9 April 2021 · 13 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ - അഞ്ച്.

 മിറക്ക്ൾ ഗാർഡൻ

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലോകത്തിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യാ ലാൻഡ്‌മാർക്കുകൾ, പടുകൂറ്റൻ ഷോപ്പിംഗ് മോളുകൾ, മികച്ച തീം പാർക്കുകൾ എന്നിവയാൽ സമൃദ്ധമാണ് ദുബായ് . എന്നാൽ അതിനുമപ്പുറം  ദുബായിൽ നമുക്ക് കണ്ടെത്താനായി കൂടുതൽ അവിസ്മരണീയമായ നിരവധി കാഴ്ചകളും നമ്മെ കാത്തിരിക്കുന്നുണ്ട്.

അത് കൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകൃതിദൃശ്യങ്ങൾ സ്വാംശീകരിക്കുന്നതിനായി, അതിൽ മുഴുകി നടക്കുന്നതിനായി നമ്മൾ ഒരു പാട് ദൂരത്തേക്ക് പോകേണ്ടതില്ല.   വാക്കുകൾക്ക് അതീതവും വിസ്മയാവഹവുമായ അത്തരം ഇടങ്ങളിൽ ഒന്നാണ്  ദുബായ് മിറക്ക്ൾ ഗാർഡൻ.   ഇത് ദുബായിലെ മരുഭൂവിന് മദ്ധ്യേ സ്ഥിതിചെയ്യുന്നുവെന്നു കൂടി കണക്കിലെടുക്കുമ്പോൾ ഏറെ അതിശയകരമായ കാഴ്ചയായി തന്നെ നമുക്കനുഭവപ്പെടും.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനമാണിത് എന്ന് കൂടി അറിയുമ്പോൾ നമ്മുടെ അത്ഭുതത്തിന്റെ വ്യാപ്തി വീണ്ടും വർദ്ധിക്കും.

ഒരു പക്ഷേ ദുബായിലെ മിറക്കിൾ ഗാർഡനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നത് ഇതാദ്യമായിരിക്കില്ല. മിക്കവാറും നിങ്ങൾ ഇതിനകം അവിടം സന്ദർശിച്ചവരുമാകാം. അല്ലെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകളിലാകാം. എന്ത് തന്നെയായാലും ഒരിക്കൽ ദുബായി സന്ദർശിക്കാനവസരം ലഭിച്ചാൽ നമുക്കൊരിക്കലും ഒഴിവാക്കാൻ തോന്നാത്ത ഒരിടമായിരിക്കും ഈ സ്വർഗ്ഗീയ പൂന്തോപ്പ്. 

ദുബായിലെ അൽ ബർഷയിൽ ദുബായ് ലാൻഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ദുബായ് മിറക്കിൾ ഗാർഡൻ  ഇതിനകം എട്ട് വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. 2013  ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനത്തിൽ ആരംഭിച്ച ദുബായ് മിറക്കിൾ ഗാർഡൻ ഓരോ തവണയും വൈവിധ്യങ്ങളാൽ വിസ്മയം തീർക്കുക വഴി  ശ്രദ്ധേയമായി തീരുകയാണ്. എല്ലാ വർഷവും നവമ്പർ മുതൽ മെയ് പകുതി വരെയാണ് ഇത് സന്ദർശകർക്കായി തുറന്ന് കൊടുക്കുക.  എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണ് ഈ പാർക്കിന് .

ഓരോ സീസണിലും 110 കോടിയോളം പൂക്കളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. ഇവയിൽ തന്നെ 10 കോടി പൂക്കൾ പൂന്തോട്ടത്തിൽ  തന്നെ പൂത്തു വിടരുന്ന വിധത്തിലുള്ളവയായിരിക്കും. 70 തരത്തിലുള്ള പുഷ്പ ഇനങ്ങൾ പാർക്കിൽ തന്നെ ഉണ്ട്. വ്യത്യസ്ത പുഷ്പ ഡിസൈനുകൾ, ഘടനകൾ, സവിശേഷതകൾ എന്നിവ ഈ പൂക്കളാൽ ഒരുക്കപ്പെട്ടിരിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ആഹ്ലാദമുയർത്തും  വിധമാണ്. ശരാശരി പതിനായിരം സന്ദർശകർ ദിവസവും ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട് എന്നാണ് കണക്ക്. അത് വഴി ദുബായ് ലാൻഡിന്റെ സിഗ്നേച്ചർ സൃഷ്ടികളിൽ ഒന്നായി മാറിയിരിക്കുകയാണ്  മിറക്കിൾ ഗാർഡൻ.

വർണ്ണാഭമായ കമാനങ്ങളായും വ്യത്യസ്ത പാറ്റേണുകളിലുമായി ക്രമീകരിച്ചിരിക്കുന്ന  ഈ  പൂത്തുലഞ്ഞ തോട്ടം അവ രൂപപ്പെടുത്തുന്ന എണ്ണമറ്റ ആകൃതികൾ കൊണ്ട് തന്നെ തീർത്തും അതിശയം ജനിപ്പിക്കുന്നതാണ്. ദുബായ് മിറക്കിൾ ഗാർഡന്റെ  ലാൻഡ്‌ സ്‌കേപ്പിംഗ്  2013 ൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ  ഉദ്യാനത്തിനുള്ള രണ്ട് ഗിന്നസ് റെക്കോർഡുകളാണ് നേടിയത്. തുടർന്ന് 2016 ൽ  എ 380 വിമാനത്തിന്റെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ശില്പത്തിനുള്ള അവാർഡും നേടി. ബുർജ് ഖലീഫ, ഈഫൽ ടവർ തുടങ്ങി വാസ്തുവിദ്യകളുടെ മോഡലുകൾ, ചില പക്ഷികൾ മൃഗങ്ങൾ എന്നിവയുടെ ആകൃതികൾ എല്ലാം തന്നെ പൂക്കളാൽ അലംകൃതമാക്കപ്പെട്ടവയായിട്ടുണ്ട്. ഹൃദയത്തിന്റെ ആകൃതിയിലുള്ള പൂക്കൾ, പൂക്കൾ കൊണ്ട് പൊതിഞ്ഞ ചിത്രശലഭങ്ങൾ, ടെഡി ബിയറുകൾ, വീടുകൾ അങ്ങനെ പറഞ്ഞാൽ തീരാത്തത്ര വിപുലമായ നിലയിലുള്ള പൂക്കളാൽ പൊതിയപ്പെട്ട കൗതുകമുണർത്തുന്ന രൂപങ്ങൾ .

