23 April 2021 · 11 min read · ചരിത്രം

റേഡിയോ.. നൂററാണ്ട് പിന്നിട്ട ശബ്ദ വർഷങ്ങൾ


ഒരു തലമുറയുടെ ഗൃഹാതുരതയെ തൊട്ടുണർത്താൻ പര്യാപ്തമാവും വിധം , ഇനിയൊരിക്കലും നമ്മൾ കേൾക്കാനിടയില്ലാത്ത തരത്തിൽ വിസ്മൃതിയിലാണ്ടു പോയ നമ്മുടെ സ്വന്തം റേഡിയോ നിലയങ്ങളിലെ പ്രക്ഷേപണ സ്വരങ്ങളുടെ തനിമയിലേക്ക് ഒരെത്തിനോട്ടം. നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളെ സ്വാധീനിച്ചിരുന്ന കേരളത്തിലെ തനത് റേഡിയോ നിലയങ്ങളുടെ ഓർമ്മകളിലേക്ക് ഒരു സഞ്ചാരം. ഒരു കാലത്ത് മലയാളിയുടെ സന്തത സഹചാരിയായിരുന്ന റേഡിയോയെ കുറിച്ച് തന്നെ. പരമ്പരാഗത പ്രക്ഷേപണ നിലയങ്ങൾ എല്ലാം ഓർമ്മത്തെറ്റുകൾ പോലെ ആയി തീർന്ന ഈ കാലത്ത് റേഡിയോയെ കുറിച്ച് അല്പം വിവരണങ്ങൾ .
ആകാശവാണി തിരുവന്തപുരം തൃശൂർ ആലപ്പുഴ . ഇന്ന് 2020 സെപ്റ്റമ്പർ മാസം 4ാം തിയ്യതി. കൊല്ലവർഷം 1196 ചിങ്ങം 19.

103.5 മീറ്ററിൽ 630  കിലോ ഹൈറ്റ്സിൽ ഞങ്ങളുടെ പ്രഭാത പരിപാടികൾ ആരംഭിക്കുന്നു. ഇപ്പോൾ സമയം അഞ്ച് മണി കഴിഞ്ഞ് 30 മിനിറ്റ് 24 സെക്കന്റ്.

എല്ലാ ശ്രോതാക്കൾക്കും നമസ്കാരം.ഇന്നത്തെ പരിപാടികൾ. 05.35 ന് വന്ദേമാതരം. 05.45 ന് ആരോഗ്യ വേദി.  .06.00 മണിക്ക് കൃഷിപാഠം. 06.30 ന് ലളിത ഗാനങ്ങൾ .07.00 മണിക്ക് പ്രാദേശിക വാർത്തകൾ. 07.15 മുതൽ വാർത്താ തരംഗിണിയിൽ റേഡിയോ പ്രക്ഷേപണത്തിന്റെ 100 വർഷങ്ങൾ എന്ന പ്രത്യേക പരിപാടി. 

ശ്രോതാക്കൾക്ക് നമസ്കാരം. ഇപ്പോൾ സമയം ഏഴ് മണി കഴിഞ്ഞ് 15 മിനിറ്റ് . വാർത്താ തരംഗിണിയിൽ റേഡിയോ പിന്നിട്ട ഒരു നൂറ്റാണ്ടു് എന്ന പ്രത്യേക പരിപാടി. 

ഇന്ന് നാം ശ്രവിച്ചു കൊണ്ടിരിക്കുന്ന ഈ പരിപാടി ഭൂമുഖത്ത് നിലവിൽ വന്നിട്ട് ഒരു നൂററാണ്ട് തികയുകയാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ ഇറ്റലിക്കാരനായ മാർക്കോണിയുടെ ഈ കണ്ടു പിടുത്തം ലോകത്ത് ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല.മാർക്കോണിക്കു മുമ്പ് തന്നെ റേഡിയോ  തരംഗങ്ങളെ കണ്ടെത്തുകയും അതെക്കുറിച്ച് വിശദമായ പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു ജർമ്മൻശാസ്ത്രജ്ഞനായിരുന്നു ഹെൻറിച്ച് ഹെർട്ട്സ്.അദ്ദേഹത്തെ  പിന്തുടർന്ന് വന്ന മാർക്കോണി നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായിരുന്നു റേഡിയോ എന്ന് പറയുന്നതാവും ശരി.   ജനങ്ങളുടെ ഭൗതിക, സാമൂഹ്യ ജീവിത ക്രമങ്ങളിൽ വിപ്ലവാത്മകമായ സ്വാധീനം ചെലുത്താൻ ഈ കണ്ടുപിടുത്തം ഏറെ സഹായകമായി.

. 

