17 April 2021 · 13 min read · അനുഭവം
മർഹബാ ബിക്കും ഫി ദുബൈ - ആറ്.
രണ്ട് നഗരങ്ങളുടെ കഥ .
അത്യന്താധുനിക ശൈലിയിലുള്ള കെട്ടിടങ്ങളാൽ ചക്രവാളരേഖകൾ ചമക്കുന്ന നഗര ഭാഗങ്ങളാൽ പൂരിതം ദുബായ്. വസന്തം വിടർത്തി നില്ക്കുന്ന നിരനിരയായ ചെടികളും മരങ്ങളും നിറഞ്ഞ മനോഹരമായ തെരുവുകൾ. സന്ദർശകരെ എന്നും ഹരം കൊള്ളിപ്പിക്കാനുതകുന്ന ഷോപ്പിംഗ് മോളുകൾ. ആഡംബര ഹോട്ടലുകളുടെ ശൃംഖലകൾ. വ്യത്യസ്ത തലങ്ങളിലെ മറ്റൊട്ടനവധി വിനോദ കേന്ദ്രങ്ങൾ. ലോകത്തിലേക്കും മികച്ച ആഹ്ലാദകരമായ ജീവിതശൈലി കണ്ടെത്താവുന്നയിടം. ദുബായ് ഈ വക കാര്യങ്ങളില്ലെല്ലാം തന്നെ ലോകോത്തരവും ഏറെ പ്രശസ്തവുമാണ്. എന്നാൽ സമ്പന്നത നിറഞ്ഞ ഈ അറേബ്യൻ നഗരം ഇന്ന് കാണുന്ന കാഴ്ചകൾക്കപ്പുറം വേറൊരു ലോകത്തിന്റെ ഭാഗമായിരുന്ന നാളുകളമുണ്ടായിരുന്നു.
ഇടവിടാതെ മിന്നി നില്ക്കുന്ന പ്രകാശവീചികളും അത്യാകർഷകങ്ങളായ വാസ്തു ശില്പങ്ങളും പുതിയ മുഖച്ചാർത്ത് നല്കുന്ന ഡൗൺ ടൗൺ ദുബായിൽ നിന്നും ഏറെ അകലെയല്ലാതെ പഴയ ദുബായിലെ രണ്ട് വലിയ പ്രദേശങ്ങൾ ചടുലമായ ചലനങ്ങളോടെ ഇപ്പോഴും എപ്പോഴും ഉണർന്നിരിക്കുന്നു.

ദേരയും ബർ ദുബായിയും.
ഒരു കാലത്ത് ദുബായിയുടെ ചങ്കും കരളുമായിരുന്ന രണ്ട് പ്രദേശങ്ങൾ. ദുബായിയുടെ വികസനക്കുതിപ്പിൽ സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്താതെ ഇന്നും തലയുയർത്തി നില്ക്കുകയാണ് അവയിന്നും. പതിറ്റാണ്ടുകളിലൂടെ ജനസഞ്ചയമത്രയും നടന്ന് നീങ്ങിയ വൃത്തിയും വെടിപ്പുള്ള തെരുവുകൾ. ഇന്നും ജനബാഹുല്യം കൊണ്ടും കച്ചവട കേന്ദ്രങ്ങളുടെ സമ്പന്നത കൊണ്ടും തങ്ങളുടെ പ്രസക്തി നിലനിറുത്തിക്കൊണ്ട് പുഴയുടെ ഇരുകരകളിലുമായി പ്രൗഢിയോടെ നില്ക്കുന്നു. പുതിയ യാത്രികർ ഇതിന്റെ പ്രാധാന്യം ഒരു പക്ഷെ തിരിച്ചറിഞ്ഞേക്കില്ല. പക്ഷേ ഡിഐഎഫ്‌സി, മറീന, ജെബിആർ പോലുള്ള മെഗാ സംരംഭങ്ങളുടെ ആവിർഭാവത്തിന് മുമ്പ് ദേരയായിരുന്നു ദുബായിയുടെ ഹൃദയവും ശ്വാസകോശങ്ങളുമെല്ലാം . ബർ ദുബായ് അതിന്റെ ശാന്തവും പ്രസന്നവുമായ ഭാവം കൊണ്ട് അതിനോട് ചേർന്ന് നില്ക്കാൻ കൊതിച്ച കരളും.

ദുബൈയുടെ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങളായിരുന്ന ബർ ദുബായ് ക്രീക്കിന് പടിഞ്ഞാറ് ഭാഗത്തും പുഴക്കപ്പുറം ദേര അതിന്റെ കിഴക്കേ കരയിലും. ദേരയെപ്പോലെ, ബർ ദുബായിയും വളരെ തിരക്കേറിയതും ജനസാന്ദ്രതയുള്ളതുമാണ്. ചരിത്രകുതുകികൾക്ക് ഏറെ ആവേശകരമായേക്കാവുന്ന പ്രശസ്തമായ അൽ ബസ്താകിയ , റൂളേഴ്സ് ഓഫീസ്, ദുബായ് മ്യൂസിയം, ഹെറിറ്റേജ് വില്ലേജ് എന്നിവയുൾപ്പെടെ ദുബായിലെ മിക്ക ചരിത്ര കേന്ദ്രങ്ങളും ദേരയിലും ബർദുബായിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
അൽ ബസ്താകിയയിലെ വിൻഡ് ടവർ
ദുബായ് ക്രീക്കിന് സമീപം ദുബായിയുടെ ചരിത്രപരമായ പ്രാഭവം നിലനിർത്തിക്കൊണ്ട് പഴമ ഒട്ടും ചോരാത്ത വിധം അൽ ബസ്താക്കിയ ചത്വരം തലയുയർത്തി നില്ക്കുന്നു. ആദ്യകാലത്ത് ഇന്ത്യയിൽ നിന്നെത്തിപ്പെട്ട ബിസിനസ്സുകാർ കൂട്ടത്തോടെ തമ്പടിക്കുകയും കച്ചവടങ്ങളിലേർപ്പെടുകയും ചെയ്തിരുന്നത് ബർദുബായിയോട് ചേർന്നുള്ള ഈ പ്രദേശത്തായിരുന്നു. ചിലപ്പോളെങ്കിലും നമ്മൾ ഇന്ത്യയിലാണെന്ന് തോന്നത്തക്ക ഒരനുഭവം ഇവിടത്തെ ടെക്സ്റ്റൈൽ ഷോപ്പുകളുടെ അടുക്കൽ നില്ക്കുമ്പോൾ നമ്മെ തേടി വരും. മുസ്ലിം പള്ളികൾക്കരികിലായി തന്നെ ഹിന്ദു, സിഖ് ക്ഷേത്രങ്ങൾ . വാരാന്ത്യങ്ങളിൽ ക്ഷേത്ര സന്ദർശനങ്ങളാൽ ആരവങ്ങളുയരുന്ന തെരുവുകൾ. തങ്ങളുടെ വ്യഥകളത്രയും ദൈവങ്ങളുടെ മുന്നിലിറക്കി വെച്ച് പ്രസാദാത്മക ഭാവങ്ങളോടെ നടന്ന് നീങ്ങുന്ന ആൾക്കൂട്ടങ്ങൾ. പുഴക്കരികിലെ പാരപ്പറ്റുകളിൽ ചാരി നിന്ന് ഒരു വഴിപാടെന്ന പോലെ പുഴയിലെ മത്സ്യങ്ങളെ ഊട്ടാൻ തിരക്കുകൂട്ടുന്ന ഭക്തർ.
പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള ദുബായിയുടെ കഥകൾ പറയുന്ന, അക്കാലത്തെ ഭവന നിർമ്മാണ രീതികളും ജീവിത ശൈലികളും നിറഞ്ഞു നിൽക്കുന്ന ദുബായ് മ്യൂസിയവും അൽ ഫാഹിദി കോട്ടയും നമ്മൾക്കിവിടെ തൊട്ടടുത്തായി കണ്ടെത്താനാകും. ചിത്രങ്ങളും ശില്പങ്ങളുമടങ്ങിയ പശ്ചാത്തലങ്ങൾ പ്രദേശത്തിന്റെ 5000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെക്കുറിച്ചും നമ്മളോട് സവിസ്തരം പറഞ്ഞു തരും.

ബസ്താകിയ അതി സുന്ദരവും പ്രശാന്തവുമായ ഒരു പ്രദേശമാണ്. കല്ല്, ചന്ദനം, ജിപ്സം, മറ്റ് പ്രകൃതി മൂലകങ്ങൾ എന്നിവകൊണ്ട് നിർമ്മിച്ച മരുഭൂമിയുടെ നിറത്തിലുള്ള വീടുകളാലും, കെട്ടിടങ്ങളാലും നിറഞ്ഞ ഈ ഭാഗമത്രയും സന്ദർശിച്ചില്ലെങ്കിൽ ദുബായ് യാത്രയുടെ പൂർണ്ണത കൈ വരില്ല എന്നുറപ്പിച്ചു പറയാം.
പഴയ കാറ്റാടി ഗോപുരങ്ങൾ തിങ്ങിനിറഞ്ഞ ഇടുങ്ങിയ ഈ പാതകളിലൂടെയുള്ള അലസഗമനം ദുബായിൽ നമ്മൾ കണ്ടിട്ടുള്ള അത്യാകർഷകങ്ങളായ ആധുനിക വാസ്തുശില്പങ്ങൾക്കിടയിൽ നമ്മളനുഭവിക്കുന്ന ആഹ്ലാദ നിമിഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ചിലപ്പോളത് പറഞ്ഞറിയിക്കാനാവാത്ത വിധം വിസ്മയങ്ങളും തീർക്കുന്നുണ്ട്. കാലങ്ങൾക്ക് മുമ്പേ വീട്ടിനുള്ളിലേക്ക് തണുത്ത വായു കടത്തിവിടാൻ രൂപകൽപ്പന ചെയ്തിരുന്ന പ്രകൃതിദത്ത എയർകണ്ടീഷണറുകളുടെ നിർമിതി ഇന്നും നമ്മളിൽ അത്ഭുതം ജനിപ്പിക്കും. ദുബായിയുടെ മറ്റ് ഭാഗങ്ങളെപ്പോലെ അംബരചുംബികളായ കെട്ടിടങ്ങളാൽ ക്രീക്കിന്റെ ഈ തീരവും മോടിപിടിപ്പിക്കാവുന്നതേയുള്ളു. പക്ഷെ, പൗരാണികത എന്തെന്നത് തലമുറകളോളം ഒരു തിരിച്ചറിവായി നിലനില്ക്കേണ്ടതിന്റെ ബോധ്യമുള്ള ഭരണാധികാരികളാണ് ദുബായിലുള്ളതെന്ന് അവർ ഇത് നിലനിറുത്തുന്നതിലൂടെ ഒന്ന് കൂടി തെളിയിച്ചിരിക്കയാണ്.

നിരവധി ആർട്ട് ഗാലറികൾ, പുന:സ്ഥാപിക്കപ്പെട്ട കടകൾ,കൂടാതെ ഷെയ്ഖ് മുഹമ്മദ് സെന്റർ ഫോർ കൾച്ചറൽ അണ്ടർസ്റ്റാൻഡിംഗ് എന്നിവയും അൽ ബസ്താകിയയുടെ പ്രത്യേകതകളാണ്.
സുന്ദരവും മനോഹരവുമെന്ന് ഓരോ ചുവടുകളിലും നമ്മൾക്ക് അനുഭവവേദ്യമാകുന്ന ദുബായിയുടെ ഓരോ ഇടങ്ങളിലും, നമ്മൾക്ക് ഒട്ടും പരിചിതമല്ലാത്ത പഴയമയുടെ ഗന്ധം പേറുന്ന ചിലയിടങ്ങൾ കൂടിയുണ്ടെന്നത് നമ്മൾക്ക് വിസ്മയകരമായി തോന്നിയേക്കാം. നമ്മൾ ഇവിടെയെത്തി ഇത് കണ്ടെത്തുന്നതോടെ അത് പൂർണ്ണമാവുകയായി. നമ്മുടെ കാഴ്ചകളിൽ നിരന്തരം പതിഞ്ഞു കൊണ്ടിരിക്കുന്ന ദുബായ് സ്കൈ ലൈനുകൾ , കാസ്കേഡിങ്ങ് വെള്ളച്ചാട്ടങ്ങൾ മറ്റൊട്ടനവധി അത്ഭുതങ്ങൾ എന്നിവയെ മാറ്റി നിറുത്തി ദൃശ്യങ്ങളെ ഒരു റിവൈൻഡിംഗ് മോഡിലേക്ക് മാറ്റിയിട്ട പോലെ നമുക്ക് തോന്നിയേക്കാം. അങ്ങനെയാണ് നമുക്കിവിടെ ദുബായിയുടെ പഴയ കാലത്തെ കണ്ടെത്താനും അന്നത്തെ നഗരസംവിധാനങ്ങളുടെ രൂപഭംഗികൾ തിരിച്ചറിയാനും വഴിയൊരുങ്ങുന്നത്.
