4 May 2021 · 9 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ- ഏഴ്.

1. ഗാർഡൻ ഗ്ലോ .

സന്ധ്യ കഴിഞ്ഞ വേളകളിൽ ഷെയ്ഖ് സാഇദ് റോഡിലൂടെ കടന്ന് പോവുമ്പോൾ വേൾഡ് ട്രേഡ് സെന്റർ കഴിഞ്ഞാൽ ദുബായ് ഗാർഡൻ ഗ്ലോ യുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരം പലപ്പോഴും കാണാനിടയായിട്ടുണ്ട്. തിളങ്ങുന്ന രാത്രി നഗരക്കാഴ്ചകളിൽ അതെന്നും വേറിട്ടു നില്ക്കുന്ന ഒന്നായി അനുഭവപ്പെട്ടിട്ടുമുണ്ട്. പൊതുവേ കുട്ടികൾക്കുള്ള ഒരു വിനോദ കേന്ദ്രമായിരിക്കും അതെന്ന് വിദൂരക്കാഴ്ചയിൽ മനസ്സിലാക്കിയിരുന്നെങ്കിലും അതത്രയും സബീൽ പാർക്കിന്റെ തന്നെ ഒരു ഭാഗമാണെന്ന് അവിടം സന്ദർശിക്കുന്നത് വരെയും അറിയുമായിരുന്നില്ല.

അഭൂതപൂർവമായ സാങ്കേതികവിദ്യയും സമാനതകളില്ലാത്ത പുതുമയും തന്നെയാണ് ദുബായിലെ ഓരോ കാഴ്ചകളും നമ്മുടെ മനസ്സിലേറ്റുന്ന വിസ്മയ ഭാവങ്ങളെ പൊലിപ്പിച്ചെടുക്കുന്നത്.   നമ്മുടെ സകല്പങ്ങൾക്കപ്പുറത്തുള്ള അതിശയകരമായ കാഴ്ചകൾ കണ്ടെത്തുക വഴി ഈ തീം പാർക്ക് ഒരു മികച്ച ഭാവനയുടെ ലോകത്തേക്കാണ് നമ്മെ കൈ പിടിച്ചു നടത്തിക്കുന്നത്. അവിടെ വ്യത്യസ്തങ്ങളായ കലാ രൂപങ്ങളിലൂടെ നമ്മുടെ, പ്രത്യേകിച്ചും കുട്ടികളുടെ മാനസികോല്ലാസത്തിന് വേണ്ടുന്ന  ആശയങ്ങൾ തുറസ്സായ ആകാശത്തിന് കീഴിൽ നമ്മളെ കാത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈ ‘ ഗ്ലോ-ഇൻ-ഡാർക്ക്’ പാർക്ക് ദശലക്ഷക്കണക്കിന് എൽഇഡി ലൈറ്റുകളുമായി മിന്നിത്തിളങ്ങുകയും മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ

സായാഹ്നങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.


നഗരത്തിന്റെ ഏത് കോണിൽ നിന്നും പ്രസിദ്ധമായ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.സബീൽ പാർക്കിലെ ഗേറ്റ് നമ്പർ ആറും ഏഴുമാണ് ഇവിടേക്കുള്ള പ്രവേശനമാർഗ്ഗം.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നതിനായി ദുബായ് ഗാർഡൻ ഗ്ലോ  എന്നത്തേക്കാളും  മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കയാണ്.  ഒരു പക്ഷേ, ഓരോ വർഷവും പുതിയ പരിപാടികൾ ഉൾപ്പെടുത്തി വിപുലീകരിച്ച് സന്ദർശകരുടെ ആവേശത്തിമിർപ്പിന് ആക്കം കൂട്ടുക എന്ന ലക്ഷ്യം സംഘാടകർക്ക് ഉണ്ടായെന്ന് വരാം. ദുബായ് ഗാർഡൻ ഗ്ലോ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സീസൺ   ഒക്ടോബർ മുതൽ മെയ് വരെയുള്ള ശീത കാലമാണ്.

അതിമനോഹരമായ ഒരു ആർട്ട് ഗ്യാലറിയിൽ നിന്ന് വെളിച്ചത്തിന്റെ തിളക്കമാർന്ന പ്രദേശത്തേക്ക് നമ്മൾ പ്രവേശിക്കുന്നതോടെ കുട്ടികളുടെ മുഖങ്ങളിൽ വിരിയുന്ന വിസ്മയ ഭാവങ്ങൾ ഒന്നു മതി നമുക്കും ആഹ്ലാദഭരിതരാകാൻ.


