27 October 2020 · 14 min read · അനുഭവം

ഒരവധിക്കാല അനുഭവം - ഒന്ന് .


ഒരു വെക്കേഷൻ കാലത്താണ് സുന്ദരിപ്പൂച്ചയെ ഞാനാദ്യമായി കാണുന്നത്. രാവിലെ അടുക്കള മുററത്ത് നിന്ന് പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. മതിലിന്മേൽ തീർത്തും അവശയായി കിടക്കുകയായിരുന്നു. അക്കാലങ്ങളിൽ ഭാര്യ മീൻ മുറിക്കുന്ന നേരത്ത് ഒരു ഡസനോളം പൂച്ചകൾ ങ്യാവൂ സംഗീത മേളത്തോടെയും , ചിലപ്പോളൊക്കെ കൊച്ചു പുലികളെപ്പോലെ ഗ്റും എന്ന് ചീറ്റിക്കൊണ്ട്  തമ്മിൽ തമ്മിൽ ഭീഷണിമുഴക്കിയും പരിസരങ്ങളിലുണ്ടാകാറുണ്ട്. വിശപ്പിന്റെ കാര്യത്തിൽ സ്വാർത്ഥത മറ്റെല്ലാ വികാരങ്ങളേക്കാളും മേൽക്കൈ നേടും എന്ന് ആ കാഴ്ച എന്നെ ഓർമ്മിപ്പിക്കുമായിരുന്നു. മെക്കന്നാസ് ഗോൾഡ് എന്ന സിനിമയിൽ സ്വർണ്ണം കണ്ടെത്തുന്ന വേളയിലെ മനുഷ്യന്റെ വികാരഭാവങ്ങളെക്കാൾ തീവ്രമാണല്ലോ ഇവറ്റകൾക്ക് ഒരു മീൻ തലക്ക് വേണ്ടിയുള്ള അത്യാർത്തി എന്ന് ഞാൻ അപ്പോഴൊക്കെ ആലോചിച്ചു പോയിട്ടുണ്ട്. എല്ലാം എനിക്ക് എന്ന സ്വാർത്ഥവിചാരം മനഷ്യനിലാണെങ്കിലും മറ്റ് ജീവികളിലാണെങ്കിലും സാമ്യതയുള്ളതാണെന്നും തോന്നി.

പറഞ്ഞു വന്നത് ആ കൂട്ടത്തിലൊന്നും ഇത് വരെ കാണാത്ത ഒരു  പൂച്ചയാണ് ഇതെന്നതാണ്. ഞാൻ പതുക്കെ അതിനടുത്തേക്ക് ചെന്നു. സാധാരണ ഗതിയിൽ , മനുഷ്യരുമായി ഏറെ ഇണങ്ങുന്ന ഒരു വർഗ്ഗമാണെങ്കിലും പരിചിതനല്ലാത്ത ഒരാളെക്കണ്ടാൽ ഓടി മാറാനുള്ള ഒരു ത്വര അവക്കുണ്ട്. പക്ഷെ, ഈ പൂച്ച എന്റെ സാമീപ്യം അടുത്തറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അങ്ങനെ തന്നെ കിടക്കുന്നതിലെ അസ്വാഭാവികത എന്നിൽ ആശ്ചര്യമുളവാക്കി.സൂക്ഷ്മദർശനത്തിൽ അതിന്റെ കണ്ണകളിലെ ദൈന്യ ഭാവവും ഏറെ ദുർബ്ബലമായ കരച്ചിലും അതിനെന്തോ അപകടം പിണഞ്ഞിട്ടുള്ള കിടപ്പാണെന്ന് മനസ്സിലാക്കാനായി. ഞാനൊന്ന് കൂടെ അടുത്തെത്തി. ഏറെ ശ്രമപ്പെട്ട് തല ഒന്നുയർത്തിയതല്ലാതെ മറ്റൊന്നും ചെയ്യാനാവാത്തവിധം അതവിടെ തന്നെ കിടന്നു. അപ്പോഴാണ് ആ കിടപ്പിൽ, മുകൾ വശത്ത് ശരീരത്തിന്റെ ഇടത് ഭാഗം വയറിന് താഴെയായി വലിയൊരു മുറിവ് ഞാൻ കാണുന്നത്. മറ്റ് പൂച്ചകളുമായി ശണ്ഠ കൂടി ഉണ്ടായതാകാനിടയില്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന വിധം അല്പം ആഴത്തിലുള്ളതായിരുന്നു മുറിവ്. മതിലിനപ്പുറത്ത്, എന്റെ സാന്നിദ്ധ്യം അറിഞ്ഞിട്ടാകണം ഡോക്റ്ററുടെ വീട്ടിലെ പട്ടി ഇടവിടാതെ കുരച്ചു കൊണ്ടിരുന്നു.

ഞാനുടനെ അകത്ത് പോയി മുറിവിനുള്ള മരുന്നും കുറച്ച് പഞ്ഞിയുമായി വന്നു. കൈ കൊണ്ട് തന്നെ അതിന്റെ മുറിവിൽ മരുന്ന് തേച്ച് പിടിപ്പിച്ചപ്പോൾ ദയനീയമായ , ആ നേർത്ത കരച്ചിൽ ആവർത്തിച്ചതോടൊപ്പം നന്ദി സ്ഫുരിക്കുന്ന ഒരു നോട്ടവും അതെന്റെ നേർക്കെറിഞ്ഞു. കുറച്ച് മരുന്ന് പഞ്ഞിയിലും തേച്ച് മുറിവിനോട് ചേർത്തു വെച്ചു. ശേഷം അകത്ത് പോയി അതിനുള്ള ആഹാരവും വെള്ളവും പാത്രങ്ങളിലാക്കി കൊണ്ട് വന്ന് കൊടുത്തു.

അന്ന് പകൽ മുഴുക്കെ അത് അവിടെ തന്നെ വിശ്രമിച്ചു. ബാക്കി സമയങ്ങളിലും ഭക്ഷണം കൊടുത്തത് മുഴുക്കെ ആർത്തിയോടെ അത് കഴിച്ചു.

