ മറ്റൊരു കണക്ക്.

ഇന്നത്തെ ലക്ഷ്യം.

ആ ബോർഡ് കണ്ടപ്പോൾ ഒരു ഗ്രാമവാസി മറ്റൊരാളോട് ചോദിച്ചു.

"ലക്ഷ്യം എന്നത് എന്താണ്?"

അയാളുടെ സുഹൃത്ത് മറുപടി പറഞ്ഞില്ല.

കാരണം അയാൾക്കും അതിന്റെ മുഴുവൻ അർത്ഥം അറിയില്ലായിരുന്നു.

പക്ഷേ, അന്ന് ഇന്ത്യയിലെ പല ജില്ലകളിലും "ലക്ഷ്യം" എന്ന വാക്ക് ഒരു ഭരണപരമായ കണക്കിനേക്കാൾ വലുതായി മാറിയിരുന്നു.

അത് ഒരു മനുഷ്യന്റെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനമായി മാറിയിരുന്നു.

കുടുംബാസൂത്രണ പരിപാടി ഇന്ത്യയിൽ പുതുമയുള്ളതല്ല.

1952-ൽ തന്നെ സ്വതന്ത്ര ഇന്ത്യ ലോകത്തിലെ ആദ്യ ദേശീയ കുടുംബാസൂത്രണ പദ്ധതികളിലൊന്ന് ആരംഭിച്ചിരുന്നു.

പക്ഷേ 1976-ൽ അതിന്റെ സ്വഭാവത്തിൽ നിർണായകമായ മാറ്റം സംഭവിച്ചു.

ജനസംഖ്യാ വർധന നിയന്ത്രിക്കണമെന്ന ദേശീയ ലക്ഷ്യം നിലനിന്നിരുന്നെങ്കിലും, പല സംസ്ഥാനങ്ങളിലും അത് സംഖ്യകൾ കൈവരിക്കാനുള്ള ഭരണ മത്സരമായി മാറി.

ജില്ലകൾ തമ്മിൽ താരതമ്യം.

സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം.

ഓരോ മാസവും പുരോഗതി റിപ്പോർട്ടുകൾ.

ഓരോ റിപ്പോർട്ടിലും ഒരു ചോദ്യം മാത്രം.

"എത്ര?"

ആ ചോദ്യം പലപ്പോഴും മറ്റൊരു ചോദ്യം മറച്ചുവെച്ചു.

"എങ്ങനെ?"


ആശുപത്രിയുടെ വരാന്തയിൽ ഇരുന്നിരുന്ന അമ്പത്തിയഞ്ചുകാരൻ തന്റെ പേരുവിളിക്കുന്നത് കാത്തിരുന്നു.
അദ്ദേഹം സ്വമേധയാ വന്നതാണോ?
സമ്മർദ്ദത്തെ തുടർന്നാണോ?
സർക്കാർ ആനുകൂല്യം നഷ്ടമാകുമെന്ന ഭയത്താലാണോ?
അല്ലെങ്കിൽ പ്രാദേശിക ഉദ്യോഗസ്ഥരുടെ നിർബന്ധത്തെ തുടർന്നാണോ?
ചരിത്രം എല്ലാ മനുഷ്യർക്കും ഒരേ ഉത്തരം നൽകുന്നില്ല.
അതുകൊണ്ടാണ് ഈ കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങൾ
ഒരേ കാര്യം ആവർത്തിക്കുന്നത്.
എല്ലാ ശസ്ത്രക്രിയകളും നിർബന്ധിതമായിരുന്നില്ല. എന്നാൽ പല പ്രദേശങ്ങളിലും സമ്മർദ്ദവും നിർബന്ധവും മനുഷ്യരുടെ സ്വതന്ത്ര സമ്മതത്തെ ദുർബ്ബലമാക്കി.
ചില ജില്ലകളിൽ ആരോഗ്യപ്രവർത്തകർക്ക് മേൽ അമിത സമ്മർദ്ദമുണ്ടായിരുന്നു.
"ലക്ഷ്യം പൂർത്തിയാക്കണം."
"ഇനി എത്ര ബാക്കി?"
"അടുത്ത ആഴ്ച റിപ്പോർട്ട് പോകണം."
ഈ നിർദ്ദേശങ്ങൾ ഫയലുകളിൽ
തുടങ്ങി.
പിന്നീട് മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങി.
ആശുപത്രികളിൽ താൽക്കാലിക ക്യാമ്പുകൾ തുറന്നു.
സ്കൂളുകൾ.
സമൂഹമന്ദിരങ്ങൾ.
ഗ്രാമാരോഗ്യ കേന്ദ്രങ്ങൾ.
ചില സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു.
മറ്റുചില സ്ഥലങ്ങളിൽ തിരക്കും വേഗവും കാരണം ചികിത്സാനിലവാരം സംബന്ധിച്ച് ഗുരുതര വിമർശനങ്ങൾ ഉയർന്നു.
ചിലർക്ക് ശസ്ത്രക്രിയയ്ക്കുശേഷം അണുബാധയുണ്ടായി.
ചിലർക്ക് മതിയായ പരിചരണം ലഭിച്ചില്ല.
ചില മരണങ്ങൾ രേഖപ്പെടുത്തപ്പെട്ടു.
ഇവയെക്കുറിച്ച് പിന്നീട് പാർലമെന്റിലും കോടതികളിലും ഗവേഷണഗ്രന്ഥങ്ങളിലും വിശദമായ ചർച്ചകൾ നടന്നു.
ഉച്ചകഴിഞ്ഞപ്പോൾ ആശുപത്രിയുടെ മുറ്റത്ത് നിശ്ശബ്ദതയായിരുന്നു.
രാവിലെ വന്നവരിൽ ചിലർ മരത്തിന്റെ തണലിൽ കിടന്നു.
ചിലർക്ക് നടക്കാൻ പ്രയാസമായിരുന്നു.
ചിലർ വീട്ടിലേക്ക് മടങ്ങാൻ കാളവണ്ടി കാത്തിരുന്നു.
ആരുടെയും മുഖത്ത് വിജയഭാവം ഉണ്ടായിരുന്നില്ല.
പരാജയവുമില്ല.
ക്ഷീണം മാത്രം.

അതേ സമയം ഡൽഹിയിൽ മറ്റൊരു കണക്ക് തയ്യാറാകുകയായിരുന്നു.

ഈ മാസം എത്ര ശസ്ത്രക്രിയകൾ?

കഴിഞ്ഞ മാസത്തേക്കാൾ വർധന എത്ര?

1976–77 കാലഘട്ടത്തിൽ രാജ്യത്താകെ നടന്ന വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായി ഉയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആ വർഷം എൺപത് ലക്ഷത്തിലധികം (ഏകദേശം 82–83 ലക്ഷം) ശസ്ത്രക്രിയകൾ നടന്നു. ഇന്ത്യൻ കുടുംബാസൂത്രണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കായിരുന്നു അത്.

എന്നാൽ ആ സംഖ്യകളുടെ പിന്നിൽ ഓരോ മനുഷ്യജീവിതവും ഉണ്ടായിരുന്നു.

ഓരോ കുടുംബവും.

ഓരോ ഗ്രാമവും. അതിനെ പൊതിഞ്ഞു നിന്ന

ഓരോ ഭയവും.

വൈകുന്നേരം.

ആശുപത്രി മുറ്റം ഒഴിഞ്ഞുതുടങ്ങി.

പക്ഷേ ഗ്രാമത്തിലേക്ക് മടങ്ങിയവരുടെ മനസ്സിൽ ഒരു ചോദ്യം ബാക്കിനിന്നു.

"നാളെ വീണ്ടും സർക്കാർ ജീപ്പ് വന്നാൽ?"

ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.

കാരണം ഭയം ഒരു ദിവസത്തേക്കുള്ളതല്ലായിരുന്നു.

അത് മാസങ്ങളോളം നീണ്ടുനിന്ന ഒരു ഭരണകാലത്തിന്റെ നിഴലായിരുന്നു.

@@@@@@@@@@@@@@@@@@@@@

അദ്ധ്യായം എട്ട് .

വീട്ടിലേക്ക് മടങ്ങാൻ പേടിച്ച മനുഷ്യൻ.

ഉത്തർപ്രദേശ്.

1976 നവംബർ.

സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞപ്പോൾ റാംസ്വരൂപ് വയൽ വരമ്പിലേക്ക് കയറി നിന്ന് തല ഉയർത്തി നോക്കി. അന്നത്തെ ഇരതേടൽ കഴിഞ്ഞ് പക്ഷികൾ ആകാശത്തിലൂടെ കൂട്ടമായി മടങ്ങുകയായിരുന്നു.

അകലെയുള്ള പൊടി നിറഞ്ഞ വഴിയിലൂടെ കാളവണ്ടികൾ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. അയാൾക്കും

ഗ്രാമത്തിലേക്കു മടങ്ങേണ്ട സമയം കഴിഞ്ഞിരുന്നു.

പക്ഷേ റാംസ്വരൂപ് അവിടെത്തന്നെ നിന്നു.

കുറച്ച് കഴിഞ്ഞ് വീണ്ടും നിലത്ത് തന്നെ ചടഞ്ഞിരുന്നു.

അടുത്ത് നിന്നിരുന്ന കൂട്ടുകാരൻ ചോദിച്ചു.

"വീട്ടിൽ പോകുന്നില്ലേ?"

റാംസ്വരൂപ് ദൂരേക്ക് നോക്കി.

"ഇരുട്ടാകട്ടെ..."

കൂട്ടുകാരന് മറുപടി മനസ്സിലായി.

അയാൾ പിന്നീടൊന്നും ചോദിച്ചില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി സർക്കാർ ജീപ്പ് മൂന്നു തവണ ഗ്രാമത്തിലെത്തിയിരുന്നു.

ആദ്യ ദിവസം ആളുകളെ വിളിച്ചു.

