19 February 2021 · 13 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ - മൂന്ന്.

പുഴയൊഴുകും വഴികൾ .


ലോകമെമ്പാടും ഇപ്പോൾ   പരിസ്ഥിതി-ജീവിതശൈലിയോട് ചേർന്ന് നില്ക്കാനുള്ള തത്രപ്പാടിലാണ്.  പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ നിന്നും അതിനുള്ള ആഹ്വാനങ്ങളാണ് എവിടെയും ഉയർന്ന് കേൾക്കുന്നത്. ഇക്കോ-ഫുഡ്, ഇക്കോ മെറ്റീരിയലുകൾ, മറ്റ് പരിസ്ഥിതി ആശയങ്ങൾ എന്നിവ ലോകത്തെങ്ങും ചർച്ചാ വിഷയമാകുന്നു. പ്രകൃതി സ്വയം സൃഷ്ടിക്കുന്നതും അതിൽ നിന്ന് വരുന്നതും മനുഷ്യനിർമ്മിതമായ വസ്തുക്കളേക്കാൾ കൂടുതൽ പ്രാധാന്യമുള്ളതാണെന്ന തിരിച്ചറിവ് നാൾക്കുനാൾ ഏറി വരുന്നുണ്ട്. നല്ലത് തന്നെ. ഇന്നിപ്പോൾ വാസ്തുവിദ്യയുടെയും നഗരവൽക്കരണത്തിന്റെയും മേഖലയിൽ പോലും ഈ പ്രവണത കാണപ്പെടുന്നു. 

നഗര പ്രദേശങ്ങളിൽ ഉള്ള ആളുകൾ‌ അവരുടെ ഒഴിവുസമയങ്ങൾ‌ പ്രകൃതിയോടൊത്തു ‌ ചെലവഴിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നുണ്ട്. കുറഞ്ഞപക്ഷം ‌ പൊതു വിനോദ സ്ഥലങ്ങൾ‌ സന്ദർശിക്കാനെങ്കിലും അവർ‌ ശ്രമിക്കുന്നു. നദികൾ, തടാകങ്ങൾ, മറ്റ് ജലസംഭരണികൾ എന്നിവയുടെ സാമീപ്യം കൊതിച്ചെത്തി, നഗരത്തിലെ അടഞ്ഞ ജീവിതത്തിന് തുറസ്സിന്റെ വിസ്തൃതി കുറച്ചു നേരത്തേക്കെങ്കിലും ലഭ്യമാക്കാൻ ആളുകൾ ഉത്സാഹിക്കന്നുണ്ട്. ശരിയായ പ്ലാനിംഗോടെ ഇന്നത്തെ ആധുനിക നഗരത്തെ ഒരുക്കിയെടുക്കുമ്പോൾ ആർക്കിടെക്റ്റുകൾ, നഗരാസൂത്രകർ, ബിസിനസ്സുകാർ എന്നിവർക്ക് നഗരത്തിലൂടെ ഒഴുകുന്ന നദിയുടെ പ്രസക്തിയെ കുറിച്ച് സ്വപ്നം കാണാനും ചിന്തിക്കാനും  ഇതൊക്കെയും പ്രേരണയായി തീരുന്നു. എന്നിരുന്നാലും ഇതിൽ പൂർണ്ണമായും പ്രകൃതിയുമായുള്ള സൗഹാർദ്ദപരമായ കാഴ്ചപ്പാട് മുന്നിട്ടു നില്ക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. എന്തും കച്ചവടച്ചരക്കാക്കുന്ന ഈ കാലത്ത് പരിസ്ഥിതി സൗഹൃദം എന്ന പേര് കൊടുത്ത് കച്ചവട സാദ്ധ്യത ഉയർത്തിയെടുക്കാനാകും എന്ന ഉദ്ദേശ്യവും ഇതിന് പിന്നിൽ കണ്ടേക്കാം. എങ്കിലും ഒരു പരിധി വരെ അവിടെ എത്തിപ്പെടുന്ന ഏതൊരാൾക്കും ഒരു വ്യത്യസ്ത ലഭ്യമാകുന്നത് പലപ്പോഴും പ്രകൃതിയോടിണങ്ങി നില്ക്കുന്ന അതിന്റെ ഭൂപ്രകൃതിയിലും അതിനോടുരുമ്മിയുള്ള ശില്പചാതുരി തുളുമ്പുന്ന വിനോദോപാധികളിലുമാവാം.

ഭൂമിയിലെവിടെയും നദികൾ  ഒരു ലാൻഡ്സ്കേപ്പിനുള്ളിലെ പ്രധാന സവിശേഷതയായിട്ടാണ് കണക്കാക്കപ്പെടുന്നത്.   സമ്പന്നമായ ശുദ്ധജലം പ്രദാനം ചെയ്യുന്ന നദികൾക്ക്  ചുറ്റും നിരവധി  നാഗരികതകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലാണ് അവ മനുഷ്യർക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നത്. ലോകത്തിലെ പ്രധാന നഗരങ്ങളിൽ ഭൂരിഭാഗവും നദീ തീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ചിലയിടങ്ങളിൽ അവ ജലസ്രോതസ്സായി, അല്ലെങ്കിൽ ഭക്ഷണോപാധിയായി വർത്തിക്കുന്നു.  ഗതാഗതത്തിനും അതിർത്തികൾ നിർണ്ണയിക്കുന്നതിനും, പ്രതിരോധ നടപടികൾക്കായും നദികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.  പ്രകൃതിയിലെ സ്വാഭാവിക വനങ്ങളെ , മലകളെ പോലെ നദികളും ഭൂമിയിലെ മനുഷ്യാവാസ വ്യവസ്ഥക്ക് യോജ്യമായി തീരുന്നത് അങ്ങനെയൊക്കെത്തന്നെയാണ്. മരുഭൂമിയിൽ ഒരു നഗരം പടുത്തുയർത്തുമ്പോൾ ഒരു നദിയുടെ അഭാവം ദുബായിയെ അലോസരപ്പെടുത്തിയെങ്കിൽ അതിനു പരിഹാരമായിട്ടാണ് കൃത്രിമമെങ്കിലും പുതിയ ജലപാതകളുടെ അവശ്യകത അവർക്ക് ബോധ്യപ്പെട്ടത്. അര നൂറ്റാണ്ടിനപ്പുറം ധിഷണാശാലികളായ ഭരണ നേതൃത്വം അത് തിരിച്ചറിഞ്ഞെങ്കിൽ, തുടർന്ന് വന്നവരും അതിന്റെ സാംഗത്യം ഉൾക്കൊള്ളുകയും അതിന്റ വ്യാപ്തി വർദ്ധിപ്പിക്കാനായി ഔൽസുക്യം കാട്ടുകയും ചെയ്തതിന്റെ ഫലമാണ് ദുബായിലെ തെളിമയാർന്ന ജല സ്രോതസ്സുകൾ.

