28 October 2021 · 16 min read · യാത്ര

യാത്ര/ കൊച്ചു കൊച്ചൊരു കൊച്ചി.

അറബിക്കടലിന്റെ അതിസുന്ദരിയായ റാണി തന്നെയാണ് കൊച്ചി. പ്രത്യേകിച്ചും ഫോർട്ട് കൊച്ചി. എങ്കിലും ദക്ഷിണേന്ത്യൻ തീരത്തെ ഈ പ്രധാന തുറമുഖ നഗരം കേരളത്തിന്റെ ചരിത്ര പ്രധാനമായ ഒരു സ്ഥലവും കൂടിയാണെന്ന് പറയുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ.

അഥവാ അങ്ങനെയാർക്കെങ്കിലും സന്ദേഹമുണ്ടെങ്കിൽ അതൊന്ന് തീരട്ടെയെന്ന് കൂടി കരുതിയിട്ടാണ് ഈ യാത്ര. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരിക്കലൊന്ന് ചുറ്റി നടന്ന് കണ്ടിട്ടുണ്ട്. അതിന്റെ കുഞ്ഞു കുറിപ്പുകൾ തപ്പിയെടുക്കാനായി എന്നത് വലിയ കാര്യമായിരിക്കില്ല. എങ്കിലും വീണ്ടുമൊരു യാത്രക്ക് അത് പ്രചോദനമായി തീർന്നു എന്നത് ചെറിയ കാര്യവുമല്ല തന്നെ. അത് കൊണ്ട് തന്നെ ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലും ചെന്നെത്തേണ്ട സ്ഥലങ്ങളെ ഒന്ന് കൂടി മനസ്സിലിട്ട് പൊലിപ്പിച്ചെടുക്കാനത് സഹായകമായി എന്നതാണ് സത്യം.

സാധാരണ യാത്രാ വിവരണങ്ങളുടെ തനത് രീതി ഒരു പക്ഷേ ഇതിൽ കണ്ടെത്താനായേക്കില്ല. ഫോർട്ട് കൊച്ചിയുടെ ജനപഥങ്ങളും അവിടത്തെ മണ്ണും മനുഷ്യരും കാറ്റും അവിടത്തെ ചരിത്രവും കൂടി കലർന്ന ഒന്നായിരിക്കും ഇത്. ഫോർട്ട് കൊച്ചിയിൽ സന്ദർശിക്കേണ്ട മിക്ക സ്ഥലങ്ങളും ഈ പ്രദേശത്തിന്റെ കൊളോണിയൽ ചരിത്രവും സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി തന്നെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നവയാണെന്നതിനാൽ അവയെ സ്പർശിക്കാതെ ഇതിലേ കടന്ന് പോവുക അസാദ്ധ്യവും അതിലേറെ അപൂർണ്ണവുമായിരിക്കും.

കൊച്ചി എല്ലായ്പ്പോഴും സംസ്കാരങ്ങളുടെ ഒരു കലവറ തന്നെയാണ്.  ഒരു കാലത്ത് ലോകമെമ്പാടുമുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഹൃദയമായിരുന്നു ഈ തുറമുഖം. കൊളോണിയൽ ശക്തികളേയും വ്യാപാരികളേയും  ഇങ്ങോട്ട് ആകർഷിക്കാനുണ്ടായതിന്റെ പ്രത്യേക താത്പര്യവും ഈ സുഗന്ധവ്യജ്ഞനങ്ങൾ തന്നെയായിരുന്നിരിക്കണം.  കൊച്ചിയുടെ ചരിത്രത്തിലൂടെ നമ്മൾ കടന്ന് പോകുമ്പോൾ, ഓരോഘട്ടങ്ങളിലും അധിനിവേശക്കാർ അവരുടെ സാംസ്കാരികത്തനിമ ബാക്കിയിട്ടു കൊണ്ടാണ് ഇവിടം വിട്ടതെന്ന് നമുക്ക് കണ്ടെത്താനാകും. അതേ സമയം, നഗരം അതിന്റെ തനതായ വംശീയ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള  കേരളീയ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിച്ചു പോരുന്നതിൽ ദത്തശ്രദ്ധമായിരുന്നെന്നും  നമുക്ക് തൊട്ടറിയാനാകും.

കേരളത്തിലെ ഏതൊരു നഗരത്തിലും നമുക്കനുഭവപ്പെടുന്ന  തിക്കും തിരക്കും അതിൽ നിന്നുൽഭൂതമാവുന്ന ശബ്ദ ബാഹുല്യവും കൊച്ചിക്ക് അന്യമാണ്. അത് കൊണ്ട് ഇവിടം വളരെ ചെറിയൊരിടമാണെന്ന് കരുതരുത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ട് തീർക്കാവുന്ന ഒരിടമായി നമുക്കീ സ്ഥലത്തെ യാത്രാ ചാർട്ടിൽ ഉൾപ്പെടുത്താനുമാവില്ല. സന്ദർശിക്കാനായി നിരവധി സ്ഥലങ്ങളുണ്ട്. കൊച്ചിയുടെ സംസ്കാരത്തെയും ചരിത്രത്തെയും നമുക്ക് തൊട്ടു തലോടിപ്പോയാൽ പോരാ എന്ന് ഓരോയിടങ്ങളും നമ്മെ എപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിട്ടാണ് കൊച്ചിയുടെ  ആധുനിക ചരിത്രം ആരംഭിക്കുന്നത്.   കൊളോണിയൽ ശക്തികളിൽ ആദ്യമായി ഇവിടെയെത്തിയ  പോർച്ചുഗീസുകാരാണ് കൊച്ചിയുടെ തന്ത്ര പ്രധാനമായ സ്ഥാനത്തെ കുറിച്ച് പഠിച്ചതും അതിനെ ഉപയോഗപ്രദമാക്കിയതും.  അവർ തന്നെയാണ്   കോട്ടയും കത്തോലിക്കാ പള്ളികളും ആദ്യമായി ഇവിടെ നിർമ്മിച്ചതും. 

കൊച്ചിയിലെ പ്രകൃതിദത്ത തുറമുഖം സൃഷ്ടിച്ചത് 1341ലെ അതിഭീകരമായ വെള്ളപ്പൊക്കമാണ്. അത് കൊടുങ്ങല്ലൂരിൽ നിലവിലുണ്ടായിരുന്ന തുറമുഖത്തെ പൂർണ്ണമായും നശിപ്പിച്ചപ്പോൾ തൊട്ടടുത്ത് കൊച്ചിയിൽ അതിനുള്ള സാദ്ധ്യത ഉയർന്നുവരികയാണുണ്ടായത്.  തുടർന്ന് ഇവിടം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഒരു പ്രധാന തുറമുഖമായി വളർന്നു. ചൈനയും മിഡിൽ ഈസ്റ്റുമായുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്നായിരുന്നു പോർച്ചുഗീസുകാരുടെ രംഗപ്രവേശം.