രണ്ടാം ദിവസം പട്ടിക തയ്യാറാക്കി.

മൂന്നാം ദിവസം ചിലരെ കൂട്ടിക്കൊണ്ടുപോയി.

അതിന് ശേഷം ഗ്രാമത്തിലെ പുരുഷന്മാർ പുതിയൊരു ശീലം പഠിച്ചു.

സൂര്യൻ അസ്തമിക്കുന്നതുവരെ വീട്ടിലേക്ക് മടങ്ങരുത്.

കാരണം സർക്കാർ ഉദ്യോഗസ്ഥർ സാധാരണയായി പകൽസമയത്താണ് വരുന്നത്.

ഇരുട്ടായാൽ അവർ മടങ്ങിപ്പോകും.

അതാണ് ഗ്രാമം കണ്ടെത്തിയ പ്രതിരോധമാർഗം.

റാംസ്വരൂപിന്റെ വീട്ടിൽ ഭാര്യ ഗംഗാദേവി അടുപ്പിൽ ചപ്പാത്തി ചുട്ടുകൊണ്ടിരുന്നു.

അഞ്ചുവയസ്സുകാരൻ മകൻ വീണ്ടും ചോദിച്ചു.

"അച്ഛനെവിടെയമ്മേ ?"

അവൾ ചിരിക്കാൻ ശ്രമിച്ചു.

"വയലിലുണ്ട്... മോനേ,ഇപ്പ വരും."

പക്ഷേ ആ ചിരി അവളുടെ കണ്ണുകളിൽ എത്തിയില്ല.

അവൾക്കറിയാമായിരുന്നു.

അയാൾ വയലിൽ ജോലി ചെയ്യുകയല്ല.

ഒളിച്ചിരിക്കുകയാണെന്ന്.

ഇത്തരം അനുഭവങ്ങൾ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ നിന്ന് പിന്നീട് രേഖപ്പെടുത്തപ്പെട്ടു.

പ്രത്യേകിച്ച്

ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പുരുഷന്മാർ ദിവസങ്ങളോളം വീടുവിട്ട് മാറിനിന്നതായി വായ്മൊഴിചരിത്രങ്ങളിലും അന്വേഷണങ്ങളിലും കാണാം.

എന്നാൽ എല്ലാ ഗ്രാമങ്ങളും ഒരുപോലെയായിരുന്നില്ല.

എല്ലാ ജില്ലകളിലും ഒരേ തോതിൽ സമ്മർദ്ദമുണ്ടായിരുന്നുമില്ല.

പക്ഷെ ഭയം എന്നത് യാഥാർഥ്യമായിരുന്നു.

അതിന്റെ രൂപവും ഭാവവും ഓരോ ഗ്രാമങ്ങളിലും വ്യത്യസ്തമായിരുന്നുവെന്ന് മാത്രം.

അന്ന് രാത്രി ഗ്രാമത്തിൽ ഒരു വിവാഹം നടക്കേണ്ടതായിരുന്നു.

പന്തൽ കെട്ടിയിരുന്നു.

വിളക്കുകൾ തെളിഞ്ഞിരുന്നു.

അതിഥികൾ എത്തിയിരുന്നു.

പക്ഷേ വരന്റെ അച്ഛൻ വന്നില്ല.

അദ്ദേഹം സമീപഗ്രാമത്തിലെ കരിമ്പുതോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു.

ഗ്രാമത്തിലെ മുതിർന്നവർ ആരും അത് ഉച്ചത്തിൽ പറഞ്ഞില്ല.

എന്നാൽ എല്ലാവർക്കും കാരണം അറിയാമായിരുന്നു.

അർധരാത്രിയോടെ റാംസ്വരൂപ് വീട്ടിലെത്തി.

വാതിലിൽ മൃദുവായി മുട്ടി.

ഭാര്യ ഉടൻ തുറന്നു.

മകൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.

രണ്ടുപേരും അധികം സംസാരിച്ചില്ല.

അന്നത്തെ ഇന്ത്യയിൽ പല വീടുകളിലും ഭയം ശബ്ദമുണ്ടാക്കാറില്ലായിരുന്നു.

അത് നിശ്ശബ്ദമായിരുന്നു.

വർഷങ്ങൾക്കുശേഷം, അടിയന്തിരാവസ്ഥ അവസാനിച്ച് ഏറെ കഴിഞ്ഞപ്പോൾ, ഒരു പത്ര റിപ്പോർട്ടർ ആ ഗ്രാമത്തിലെ ഒരു വൃദ്ധനോട് ചോദിച്ചു:

"ആ കാലത്തെക്കുറിച്ച് നിങ്ങൾക്ക് ആദ്യം ഓർമ്മ വരുന്നത് എന്താണ്?"

അയാൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ പറഞ്ഞു:

"ഞങ്ങൾ സർക്കാരിനെ ഭയന്നിരുന്നില്ല...

എന്നാൽ ജീപ്പിന്റെ ശബ്ദത്തെയാണ് ഭയന്നിരുന്നത്."

ആ മറുപടി ഒരു ഗ്രാമത്തിന്റെ മാത്രം ചരിത്രമായിരുന്നില്ല.

അത് ഒരു കാലഘട്ടത്തിന്റെ മനഃശാസ്ത്രമായിരുന്നു.

ചരിത്രം എല്ലായ്പ്പോഴും മരണങ്ങളുടെ എണ്ണംകൊണ്ടോ, അറസ്റ്റുകളുടെ കണക്കു കൊണ്ടോ മാത്രം എഴുതപ്പെടുന്നില്ല.

ചിലപ്പോൾ ഒരു രാജ്യത്തിന്റെ ചരിത്രം എഴുതപ്പെടുന്നത് ഒരു കുട്ടിയുടെ ചോദ്യത്തിലൂടെയാകാം.

"അച്ഛൻ എവിടെയമ്മേ?"

ആ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതിരുന്ന ആയിരക്കണക്കിന് അമ്മമാരുടെ നിശ്ശബ്ദത.

ആ കാലഘട്ടത്തിലെ ഏറ്റവും വലിയ മുറിവ് ചിലപ്പോൾ ശരീരത്തിലല്ലായിരുന്നു.

മനസ്സിലായിരുന്നു.

@@@@@@@@@@@@@@@@@@@@
അദ്ധ്യായം ഒമ്പത് .

ജയിലിന്റെ മതിലുകൾക്കുള്ളിലെ ഇന്ത്യ. റോഹ്തക് ജയിൽ.

ഹരിയാന.1976.

ഇരുമ്പ് വാതിൽ പതുക്കെ അടഞ്ഞു.

ആ ശബ്ദം സെല്ലിന്റെ ചുമരുകളിൽ തട്ടി തിരിച്ചുവന്നു.

അകത്ത് നാലുപേർ ഇരിക്കുകയായിരുന്നു.

ഒരാൾ സോഷ്യലിസ്റ്റ്.

ഒരാൾ ജനസംഘ് പ്രവർത്തകൻ.

ഒരാൾ ഗാന്ധിയൻ.

ഒരാൾ ട്രേഡ് യൂണിയൻ പ്രവർത്തകൻ.

സാധാരണ സാഹചര്യങ്ങളിൽ അവർ ഒരേ വേദിയിൽ ഇരിക്കാറില്ലായിരുന്നു.

അവരുടെ രാഷ്ട്രീയ ചിന്തകൾ വ്യത്യസ്തമായിരുന്നു.

അവർ പരസ്പരം ശക്തമായി വിമർശിച്ചവരുമായിരുന്നു.

പക്ഷേ ഇപ്പോഴും അവരെ ഒന്നിപ്പിച്ചത് ഒരു പൊതുവായ ആശയമല്ലായിരുന്നു.

ഒരു പൊതുവായ അനുഭവമായിരുന്നു.

അവർ എല്ലാവരും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടവരായിരുന്നു.

ജയിലിന് പുറത്ത് ഇന്ത്യ നിശ്ശബ്ദമായിരുന്നു.

ജയിലിനുള്ളിൽ ഇന്ത്യ സംസാരിക്കുകയായിരുന്നു.

രാവിലെ ചായക്കപ്പിനൊപ്പം ചർച്ചകൾ തുടങ്ങി.

"ഇത് എത്രകാലം തുടരും?"

"ജനങ്ങൾ എന്താണ് ചിന്തിക്കുന്നത്?"

"പത്രങ്ങളിൽ ഒന്നും വരുന്നില്ല..."

ഒരാൾ മന്ദഹസിച്ചു.

"പത്രങ്ങൾ എഴുതുന്നില്ല എന്നല്ല..."

"എഴുതാൻ അനുവദിക്കുന്നില്ല."

അവിടെ ഉണ്ടായിരുന്നവർക്ക് മറുപടി ആവശ്യമുണ്ടായിരുന്നില്ല.

എല്ലാവർക്കും അത് അറിയാമായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് മിസ ഉൾപ്പെടെയുള്ള നിയമങ്ങളുടെ കീഴിൽ ആയിരക്കണക്കിന് രാഷ്ട്രീയപ്രവർത്തകരും സാമൂഹികപ്രവർത്തകരും വിദ്യാർത്ഥിനേതാക്കളും പത്രപ്രവർത്തകരും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.

അവരിൽ ദേശീയതലത്തിലുള്ള നേതാക്കളുണ്ടായിരുന്നു.

സംസ്ഥാനതല പ്രവർത്തകരുമുണ്ടായിരുന്നു.

സാധാരണ ജനങ്ങളുമുണ്ടായിരുന്നു.

ഒരു ചെറിയ പട്ടണത്തിലെ അധ്യാപകനുണ്ടായിരുന്നു.

ഒരു കോളേജ് വിദ്യാർത്ഥിയുണ്ടായിരുന്നു.

ചുമട്ടുതൊഴിലാളിയുണ്ടായിരുന്നു.........

ചരിത്രം പലപ്പോഴും വലിയ പേരുകൾ ഓർക്കും.

