17 October 2020 · 16 min read · യാത്ര
യാത്ര/ ജിബൂട്ടി.

യാത്ര/ജിബൂട്ടി
ഇതാണ് ഭൂമിയിലെ സ്വർഗ്ഗം എന്ന ക്ലീഷേയിൽ എഴുതി തുടങ്ങാനായി, ചെന്നിറങ്ങുന്ന നാടിന്റെ നയന മനോഹരങ്ങളായ കാഴ്ചകൾ മാത്രം കണ്ടു മടങ്ങുന്ന സഞ്ചാരിക്ക് ജിബൂട്ടി കാര്യമായൊന്നും നല്കില്ല, തീർച്ച. പക്ഷെ ഒരു ജനതയുടെ വൈവിധ്യപൂർണ്ണമായ ജീവിത രേഖകൾ തിരഞ്ഞു പോകുന്ന ഒരാൾക്ക് അവിടത്തെ പ്രകൃതി നല്കുന്ന ചെറുതെങ്കിലും മനോഹരമായ കാഴ്ചകളോടൊപ്പം ആ നാടിന്റെ വ്യത്യസ്തങ്ങളായ നേർചിത്രങ്ങൾ കൂടി ലഭ്യമാകും എന്നത് തർക്കമറ്റ കാര്യമാണ്. വൻ ശക്തികളുടെ അധിനിവേശക്കാലത്തോ അതിനു ശേഷമോ വികസനം അല്പം പോലും എത്തി നോക്കാത്ത ഈ രാജ്യം ഇതേ ഭൂഖണ്ഡത്തിലെ മറ്റൊട്ടനവധി രാജ്യങ്ങളുടെ നേർപകർപ്പായി മാറുന്നതും നമുക്ക് നേരിൽ കാണാനാകും . വെറും പത്ത് ചാക്ക് അരി കൊടുത്ത് ഒരു ദ്വീപ് സ്വന്തമാക്കിയ പാശ്ചാത്യർ ഈ നാട്ടുകാരുടെ ഇല്ലായ്മയെ ചൂഷണം ചെയ്യുന്നതിലൂടെ അവരെ അപഹസിക്കുക കൂടിയായിരുന്നെന്ന് ചരിത്രം നമ്മോട് പറയുന്നുണ്ട്. നാളുകളോളം ഉപയോഗിച്ച് അതിന്റെ ഫലഭൂയിഷ്ഠതകളൊക്കെയും ഊറ്റിയെടുത്ത ശേഷം വീണ്ടും അത് മോടി പിടിപ്പിച്ച് മറിച്ചു വില്ക്കുക എന്ന വിപണന തന്ത്രവും അരങ്ങേറി ക്കൊണ്ടിരുന്ന ഒരു കാലത്തെ കുറിച്ചു കൂടിയാണ് അത് നമ്മെ ഓർമ്മിപ്പിക്കുന്നത് . ഗോത്ര സംഘർഷങ്ങൾ ആളികത്തിച്ചു കൊണ്ട് ഭരണകൂട ചൂഷണങ്ങൾക്ക് മറയിടാൻ രാഷ്ട്രീയ കപട സൂത്രങ്ങൾ മെനയുന്ന അവർക്ക് എളുപ്പം കഴിഞ്ഞിരുന്നു. ആധുനിക സമൂഹങ്ങളിൽ ഇന്ന് നമ്മളനുഭവിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകളുടെ ഒരു പ്രാഗ് രൂപം .
എങ്കിലും ചുറ്റിത്തിരിയാനെത്തുന്ന സഞ്ചാരിയെ തങ്ങളുടെ ദൈന്യമായ ജീവിത ചിത്രങ്ങളുടെ നേർക്കാഴ്ചകൾ മാത്രം കാണിച്ച് തിരിച്ചയക്കാനും ജിബൂട്ടി ഒരുക്കമല്ല. പരിമിതമായ സൗകര്യങ്ങളിലെങ്കിലും ജിബൂട്ടി വിപുലമായ വിനോദങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. സാഹസികതയ്‌ക്ക് കഴിവുള്ളവർക്ക് പ്രത്യേകിച്ചും. ഈ നാടിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രം ആവേശകരമായ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട് . ഒപ്പം അവധിക്കാലം ആസ്വദിക്കാൻ മാത്രമായി എത്തുന്നവർക്ക് ശാന്തമായ പരിസ്ഥിതി സങ്കേതങ്ങളും കണ്ടെത്താനാകും. ജിബൂട്ടിയുടെ തീരത്തും അടുത്തുള്ള മൗച്ച ദ്വീപുകളിലുമുള്ള കടൽത്തീരങ്ങൾ, തടാകക്കരകളിലെ പ്രകൃതിദൃശ്യങ്ങൾ, മരുഭൂമിയിലെ സമതലങ്ങൾ എന്നിവ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തെ നമ്മിലേക്ക് ഇഴുകിച്ചേർക്കാവുന്ന വിധം മനോഹരമാണ്. ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലങ്ങളിൽ കൂടി നടക്കാനുള്ള അവസരം നമുക്കിവിടെ മാത്രം സാദ്ധ്യമാവുന്ന ഒന്നുമാണ്.
കടലില്ലാത്ത ചുറ്റുഭാഗമത്രയും ഏത്യോപ്യയും,എറിത്രിയയും,സോമാലിയയും രാജ്യാതിർത്തികൾ പങ്കിടുകയും ,കിഴക്കേ കോണിൽ ചെങ്കടലും ഏദൻ ഉൾക്കടലും ഇതാണ് അതിരെന്ന് നിശ്ചയിക്കുകയും ചെയ്യുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു കൊച്ചു രാജ്യമാണ് ജിബൂട്ടി. രാജ്യം ചെറുതാണെങ്കിലും വിനോദ സഞ്ചാരത്തിനായി അങ്ങോട്ട് എത്തിപ്പെടാനുള്ള പുകിലുകൾ വലുതാണ്. വലിപ്പത്തിൽ കേരളത്തിന്റെ പകുതിയേക്കാൾ ഒരിത്തിരി കൂടുതലേയുള്ളു ഈ രാജ്യം. ജനസംഖ്യയാകട്ടെ പത്ത് ലക്ഷത്തിൽ താഴെ മാത്രവും. എങ്കിലും മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലെ അറബ് രാജ്യങ്ങൾക്ക് മേൽ ഒരു കണ്ണ് തുറന്നിരിക്കട്ടെ എന്ന ഉദ്ദേശത്തോടെ പാശ്ചാത്യ രാജ്യങ്ങൾ കൈയടക്കി വെച്ചിരുന്ന ഒരിടമാണിതെന്ന നില കൂടി പരിഗണിക്കുമ്പോൾ ലോക ഭൂപടത്തിൽ ഈ രാജ്യത്തിനുള്ള സ്ഥാനം വലുത് തന്നെയാണ്. 1977 വരെ ഫ്രാൻസിന്റെ അധീനതയിൽ കഴിയുകയും തദ്ദേശീയരായ സൊമാലിയൻ വംശജർ രണ്ടാം തരക്കാരായി ജീവിച്ചു പോരുകയും ചെയ്ത ഈ രാജ്യം ഒരു കാലത്ത് സോമാലിയയുടെ തന്നെ ഭാഗമായിരുന്നു.
