14 August 2020 · 14 min read · യാത്ര
യാത്ര/ജോർജ്ജിയ

കോക്കേഷ്യൻ മലനിരകളുടെ താഴ്വാരത്തിൽ സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന ഒരു പൂക്കൂടയാണ് ജോർജ്ജിയ. കരിങ്കടലിനപ്പുറത്താണ് യൂറോപ്പെങ്കിലും ഇങ്ങ് കിഴക്കുള്ള ഈ കൊച്ചു രാജ്യവും ഒരു യൂറോപ്യൻ പ്രൗഢി സ്വായത്തമാക്കിയിട്ടുണ്ട്. യൂറേഷ്യൻ രാജ്യമെന്ന വിശേഷണം ഉണ്ടെങ്കിലും യൂറോപ്പിന്റെ തന്നെ ഭാഗമായി അറിയപ്പെടാനാണ് ഏറെ യോഗ്യം എന്ന് അതിന്റെ ഭൂപ്രകൃതിയും സംസ്കാരവും നമ്മെ ഓർമ്മപ്പെടുത്തുന്നു. അർമീനിയയും അസർബൈജാനും ടർക്കിയും അതിരിടുന്ന ഈ മനോഹര താഴ്വര പഴയ സോവിയറ്റ് യൂണിയന്റെ ഒരു ഭാഗമായിരുന്നു. എങ്കിലും, ആ പ്രതിഛായ കുടഞ്ഞെറിഞ്ഞ് കൊണ്ട് ആധുനിക പാശ്ചാത്യ നഗരങ്ങളുടെ നിരയിലേക്ക് ഉയരാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെയാണ് നമുക്കിവിടെ കണ്ടെത്താനാവുന്നത്.
ഐക്യരാഷ്ടസഭ ഏഷ്യൻ രാജ്യങ്ങളുടെ ഗണത്തിൽ പെടുത്തിയിട്ടുള്ള ഈ കൊച്ചു രാജ്യത്തിന് നമ്മുടെ കേരളത്തിന്റെ രണ്ടിരട്ടി വലുപ്പമേ ഉള്ളു. രാജ്യത്തെ ജനങ്ങളിൽ ഏറിയപങ്കും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ്. കരിങ്കടലിനെ ചുറ്റിയുള്ള ടൂറിസം മേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് വികസനപ്രവർത്തനങ്ങൾക്കായി ഉപയുക്തമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. വിവിധ തരം മുന്തിരികളും , ഓറഞ്ചും തേയിലയുമാണ് പ്രധാന കൃഷി. വൈൻ ഉത്പാദനത്തിൽ ഏഴായിരം വർഷത്തെ പാരമ്പര്യമാണുള്ളത്. വൈൻ കയറ്റുമതിയിലാകട്ടെ ഫ്രാൻസിനോടും സ്പെയിനിനോടും കിട പിടിക്കാൻ മാത്രം സമ്പന്നമാണ് ഇന്നത്തെ നില .
ആഭ്യന്തര, അതിർത്തി, വിഘടന വാദ പ്രശ്നങ്ങളിലടക്കം ചർച്ചയുടെ വാതായനങ്ങൾ തുറന്നിടുകയും അതിലൂടെ പ്രശ്നപരിഹാരങ്ങൾ തേടുകയുമാണ് രാജ്യത്തിന്റെ രീതി. അത് കൊണ്ട് തന്നെ അയൽ രാജ്യങ്ങളെപ്പോലെ സൈനിക മേഖലക്കായി വൻതുക നീക്കി വെക്കുന്ന ഒരു സംവിധാനം ഇവർ അവലംബിക്കുന്നില്ല. ആഭ്യന്തര വരുമാനത്തിന്റെ അരശതമാനം മാത്രമാണ് അതിനായി അവർ കരുതി വെക്കുന്നത്.
പേർഷ്യൻ, അറേബ്യൻ , ഓട്ടോമൻ , മംഗോളിയൻ തുടങ്ങിയവരുടെ അധിനിവേശങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ടു
ജോർജ്ജിയയുടെ ചരിത്ര , സാംസ്കാരിക, വാണിജ്യ കേന്ദ്രമാണ് തലസ്ഥാനമായ ടിബ്ലിസി . മീറ്റ്ക്വാറി നദി രണ്ടായി പകുത്ത് പഴയതും പുതിയതുമാക്കി മാറ്റിയ നഗരത്തിനെ ചുറ്റി കാഴ്ചകളുടെ വിപുലമായ ഒരു സഞ്ചയം ഒരുങ്ങിക്കിടക്കുന്നു. ചെറിയ കാഴ്ച വട്ടങ്ങളിലാണെങ്കിലും അതിന്റെ വൈവിധ്യങ്ങളാണ് വിപുലതയെന്ന് പറയാൻ പ്രേരിപ്പിക്കുന്നത്. ആധുനികതയും പൗരാണികതയും ഇടകലർന്ന് നില്ക്കുന്ന കെട്ടിടങ്ങൾ. മിനുസമാർന്ന ഉരുളൻ കല്ലുകൾ പാകിയ നടപ്പാതകൾ. വൃത്തിയുള്ള റോഡുകൾ. സഞ്ചാരിയുടെ കാഴ്ചാ വൃത്തങ്ങളിൽ ഇവയൊക്കെയും പതിഞ്ഞു നില്ക്കും.
വസന്തത്തിന്റെ ശോഭ താഴ്വരയെ പുണരാനിരിക്കുന്നതേയുള്ളുവെങ്കിലും, അതിന്റെ തനത് ഭംഗി ശരത്കാലമെന്നോ ശൈത്യമെന്നോ വ്യത്യാസമില്ലാതെ നില നിറുത്തുന്നത് ജോർജ്ജിയൻ താഴ്വാരങ്ങളുടെ മാത്രം പ്രത്യേകതയാണെന്ന് തോന്നിപ്പോകും. ഋതുഭേദങ്ങൾ ഇവിടെ പ്രസക്തമല്ല എന്ന് തോന്നിപ്പിക്കും വിധം താഴ്വര എപ്പോഴും നവോഢയായി ഒരുങ്ങി നില്ക്കയാണ്. എന്നും കുന്നും സുന്ദരി എന്ന് പറയും പോലെ എല്ലാ കുന്നുകളും സുന്ദരമായ കാഴ്ചയിൽ നിറഞ്ഞു നില്ക്കുന്നു.
