20 June 2026 · 8 min read · കഥ

പാലങ്ങൾ ... പാലങ്ങൾ

 പാലങ്ങൾ .... പാലങ്ങൾ.

"പാലങ്ങൾ ഒരു നദിയുടെ രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുക മാത്രമല്ല, അത് ഭൂത കാലത്തെയും ഭാവിയെയും തമ്മിൽ കൂട്ടിയിണക്കുക കൂടിയാണ് ചെയ്യുന്നത്."

"അറുപത്തഞ്ച് വർഷമായി കൊടുങ്ങല്ലൂരിന്റെ വികസനത്തിന് സാക്ഷ്യം വഹിക്കുന്ന പുല്ലൂറ്റ് പാലത്തിലൂടെ നാം ദിവസവും കടന്നു പോകുന്നുണ്ട്. പക്ഷേ ഈ പാലത്തിന്റെ നിർമ്മിതിക്കു പിന്നിൽ ഒരു പ്രധാനമന്ത്രിയുടെ നഗര സന്ദർശനവും, ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഒരു ജനതയുടെ ദീർഘകാല കാത്തിരിപ്പും നിമിത്തമായിരുന്നെന്ന് എത്രപേർക്ക് അറിയാം?"

@@@@@@. @@@@@@. @@@@@@. @@@

ഒരു ദേശത്തിൻ്റെ ചരിത്രത്തിലെ ചില സംഭവങ്ങൾ രേഖകളിൽ മാത്രം ജീവിക്കുന്നവയായിരിക്കും. എന്നാൽ മറ്റ് ചിലവ  തലമുറകളിലൂടെ കഥകളായി സഞ്ചരിച്ച് ആ നാടിന്റെ ഓർമ്മയുടെ തന്നെ ഭാഗമാകുന്നവയുമുണ്ട്. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് പാലത്തിന്റെ കഥ രണ്ടാമത് പറഞ്ഞ രീതിയിലുള്ള ഒന്നാണ്. ഇന്നും 65 വർഷം പിന്നിട്ട ഈ പാലത്തിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുമ്പോൾ, അതിന്റെ പിന്നിൽ ഒരു പ്രധാനമന്ത്രിയുടെ നഗര സന്ദർശനവും, ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും, ഒരു രാഷ്ട്രീയ വാഗ്ദാനവും, ഒരു നാടിൻ്റെ ദീർഘകാല സ്വപ്നവും മറഞ്ഞുകിടക്കുന്നത് നമുക്ക് കണ്ടെത്താനാകും.

കൊടുങ്ങല്ലൂർക്കാരിൽ പഴയ തലമുറക്കാർ ഇന്നും പറയുന്ന ഒരു കഥയാണത്.  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1954-ൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊടുങ്ങല്ലൂരിലേക്ക് വരുമ്പോൾ  പുഴ കടക്കാനായി ചങ്ങാടം കാത്തു നിന്ന കഥ. 

അന്നത്തെ കൊടുങ്ങല്ലൂർ ഇന്നത്തെ പോലെ റോഡ് ശൃംഖലകളാൽ ബന്ധിക്കപ്പെട്ടതായിരുന്നില്ല. ചുറ്റുപാടും വെള്ളത്താൽ വലയം ചെയ്യപ്പെട്ട്  ഗതാഗത സംവിധാനങ്ങൾ ഒട്ടും സുഗമമല്ലാത്ത നില. പെരിയാറിൻ്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ നിന്ന് തെന്നിമാറി, നിറഞ്ഞൊഴുകിയ കനോലി കനാലിൻ്റെ മുകളിൽ അന്ന്  പാലമില്ലായിരുന്നു. കടത്തു വഞ്ചിയോ ചങ്ങാടമോ കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു ആളുകൾ നേരിട്ടിരുന്നത്. 

അന്ന് കേരളം ഇന്നത്തെ രൂപത്തിലായിരുന്നില്ലെങ്കിൽ പോലും അത്  ചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു. മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗവും, തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനവുമായിരുന്ന കാലം.