വർണ്ണപ്പകിട്ടാർന്ന ഭൂവിഭാഗങ്ങളിൽ മാത്രം സഞ്ചരിച്ച് കണ്ണിനും മനസ്സിനും ആനന്ദവും ഉന്മേഷവും തേടി നടക്കുന്ന സഞ്ചാരികൾക്ക് ഒരു വേള ഈ നാട്ടിലക്കുള്ള യാത്ര അത്ര സുഖകരമായി തോന്നാനിടയില്ല. എങ്കിലും, നാം ജീവിക്കുന്ന ഈ ഭൂമിയിൽ നമ്മളറിയാത്ത ഈ വിധം ജനങ്ങളും ജീവിക്കുന്നുണ്ടെന്നും അവരും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്നും അവർ മറ്റ് മനുഷ്യരാൽ തന്നെ സമൂഹത്തിന്റെ പാർശ്വഭാഗങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരാണെന്നും അറിയണമെങ്കിൽ, അതനുഭവമായി നേരിൽ കാണണമെങ്കിൽ തീർച്ചയായും നമ്മൾ അവരിലൂടെ സഞ്ചരിച്ചു മുന്നേറേണ്ടിയിരിക്കുന്നു. ഏത്യോപ്യക്കാരനായ സെഗാബ് എന്ന സഹപ്രവർത്തകനിൽ നിന്നുമുള്ള വിവരണങ്ങളാണ് ആഫ്രിക്കയുടെ വടക്ക് കിഴക്കേ തീരത്തുള്ള ജിബൂട്ടിയിൽ എത്തിപ്പെടണം എന്ന ആഗ്രഹത്തിന് ആക്കമേറ്റിയത്. 2016 ആദ്യം ഏത്യോപ്യ സന്ദർശിക്കുന്ന വേളയിൽ ജിബൂട്ടിയിലേക്ക് കൂടി പോകാമായിരുന്നു. പക്ഷെ എന്തോ അന്നങ്ങനെ ചിന്തിക്കാനായില്ല. ഇടക്കിടെയുള്ള യാത്രകളിൽ കൂടെ കൂടാറുള്ള സുഹൃത്തുക്കൾക്ക് ജിബൂട്ടി എന്ന് കേട്ടപ്പോൾ എന്തോ അനിഷ്ടം ഉള്ളിൽ കനം വെക്കാൻ തുടങ്ങിയതിനെ ലഘൂകരിക്കാൻ ഞാനൊരുമ്പെട്ടില്ല. രണ്ട് കാരണങ്ങളാണ് അവരെ ഈ യാത്രയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിച്ചത്. ഒന്നാമത്, എമിറേറ്റ്സ് വിമാനം ഏത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബ വരെയേ ഉള്ളു. സൗജന്യയാത്ര അവിടെ തീരുന്നു. തുടർന്നുള്ള യാത്രക്ക് എത്യോപ്യൻ എയർലൈൻസിന്റെ ടിക്കറ്റ് പണം കൊടുത്ത് വാങ്ങണം. അതിനു മാത്രം മോഹിപ്പിക്കുന്ന കാഴ്ചകൾ ജിബൂട്ടി നമുക്കായി ഒരുക്കി വെക്കുന്നില്ല എന്ന തോന്നൽ അവരുടെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ടാകാം. ( ഇത് 2016ലെ അനുഭവക്കുറിപ്പുകളാണ്. ഇന്നാണെങ്കിൽ ഫ്ലൈ ദുബൈ എയർലൈൻ ദുബായിൽ നിന്നും ജിബൂട്ടിയിലേക്ക് നേരിട്ട് സർവീസ് ഉള്ളത് കൊണ്ട് യാത്രയിൽ അധികം ആയാസവും ദ്രവ്യനഷ്ടവും അനുഭവപ്പെടുകയില്ല എന്നത് ആശ്വാസകരം ) . ഒടുവിൽ എന്തിനും കൂടെയുണ്ടെന്ന ബഷീറിന്റെ വാക്കുകൾ യാത്രക്കൊരുക്കം കൂട്ടാനുള്ള ഉത്സാഹത്തള്ളലായി തീരുകയാണുണ്ടായത്. കൂടെ പോരാനൊരുക്കമല്ലെങ്കിലും സെഗാബിന്റെ സഹായം ചില കാര്യങ്ങളിൽ ഏറെ ആവശ്യമായി വരുമെന്ന് എനിക്കുറപ്പായി.
വിസ ഓൺ അറൈവൽ നടപടിക്രമങ്ങളാണ് ജിബൂട്ടിയിൽ എന്നറിയാമെങ്കിലും നേരിട്ട് അവരുടെ കോൺസുലേറ്റുമായി ബന്ധപ്പെടാമെന്ന് കരുതി. ആ ഓഫീസ് എന്റെ താമസ സ്ഥലത്തിനടുത്തായിരുന്നു എന്നത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. ദുബായിൽ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റ് സമുച്ചയത്തിൽ നിന്നും സ്വയം നിഷ്കാസിതമായിട്ടെന്നോണം അബു ഹൈൽ എന്ന സ്ഥലത്താണ് ജിബൂട്ടി കോൺസുലേറ്റ് ഒരു പഴയ വില്ലയിൽ സ്ഥിതി ചെയ്യുന്നത്. ഒരാവശ്യവുമില്ലാതെ തന്നെ അവിടെക്കേറി ചെന്ന് വിശദാംശങ്ങൾ തിരക്കാൻ പോയത് ഏറെ പുലിവാലാകുകയും ചെയ്തു. പൂർണ്ണമായ ഉദ്യേശ്യ ലക്ഷ്യങ്ങളോടെയെങ്കിലും ഒരന്യ രാജ്യത്തിന്റെ കോൺസുലേറ്റിൽ നേരിട്ട് ചെന്ന് ആവശ്യമുണർത്തിച്ചപ്പോളാണ് ആവശ്യമില്ലാത്ത ഒരു പരിപാടിക്കാണ് ഇറങ്ങിത്തിരിച്ചതെന്ന തിരിച്ചറിവ് ബോദ്ധ്യപ്പെടുന്നത്. പൊതുവേ ഒരു ദരിദ്ര രാജ്യമാണെന്നതിന്റെ സൂചനകൾ അവരുടെ ഓഫീസ് തന്നെ വിളിച്ചോതുന്നുവെങ്കിലും അമേരിക്കൻ വിസക്കായി അപേക്ഷിച്ച ശേഷം നേരിടുന്ന ഇന്റർവ്യൂവിനെ വെല്ലുന്ന തരത്തിലായി കാര്യങ്ങൾ. ചെന്നു കണ്ടു, കുടുങ്ങി എന്ന് പറയുന്നതാവും കൂടുതൽ അനുയോജ്യം. കോൺസുലർ ജനറലിന്റെ അതിനിശിതമായ ചോദ്യാവലികൾ തികച്ചും സംശയത്തിന്റെ നിഴലിനപ്പുറം ഞങ്ങളെ നിറുത്തിക്കൊണ്ടായിരുന്നു. ഏറ്റവുമൊടുവിൽ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒരു വിധത്തിൽ അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുമ്പോൾ നിർവ്യാജമായ ഖേദപ്രകനത്തോടെ അയാൾ അവരുടെ രാജ്യത്തേക്ക് സ്വാഗതമോതി.
