15 May 2021 · 11 min read · അനുഭവം

മർഹബാ ബിക്കും ഫി ദുബൈ __ എട്ട്

ദുബായിയെ പറ്റി പറഞ്ഞു വരുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗത്തെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.പൊതുവേ യാത്രാ വിവരണങ്ങളോട് ചേർത്തു വെക്കുകയോ ചേർന്ന് പോവുകയോ ചെയ്യാത്ത ഒരു വിഷയമാണ് ഇത് . ഒരു നാടിന്റെ ചരിത്രവും അവിടത്തെ ജനതയുടെ ജീവിത രീതികളും സംസ്കാരങ്ങളും ചില കാഴ്ചകളും പ്രകൃതി ദൃശ്യങ്ങളുമാണ്  നാം സാധാരണ യാത്രാവിരണങ്ങളിൽ കണ്ടു ശീലിച്ചിട്ടുള്ളത്. പക്ഷെ, ഇവിടെ അല്പം വ്യത്യസ്തമായ ഒരു ഭാഗത്തേക്കാണ് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ട് പോകുന്നത്. അന്യനാടുകളിൽ   നിന്നെത്തി ഈ നാടിന്റെ വികസനങ്ങളിലത്രയും സ്വയം സമർപ്പിച്ച ഒരു വിഭാഗം ജനങ്ങൾ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇവിടെയുമുണ്ട്.  


അവരെ പറ്റി ആരും മുമ്പ് പറഞ്ഞതായി കേട്ടിട്ടില്ല. വായിച്ചിട്ടുമില്ല. അതെ, ഗൾഫ് നാടുകളിൽ അത്തരക്കാർ നിരവധിയാണ്; അവർ പ്രായേണ പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ്. അർഹിക്കുന്ന സഹായങ്ങൾ അവശ്യസമയങ്ങളിൽ പോലും ലഭ്യമാകാതെ ജീവിതത്തിന്റെ തുറസ്സുകളിൽ ഉഴറുന്നവർ. നമ്മൾക്ക് നടക്കാനായി രാജവീഥികൾക്ക് സമാനമായ വഴികൾ വെട്ടിത്തുറന്നവരാണവർ ; നമ്മുടെ സുഖലോലുപതകൾക്കായി രമ്യഹർമ്മങ്ങൾ  തീർത്തവരും.ആരുമറിയാതെ, ആരും തിരക്കാതെ പോവുന്ന അവരുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ തേടിയാണ് ഇന്നത്തെ യാത്ര. അത് കാണാതെ പോകുന്നത്  ജീവിച്ചിരിക്കുന്ന ഈകാലത്തിനോട്  നാം അനുവർത്തിക്കുന്ന നന്ദികേടാണ്. മരുഭൂമിയിൽ വെള്ളം കണ്ടെത്തിയേക്കാവുന്ന ഫലഭൂയിഷ്ടമായ ഒരിടമായിരിക്കും മരുപ്പച്ചകൾ. സമാധാനത്തിന്റെ, അഭയസ്ഥാനത്തിന്റെ ഒരു കേന്ദ്രം. അവിടെ ചേക്കേറി ജീവിതത്തെ കരുപ്പിടിപ്പിക്കാനായി വന്ന് ഒരു നഗര സംവിധാനത്തെ മൊത്തം നിർമ്മിച്ചെടുക്കുന്നതിൽ ആത്മാർപ്പണത്തോടെ മുന്നിട്ടു നിന്ന ഇക്കൂട്ടർക്ക്  ഈ നാടിന്റെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം തന്നെയുണ്ട്. 

ഏതൊരു ചരിത്രസ്മാരകത്തിന്റെ പിന്നിലെന്ന പോലെ ഓരോ നഗര നിർമ്മിതികൾക്കു പിന്നിലും അഹോരാത്രം അദ്ധ്വാനിച്ച് ജീവൻ വരെ വെടിഞ്ഞ ഒരു പാട് മനുഷ്യരുണ്ടാകും. സ്കൂൾ ക്ലാസ്സുകളിൽ നാം പഠിച്ച സാമൂഹ്യപാഠത്തിലെ ഏടുകളിൽ വിജയനഗര സാമ്രാജ്യം പടുത്തുയർത്തിയ ചക്രവർത്തിയും താജ്മഹൽ നിർമ്മിച്ച ചക്രവർത്തിയും അടുത്തടുത്ത പേജുകളിൽ  ചിരിക്കാതെ ഗൗരവം പൂണ്ട് നില്ക്കുന്നത് പാഠഭാഗത്തിനൊപ്പം ചിത്രങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആ നഗര സംവിധാനത്തിന്റെയും സ്നേഹ സ്മരണയുടെയും പൂർത്തികരണത്തിന് പിന്നിൽ എത്ര പേരുടെ കണ്ണീരും വിയർപ്പും ചോരയും ചിലപ്പോൾ ജീവൻ വരെയും അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് നാമാരും അറിഞ്ഞിട്ടില്ല. നാമതൊട്ട് തിരക്കിയിട്ടുമില്ല.

എന്നാൽ,വിയർപ്പൊഴുക്കി സ്വന്തം ജീവൻ നില നിറുത്താനും കുടുംബത്തിന് താങ്ങാകാനും അന്യ ദേശം പൂകിയ ഒട്ടനവധി ആളുകളെ നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അവരിൽ ചിലരെങ്കിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നവരുമുണ്ടാകാം. അവരിലേക്ക് തിരിയുകയാണ് നമ്മൾ അല്പ നേരമെങ്കിലും.