പക്ഷേ ജയിലിന്റെ രജിസ്റ്ററുകളിൽ ചെറിയ പേരുകളായിരുന്നു കൂടുതലും.

സെല്ലിന്റെ ഒരു മൂലയിൽ ഇരുന്നിരുന്ന വൃദ്ധൻ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു.

അത് ഭാര്യയുടെ കത്തായിരുന്നു.

"ഞങ്ങൾക്ക് സുഖമാണ്."

രണ്ട് വാക്കുകൾ മാത്രം.

പക്ഷേ ആ രണ്ട് വാക്കുകൾക്കിടയിൽ പറയാതെ പോയ നൂറുകണക്കിന് ആശങ്കകളുണ്ടായിരുന്നു.

കുട്ടികൾ എങ്ങനെ?

വീട്ടുചെലവ് എങ്ങനെ?

എപ്പോൾ മടങ്ങിവരും?

ആ ചോദ്യങ്ങൾ ഒന്നും കത്തിൽ ഉണ്ടായിരുന്നില്ല.

കാരണം, കത്തുകൾ പോലും നിരീക്ഷണത്തിന് വിധേയമാകാമെന്ന ഭയം അന്നുണ്ടായിരുന്നു.

ജയിലിലെ ഒരു ദിവസം മറ്റൊരു ദിവസത്തിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല.

പ്രഭാത ബെൽ.

എണ്ണൽ.

ഭക്ഷണം.

വീണ്ടും എണ്ണൽ.

സന്ധ്യ.

ഇരുട്ട്.

വീണ്ടും ഇരുമ്പ് വാതിൽ അടയുന്ന ശബ്ദം.

എന്നാൽ ആ ഏകതാനതയ്ക്കുള്ളിൽ ഒരു അസാധാരണ സംഭവം വളരുകയായിരുന്നു.

വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിന്നുള്ള ആളുകൾ ആദ്യമായി ദീർഘനേരം ഒരുമിച്ച് ജീവിച്ചു.

ചർച്ച ചെയ്തു.

വാദിച്ചു.

പരസ്പരം മനസ്സിലാക്കി.

ആ ചർച്ചകളിൽ നിന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ സഖ്യങ്ങളുടെ വിത്തുകൾ മുളച്ചു.

ജയിലിന്റെ മതിലുകൾക്കപ്പുറം ജനങ്ങൾ നിശ്ശബ്ദരായിരുന്നു.

പക്ഷേ നിശ്ശബ്ദത എല്ലായ്പ്പോഴും സമ്മതമല്ല.

ചിലപ്പോൾ അത് ഭയമാണ്.

ചിലപ്പോൾ കാത്തിരിപ്പാണ്.

ചിലപ്പോൾ അവസരം വരുമ്പോൾ മാത്രം സംസാരിക്കാമെന്ന ഉറച്ച തീരുമാനമാണ്.

ആ നിശ്ശബ്ദതയുടെ അർത്ഥം ഡൽഹിക്ക് അന്നറിയില്ലായിരുന്നു.

പക്ഷേ 1977-ലെ തിരഞ്ഞെടുപ്പ് അത് വെളിപ്പെടുത്തുന്നത് വരെ.

ആ രാത്രി ഒരു തടവുകാരൻ ആകാശത്തേക്ക് നോക്കി.

ജയിലിന്റെ ഉയർന്ന മതിലുകൾക്കു മുകളിൽ ചെറിയൊരു നക്ഷത്രം മാത്രം കാണാമായിരുന്നു.

അയാൾ കൂട്ടുകാരനോട് പതുക്കെ പറഞ്ഞു:

"മതിലുകൾക്ക് ആകാശത്തെ മറയ്ക്കാൻ കഴിയില്ല."

അത് പ്രതീക്ഷയെക്കുറിച്ചുള്ള ഒരു വാക്യം മാത്രമായിരുന്നില്ല.

ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു വിശ്വാസമായിരുന്നു.

അതേ സമയം, ഡൽഹിയിൽ മറ്റൊരു തീരുമാനം രൂപം കൊണ്ടു കൊണ്ടിരുന്നു.

അടിയന്തിരാവസ്ഥ എത്രകാലം കൂടി തുടരണം?

ആ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യയെ അപ്രതീക്ഷിതമായി ഒരു തിരഞ്ഞെടുപ്പിലേക്ക് നയിക്കും.

ആരും പ്രതീക്ഷിക്കാത്ത ഒരു തിരഞ്ഞെടുപ്പിലേക്ക്.

@@@@@@@@@@@@@@@@@@@@@


അദ്ധ്യായം പത്ത്.

ആരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനം

ന്യൂഡൽഹി.

1977 ജനുവരി 18.

ശൈത്യകാല സായാഹ്നം.

സായന്തനത്തിന് മുൻപേ തന്നെ മഞ്ഞ് പതുക്കെ ഡൽഹിയുടെ മേലേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു.

ആകാശവാണിയുടെ വാർത്തകൾ തുടങ്ങാൻ ഇനിയും ഏതാനും മിനിറ്റുകൾ മാത്രം.

രാജ്യം പതിവുപോലെ മറ്റൊരു രാത്രിയിലേക്ക് തയ്യാറെടുക്കുകയായിരുന്നു.

അപ്പോൾ റേഡിയോയിൽ ഒരു ശബ്ദം മുഴങ്ങി.

അത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശബ്ദമായിരുന്നു.

അവർ ശാന്തമായി സംസാരിച്ചു.

ഒരിക്കലും ആവേശപ്പെട്ടില്ല.

എന്നാൽ ആ ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം അപ്രതീക്ഷിതമായി മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കും.

അടിയന്തിരാവസ്ഥ തുടരുന്നതിനിടെയായിരുന്നു ആ പ്രഖ്യാപനം.

രാജ്യത്താകെ ആദ്യം പരന്നത് സന്തോഷമല്ല.

അതിശയമായിരുന്നു.

ഡൽഹിയിലെ ഒരു പത്രം ഓഫീസിൽ ന്യൂസ് എഡിറ്റർ വാർത്ത വീണ്ടും കേട്ടു.

"തിരഞ്ഞെടുപ്പ്?"

അദ്ദേഹം സഹപ്രവർത്തകനെ നോക്കി.

"നീയും കേട്ടിില്ലേ?"

"അതെ..."

"തിരഞ്ഞെടുപ്പ്."

അത് ഒരു വാർത്ത മാത്രമായിരുന്നില്ല.

ഇരുപത്തൊന്ന് മാസത്തെ നിശ്ശബ്ദതയിൽ ഒരു വിള്ളൽ വീണ ശബ്ദമായിരുന്നു അത്.

റോഹ്തക് ജയിലിൽ ആ വാർത്ത എത്താൻ മണിക്കൂറുകൾ എടുത്തു.

ഒരു വാർഡൻ സെല്ലിന് മുന്നിലൂടെ നടന്നു.

അകത്തുണ്ടായിരുന്ന തടവുകാരൻ ചോദിച്ചു.

"പുറത്ത് എന്തെങ്കിലും സംഭവിച്ചോ?"

വാർഡൻ ഒന്ന് മടിച്ചു.

പിന്നെ പതുക്കെ പറഞ്ഞു.

"തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവത്രേ..."

സെല്ലിനുള്ളിൽ കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

ഒടുവിൽ ഒരു തടവുകാരൻ മന്ദഹസിച്ചു.

"അപ്പോൾ... ജനങ്ങളോട് ചോദിക്കാൻ അവർ തീരുമാനിച്ചു."

ആ വാക്യം മതിലുകളിൽ തട്ടി തിരിച്ചുവന്നു.

പ്രഖ്യാപനത്തിന്റെ യഥാർത്ഥ അർത്ഥം ഡൽഹിയിലെ അധികാരകേന്ദ്രത്തിന് പുറത്തുള്ള ഗ്രാമങ്ങളിൽ പതുക്കെയാണ് മനസ്സിലായത്.

ഉത്തർപ്രദേശിലെ ഒരു ചായക്കട.

ബിഹാറിലെ ഒരു ബസ് സ്റ്റാൻഡ്.

രാജസ്ഥാനിലെ ഒരു ധാന്യച്ചന്ത.

ഹരിയാനയിലെ ഒരു പഞ്ചായത്ത്.

ഒരിടത്ത് റേഡിയോയിലൂടെ.

മറ്റൊരിടത്ത് പത്രത്തിലൂടെ.

വാർത്ത പരന്നു.

"വോട്ട് ഉണ്ടാകുമത്രേ."

ആദ്യമത് പലരും വിശ്വസിച്ചില്ല.

കാരണം, കഴിഞ്ഞ ഇരുപത്തൊന്ന് മാസങ്ങളിൽ സാധാരണ ജനങ്ങൾ പഠിച്ച ഒരു പാഠമുണ്ടായിരുന്നു.

സംശയിക്കുക എന്നതായിരുന്നു അത്.

ചരിത്രകാരന്മാർ ഇന്നും ചർച്ച ചെയ്യുന്ന ഒരു ചോദ്യമാണിത്.

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്?

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള വിമർശനങ്ങൾ വർദ്ധിച്ചതുകൊണ്ടോ?

അടിയന്തിരാവസ്ഥയ്ക്ക് ജനപിന്തുണ ഇപ്പോഴും ഉണ്ടെന്ന വിലയിരുത്തലായിരുന്നോ?

സാമ്പത്തികവും ഭരണപരവുമായ ആത്മവിശ്വാസമോ?

അല്ലെങ്കിൽ പല ഘടകങ്ങളും ചേർന്നുണ്ടായ ഒരു രാഷ്ട്രീയ കണക്കുകൂട്ടലോ?

ഈ ചോദ്യത്തിന്

ഒരു ഒറ്റ ഉത്തരമില്ല.

പക്ഷേ ഒരു കാര്യം വ്യക്തമാണ്.