2016 നവമ്പറിലാണ് ദുബായിൽ നിന്നും അഡിസ് അബാബയിലേക്ക് ഞങ്ങൾ പുറപ്പെടുന്നത്. അവിടെ നിന്നും ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട് ജിബൂട്ടിയിലെ അബൂജാ എയർ പോർട്ടിലേക്ക്. സിവിൽ/ മിലിട്ടറി ഗതാഗതങ്ങൾക്കായി ഇവിടെ ഈ ഒരൊറ്റ വിമാനത്താവളമേയുള്ളു. ടെർമിനൽ കണ്ടാൽ പണ്ട് 70 കളിൽ നാട്ടിലുണ്ടായിരുന്ന ചില ഗവണ്മെണ്ട് ആസ്പത്രികളെപ്പോലെ തോന്നിപ്പിക്കുമായിരുന്നു. ഞങ്ങൾ യാത്ര ചെയ്ത ATR എയർക്രാഫ്റ്റിൽ യാത്രികരായി അധികം ആളുകളുണ്ടാവാഞ്ഞിട്ടും പരിശോധനകൾക്ക് ഏറെ താമസം നേരിട്ടു. വിസ കൗണ്ടറിൽ 10 ഡോളർ അടച്ച് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യിച്ച ശേഷം എമിഗ്രേഷൻ കൗണ്ടറിലായിരുന്നു തത്രപ്പാട് നേരിടേണ്ടി വന്നത്. ഹോട്ടൽ അക്കൊമൊഡേഷനും റിട്ടേൺ ടിക്കറ്റും കാണിച്ചിട്ട് പോലും ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം എന്തെന്ന ചോദ്യം ബാക്കി നിന്നു. ഫ്രഞ്ചും അറബിയുമാണ് ഔദ്യോഗിക ഭാഷയെന്നിരിക്കെ അത് രണ്ടും അപ്രാപ്യമായ ഞങ്ങൾക്ക് അയാൾക്ക് ശരിക്കുമറിയാത്ത ഇംഗ്ലീഷ് മാത്രമായിരുന്നു തുണ. ടൂറിസ്റ്റുകൾ പതിവായി വന്ന് പോകാത്ത ജിബൂട്ടിയിൽ ഞങ്ങളുടെ ആഗമനം അവരിൽ സംശയമുണർത്തിയെന്നത് സ്വാഭാവികം മാത്രം. പാസ്പോർട്ട് തിരിച്ചും മറിച്ചും വീണ്ടും മറിച്ചും തിരിച്ചും നോക്കുന്നതിനിടയിൽ ഒരു പേജിൽ കണ്ട ഉംറ വിസ കാര്യങ്ങളുടെ സങ്കീർണ്ണതക്ക് ഒരല്പം അയവു വരുത്തിയെന്ന് പറഞ്ഞാൽ തീർന്നല്ലോ.
ഒരു ദീർല നിശ്വാസത്തോടെ വെളിയിലിറങ്ങി വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി.റോഡിലേക്കിറങ്ങിയതും ടാക്സിക്കാരുടെ പത്മവ്യൂഹത്തിലകപ്പെട്ട നിലയിലായി ഞങ്ങൾ. ഒരു നിലക്കും ഞങ്ങൾക്ക് അവിടെ നിന്നും ചലിക്കാനാകാത്ത വിധം അവർ വലയം ചെയ്തെയിലും ഞങ്ങൾ വേണ്ട എന്ന നിലപാടിൽ തന്നെ നിന്നു. പിന്നെ ഓരോരുത്തരായി ഞങ്ങളെ ചീത്ത പറഞ്ഞു കൊണ്ട് പിൻവാങ്ങാൻ തുടങ്ങി. അല്പ സമയത്തിനുള്ളിൽ ഒരു ചെറുപ്പക്കാരൻ ഞങ്ങളെ സമീപിച്ചു. വൃത്തിയും വെടിപ്പുമുള്ള അതിനേക്കാൾ വൃത്തിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു യുവാവ്. അയാളോട് സംസാരിച്ചു കാര്യങ്ങൾ ബോദ്ധ്യപ്പെട്ടപ്പോൾ റെസിഡൻസെ ലഗൂൺ ബ്ലൂ എന്ന ഞങ്ങളുടെ ഹോട്ടൽ അഡ്രസ്സ് അയാളെ കാണിച്ചു. പത്ത് ഡോളർ കൊടുത്താൽ അവിടെ എത്തിക്കാമെന്ന് അയാളേറ്റു. സംഗതി കള്ള ടാക്സിയാണ്. എയർപോർട്ട് ടാക്സി എന്ന ഒരേർപ്പാട് അവിടെങ്ങും കാണാഞ്ഞതിനാലാണ് നേരെ തെരുവിലേക്കിറങ്ങിയത്. ആറ് കിലോമീറ്റർ ദൂരമേ അങ്ങാട്ടുള്ളുവെന്നും പത്ത് ഡോളർ കൂടുതലാണെന്നും ഞങ്ങൾ തർക്കിച്ചു നോക്കി. അയാൾ കൂടുതലൊന്നും പറയാതെ നിന്നു. ശേഷം നിങ്ങൾക്കിഷ്ടമുള്ളത് തന്നാൽ മതിയെന്ന നിലപാടിൽ ഞങ്ങൾ തയാറായി.
ഏകദേശം പത്ത് മണി കഴിഞ്ഞിരുന്നു അപ്പോൾ. ചെക്ക് - ഇൻ മിക്കവാറും ഹോട്ടലുകളിൽ രണ്ട് മണിക്കേ അനുവദിക്കൂ എങ്കിലും നേരെ ചെന്ന് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ടു വേണം പുറത്തേക്കിറങ്ങാൻ.
ഹോട്ടലിലേക്കുള്ള ദൂരത്തിനിടയിൽ അയാളുടെ പേരു് ഉസ്മാൻ എന്നാണെന്ന് മനസ്സിലായി. അയാളെപ്പോലെ തന്നെ വൃത്തിയുള്ള അധികം പഴക്കമില്ലാത്ത ഒരു ഫോർ വീലറായിരുന്നു വാഹനം. സാധാരണ ടാക്സിക്കാരെ പോലെ തന്നെ സംസാരപ്രിയനായിരുന്നു ഉസ്മാനും. ഞങ്ങൾ ഇന്ത്യക്കാരാണെന്നത് അയാൾക്ക് ഇതിനകം മനസ്സിലായിരുന്നു.
ഞങ്ങൾ തമ്മിൽ സംസാരിച്ച ഹോട്ടലിലെ ചെക്ക് - ഇൻ വിഷയം മനസ്സിലായിട്ടോ എന്തോ അയാൾ ഞങ്ങളോട് അത് തന്നെ പറഞ്ഞു. ചെക്ക് - ഇൻ രണ്ട് മണിക്കേ സാദ്ധ്യമാവൂ എന്ന് തന്നെയെല്ല ഒരു മണി മുതൽ നാലുമണി വരെ സിയെസ്റ്റയാണെന്നും (ഉച്ചയൂണിന് ശേഷമുള്ള ചെറിയ മയക്കം. ഫ്രഞ്ചുകാർ ഉണ്ടാക്കി വെച്ച പഴയൊരു ശീലം! ) പുറത്തേക്കിറങ്ങിയാൽ തന്നെ ഞങ്ങൾക്കൊന്നും കാണാൻ സാധ്യമാവില്ലെന്നും അയാൾ പറഞ്ഞു. അത് കൊണ്ട് ഇപ്പോൾ നേരെ ഹോട്ടലിൽ പോകുന്നതിനേക്കാൾ സിറ്റി സ്ക്വയറിലേക്ക് പോവുകയാണെങ്കിൽ കുറച്ച് കറങ്ങുകയും ഭക്ഷണം കഴിക്കുകയുമാവാം. അത് വരെ അയാൾ കാത്തു നില്ക്കാമെന്നും അതിനായി കൂടുതൽ പണമൊന്നും തരേണ്ടതില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നാൽ പിന്നെ ഉസ്മാന്റെ ഇംഗിതം നിറവേറട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. വണ്ടി യൂടേൺ എടുത്ത് തിരികെ ഓടാൻ തുടങ്ങി. അടുത്ത നാലഞ്ച് മിനിറ്റിനുള്ളിൽ അല്പം തിരക്കുള്ള ഒരു തെരുവിലെ " കറി റെസ്റ്റോറന്റിന് " മുന്നിൽ ശകടം നിശ്ചലമായി. കുറെയേറെ നിർബ്ബന്ധിച്ച ശേഷമാണ് ഉസ്മാൻ ഞങ്ങളുടെ അതിഥിയാവാൻ സമ്മതിച്ചത് തന്നെ. അകത്ത് കയറി മെനു കാർഡ് കണ്ടപ്പോൾ തന്നെ സംഗതി മെനകേടായല്ലോ എന്നോർത്തു പോയി. ഒരു ചിക്കൻ ബിരിയാണിക്ക് 3000 ജിബൂട്ടിയൻ ഫ്റാങ്ക് ആണ് വില. 1000 ഇന്ത്യൻ രൂപ!!!