1954 ഫെബ്രുവരിയിൽ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയമായിരുന്നു അത്. അതിൻ്റെ പ്രചാരണത്തിനായിട്ടാണ് പ്രധാനമന്ത്രി ജവഹർലാൽ  നെഹ്റു കൊടുങ്ങല്ലൂരിലെത്തുന്നത്. 

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ജനാധിപത്യം പതിയെ വേരുറപ്പിച്ചു വരുന്നതേയുള്ളു. ആ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ശക്തമായിരുന്നെങ്കിലും കേരളമടക്കം ചിലയിടങ്ങളിൽ ഇടതുപക്ഷ ആശയങ്ങൾക്കാണ് വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളും കർഷക സമരങ്ങളും ജനകീയ ചർച്ചകളിൽ നിറഞ്ഞുനിന്നു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനം  ശക്തമായിരുന്നു. കൊടുങ്ങല്ലൂർ പ്രദേശവും രാഷ്ട്രീയമായി ഇത്തരത്തിൽ സജീവമായിരുന്നു.  വ്യാപാര സമൂഹം, തീരദേശ മത്സ്യത്തൊഴിലാളികൾ, കർഷകർ, കയര്‍ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ തുടങ്ങിയ വൈവിധ്യമാർന്ന ജനവിഭാഗങ്ങളിലധികവും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായിരുന്നു.

1954-ലെ തിരഞ്ഞെടുപ്പ് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന ഒന്നായി മാറി. കോൺഗ്രസിന് ശക്തമായ വെല്ലുവിളികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ കോൺഗ്രസിന് പിന്തുണ സമാഹരിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട്പ്ര ചാരണത്തിനായി എത്തിയത്.

നെഹ്‌റുവിൻ്റെ ചരിത്രപ്രധാനമായ ആ വരവിനെ എതിരേല്ക്കാനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞിിരുന്നു.  ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ മൈതാനത്തായിരുന്നു പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. അന്ന് സാമാന്യം വലിയ ഒരു ദ്വീപ് പോലെയായിരുന്നു കൊടുങ്ങല്ലൂരിൻ്റെ ഭൂമിശാസ്ത്രം. അതിനാലാണ് കൊടുങ്ങല്ലൂരിലെത്താൻ അദ്ദേഹത്തിന് പുല്ലൂറ്റ് പുഴ കടക്കേണ്ടിയിരുന്നത്. പക്ഷേ അന്നവിടെ പാലമില്ലായിരുന്നതിനാൽ ചങ്ങാടം വരാൻ ദീർഘനേരം കാത്ത് നിൽക്കേണ്ട അവസ്ഥ വന്നു. ഒട്ടും ക്ഷുഭിതനാകാതെ തന്നെ അദ്ദേഹം കാത്ത് നിന്നു. അതിനാൽ അദ്ദേഹം യോഗസ്ഥലത്ത് വൈകിയാണ് എത്തിയത്.

അന്നത്തെ സന്ദർശനത്തിൽ, ആ ബുദ്ധിമുട്ടും അസൗകര്യവും നേരിട്ട് അനുഭവിച്ച നെഹ്റു, അവിടെ ഒരു പാലം പണിയേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ ആ സ്വപ്നം യാഥാർഥ്യമായ കഥയാണിത്. 1961-ൽ പുല്ലൂറ്റ് പാലം പണി പൂർത്തിയായി നാടിന് സമർപ്പിച്ചതിൻ്റെ ചരിത്ര സാക്ഷ്യം.