പിറ്റേന്ന് രാവിലെ ഞാനാദ്യം തിരക്കിയത് ആ പൂച്ചയെ തന്നെയായിരുന്നു. അവിടെ അതേ നിലയിൽ തന്നെ അത് കിടക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അത് പ്രതീക്ഷയോടെ നോക്കി കൊണ്ട് കരയാൻ തുടങ്ങി. തലേന്ന് കരഞ്ഞിരുന്നത് പോലെ ദൈന്യ ഭാവത്തിലല്ല. ഇപ്പോൾ അല്പം ഉഷാറായിട്ടുണ്ടെന്ന് എനിക്ക് തോന്നി. അത് മുഖമൊന്നുയർത്തിക്കൊണ്ട് നാവ് എത്താവുന്ന ഭാഗത്തൊക്കെയും നക്കിക്കൊണ്ടിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് തലേ രാത്രിയിലെ ചോറും കറിയും കുറച്ചെടുത്ത് മിക്സ് ചെയ്ത് അതിനടുത്തെത്തി. ഏറെ ആവേശത്തോടെ അത് മുഴുക്കെയും നൊടിയിടക്കുള്ളിൽ കഴിച്ചു. പതിയെ അതിന്റെ മുറിവിൽ വെച്ചിരുന്ന പഞ്ഞി ഞാൻ തിരികെയെടുത്ത ശേഷം പുതിയ പഞ്ഞിയിൽ മരുന്ന് ചേർത്ത് വീണ്ടും അവിടെ വെച്ചു. ഏറെ നന്ദി പ്രകടപ്പിക്കുന്ന ഭാവത്തിൽ അതെന്നെ നോക്കി. അഴകും വൃത്തിയും ഒരു പോലെ ഉണ്ടായിരുന്ന അതിന്റെ മുതുകിൽ ഒന്ന് തലോടി ഞാൻ പിന്മാറി.

പണ്ട് ഞാൻ ആദ്യമായി ദുബായിലെത്തിയ കാലത്ത് ഞങ്ങളുടെ ഫ്ളാറ്റിൽ ഒരു പൂച്ചയുണ്ടായിരുന്നു. ബൾക്കീസ് എന്നായിരുന്നു അതിന്റെ പേര്. ഏതോ ഒരു ഇംഗ്ലീഷുകാരന്റെ ഓമനയായിരുന്ന അവളെ അയാൾ നാട്ടിലേക്ക് തിരിച്ചു പോകുന്നേരം കൊടുത്ത പത്രപരസ്യം കണ്ടതിനാൽ ഞങ്ങൾ സ്വന്തമാക്കുകയായിരുന്നു. ബൾക്കീസ് എന്ന പേര് നല്കി ഞങ്ങളിൽ തീവ്ര മത ബോധമുള്ളവരാരോ അവളെ മതം മാറ്റിയെങ്കിലും ഇംഗ്ലീഷ് രീതിയിലുള്ള അവളുടെ ഭക്ഷണ രീതി മാറ്റിയെടുക്കാൻ ഞങ്ങൾക്കായിരുന്നില്ല. 

രണ്ടാം ദിവസം വൈകുന്നേരമായതോടെ പൂച്ചയുടെ ക്ഷീണമെല്ലാം മാറി. മതിലിൽ നിന്നും ചാടിയിറങ്ങി മുൻവശത്തേക്ക് വന്നു. ഇപ്പോൾ കരച്ചിലിന് ഒന്ന് കൂടി ശക്തി കൈവന്ന പോലെ. വരാന്തയിലിരുന്ന് സംസാരിക്കയായിരുന്ന ഞങ്ങളെ നോക്കി അവൾ മുറ്റത്ത് തന്നെ നിന്നു. യാത്രാമൊഴിയെന്നപോലെ നന്ദിസൂചകമായി അത് കരച്ചിലിന്റെ തീവ്രത കുറച്ച് കൊണ്ട് ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് നിന്നു. ഭാര്യ എഴുന്നേറ്റ് പോയി കുറച്ച് ഭക്ഷണം  കൊണ്ട് വന്നു അതിന് നല്കി. അത് മുഴക്കെ  കഴിച്ചതിന് ശേഷം അവൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്ക്കാൻ തുടങ്ങി. അവൾ ഞങ്ങളുടെ സ്വന്തമായി മാറുന്നതിന്റെ തുടക്കമായിരുന്നു അത്.

തീർത്തും അത്ഭുതാവഹമായിരുന്നു തുടർന്നുള്ള അതിന്റെ ഞങ്ങളോടൊത്തുള്ള ജീവിതം. എത്രയോ കാലമായി  ഞങ്ങളോടെത്തു കഴിയുന്ന ഒരു സഹജീവിയുടെ ഭാവഹാവാദികൾ  അതിന്റെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. മീൻ മുറിക്കുന്നിടത്തെ മറ്റ് പൂച്ച സാന്നിദ്ധ്യങ്ങളെ നിയന്ത്രിച്ച് അവിടത്തെ സമര രംഗത്തെ സാധാരണ ഗതിയിലാക്കാൻ ഒരു കമാൻഡന്റിന്റെ തന്ത്രങ്ങൾ നടപ്പിലാക്കി. അക്ഷമരെങ്കിലും, അച്ചടക്കമുള്ള ഒരു ബറ്റാലിയനായി പൂച്ച സംഘം മീൻ തലകൾക്കായി കാത്തു നിന്നു. ഇടയിൽ അപൂർവ്വമായി ചാടിവീഴാൻ ശ്രമിക്കുന്ന ഏതെങ്കിലും ശൂരനെ അവൾ ഒരു മുരൾച്ചയുടെ ഭീതിയിൽ പൂർവ്വ സ്ഥാനത്ത് തന്നെ കുടിയിരുത്തി. എല്ലാവർക്കും മീൻ തലകൾ സുലഭമായി കിട്ടിയതിന് ശേഷമേ സുന്ദരിപ്പൂച്ച തന്റെ ഊഴത്തിനായി മുന്നോട്ട് വന്നിരുന്നുള്ളു. മീൻ തലകൾ തീർന്നാൽ തന്നെയും ഒരു കഷ്ണം മീൻ എന്റെ ഭാര്യയിൽ നിന്നും കിട്ടും എന്ന് അതിന് ഉറപ്പായിരുന്നു. അങ്ങനെയായിരുന്നു കാര്യങ്ങളും. 