ഗ്ലോ പാർക്കിൽ നമ്മൾ കാണുന്ന ഓരോ മോഡലും പരിസ്ഥിതി സൗഹൃദമാണ്. കെനിയയിലെ മസായ്മാര വന്യജീവി സങ്കേതം, നെതർലൻഡ്സിലെ തുലിപ് ഗാർഡന്റെ  തനിപ്പകർപ്പ് എന്നിവയെല്ലാം ശ്രദ്ധേയമാണ്. എൻജിനിയറിംഗ് വൈദഗ്ധ്യം കൊണ്ടും കലാ നിപുണത കൊണ്ടും സമർത്ഥമായി നിർമ്മിച്ചിരിക്കുന്ന ഈ പാർക്ക് നമ്മുടെ മനസ്സിൽ എന്നെന്നേക്കുമായി മതിപ്പുളവാക്കുന്ന ഒരു സൗന്ദര്യ ഭാവത്തെ പ്രസരിപ്പിക്കുന്നു.

ദുബായ് ഗാർഡൻ ഗ്ലോയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ദിനോസർ പാർക്ക്. ലോകത്തിലെ ഏറ്റവും വലിയ  ചരിത്രാതീത തീം പാർക്കാണിത്. തെല്ലും ഭയചകിതരാകാതെ  ഭീമാകാരരായ ജീവികൾക്കിടയിൽ ഇടപഴകുന്നതിന്റെ ആവേശം നമ്മൾക്കിവിടെ ആസ്വദിക്കാൻ കഴിയും. വിശദമായ കാഴ്ചാനുഭവങ്ങൾ പകർന്ന് തന്ന് കൊണ്ട് ദിനോസർ പാർക്കിൽ, ട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്ന്പോകും വിധമുള്ള അവയുടെ ജീവിതക്രമങ്ങൾ നമ്മൾ കണ്ടെത്തുന്നു


.

ദിനോസറുകളുടെ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കുകയും    യാഥാർത്ഥ്യബോധമുളവാക്കും വിധമുള്ള മോഡലുകൾ അവതരിപ്പിക്കുകയും ചെയ്തിരിയ്ക്കുന്നത്   തീർത്തും അത്ഭുതാവഹമാണ്. ചലിക്കുന്ന യഥാർത്ഥ വലുപ്പത്തിലുള്ളതും ശബ്‌ദമുള്ളതുമായ ദിനോസറുകൾ!   കുറച്ച് സമയത്തേക്കെങ്കിലും  അവ യഥാർത്ഥമായി തോന്നുകയും നേരിയ ഭയപ്പാട് മനസ്സിലേക്കരിച്ചെത്തുകയും ചെയ്തേക്കാം.  ഇരുട്ടിനുശേഷം ദിനോസറുകൾ കുറച്ചുകൂടി ഭയാനകമാകുന്ന സ്ഥിതി കൈവരിക്കുന്നുമുണ്ട്. അതിനാൽ ചെറിയ കുട്ടികളുമൊത്തുള്ള  സന്ദർശകർക്ക് പകൽ സമയമായിരിക്കും ഉചിതമാവുക. ഈ

ഭീമാകാരൻ ജീവികളുടെ ജീവിത ചക്രത്തെക്കുറിച്ച് ദിനോസർ ലാബ് നമ്മെ പറഞ്ഞ് മനസ്സിലാക്കിത്തരുന്നതോടൊപ്പം  ദിനോസർ മ്യൂസിയം അവയുടെ അസ്ഥികൂടങ്ങളുടെയും ഫോസിലുകളുടെയും ശരിയായ പകർപ്പുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ടിവിടെ.ദുബായ് ഗാർഡൻ ഗ്ലോ ടിക്കറ്റിൽ ദിനോസർ പാർക്കും മാജിക് പാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗാർഡൻ ഗ്ലോയിൽ ഏറെ തിരക്കനുഭവപ്പെടുന്ന ആകർഷകമായ മറ്റൊരു ഭാഗമാണ് ഐസ് പാർക്ക് . അതിന്റെ വലുപ്പവും സൂക്ഷ്മമായ അവതരണവും സമാനതകളില്ലാത്തതാണ്. ടൺ കണക്കിന് ഐസും അളവില്ലാത്ത വെളിച്ചവും ഉപയോഗിച്ച് ആശ്ചര്യകരമാം വിധം ഒപ്റ്റിക്കൽ എക്സ്ട്രാവാഗാൻസ സൃഷ്ടിക്കാൻ കഴിയുമെന്ന് അതിന്റെ സംഘാടകർ തെളിയിച്ചിരിക്കുന്ന ഒരിടമാണിത്.

മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസിൽ തണുത്തുറഞ്ഞ താപനിലയിൽ ലോകമെമ്പാടുമുള്ള വന്യജീവികളുടെ സൗന്ദര്യാത്മകമായ രൂപങ്ങളും അത്ഭുതകരമായ സ്മാരകങ്ങളും പ്രദർശിപ്പിക്കുന്നതിലാണ് ഐസ് പാർക്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, മിനി ദുബായ് എന്നിവയുടെ ഐസ് പതിപ്പും ഐസ് ഏജ് സിനിമയിലെ കഥാപാത്രങ്ങളും ഇവിടെ കാണാം. ഇത് കൂടാതെ വ്യത്യസ്തയിനം മൃഗങ്ങളുടെ ഐസ് ശില്പങ്ങളും കുട്ടികളുടെ കൗതുകത്തിന് ആക്കം കൂട്ടാനുതകുന്ന നിലയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.


മാജിക് പാർക്കിൽ, 3D കലാസൃഷ്ടികൾ കൂടാതെ നിരവധി രസകരമായ പ്രദർശനങ്ങൾ നമുക്ക് കാണാം. നമ്മൾ ഒരിക്കലും ഊഹിക്കാത്ത ഇഫക്റ്റുകൾ, നമ്മളെ അമ്പരപ്പിക്കാൻ തക്കവിധം ഈ കലാസൃഷ്ടികൾ ജ്യാമിതീയ രൂപങ്ങളിലൂടെ തന്ത്രപരമായി ഉപയോഗിച്ചിരിക്കുന്നു. അവിശ്വസനീയമാംവിധം യാഥാർത്ഥ്യബോധമുള്ള ചില തന്ത്രങ്ങൾ ഉപയോഗിച്ച് ഒരു മാന്ത്രിക ലോകമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെ ഈ വിസ്മയകരമായ ലോകം മികച്ച വിഷ്വൽ ആർട്സിനോടൊപ്പം ഹിപ്നോട്ടിക് ഇഫക്റ്റുകളും നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ചുറ്റുമുള്ളവ എല്ലാം സാകൂതം നോക്കിക്കാണാനും ആ മായിക ലോകത്ത് അലഞ്ഞുതിരിയാനും ആഗ്രഹിക്കുന്ന ജിജ്ഞാസുക്കളായ മനസ്സിന് ഈ പാർക്ക് പ്രത്യേകിച്ചും ഒരു പുതിയ അനുഭവം തന്നെയാണ് ഉണ്ടാക്കുക.

ഫ്ലവർ വാലി,ഹാപ്പിനെസ് സ്ട്രീറ്റ്,ഹാർട്ട് ടണൽ , ആർട്ട് പാർക്ക്, ഹാപ്പി ഫോറസ്റ്റ്, വാട്ടർ സൈറ്റ് തുടങ്ങി നിരവധി ഷോകളും ദുബായ് ഗാർഡൻ ഗ്ലോയുടെ ഭാഗമായിട്ടുള്ള വേദികളാണ്.

ഡോൾഫിനേറിയം./ ക്രീക്ക് പാർക്ക്

ലോകത്തിലെ ഏറ്റവും വലിയ രണ്ട് അക്വേറിയങ്ങളുള്ള ദുബായ് മോളിലും അറ്റ്ലാന്റിസ് ദ് പാമിലും ഒരു സന്ദർശനം കുട്ടികൾക്കെന്നപോലെ നമ്മൾ മുതിർന്നവർക്കും ആവേശകരമായി തീരുന്ന ഒന്നാണ്. വെള്ളത്തിനടിയിലെയും ഉപരിതലത്തിലെയും പ്രദർശനങ്ങൾ എവ്വിധം നന്നായി കൈകാര്യം ചെയ്യണമെന്ന് ഓരോയിടങ്ങളിലെയും പ്രദർശനങ്ങൾ നമുക്ക് കാണിച്ചു തരുന്നു. ദുബായിൽ വിവിധയിടങ്ങളിലായി അത്യാകർഷകവും വിസ്മയ ഭരിതവുമായ അക്വേറിയങ്ങൾ നിരവധിയുണ്ട്. ദുബായ് ഡോൾഫിനേറിയം അതിലൊന്നാണ്.

2008 ൽ ബർ ദുബായിലെ ചിൽഡ്രൻസ് സിറ്റിക്കടുത്തുള്ള ക്രീക്ക് സൈഡ് പാർക്കിലാണ് ഡോൾഫിനേറിയം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. ഓരോ സന്ദർശകനും പരമാവധി വിനോദം പ്രദാനം ചെയ്യാനും ഡോൾഫിനുകൾ, സീലുകൾ തുടങ്ങിയ സമുദ്ര ജീവികളെക്കുറിച്ച് അവരെ ബോധവത്കരിക്കാനുമെന്ന നിലയിലായിരുന്നു ഇതിന്റെ തുടക്കം. അത് വഴി ഡോൾഫിനുകൾ പോലുള്ള സൗഹൃദ സസ്തനികളുമായി ഇടപഴകുന്നത് സമുദ്രജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ യുവതലമുറയെ പ്രേരിപ്പിക്കാനിടയാക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.