പ്രധാനമന്ത്രി എത്തുന്ന ദിവസം വലിയ ജനക്കൂട്ടം അദ്ദേഹത്തെ കാത്തുനിന്നിരുന്നു. പ്രസംഗത്തിനിടെ താൻ എത്താൻ വൈകിയതിന്റെ കാരണം നെഹ്റു സൂചിപ്പിച്ചപ്പോൾ, ആ ഭാഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.  കോൺഗ്രസ് സ്ഥാനാർഥിയായ പി.കെ. അബ്ദുൽ ഖാദറും കമ്യൂണിസ്റ്റ് നേതാവ് ഇ. ഗോപാലകൃഷ്ണ മേനോനും തമ്മിലായിരുന്നു മത്സരം. പി.കെ. അബ്ദുൽ ഖാദർ ജയിച്ചാൽ ഇവിടെ ഒരു പാലം പണിയുമെന്ന വാഗ്ദാനം നെഹ്റു പ്രഖ്യാപിച്ചു.  പറഞ്ഞതുപോലെ തന്നെ  അബ്ദുൽ ഖാദർ ജയിക്കുകയും കുറെ കഴിഞ്ഞിട്ടാണെങ്കിലും പാലം യാഥാർത്ഥ്യമാകുകയും ചെയ്തു.

പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ പ്രകാരം:

പാലത്തിന്റെ നീളം: 925 അടി

റോഡിന്റെ വീതി: 22 അടി

നിർമ്മാണച്ചെലവ്: 14 ലക്ഷം രൂപ

ഉദ്ഘാടനം/പൂർത്തീകരണം: 1961 ഒക്ടോബർ 27.

അതായത് നെഹ്റുവിന്റെ സന്ദർശനത്തിന് ഏകദേശം 7 വർഷങ്ങൾക്ക് ശേഷമാണ് പാലം പണി പൂർത്തിയായത്.

1961-ൽ നിർമ്മിച്ച പാലത്തിന് ഇന്ന്  65 വയസ്സ് പ്രായമായി കഴിഞ്ഞു. സമീപകാല റിപ്പോർട്ടുകൾ പ്രകാരം പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്.  പുതിയ  പാലം നിർമ്മിക്കാനുള്ള പദ്ധതികൾ വർഷങ്ങളായി ചർച്ചയിലുണ്ടെങ്കിലും അതങ്ങനെ നീളുകയാണ്. 2025 ഒക്ടോബറിൽ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പാലം പണിക്കുള്ള അനുമതി ഇതേ വരെ ലഭിച്ചിട്ടില്ല എന്നത് എത്ര ദൗർഭാഗ്യകരമാണ്!

അന്നത്തെ ആ പാലം നിർമ്മാണം  ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഒന്നായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ബുദ്ധിമുട്ട്, കൃഷി ഉൽപ്പന്നങ്ങളുടെ ഗതാഗതത്തിൽ നേരിടേണ്ടി വരുന്ന  തടസ്സങ്ങൾ, വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾ, വ്യാപാരമേഖലയിലെ മന്ദഗതി, എന്നിവയെ  മറി കടക്കാനുള്ള ഒരു വഴി അതു മാത്രമായിരുന്നു; ഒരു പാലം. നെഹ്റു അതിന്റെ ഗൗരവം മനസ്സിലാക്കി.ഒരു പ്രദേശം വികസനത്തിൽ നിന്ന് എത്രത്തോളം പിന്നിലാണെന്ന് വ്യക്തമാക്കുന്നതിൻ്റെ പ്രതീകമായിരുന്നു അത്.

ഈ ചരിത്രം പറയുമ്പോൾ പി. കെ. അബ്ദുൽ ഖാദർ എന്ന ജനകീയ നേതാവിനെക്കുറിച്ച്  പറയാതെ മുന്നോട്ടുപോകാനാവില്ല.

കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള വ്യക്തിയായിരുന്നു പി.കെ. അബ്ദുൽ ഖാദർ. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്നു. കൊടുങ്ങല്ലൂരിന്റെ വികസന പ്രശ്നങ്ങൾ  വളരെ അടുത്തറിഞ്ഞിരുന്നയാൾ. റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസം, വ്യാപാരം, തീരദേശ വികസനം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. 

ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. വലിയ വാഗ്ദാനങ്ങളേക്കാൾ പ്രാദേശിക വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

1954-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചു. നെഹ്റുവിന്റെ സന്ദർശനവും പ്രചാരണവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ഊർജ്ജം നൽകി. പുല്ലൂറ്റ് പാലത്തിന്റെ ആവശ്യകതയെക്കുറിച്ച് ഓരോ വേദികളിലും അദ്ദേഹം ശക്തിയുക്തം വാദിച്ചിരുന്നുവെന്ന് പഴയ രാഷ്ട്രീയ പ്രവർത്തകരും നിരീക്ഷകരും പിന്നീട് ഓർമ്മിച്ചിട്ടുണ്ട്. നെഹ്റുവിന്റെ സന്ദർശനത്തോടെ അത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ എത്തിക്കാനും അദ്ദേഹത്തിനായി. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ആ ആവശ്യത്തെ സർക്കാർ തലത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഇന്നത്തെ പോലെ മാധ്യമങ്ങളുടെ ശക്തിയോ സോഷ്യൽ മീഡിയയോ ഇല്ലാത്ത കാലത്തായിരുന്നു അത്. ഒരു വികസന പദ്ധതി അംഗീകാരം നേടാനും ധനസഹായം ലഭിക്കാനും വർഷങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു.

അതുകൊണ്ടുതന്നെ പുല്ലൂറ്റ് പാലം വെറുമൊരു എഞ്ചിനീയറിങ് നിർമാണം മാത്രമല്ല; ഒരു ജനപ്രതിനിധിയുടെ നിരന്തര ഇടപെടലിന്റെ ഫലവുമാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യമുണ്ട്.

1950-കളിൽ ഒരു പാലം എന്നത് വെറും യാത്രാസൗകര്യമല്ലായിരുന്നു. അത് വികസനത്തിന്റെ വാതിലായിരുന്നു.

ഒരു പാലം വന്നാൽ, കൃഷി ഉൽപ്പന്നങ്ങൾ വിപണിയിലെത്തും.വ്യാപാരം വളരും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാകും.ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.പുതിയ നിക്ഷേപങ്ങൾ വരും.ഭൂമിയുടെ മൂല്യം ഉയരും.അതിനാൽ പുല്ലൂറ്റ് പാലം കൊടുങ്ങല്ലൂരുകാരുടെ സ്വപ്ന പദ്ധതിയായി മാറി.സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ധനസഹായം ലഭിക്കാനും സമയം എടുത്തുവെന്നത് ശരി. എങ്കിലും ഒടുവിൽ പദ്ധതി യാഥാർഥ്യമായി.

പാലത്തിന്റെ ശിലാഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ നിർമ്മാണം പൂർത്തിയായത് 1961 ഒക്ടോബർ 27-നാണ്.

925 അടി നീളവും 22 അടി വീതിയുമുള്ള പാലം അന്നത്തെ നിലവാരത്തിൽ വലിയൊരു പൊതുമരാമത്ത് പദ്ധതിയായിരുന്നു.

നിർമ്മാണച്ചെലവ് 14 ലക്ഷം രൂപ.

ഇന്ന് അത് ചെറിയ തുകയായി തോന്നാം. എന്നാൽ 1961-ൽ 14 ലക്ഷം രൂപ എന്നത് വൻ നിക്ഷേപമായിരുന്നു. പാലം പൂർത്തിയായപ്പോൾ അത് ഒരു പ്രദേശത്തിന്റെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചു.

കൊടുങ്ങല്ലൂർ കൂടുതൽ സജീവമായ വ്യാപാര കേന്ദ്രമായി വളരാൻ തുടങ്ങി. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടു. സമീപ പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെട്ടു.ഒരു പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആരംഭിച്ച ചർച്ച ഏഴ് വർഷത്തിനുശേഷം യാഥാർഥ്യമായി മാറുകയായിരുന്നു.

ഈ കഥയ്ക്ക് മറ്റൊരു വശമുണ്ട്.