വർക്ക് ഏരിയയുടെ വെളിയിൽ ഗ്രില്ലിന്റെ ഒരു ഭാഗത്തായി ഉയർന്ന ഒരിടത്തായിരുന്നു പകൽ സമയങ്ങളിൽ അവളുടെ വിശ്രമം. അവിടം കഴിഞ്ഞാൽ  മൂന്ന് നാലടി വീതിയിലുള്ള മുറ്റമായിരുന്നു  ഞങ്ങളുടെ ഭൂസ്വത്തിന്റെ അതിരു്. അതിനുമപ്പുറം  ഇംഗ്ലീഷിലെ എൽ ഷേപ്പിൽ ഭൂമി വിസ്തൃതമായി കിടന്നു. അതത്രയും കാടും പടലും നിറഞ്ഞ് ആകെ ഭീതി പടർത്തുന്ന നിലയിലായിരുന്നു. ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം മൂലം അനാഥത്വം പേറിയിരുന്ന ആ പറമ്പ് പാമ്പുകളുടെയും മറ്റ് ഉരഗജീവികളുടെയും കേളീരംഗമായിരുന്നു.നൂറ് കണക്കിന് പാമ്പുകൾ അവിടെ സ്വതന്ത്രമായിവിഹരിച്ചു. എലികളും പെരുച്ചാഴികളും എന്ന് വേണ്ട ആ പറമ്പിൽ ഇല്ലാത്ത ജീവിവർഗ്ഗങ്ങൾ വിരളമായിരുന്നു. ഭൂമിയുടെ അവകാശികളല്ലെ അവയൊക്കെയും അവർ സർവ്വ തന്ത്ര സ്വതന്ത്രരായി വർത്തിക്കട്ടെ എന്ന് കരുതാവുന്നതേയുള്ളൂ; അങ്ങനെ കരുതേണ്ടതുമാണ്. പക്ഷെ ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ഒരു പരിഗണന അവയിൽ നിന്നും  കിട്ടാത്തിടത്തോളം അത്തരം സൗമനസ്യം അവയോട് പുലർത്തുന്നത് ശരിയാവില്ല എന്നായിരുന്നു അക്കാലങ്ങളിലെ എന്റെ നിലപാട്. പാമ്പുകൾ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് എപ്പോഴും അവിടെയുമിവിടെയും ഇഴഞ്ഞു നടന്നു. അപൂർവ്വം ചിലപ്പോൾ ഞങ്ങളുടെ വർക്ക് ഏരിയയിലും അവയുടെ അധിനിവേശമുണ്ടായി. വിറകുകൾക്കിടയിലും മറ്റ് ഒളിക്കാവുന്ന ഇടങ്ങളിലുമായി പാമ്പുകൾ യഥേഷ്ടം സഞ്ചരിക്കാൻ തുടങ്ങി. ഇത് ഞങ്ങളുടെ സ്വൈരജീവിതത്തിൽ വലിയ ആശങ്കകൾ ഉയർത്താനിടയാക്കിയെന്ന് തന്നെ പറയണമല്ലോ. 

ഒരു ദിവസം ഞാൻ മുൻവശത്തെന്തോ പണിയിൽ ഏർപ്പെട്ടിരിക്കുന്ന സമയം. ഓടി വായോ എന്ന് വലിയ വായിൽ അലറുന്ന ഭാര്യയുടെ  കരച്ചിൽ കേട്ട് ഞാനകത്തേക്ക് ഓടിച്ചെന്നു. വർക്ക് ഏരിയയിൽ പരിഭ്രാന്തയായി കിതച്ച് കൊണ്ട് നില്ക്കുകയായിരുന്നു അവൾ. വാഷിങ്ങ് മെഷീനിലേക്ക് വിരൽ ചൂണ്ടിയതല്ലാതെ അവളൊന്നും മൊഴിയുന്നില്ല. ഞാനേറെ ആകാംക്ഷയോടെ  മെഷീന്റെ അകത്തേക്ക് നോക്കി. ചെറുതായിട്ട് ഞാനുമൊന്ന് ഞെട്ടി. അരമീറ്ററിലേറെ നീളമുള്ള ഒരു സർപ്പ കുല വംശജൻ അതിനകത്ത് കിടക്കുന്നു. ഞെട്ടലിൽ നിന്ന് മുക്തനാവാൻ രണ്ട് മിനിറെറടുത്ത് കാണും. 

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നെങ്കിലും എന്നിലെ പുരുഷ കേസരി ഉണർന്ന് പ്രവർത്തിക്കാനുറച്ചു . അയൽക്കാരെ ആരെയെങ്കിലും വിളിച്ചു കൂട്ടാം എന്നാണ് കേസരി എന്റെ മസ്തിഷ്കത്തിന് നൽകിയ നിർദ്ദേശം . ഒന്നാമത് ഈ പാമ്പുകളെ എനിക്ക് അത്ര ഇഷ്ടമല്ലെന്ന് മാത്രമല്ല അതിനോട് കഠിനമായ വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്ന ഒരാളാണ് ഞാൻ. അതിന്റെ കാര്യങ്ങൾ പറയണമെങ്കിൽ കുറച്ചു പിറകോട്ട് പോകണം. 

അത് കുറെ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. പാമ്പും ഞാനും തമ്മിലുണ്ടായ ആദ്യത്തെ ഇടപാടുകളും അതെ തുടർന്നുണ്ടായ സംഭവങ്ങളും . ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് .ഒരു ദിവസം സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാനുള്ള തത്രപ്പാടിൽ വീട്ടിലേക്ക് ഓടുകയാണ്. വിശപ്പിന്റെ കാഠിന്യം ഗതിവേഗം കൂട്ടിയ കാലുകൾക്ക് പെട്ടെന്ന് നിശ്ചലമാകേണ്ടി വന്നത് സ്കൂൾ പരിസരത്ത് വെച്ച് തന്നെയായിരുന്നു. പുതിയ കെട്ടിടം പണിക്കായി വർഷങ്ങൾക്ക് മുമ്പേ ഇറക്കി വെച്ചിരുന്ന ചെങ്കല്ലിന്റെ അട്ടികൾക്കിടയിൽ നിന്നും ഒരു പാമ്പ് എന്റെ അത്താഴം മുടക്കാനായി ഇഴഞ്ഞെത്തുകയായിരുന്നു. വിശപ്പ്, പരിസര വീക്ഷണത്തിന്റെ ആവശ്യകത എന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരുന്നു. ഞാൻ മാത്രമല്ല, എന്നോടൊപ്പം ഒരേ വികാരത്താടെ വീട് ലക്ഷ്യമാക്കി ഓട്ടം പിടിച്ചിരുന്ന മറ്റ് കൂട്ടുകാരും മറ്റൊന്നും ശ്രദ്ധിക്കാതെ ഓടുകയായിരുന്നു. സ്കൂൾ കായിക മേളകളിൽ 100 മീറ്റർ ഓട്ടത്തിൽ പോലും പങ്കെടുക്കാൻ മടിക്കുന്ന കുട്ടികളുടെ യഥാർത്ഥ ഓട്ടത്തിന്റെ മാറ്റുരച്ചു നോക്കണമെങ്കിൽ   ഇത്തരം ഘട്ടങ്ങളിൽ അത് നിരീക്ഷിച്ചാൽ മാത്രം മതിയാകും. 