ഒരു മരുഭൂമിയുടെ നടുവിൽ ഇത്രയും വലിയ  പൂന്തോട്ടം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്താണ്. എന്തിലും വ്യത്യസ്ത പുലർത്തുകയും അത് നിലനിറുത്താനുള്ള വ്യഗ്രതയിൽ അണുവിട പോലും വിട്ടുവീഴ്ച ചെയ്യാൻ തയാറല്ലാത്തതുമായ ദുബായ് ,  മരുഭൂമിയുടെ മന്ദഹാസമായി പൊലിപ്പിച്ചെടുത്ത ഈ ഉദ്യാനത്തിന്റെ കാര്യത്തിലും അത്ര തന്നെ സ്ഥൈര്യം നിലനിറുത്തുന്നു.

ഒരു ബൊട്ടാണിക്കൽ ഗാർഡന്റെ തലത്തിലേക്ക്  സ്വയം ഉയർത്തപ്പെടുന്നില്ലെങ്കിലും ഇത് ഏറെ ആഹ്ലാദകരമായ ചുറ്റുപാടുകൾ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. കുട്ടികൾ മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ തന്നെ ഏറെ കൗതുകകരമായി മണിക്കൂറുകൾ നമുക്കിവിടെ ചിലവഴിക്കാനാകും. വാരാന്ത്യങ്ങളിലെ തിരക്കുപിടിച്ച സന്ദർശനങ്ങളേക്കാൾ ഉചിതമാവുക സാധാരണ പ്രവൃത്തി ദിവസങ്ങൾ തന്നെയാണ്. ഇവിടേക്ക് എത്തിപ്പെടാനുള്ള എളുപ്പമാർഗ്ഗം:  റെഡ് ലൈൻ മെട്രോയിൽ ദുബായ് മോൾ വന്നാൽ അവിടെ നിന്നും  ബസ്സ് ഓരോ പത്ത് മിനിറ്റിലും .

വ്യത്യസ്തയിനങ്ങളിൽ പെട്ട അനേകായിരം പൂക്കൾക്കിടയിൽ മിറക്ക്ൾ ഗാർഡനെ ഏറെ ആകർഷകമാക്കുന്ന ഒരിനമാണ് പെറ്റ്യൂണിയ പൂക്കൾ. ഇവ കടുത്ത ചൂടിലും പുതുമ നിലനിറുത്തി തോട്ടത്തെ ആകെ മനോഹരമാക്കി നിറുത്തുന്നു. പുഷ്പ പ്രദർശനത്തിലും പൂക്കളാൽ നിർമ്മിതമായ തീമുകൾക്കും പെറ്റൂണിയ പൂക്കൾ നല്കുന്ന സംഭാവനകൾ ഒട്ടും ചെറുതല്ല. ഈ പുഷ്പങ്ങൾ ദുബായ് മിറക്കിൾ ഗാർഡനെ കൂടുതൽ മനോഹരമാക്കുന്നു. ശരിക്കും ഈ പൂന്തോട്ടത്തിലെ മൊത്തത്തിലുള്ള പുഷ്പ പ്രദർശനങ്ങളുടെ അവിഭാജ്യ ഘടകമാണ് പെറ്റൂണിയ പുഷ്പങ്ങൾ . ഇവ മിറക്കിൾ ഗാർഡനിലെ പുഷ്പ തീമുകളുടെ നിർമാണ ബ്ലോക്കുകളാണെന്ന് നിസ്സംശയം പറയാനാവും. പുഷ്പ ശില്പങ്ങൾ, പുഷ്പ തീമുകൾ, പുഷ്പ മോഡലുകൾ, കെട്ടിടം, പുഷ്പ കിടക്കകൾ, ദുബായ് മിറക്കിൾ ഗാർഡനിലെ നടപ്പാതകൾക്കോരങ്ങളിൽ പോലും പെറ്റൂണിയ പൂക്കളാണധികവും. എങ്കിലും ഗാർഡനിലെ പൂക്കളുടെ മുഖ്യ ഇനമാണ് പെറ്റൂണിയ പൂക്കൾ എന്നൊന്നും പറയാനാവില്ല.  പൂന്തോട്ടം നൂറിലേറെ  ഇനം പൂക്കളാലാണ് അലങ്കരിച്ചിരിക്കുന്നത്.

ദുബായ് മിറക്കിൾ ഗാർഡനിൽ ഈ പൂക്കൾ  ഉപയോഗിക്കുന്നതിന്റെ  പ്രധാനമായ കാരണം അവയുടെ നിറങ്ങൾ തന്നെയാണ്. പെറ്റൂണിയ പൂക്കൾ ഒരു ഡസനിലധികം നിറങ്ങളിൽ നമുക്കിവിടെ കണ്ടെത്താൻ കഴിയും. ഇവ പ്രദാനം ചെയ്യുന്ന വർണ്ണ വൈവിധ്യങ്ങൾ  തോട്ടത്തെ ഏറെ വർണ്ണാഭമാക്കിത്തീർക്കുന്നു. വെള്ള, ചുവപ്പ്, നീല, പർപ്പിൾ, മഞ്ഞ തുടങ്ങിയവയാണധികവും. 

ഒരു സായാഹ്നത്തിന്റെ നിറപ്പകർച്ച നല്കുന്ന വർണ്ണ വൈവിധ്യങ്ങൾ തങ്ങളിലേക്കാവാഹിച്ചെടുത്ത് ഇളം കാറ്റിലാടിയുലയുന്ന പുക്കൾക്കിടയിലേക്ക് ഇത് മൂന്നാം തവണയാണ് ഞങ്ങൾ കടന്ന് വരുന്നത്. ഓരോ കാഴ്ചയിലും വ്യത്യസ്തമായ ദൃശ്യങ്ങളാണ് മിറക്ക്ൾ ഗാർഡൻ നമുക്ക് മുന്നിലവതരിപ്പിക്കുന്നത്. നമ്മോട് മന്ദഹാസത്തിലൂടെ സംവദിക്കുന്ന ഓരോ പൂവും ഒരു വസന്തത്തിന്റെ ശോഭ തന്നെ നമ്മുടെ മനസ്സിലേക്കും പ്രസരിപ്പിക്കുന്നുണ്ട്.