                                                                                അബ്ര

1990 കളുടെ തുടക്കത്തിൽ  ഉണ്ടായിരുന്ന ദുബായ് ക്രീക്കിനെ പറ്റി ഓർക്കുമ്പോൾ അതൊരു പരിഷ്കൃത നഗരത്തിന് ഒട്ടും ചേർന്നതായിരുന്നില്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും. പറഞ്ഞിട്ട് കാര്യമില്ല. പ്രാക്തനത കൈവിട്ട് നഗരം പുരോഗതിയിലേക്കുള്ള പ്രയാണം തുടങ്ങിയിട്ടേയുള്ളു അന്ന്. ഒരു പരിഷ്കൃതനഗരത്തിലേക്കുള്ള വളർച്ചക്ക് തുടക്കം കുറിക്കുന്ന നാളുകൾ.  ദുബായ് ക്രീക്ക് എന്നറിയപ്പെട്ടിരുന്നത് ദേരയെയും ബർ ദുബായിയെയും വേർതിരിച്ചിരുന്ന പുഴയും അതിനിരു കരകളുടെ ചെറിയൊരു ഭാഗത്തെയും മാത്രമായിരുന്നു. ദേരയുടെ ഭാഗത്ത് ഇറാനിലേക്ക് ചരക്ക് നീക്കങ്ങൾക്കായി ഉരുക്കൾ പുഴയിലെമ്പാടും വരിവരിയായി കിടക്കുന്ന കാഴ്ചകളായിരുന്നു . അതിൽ പണി ചെയ്യുന്ന ഇറാനികളും പഠാണികളും ചൂടിനെ വക വെക്കാതെ നിരന്തരം ജോലിയിൽ വ്യാപൃതരായിരിക്കും. അതോടൊപ്പം  ആ ഭാഗത്തൊക്കെയും ചെറിയ തോതിൽ ആൾ സഞ്ചാരം ഉണ്ടെന്നതൊഴികെ സഞ്ചാരികൾക്കായി വിശിഷ്യാ എന്തെങ്കിലും നല്കത്തക്കതായി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നില്ല. പുഴയിലേക്ക് അല്പം തള്ളിനില്ക്കുന്ന ഒബ്റോയ് ഹോട്ടലിനരികിലായി ഒരു ചെറിയ പാർക്കുണ്ടായിരുന്നതിൽ വാരാന്ത്യങ്ങളിൽ അല്പം ആളുകൾ കൂടുമെന്നല്ലാതെ ക്രീക്കിന്റെ ഭാഗങ്ങളത്രയും എന്നും വിജനമായിരുന്നു. ഹോട്ടൽ കഴിഞ്ഞാൽ പുഴയോരമത്രയും ഒറ്റപ്പെട്ടു കിടന്നു.  എങ്കിലും പുഴ ഒരു നിറഞ്ഞ കാഴ്ചയായി തന്നെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. പുഴയിലെ കുഞ്ഞോളങ്ങളിൽ ചാഞ്ചാടി മറിയുന്ന  കടൽകാക്കകൾ  ഇടക്കിടെ കൂട്ടത്തോടെ ഉരുക്കളിൽ ഭക്ഷണം തിരഞ്ഞെത്തി അതിന്റെ അണിയങ്ങളിൽ വിശ്രമിച്ച് വീണ്ടും പറന്നകലുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു.  പുഴയുടെ ആഴങ്ങളെ മുറിച്ച് കടന്ന് കരകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന അബ്ര എന്ന കടത്തു ബോട്ടുകൾ, നിറയെ ആളുകളുമായി ഇടതടവില്ലാതെ സഞ്ചരിച്ചിരുന്നു. തുടർന്നങ്ങോട്ട് വളഞ്ഞ് ഒഴുകുന്ന പുഴയുടെ ഇരുകരകളിലുമായി നോക്കെത്താ ദൂരത്തോളം മണൽപ്പരപ്പുകൾ മാത്രം. പച്ചപ്പിന്റെ ഒരു തുരുത്ത് പോലെ എതിർവശത്ത് ബർദുബായിലെ ക്രീക്ക് പാർക്കും.

പതിറ്റാണ്ടുകളിലൂടെ ദുബായ് നഗരത്തിന് ക്രമാനുഗതമായി വന്ന് ചേർന്ന വികസനങ്ങൾക്കൊപ്പം നദി വളർന്നു നീളം വെക്കുകയും അതിന്റെ കരകൾ ബഹുനില കെട്ടിടങ്ങളാൽ തിടം വെച്ച് നഗരത്തിന്റെ മോടി വർദ്ധിപ്പിക്കാനുതകുകയും ചെയ്തു. ദേര ഭാഗത്ത് ഹോർമുസ് കടലിടുക്കിൽ നിന്ന് തുടങ്ങി റാസ് അൽ ഖോറിലെ വന്യജീവി സംരക്ഷണ മേഖലയിൽ അവസാനിക്കുന്ന നദി എല്ലാം കണ്ടും കേട്ടും കൊണ്ട് ഒരു പാട് മാറ്റങ്ങൾക്ക് സാക്ഷിയായി  ഒഴുകിക്കൊണ്ടേയിരുന്നു. അങ്ങനെ തന്റെ കരകളിലൊക്കെയും ഉയർന്നു പൊങ്ങുന്ന പുതിയ സംരംഭങ്ങൾക്ക് പുഴ ഒരു കൈത്താങ്ങായി വർത്തിച്ചു. ഒഴുകി നീങ്ങുന്ന വഴികളിലൊക്കെയും ദുബായ്ക്ക് പുതിയ ചാരുതയുള്ള, ശില്പഭംഗി നിറഞ്ഞ ഇടത്താവളങ്ങൾ നല്കിക്കൊണ്ടായിരുന്നു പുഴ തന്റെ  പ്രസക്തി ലോകത്തിന് കാണിച്ചു കൊടുത്തത്. വിസ്മയാവഹങ്ങളായ കാഴ്ചകളോടൊപ്പം വിനോദവും സഞ്ചാരികൾക്കേകാൻ പുഴയും കരകളും ഒരുപോലെ മത്സരിച്ച് ഉത്സാഹിച്ച നാളുകൾ. അതിന്റെ ഫലപ്രാപ്തിയായി ഉയർന്നു പൊങ്ങിയ നിരവധി പൊതുവേദികൾ .

