5 March 2021 · 10 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ - നാല്

                വിനോദകേന്ദ്രങ്ങൾ                                                      

ഗ്രീൻ പ്ലാനറ്റ്

ദുബായിലെ പ്രകൃതി ഭംഗിയെക്കുറിച്ചു പറയുമ്പോൾ ചിലർക്കെങ്കിലും നെറ്റിചുളിഞ്ഞേക്കാം. നമ്മുടെ മനസ്സിൽ പ്രകൃതി ഭംഗിയെക്കുറിച്ച് ചില ഇരുത്തം വന്ന സങ്കല്പങ്ങളുണ്ട് എന്നതിനാലാണത്. ഇടതൂർന്ന വനാന്തരങ്ങളും അവ വളർന്നു നില്ക്കുന്ന ഹിമ ശൃംഗങ്ങളും താഴ്വരയിലൂടെ ഒഴുകുന്ന അരുവികളുമാണ് അത്തരം കാഴ്ചകളുടെ സമ്പന്നത ഏറെയുള്ള നാം കണ്ട് പോന്നിട്ടുള്ള പ്രകൃതി ഭംഗി. എന്നാൽ, ഭൂമിയിലെ ഓരോ പ്രദേശങ്ങൾക്കും അവിടത്തെ കാലാവസ്ഥകൾക്കും അവക്ക് ചേരുന്ന വിധം പ്രകൃതിയെ ഒരുക്കിയെടുക്കാനും അതിന് വ്യത്യസ്തമായ ഒരു ഭംഗി പ്രദാനം ചെയ്യാനും സ്വയമേവ കഴിയുന്നുണ്ട്. ഊഷരത പേറുന്ന മണൽകുന്നുകളിൽ കാറ്റിനാൽ കവിത രചിക്കപ്പെടുന്ന മരുഭൂമിയും തരിശായി കിടക്കുന്ന മലനിരകളും , കൃത്രിമമായി നിർമ്മിച്ചെടുത്തതെങ്കിലും ഇടതിങ്ങി നിറഞ്ഞ പച്ചിലക്കാടുകളും പ്രകൃതി ഭംഗി തുളുമ്പുന്ന കാഴ്ചകൾ തന്നെയാവുന്നത് അങ്ങനെയാണ്. അവയിലെ സൗന്ദര്യാത്മക ഭാവങ്ങളെ ഉൾക്കൊള്ളാനുള്ള മാനസിക നില കൈവരിക്കുക എന്നത് മാത്രമാണ് നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അതിന് തയ്യാറായാൽ ദുബായിൽ തന്നെ മരുഭൂ കാഴ്ചകളിൽ നിന്ന് ആമസോണിയൻ മഴക്കാടുകളിലേക്ക് വളരെ വേഗത്തിൽ എത്തിപ്പെടാൻ ഇനി താമസമേതുമില്ല.!

ദുബായിൽ വന്യജീവികളെ കാണാനായി എവിടെയാണ് പോകേണ്ടത് എന്നാലോചിച്ചും തല പുണ്ണാക്കേണ്ടതില്ല. മരുഭൂമിയിൽ ചുറ്റി നടക്കുന്ന ഒട്ടകങ്ങളോ പ്രാപ്പിടിയന്മാരായ ഫാൽക്കണുകളോ മാത്രമല്ല അത്തരം ജീവികളായി നമ്മൾക്ക് കണ്ടെത്താനാവുക. നഗരമദ്ധ്യത്തിൽ തന്നെ നമുക്ക് നിഷ്പ്രയാസം വന്യജീവികളെ കണ്ടെത്താനാവുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. അടുത്ത കാലത്തായി വിപുലീകരിച്ച് സഫാരി പാർക്ക് ആക്കി മാറ്റിയ പഴയ മൃഗശാലയാണ് ഒന്ന്. വൈവിധ്യമാർന്ന ജന്തുജാലങ്ങളാൽ സമൃദ്ധമാണ് ഇവിടം. ദുബായ് മോളിനുള്ളിലെ വിസ്മയം ജനിപ്പിക്കുന്ന അക്വേറിയമാണ് അടുത്തത്. എന്നാൽ ദുബായിലെ അത്യസാധാരണവും ഏറെ അതിശയകരവുമായ വന്യജീവി കേന്ദ്രം സിറ്റി വോക്കിൽ പണിതുയർത്തപ്പെട്ട ഗ്രീൻ പ്ലാനറ്റ് തന്നെയാണ്.