എങ്കിലും, ജൂൺ ,ജൂലൈ, ആഗസ്റ്റ് ഗ്രീഷ്മകാലമായതിനാൽ ആ മാസങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കുകയാണുത്തമം. അപ്പോഴും നഗരത്തിൽ 24 ഡിഗ്രി മുതൽ 27 ഡിഗ്രി സെന്റി ഗ്രേഡ് വരെ ചൂടനു ഭവപ്പെടുമെങ്കിലും താഴ്വാരങ്ങളിൽ കാഴ്ചകളുടെ ആസ്വാദ്യതക്ക് അത് തടസ്സമാകില്ലെന്ന് ഞങ്ങളുടെ ഗൈഡിൽ നിന്നും മനസ്സിലാക്കി. യൂറോപ്യൻ രാജ്യങ്ങളുടെ നഗര വീഥികളിൽ കണ്ടെത്താനാകാത്ത പ്രകൃതിയൊരുക്കുന്ന വസന്ത പൂർണ്ണിമ ടിബ്‌ലി സിയിൽ എങ്ങും മോഹാവേശങ്ങൾ ഉണർത്തുന്ന ഒരു കാഴ്ചയായി നമ്മെ കാത്തിരിക്കുന്നുണ്ട്.
ഹോളി ട്രിനിറ്റി ചർച്ചിന് തൊട്ടടുത്തുള്ള ഒരു ഹോട്ടലായിരുന്നു താമസത്തിനായി ഞങ്ങൾ തെരഞ്ഞെടുത്തിരുന്നത്. നഗരത്തിനോട് ചേർന്നിട്ടാണെങ്കിലും പൊതുവെ പ്രശാന്തമായ ഒരന്തരീക്ഷം അവിടെ നിറഞ്ഞു നിന്നിരുന്നു. ജനലിലൂടെ നോക്കിയാൽ തൊട്ടടുത്തായി കുന്നിൻ മുകളിലെ ദേവാലയ സമുച്ചയം പൂർണ്ണമായും കാണാം. അതിന്റെ താഴ്ഭാഗത്തായി നിരന്ന് കിടക്കുന്ന കുതിരവണ്ടികളും നീണ്ട ചുരുട്ടുകൾ വലിച്ചൂതി തണുപ്പിനെ ചെറുക്കാൻ ശ്രമിക്കുന്ന പ്രായം ചെന്ന കുതിരക്കാരും. മുമ്പ് എന്റെ സുഹൃത്തും കുടുംബവും ഇവിടെയെത്തിയപ്പോൾ ഗൈഡായി കിട്ടിയ ഒരാളെ വിളിച്ചു നോക്കി. രാവിലെ എത്താൻ പറഞ്ഞു.
പറഞ്ഞ പോലെ രാവിലെ ഏഴരക്ക് തന്നെ ജോർജി ഹാജരായി. 25 വയസ്സിലേറെ മതിക്കാത്ത ഒരു സുമുഖൻ.സ്വന്തം ഫോർ വീലറിലാണ് വന്നിരിക്കുന്നത്. പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഗിയോർഗി, മെഡിക്കൽ വിദ്യാർത്ഥിയാണ്. ഇടവേളകളിൽ ഗൈഡായി പ്രവർത്തിച്ച് ചെറിയ വരുമാനം ഉണ്ടാക്കുന്നു. അത്ര മാത്രം. ഗിയോർഗി എന്ന പേരു് ജോർജി എന്നതിന്റെ ജോർജ്ജിയൻ ഉച്ചാരണമാണെന്ന് അയാൾ സമ്മതിച്ചു.
പോകേണ്ട സ്ഥലങ്ങൾ ഏറെക്കുറെ നേരത്തെ ഞങ്ങൾ തീരുമാനിച്ചുറച്ചിരുന്നെങ്കിലും ജോർജിയുടെ പരിചയ സമ്പന്നത കൂടി കണക്കിലെടുക്കാമെന്ന് ഞങ്ങൾ ഉറപ്പിച്ചു. ഞങ്ങളുടെ മനസ്സിലുള്ള പ്ലാനുകൾ ജോർജിയുമായി പങ്ക് വെച്ചു. അങ്ങനെ ഞങ്ങൾ ഇറങ്ങുകയായി.
ആദ്യ ദിവസം തന്നെ മനം മയക്കുന്ന പ്രകൃതി മനോഹാരിതയിൽ മുങ്ങിത്താഴുമ്പോൾ ഇതാണ് യഥാർത്ഥ പറുദീസ എന്ന് നമ്മളറിയാതെ തന്നെ മന്ത്രിച്ചു പോകും. ഇനിയൊന്നും കണ്ടില്ലെങ്കിലും നഷ്ടബോധം നമുക്ക് ഉണ്ടാകില്ലെന്ന് നാം തിരിച്ചറിയും വിധം സ്വപ്നസമാനമായ അനുഭവങളാണ് ടിബ്ലിസി നമ്മുടെ മുന്നിൽ തുറന്നിടുന്നത്. നഗര പരിധിക്കുള്ളിൽ തന്നെ നമ്മൾ പ്രതീക്ഷിക്കാത്ത ഒട്ടനവധി കാഴ്ചകൾ ടിബ് ലിസി നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നുണ്ട്.
ആദ്യമായി ഞങ്ങളിറങ്ങിയത് ഒരു ഹിൽ സ്റ്റേഷനിലേക്കായിരുന്നു. വഴിയിലത്രയും മഞ്ഞ് മൂടിയ മരങ്ങൾ ദൃശ്യമായിരുന്നു. അരമണിക്കൂറിലേറെ യാത്ര ചെയ്ത് വലിയൊരു കുന്നിൻ മുകളിലാണ് ഞങ്ങൾ എത്തിയത്. റ്റാസ്മിൻഡ മലയിൽ സോവിയറ്റ് കാലത്തെ ടി.വി. ടവർ തലയുയർത്തി നില്ക്കുന്നു. അമ്യൂസ്മെന്റ് പാർക്കും വിശാലമായ പ്ലേ ഗ്രൗണ്ടും കഴിഞ്ഞു വേണം മുകളിലെത്താൻ. നവമ്പർ മാസമായിരുന്നതിനാൽ മഞ്ഞ് നിലക്കാതെ പെയ്യുന്നുണ്ടായിരുന്നു. അങ്ങോട്ടുള്ള യാത്ര തന്നെ അവിസ്മരണീയമാകട്ടെ എന്ന നിലയിൽ ജോർജി ഏറെ പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്. ഇടയിൽ ചില സ്ഥലങളിൽ നിറുത്തി ദൃശ്യങ്ങൾ പകർത്താനുള്ള അവസരവും അയാൾ ഒരുക്കിത്തന്നിരുന്നു. അപ്പോഴും ഇടവിട്ടിടവിട്ട് അപ്പുറത്തുള്ള മലയിൽ നിന്നും ശീതക്കാറ്റ് അടിച്ചു കൊണ്ടിരുന്നു.

ആയിരത്തോളം മീറ്റർ ഉയരത്തിലുള്ള ഈ പാർക്കിനോട് ചേർന്ന് വ്യത്യസ്തങ്ങളായ വിനോദ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് മൂന്ന് മണിക്കൂർ ചുറ്റിയടിക്കാനും ഉയരങ്ങളിലൂടെ കടന്ന് വരുന്ന ശുദ്ധവായു ശ്വസിച്ച് അത് വഴി ഉന്മേഷം കൈവരിക്കാനും ഏറെ പ്രയോജനപ്പെടും. ഇവിടെ നിന്ന് നോക്കിയാലും നഗരത്തിലെ കാഴ്ചകൾ എല്ലാം കാണാം എന്നതാണ് ടിബ്ലിസിയുടെ പ്രത്യേകതയെന്ന് പറയാം.