ദുബായിയുടെ നഗരസൗന്ദര്യവത്കരണത്തിന്റെ വിവിധ മേഖലകളിലും  നിരനിരയായി കാണുന്ന കെട്ടിടങ്ങളുടേയും ടവറുകളുടേയും നിർമ്മിതികൾക്ക് പിന്നിലും പ്രവർത്തിച്ച ഒരു പാട് പ്രവാസിത്തൊഴിലാളികളുണ്ട്. അഭ്യസ്തവിദ്യരായ സാങ്കേതിക വിദഗ്ദരും നിരക്ഷരരായ സാധാരണ തൊഴിലാളികളും അതിൽ പെടും. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ദുബായിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലാക്കെയും പണിയെടുത്തിരുന്നത് വ്യത്യസ്ത ലേബർ കമ്പനികളിലെ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളായിരുന്നു. അക്കാലത്ത് ലോകത്തിൽ മൊത്തത്തിലുള്ള ക്രെയിനുകളുടെ എൺപത് ശതമാനവും ദുബായിലായിരുന്നെന്ന്  പത്രവാർത്തകൾ പറഞ്ഞു തന്നിരുന്നു. അതിന് ആനുപാതികമായി  തൊഴിലാളികളും ഉണ്ടായിരുന്നു. പ്രധാനമായും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു അവരിലേറെയും.  ദിവസത്തിന്റെ ഏറിയ പങ്കും തൊഴിലിൽ ഏർപ്പെട്ടിരുന്ന ഇക്കൂട്ടർ വൈകുന്നേരങ്ങളിൽ തലചായ്ക്കാനായി കൂടണഞ്ഞിരുന്ന ലേബർ ക്യാമ്പുകൾ ഒട്ടനവധിയുണ്ട്. അവയിലൊന്നിലേക്കാണ് എന്റെ ഇന്നത്തെ യാത്ര.

യൂറോപ്യൻ വികസിത രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോഴൊന്നും ആരും അന്വേഷിച്ചു ചെല്ലാറില്ലെങ്കിൽ പോലും നഗരത്തിന്റെ ഉപോത്പന്നങ്ങളായ നിർദ്ധനരുടെ ചേരികൾ നഗരപാർശ്വങ്ങളിൽ കാണാനിടയായിട്ടുണ്ട്. അവ അപ്രതീക്ഷിതമായി കൺമുന്നിൽ വന്ന് വീഴുമ്പോൾ അന്തിച്ചു പോയിട്ടുമുണ്ട്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ അത്തരം ചേരികളുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തതാണ്. ചേരികൾ കൊണ്ട് മാത്രം പ്രസിദ്ധിയോ കുപ്രസിദ്ധിയോ ആർജ്ജിച്ച ഇടങ്ങൾ വരെ നമുക്കറിയാം. പക്ഷെ, ഇവിടെ ദുബായിൽ അത്തരം ചേരികളോ അവികസിത മേഖലകളോ ഏറെ തിരഞ്ഞാൽ പോലും നമുക്ക് കണ്ടെത്താനാവില്ല. എങ്കിലും അവിദഗ്ധ തൊഴിലാളി സമൂഹം കൂട്ടമായി പാർക്കുന്ന നല്ല നിലയിൽ പ്രവർത്തിക്കുന്ന നിരവധി ലേബർ ക്യാമ്പുകളുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയിലാണ് എവിടെയും  അവരുടെ സ്ഥാനം എന്ന് കരുതുന്നത് യു.എ. ഇ യെ സംബന്ധിച്ചെങ്കിലും പൂർണ്ണമായും ശരിയാകാനിടയില്ല. പൊതുവെ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺസുലേറ്റുകൾ തയ്യാറാവാത്തപ്പോഴും യു.എ.ഇ യുടെ ലേബർ ഡിപ്പാർട്മെന്റാണ് പലപ്പോഴും ഇക്കൂട്ടർക്ക് രക്ഷകരായി അവതരിക്കാറ്. 

തങ്ങൾ നിരന്തരം കണ്ട് കൊണ്ടിരുന്ന സ്വപ്നങ്ങളിലെ നിധിശേഖരം തേടി ദുബായി എന്ന വാഗ്ദത്ത ഭൂമിയിൽ വന്നവരാണിവരും. ചിലർക്ക് മാത്രം അത് കണ്ടെത്താനും കൈപ്പിടിയിൽ ഒതുക്കാനുമായപ്പോൾ ഭൂരിപക്ഷം പേർക്കും അതൊരു മരീചിക മാത്രമായി തീർന്നു എന്നതാണ് വസ്തുത. എങ്കിലും നാട്ടിലെ ദുരിതങ്ങൾക്കൊരറുതി തന്റെ പ്രവാസ ജീവിതം മൂലം വന്നു ഭവിക്കാനിടയായല്ലോ എന്നോർത്തു 

കഴിയുന്നവരാണേറെയും. പകലന്തിയോളം ജോലി ചെയ്ത് തളർന്ന് സ്വന്തം കട്ടിലിലേക്ക് വന്ന് വീഴുമ്പോഴും നാളെ തനിക്കൊരു നല്ല ജീവിതം ഈ മണ്ണിൽ ലഭ്യമാകും എന്ന പ്രതീക്ഷയിൽ ഉറങ്ങാൻ കിടക്കുന്നവർ. ശുഭ പ്രതീക്ഷകളുടെ അനന്തമായ ദിനങ്ങളിലൂടെ നിരങ്ങി നീങ്ങി മുഖ്യധാരയിലേക്ക് എത്തിപ്പെടാനാകാതെ  കുഴഞ്ഞു വീഴുന്നവരാണധികവും .