സിറ്റി വോക്കിന്റെ  പുറകുവശത്ത്   ബുർജ് ഖലീഫയുടെ അതിശയകരമായ കാഴ്ചയിലേക്ക്  നമ്മൾ നോക്കി നില്ക്കുമ്പോൾ , അതിൽ നിന്നും കണ്ണ് പിൻവലിക്കുമ്പോൾ , ഗ്രീൻ  പ്ലാനറ്റ് ഒരു ഇൻഡോർ മഴക്കാടായി നമുക്ക് മുന്നിലവതരിക്കുകയായി. മൂവായിരത്തിലധികം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ശേഖരം ഹോസ്റ്റു ചെയ്യുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. ബോക്സ് പോലുള്ള ആകൃതി സൃഷ്ടിക്കുന്നതിന് മെറ്റൽ പാനലുകളാൽ ചുറ്റപ്പെട്ട മൂന്ന് നില ഗ്ലാസ് സിലിണ്ടർ അടങ്ങുന്ന സവിശേഷമായ രൂപം. 25 മീറ്റർ വിസ്തീർണ്ണമുള്ള ആമസോണിയൻ വൃക്ഷമാണ്  പ്രധാന ആകർഷണം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വൃക്ഷം. ഈ വൃക്ഷം ഇതിന്റെ മൊത്തം ഘടനയെ നാല് നിരകളായി തിരിച്ചിരിക്കുന്നു: വെള്ളപ്പൊക്ക മഴക്കാടുകൾ, ഫോറസ്റ്റ് ഫ്ലോർ, മിഡ്‌സ്റ്റോറി, മേലാപ്പ്.

ഓപ്പൺ എയർ ഷോപ്പിംഗ് മാളായി ആരംഭിച്ച് ഇൻഡോർ, ഔട്ട്‌ഡോർ ഇടങ്ങളുടെ സമന്വയത്തോടെ ഒരു സ്റ്റൈലിഷ് റീട്ടെയിൽ, ഡൈനിംഗ്, എന്റർടൈൻമെന്റ് ഹബ്ബായി പരിണമിച്ച സിറ്റി വോക്ക് ഒരു സവിശേഷ ലക്ഷ്യസ്ഥാനമാണ്. ഷോപ്പിംഗ് സെന്റർ, തെരുവ് കഫേകൾ,  ഹോട്ടൽ, സിനിമ, ഒരു റെട്രോ വീഡിയോ ഗെയിം ആർക്കേഡ് എന്നിവയാണ് അനുബന്ധമായി ഇതോടൊപ്പം ചേർക്കപ്പെട്ടിട്ടുള്ളത്. സഞ്ചാരികളുടെ

കണ്ണിനും മനസ്സിനും ഒരു പോലെ ആനന്ദമേകുന്ന ഒരിടം. 

ഓരോ ലെവലുകളിലും നമ്മളെ കാത്തിരിക്കുന്നത് വ്യത്യസ്തങ്ങളായ കാഴ്ചകൾ തന്നെയാണ്.   വ്യത്യസ്ത മൃഗങ്ങളും ഉരഗങ്ങളും സസ്യലതാദികളും പരിസ്ഥിതി വ്യവസ്ഥയുമായി ഇഴ ചേർന്ന് നമുക്ക് മുന്നിൽ ഓരോന്നായി അവതരിപ്പിക്കുകയാണ്. സമുദ്ര ജീവിതക്കാഴ്ചകൾ  അവതരിപ്പിക്കുന്ന വെള്ളപ്പൊക്ക മഴക്കാടുകൾ വിവിധതരം മത്സ്യങ്ങളെയും വെള്ളത്തിനടിയിലെ മറ്റ് ജീവികളെയും പ്രദർശിപ്പിക്കുന്നു.  ആർച്ചർ ഫിഷ്, പിരാന  പോലുള്ള അസാധാരണമായ ജീവിവർഗ്ഗങ്ങൾ നമ്മൾക്ക് ഇവിടെ കണ്ടെത്താനാകും.

പ്രകൃതിയെ  കണ്ടെത്തുന്നതിനുള്ള ഒരു രസകരമായ മാർഗ്ഗം ഗ്രീൻ പ്ലാനറ്റ് നൽകുന്നു. ഒപ്പം ഒരൊറ്റ പ്രദേശത്ത് വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാനുള്ള ദുബായിയുടെ അതുല്യമായ കഴിവിനെയും നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നു.

കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായിരിക്കും ഗ്രീൻ പ്ലാനറ്റ് നല്കുന്ന ദൃശ്യ വിസ്മയങ്ങൾ എന്നതിൽ രണ്ടഭിപ്രായമുണ്ടാകില്ല. ബർമീസ് പൈത്തൺ പോലുള്ള കുറച്ച് ഉരഗങ്ങെളെ ഏറെ അടുത്ത് കാണാനും വേണമെങ്കിൽ സ്പർശിക്കാനും കഴിയും വിധമാണ് അവിടത്തെ സജ്ജീകരണങ്ങൾ .  നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഒരു കൊമ്പിൽ നിന്നും വേറൊന്നിലേക്ക് ചാടി നീങ്ങുന്ന കുട്ടി തേവാങ്കുകൾ . വിവിധ വർണ്ണങ്ങളിലുളള പക്ഷികൾ നമ്മൾക്ക് ചുറ്റും പറക്കുന്നത് ആകർഷകമായ കാഴ്ചയാകുന്നതോടൊപ്പം അവയുടെ കളകൂജനങ്ങൾ ശ്രുതിമധുരമായും അനുഭവപ്പെടും.   ഉഷ്ണമേഖലാ ജൈവ വൈവിധ്യത്തെക്കുറിച്ച് കുട്ടികൾക്ക്  പഠിക്കാനായി ഏറെയുണ്ടിവിടെ.   ഇവിടെയുള്ള വന്യജീവികളെ പറ്റിയുള്ള ഏത് സംശയങ്ങൾക്കും ഉത്തരമേകാൻ സദാ സന്നദ്ധരായിട്ടുള്ള അവിടത്തെ ജീവനക്കാരെ നമുക്ക് ഓരോയിടങ്ങളിലും കണ്ടെത്താനാകും. 