1950-കളിലെ കൊടുങ്ങല്ലൂർ വെറുമൊരു സാധാരണ പട്ടണമല്ലായിരുന്നു. കേരളത്തിന്റെ ഏറ്റവും പുരാതനമായ ചരിത്ര കേന്ദ്രങ്ങളിലൊന്നായിരുന്നു അത്.

പ്രാചീന കാല മുസിരിസ് തുറമുഖത്തിന്റെ പാരമ്പര്യം, ചേര രാജവംശത്തിന്റെ ഓർമ്മകൾ, ചേരമാൻ ജുമാ മസ്ജിദ്, ശ്രീകുരുംബ ക്ഷേത്രം, ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ സാന്നിധ്യം ഇവയെല്ലാം കൊടുങ്ങല്ലൂരിനെ സാംസ്കാരിക വൈവിധ്യത്തിന്റെ കേന്ദ്രമാക്കി നിലനിറുത്തിയിരുന്ന ഘടകങ്ങളായിരുന്നു. എന്നാൽ ഈ മഹത്തായ ചരിത്ര പൈതൃകത്തിനിടയിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഒരു യാഥാർഥ്യമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ ദശകത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും ഇത്തരം അവസ്ഥയിൽ തന്നെയായിരുന്നുവെന്നത് സത്യം. എങ്ങും ചരിത്ര മഹത്വവും വികസന പിന്നാക്കാവസ്ഥയും ഒരേ പോലെ നിലനിന്നിരുന്നു. പുല്ലൂറ്റ് പാലത്തിന്റെ നിർമ്മാണം ആ വിടവ് നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് ഈ പാലത്തിന് 65 വർഷത്തിലേറെ പ്രായമുണ്ട്. ഒരുകാലത്ത് വികസനത്തിന്റെ പ്രതീകമായിരുന്ന ഈ പാലം ഇന്ന് പ്രായത്തിന്റെ അവശതകൾ അനുഭവിക്കുകയാണ്. ബലക്ഷയം, അറ്റകുറ്റപ്പണികളുടെ ആവശ്യം, വർദ്ധിച്ച ഗതാഗത സമ്മർദ്ദം എന്നിവ പാലത്തെ ബാധിക്കുന്നു. ഇത് കാണുമ്പോൾ പല രിൽ നിന്നും ഒരു ചോദ്യം ഉയരാറുണ്ട്.

"ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ചില പാലങ്ങൾ ഇന്നും ഉറച്ചുനിൽക്കുമ്പോൾ എന്തുകൊണ്ട് പുല്ലൂറ്റ് പാലം ഇത്ര വേഗം ദുർബലമായി?"

ഉത്തരമുണ്ട്.

1961-ൽ ഈ പാലം രൂപകൽപ്പന ചെയ്തത് അന്നത്തെ വാഹനഭാരം കണക്കിലെടുത്തതിൻ്റെ അടിസ്ഥാനത്തിലായിരിക്കും. ഇന്ന് അതിന്റെ പലമടങ്ങ് ഭാരമുള്ള വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്നു പോകുന്നത്. കൂടാതെ കായൽ പരിസരങ്ങളിലെ ഉപ്പുവെള്ളവും ഈർപ്പവും കോൺക്രീറ്റ് ഘടനകളെ വേഗത്തിൽ ബാധിക്കുന്നുമുണ്ട്.

അതിനാൽ പ്രായാധിക്യം കൊണ്ടുള്ള ഈ അവസ്ഥയെ നിർമ്മാണത്തിലെ പിഴവ് ആയി കാണാനാവില്ല എന്നതാണ് വാസ്തവം. .

പുല്ലൂറ്റ് പാലത്തെക്കുറിച്ച് പറയുമ്പോൾ നാം കോൺക്രീറ്റിനെയും ഇരുമ്പിനെയും മാത്രം കാണരുത്. അത് ഒരു കാലഘട്ടത്തിന്റെ രേഖയാണ്.

പാലമില്ലാത്ത ഒരു നാട്.