I

വാട്ടർ കനാൽ 

ഇന്ന് ദുബായ് വാട്ടർ കനാൽ ദുബായിയുടെ നഗര ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം അവതരിപ്പിക്കുകയാണ്. ദുബായിയുടെ ഹൃദയം ഇപ്പോൾ ഒരു ദ്വീപായ് മാറിയിരിക്കുന്നു . ദുബായിലെ ജലപാതയിലേക്ക് 18 കിലോമീറ്റർ കൂടി ചേർത്തതോടെ പുതിയ ലാൻഡ്‌മാർക്കിനായി ആസൂത്രണം ചെയ്ത നിരവധി പുതിയ കാഴ്ചകളുടെ വേദികൾ ഉയർന്നു വരികയാണിവിടെ . ബിസിനസ്സ് ബേയിൽ നിന്നും  ആരംഭിച്ച് സഫ വഴി  ഒഴുകി ജുമൈറയിൽ അവസാനിക്കുന്ന ഒരു കൃതിമ നദിയാണിതെങ്കിലും നഗരത്തിന് ഒരു പുതിയ മുഖഭാവം നല്കുന്നതിൽ ഇതിനുള്ള പങ്ക് ചെറുതല്ല. 24 മണിക്കൂറും തിരക്കേറിയ ഷെയ്ഖ് സാഇദ് റോഡ്  കുറുകെ കടക്കുന്നതിനായി എട്ട് വരി റോഡുകൾ വീതമുള്ള രണ്ട് പാലങ്ങളാണ് ഉയർത്തപ്പെട്ടത്. ഇത് കൂടാതെ ഒരു പ്രധാന ഷോപ്പിംഗ് സെന്റർ, ഹോട്ടലുകൾ, 450 ലധികം റെസ്റ്റോറന്റുകൾ, സൈക്ലിംഗ് പാതകൾ, പാർക്കുകൾ, റെസിഡൻഷ്യൽ ടവറുകൾ തുടങ്ങി അനവധി വിനോദ മേഖലകൾ കൂടി അതിന്റെ ഭാഗമായി അണിചേരുകയാണ്.  ആറ് മീറ്റർ ആഴമുള്ള ഈ കനാലിന് വിവിധ ഇടങ്ങളിലായി എട്ട് മീറ്റർ ഉയരമുള്ള പാലങ്ങൾ ഉണ്ട്. ശരാശരി ഒരു ലക്ഷം സന്ദർശകരെ നിത്യേന ആകർഷിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ പുഴ  ദുബായ് ഡൗൺ ടൗണിനെ ഒരു പൂർണ്ണ വൃത്തത്തിലാക്കി കഴിഞ്ഞു. കടലിനെ വീണ്ടും കടലുമായി ബന്ധിപ്പിച്ചു കൊണ്ട് തന്നെ. നഗരത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു കൊണ്ട്, അതിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകി, ഹൃദയമിടിപ്പ് സജീവമായി നില നിറുത്താൻ കഴിയും വിധം. 

ദുബായ് കനാൽ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ്. സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ വാട്ടർഫ്രണ്ട്  ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ ഏറെ സമയമെടുത്തില്ല.ആധുനിക  എഞ്ചിനീയറിംഗ് വൈദഗ്‌ദ്യം തുടിക്കുന്ന അതിമനോഹരമായ ഈ പ്രദേശമത്രയും ദുബായിയുടെ സൗന്ദര്യാത്മകതയോടുള്ള  പ്രതിബദ്ധതയെ  തന്നെ ഉദാഹരണമാക്കുന്നുണ്ട്. ദുബായ് കനാലിലെ വർണ്ണാഭമായ ജലത്തിലേക്ക് കണ്ണു പായിക്കുമ്പോൾ അത് നമ്മുടെ മനസ്സിലേക്കെത്തിക്കുന്ന ആഹ്ലാദ നിർഭരമായ   കാഴ്ചകൾ ഒരു തണുത്ത കാറ്റായി പരിണമിച്ച് നമ്മെ തലോടുന്ന പോലെ  നമുക്കനുഭവപ്പെടും.  

എല്ലാ സന്ധ്യകളും ഒരു പോലെയല്ല എന്ന് ദ്യോതിപ്പിക്കുകയാണ് ദുബായ് കനാലിന്റെ ഓരോ ഭാഗവും. ഡിസംബറിന്റെ ഈ സായാഹനത്തിൽ പുഴയിൽ നിന്നൊഴുകിയെത്തുന്ന ഈറൻ കാറ്റിന്റെ കുസൃതി ആസ്വദിച്ചു നില്ക്കെ പടിഞ്ഞാറൻ ചക്രവാളത്തിൽ സന്ധ്യയുടെ തുടിപ്പുകൾ പ്രത്യക്ഷമാവാൻ തുടങ്ങുകയായി. മഴവില്ലാകൃതിയിലുള്ള പാലത്തിന്റെ ഓരോ എടുപ്പുകളിലും സൂര്യപ്രഭയുടെ മനോഹാരിത കവിത പോലൊഴുകി പടർന്നു പരന്നു. സന്ദർശകരെയും വഹിച്ചുള്ള കൊച്ചു ക്രൂയിസുകൾ പുഴയിലങ്ങോളമിങ്ങോളം ഓളങ്ങളിളക്കി. കനാൽ തീരങ്ങളിൽ പൊടുന്നനെ പ്രകാശിച്ച വർണ്ണ വെളിച്ചങ്ങളും സൂര്യകിരണങ്ങളും നൊടി നേരം പുഴയിലത്രയും ഇടകലർന്നൊഴുകി. മൃദു മർമ്മരമുയർത്തിക്കൊണ്ട് പുഴവെള്ളം തീരങ്ങളെ തഴുകി. ദുബായ് ഡൗൺടൗണിലെവിടെ നിന്ന് നോക്കിയാലും കാണാവുന്ന ബുർജ്  ഖലീഫ ഇപ്പോളൊരു നിഴൽച്ചിത്രം പോലെ പശ്ചാത്തലത്തിൽ വർത്തിച്ചു. 