ആ പ്രഖ്യാപനം ഇന്ത്യൻ ജനാധിപത്യത്തിന് വീണ്ടും സംസാരിക്കാനുള്ള അവസരം നൽകുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ചില രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ തുടങ്ങി.

ജയിൽവാതിലുകൾ പതുക്കെ തുറന്നു.

മാസങ്ങൾക്കുശേഷം ചിലർ ആദ്യമായി തുറന്ന ആകാശം കണ്ടു.

വീടുകളിലേക്ക് മടങ്ങിയപ്പോൾ

കുട്ടികൾ വളർന്നിരുന്നു.

തങ്ങളുടെ മുടി നരച്ചിരുന്നു.

എന്നാൽ അവരുടെ ശബ്ദം നഷ്ടപ്പെട്ടിരുന്നില്ല.

അതേ സമയം ഡൽഹിയിൽ മറ്റൊരു ചലനവും ആരംഭിച്ചു.

വർഷങ്ങളായി പരസ്പരം എതിർത്തുനിന്നിരുന്ന പ്രതിപക്ഷ നേതാക്കൾ ഒരേ മേശയ്ക്കു

ചുറ്റും ഇരുന്നു.

ഇത് വെറും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള യോഗമായിരുന്നില്ല.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനയായിരുന്നു.

അവിടെ ചർച്ചയായ ചോദ്യം ഇതായിരുന്നു:

"വേർതിരിഞ്ഞു മത്സരിച്ചാൽ ജയിക്കാനാകുമോ?"

ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഏതാനും ആഴ്ചകൾക്കുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂപടം തന്നെ മാറ്റിയത്.

ആ രാത്രി ഇന്ത്യ മുഴുവൻ ഉറങ്ങാൻ കിടന്നു.

പക്ഷേ ഇത്തവണ ഭയത്തോടൊപ്പം മറ്റൊരു വികാരവും ഉണ്ടായിരുന്നു.

പ്രതീക്ഷ.

അത് ഉറപ്പുള്ള പ്രതീക്ഷയായിരുന്നില്ല.

ഒരു ചോദ്യമായിരുന്നു.

"ഞങ്ങളുടെ വോട്ടിന്... ശരിക്കും എന്തെങ്കിലും മാറ്റാാനാകുമോ?"

ആ ചോദ്യത്തിന്റെ ഉത്തരം ഇനിയും ഏതാനും ആഴ്ചകൾ അകലെയായിരുന്നു.

പക്ഷേ ജനാധിപത്യം വീണ്ടും തന്റെ ദീർഘനിശ്വാസം എടുക്കാൻ തുടങ്ങിയിരുന്നു.


@@@@@@@@@@@@@@@@@@@@@


അധ്യായം പതിനൊന്ന്.

ഒരേ മേശയ്ക്കു ചുറ്റും .....

ന്യൂഡൽഹി.

1977 ജനുവരി അവസാനവാരം.

പുറത്ത് ശൈത്യകാലത്തിന്റെ അസഹനീയമായ തണുപ്പ്.

അകത്ത് മുറിയിൽ കനത്ത നിശ്ശബ്ദത.

മേശ വലുതായിരുന്നില്ല.

പക്ഷേ അതിനെ ചുറ്റിയിരുന്നവർ

ഇന്ത്യൻ രാഷ്ട്രീയത്തിലെ

വ്യത്യസ്ത ലോകങ്ങളിൽ നിന്നെത്തിയവരായിരുന്നു.

ഒരു വശത്ത് മൊറാർജി ദേശായി.

മറ്റൊരു വശത്ത് ചരൺ സിംഗ്.

അടുത്ത് അടൽ ബിഹാരി വാജ്പേയി.

ലാൽകൃഷ്ണ അഡ്വാനി.

മധു ലിമായെ.

രാജ് നാരായൺ.

ജഗ്ജീവൻ റാം

ആ മുറിയിൽ ആശയങ്ങൾ ഒരു പോലെയായിരുന്നില്ല.

അനുഭവങ്ങളും ഒരു പോലെയായിരുന്നില്ല.

രാഷ്ട്രീയ പാരമ്പര്യവും ഒരു പോലെയായിരുന്നില്ല.

എന്നാൽ അവർക്ക് പൊതുവായ ഒരു അനുഭവമുണ്ടായിരുന്നു.

അടിയന്തിരാവസ്ഥ.

കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ ഇവരിൽ പലരും പരസ്പരം കടുത്ത രാഷ്ട്രീയ എതിരാളികളായിരുന്നു.

തിരഞ്ഞെടുപ്പ് വേദികളിൽ ഒരുമിച്ച് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചവർ.

പാർലമെന്റിൽ പരസ്പരം വാദിച്ചവർ.

വ്യത്യസ്ത സാമ്പത്തിക നയങ്ങൾ.

വ്യത്യസ്ത സാമൂഹിക കാഴ്ചപ്പാടുകൾ.

വ്യത്യസ്ത രാഷ്ട്രീയ സ്വപ്നങ്ങൾ.

സാധാരണ സാഹചര്യങ്ങളിൽ ഇവരെ ഒരേ പാർട്ടിയിൽ കാണാമെന്ന് ആരും കരുതുമായിരുന്നില്ല.

പക്ഷേ ചരിത്രം ചിലപ്പോൾ രാഷ്ട്രീയത്തിന്റെ

പതിവ് നിയമങ്ങൾ മാറ്റി മറിക്കും.

ആ യോഗത്തിൽ ആദ്യമായി സംസാരിച്ചത് ആരാണെന്ന് ചരിത്രം എല്ലായിടത്തും ഒരേപോലെ രേഖപ്പെടുത്തുന്നില്ല.

പക്ഷേ ചർച്ചയുടെ കേന്ദ്രചോദ്യം വ്യക്തമായിരുന്നു.

"ജനാധിപത്യത്തെ സംരക്ഷിക്കണമെങ്കിൽ ആദ്യം നമ്മൾ ഒന്നിക്കേണ്ടതുണ്ടോ?"

ആ ചോദ്യം മുറിയിൽ കുറച്ചുനേരം തങ്ങി.

പിന്നെ ഓരോരുത്തരും സംസാരിച്ചു.

ഒരാൾക്ക് സംശയമുണ്ടായിരുന്നു.

മറ്റൊരാൾക്ക് മടിയുണ്ടായിരുന്നു.

ചിലർക്ക് പഴയ രാഷ്ട്രീയവൈരങ്ങൾ മറക്കാൻ എളുപ്പമായിരുന്നില്ല.

എന്നാൽ പുറത്തുള്ള ഇന്ത്യ അവരിൽ നിന്ന് മറ്റൊന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ആ ദിവസങ്ങളിൽ ജയപ്രകാശ് നാരായൺ ആരോഗ്യപരമായി വളരെ ക്ഷീണിതനായിരുന്നു.

വൃക്കരോഗം അദ്ദേഹത്തെ അവശനാക്കിയിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ധാർമ്മിക സ്വാധീനം അന്നത്തെ പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്തിയ പ്രധാന ശക്തികളിലൊന്നായിരുന്നു.

അദ്ദേഹം വീണ്ടും വീണ്ടും ഒരേയൊരു ആശയം മുന്നോട്ടുവച്ചു.

"ഇത് വ്യക്തികളുടെ പോരാട്ടമല്ല."

"ഇത് ജനാധിപത്യത്തിന്റെ പോരാട്ടമാണ്."

ആ വാക്കുകൾ ഒരു രാഷ്ട്രീയപ്രസംഗമെന്നതിലുപരി, വിഭജിക്കപ്പെട്ട പ്രതിപക്ഷത്തിന് ഒരു ദിശാബോധമായി മാറി.

അൽപദിവസങ്ങൾക്കുള്ളിൽ പുതിയൊരു രാഷ്ട്രീയശക്തി രൂപംകൊണ്ടു.

ജനതാ പാർട്ടി.

അത് ഒരു പുതിയ ആശയധാരയുടെ ജനനമായിരുന്നില്ല.

പല ആശയധാരകളുടെ ഒരു സഖ്യമായിരുന്നു.

ആന്തരിക അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരു പൊതു ലക്ഷ്യം അവരെ ഒരുമിപ്പിച്ചു.

ജനവിധിയെ വീണ്ടും കേന്ദ്രസ്ഥാനത്ത് എത്തിക്കുക.

ന്യൂഡൽഹിയിലെ ഈ ചർച്ചകളെക്കുറിച്ച് രാജ്യത്തെ സാധാരണ ജനങ്ങൾക്ക് വിശദമായി അറിയില്ലായിരുന്നു.

പക്ഷേ ഒരു മാറ്റം അവർ തിരിച്ചറിഞ്ഞു.

ഇനി തിരഞ്ഞെടുപ്പ് വേദികളിൽ ഓരോ പാർട്ടിയും പ്രത്യേകം നിൽക്കുന്നില്ല.

ചില വേദികളിൽ പഴയ എതിരാളികൾ ഒരുമിച്ച് നിൽക്കുന്നു.

ഗ്രാമങ്ങളിലെ ആളുകൾ അത്ഭുതപ്പെട്ടു.

"ഇവരും ഒന്നിച്ചോ?"

ആ ചോദ്യത്തിന് രാഷ്ട്രീയനേതാക്കൾക്കുപോലും ഏതാനും മാസങ്ങൾക്കുമുമ്പ് വ്യക്തമായ ഉത്തരമുണ്ടാകുമായിരുന്നില്ല.

അന്ന് വൈകുന്നേരം യോഗം അവസാനിച്ചു.

നേതാക്കൾ ഓരോരുത്തരും പുറത്തേക്കിറങ്ങി.

ഡൽഹിയുടെ തണുത്ത കാറ്റ് അവരെ സ്വീകരിച്ചു.

അവരിൽ ആരും ഭാവി ഉറപ്പോടെ അറിഞ്ഞിരുന്നില്ല.

തിരഞ്ഞെടുപ്പിൽ ജയിക്കുമോ?

ജനങ്ങൾ എന്ത് വിധിയെഴുതും?