                      മാർക്കോണി 

1895ൽ ഇംഗ്ലണ്ടിന്റെ തന്നെ ഭാഗമായ ഒരു ദ്വീപിൽ മാർക്കോണി താത്കാലിക റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച് തന്റെ കണ്ടുപിടുത്തത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കംകുറിച്ചു.നിരന്തരമായ അന്വേഷണങ്ങൾക്ക് ഒടുവിലായി പത്ത് വർഷങ്ങൾക്ക് ശേഷം അതിന്റെ സാധ്യതകൾ കുറെ  കൂടി വിപുലമായ തലത്തിലേക്ക് ഉയർത്തപ്പെട്ടു. പക്ഷെ, വാണിജ്യാടിസ്ഥാനത്തിൽ  പ്രക്ഷേപണ യോഗ്യത കൈവരുന്നത് 1920 കളിലാണ്. ഒന്നാം ലോക മഹായുദ്ധം സൃഷ്ടിച്ച അതിദാരുണമായ ജീവിതാവസ്ഥ നിലനില്ക്കുന്ന ഭൂമുഖത്തേക്ക് ഒരു പുതിയ ശ്രവ്യാനുഭവമായി റേഡിയോ അവതരിക്കയായി എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

തുടക്കത്തിൽ ലോങ് വേവ്, മീഡിയം വേവ്, ഷോർട്ട് വേവ് ബാൻഡുകളിൽ പ്രവർത്തനമാരംഭിച്ച പ്രക്ഷേപണം ക്രമേണ ഏറെ ഉയർന്ന തരംഗ ദൈർഘ്യങ്ങളിലേക്ക് ഉയർത്തപ്പെടുകയാണുണ്ടായത്. എന്നാൽ, ഇതിനു മുമ്പായി പരമ്പരാഗത ടെലിഫോൺ ലൈനിന്റെ പ്രവർത്തനം രൂപാന്തരപ്പെടുത്തി ഇംഗ്ലണ്ടിലും ഫ്രാൻസിലും ഹംഗറിയിലും സ്വകാര്യ റേഡിയോ  ശൃംഗലകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.ഉപരിവർഗ്ഗ കുടുംബങ്ങളിലെ കൂട്ടായ്മകൾ  സംഗീതം, പുസ്തക വായന ആത്മീയ പ്രഭാഷണങ്ങൾ എന്നിവ ശ്രവിക്കാനായി ഇത്തരം സാങ്കേതികതയെ ആശ്രയിച്ചു പോന്നു. പൂർണ്ണ തികവിലുള്ള റേഡിയോ സ്റ്റേഷനുകൾ 1920 കളിൽ തന്നെയാണ്  ഈ രാജ്യങ്ങളിലും സജ്ജമായി വരുന്നത്. 

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള റേഡിയോ സ്റ്റേഷനുകൾ ആവിർഭവിക്കുന്നത്  1950 കളിലാണ് . അതോടൊപ്പം തന്നെ സ്വകാര്യ റേഡിയോ പ്രക്ഷേപണ സൗകര്യങ്ങളും ഒരുക്കിയിരുന്നു മിക്കവാറും യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ. 

റേഡിയോ പ്രക്ഷേപണ രംഗത്ത് ലോകത്തെ മൂന്നാം സ്ഥാനക്കാരായ അർജന്റീന 1921 ൽ രാജ്യത്തെ പ്രസിഡന്റിന്റെ പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്ത്  അത്ഭുതം സൃഷ്ടിച്ചു. അത് വരെയുള്ള റേഡിയോ പരിപാടികളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവം അതിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ അർജന്റീനയും ഉറുഗ്വേയും തമ്മിലുള്ള ഫുട്ബാൾ മത്സരത്തിന്റെ ദൃക്സാക്ഷി വിവരണവും അതിനിടയിൽ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ വ്യാവസായിക വിപണനതന്ത്രവും അവർ ആവിഷ്കരിച്ചു.  

ഏതാണ്ട് ഇതേ കാലയളവിൽ തന്നെ കാനഡയിലും ക്യൂബയിലും ജർമ്മനിയിലും റേഡിയോ നിലവിൽ വന്ന് കഴിഞ്ഞിരുന്നു. ഹിറ്റ്ലറുടെ  അധികാരാരോഹണത്തോടെ പ്രക്ഷേപണ വിഭാഗത്തിന്റെ തലവനായി തീർന്ന ഗീബൽസ് ജർമ്മനിയിൽ ഒരു പാട് നിയന്ത്രണങ്ങൾ ആ മേഖലയിൽ ഏർപ്പെടുത്തി. സർക്കാർ നിയന്ത്രണത്തിലുള്ള റേഡിയോ ഉൾപ്പെടെ എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തുകയും ജൂതന്മാരായ എല്ലാവരെയും റേഡിയോ സ്റ്റേഷന്റെ ഔദ്യോഗിക കൃത്യങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു.  

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ അമേരിക്കയിൽ റേഡിയോ പ്രക്ഷേപണങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും അതിന്റെ പ്രവർത്തന രീതി ഫല പ്രാപ്തിയിലെത്തിയത് 1921 ൽ ആണ്. ഇതേ സമയത്ത് തന്നെ ജപ്പാനിലും നെതർലാന്റ്സിലും, മെക്സിക്കോയിലും റേഡിയോ പ്രവർത്തനമാരംഭിച്ചു തുടങ്ങിയിരുന്നു.