ജോർജി എല്ലാം വിവരിച്ചു തരുന്നതിൽ ഔൽസുക്യം കാണിക്കുന്നവനായിരുന്നു.ഇതിനകം അയാൾ ഞങ്ങളിലൊരുവനായി തീർന്നിരുന്നു. ഇവിടേക്കെത്തുന്നതിനിടയിൽ കാണുന്ന കാഴ്ചകളൊക്കെയും വിശദീകരിച്ചു തന്നു കൊണ്ടിരുന്നു.. ഇടയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മാത്രം വ്യക്തിപരമായ കാര്യങ്ങളും പറഞ്ഞു. തികഞ്ഞ മത വിശ്വാസികളായ ഡോക്റ്റർ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് ജോർജി. യൂറോപ്യൻ രാജ്യങ്ങളിലേതിൽ നിന്നും വിഭിന്നമായി മത വിശ്വാസത്തെ ആവേശപൂർവം ആശ്ലേഷിക്കുന്നവരാണ് ഇവിടത്തെ പുതുതലമുറ പോലും എന്ന് ജോർജി പറഞ്ഞു.
ഞങ്ങൾ നിന്നിരുന്ന മലയുടെ ഒരു ഭാഗം മുഴുക്കെ മഞ്ഞിനാൽ പൊതിയപ്പെട്ടിരിക്കുന്നു. അതിനരികെ നിഴലുപോലെ കാണാവുന്ന ടി.വി. ടവർ. നഗരത്തിലെവിടെ നിന്ന് നോക്കിയാലും കാണാവുന്നതാണ് ഈ ടവർ. കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിനെ ഓർമ്മിപ്പിക്കും വിധമുള്ളതായിരുന്നു ആ ഭാഗമത്രയും .
രാവിലെ തന്നെയായിരുന്നിട്ടും സന്ദർശകരുടെ ബാഹുല്യം അനുഭവപ്പെട്ടിരുന്നു. പെയ്തൊഴിയാതെ നില്ക്കുന്ന മഞ്ഞുതുള്ളികൾ മനസ്സിനും ശരീരത്തിനു മേകിയ ഉണർവ്വും ഉമേഷവും അവിടെത്തന്നെ കുറെ നേരം ചിലവഴിക്കാൻ പ്രേരിപ്പിച്ചു. ഞങ്ങളെ സ്വതന്ത്രരാക്കിവിട്ട് ജോർജി വണ്ടിക്കരികിലേക്ക് തിരിച്ചു പോയി. ഏതാണ്ട് മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷംഅടുത്തതായി ഞങ്ങൾ നീങ്ങിയത് പൂർണ്ണമായും മഞ്ഞിനാൽ മൂടപ്പെട്ട നീണ്ട മലനിരകളിലേക്കാണ്. അങ്ങോട്ടുള്ള വഴിയത്രയും വിജനവും ഒറ്റപ്പെട്ടതുമായിരുന്നു. പെട്ടെന്ന് , ഏകാന്തതയുടെ 100 വർഷങ്ങളിലെ ഓറിലിയാനോ ബുവൻഡിയയെ ഞാൻ വെറുതെ ഓർത്തുപോയി. ഏറെ വർഷങ്ങൾക്ക് ശേഷം ഫയറിങ്ങ് സ്ക്വാഡിനെ അഭിമുഖീകരിക്കുമ്പോൾ അച്ഛന്റെ വിരലിൽ തൂങ്ങി മഞ്ഞുമല കാണാൻ പോയതിനെ പറ്റി അയാൾ ഓർത്ത രംഗം.


നോക്കെത്താദൂരത്തോളം മഞ്ഞിനാൽ മൂടപ്പെട്ട നിലയിൽ മലകളും താഴ്വാരങ്ങളും. വൃക്ഷങ്ങൾ ഇരുവശങ്ങളിലുമായി നിരന്ന് നില്ക്കുന്നുണ്ടെങ്കിലും ഒരു പച്ചില പോലും ദൃശ്യമല്ല. മഞ്ഞിനാൽ പൊതിയപ്പെട്ടിരിക്കുന്നു എല്ലാം തന്നെ. നിവർത്തിയിട്ട മഞ്ഞിന്റെ പരവതാനികളിൽ എല്ലാം മറന്ന് കളിച്ചു രസിക്കുന്നവർ. പന്തുകളുണ്ടാക്കി പരസ്പരം എറിഞ്ഞു കളിക്കുന്ന കുട്ടികളും മുതിർന്നവരും. മരക്കൊമ്പുകളിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഞ്ഞുതുള്ളികൾ ഞങ്ങളുടെ ഹർഷോന്മാദത്തിന് ഗതിവേഗം കൂട്ടുകയായി. തൊട്ടപ്പുറത്തൊരു സ്മാരകം ഉണ്ടെന്ന് ജോർജി പറഞ്ഞു. ഞങ്ങൾ അത് കാണാനായി നീങ്ങി.
സോവിയറ്റ് യൂണിയനിലെ ഒക്ടോബർ വിപ്ലവത്തിന്റെ സ്മാരകമെന്നോണം ഒരു സ്തൂപം അവിടെ കാണാനായി. പൂർണ്ണമായും മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ട അത് ഒക്ടോബർ വിപ്ലവം തന്നെ ആളുകളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയതിന്റെ സ്മാരകമാണോ എന്ന് ഞാൻ ജോർജിയോട് ചോദിച്ചു. കമ്യൂണിസ്റ്റ് ആധിപത്യം തങ്ങളെ ഒരു ജനത എന്ന നിലയിൽ നശിപ്പിച്ചിട്ടേ ഉള്ളുവെങ്കിലും ഇത് നിങ്ങളെ കാണിച്ചു തരേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് അയാൾ പറഞ്ഞു.

മണിക്കൂറുകളോളം മഞ്ഞിൽ കളിച്ചും കുളിച്ചും അവിടെ ചിലവഴിച്ച സമയമത്രയും ഭൂഗോളത്തിന്റെ ഏതോ ഒരതിരിലാണ് ഞങ്ങളെന്ന തോന്നലുളവാക്കിയിരിരുന്നു. മഞ്ഞുമലകളുടെ ചില ഭാഗങ്ങൾ സിനിമകളിൽ ചിത്രീകരിച്ചു കാണാറുള്ള ദേവലോകത്തിന്റെ പ്രതീതി ജനിപ്പിച്ചു.
മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. ഇനിയൊന്നും ടിബ്‌ലീസിയിൽ കണ്ടില്ലെങ്കിലും സാരമില്ല, അത്രക്ക് ആഹ്ലാദമേകിയിരിക്കുന്നു ഈ കാഴ്ചകളത്രയും എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. വിശപ്പിന്റെ കാര്യം പോലും ഞങ്ങൾ മറന്ന് കഴിഞ്ഞിരുന്നു. തിരികെയുള്ള യാത്രയിൽ ഒരു തടാകത്തെപ്പറ്റി ജോർജി പറഞ്ഞെങ്കിലും അത് പിറ്റേ ദിവസത്തെ പരിപാടിയിലേക്ക് മാറ്റി ഞങ്ങൾ നഗരത്തെ ലക്ഷ്യമാക്കി നീങ്ങി.
അഞ്ച് മണിക്ക് മുമ്പായി ഞങ്ങൾ നഗരത്തിൽ തിരികെയെത്തി. മകൾക്ക് ജോർജിയൻ പരമ്പരാഗത ഭക്ഷണം രുചിക്കാനാഗ്രഹമുണ്ടായെങ്കിലും അത് പിന്നീടേക്ക് മാറ്റി ക്കൊണ്ട് ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിക്കാമെന്ന് വെച്ചു. ഇന്ന് ജോർജിയും ഞങ്ങളോടൊപ്പം ഒരതിഥിയാണ്. വല്ലപ്പോഴും ഇന്ത്യൻ ബിരിയാണി കഴിക്കാനിടയായിട്ടുണ്ടെന്നും അത് അയാൾക്ക് ഏറെ ഇഷ്ടമാണെന്നും അയാൾ പറഞ്ഞു.
ഇപ്പോൾ ഞങ്ങൾക്ക് ജോർജിയെ താത്കാലികമായി പിരിയേണ്ട നേരമായിരിക്കുന്നു. രാവിലെ മുതൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ജോർജിയോട് എത്രയാണ് ചാർജ്ജ് എന്ന് ചോദിച്ചു. 100 ലാറി (ഏകദേശം 3000 രൂപ) യാണ് അയാൾ ആവശ്യപ്പെട്ടത്. രാവിലെ അയാളോട് ചാർജ്ജിന്റെ കാര്യമൊന്നും പറഞ്ഞിരുന്നില്ലെങ്കിലും 200 ലാറിക്കുള്ള സേവനം അയാൾ നല്കിയിരുന്നു എന്നാണ് ഞാൻ കണക്ക് കൂട്ടിയിരുന്നത്.
ജോർജിയയിൽ യാത്രാ ചിലവ് വളരെ കുറവാണെന്ന് പിന്നീടുള്ള ദിവസങ്ങളിലും മനസ്സിലായി. ടാക്സിയിലാണെങ്കിലും, ബസ്സിലാണെങ്കിലും ചെറിയ പൈസക്ക് ഒരുപാട് ദൂരങ്ങൾ താണ്ടാനാകും. ഊബർ ടാക്സികൾക്ക് സമാനമായ ബോൾട്ട് എന്ന കമ്പനിയുടെ ടാക്സികളാണ് ഏറെയും. എങ്കിലും യാത്ര തുടങ്ങും മുമ്പേ ചാർജ്ജ് പറഞ്ഞുറപ്പിക്കയാണുത്തമം. എന്തായാലും ജോർജിയോട് ഒരല്പം സ്നേഹക്കൂടുതൽ തോന്നി. തീരെ പരിചിതരല്ലാത്ത ഞങ്ങളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് കരുതാതിരുന്ന ആ നല്ല മനസ്സിനെ കുറിച്ച് ഏറെ മതിപ്പും .

സന്ധ്യയായി. ഞങ്ങളെ താമസ സ്ഥലത്തെത്തിച്ച ശേഷം പൊയ്ക്കൊള്ളാമെന്ന് ജോർജി പറഞ്ഞെങ്കിലും കുറച്ചു നേരം ഈ നഗരഭാഗങ്ങളിൽ ഞങ്ങൾക്ക് തനിയെ ചുറ്റാമെന്ന് കരുതി. ആവശ്യമുള്ളപ്പോൾ തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് അയാൾ പോയി.
1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട ജോർജ്ജിയയിൽ ചില ഘട്ടങ്ങളിൽ റഷ്യൻ അധിനിവേശങ്ങൾ വീണ്ടും ഉണ്ടായിട്ടുണ്ട്. ഇന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള റഷ്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യം അതാണ് നമ്മോട് പറയുന്നത്.
ലോക രാഷ്ട്രീയ ഗതി നിർണ്ണയിച്ചതിൽ മുഖ്യപങ്ക് വഹിച്ച, രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയെ തറപറ്റിക്കുന്നതിൽ മുമ്പേ നിന്ന , ക്രൂരനെന്ന് പേര് കേട്ടിരുന്നവനെങ്കിലും ഇരട്ടച്ച ങ്കനായിരുന്ന സാക്ഷാൽ സ്റ്റാലിന്റെ ജന്മദേശമായ ഗോറിയിലേക്കുള്ള യാത്രാ മദ്ധ്യേ ഇന്നും കാണുന്ന റഷ്യൻ പട്ടാള ബാരക്കുകൾ ആ അധിനിവേശത്തിന്റെ സൂചകങ്ങളാണ്.
ഗോറിയെന്ന പച്ച പുതച്ച ഗ്രാമത്തിലെത്തിപ്പെട്ടാൽ ചരിത്രം വിരചിക്കുന്ന വിസ്മയാവഹമായ കാഴ്ചകൾ നമ്മളെ അമ്പരപ്പിക്കും. എഴുതപ്പെട്ട എല്ലാ ചരിത്രങ്ങളെയും പുറംതള്ളിക്കൊണ്ട് ഒരു രാജ്യത്തിന്റെ അഭിവൃദ്ധിയുടെ ചാലകശക്തിയായിരുന്ന സ്റ്റാലിനെ തങ്ങളിന്നും നെഞ്ചോട് ചേർക്കുകയാണെന്ന് ഗോറിയിലെ ഓരോ മൺതരികളും പുൽനാമ്പുകളും വരെ ഉറക്കെ ഉദ്ഘോഷിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ നമുക്ക് കണ്ടെത്താനാകും. ലോകം വെറുപ്പോടെ വീക്ഷിച്ച ക്രൂരനായ ഒരു ഭരണാധികാരിയെ ഒരു ഗ്രാമം ഇത്രയേറെ ആദരവോടെ കാണുന്നുവെങ്കിൽ അത് വെറുതെയാവില്ല തന്നെ. ജോർജ്ജിയക്ക് ഇന്ന് കാണുന്ന ആധുനിക രാഷ്ട്രമെന്ന മുഖം കൈവരാൻ സ്റ്റാലിൻ എന്ന ദിശാ ബോധമുള്ള ഭരണാധികാരി വർഷങ്ങൾക്ക് മുമ്പേ ചെയ്തുവെച്ച കാര്യങ്ങളെ കാണാതിരിക്കാനാവില്ല. 1925 ൽ ലെനിന് ശേഷം സോവിയറ്റ് റഷ്യയുടെ ഭരണം രണ്ടര പതിറ്റാണ്ടിലേറെ കയ്യാളിയ സ്റ്റാലിൻ പക്ഷെ, തന്റെ ജന്മദേശമായ ഗോറി ഉൾപ്പെടുന്ന ജോർജ്ജിയയെ അളവറ്റു സ്നേഹിച്ചു. ഗോറി ബാല്യത്തിൽ തനിക്കേകിയ തിക്തമായ അനുഭവങ്ങളെ സ്മൃതിപഥത്തിൽ നിന്നൊഴിവാക്കിക്കൊണ്ട് അദ്ദേഹം ആ നാടിന് നല്കിയ റോഡുകളും ആണവനിലയങ്ങളും മറ്റൊട്ടനവധി വികസന പ്രവർത്തനങ്ങളും ജോർജ്ജിയയെ തുടർ വർഷങ്ങളിൽ ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കാൻ പാകത്തിൽ വളർത്തി. അതിന്റെ നന്ദി പ്രകടനം രാജ്യമൊട്ടാകെ സ്റ്റാലിന് നല്കുന്നില്ലെങ്കിലും ഗോറി അതൊരിക്കലും മറക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇന്നും .