അടിയന്തിരാവസ്ഥയുടെ ഭയം വോട്ടുപെട്ടിവരെ എത്തുമോ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലായിരുന്നു.

പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ഐക്യം മുമ്പ് ഉണ്ടായിരുന്നില്ല.

ആ രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ചായക്കടകളിൽ ചർച്ചകൾ.

ബസ് സ്റ്റാൻഡുകളിൽ വാദങ്ങൾ.

ഗ്രാമച്ചന്തകളിൽ സംശയങ്ങൾ.

പട്ടണങ്ങളിൽ പ്രതീക്ഷ.

ഇരുപത്തൊന്ന് മാസമായി നിശ്ശബ്ദമായിരുന്ന ജനാധിപത്യം പതുക്കെ വീണ്ടും സംസാരിക്കാൻ തുടങ്ങി.

പക്ഷേ ഒരു ചോദ്യം ഇപ്പോഴും വായുവിൽ തങ്ങി നിന്നു.

ജനങ്ങൾ ഭയത്തെ ഓർക്കുമോ?

അല്ലെങ്കിൽ മറക്കുമോ?

ആ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യയുടെ ഗ്രാമങ്ങളിലായിരുന്നു.

അവിടേക്കാണ് ഇനി നമ്മുടെ യാത്ര.

@@@@@@@@@@@@@@@@@@@@@@@


അദ്ധ്യായം പന്ത്രണ്ട്.

നിശ്ശബ്ദമായി വിധിയെഴുതിയവർ.

ഉത്തർപ്രദേശ്.

1977 മാർച്ച്.

പ്രഭാതം.

ഇനിയും പൂർണമായി വെളിച്ചം വീണ തുടങ്ങിയിട്ടില്ല.

എങ്കിലും,

ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന് മുന്നിൽ ആളുകൾ പതുക്കെ എത്തിത്തുടങ്ങി.

ഇന്ന് ക്ലാസില്ല.

ഇന്ന് ആ കെട്ടിടം മറ്റൊരു ദൗത്യത്തിനാണ് തുറന്നിരിക്കുന്നത്. ഇന്നൊരു ദിവസം അത്

പോളിംഗ് സ്റ്റേഷനാണ്.

വാതിലിന് മുന്നിൽ മുളകൊണ്ടുള്ള താൽക്കാലിക വേലി.

അതിനകത്ത് നീണ്ട നിര.

കൈയിൽ തിരിച്ചറിയൽ രേഖകളുമായി കാത്തുനിൽക്കുന്ന ആളുകൾ.

അവരുടെ മുഖത്ത് പതിവ് തിരഞ്ഞെടുപ്പുകളുടെ ആവേശമുണ്ടായിരുന്നില്ല.

നിറഞ്ഞ ഗൗരവം മാത്രം.

നിരയുടെ ഒടുവിൽ റാംസ്വരൂപ് നിന്നു.

അതെ...

കുറച്ചുമാസം മുമ്പ് സന്ധ്യ വരെ വയലിൽ ഒളിച്ചിരുന്ന അതേ മനുഷ്യൻ.

ഇന്ന് അയാൾ ഒളിച്ചിരിക്കുകയല്ല .

നേരെ നില്ക്കുകയാണ്.

അയാളുടെ മുന്നിൽ നിൽക്കുന്നത് സർക്കാർ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു.

പക്ഷേ ഇന്ന് അയാളുടെ കൈയിൽ പട്ടികയല്ല.

ബാലറ്റ് പേപ്പറായിരുന്നു.

നിരയിൽ ഒരു വൃദ്ധസ്ത്രീയും ഉണ്ടായിരുന്നു.

അവർക്ക് വായിക്കാൻ അറിയില്ല.

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മാത്രമാണ് അറിയുന്നത്.

അവർ അടുത്തുനിന്ന പെൺകുട്ടിയോട് മൃദുവായി ചോദിച്ചു:

"എവിടെയാണ് മോളെ സീലടിക്കേണ്ടത് ?"

പെൺകുട്ടി മറുപടി പറഞ്ഞില്ല.

കാരണം, അവൾക്കറിയാമായിരുന്നു

വോട്ടിന്റെ രഹസ്യാത്മകത.

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:

"അമ്മേ... അത് നിങ്ങൾ തന്നെ തീരുമാനിക്കണം."

അത് ജനാധിപത്യത്തിന്റെ ഏറ്റവും ലളിതമായ പാഠമായിരുന്നു.

വോട്ടെടുപ്പ് ശാന്തമായി മുന്നോട്ടുപോയി.

പുറത്ത് ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചു.

പക്ഷേ നിരയിൽ നിന്നവർ അധികം സംസാരിച്ചില്ല.

അവരുടെ സംഭാഷണം മാസങ്ങൾക്കുമുമ്പേ അവസാനിച്ചിരുന്നു.

ഇന്ന് സംസാരിക്കേണ്ടത് വിരലിലെ മഷിയായിരുന്നു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ വോട്ടറുടെയും വിരലിൽ മഷി പുരട്ടി.

ആ മഷി മണിക്കൂറുകൾക്കുള്ളിൽ ഉണങ്ങും.

പക്ഷേ അന്ന് ഇന്ത്യയുടെ ചരിത്രത്തിൽ പതിഞ്ഞ ആ അടയാളം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാഞ്ഞില്ല.

ഗ്രാമത്തിൽ നിന്ന് അകലെയുള്ള മറ്റൊരു പോളിംഗ് സ്റ്റേഷനിൽ ഗംഗാദേവിയും വോട്ട് ചെയ്യാനെത്തി.

അവൾ ബാലറ്റ് ബോക്സിന് മുന്നിൽ ഏതാനും നിമിഷങ്ങൾ നിന്നു.

ആരോടും ഒന്നും പറഞ്ഞില്ല.

ആർക്കും അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ല.

പക്ഷേ അവൾക്ക് ഓർമ്മയുണ്ടായിരുന്നു.

സന്ധ്യവരെ വീട്ടിലെത്താതെ വയലിൽ ഒളിച്ചിരുന്ന ഭർത്താവ്.

ഓരോ ജീപ്പിന്റെയും ശബ്ദം കേൾക്കുമ്പോൾ വിറച്ചിരുന്ന കുട്ടികൾ.

അറിയാത്ത ഭയത്തിൽ കഴിച്ചുകൂട്ടിയ മാസങ്ങൾ.

ബാലറ്റ് പേപ്പർ മടക്കി പെട്ടിയിലിട്ടപ്പോൾ അവൾ പ്രതികാരം ചെയ്തില്ല.

പക്ഷെ, അവൾ വിധിയെഴുതി.

ഇന്ത്യയിലെ ലക്ഷക്കണക്കിന് വോട്ടിംഗ് കേന്ദ്രങ്ങളിൽ അന്ന് ഇതുപോലുള്ള നിശ്ശബ്ദ നിമിഷങ്ങൾ അരങ്ങേറി.

ഒരു വോട്ടർ പോലും തന്റെ വോട്ടിനൊപ്പം ഒരു പ്രസംഗം നടത്തിയില്ല.

ആരും മുദ്രാവാക്യം വിളിച്ചില്ല.

പക്ഷേ ഓരോ ബാലറ്റും ഒരു ഓർമ്മയുമായി പെട്ടിക്കുള്ളിലേക്ക് വീണു.

ആ ഓർമ്മകൾ ഓരോരുത്തർക്കും വ്യത്യസ്തമായിരുന്നു.

ചിലർക്ക് ജയിലിൽ കഴിഞ്ഞ മാസങ്ങൾ.

ചിലർക്ക് പത്രത്തിന്റെ നിശ്ശബ്ദത.

ചിലർക്ക് തുർക്ക്മാൻ ഗേറ്റിലെ പൊടിപടലം.

ചിലർക്ക് വന്ധ്യംകരണ ക്യാമ്പിന്റെ ഭയം.

ചിലർക്ക് അയൽവാസിയുടെ അറസ്റ്റ്.

ചിലർക്ക് വെറും ഒരു ചോദ്യം മാത്രം.

"എന്റെ രാജ്യം വീണ്ടും പഴയതുപോലെയാകുമോ?"

വൈകുന്നേരം അഞ്ചുമണിക്ക് അവസാന വോട്ടറും പുറത്തേക്കിറങ്ങി.

പോളിംഗ് ഓഫീസർ ബാലറ്റ് പെട്ടി മുദ്രവെച്ചു.

ആ പെട്ടിക്കുള്ളിൽ വെറും കടലാസ് കഷണങ്ങളായിരുന്നില്ല.

ഒരു രാജ്യത്തിന്റെ മനസ്സാക്ഷിയായിരുന്നു.

ഡൽഹിയിൽ അധികാരകേന്ദ്രങ്ങൾ ഇപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു.

എന്നാൽ ഇന്ത്യയുടെ ഗ്രാമങ്ങൾ അന്നേ ദിവസം നിശ്ശബ്ദമായി ഒരു തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

ആ തീരുമാനം അറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.

ബാലറ്റ് പെട്ടികൾ തുറക്കുമ്പോൾ,

ഇന്ത്യ മാത്രമല്ല,

ലോകവും അത്ഭുതപ്പെട്ടേക്കും

@@@@@@@@@@@@@@@@@@@@@


അദ്ധ്യായം പതിമൂന്ന്.

വോട്ടെണ്ണൽ ദിനം

1977 മാർച്ച് 20.

രാവിലെ 7 മണി.

ന്യൂഡൽഹി ഇനിയും പൂർണമായി ഉണർന്നിരുന്നില്ല.

പക്ഷേ രാജ്യത്താകെ നൂറുകണക്കിന് എണ്ണൽ കേന്ദ്രങ്ങളിൽ ആദ്യ ബാലറ്റ് പെട്ടികൾ തുറക്കാൻ തുടങ്ങി.

ഇരുമ്പ് പൂട്ടുകൾ അഴിച്ചു.

