4 May 2021 · 6 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ-- ആമുഖം .

ആമുഖം

രാഷ്ട്രപ്പിറവിയുടെ അമ്പതാം വർഷം ആഘോഷിക്കുന്ന യു.എ. ഇയിൽ മൂന്ന് പതിറ്റാണ്ടിലേറെ ഈ നാടിന്റെ സ്നേഹ സാന്ത്വനങ്ങളേറ്റ് കഴിയാനായതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ദുബായിലുണ്ടായ മാറ്റങ്ങൾക്ക് ദൃക്സാക്ഷിയാകാനും അവയുടെ ഭാഗമായി ജീവിക്കാനായി എന്നതും ഒരു ചെറിയ കാര്യവുമല്ല. അങ്ങനെ പ്രവാസികളിൽ അപൂർവ്വം ചിലർക്ക് മാത്രം കിട്ടിയിട്ടുള്ള ഒരു അസുലഭാവസരമാണ് ഭാഗ്യവശാൽ എനിക്ക് കൈവന്നത്. മൂന്ന് പതിറ്റാണ്ടിന് മേലെ ദുബായിൽ ജോലി ചെയ്യാൻ കഴിഞ്ഞ ഒരു പാട് പേരുണ്ടാകും. പക്ഷെ വിരമിച്ച ശേഷം ഇവിടെ തന്നെ തുടർന്ന് ഈ നാടിന്റെ സാംസ്കാരികത്തുടിപ്പുകളെ തൊട്ടറിയാനും ചരിത്രാവശിഷ്ടങ്ങളെ കണ്ടെത്താനും അനുനിമിഷം മാറികൊണ്ടിരിക്കുന്ന ഈ അത്ഭുത ലോകത്തിന്റെ വിസ്മയങ്ങളെ നേർക്കാഴ്ചകളായി ചിത്രീകരിക്കാനുമാവുകയെന്നത് ഒരു വലിയ നേട്ടമായിട്ടാണ് ഞാൻ കാണുന്നത്. ഭാഗ്യവശാൽ അതിനുള്ള അവസരം എനിക്ക് കൈവരികയായിരുന്നു.

2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ ആദ്യം വരെ ആറ് മാസങ്ങളിൽ ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റക്കും കുടുംബമൊത്തും സന്ദർശിച്ചതിന്റെ കുറിപ്പുകളാണ് " മർഹബാ ബിക്കും ഫി ദുബൈ "  എന്ന ഈ പുസ്തകം.

നൂറ്റാണ്ടുകളോളം  നാടോടികളായ ബെഡൂയിൻ ഗോത്രക്കാരും അവരുടെ ജീവനോപാധിയായിരുന്ന മത്സ്യബന്ധന ഗ്രാമങ്ങളും ഈന്തപ്പഴത്തോപ്പുകളും  മാത്രമുണ്ടായിരുന്ന മരുഭൂമിയുടെ ഭാഗമായിരുന്നു യു എ ഇ യും .  അനവധി  ഈന്തപ്പന കുടിലുകളും  ഏതാനും പവിഴ കെട്ടിടങ്ങളും ഭരണാധികാരികളുടെ കോട്ടകളും നിറഞ്ഞതായിരുന്നു അക്കാലത്തെ അബുദാബി . ക്രീക്കിനരികിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഒരു വ്യാപാര കേന്ദ്രമായും നിലനിന്നു. ഹോർമുസ് കടലിടുക്ക് അതിന് മുമ്പും ശേഷവും  ഒരു സുരക്ഷിത താവളമായി വർത്തിച്ചു ഈ നാടിന് തുണയേകി. എമിറേറ്റ്‌സിലെ ഇന്നത്തെ ജീവിതം 50 വർഷം മുമ്പുള്ള ജീവിതവുമായി വളരെ  വ്യത്യാസപ്പെട്ടതാണ്.

