17 June 2026 · 7 min read · കഥ

കോയയും ബിച്ചാമിയും കൽമേയിയുംകൂടെയിച്ചിരി അറബിപ്പൊന്നും.

കോയയും ബിച്ചാമിയും കൽമേയിയും കൂടെയിച്ചിരി അറബിപ്പൊന്നും.

.

1958 ജൂണിലെ ഒരു ദിവസം. 

അന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പഴയ പ്ലാറ്റ്ഫോമുകളിലൊന്നിൽ ഒരു പ്രത്യേക മണം നിറഞ്ഞു നില്പുണ്ടായിരുന്നു. കൽക്കരി എഞ്ചിനുകളുടെ പുകയും ചായക്കടയിലെ തിളച്ച പാലിന്റെ ഗന്ധവും, കടൽക്കാറ്റിന്റെ ഉപ്പുരസവുമെല്ലാം ചേർന്ന്  സാഹിത്യകാരനല്ലാത്ത ഒരാൾക്ക് പോലും കഥ എഴുതി തുടങ്ങാൻ  തോന്നിപ്പിക്കുന്ന വിധമുളള അന്തരീക്ഷത്തിന് ചേർന്ന മണം. അതിനിടയിൽ യാത്രക്കാരുടെ തിക്കും തിരക്കുമൊഴിഞ്ഞ ഒരു കോണിൽ പ്രതീക്ഷാ നിർഭരമായ കണ്ണകളോടെ, അനന്തതയിലേക്ക് നീളുന്ന റെയിൽപ്പാളങ്ങളിലേക്ക് നോക്കിയിരിക്കയാണ്  മൂന്ന് പേർ. 

1958 ജൂൺ മാസത്തിലെ ഒരു വൈകുന്നേരം സമയമാണിത്.

കാലം തന്നെ അവിടെ കുന്തിച്ചിരിക്കുകയാണ് എന്ന് തോന്നിപ്പിക്കും വിധം മൂന്ന് സിംഹാസനങ്ങളിലെന്ന മട്ടിലാണ്  ആ ഇരിപ്പെങ്കിലും പ്ലാറ്റ് ഫോമിൻ്റെ തറയോട് ചേർന്ന ഭാഗത്താണ് യഥാർത്ഥത്തിൽ മൂവരുടെയും ഇരിപ്പ്.  ഇടത്തേയറ്റം വി.കെ.എൻ. വാക്കുകളിലൂറി നില്ക്കുന്ന ഹാസ്യം മുഖത്ത് കെട്ടിവെച്ചിരിക്കുന്നത് കാണാം. എങ്കിലും കാത്തിരിപ്പിന്റെ മുഷിപ്പ് ഒളിപ്പിക്കാൻ പാടുപെടുന്നുമുണ്ട്.  നടുക്ക് ബഷീർ. ഭൂമിയിലെ മുഴുവൻ ക്ഷമയും തീർന്നു പോയെന്ന മട്ടിൽ, ഒരു  ബീഡിക്ക് തീ കൊടുത്താലോ എന്ന ആലോചനയിലാണെന്ന് തോന്നും. വലത്ത് ആർട്ടിസ്റ്റ് നമ്പൂതിരി . കയ്യിലെ കുടയുടെ കാൽ പോലെ വളഞ്ഞ ഒരു ചിരിയുമായി, കൂടെയുള്ള രണ്ട് പ്രതിഭകളെയും വരയ്ക്കാൻ പറ്റിയ ഒരു 'ഫ്രെയിം' ആണോ ഇതെന്ന് ഉള്ളിൽ ആലോചിച്ചു കൊണ്ടാണ് ആ ഇരിപ്പെന്ന് വ്യക്തം. 

നഗരത്തിലും പരിസരങ്ങളിലും അറബിപ്പൊന്ന് കച്ചവടം തകൃതിയായി നടക്കുന്ന കാലമാണ്.