മിഡിൽ ഈസ്റ്റിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത ഇൻഡോർ ഡോൾഫിനേറിയമാണ് ഇത്. ഡോൾഫിനുകൾക്കും സീലുകൾക്കും സുഖകരമായ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നതോടൊപ്പം തത്സമയ ഷോകളിലൂടെയും ഫോട്ടോ സെഷനുകളിലൂടെയും അവയെ അടുത്തു കാണാനും സംവദിക്കാനും കാഴ്ചക്കാർക്ക് അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. വിനോദസഞ്ചാരികളെ രസിപ്പിക്കുന്ന കാര്യത്തിൽ ദുബായ് ഒരു നീക്കുപോക്കിനും തയാറല്ല തന്നെ. എല്ലാ അണ്ടർവാട്ടർ മൃഗശാലകളും അക്വേറിയങ്ങളും പോലെ തന്നെ ദുബായ് ഡോൾഫിനേറിയവും തീർച്ചയായും ഇത്തരത്തിലുള്ള ഒന്നാണ്.

ക്രീക്ക് പാർക്കിന്റെ ശബ്ദഘോഷങ്ങൾക്കിടയിൽ നിന്നും തെന്നിമാറി പുഴയോരത്തിന്റെ പ്രശാന്തതയിൽ ഹോർമുസ് കടലിൽ നിന്നും വീശിയെത്തുന്ന ഇളം കാറ്റിന്റെ തലോടലുമേറ്റ് നമ്മുടെ ആഹ്ലാദങ്ങളെ വേറൊരു തലത്തിലേക്ക് വേണമെങ്കിൽ പരിവർത്തിപ്പിക്കാം. പച്ചപ്പിന്റെ ആവരണങ്ങളിഞ്ഞ പാർക്കിലെ മരങ്ങളിലേക്ക് ചാഞ്ഞു വീശുന്ന അസ്തമയ സൂര്യന്റെ കതിരുകൾ ചാർത്തുന്ന മനോഹരമായ കാഴ്ചകളിൽ മുഴുകി നമുക്കൊരു ക്രൂയിസിന്റെ ഉള്ളിലെ ആതിഥ്യത്തിലേക്ക് ഊഴ്ന്നിറങ്ങാം. ഏതാനും മണിക്കൂറുകൾ പുഴയിലൂടെ മന്ദം നീങ്ങുന്ന ക്രൂയിസിലിരുന്ന് കൊണ്ട് ദേരയുടെയും ബർദുബായിയുടെയും ചാരുതയാർന്ന കാഴ്ചകളിലേക്ക് കണ്ണുകളെ മേയാൻ വിടാം.

ക്രൂയിസിലെ ലഘു ഭക്ഷണം അപര്യാപ്തമെന്ന് തോന്നുന്നുവെങ്കിൽ സന്ധ്യ മയങ്ങിയ ഈ നേരത്ത് നമുക്ക് നേരെ ബാർബെക്യൂ സ്പോട്ടിലേക്ക് നീങ്ങാം. നമുക്കിഷ്ടമുള്ള ഒരിടം തെരഞ്ഞെടുത്ത് നേരത്തെ കരുതിയിരുന്നവ പാകം ചെയ്ത് കുടുംബത്തോടൊത്ത് കഴിക്കാം. ഇല്ലെന്നുണ്ടെങ്കിൽ ഒരു സൊമാറ്റോ ഡെലിവറി ബോയ് മിനിറ്റുകൾക്കുള്ളിൽ നമ്മൾ ഓർഡർ ചെയ്ത ഭക്ഷണവുമായി പറയുന്ന ഗേറ്റിൽ ഹാജരുണ്ടാവും തീർച്ച. ഭക്ഷണം കഴിക്കാനായിട്ടാണ് നമ്മൾ പാർക്കിലെത്തിയതെന്ന ചിന്ത വേണ്ട. എങ്കിലും, ഈ രാത്രിക്കിനി നീളമേറെയുണ്ടെന്നും ഇവിടത്തെ വിനോദങ്ങൾ അവസാനിക്കാനിനിയും നേരമൊരു പാടുണ്ടെന്നും മാത്രം ഓർത്താൽ മതി.