1946 ൽ സ്വാതന്ത്യം ലഭിക്കുന്നത് വരെ അമേരിക്കൻ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഫിലിപ്പൈൻസിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത് 1927 ൽ മാത്രമാണ്. 

എന്നാൽ, 1923 ൽ ഏഷ്യയിലെ ആദ്യത്തേതും ലോകത്തെ തന്നെ മൂന്നാമത്തെതുമായ റേഡിയോ സ്റ്റേഷൻ സ്ഥാപിക്കുന്നത് സിലോണിലായിരുന്നു.   റേഡിയോ സിലോൺ അന്ന് ആരംഭിക്കുന്നത് ഇംഗ്ലണ്ടിൽ ബി.ബി.സി റേഡിയോ തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് . ഒരു  കിലോവാട്ട് ഔട്ട് പുട്ടിൽ മീഡിയം വേവ് ലാണ് ഇതിന്റെ തുടക്കം.

.
ജർമ്മൻ മുങ്ങിക്കപ്പലിൽ നിന്നും ലഭ്യമായ ചില ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ. പതിറ്റാണ്ടുകൾ പിന്നിട്ട് 1950 കളിൽ ഹിന്ദി പരിപാടികൾ തുടങ്ങിയതോടെ റേഡിയോ സിലോൺ മേഖലയിലെ വായു തരംഗങ്ങളുടെ രാജാവ് തന്നെ ആയി തീർന്നു. സുനിൽദത്ത്, അമീൻ സായാനി എന്നീ പിൽക്കാലത്ത് പ്രശസ്തരായവരുടെ സേവനം റേഡിയോ സിലോൺ ഫലപ്രദമായി ഉപയോഗിക്കുന്നത് ഇക്കാലത്താണ്. അമീൻ സായാനിയുടെ ഇമ്പമാർന്ന ശബ്ദമില്ലാത്ത ബിനാകാ ഗീത് മാല ഒരാൾക്കും ഓർത്തുവെക്കാനാകില്ല .

                                                                    
    അമീൻ സായാനി                                                                          


                                                   സുനിൽ ദത്ത്

ഏതാണ്ട്  ഇക്കാലത്ത് തന്നെയാണ് ഇന്ത്യയിലും റേഡിയോ പരിപാടികളുടെ തുടക്കം. 1923 ൽ തന്നെ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബും വേറെ ചില സ്വകാര്യ സംരംഭകരും റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരുന്നു. 1927 ജൂലൈയിൽ ബോംബെ സ്റ്റേഷനും തൊട്ടടുത്ത മാസം കൽക്കട്ട സ്റ്റേഷനും പ്രവർത്തനം തുടങ്ങിയെങ്കിലും പിന്നീടതിന്റെ പ്രവർത്തനം നിലക്കുകയാണുണ്ടായത്. 1930 ൽ ഇൻഡ്യൻ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റിങ് സർവ്വീസസ് എന്ന പേരിൽ ഗവണ്മെണ്ടിന്റെ നേരിട്ടുള്ള നടത്തിപ്പിൽ ഇത് ഏറ്റെടുത്തു. തുടർന്ന് 1936 ജൂൺ 8 ന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേരിൽ പുതിയ നിലയം സ്ഥാപിതമായി. 

1939 ൽ ജർമ്മനിയിൽ നിന്നുള്ള പഷ്തു ഭാഷയിലെ സംപ്രേക്ഷണം ഇന്ത്യൻ റേഡിയോ സർവീസുകളെ കാര്യമായി ബാധിച്ചു. പക്ഷെ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആധിപത്യം നേടാനുള്ള ജർമ്മൻ ശ്രമങ്ങളെ അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചു. അങ്ങനെ ആ വർഷം തന്നെ ഡാക്കയിൽ നിന്നും പഷ്തു ഭാഷയിലുള്ള പ്രക്ഷേപണം തുടങ്ങിക്കൊണ്ട് ജർമ്മനിക്ക് ഒരു താക്കീത് നല്കാൻ ഇന്ത്യക്കായി. 1942 വരെയുള്ള തുടർ വർഷങ്ങളിൽ പ്രഖ്യാത കലാകാരമാരും ബുദ്ധിജീവികളും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ സജീവമായതോടെ ജർമ്മൻ റേഡിയോയുടെ പരിപാടികൾക്ക് ശ്രോതാക്കൾ ഇല്ലാതായി.നാട്യ ഗുരു നൂറുൽ മോമെനെപ്പോലെയുള്ള കലാകാരന്മാർ ഡാക്ക റേഡിയോയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയതോടെ മുമ്പെങ്ങുമില്ലാത്ത സ്വീകാര്യത ആർജ്ജിച്ചെടുക്കാൻ അതിനായി. 