ഫോറസ്റ്റ് ഫ്ലോറിൽ, വിവിധയിനം പല്ലികൾ, ആമകൾ, ചെറിയ എലി എന്നിവ ഉൾപ്പെടെയുള്ള കര മൃഗങ്ങളെ കാണാം. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ അംഗമായി എത്തിയിട്ടുള്ളതാണ് ഷുഗർ ഗ്ലൈഡറുകൾ . രാത്രികാലങ്ങളിൽ അണ്ണാൻ പോലുള്ള ജീവികൾ കണക്കെ മരങ്ങൾക്കിടയിൽ അനായാസം സഞ്ചരിക്കാനുള്ള കഴിവുണ്ട് ഇവക്ക് . 

മൃഗങ്ങൾ, പാമ്പുകൾ, ക്യൂബൻ ആമസോൺ  പക്ഷികൾ എന്നിവ മിഡ്‌സ്റ്റോറിയിലുണ്ട്. ഏറ്റവും ആവേശകരമായ രണ്ട് വന്യജീവി അനുഭവങ്ങൾ മേലാപ്പ് തലത്തിലാണ് ഉള്ളത്- സ്ലോട്ട് എൻകൗണ്ടറും ബാറ്റ് കേവ് എക്സ്പീരിയൻസും . സന്ദർശകർക്ക് നഗരമദ്ധ്യത്തിൽ തന്നെ പ്രകൃതിയുടെ ശാന്തമായ അന്തരീക്ഷം ആവോളം ആസ്വദിക്കാനും  വന്യജീവികളുമായി സമയം ചെലവഴിക്കാനും ഫ്രൂട്ട് ബാറ്റിന്റെ  കൂട് കണ്ടെത്താനും കഴിയും.

  1. 2 റാസ് അൽ ഖോർ.

ദുബായിയെ കുറിച്ച് രണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേട്ടിരുന്ന വാർത്തകൾ അല്ല ഇന്ന് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഈന്തപ്പനകളും മരുഭൂമിയും എണ്ണ ഖനനവും ഒക്കെയായിരുന്നു പഴയ കാല വാർത്തകളും അതുണർത്തി വിട്ടിരുന്ന സങ്കല്പങ്ങളും.   പക്ഷേ കാലങ്ങളിലൂടെ വ്യക്തമായ ഉൾക്കാഴ്ചയോടെ മരൂഭൂമിയെയത്രയും മനോഹരമായ ഭൂപ്രകൃതിയിലേക്ക് പിടിച്ചുയർത്തിയ ഭരണ നേതൃത്വം അത് വഴി മണൽ ഭൂതലങ്ങൾക്ക് വ്യത്യസ്തമായ രൂപഭംഗി നല്കുകയായിരുന്നു.  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലൂടെ ഭരണാധികാരികൾ ദുബായിയുടെ മുഖച്ഛായ മാറ്റിയെടുത്ത കഥകൾ നമ്മൾ മുമ്പ് പറഞ്ഞ് കഴിഞ്ഞു.  ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ, ലോകത്തിലെ ഏറ്റവും വലിയ മോളായ ദുബായ് മോൾ , പാം ജുമൈറ, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ബുർജ് അൽ അറബ്, അങ്ങനെ ഒട്ടനവധി. എന്നാൽ ഡൗൺ ടൗണിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള റാസ് അൽ ഖോർ വന്യജീവി സങ്കേതത്തെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

ദുബായിയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ  ലാഭ സ്രോതസ്സ് ക്രീക്ക് എന്ന പ്രകൃതിദത്ത തുറമുഖമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പേയെങ്കിലും ഇന്ത്യയിൽ നിന്നും ഇറാനിൽ നിന്നും സാധനങ്ങൾ സംഭരിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്നത് ഈ തുറമുഖത്തെത്തന്നെയായിരുന്നു. അക്കാലങ്ങളിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണക്കച്ചവടത്തിന്റെയും മുത്തു വ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു ദുബായ്. നഗരത്തിന്റെ അതിവേഗത്തിലുളള വികസനത്തിന് ക്രീക്കിന്റെ സ്വാധീനം ഒട്ടും ചെറുതായിരുന്നില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ദുബായിയുടെ സ്വാഭാവിക വളർച്ചയുടെ കേന്ദ്ര ബിന്ദുവായി അത് നിലകൊണ്ടു.  പ്രകൃതിദത്ത  ക്രീക്കിന്റെ അവസാനം  റാസ് അൽ ഖോർ എന്ന  കേപ് ഓഫ് ദ് ക്രീക്കിലായിരുന്നു.  