അരമണിക്കൂർ നീളുന്ന കേബിൾ കാർ യാത്രയിൽ കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും അത്യന്തം ആനന്ദകരമായ അനുഭവത്തിലൂടെ കടന്ന് പോകാനാണ് ആവുന്നത്. മുപ്പത് മീറ്ററോളം ഉയരത്തിൽ ആകാശവിതാനത്തിലൂടെ ഒഴുകി നീങ്ങുന്നേ രം ദുബായിയുടെ രാത്രി കാഴ്ചകൾ പക്ഷിക്കൺകോണിലൂടെ നമുക്ക് മുന്നിലവതരിക്കുമ്പോൾ ഈ രാത്രി അവസാനിക്കാതിരുന്നെങ്കിലെന്ന് നമ്മളറിയാതെ മന്ത്രിച്ചു പോകും.

ദുബായ് ഡോൾഫിനേറിയത്തിലും ചിൽഡ്രൻസ് സിറ്റിയിലുമായി ഇനിയും ഒരുപാട് വിനോദോപാധികൾ നമുക്ക് കണ്ടെത്താൻ കഴിയും . ഡോൾഫിൻ & സീൽ ഷോ, മീറ്റ് & ഗ്രീറ്റ് വിത്ത് ഡോൾഫിൻ , ക്രീക്ക് പാർക്ക് എക്സോട്ടിക് ബേർഡ് ഷോ, മിറർ മെയ്സ് - ലാബിരിന്ത് എന്നിവ ഉൾപ്പെടുന്നു.

ദുബായ് അക്വേറിയം.


സാദ്ധ്യമെന്ന് കരുതപ്പെടാനിടയില്ലാത്തതും അചിന്തനീയവുമായ ചില കാര്യങ്ങളെങ്കിലും ഭൂമുഖത്തുണ്ട് എന്നത് തീർച്ച. ഭാവനാതീതമായ അത്തരം കാഴ്ചകളെ നേരിൽ കാണുമ്പോൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന വികാര ഭേദങ്ങളും വാക്കുകൾക്കതീതം തന്നെയായിരിക്കും. അത്തരം ഒരിടമാണ് ദുബായ് അക്വേറിയം എന്നറിയപ്പെടുന്ന ദുബായ് മോളിലെ അതി ബൃഹത്തായ അക്വേറിയം.

ലോകത്തിലെ ഏറ്റവും വലിയ  അക്വേറിയമാണ് ദുബായ് മാളിന്റെ താഴത്തെ നിലയിൽ നിന്നും തുടങ്ങി മൂന്നാം നിലയിലേക്ക് ഉയരുന്നത്.  ഇത് തന്നെ ഒരത്ഭുതമാണ്. 30000-ലധികം  സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമായ ദുബായ് അക്വേറിയം ഓരോ പോയിന്റിലും നമ്മളെ തീർത്തും അത്ഭുത പരതന്ത്രരാക്കുമെന്നതിൽ സംശയമില്ല.

750 കിലോഗ്രാം ഭാരമുള്ള 40-കാരനായ ഭീമൻ മുതല, പെലാജിക് മത്സ്യങ്ങൾ പിരാന,  പാമ്പുകൾ, സ്രാവുകൾ, നക്ഷത്ര മത്സ്യങ്ങൾ എന്നിവയും നമ്മൾ മുമ്പ് കണ്ടിട്ടില്ലാത്ത നിരവധി ജീവജാലങ്ങളും ഇവിടത്തെ ആകർഷണങ്ങളാണ്.  വെള്ളത്തിനടിയിലെ ആഴങ്ങളിൽ വിടരുന്ന ശാന്തമായ ലോകത്തിലെ  സമാധാനവും  സൗന്ദര്യവും നിറഞ്ഞ ജീവിതക്രമങ്ങൾ നമുക്കിവിടെ ദൃശ്യമാവും വിധമാണ് ഇതിന്റെ നിർമ്മിതി.

അക്വേറിയം ടണലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വിസ്മയ പ്രതീതി തുടങ്ങുകയായി. ദുബായ് മോളിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും മുകളിലേക്ക് കയറുമ്പോൾ അണ്ടർവാട്ടർ സൂ,    അണ്ടർവാട്ടർ ഒബ്സർവേറ്ററി, എന്നിവ   ആസ്വദിക്കാനും നമ്മൾക്ക് കഴിയും.  തിമിംഗല സ്രാവുകൾ, മറ്റ് സമുദ്രജീവികൾ എന്നിവയ്ക്കിടയിൽ ഹരം പിടിപ്പിക്കുന്ന  ഒരു വെർച്വൽ  സാഹസിക യാത്ര നടത്തുന്നതിലൂടെ നമ്മുടെ ആഹ്ലാദ മുഹൂർത്തങ്ങൾക്ക് ആവേഗമേറുന്നതായി അനുഭവപ്പെടും. ഒറ്റനോട്ടത്തിൽ കണ്ണാടിച്ചില്ലിലെന്നപോലെ തോന്നിക്കുമെങ്കിലും അക്രിലിക് പ്രതലത്തിൽ നമ്മുടെ കാലിനടിയിലായി മത്സ്യങ്ങൾ ഒഴുകി നീങ്ങുന്നത് അത്യന്തം രസകരമായ അനുഭവമാണ്.