ഗോറിയിലെ ഓരോ കടകളിലും റെസ്റ്റോറന്റുകളിലും എന്ന് വേണ്ട എവിടെ തിരഞ്ഞാലും ലോകം നിഷ്ഠൂരനെന്ന് വിളിച്ച ഈ നേതാവിന്റെ ചിത്രങ്ങൾ അതീവ സ്നേഹബഹുമാനങ്ങളോടെ ഉയർത്തപ്പെടിരിക്കുന്നത് കാണാം. നാലു വയസ്സ് മാത്രം വരെയേ സ്റ്റാലിന് ഗോറിയുമായി വൈകാരിക ബന്ധം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ തെറ്റി. വെറുമൊരു ചെരിപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി പിറന്ന സ്റ്റാലിൻ നാല് വയസ്സ് വരെ മാത്രമേ അവിടെ ജീവിച്ചിരുന്നള്ളുവെന്നത് ശരി തന്നെ. ആ മനസ്സിൽ ബാല്യം നല്കിയ ഓർമ്മകൾ ക്രൂരമായിരുന്നെങ്കിലും അതിനെ സ്നേഹവായ്പോടെ ഹൃദയത്തിൽ പേറാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് തന്നെ സ്വഭാവത്തിന്റെ വൈചിത്രമായി വേണം കാണാൻ.
അദ്ദേഹത്തിന്റെ വീട് ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഭാഗം (അവിടേക്ക് പ്രവേശനമില്ല ) വളരെ സൂക്ഷ്മമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു ഇവിടെ . ക്രൂഷ് ചേവിന്റെ ഭരണകാലത്ത് സ്റ്റാലിൻ പ്രതിമകളെല്ലാം തകർക്കപ്പെട്ടു. ലെനിന്റെ ശവകുടീരത്തോടൊപ്പം ചേർത്തുവെക്കപ്പെട്ട അദ്ദേഹത്തിന്റെ ശവകുടീരം അവിടന്ന് മാറ്റി. അപ്പോഴും ഗോറിയിലെ അദ്ദേഹം ജനിച്ചു വളർന്ന വീടും അതിനോട് ചേർന്നയിടങ്ങളും കൃത്യമായും സംരക്ഷിക്കപ്പെട്ടത് ഈ നാട് അദ്ദേഹത്തിനോട് കാണിക്കുന്ന കൂറ് തന്നെയാണ്. ലോകത്ത് ഇന്ന് നില നില്ക്കുന്ന ഏക സ്റ്റാലിൻ പ്രതിമയും, വീടിന് വെളിയിലായി സ്റ്റാലിൻ പതിവായി സഞ്ചരിച്ചിരുന്ന തീവണ്ടി ബോഗിയും സൂക്ഷിച്ചിരിക്കുന്നത് കൗതുകകരമാണ്. ( സ്റ്റാലിൻ വിമാനയാത്ര ഭയപ്പെട്ടിരുന്ന ആളായിരുന്നു. ഏറോ ഫോബിയ ഉള്ളത് കൊണ്ട് ദീർഘയാത്രകൾക്ക് തീവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്) ലോകത്തെ ഏകശക്തിയായി വാഴാൻ അമേരിക്കക്ക് അവസരം കൊടുക്കാത്ത വിധം സോവിയറ്റ് യൂണിയനെ മറ്റൊരു ബദൽ ശക്തിയായി വളർത്തിയെടുക്കാൻ കഴിഞ്ഞത് സ്റ്റാലിന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമായിരുന്നു.
പിറ്റേന്ന് ഞങ്ങൾ നഗരത്തിൽ തന്നെ ചുറ്റാൻ തീരുമാനിച്ചിരുന്നതിനാൽ ജോർജിയെ വിളിച്ചില്ല. താമസിക്കുന്ന ഹോട്ടലിൽ നിന്ന് തന്നെ ബ്രേക്ഫാസ്റ്റ് കഴിച്ച് എട്ട് മണിയോടെ ഞങ്ങളിറങ്ങി. ആദ്യം തൊട്ടടുത്തുള്ള ഹോളി ട്രിനിറ്റി ചർച്ച് കാണാം എന്ന് കരുതി അങ്ങോട്ട് തിരിച്ചു.
ആദ്യം കുറെ പടികൾ കയറിച്ചെല്ലുമ്പോൾ നീണ്ട ഇടനാഴികകൾ പോലെയുള്ള വഴികൾ. അതിനിരു വശങളിലും പൂച്ചെടികളാൽ അലംകൃതമാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഓർത്തഡോക്സ് പള്ളികളിലൊന്നായ ഇതിന്റെ നിർമ്മിതി 2004 ൽ ആണ് അവസാനിച്ചതെങ്കിലും, ഏതോ പുരാതന കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പ്രതീതിയായാണ് നമുക്ക് അനുഭവപ്പെടുക. അതിന്റെ സ്വർണ്ണ ഗോപുരത്തിന്റെ തിളക്കം ടിബ്ലിസിയുടെ ഏതൊരു കോണിൽ നിന്നാലും നമുക്ക് ദൃശ്യ ഗോചരമാവും. പ്രധാന പള്ളിയോട് ചേർന്ന് ഒട്ടനവധി അനുബന്ധ കെട്ടിടങ്ങളും ചേർന്ന ഈ സമുച്ചയം ഒരു വലിയ കുന്നിൻ മുകളിലാണ്. ഇവിടെ നിന്ന് നോക്കിയാലും നഗരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളും നമുക്ക് കാണാനാകും.
പള്ളിക്കകത്ത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും തിരുരൂപങ്ങൾ കൂടാതെ ഒട്ടനവധി പുണ്യാളന്മാരുടെയും പ്രതിമകൾ. നേർത്ത സംഗീതം സ്വർഗ്ഗത്തിൽ നിന്നാവിർഭവിച്ച് അവിടെങ്ങും പ്രസരിക്കുന്നത് പോലെ തോന്നിക്കും. അതിവിശാലമായ ഹാളിന്റെ വിവിധ ഭാഗങ്ങളിലായി പുരോഹിതർ ഓരോ ഗ്രൂപ്പുകൾക്കായി വിശുദ്ധ കർമ്മങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. പ്രവേശനത്തിന് സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമാണ് ഇവിടെ.