വെറുമൊരു ക്രീക്കിൽ നിന്ന് എങ്ങനെയാണ് ഇന്നത്തെ ദുബായ് വളർന്ന് രൂപാന്തരം പ്രാപിച്ചതെന്നോ അല്ലെങ്കിൽ അവിടത്തെ യഥാർത്ഥ താമസക്കാരായ ആളുകൾ ആരായിരുന്നെന്നോ ഉള്ള ഒരു കിടിലൻ കഥ പറഞ്ഞു തരാൻ നമുക്കാരുമില്ലെന്ന ശങ്ക വേണ്ടേ വേണ്ട. കണ്ട് കണ്ടങ്ങ് നീങ്ങുമ്പോൾ അതൊരു മുത്തശ്ശിക്കഥ പോലെ രസകരവും ഉദ്വേഗജനകവും തന്നെയാണെന്ന് നമുക്ക് ബോധ്യപ്പെടും. അത്തരമൊരു കഥാപരിസരത്തേക്കാണ് നമ്മളിവിടെ എത്തിച്ചേരുന്നത്. ദുബായിയുടെ കഥ വിവരിക്കാൻ നമ്മുടെ മുന്നിൽ ഷെയ്ഖ് മുഹമ്മദ് സെന്റർ ഫോർ കൾച്ചറൽ അണ്ടർസ്റ്റാൻഡിംഗ് (എസ്എംസിസിയു) ഉണ്ട്. അതിന് പറയാനേറെയും.
എസ്‌എംസിസിയു സ്ഥിതിചെയ്യുന്നത് ദുബായിലെ ഏറ്റവും പഴക്കം ചെന്ന അൽ ബസ്താകിയ പ്രദേശത്താണ്. യുഎഇയുടെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും നിലനിറുത്തേണ്ടതിന്റെ ആവശ്യകതയിലൂന്നിക്കൊണ്ട് 1998 ൽ തുടക്കം കുറിച്ചതാണ് ഈ പ്രസ്ഥാനം. തദ്ദേശീയരോടൊപ്പം പ്രവാസികളെയും തങ്ങളുടെ സാംസ്കാരിക മണ്ഡലത്തോട് ചേർത്ത് നിർത്താനുതകും വിധമായിരുന്നു ഇതിന്റെ രൂപകല്പന. പരമ്പരാഗത ജീവിത രീതികളോടൊപ്പം തന്നെ പ്രാദേശിക ഫാഷനും ശൈലികളും ഇതോടൊപ്പം ചേർന്ന് നില്ക്കും വിധമാണ് ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നത്.
മനോഹരമായ മുറ്റം. ഉയരമുള്ള മേൽത്തട്ടിൽ നിന്ന് തൂങ്ങിക്കിടക്കുന്ന എണ്ണ വിളക്കുകൾ. മുകളിലത്തെ ഫാബ് മേൽക്കൂര കാഴ്ചകൾ എന്നിവയുള്ള ഒരു കാറ്റാടി ടവർ കെട്ടിടത്തിലാണ് ഇത്. യു.എ. ഇയുടെ, പ്രത്യേകിച്ച് ദുബായിയുടെ സാംസ്കാരിക പൈതൃകങ്ങളെ കുറിച്ച് പ്രവാസികൾക്കും സന്ദർശകർക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി പ്രാദേശിക എമിറാത്തികൾ ആതിഥ്യമരുളുന്ന സൗഹാർദ്ദപരമായ അന്തരീക്ഷമാണ് നമുക്കിവിടെ സ്വാഗതമോതുക. ഇവിടെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നമുക്ക് അവസരമൊരുങ്ങുന്നുണ്ട്.
പണ്ട് , പത്തിരുപത് കൊല്ലം മുമ്പ് ഈ വഴിയാണ് പ്രിയ സുഹൃത്തായ അഷറഫിനെ കാണാനായി ആഴ്ചയിലെ ഓരോ ഒഴിവു ദിവസവും നടന്ന് പോയിരുന്നത്. അബ്രയിറങ്ങി ഇടുങ്ങിയ തെരുവകളിലൂടെ മ്യൂസിയത്തിന്റെ മുന്നിലെ തുറസ്സിലേക്കെത്തും മുമ്പായി അൽ ബസ്താക്കിയ തന്റെ പൗരാണിക പ്രൗഢിയുമായി അന്നും നിവർന്ന് കിടന്നിരുന്നു. എന്നിട്ടും, ദുബായിയുടെ ഭൂതകാലത്തെക്കുറിച്ച് ഒന്നും തന്നെ അറിയാതെ ഒരുപാട് തവണ ഞാനിത് വഴി കടന്ന് പോയി. മൂന്ന് പതിറ്റാണ്ടിലേറെ ഈ മണ്ണിൽ ചവിട്ടി നടന്നിട്ടും ഇവിടെ എത്തിപ്പെടാനും ഇതിന്റെ പ്രാധാന്യം തിരിച്ചറിയാനും എന്തേ ഇത്ര വൈകിയെന്നും ഞാൻ കുണ്ഠിതപ്പെടുകയാണ് ഇപ്പോൾ . ഇതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കാൻ കഴിയാതെ പോയ ആ നാളുകൾ എന്റെ വലിയ പിഴ എന്നതാണ് വാസ്തവം. കുറെ പഴഞ്ചൻ കെട്ടിടങ്ങളും അതിനുള്ളിലിരിക്കുന്ന കുടവയറന്മാരായ കച്ചവടക്കാരും എന്നതിനപ്പുറം അന്ന് ആ പ്രദേശത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അത് മാത്രമേ എന്റെ കാഴ്ചയിൽ പതിഞ്ഞിരുന്നുള്ളു താനും.
ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ഞങ്ങൾ നാലു പേർ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ചൊവ്വാഴ്ചയാണ് ഞങ്ങൾക്ക് കിട്ടിയ സമയം. പരമ്പരാഗത എമിറാത്തി രീതിയിലുള്ള ഉച്ചഭക്ഷണത്തിനായി ഞങ്ങൾ കാത്തിരിക്കുമ്പോൾ , മറ്റെല്ലാ ചിന്തകളും ഓടിയകലുന്നു. ഫെബ്രുവരിയുടെ ഈ മിതശീതോഷ്ണതയിൽ അവിടമത്രയും ചിക്കൻ ബിരിയാണിയുടെയും മദ്ഫൂണിന്റെയും സുഗന്ധം പരന്നൊഴുകാൻ തുടങ്ങി. പൊതുവേ ഭക്ഷണപ്രിയനല്ലെങ്കിലും ഈ കൊതിപ്പിക്കുന്ന മണം എന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കാൻ പാകത്തിലുള്ളത് തന്നെ.