കണ്ടൽക്കാടുകൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച പൊക്കുടനെപ്പോലെ പ്രകൃതി സ്നേഹിയായ ഏതെങ്കിലും ഒരു അറബിയും, അദ്ദേഹത്തിന്റെ താത്പര്യങ്ങളെ സർവ്വാത്മനാ പിന്തുണച്ച ഭരണകൂടവും ഇതിന് പിന്നിൽ ഉണ്ടാവും എന്ന് തീർച്ചയാണെന്ന് മരുഭൂമിയിലെ ഈ സംരക്ഷിത വനപ്രദേശത്ത് നില്ക്കുമ്പോൾ തീർച്ചയായും നമുക്ക് തോന്നും. സ്വാർത്ഥ താത്പര്യങ്ങൾ മുൻനിർത്തി നിബിഡമായ വനസമ്പത്തുകളെല്ലാം വെട്ടി വെളുപ്പിച്ച് മരുഭൂ പ്രദേശങ്ങൾ സൃഷ്ടിക്കുന്ന നമ്മുടെ നാടിന്റെ നേർവിപരീതമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. മരുഭൂമിയിൽ അനന്തമായി ഉയർന്ന് പൊങ്ങുന്ന കോൺ ക്രീറ്റ് കാടുകൾക്ക് വിരാമമില്ലെങ്കിലും ഈ പ്രകൃതിദത്ത കാടിനെ സംരക്ഷിച്ചു നിറുത്തുന്നതിൽ ഭരണ കർത്താക്കൾ പുലർത്തുന്ന നിഷ്കർഷതയെ ആദരവോടെയല്ലാതെ നോക്കിക്കാണാനാവില്ല. കണ്ടൽക്കാടുകളുടെ ഒരു കോളനി ഉപയോഗിച്ച് അതിശയിപ്പിക്കുന്ന വിധം സൃഷ്ടിച്ചെടുത്ത ഒരു ലഗൂൺ. ക്രമേണ ഈ പ്രകൃതിദത്ത സ്ഥലത്ത് പലതരം സസ്യജന്തുജാലങ്ങൾ വസിക്കാനുതകുന്ന വിധം ഇത് വികസിപ്പിച്ചു തുടങ്ങി. അത് വഴിയാണ് , 

തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരം  ഈ സാങ്ച്വറിയെ തേടിയെത്തുന്നത്.  അടിസ്ഥാന പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ സൂക്ഷ്മായ പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് ഈ അംഗീകാരം നേടാനായത്.

കിഴക്കൻ ആഫ്രിക്കൻ-പടിഞ്ഞാറൻ ഏഷ്യൻ ഫ്ലൈവേയിലെ ശൈത്യകാലത്തെ പക്ഷികളുടെ നിർണായക വേദിയാണ് ഇന്ന് ഈ ലഗൂൺ.  അതിനാൽ ഭംഗിയറെയുള്ള  ഫ്ലമിംഗോസ് ഉൾപ്പെടെ അറിയുന്നതും അറിയപ്പെടാത്തതുമായ നിരവധി മനോഹരമായ പക്ഷികളെ നമുക്കിവിടെ കാണാൻ സാധിക്കുന്നുണ്ട്.

കാഴ്ച ആസ്വദിക്കാൻ പര്യാപ്തമായതും എന്നാൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്താത്ത വിധവുമുള്ള  നിരീക്ഷണ ഡെക്കിൽ നിന്ന് മാത്രമേ നമുക്ക് സങ്കേതം സന്ദർശിക്കാൻ കഴിയൂ. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ്  പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാനും വന്യജീവികളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ നേരിട്ടാസ്വദിക്കാനും താത്പര്യമുള്ളവർക്ക് ഇവിടം തീർത്തും വ്യത്യസ്തത പകർന്ന് നല്കുക തന്നെ ചെയ്യും.  മണൽത്തീരങ്ങൾക്കിടയിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രകൃതിയെ നമുക്ക് സ്നേഹപൂർവ്വം നെഞ്ചേറ്റാനാകുമെന്നതിൽ സംശയമില്ല.

വന്യജീവി സങ്കേതത്തിന് അഭിമുഖമായി “ലഗൂൺ” എന്ന പേരിൽ തന്നെ ഒരു പുതിയ റെസിഡൻഷ്യൽ കോംപ്ലക്സ് സൃഷ്ടിക്കുന്നതിനും ദുബായിയുടെ മറ്റൊരു ഭാഗത്തേക്ക് ക്രീക്ക് വിപുലീകരിക്കുന്നതിനുമായി നിരവധി വൻകിട പദ്ധതികൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസിന്റെ പേരിൽ മാത്രം ഈ മനോഹരമായ പ്രകൃതിയെ അവർ നശിപ്പിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

3 അൽ ബറാരി - ദുബായിലെ ഏദൻ തോട്ടം .