മെഴുകുമുദ്രകൾ പരിശോധിച്ചു.

സ്ഥാനാർഥികളുടെ ഏജന്റുമാർ ശ്വാസമടക്കിനിന്നു.

മുറിക്കുള്ളിൽ കേട്ടത് കടലാസ് ഉരസുന്ന ശബ്ദം മാത്രം.

ഒരു വോട്ട്...

രണ്ട് വോട്ട്...

പത്ത് വോട്ട്...

നൂറ് വോട്ട്...

ഓരോ ബാലറ്റും ഓരോ കൈകളിലൂടെ സഞ്ചരിച്ച് ഓരോ കൂമ്പാരങ്ങളായി വളർന്നു.

ഇന്ത്യയുടെ ഭാവി പതുക്കെ മേശപ്പുറത്ത് രൂപംകൊള്ളുകയായിരുന്നു.

ന്യൂഡൽഹിയിലെ ആകാശവാണി വാർത്താവിഭാഗത്തിൽ ടെലിപ്രിന്റർ യന്ത്രങ്ങൾ നിർത്താതെ പ്രവർത്തിച്ചു.

ഓരോ മിനിറ്റിലും പുതിയ വാർത്തകൾ.

"ബിഹാറിൽ ആദ്യഘട്ട പ്രവണത..."

"ഉത്തർപ്രദേശിൽ അപ്രതീക്ഷിത ലീഡ്..."

"ഹരിയാനയിൽ ശക്തമായ മത്സരം..."

ന്യൂസ് എഡിറ്റർ വീണ്ടും വീണ്ടും ഒരു ചോദ്യം ചോദിച്ചു.

"ഈ കണക്കുകൾ വീണ്ടും പരിശോധിച്ചോ?"

കാരണം ആദ്യ ഫലങ്ങൾ ആരും പ്രതീക്ഷിച്ചിരുന്ന ദിശയിലായിരുന്നില്ല.

ബിഹാറിലെ ഒരു എണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥൻ വീണ്ടും എണ്ണി.

വീണ്ടും.

ഒരിക്കൽക്കൂടി.

കണക്ക് മാറിയില്ല.

ഗ്രാമങ്ങളിൽ നിന്നുള്ള ബാലറ്റുകൾ ഒരേ ദിശയിലായിരുന്നു.

ഒരു സ്ഥാനാർഥിയുടെ ഏജന്റ് മേശയിൽ കൈവെച്ച് നിശ്ശബ്ദനായി നിന്നു.

മറ്റേയാൾക്ക് സന്തോഷം പ്രകടിപ്പിക്കാനായില്ല.

ചരിത്രം നടക്കുമ്പോൾ മനുഷ്യർ പലപ്പോഴും ആദ്യം മിണ്ടാട്ടം മുട്ടിപ്പോയ പോലെയാകും.

ഉച്ചയോടെ ചിത്രം കൂടുതൽ വ്യക്തമായി.

ഉത്തരേന്ത്യയിൽ നിന്ന് ഒരു ജനവിധിയുടെ തരംഗം ഉയരുകയായിരുന്നു.

ബിഹാർ.

ഉത്തർപ്രദേശ്.

ഡൽഹി.

ഹരിയാന.

രാജസ്ഥാൻ.

ഓരോ സംസ്ഥാനത്തുനിന്നും വന്ന വാർത്തകൾ ഒരു വലിയ ചിത്രത്തിന്റെ ഭാഗങ്ങളായി മാറി.

ആ ചിത്രം ന്യൂഡൽഹിയിലെ അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കി.

പ്രധാനമന്ത്രിയുടെ വസതിയിൽ വാർത്തകൾ എത്തിക്കൊണ്ടിരുന്നു.

ഓരോ മണിക്കൂറിലും പുതിയ റിപ്പോർട്ടുകൾ.

ഓരോ റിപ്പോർട്ടും മുൻപത്തേതിനേക്കാൾ ഗൗരവമുള്ളത്.

രാഷ്ട്രീയത്തിൽ അനുഭവസമ്പന്നരായവർക്കുപോലും അന്ന് ഒരു കാര്യം മനസ്സിലായി.

ജനവിധിയുടെ ശക്തിയെ മുൻകൂട്ടി കണക്കാക്കാൻ എല്ലായ്പ്പോഴും കഴിയില്ല.

വൈകുന്നേരത്തോടടുത്തപ്പോൾ രാജ്യം മുഴുവൻ ഒരു വാർത്ത കാത്തിരിക്കുകയായിരുന്നു.

റായ്ബറേലി.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മണ്ഡലം.

എണ്ണൽ തുടരുകയായിരുന്നു.

ഓരോ റൗണ്ടും കഴിഞ്ഞപ്പോൾ ഉത്കണ്ഠ വർധിച്ചു.

അവസാനം ഫലം പ്രഖ്യാപിച്ചു.

ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടു.

കുറച്ച് മണിക്കൂറുകൾക്കുശേഷം മറ്റൊരു വാർത്തയും വന്നു.

അമേത്തിയിൽ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു.

ആ രണ്ട് വാർത്തകളും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി.

ആകാശവാണിയിൽ നിന്നും ഒരു മധുരഗാനം ഒഴുകിപ്പരന്നു.

"മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു

ദുഷ്ടനാം ദുർവിധി വീണ്ടും

ഇതാ ദുഷ്‌ടനാം ദുർവിധി വീണ്ടും"

അന്ന് രാത്രി പല വീടുകളിലും റേഡിയോ ഓഫ് ചെയ്തില്ല.

ജനങ്ങൾ വീണ്ടും വീണ്ടും വാർത്തകൾ കേട്ടു.

"ശരിയാണോ?"

"വീണ്ടും പറയൂ..."

ഗ്രാമത്തിലെ ചായക്കടയിൽ ഒരാൾ പതുക്കെ പറഞ്ഞു:

"അപ്പോൾ... നമ്മുടെ വോട്ട് ശരിക്കും എണ്ണപ്പെട്ടല്ലോ."

ആ വാക്യം കേട്ടിരുന്ന വൃദ്ധൻ കണ്ണട ഊരിമാറ്റി.

പതുക്കെ പറഞ്ഞു.

"ജനാധിപത്യം മരിച്ചിട്ടില്ല..."

"അത് ഉറങ്ങുക മാത്രമായിരുന്നു."

അടുത്ത ദിവസം രാവിലെ ഇന്ത്യ ഉണർന്നപ്പോൾ ഒരു പുതിയ രാഷ്ട്രീയ യാഥാർഥ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്.

ഇത് ഒരു സർക്കാരിന്റെ പരാജയം മാത്രമായിരുന്നില്ല.

ഒരു വലിയ ജനാധിപത്യപരീക്ഷണത്തിന്റെ ഫലമായിരുന്നു.

1975 ജൂൺ 25-ന് അർധരാത്രിയിൽ ആരംഭിച്ച ഒരു യാത്ര.

1977 മാർച്ചിൽ

ഒരു ബാലറ്റ് പെട്ടിയുടെ മുന്നിൽ അവസാനിച്ചു.

പക്ഷേ യഥാർത്ഥത്തിൽ അത് അവസാനമായിരുന്നില്ല.

ഒരു പുതിയ ചോദ്യം ഇപ്പോഴാണ് ആരംഭിച്ചത്.

ഈ ഇരുപത്തൊന്ന് മാസങ്ങളിൽ നിന്ന് ഇന്ത്യ എന്താണ് പഠിച്ചത്?

ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ചരിത്രം ഇനി കോടതിമുറിയിലേക്കാണ് പോകുന്നത്.

ഷാ കമ്മീഷനിലേക്ക്.

@@@@@@@@@@@@@@@@@@@@@

അദ്ധ്യായം പതിനാല്.

ചരിത്രം സാക്ഷിക്കൂട്ടിൽ കയറിയ ദിവസം

ന്യൂഡൽഹി.

1977 സെപ്റ്റംബർ 29.

ഡൽഹിയിൽ അന്നും പതിവുപോലെ സൂര്യൻ രാവിലെ ഉദിച്ചു.

സൗത്ത് ബ്ലോക്കിലെ ഓഫീസുകൾ തുറന്നു.

നോർത്ത് ബ്ലോക്കിൽ ഫയലുകൾ മേശപ്പുറത്ത് എത്തി.

സുപ്രീം കോടതി പരിസരത്ത് അഭിഭാഷകർ നടന്നു പോയി.

പക്ഷേ നഗരത്തിന്റെ മറ്റൊരിടത്ത് മറ്റൊരു ചരിത്രം ആരംഭിക്കുകയായിരുന്നു.

അവിടെ ഒരു കോടതിയല്ല പ്രവർത്തനം തുടങ്ങിയത്.

ഒരു അന്വേഷണ കമ്മീഷനായിരുന്നു.

അതിന്റെ അധ്യക്ഷൻ.

ജസ്റ്റിസ് ജെ. സി. ഷാ.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ്.

അദ്ദേഹത്തിന്റെ മുന്നിൽ കെട്ടിക്കിടന്നിരുന്നത് സാധാരണ ഫയലുകളായിരുന്നില്ല.

ഇരുപത്തൊന്ന് മാസങ്ങളുടെ ഓർമ്മകളായിരുന്നു.

മുറിക്കുള്ളിൽ ഒരു അപൂർവമായ നിശ്ശബ്ദതയുണ്ടായിരുന്നു.

സാക്ഷികൾ ഓരോരുത്തരായി എത്തിത്തുടങ്ങി.

ചിലർ മുൻ മന്ത്രിമാർ.

ചിലർ മുതിർന്ന ഉദ്യോഗസ്ഥർ.

ചിലർ പത്രപ്രവർത്തകർ.

ചിലർ പോലീസ് ഉദ്യോഗസ്ഥർ.

ചിലർ,

ചരിത്രപുസ്തകങ്ങളിൽ ഒരിക്കലും പേരില്ലാത്ത സാധാരണ പൗരന്മാർ.