തീവണ്ടിയിൽ അറബിപ്പൊന്നുമായി വരുന്ന കള്ളക്കടത്തുകാരെ കാത്ത്, റെയിൽവേ പോലിസിൻ്റെ കണ്ണ് വെട്ടിച്ച് ഒഴിഞ്ഞൊരു സ്ഥലം നോക്കി മാറി ഇരിക്കുകയായിരിക്കുമോ മൂവരുമെന്ന് പൊലിസിന് സംശയമുള്ളത് പോലെയെന്ന് കരുതാവുന്നതാണ്. കാരണം നേരമൊരുപാടായി അവരിവിടെ തന്നെയിരിക്കുന്നുണ്ട്. ഇടക്കിടെ അറബിപ്പൊന്ന് എന്ന് അവരുടെ സംസാരത്തിൽ നിന്നും തെറിച്ചു വീഴുന്നുമുണ്ട്. 

ഇക്കാലത്തെപോലെ ആരെയും വിശ്വസിക്കാൻ പറ്റാത്ത വിധം അത്രക്കങ്ങട് മുഷിഞ്ഞിട്ടില്ല അന്നത്തെ പൊതു സമൂഹം എന്നതിനാൽ ഇവരെയങ്ങ് കണ്ണടച്ച് അവിശ്വസിക്കാനും വയ്യ.  കാഴ്ചയിലിത്തിരി മാന്യന്മാരുമാണ്. എങ്കിലും   ഇവരൊക്കെ ഈ പ്രായത്തിലിനി  ഈ ലൈനിലേക്ക് മാറിയോ എന്നും നിശ്ചയമില്ലല്ലോ. ആ ആർക്കറിയാം. പൊലിസുകാർക്കാണ് പാട് . പ്ലാറ്റ് ഫോമിലും പരിസരങ്ങളിലും പട്രോളിംഗ് നടത്തവേ കാലിൽ ചുറ്റിയ പട്ടീസ് അഴിച്ച് കെട്ടാനെന്ന ഭാവേന ഈ മൂവരുടെ അടുക്കൽ എത്തുമ്പോൾ പൊലിസുകാർ ഒന്ന് കുനിഞ്ഞ് നിന്ന് ഇവരുടെ സംഭാഷണം ശ്രദ്ധിച്ചു പോന്നു.

കുറച്ചു കൂടി അടുത്തേക്ക് നീങ്ങി നിന്ന്  ഇവരെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് സാധുക്കളായ ഇവരുടെ ഇരിപ്പിൻ്റെ ഉദ്ദേശ്യം തന്നെ മനസ്സിലായത്. ഇതേതോ കഥയെഴുത്തുകാരാണെന്നും തങ്ങൾക്കിതിൽ ഇടപെടേണ്ടതില്ലെന്നും പൊലിസിന് മനസ്സിലായതും അപ്പോഴാണ്.

അതായത്, എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും കൂടി മലയാള നോവലിന്റെ ചരിത്രത്തിൽ ഒരു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലം. രണ്ട് പേർ ചേർന്ന് ഒരു നോവൽ. ഇനിയും അച്ചടി മഷി പുരളാത്ത കടലാസ്സുകൾ പരസ്പരം കൈമാറിക്കൈ മാറി, തർക്കിച്ചും  പൊരുത്തപ്പെട്ടും ദൂരെ കരുവാരക്കുണ്ടിലേതൊ മനയിലിരുന്ന് 'അറബിപ്പൊന്ന്' ഉരുക്കിയെടുക്കുകയാണവർ. ആ കൂട്ടെഴുത്തുകാരുമായി ചേർന്ന് ഒരു 'സൈറ്റ് വിസിറ്റി' നാണ് ഈ മൂവർ സംഘം ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. പാവം ശുദ്ധന്മാർ! വെറുതെ അവിശ്വസിച്ചു. തമാശക്കായി പോലും അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു.

പക്ഷേ വരേണ്ടവരിതു വരെ വന്നില്ലല്ലോ.

"എം.ടി. വരാൻ വൈകുന്നത് മനസ്സിലാക്കാം," ബഷീർ പറഞ്ഞു.

"എന്താ കാരണം?" വി.കെ.എൻ ചോദിച്ചു.

" വാസൂന് ഒരു വാചകം എഴുതി അതിലെ ഒരു കോമ മാറ്റാൻ മിനിമം പത്തു മിനിറ്റെങ്കിലും എടുക്കും."