ഇന്ത്യൻ മണ്ണിലെ, പോർച്ചുഗീസ് ഈസ്റ്റ് ഇൻഡ്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ കൊച്ചിയിലെ മാനുവൽ കോട്ടയിൽ നിന്നാണ് ഫോർട്ട് കൊച്ചിക്ക് ആ പേരു ലഭിച്ചതെന്നാണ് അനുമാനം.

ഏകദേശം ഒന്നര നൂറ്റാണ്ടിന് ശേഷം പോർച്ചുഗീസുകാരിൽ നിന്നും ഡച്ചുകാർ ഇതെല്ലാം  കയ്യടക്കുകയാണ് ഉണ്ടായത്. അവരും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി കൊച്ചിയെ ഉപയോഗിച്ചു. അതിന് ശേഷം 1795 മുതൽ  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വീണ്ടും  ഒന്നര നൂറ്റാണ്ടോളം കൊച്ചി ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്വത്തിന്റെ ഭാഗമായി തുടർന്നു.

ഇപ്പോൾ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായി തുടരുന്ന കൊച്ചിക്ക് രണ്ട് മുഖങ്ങളാണുള്ളത്. നഗരത്തിന്റെ ആധുനിക ഭാഗം എറണാകുളത്തെ വലിയ വലിയ കെട്ടിടങ്ങളാൽ ചക്രവാളരേഖകൾ ചമക്കുന്ന തിരക്കേറിയ ബിസിനസ്സ് കേന്ദ്രങ്ങളാണ്. പുഴക്കിക്കരെ    ചരിത്രപരമായ തനിമ നില നിറുത്തിക്കൊണ്ട് , പൈതൃകങ്ങൾക്ക് പോറലേല്‌പിക്കാതെ  ഫോർട്ട് കൊച്ചി വിരാജിക്കുന്നു. 

കാലമിത്രയായിട്ടും കൊച്ചിക്ക് ഇപ്പോഴും ഒരു നഗര മുഖം കൈവരിച്ചിട്ടില്ല. അതൊരു  ചെറിയ പട്ടണമായി തന്നെയാണ് അനുഭവപ്പെടുന്നത്. അതിനുമപ്പുറം കൊച്ചി ഒരു വികാരമായിത്തന്നെയാണ് ഓരോരുത്തരുടെയും മനസ്സിൽ നിറഞ്ഞു നില്ക്കുന്നത്. കൊളോണിയൽ വാസ്തുവിദ്യകളുടെ സ്വാധീനം ശാന്തവും സമാധാനപരവുമായ തെരുവുകൾക്ക് നിറവും മനോഹാരിതയും നൽകുന്നുണ്ട്.  പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും പണികഴിപ്പിച്ച പള്ളികളും കൊട്ടാരങ്ങളും കോട്ടകളും ഇപ്പോഴും സമ്പന്നരായ കച്ചവടക്കാരുടെ കൊളോണിയൽ മന്ദിരങ്ങൾക്കൊപ്പം ചാരുത പകർന്ന് കൊണ്ട് തലയുയർത്തി നില്ക്കുന്നത് കാണാം.

ചരിത്രപരമായ കൊളോണിയൽ കേന്ദ്രത്തിനോട്  തൊട്ട് കിടന്ന് അറബിക്കടലിന്റെ റാണിയായി വിലസുന്ന കൊച്ചിയിൽ സന്ദർശിക്കേണ്ട  സ്ഥലങ്ങൾ ഏറെയുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ട ഇടമാണ് മട്ടാഞ്ചേരി . പഴയ കാലത്തെ സുഗന്ധവ്യഞ്ജനങ്ങളുടെയും ചായക്കച്ചവടത്തിന്റെയും കേന്ദ്രം. നഗരത്തിലെ ഏറ്റവും ബഹുസ്വര സംസ്കാര ഭാഗങ്ങളിലൊന്നായിരുന്നു അത്. വ്യത്യസ്ത കാലങ്ങളിലായി അധിനിവേശക്കാരും മറ്റ് കുടിയേറ്റ സമൂഹങ്ങളും മട്ടാഞ്ചേരിയെ അവരുടെ  സ്വന്തമാക്കി മാറ്റുകയും അതിലൂടെ  സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു വലിയ സമന്വയമാക്കിത്തീർക്കുകയുമാണുണ്ടായത്. അതിന്റെ ബാക്കിപത്രം നമുക്കിന്നും തൊട്ടറിയാൻ പാകത്തിൽ തന്നെ കണ്ടെത്താനാകും.

മട്ടാഞ്ചേരി:

മട്ടാഞ്ചേരി എന്ന സ്ഥലനാമം ഉണ്ടായതിനെ കുറിച്ച്‌ പഴമക്കാർക്ക്‌ പറയാനുള്ളത്‌ പലതരം കഥകളാണ്. പരദേശി സിനഗോഗിനടുത്ത് കണ്ട, തൊണ്ണൂറിനോടടുത്ത് പ്രായം വരുന്ന ജോസഫേട്ടനാണ് ഞങ്ങൾക്കാ കഥകൾ പറഞ്ഞു തന്നത്. കായലിന്റെ ‘മട്ട്‌’, അതായത്‌ ചെളി, ധാരാളമായി അടിഞ്ഞുകൂടിയതിന്റെ ഫലമായി ഉടലെടുത്ത പ്രദേശമായിരുന്നത്രെ ഇത്‌. അങ്ങനെ ‘മട്ട്‌ അടിഞ്ഞ പ്രദേശം’ എന്ന അർത്ഥത്തിൽ ‘മട്ടാച്ചേരി’ എന്ന്‌ പേരു വീഴുകയും കാലാന്തരത്തിൽ അത്‌ ‘മട്ടാഞ്ചേരി’ ആയി പരിണമിക്കുകയും ചെയ്തു എന്നതാണ്‌ ഒരു കഥ. തീർന്നില്ല മക്കളെ, അപ്പാപ്പൻ ഞങ്ങളോട് വീണ്ടും തുടർന്നു. നിങ്ങ കൊടുങ്ങല്ലൂക്കാരല്ലേ. അപ്പ നിങ്ങടെ ദേശത്തോട് ബന്ധപ്പെട്ട ഒരു കഥകൂടീണ്ട്. പുള്ളി ഒന്ന് കൂടി ഉഷാറായി. സിനഗോഗിന്റെ മതിലിനോട് ചേർന്നുള്ള ഒരു കൂറ്റൻ മരത്തിന്റെ തണലിലേക്ക് അദ്ദേഹം നീങ്ങി നിന്നപ്പോൾ ഞങ്ങളും പിന്തുടർന്നു. തന്നെക്കാൾ നാലിരട്ടി പ്രായമുണ്ടാകും ഈ മരത്തിനെന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് അദ്ദേഹം തുടർന്നു. പണ്ട്‌ കൊടുങ്ങല്ലൂരിൽ ‘മാത്തൻ’ എന്നൊരു വൻകിട കച്ചവടക്കാരൻ ഉണ്ടായിരുന്നു പോലും. കൊടുങ്ങല്ലൂരിന്റെ തുറമുഖ പ്രസക്തി നഷ്ടപ്പെടുകയും കൊച്ചി വലിയ കച്ചവട കേന്ദ്രമായി മാറുകയും ചെയ്തതോടെ അയാൾ കൊച്ചിയിലേക്ക്‌ വ്യാപാരം പറിച്ചുനട്ടു. കാലം പിന്നിട്ടപ്പോൾ മാത്തൻ അവിടത്തെ ഏറ്റവും പ്രമുഖനായ കച്ചവടക്കാരനായി മാറി. അങ്ങനെ, അവിടം അയാളുടെ പേരിൽ ‘മാത്തൻചേരി’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്‌ സായിപ്പന്മാരാണ്‌ ഇത്‌ പറഞ്ഞു പറഞ്ഞ്‌ ‘മട്ടാഞ്ചേരി’ എന്നു പരിഷ്കരിച്ചത്.