                മുഷ്റിഫ് പാർക്ക്

നഗരത്തിൽ നിന്നും 15 കിലോമീറ്ററോളം മാറി ഖവാനീജ് പ്രദേശത്താണ് മുഷ്റിഫ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ദുബായിലെ മറ്റ് പൊതു പാർക്കുകളേക്കാൾ ഇവിടെ എത്തിച്ചേരുന്നതിന് ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും പക്ഷേ ഏറെ രസകരമാണ് ഇവിടത്തെ അന്തരീക്ഷം.ഫാമിലി പിക്നിക്കുകൾക്കും ഇടതൂർന്ന മരങ്ങൾക്കടിയിലൂടെ സഞ്ചരിച്ച് പാർക്കിന് പുറത്തെ താപനിലയെ കുറെ നേരത്തേക്കെങ്കിലും മറക്കാനും പറ്റിയ മികച്ച സ്ഥലമാണ് മുഷ്‌രിഫ് പാർക്ക്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള വീടുകളുടെ 13 മോഡലുകൾ ഉൾക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര ഗ്രാമമാണ് മുഷ്‌രിഫ് പാർക്കിന്റെ ഒരു സവിശേഷ ആകർഷണം.തായ്ലൻഡ്, ചൈന, ഇംഗ്ലണ്ട്, നെതർലാന്റ്സ്, ഇന്തോനേഷ്യ, ബർമ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ മോഡലുകളാണ് ഇവക്കായി ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ ഇലക്ട്രോണിക് ഗെയിമുകൾ, ബാർബിക്യൂ, ട്രിപ്പ് ഏരിയകൾ, സ്വിമ്മിങ്ങ് പൂൾ ,(സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പൂളുകൾ. മുതിർന്നവർക്ക് 10 ദിർഹം, കുട്ടികൾക്ക് 5 ദിർഹമും) ചൈൽഡ് ഗെയിംസ് ഏരിയകൾ, കായിക കളിസ്ഥലം (ബാസ്കറ്റ് ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ എന്നിവയുൾപ്പെടെ), നടത്തം, സൈക്കിൾ ട്രാക്കുകൾ, പ്രാർത്ഥന മുറികൾ, ഹരിത പ്രദേശങ്ങൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, കുട്ടികൾക്കു ട്രെയിൻ സവാരി അവസരങ്ങൾ, ഒട്ടകം, കുതിര സവാരി, പാർക്ക് തിയേറ്റർ എന്ന് വേണ്ട കുടുംബങ്ങൾക്ക് ആർത്തുല്ലസിക്കാനാവുന്ന സൗകര്യങ്ങളോടെ വിസ്തൃതമായ നിലയിലാണ് ഈ പാർക്കിന്റെ സംവിധാനം.


പുൽത്തകിടികൾ നിറഞ്ഞ മദ്ധ്യഭാഗങ്ങളും അതിന്റെ ചുറ്റുമായി ഗാഫ് മരങ്ങൾ (യുഎഇയുടെ ദേശീയ വൃക്ഷം) കൊണ്ട് നിബിഡമായ വനപ്രദേശവും ഒരു കൊച്ചു കാടിന്റെ ഭംഗി നമുക്ക് പ്രദാനം ചെയ്യും. അതിനിടയിലൂടെയൊഴുകുന്ന കുഞ്ഞരുവികളും കിളിനാദങ്ങളും എല്ലാം തന്നെ നമ്മളിൽ ഒരു മാസ്മര പ്രതീതി ഉളവാക്കും. പരമ്പരാഗത അറേബ്യൻ ജീവിതരീതിയിലേക്ക് സന്ദർശകർക്ക് എത്തിനോക്കാനാവും വിധം കുതിര, ഒട്ടക സവാരി പ്രദേശങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമേറി യഥേഷ്ടം സവാരി നടത്താൻ കഴിയും. ഒപ്പം ഈ വിനോദയാത്ര ആസ്വദിക്കുന്നതിനിടയിലും ബെഡൂയിൻ ജീവിതശൈലി അറിയാൻ ഉള്ള അവസരം കൂടി ഇതിലൂടെ നമുക്ക് ലഭ്യമാകും. അവധിക്കാലം, ഈദ്, മറ്റ് പ്രത്യേക അവസരങ്ങളിൽ സംഗീത കച്ചേരികളും മറ്റ് വിനോദ പരിപാടികൾ നടത്താനുമുതകും വിധം 500 പേർക്ക് ഇരിക്കാവുന്ന തിയേറ്ററും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. 

ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ജ്യോതിശാസ്ത്ര ഗവേഷണ വിഭാഗവും ചേർന്നുള്ള സംരംഭമാണ് അൽ തുറായ ജ്യോതിശ്ശാസ്ത്ര കേന്ദ്രം.ഇവിടെ വലിയ ദൂരദർശിനി, നിരീക്ഷണ ഡെക്ക്, തിയേറ്റർ, കൂടാതെ ക്ലാസ് മുറികളും ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാർഗേസിംഗ് പാർട്ടികളും ഉൽക്കാവർഷ കാഴ്ചകളും ഉൾപ്പെടെയുള്ള ഇവന്റുകളുടെ സജീവ പ്രോഗ്രാം ഇത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

പതിവ് തിരക്കുകളിൽ നിന്ന് മാറി വിശാലമായ ഔട്ട്‌ഡോർ ഇടങ്ങളിൽ നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു മികച്ച സ്ഥലമാണ്. നമ്മളങ്ങനെ നടക്കുമ്പോൾ, വ്യത്യസ്ത ഇനം പക്ഷികളെയും മരുഭൂമിയിലെ സസ്യജാലങ്ങളെയും കണ്ടെത്താനാകും. സാഹസിക പ്രവർത്തനങ്ങളിൽ തല്പരരായവർക്ക് പറ്റിയ കേന്ദ്രമാണ് അവെൻ‌ചുറ. വ്യത്യസ്ത പ്രായക്കാർക്കും അവരുടെ കഴിവുകൾക്കുമായി ഇത് വിവിധ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാടുകയറി നടക്കാനിഷ്ടപ്പെടുന്ന പ്രകൃതിസ്‌നേഹികൾക്ക് തീർത്തും അസാധാരണമായ ഒരു സാഹസികത നിറഞ്ഞ സ്ഥലമാണ് ഇത് . നഗരമധ്യത്തിൽ തന്നെ ഈ പാർക്കിൽ നമ്മൾക്ക് ഇത് ആവോളം ആസ്വദിക്കാമെന്നത് അസാധാരണമായ ഒരനുഭവംതന്നെയാണ്. പാർക്കിൽഒരു മുഴുവൻ ദിവസം ചെലവഴിച്ചാൽ പോലും കണ്ട് തീർക്കാനാവാത്തവിധം വിസ്തൃതവും അതിസാഹസികത നിറഞ്ഞതുമാണ് ഈ ഒരൊറ്റ പ്രദേശം. പ്രകൃതിദത്ത ഗാഫ് വനപ്രദേശത്തിനിടയിലാണ് ഇവയത്രയും ഒരുക്കപ്പെട്ടിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സാഹസികാഭിനിവേശമുള്ളവർക്കും ഇത് രസകരവും പ്രവർത്തനപരവുമായ ലക്ഷ്യസ്ഥാനം തന്നെയാണ്.