ഗോൾഡ് സൂക്ക് ബസ്സ്റ്റാന്റിൽ നിന്നും സോനാപൂരിലേക്കുള്ള ബസ്സിലാണ് ഞാനിപ്പോൾ. അഞ്ചു മണിയാകുന്നതേയുള്ളു. ചുവപ്പും വെള്ളയും നിറമടിച്ച വോൾവോയുടെ ശീതീകരിച്ച ഏറ്റവും ആധുനിക ബസ്സ് . ഇന്ന് വെള്ളിയാഴ്ചയായതിനാൽ ബസ്സിനുള്ളിൽ അസാമാന്യ തിരക്കുണ്ട്. പൊതുവേ വെള്ളിയാഴ്ചകളിൽ നായിഫ് റോഡ് ഏരിയ മുഴുക്കെയും , വിശിഷ്യാ സബ്ക്കാ ബസ് സ്റ്റാന്റ്, പിന്നെ ക്രീക്കിന് സൈഡിലായും ഏതോ സമ്മേളനത്തിന് വന്നവരെന്ന പോലെ സോനാപൂർ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർ കൂട്ടം കൂടി നില്ക്കുന്ന കാഴ്ച പതിവാണ്. എന്തെങ്കിലും ആവശ്യത്തിന് മാർക്കറ്റിനകത്തേക്ക് കടക്കുക അസാദ്ധ്യമാക്കി തീർക്കും വിധം ജനബാഹുല്യമായിരിക്കും അപ്പോൾ. പുഴക്കക്കരെ ബർ ദുബൈയിലെ പണ്ടത്തെ  പ്ലാസ സിനിമക്കരിക്കിലും സമാനമായ ആൾക്കൂട്ടം ഉണ്ടാവാറുണ്ട് . എന്നും ഉത്സവഛായ നിലനിറുത്തിപ്പോന്നിരുന്ന തെരുവുകൾക്കൊക്കെയും ഒരു പത്താമുത്സവത്തിന്റെ പ്രൗഢിയും അതിനു തക്ക ആളനക്കവും എങ്ങും മുഖരിതമാവുന്ന നാളായിരിക്കും വെള്ളിയാഴ്ചകൾ. കച്ചവടക്കാരും ഈ ദിവസത്തെ വരവേല്ക്കാനായി കാത്തു കാത്തിരിക്കാറുണ്ട്. 

സാങ്കേതികത പുഷ്ടി പ്രാപിക്കുകയും ഓരോരുത്തരും മൊബൈൽ ഫോൺ സ്വായത്തമാക്കുകയും ചെയ്ത നാളുകൾക്ക് മുമ്പുണ്ടായിരുന്ന ഈ പ്രവണത മുമ്പത്തെക്കാൾ അല്പം കുറഞ്ഞെങ്കിലും ഇന്നും അത് തുടർന്ന് പോരുന്നതിൽ വ്യത്യാസമില്ല. ദുബായിയുടെ വ്യത്യസ്ത മേഖലകളിലുള്ള ക്യാമ്പുകളിൽ താമസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം കണ്ടുമുട്ടാനും വിശേഷങ്ങൾ പങ്കുവെക്കാനും ഈ അവസരം വിനിയോഗിക്കുന്നുണ്ട് ഇപ്പോഴും. ഉച്ചയൂണിന് ശേഷമുള്ള ആദ്യം കിട്ടുന്ന പതിമൂന്നാം നമ്പർ ബസ്സിൽ കേറി നഗര ഹൃദയത്തിൽ വന്നിറങ്ങി തങ്ങളുടെ ആറ് ദിവസങ്ങളിലെ വിരസതകൾക്കറുതി വരുത്താമെന്ന് അവർ കണക്ക് കൂട്ടുന്ന നാളുകൾ.  ചെറിയ ഷോപ്പിങ്ങും ഏതെങ്കിലും ബാറിൽ കയറി രണ്ട് ബിയറുമടിച്ച് തിരികെ ബസ്സിൽ പോകുന്നതോടെ അവരുടെ ഒരാഴ്ച പൂർണ്ണമാവുകയായി.

നഗര ത്തിരക്കിലെ തടസ്സങ്ങൾ പിന്നിട്ട് ബസ്സ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മഴക്കാറ് മൂടിയ അന്തരീക്ഷം. സന്ധ്യയാവാൻ ഇനിയും ഏറെ നേരമുണ്ടെങ്കിലും തെരുവുകളെങ്ങും ഇരുൾ മൂടി നിന്നു.  രാത്രിയെ വരവേല്ക്കാനെന്നോണം പ്രഭാപൂരവുമായി വിളക്കുകൾ തെളിഞ്ഞു. എമിറേറ്റ് സ് എയർലൈൻസിന്റെ കാറ്ററിംഗ് ഡിവിഷനിൽ ഓഫീസറായ എന്റെ സുഹൃത്ത് അനീസിന്റെ അടുത്തേക്കാണ് ഞാനിപ്പോൾ യാത്ര. അവിടെ ചെന്നിട്ട് വേണം അടുത്തുള്ള ലേബർ ക്യാമ്പുകളൊക്കെയും പോയി കാണാൻ. അൽ ക്വിസൈസ് പിന്നിട്ടപ്പോൾ ബസ്സിൽ തിരക്ക് അല്പം കുറഞ്ഞതായി അനുഭവപ്പെട്ടു. ബസ് മുന്നോട്ട്  നീങ്ങിക്കൊണ്ടിരിക്കെ തൊട്ടടുത്തിരുന്നയാളോട് ഞാനൊരു സൗഹൃദച്ചിരി പാസ്സാക്കി. യു.പി സ്വദേശിയായ ഭരദ്വാജ് ആണ് കക്ഷി. എട്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്നു. ലേബർ ക്യാമ്പിലാണ് താമസം.