"ദുബായ് വാട്ടർ കനാൽ ഒരു വാസ്തുവിദ്യാ നേട്ടം മാത്രമല്ല, നമ്മുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഹൃദയത്തിന്റെയും വിജയമാണ്"  എന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞത്. 

ഫെസ്റ്റിവൽ സിറ്റി

ആലവട്ടവും വെഞ്ചാമരവും, തിടമ്പേറ്റിയ ആനകളുമില്ലെങ്കിൽ പോലും  അനുസ്യൂതം ഒഴുകി നീങ്ങുന്ന ആൾക്കൂട്ടത്തിൽ നിന്നുയരുന്ന ആരവങ്ങളുടെ അകമ്പടിയിൽ  ഒരു ക്രീക്കിൻ കടവ് മുഖരിതമാവുകയാണ്.  ബഹു കേമമായി തന്നെ  ഇവിടെ ഒരു പൂരം പൊടിപൊടിക്കുകയാണ്. പകൽപ്പൂരത്തിനറുതിയായെങ്കിലും ഇനിയാണ് രാവേറെ ചെല്ലുവോളം നീണ്ടു നില്ക്കുന്ന യഥാർത്ഥ ഉത്സവത്തിമിർപ്പിന്റെ മേളം ഇവിടെ കൊഴുക്കാൻ തുടങ്ങുക. കോവിഡ് പ്രോട്ടോക്കോളിൽ മുഖത്തിന്റെ പാതി മറച്ചവരാണെല്ലാവരും. എങ്കിലും ഓരോരുത്തരുടെയും കണ്ണുകളിൽ തുളുമ്പുന്ന ആഹ്ലാദത്തിൽ നിന്നു പ്രസരിക്കുന്ന പ്രകാശം  ഒരു തിളക്കമായി പരിസരത്തിനാകെ പ്രഭയേറ്റുന്നതായി നമുക്ക് തോന്നും. തോന്നലല്ല. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഒരുത്സവ പറമ്പിലെ മായികാന്തരീക്ഷത്തിൽ പൊങ്ങിയൊഴുകി  നീങ്ങുന്നത് തന്നെയാണ് നമുക്കിവിടെ കാണാനാവുക.  

നഗരജീവിതത്തിലെ തിരക്കുകൾക്കും യാന്ത്രികതകൾക്കുമിടയിൽ ഞെരിഞ്ഞമരുമ്പോഴും നമ്മൾ ഹൃദയത്തിൽ പേറുന്ന ഗൃഹാതുരതകളിൽ ഒന്നാവാം നാട്ടിൻ പുറത്തെ ഏതെങ്കിലും പുഴക്കരയോട് ചേർന്ന ക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ചുള്ള ഓർമ്മകൾ. അവ വിദൂര സ്വപ്നങ്ങളായിട്ടെങ്കിലും മനസ്സിലേക്കെത്തിക്കുന്നതല്ല ഇവിടത്തെ കാഴ്ചകളെങ്കിലും പറയാൻ പോകുന്നത് വ്യത്യസ്തമായൊരു ഉത്സവാഘോഷത്തെക്കുറിച്ച് തന്നെയാണ്. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയെന്ന ഈ ഷോപ്പിങ് മോളിനെ ചുറ്റിയുള്ള  ആഘോഷങ്ങൾ പുതിയ കാലത്തെ ഷോപ്പിങ്ങ് എങ്ങനെ തീർത്തും വിനോദോപാധികളോട് ചേർത്തു നിർത്താം എന്ന് നമുക്ക് കാണിച്ചു തരുന്നു എന്നതിനെ പറ്റി തന്നെ. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഉത്സവ നഗരി തന്നെയാണ്.

ക്രീക്ക് മെട്രോ സ്റ്റേഷനരികിൽ നിന്നുള്ള അൽ ജദാഫ് മറൈൻ സ്റ്റേഷനിൽ നിന്നും ബോട്ടിലാണ് ഞാൻ ഫെസ്റ്റിവൽ സിറ്റിയിലേക്ക് വരുന്നത്. സായാഹ്ന സൂര്യൻ ചൊരിയുന്ന സ്വർണ്ണ വർണ്ണങ്ങൾ പുഴയിലെ ഓളങ്ങളിൽ നേർത്ത നൂലിഴകൾ പോലെ ആടിക്കളിച്ചു. പുഴക്കിരുവശങ്ങളിലുമുള്ള റോഡുകളും കെട്ടിടങ്ങളും ശൈത്യകാല  സന്ധ്യയെ പുണരാനായി തയാറെടുത്ത പോലെ വിളക്കുകൾ തെളിയിച്ചു തുടങ്ങി. സുഖകരമായ തണുത്ത കാറ്റിന്റെ തലോടലേറ്റ് പുഴയുടെ മാറിലൂടെ മുന്നോട്ടായുന്ന ബോട്ടിലിരുന്നുള്ള ഈ യാത്ര തന്നെ ഒരനുഭവമാണ്.  ഏറെ യാത്രികരില്ല ഇതിൽ.

ഷോപ്പിങ്ങ് മോളിന്റെ ഒരു വശത്ത് നിന്നാൽ നഗരത്തിരക്കിലെ അൾട്രാ മോഡേൺ വിസ്മയമായ ഫെസ്റ്റിവൽ സിറ്റിയുടെ മുൻവശവും അതിനോട് ചേർന്ന IKEA യുടെ വിശാലമായ ഷോറൂമുമാണ് നമ്മെ എതിരേല്ക്കുന്നത്.  പിറകിലായി ഇങ്ങനെയൊരു പുഴയോരവും അതിനപ്പുറത്തായി ബുർജ് ഖലീഫയുൾപ്പെടെയുള്ള Dubai skyline ഉം കാഴ്ചകളിലേക്ക് കടന്ന് വരും വരെ പരിസരങ്ങളിലേക്ക് കടന്നെത്തുന്ന ഈ വ്യത്യസ്തതയെപ്പറ്റി നമുക്ക് ഊഹിക്കാനേ ആവില്ല. ഒരു വശത്ത് ആർത്തിരമ്പുന്ന നഗരം. അതിന്റെ ആവേഗമുണർത്തുന്ന തിരക്കുകളിൽ നിന്നും ശബ്ദ കോലാഹലങ്ങളിൽ നിന്നും വിടുതൽ നേടി നമ്മളീ ഉത്സവ നഗരിയിലേക്ക് ചുവടു വെക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരയവു വന്ന പ്രതീതിയാണുണ്ടാവുക. മോളിലെ സുഖശീതളിമ നല്കുന്ന സുഖം മാത്രമല്ല അത്.