ജോസഫേട്ടനോട് യാത്ര പറഞ്ഞ് ഞങ്ങൾ നടക്കാൻ തുടങ്ങി. ഒരു യൂറോപ്യൻ രാജ്യത്തിന്റെ അവികസിതമായ തെരുവിലൂടെ നടക്കുന്ന പ്രതീതിയാണവിടെയെങ്ങും. തിരക്കൊഴിഞ്ഞ ആ ഭാഗമത്രയും വൃത്തിയിലും വെടുപ്പിലും കാണപ്പെട്ടു. സൂര്യൻ കടുത്ത ചൂടു പകരുന്നുണ്ടെങ്കിലും ഒരു തുലാമാസക്കാറ്റ് ഇടക്കിടെ ഞങ്ങളെ തൊട്ടു തലോടിപ്പോകുന്നുണ്ട്. സിനഗോഗ് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ നീക്കം.

മട്ടാഞ്ചേരിയെ അവരുടെ സ്വന്തമാക്കി മാറ്റിയ സമൂഹങ്ങളിലൊന്നാണ് ജൂതന്മാർ. ഇന്ത്യയിലെ ജൂതന്മാരുടെ ഏറ്റവും പഴയ കൂട്ടമാണ് കൊച്ചിയിലുണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി നൂറ്റാണ്ടുകൾക്ക് മുമ്പേ ചിന്നിച്ചിതറിപ്പോയ ജൂതന്മാർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ  കൊച്ചിയിൽ എത്തിപ്പെട്ടു. കൊടുങ്ങല്ലൂരിൽ സ്ഥിര താമസമാക്കിയിരുന്ന ഇവർ കുറെക്കൂടി സുരക്ഷിത താവളമെന്ന നിലക്കാണ് കൊച്ചിയിലേക്ക് കുടിയേറുന്നത്. സ്വന്തം നാട്ടിലെ അരക്ഷിതത്വത്തിൽ നിന്നും ഓടി രക്ഷപ്പെട്ട അവർക്ക് അങ്ങനെ മട്ടാഞ്ചേരി താങ്ങും തണലുമായി. അവിടെ വ്യാപാര ബന്ധം സ്ഥാപിക്കാൻ അതവർക്ക് പ്രചോദനമാവുകയും തലമുറകളോളം അവരിത് സ്വന്തം മണ്ണായി കണ്ട് ഇവിടെ കഴിഞ്ഞു പോവുകയും ചെയ്തവരാണ്.  വാഗ്ദത്ത ഭൂമിയുടെ പിൻ വിളി കേട്ട് മടങ്ങിപ്പോകാതെ  ഇതാണ് ഞങ്ങളുടെ ചോരയും വിയർപ്പും  കലർന്ന മണ്ണ് എന്ന് വിശ്വസിച്ചു കഴിയുന്ന ഏതാനും ജൂത കുടുംബങ്ങൾ ഇന്നും ഇവിടെയുണ്ടെന്നത് അവർക്ക് ഈ മണ്ണിനോടും സംസ്കാരത്തോടുമുള്ള പ്രതിബദ്ധതയുടെ സൂചനയാണ്.

പരദേശി സിനഗോഗ് :

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ  മട്ടാഞ്ചേരിയിലെത്തിയ ജൂത സമൂഹത്തിന് കൊച്ചി രാജാവ് അവിടെ ഒരു തുണ്ട് ഭൂമി സമ്മാനിച്ചതാണ് തുടക്കം. അങ്ങിനെയാണ് അവിടെ ഒരു ജൂത പട്ടണം സ്ഥാപിക്കപ്പെടുന്നത്. പിൽക്കാലത്ത് പ്രഖ്യാതമായി തീർന്ന ജൂതത്തെരുവിനോട് ചുറ്റുമുള്ള പ്രദേശം. അവരുടെ വിശ്വാസത്തിനും വൈകാരികതക്കും നിദാനമായ ഒരു ചുവടുവെയ്പായിരുന്നു അത്.  ജൂത ശ്മശാനവും  സിനഗോഗും ഉൾപ്പെടുന്ന  ഒരു അംഗീകൃത ജൂത സമൂഹത്തിന്റെ പിറവി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയതും ഇപ്പോഴും സജീവവുമായ ജൂതപ്പള്ളി യാണ് "പരദേശി സിനഗോഗ്. "

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സിനഗോഗിൽ അത്ര തന്നെ പഴക്കമുള്ള പല പുരാതന വസ്തുക്കളും നമുക്ക് കാണുവാൻ സാധിക്കും. പള്ളിക്കു പുറത്തുള്ള ഘടികാരവും പള്ളിയുടെ ഉള്ളിൽ പാകിയിരിക്കുന്ന ചൈനയിൽ നിന്നും കൊണ്ടുവന്ന തറയോടുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചെപ്പേടും പൊൻകിരീടവും വെള്ളിവിളക്കുകളും ഒക്കെ ഇവിടുത്തെ ആകർഷണങ്ങളാണ്.

1568 ലാണ് ഇത് നിർമ്മിച്ചത്.  ജൂത തെരുവിലെ വളഞ്ഞുപുളഞ്ഞ ഇടവഴികളിലൂടെ നടക്കുമ്പോൾ കാലം നമുക്കായി കാത്തുവെച്ച പുരാതനമായ കടകളും ഈ സിനഗോഗും അതിന്റെ ചുറ്റുപാടുകളും നമ്മളോടെന്തോ പറയാനായി തുടിക്കുന്ന മനസ്സോടെ നില്ക്കുന്നതായി നമുക്കനുഭവപ്പെടും. 