ലേബർ ക്യാമ്പിലെ ജീവിതത്തെപ്പറ്റി ഭരദ്വാജിന് ഏറെ മതിപ്പാണ്. അരിയും അല്പം പരിപ്പുമുണ്ടെങ്കിൽ ബാക്കിയെല്ലാം സൗജന്യമായി ലഭ്യമാണെന്നത് ഏറെ ആശ്വാസ പ്രദമാണെന്നയാൾ പറഞ്ഞു. കൃത്യമായി നാട്ടിലെ കാര്യങ്ങൾ നിവൃത്തിച്ചു കൊടുക്കാൻ ഈ താമസ സൗകര്യങ്ങൾ നല്ലൊരു സഹായമാണെന്നും അയാൾ തുടർന്നു. പുറത്തെവിടെയെങ്കിലും താമസിക്കുന്നുവെങ്കിൽ ചുരുങ്ങിയത് 1000 ദിർഹംസ് വേറെ കണ്ടത്തേണ്ടിയിരിക്കുന്നു. ദുബായിൽ വരുന്നതിനു മുമ്പേ ഗൾഫിലെ മറ്റ് രണ്ട് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും അവിടെയൊന്നും ഇത്ര സൗകര്യങ്ങൾ ലഭ്യമായിരുന്നില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ബറേലിയിലെ ഖണ്ഡൽ വാൽ കോളേജിലെ ഹോസ്റ്റൽ മുറിയെ ഓർമിപ്പിക്കുന്ന അനുഭവങ്ങളാണ് താനിവിടെ തന്നെ തുടരാൻ ആഗ്രഹിക്കന്നതെന്നും ഭരദ്വാജ് . വ്യത്യസ്ത ദേശക്കാരും ഭാഷക്കാരുമായ ഒട്ടനവധി പേരോടൊത്തുള്ള സഹവാസം ഒരു വലിയ ലോകത്തെ തന്നെ തന്നോട് ചേർത്തു പിടിക്കുന്നുണ്ട്. തന്റെ പഠിപ്പിനൊത്തൊരു ജോലി ഇത് വരെ കണ്ടെത്താനായില്ലെന്നത് ഒരു താത്കാലികാവസ്ഥയാണെന്നും നാളെ തനിക്കൊരു യോജിച്ച ജോലി ലഭിക്കുമെന്നും മുപ്പതുകളുടെ സായാഹ്‌നത്തിലെത്തിയ ഇയാൾ ആശിക്കുന്നു. അയാൾക്ക് നല്ലത് വരട്ടെ എന്ന് ഞാൻ മനസ്സിലോർക്കുകയും അതയാളോട് പറയുകയും ചെയ്തു.  തൊഴിൽ സംബന്ധമായ ഒരു പാട് പ്രശ്നങ്ങൾ ഞങ്ങൾ അഭിമുഖീകരിക്കാറുണ്ട്. അനന്തമായി നീണ്ടു പോകുന്ന പ്രശ്നങ്ങൾ വരെയുണ്ട്. അപ്പോഴൊക്കെയും ഉത്തരവാദപ്പെട്ടവർ ഞങ്ങളെ തിരിഞ്ഞു നോക്കാറേയില്ല.ഫിലിപ്പീനികൾക്കോ ശ്രീലങ്കക്കാർക്കോ അവരുടെ കോൺസുലേറ്റുകളിൽ നിന്ന് കിട്ടുന്ന പരിഗണനകളോ ആനുകൂല്യങ്ങളോ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും തങ്ങൾക്ക് കിട്ടുന്നില്ല . എത്ര കരഞ്ഞ് അലമുറയിട്ടാലും തിരിഞ്ഞു നോക്കാത്ത ഹൃദയശൂന്യരാണ് അവിടെയുള്ളവരിൽ ഏറെയും എന്നും അയാൾ പറഞ്ഞു. ഇടക്കിടെ ഇന്ത്യയിൽ നിന്നെത്തുന്ന രാഷ്ട്രീയ നേതാക്കൾ തങ്ങളെ അണച്ചു പിടിച്ച് ഫോട്ടോകളെടുക്കാറുണ്ടെന്നും അതിനപ്പുറം അവരാരും ഒന്നും ചെയ്യാറില്ലെന്നും കൂടി ഭരദ്വാജ് പറഞ്ഞു. കൂടുതലും കേരളാ വാലാ നേതാക്കളാണ് വരാറുള്ളതെന്നും അയാൾ ഒരു ചിരിയോടെ പറഞ്ഞു. അതൊരു പരമ സത്യമാണെന്ന് നീണ്ട കാലത്തെ ദുബായ് ജീവിതം എന്നെ ഓർമ്മിപ്പിച്ചു. പരോക്ഷമായെങ്കിലും അതുമായി ബന്ധപ്പെട്ട് ബ്യൂറോക്രസിയുടെയും ഈ രാഷ്ട്രീയക്കാരുടെയും  അവഗണനയെ മനസ്സിലാക്കാൻ  എനിക്കും ഇടയായിട്ടുണ്ട്. 