അതോടൊപ്പം അതിന്റെ പിന്നാമ്പുറെത്തെ കാഴ്ചകളിലേക്ക് നമ്മുടെ കണ്ണുകൾ സഞ്ചരിച്ചെത്തുമ്പോൾ ലഭിക്കുന്ന അനിർവചനീയമായ ആനന്ദം ഒന്ന് വേറെ തന്നെയാണ്. നടവഴികൾക്കിരുവശവും പച്ചപ്പുല്ലിന്റെ, പുക്കളുടെ സമ്പന്നതയാണ് അവിടെ നമുക്ക് സ്വാഗതമോതുക. പുഴയിൽ നിന്ന് ഒഴുകിപ്പരക്കുന്ന ശുദ്ധവായുവിന്റെ തലോടൽ ഏതൊരാളെയും ഒരു നിമിഷം കണ്ണടച്ച് നിന്നാസ്വദിക്കാൻ പ്രേരിതനാക്കും. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി വാദ്യഘോഷങ്ങളോടെ സ്റ്റേജിന് മുകളിലായി അഭ്യാസ പ്രകടനങ്ങൾ. പുഴക്കപ്പുറം ബിസിനസ്സ് ബേ ബ്രിഡ്ജിലൂടെ അനവരതം ഒഴുകി നീങ്ങുന്ന വാഹന വ്യൂഹങ്ങളുടെ ദൂരക്കാഴ്ചകൾ . നഗരത്തിരക്കിന്റെ ചടുലവേഗങ്ങൾക്കൊപ്പം തന്നെ പ്രകൃതിയൊരുക്കുന്ന വർണ്ണക്കാഴ്ചകളും ചേർന്നൊരുക്കുന്ന ഒരു  കൊളാഷ് . സാന്ധ്യാകാശത്തിൽ നിന്നുതിർന്നു വീഴുന്ന വർണ്ണ തുടിപ്പുകൾ പുഴ വെള്ളവുമായ് ക്രീഡയിലേർപ്പെട്ട് തളർന്ന് അലകളിൽ അലിഞ്ഞ് അപ്രത്യക്ഷമാവുന്നു. ദൂരെ ബുർജ് ഖലീഫയുടെ മിനാരങ്ങളോട് യാത്ര പറഞ്ഞു തുടങ്ങുന്ന സൂര്യന്റെ അവസാന കിരണങ്ങൾ രാത്രിയുമായി സന്‌ധിയിലേർപ്പെടുന്നു.

ഫെസ്റ്റിവൽ സിറ്റി മോളിൽ നിന്നുമുള്ള അബ്ര ടൂറുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടത് തന്നെയാണ്.   അതിന്റെ റൂട്ട് ദുബായ് കനാൽ ധോ ക്രൂയിസിൽ നിന്ന് വ്യത്യസ്തമാണ്. ഈ യാത്രയിൽ നമ്മൾ കനാലിലൂടെ നീങ്ങുമ്പോൾ റാസ് അൽ ഖോർ സാങ്ച്വറി, ബിസിനസ് ബേ,   ബുർജ് ഖലീഫ, ബിസിനസ് ബേ ബ്രിഡ്ജ്, ജെഡബ്ല്യു മാരിയറ്റ് ഹോട്ടൽ, കാഴ്ചക്ക് ഏറെ ഹരം പകരുന്ന ഷെയ്ഖ് സായിദ് റോഡിലെ ഇലക്ട്രോണിക്ക് നിയന്ത്രിത വെള്ളച്ചാട്ടമുള്ള  പാലം എന്നിവ കാണാം.

സൂര്യൻ  വിട പറഞ്ഞൊഴിഞ്ഞതോടെ പുഴക്കരയെമ്പാടും ദീപാലങ്കാര പ്രഭയിൽ മുങ്ങുകയായി. അന്തരീക്ഷത്തിന് പുതിയൊരു ഭാവമേകിക്കൊണ്ട് അത് ആഘോഷ ലഹരിക്ക് ആക്കം കൂട്ടി. മുതിർന്നവരും കുഞ്ഞുങ്ങളും വരെ ആഹ്ലാദത്തിന്റെ തിരകളിലാടിയുലയുന്ന പോലെ. പുഴയിലെ ജലധാരയന്ത്രത്തിൽ നിന്നും വിവിധ വർണ്ണങ്ങളുടെ അകമ്പടിയിൽ ആകാശ മേലാപ്പിലേക്ക് ഉയർന്നു പൊങ്ങുന്ന ജലനൃത്ത കേളികൾ. ചെറുതായി മഞ്ഞു വീഴാൻ തുടങ്ങിയ അന്തരീക്ഷം. ഉത്സവത്തിമിർപ്പിന്റെ ആനന്ദമുഹൂർത്തങ്ങളെ വരവേല്ക്കുകയായി രാത്രി. 

അൽ ജദാഫിൽ നിന്നും ദുബായ് വാട്ടർ  കനാലിലേക്കുള്ള യാത്രയും അത്യന്തം ആഹ്ലാദകരമാണ്.തണുപ്പുള്ള  മാസങ്ങളിൽ  ഇവിടെ നിന്നും  വൈകുന്നേരം 5.30നുള്ള യാത്ര നടത്തുകയാണെങ്കിൽ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ സൂര്യൻ അസ്തമിക്കുന്നത് കാണാം. തണുത്ത കാറ്റേറ്റ് മറ്റെല്ലാം മറന്നുള്ള ഈ യാത്രയിൽ ആകാശം സാന്‌ധ്യ വർണ്ണങ്ങളുടെ ഉടയാടകൾ അണിയുന്നതിന്റെ മനോഹര  കാഴ്ചകൾക്ക് നമുക്ക് സാക്ഷിയവാനും കഴിയും. എല്ലാ അർത്ഥത്തിലും  ഇത്  മനോഹരമായ യാത്ര തന്നെയാണ്.

ഈ യാത്രയിൽ നമ്മൾക്ക്   ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ വരെ പോകാം (സിൽവർ ക്ലാസിൽ 40 ദിർഹം ആണ് ചാർജ്ജ്). 7 മണിക്ക് മുമ്പായി നമ്മളവിടെ എത്തിച്ചേരുന്നതോടെ പാലത്തിലെ വെള്ളച്ചാട്ടത്തിന്റെ പ്രഭാപൂരത്തോടെയുള്ള ദർശനം നമുക്ക് മുന്നിലവതരിക്കുകയായി.രാത്രി 7 മണിക്ക് വാട്ടർ കനാലിൽ ലൈറ്റ് ഷോ ആരംഭിക്കും.