പഴകിയ ചെങ്കല്ലുകൾക്കിടയിൽ നിന്നും പുറംലോകം കാണാനോ മറ്റെന്തോ ആവശ്യങ്ങൾക്കായോ പുറത്തിറങ്ങിയ പാമ്പിനെ എതിരേറ്റത് ബഹളമയമായ അന്തരീക്ഷമാണ്. ഭയചകിതനായ കുഞ്ഞൻ പാമ്പ് ആദ്യം കിട്ടിയവനെ തന്റെ പല്ലിനാൽ ഒന്ന് ദംശിച്ച് സന്ദർഭത്തെ ഒന്ന് കൂടി പരിഭ്രാന്തമാക്കി അവിടന്ന് എങ്ങനെയും രക്ഷപ്പെടാമെന്നേ വിചാരിച്ചു കാണൂ .

കടിയേറ്റത് എന്റെ വലതു കാലിലെ തള്ളവിരലിലായിരുന്നു. ചെറുതായിട്ടു രക്തം പൊടിഞ്ഞു വരുന്നുണ്ടായിരുന്നു. ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയ പാമ്പ് എന്റെ വള്ളിച്ചെരിപ്പിന്റെ സ്ട്രാപ്പിൽ കുടുങ്ങി ഒന്ന് തിരിഞ്ഞു കളിച്ചു. പ്രാണൻ പോകുമെന്ന അതിന്റെ ഭയപ്പാടിൽ വീണ്ടും ഒന്ന് കൂടെ കടിച്ചു. ഇതെല്ലാം തന്നെ നൊടിയിടക്കുള്ളിൽ സംഭവിച്ചു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ കാൽ കുടഞ്ഞതോടെ പാമ്പിനോടൊപ്പം ചെരിപ്പും ദൂരേക്ക് തെറിച്ചു പോയി. ഇപ്പോഴേക്കും എനിക്ക് ഭയപ്പാടേറുകയായി. കൂടെയുണ്ടായിരുന്ന സലിയും  സിദ്ദുവും പേടിച്ചു വിറളി പൂണ്ടു. അവർ സ്കൂളിലേക്ക് തന്നെ തിരിച്ചോടി. ആരൊക്കെയോ കൂടി എന്നെ പൊക്കിയെടുത്ത് സ്കൂളിനുള്ളിലേക്ക് കൊണ്ട് പോയി.

സലിയും സിദ്ദുവും അതിനിടെ വിവരം സ്കൂളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഉടനെ തന്നെ എന്നെ അലോഷ്യസ് മാഷിന്റെ ലാബിലേക്കെത്തിച്ചു . മാഷ്, നെരിയാണിക്കു മുകളിലായി ഒരു തുണി കൊണ്ട് പരമാവധി വരിഞ്ഞു കെട്ടി. കടിയേറ്റ ഭാഗം വിശദമായി പരിശോധിച്ചു. ശേഷം അയൊഡിൻ ഉപയോഗിച്ച് അവിടം വൃത്തിയാക്കി. പേടിക്കാതിരിക്കാൻ വേണ്ട ഉപദേശങ്ങൾ നല്കി വീട്ടിലെത്തിക്കാൻ ഏർപ്പാടുകൾ ചെയ്തു. 

വാർത്ത ഇതിനകം വീട്ടിലെത്തി കഴിഞ്ഞിരുന്നു. എന്നെത്തേടി സൈക്കിളിൽ വരുന്ന ബാപ്പാനേം ജ്യേഷ്ഠനേം വഴിയിൽ തന്നെ കണ്ട് മുട്ടി. വീട്ടിലേക്ക് പോവാതെ  നേരെ വിഷഹാരി ഗോപാലപിള്ളയുടെ വീട്ടിലേക്ക് അവിടന്ന് തന്നെ തിരിക്കയാണുണ്ടായത്. സൈക്കിളിന്റെ പിന്നിൽ  ഉടനെ മരിച്ചുപോകുമെന്നുള്ള ഭയത്തിനൊപ്പം ഉള്ളിൽ കത്തിയാളുന്ന വിശപ്പിന്റെ ആധിക്യവുമറിഞ്ഞ് ഞാനങ്ങനെ നീങ്ങുകയാണ്. ഏറെ വൈകാതെ വിഷഹാരിയുടെ വീട്ടിലെത്തി . 

വാ.വാ. ഞാനിത് കാത്തിരിക്ക്യേർന്ന്.തെക്ക് പടിഞ്ഞാറേ ദിശേന്ന് ഇന്നൊരു ദീനക്കാരൻ വരുംന്ന് നിശ്ചയ്ണ്ടാർന്നെന്നേ. വാ ഇരിക്യാ. 

മേലാസകലം ഭസ്മം പൂശിയ കറുത്തു കുറുതായൊരു മനുഷ്യൻ. അയാളുടെ പുരികങ്ങൾ തമ്മിൽ കൂട്ടിമുട്ടിയിരുന്നു. ഇരു ചെവികളുടെ വശങ്ങളിലും രോമങ്ങൾ എഴുന്നു നില്ക്കുന്നു. രോമാവൃതമായ മാറിനെ ഒരു ഒറ്റത്തോർത്ത് വിലങ്ങനെയിട്ട് മറച്ചിരുന്നു. വീടിനടുത്തുള്ള , പേരു കൊണ്ട് മാത്രം മന്ത്രവാദി എന്നറിയപ്പെടുന്ന കോപ്പൻ എന്നയാളുടെ രൂപ സാദൃശ്യം തോന്നിപ്പിച്ചു. നീർത്തിയിട്ട തടുക്കു പായയിൽ  ആരോ എന്നെ പിടിച്ചിരുത്തി. വേഗം നോക്ക് വൈദ്യരെ ഞാനിപ്പ മരിച്ചു പോകും എന്ന ഭാവത്തിൽ ഞാനിരിക്കെ വൈദ്യർ ബാപ്പാനോട് കുശലം പറയുന്ന തിരക്കിലായി. 

എന്നാലും മൊയ്തു മാപ്ലേ ങ്ടെ വീട്ടീന്നിതു വരെ ഒരു കേസും ഈ പടി ദേ,  ദ് വരെ കേറീട്ടില്ലാട്ടാ. തിരിഞ്ഞ് എന്റടുത്തേക്ക് വന്നിട്ട് കാലിലെ കെട്ടഴിച്ചിട്ടു. സഹദേവാ കൊണ്ട് വാ എന്ന് അകത്തേക്ക് നോക്കി ഒന്ന് കൂകി. അകത്ത് നിന്നും ഒരു കുഞ്ഞു പെട്ടിയും പിച്ചള ലോട്ടയുമായി സഹദേവൻ ഇറങ്ങിവന്നു.