20 വർഷങ്ങൾക്ക് മുമ്പേ, തീർത്തും ഒറ്റപ്പെട്ട, എത്തിപ്പെടാൻ പോലും ബുദ്ധിമുട്ടേറിയ ഒരിടം . ക്രമേണ ഒരു ടൗൺഷിപ്പിലേക്ക് ഉയർത്തപ്പെട്ട ഈ ഭാഗമത്രയും കാണുമ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി. പൊതുവേ ആളുകൾ വരാൻ മടിച്ചിരുന്ന ഒരു പ്രദേശം. നിത്യതയിലേക്ക് യാത്രയായവർ മാത്രം വസിക്കുന്ന വിശാലമായ ഖബർസ്ഥാനും അതിനടുത്തായി ഈ ലേബർ ക്യാമ്പുകളും മറ്റേതൊ ഗ്രഹത്തിലാണെന്ന മട്ടിൽ നഗരവാസികൾ കഴിഞ്ഞിരുന്ന പഴയ കാലം. പക്ഷെ, ഇന്നിപ്പോൾ ദുബായിയുടെ പരിഷ്കൃത സമൂഹം താമസിക്കുന്ന മറ്റേതൊരു ഇടവും പോലെ ഇവിടവും ഉയർന്ന നിലവാരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. മുഹൈസിന നാലിൽ എമിറേറ്റ്സ് എയർലൈൻ സ്റ്റാഫുകൾക്കായി പണിതീർത്ത കൂറ്റൻ കെട്ടിടമാണ് ഈ ഭാഗത്ത് വികസനങ്ങൾക്ക്  തുടക്കം കുറിച്ചത്. കുറെക്കാലം അവിടെ താമസിക്കാൻ ആരുമില്ലാത്ത അവസ്ഥയിലായിരുന്നെങ്കിലും പിന്നീടവിടെ നിറയെ ആളുകളായി. എങ്കിലും കെട്ടിടത്തിന് ചുറ്റും മണൽക്കാടുകൾ നിറഞ്ഞതിനാൽ ഒരൊറ്റപ്പെട്ട പ്രതീതിയായിരുന്നു. തുടർന്ന് ഒന്നൊന്നായി പുതിയ കെട്ടിടങ്ങൾ വരികയും മുഹൈസിന രണ്ടിലെ ലേബർ ക്യാമ്പുകളോട് ചേർന്ന് നില്ക്കാൻ തുടങ്ങുകയും ചെയ്തതോടെ അതൊരു പുതിയ നഗര സംവിധാനമായി പരിണമിക്കുകയായിരുന്നു. ലുലു വില്ലേജ് എന്ന ബൃഹത്തായ ഷോപ്പിങ്ങ് സെന്റർ വന്നതോടെ അവിടമത്രയും ജനനിബിഡമാവുകയും ദുബായിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ഭാഗമായി മാറുകയും ചെയ്തു

സോനാപൂർ ഒരറബി നാടിന് ചേരുന്ന പേരായി തോന്നിയിട്ടില്ല. ദുബായിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം നിലനിറുത്തിയിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതോ സ്ഥലത്തിന്റെ പേരു് പറിച്ചു നട്ടതാകം ഇതെന്ന് തോന്നുന്നു. ദേരയിൽ നിന്നും 20 കി.മീറ്ററോളം ദൂരെ ദുബായ് - ഷാർജ അതിർത്തിയോടടുത്ത്  വിശാലമായ ഖബർസ്ഥാനിനടുത്തായി നിരനിരയായി നില്ക്കുന്ന നിരവധി കെട്ടിടങ്ങളാണ് ലേബർ ക്യാമ്പുകൾ. വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്നപ്പോൾ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കുന്നു പരിസരങ്ങളത്രയും. വൃത്തിയുള്ള വിശാലമായ റോഡുകളും ഫ്ലൈ ഓവറുകളും ഒരു പുതുമയുള്ള ടൗൺഷിപ്പിന്റെ ഭംഗി പ്രദേശത്തെയാകെ പൊതിഞ്ഞു നില്ക്കുന്നു. ഒരു ആധുനിക നഗരത്തിന് ചേർന്ന അഴകോടെ തന്നെയായിരിക്കണം , സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന ഇടവുമെന്നത് ദുബായി എല്ലാതരക്കാർക്കുമിടയിൽ നിലനിറുത്തുന്ന സമഭാവനയുടെ ഉത്തമോദാഹരണമാണ്. 

ദുബായിലെ പ്രധാന ലേബർ ക്യാമ്പുകൾ സ്ഥിതിചെയ്യുന്നതിൽ ഒരിടം മാത്രമാണ് സോനാപൂർ. അൽ ഖൂസിലും ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലുമായി മറ്റു രണ്ട് ക്യാമ്പുകളും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ, നിരവധി ചെറിയ ക്യാമ്പുകൾ ഒട്ടനവധി കൺസ്ട്രക്ഷൻ കമ്പനികളുടേതായി ഇവിടെ നിലനില്ക്കുന്നുണ്ട്. 

ഞാൻ ദുബായിലെ പടുകൂററൻ ടവറുകളും മനുഷ്യനിർമിത ദ്വീപുകളും മെഗാ മോളുകളും ഉപേക്ഷിച്ച് മരുഭൂമിയുടെ അരികു പറ്റിയുള്ള ലേബർ ക്യാമ്പിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.  വിനോദസഞ്ചാരികളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്ന ഇടങ്ങളാണ് യഥാർത്ഥത്തിൽ ഇത്തരം ക്യാമ്പുകൾ. 

സോനാപൂരിൽ അനീസുമായി ക്യാമ്പുകളൊക്കെയും ചുറ്റിയടിച്ചു കണ്ടു. ജോലി കഴിഞ്ഞ് തിരികെയെത്തിയവരുടെ തിരക്കായിരുന്നു അവിടമത്രയും. പൊതുവെ ആഹ്ലാദഭരിതമായ അന്തരീക്ഷം.  കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി തയാറാവുന്ന ചിലർ. നാട്ടിലേക്ക് വിളിക്കാനായി ആരവങ്ങളിൽ നിന്നൊഴിഞ്ഞു മാറി മറ്റ് ചിലർ. വെളിച്ചം നിറഞ്ഞ വൃത്തിയുള്ള ഇടനാഴികളിലൂടെ ഞങ്ങൾ ചുറ്റിയടിച്ചു. ആരോടും പ്രത്യേകമായി സംസാരിക്കാൻ മുതിർന്നില്ല. ഭരദ്വാജ് ഈ ക്യാമ്പിന്റെ ഒരു പ്രതിനിധി തന്നെയായിരുന്നെന്ന് ഓരോ മുഖങ്ങളും വിളിച്ചു പറയുന്ന പോലെ തോന്നി. നോവും ആധിയും നിറഞ്ഞ ഒരു ദിവസത്തിന്റെ സമാപ്തിയിൽ ഉന്മേഷം വീണ്ടെടുക്കാനായി കൂടണഞ്ഞിരിക്കുകയാണിവർ.അനീസുമൊത്ത് ഞാൻ ക്യാമ്പിലുടനീളം ചുറ്റിക്കറങ്ങി.