ഇവിടെ നിന്ന് നമ്മൾക്ക് കനാലിനരികിലൂടെ നടന്ന് അവിടെയുള്ള ഏതെങ്കിലും പുതിയ പാലങ്ങൾക്ക് മുകളിലേക്ക് പോകാം . സന്ദർശകർക്ക് പാലത്തിന് മുകളിൽ നിന്ന് കനാലിന്റെ വശ്യ ഭംഗി ആസ്വദിക്കുന്നതോടൊപ്പം ഡൗൺ ടൗണിന്റെ വിദൂര കാഴ്ചകളും കാണാനൊക്കും. ശേഷം  15 മിനിറ്റോളം നടന്നാൽ അടുത്തുള്ള മെട്രോ സ്റ്റേഷനായ ബിസിനസ് ബേയിൽ നിന്നും തിരികെ പോരാം. കുറഞ്ഞ ചിലവിൽ ദുബായ് കനാലും പരിസരങ്ങളും കാണാൻ ഈ യാത്രയായിരിക്കും ഏറെ ഉപകരിക്കുക. കൂടുതൽ പണച്ചിലവുള്ള ക്രൂയിസുകളും യാച്ചുകളും ഒഴിവാക്കിയുള്ള ഇത്തരം യാത്രകളാണ് ഏറെ അഭികാമ്യവും.

ക്രീക്ക് ഹാർബർ

നിറഞ്ഞൊഴുകുന്ന പുഴയുടെ സാന്നിദ്ധ്യത്തെ മാത്രമല്ല അതിന്റെ നീണ്ടു കിടക്കുന്ന ഓരങ്ങളുടെ സമൃദ്ധിയെ കൂടി ഫലപ്രദമായി ചൂഷണം  ചെയ്ത് കാഴ്ചകളുടെ നിറവെട്ടത്തിലേക്കെത്തിക്കാനായി പുതുതായി രൂപം കൊണ്ട ഒരു സംരംഭം ആണ് ക്രീക്ക് ഹാർബർ.  ഇവിടേക്കുള്ള പ്രവേശനമാർഗ്ഗം തയാറായി വരുന്നതേയുള്ളു എന്നതിനാൽ ആളുകൾക്ക് സുഗമമായി എത്താൻ ചെറിയ തടസ്സങ്ങളുണ്ട്. എങ്കിലും അതിമനോഹരമായ ഒരു സൂര്യാസ്തമയത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുമ്പോൾ തീരം ജനനിബിഡമായിരുന്നു. ദൂരെ ബുർജ് ഖലീഫയെ  മറച്ചും തെളിച്ചും പ്രത്യക്ഷപ്പെട്ടിരുന്ന മഴക്കാറുകൾക്കിടയിലൂടെ തലനീട്ടുന്ന അസ്തമയ സൂര്യന് ഒരു  വ്യാകുല ഭാവം. എങ്കിലും നൂറുകണക്കിന് ക്യാമറാകണ്ണുകൾ ആ ദൃശ്യത്തിന് നേരെ ഒരേ ദിശയിൽ നില കൊണ്ടു. പലയിടങ്ങളിലായി വിനോദങ്ങളിലും കാഴ്ചകളിലും ഏർപ്പെട്ടിരുന്നവരത്രയും പുഴയോരത്ത് നിർന്നിമേഷരായി ഒരു പകൽ കൂടി വിട പറയുന്നതിന് സാക്ഷികളാവാൻ ഒത്തു കൂടി. ഇടയിലൊന്ന് തെളിഞ്ഞപ്പോൾ പുഴയുടെ പ്രതലത്തിലേക്ക്  തന്റെ പ്രതിബിംബത്തെ ചേർത്തുവെക്കാൻ സൂര്യൻ മറന്നില്ല. അലയിളക്കിക്കൊണ്ട് കടന്ന് പോയ സ്പീഡ്ബോട്ടുകളിലൊന്ന് തീർത്ത ജലത്തിന്റെ അനുരണനങ്ങളിൽ സൂര്യകിരണങ്ങൾ ഇളകിയാടി. 



ദൂരെ ക്രീക്ക് മെട്രോ സ്റ്റേഷൻ ദൃശ്യമാവുന്നുണ്ട്. പക്ഷെ, അത് പുഴക്കക്കരെയാണ്.  മെട്രോ, പുഴയും കടന്ന് ഇങ്ങോട്ട് നീളുന്നതോടെ ടൂറിസ്റ്റുകളുടെ പ്രവാഹം ഇവിടെയുണ്ടാകും എന്ന് നമുക്കൂഹിക്കാം. ബുർജ് ഖലീഫയുടെ ഉയരങ്ങളെ മറികടക്കും വിധം സജ്ജമായിക്കൊണ്ടിരിക്കുന്ന ക്രിക്ക് ടവറിന്റെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും ആ ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. 

പുഴക്ക് സമാന്തരമായി നിരനിരയായി നട്ടുപിടിപ്പിച്ചിരിക്കുന്ന ഈന്തപ്പനകൾ പുഴയിൽ നിന്നും ഇടവിടാതെ വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റിൽ കിന്നാരമോതി. കാറ്റിലൂടെ പടർന്ന  സാന്ദ്രമായ സംഗീതം പനമ്പട്ടകളിൽ സീൽക്കാര ശബ്ദവുമായ് ഇടകലർന്നു.  വൃത്തിയുള്ള നടവഴികളിലൂടെ കുഞ്ഞുങ്ങൾ ആർത്തുല്ലസിച്ചു. യുവമിഥുനങ്ങൾ കൈകൾ പരസ്പരം കോർത്തു ഏതോ അനുഭൂതികളിൽ ലയിച്ചിട്ടെന്ന പോലെ പരിസരം മറന്നു നടന്നു. വിവാഹ പൂർവ്വ ഫോട്ടോ ഷൂട്ടിനെത്തിയവരെ വെച്ച് പല ആംഗിളുകളിലായി ഷോട്ടെടുക്കുന്ന ക്യാമറാമാൻമാർ പ്രകൃതിഭംഗിയുടെ ധാരാളിത്തം കണ്ട് അന്ധാളിപ്പിലായ പോലെ ക്യാമറാ സ്റ്റാൻഡും തൂക്കി അവിടവിടെ നടക്കാൻ തുടങ്ങി. പുഴയിലങ്ങോളമിങ്ങോളം  സ്പീഡ് ബോട്ടുകൾ വട്ടമിട്ടു പറന്നു. അവയുതിർത്ത  ഓളങ്ങൾ ഹാർബറിന്റെ തീരങ്ങളിൽ വന്നലച്ചമർന്നു. സൂര്യന്റെ അവസാന ഭാഗവും ദൂരെ ബുർജ് ഖലീഫയുടെ പിന്നാമ്പുറങ്ങളിൽ അലിഞ്ഞില്ലാതായി.