നഗരത്തിലെ ഏതെങ്കിലും റെസ്റ്റോറന്റിലെ ബ്രഞ്ചുകളിലും വേണമെങ്കിൽ വലിയ ഹോട്ടലകളിലും എത്തിപ്പെടുക എളുപ്പമായിരിക്കാം. പക്ഷെ ദുബായിയുടെ ഹൃദയമിടിപ്പ് എല്ലായ്പ്പോഴും പട്ടണത്തിന്റെ ഈ ഭാഗത്തെ ഇടുങ്ങിയ തെരുവുകളിലായിരിക്കുമെന്ന കാര്യം നമ്മൾ അന്വേഷിച്ചാൽ മാത്രം കണ്ടെത്താവുന്ന ഒന്നാണ്.
അൽബസ്താക്കിയയും പരിസര പ്രദേശങ്ങളും സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ തന്നെയാണ്. ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും ദുബായിൽ ലഭിക്കാവുന്ന അമൂല്യമായ ഒരിടവും..
അൽ ബസ്താകിയയിൽ ടാക്സിയിൽ എളുപ്പത്തിൽ എത്തിച്ചേരാം. മെട്രോയിൽ വന്നാൽ ഷറഫ് ഡി.ജി സ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടക്കാവുന്നതേയുള്ളു. ദുബായ് ക്രീക്കിന്റെ മറുവശത്താണെങ്കിൽ, വെറും 1 ദിർഹമിന് അബ്ര (വാട്ടർ ടാക്സി) വഴി കടന്ന് അല്പദൂരം നടന്നാൽ മാത്രം മതി.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 ന് (AED 80) പ്രഭാതഭക്ഷണം.
ഞായർ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് (AED 90) ഉച്ചഭക്ഷണം.
ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് (AED 100) ഒരു സാംസ്കാരിക അത്താഴം .
ശനിയാഴ്ച രാവിലെ 10.30 ന് (AED 100) ഒരു ബ്രഞ്ചും ഉണ്ട്.
റിസർവേഷനുകൾ അത്യാവശ്യമാണ്.
സാംസ്കാരിക ഭക്ഷണത്തിനു പുറമേ, പഴയ പള്ളികളിലേക്കുള്ള ടൂറുകളും മറ്റ് പൈതൃക സൈറ്റുകളിലേക്കുള്ള യാത്രകളും ഇതോടൊപ്പമുള്ളവ തന്നെയാണ്.
ബർ ദുബായിലെ അമ്പലങ്ങൾ, ചർച്ചുകൾ .
വ്യത്യസ്ത സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു സമ്മിശ്ര ജീവിത ശൈലിയാണ് ദുബായ് എന്നും നമുക്ക് മുന്നിലവതരിപ്പിക്കുന്നത്. ഒരുമിച്ച് ജീവിക്കുന്ന, വിവിധ ദേശക്കാരും ഭാഷക്കാരും വർണ്ണക്കാരും മത വിശ്വാസികളും . എല്ലാത്തരം ആളുകളെയും നമ്മൾക്ക് ഇവിടെ കണ്ടെത്താനാകും. മുസ്ലിം മതവിശ്വാസികൾക്കായി ദുബായിലെമ്പാടും പള്ളികൾ ഉള്ളത് പോലെ അമുസ്ലിംകൾക്കുള്ള അമ്പലങ്ങളും ചർച്ചകളും നമുക്ക് ദുബായിൽ കണ്ടെത്താൻ പ്രയാസമില്ല. മതവും ജാതിയും പറഞ്ഞ് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുന്ന നമ്മുടെ നാടിന്റെ നേർ വിപരീതമാണ് വിശ്വാസി സമൂഹത്തിനോടും സർവ്വോപരി മനുഷ്യവർഗ്ഗത്തോടു തന്നെയും ഈ നാട് പുലർത്തുന്ന സന്ധിയില്ലാത്ത സഹിഷ്ണുതാ മനോഭാവം. ബർ ദുബായിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത ക്ഷേത്രങ്ങളും ചർച്ചുകളും അതാണ് നമ്മോട് പറയുന്നത്.
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ബർ ദുബായിയുടെ സമീപസ്ഥലമായ ഈ ക്രീക്ക് ഭാഗം. നാട്ടുകാരുടെയും പ്രവാസികളുടെയും തലമുറകൾ, പ്രത്യേകിച്ച് ഇന്ത്യക്കാർ, ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്. അങ്ങനെയാണ് ഇത് നഗരത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ഹബുകളിലൊന്നായി മാറുന്നത്. ഉപ ഭൂഖണ്ഡത്തിൽ നിന്നുള്ള നിരവധി പ്രവാസികൾക്ക് ഇത് ഇഷ്ടപ്പെട്ട സ്ഥലം തന്നെയാണ്. മാത്രമല്ല പഴയ കാലക്കാരും നഗരത്തിലെ പുതിയ താമസക്കാരുമായി അതിന്റെ മനോഹാരിത നിലനിർത്തുന്നു. പ്രദേശത്ത് വർദ്ധിച്ചു വന്ന പ്രവാസികളുടെ എണ്ണം ദുബായിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ആവശ്യകത സൃഷ്ടിച്ചു. 1958 ലാണ് ദുബായിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബർ ദുബായ് ഓൾഡ് സൂക്കിലെ കടകൾക്ക് മുകളിൽ നിർമ്മിച്ചത്. അതേ ഹിന്ദു ക്ഷേത്രം ഇപ്പോഴുമുണ്ട്, നഗരത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഭക്തർക്ക് സാന്ത്വനമേകാനായി .
എല്ലാം ഒരേയിടത്ത് വിവിധ ഭാഗങ്ങളിലായിട്ടാണ് എന്ന് മാത്രം. പ്രാർത്ഥനക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ വിൽക്കുന്ന ഹിന്ദു സ്റ്റോറുകളും ഇതിനോട് ചേർന്ന് തന്നെയുണ്ട്.