നമ്പൂതിരി ചിരിച്ചു.

വി.കെ.എൻ തലകുലുക്കി.

"എം.ടി. ഒരു നോവൽ എഴുതുകയല്ല. ഓരോ വാചകവും ശിൽപമാക്കുകയാണ്. അതുകൊണ്ട് ട്രെയിനുകളിങ്ങനെ വരും പോകും. നമ്മള് കാത്തിരിക്കേണ്ടിയും വരും."

ബഷീർ പെട്ടെന്ന് ഗൗരവത്തോടെ പറഞ്ഞു:

"പക്ഷേ എൻ.പി. മുഹമ്മദിന് എന്തു പറ്റിയാവോ?"

"അദ്ദേഹം ഒരു പക്ഷേ എം.ടി. എഴുതിയത് വായിച്ച് തിരുത്തുകയായിരിക്കും."

"അപ്പോൾ എം.ടി. വീണ്ടും അത് തിരുത്തും." എന്നായി വി.കെ. എൻ.

"അപ്പോൾ എൻ.പി. വീണ്ടും തിരുത്തും," ബഷീർ.

"അങ്ങനെയെങ്കിൽ അറബിപ്പൊന്ന്  എഴുതി തീരുന്നതിന് മുമ്പ് ഇന്ത്യൻ റെയിൽവേ തന്നെ പൂട്ടിപ്പോകും."

മൂവരും പൊട്ടിച്ചിരിച്ചു.

ചായ..... ചായേയ്..... ചായ .....

സ്റ്റേഷനിലെ ചായക്കാരൻ അടുത്തു വന്നു. 

"ചായ വേണോ?"

ബഷീർ ചോദിച്ചു:

" കാശില്ല,കടം തരാൻ പറ്റ്വോ?  ."

ചായക്കാരൻ ബഷീറിനെ തിരിച്ചറിഞ്ഞു.

"സാറിന് കടം തന്നാൽ തിരികെ കിട്ടോ?"

"കിട്ടും."

"എപ്പോ?"

"സാഹിത്യ അക്കാദമി അവാർഡ് കിട്ടുമ്പോൾ."

"അതു വരെ?"

"അത് വരെ നീയും സാഹിത്യസേവനം ചെയ്യണം.  നന്മയാണ് ഏറ്റവും വലിയ സൗന്ദര്യം. അത് പ്രായമാകുമ്പോൾ മാഞ്ഞുപോകേണ്ട ഒന്നല്ല. ഇപ്പോൾ ചെയ്യേണ്ട നന്മ  ചായ തരികയെന്നതാണ്"   

ചായക്കാരൻ ആശയക്കുഴപ്പത്തിലായി.

വി.കെ.എൻ പറഞ്ഞു:

"കൊടുക്കെടോ ഒരു ചായ. ഇത് കേരളത്തിലെ  എഴുത്തുകാരുടെയും സാംസ്‌കാരിക ലോകത്തിൻ്റെയും ഒരേയൊരു സുൽത്താനല്ലെ. കടം ചോദിക്കുമ്പോഴും തത്വചിന്ത പറയുന്ന സുൽത്താൻ."

ബഷീർ വികെ എന്നിനെയും ചായക്കാരനേയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. കേട്ടില്ലേ എന്നെ വക വരുത്താനായി കെട്ടിയിറങ്ങി തിരിച്ചിരിക്കയാണ്. എങ്കിലും പറഞ്ഞതിൽ കഴമ്പില്ലാതില്ല.

"സത്യം എപ്പോഴും കയ്പുള്ളതായിരിക്കും. പക്ഷേ, അതിനേക്കാൾ മനോഹരമായ മറ്റൊന്നില്ല".

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.

നമ്പൂതിരി പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ആളുകളെ നോക്കിക്കൊണ്ടിരിിക്കയാാണ്.

പോർട്ടർമാർ തലയിൽ ചുമടുകളുമായി കടന്നുപോകുന്നുണ്ട്.

"ഇവരെ വരച്ചു വെച്ചാൽ മാതൃഭൂമിയിൽ അടുത്ത് വരാവുന്ന ഏതെങ്കിലും കഥയിലേക്ക് പറ്റുന്ന നല്ലൊരു കഥാപാത്രമായേക്കും," നമ്പൂതിരി പറഞ്ഞു.