റെസ്റ്റോറന്റ് മേഖലയിൽ പുതിയ ട്രെൻഡുകളുമായാണ് അൽ ബറാരി ഫാം ദുബായ് സഞ്ചാരികൾക്ക് മുന്നിലവതരിക്കുന്നത്. ഈ ഫാമും എസ്റ്റേറ്റിന്റെ പ്രകൃതിയും പ്രശാന്തമായ ഒരന്തരീക്ഷം നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. നമ്മുടെ സങ്കല്പങ്ങൾക്കപ്പുറത്തേക്ക് പടരുന്ന പച്ചപ്പടർപ്പുകളും ശാന്തമായ കൊച്ചു തടാകങ്ങളും നിറയെ പൂത്തു നില്ക്കുന്ന ചെടികളും ഒരു പുതിയ ലോകത്തേക്ക് നമ്മളെ കൈ പിടിച്ചു നടത്തിക്കുന്നു. ഈ സവിശേഷതകളൊക്കെയാണ് ഈ റസ്റ്റോറന്റിനെ വേറിട്ട ഒരനുഭവമാക്കുന്നത്. ഡിസംബറിന്റെ തുടക്കത്തിലെ ഒരു പ്രഭാത ഭക്ഷണത്തിനായിട്ടാണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നതെങ്കിലും, നിർഭാഗ്യവശാൽ 11.30 നുള്ള ടേബിളാണ് ഞങ്ങൾക്ക് കിട്ടിയത്. എങ്കിലതൊരു ബ്രഞ്ച് തന്നെയായിക്കോട്ടെ എന്ന് ഞങ്ങളും കരുതി.

ജദാഫിൽ നിന്നും 25 കി.മീറ്ററകലെ നാദ് അൽ ഷിബയിൽ ആണ് പച്ചപ്പിനാൽ പൊതിയപ്പെട്ട ഒരു യൂറോപ്യൻ ഗാർഡൻ പോലെയുള്ള ഈ ഫാം സ്ഥിതി ചെയ്യുന്നത്. വന്യത എന്നർത്ഥമുള്ള അൽ ബറാരി ശരിക്കും യോജ്യമായ പേരായിത്തന്നെ തോന്നിക്കും വിധമാണ് അവിടത്തെ സജ്ജീകരണങ്ങൾ.

അൽ ബറാരിയുടെ അതിവിശിഷ്ടവും അത്യാകർഷകവുമായ റെസ്റ്റോറന്റിന് പുറത്ത് കൊട്ടാര സദൃശമായ വില്ലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വ്യത്യസ്തങ്ങളായ തീമുകളുള്ള പൂന്തോട്ടങ്ങൾ കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു. കളകളം പൊഴിക്കുന്ന കൊച്ചരുവികൾ, കാട്ടുപൂക്കൾ, പുല്ല് എന്നിവ കൊണ്ടുള്ള ഒരു പ്രദേശം. മാനിക്യൂർ ചെയ്ത പച്ചിലകൾ, തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന പാറ ഘടനകൾ, അലങ്കാര കല്ലുകൾ എന്നിവ ഉപയോഗിച്ച് സമകാലീന ഉദ്യാനമായി മാറ്റിയെടുത്ത മറ്റൊരിടം . വിചിത്രമായ ആകൃതിയിലുള്ള കള്ളിച്ചെടികളും പച്ചപ്പുല്ല് മേഞ്ഞ കുന്നുകളും അന്തരീക്ഷത്തിന് ഒരു പുതിയ മാനം നല്കുന്നുണ്ട്.

ഞങ്ങൾ രണ്ട് മണിക്കൂറോളം അലഞ്ഞുനടന്നു. നീർച്ചോലകൾ പൊട്ടിയൊഴുകിവരുന്ന ഉറവകൾ. തടാകങ്ങളുടെ പ്രശാന്തതയിയിലേക്ക് പറന്നിറങ്ങുന്ന പേരറിയാത്ത മുമ്പ് കണ്ടിട്ടില്ലാത്ത തരം കിളികൾ. ഡിസംബറിന്റെ മദ്ധ്യാഹ്നം ഞങ്ങളുടെ ഉന്മേഷത്തെ ഒട്ടും അലോസരപ്പെടുത്തുണ്ടായിരുന്നില്ല. നിഴലും വെളിച്ചവും ഇടകലർന്ന ഈ കൊച്ചു കാടിനുള്ളിൽ ഒരു വള്ളിക്കുടിലു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഒരു നിമിഷം ചിന്തിച്ചു. ചില ഭാഗങ്ങളിൽ മേലോട്ട് നോക്കുമ്പോൾ ആകാശത്തിന്റെ ഒരു കീറ് ദൃശ്യമാകുന്ന തൊഴിച്ചാൽ തീർത്തും ഒരു കാട്ടിനുള്ളിൽ തന്നെയാണെന്ന അനുഭവം. പ്രവേശന കവാടത്തിനടുത്തുള്ള  പൂന്തോട്ട കേന്ദ്രത്തിൽ  നിന്നും കുറച്ചു ചെടികൾ വാങ്ങി. എല്ലാം കൊണ്ടും തീർത്തും അപ്രതീക്ഷിതവും എന്നാൽ ആസ്വാദ്യകരവുമായ ഒരു മദ്ധ്യാഹ്നം.