അവരുടെ കൈയിൽ നിയമഗ്രന്ഥങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഓർമ്മകൾ മാത്രം.

ആദ്യ സാക്ഷി സത്യപ്രതിജ്ഞ ചെയ്തു.

മുറിയിലെ എല്ലാവരും അയാളെ നോക്കി.

അയാൾ സംസാരിക്കാൻ തുടങ്ങി.

ആ ശബ്ദത്തിൽ പ്രസംഗത്തിന്റെ ഉയർച്ചയില്ലായിരുന്നു.

മുറിവിന്റെ ആഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"എന്നെ അറസ്റ്റ് ചെയ്ത ദിവസം..."

ആ ഒരു വാക്യത്തോടെ വീണ്ടും 1975 ജൂൺ മാസത്തിലെ രാത്രികൾ മുറിക്കുള്ളിലേക്ക് മടങ്ങിവന്നു.

ഓരോ ദിവസവും പുതിയ സാക്ഷികൾ എത്തി.

ഒരു പത്രാധിപർ സെൻസർഷിപ്പിനെക്കുറിച്ച് മൊഴിനൽകി.

ഒരു ഉദ്യോഗസ്ഥൻ തനിക്കു ലഭിച്ച ഭരണനിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഒരു സാധാരണ പൗരൻ തന്റെ കുടുംബം അനുഭവിച്ച കഷ്ടതകൾ പറഞ്ഞു.

ചില മൊഴികൾ പരസ്പരം യോജിച്ചു.

ചിലത് തമ്മിൽ വൈരുധ്യമുണ്ടായിരുന്നു.

അതാണ് അന്വേഷണത്തിന്റെ സ്വഭാവം.

ഒരു സംഭവത്തെ ഒരേയൊരു ശബ്ദംകൊണ്ടല്ല, അനേകം ശബ്ദങ്ങൾകൊണ്ടാണ് ചരിത്രം പുനർനിർമിക്കുന്നത്.

കമ്മീഷന്റെ മുന്നിൽ വീണ്ടും വീണ്ടും ഉയർന്നുവന്ന ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു.

അറസ്റ്റുകൾ നിയമാനുസൃതമായിരുന്നോ?

സെൻസർഷിപ്പിന്റെ പരിധി എവിടെയായിരുന്നു?

ഭരണനിർവഹണത്തിൽ നിയമപരമായ അധികാരത്തിന് പുറത്തുള്ള സ്വാധീനങ്ങൾ പ്രവർത്തിച്ചിരുന്നോ?

വന്ധ്യംകരണ പരിപാടിയിൽ ചില പ്രദേശങ്ങളിൽ അമിത സമ്മർദ്ദം എന്തുകൊണ്ട് ഉണ്ടായി?

തുർക്ക്മാൻ ഗേറ്റിൽ ഭരണകൂടം സ്വീകരിച്ച നടപടി ഒഴിവാക്കാനാകുമായിരുന്നോ?

ഓരോ ചോദ്യത്തിനും കമ്മീഷൻ രേഖകൾ ആവശ്യപ്പെട്ടു.

ഫയലുകൾ പരിശോധിച്ചു.

സാക്ഷിമൊഴികൾ തമ്മിൽ താരതമ്യം ചെയ്തു.

ഇവിടെ വികാരത്തിന് പകരം തെളിവായിരുന്നു പ്രധാനം.

അന്വേഷണം പുരോഗമിക്കുന്തോറും ഒരു കാര്യം കൂടുതൽ വ്യക്തമായി.

അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു ഒറ്റവാക്യ വിധി പറയാൻ കഴിയില്ല.

കാരണം അത് ഒരൊറ്റ സംഭവമായിരുന്നില്ല.

പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്നം വേറെയായിരുന്നു.

രാഷ്ട്രീയ അറസ്റ്റുകളുടെ പ്രശ്നം വേറെയായിരുന്നു.

തുർക്ക്മാൻ ഗേറ്റിന്റെ കഥ വേറെയായിരുന്നു.

വന്ധ്യംകരണത്തിന്റെ അനുഭവം മറ്റൊന്നായിരുന്നു.

എന്നാൽ ഈ വ്യത്യസ്ത സംഭവങ്ങളെ ബന്ധിപ്പിച്ച് അവക്ക് ഒരു ഐക്യം കണ്ടെത്താൻ കമ്മീഷൻ ശ്രമിച്ചു.

അധികാരം നിയമത്തിന്റെ നിയന്ത്രണത്തിൽ നിന്ന് എവിടെയെല്ലാം അകന്നു?

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് തയ്യാറായി.

ആ റിപ്പോർട്ട് ഒരു രാഷ്ട്രീയപ്രഖ്യാപനമായിരുന്നില്ല.

ഒരു നിയമപരമായ അന്വേഷണത്തിന്റെ രേഖയായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് ചില അധികാരദുരുപയോഗങ്ങൾ നടന്നതായി കമ്മീഷൻ കണ്ടെത്തി.

ചില ഭരണനടപടികൾ നിയമത്തിന്റെയും സ്ഥാപിത നടപടിക്രമങ്ങളുടെയും ആത്മാവിനോട് പൊരുത്തപ്പെടാത്തതായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തി.

ചില സന്ദർഭങ്ങളിൽ ഭരണനിർവഹണത്തിന് പുറത്തുനിന്നുള്ള അനൗപചാരിക സ്വാധീനങ്ങളെക്കുറിച്ചും കമ്മീഷൻ പരാമർശിച്ചു.

ഈ കണ്ടെത്തലുകൾ പിന്നീട് ഇന്ത്യയിൽ ഭരണഘടനാ ചർച്ചകൾക്കും ഭരണപരിഷ്കാരങ്ങൾക്കും പ്രധാന റഫറൻസുകളിലൊന്നായി മാറി.

അന്ന് സന്ധ്യയ്ക്ക് കമ്മീഷന്റെ മുറി പതുക്കെ ഒഴിഞ്ഞു.

കസേരകൾ ശൂന്യമായി.

ഫയലുകൾ അടച്ചു.

ലൈറ്റുകൾ അണഞ്ഞു.

പക്ഷേ അവിടെ രേഖപ്പെടുത്തിയ മൊഴികൾ മിണ്ടാതായില്ല.

അവ ഇന്ത്യയുടെ ജനാധിപത്യസ്മൃതിയുടെ ഭാഗമായി.

കാരണം ചരിത്രം സംഭവിക്കുന്നത് ഒരിക്കൽ മാത്രമാണ്.

പക്ഷേ അതിനെ ഓർമ്മിക്കുന്നത് ഓരോ തലമുറയുമാണ്.

ആ അന്വേഷണത്തിന്റെ അവസാന പേജിൽ എഴുതപ്പെട്ടിരുന്നത് വെറും ഒരു റിപ്പോർട്ടിന്റെ സമാപനമല്ലായിരുന്നു.

ഒരു മുന്നറിയിപ്പായിരുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കാവൽക്കാരൻ ഭരണകൂടമല്ല.

ജാഗരൂകരായ പൗരന്മാരാണ്.

@@@@@@@@@@@@@@@@@@@@@@@@@@

അദ്ധ്യായം പതിനഞ്ച്.

ചരിത്രം സാക്ഷിമൊഴി കേട്ട ദിവസം

ന്യൂഡൽഹി.

1977 സെപ്റ്റംബർ.

മുറിയിൽ അസാധാരണമായ നിശ്ശബ്ദതയായിരുന്നു.

ചുവരിലെ ഫാൻ പതുക്കെ കറങ്ങുന്നുണ്ടായിരുന്നു.

മുൻവശത്ത് ഉയർന്ന ഒരു മേശ.

അതിന് പിന്നിൽ ഇരുന്നത് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്ന 

ജസ്റ്റിസ് ജെ. സി. ഷാ.

അദ്ദേഹത്തിന്റെ മുന്നിലെ മേശയിൽ ഫയലുകൾ അടുക്കിവെച്ചിരുന്നു.

ഓരോ ഫയലും ഒരു പരാതിയായിരുന്നു.

ഓരോ പരാതിയും ഒരു മനുഷ്യന്റെ ജീവിതമായിരുന്നു.

ഓരോ മനുഷ്യനും ഒരു കുടുംബത്തിൻ്റെ നെടുംതൂണായിരുന്നു.

1977-ലെ പൊതുതെരഞ്ഞെടുപ്പിൽ ജനതാ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം, അടിയന്തിരാവസ്ഥക്കാലത്ത് അധികാരദുരുപയോഗം നടന്നുവെന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് ഷാ കമ്മീഷൻ രൂപവത്കരിക്കപ്പെട്ടത്.

ഇനി സംസാരിക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല.

സാക്ഷികളായിരുന്നു.

"അടുത്ത സാക്ഷി..."വിളി മുഴങ്ങി.

ഒരു മധ്യവയസ്കൻ പതുക്കെ എഴുന്നേറ്റു.

അദ്ദേഹം രാഷ്ട്രീയക്കാരനല്ല.

പ്രസംഗകനുമല്ല.

തുർക്ക്മാൻ ഗേറ്റിലെ ഒരു സാധാരണ താമസക്കാരൻ.

സത്യവാങ്മൂലം ചൊല്ലിയ ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

അദ്ദേഹം പറഞ്ഞത് ഒരു പ്രസംഗമായിരുന്നില്ല. ഓർമ്മകളായിരുന്നു.

"രാവിലെ പൊലീസ് വന്നു..."

"പിന്നാലെ ബുൾഡോസർ..."

"ഞങ്ങൾ രേഖകൾ കാണിച്ചു..."

"ആരും നോക്കിയില്ല ഞങ്ങൾ പറഞ്ഞത് കേട്ടില്ല..."

മുറിയിൽ ആരും ഇടയ്ക്കു തടസ്സപ്പെടുത്തിയില്ല.

ചരിത്രം ആ മൊഴി കേട്ടുകൊണ്ടിരുന്നു.