"നിനക്ക് ആരെ കണ്ടാലും കഥാപാത്രമാണ്," വി.കെ.എൻ പറഞ്ഞു.

"അല്ല. മുഖങ്ങൾക്കുള്ളിൽ കഥകളുണ്ട്."

അപ്പോൾ എം.ടി.യെ വരയ്ക്കാൻ എത്ര പേപ്പർ വേണ്ടി വരും?"

"ഒരുപാട്."

"അതെന്തേ അങ്ങനെ?"

"അദ്ദേഹത്തിന്റെ നിശ്ശബ്ദത വരയ്ക്കാൻ മാത്രം അര ഡസൻ ഷീറ്റെങ്കിലും വേണം."

അപ്പോഴാണ് പുനത്തിൽ കുഞ്ഞബ്ദുല്ലയെക്കുറിച്ച് സംസാരം തുടങ്ങിയത്.

"ആ പയ്യൻ എവിടെ വരെയായാവോ?" ബഷീർ ചോദിച്ചു.

"വടകരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടാകും," വി.കെ.എൻ പറഞ്ഞു.

"ട്രെയിനിൽ കയറിയിട്ടുണ്ടാവ്വോ?"

ഇല്ല എന്ന ഭാവത്തിൽ വി.കെ. എൻ തലയാട്ടി. 

"ഒരു കഥയിൽ കയറിയിട്ട്ണ്ടാവും."

"എന്ന് വെച്ചാൽ?"

"കുഞ്ഞബ്ദുല്ലയ്ക്ക് വഴിയിൽ ഒരു മനുഷ്യനെ കണ്ടാൽ മതില്ലോ. അയാളുടെ ജീവിതം കേൾക്കാൻ ഇറങ്ങും.  ട്രെയിൻ കൂകിപ്പാഞ്ഞ് ട്രെയിനിൻ്റെ പാട്ടിനും പോകും."

ബഷീർ ചിരിച്ചു.

"അത് ശരിയാണ്. ചില മനുഷ്യർ ലക്ഷ്യസ്ഥാനത്ത് എത്താൻ യാത്ര ചെയ്യുന്നു. ചിലർ കഥകൾ കണ്ടെത്താൻ യാത്ര ചെയ്യുന്നു. പാവം പയ്യൻ"

വി.കെ.എൻ ചിരിച്ചു.

" ദേ, അത് വേണ്ട. അവനെ പയ്യൻ എന്ന് വിളിക്കാൻ ഞാൻ സമ്മതിക്കൂലാ. കേസ് കൊടുക്കേം ജയിക്കേം ചെയ്യും. കാര്യം, കുഞ്ഞബ്ദുല്ല ഇപ്പഴും കൗമാരം കടന്നിട്ടില്ലന്നത് ശരി. പക്ഷെ പയ്യൻ എനിക്ക് മാത്രം കോപ്പി റൈറ്റ് ഉള്ള ഇനമാണ്. കുഞ്ഞബ്ദുള്ള, പ്രയോഗത്തിൽ വെറും ചെക്കനായി തന്നെ നിക്കട്ടെ. എങ്കിലും അവൻ വരട്ടെ. എംടിയും എൻപിയും വരാത്തതിന്റെ കാരണം അവസാനം ഒരു മാജിക്കൽ റിയലിസമാക്കി അവതരിപ്പിക്കാൻ അവൻ തന്നെ വരണം.  

ഒരു ട്രെയിൻ വിസിൽ മുഴക്കി പ്ലാറ്റ്ഫോമിൽ വന്നു നിന്നു.

മൂവരും എഴുന്നേറ്റു.

യാത്രക്കാർ ഇറങ്ങി.

പക്ഷേ എം.ടി.യില്ല.

എൻ.പി.യില്ല.

കുഞ്ഞബ്ദുല്ലയുമില്ല.

ബിച്ചാമിയും കോയയും കൽമേയിയും അവിടെ നിന്നും വണ്ടിയിൽ കയറി.