ആ ചുറ്റുവട്ടങ്ങളിലൊന്നും തന്നെ കാണാനൊന്നുമില്ലാത്തതിനാലും ബിരിയാണിയും അതിന്റെ വിലയും ഉത്പാദിപ്പിച്ചു വിട്ട ക്ഷീണം തളർത്തിയതിനാലും ഇനി ഹോട്ടലിലേക്ക് തന്നെ തിരിക്കാമെന്ന് കരുതി. അടുത്ത പതിനഞ്ച് മിനിറ്റിൽ ഉസ്മാൻ ഞങ്ങളെ ഹോട്ടലിന് മുന്നിലിറക്കി. നേരത്തെ പറഞ്ഞ 10 ഡോളർ നീട്ടിയപ്പോൾ അയാളത് വാങ്ങാൻ വിസമ്മതിച്ചു. തുടർ യാത്രകളിൽ അവരെ തന്നെ വിളിക്കാനായി പൊതുവേ ടാക്സിക്കാർ അനുവർത്തിക്കുന്ന ഒരു നയമാണിതെന്ന് മുൻയാത്രകളിൽ അനുഭവമുള്ളത് കൊണ്ട് അയാളെ അത് നിർബ്ബന്ധിച്ച് പിടിപ്പിച്ചു. എങ്കിലും തുടർ യാത്രകൾക്കായി അയാളെ തന്നെ ഏർപ്പാടാക്കാമെന്ന ധാരണയിൽ ഞങ്ങളെത്തിച്ചേരുകയും രാവിലെ 7 മണിക്ക് ഹോട്ടലിലെത്താൻ അയാളോട് പറയുകയും ചെയ്തു.
കുറച്ച് നേരം വിശ്രമിച്ച ശേഷം ഞങ്ങൾ നാല് മണിയോടെ നഗരത്തിലേക്കിറങ്ങി.
"ചെങ്കടലിലെ ഫ്രഞ്ച് ഹോങ്കോംഗ്" എന്നറിയപ്പെടുന്ന ജിബൂട്ടിയുടെ തലസ്ഥാനം പഴയ കെട്ടിടങ്ങൾ,അതിസുന്ദരമായ ബീച്ചുകൾ, സജീവമായ മാർക്കറ്റുകൾ എന്നിവയുടെ സമന്വയമാണ്. ഏറെക്കാലത്തെ ഫ്രഞ്ച് അധിനിവേശത്തിനിപ്പുറവും നഗരത്തിന് അറബി സംസ്കാരത്തിന്റെ സ്വാഭാവിക പരിവേഷം ഇന്നും നിലനിറുത്തനാകുന്നു എന്ന് ഓരോ കാഴ്ചകളും നമുക്ക് പറഞ്ഞു തരുന്നുണ്ട്. മാത്രമല്ല സാംസ്കാരികവും ചരിത്രപരവുമായ ഒരു കേന്ദ്രമാണ് ഇവിടം എന്ന് കൂടി ഓർമ്മപ്പെടുത്തും വിധമാണ് നഗര സംവിധാനത്തിന്റെ ഇന്നത്തെ നില . പത്തൊൻപതാം നൂറ്റാണ്ടിലെ നഗര ഘടനകൾക്കും അന്ന് പണിതുയർത്തിയ യൂറോപ്യൻ മാതൃകയിലുള്ള കെട്ടിടങ്ങൾക്കുമിടയിൽ മണിക്കൂറുകളോളം സ്വയം നഷ്ടപ്പെട്ടിട്ടെന്നോണം അലഞ്ഞുതിരിയുന്നത് ഒരു സുഖമുള്ള അനുഭവം തന്നെയാണ്. എങ്കിലും ചിലയിടങ്ങളെങ്കിലും ഒരു പ്രേതഭൂമിയുടെ സാന്നിദ്ധ്യം നമ്മളിലേക്ക് വന്നണയും വിധം പ്രാചീനത നിറഞ്ഞു നില്ക്കുന്നത് നമ്മൾ തൊട്ടറിയുന്നുമുണ്ട്.

മെനെലിക് സ്ക്വയർ നൂറ്റാണ്ടുകൾക്ക് മുമ്പേ നിർമ്മിച്ച ഭംഗിയുള്ള ഒരു നഗര ഭാഗത്തിന്റെ അസ്ഥി പഞ്ജരം പോലെ തോന്നിപ്പിക്കുമെങ്കിലും ഏറെ സജീവമാണ് അതിപ്പോഴും. വഴിവാണിഭക്കാരാണ് ഏറിയ പങ്കും. കൃത്യമായ അകലത്തിൽ നിർമ്മിച്ച റോഡുകൾക്കിരുവശവുമുള്ള കെട്ടിടങ്ങൾക്ക് പുറത്ത് ആളുകൾ വിലപേശി തുണികളടക്കമുള്ള സാധനങ്ങൾ വാങ്ങുന്നത് കാണാമായിരുന്നു. തെരുവിനോരത്ത് തന്നെയായി തയ്യൽ മെഷീനുകളുമായി ഇൻസ്റ്റന്റ് തയ്യൽ സർവ്വീസിനായി നിരന്നിരിക്കുന്നവർ. ഗോത്രവർഗ്ഗക്കാരായ ആളുകൾ ചത്വരത്തിൽ തലങ്ങും വിലങ്ങും വിഹരിച്ചു കൊണ്ടിരുന്നു. ഒരു കാലത്ത് തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഇടങ്ങളിലൊക്കെയും അതിന്റെ സമൃദ്ധി നഷ്ടപ്പെട്ട കാലത്തെങ്കിലും അവർ സ്വതന്ത്രമായി ആർത്തുല്ലസിക്കുന്നത് കാണാമായിരുന്നു. ഫ്രഞ്ച് അധീനക്കാലത്ത് നഗരത്തിലേക്ക് തൊഴിലിനായി പോലും കടന്ന് വരാൻ പ്രാപ്തിയില്ലാതിരുന്നവരാണിവർ. നഗരത്തിന് വെളിയിൽ ഇല്ലായ്മയുടെയും വറുതിയുടെയും നാളുകൾ തള്ളി നീക്കിയ അക്കൂട്ടർക്ക് സ്വാതന്ത്ര്യം ഇങ്ങോട്ടുള്ള പ്രവേശന വിലക്ക് നീക്കി കൊടുത്തപ്പോഴേക്കും ചൂഷകർ എല്ലാം നക്കിയെടുത്ത് നാമാവശേഷമാക്കിയ ഇടങ്ങളാണ് അവർക്കായി ബാക്കി നിന്നത് . ജന്മസിദ്ധമായി കിട്ടിയ ദാരിദ്ര്യത്തെ പോഷിപ്പിച്ചെടുക്കും വിധം അലസമായ ഒരു സമൂഹമായി മാറ്റപ്പെട്ട ഒരു ജനതയാണ് ഇവരെന്ന് ഒറ്റനോട്ടത്തിൽ തന്നെ വിലയിരുത്താനാകും.