ട്രീ ക്ലൈംബിംഗ്, റോപ്പ് സ്വിംഗിംഗ്, സിപ്പ്ലൈൻ കോഴ്സുകൾ മുതൽ ടാർസൻ ജമ്പ്, മരങ്ങളിലൂടെയുള്ള സർഫ്ബോർഡിംഗ് എന്നിവ വരെ, റേഞ്ചേഴ്സ്, എക്സ്പ്ലോറഡോർ, അവെഞ്ചുറ, ത്രില്ലർ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ഒട്ടനവധി സാഹസികവൃത്തികളിൽ നമുക്കേർപ്പെടാനാകും.
പ്രവേശന ഫീസിൽ അവെൻ‌ചുറ, കുതിരസവാരി, നീന്തൽ, ജ്യോതിശാസ്ത്ര കേന്ദ്രം എന്നിവ പോലുള്ള ആകർഷണങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും പ്രവേശനം ഉൾപ്പെടുന്നില്ല. പാർക്ക് ഒരാൾക്ക് പ്രവേശന ഫീസ് 3, കാറിന് 10 ദിർഹം. വികലാംഗർക്കും 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സൗജന്യ പ്രവേശനം. സമയം: രാവിലെ 8:00 മുതൽ രാത്രി 10 വരെ .
ബട്ടർഫ്ലൈ ഗാർഡൻ.

സ്വപ്നങ്ങളുടെയും ഫാന്റസികളുടെയും നഗരമായ ദുബായിൽ  സന്ദർശകർക്ക് ഏറ്റവും മികച്ചത് തന്നെയാണ് ഓരോയിടങ്ങളിലും ഒരുക്കപ്പെട്ടിരിക്കുന്നത്. ഓരോ പ്രോജക്റ്റുകളിലും സ്വയം വെല്ലുവിളികൾ ഏറ്റെടുക്കുകയും ഒന്ന് മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കേണ്ടതിന്റെ അനിവാര്യതയിൽ ബദ്ധശ്രദ്ധരാവുകയും ചെയ്യുന്നിന്റെ ഉദാഹരണങ്ങൾ നമുക്കെവിടെയും തൊട്ടറിയാൻ കഴിയും.

മിറക്കിൾ ഗാർഡന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ദുബായ് ബട്ടർഫ്ലൈ ഗാർഡൻ “ലോകത്തിലെ തന്നെ ഏറ്റവും വലിയ കവേഡ് ബട്ടർഫ്ലൈ ഗാർഡൻ” ആണ് . കാലാവസ്ഥാ നിയന്ത്രിതമായ  പത്ത്  താഴികക്കുടങ്ങളിലായിട്ടാണ് ഇത് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.  ഓരോ താഴികക്കുടത്തിലും ആയിരക്കണക്കിന് ഭംഗിയുള്ള ചിത്രശലഭങ്ങൾ  നിറഞ്ഞിരിക്കുന്നു. വ്യത്യസ്ത വലുപ്പത്തിലുള്ള 15000 ലധികം ചിത്രശലഭങ്ങളാണ് ഇവിടെ വർണ്ണങ്ങൾ വിതറി പാറിപ്പറക്കുന്നത്. 50 ലധികം വ്യത്യസ്ത ഇനങ്ങളിലുള്ളവയാണിവ.  വളർച്ചയുടെ ഓരോ ഘട്ടത്തിലും ചിത്രശലഭങ്ങൾ എങ്ങനെ വികാസം പ്രാപിക്കുന്നുവെന്ന് കാണാൻ ദുബായ് ബട്ടർഫ്ലൈ ഗാർഡൻ അവസരം നൽകുന്ന വിധമാണ് ഇവയൊക്കെയും സജ്ജീകരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് വർണ്ണാഭമായ സസ്യങ്ങളും പുഷ്പങ്ങളും നിറഞ്ഞ   ഇൻഡോർ, ഔട്ട്‌ഡോർ ഗാർഡനുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം സന്ദർശകർക്കും സസ്യങ്ങൾക്കും ചിത്രശലഭങ്ങൾക്കും ഒരേ പോലെയുള്ള കാലാവസ്ഥാ നിയന്ത്രിത പരിതസ്ഥിതിയാണ് നല്കുന്നത്.ബട്ടർഫ്ലൈ മ്യൂസിയം, എജ്യുക്കേഷണൽ ഏരിയ, കോയി പോണ്ട് എന്നിവയും  സന്ദർശിക്കേണ്ട പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. ഇത് ദുബായ് ബട്ടർഫ്ലൈ ഗാർഡന്റെ പൂർണ്ണ അനുഭവം നമ്മൾക്ക് നൽകുന്നു.

ആയിരക്കണക്കിന് ചിത്രശലഭങ്ങളിൽ നിന്ന് സൃഷ്ടിച്ച ദുബായ് ബട്ടർഫ്ലൈ ഗാർഡന്റെ ലോകോത്തര കരകൗശല ഡിസൈനുകൾ കണ്ടെത്താനും നമുക്കിവിടെ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ചിത്രശലഭങ്ങളുടെ അതുല്യമായ ശേഖരത്തോടൊപ്പം  മനോഹരമായി രൂപപ്പെടുത്തിയ ചിത്രങ്ങളും തൂണുകളും മറ്റും ഇവിടെ കാണാൻ അവസരമുണ്ട്.

പ്യൂപ്പൽ ഘട്ടം മുതൽ   പ്രായപൂർത്തിയാകുന്നതുവരെയുള്ള ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തെക്കുറിച്ച് എല്ലാം വിവരിച്ചു തരാനും അവ നേരിട്ട് കാണാനും കഴിയുന്നുണ്ട് ഇവിടെ. അത് വഴി രൂപാന്തരീകരണ പ്രക്രിയയെക്കുറിച്ച് നമ്മൾക്ക് ഒരു ഉൾക്കാഴ്ച ലഭിക്കും. കുട്ടികളിലേക്ക് അത് പകർന്ന് നല്കാനും നാം പ്രാപ്തരാകും.  വൈറ്റ് ആംഗിൾ-സൾഫർ, മോണാർക്ക്, റെഡ് റിം, ആഫ്രിക്കൻ രാജ്ഞി, ടെയിൽഡ് ജെയ്, കൂടാതെ മറ്റു പലതരം ചിത്രശലഭങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ കുട്ടികൾക്ക് ഏറെ പഠനോപകാരപ്രദമാണ്.12 സെന്റിമീറ്റർ വരെ നീളമുള്ള ഇവയുടെ ചിറകുകൾക്ക് 3,000 മൈലിലധികം ദൂരം സഞ്ചരിക്കാനും 1,500 അടി വരെ ഉയരത്തിൽ എത്താനും കഴിയും എന്ന അറിവ് തീർച്ചയായും നമ്മളെ വിസ്മയഭരിതരാക്കും.