അൽ ബറാരിയുടെ അതിവിശിഷ്ടവും അത്യാകർഷകവുമായ റെസ്റ്റോറന്റിന് പുറത്ത് കൊട്ടാര സദൃശമായ വില്ലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വ്യത്യസ്തങ്ങളായ തീമുകളുള്ള പൂന്തോട്ടങ്ങൾ കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു. കളകളമൊഴുകുന്ന കൊച്ചരുവികൾ, കാട്ടുപൂക്കൾ, പുല്ല് എന്നിവ കൊണ്ടുള്ള ഒരു പ്രദേശം. മാനിക്യൂർ ചെയ്ത പച്ചിലകൾ, തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന പാറ ഘടനകൾ, അലങ്കാര കല്ലുകൾ എന്നിവ ഉപയോഗിച്ച് സമകാലീന ഉദ്യാനമായി മാറ്റിയെടുത്ത മറ്റൊരിടം . വിചിത്രമായ ആകൃതിയിലുള്ള കള്ളിച്ചെടികളും ശാദ്വലമായ കുന്നുകളും അന്തരീക്ഷത്തിന് ഒരു പുതിയ മാനം നല്കുന്നുണ്ട്.

ഉറവകൾ കാണാനും തടാകങ്ങളുടെ ശാന്തതയിൽ സ്വയം മറന്ന് നടക്കാനുമായി ഞങ്ങൾ കുറച്ച് സമയം അലഞ്ഞു. കവാടത്തിനടുത്തുള്ള  പൂന്തോട്ട കേന്ദ്രത്തിൽ  നിന്നും കുറച്ചു ചെടികൾ വാങ്ങി. എല്ലാം കൊണ്ടും തീർത്തും അപ്രതീക്ഷിതവും എന്നാൽ ആസ്വാദ്യകരവുമായ ഒരു മദ്ധ്യാഹ്നം.

കുടുംബങ്ങൾ കൂട്ടമായിട്ടും ദമ്പതികൾ മാത്രമായിട്ടും അറബികൾ തുരുതുരാ വന്നുകൊണ്ടേയിരുന്നു.  തിരക്കേറിയത്, എന്നാൽ തിരക്കില്ലാത്തതുമായ ഒരു ഹാംഗ് ഔട്ട് തന്നെയാണ് ഇവിടം. ചുറ്റിലും ചില കുട്ടികൾ ഓടിക്കളിക്കുന്നതു കാണാമായിരുന്നു. കിളികളുടെ ശബ്ദവുമായി അവരുടെ കലപില ഇഴുകിച്ചേരുന്നതും ആസ്വാദ്യകരമായ അനുഭവമായി.

സമൃദ്ധമായ ഉഷ്ണമേഖലാ ഉദ്യാനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ തടാകക്കരയൊട്ടാകെ. മനുഷ്യർക്കെന്നത് പോലെ വന്യജീവികൾക്കും പക്ഷികൾക്കും ശാന്തമായ ഒരു വിശ്രമ കേന്ദ്രവുമാണിത്.  മരുഭൂമിയുടെ മധ്യത്തിൽ ഇത്തരത്തിലൊന്ന് സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണ്. 

4 സഫാരി പാർക്ക് .

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ദുബായ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിൻറെ സമാനതകളില്ലാത്ത വാസ്തുവിദ്യാ ശൈലികൾ. ലോകോത്തര വിനോദ കേന്ദ്രങ്ങൾ . ഓരോന്നിന്റെയും തെരഞ്ഞെടുപ്പുകളിൽ പുലർത്തുന്ന അനന്യത . ഒരു ആധുനിക നഗരത്തിന് കൈവരിക്കേണ്ടതായ എല്ലാ മേഖലകളെയും സൂക്ഷ്മമായ നീരീക്ഷണ പാടവത്തോടെ സമീപിക്കുകയും അത് സന്ദർശകരിലേക്ക് പകർന്ന് കൊടുക്കേണ്ട രീതികളിൽ പോലും വ്യത്യസ്തത നിലനിറുത്തുകയും ചെയ്യുന്നതിൽ അദ്വിതീയരായി നില്ക്കാനുള്ള ഊർജ്ജം . എല്ലാറ്റിലും ഒന്നാമതായി നില്ക്കാനുള്ള ഉത്സാഹം.   

എങ്കിലും വന്യജീവി പ്രേമികളെയും പ്രകൃതിസ്‌നേഹികളെയും നിരാശരാക്കും വിധം ഒരാധുനിക മൃഗശാലയുടെ അഭാവം ദുബായിക്ക് ഒരു കുറവായി തന്നെ തോന്നിച്ച നാളുകളായിരുന്നു കഴിഞ്ഞ് പോയത്. ജുമൈറയിൽ ഉണ്ടായിരുന്ന ഏറെ ചെറുതും ഇടുങ്ങിയതുമായ പഴയ മൃഗശാല അധികമാരും തിരിഞ്ഞു നോക്കാൻ  പാകത്തിലുള്ള ഒന്നായിരുന്നില്ല. തന്നെയുമല്ല അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനങ്ങൾക്ക് പലപ്പോഴും പാത്രമാവേണ്ടി വന്ന ചരിത്രവുമുണ്ട്. എന്തിലും ഏതിലും പുതുമയുടെ സ്പർശം കൊണ്ട് വരുന്നതിൽ മുമ്പേ നില്ക്കുന്ന ദുബായ് എന്തേ ഇക്കാര്യത്തിൽ മാത്രം ശുഷ്കാന്തി കാണിച്ചില്ല എന്ന സന്ദേഹത്തിനുള്ള മറുപടിയാണ് പുതുതായി തുറന്ന ദുബായ് സഫാരി അനിമൽ പാർക്ക് .