ജൂതത്തെരുവ് :

മട്ടാഞ്ചേരി കൊട്ടാരത്തിനും പരദേശി സിനഗോഗിനും ഇടയിലുള്ള ഇടുങ്ങിയ ഭാഗമാണ് ജൂതത്തെരുവ്. അതിന്റെ വശങ്ങളിലെ പ്രാചീനത മുറ്റി നില്ക്കുന്ന കടകൾ ഈ തെരുവിന്റെ ഗതകാല പ്രൗഢി നമ്മെ ഓർമ്മപ്പെടുത്തുന്നു. തെരുവിലെ കൊളോണിയൽ കെട്ടിടങ്ങൾ പഴയ ലോകത്തിന്റെ മാറ്റ് ഉരച്ചു കാട്ടിക്കൊണ്ട് നമ്മെ മാടി വിളിക്കുന്നു. ഇവിടെ  ഈ പരിസരങ്ങളിൽ നിന്ന്

പ്രസരിക്കുന്ന പൗരാണികതയുടെ ഗന്ധം പോലും നമ്മളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോകും. കാഴ്ചകളിലേക്ക് വിസ്മയ ഭാവങ്ങൾ പകർന്ന് കൊണ്ട് തെരുവിലങ്ങോളമിങ്ങോളമുള്ള കടകളിൽ നിര നിരയായുള്ള അപൂർവ്വയിനം കരകൗശല വസ്തുക്കൾ. നമുക്കും ഒന്ന് സ്വന്തമാക്കണമെന്ന് തോന്നുന്നത്

അവയുടെ വൈവിധ്യവും അപൂർവ്വതയും അത്രകണ്ട് അമ്പരപ്പിക്കുന്നവയായത് കൊണ്ട് തന്നെയാണ്.

ജൂതടൗണിലെ കടകളിൽ പുരാതനമെന്ന് വിശേഷിപ്പിക്കാവുന്നതും ഒരു വിനോദസഞ്ചാരിയുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാവുന്നതുമായ എല്ലാം ലഭ്യമാണ്. ആഭരണങ്ങൾ, മൺപാത്രങ്ങൾ,തടി, ലോഹ പ്രതിമകൾ,  കൊത്തുപണികളുള്ള ഫർണിച്ചറുകൾ, മരംകൊണ്ടുള്ള ആനകൾ, പെയിന്റിംഗുകൾ തുടങ്ങിയ കരകൗശലവസ്തുക്കൾ. വിളക്കുകൾ, ചൈനീസ് കലവറകൾ, വിന്റേജ് ഫോട്ടോഗ്രാഫുകൾ, ഒരു കാലത്ത് കുലീന കുടുംബങ്ങളുടെയും പള്ളികളുടെയും ഭാഗമായിരുന്ന ഗ്ലാസ്, പോർസലൈൻ വെയർ അങ്ങനെ നിരവധി.

ഇത്തരം പുരാവസ്തുക്കൾക്ക് പുറമേ, തെരുവിലെ മറ്റ് പല കടകളിലും നിരത്തി വെച്ചിരിക്കുന്ന ശിൽപങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങൾ, എംബ്രോയിഡറി വസ്ത്രങ്ങൾ, ഷാൻഡിലിയറുകൾ തുടങ്ങിയ ആകർഷക ഉത്പന്നങ്ങളും.

മൂന്ന് മീറ്റർ വ്യാസമുള്ള ഒരു വലിയ വാർപ്പു (ഇരുവശത്തും ഹാൻഡിലുകളുള്ള വെങ്കല പാത്രം) ജൂതത്തെരുവിലെ തീർത്തും വിസ്മയാവഹമായ കാഴ്ചയാണ്.(ഇത് വില്പനക്കുള്ളതല്ല)

.

സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധന അത്തരം വസ്തുക്കളുടെ ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മാർട്ടിൻ എന്ന ഒരു കടയുടമ ഞങ്ങളോട് പറഞ്ഞു. അതിനാൽ,  യൂറോപ്യൻ, ചൈനീസ്, അറബ് വംശജരുടെ പുരാതന ഉൽപ്പന്നങ്ങൾ വിൽക്കുന്ന നിരവധി കടകളും ഇവിടെ  ഉയർന്നുവന്നിട്ടുണ്ട്. ഈ വളർച്ചയോടൊപ്പം കേരളത്തിന്റെ തനതായ കരകൗശല വസ്തുക്കൾ വില്ക്കുന്ന കടകളുടെ ആവിർഭാവവുമുണ്ടായി.

ഡച്ച് കൊട്ടാരത്തിന് പിന്നിലായി മട്ടാഞ്ചേരി ജെട്ടിയും ബസ് സ്റ്റാൻഡും തുടർ യാത്രകൾക്കായുള്ള ഓർമ്മപ്പെടുത്തലെന്നോണം യാത്രികരെ കാത്തു നില്ക്കുന്നു. യാത്രയുടെ ഓർമ്മക്കായി സൂക്ഷിക്കാനുള്ള  മെമെന്റോകൾക്കായി തിരക്ക് കൂട്ടുന്ന വിനോദസഞ്ചാരികളാൽ നിറഞ്ഞ കടകളാണ് ഈ പ്രദേശത്തെങ്ങും. 

പരദേവത :

മട്ടാഞ്ചേരി കൊട്ടാരത്തിനോട് ചേർന്ന് തന്നെയാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും. കൊച്ചി രാജകുടുംബത്തിന്റെ പിതൃദേവതയോ പരദേവതയോ ആണ് അവിടെ കുടിയിരിക്കുന്നത്. ജൂത സിനഗോഗുമായി മതിൽ പങ്കിടുന്ന രാജകീയ രക്ഷാകർതൃത്വമുണ്ടായിരുന്ന ക്ഷേത്രം പഴയ കാലത്ത് നിലനിന്നിരുന്ന മത സഹിഷ്ണുതയെയും സാംസ്കാരിക സൗഹൃദത്തെയും കുറിച്ച് നമുക്ക് മുന്നിൽ തെളിവായി അവശേഷിക്കുന്നു.

ജൈന ക്ഷേത്രം :

മട്ടാഞ്ചേരിയിൽ ഒരു 

ജൈനക്ഷേത്രവും ഉണ്ട്. കേരളത്തിൽ ജൈനമതത്തിന് വളരെ ചെറിയ സാന്നിധ്യമേയുള്ളുവെങ്കിലും മട്ടാഞ്ചേരിയിൽ മുമ്പ് ഗണ്യമായ ഒരു സമൂഹമുണ്ടായിരുന്നു.