ബട്ടർഫ്ലൈ ഗാർഡനിലെ ഡോം 2 ൽ സ്ഥിതിചെയ്യുന്ന കോയി പോണ്ട് വിവിധ വലുപ്പത്തിലുള്ള കോയി മത്സ്യങ്ങളാൽ സമൃദ്ധമാണ്, ഒപ്പം വിശ്രമിക്കാനും മികച്ച ചിത്രങ്ങൾ എടുക്കാനും പറ്റിയ സ്ഥലം കൂടിയാണിത്.  ഇതിന്റെ പരിസരങ്ങളിൽ നിന്നുയരുന്ന പക്ഷികളുടെ കളകൂജനങ്ങൾ  കേൾക്കുമ്പോൾ , ശാന്തമായി ഒഴുകുന്ന വെള്ളത്തിന്റെ മർമ്മരങ്ങൾ ശ്രവിക്കുമ്പോൾ നമുക്കുള്ളിൽ അറിയാതെ തന്നെ പൊട്ടി വിടരുന്ന ആഹ്ലാദം ചില്ലറയല്ല തന്നെ.

സബീൽ പാർക്ക് .

അൽ കറാമയ്ക്കും ദുബായ് വേൾഡ് ട്രേഡ് സെന്ററിനുമിടയിൽ സ്ഥിതി ചെയ്യുന്ന അൽ കിഫാഫിലാണ് സബീൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

2005 ലെ  ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നാളുകളിലാണ്   ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഇത് ദേശത്തിനായി  തുറന്ന് കൊടുത്തത്. പാർക്കിന്റെ വിസ്തൃതി 50 ഫുട്ബോൾ ഗ്രൗണ്ടുകൾക്ക്  തുല്യമാണ്. ഇത്രക്ക് വിസ്താരമേറിയ പൊതുവിനോദ കേന്ദ്രം നഗരമദ്ധ്യത്തിൽ വേറൊന്ന് കണ്ടെത്താനാവില്ല. ഏഴിടങ്ങളിൽ നിന്നാണ് ഇതിലേക്കുള്ള പ്രവേശന സൗകര്യങ്ങൾ.

നഗരത്തിലെ ഏറ്റവും വലിയ  ഈ പാർക്കിൽ സ്പോർട്സിനും  സംഗീത പരിപാടികൾക്കും ഒരു പോലെ സൗകര്യങ്ങളുള്ള സ്ഥലമാണ്. രണ്ടര കിലോമീറ്റർ ചുറ്റളവിൽ ജോഗിംഗ് ട്രാക്ക്, കാൽ‌നട ട്രാക്കുകൾ,  സ്കേറ്റ്ബോർഡിംഗ് പാർക്ക്, ബാർബിക്യൂ, പിക്നിക് ഏരിയകൾ, ഒരു ബോട്ടിംഗ് തടാകം, തടാകക്കരയിലെ റെസ്റ്റോറന്റുകൾ, ഐസ് സ്കേറ്റിംഗ്, ഒരു മിനി ക്രിക്കറ്റ് പിച്ച്, ഗോൾഫിംഗ് ഏരിയ, തണലുള്ള ഇരിപ്പിടങ്ങൾ എന്നിവയാൽ സംപൂരിതം. കുട്ടികളുടെ കളിസ്ഥലങ്ങൾ.  എക്സിബിഷൻ ഗാലറി, പ്രാർത്ഥന മുറികൾ, ഫിറ്റ്നസ് സെന്റർ, വിവിധ സ്മാരകങ്ങൾ എന്നിവ വേറെയും.  മൂന്ന് സോണുകൾ ഉൾക്കൊള്ളുന്ന (ആൾട്ടർനേറ്റീവ് എനർജി സോൺ, കമ്മ്യൂണിക്കേഷൻ സോൺ, ടെക്നോ സോൺ) വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ ഡിസ്പ്ലേകൾക്കുള്ള  ഒരു സാങ്കേതിക അധിഷ്ഠിത തീമും ഈ പാർക്കിനോട് അനുബന്ധമായിട്ടുണ്ട്. എഡ്യൂടൈൻമെന്റ് പ്രവർത്തനങ്ങൾക്കായി ഒരു 3D സിനിമയും ഇവിടെ നമുക്ക് കണ്ടെത്താനാകും.

പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി 14  ഇനങ്ങളിലുള്ള 7,000 വൃക്ഷങ്ങൾക്ക് പുറമേ മൂവായിരത്തിലധികം ഈന്തപ്പനകൾ പാർക്കിന്റെ തുറസ്സിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു. സന്ദർശകർക്ക് വൈഫൈ ഇന്റർനെറ്റിലേക്ക് ആക്‌സസ് ഉണ്ട്.  

മറ്റ് പാർക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ആസ്വാദ്യതകൾക്ക് വേദി തുറന്നിടുന്നതിനാൽ തന്നെ സബീൽ പാർക്ക് മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിൽക്കുന്നു.  നഗര മദ്ധ്യത്തിൽ തന്നെ ഒരു പ്രദേശമത്രയും വ്യാപിച്ചുകിടക്കുന്ന ഈ ശാന്തമായ സ്ഥലം യുഎഇയിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ ഹരിത ഇടങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.  നമ്മുടെ അഭിരുചികൾ എന്തു തന്നെയായാലും ഈ പാർക്കിൽ നിരവധി ആഹ്ലാദകരമായ കാര്യങ്ങൾ നമുക്ക് കണ്ടെത്താനും അനുഭവിക്കാനുയിട്ടുമുണ്ട്. പോപ്പ് അപ്പ് ഷോപ്പുകൾ മുതൽ ബാർബിക്യൂ കുഴികൾ, ഡാൻസ് പാർട്ടികൾ വരെ ഈ പാർക്കിൽ ആകർഷണങ്ങൾക്ക് ഒരു കുറവുമില്ല. അതിനാൽ തന്നെ  സബീൽ പാർക്ക്  വാരാന്ത്യങ്ങളിൽ സന്ദർശിക്കാനുള്ള ഒരു ജനപ്രിയ  വേദിയാകുന്നു.