മദീനത്ത് ജുമൈറ

കാഴ്ചകളിൽ പതിഞ്ഞ ഓരോ വാട്ടർ ഫ്രണ്ട്  വേദികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് മദീനത്ത് ജുമൈറയും  അറേബ്യൻ റിസോർട്ടും നമുക്ക് മുന്നിലവതരിപ്പിക്കുന്നത്.   ദുബായിലെ ഏറ്റവും വലിയ 5 സ്റ്റാർ റിസോർട്ടാണ് ഇവിടെയുള്ളത്. സാധാരണ സന്ദർശകർക്ക് അതൊരു വിഷയമായി തീരുന്ന സംഗതിയല്ലെങ്കിലും അതിന് ചുറ്റുമുള്ള വിശാലമായ, നയന സുന്ദരങ്ങളായ ലാൻഡ്സ്കേപ്പുകളും പൂന്തോട്ടങ്ങളും നമുക്ക് തീർച്ചയായും ഒരു പുതിയ അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. മൂന്ന് കിലോമീറ്ററുകളോളം നീളുന്ന ചെറിയ കൈത്തോടുകളും അതിലൂടെ അലസമായി ഒഴുകി നീങ്ങുന്ന ബോട്ടുകളും ഒരു ചെറു യാത്രക്ക് നമ്മെ പ്രേരിപ്പിക്കും വിധം ആകർഷണീയമാണ്. മദീനത്ത് ജുമൈറയിൽ ഉച്ചതിരിഞ്ഞ് ചെലവഴിക്കുന്ന വേളയിൽ ഏറെ ആസ്വാദ്യകരമായി തീരും  ഈ യാത്ര.


മദീനത്ത് ജുമൈറ ഒരു പരമ്പരാഗത അറേബ്യൻ പട്ടണമായി തന്നെയാണ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനുള്ളിലെ വെളിച്ച ക്രമീകരണങ്ങളിലും ഷോപ്പുകളുടെ നിർമ്മിതികളിലും ഒരു പൗരാണിക ഭാവം മൊത്തത്തിൽ ചൂഴ്ന്ന് നില്ക്കുന്നതായി നമ്മൾക്ക് കണ്ടെത്താനാകും. സുവനീർ ഗിഫ്റ്റ് ഷോപ്പുകൾ, ആഡംബര ഫാഷൻ, ജ്വല്ലറി ഔട്ട്‌ലെറ്റുകൾ, പെർഫ്യൂം സ്റ്റോറുകൾ എന്നിവയുടെ സമന്വയത്തോടെ അറേബ്യൻ ഷോപ്പിംഗ് സ്റ്റാൻഡുകൾ,  സ്റ്റാളുകൾ എന്നിവ സംയോജിപ്പിച്ച് സൂക്ക് മദീനത്ത് ജുമൈറയുടെ പരമ്പരാഗത മാർക്കറ്റ് ശൈലിയിലുള്ള സമുച്ചയത്തിലൂടെയാണ് നമ്മൾ കടന്ന് പോകുക.  സൺഗ്ലാസ് ഷോപ്പുകളും ഫാർമസികളും പഴയ ദുബായ് സൂക്കുകളുടെ പരമ്പരാഗത സ്വഭാവം നിലനിറുത്തുന്നവയല്ലെങ്കിലും അവ മൊത്തത്തിലുള്ള ഈ പ്രാചീന നഗര സ്വഭാവത്തിന് അഭംഗിയായി തീരുന്നവയല്ല.

ഓരോ ഇഞ്ചിലും, ഓരോ ചുവടിലും വ്യത്യസ്ത കൈവരുത്തുന്നതിൽ ദുബായ് പുലർത്തുന്ന നിഷ്കർഷത ഇവിടെ ശരിക്കും നമ്മൾ അനുഭവിച്ചറിയും. മണിക്കൂറുകളോളം ഉള്ളിൽ ചുറ്റിത്തിരിയുമ്പോൾ പഴമയുടെ ഗൃഹാതുരത പേറുന്ന ഒരന്തരീക്ഷം നമ്മൾക്ക് രുചിച്ചറിയാനായിട്ട് കഴിയുന്നുണ്ട്. ഒടുവിൽ പുറത്തേക്കിറങ്ങുമ്പോൾ ഒരു നവലോകത്തിലേക്ക് പൊടുന്നനെ നമ്മൾ പറിച്ചു വെക്കപ്പെട്ട പോലെയും തീർച്ചയായും നമ്മൾക്ക് തോന്നും.ജുമൈറ ബീച്ച് ഹോട്ടൽ, ബുർജ് അൽ അറബ്, വൈൽഡ് വാഡി വാട്ടർ പാർക്ക് എന്നിവയോട് ചേർന്ന് രണ്ട് കിലോമീറ്റർ നീളുന്ന സ്വകാര്യ ബീച്ച് ഫ്രണ്ടിലാണ് മദീനത്ത് ജുമൈറ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിപ്പെടാൻ എളുപ്പമാർഗ്ഗം റെഡ് ലൈൻ മെട്രോയാണ്.  മോൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റർ അകലെയാണ് ഇത്.