അഞ്ച് വില്ലേജുകളായി തിരിച്ചു കൊണ്ട് സന്ദർശകർക്ക് ഏറെ സമയം ചിലവഴിക്കാനും , പ്രധാനമായും കുട്ടികൾക്ക്  കാഴ്ചകൾക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനുമുതകുന്ന നിലയിലാണ് പഴയ മൃഗശാലയെ പൂർണ്ണമായും ഒഴിവാക്കി  സഫാരി പാർക്ക് എന്ന പുതിയ ആശയത്തിലേക്കെത്തിച്ചേരാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മുമ്പ് ദുബായ് മൃഗശാല സന്ദർശിച്ചിട്ടുള്ള ഏതൊരാൾക്കും തീർത്തും വിസ്മയകരമാവുന്ന ചുറ്റുപാടുകളിലേക്കാണ് അയാൾ ഇവിടെ ഇറങ്ങിച്ചെല്ലുക.

സഫാരി വില്ലേജ്, അറേബ്യൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, വാദി വില്ലേജ് എന്നിങ്ങനെ അഞ്ച് പ്രധാന  വിഭാഗങ്ങളാണ് സന്ദർശകരുടെ ഇഷ്ട വിനോദങ്ങൾക്കായി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നത്.

വിശാലമായ പുൽമേടുകളിലേക്കും മഴക്കാടുകളിലേക്കുമുള്ള യാത്ര പോലെ,  തികച്ചും അനുഭൂതി പ്രദാനം ചെയ്യുന്ന ഒരു ഭൂപ്രകൃതി അനുഭവിക്കാൻ, അവിടത്തെ വ്യത്യസ്തങ്ങളായ കാഴ്ചകളിൽ മുഴുകി നടക്കാൻ നമുക്കിവിടെ ആഫ്രിക്കൻ വില്ലേജിൽ അവസരമൊരുങ്ങുന്നു. പ്രധാനമായും ഇവിടെ ആഫ്രിക്കൻ വാസ്തു ശിൽപ മാതൃകയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളും അവിടുത്തെ മൃഗങ്ങളും പക്ഷികളുമാണുള്ളത്. വെളുത്ത സിംഹങ്ങൾ, മഞ്ഞ സിംഹങ്ങൾ എന്ന് വേണ്ട ആഫ്രിക്കൻ കാട്ടുനായ്ക്കൾ,  കൃഷ്ണമൃഗങ്ങൾ, ചിമ്പാൻസികൾ, എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ശക്തവും എന്നാൽ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്നതുമായ  മൃഗങ്ങളെ നമുക്കിവിടെ കാണാം.   ആഫ്രിക്കൻ മഴക്കാടുകൾ പ്രത്യേക വിഭാഗമായി തിരിച്ചാണ് മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ ഗോപുരം, ജിറാഫ് തീറ്റ വിഭാഗം,  ഹിപ്പോകൾ കൂട്ടത്തോടെ  അലഞ്ഞു നടക്കുന്ന സ്ഥലം തുടങ്ങി വിവിധയിടങ്ങൾക്ക് പുറമേ, വാക്ക്-ത്രൂ പക്ഷിസങ്കേതങ്ങളും ഇതിന്റെ ഹൈലൈറ്റുകളായി പറയേണ്ടിയിരിക്കുന്നു. 

എക്സ്പ്ലോർവില്ലേജിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വൈവിധ്യം തൊട്ടറിയാൻ പാകത്തിലാണ് അതിന്റെ സജ്ജീകരണം.  ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ മൃഗങ്ങളെയും പക്ഷികളെയുമെല്ലാം അവയുടെ ആവാസ വ്യവസ്ഥയിൽ കാണാൻ സൌകര്യമൊരുക്കുന്ന യാത്രയാണ് എക്സ്പ്ലോർ വില്ലേജിന്റെ പ്രത്യേകത. എക്സ്പ്ലോർ യാത്രയ്ക്കായി ശീതീകരിച്ച വാഹനങ്ങൾ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ ഡെസർട്ട് സഫാരിയിൽ  ഈ മേഖലയിലെ  മൃഗങ്ങളെ വളരെ അടുത്തായി കാണാനാകും.  മലനിരകളിലും സമതലങ്ങളിലുമുള്ള വ്യത്യസ്ത ഇനം മാനുകൾ, കോലാടുകൾ ഒട്ടകങ്ങൾ തുടങ്ങിയ ജീവികളെ ഏറെ അടുത്ത് കാണാനായി സാധിക്കും.  സന്ദർശകർക്ക് ബസ്സിൽ പോകാനും ജിറാഫുകൾ, സിംഹങ്ങൾ, കടുവകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുമായി ആപത്കരമല്ലാത്ത വിധം അടുത്ത ബന്ധം പുലർത്താനും കഴിയുന്ന ഒരു തുറന്ന പ്രദേശമാണ് സഫാരി വില്ലേജ്.