കടത്തുവഞ്ചിക്കായി കാത്തുനിൽക്കുന്ന ജനങ്ങൾ. അവരുടെ ബുദ്ധിമുട്ട് നേരിട്ട് കാണുന്ന ഒരു പ്രധാനമന്ത്രി.

ആ ആവശ്യത്തെ രാഷ്ട്രീയ അജണ്ടയാക്കുന്ന ഒരു ജനപ്രതിനിധി.

വർഷങ്ങളുടെ കാത്തിരിപ്പ്. അവസാനം യാഥാർഥ്യമായ സ്വപ്നം.ഇതെല്ലാം ചേർന്നതാണ് പുല്ലൂറ്റ് പാലത്തിന്റെ ചരിത്രം.

ഇന്ന് പാലം പ്രായം ചെന്നിരിക്കാം. എന്നാൽ അതിന്റെ കഥക്ക് ഇന്നും ചെറുപ്പമാണ്.

ഓരോ തവണയും ആ പാലത്തിലൂടെ കടന്നുപോകുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്:

കൊടുങ്ങല്ലൂരിലെ ഒരു പുഴയ്ക്ക് കുറുകെ പണിത പാലം മാത്രമായിരുന്നില്ല അത്. ഒരു പ്രദേശത്തിന്റെ വികസന സ്വപ്നത്തിനും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആദ്യകാല പ്രതീക്ഷകൾക്കും ഇടയിൽ പണിത ചരിത്രപരമായ ഒരു കൂട്ടിച്ചേർക്കൽ കൂടിയായിരുന്നു അതെന്നാണ്.

@@@@@@@@@@         @@@@@@@@@@

ചരിത്രത്തിന് മനോഹരങ്ങളായ ചില യാദൃശ്ചികതകളുമുണ്ട്.1961-ൽ കൊടുങ്ങല്ലൂരിന്റെ വികസന സ്വപ്നമായി ഉയർന്നു വന്ന പുല്ലൂറ്റ് പാലം ഇന്ന് അറുപത്തഞ്ച് വർഷത്തിന്  ശേഷം വാർധക്യത്തിന്റെ അടയാളങ്ങൾ പ്രകടമാക്കുകയാണ്. ഒരു കാലത്ത് ആധുനികതയുടെ പ്രതീകമായിരുന്ന ആ പാലം ഇന്ന് കാലത്തിന്റെ കനത്ത പരീക്ഷണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.

എന്നാൽ അതേ സമയം, പുല്ലൂറ്റ് പാലത്തിലൂടെ കടന്നു പോകുന്ന പുതിയ തലമുറയുടെ  മുന്നിൽ മറ്റൊരു വലിയ ചരിത്രസംഭവം രൂപം കൊള്ളുകയാണ്. തൃശൂർ ജില്ലയെയും എറണാകുളം ജില്ലയെയും നേരിട്ട് ബന്ധിപ്പിക്കുന്ന അഴിക്കോട് – മുനമ്പം തീരദേശ പാലം അതിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ.

ഇതും വെറുമൊരു പുതിയ പാലമല്ല. 1960-കളിൽ പുല്ലൂറ്റ് പാലം കൊടുങ്ങല്ലൂരിന്റെ വികസന ഭൂപടം മാറ്റിമറിച്ചതു പോലെ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തീരദേശ കേരളത്തിന്റെ ഗതാഗത-സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ പോകുന്ന ഒരു മഹാപദ്ധതിയാണിത്.കൊടുങ്ങല്ലൂരിലെയും വൈപ്പിനിലെയും തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾ പതിറ്റാണ്ടുകളായി കണ്ടിരുന്ന ഒരു സ്വപ്നത്തിൻ്റെ സാക്ഷാത്കാരം. വടക്കൻ ജില്ലകളിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ നിരവധി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെങ്കിൽ, ഈ പാലം യാഥാർഥ്യമാകുന്നതോടെ രണ്ട് ജില്ലകളെയും ബന്ധിപ്പിക്കുന്ന വേഗമേറിയ തീരദേശ പാതയാണ് രൂപം കൊള്ളാൻ പോകുന്നത്.