കുടുംബത്തിനൊപ്പമായാലും സുഹൃത്തുക്കൾ ചേർന്നയാലും ഒന്നിച്ച് ചേർന്ന് രസകരമായ ഒത്തിരി  കാര്യങ്ങൾ കണ്ടെത്താൻ പാർക്കിന്റെ വ്യത്യസ്ത സോണുകളും വിഭാഗങ്ങളും നമുക്ക് അവസരമൊരുക്കുന്നുണ്ട്. പഴയതും പുതിയതുമായ ദുബായിലെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് കാണാനാകുന്ന ദുബൈ ഫ്രെയിമും സബീൽ പാർക്കിൽ തന്നെയാണ്.

സബീൽ പാർക്കിലെ ഹരിത പാതകൾ ഒരു നടത്തത്തിനോ ജോഗിനോ മികച്ചതാണ്.

പ്രഭാത വെയിലിന്റെ തലോടലേറ്റ് വേണമെങ്കിൽ ഒരു ജോഗിംഗ് നടത്താം. അല്ലെങ്കിൽ പ്രഭാതത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ ഒരലസഗമനമാകാം. പച്ചപിടിച്ച പുല്ലിൽ ഒരു മര തണലിൽ എല്ലാം മറന്ന് കണ്ണടച്ച് കിടന്ന് നഗരത്തിൽ നിന്നും ഏറെ അകലെയാണ് താനെന്ന് സങ്കല്പിച്ചുകൊണ്ട് പതുക്കെ മയങ്ങാം.

സബീൽ പാർക്കിലെ ബോട്ടിംഗും രസകരമായഒരനുഭവം തന്നെയാണ്. 30 മീറ്റർ  ജലപ്രവാഹ ധാരയുള്ള ഒരു തടാകമാണ് സബീൽ പാർക്കിലെ ഏരിയ ബിയിൽ ഉള്ളത്. ബോട്ട് സവാരിയിലെ ആവേശകരമായ ഭാഗം നമ്മൾക്ക് അവിടെ ആരംഭിക്കാം.സ്വയം ബോട്ട് തിരഞ്ഞെടുത്ത് തുഴഞ്ഞ് തുഴഞ്ഞ് അകലേക്ക് നീങ്ങാം എന്നതാണ് അതിന്റെ ആകർഷകത.

സബീൽ പാർക്ക് ബോട്ട് സവാരി ടിക്കറ്റുകൾ: രണ്ട് പേരുടെ ചെറിയ ബോട്ടിന് AED 40, നാല് പേർക്ക് ഇരിക്കാനുള്ള ശേഷിയുള്ള ഒരു വലിയ ബോട്ടിന് AED 50. ഓരോ ബോട്ടും 20 മിനിറ്റ് സവാരി നൽകുന്നു.

സബീൽ പാർക്കിലെ മറ്റൊരാകർഷണമാണ്  ക്രിക്കറ്റ് പിച്ച് .  ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷിക്കാനിത് ഏറെ അവസരമൊരുക്കുന്നതാണ്. തിരക്കേറിയ പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം  കൂട്ടുകാരുമൊത്ത് പാർക്കിന്റെ ആസ്വാദ്യത നുകരുന്നതിന് മുമ്പായി   ഒരു ക്രിക്കറ്റ് ഗെയിമിന് വട്ടം കൂട്ടുന്ന നിരവധി പേരെ ഇവിടെ കണ്ടെത്താനാവുന്നുണ്ട്.

ഒരു കുടുംബ ബാർബിക്യൂവിനായി ഏറെ മികച്ച സ്ഥലം ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നു.പിക്നിക്കിനും വിശ്രമത്തിനും  ഇത് പോലെ വിശാലമായ ഒന്ന് നഗരമദ്ധ്യത്തിൽ വേറെയില്ലെന്ന് തന്നെ പറയാം. പാർക്കിലെ ഏറ്റവും ജനപ്രിയമായ കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ബാർബിക്യൂ . പാർക്കിലുടനീളമുള്ള വിവിധ പിക്നിക് ഏരിയകളിൽ ഒരു ഗ്രിൽ കത്തിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചില വഴിക്കുക ഒരു അവസ്മരണീയമായ അനുഭവം തന്നെയാണ്.

             അൽ മംസാർ ബീച്ച് പാർക്ക് .

ഹരിതാഭ നിറഞ്ഞ പാർക്കിന്റെ മേച്ചിൽപ്പുറങ്ങളിൽ അലയാം . കടലിൽ നിന്നൊഴുകിയെത്തുന്ന കാറ്റിന്റെ തലോടലിൽ അല്പനേരം വിശ്രമിച്ചിരിക്കാം. വേണമെങ്കിൽ ആ കടലിൽ തന്നെയൊന്ന് നീന്തിത്തുടിക്കാം. അങ്ങനെ കുടുംബത്തോടൊപ്പം ആഹ്ലാദത്തിമിർപ്പിൽ ആറാടാൻ  മംസാർ പാർക്ക് നല്കുന്ന അനുഭൂതികൾ ഒട്ടും ചെറുതല്ല.

ഒരു ചെറിയ ഉപദ്വീപ് എന്ന് പറയാവുന്ന വിധമാണ് മംസാർ പാർക്കിന്റെ ഘടന.  ഇരുവശത്തും വെള്ളമാണ്. ഇത് ദുബായിലെ ഏറ്റവും മനോഹരമായ ബീച്ച് ഫ്രണ്ട്കളിൽ ഒന്നാണ്.  

മംസാർ ബീച്ച് പാർക്കിൽ അഞ്ച് വ്യത്യസ്ത ബീച്ച് ഏരിയകളാണുള്ളത്. എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും രസകരവും വിനോദപ്രദവുമായ നിരവധി കളികളിൽ ഏർപ്പെടാൻ സാധ്യമായതെല്ലാം ഓരോയിടങ്ങളിലും ഒരുക്കിയിരിക്കുന്നു. പാർക്കിന്റെ മൊത്തം ഭാഗങ്ങൾ കാണാനായി   മനോഹരമായ ട്രെയിൻ ടൂർ നടത്തുക കുട്ടികൾക്ക് ഏറെ ഹരം കൊള്ളിക്കുന്ന ഒരനുഭവമായിരിക്കും. മുതിർന്നവർക്ക് കടലിൽ നീന്താനുള്ള ഭാഗങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ധാരാളം ലൈഫ് ഗാർഡുകൾ പ്രദേശം മുഴുവൻ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.