1947 ൽ സ്വാതന്ത്ര്യ ലബ്ധിക്ക്  ശേഷം, നിലവിലുണ്ടായിരുന്ന ഡൽഹി, ബോംബെ സ്റ്റേഷനുകൾ കൂടാതെ   നാല് പുതിയ സ്റ്റേഷനുകൾ കൂടി ഇന്ത്യയിൽ സ്ഥാപിതമായി.  ലക്നൗ, തിരുച്ചിറപ്പള്ളി,കൽക്കട്ട,മദ്രാസ് എന്നിവിടങ്ങളിലായിരുന്നു അവ . 1932 ൽ തുടങ്ങിയ ഡെക്കാൻ റേഡിയോ ഹൈദ്രാബാദ് നിസാമിൽ നിന്നും ഏറ്റെടുത്ത് ഓൾ ഇന്ത്യാ റേഡിയോയിൽ ലയിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്. ഈ ഘട്ടത്തിൽ രാജ്യത്തെട്ടാകെയായി മൂന്ന് ലക്ഷത്തിൽ താഴെ മാത്രം റേഡിയോ സെറ്റുകളായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്. ലാഹോർ, പെഷവാർ, ഡാക്ക സ്റ്റേഷനുകൾ വിഭജനത്തോടെ പാക്കിസ്ഥാന്റെ ഭാഗമായി തീർന്നു .

ഇന്ത്യൻ ശ്രോതാക്കളുടെ മേൽ ഉണ്ടായിരുന്ന  റേഡിയോ സിലോണിന്റെ സ്വാധീനം  ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് മൊത്തത്തിൽ ഭീഷണിയായി തീരും എന്ന ഘട്ടത്തിലേക്കെത്തി. ലതാ മങ്കേഷ്കർ, അമിതാബ് ബച്ചൻ, രാജ്കുമാർ തുടങ്ങിയവരൊക്കെ അക്കാലങ്ങളിൽ ഇന്ത്യൻ റേഡിയോയുടെ അനൗൺസർമാരായി ജോലി ചെയ്തിരുന്നു. പക്ഷേ, ശ്രോതാക്കളിൽ സ്വാധീനം ചെലുത്തത്തക്ക വിധം പ്രശസ്തരായിരുന്നില്ല  അവരൊന്നും. അതിനാൽ  റേഡിയോ സിലോണുമായി മത്സരിച്ചു നില്ക്കാൻ തക്ക പ്രാപ്തി തങ്ങൾക്കില്ലെന്ന്  തിരിച്ചറിയാൻ ആകാശവാണി നിർബ്ബന്ധിതരായി. ഇതിനെന്താണൊരു പോംവഴി എന്ന ചിന്തയിൽ നിന്നാണ് വിവിധ് ഭാരതി എന്ന ആശയം ഉദിക്കുന്നത്. പക്ഷേ, അതിനിടയിൽ തന്നെ പരസ്യ വരുമാനത്തിലൂടെ ഇന്ത്യയിൽ നിന്നും ദശലക്ഷക്കണക്കിന്  രൂപയുടെ സാമ്പത്തികനേട്ടം സിലോൺ റേഡിയോ സ്വായത്തമാക്കിയിരുന്നു. 

 

(still from the song ‘Tadbeer Se Bigdi Hui Taqdeer Bana Le’ (‘Baazi’, 1951), where Geeta Bali is strumming a guitar.In 1952, Hindi film songs were banned on All India Radio )

വിവിധ് ഭാരതിയിലെ ജനപ്രിയ പരിപാടികളിൽ  ഏറെ മുമ്പിലുണ്ടായിരുന്നത് ബിനാകാ ഗീത് മാല തന്നെയായിരുന്നു.1952 മുതൽ 1988 വരെ ഈ പരിപാടി റേഡിയോ സിലോണിന്റെ കൂടി ഭാഗമായിരുന്നു. 1952 മുതൽ ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ ഓൾ ഇന്ത്യാ റേഡിയോയിൽ കുറെ കാലത്തേക്ക് നിരോധിക്കപ്പെട്ട ഘട്ടം റേഡിയോ സിലോൺ അവസരമായി എടുത്തു . മുഖ്യമായും ഹിന്ദിചലച്ചിത്ര ഗാനങ്ങളായിരുന്നു അതിന്റെ ആകർഷകഘടകം എന്നിരിക്കെ അതിന്റെ അഭാവം ഇന്ത്യൻ റേഡിയോ ശ്രോതാക്കളെ നിരാശരാക്കി. ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ സുവർണ്ണകാലം 1950 - 1960 കളായിരുന്നു.സൈഗൾ, മുഹമദ് റഫി ,കിഷോർ കുമാർ ,നൂർജഹാൻ, ലതാ മങ്കേഷ്കർ ആശാ ബോൺസ്ലേ  എന്നിവരുടെ ഗാനങ്ങൾ ആസ്വാദകർക്ക് അനുഭവിച്ചറിയണമെങ്കിൽ റേഡിയോയെ മാത്രം ആശ്രയിക്കേണ്ടുന്ന കാലം. വാർത്താവിതരണ വകുപ്പ് മന്ത്രിയായിരുന്ന കേസ്ക്കർ എന്ന യാഥാസ്ഥിതികൻ  ഹിന്ദി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന സംഗീതത്തെ എതിർത്തു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾക്ക് പകരമായി ഓടക്കുഴലും വീണയും, മുദംഗവും പോലുള്ള ഇന്ത്യൻ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങൾ മതി ഓൾ ഇന്ത്യാ റേഡിയോയിൽ എന്ന വാശിയിലായിരുന്നു അദ്ദേഹം. തന്നെയല്ല, ഇന്ത്യൻ സംഗീത പാരമ്പര്യം ശാസ്ത്രീയ സംഗീതത്തിലാണെന്നും അത് മാത്രം മതി റേഡിയോയിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ 1952 ൽ ഹിന്ദി ഗാനങ്ങളുടെ സംപ്രേക്ഷണം ആകാശവാണിയിൽ നിറുത്തിവെക്കാൻ മന്ത്രി ഉത്തരവിടുകയായിരുന്നു. വിചിത്രമെന്ന് പറയട്ടെ, നീണ്ട പത്ത് വർഷക്കാലം ഇതേ വകുപ്പ്  ഇദ്ദേഹത്തിന്റെ കീഴിൽ തന്നെയായിരുന്നു. എങ്കിലും മൂന്ന് മാസത്തിനപ്പുറം ആ നിരോധനം നീട്ടിക്കൊണ്ടു പോകാൻ അദ്ദേഹത്തിനായില്ലെന്നത് സംഗീതാസ്വാദകരുടെ ഭാഗ്യമെന്ന് വേണം പറയാൻ. 