                       അറ്റ്ലാന്റിസ്.

ദുബായിലെ മികച്ച അക്വേറിയങ്ങളെക്കുറിച്ചു പറയുമ്പോൾ ഇനി ദ് ലോസ്റ്റ് ചേമ്പേഴ്‌സ് ഓഫ് അറ്റ്ലാന്റിസ് ആണ് വരുന്നത്. യുഎഇയിലെ ഏറ്റവും വലിയ അക്വേറിയങ്ങളിലൊന്നാണ് ഇത്.  അറ്റ്ലാന്റിസ്  സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വിസ്മയങ്ങളുടെ  വൈവിധ്യങ്ങൾ  നിറഞ്ഞ  ഈ കാഴ്ചകളിലേക്ക് തീർച്ചയായും മാടി വിളിക്കപ്പെടും.    

ഏത് സ്ഥലം സന്ദർശിക്കുന്നതിനും മുമ്പായി  ഒരു ഏകദേശ ധാരണ അതെപ്പറ്റി സ്വരൂപിക്കുന്നത് നല്ലതാണ്. എന്തായാലും അറ്റ്ലാന്റിസിലെ ലോസ്റ്റ് ചേമ്പേഴ്സിനെ സംബന്ധിച്ച്  ഇത് ഏറെ പ്രസക്തവുമാണ്.  നമ്മൾ തെരഞ്ഞെടുക്കാനും  കാണാനുമാഗ്രഹിക്കുന്നവയുടെ മുൻഗണനകളും നമ്മുടെ ബജറ്റും  തമ്മിൽ ഒരു ഒത്തു ചേർക്കൽ അത് വഴി നമുക്ക് സാദ്ധ്യമാവും.

ലോസ്റ്റ് ചേമ്പേഴ്‌സ് അക്വേറിയം ദുബായ് സന്ദർശകർക്ക് അഗാധവും പുതുമയുള്ളതുമായ അനുഭവം പ്രദാനം ചെയ്യുന്നു. ഇത്  നഷ്ടപ്പെട്ട അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. 

കടലിന്റെ അഗാധമായ ആഴത്തിനടിയിൽ ആയിരക്കണക്കിന് വർഷങ്ങളുടെ ഗാഢ നിദ്രയ്ക്ക് ശേഷം അറ്റ്ലാന്റിസ് നഗരം ഒടുവിൽ ഉപക്ഷിക്കപ്പെട്ടു. പുരാതന ഗ്രീക്ക് നഗരമായ അറ്റ്ലാന്റിസാണ് ലോസ്റ്റ് ചേമ്പറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ഇതിഹാസ കഥനത്തിന് ആധാരം. ഇവിടെ അക്വേറിയത്തിനുള്ളിൽ ആ കഥയുടെ അവശിഷ്ടങ്ങൾ പുനരാവിഷ്കരിക്കുന്നതിലൂടെ ഭാവനയുടെയും മാന്ത്രികതയുടേയും  ഒരു പുതു ലോകം സൃഷ്ടിച്ച് കാഴ്ചക്കാരെ അത് ശരിക്കും ബോധ്യപ്പെടുത്തുന്ന വിധം  പൂർണ്ണത ൈ ക വരിക്കാനായിട്ടുണ്ട് എന്ന് തന്നെ പറയാം.

നൂറുകണക്കിന് വിദേശ സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമായ ഭീമാകാരമായ അംബാസഡർ ലഗൂൺ ആണ് അക്വേറിയത്തിന്റെ പ്രധാന ആകർഷണം. അറ്റ്ലാന്റിസിന്റെ നീണ്ട നാഗരികതയെ ചിത്രീകരിക്കുന്നതിനായി അണ്ടർവാട്ടർ ടണലുകളുടെയും ശൈലികളുടെയും ഒരു ലാബ്രിന്റ് മുഴുവൻ ടാങ്കിലുണ്ട്. ഈ സജ്ജീകരണം യഥാർത്ഥത്തിൽ സാഹസിക പ്രേമികളെ ‘നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ’ ഗെയിമിന്റെ ആവേശം അനുഭവിക്കാൻ സഹായിക്കുന്നു.

എന്തിനധികം, ഈ അക്വേറിയത്തിൽ ലോബ്സ്റ്റേഴ്സ്, ‘നെമോ’ ഫിഷ്, ജെല്ലി ഫിഷ്, ഗ്രൂപ്പേഴ്സ് മാർബിൾ കിരണങ്ങൾ,  ഏറ്റവും ഭയാനകമായ സ്രാവുകൾ തിരണ്ടികൾ എന്നിവ ഉൾപ്പെടെ മൊത്തം 65,000 ഇനം സമുദ്ര ജീവികളുണ്ട്.