വൈദ്യർ എന്റടുത്തേക്ക് കസേര നീക്കിയിട്ടു . പരികർമ്മി എന്നോട് ചേർന്ന് തടുക്ക് പായയുടെ ഓരം പറ്റിയിരുന്നു. തുടർന്ന്  പെട്ടി തുറന്ന് ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ കറുത്ത കല്ല് പുറത്തെടുത്ത് അതേ തുണിയിൽ അമർത്തി ഉരസാൻ തുടങ്ങി. കസേരയിലിരുന്ന വൈദ്യർ കല്ല് കയ്യിൽ വാങ്ങി കണ്ണിനോട് ചേർത്ത് വെച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട ശേഷം പരികർമ്മിക്ക് കൈമാറി. അയാളത് വാങ്ങി എന്റെ കാലിലെ മുറിവിൽ അമർത്തി വെച്ചു. മുറിവിൽ അത് സ്പർശിച്ചപ്പോൾ നേരിയ തണുപ്പനുഭവപ്പെട്ടു. 

തണ്ക്കൺടാ .

വൈദ്യർ എന്റെ നേർക്ക് നോക്കി ഉച്ചത്തിൽ ചോദിച്ചു. ഞാൻ മെല്ലെ തലയാട്ടി. ഊം എന്ന് ശക്തമായി മൂളിക്കൊണ്ട് അയാൾ ബാപ്പാടെ നേർക്ക് തിരിഞ്ഞ് കാലാവസ്ഥയെ പറ്റി എന്തൊക്കെയോ പറയാൻ തുടങ്ങി.പാമ്പ് കടിയേറ്റതിനാൽ ഞാനിപ്പോൾ മരിക്കില്ല  എന്നെനിക്ക് ഇതിനകം എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു. അതോടൊപ്പം വിശപ്പ് എന്നിൽ പടർന്നേറാനും തുടങ്ങി .  നാലഞ്ച് മിനിറ്റുകൾ കടന്ന് പോയി. പരികർമ്മി കാലിൽ നിന്നും കല്ല് പിൻവലിച്ച്  അടുത്തിരുന്ന ലോട്ടയിലേക്കിട്ടു. ഇപ്പോൾ വൈദ്യർ നേരത്തെ പ്രദർശിപ്പിച്ച ഉദാസീനത വെടിഞ്ഞ് ഗൗരവ ഭാവം മുഖത്തണിഞ്ഞു. ഇടക്കിടെ ലോട്ടയിലേക്കും പിന്നെ,ചുറ്റും ആകാംക്ഷയോടെ നില്ക്കുന്നവരുടേയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് സാഹചര്യത്തിന്റെ കനം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. 

ഒടുവിൽ ലോട്ടയിൽ നിന്നും കല്ല് പുറത്തേക്കെടുത്ത് അതിനകത്തുണ്ടായിരുന്ന പാലിലേക്ക് നോക്കി. മൊയ്തുമാപ്ലേ കൊഴപ്പല്യാട്ടോ. ദേ, പാല് വെളുവെളാന്ന് ന്നെ ഇരിക്കൺണ്ട് , വെഷല്യാന്നർത്ഥം. ന്നാ പിന്നെ താമസിക്കണ്ട. ചെർക്കന് വെശപ്പടങ്ങാനെന്താച്ചാ കൊടുക്ക്വാ. എനിക്കാകെ സമാധാനമായി. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നല്ലേ ചൊല്ല്. ഈ കേസിൽ അത് ബാധകമല്ലെന്ന് വൈദ്യർ തന്നെ അരുളിച്ചെയ്തിരിക്കുന്നു.എങ്ങനെയെങ്കിലും വീടണഞ്ഞാൽ മതിയെന്നായി. അങ്ങനെ മൂന്ന് മണി കഴിഞ്ഞതോടെ വീട്ടിലെത്തി ശാപ്പാടടിച്ചപ്പോൾ സമാധാനമായി. 

ഫ്ലാഷ് ബാക്ക് എന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് കുറെ ശബ്ദകോലാഹളങ്ങൾ വർക്ക് ഏരിയയിൽ ഉയരാൻ തുടങ്ങിയപ്പോഴാണ്. ഇതെന്റെ വിചിത്രമായ ഒരു സ്വഭാവ രീതിയാണെന്ന് ഞാൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. അടുക്കളയിലുള്ള ഫ്രൈ പാനിന്റെ പിടി ഇളകിത്തുടങ്ങി അതിന്റെ സ്ക്രൂ ഒന്ന് മുറുക്കിത്തന്നേ എന്ന് ഭാര്യ ആവശ്യപ്പെട്ടാൽ ഉടനടി അതിന് വേണ്ടുന്ന സ്ക്രൂ ഡ്രൈവറുമായി ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടിൽ ഞാൻ രംഗത്തെത്തും. ഫ്രൈ പാൻ തിരയും മുമ്പേ അടുക്കളയിൽ പാത്രങ്ങൾ വെക്കാനുള്ള സ്റ്റാന്റ് ചുമരിൽ നിന്ന് വിട്ടു പോരാൻ സാദ്ധ്യതയുള്ളത് കണ്ടെത്തുകയും അതിന്റെ പണി തുടങ്ങുകയും ആദ്യം ചെയ്യാൻ വന്ന പണി രണ്ടാം സ്ഥാനത്തേക്കോ ചിലപ്പോൾ മൂന്നാംസ്ഥാനത്തേക്കോ നീക്കപ്പെടുകയും ചെയ്യുക എന്നത് എന്നും ഞാനനുവർത്തിക്കുന്ന ഒരു ശീലമായിരുന്നു. മനശ്ശാസ്ത്രത്തിൽ ഈ സ്വഭാവ വൈചിത്രത്തിന് എന്തെങ്കിലും പേരും ചികിത്സയും കണ്ടേക്കാം. എന്തായാലും ആ സ്വഭാവത്തിന്റെ പ്രകടനങ്ങളാണ് പൂച്ചക്കഥയിൽ നിന്നും പാമ്പിൻ കഥയിലേക്ക് തെന്നി മാറാൻഎന്നെ  പ്രേരിതനാക്കിയത്. 

ഏതായാലും അടുത്ത വീട്ടിൽ നിന്നും കേശവൻ മാഷും കണ്ണനും പിന്നെ ആരോ ഒക്കെയും കൂടെ വന്ന് പാമ്പിനെ അതിനകത്ത് നിന്നും പുറത്തേക്ക് എടുക്കാനായി യത്നിച്ചു .  ഞാൻ അവരുടെ കൂടെ ഉത്സാഹക്കമ്മറ്റിക്കാരനെ പോലെ നിന്നു കൊടുത്തു. പുറത്തേക്ക് വെള്ളമൊഴുകിപ്പോകാനുള്ള ഹോസിലൂടെ, കക്ഷി അകത്തേക്ക് കടന്ന അതേ വഴിയിലൂടെ അതിനെ പുറത്തെത്തിച്ചു. ശേഷം കണ്ണൻ അതിനെ തല്ലിക്കൊല്ലുകയും ചെയ്തു.  