മുകളിലത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം ദുബായിലെ ഹിന്ദുക്കളുടെ പ്രധാന പ്രാർത്ഥനാ വേദികളിലൊന്നാണ്. ദുബായിലെ ഈ കൃഷ്ണ ക്ഷേത്രത്തിൽ അതിരാവിലെ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷമാണ് ഭക്തർ പ്രാർത്ഥന നടത്താറുള്ളത്. സാധാരണയായി ആരതിക്ക് ശേഷമാണ് ഭക്തർക്ക് പ്രത്യേക പ്രസാദം (വഴിപാട്) ലഭിക്കുന്നത്.
ദുബായിലെ ഹിന്ദുക്കൾ സന്ദർശിക്കുന്ന മറ്റൊരു ആരാധനാലയമാണ് ബർ ദുബായിലെ തന്നെ ശിവക്ഷേത്രം. ശിവനെ ആരാധിക്കുന്ന പുണ്യ സന്ദർഭങ്ങളിലൊന്നായ ശിവരാത്രി പോലുള്ള അവസരങ്ങളിൽ അവർ പ്രത്യേക പരിപാടികൾ നടത്തുന്നു.
ഷിർദ്ദി സായിബാബ മന്ദിറും ഇവിടെത്തന്നെയാണ്. നഗരത്തിന്റെ നാനാഭാഗത്തുനിന്നും വിശുദ്ധന്റെ ഭക്തർ പ്രാർത്ഥനയ്ക്കായി ഇവിടെയെത്തുന്നുണ്ട്. വാരാന്ത്യങ്ങളിൽ മറ്റ് എമിറേറ്റുകളിൽ നിന്നും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം പതിന്മടങ്ങാണ്. ഇവിടെ പ്രധാന പ്രതിഷ്ഠ കൂടാതെ, ഭക്തർക്ക് ക്ഷേത്രത്തിലെ വിശുദ്ധ കാൽപ്പാടുകളും ആരാധിക്കാം.

ഇത് ദുബായിലെ ഏക ഹിന്ദു ക്ഷേത്രമാണ്. യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ക്ഷേത്രം ചെറുതാണ്. എങ്കിലും വിശ്വാസികൾക്ക് എത്തിച്ചേരാൻ പാകത്തിൽ ക്രീക്കിനോട് ചേർന്നാണ് ഇതിന്റെ സ്ഥാനം. കൂടുതൽ വലിയ ഒരു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദുബൈ അബുദാബി ഹൈവേയിൽ നിന്നും കുറച്ച് മാറി നടന്ന് വരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഹിന്ദുമത വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങളുള്ള, തങ്ങളുടെ ചിരകാലാഭിലാഷമായ ഒരു സ്വപ്നം പൂവണിയുകയാണ്.
വ്യത്യസ്ത സഭകളുടെ കീഴിലുള്ള നിരവധി ചർച്ചുകളും ബർദുബായിലും ദുബായിയുടെ തന്നെ മറ്റ് പ്രദേശങ്ങളിലുമുണ്ട്. വിവിധ ദേശക്കാർക്കും ഭാഷക്കാർക്കുമായി വ്യത്യസ്ത കുർബാനകളും അർപ്പിക്കപ്പെടുന്നുണ്ട് ഇവിടെ.
സൂക്ക് അൽ ബഹർ.
നാവികന്റെ വിപണി എന്നർഥമുള്ള അറബി പദമാണ് സൂക്ക് അൽ ബഹർ. ദുബൈ ഡൗൺ ടൗണിൽ ബുർജ് ഖലീഫക്ക് അടുത്ത് തന്നെയാണ് ഇതിന്റെ സ്ഥാനവും. ദുബായിൽ താമസിക്കുന്നവർക്കും സഞ്ചാരികൾക്കും ഒരു പോലെ ആകർഷകമാകത്തക്ക നിലയിൽ ആധുനിക ഷോപ്പിംഗ്, വിനോദം, വാട്ടർഫ്രണ്ട് ഡൈനിംഗ് എന്നിവയാണ് ഇവിടത്തെ പ്രത്യേകത. നൂറിലധികം ഷോപ്പുകൾ, നിരവധി റെസ്റ്റോറന്റുകൾ, കഫേകൾ, ലോഞ്ചുകൾ എന്നിവയടങ്ങുന്ന ഒരു സമുച്ചയമാണ് ഇത്. വാട്ടർഫ്രണ്ട് പ്രൊമെനേഡിൽ ബുർജ് തടാകത്തിന്റെ അരികിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. തടാകവും മ്യൂസിക്കൽ ഫൗണ്ടനും നേർക്ക് നേർ കാണാനാകും വിധവും ആവേശം ജനിപ്പിക്കുന്ന അതിന്റെ കാഴ്ചകൾ പകർത്തുന്നതിനുമുള്ള ഒരു യഥാർത്ഥ സ്പോട്ട് തന്നെയാണിത്. ഇത് ലോകത്തിലെ തന്നെ ഏറ്റവുമധികം ഫോട്ടോയെടുത്ത സ്ഥലങ്ങളിൽ ഒന്നുമാണ്.
.

പ്രകൃതിദത്ത കല്ലുകൾ പാകിയ ഇടനാഴികൾ, കൊത്തുപണികൾ നിറഞ്ഞ ഉയരമുള്ള കമാനപാതകൾ, മാനസികാവസ്ഥയെ ഉമേഷഭരിതമാക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, അറേബ്യൻ ശൈലി തുടിക്കുന്ന അലങ്കാരങ്ങൾ എന്നിവ ഓരോ ഷോപ്പുകളെയും ആകർഷകമാക്കുന്നു. യു.എ. ഇയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനങ്ങളിലൊന്നായി എഴുതിച്ചേർക്കാൻ പര്യാപ്തമാണിത്. മനോഹരമായ വാട്ടർഫ്രണ്ട് ഡോക്കാണ് ഈ സൂക്കിന്റെ മറ്റൊരു പ്രത്യേകത. പുരാതന പരവതാനികൾ, പകിട്ടാർന്ന കരകൗശല വസ്തുക്കൾ, തിളങ്ങുന്ന ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അറേബ്യൻ പെർഫ്യൂം, ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയവയാണ് സൂക്ക് അൽ ബഹറിലെ ഓരോ ഷോപ്പുകളും സഞ്ചാരികൾക്കായി കരുതി വെച്ചിരിക്കുന്നത്.