വൃത്തിയുള്ള, സുന്ദരമായ പാതകളിലൂടെ കാൽനടയായി ഒരലസ ഗമനമാകാം. മാനിക്യൂർ ചെയ്ത പൂന്തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് കടൽക്കാറ്റേറ്റ് ചുമ്മാ കിടക്കാം. പാർക്കിലെമ്പാടും നട്ടുപിടിപ്പിച്ചിട്ടുള്ള മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ, ഈന്തപ്പനകൾ, തെങ്ങുകൾ മറ്റൊട്ടനവധി ഇനം മരങ്ങൾ നല്കുന്ന തണലിൽ സ്വപ്നം കണ്ട് മയങ്ങാം.

പാർക്കിന്റെ മധ്യഭാഗത്തുള്ള എട്ട് മീറ്റർ ഉയരത്തിലുള്ള ടവറിൽ നിന്നും തൊട്ടടുത്ത എമിറേറ്റായ ഷാർജയുടെ ഭാഗങ്ങൾ നമുക്ക് നിരീക്ഷിക്കാനുള്ള അവസരവുമുണ്ട്.

റോളർ-സ്കേറ്റിംഗ് ഏരിയ, സോക്കർ ഫീൽഡുകൾ, സ്കേറ്റ്ബോർഡിംഗ് പാർക്ക്, ബാസ്കറ്റ്ബോൾ കോർട്ടുകൾ എന്നിവ ഓരോരുത്തരുടെയും താത്പര്യങ്ങൾക്ക് അനുസൃതമാം വിധം ഒരുക്കിയിട്ടുണ്ട്. അൽ മംസറിൽ നാം ചിലവിടുന്ന സമയമത്രയും സജീവമാക്കാൻ മറ്റ് നിരവധി അവസരങ്ങളുമുണ്ട്. പുല്ലിന്റെ വിശാലമായ വിസ്തൃതി ബോൾ ഗെയിമുകൾ കളിക്കാനും ചുറ്റും ഓടാനും ധാരാളം ഇടം നൽകുന്നു.

പാർക്കിന് ചുറ്റും നിരവധി പിക്നിക് ഏരിയകളും ഗ്രില്ലുകൾ, കുടകൾ, ഇരിപ്പിടങ്ങൾ എന്നിവ സൗജന്യമായി ഉപയോഗിക്കാവുന്ന ബാർബിക്യൂ ഏരിയയുമുണ്ട്. വിശാലമായ പുൽത്തകിടികൾ, നീന്തൽ കുളങ്ങൾ എന്നിവ കുടുംബങ്ങൾക്ക് നന്നായി പ്രയോജനപ്പെടുത്താവുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വാരാന്ത്യങ്ങളിൽ ഏറെ തിരക്കനുഭവപ്പെടുന്ന ഈ പാർക്ക് എല്ലാ ദിവസവും തുറന്നിരിക്കുമെങ്കിലും ബുധനാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പ്രവേശനം.

                         സഫാ പാർക്ക്

കുന്നും വനവും അതിലധിവസിക്കുന്ന 200 ലധികം ഇനങ്ങളിലുള്ള വ്യത്യസ്ത പക്ഷികളും .  നഗരമദ്ധ്യത്തിലെ സഫാ പാർക്കിൽ പ്രകൃതിയൊരുക്കുന്ന ആവാസ വ്യവസ്ഥ തീർത്തും അത്ഭുതാവഹമായി നമുക്കനുഭവപ്പെടും. മൂന്ന് തടാകങ്ങളും  ഇരുപതിനായിരത്തിലേറെ വരുന്ന വ്യത്യസ്ത മരങ്ങളും കുറ്റിക്കാടുകളും പാർക്കിന്റെ ജൈവ വൈവിധ്യ സ്വഭാവത്തിന് അടിവരയിടുന്നതായി നമുക്ക് ശരിക്കും ബോദ്ധ്യപ്പെടും.  പാർക്കിന്റെ ഭൂരിഭാഗം വരുന്ന പുൽമേടുകൾക്കരികിലെ ഉയർന്ന കുന്നിൽ നിന്നും താഴെയുള്ള തടാകത്തിലേക്ക് കൗതുകരമാം വിധം ഒരുക്കിയിരിക്കുന്ന ഒരു വെള്ളച്ചാട്ടം ഏതൊരാളിലും വിസ്മയം തീർക്കും.

ദുബായ് ക്രീക്കിൽ സ്ഥിതിചെയ്യുന്ന മനോഹരവും ശാന്തവുമായ പൊതു ഓപ്പൺ സ്പേസ് ഏരിയയാണ് സഫ പാർക്ക്. ന്യൂയോർക്കിലെ ലോകപ്രശസ്ത സെൻട്രൽ പാർക്കിന് സമാനമായി ദുബായ് നഗരത്തിന്റെ തിരക്കിനിടയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 2017 ൽ പൂർത്തിയായ ദുബായ് കനാൽ സഫാ പാർക്കിലൂടെ ഒഴുകി നീങ്ങി കടലിൽ ചേരുന്നു.  ഇത് സഫാ പാർക്കിനെയും ചേർന്ന് കിടന്നിരുന്ന അൽ വസൽ ഭാഗങ്ങളെയും വ്യത്യസ്ത കരകളിൽ ആക്കുന്നു.

തിരക്ക് പിടിച്ച നഗരജീവിതത്തിൽ നിന്നുള്ള താത്കാലിക രക്ഷപ്പെടലിനായിട്ടെങ്കിലും ആളുകൾ പാർക്കുകളിലേക്ക് അനവരതം ഒഴുകിയെത്തുന്നു. ഇവിടെ ബോട്ടിംഗ് തടാകം മനോഹരമായ ഒരു യാത്രക്ക് അവസരമൊരുക്കുകയും നമ്മൾക്ക് തീർച്ചയായും ഒരു നവോന്മേഷം പ്രദാനം  നൽകുകയും ചെയ്യുന്നു. വെള്ളത്തിൽ നല്ലൊരു സവാരി നടത്താൻ  ആഗ്രഹിക്കുന്നുവെങ്കിൽ ബോട്ടിംഗ് തടാകത്തിലൂടെ പുറത്തേക്ക് പോകാൻ പെഡലോകളും ലഭ്യമാണ്.

ഒരു ബൈക്ക് സവാരിയിൽ തത്പരരായവർക്ക് സൈക്കിൾ സ്റ്റേഷനിൽ നിന്ന് ബൈക്ക് വാടകയ്‌ക്കെടുക്കാം. 