അങ്ങനെ ജീവിതം ഒരു വിധം സുന്ദരസുരഭില മോഹന രാഗം പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കയാണ്. സുന്ദരിപ്പൂച്ചയെ ചുറ്റിപ്പറ്റി കാമദേവന്മാർ ഇടതടവില്ലാതെ മോഹിപ്പിക്കുന്ന ചലനങ്ങളുമായി പിന്തുടരാൻ തുടങ്ങി. മീൻ തല മോഹിച്ചെത്തുന്ന പെരുവയറന്മാരായ അയൽവക്കങ്ങളിലെ പൂച്ചകളിലെ കണ്ടൻമാരൊക്കെയും സുന്ദരിയുടെ അനുരാഗവിലോലമായ ഒരു നോട്ടത്തിനായി മീൻ തല വരെ ത്യജിക്കാൻ തയാറെന്ന മട്ടിൽ നിന്നു. തങ്ങളിലാർക്കാവും സുന്ദരിയെ സ്വന്തമാക്കാനാവുക എന്ന ഉദ്വേഗം കണ്ടന്മാരിലൊക്കെയും നിറഞ്ഞു.മദ്ധ്യാഹനങ്ങളിലെ മയക്കം പോലും ഉപേക്ഷിച്ച് ചെടികൾക്കിടയിലും പേരച്ചുവട്ടിലും ചിന്താമഗ്നരായി അവർ നില കൊണ്ടു. ഇടക്കിടെ അടുത്ത വീടുകളിലെ ഓമനയുടെ കണ്ടനും സുലജയുടെ കണ്ടനും പോർ വിളികൾ മുഴക്കി. അവ പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ടു തന്നെ സുന്ദരിയെ പിന്തുടരാൻ തുടങ്ങി. കണ്ട് മുട്ടുമ്പോഴാകട്ടെ ദീർഘമായ മുരൾച്ചകളോടെ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ കൂട്ടി. 

സുന്ദരിപ്പൂച്ചയുടെ അസ്വസ്ഥമായ മനസ്സിൽ ആശങ്കകൾ പെരുകിക്കാണണം. ഇതിനിടെ ഡോക്റ്ററുടെയും വക്കീലിന്റെയും വീട്ടിലെ പൂച്ചകളും ഇടക്കിടെ മതിൽ ചാടി സുന്ദരിയെ തേടി വരാൻ മടങ്ങി. പോഷക സമുദ്ധമായ ഫുഡ് നിരന്തരം കഴിക്കുന്നവരാകയാൽ മീൻ തലക്ക് വേണ്ടി അക്ഷമരായിരിക്കുന്നവരുടെ കൂട്ടത്തിൽ ചേരാൻ അവരൊരുക്കമായിരുന്നില്ല. അല്പം ആഢ്യത്വം പ്രകടിപ്പിക്കുന്ന ഭാവം അവ എപ്പോഴും നില നിറുത്തി. എങ്കിലും പ്രണായാതുരത അവയുടെ കണ്ണുകളിൽ ശോകച്ഛവി പരത്തി. സുന്ദരിപ്പൂച്ചയുടെ ഓരോ  ചലനങ്ങളും സാകൂതം വീക്ഷിച്ചു കൊണ്ട് അവർ പരിസരങ്ങളെ സജീവമാക്കി. 

നാളുകൾ നീങ്ങെ സുന്ദരിയിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. എപ്പോഴും ആലസ്യം നിറഞ്ഞ ഭാവം. അങ്ങനെയിരിക്കെ ഒരു മഴക്കാലത്ത് ബാൽക്കണിയുടെ ഒരൂഭാഗത്ത് അവൾ നാലുകുഞ്ഞുങ്ങളെ പ്രസവിച്ചു. ആരായിരിക്കും പിതാവെന്ന് ഒരു പക്ഷേ സുന്ദരിക്ക് മാത്രമേ അറിയാമായിരുന്നുള്ളു.  മീൻ മുറിക്കുന്ന നേരത്തെ കൂടിച്ചേരലുകൾക്കപ്പുറം മറ്റ് പൂച്ചകളുടെ സാന്നിദ്ധ്യം തീരെ ഇല്ലാതായി തുടങ്ങി. വക്കീലിന്റെയും ഡോക്റ്ററുടെയും പൂച്ചകൾ എക്കാലത്തേക്കുമെന്ന പോലെ അപ്രത്യക്ഷരാവുകയും ചെയ്തു. 

ബാൽക്കണിയിൽ മഴ നനയാത്ത  വിധം സുരക്ഷിത ക്രമീകരണങ്ങൾ  ഭാര്യ സജ്ജമാക്കി. സുന്ദരി മക്കൾക്ക് ചൂടേകിക്കൊണ്ട് മറ്റെല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിന്നു.മൂന്ന് ദിവസങ്ങൾ അങ്ങനെ നീങ്ങി. 

നാലാം നാൾ മുതൽ സുന്ദരി പുറത്തിറങ്ങി തുടങ്ങി. എങ്കിലും അധികം ചുറ്റിയടിക്കാനോ മറ്റു പൂച്ചകളുമായി ഇടപഴകാനോ മുതിരാതെ മിക്കവാറും കുഞ്ഞുങ്ങളെ പരിചരിച്ചും മൂലയൂട്ടിയും ബാൽക്കണിയിൽ തന്നെ തുടർന്നു. അടുത്ത ദിവസം വീണ്ടും ഞങ്ങളുടെ വർക്ക് ഏരിയയിൽ പാമ്പിന്റെ സാന്നിദ്ധ്യമുണ്ടായി. അത് ഇഴഞ്ഞ് പുറത്തേക്ക് പോകുന്നത് ഭാര്യ കണ്ടെങ്കിലും എങ്ങോട്ട് തിരിഞ്ഞെന്ന് മനസ്സിലാകാത്ത അങ്കലാപ്പിലായിരുന്നു അവൾ. ഞാനും കൂടെ അവിടെ എത്തിയപ്പോൾ സുന്ദരിപ്പൂച്ച ഞങ്ങളുടെ ശ്രദ്ധയാകർഷിക്കാനായി കരയാൻ തുടങ്ങി. ഇടക്കിടെ തിരിഞ്ഞു നോക്കിക്കാണ്ട് മതിലിനടുത്തേക്ക് അത് നടന്നു . ആത്മധൈര്യത്തിനായി ഒരു വടി കയ്യിലെടുത്ത്  ഞാനതിനെ പിന്തുടർന്നു. മതിലിനടുത്തുള്ള ഒരു പൊത്തിനടുത്തെത്തി സുന്ദരി നിന്നു. കരച്ചിൽ തുടർന്നു കൊണ്ട് പൊത്തിലേക്കും ഞങ്ങളുടെ മുഖത്തേക്കും മാറി മാറി നോക്കാൻ തുടങ്ങിയതോടെ പാമ്പ് അതിനുള്ളിലേക്ക് കയറിപ്പോയി എന്ന് ഞങ്ങൾ ഊഹിച്ചു. 