ദുബായിലെ  അറ്റ്ലാന്റിസ് അവന്യൂസിലാണ് ലോസ്റ്റ് ചേമ്പേഴ്‌സ് അക്വേറിയം സ്ഥിതി ചെയ്യുന്നത്. 

                   ബ്ലൂ വാട്ടേഴ്സ്

ഈ തീരത്തോടടുക്കുമ്പോൾ കടൽ ഒന്ന് കൂടി ശാന്തമാകുകയാണ്. അലകൾ ഒരു തലോടലായി വന്ന് ഈ സുന്ദര തീരത്തെ തഴുകി തിരിച്ചു പോകാൻ വിമ്മിഷ്ടപ്പെടുന്ന പോലെ. വീണ്ടും ഒരു പുണരലിനായി ആവേശമുൾക്കൊണ്ട് തിരിച്ചു വരാമെന്ന ധാരണയിൽ അനിവാര്യമായ വിടവാങ്ങലിന്റെ മുഹൂർത്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എത്ര തവണ ഈ തീരത്തെ പുണർന്നാലും മതിവരാത്ത വിധം മനോഹരമാണിവിടം. കാറ്റ് തിരയോട് പറഞ്ഞു. നീയുള്ളത് കൊണ്ട്  എനിക്കും ഈ തീരത്തെ തഴുകാനാകുന്നു. ഞാനുള്ളത് കൊണ്ട് അത് നിനക്ക് എളുപ്പവുമാകുന്നു.

നീല ജലത്തടാകത്തിന്റെ ശാന്തത കൈവരിച്ച കടലിന് നടുവിലെ ഒരു ചെറിയ തുരുത്ത്. അവിടെ നിറയെ കാഴ്ചകൾക്ക് ഒരു പുതിയ മാനം സൃഷ്ടിച്ചു കൊണ്ട് വിസ്മയങ്ങൾ പൂത്തിറങ്ങുന്ന രാവുകളും പകലുകളും.

ജുമൈറ തീരത്ത് നിന്ന് 300 മീറ്റർ അകലെയായി   മനുഷ്യനിർമിതമായ ഈ ദ്വീപിൽ  ആഡംബര അപ്പാർട്ടുമെന്റുകൾ, ടൗൺ‌ ഹൗ സുകൾ‌,  പഞ്ചനക്ഷത്ര ഹോട്ടലുകൾ‌, ബീച്ച് ക്ലബ്ബുകൾ‌ എന്നിങ്ങനെ ഒരു പുതുലോകം സൃഷ്ടിക്കപ്പെട്ടിരിക്കയാണ്. അത്യാധുനിക സൗകര്യങ്ങൾ‌  ഉൾ‌ക്കൊള്ളുന്ന 600 ലധികം വസതികൾ .  താമസക്കാർ‌ക്കും സന്ദർശകർക്കും അസാധാരണമായ വാട്ടർഫ്രണ്ട് ലിവിംഗ് ആസ്വദിക്കാൻ‌ കഴിയും വിധമാണ് ഇവ ഒരുക്കിയിരിക്കുന്നത്.

698 അപ്പാർട്ടുമെന്റുകൾ, 4 മനോഹരമായ പെന്റ് ഹൗസുകൾ,  ടൗൺ‌ഹോമുകൾ എന്നിവ ഉൾക്കൊള്ളുന്ന 10 മിഡ്-റൈസ് റെസിഡൻഷ്യൽ കെട്ടിടങ്ങൾ  ബ്ലൂവാട്ടർ റെസിഡൻസിലെ മാസ്റ്റർ കമ്മ്യൂണിറ്റിയിൽ നിർമ്മിച്ചിരിക്കുന്നു.    

200 ലധികം റീട്ടെയിൽ, ഡൈനിംഗ്  ഔട്ട്‌ലെറ്റുകളും ഗംഭീരമായ ഐൻ ദുബായ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലോകോത്തര വിനോദ കേന്ദ്രങ്ങൾ എന്നിവയുമുള്ള ബ്ലൂവാട്ടേഴ്‌സ് ദ്വീപ് തീർച്ചയായും എല്ലാ സഞ്ചാരികളും എത്തിച്ചേരേണ്ട ഒരു ലക്ഷ്യസ്ഥാനം തന്നെയാണ്.  പ്രശസ്തമായ മാഡം തുസാഡ്‌സ് മ്യൂസിയം പോലുള്ള  അമ്യൂസ്‌മെന്റ് ഹബുകൾ ഈ ദ്വീപിൽ നമുക്ക് അവസ്മരണീയ അനുഭവങ്ങൾ സൃഷ്ടിക്കും.