സൂര്യൻ അസ്തമിക്കുകയും അതിന്റെ അവസാന കിരണങ്ങൾ ക്യാമ്പിനെ ആശ്ലേഷം ചെയ്യുകയുമായിരുന്നു. ഒരു കൂട്ടം ഇന്ത്യൻ തൊഴിലാളികളെത്തന്നെയാണ് ഞങ്ങളാദ്യം സന്ദർശിച്ചത്.  മലയാളികളായ അവരിൽ ചിലർ  ലേബർ ക്യാമ്പിന്റെ   ചെറിയ മുറ്റത്ത് ടാപ്പിൽ നിന്ന് പാത്രങ്ങളിൽ വെള്ളം നിറക്കുകയായിരുന്നു. മുറ്റത്തിന്റെ ഓരത്ത് പകലത്രയും വാടി നിന്നിരുന്ന ഒരു ചെറിയ പൂന്തോട്ടം. അവരതിനെ കപ്പിൽ വെള്ളം നിറച്ചു കൊണ്ട് നനക്കാൻ തുടങ്ങി. മറ്റ് ചിലരാകട്ടെ, അവരുടെ സ്വകാര്യമായ ചില കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. വാഷിംഗ് മെഷിനിൽ  തുണിയലക്കാനിട്ടുകൊണ്ട് വേറെ രണ്ട് പേർ ഗൗരവമായി എന്തോ ചർച്ച ചെയ്തു കൊണ്ട് നില്ക്കുന്നു. അടുത്തെത്തിയപ്പോഴാണ് രാഷ്ട്രീയ വിഷയങ്ങളാണ്  ചർച്ചെയെന്ന് മനസ്സിലായത്. 

ചിലരെങ്കിലും,ക്ഷീണിച്ചതും ഇരുണ്ടതുമായ മുഖങ്ങളുമായി ഒറ്റതിരിഞ്ഞിരിക്കുന്നതും കാണാമായിരുന്നു.

നീണ്ട ഒരു ഹാളിലായി നിരനിരയായുള്ള ഗ്യാസ് അടുപ്പുകളിൽ  അത്താഴം ഒരുക്കിക്കൊണ്ടിരിക്കുന്ന ചിലർ. വൃത്തിഹീനമെന്ന് തീർത്തും പറയാനാവാത്ത അന്തരീക്ഷം. എങ്കിലും, മനസ്സ് വെച്ചാൽ ഒന്ന് കൂടെ മനോഹരമായേക്കാവുന്ന ചുറ്റുപാട്. പക്ഷെ, പകലത്രയും പൊരിവെയിലിൽ പണി ചെയ്ത് വരുന്ന ഇവർക്ക് എന്തെങ്കിലും തട്ടിക്കൂട്ടിയുണ്ടാക്കി സുഷുപ്തിയിലേക്ക് ചായാനുള്ള വെപ്രാളമാണെവിടെയും. തിരക്കിട്ട കുക്കിംഗിനിടയിൽ ആരും ആരെയും ശ്രദ്ധിക്കുന്നതേയില്ല. എങ്കിലും തമാശകളും പൊട്ടിച്ചിരികളും അന്തരീക്ഷത്തിന്റെ കനത്തിന് അല്പം അയവ് വരുത്തുന്നുണ്ട്  എന്ന് തോന്നിപ്പിച്ചു. അടുക്കളയിൽ ധൃതഗതിയിൽ പാകം ചെയ്തു കൊണ്ടിരിക്കുന്നവരുടെ തലയിൽ നിന്നും കഴുത്തിലൂടെ  വിയർപ്പ് മുത്തുമണികളായി ഉതിർന്നൊഴുകുന്നു. അവരുടെ വസ്ത്രങ്ങൾ വിയർപ്പോട്ചേർന്ന് പറ്റിപ്പിടിച്ചിരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെയും ശരീര ദുർഗന്ധത്തിന്റെയും കനത്ത മണം വായുവിൽ ഇഴുകി നിറയുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു കൂട്ടം  തൊഴിലാളികൾ ഒച്ച വെച്ചുള്ള എന്തോ ദീർഘമായ സംസാരത്തിലാണ്. എപ്പോൾ വേണമെങ്കിലും അടി കൂടിയേക്കാമെന്ന ഒരു സാഹചര്യം ഉണ്ടെന്ന് തോന്നി. അവർക്ക് കൂടിയുള്ള ഭക്ഷണമാകാം ഒരാൾ ഒറ്റക്ക് പാകം ചെയ്യുന്നുണ്ട്. കുറെ തക്കാളിയും സവാളയും പച്ചമുളകും അയാൾ അരിഞ്ഞു കൂട്ടുന്നു. ഇടക്കിടെ സംഘത്തിനടുത്ത് വന്ന് ഒന്ന് രണ്ട് ഡയലോഗ് അടിച്ചിട്ട് തിരികെ പോകുന്നുമുണ്ട്. 