ശരിക്കും ഈ അവസരം റേഡിയോ സിലോൺ  മുതലെടുക്കുയായിരുന്നു. ബിനാകാ ഗീത് മാല പോലുള്ള പ്രോഗ്രാമുകളുടെ ജനപ്രിയത വർദ്ധിപ്പിക്കാൻ അവർ വഴികൾ കണ്ടെത്തി. വാണിജ്യതലത്തിൽ ഏഷ്യയിലാകമാനം പുതു തരംഗം തീർക്കാൻ അവർക്കായത് അനുചിതമായ ഇത്തരം ചില ഇന്ത്യൻ തീരുമാനങ്ങളുടെ  ഫലം മൂലമായിരുന്നു. എല്ലാ ബുധനാഴ്ചകളിലും ഹിന്ദി ഗാനങ്ങളുടെ ജനപ്രിയ നിലവാരം മുൻനിറുത്തി ബിനാകാഗീത് മാല അമീൻ സായാനിയെ കൊണ്ട്  അവർ അവതരിപ്പിച്ചു തുടങ്ങി. അതോടൊപ്പം റേഡിയോ സിലോൺ  ഇന്ത്യൻ ജനപ്രിയ സംഗീതജ്ഞരുടെ ഇംഗ്ലീഷ് ഗാനങ്ങളും വ്യാപകമായി പ്രക്ഷേപണം ചെയ്യാനാരംഭിച്ചു. അവർ, സ്റ്റേഷൻ ജിംഗിളുകൾ റെക്കോർഡ് ചെയ്ത് അവയെ ഓൾ ഏഷ്യാ സർവ്വീസസിൽ അവതരിപ്പിച്ചു. - ലക്സ് സോപ്പു മുതൽ കൊക്കക്കോള വരെ . പരസ്യവിഭാഗം കൊഴുപ്പിച്ച് കോടികളുടെ വരുമാനം അവർക്ക് ആർജ്ജിക്കാൻ ബുദ്ധിപരമല്ലാത്ത ഇന്ത്യൻ തീരുമാനം വഴിവെച്ചു. 

40 പുതിയ സ്റ്റേഷനുകളുമായി വിവിധ് ഭാരതി തുടങ്ങുന്നത് റേഡിയോ സിലോണുമായി ഒരങ്കത്തിനുള്ള പുറപ്പാടോടു കൂടി തന്നെയായിരുന്നു. തുടക്കത്തിൽ ജയ് മാല എന്ന പേരിൽ സൈനികർക്കായുള്ള പ്രത്യേക പരിപാടിയും  ഹവാമഹൽ, സംഗീത് സരിക, ചിത്രലോക് തുടങ്ങിയ ജനകീയ പരിപാടികളുമായി പെട്ടെന്ന് തന്നെ ശ്രോതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞെന്നത് തുടർന്നും ജനങ്ങൾക്കിഷ്ടപ്പെട്ട മറ്റു പരിപാടികളിലേക്ക് നീങ്ങാൻ  പ്രേരിതമായി. ബോംബെ ബോറിവില്ലിയിൽ നിന്നും സാറ്റലൈറ്റ് വഴി രാജ്യത്തെ പ്രധാന്പ്പെട്ട 40 സ്റ്റേഷനുകളിലേക്ക് ഡൗൺലിങ്ക് ചെയത് ആകാശവാണിയുടെ മറ്റെല്ലാ സ്റ്റേഷൻ വഴിയും റിലേ ചെയ്യുന്ന ഒരു രീതിയായിരുന്നു അന്ന് അവലംബിച്ചിരുന്നത്. ഇത് ഏറെ ഫലം കണ്ടു. തുടർന്ന് പരസ്യവിഭാഗം സജീവമാക്കാൻ തീരുമാനിക്കുകയായിരുന്നു. 1957 മുതൽ 94 വരെയായിരുന്നു ബിനാകാഗീത് മാല വിവിധ് ഭാരതിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത്. പാരമ്പര്യവും ആധുനികതയും ഇടകലർത്തിയുള്ള ഒരു രീതിയായിരുന്നു വിവിധ് ഭാരതിയുടേത്. ലോകത്തിൽ ഏറ്റവുമധികം പ്രക്ഷേപണ ശൃംഖല ഉള്ള ആകാശവാണിക്ക് ഇതു വഴി ഏറെ ശ്രോതാക്കളെ ഇതിനോടടുപ്പിച്ച് നിറുത്താനുമായി എന്നത് റേഡിയോ സിലോണിന് മേലുള്ള ഒരു വിജയമായി കൂടി വേണം വിലയിരുത്താൻ. 