ദുബൈയുടെ ഏറ്റവും പുതിയ മനുഷ്യനിർമിത   ബ്ലൂവാട്ടേഴ്‌സ് ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥാപിചിട്ടുള്ള ജയന്റ് വീൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുകയാണ്.  അമേരിക്കയിലുണ്ടായിരുന്ന 165 മീറ്റർ ഉയരത്തിലും വലുപ്പത്തിലുള്ള ജയന്റ് വീലിനെ മറികടന്നാണ് ദുബായ് ഈ റെക്കോർഡിൽ എത്തിച്ചേരുന്നത്. അത് വഴി ബ്ലൂവാട്ടേഴ്‌സ് ദ്വീപിലെ 210 മീറ്റർ ഉയരമുള്ള ഐൻ ദുബായ് ഒരു  ലാൻഡ്‌മാർക്കായും അറിയപ്പെടാൻ തുടങ്ങുകയാണ്. ദ്വീപിന്റെ മധ്യഭാഗത്തായി ആകർഷകമായ  വില്ലകളും ഇന്റർനാഷണൽ റെസ്റ്റോറന്റ് ശൃംഖലകളുമാണ്. 

നടപ്പാതകളിലെ ഷേഡിംഗ്, ലൈറ്റിംഗ് ഇഫക്റ്റുകൾ നൽകുന്ന “മഷ്റൂം” എന്ന രസകരമായ സവിശേഷത  താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും കമ്മ്യൂണിറ്റി ഇടങ്ങൾ ആസ്വദിക്കാൻ കഴിയും. കാൽനട പാലത്തിലൂടെ ബന്ധിപ്പിച്ച സമീപത്തുള്ള പൊതു ബീച്ചിലേക്ക് ആളുകൾക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.  

ജെ‌ബി‌ആർ, ദുബായ് മറീന എന്നിവിടങ്ങളിലെ ട്രാഫിക് കടന്നുപോകാൻ  പ്രയാസമുണ്ടെങ്കിൽ ഷെയ്ഖ് സായിദ് റോഡിലേക്കും പുറത്തേക്കും നേരിട്ടുള്ള പാലം വഴി ബ്ലൂവാട്ടേഴ്‌സ് ദ്വീപ് ആക്‌സസ് ചെയ്യാനാകും. താമസക്കാർക്കും സന്ദർശകർക്കും ദ്വീപിലേക്ക് പോകുന്ന കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് പുതിയ മോണോറെയിലും ഉപയോഗിക്കാം.

ഇതിന്റെ വിശാലമായ ഘടന താമസിയാതെ ഒരു ആഗോള നാഴികക്കല്ലായി മാറും. മാത്രമല്ല ബ്ലൂവാട്ടേഴ്സ് ദ്വീപിനെ നഗരത്തിന്റെ ഒഴിവാക്കാനാകാത്ത സ്ഥലങ്ങളിലൊന്നായി മാറ്റുകയും ചെയ്യും.

48 വിശാലമായ ക്യാപ്‌സൂളുകളിലായി 1,400 യാത്രക്കാരെ വഹിക്കാൻ ഇവിടത്തെ ജയന്റ് വീലിന് കഴിയും. ഇത് ഗ്ലാസ് വിൻഡോകൾക്കൊപ്പം 360 ഡിഗ്രി കാഴ്ചകൾ നൽകാൻ പര്യാപ്തമാണ്. 

അതിശയകരമായ റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയോടൊപ്പം വിശാലമായ വിനോദം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി ഓഫറുകൾ .  ബ്ലൂവാട്ടേഴ്‌സ് ഐലന്റ്  സജ്ജീകരിച്ചിരിക്കുന്നത് ഇവക്കെല്ലാം ആയിട്ടാണ്. എല്ലാവർക്കും അനുയോജ്യമായ വാസയോഗ്യവും വാണിജ്യപരവുമായ അനുഭവം പ്രദാനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ലോകോത്തര ലക്ഷ്യസ്ഥാനമാണ് ബ്ലൂവാട്ടേഴ്‌സ് ദ്വീപ്.

Share this story

Comments (1)

  • Suharabi

    22 May 2021

    ബ്ലു വാട്ടേഴ്സിൽ ഒരു സായാഹ്നം ഒരികലും മറക്കാൻ പറ്റാത്ത അനുഭവമാണ് നല്കിയത്. ഇത് വായിച്ചപ്പോൾ തീർത്തും അതിശയകരമായ ആ സ്ഥലത്ത് വീണ്ടു മെത്തിയത് പോലെ തോന്നി. നല്ല കുറിപ്പുകൾ .