അടുത്ത രണ്ട് ദിവസങ്ങൾ കാര്യമായൊന്നും സംഭവിക്കാതെ നീങ്ങിയെങ്കിലും മൂന്നാം നാൾ കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ഒന്നിനെ മാത്രം ബാക്കിയാക്കി മരണത്തിന് കീഴടങ്ങി. തൊട്ടടുത്ത ദിവസം തന്നെ കുറ്റിക്കാടിനിടയിൽ സുന്ദരിപ്പൂച്ചയേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട് ഒറ്റക്കായി തീർന്ന പൂച്ചക്കുഞ്ഞിനെ എന്റെ ഭാര്യ ഏറ്റെടുത്തു. ഒരു കാർട്ടണിൽ പഴന്തുണികൾ വിരിച്ച് അതിലേക്ക് മാറ്റി അതിന്റെ വാസം. ഒരു മാസത്തോളം പാൽ മാത്രം കൊടുത്ത് അതിനെ കാർട്ടണിൽ നിന്നും പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞതോടെ പൂച്ചക്കുഞ്ഞ് ഭാര്യയുടെയും മക്കളുടെയും അരുമയായി മാറി. മാസങ്ങൾക്ക് മുമ്പ് സുന്ദരിപ്പൂച്ച എങ്ങനെയായിരുന്നോ അതിന്റെ ഒരു മിനിയേച്ചർ പതിപ്പ് പോലെ സുന്ദര രൂപിയായി പൂച്ചക്കുഞ്ഞ് വളരാൻ തുടങ്ങിയതോടെ ടിന്റു എന്ന പേരു് അവന് നല്കി. 

മാസങ്ങൾ കഴിയവെ ടിന്റുവിന്റെ കുസൃതികൾ ഏറാൻ തുടങ്ങി. എന്റെ ഭാര്യയോടായിരുന്നു അവന് ഏറെ പ്രിയം. മക്കൾ എന്റെ ഭാര്യയുമായി അടുത്തിട പഴകുന്നത് പോലും അവന് രുചിക്കാതായി. ബോബനും മോളിയും കാർട്ടൂണിലെ പട്ടിക്കുട്ടിയെപോലെ അവളുടെ നിഴൽ പോലെ എപ്പോഴും പിന്തുടർന്നു. അപൂർവ്വം ചില അവസരങ്ങളിൽ മാത്രം അവൻ വീടിന് വെളിയിലിറങ്ങി. മറ്റ് പൂച്ചകൾ പതിവ് പോലെ വീട്ടിന്റെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുമ്പോഴും അവയുമായി ചങ്ങാത്തം കൂടാൻ പോകാതെ വീട്ടിനുള്ളിൽ തന്നെ കഴിയുന്ന പ്രകൃതമായിരുന്നതിനാൽ സാമൂഹ്യബോധം കുറവായിരുന്നെന്ന് വേണം പറയാൻ. എങ്കിലും സ്വന്തം വർഗ്ഗത്തിനോട് മാത്രമല്ലാതെ മറ്റെല്ലാ സഹജീവികളോടും ഒരേ ആഭിമുഖ്യം നിലവിറുത്താൻ അവന് കഴിഞ്ഞിരുന്നുവെന്നത് ആശ്ചര്യകരമാണ്. അടുത്ത വീട്ടിലെ താറാവുകൾക്കൊപ്പം അവയുടെ നടത്തത്തിനെ അനുകരിച്ച് നടക്കാൻ തുടങ്ങും. ഇടക്ക് മുറ്റത്തെത്തുന്ന കിളികൾക്കൊപ്പം ചങ്ങാത്തം കൂടാൻ നോക്കും. ഒന്നിനെപ്പോലും ഉപദ്രവിക്കാതെ അവയുമായി കളികളിൽ മുഴുകാൻ ശ്രമിക്കും. പേടിത്തൊണ്ടന്മാരായ കിളികൾ ടിന്റുവിന്റെ സാമീപ്യമറിയുന്നതോടെ പറന്നകലുമ്പോൾ വിഷണ്ണനായി ഏറെനേരം ഒരേ ഇരിപ്പിരിക്കും. 

കേശവൻ മാഷിന്റെ കാർപോർച്ചിൽ മാഷുടെ മക്കൾ കണ്ണനും കവിതയും  കുറെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാറുള്ള സ്ഥലത്തെ നിത്യസന്ദർശകനാണ് ടിന്റു. അവരുടെ കൂടെ കളിയോടൊപ്പം അവരുടെ പേന പെൻസിൽ എന്നിവ എടുത്ത് മാറ്റിവെക്കുക, ആരുടെയെങ്കിലും മടിയിൽ കയറിയിരിക്കുക  തുടങ്ങിയ കലാ പരിപാടികളിലും ഉത്സുകനായി. അവധി ദിവസങ്ങളിൽ വീടിന്റെ അരമതിലിൽ ഉച്ചയുറക്കത്തിലേർപ്പെടുന്ന കേശവൻ മാഷിന്റെ കുടവയറിന്മേൽ ആയിരിക്കും ടിൻറു തന്റെയും വിശ്രമ സ്ഥാനം കണ്ടെത്തുക. മാഷിന്റെ വീട്ടിൽ വളർത്തുന്ന അണ്ണാൻ കുഞ്ഞിനെ ഉപദ്രവിക്കും എന്ന പേടിയിൽ അവരുടെ വീട്ടിനുള്ളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നുവെങ്കിലും എല്ലാവരുടെയും കണ്ണുവെട്ടിച്ച് ടിന്റു അണ്ണാനുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരുന്ന  കാര്യം അത്ഭുതത്തോടെ തന്നെ ഏറെ വൈകിയാണ് അവർ അറിഞ്ഞത്. തൊട്ടടുത്ത ഒന്ന് രണ്ട് വീടുകളിൽ ഈ വിധം സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും  എന്റെ ഭാര്യ ടിന്റു എന്ന് നീട്ടി വിളിച്ചാൽ ആ ക്ഷണം വീട്ടിൽ ഹാജരാകുമായിരുന്നു. 