അനീസുമൊത്ത് ക്യാമ്പിലുടനീളം ഞാൻ ചുറ്റിയടിച്ചു. ആരും ആരെയും ശ്രദ്ധിക്കാത്ത നിമിഷങ്ങൾ. എല്ലാവരും ധൃതി പിടിച്ച് ഓരോ പണികളിൽ മുഴുകിയിരിക്കുന്നു. എന്നാൽ ചിലരാകട്ടെ തീർത്തും അലസരെപ്പോലെ ഓരോ മൂലകളിൽ ഏതോ ചിന്തകളിൽ മുഴുകിയിട്ടെന്ന പോലെ. ജീവിതത്തിൽ നാം കണ്ട് മുട്ടുന്ന ഓരോ വ്യക്തികളും പുലർത്തുന്ന വ്യത്യസ്ത വികാരഭേദങ്ങൾ  നമുക്കിവിടെയുള്ള ഓരോ മുഖങ്ങളിൽ നിന്നും അനായാസേന വായിച്ചെടുക്കാനാകും. ആഹ്ലാദങ്ങളും സങ്കടങ്ങളും വീർപ്പുമുട്ടലുകളും നിറഞ്ഞ മനുഷ്യ ജീവിതത്തിന്റെ നേർക്കാഴ്ചകൾ.

അയിരൂർക്കാരനായ രാമഭദ്രൻ  അഞ്ച് വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ശേഷം ഇവിടെയെത്തിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ശമ്പളം കുറവാണെങ്കിലും അത് കൃത്യമായി തരുന്നതിൽ കമ്പനി മുടക്ക് വരുത്താറില്ല എന്നത് തന്നെ പ്രധാന കാര്യം എന്നയാൾ പറഞ്ഞു.  എങ്കിലും ഇവിടെ ചെലവഴിക്കുന്ന ഓരോ ദിവസങ്ങളും ദീർഘവും അസഹ്യവുമായി തീരുന്ന പോലെയാണ്. വേറെ വഴിയൊന്നുമില്ലാത്തതിനാൽ  ജോലിയും ഈ ക്യാമ്പ് ജീവിതവും ആശ്വാസകരമാണെന്ന് മനസ്സിനെ പഠിപ്പിച്ച് മുന്നോട്ട് പോവുകയാണെന്നും  അയാൾ കൂട്ടിച്ചേർത്തു. 

രാമഭദ്രന്റെ മുറിയിൽ ഒരു ആഘോഷത്തിനുള്ള വട്ടം കൂട്ടലുകൾക്ക് തുടക്കമാവുന്നത് ഞങ്ങൾ കണ്ടു. രണ്ട് മാസത്തെ അവധിക്ക് ശേഷം ഇന്നലെ തിരികെയെത്തിയ ജേക്കബ് നാട്ടിൽ നിന്നും കൊണ്ട് വന്ന ബീഫ് ഫ്രൈയും മറ്റനുബന്ധ ഭക്ഷണങ്ങളും അല്പം ലഹരിയുടെ കൂടെ ചേർക്കാനുള്ള തയാറെടുപ്പുകളായിരുന്നു അവിടെ. ഒഴിവ് ദിവസത്തെ കണക്ക് കൂട്ടി അത് ഇന്നത്തേക്ക് മാറ്റിയതായിരുന്നു. ഇതിനകം ലഹരി ബാധിച്ചു കഴിഞ്ഞിരുന്ന രാജീവ് എന്ന വർക്കലക്കാരൻ പറഞ്ഞു. "എന്ത് ജീവിതം പൊന്നേ. ഞങ്ങൾക്കിവിടെ ജീവിതമില്ല. വെറും തടവ് മാത്രം. അഞ്ച് മണിക്കുണരുന്നു. ഏഴ് മണിക്ക് സൈറ്റിലെത്തുന്നു. വൈകീട്ട് ഏഴ് മണിക്ക്  ദാ, ഇപ്പോളിവിടെയെത്തി. ഇനിയിപ്പോ ഈ രാത്രിയെ പകലാക്കി മാറ്റാൻ പറ്റുമോ എന്ന പരീക്ഷണത്തിലാണ് ഞങ്ങൾ. നാളെ വെള്ളിയാഴ്ചയായതിനാൽ മാത്രം ഈ ആഘോഷം സുഹൃത്തേ ."

ഇവരിലേറിയ പങ്കും ഗൾഫിലെ നിർമ്മാണ മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ഒരു ലക്ഷം രൂപക്ക് തുല്യമായ പണം അവരവരുടെ നാട്ടിലെ ഏജന്റുമാർക്ക് കൊടുത്ത് വാഗ്ദത്ത ഭൂമി തേടിപ്പോന്നവർ. ലക്ഷക്കണക്കിന് വരുന്ന ഈ കുടിയേറ്റ തൊഴിലാളികൾ, അവർക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നതിന്റെ ഇരട്ടി വേതനം വാഗ്ദാനം ചെയ്തതിൽ കുടുങ്ങി ഇവിടെയെത്തിയപ്പോൾ നിരാശയുടെ ആഴക്കയങ്ങളിലക്ക് വലിച്ചിഴക്കപ്പെട്ടവരാണ്. പലരും വിഷാദ രോഗത്തിനടിപ്പെട്ടവരായി തീർന്നു. ചിലർ മാത്രം ഈ അവസ്ഥയിൽ നിന്നും ഒരു മോചനം നേടാനാകമെന്നും ഒരു നല്ല നാളെ തങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നും വിശ്വസിച്ച് ഈ അവസ്ഥയോട്  താദാത്മ്യം പ്രാപിച്ചു കഴിയുന്നവരും . കിടപ്പാടം പണയപ്പെടുത്തിയും വായ്പ വാങ്ങിയും ഇവിടെയെത്തിപ്പെട്ട അനേകായിരങ്ങളുടെ കഥകൾ നമ്മൾ ഏറെ കേട്ടിരിക്കുന്നു. ഈ ക്യാമ്പുകളിൽ ഉള്ളവരിലും അക്കൂട്ടത്തിലുള്ളവർ കണ്ടേക്കാം.എങ്കിലും, ഔദ്യോഗിക രേഖകൾ ഉള്ളവരായിരിക്കും ഇവരൊക്കെയും. അതൊന്നുമില്ലാത്ത അനധികൃത കുടിയേറ്റ തൊഴിലാളികൾ ഏകദേശം മൂന്ന് ലക്ഷത്തോളം ഗൾഫ് മേഖലകളിൽ ഉണ്ടെന്നാണ് യു എൻ ഏജൻസികളുടെ വിലയിരുത്തൽ.