ബി സി മൂന്നാം നൂറ്റാണ്ട് മുതൽ   നാടോടികൾക്കും ഒട്ടകങ്ങൾക്കും മത്സ്യബന്ധന രീതികൾക്കും അനുയോജ്യമായ ഒരു പ്രദേശമായിട്ടാണ് ചരിത്രം ഈ നാടിനെ രേഖപ്പെടുത്തുന്നത്. യുഎഇ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു വ്യത്യസ്ത ബെഡൂയിൻ ഗോത്രങ്ങൾ.    മുത്ത് വാരലും മത്സ്യബന്ധനവുമായിരുന്നു പ്രധാന ഉപജീവന മാർഗ്ഗം.  പഴമക്കാർ ജീവിതോപാധിയായി കരുതുകയും  മണ്ണിനോടും കടലിനോടും പൊരുതുകയും ചെയ്തിരുന്നതിന്റെ ചരിത്രാവശിഷ്ടങ്ങൾ നമുക്ക് കണ്ടെത്താനാകും. ഈന്തപ്പഴവും പച്ചക്കറികളും കൃഷി ചെയ്യാൻ ആവശ്യമായ ജലസ്രോതസ്സുകളും ജലസേചനവും  അൽ ഐനിലെ പൗരാണിക ഈന്തപ്പഴത്തോട്ടങ്ങളും   പർവത  താഴ്വരകളിലെ ജലസേചനമുള്ള ടെറസഡ് ഗാർഡനുകളും കാലം കാത്ത് വെച്ച അമൂല്യ രേഖകളായി ഇപ്പോഴും കാണാം.

അതികഠിനമായ അന്തരീക്ഷമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ പോലും അതിജീവനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ് വിഭവശേഷിക്കും സ്വതന്ത്ര ജീവിതത്തിനും വേണ്ടി അനവരതം യത്നിച്ച ഒരു ജനതയായിരുന്നു  ബെഡൂയിൻ ഗോത്രവർഗ്ഗക്കാരായ യു.എ. ഇ യിലെ പൂർവ്വികർ. അതിഥികളോട് വലിയ ബഹുമാനം  കാണിക്കുന്ന ആധുനിക എമിറാത്തി ജനങ്ങളിൽ പൂർവ്വികരുടെ അതേ ആതിഥ്യമര്യാദ തന്നെയണ് ഇപ്പോഴും തുടരുന്നത്.

ഒന്നര നൂറ്റാണ്ടോളം പോർച്ചുഗീസുകാരുടെ ആധിപത്യത്തിലമർന്നിരുന്ന ഗൾഫ് പ്രദേശത്ത് നിന്നും അവരെ തുരത്താനായി ഓട്ടോമൻ സാമ്രാജ്യം പലവുരു ശ്രമിച്ചിരുന്നെങ്കിലും എല്ലാം വിഫലമാവുകയാണണ്ടായത്.  പിന്നീട് പതിനേഴാം നൂറ്റാണ്ടോടെ പോർച്ചുഗീസുകാർ സ്വയം തകർന്നടിയുകയാണ് ചെയ്തതെങ്കിലും  ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സംരക്ഷിക്കുന്നതിനെന്ന ഭാവേന ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യത്തിന് മേഖലയിൽ പ്രവേശിക്കാനുള്ള വഴികൾ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളുടെ പരിസരങ്ങളിലും ഒമാനിലും പോർച്ചുഗീസ് കോട്ടകളും അവരുടെ പ്രാദേശിക പിന്തുണക്കാരുടെ കോട്ടകളുടെ അവശിഷ്ടങ്ങളും ഇന്നും കാണാവുന്നതാണ്. 

അറുപതുകളുടെ തുടക്കത്തിൽ എണ്ണ ഉൽപാദനവും കയറ്റുമതിയും തുടങ്ങിയപ്പോൾ, ബ്രിട്ടീഷ് തന്ത്രത്തിൽ ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രാധാന്യം നാടകീയമായ പരിവർത്തനത്തിന് വിധേയമാവുകയായിരുന്നു.  പ്രാദേശിക കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിൽ പരമ്പരാഗത രീതികൾ അവലംബിക്കാതെയുള്ള ഒരു പുത്തൻ നയം ഈ മേഖലയിലുടനീളം അടിസ്ഥാനപരമായ മാറ്റത്തിന് വഴിയൊരുക്കി.  1952 ൽ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളുടെ കൺസൾട്ടേറ്റീവ് ആന്റ് അഡ്വൈസറി ബോഡിയായ ട്രൂഷ്യൽ സ്റ്റേറ്റ്സ് കൗൺസിൽ ഒരു പൊളിറ്റിക്കൽ ഏജന്റിന്റെ അധ്യക്ഷതയിൽ രൂപം കൊള്ളുന്നത് അങ്ങനെയാണ്. 1965-ൽ ഭരണാധികാരികൾ തന്നെ ഇത് ഏറ്റെടുക്കുകയും ട്രൂഷ്യൽ സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിലിന് രൂപം നൽകുകയും പൊളിറ്റിക്കൽ ഏജന്റിനെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കൗൺസിൽ അതിന്റെ പ്രവർത്തനങ്ങൾ ആഭ്യന്തര ക്ഷേമത്തിലേക്ക് വ്യാപിപ്പിക്കുകയും പ്രദേശത്തിന്റെ വികസനം ത്വരിതപ്പെടുത്തുകയും ചെയ്തു. ഇത് വഴി നിരവധി മീറ്റിംഗുകൾക്കിടെ, 1971 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ ഒരു പൊതു വികാരം സൃഷ്ടിക്കാൻ ഷെയ്ഖുമാർക്ക് കഴിഞ്ഞു.