നിർ‍മ്മാണത്തിലും രൂപകല്പനയിലും ഏറെ വ്യത്യസ്തവും വിസ്മയാവഹവുമായ ഒന്നാണ്  മട്ടാഞ്ചേരിയിലെ ധര്‍മ്മനാഥ് ജൈനക്ഷേത്രം. മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ തൂണുകളും ചുവരുകളും മുഴുവന്‍ മനോഹരമായ കൊത്തുപണികളും അലങ്കാരങ്ങളും കൊണ്ട് സമ്പന്നമാണ്.

ഈ തെരുവുകളിലൂടെ ചരിത്രമുറഞ്ഞ കഥകൾ തേടി നടക്കുന്നത് തന്നെ ഒരു ഹരമാണ്. തികച്ചും പ്രാചീനമായ ഈ തെരുവുകൾക്കും അതിന്റെ ഓരം പറ്റി നില്ക്കുന്ന കെട്ടിടങ്ങൾക്കും വൃക്ഷങ്ങൾക്കു പോലും പഴമയുടെ സമ്പന്നത നിറഞ്ഞ നിരവധി കഥകൾ നമ്മളോട് മന്ത്രിക്കാനുണ്ടാവും. ചെവിയോർത്താൽ അധികം അകലെയല്ലാത്ത അറബിക്കടലിൽ നിന്നും വീശിയെത്തുന്ന നനുത്ത കാറ്റിൽ നിന്നു പോലും പല വൈദേശിക ശബ്ദങ്ങളുടെയും അനുരണനങ്ങൾ നമുക്ക് തിരിച്ചറിയാനാകും.

മട്ടാഞ്ചേരി പാലസ് :

മട്ടാഞ്ചേരി കൊട്ടാരം ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്നു. വാസ്തവത്തിൽ ഇത് കൊച്ചി രാജാവിന്  ഒരു സമ്മാനമായിട്ട് പോർച്ചുഗീസുകാർ നിർമ്മിച്ച് നല്കിയതാണ്. അടുത്തുള്ള ഒരു ക്ഷേത്രം അവർ കൊള്ളയടിച്ചതിന് ശേഷം രാജാവിന് അതിലുള്ള അതൃപ്തി ഇല്ലാതാക്കി അദ്ദേഹത്തെ പ്രീതിപ്പെടുത്താനാണത്രെ കൊട്ടാരം നിർമ്മിച്ച് നല്കിയത്.  നമ്മുടെ മനസ്സിലുള്ള ഒരു കൊട്ടാര സങ്കല്പവുമായി ചേർന്ന് നില്ക്കുന്ന ഒന്നല്ല ഇത്. പാണ്ടികശാലകൾ പണിതതിൽ ബാക്കി വന്ന കല്ലും മരവും കുമ്മായവും ചേർത്ത് കൊച്ചി തമ്പുരാനെ പറ്റിക്കാനായി പണിതുയർത്തിയ ഒരു കെട്ടിടം.

1663 -ൽ ഡച്ചുകാരുടെ അധിനിവേശത്തെ തുടർന്ന് കൊട്ടാരം പുതുക്കിപ്പണിയുകയാണുണ്ടായത്. അതിനുശേഷമാണ് അത് ഡച്ച് കൊട്ടാരം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. തുടർന്ന് പരമ്പരാഗത കേരളീയ വാസ്തുവിദ്യ നിലനിറുത്തിക്കൊണ്ട് തന്നെ അവർ നവീകരണങ്ങൾ വീണ്ടും നടത്തി.  ഇന്നിത് കൊച്ചിയുടെയും കൊച്ചി രാജകുടുംബത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമാണ്. ഹിന്ദു ക്ഷേത്ര കലയുടെ മികച്ച പാരമ്പര്യങ്ങളുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യ വത്തായ പുരാണ

ചുവർച്ചിത്രങ്ങളാൽ ഇത് ശ്രദ്ധേയമാണ്.

രാജാവിന്റെ പള്ളിയറ, പ്രവേശന കവാടത്തിന്റെ ഇടതുവശം ചേർന്ന് കൊട്ടാരത്തിന്റെ തെക്കുപടിഞ്ഞാറൻ കോണിലായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് നിരവധി പെയിന്റിംഗുകളാൽ പൊതിയ പ്പെട്ടിരിക്കുകയാണ് ഇതിന്റെ അകത്തളമത്രയും.   ദശരഥന്റെ ത്യാഗത്തിന്റെ തുടക്കം മുതൽ ലങ്കയിൽ നിന്ന് മോചിതയായി സീത തിരിച്ചുവരുന്നതുവരെയുള്ള രാമായണത്തെയാണ് ഇവ ചിത്രീകരിക്കുന്നത്. ഈ വിഭാഗത്തിലെ പെയിന്റിംഗുകൾ കൊട്ടാരത്തിന്റെ പതിനാറാം നൂറ്റാണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്കവിടത്തെ കുറിപ്പുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.   അവസാനത്തെ അഞ്ച് ഭാഗങ്ങൾ 'കൃഷ്ണ ലീല'യിൽ നിന്നുള്ളതാണ്. ശ്രീകൃഷ്ണനേയും അദ്ദേഹത്തോടൊപ്പം എട്ട് ഗോപികമാരെയും നമുക്കിവിടെ ചുവർ ചിത്രങ്ങളിലൂടെ കാണാം. 

മുകളിലേക്ക് കയറി ചെന്നാൽ  ഡച്ച് മേൽനോട്ടത്തിൽ വിപുലീകരിച്ച കിരീടധാരണ ഹാൾ കാണാം. അവിടെയും ചില ചുവർച്ചിത്രങ്ങൾ നമുക്ക് കണ്ടെത്താനാകും. ഈ വിഭാഗത്തിലെ ശ്രദ്ധേയമായ രചനകൾ, താമരയിതളിലെ ലക്ഷ്മി, അനന്തശയനം, ശിവനും പാർവ്വതിയും അർദ്ധനാരീശ്വരനോടും മറ്റ് ദേവതമാരോടും കൂടെ ഇരിക്കുന്നത്, രാമന്റെ കിരീടധാരണം, കൃഷ്ണനും ഗോവർദ്ധന പർവ്വതവും എന്നിവയാണ്. 

1864 മുതലുള്ള കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങൾ   കോറണേഷൻ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യ ശൈലിയിൽ പ്രാദേശിക കലാകാരന്മാർ  വരച്ചവയാണ് ഇവയൊക്കെയും. 

കൊട്ടാരത്തിലെ മറ്റ് പ്രദർശനങ്ങളിൽ  ആനക്കൊമ്പ് കൊണ്ടുള്ള പല്ലക്ക്, അമ്പാരി, രാജകുടകൾ, രാജകീയ  ആചാരപരമായ വസ്ത്രങ്ങൾ, പഴയ നാണയങ്ങൾ, സ്റ്റാമ്പുകൾ, ഡ്രോയിംഗുകൾ എന്നിവയുമുണ്ട്.