തുടർന്ന് ഞങ്ങൾ നഗരത്തിലേക്കുള്ള ബസ്സിൽ കയറി. നഗരത്തെ രണ്ടായി വിഭജിക്കുന്ന മീറ്റ് ക്വാറി നദിക്ക് കുറുകെയുള്ള പീസ് ബ്രിഡ്ജിലേക്ക് നീങ്ങി. പഴയ ടിബ്ലിസിയെയും റൈക്ക് പാർക്കിനെയും ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പാലമാണിത്. റൈക്ക് പാർക്കിനോട് ചേർന്നാണ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പീസ് ബ്രിഡ്ജിൽ നിന്നും നോക്കിയാൽ താഴെ മീറ്റ് ക്വാറിയിലെ ജലപ്പരപ്പിലൂടെ തലങ്ങും വിലങ്ങും നീങ്ങുന്ന നൗകകളും അവയിൽ ആഹ്ലാദിരേകത്താൽ ഉല്ലസിച്ചാർക്കുന്ന സഞ്ചാരികളും..
റൈക്ക് പാർക്കിനോട് തൊട്ടടുത്തുള്ള ഒരു കുന്നിൻ മുകളിലായിട്ടാണ് സാഷിനോ പാലസ്. ഡാറിജാൻ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്ന ഈ കൊട്ടാരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഈ കൊട്ടാരം ഒരു കോട്ടയാൽ ചുറ്റപ്പെട്ട മലയുടെ മുനമ്പിലാണ്. ശത്രുരാജ്യങ്ങളുടെ അധിനിവേശത്തെ ചെറുക്കാനായി ഇത്തരം മുൻകരുതലുകൾ കൈക്കൊണ്ടെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇറാനിയൻ അക്രമണത്തെ ചെറുത്തു നില്ക്കാനാവാതെ രാജാവും പരിവാരവും അവിടെ നിന്നും പലായനം ചെയ്യുകയാണുണ്ടായത്.

റൈക്ക് പാർക്കിൽ നിന്നാണ് പ്രസിദ്ധമായ നരിക്കാലാ കോട്ടയിലേക്കുള്ള കേബിൾ കാർ പുറപ്പെടുന്നത്. 2016 ൽ ഞങ്ങളുടെ സന്ദർശന വേളയിൽ ഒരു ലാറിയായിരുന്നു ടിക്കറ്റ് നിരക്ക്. അങ്ങകലെയുള്ള നരിക്കാലാ കോട്ടയിലേക്കുള്ള നാലഞ്ച് മിനിറ്റ് നീളുന്ന കേബിൾ കാർ യാത്രയിൽ മീറ്റ് ക്വാറി നദിയും അതിന് ചുറ്റം വിടർന്ന് കിടക്കുന്ന നഗര ദൃശ്യങ്ങളും നമുക്ക് സമ്മാനിക്കുന്നത് ഒരപൂർവ കാഴ്ച തന്നെയാണ്.
നരിക്കാലയിൽ നമ്മെ കാത്തിരിക്കുന്നത് പൗരാണിക കാലത്തെ വിസ്മയകരമായ കാഴ്ചകളാണ്. നൂറ്റാണ്ടുകളുടെ പഴമ വിളിച്ചോതുന്ന തകർന്നടിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങൾ. അത്യാകർഷകങ്ങളായ പ്രകൃതി മനോഹാരിത. കണ്ണിമ ചിന്നാതെ കൊതിയോടെ കണ്ട് കൊണ്ടിരിക്കാൻ പറ്റിയെങ്കിലെന്ന് നാം ആഗ്രഹിക്കും. അവിടെ ചിലവിട്ട ഓരോ നിമിഷങ്ങളും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നെന്ന് പിന്നീട് നമുക്ക് ഓർത്തെടുക്കാനാകും.
നരിക്കാലയോട് ചേർന്നുള്ള സോലോലാക്കി മലയിലാണ് മദർ ഓഫ് ജോർജ്ജിയ എന്ന കൂറ്റൻ അലുമിനിയ പ്രതിമ നിലകൊള്ളുന്നത്. ജോർജ്ജിയ എന്ന പ്രാചീന രാജ്യത്തിന്റെ 1500 മത് വാർഷിക വേളയിൽ 1956 ൽ ആണ് ഇത് സ്ഥാപിക്കുന്നത്. ഇടത് കൈയിൽ സൗഹൃദ സൂചകമായി സ്നേഹോപഹാരമെന്നോണം ഒരു കപ്പ് വൈനും വലം കൈയിൽ ശത്രു നിഗ്രഹത്തിനായി ഉയർത്തിപ്പിടിച്ച വാളുമായാണ് ഈ പ്രതിമയുടെ രൂപശില്പം. ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. സൂര്യ പ്രഭയിൽ തിളങ്ങി നില്ക്കുന്ന ഈ പ്രതിമ ടിബ്ലിസി നഗരത്തിൽ നിന്നു പോലും കാണാവുന്നത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങൾ തന്നെ. താഴ്വരയും അതിലൂടെ ഒഴുകുന്ന പുഴയും ഒട്ടൊന്നുമല്ല മനസ്സിന് ആനന്ദമേകുക.

ഉച്ച കഴിഞ്ഞതോടെ കേബിൾ കാറിൽ തന്നെ ഞങ്ങൾ തിരികെ നഗരത്തിലെത്തി. ഭക്ഷണശേഷം പാർക്കിലിരുന്ന് അല്പ വിശ്രമം. അടുത്തതായി ലൗ ബ്രിഡ്ജ് ആണ് ലക്ഷ്യം. അങ്ങോട്ട് പോകുന്ന വഴിയിലാണ് പ്രസിദ്ധമായ സൾഫർ ബാത് സ്ഥിതിചെയ്യുന്നത്. ബാങ്കോക്കിലെ മസ്സാജിംഗ് കേന്ദ്രങ്ങളെ ഓർമ്മപ്പെടുത്തുമെങ്കിലും തീർത്തും വ്യത്യസ്തമാണിവിടെ. താഴികക്കുടങ്ങളുടെ രൂപത്തിലുള്ള ഒട്ടനവധി കെട്ടിടങ്ങൾ നിരനിരയായി നില്ക്കുന്നു. അതിനുള്ളിൽ 45 ഡിഗ്രി ചൂടിലുള്ള ഗന്ധകവെള്ളം കൊണ്ട് നമ്മെ കുളിപ്പിച്ച് നവ യൗവ്വനം പ്രദാനം ചെയ്യും എന്നാണ് ഓഫർ. കൂടാതെ സന്ധി വേദന ,ചിലതരം ചർമ്മരോഗങ്ങൾ എന്നിവക്കും ഉത്തമമാണത്രെ. ഒരിക്കൽ കുളിച്ചു നോക്കുന്നതിൽ കുഴപ്പമില്ലെങ്കിലും നാലഞ്ച് സ്ഥലങ്ങളിലെങ്കിലും കയറിക്കണ്ട് വിവരങ്ങൾ അന്വേഷിച്ച് ചെയ്യുന്നതാണ് ഉചിതം. 100 ലാറിയാണ് എവിടെയും നിരക്ക്. എന്തായാലും കുളി കഴിഞ്ഞിറങ്ങുമ്പോൾ ഒരു നവോന്മേഷം കിട്ടുമെന്നുള്ളത് അനുഭവം.