ദുബായ് മോളിന്റെ വിസ്തൃതിയിൽ നിന്നുമിറങ്ങി ഒരു പാലത്തിലൂടെ ഇവിടെ എത്തിച്ചേരുമ്പോൾ ഈ സൂക്ക് വളരെ ചെറുതായി തോന്നിയേക്കാം. എങ്കിലും ഇരുണ്ടതെങ്കിലും ഇതിന്റെ അലങ്കാരം ഏറെ മനോഹരവും ആകർഷകവുമാണ്. ദുബായിലെ പരമ്പരാഗത സൂക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പഴയ രീതിയിലുള്ള ഈ മാർക്കറ്റ് ഡൗൺടൗണിലെ ഏറ്റവും മനോഹരമായ ഒന്നാണ്. ഭക്ഷണശാലകൾ മുതൽ ഫാഷൻ വരെ, ഉണങ്ങിയ പഴങ്ങൾ മുതൽ സുഗന്ധങ്ങൾ വരെ, ഈ മാർക്കറ്റ് വൈവിധ്യവും ഗുണനിലവാരവും ഒരേ മേൽക്കൂരയിൽ വാഗ്ദാനം ചെയ്യുന്നു. പഴയ അറേബ്യയുടെ അതിശയകരമായ കാഴ്ചവട്ടങ്ങളിലേക്ക് ഈ ആധുനിക നഗരി നമ്മെ കൈപിടിച്ചു നടത്തുന്നതിന് വേണ്ടിയുള്ള ഒരു ശ്രമമാണിത്.
ഗോൾഡ് സൂക്ക്.
ദേരയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ നായ്ഫ് സൂക്ക് രാത്രിയും പകലുമെന്നില്ലാതെ എപ്പോഴും സജീവമായി നില്ക്കുന്നു. ഇടുങ്ങിയതെങ്കിലും വെളിച്ചം നിറഞ്ഞ തെരുവുകളിൽ, തെരുവോര കച്ചവടക്കാർ കൈവശപ്പെടുത്തുന്ന നടപ്പാതകളിലൂടെ എളുപ്പത്തിലുളള ഒരു കടന്ന് പോക്ക് അസാദ്ധ്യം. മനോഹരമായ തുണിത്തരങ്ങൾ, തുകൽ വസ്‌തുക്കൾ, ഇലക്‌ട്രോണിക്‌സ്, സുവനീറുകൾ തുടങ്ങി എല്ലാം വിൽക്കുന്നവരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളും കോലാഹലങ്ങളും. നായിഫിലെ പരമ്പരാഗത സൂക്കുകളിൽ നമുക്ക് വിലപേശിക്കൊണ്ടുള്ള ഒരു ഷോപ്പിംഗ് എത്ര മാത്രം ആസ്വാദ്യകരമായി അനുഭവിക്കാനാവുമെന്നത് തീർത്തും രസകരമായ ഒരു കാര്യമാണ്. മത്സ്യ മാർക്കറ്റ് മുതൽ ഗോൾഡ് സൂക്ക് വരെ നീളുന്ന ഏതൊരിടത്തും നമ്മൾക്ക് യുക്തിപൂർവ്വം വിലപേശൽ നടത്തി സാധനങ്ങൾ വാങ്ങാവുന്നതാണ്. ഗോൾഡ് സൂക്കിൽ പണ്ടൊക്കെ സ്വർണ്ണത്തിന് വില കുറച്ചു തരുന്ന ഒരു കാലം പോലുമുണ്ടായിരുന്നു. ഇന്നും മേയ്ക്കിംഗ് ചാർജ്ജ് കുറച്ച് കിട്ടാനായി നമുക്ക് ബാർഗെയ്ൻ ചെയ്യാനാകും. കച്ചവടക്കാരെ സംബന്ധിച്ചാണെങ്കിൽ വില പേശാത്ത ഒരു കസ്റ്റമറെ അവർ പ്രതീക്ഷിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ളവരെ ഒരു മണ്ടൻ കസ്റ്റമർ എന്ന് ചിലപ്പോളവർ വിലയിരുത്തുന്നുമുണ്ടാകാം.

പരമ്പരാഗത ഷോപ്പിംഗ് അന്തരീക്ഷത്തിന്റെ ആവേശഭരിതമായ അത്തരം ജീവിതക്കാഴ്ചകൾ അനുഭവിക്കാൻ തിരക്കുള്ള വൈകുന്നേരങ്ങളാണ് നായ്ഫ് സൂക്ക് സന്ദർശിക്കേണ്ടത്. ഒരു കാലത്ത് ഒട്ടക വിപണിയായി ഉപയോഗിച്ചിരുന്ന ദുബായിലെ ഏറ്റവും പഴക്കം ചെന്ന സൂക്കുകളിൽ ഒന്നാണിത്. ഇന്ന്, ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു മൾട്ടി കൾച്ചറൽ കമ്മ്യൂണിറ്റിയെ പരിപാലിക്കുന്ന ഭക്ഷണശാലകൾ, കടകൾ, ഹോട്ടലുകൾ എന്നിവയാൽ നായ്ഫ് സൂക്ക് നിറഞ്ഞിരിക്കുന്നു. നായ്ഫ് റോഡിന്റെ പരിസരങ്ങളത്രയും ചില്ലറ മൊത്തവ്യാപാരങ്ങളുടെ കേന്ദ്രങ്ങളാണ്. നൂറു കണക്കിന് റീട്ടെയ്ൽ വ്യാപാരികൾ സ്വർണ്ണക്കച്ചവടം നടത്തുന്ന ഗോൾഡ് സൂക്കാണ് ഈ ഭാഗത്തെ ഏറ്റവും വലിയ ആകർഷണം. അത് കൊണ്ട് തന്നെ ഇവിടത്തെ പരമ്പരാഗത ബസാറുകളിലേക്കുള്ള നമ്മുടെ സന്ദർശനത്തിൽ നാം നേരിടുന്ന അനുഭവങ്ങളും നമ്മെ തേടിയെത്തുന്ന കാഴ്ചകളും ഒന്ന് വേറെ തന്നെയാണ്. അത് ദേരയിലോ ബർ ദുബായിലോ ആവട്ടെ പഴയ ടെക്സ്റ്റൈൽ സൂക്ക്, പെർഫ്യൂം സൂക്ക്, സ്പൈസസ് സൂക്ക് എന്നിവയിലേക്ക് നമ്മളെ നയിക്കുന്ന എല്ലാ വഴികളും ഇടുങ്ങിയതും തിരക്കേറിയതുമാണെങ്കിൽ പോലും അവയെല്ലാം തന്നെ നമുക്ക് പുത്തൻ അനുഭവങ്ങളാണ് കാഴ്ച വെക്കുന്നത്. ദുബായിലെ ഒരു പരമ്പരാഗത വിപണിയായ ദുബായ് ഗോൾഡ് സൂക്ക് നായ്ഫ് റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. 400 ലധികം ചില്ലറ വ്യാപാരികളാണ് ഈ സൂക്കിലുള്ളത്. അവരിൽ ഭൂരിഭാഗവും ജ്വല്ലറി വ്യാപാരികൾ തന്നെ. ചില കടകൾ പതിറ്റാണ്ടുകളോളം പഴക്കമുള്ളവയാണ്. എപ്പോഴും തിരക്കേറിയ ഈ ഭാഗങ്ങളിൽ സ്വർണ്ണം വാങ്ങാനെത്തുന്നവരേക്കാൾ സന്ദർശകരാണെന്നതാണ് വസ്തുത. ജ്വല്ലറികൾ ലക്ഷ്യമാക്കി വരുന്നവരിൽ സ്വർണത്തിനാണ് കൂടുതൽ ആവശ്യക്കാരെങ്കിലും പ്ലാറ്റിനം, ഡയമണ്ട്സ്, വെള്ളി എന്നിവയാണ് ഇവിടത്തെ തിരക്കേറിയ മറ്റു വ്യാപാരങ്ങൾ.