1962 ൽ അബുദാബിയിലും പിന്നീട് ദുബായിലും ഷാർജയിലും തുടങ്ങി വെച്ച എണ്ണ ഉൽപാദനം ഈ പ്രദേശത്തെ ലോക സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ ഒരു പ്രധാന സ്ഥാനത്ത് എത്തിക്കാനിടയാക്കി.

ദ്രുതഗതിയിലുള്ള വികസനത്തിന് ആക്കം കൂട്ടാൻ എണ്ണ സമ്പത്ത് ശക്തമായ സ്വാധീനം ചെലുത്തി.  1971 ന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സർക്കാർ  ഗൾഫിൽ നിന്ന് പിന്മാറാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതോടെ എമിറേറ്റുകൾക്കിടയിൽ ഐക്യപ്പെടാനുള്ള ആഗ്രഹം രൂഢമൂലമാവുന്ന സന്ദർഭം വന്നു. യഥാർത്ഥത്തിൽ ബഹ്‌റൈൻ, ഖത്തർ, ട്രൂഷ്യൽ സ്റ്റേറ്റ് രാജ്യങ്ങൾ എന്നിവ അടങ്ങുന്ന ഒരൊറ്റ രാജ്യം രൂപീകരിക്കാനായിരുന്നു ബ്രിട്ടീഷ്  പദ്ധതി. എന്നിരുന്നാലും, വ്യത്യസ്‌ത താൽ‌പ്പര്യങ്ങൾ‌ അതിനെ പരാജയപ്പെടുത്തി.  ഒടുവിൽ ബഹ്‌റൈന്റെയും ഖത്തറിന്റെയും സ്വാതന്ത്ര്യത്തിലേക്കും  യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന ഒരു പുതിയ രാജ്യത്തിന്റെ പിറവിയിലേക്കുമാണ് കാര്യങ്ങൾ എത്തിച്ചേർന്നത് . 1820 ൽ ബ്രിട്ടൻ തന്റെ അധികാരം സ്ഥാപിച്ച ആദ്യത്തെ അറബ് പ്രദേശവും 1971 ൽ അവർ അത് ഉപേക്ഷിച്ച അവസാന പ്രദേശവുമായിരുന്നു ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്നത് ശ്രദ്ധേയമാണ്.

ഈ കാലയളവിലുടനീളം ബെഡൂയിൻ ഗോത്രങ്ങൾക്കിടയിലെ പ്രധാന ശക്തി ആധുനിക അബുദാബി (അൽ നഹ്യാൻ), ദുബായ് (അൽ മക്തൂം) എന്നിവയിലെ ഭരണകുടുംബങ്ങളുടെ പൂർവ്വികർ ചേർന്ന ബാനിയാസ് ഗോത്ര കോൺഫെഡറേഷനായിരുന്നു. ഈ കുടുംബങ്ങളുടെ പിൻഗാമികൾ ഇന്നുവരെ അബുദാബിയെയും ദുബായിയെയും ഭരിക്കുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ പ്രാഥമികമായി ഇന്ത്യയുമായുള്ള ബന്ധം സംരക്ഷിക്കുന്നതിലും ഏതെങ്കിലും യൂറോപ്യൻ എതിരാളികളെ പ്രദേശത്ത് നിന്ന് മാറ്റിനിർത്തുന്നതിലും ശ്രദ്ധാലുക്കളായിരുന്നു.

ഇരുപതാം നൂറ്റാണ്ട് ആരംഭിക്കുമ്പോൾ, അബുദാബി ഏറ്റവും ദരിദ്രരായ എമിറേറ്റുകളിൽ ഒന്നായിരുന്നു. അതേസമയം  ജനസംഖ്യയിലും സാമ്പത്തിക നിലയിലും ഒരുപോലെ മുൻപന്തിയിലും ഏറെ ശക്തവുമായിരുന്നു ഷാർജ. മത്സ്യബന്ധന ഗ്രാമങ്ങൾ, മുത്ത്, ഒട്ടക വളർത്തൽ, ഒയാസിസിലെ കൃഷി എന്നിവയുടെ വളർച്ചക്ക് ഷാർജ ഊന്നൽ നല്കിയിരുന്നതിനാൽ അതിന്റെ വളർച്ച മറ്റ് എമിറേറ്റുകളെക്കാൾ പതിന്മടങ്ങായിരുന്നു. 1930 കളിൽ ജപ്പാൻകാർ കണ്ടെത്തിയ കൃത്രിമ   മുത്ത് ഗൾഫിലെ തനത് മുത്ത് വ്യവസായത്തിന് തിരിച്ചടിയായി.   പ്രധാന വരുമാന സ്രോതസ്സിനേറ്റ ആഘാതത്തിലൂടെ  പ്രാദേശിക ജനതയ്ക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന കാലമായിരുന്നു തുടർന്നുണ്ടായത്.