1498 -ൽ  വാസ്കോ ഡി ഗാമയുടെ വരവ് കൊച്ചി രാജാവ് സ്വാഗതം ചെയ്തു. കൊച്ചി രാജ്യത്തെങ്ങും പാണ്ടികശാലകൾ നിർമ്മിക്കാനുള്ള പ്രത്യേക അവകാശം രാജാവ് അവർക്ക് നൽകി. സാമുതിരിയുടെ തുടരെത്തുടരെയുള്ള  ആക്രമണങ്ങളെ പോർച്ചുഗീസുകാരുടെ സഹായത്തോടെ അമർച്ച ചെയ്യാൻ കൊച്ചി രാജാക്കന്മാർക്ക് കഴിഞ്ഞതിന് പിന്നിലെ പരസ്പര ധാരണയായിരുന്നു ഇതിന്റെ അടിസ്ഥാനം. പക്ഷെ, ഏറെ വൈകാതെ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരുടെ സാമന്തന്മാരായി തീരേണ്ട ഗതി വന്നു. എന്നാൽ തുടർന്ന് വന്ന നാളുകളിൽ പോർച്ചുഗീസുകാരുടെ സ്വാധീനം ഡച്ചുകാർ കൈയടക്കുകയും  1663 -ൽ അവർ മട്ടാഞ്ചേരി ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന്, ഈ പ്രദേശം ഹൈദർ അലിയുടെയും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും കീഴിലായത് തുടർ ചരിത്രം.  

ഗുജറാത്തികൾ :

ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി വരെയുള്ള മൂന്ന് കിലോമീറ്റർ തെരുവോരം നീളെ  ആയിരത്തിലധികം  പാണ്ടികശാലകളും അതിലേറെ കടകളും നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മൊത്തവ്യാപാരത്തിന്റെയും ചില്ലറ വ്യാപാരത്തിന്റെയും ആരവങ്ങളാൽ മുഖരിതമായിരുന്ന അന്തരീക്ഷം. നാട്ടുകാരും വിദേശ വ്യാപാരികളും ചേർന്ന്  നിരന്തരം തിരക്കിലായിരുന്ന ഒരിടം.  

ഒട്ടൊരു ഗൃഹാതുരതയോടെയല്ലാതെ നമുക്കിന്നിത് നോക്കിക്കാണാനാവില്ല. ഇന്നത്തെ ഉപഭോക്താക്കൾ മോളുകളിലേക്കും മൾട്ടി ബ്രാൻഡഡ് ഔട്ട്‌ലെറ്റുകളിലേക്കും തിരിയുന്നതിനാൽ, ഗോഡൗണുകളും ഷോപ്പുകളും  വിജനമായും ഒറ്റപ്പെട്ടും കിടക്കുന്ന കാഴ്ചയാണ് നമ്മെ എതിരേല്ക്കുന്നത്. ഒരിക്കലും തിരിച്ചു വരാനാവാത്തവിധം മട്ടാഞ്ചേരിയുടെ ഗതകാല പ്രൗഢി അന്യമായിരിക്കുന്നു. ഈ തെരുവുകൾക്കപ്പുറത്ത് ലോകം വിടർന്നു വികസിച്ചിരിക്കുന്നു. ഒരു കാലത്ത് ഇവിടത്തെ കച്ചവടത്തെ പൂർണ്ണമായും കയ്യാളിയിരുന്ന ഗുജറാത്തി സമൂഹത്തെ തിരഞ്ഞാണ്  ഇനി ഞങ്ങളുടെ യാത്ര. 

നൂറ്റാണ്ടുകൾക്ക് മുമ്പേ മട്ടാഞ്ചേരിയിൽ അഭയസ്ഥാനം കണ്ടെത്തിയ  സമൂഹമാണ് ഗുജറാത്തികൾ. കേരളത്തിൽ പലയിടങ്ങളിലായി എത്തിപ്പെട്ട ഇക്കൂട്ടർ ജീവിതായോധനത്തിന്

അനുയോജ്യമായ സ്ഥലമാണ് കൊച്ചിയെന്ന് കണ്ടെത്തി അവിടെ താമസമുറപ്പിക്കുയാണുണ്ടായത്.   കൊച്ചി രാജാവ് അവർക്ക് ഭൂമിയും പ്രത്യേക അവകാശങ്ങളും നൽകി. അവർ അവരുടെ ബിസിനസും വീടുകളും സ്ഥാപിച്ച സ്ഥലം ഇപ്പോൾ ഗുജറാത്തി സ്ട്രീറ്റ് എന്നറിയപ്പെടുന്നു.

പോർച്ചുഗീസുകാരുടെ വരവോടെ കൊച്ചിയിലെ ഗുജറാത്തികൾക്ക് പ്രസക്തിയേറുകയാണുണ്ടായത്. പോർച്ചുഗീസുകാർക്ക് കേരളത്തിലേക്കുള്ള വഴികാട്ടിയായിത്തീർന്നത് ഒരു ഗുജറാത്തിയായിരുന്നെന്ന് അവകാശപ്പെടുന്നവരുണ്ട്. അതിനാൽ  കൊച്ചി മഹാരാജാവുമായി നടത്തിയ വ്യാപാര ചർച്ചകളിൽ ഗുജറാത്തികളെ ഇടനിലക്കാരായി പോർച്ചുഗീസുകാർ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പ്രദേശവാസികളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളും മറ്റ് സാധനങ്ങളും വാങ്ങുന്നതിനും അവർ ഗുജറാത്തി വ്യാപാരികളുടെ സഹായം തേടിയിരുന്നു.

അങ്ങനെ കൊച്ചിയിലെ ഗുജറാത്തി കുടുംബങ്ങൾ ധനാഢ്യരായി തീരാൻ അധിക സമയം വേണ്ടി വന്നില്ല.  പ്രസാധക വ്യവസായത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ചിലർക്ക്       കേരള സമൂഹത്തിൽ ആ രീതിയിലും വലിയ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.  കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് ഒരു ഗുജറാത്തിയാണ്. പ്രസ് സ്ഥാപിച്ച ദേവ്ജി ഭീംജി നമുക്ക് 1881 ൽ കേരളമിത്രം എന്ന ആദ്യത്തെ മലയാള വാരിക നൽകി. ശാസ്ത്രവും ചരിത്രവും ഭൂമിശാസ്ത്രവും ഉൾക്കൊള്ളുന്ന ലേഖനങ്ങളടങ്ങിയ ഈ വാരിക നാല് വർഷത്തോളം പ്രസിദ്ധീകരണ രംഗത്ത് സജീവമായി തുടരുകയും ചെയ്തു. ഒന്നര നൂറ്റാണ്ട് മുമ്പുണ്ടായ സാംസ്കാരിക രംഗത്തെ ഈ വിപ്ലവത്തെ നമുക്കിന്നും അത്ഭുതത്തോടെയല്ലാതെ വിലയിരുത്താനാവില്ല.