ദുബായ് ഗോൾഡ് സൂക്ക്നോട് ചേർന്ന് തന്നെ ഗോൾഡ്ലാൻഡും മറ്റ് ജ്വല്ലറികളുടെ അതിവിശാലമായ ഒറ്റപ്പെട്ട ഷോറൂമുകളും കാണാം. ഇന്ന് ഗോൾഡ് സൂക്കിനെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാക്കി മാറ്റിയിരിക്കയാണ് ദുബായ് മുനിസിപ്പാലിറ്റി . ഗിന്നസ് റെക്കോർഡ് നേടിയ 64 കിലോഗ്രാം ഭാരം വരുന്ന ലോകത്തിലെ ഏറ്റവും വലിയ മോതിരമാണ് തെരുവോരത്തെ ആകർഷകമായ ഒരു കാഴ്ച . ആളുകൾ കൂട്ടമായും ഒറ്റക്കും നിന്ന് ഫോട്ടോകളെടുക്കുന്ന തിരക്കാണവിടെ. സൗദി അറേബ്യ ആസ്ഥാനമായുള്ള തായ്‌ബയുടെ ഉടമസ്ഥതയിലാണ് ഈ മോതിരം.

ഇന്ത്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള വ്യാപാരികളും സംരംഭകരും ഈ പ്രദേശത്ത് സ്റ്റാളുകൾ സ്ഥാപിച്ച 1940കൾ മുതൽ ലോകമെമ്പാടും പ്രശസ്തി നേടിയതാണ് ദേരയിലെ ദുബായ് ഗോൾഡ് സൂക്ക്. പലരും അവധിക്കാലം ചിലവഴിക്കാനായി ദുബായ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഈ സ്വർണ്ണക്കടകളുടെ ആകർഷകത്വം തന്നെയാണ്. കടകളുടെ വിപുലമായ ശ്രേണികൾ, സ്ത്രീകളെ കൊതിപ്പിക്കും വിധമുള്ള വൈവിധ്യമാർന്ന ആഭരണങ്ങൾ, അസാധാരണമാം വിധം ന്യായമായ വില എന്നിവയാൽ ദുബായ് ഗോൾഡ് മാർക്കറ്റ് സ്വർണ്ണ ഭ്രമക്കാരുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി മാറുകയായിരുന്നു. തെരുവുകൾക്കിരുവശവുമുള്ള ജ്വല്ലറികളുടെ ഡിസ്പ്ലേകളിൽ വളകൾ, നെക്ലേസുകൾ, മോതിരങ്ങൾ, വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ, നീലക്കല്ലുകൾ എന്നിവ മോഹിപ്പിക്കും വിധം നിരത്തി വെച്ചിരിക്കുന്നു. ചില കടകൾക്ക് മുമ്പിലായി ഉത്സവപ്പറമ്പുകളിലെ കച്ചവടക്കാരെപ്പോലെ നമ്മെ അകത്തേക്ക് ക്ഷണിക്കുന്ന സ്റ്റാഫുകൾ. മെയ്ക്കിംഗ് ചാർജ്ജ് ഫ്രീ എന്ന പ്രലോഭനം അവർ നമുക്ക് മുന്നിലിട്ടു തരുന്നു. ഇതെല്ലാം തന്നെ മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സ്റ്റോപ്പുകളിൽ ഒന്നാക്കി മാറ്റിയിരിക്കയാണ് ഗോൾഡ് സൂക്കിനെ. പ്രത്യേകിച്ച്, രാത്രിയിൽ ഇത് മനോഹരമായി കാണപ്പെടുന്നു. ദുബായ് ഗോൾഡ് മാർക്കറ്റിൽ ഏകദേശം 30 ടൺ സ്വർണം ഉണ്ടെന്നാണ് ചില കണക്കുകൾ.
സ്പൈസ് സൂക്ക്
ദുബായ് ഗോൾഡ് സൂക്കിനോട് ചേർന്നുള്ള പരമ്പരാഗത വിപണിയാണ് ദുബായ് സ്‌പൈസ് സൂക്ക്. ബനിയാസ് സ്ട്രീറ്റിൽ അൽ റാസ് ഭാഗത്താണ് സ്പൈസ് സൂക്ക് സ്ഥിതി ചെയ്യുന്നത്. തുറന്നതും അടച്ചതുമായ മേൽക്കൂരകളുള്ള സ്റ്റോറുകൾ കൊണ്ട് നിറഞ്ഞ നിരവധി ഇടുങ്ങിയ പാതകളാണ് സൂക്കിലുള്ളത്. വർണ്ണ വൈവിധ്യങ്ങളാൽ സമ്പന്നവും സുഗന്ധ പൂരിതവുമാണ് ഈ പ്രദേശമത്രയും! സ്പൈസ് സൂക്കിലെ സ്റ്റോറുകളിൽ പലതരം സുഗന്ധവ്യഞ്ജനങ്ങൾ പ്രത്യേകിച്ച് അറബ് , ദക്ഷിണേഷ്യൻ ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന നിരവധി ഔഷധ മൂലകങ്ങളാണ് പ്രധാനമായും വിൽക്കുന്നത്. എല്ലാത്തരം ഉണങ്ങിയ പഴങ്ങളും പരിപ്പുകളും പ്രകൃതിദത്തമായതും വറുത്തവയായിട്ടും സുഗന്ധ രൂപങ്ങളിലും ലഭ്യമാണ്. നമ്മുടെ ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കും വിധം അന്തരീക്ഷത്തിലെങ്ങും നിറഞ്ഞു നില്ക്കുന്ന സുഗന്ധമാണ് ഇവിടെങ്ങും. വ്യത്യസ്ത രുചികളിലുള്ള സുഗന്ധ ചായകളും നമുക്കിവിടെ കിട്ടും.