എങ്കിലും,ഏറെ വൈകാതെയുള്ള എണ്ണയുടെ കണ്ടെത്തൽ സ്ഥിതിഗതികളെ പാടെ മാറ്റിമറിക്കാനുതകും വിധമായിരുന്നു

1939 ൽ എണ്ണ പര്യവേക്ഷണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും 14 വർഷത്തേക്ക് കാര്യമായ ഫലമുണ്ടായില്ല.  ഷെയ്ഖ് ഷക്ബൂത്ത് ബിൻ സുൽത്താൻ  അൽ നഹ്യാൻ ആയിരുന്നു അക്കാലത്തെ അബുദാബി ഭരണാധികാരി . തുടർന്ന് എണ്ണപ്പണത്തിന് നേരിയ സ്വാധീനം ചെലുത്താനാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി മറിയുകയായിരുന്നു.  അബുദാബിയിൽ കുറച്ച് താഴ്ന്ന കെട്ടിടങ്ങൾ പണിതു. ആദ്യത്തെ നടപ്പാത 1961 ൽ ​​പൂർത്തീകരിച്ചു. എന്നാൽ പുതിയ ഓയിൽ റോയൽറ്റി നിലനിൽക്കുമോയെന്ന് ഉറപ്പില്ലാത്ത ഷെയ്ഖ് ഷക്ബൂത്ത് ജാഗ്രത പുലർത്തുന്ന സമീപനം സ്വീകരിച്ചു. നിക്ഷേപം നടത്തുന്നതിനേക്കാൾ മികച്ച നിലയിൽ വരുമാനം നേടിയെടുക്കാനാവുന്ന വിധത്തിലുള്ള വികസനമായിരുന്നു അദ്ദേഹത്തിന്റെ സകല്പം. തുടർന്ന് വന്ന  അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ്സായിദ് ബിൻ സുൽത്താൻ അൽ നഹയാൻ അബുദാബിയെ രൂപാന്തരപ്പെടുത്താൻ എണ്ണ സമ്പത്തിന് കഴിവുണ്ടെന്ന്  കണ്ടെത്തുകയായിരുന്നു. 1966 ഓഗസ്റ്റ് 6 നാണ് ഷെയ്ഖ് സാഇദ് പുതിയ ഭരണാധികാരിയായി അധികാരച്ചുമതല ഏറ്റെടുക്കുന്നത്.

എമിറേറ്റുകളിലെ ഏറ്റവും ദരിദ്രരെ ഏറ്റവും സമ്പന്നരാക്കാൻ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തന മികവുകളിലൂടെ സാദ്ധ്യമായി. ഈ ഘട്ടത്തിൽ തന്നെ മേഖലയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖല എന്ന ഖ്യാതി കെട്ടിപ്പടുക്കുന്നതിൽ ദുബായ് ശ്രദ്ധ കേന്ദ്രീകരിച്ചു. 1960 കളുടെ മധ്യത്തിൽ ദുബായിയും സ്വന്തമായി എണ്ണ കണ്ടെത്തി.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന നിലയിൽ സ്വാതന്ത്ര്യം നേടുന്നതിനായി 1971 ജൂലൈയിൽ ആറ് ട്രൂഷ്യൽ സ്റ്റേറ്റുകൾ (അബുദാബി, ദുബായ്, ഷാർജ, ഉം അൽ-ക്വൈവെയ്ൻ, അജ്മാൻ, ഫുജൈറ) ഒരു ഫെഡറൽ ഭരണഘടന അംഗീകരിച്ചു. 1971 ഡിസംബർ 2 ന് യുഎഇ പിറവി കൊണ്ടു.  റാസ് അൽ ഖൈമ 1972 ഫെബ്രുവരിയിലാണ് യുണൈറ്റഡ് അറബ് എമിറേറ്റിൽ ചേർന്നത്.   യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ആദ്യ പ്രസിഡന്റായി അബുദാബിയിലെ ഷെയ്ഖ് സായിദ്  അധികാരമേറ്റു.