അറേബ്യൻ വില്ലേജിൽ മാൻ , ചെന്നായ എന്നിവപോലുള്ള തദ്ദേശീയ വന്യജീവികളെ നിരീക്ഷിക്കാനും പഠിക്കാനും കഴിയുന്ന വിധമാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്.  മരുഭൂമികൾ, പർവതങ്ങൾ, പുൽമേടുകൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുള്ള ഒരു അറേബ്യൻ അനിമൽ സഫാരി പുന:സൃഷ്‌ടിച്ചിരിക്കുകയാണ് ഈ ഭാഗമത്രയും.  ഫാൽക്കൺറി, ഒട്ടക സവാരി, ഹണ്ടിംഗ് ഡോഗ്സ് തുടങ്ങിയവയാണ് ഇവിടെ നമ്മുടെ കാഴ്ചകൾക്കായി ഒരുക്കപ്പെട്ടിട്ടുള്ളത്.   ബെഡൂയിൻ ഒയാസിസിൽ വിസ്മയകരമായ ബെഡൂയിൻ സംസ്കാരവും പാരമ്പര്യങ്ങളും അനുഭവിക്കാനുള്ള മികച്ച അവസരം നൽകുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും  (പ്രധാനമായും കുട്ടികൾ)  അവിസ്മരണീയമായ കാഴ്ചകൾ ഈ ഭാഗമത്രയും നല്കുന്നുണ്ട്.

കുട്ടികളുടെ ആഹ്ലാദാരവങ്ങൾ കാണണമെങ്കിൽ കിഡ്സ് ഫാമിലേക്കാണ് നാം തിരിയേണ്ടത്. അവിടെ കുട്ടികൾക്ക് സർവ്വതന്ത്ര സ്വതന്ത്രരായി വിഹരിക്കാനുള്ള വിധമാണ് അത് ഒരുക്കിയിട്ടുള്ളത്. ആടുകളും,  കുട്ടികുതിരകളും തുടങ്ങി കുട്ടിക്കളികൾക്ക് ഇമ്പമേറ്റാനായി നിരവധി സജ്ജീകരണങ്ങൾ.

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡ്രൈവ്-ത്രൂ സഫാരി തികച്ചും ആസ്വാദ്യകരമായ അനുഭവമാണ് . തുറസ്സായ സ്ഥലത്ത് അലഞ്ഞു തിരിയുന്ന ബംഗാൾ കടുവകളോടൊപ്പം മറ്റു മൃഗങ്ങളുടെ വിശാലമായ നിരകൾ.  പക്ഷികളുടെയും ഉരഗങ്ങളുടെയും അതിശയകരമായ അവതരണങ്ങൾ അതിന്റെ ഓപ്പൺ തിയേറ്ററിൽ തന്നെ നമ്മൾക്ക് കൂടുതൽ ആസ്വദിക്കാനാകും. 

വാദി വില്ലേജും മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇവിടെ രൂപകല്പന ചെയ്തിരിക്കുന്നത്.  ഇവിടെയും നമ്മൾക്ക്  മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്താനാകും. എങ്കിലും മറ്റിടങ്ങളിലെ ഭൂവിഭാഗങ്ങളിൽ നിന്നും വേറിട്ട കാഴ്ചകൾക്ക് ഈ ഭാഗമത്രയും വേദിയൊരുക്കുന്നു. നിരവധി ജല സവിശേഷതകളും ഒരു മരപ്പാലവും കൊണ്ട് ക്രമീകരിച്ചിരിക്കുന്നു ഇവിടം.  സ്കീയിംഗ് ഗ്രൗണ്ട്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള എക്സ്ക്ലൂസീവ് വിഭാഗം എന്നിവ. കൂടാതെ ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ പോലുള്ളവ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

കുടുംബമൊത്തായാലും, സുഹൃത്തുക്കളോട് കൂടിയാണെങ്കിലും കാഴ്ചകളിൽ മുഴുകി മണിക്കൂറുകളോളം അലയാൻ പറ്റിയ ഒരിടം തന്നെയാണ് സഫാരി പാർക്ക്.

Share this story

Comments (3)

  • Padiyath

    6 March 2021

    Terrific writing dear Najeeb. Eagerly waiting for the next episode. <3

  • Anonymous

    7 March 2021

    ഇത്രയും നാളായിട്ട് ഇവിടെ ഒന്നും പോയിട്ടില്ല. ഇതു വായിച്ചപ്പോൾ അവിടെ പോയെ പോലെ.

  • Suharabi

    4 July 2021

    പലയാവർത്തി വായിച്ചു. തികച്ചും രസകരമായ ദൃശ്യഭംഗി ഓരോ വാക്കുകളിലും നിറഞ്ഞുനില്‌ക്കുന്ന പ്രതീതി. അനുമോദനങ്ങൾ.