തെരുവിന്റെ ഓരോ കോണുകളിലും കാണുന്ന ലഹരി മരുന്നിന്റെ വിപണനം നമ്മെ തെല്ലൊന്നമ്പരപ്പിക്കും. ഘാട്ട് എന്ന പേരിലറിയപ്പെടുന്ന ഒരു ചെടിയുടെ ഇളം കൂമ്പുകൾ ചവച്ചിറക്കി അതിന്റെ ലഹരിയിൽ വെട്ടിവട്ടം പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരെയും വൃദ്ധരെയും അവിടെയെങ്ങും കാണാനായി. പിറ്റേന്ന്,ഉസ്മാന്റെ വിവരണത്തിൽ നിന്നാണ് അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാനായത്.തെരുവിനോരങ്ങളിൽ ചെറിയ സ്റ്റാളുകളിൽ നീർത്തിയിട്ട നനഞ്ഞ ചാക്കുകളിൽ ഘാട്ടിന്റെ ഇളം കൂമ്പുകൾ നിരത്തിവെച്ച് വീണ്ടും ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടിയിട്ടിരിക്കുന്നു. ആവശ്യക്കാർ മുകളിലെ ചാക്ക് പൊക്കി നോക്കി അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം വാങ്ങുന്നു. ഇല്ലെങ്കിൽ അടുത്ത വാണിഭക്കാരന്റെ അടുത്തേക്ക് നീങ്ങുന്നു. തൊട്ടടുത്തുള്ള പച്ചക്കറി ഫ്രൂട്ട് മാർക്കറ്റിനകത്തും പുറത്തുമായി ആളുകൾ ഉത്സവമേളം തീർക്കുന്നുണ്ടായിരുന്നു.
വഴിയിലത്രയും ആളുകൾ സംശയത്തോടെ ഞങ്ങളെ നോക്കുകയായിരുന്നു. പരമ്പരാഗത വേഷം ധരിക്കാത്ത അപൂർവ്വം പേരേ അപ്പോൾ അവിടെ തെരുവിലെങ്ങുമുള്ളു. കുറച്ചു പേർ അരികിലേക്കെത്തി പണമാവശ്യപ്പെട്ടെങ്കിൽ മറ്റ് ചിലർ ഗൈഡായി വരാമെന്ന് പറഞ്ഞ് സമീപിച്ചവരായിരുന്നു. കുറച്ച് സർദാർജിമാരെ വഴിയിൽ കണ്ടതൊഴിച്ചാൽ ഇന്ത്യക്കാരായ മറ്റാരെയും എവിടെയും കണ്ടില്ല. മെനലിക് സ്ക്വയറിന്റെ വിശാലമായ ഭാഗങ്ങളത്രയും ഞങ്ങൾ ചുറ്റി നടന്നു. സന്ധ്യയോടെ തെരുവുകൾക്ക് പുതിയ രൂപവും ഭാവവും കൈവരികയായി. മസാല പുരട്ടി കനലിൽ ചുട്ടെടുക്കുന്ന വലിയ മീനുകൾ വില്ക്കുന്ന ഒരു ഭാഗത്ത് കൂടെ പോകുമ്പോൾ കൊതി പരത്തുന്ന അതിന്റെ മണം അന്തരീക്ഷത്തിലെങ്ങും നിറഞ്ഞു നിന്നു. തൊട്ടടുത്ത പള്ളിയിൽ നിന്നും വാങ്ക് വിളി മുഴങ്ങി. കുറെപ്പേർ തിരക്കിട്ട് അങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. ആളുകൾ പലയിടങ്ങളിൽ നിന്നും വീണ്ടും വന്ന് ചേരുന്നതായി തോന്നി.ഘാട്ട് വില്പനക്കാരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ടായിരുന്നു. ഹൂക്കാ വലിക്കുന്ന കേന്ദ്രങ്ങളിലേക്കും ആളുകൾ തിക്കി തിരക്കി കേറുന്നുണ്ടായിരുന്നു. പലരും പകലന്തിയോളം ജോലി കഴിഞ്ഞശേഷം വീടണയും മുമ്പേ അല്പം ലഹരിക്കായി ആസക്തിയോടെ തിരക്ക് കൂട്ടുകയായിരുന്നു എന്ന് തോന്നിച്ചു.


കുറെ നടന്ന ശേഷം ഞങ്ങൾ നഗരത്തിന്റെ മറ്റൊരു ഭാഗത്തെത്തുമ്പോൾ തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ഞങ്ങളെ എതിരേറ്റത്. ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ ഭാഗം തന്നെയോ ഇതെന്ന് അതിശയിപ്പിക്കും വിധം പുതുമ തോന്നിപ്പിക്കുന്ന ഒരിടത്താണ് ഞങ്ങളിപ്പോൾ. നടപ്പാതകളിൽ ഇടവിട്ട് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച വൃത്തിയുള്ള തെരുവുകളും പുതുമ വിട്ടിട്ടില്ലാത്ത കെട്ടിടങ്ങളും. അല്പം മെച്ചപ്പെട്ട വാഹനങ്ങൾ തെരുവിനെ സജീവമാക്കിക്കൊണ്ട് നീങ്ങിക്കൊണ്ടിരുന്നു. വലിയ ഹോട്ടലുകളും നൈറ്റ് ക്ലബ്ബുകളും പബ്ബുകളും നിരയായി കാണപ്പെട്ട തെരുവ്. ജിബൂഷ്യൻ രാത്രിജീവിതത്തിന്റെ വാതിലുകൾ അവിടെ മലർക്കെ തുറക്കപ്പെട്ടതായി തോന്നിച്ചു. അടുത്ത് കണ്ട ഒരു യെമനി റെസ്റ്റോറന്റിൽ നിന്നും മന്തി കഴിച്ച ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് നടന്നു. രാവിലെ ഉസ്മാനെത്തുമ്പോഴേക്കും തയാറായി നില്ക്കാനായി ഉറങ്ങാൻ കിടന്നു.
രാവിലെ ഉസ്മാനെത്തും മുമ്പേ ഞങ്ങൾ തയാറായി നിന്നു. ഹോട്ടലിൽ നിന്നും കിട്ടിയ ബ്രെയ്ക് ഫാസ്റ്റ് നിലവാരമുള്ളത് തന്നെയായിരുന്നു. കൃത്യനിഷ്ഠയിൽ ഫീലിയാസ് ഫോഗിനെ പോലും കടത്തിവെട്ടും വിധം കൃത്യസമയത്ത് തന്നെ അയാൾ ഹാജർ. തലേന്ന് കണ്ട പരമ്പരാഗത വേഷത്തിലല്ല. പാന്റ്സും ഷർട്ടും ഷൂവുമൊക്കെയായി ഒരു പുതിയാപ്ലയെ പോലെ ജോറായിട്ടുണ്ട് കക്ഷി. എന്നാലിറങ്ങുകയല്ലെ. താഴെ കടയിൽ നിന്നും കുടിവെള്ളവും സ്നാക്സും വാങ്ങി വണ്ടിയിൽ വെച്ചു. എവിടേക്കാണ് പോകേണ്ടതെന്നും ഇന്നത്തെ ട്രിപ്പിന് എത്രയാണ് പ്രതിഫലം വേണ്ടതെന്നും ആദ്യമേ ചോദിച്ചു വെച്ചു. ആള് കുഴപ്പമില്ലന്ന് തോന്നിക്കും വിധമായിരുന്നു മറുപടി . നഗരത്തിൽ നിന്നും പതിനഞ്ച് കിലോ മീറ്റർ മാറിയുള്ള മൗച്ച ഐലൻഡിലേക്കാണ് ആദ്യയാത്ര.
യാത്രക്ക് മുമ്പേ തന്നെ ഉസ്മാൻ കയ്യിലുള്ള ഡയറി തുറന്ന് നോക്കി കാണാൻ പോകുന്ന സ്ഥലത്തിന്റെ ഒരു ലഘു വിവരണം ഞങ്ങൾക്ക് നല്കി. ഒരു പ്രൊഫഷണൽ ഗൈഡ് ആയി മാറുന്നതിലേക്ക് സ്വയം രൂപപ്പെട്ടു വരുന്ന ഉസ്മാന്റെ ഈ പ്രവൃത്തി ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.