അവർ അറബിപ്പൊന്നിലെ കഥാപാത്രങ്ങളായിരുന്നു.

ഇവരിത്രേം നേരം ഇവിട് ണ്ടായിരുന്നാ .

മൂവരും അതിശയിച്ചു.

അവർ വീണ്ടും പഴയ സ്ഥാനത്ത് വന്ന് ഇരുന്നു. ബഷീർ ദൂരേക്ക് നോക്കി.

"നമ്മളെ നോക്കൂ," അദ്ദേഹം പറഞ്ഞു.

" നോക്കി....എന്താ?" വി. കെ.എൻ ചോദിച്ചു.

"ഇവിടെ മൂന്ന് പേരുണ്ട്. ഒരാൾ കഥകളെ മനുഷ്യരാക്കുന്നു. ഒരാൾ ആ മനുഷ്യരെ പരിഹാസമാക്കുന്നു. മറ്റൊരാൾ അതേ മനുഷ്യരെ വരകളാക്കുന്നു."

" അപ്പോ  എം.ടി,?" നമ്പൂതിരി ചോദിച്ചു.

"അദ്ദേഹം നിശ്ശബ്ദതയെ സാഹിത്യമാക്കുന്നു. എടാ വി.കെ.എന്നേ, ഈ ഭൂമി മലയാളമെന്ന ലോകം ഇമ്മിണി വലുതന്നേണ്. നിൻ്റെ തിരുവില്വാമലേം വലുതന്നെ. പക്ഷെ, അതിനേക്കാൾ വലുതായിരിക്കും വാസൂൻ്റെ  കിതാബിലെ ഒരു വാചകം. അത് എഴുതി തീരാൻ ഒരു തീവണ്ടി വൈകിയാലെന്താ? നമ്മളെ പോലുള്ളവർ കാത്തിരിക്കണം. സാഹിത്യത്തിന് വേണ്ടി കാത്തിരിക്കാത്തവൻ എന്ത് സാഹിത്യകാരൻ?"

" അപ്പോൾ എൻ.പി. ?"

"അദ്ദേഹം ജീവിതത്തെ യാത്രയാക്കുന്നു."

"കുഞ്ഞബ്ദുല്ല?"

"അവൻ ഇനിയും മനുഷ്യരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നതേയുള്ളു."

നമ്പൂതിരി കുട നിലത്തു കുത്തി. മനസ്സിൽ അപ്പോഴേക്കും മൂന്ന് രേഖാചിത്രങ്ങൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. ഒന്ന്  വി.കെ.എന്നിന്റെ അക്ഷമയുടെ കാരിക്കേച്ചർ. രണ്ട് , ബഷീറിന്റെ ദാർശനികമായ കാത്തിരിപ്പ്. മൂന്ന് , ഇനി വരാനുള്ള എംടിയുടെ മുഖത്തെ ആ ഗൗരവം. "ഞാൻ നോക്കുമ്പോൾ ഇതൊരു നല്ല രംഗമാണ്, ബഷീർക്ക . നമ്മൾ മൂന്ന് പേരുടെ കാത്തിരിപ്പ്. നമ്മൾ കാത്തിരിക്കുന്നത് മൂന്ന് എഴുത്തുകാരെയാണ്. നാളെ മലയാളം കാത്തിരിക്കുന്നത് ഇവർ എഴുതുന്നതിനെ ആയിരിക്കും."

കാത്തിരിപ്പ് നീണ്ടപ്പോൾ സംസാരം 'അറബിപ്പൊന്നി'ലേക്ക് വഴിമാറി.

"രണ്ടു പേർ ചേർന്ന് എഴുതുമ്പോൾ എങ്ങനെണ്ടാവും,?" വി.കെ.എൻ ചോദിച്ചു. "ഒരു പാരഗ്രാഫ് എംടി എഴുതും, അടുത്തത് എൻപി. വായനക്കാരൻ കിണറ്റിലും കുളത്തിലും മാറി മാറി വീഴില്ലേ?"