1943 ലാണ് കേരളത്തിൽ ആദ്യമായി റേഡിയോ സ്റ്റേഷൻ സ്ഥാപിതമാവുന്നത്. അതിനു മുമ്പേ 1927 ൽ ഇലക്ട്രിക്കൽ  എഞ്ചിനീയറായ  കെ.സി. മേനോൻ എന്നൊരാൾ കോഴിക്കോട് വെച്ച് റേഡിയോ തരംഗങ്ങളുടെ സംപ്രേക്ഷണം നടത്തിക്കാണിക്കാമെന്ന് പ്രഖ്യാപിച്ച് ഒരു ഷോ നടത്തുകയുണ്ടായി. കോഴിക്കാട് സാമൂതിരി കോളേജായിരുന്നു വേദി. അതിന്റെ ഫലം നിരാശാജനകമായിരൂന്നെങ്കിലും പിന്നീടത് അദ്ദേഹം തന്നെ തൃശൂർ വെച്ച് വിജയകരമായി നടത്തിക്കാണിച്ചു എന്ന് വാദിക്കുന്നവരുണ്ട്. എന്തായാലും 1937ൽ ചിത്തിര തിരുനാൾ ബാലരാമവർമ ട്രാവൻകൂർ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റേഷൻ എന്ന ഒരു കമ്പനി രൂപികരിക്കാൻ ഉത്തരവിടുന്നതോടെ കേരളത്തിലെ ആദ്യത്തെ റേഡിയോ  സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നതിന് തുടക്കമാവുകയായിരുന്നു. നീണ്ട ആറ് വർഷത്തിന് ശേഷം 1943 മാർച്ച് 12 നാണ് ഇത് പ്രവർത്തനയോഗ്യമാവുന്നത്. തുടക്കത്തിൽ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം രണ്ട് മണിക്കൂർ എന്ന നിലയിലായിരുന്നു പ്രക്ഷേപണം. വഞ്ചീശമംഗളവും രാജാവിനെ സ്തുതിച്ചു കൊണ്ടുള്ള മറ്റ് ഗാനങ്ങളുമായിരുന്നു പ്രധാന പരിപാടി. കേരളത്തിന്റെ അന്നത്തെ സാമൂഹ്യാവസ്ഥയിൽ റേഡിയോ കേൾക്കാൻ പാകത്തിലുള്ള ഒരേ ഒരു വിഭാഗം അധീശ വർഗ്ഗം മാത്രമായിരുന്നു എന്നത് കൂടി ഓർക്കണം. 1950 ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതോടൊപ്പം സ്റ്റേറ്റിന്റെ കീഴിലുണ്ടായിരുന്ന റേഡിയോ ഓൾ  ഇന്ത്യാ റേഡിയോയുടെ തിരുവനന്തപുരം നിലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.അതോടെ  കേരളം കൂടി ഓൾ ഇന്ത്യാ റേഡിയോ നെറ്റ് വർക്കിൽ ഇടം നേടി.

1966 ൽ സ്ഥാപിതമായ കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ മലയാളി ഇനി ശ്രവിക്കാനിടയില്ലാത്ത  വിധം അവസാനിച്ചു കഴിഞ്ഞു. തൃശൂർ സ്റ്റേഷനും താത്കാലികമായി അടച്ചു. ഈ താത്കാലികാവസ്ഥ സ്ഥിരമായ അടച്ചുപൂട്ടലിന്റെ മുന്നോടിയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആലപ്പുഴ നിലയത്തിന്റെ കാര്യവും തഥൈവ. ഡിജിറ്റൽ ട്രാൻസ്മിഷന്റെ പേരിൽ രാജ്യത്തുള്ള ഒട്ടുമിക്ക റേഡിയോ നിലയങ്ങളും അടച്ചു പൂട്ടുകയും സ്വകാര്യ കമ്പനികളുടെ  എഫ്. എം സ്റ്റേഷനുകൾക്ക് പരിധിവിട്ട പ്രോൽസാഹനം നല്കുകയും ചെയ്യുകയാണ് നിലവിലുള്ള കേന്ദ്രഗവണ്മെന്ടിന്റെ വികലമായ നയം .കാലഘട്ടത്തിനനുസരിച്ചുള്ള വിപ്ലവാത്മകമായ മാറ്റങ്ങൾ ഏതു തുറയിലെന്നുമെന്ന പോലെ ഇവിടെയും വേണ്ടത് തന്നെ. പക്ഷെ, പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിറുത്തിക്കാണ്ട് അവയെ നവീകരിച്ച് കൊണ്ട് മുന്നോട്ട് പോവുകയാണ് ആർജ്ജവമുള്ള ഏതൊരു സർക്കാരും അനുവർത്തിക്കേണ്ട നയം. അത്തരമൊരു നീക്കത്തിന് മുതിരാതെ എല്ലാം വിറ്റുതുലക്കുകയെന്ന വിചിത്രമായ നിലപാടുകൾ താത്കാലികമായ ചില മാറ്റങ്ങൾ എന്ന നിലക്ക് സമൂഹത്തിൽ ചലനങ്ങളുളവാക്കിയെങ്കിലും ഭാവിയിൽ അത് ദോഷകരമായി   തന്നെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല .

60 കളുടെ അവസാന പാദത്തിൽ കവലകൾ തോറും പഞ്ചായത്ത് റേഡിയോകളുടെ പ്രവർത്തനം സജീവമായിരുന്നു. സ്വാതന്ത്ര്യം നേടി രണ്ട്  ദശകങ്ങൾ പിന്നിട്ടെങ്കിലും യഥാർത്ഥ ദേശീയ ബോധവും വ്യാജമല്ലാത്ത ദേശീയതയെന്ന വികാരവും അക്കാലങ്ങളിൽ ജനങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അതിനെ ഒന്ന് കൂടി രൂഢ മൂലമാക്കാൻ, പുതിയ ഗവണ്മെണ്ടിന്റെ നയപരിപാടികൾ ജനങ്ങളിലേക്കെത്തിക്കാൻ ഈ റേഡിയോകളെ ഗ്രാമാന്തരങ്ങളിൽ ഉപയോഗപ്പെടുത്തി. 

റേഡിയോ മാംഗോയായും മിർച്ചിയായും ക്ലബ് എഫ് എമ്മായും ഒരു പാടൊരുപാട് എഫ്. എം സ്റ്റേഷനുകൾ നമൂക്ക് മുന്നിലിന്നുണ്ട്. അവ തുറന്നിടുന്ന അറിവിന്റെയും വിനോദത്തിന്റെയും വാതായനങ്ങൾ ചെറുതല്ല.  പക്ഷെ അവ ഉത്പാദിപ്പിക്കുന്ന അജൻഡകളും അതിന്റെ പിന്നിലെ രാഷ്ട്രീയവും സംസ്കാരവും ഒരു പുരോഗമന സമൂഹമെന്ന നിലക്ക് നമുക്ക് അനുയോജ്യമെന്ന് തോന്നുമെങ്കിലും കച്ചവട തന്ത്രങ്ങൾ മാത്രമാണ് അതിന് പിന്നിലെന്ന് നമുക്ക് തിരിച്ചറിയാനാകും.

1970 കളുടെ മദ്ധ്യത്തോടെ റേഡിയോയുടെ നില അപ്രസക്തമായി തീർന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ 70 കളുടെ തുടക്കത്തിൽ മുൻ ദശകത്തിലുണ്ടായിരുന്ന റേഡിയോയുടെ സ്വാധീനം കുറച്ചു നാളത്തേക്ക് പിൻ തുടർന്നിരുന്നതായി കാണാനാകും. ടെസ്റ്റ് ക്രിക്കറ്റ് മാച്ചിന്റെ കമന്ററി കേൾക്കുന്നത് കോവിഡ് 19 നേക്കാൾ വലിയ പകർച്ച വ്യാധിയായ കാലമായിരുന്നു അത്.   പട്ടിണിയും പരിവട്ടവൂമായി കഴിഞ്ഞിരുന്ന 60 കളിലെ ജീവിതത്തിൽ നിന്നും കേരളീയ സമൂഹത്തിലെ പുത്തൻ തലമുറ പുതിയ ദശകത്തിൽ പുതിയ ജീവിത രീതികളിലേക്ക് ഒരു കുതിപ്പ് നടത്തുകയായിരുന്നു. ഗൾഫ് പ്രദാനം ചെയ്ത പ്രവാസ ജീവിതങ്ങളുടെ ഉപോത്പന്നങ്ങളായി നാട്ടിലേക്കൊഴുകിയെത്തിയ പണവും ആഡംബരവും. ജപ്പാൻ നിർമ്മിത ടേപ് റെക്കാർഡറുകൾ റേഡിയോയെ കുറച്ചു കാലത്തേക്കെങ്കിലും നിഷ്പ്രഭമാക്കിയ കാലം. റേഡിയോ കൂടി ഉൾപ്പെട്ടവയായിരുന്നു അവയെങ്കിലും, പലപ്പോഴും അവയിലെ ആ ഭാഗം അവഗണിക്കപ്പെട്ട നിലയിലായിരുന്നു. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ  ദിനം പ്രതിയെന്നോണം മാറിക്കൊണ്ടിരിക്കെ ടേപ് റെക്കോർഡറിൽ നിന്നും  സി.ഡി യിലേക്കും തുടർന്ന് ടി.വി.യിലേക്കും ആളുകൾ തിരിയാനിടയായി. ഈ ഘട്ടങ്ങളിലെല്ലാം തന്നെ റേഡിയോയുടെ അസ്തിത്വം മറവിയിലേക്കെറിയപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ, അത്തരം മാറ്റങ്ങളെല്ലാം താത്കാലികമായിരുന്നെന്ന് തെളിയിച്ചു കൊണ്ട് ശക്തമായ ഒരു തിരിച്ചു വരവ് നടത്താൻ റേഡിയോക്ക്  കഴിഞ്ഞു എന്നത് നാം കണ്ടു കൊണ്ടിരിക്കയാണ്.  