ജിബൂട്ടി തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പവിഴ ദ്വീപാണ് മൗച്ച ഐലൻഡ്. തദ്ജൗറ ഉൾക്കടലിന്റെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജിബൂട്ടി മേഖലയുടെ ഒരു ഭാഗം തന്നെയാണ് ദ്വീപ്. 1840ൽ, തദ്‌ജൗറയിലെ സുൽത്താൻ മുഹമ്മദ് ബിൻ മുഹമ്മദും ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയുടെ കമാൻഡർ റോബർട്ട് മോറെസ്ബിയും തമ്മിലുള്ള സൗഹൃദം ഒരു കച്ചവട ഉടമ്പടിയുടെ സമാപനത്തിൽ കലാശിക്കുകയാണുണ്ടായത്. കൊടിയ ദാരിദ്ര്യം അടിച്ചേല്പിക്കപ്പെട്ടിരുന്ന തഡ്ജൗറയിൽ ബ്രിട്ടൻ കൗശലത്തിലൂടെ അവരുടെ ആവശ്യം സാധിച്ചെടുക്കുകയായിരുന്നത്രെ. സുൽത്താനാണെങ്കിലും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ട് അവശനായി നില്ക്കുകയാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ വെറും പത്ത് ചാക്ക് അരിക്ക് പകരമായി മൗച്ച ദ്വീപ് സ്വന്തമാക്കിയെടുക്കയാണുണ്ടായത്. 1887-ൽ ബ്രിട്ടൻ അവരുടെ ആവശ്യങ്ങളെല്ലാം നിർവ്വഹിച്ചതിന് പിന്നാലെ ഈ ദ്വീപിന്റെ പരമാധികാരം ഫ്രാൻസിനു നൽകി. തദ്ജൗറ ഉൾക്കടലിൽ ഫ്രഞ്ച് സ്വാധീന മേഖലയെ അംഗീകരിച്ചുകൊണ്ട് എന്ന കരാറിലാണെങ്കിലും,അയൽരാജ്യങ്ങളിലെ ബ്രിട്ടന് ആവശ്യമുള്ള ചില ഫ്രഞ്ച് അധീന ദ്വീപുകളുമായി പരസ്പരം വെച്ചു മാറി എന്നതാണ് ശരിയെന്ന് ഉസ്മാൻ കൂട്ടിചേർത്തു.
1900 ൽ ആരോഗ്യ വിഭാഗം ഈ ദ്വീപിനെ ഒരു ക്വാറന്റയിൻ കേന്ദ്രമാക്കി പ്രഖ്യാപിച്ചെങ്കിലും കാര്യമായ മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അത് അധികനാൾ തുടർന്ന് പോവാനായില്ല. പിന്നീട് ഫ്രഞ്ച് സൈന്യം ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ട് അവരുടെ ആയുധ ശേഖരണത്തിനുള്ള സ്ഥലമായി ഉപയോഗിക്കാൻ തുടങ്ങിയത്രെ. ഇപ്പോൾ ഈ ദ്വീപിന്റെ ഒരു വശത്തായി രണ്ട് കുടുംബങ്ങളിലായി പത്തിരുപത് പേർ മാത്രമേ താമസിക്കുന്നുള്ളുവെന്നും ഉസ്മാൻ പറഞ്ഞു.
ഞങ്ങൾ ചെല്ലുമ്പോൾ തുറമുഖത്ത് നിന്നും ബോട്ടുകൾ പുറപ്പെടാൻ തുടങ്ങിയിട്ടില്ല. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴേക്കും കൂടുതൽ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. ഇന്നലെ ഇവിടെ എത്തിയ ശേഷം തദ്ദേശീയരല്ലാത്ത ആളുകളെ കാണുന്നത് ഇപ്പോഴാണെന്ന് ഓർത്തു. ഏറെ വൈകാതെ ബോട്ടിൽ ഞങ്ങൾ ദ്വീപിലെത്തി.
മൂന്ന് കിലോമീറ്ററിൽ താഴെ മാത്രം നീളമുള്ള മൗച്ച ദ്വീപിന്റെ പ്രധാന ഭൂപ്രദേശത്തിന് ചുറ്റും ചെറിയ ചെറിയ ദ്വീപുകളും പവിഴപ്പുറ്റുകളും ഉണ്ട്. ശരിക്കും ഇതൊരു മാന്ത്രിക ദ്വീപ് ആണെന്ന് അവിടെ എത്തിപ്പെട്ടാൽ നമുക്കനുഭവപ്പെടും. സ്‌നോർക്കെലിംഗ്, മീൻപിടുത്തം, ഡൈവിംഗ് എന്നിവയിൽ താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ഏറെ ആകർഷകമാകും ഈ ദ്വീപ്. ജിബൂട്ടി തുറമുഖത്ത് നിന്ന് ബോട്ട് വഴിയാണ് ഇവിടെ എത്തിച്ചേരാനാവുക. തുറമുഖത്ത് നിന്നും ബോട്ട് വാടകക്കെടുത്ത് ചുറ്റിത്തിരിയാനുള്ള സംവിധാനവുമുണ്ട്. നഗരത്തിരക്കിലെ കാഴ്ചകളിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് തോന്നിയാൽ നമ്മുടെ മനസ്സിന് ഏറെ ഉന്മേഷം പകരാനിതുപകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങൾ ഏതായാലും ബോട്ടിംഗിന് താത്പര്യം കാട്ടിയില്ല. ബീച്ചിന്റെ ആകർഷണീയത തന്നെ ആവോളം നുകരാൻ ഉണ്ടെന്നിരിക്കെ അമിത ചാർജ്ജ് കൊടുത്ത് അങ്ങനെ കറങ്ങുന്നതിൽ കാര്യമില്ലെന്ന് ഉസ്മാനും പറഞ്ഞു. അത്യാവശ്യം വേണ്ടുന്ന ഭക്ഷണങ്ങൾ ലഭിക്കുന്ന കൊച്ചു റെസ്റ്റോറന്റുകൾ അവിടവിടെയായി ഉണ്ട്. കടലോരങ്ങൾ മുഴുക്കെയും അതിമനോഹരം തന്നെ. ഇളം പച്ചപ്പ് കലർന്ന തെളിമയാർന്ന ജലവിതാനം ഒരു തടാകത്തിലെന്നപോലെ. ഇടക്കൊരു കാറ്റടിക്കുമ്പോൾ മാത്രം ജലോപരിതലത്തിൽ നേരിയ ചലനമുളവാകും. അപ്പോൾ മാത്രം അലസമായി തീരത്തെ പുണരുന്ന കുഞ്ഞു തിരമാലകൾ. കടപ്പുറങ്ങളെല്ലാം ഒരേ പോലെയാണെന്ന സങ്കല്പം പൊളിച്ചെഴുതുന്നതാണ് ഇവിടത്തെ തീരങ്ങൾ.

ഖോർ അംബാഡോ ബീച്ചും അതിമനോഹരം തന്നെയാണ്. തീരത്തെമ്പാടും ഓടിനടക്കുന്ന പച്ചനിറത്തിലുള്ള ഞണ്ടുകൾ, അവക്ക് പിന്നാലെ പാഞ്ഞുചെല്ലുന്ന കുട്ടികൾ എല്ലാം തന്നെ കൗതുകകരമാണ്.നല്ല തെളിമയാർന്ന ജലവിതാനത്തിൽ ആർക്കും ഒന്നു നീന്തിത്തുടിക്കാൻ തോന്നും. സുരക്ഷിതമായി നീന്താൻ പറ്റുന്ന വിധം ശാന്ത സുന്ദരമാണ് കടൽ. പവിഴ, മത്സ്യ ഇനങ്ങളുടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിൽ ഒന്നായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. ഡൈവിംഗ്, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി എന്നിവ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആകർഷമായ ഒരിടം തന്നെയാണിത്. അല്‌പം ദൂരത്തിലായി ഒരു കപ്പൽഛേദത്തിന്റെ അവശിഷ്ടങ്ങൾ കാണാനായി പോകുന്ന സാഹസികരായ ആളുകളായിരിക്കാം അവിടെ നീന്തി നീങ്ങുന്നതെന്ന് ഉസ്മാൻ പറഞ്ഞു തന്നു. മാലിയിലെ ബീച്ചുകളോട് സമാനമായ ദൃശ്യങ്ങളാണ് എവിടെയും. പക്ഷെ പിന്നിലേക്ക് നോക്കിയാൽ ബീച്ചിന് സമാന്തരമായി നെടുനീളത്തിൽ കിടക്കുന്ന മലനിരകൾ. അവ കടലോരത്തിന് ഒരു മാസ്മരിക ഭംഗി പ്രദാനം ചെയ്യുന്നതായി തോന്നും.ചെങ്കടലിന്റെ മനോഹരമായ പവിഴപ്പുറ്റുകളിലേക്കുള്ള ഉല്ലാസയാത്രയ്ക്കും ജല കായിക വിനോദങ്ങൾക്കും ഇവിടെ നിന്നും തുടക്കം കുറിക്കാനാകും. ജിബൂട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടത്തെ സൂര്യാസ്തമയം.