ഈ വാരികയുടെ എഡിറ്ററായിരുന്നു  സാക്ഷാൽ കണ്ടത്തിൽ വർഗീസ് മാപ്പിള.  1888 ൽ പിന്നീട് സ്വന്തം പത്രമായ മലയാള മനോരമ സ്ഥാപിക്കാനുള്ള പ്രചോദനം അദ്ദേഹത്തിന് കൈവരുന്നത് ഇതിലൂടെയാണ്. 

500 ൽ അധികം ഗുജറാത്തി കുടുംബങ്ങളാണ് ഇന്ന് മട്ടാഞ്ചേരിയിൽ താമസിക്കുന്നത്. 'ലിറ്റിൽ ഗുജറാത്ത്' എന്നറിയപ്പെടുന്ന ഒരിടം. ഗുജറാത്തി ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, റെസ്റ്റോറന്റുകൾ, മധുരപലഹാരങ്ങൾ വില്ക്കുന്ന കടകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ ഗുജറാത്തികളുടേതായി മട്ടാഞ്ചേരിയിൽ കാണാം. ഗസ്റ്റ് ഹൗസ്, വാണിജ്യ സമുച്ചയം, സ്പോർട്സ് ക്ലബ്, ഗോശാല, ശ്മശാനം എന്നിവയുൾപ്പെടെ അവരുടെ സാമൂഹിക-സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്ന അനവധി സ്ഥാപനങ്ങൾ ഇന്ന് മട്ടാഞ്ചേരിയിലുണ്ട്. ഈ കുടുംബങ്ങളുടെ വേരുകൾ ഗുജറാത്തിലാണെങ്കിലും, അവർ കൊച്ചിയുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞവരാണെന്ന് ഇത് വഴി നമുക്ക് കണ്ടെത്താനാകും. 

ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ ഗുജറാത്തികളുടെ പ്രതിനിധി സംഘടനയാണ്. അതിൽ മാർവാഡികളും ജൈനരും പട്ടേലുകളും  ഉൾപ്പെടുന്നു.   നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കൂട്ടായ്മ അവരുടെ സമൂഹത്തെ ഒരുമിച്ച് ബന്ധിപ്പിക്കുക മാത്രമല്ല, പ്രാദേശിക സമൂഹത്തിലേക്കുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന ഉത്സവങ്ങളായ ഓണം, പെരുന്നാൾ, ക്രിസ്മസ് എന്നിവയിൽ തങ്ങളുടേതായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ഈ സംഘടന പ്രാദേശിക ജനങ്ങളുമായി ഇടകലർന്ന് സാമൂഹ്യ ഐക്യം പങ്കുവെക്കുന്നു.

പരമ്പരാഗത ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പോന്ന ഗുജറാത്തി കച്ചവടക്കാർക്ക് പുതിയ കച്ചവട രീതികൾ പരീക്ഷിക്കുകയും അവയെ വിജയിപ്പിക്കുകയും ചെയ്യുന്ന പ്രാദേശിക കച്ചവടക്കാരുമായി മത്സരിച്ച് ജയിക്കാനാവുന്നില്ലെന്നത് പുതിയ കാലത്ത് അവർ നേരിടുന്ന ഒരു വെല്ലുവിളിയാണ്. അത് കൊണ്ട് തന്നെ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ ഇവിടെത്തന്നെ തുടർന്ന് പോകുന്ന ഒരു പാട് പേരുണ്ട്.

സ്പൈസ് മാർക്കറ്റ് : 

5000 വർഷത്തിലേറെയായി മട്ടാഞ്ചേരിയിൽ നിന്ന്  കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നു. മട്ടാഞ്ചേരിയിൽ ഇപ്പോഴും കുറച്ച് സുഗന്ധവ്യഞ്ജന വിപണികളുണ്ട്.  കൂടുതലും മൊത്തവ്യാപാരത്തിലാണെങ്കിലും  ചെറിയ അളവിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന സുവനീർ ഷോപ്പുകളും ഉണ്ട്. ഈ വിലപ്പെട്ട സാധനങ്ങളുടെ കൃഷിയും കച്ചവടവും മട്ടാഞ്ചേരിയുടെ ചരിത്രത്തെ രൂപപ്പെടുത്താൻ ഏറെ സഹായിച്ചു. ഇന്നും സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ഒരു പ്രധാന കേന്ദ്രമാണ് ഇവിടം. അറേബ്യൻ കച്ചവടക്കാരാണ് ഈ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞ് ഇങ്ങോട്ടെത്തിയത്. തുടർന്ന് ചൈനക്കാരും. അവർ ആവശ്യമുള്ള സാധനങ്ങൾ യൂറോപ്പിലേക്ക് കടത്തി കൊണ്ടുപോയി. നൂറ്റാണ്ടുകൾക്ക് ശേഷമാണ് അവരെ പിന്തുടർന്ന് പോർച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും കൊച്ചിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.

ഫോർട്ട് ഇമ്മാനുവൽ :

ഏഷ്യയിലെ ആദ്യത്തെ പോർച്ചുഗീസ് കോട്ടയാണ് ഇമ്മാനുവൽ കോട്ട. പോർച്ചുഗൽ രാജാവായിരുന്ന മാനുവൽ ഒന്നാമന്റെ പേരിലാണിത്. ഈ കോട്ട കൊച്ചിയിലെ പോർച്ചുഗീസ് സമൂഹത്തിന്റെ സുരക്ഷിത താവളമെന്ന അടയാളപ്പെടുത്തലായിരുന്നു. അതിന്റെ സംരക്ഷണഭിത്തികൾക്ക് പിന്നിലായിട്ടായിരുന്നു പോർച്ചുഗീസ് സമൂഹം തങ്ങളുടെ കൂട്ടായ വാസസ്ഥലങ്ങൾക്ക് വേദിയാക്കിയത്.

പിൽക്കാലത്ത് ഡച്ചുകാരും ബ്രിട്ടീഷുകാരും ഈ കോട്ടയുടെ ഭൂരിഭാഗവും നശിപ്പിച്ചെങ്കിലും, കട്ടിയുള്ള കോട്ട മതിലുകളുടെയും പീരങ്കി സ്ഥാപിച്ചിരുന്ന ചുമരുകളുടെയും അവശിഷ്ടങ്ങൾ ഒരോർമ്മപ്പെടുത്തലായി ഇന്നും അവശേഷിക്കുന്നു.