മെയ്ഡാൻ ബസാർ കരകൗശല വസ്തുക്കളുടെയും സഞ്ചാരികൾ വാങ്ങി സൂക്ഷിക്കുന്ന സുവനീറുകളുടെയും കച്ചവട കേന്ദ്രമാണ്. സൾഫർ ബാതിന്റെ അടുത്തു തന്നെയുള്ള അണ്ടർ ഗ്രൗണ്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജോർജ്ജിയയുടെ പ്രാചീന കാലം തൊട്ട് ഇങ്ങോട്ടുള്ള ഏതൊരു സ്മാരകങ്ങളുടെയും മിനിയേച്ചറുകൾ ഇവിടെ കാണാവുന്നതാണ്.
തൊട്ടടുത്ത് തന്നെയാണ് ഗാലറി 27 എന്ന പ്രദർശനശാലയുള്ളത്. മനോഹരമായ കൊത്തുപണികളും വ്യത്യസ്ത നിറങ്ങളാൽ അലംകൃതമായ അതിന്റെ പ്രവേശന കവാടം തന്നെ അത്ഭുതമിറ്റുന്ന കാഴ്ചയായി നമ്മൾക്കനുഭവപ്പെടും. അകത്ത് നമ്മെ വരവേല്ക്കുന്നത് ജോർജ്ജിയൻ കരവിരുതുകളുടെ ബൃഹത്തായ ഒരു നിര തന്നെയാണ്. കാർപെറ്റുകൾ, ടേബിൾ ക്ലോത്തുകൾ തുടങ്ങി പെയിന്റിംഗുകളും മൺപാത്രങ്ങളുമടങ്ങിയ കരകൗശല വസ്തുക്കളുടെ ഒരു നീണ്ട ശ്രേണി. തീർച്ചയായും ഓരോന്നിന്റെയും ചാരുത നമുക്ക് എന്തെങ്കിലും വാങ്ങാൻ തോന്നിപ്പിക്കും വിധമാണ്.
ചാഞ്ഞു നില്ക്കുന്ന ക്ലോക്ക് ടവർ ആണ് നഗരത്തിലെ മറ്റൊരു വിസ്മയ ദൃശ്യം. നഗരത്തിലെ തീർത്തും അസാധാരണത്വം പേറുന്ന ഒരു നിർമ്മിതിയാണ് ഇത്. പഴയ നഗരത്തിനോരത്ത് അതിവിചിത്രമായ നിലയിൽ പണിതീർത്തിട്ടുള്ള ഈ ഗോപുരം ഇപ്പോൾ വീഴും എന്ന നിലയിലാണ് കാണപ്പെടുന്നത്. തീർത്തും ആധുനിക നിർമ്മാണ രീതികളിൽ പണിതിട്ടുള്ള ഈ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ പഴയ കെട്ടിടങ്ങൾ പൊളിച്ചതിൽ നിന്നും എടുത്ത അവശിഷ്ടങ്ങളാണ്. അതിനോട് ചേർന്നാണ് പാവക്കൂത്ത് തിയ്യേറ്റർ നില്ക്കുന്നത്.
തുടർന്ന് ഞങ്ങൾ നീങ്ങിയത് Flea Market ലേക്കാണ്. പ്രാചീന വസ്തുക്കളുടെ അമൂല്യ ശേഖരങ്ങളാണ് അവിടെ തെരുവിലങ്ങോളമിങ്ങോളം നിരന്നു കിടക്കുന്നത്. ക്യാമറകൾ, ബുക്കുകൾ, പെയിന്റിംഗുകൾ എന്ന് വേണ്ട പൗരാണികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഒരത്ഭുത പ്രപഞ്ചം തന്നെയാണ് ഈ മാർക്കറ്റ്.
ലൗ ബ്രിഡ്ജിൽ ആകെ തിക്കും തിരക്കും തന്നെ. കൗമാരം പിന്നിട്ട കുട്ടികളുടെ ഒരു കേളീരംഗം തന്നെയാണിവിടം. അതൊക്കെ കാണുകയും അതോടൊപ്പം ചേരുകയുമൊക്കെ ചെയ്താലല്ലേ യാത്രയുടെ സുഖം പൂർണ്ണമാകൂ. ചെറുതും വലുതുമായ താഴുകളിൽ കാമുകീ കാമുകന്മാരുടെ പേരുകളെഴുതി പാലത്തിന്റെ അഴികളിൽ പൂട്ടിയിട്ട് താക്കോൽ താഴെ ഒഴുകുന്ന വെള്ളത്തിലേക്ക് വലിച്ചെറിയുന്നു.എന്നിട്ട് നിർവൃതിയോടെ ഒരു നിമിഷം ആ താഴിനെ തലോടി നില്ക്കുന്ന കുട്ടികൾ. അന്നേരം അവരുടെ മനസ്സിൽ പൂവിടുന്ന അനുരാഗത്തിന്റെ പൂക്കളുടെ പ്രതിഫലനം നൊടിനേരത്തേക്കെങ്കിലും അവരുടെ മുഖത്തും തെളിയുന്നത് കാണാം.മുന്തിരിപ്പന്തലുകൾ നിഴൽ വീഴ്ത്തുന്ന വഴികൾ . ഇരുവശങ്ങളിലുമായി നിരന്നു കിടക്കുന്ന ഇരിപ്പിടങ്ങളിൽ വൈൻ ഗ്ലാസുകളുമായി ചിന്താമഗ്നരായി ഇരിക്കുന്നവർ. പൊട്ടിച്ചിരിയും നർമ്മഭാഷണങ്ങളുമായി വേറെ ചിലർ. നേർത്ത സംഗീതത്തിന്റെ അലയൊലികൾ പടർന്നേറുന്ന തെരുവ്. നഗരം സന്ധ്യയിലേക്ക് ചിറകൊതുക്കുകയാണ്. പ്രഭാപൂരം പോലെ വിളക്കുകൾ പ്രകാശിതമായി.പിറ്റേന്ന് രാവിലെ ജോർജിയോട് വരാനേല്പിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.