ബഷീർ തലയാട്ടി. "ഇല്ലടാ. അതാണ് അതിന്റെ രസം. രണ്ട് നദികൾ ചേർന്നാലുണ്ടാവുന്നത് ഒരു സംഗമമാണ്. എംടിയുടെ മൗനവും എൻപിയുടെ വാക്കും കൂടിച്ചേരുമ്പോൾ അത് അറബിക്കടലോളം വലുതാവും. അവരെഴുതുന്ന വാക്കുകൾ പോലും  സ്വർണ്ണമായി മാറും. പൊന്ന്, നല്ല  പത്തരമാറ്റ് അറബിപ്പൊന്ന്."

സ്റ്റേഷനിൽ ഒരു അനൗൺസ്മെന്റ് മുഴങ്ങി.

വണ്ടി വൈകിയാണോടുന്നത്. 

വി.കെ.എൻ അരിശത്തോടെ എഴുന്നേറ്റു. 

"ഈ തീവണ്ടിയുടെ ഗതി! ഇത് 'മഞ്ഞി'ലെ വണ്ടി പോലെ ആയല്ലോ. ഓടിയെത്തേണ്ടിടത്ത് എത്താതെ..."

"ശ്ശെ, ഇരിക്ക് ന്ന്," ബഷീർ ശാസിച്ചു. "കഥയിലെ വണ്ടി എത്താതിരിക്കുന്നത് തന്നെയാണ് ഭംഗി. ജീവിതത്തിലെ വണ്ടി എത്തിയിരിക്കും. ഇത്തിരി വൈകിയാലും."

വൈകുന്നേരം ഇരുട്ടിലേക്ക് വഴുതി.

സ്റ്റേഷനിലെ ലൈറ്റുകൾ തെളിഞ്ഞു.

ട്രെയിനുകളുടെ ശബ്ദം കുറഞ്ഞുവരികയാണ്.

കാത്തിരിപ്പ് മാത്രം ബാക്കി.

അപ്പോൾ വി.കെ.എൻ ഒരു നെടുവീർപ്പിട്ടു.

"ഒരു കാര്യം പറയട്ടെ?"

"പറയൂ," ബഷീർ പറഞ്ഞു.

"എം.ടി.യും എൻ.പി.യും ചേർന്ന് അറബിപ്പൊന്ന് എഴുതിക്കോട്ടെ. പക്ഷേ ഇന്ന് ഇവിടെ സംഭവിക്കുന്നതെല്ലാം ആരെങ്കിലും എഴുതിയാൽ അതാകും യഥാർത്ഥ നോവലെന്ന് തോന്നുന്നു."

"ശരി, അതിന് പേരെന്തിടണം?"

നമ്പൂതിരി ചോദിച്ചു.

വി.കെ.എൻ ഒരു നിമിഷം ആലോചിച്ചു.

ശേഷം പറഞ്ഞു:

"ഒരു കോഴിക്കോടൻ കാത്തിരിപ്പ്."

ബഷീർ ചിരിച്ചു.

"അത് നല്ല പേരാണല്ലോ.നോവലാണോ?"

"അല്ല."

"പിന്നെ?"

"മലയാള സാഹിത്യ ലോകത്തിന്റെ ഒരു പരിഛേദം."

അവർ മൂന്നുപേരും വീണ്ടും പ്ലാറ്റ്ഫോമിലേക്ക് നോക്കി.

ഇനിയും ആരോ വരുമെന്ന പ്രതീക്ഷയോടെ തന്നെ. പക്ഷേ ആ നിമിഷത്തിൽ, അവർ കാത്തിരുന്നത് എം.ടി.യെയോ എൻ.പി. മുഹമ്മദിനെയോ പുനത്തിൽ കുഞ്ഞബ്ദുല്ലയെയോ ആയിരുന്നില്ല.

മലയാള സാഹിത്യത്തിന്റെ ഒരു സുവർണകാലത്തെ തന്നെയായിരുന്നു.ആ സുവർണകാലത്തിന് 

ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു, 

ഒരു സ്റ്റേഷൻ ഉണ്ടായിരുന്നു, 

കുറെ ചിരികളും കുറെ കഥകളും ഉണ്ടായിരുന്നു.

അവയുടെ നടുവിൽ, 

കാത്തിരിപ്പുപോലും 

ഒരു സാഹിത്യരൂപമായി മാറുകയായിരുന്നു.