ഇന്ന് റേഡിയോക്ക് മുൻകാലങ്ങളിലെക്കാൾ പ്രസക്തി ഏറി വരുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.  ഇന്റർനെറ്റും മറ്റ് അനുബന്ധ കാഴ്ച ശ്രവ്യ മാദ്ധ്യമങ്ങളും ഏറെയുണ്ടെങ്കിലും റേഡിയോ ജനജീവിതത്തിൽ ഒരവിഭാജ്യ ഘടകമായി തിരിച്ചു വന്ന് തന്റെ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ട്  കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിലെ എഫ്. എം റേഡിയോകളാണ് മുൻനിരക്കാരെങ്കിലും പരിപാടികളിലെ വൈവിദ്ധ്യം അതിന് ശ്രേതാക്കളെ ഏറെ നേടിക്കൊടുക്കാനായിട്ടുണ്ട്. 90 കളിൽ വാഹനവിപണിയിലുണ്ടായ കുതിച്ചുചാട്ടം കൂടി ഇതിനൊരു കാരണമായിരുന്നു എന്ന് വേണം കാണാൻ. ഉപരിവർഗ്ഗത്തിന്റെ മാത്രമായിരുന്ന കാർ മദ്ധ്യവർഗ്ഗക്കാരുടെ കൂടെ സ്വന്തമാവാൻ തുടങ്ങിയതോടെ റേഡിയോ ശ്രോതാക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധന പല മടങ്ങ് വർദ്ധിക്കുകയായിരുന്നു. 

ഇന്ന് റേഡിയോ, സാറ്റലൈറ്റ് വഴി ഡിജിറ്റൽ ബ്രോഡ് കാസ്റ്റിംഗ് രീതി പിന്തുടർന്നു കൊണ്ട് ഉയർന്ന ഫ്രീക്വൻസിയിൽ പരിപാടികൾ അവതരിക്കാൻ പ്രാപ്തമായിരിക്കുന്നു. എല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിൽ റേഡിയായും പുതിയ മുഖമണിഞ്ഞ് കൊണ്ട് രംഗത്ത് തുടരുകയാണ്. 

റേഡിയോ നമുക്കേകിയ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളുണ്ട്. കൃഷിപാഠം,ആരോഗ്യ വേദി,കർണാടക സംഗീത പാഠം, മഹിളാലയം, കായിക ലോകം,കൗതുകവാർത്തകൾ,രജ്ഞിനി എന്ന പേരിലുള്ള ചലച്ചിത്രഗാനങ്ങൾ അങ്ങനെ നിരവധി മറക്കാനാകാത്ത പരിപാടികൾ. അവ നമുക്ക് പകർന്ന് തന്നിരുന്ന അതുല്യരായ  കലാകാരന്മാർ. തിക്കൊടിയനും, ടി.പി. രാധാമണിയും രാമചന്ദ്രനെയും പോലുള്ളവർ. 60 കളിലെയും 70 കളിലെയും മലയാള സിനിമകളിലെ ഗാനവസന്തകാലത്തെ ഓരോ പുതുമയാർന്ന ഗാനങ്ങളും നമുക്ക് പാടിപ്പഠിക്കാനും മൂളി നടക്കാനും അവസരമൊരുക്കിയിരുന്നത് നമ്മുടെ റേഡിയോ തന്നെയായിരുന്നു. നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ രാത്രി 10 മണി ആയെങ്കിൽ എന്നാശിച്ച് അതിനായി കൊതിച്ചിരുന്ന നാളുകൾ. നമ്മുടെ പ്രിയ ഗായകരെ ജനകീയരാക്കിയതിൽ റേഡിയോക്കൂള്ള പങ്ക് മറ്റെന്തിനെങ്കിലും അവകാശപ്പെടാനാകുമെന്നും തോന്നുന്നില്ല. നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഭാഗം തന്നെയായിരുന്നു റേഡിയോ എന്ന കാര്യത്തിൽ സംശയമേതുമില്ല. 

വാർത്താ തരംഗിണി ഇവിടെ അവസാനിക്കുന്നു. അടുത്ത പരിപാടി അല്പ സമയത്തിനുള്ളിൽ കേൾക്കാം. നന്ദി, നമസ്കാരം. 

Share this story

Comments (0)

  • Be the first to write one.