ജോർജ്ജിയയുടെ വിശുദ്ധനഗരം എന്നറിയപ്പെടുന്ന, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള , പുരാതന ഐബീരിയൻ തലസ്ഥാനമായ മീറ്റ്സ്കെറ്റായിലേക്കാണ് ഞങ്ങളുടെ ഇന്നത്തെ യാത്ര. ടിബ് ലിസിയിൽ നിന്നും 20 കി.മി. മാത്രം ദൂരെ രാജ്യത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് മീറ്റ് ക്വാറി നദിയുടെയും അറാഗ് വി നദിയുടെയും സംഗമ ഭൂമി. ഇപ്പോൾ താരതമ്യേന ഒരു ചെറു പട്ടണമാണിത്. അഞ്ചാം നൂറ്റാണ്ട് വരെ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന ഒരു ഭൂതകാല ചരിത്രം ഈ നഗരത്തിനുണ്ടായിരുന്ന വിശേഷണമാണെന്ന് ജോർജിയുടെ ഭാഷ്യം.
അങ്ങോട്ടുള്ള യാത്ര പത്തോ പതിനഞ്ചോ മിനിറ്റുകൾ മാത്രമേ ഉള്ളുവെങ്കിലും, കാനന സൗന്ദര്യം നുകർന്നു സാവധാനം സഞ്ചരിച്ചെത്തുവാൻ ഞങ്ങൾ ഒരു മണിക്കൂറിലേറെയെടുത്തു. ഹൈവേയിലൂടെ അലസഗമനം നടത്തുമ്പോൾ ഇരുവശങ്ങളിൽ നിന്നും നിറഞ്ഞു നില്ക്കുന്ന കാടിന്റെ ഭംഗി, കാഴ്ചകളുടെ ഗതിവേഗങ്ങളിൽ വന്നു തറക്കുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു. കാടിന്റെ അ


ന്ത്യത്തിൽ വിശാലമായ താഴ്വാരങ്ങൾ തുടങ്ങുകയായി. പശ്ചാത്തലത്തിൽ വൃക്ഷനിബിഡമായ മലകളും.
ചുറ്റും മലനിരകളാലും നിറഞ്ഞൊഴുകുന്ന രണ്ട് പുഴകളാലും തികച്ചും പ്രകൃതി രമണീയമാണ് മീറ്റ്സ് കെറ്റാ. ആധുനികതയുടെ പൊടി പടലം പോലും എത്തിനോക്കാത്ത, ഭൂതകാലത്തിൽ നിന്നും അടർത്തിയെടുത്ത് മണ്ണിനോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു ചിത്രം പോലെ തോന്നിക്കും നഗരവും പ്രാന്തപ്രദേശങ്ങളും . മുന്തിരി വള്ളികളും പേരറിയാത്ത ഏതോ ഫലവർഗ്ഗങ്ങളും വഴിയോരങ്ങളെ ആകർഷകങ്ങളാക്കുന്നു. നാലാം നൂറ്റാണ്ടിലെ ഒരു മഠം അതിന്റെ പ്രാക്തനത വിളിച്ചറിയിച്ചു കൊണ്ട് തലയുയർത്തി നില്ക്കുന്നു. ആയിരത്തിലേറെ വർഷം പഴക്കമുള്ള ഒരു പള്ളി . പൊട്ടിപ്പൊളിഞ്ഞ ചുമരുകളും തകർന്ന വാതിലുകളും പേറി ഓരോ കാഴ്ചക്കാരനും തന്റെ ഭൂതകാല പ്രൗഢിയെ സ്മരിക്കാൻ അവസരം ഒരുക്കുന്നു. മഞ്ഞു വീണു തുടങ്ങിയ തെരുവിൽ തന്റെ കുതിര വണ്ടിയുടെ മേൽക്കൂരയിൽ പഴയതെങ്കിലും വൃത്തിയുള്ള കാർപ്പറ്റ് വിരിച്ചിടുന്ന വൃദ്ധൻ . ഒരു ഓട്ടത്തിനായി ഞങ്ങളെ ക്ഷണിച്ചു കൊണ്ട് ആകാംക്ഷ നിറഞ്ഞ മുഖഭാവത്തോടെ അയാൾ. നിരത്തിലൂടെ കടന്ന് പോയ ഒരു വാഹനം പ്രസരിപ്പിച്ച പൊടി പടലങ്ങൾ ഇറ്റ് വീഴുന്ന മഞ്ഞുമായി ചേർന്നലിഞ്ഞു.
മീറ്റ്സ്കെറ്റായിലെ ഏറ്റവും പുരാതനമായ ആ പള്ളിയിൽ രണ്ട് വിവാഹ ശുശ്രൂഷകൾ നടക്കുകയായിരുന്നു അപ്പോൾ. ചടങ്ങുകൾ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അവർ നല്കിയ മധുരവും നുണഞ്ഞു കൊണ്ട് ഞങ്ങൾ അവിടമാകെ ചുറ്റിനടന്നു കണ്ടു. തീർത്തും ജീർണ്ണാവസ്ഥയിലായ പോലെയാണ് പള്ളിയുടെ നില . എങ്കിലും മുറതെറ്റാതെ വൈദീക ചടങ്ങുകൾ നടക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.
തിരികെയുള്ള യാത്രയിലാണ് ജോർജ്ജിയൻ പരമ്പരാഗത ഭക്ഷണം രുചിക്കാൻ അവസരമൊരുങ്ങിയത്. ജോർജ്ജിയൻ ചീസ് ബ്രഡിന്മേൽ ബുൾസ് ഐ വെച്ച് പ്രത്യേക തരത്തിൽ ചൂടാക്കിയെടുക്കുന്ന ഖച്ചാ പുരിയെന്ന റൊട്ടിയും ചിക്കനും. പോർക്കാണ് അവർക്ക് ഏറെ ഇഷ്ടമെങ്കിലും കറികളായി മറ്റ് മാംസങ്ങളും ഉപയോഗത്തിലുണ്ടത്രെ. ഞങ്ങൾ ചിക്കനാണ് ഓർഡർ ചെയ്തത്. എനിക്കും ഭാര്യക്കും അത്ര സുഖകരമായി തോന്നിയില്ലെങ്കിലും മകൾ ഏറെ ആസ്വാദ്യതയോടെ അത് കഴിക്കുന്നണ്ടായിരുന്നു . ജോർജ്ജിയയുടെ തനത് രുചി ഭേദങ്ങളറിഞ്ഞ മോളോടാപ്പം ജോർജ്ജിയെ അറിഞ്ഞ ഞങ്ങളും ഏറെ ആഹ്ലാദഭരിതരായി യാത്ര തുടർന്നു.

ജോർജ്ജിയയിൽ നമ്മൾ എന്തൊക്കെ കാഴ്ചകളിൽ ആകൃഷ്ടരായാലും, അവിടത്തെ പ്രകൃതിയൊരുക്കുന്ന വിസ്മയാവഹമായ കാഴ്ചകളോളമെത്തില്ല മറ്റൊന്നും. ഒരിക്കൽ കൂടി വരണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ ഈ രാത്രി തിരികെ യാത്രയാവുകയായി.