കൂടാതെ, വിവിധ തരം വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ഊദ് പോലുള്ള ധൂപവർഗ്ഗങ്ങൾ കരകൗശല വസ്തുക്കൾ എന്നിവയും സ്പൈസ് സൂക്കിൽ വിൽക്കുന്നു. വ്യാപാരം നടക്കുന്നതത്രയും വിലപേശലിലൂടെയാണ്. വലിയ സ്റ്റോറുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും വളർച്ചയും ഗാർഹിക സ്റ്റോറുകളുടെ എണ്ണവും അവിശ്വസനീയമാംവിധം വർദ്ധിച്ചതിനാൽ വ്യാപാരത്തിന്റെ അളവും സ്പൈസ് സൂക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ എണ്ണവും അടുത്ത കാലത്തായി ഗണ്യമായി കുറഞ്ഞു. എങ്കിലും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് സൂക്ക്.
പെർഫ്യൂം സൂക്ക്.
സുഗന്ധം അറേബ്യൻ ജീവിതത്തിന്റെ ഒരു പ്രധാന മുഖമുദ്രയാണ്! നമ്മൾ പെർഫ്യൂം സൂക്കിനടുത്തെത്തുമ്പോൾ, വ്യത്യസ്ത സുഗന്ധങ്ങളാൽ നമ്മളുടെ മൂക്ക് തലോടപ്പെടും. ആയിരക്കണക്കിന് അറേബ്യൻ സുഗന്ധങ്ങളിൽ നിന്ന് നമ്മൾക്ക് തിരഞ്ഞെടുക്കാനും പെർഫ്യൂം, പൊടി, സ്റ്റിക്ക്, ക്രിസ്റ്റൽ, റോക്ക് അല്ലെങ്കിൽ മരം എന്നിവ മൂലകമായി വാങ്ങാനും കഴിയും. നമ്മൾക്ക് സൗരഭ്യ വാസന വ്യക്തിഗതമാക്കാനും നമ്മളുടെ സ്വന്തം സിഗ്നേച്ചർ സുഗന്ധം സ്വന്തമാക്കാനും പറ്റിയ ഒരിടമാണിതെന്നതിൽ സംശയമില്ല. അതു വഴി ഇവിടെ, അതിശയകരമായ സുഗന്ധങ്ങളുടെയും ധൂപവർഗ്ഗത്തിന്റെയും ലോകത്തേക്ക് പ്രവേശിക്കുക മാത്രമല്ല, നമ്മളുടെ സ്വന്തം സുഗന്ധം സൃഷ്ടിക്കാനുള്ള അവസരം ലഭിക്കുക കൂടിയാണ് ചെയ്യുന്നത്. ദുബായിൽ സിക്കത്ത് അൽ ഖാലി തെരുവിലൂടെ നടക്കുമ്പോൾ കൂടുതൽ ജനപ്രിയമായ പെർഫ്യൂം സൂക്കിന്റെ സുഗന്ധത്തിൽ നമ്മൾ ഇടറിവീഴാനിടയുണ്ട് ! തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചേരുവകളനുസരിച്ചാണ് സുഗന്ധദ്രവ്യങ്ങൾ സൃഷ്ടിക്കുന്നത്. ചിലത് മദ്യത്തെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ മറ്റ് ചിലത് എണ്ണകളെ പിൻപറ്റിയുള്ളവയാണ്. മെഴുക് അല്ലെങ്കിൽ ബോവയെ സംസ്കരിച്ചെടുത്തുള്ളവയുണ്ട്. ചിലത് ചർമ്മത്തിന്റെ ഗന്ധം ക്രമീകരിക്കാൻ ഓരോ ന്നിനും കഴിയും വിധം ചേരുവകൾ വ്യത്യസതമായിരിക്കും. ഓരോ വ്യക്തിയിലും അവ വ്യത്യസ്തമായി മണം നില നിറുത്തുന്നു. ചിലത് ദിവസം മുഴുവൻ മണം നില നിറുത്താൻ പര്യാപ്തമെങ്കിൽ ചിലവ മണിക്കൂറുകൾ മാത്രം അത് പ്രദാനം ചെയ്യുന്നു. എങ്കിലും അവയെല്ലാം സ്വാഭാവിക ചേരുവകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സുഗന്ധം പരത്തുന്ന എല്ലാം പെർഫ്യൂം സൂക്കിൽ കാണാം. എണ്ണ മിശ്രിതങ്ങൾ, പെർഫ്യൂം റോളറുകൾ, ഹാർഡ് പെർഫ്യൂം, അവശ്യ എണ്ണകൾ, ആരോമാറ്റിക് സ്റ്റിക്കുകൾ എന്നിവയുള്ള സുഗന്ധതൈലം എല്ലാംതന്നെ.വിപണിയുടെ പ്രധാന സവിശേഷത നമ്മുട സ്വന്തം അദ്വിതീയ രസം സൃഷ്ടിക്കാനുള്ള അവസരമാണ്. ഒരുപക്ഷേ, നമ്മൾക്ക് ഇവിടെ കണ്ടെത്താൻ കഴിയാത്ത ഒരേയൊരു കാര്യം പ്രശസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഒരു ബ്രാൻഡ് പെർഫ്യൂം ആണ് . നമ്മൾക്ക് അതാണ് ആവശ്യമെങ്കിൽ തീർച്ചയായും ഏതെങ്കിലും നല്ല ഷോപ്പിങ്ങ് സെന്ററിൽ തിരയേണ്ടി വരും.
എങ്കിലും പതിറ്റാണ്ടുകളായി ദുബായ് മാർക്കറ്റിൽ കിട്ടുന്ന രസസി , ഹറമെയിൻ, അജ്മൽ തുടങ്ങിയ ബ്രാൻഡുകൾ ഷോപ്പിങ്ങ് മോളുകളിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ നമുക്കിവിടെ നിന്നും വാങ്ങാനാകും.