തിരികെ ഹോട്ടലിലേക്ക് വരുമ്പോഴാണ് ഞങ്ങൾ ബൽബലാ എന്ന സ്ഥലം സന്ദർശിക്കാമെന്ന് കരുതിയിരുന്നത്. പക്ഷെ, ദുർഘടം പിടിച്ച റോഡിലൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങാനേ ഞങ്ങൾക്കായുള്ളു എന്നതിനാൽ പരിപാടികളിൽ മാറ്റം വരുത്തേണ്ടിവന്നു. അത് പിറ്റേന്നത്തേക്ക് മാറ്റി വെച്ച് രണ്ട് ബീച്ചുകളിൽ നിന്നും കിട്ടിയ ആസ്വാദ്യകരമായ അനുഭവങ്ങളും മനസ്സിൽ നിറച്ച് ഞങ്ങൾ സിറ്റിയിലേക്ക് തന്നെ മടങ്ങി. ഹോട്ടലിനടുത്ത് വെച്ച് ഉസ്മാനെ തത്കാലത്തേക്ക് പിരിച്ചു വിട്ടു കൊണ്ട് ഞങ്ങൾ രാത്രികാല ജിബൂട്ടി കാണാനായി നഗര ഭാഗത്തേക്ക് തിരിഞ്ഞു.
പണ്ട് കാലത്ത് വിദേശികളായിരുന്നു സ്വദേശികളായവർക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നതെങ്കിൽ ഇന്ന് ചില തെരുവുകളിൽ നിന്നും തദ്ദേശീയർ സ്വയം പിൻവാങ്ങുന്നതായി തോന്നിച്ചു ചില ഭാഗങ്ങളിലെ കാഴ്ചകൾ.ഇന്നും നിലനില്ക്കുന്ന ഫ്രഞ്ച്സൈനിക ക്യാമ്പുകളിലെ ഉദ്യോഗസ്ഥർക്ക് സന്ധ്യ കഴിഞ്ഞാൽ വിഹരിക്കാനുള്ള ഇടങ്ങളാണ് ഇത്തരം തെരുവുകളൊക്കെയും.ആ ഭാഗമത്രയും വിദേശികളല്ലാതെ നാട്ടുകാരായ ഒരാളെപ്പോലും കണ്ടെത്താനായില്ല. കുറെ നേരം ആ തെരുവുകളിലൊക്കെ കറങ്ങിയ ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ഞങ്ങൾ ലേക് അബെ യും ലേക് അസ്സാലും സന്ദർശിക്കാനുള്ള ദിവസമായിരുന്നു. ജിബൂട്ടിയിലെ അവസാന ദിവസവുമാണ്.
രാവിലെ തന്നെ ഉസ്മാൻ റെഡി.ഞങ്ങൾ അബെ തടാകത്തിലേക്കാണ് ഇന്ന് ആദ്യം പോകുന്നത്. ആദ്യം തന്നെ ഉസ്മാൻ ആവശ്യത്തിനുള്ള പെട്രോളടിക്കേണ്ട കാര്യം പറഞ്ഞു. കൂടെ വെള്ളവും ഭക്ഷ്യസാധനങ്ങൾ എന്തെങ്കിലും കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ഹൈവേയിൽ എവിടെയും കടകളൊന്നുമുണ്ടാകില്ലെന്നും ദിഖിൽ എന്ന സ്ഥലത്ത് മാത്രമേ നമ്മളിനി വിശ്രമാർത്ഥം വണ്ടി നിറുത്തുകയുള്ളുവെന്നും അയാൾ കൂട്ടിച്ചേർത്തു. ഗ്രാൻഡ് ബാര, പെറ്റിറ്റ് ബാര മരുഭൂമികൾ കടന്നു വേണം അവിടെയെത്താൻ. ജിബൂട്ടി എത്യോപ്യ എക്സ്പ്രസ് ഹൈവേയിൽ നിന്നും തിരിഞ്ഞു വേണം നമ്മൾ ഈ മരുഭൂമിയിലേക്ക് പ്രവേശിക്കാൻ. പരിചിതനല്ലാത്ത ഒരാൾക്കും അത് വഴിയുള്ള യാത്ര സുഗമമാവുകയില്ല എന്ന് നമുക്ക് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാവുന്നതായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മരുഭൂമിയിലൂടെ പൊടി പറപ്പിച്ചു കൊണ്ട് നീങ്ങുന്ന ലാൻഡ് ക്രൂയിസറിന്റെ ചില്ലുകളിൽ ചൂളം കുത്തിയെത്തുന്ന കാറ്റിന്റെ വന്യമായ ശീൽക്കാരങ്ങൾ. ഇടക്കിടെ കാണുന്ന ഓരോ ഗ്രാമങ്ങൾ. ചിലത് ഇസാ ഗോത്രക്കാരുടേതാണെങ്കിൽ അടുത്തത് അഫാറുകളുടേതായിരിക്കും. ഈ വ്യത്യസ്ത ഗോത്ര വർഗ്ഗക്കാരുടെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അല്പം പ്രയാസമേറിയതാണെന്നും എങ്കിലും പേടിക്കാനില്ലെന്നും ഉസ്മാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.


സൂര്യാസ്തമയ സമയത്തെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ട് ഇരുട്ടും മുമ്പേ പോരാനാണ് ആദ്യം പരിപാടിയിട്ടതെങ്കിലും അസ്സാൽ തടാകം കൂടി സന്ദർശിക്കേണ്ടതിനാൽ സമയം വെട്ടിച്ചുരുക്കി. പരമ്പരാഗത അഫാർ ഗോത്രക്കാരുടെ കുടിലുകൾ രാത്രികാല താമസത്തിനായി അവിടെ ഒരുക്കിയിട്ടുണ്ട്. അതിൽ ടൂറിസ്റ്റുകൾ താമസിച്ചിരുന്നതിന്റെ ലക്ഷണങ്ങളും ഉള്ളതായി ഉസ്മാൻ പറഞ്ഞു.
ശിലാ നിർമ്മിത പ്രകൃതിദത്ത ചിമ്മിനികൾ നിറഞ്ഞ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ അബ്ബെ തടാകത്തിനരികിലായുണ്ട്. ഞങ്ങൾ തടാകത്തിലേക്ക് നടക്കുമ്പോൾ നാടോടികളായ ആളുകൾ അലസമായി എന്തോ തിരഞ്ഞിട്ടെന്ന പോലെ നടന്നു നീങ്ങുന്നതായി കണ്ടു. ഫ്ലെമിംഗോസ്,ഹോട്ട് സ്പ്രിംഗ്സ് തുടങ്ങിയ പക്ഷികളെയും കണ്ടുമുട്ടാനിടയായി .