വാട്ടർ ഫ്രണ്ട് മാർക്കറ്റ്

ദുബായിലെ ദേര കോർണിഷിനോട് ചേർന്നുള്ള വാട്ടർ ഫ്രണ്ട് മാർക്കറ്റിന്റെ കവാടത്തിൽ നമ്മെ എതിരേല്ക്കുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഷോപ്പിങ്ങ് മോളിലേക്കുള്ള പ്രവേശന സൗകര്യങ്ങളാണ്. വർഷങ്ങളോളം ദുബായ് ഗോൾഡ് സൂക്കിന്റെ സമീപത്ത് പ്രവർത്തിച്ചിരുന്ന ഫിഷ് മാർക്കറ്റാണ് ഇതിനുള്ളിലെ പ്രധാന ആകർഷണം. ശീതികരിച്ച വിശാലമായ ഫിഷ് മാർക്കറ്റ് വൃത്തിയും വെടിപ്പും കൊണ്ട് ശ്രദ്ധേയമാണ്. മത്സ്യങ്ങളൊന്നും തന്നെ വാങ്ങാൻ അല്ലെങ്കിൽ പോലും ലോകോത്തര നിലവാരത്തിലുള്ള ഈ മാർക്കറ്റ് ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്. ലോകത്തിലേറ്റവുമധികം മത്സ്യസമ്പത്തുള്ള ഒമാൻ തീരങ്ങളിൽ നിന്നുമാണ് ഇവിടെ മത്സ്യങ്ങൾ എത്തുന്നത്. നിരനിരയായിട്ടുള്ള സ്റ്റാളുകളിൽ വ്യത്യസ്ത മത്സ്യങ്ങളുടെ ശ്രേണികൾ നമ്മളെ തീർത്തും അത്ഭുത പരതന്ത്രരാക്കും. എഴുപത് ശതമാനം കച്ചവടക്കാരും മലയാളികൾ തന്നെയാണ്.

ദുബായിൽ ചെറുകിട മത്സ്യ മാർക്കറ്റുകൾ ഉണ്ടെങ്കിലും അവ കണ്ടെത്താൻ  ബുദ്ധിമുട്ടാണ്. കാരണം ഇവിടെ പുതിയ സമുദ്രവിഭവങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾ പൊതുവേ കുറവാണ്.  അതിനാൽ സാധാരണയായി വലിയ സൂപ്പർമാർക്കറ്റുകളെയാണ് ആളുകൾ മത്സ്യവിഭവങ്ങൾക്കായി ആശ്രയിക്കാറ്. 

ദേര കോർണിഷിനരികിൽ ദുബായ് ഹോസ്പിറ്റലിന് എതിർവശത്തായിട്ടുള്ള മത്സ്യ മാർക്കറ്റ്  പുതിയതും മികച്ചതുമായ ഈ സൗകര്യത്തിലേക്ക് മാറ്റിയത് 2017 ലാണ്.  വാട്ടർഫ്രണ്ട് മാർക്കറ്റ് എന്നാണ് ഇതിപ്പോൾ അറിയപ്പെടുന്നത്. സമുദ്രോൽപ്പന്നങ്ങൾക്കായി  നിർമ്മിച്ച അതി സുന്ദരമായ ഒരു ചന്തസ്ഥലം. ഇവിടെ വ്യത്യസ്ത കച്ചവടക്കാരിൽ നിന്നും നമ്മൾക്ക്  ഏറ്റവും പുതിയ മത്സ്യങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങാൻ‌ കഴിയും. 

സമുദ്രവിഭവങ്ങളെ കൂടാതെ , പച്ചക്കറി, പഴവർഗ്ഗങ്ങൾക്കും മറ്റ് ഇറച്ചി ഉൽപന്നങ്ങൾക്കും വിശാലമായ മറ്റ് രണ്ട് ഹാളുകളുമുണ്ട്. ഇത് കൂടാതെ മാർക്കറ്റിന്റെ മധ്യഭാഗത്തായി  ചരക്കുകൾ, വസ്ത്രങ്ങൾ  എന്നിവ വിൽക്കുന്ന വിവിധ സ്റ്റാളുകൾക്കുള്ള ഒരു ഹാൾ. വാട്ടർഫ്രണ്ട് മാർക്കറ്റിന് പുറത്ത്, ക്രീക്ക് ഭാഗത്തിന് സമീപം, ആളുകൾക്ക് ഭക്ഷണം കഴിക്കാനും ക്രീക്കിന്റെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാനും റെസ്റ്റോറന്റുകളും .

ക്രീക്കിൽ ഹോർമുസ് ഉൾക്കടലിൽ നിന്നടിച്ചു വരുന്ന കാറേറ്റ് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേര പാം എന്ന ബൃഹത്തായ ദ്വീപ സമൂഹങ്ങളെ കാഴ്ചയിലേക്ക് സ്വീകരിക്കുമ്പോൾ നമ്മൾ ഒരു മത്സ്യ മാർക്കറ്റിന്റെ വേറൊരു ഭാഗത്താണെന്ന കാര്യം പോലും മറന്ന് പോകുന്നു. 

മാർക്കറ്റിന്റെ ഉൾഭാഗമത്രയും വളരെ വൃത്തിയുള്ളതാണ്. അത് അങ്ങനെ നിലനിർത്തുന്നതിൽ മുനിസിപ്പാലിറ്റിയുടെ കർശന നിയമങ്ങൾ തന്നെ കാരണം. മത്സ്യത്തിന്റെ ഗന്ധം ഉണ്ടെങ്കിലും അത് സഹനീയമാണ്. 

മാർക്കറ്റിന് പുറത്ത്, ക്രീക്ക് ഭാഗത്ത്,  നേരത്തെ സൂചിപ്പിച്ചതുപോലെ, നമ്മൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും കടലിന്റെ ശാന്തത ആസ്വദിക്കാനും കഴിയുന്ന റെസ്റ്റോറന്റുകൾ . നമ്മൾ വാങ്ങിക്കൊടുക്കുന്ന മത്സ്യങ്ങൾ  നമ്മൾക്ക് ഇഷ്ടമുള്ള തരം വിഭവങ്ങളാക്കി പാചകം ചെയ്ത് തരുന്ന സംവിധാനമുള്ള റെസ്റ്റോറന്റും ഉണ്ട്. 

                                                                        #########

Share this story

Comments (6)

  • RAMYA

    19 February 2021

    It gives a complete picture of Dubai. The intimate knowledge about the city enables you to describe it as if the whole city is on your palm. Amazing

  • Mohmed Najib

    19 February 2021

    Thank You Ramya,l really appreciate your genuine comment.

  • Mohmed Najib

    19 February 2021

    Thank You Ramya, I really appreciate your genuine comment.

  • Anonymous

    21 February 2021

    ഇത്രയും വർഷത്തെ ദുബായ്.നല്ല വിവരണം.superb

  • Anonymous

    7 March 2021

    Najibka Superb write up...all the best wishes bro By your old room mate

  • Mohmed Najib

    8 March 2021

    Thank You Basheer Bhai....