മത്സ്യത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും വിനോദസഞ്ചാര മേഖലയ്ക്കും തീരദേശ ഗ്രാമങ്ങൾക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കും. ഒരുകാലത്ത് പുല്ലൂറ്റ് പുഴയ്ക്ക് കുറുകെ ഒരു പാലം വന്നപ്പോൾ സമഗ്ര മേഖലയിലുമുള്ള കൊടുങ്ങല്ലൂരിന്റെ ജന ജീവിതം മാറിയതുപോലെ, അഴിക്കോട്–മുനമ്പം പാലം പൂർത്തിയാകുമ്പോൾ മുഴുവൻ തീരദേശ മേഖലയുടെയും വികസന സാധ്യതകൾ പുതിയ തലത്തിലേക്ക് ഉയരും.

ഇവിടെ ചരിത്രത്തിന്റെ മനോഹരമായ ഒരു തുടർച്ചയും കാണാനാകും.

1954-ൽ ഒരു പ്രധാനമന്ത്രി പുഴ കടക്കാൻ ബുദ്ധിമുട്ടിയപ്പോൾ ജനങ്ങളുടെ പ്രശ്നം ദേശീയ ശ്രദ്ധയിൽപ്പെട്ടതിൻ്റെ ഫലമായാണ് പുല്ലൂറ്റ് പാലം യാഥാർഥ്യമായതെങ്കിൽ,

ഇന്ന്, എഴുപത് വർഷങ്ങൾക്കുശേഷം, അതേ പ്രദേശത്തിന്റെ തീരദേശ വികസന സ്വപ്നങ്ങൾ മറ്റൊരു വലിയ പാലത്തിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്.

അങ്ങനെ നോക്കുമ്പോൾ, പുല്ലൂറ്റ് പാലവും അഴിക്കോട്–മുനമ്പം പാലവും രണ്ട് വ്യത്യസ്ത നിർമ്മിതികൾ മാത്രമല്ല, അവ രണ്ട് കാലഘട്ടങ്ങളുടെ പ്രതീകങ്ങളാണ്.ഒന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തിലെ വികസന സ്വപ്നത്തെപ്രതിനിധീകരിക്കുന്നുവെങ്കിൽ, മറ്റൊന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തീരദേശ കേരളത്തിന്റെ പുതിയ പ്രതീക്ഷകളെ സാക്ഷാത്കരിക്കുന്നു.

ഒരു പാലം വാർധക്യത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു പാലം ജന്മമെടുക്കുന്നു.ഒരു പാലം ചരിത്രമായി മാറുമ്പോൾ മറ്റൊന്ന് ഭാവിയുടെ കഥ എഴുതാൻ ഒരുങ്ങുന്നു.ഒരു പക്ഷേ, 

നാളെ അഴിക്കോട്–മുനമ്പം പാലത്തിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറയ്ക്ക് പുല്ലൂറ്റ് പാലത്തിന്റെ 

പഴയ കഥ അറിയില്ലായിരിക്കാം. 

പക്ഷേ അവരറിയാതെ തന്നെ 

ആ യാത്രയിൽ അവർ ഒരു ചരിത്രത്തുടർച്ചയുടെ ഭാഗമായിത്തീരുകയായിരിക്കും.കാരണം 

പാലങ്ങൾ കോൺക്രീറ്റും ഉരുക്കും കൊണ്ട് മാത്രം നിർമ്മിക്കപ്പെടുന്നതല്ല.

അവ ഒരു സമൂഹത്തിന്റെ സ്വപ്നങ്ങൾകൊണ്ടും,കാത്തിരിപ്പുകൾകൊണ്ടും, തലമുറകളുടെ 

പ്രതീക്ഷകൾ കൊണ്ടും കൂടിയാണ് നിർമ്മിക്കപ്പെടുന്നത്.

( നജീബ് കടമ്പോട്ട് ).

Share this story

Comments (0)

  • Be the first to write one.