ഉസ്മാൻ ഞങ്ങളെ അവിടത്തെ ഒരു പ്രത്യേക ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഏറെ രസകരമായ ഒരു അനുഭവമായിരുന്നു അവിടത്തെ ചൂടുള്ള നീരുറവ പ്രദാനം ചെയ്തത്.അയാൾ ഒരു സിഗരറ്റ് കത്തിച്ച് അതിന്റെ അറ്റത്ത് ഊതി. ഇതോടെ ആ സ്ഥലത്ത് കട്ടിയുള്ള പുകയും നീരാവിയും വെള്ളത്തിൽ നിന്നുയരാൻ തുടങ്ങി.
ഞങ്ങൾ കുറച്ചു സമയം ചിമ്മിനിക്ക് ചുറ്റും നടന്നു, തുടർന്ന് കാറിലേക്ക് തിരിച്ചുപോയി “വലിയ ചിമ്മിനി” യിലേക്ക് ഒരു ഹ്രസ്വ ഡ്രൈവ് . അതേ സിഗരറ്റ് ട്രിക്ക് ഇവിടെയുള്ള ചിമ്മിനികളിൽ ഒന്നിന്റെ മുകളിൽ നിന്ന് പുക പുറപ്പെടാൻ തുടങ്ങിയതിന് കാരണമായപ്പോൾ ഉസ്മാൻ ഒരു മാജിക്കുകാരനാണോ എന്ന നിലയിലേക്ക് ഞങ്ങളിൽ സംശയമുണർത്തി.അതിന്റെ ശാസ്ത്രീയ വശങ്ങൾ എന്താണെന്ന് പറഞ്ഞു തരാൻ മാത്രം അയാൾ പ്രാപ്തനല്ലായിരുന്നു. വിസ്മയകരമായ ഒരു കാഴ്ച കണ്ടു എന്നതിനപ്പുറം ഞങ്ങളും മറ്റൊന്നും തിരയാൻ നിന്നില്ല എന്നതാണ് വാസ്തവം.
ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള
മദ്ധ്യ -പടിഞ്ഞാറൻ ജിബൂട്ടിയിലെ ഒരു ഗർത്ത തടാകമാണ് അസാൽ.ജിബൂട്ടി നഗരത്തിന് 120 കിലോമീറ്റർ പടിഞ്ഞാറ് ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ മുകൾ ഭാഗത്തുള്ള ദിഖിൽ മേഖലക്ക് അടുത്തായി തദ്ജൗറയിലെ അഫാറിൽ സമുദ്രനിരപ്പിൽ നിന്ന് 155 മീറ്റർ താഴെയാണ് ഈ ഉപ്പുവെള്ള തടാകം. ആഫ്രിക്കൻകരയിലെ ഏറ്റവും താഴ്ന്ന സ്ഥലമായും ഗലീലി കടലിനും ചാവുകടലിനും ശേഷമുള്ള ഭൂമിയിലെ മൂന്നാമത്തെ ഏറ്റവും താഴ്ന്ന സ്ഥലമായും ഇതറിയപ്പെടുന്നു. തീർത്തും നിശ്ചലമായ തടാകത്തിൽ ഉയർന്ന ബാഷ്പീകരണം കാരണം അതിന്റെ ജലത്തിലെ ലവണാംശം ഉയർന്നു നില്ക്കുന്നു.നമ്മൾ അതിലിറങ്ങി നീന്താൻ തുടങ്ങിയാൽ ഉപ്പുപാടകൾ ദേഹത്തൊട്ടിപ്പിടിച്ച് ജലോപരിതലത്തിൽ നമ്മൾ പൊന്തിക്കിടക്കും. ചിലരൊക്കെ ഹoയോഗിമാരെ പോലെ സൂര്യനെ ധ്യാനിച്ച് വെള്ളത്തിന്റെ മേലേ പൊന്തിക്കിടക്കുന്നത് കാണാമായിരുന്നു. സജീവമല്ലാത്ത അഗ്നിപർവ്വതങ്ങളും കറുത്ത ലാവ പാടങ്ങളും നിറഞ്ഞ ഒരു ജല മരുഭൂമി. 1978 ന് ശേഷം സജീവമല്ലാതായി തീർന്ന അർഡൂകോബാ എന്ന അഗ്നിപർവ്വതം കാലക്രമേണ മരവിച്ച ഭൂപ്രകൃതിയായി എങ്ങനെ മാറി എന്നതിന് ഭൗമ ശാസ്ത്രജ്ഞർ നല്കുന്ന തെളിവുകൾ ഒരു അത്ഭുതകരമായ ഭൂമിശാസ്ത്ര പാഠമാണ്. നിർഭാഗ്യവശാൽ ചൈനീസ് ഉടമസ്ഥതയിലുള്ള ഉപ്പ് ഖനനം കാഴ്ചയുടെ ഭംഗി മുച്ചൂടും നശിപ്പിക്കുന്നുണ്ടെങ്കിലും ഭൂമിയുടെ ഒരു കോണിൽ ഒരു വിചിത്രാനുഭവം സഞ്ചാരിക്ക് നല്കുന്ന ഈ പ്രകൃതി ഒരനുഗ്രഹം തന്നെയെന്ന് വേണം പറയാൻ.

തിരികെ ജിബൂട്ടി സിറ്റിയിലെത്തിയപ്പോൾ രാത്രി ഏറെ വൈകി. ഇന്ന് മുഴുക്കെ വിശ്രമമില്ലാതെ നീണ്ട യാത്ര നടത്തിയതിന്റെ ക്ഷീണം ശരീരത്തെ വല്ലാതെ ഉലക്കുന്നുണ്ടായിരുന്നു. രണ്ട് തടാകങ്ങൾ നല്കിയ അപൂർവ്വ ദൃശ്യാനുഭവങ്ങളോടൊപ്പം അങ്ങോട്ടുള്ള നീണ്ടയാത്രകളേകിയ അനുഭവങ്ങളുമായിരുന്നു മനസ്സിലത്രയും. ബൽബലാ എന്ന ചരിത്രത്തിലിടം നേടിയ നഗര ഭാഗത്തിലുടെ ഒന്ന് കടന്ന് പോകാനാവാത്തതിൽ അതിയായ വിഷമം തോന്നി. ഒരു കാലത്ത് ഫ്രഞ്ചുകാർ അവിടത്തെ നാട്ടുകാരെ നഗരത്തിലേക്ക് വിലക്കേർപ്പെടുത്തി ചെക്ക് പോയിന്റ് സ്ഥാപിച്ച സ്ഥലം.വെളുപ്പിനുള്ള വിമാനത്തിൽ അഡിസ്അബാബയിലേക്കും തുടർന്ന് അവിടന്ന് ദുബായിലേക്കും പോകേണ്ടതായതിനാൽ അല്പ വിശ്രമം വേണമെന്ന് തോന്നി.
ഭൂഖണ്ഡങ്ങളൊക്കെയും എത്ര സമീപസ്ഥങ്ങളാണെന്ന് ഈ യാത്രയും ഓർമ്മിപ്പിച്ചു. യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക് (ബാർസലോണ പോർട്ടിൽ നിന്നും മൊറോക്കൊയിലേക്ക്) ജിബ്രാൾട്ടർ വഴി കടന്നെത്താൻ 14 കിലോമീറ്റർ മാത്രം. ആഫ്രിക്കയിൽ നിന്നും ഏഷ്യയിലേക്ക് (ജിബൂട്ടി പോർട്ടിൽ നിന്നും ഏഡൻ പോർട്ടിലേക്ക്) കടന്നെത്താൻ 28 കിലോമീറ്ററുകളും.ഗ്രേറ്റ് റിഫ്റ്റ് വാലിയേക്കാൾ അഗാധവും സങ്കീർണ്ണവുമായ മനസ്സുള്ള മനുഷ്യർ തമ്മിലുള്ള അകലമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