പാർക്കിന്റെ ഒരറ്റത്തായി നിരവധി സ്റ്റാറ്റിക് ബാർബിക്യൂകൾ സന്ദർശകർക്ക് സൗജന്യമായി ഉപയോഗികക്കത്തക്ക വിധം ഒരുക്കിയിട്ടുണ്ട്.   ഡൗൺ‌ ടൗൺ ദുബായിയുടെയും ദുബായ് ക്രീക്കിന്റെയും കാഴ്ചകൾ‌ കണ്ട് കൊണ്ട് തന്നെ തണലിൽ‌ ഒരു സ്ഥലം തിരഞ്ഞെടുത്ത് രുചികരമായ  ഭക്ഷണം ആസ്വദിക്കാൻ ഇത് അവസരമൊരുക്കുന്നു.

കുട്ടികളെ രസിപ്പിക്കുന്നതിനായി മറ്റെന്തെങ്കിലും അന്വേഷിക്കുകയാണെങ്കിൽ, നമ്മൾക്ക് ഒരു ഗോ-കാർട്ട് വാടകയ്‌ക്കെടുക്കാനും കഴിയും. കാർട്ടുകൾ 4 ആളുകളെ വരെ ഉൾക്കൊള്ളുന്നു, അവ ചെറിയ നിരക്കിൽ ലഭ്യമാണ്.

പാർക്കിൽ നിന്നുള്ള ബുർജ് ഖലീഫയുടെ കാഴ്ചകളിൽ കെട്ടിടത്തിന്റെ വലിപ്പം കാരണം വളരെ അടുത്താണെന്ന് തോന്നുമെങ്കിലും ഇവിടെ നിന്നും 4 കി.മീറ്റർ അകലെയാണ് അത് നില കൊള്ളുന്നത്. 

ഈ പാർക്കിൽ ചുറ്റിക്കറങ്ങുമ്പോൾ ഇവിടെ വസിക്കുന്ന നിരവധി തരം മൃഗങ്ങളെ നമ്മൾക്ക് കാണാനാകും. മരത്തിനും കുറ്റിക്കാട്ടിനും സമീപം നടക്കുമ്പോൾ നമ്മൾക്ക് പലതരം പക്ഷികളെ അടുത്ത് കാണാനും കഴിയും. 

ചെറിയ കുട്ടികൾക്ക് മികച്ച വിനോദമാണ് സഫ പാർക്കിലെ മേളങ്ങളോരോന്നും. ബമ്പർ കാറുകൾ, ഒരു ഫെറിസ് വീൽ, ഉല്ലാസയാത്ര എന്നിവയുണ്ട്. 

ആഴ്ചയിൽ 7 ദിവസവും പാർക്ക് തുറന്നിരിക്കും. ഞായർ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ രാത്രി 11 വരെ, എന്നാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 1130 വരെയുണ്ടാകും.ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പ്രവേശനം. 

ദുബായിയുടെ ഹൃദയഭാഗത്തായി പാർക്ക് സ്ഥിതിചെയ്യുന്നതിനാൽ പ്രവേശനം എളുപ്പമാണ്. ചില പ്രധാന ടൂറിസ്റ്റ് ഏരിയകളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ടാക്സിയിൽ എത്തിപ്പെടാനുമാകും. എന്നിരുന്നാലും, സഫ പാർക്കിലെത്താൻ ഏറ്റവും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ മാർഗം മെട്രോയാണ്.

അടുത്തുള്ള ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്നും   10 മിനിറ്റ് നടന്നാൽ സഫാ പാർക്കിൽ എത്തിച്ചേരാനാകും.

പൊതു വിനോദ കേന്ദ്രങ്ങൾ എന്ന നിലയിലുള്ള നിരവധി പാർക്കുകൾ ദുബായിൽ ഇനിയുമേറെയുണ്ട്. അൽ ബർഷയിലും അൽ നഹ്ദയിലുമുള്ള കിലോമീറ്ററുകൾ ദൈർഘ്യമുള്ള പോണ്ട് പാർക്കുകൾ, ജുമൈറ ബീച്ച് പാർക്ക് എന്നിങ്ങനെ ഒട്ടനവധി. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തവും ആകർഷകവുമാക്കി നിറുത്തുന്നതിൽ മുനിസിപ്പാലിറ്റി പുലർത്തുന്ന നിഷ്കർഷതകൾ നമുക്ക് ഓരോയിടങ്ങളിലും തൊട്ടറിയാവുന്ന വിധം തന്നെയാണ്.

Share this story

Comments (2)

  • Samad K M A

    12 April 2021

    നജീബ്, അടിപൊളി. ഓരോ പാർക്കിന്റെയും വ്യത്യസ്തതയിലാണ് നജീബ് ഊന്നൽ കൊടുത്തത്. ഞാൻ കുടുംബത്തോടൊപ്പം പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട് ( USA, UK, Switzerland, France, Germany, Singapore, Malaysia, Srilanka etc). അവിടെയെല്ലാം ഗൈഡിന്റെ സമയം പാലിച്ചും, തിടുക്കപ്പെട്ടും പോയതുകൊണ്ട് ഇത്രയും deep ആയി കാണാനും, ശ്രദ്ധിക്കാനും കഴിഞ്ഞിട്ടില്ല. ഹോട്ടലിൽ ടൂറിസ്റ്റ് ഡെസ്കിൽ വെച്ചിട്ടുള്ള കുറച്ച് brochures ആയിരുന്നു ആശ്രയം. UAEയിൽ ഒരു മാസം താമസിച്ചെങ്കിലും, ഇത്ര നല്ല പാർക്കുകളിൽ പോയിട്ടില്ല. നജീബ്, ഇതിപ്പോ, അവിടെയൊക്കെ ഒന്ന് പോകാൻ തോന്നുന്നു. SK pottekkatine പോലെ, സന്തോഷ്‌ കുളങ്ങരയെ പോലെ ഒരു നജീബ് കടമ്പോടൻ കൂടി വരട്ടെ. ( സമയം പോലെ, ഇതൊന്ന് ഇംഗ്ലീഷിൽ ആക്കുക... എല്ലാർക്കും ഉപകാരപ്പെടും. ഒരു common ടൈറ്റിൽ കൊടുത്താൽ നന്നായി.) All the Best. Samad

  • Suharabi

    28 June 2021

    ഓരോ ദിവസങ്ങളിലായി പൂർണ്ണമായും ചില വഴിക്കാനാകുന്ന പാർക്കുകൾ. അതിന്റെ ഓരോയിടങളെ പറ്റിയുള്ള വിവരണങ്ങൾ. ഒരോന്നും നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.