1 October 2020 · 14 min read · സാഹിത്യം
"ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒന്നും ഭയക്കുന്നുമില്ല. ഞാൻ സ്വതന്ത്രനാണ് ".( നിക്കോസ് കസാൻദ്സാക്കിസ് )
വ്യത്യസ്ത കാലയളവുകളിലായി ഒമ്പത് തവണ നോബൽ പ്രൈസിനായി നോമിനേറ്റ് ചെയ്യപ്പെടുകയും ഒരിക്കൽ പോലും അതിനർഹനാകാതെ പോവുകയും, എന്നാൽ എത്ര വലിയ പുരസ്കാരങ്ങൾക്കുമപ്പുറത്താണ് വായനക്കാർ നെഞ്ചേറ്റിയ തന്റെ ഓരോ കൃതികളുമെന്ന് അടയാളപ്പെടുത്തി കടന്ന് പോയ വിശ്വ സാഹിത്യകാരനാണ് നിക്കോസ് കസാൻദ്സാക്കിസ് .1957 ൽ തന്റെ ജീവിതാവസാനത്തിന് തൊട്ട് മുമ്പായി ഒരു വോട്ടിന് മാത്രം ആൽബേർ കമ്യൂവിന്റെ പ്ലേഗ് എന്ന നോവലിനോട് പിന്തള്ളപ്പെട്ട് നഷ്ടമായ നോബൽ സമ്മാനം അദ്ദേഹത്തെ ഒരു തരത്തിലും ഉലച്ചില്ല. പക്ഷെ,കമ്യുവിന് ഉറപ്പായും ബോധ്യമായിരുന്നു ആ അവാർഡിന് തന്നെക്കാൾ നൂറ് മടങ്ങ് അർഹൻ കസാൻദ്സാക്കിസ് തന്നെയായിരുന്നുവെന്ന്. അദ്ദേഹമത് അർത്ഥശങ്കക്കിടയില്ലാത്ത വിധം തുറന്ന് പറയുകയും ചെയ്തു. കവി, നാടകകൃത്ത്, സഞ്ചാരി, ഗദ്യകാരൻ , തത്വചിന്തകൻ, ജേർണ്ണലിസ്റ്റ് എന്നീ നിലകളിൽ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തിളങ്ങിയ കസാൻദ്സാക്കിസിനെ ലോകം അറിയാൻ തുടങ്ങുന്നത് പ്രധാനമായും ജവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം എഴുതിയ നോവലുകളിലൂടെയാണ്. അറുപത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യ നോവൽ എഴുതുന്നത്.1883 ൽ ഇപ്പോഴത്തെ ഹെരാക്ലിയോണിലെ കന്റിയേയിൽ കസാൻദ്സാക്കിസ് ജനിക്കുമ്പോൾ, 1832 ൽ സ്ഥാപിതമായ ആധുനിക ഗ്രീക്ക് ഭരണകൂടത്തിൽ ക്രീറ്റ് ചേർന്നിരുന്നില്ല . അപ്പോഴും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ തുടരുകയായിരുന്നു അവിടം.
Comments (1)
ഹബീബ്.
18 December 2021
42 വർഷം മുൻമ്പ് വായിച്ച കൃതി ഇപ്പോൾ ഒരു പ്രാവശ്യം കൂടി വായിച്ച അനുഭവമാണ് നജീബ് തന്നത്. നന്ദി.