ഏകദേശം ഒരു വർഷം മുമ്പ് ദുബായ് ലേബർ ക്യാമ്പുകളിലെ ശോചനീയാവസ്ഥകളെ കുറിച്ച് ചില പാശ്ചാത്യ മാദ്ധ്യമങ്ങൾ എഴുതിയ കുറിപ്പുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് തന്നെ സോനാപൂർ ക്യാമ്പുകളിൽ എമിറേറ്റ്സ് എയർലൈൻസിന്റെ ക്വാളിറ്റി അഷ്യുറൻസ് സംഘം സന്ദർശനം നടത്തുകയും അവരുടെ ആക്ഷേപങ്ങൾ ചില ഉദ്ദേശലക്ഷ്യങ്ങളോടെയായിരുന്നെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അപൂർവ്വം ചില പോരായ്മകൾ ചൂണ്ടിക്കാട്ടി അനൗദ്യോഗിക റിപ്പോർട്ട് ദുബായ് മുനിസിപ്പാലിറ്റിക്ക് നല്കുകയും അവരത് അംഗീകരിക്കുകയും ചെയ്തു. ഒരു പാടിടങ്ങളിലെ ലേബർ ക്യാമ്പുകൾ കണ്ടിട്ടില്ലെങ്കിലും ദുബായിലെ ലേബർ ക്യാമ്പുകളോരോന്നും അടിസ്ഥാന സൗകര്യങ്ങൾക്കുപരി അന്താരാഷ്ട്രാ ഗുണനിലവാരത്തിന് ചേർന്നു നില്ക്കുന്നവയാണെന്ന കാര്യത്തിൽ സംശയമേതുമില്ല. 
ഇപ്പോൾ ഒമ്പത്ണിയോടുക്കുന്നു. മിക്കവാറും ആളുകൾ അവരുടെ ഭക്ഷണ ശേഷം അടുത്ത പരിപാടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ്. ഞാൻ അനീസുമൊത്ത് തിരികെ  പോരാനൊരുങ്ങി. പുറത്ത് പാക്കിസ്ഥാനികളായ കുറെപ്പേർ  ഗുസ്തിക്കായുള്ള വട്ടം കൂട്ടലിലാണ്. ജുമാ രാത് എന്ന വെള്ളിയാഴ്ച രാവ് ആഘോഷ തിമിർപ്പിലേക്ക് പിടിച്ചു കെട്ടാനുള്ള ഉത്സാഹത്തോടെ.

ലേബർ ക്യാമ്പുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യങ്ങൾ തികഞ്ഞവയാണെങ്കിലും അവയിൽ ഏറെ മുന്നിട്ട് നില്ക്കുന്നത് എമിറേറ്റ്സ് കാറ്ററിംഗ് ഡിവിഷന്റെ ക്യാമ്പുകളാണ്. ഒരു ഇൻറർനാഷണൽ എയർലൈനിന്റെ നിലവാരം നിലനിറുത്തത്തക്ക സംവിധാനങ്ങളാണ് ഈ ക്യാമ്പുകളിൽ ഒരുക്കപ്പെട്ടിട്ടുള്ളത്.

തുടർന്നുള്ള ദിവസം ദുബായിലെ വിവിധ ഇടങ്ങളിലായി സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാരുടെ ക്യാമ്പുകളും സന്ദർശിക്കുകയുണ്ടായി. ബലദിയ ( മുനിസിപ്പാലിറ്റി) ക്വാർട്ടേഴ്സ് സോനാപൂരിലും അൽ ഖൂസിലും മികച്ച നിലവാരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈയടുത്തകാലത്തായി ബലദിയുടെ ഗാർഡനിംഗ്, ക്ലീനിങ്ങ് വിഭാഗങ്ങളെല്ലാം തന്നെ മറ്റ് കമ്പനികളുടെ ജീവനക്കാർ നിർവ്വഹിക്കുന്നതിനാൽ മുനിസിപ്പാലിറ്റിയിലെ സ്ഥിരം ജീവനക്കാർക്ക് വേണ്ടി അധികം ക്യാമ്പുകൾ നിലനിറുത്തേണ്ട ആവശ്യം വരുന്നില്ല. എങ്കിലും ഉള്ള ക്യാമ്പുകെളെല്ലാം തന്നെ വൃത്തിയിലും സൗകര്യങ്ങളിലും ഏറെ മുൻപന്തിയിൽ തന്നെയാണ് എന്നത് നേരിട്ട് ബോദ്ധ്യപ്പെട്ട വസ്തുതയാണ്.

****       ****       ****    ****      ****     ****.

Share this story

Comments (1)

  • Suharabi

    26 May 2021

    യു.എ.ഇയെ ഒരു മനോഹര നഗരമാക്കി മാറ്റുന്നതിൽ അഹോരാത്രം പണി ചെയ്ത വ