ടിൻറു വളരുകയായിരുന്നു. ഞാനും ഭാര്യയും ഒന്നിച്ച് സോഫയിലിരിക്കുകയാണെങ്കിൽ എന്നെ മൃദുവായി മാന്തിക്കൊണ്ട് ഇടയിൽ ഒരു ഗ്യാപ്പുണ്ടാക്കി  അവിടെ സ്ഥാനം പിടിക്കും. ഞങ്ങൾ പുറത്തെവിടെയെങ്കിലും പോകാൻ തുടങ്ങിയാൽ അവൻ വിഷണ്ണനാകും. ഞങ്ങളോടൊപ്പം പോരാൻ പരമാവധി ശ്രമിക്കും. താനൊരു അഭ്യാസിയാണെന്ന് ഞങ്ങളെ കാണിക്കാനായി മുറ്റത്തുള്ള പേരമരത്തിന്റെ കൊമ്പുകളിലേക്ക് ഓടിക്കയറും. തിരിച്ചിറങ്ങാൻ കഴിയാതെ ഭയചകിതനായി അവിടെയിരുന്ന് കരയും. പിന്നെ, ഒരു നീളൻ വടി വെച്ച് കൊടുത്ത് അതിലൂടെ ഇറങ്ങാൻ ഞങ്ങളാരെങ്കിലും സഹായിക്കണം .എന്നാലും  വേറൊരവസരത്തിൽ ഇതേ പ്രക്രിയകൾ ആവർത്തിക്കുകയും ചെയ്യും. 

ടിന്റു ഇപ്പോൾ പൂർണ്ണ വളർച്ചയെത്തിയ ഒരു സുന്ദരൻ പൂച്ച തന്നെയായി തീർന്നിരുന്നു. അവന്റെ അമ്മയുടെ സൗന്ദര്യം പകർത്തിവെച്ച പോലെ. അമ്മക്കുണ്ടായിരുന്ന നിരവധി കാമുകരെപ്പോലെ  ടിന്റുവും കാമുകിമാരുടെ ഒരു വലയത്തിന് നടുക്കായിരുന്നെങ്കിലും  ഏക പത്‌നീ വൃതക്കാരനെ പോലെ അതിലൊരു സുന്ദരിയുമായി  മാത്രം ചങ്ങാത്തം നിലനിറുത്തി. വീടിനകത്തേക്ക് കയറി വരാൻ ടിന്റുവിന് മാത്രമേ അവകാശമുള്ളു എന്നവനറിയാമായിരുന്നു.  എങ്കിലും കാമുകിയുമായി അവൻ വാതില്ക്കൽ വരെ വന്നിട്ട് ഞങ്ങളുടെ അനുവാദത്തിനായി നോക്കി നില്ക്കും. കാമുകിയെ അകത്ത് പ്രവേശിപ്പിക്കുന്നതിൽ ഞങ്ങൾക്ക് താത്പര്യമില്ലായിരുന്നു. അതിനാൽ പ്രവേശനാനുമതി കിട്ടാതാകുമ്പോൾ ചെറിയ പിണക്കത്തോടെ അവൻ അകത്തേക്ക് വന്ന് ഒന്ന് ചുറ്റിത്തിരിഞ്ഞ് തിരികെ കാമുകിപ്പൂച്ചയുടെ സമീപത്തേക്ക് നടക്കും.  

എന്നോടൊപ്പം സ്ഥിരമായി നില്ക്കാനായി ഭാര്യയും മക്കളും വരാൻ തയാറെടുക്കുമ്പോഴേ ടിന്റുവിനെ പിരിഞ്ഞു പോരേണ്ടതിലെ സങ്കടം എല്ലാവരിലും നിറഞ്ഞു .എന്തൊക്കെയോ നടക്കുന്നതായി ടിൻറൂവും അറിയുന്നുണ്ടായിരുന്നു. തറവാട്ടിൽ ഏൽപ്പിക്കാമെന്ന ഒരു ധാരണയിൽ ഞങ്ങളെത്തിയെങ്കിലും അത് സാധ്യമായില്ല . ഒരു സായാഹനത്തിൽ അസഹനീയമായ വേദന പേറുന്ന പോലെ നിറുത്താതെയുള്ള കരച്ചിലുമായി അത് ഞങ്ങളുടെ വീടിന്റെ ചുറ്റും പല തവണ പ്രദക്ഷിണം വെച്ചു. ശേഷം  എന്റെ ഭാര്യയുടെ അടുക്കൽ  വന്നു  കുറെ നേരം  ചേർന്നിരുന്നു.  വിഷാദം മുറ്റി നില്ക്കുന്ന അതിന്റെ ഓരോ ചലനങ്ങളും ഞങ്ങളുടെ വിഷമങ്ങൾക്കു ഭാരമേറ്റി  . ഭാര്യ അടുക്കളയിൽ  നിന്നും  കുറച്ചു ഭക്ഷണം  എടുത്തു  കൊണ്ട് വന്നെങ്കിലും  അവൻ  അത് കഴിക്കാതെ കുറച്ചു  മാറിയിരുന്നു ഞങ്ങളെ ഓരോരുത്തരെയായി  വീക്ഷിക്കാൻ തുടങ്ങി.  പിന്നീട്കുറച്ചു കഴിഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങി. അന്ന് രാത്രി  അവൻ വീട്ടിനുള്ളിലേക്ക് വന്നില്ല. എന്ന് തന്നെയല്ല അതിന് ശേഷം അവനെ കണ്ടതേയില്ല . ഞാൻ യാത്രക്ക്  വേണ്ട കാര്യങ്ങളിൽ മുഴുകി തിരക്കിലായി. കുട്ടികളും യാത്രയുടെ ത്രില്ലിൽ തന്നെയായിരുന്നു. ഭാര്യ മാത്രം ഇടക്കിടക്ക് ദൂരേക്ക്  നോക്കിക്കൊണ്ട് ടിന്റു എവിടെ പോയാവോ എന്ന് പറയുന്നുത് കേൾക്കാമായിരുന്നു. പിറ്റേന്ന് ഞങ്ങൾ അവിടം വിടുകയാണ്. അന്ന്മുഴുക്കെ അവൻ വരും എന്ന പ്രതീക്ഷയിൽ ഞങ്ങളിരുന്നു. പക്ഷെ,വന്നില്ല.

ഞങ്ങളുടെ വിട പറയൽ ഏറ്റു വാങ്ങാൻ കെല്പില്ലാതെ ടിൻറു എവിടേക്കാ കടന്ന് കളയുകയായിരുന്നു.......

Share this story

Comments (1)

  • Suharabi

    22 March 2021

    നല്ല കഥ . ടിന്റുവിനെപ്പോലെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പൂച്ച ഞങ്ങൾക്കും ഉണ്ടായിരുന്നു. ഇത് വായിച്ചപ്പോൾ പെട്ടെന്ന് അവന്റെ കാര്യം ഓർമ്മ വന്നു. നല്ല വിവരണം. Great.