കമ്മീഷന്റെ മുന്നിൽ ഉദ്യോഗസ്ഥരും ഹാജരായി.

ഭരണനടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.

ആരാണ് ഉത്തരവിട്ടത്?

നിയമനടപടികൾ പാലിച്ചിരുന്നോ?

ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകിയിരുന്നോ?

ബലം പ്രയോഗിക്കേണ്ട സാഹചര്യം എങ്ങനെ രൂപപ്പെട്ടു?

ഇത്തരം ചോദ്യങ്ങൾ മണിക്കൂറുകളോളം ചോദിക്കപ്പെട്ടു.

ചില ഉത്തരങ്ങൾ വ്യക്തമായിരുന്നു.

ചിലത് പരസ്പരവിരുദ്ധമായിരുന്നു.

ചിലർക്ക് ഓർമ്മയില്ലെന്ന് പറഞ്ഞു.

എന്നാൽ ഒരു കാര്യം വ്യക്തമായിരുന്നു.

തുർക്ക്മാൻ ഗേറ്റ് ഇനി ഒരു പ്രാദേശിക ഭരണനടപടി മാത്രമായിരുന്നില്ല.

അത് ദേശീയ തലത്തിൽ തന്നെ അന്വേഷണവിഷയമായി മാറിയിരുന്നു.

ഷാ കമ്മീഷന്റെ റിപ്പോർട്ട് പിന്നീട് നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടി.

അടിയന്തിരാവസ്ഥക്കാലത്ത് ചില സാഹചര്യങ്ങളിൽ നിയമനടപടികൾ പാലിക്കപ്പെട്ടില്ലെന്നും, ഭരണനിർവഹണത്തിൽ അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നെന്നും, ചില തീരുമാനങ്ങൾ സാധാരണ ഭരണക്രമത്തിന് പുറത്തുള്ള സ്വാധീനങ്ങളാൽ രൂപപ്പെട്ടിരുന്നെന്നുമുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് പ്രത്യേകിച്ച് ഒരു ആശയം ആവർത്തിക്കുന്നു.

അധികാരം നിയമത്തിന് മുകളിലാകുമ്പോൾ, ആദ്യം നഷ്ടപ്പെടുന്നത് സാധാരണ മനുഷ്യന്റെ സംരക്ഷണമാണ്.

തുർക്ക്മാൻ ഗേറ്റിലെ പൊടി അതോടെ അടങ്ങിയിരുന്നില്ല.

വീട് നഷ്ടപ്പെട്ടവർ പുതിയ പുനരധിവാസ കോളനികളിലേക്ക് മാറ്റപ്പെട്ടു.

അവിടെ കുടിവെള്ളമില്ലാത്ത ദിവസങ്ങളുണ്ടായിരുന്നു.

സ്കൂളുകൾ ദൂരെയായിരുന്നു.

ജോലിസ്ഥലങ്ങളിലെത്താൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവന്നു.

ഒരു കുടുംബത്തിന് വീട് നഷ്ടപ്പെട്ടാൽ, നഷ്ടമാകുന്നത് നാല് ചുവരുകൾ മാത്രമല്ല.

അയൽവാസിയും...

ജോലിയും...

ആരാധനാലയങ്ങളും...

ചന്തയും...

ജീവിതത്തിന്റെ താളവുമാണ്.

ഇത് നഗരാസൂത്രണത്തിന്റെ ഭൂപടത്തിൽ കാണാൻ കഴിയാത്ത നഷ്ടങ്ങളായിരുന്നു.

ഡൽഹിയിൽ അന്വേഷണം നടക്കുമ്പോൾ, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ മറ്റൊരു കഥ തുടരുകയായിരുന്നു.

ആ കഥയ്ക്ക് കോടതിമുറിയില്ല.

കമ്മീഷനില്ല.

പക്ഷേ ഭയം ഉണ്ടായിരുന്നു.

ഓരോ ജില്ലാ ആശുപത്രിക്കും ഒരു സംഖ്യ.

ഓരോ മെഡിക്കൽ ഓഫീസർക്കും ഒരു ലക്ഷ്യം.

ആ ലക്ഷ്യം പൂർത്തിയാക്കേണ്ടത് മനുഷ്യരുടെ ശരീരങ്ങളിലൂടെയായിരുന്നു.

ഡൽഹിയിലെ അന്വേഷണ മുറിയിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തുമ്പോൾ, ഇന്ത്യയുടെ മറ്റൊരു ചരിത്രം ഇപ്പോഴും പൂർണമായി എഴുതപ്പെട്ടിരുന്നില്ല.

ആ ചരിത്രത്തിന്റെ പേര്.

നിർബന്ധിത വന്ധ്യംകരണത്തിന്റെ നിഴൽ.

@@@@@@@@@@@@@@@@@@@@@@@


ജനാധിപത്യം ഉറങ്ങിയതാകാം.. പക്ഷേ മരിച്ചിരുന്നില്ല.....

മഴ പതുക്കെ പെയ്യുന്ന ഒരു സായാഹ്നമായിരുന്നു.

ഡൽഹി സർവകലാശാലയുടെ പഴയ ലൈബ്രറിയിൽ ഏതാനും വിദ്യാർത്ഥികൾ മാത്രം ബാക്കിയുണ്ടായിരുന്നു.

പഴക്കം ചെന്ന തടി മേശയുടെ മുന്നിൽ ഒരു നിയമവിദ്യാർത്ഥി ഇരിക്കുകയായിരുന്നു.

അവന്റെ മുന്നിൽ ഇന്ത്യയുടെ ഭരണഘടനയുടെ രണ്ട് പതിപ്പുകൾ.

ഒന്ന് അടിയന്തിരാവസ്ഥയ്ക്ക് മുമ്പുള്ളത്.

മറ്റൊന്ന് അതിനുശേഷമുള്ളത്.

അവൻ ഓരോ പേജും പതുക്കെ മറിച്ചു.

ചില വാക്കുകൾ മാറിയിരുന്നു.

ചില അനുച്ഛേദങ്ങൾ പുനരാഖ്യാനം ചെയ്യപ്പെട്ടിരുന്നു.

ചില അധികാരങ്ങളുടെ സന്തുലനം വ്യത്യസ്തമായിരുന്നു.

പുസ്തകം അടച്ചുവെച്ച ശേഷം അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി.

മഴത്തുള്ളികൾ മണ്ണിൽ വീഴുകയായിരുന്നു.

അവൻ സ്വയം ചോദിച്ചു.

"ഒരു ഭരണഘടന മാറുമ്പോൾ... വെറും നിയമപുസ്തകമാണോ മാറുന്നത്? അതോ ഒരു രാജ്യത്തിന്റെ ആത്മാവിന്റെ സന്തുലനമാണോ?"

ആ ചോദ്യത്തിന് ഉത്തരം ഒരു നിയമഗ്രന്ഥത്തിന്റെ ഒറ്റ അധ്യായത്തിൽ ഉണ്ടായിരുന്നില്ല.

അത് 1975 ജൂൺ 25-ന്റെ അർധരാത്രിയിലുണ്ടായിരുന്നു.

അത് ജയിലിലെ ഇരുണ്ട സെല്ലുകളിലുണ്ടായിരുന്നു.

അത് സെൻസർ ചെയ്ത പത്രങ്ങളുടെ വെളുത്ത ഇടങ്ങളിലുണ്ടായിരുന്നു.

അത് തുർക്ക്മാൻ ഗേറ്റിലെ പൊടിപടലത്തിലുണ്ടായിരുന്നു.

അത് നിർബന്ധിത വന്ധ്യംകരണ ക്യാമ്പുകളുടെ ഭയത്തിലുണ്ടായിരുന്നു.

അത് 1977 മാർച്ചിലെ ബാലറ്റ് പെട്ടികളിലുണ്ടായിരുന്നു.

ഒരു ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഭരണാധികാരികളുടെ അധികാരത്തിലല്ലെന്ന് ഇന്ത്യ ആ ഇരുപത്തൊന്ന് മാസങ്ങളിൽ പഠിച്ചു.

അത് സ്വതന്ത്ര കോടതികളിലും...

സ്വതന്ത്ര മാധ്യമങ്ങളിലും...

സ്വതന്ത്ര തിരഞ്ഞെടുപ്പുകളിലും...

അതിലുപരി, ജാഗരൂകരായ പൗരന്മാരിലുമാണ്.

ചരിത്രം ഓരോ തലമുറയ്ക്കും ഓരോ പുസ്തകം സമ്മാനിക്കും.

ചിലത് വിജയങ്ങളുടെ കഥകളായിരിക്കും.

ചിലത് പരാജയങ്ങളുടെ.

എന്നാൽ ചില പുസ്തകങ്ങൾ മുന്നറിയിപ്പുകളായിരിക്കും.

അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകൾ അത്തരമൊരു മുന്നറിയിപ്പാണ്.

ഈ കുറിപ്പുകൾ ഒരു സർക്കാരിനെ അനുകൂലിക്കാനോ എതിർക്കാനോ എഴുതിയതല്ല.

ഒരു ജനാധിപത്യത്തിന്റെ ഓർമ്മകൾ മറന്നുപോകരുത് എന്ന വിശ്വാസത്തോടെയാണ് ഇത് എഴുതപ്പെട്ടത്.

കാരണം...

ചരിത്രം മറക്കുന്ന സമൂഹങ്ങൾ പലപ്പോഴും അതേ ചരിത്രം വീണ്ടും ജീവിക്കേണ്ടിവരും.

അത് ഓർമ്മിക്കുന്ന സമൂഹങ്ങൾ അതിൽ നിന്ന് പാഠം പഠിക്കും.

അവിടെത്തന്നെയാണ് ഒരു ജനാധിപത്യത്തിന്റെ പ്രതീക്ഷയും നിലനിൽക്കുന്നത്..🙏

L നജീബ് കടമ്പോട്ട് )

Share this story

Comments (0)

  • Be the first to write one.