ഇന്ന്, യു‌എഇ ഒരു പ്രധാന അന്താരാഷ്ട്ര ടൂറിസ്റ്റ്, ബിസിനസ് കേന്ദ്രമാണ്, മാത്രമല്ല ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്നാണ്.

ലോകത്തിലെ ഏറ്റവും ഉയർന്ന ആളോഹരി വരുമാനമായ 25,000 യുഎസ് ഡോളറാണ് ഇത്. ലോകത്തെ അറിയപ്പെടുന്ന എണ്ണ ശേഖരത്തിന്റെ ഏകദേശം 10% യുഎഇയിലുണ്ട്. അബുദാബിയിൽ 90 ശതമാനവും ദുബായിൽ 10 ശതമാനവും. അബുദാബി കരുതൽ ശേഖരം ഇനിയും 100 വർഷം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, നിലവിൽ ഉൽപാദന നിരക്കിൽ ദുബായിലെ കരുതൽ ശേഖരം പത്തുവർഷം മാത്രമേ നിലനിൽക്കൂ.

ഭാഗ്യവശാൽ, യുഎഇ ഇപ്പോൾ എണ്ണ, വാതക വരുമാനത്തെ മാത്രം ആശ്രയിക്കുന്നില്ല. ഇന്ന് രാജ്യത്തിന്റെ ജിഡിപിയുടെ 30% എണ്ണ മേഖലയാണ്. യു‌എഇ ഭരണകർത്താക്കളുടെ ദീർഘവീക്ഷണത്തിന് നന്ദി. വ്യാപാരം, ടൂറിസം, റിയൽ എസ്റ്റേറ്റ്,  എന്നിവ വലിയ സംഭാവന നൽകുന്നു. പ്രത്യേകിച്ച് ദുബായിൽ. ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എന്ന അതുല്യനായ ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഭരണചാതുരിയും ദുബായിയെ ലോകോത്തരമാക്കി നിറുത്തുന്നതിൽ വഹിക്കുന്ന പങ്ക് അദ്വിതീയമാണ്.

അതിരുകളില്ലാതെ സ്വപ്നം കാണുകയും അവ യാഥാർത്ഥ്യമാക്കിത്തീർക്കുന്നതിൽ വിട്ടു വീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നതാണ് വലുപ്പത്തിൽ ഒരു കൊച്ചു രാജ്യമെങ്കിലും ലോകത്തിന്റെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നില്ക്കാൻ യു എ ഇയെ പ്രാപ്തമാക്കുന്നത്. ദേശത്തിന്റെയോ ഭാഷയുടെയോ വർണ്ണത്തിന്റെയോ വ്യത്യാസം നോക്കാതെ എല്ലാവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അറബ് സംസ്കാരത്തിന്റെ മഹോന്നതമായ ആസ്വാദ്യതയാണ് ഓരോരുത്തരും യു.എ.ഇയിൽ അനുഭവിക്കുന്നത്. 170ലേറെ  രാജ്യങ്ങളിലെ പ്രവാസികൾ ഒരേ മനസ്സോടെ ഇവിടെ ജീവിച്ചു പോരുന്നതിന്റെ അടിസ്ഥാനവും അത് തന്നെയാണ്.

ലോകമെങ്ങും ദുരന്തം വിതച്ച കോവിഡ് മൂലം നടക്കാതെ പോയ 20-20 എന്ന ബൃഹത്തായ പദ്ധതിയെ സ്നേഹാദരങ്ങളോടെ ചേർത്ത് നിർത്തി ഈ വർഷം ലോകത്തിനായി സമർപ്പിക്കാനൊരുങ്ങുകയാണ് ദുബായ് . എന്നും അതിശയകരമായ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ദുബായ് മറ്റൊരു വമ്പൻ പ്രോജക്റ്റിനും തുടക്കം കുറിച്ചു കഴിഞ്ഞു. അടുത്ത 20 വർഷങ്ങൾക്കുള്ളിൽ ഇന്ന് ബാക്കിയായി നില്ക്കുന്ന മരുഭൂമിയെയത്രയും ഹരിത ഭൂമിയാക്കി മാറ്റാനുള്ള തയാറെടുപ്പുകളാണത്. 20-40 എന്ന ആ പദ്ധതി യാഥാർത്ഥ്യമായി തീരാൻ ഭരണാധികാരികൾ പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയും അവരുടെ ദീർഘവീക്ഷണവും തന്നെ അടിസ്ഥാനം.

മർഹബാ ബിക്കും ഫി ദുബൈയിലേക്ക് ഒരിക്കൽ കൂടി സുസ്വാഗതം.

Share this story

Comments (0)

  • Be the first to write one.