അപ്പോൾ നമ്പൂതിരി പതിയെ പറഞ്ഞു: "ഒരു പക്ഷെ, അവർ വരാതിരിക്കുന്നതും നന്നായി. നമ്മൾ ഇവിടെ ഇങ്ങനെ ഇരുന്ന് അവരെ പറ്റി പറഞ്ഞുണ്ടാക്കുന്ന കഥകൾ പോരേ? എംടിയും എൻപിയും കൂടി ഉണ്ടാക്കുന്ന 'അറബിപ്പൊന്നി'നേക്കാൾ വിലയുണ്ടാവും, വി.കെ.എന്നും ബഷീറും നമ്പൂതിരിയും കൂടി സ്റ്റേഷനിൽ ഇരുന്ന് ഉണ്ടാക്കുന്ന ഈ 'കാത്തിരിപ്പിന്റെ പൊന്നിന്".

മൂവരും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ അസ്വസ്ഥത അലിഞ്ഞില്ലാതായി. കാലം ചെയ്ത കൊത്തുപണി പോലെ അവർ അവിടെ തന്നെ ഇരുന്നു. വരാനുള്ളവർക്കുവേണ്ടി. വരാനുള്ള കഥകൾക്കുവേണ്ടി. ഇനിയും വരാനുള്ള ഒരു സുവർണ്ണകാലത്തിനുവേണ്ടി.

കോഴിക്കോട് സ്റ്റേഷനിലെ ആ പ്ലാറ്റ് ഫോമിനോരം  അന്നുമുതൽ മലയാള സാഹിത്യത്തിന്റെ ഒരു 'വെയിറ്റിംഗ് റൂം' ആയി മാറി. അവിടെ ഇന്നും ആരൊക്കെയോ കാത്തിരിക്കുന്നുണ്ട്. പുതിയ എംടിമാർക്കും, പുതിയ ബഷീറുമാർക്കും, പുതിയ പുനത്തിലുമാർക്കും വേണ്ടി. വണ്ടി വൈകിയോടട്ടെ. കാത്തിരിപ്പിന് ഒരു സുഖമുണ്ട്. കാരണം, ചിലപ്പോൾ ഈ കാത്തിരിക്കുന്നത് തന്നെയായി തീരും ഏറ്റവും വലിയ സാഹിത്യം.

ചിത്രത്തിലെ മൂന്ന് പേരുടെയും ഇരിപ്പ് ഒരു തിരക്കഥയിലെ രംഗം പോലെ വ്യക്തമാണ്. എംടിയും എൻപിയും പുനത്തിലും ഒരുമിച്ചെത്തുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്, അറബിപ്പൊന്നിലെ കള്ളക്കടത്തുപോലെ നിഗൂഢമാണത്. ഇവർ മുന്നിൽ വന്നിരുന്നാൽ അതൊരു സാഹിത്യ പൂരമായിരിക്കും. ബഷീർ പുതിയ കഥ പറയുകയും, വി.കെ.എൻ. പൊട്ടിച്ചിരിക്കുകയും, നമ്പൂതിരി അത് വേഗത്തിൽ സ്കെച്ച് ചെയ്യുകയും ചെയ്യും. പുനത്തിൽ ഈ സമയം എല്ലാം ശ്രദ്ധിച്ച് ഒരു വിദ്യാർത്ഥിയെപ്പോലെ ഒരിടത്ത് നിൽക്കും. ഈ ചിത്രം ഒരു കാത്തിരിപ്പിന്റേത് മാത്രമല്ല, മലയാള സാഹിത്യം ഒരു വലിയ വിപ്ലവത്തിന്റെ വാതിക്കൽ നിൽക്കുന്നതിന്റെ ഒരു ചരിത്രപരമായ സാക്ഷ്യം കൂടിയാണ്. അന്ന് ഈ മൂവരുടെ പ്രതീക്ഷക്കൊത്ത് അവർ വന്നിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ആ 'വരാതിരിക്കൽ' നൽകുന്ന അസ്വസ്ഥതയും ഒരു നിഗൂഢമായ സൗന്ദര്യമാണ്.

Share this story

Comments (0)

  • Be the first to write one.