സെന്റ് ഫ്രാൻസിസ് ചർച്ച് :

ഫോർട്ട് കൊച്ചിയിലെ

സെന്റ് ഫ്രാൻസിസ് ചർച്ച്

അതിമനോഹരമായ വാസ്തുവിദ്യയ്ക്കും കടലോരത്തോട് ചേർന്ന അന്തരീക്ഷത്തിനും പേരുകേട്ട, ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ഏറ്റവും പഴയ പള്ളികളിലൊന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

സെയ്ന്റ് ഫ്രാൻസിസ് ചർച്ച്.

പള്ളിയുടെ ചരിത്രം 1503 മുതലുള്ളതാണ്.   അക്കാലത്തെ കൊച്ചി രാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയുടെ നടുവിലാണ് മരവും മണ്ണും കൊണ്ട് നിർമ്മിച്ചിരുന്ന ഈ പള്ളി. 1516 -ൽ പള്ളി പുനർനിർമ്മിക്കുകയും  വീണ്ടും തുറക്കുകയും പോർച്ചുഗലിന്റെ രക്ഷാധികാരി സാന്റോ അന്റോണിയോയ്ക്ക് സമർപ്പിക്കുകയും ചെയ്തു, അതിനാൽ സാന്റോ അന്റോണിയോ ചർച്ച് എന്നും വിളിക്കപ്പെട്ടിരുന്നു.

ഈ പള്ളി വിവിധ യൂറോപ്യൻ അധിനിവേശങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒന്നാണ്. 1663 ൽ ഡച്ചുകാർ കൊച്ചിയിൽ നടത്തിയ ആക്രമണത്തിൽ, അത് അവരുടെ കൈവശമായി. അവരുടെ കമ്മ്യൂണിയൻ ടേബിളും റോസ്‌ട്രം ഫർണിച്ചറുകളും സ്ഥാപിച്ചുകൊണ്ട് അവർ അതിനെ അവരുടെ പള്ളിയാക്കി മാറ്റി. പള്ളിയോട് ചേർന്ന് ഒരു ഡച്ച് ശ്മശാനവും അവർ നിർമ്മിച്ചു.  ചരിത്ര ത്തുടർച്ചയെന്നോണം 1795 ലെ  ബ്രിട്ടീഷ് അധിനിവേശത്തെ തുടർന്ന് 1804 -ൽ ഡച്ചുകാർ ആംഗ്ലിക്കൻ പള്ളിക്ക് കീഴടങ്ങി. 1886 -ൽ പള്ളി പുനർനാമകരണം ചെയ്തു. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI) 1949 -ൽ പള്ളിയുടെ ഭരണവും നടത്തിപ്പും ഏറ്റെടുത്തു.

ടൈലുകൾ കൊണ്ട് പൊതിഞ്ഞ മേൽക്കൂരയാണ് പള്ളിയുടെ മുഖ്യ ആകർഷണം. മുൻഭാഗത്തിന്റെ ഇരുവശത്തും ഓരോ പടികൾ സ്ഥാപിച്ചിരിക്കുന്നു. ഇത് ഗതകാല യൂറോപ്യൻ മനോഹാരിത നിലനിർത്തുന്നതിലൂടെ ഏറെ ആകർഷകമായി അനുഭവപ്പെടും. പള്ളിയുടെ ഉൾവശത്തുള്ള  ഗർഭഗൃഹത്തിന് മേലെയായി   കിരീടമുയർത്തിയ പോലുള്ള രണ്ട് ചവിട്ടുപടികളുണ്ട്.  വിസ്മയാവഹമായ കാഴ്ചയാണ് നമുക്കിത് പ്രദാനം ചെയ്യുന്നത്. പള്ളിയുടെ എല്ലാ ഘടകങ്ങളിലും പഴയ കാലത്തിന്റെ ചാരുതയും ഗാംഭീര്യവും വളരെ വ്യക്തമായി കാണാം. കൊത്തുപണികളാൽ അലങ്കരിച്ച മരം കൊണ്ട് നിർമ്മിച്ച പ്രസംഗപീഠം, കുമ്പസാരക്കൂട് അങ്ങനെ ഓരോന്നും അതി മനോഹരം തന്നെയാണ്.

പുറത്ത് പുൽത്തകിടിക്ക് നടുവിലായി ഒരു സ്മാരകം. ഇത് 1920 ൽ ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ കൊച്ചിക്കാരുടെ ഓർമ്മക്കായി നിർമ്മിച്ചതാണ്.


വാസ്കോ ഡി ഗാമയുടെ ശവകുടീരം.

വാസ്കോ ഡി ഗാമ 1524 -ൽ തന്റെ മൂന്നാമത്തെ കൊച്ചി സന്ദർശനത്തിനിടെയാണ് മരിക്കുന്നത്.  ഈ പള്ളിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തതെങ്കിലും 14 വർഷത്തിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം പോർച്ചുഗലിലെ ലിസ്ബണിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. പള്ളിക്കുള്ളിലെ അദ്ദേഹത്തിന്റെ  ശവക്കല്ലറയുടെ സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒഴിവു ദിവസമല്ലാതിരുന്നിട്ടു പോലും നിരവധി സന്ദർശകരാണ് ഇന്നുമിവിടെ എത്തിയിട്ടുള്ളത്.

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ജീവിതവും കാലവും ചിത്രീകരിക്കുന്ന നിരവധി ലിഖിതങ്ങളും  ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കാണാം.

കൊച്ചിയിലെ പോർച്ചുഗീസ് ചരിത്രത്തെക്കുറിച്ച് കൂടുതലറിയാൻ  ഇൻഡോ പോർച്ചുഗീസ് മ്യൂസിയമാണ് ഉപകാരപ്പെടുക. ഫോർട്ട് കൊച്ചിയിലെ പോർച്ചുഗീസ് സാംസ്കാരിക പൈതൃകം സംരക്ഷിക്കാനായി കൊച്ചി ബിഷപ്പിന്റെ മുൻകൈയിൽ തുടങ്ങിയതായിരുന്നു അത്. തീർച്ചയായും മറ്റൊരു കൊളോണിയൽ വാസ്തുവിദ്യാ സങ്കേതം തന്നെയാണത്. 

ഡച്ച് കൊളോണിയൽ പൈതൃകത്തിന്റെ അവശിഷ്ടങ്ങളെ തിരയുമ്പോൾ സമ്മിശ്രമായ കാഴ്ചകളാണ് നമ്മെ എതിരേല്ക്കുക. കടന്നേറ്റം സൃഷ്ടിച്ച ദുരന്തങ്ങളും അവ നേടിത്തന്ന പുരോഗമനങ്ങളും തീർത്തും വിചിത്രമായിത്തോന്നിയേക്കാം. വൈരുദ്ധ്യങ്ങൾ ഉണ്ടാവുക, അവ നമുക്ക് ബോദ്ധ്യപ്പെടുക എന്നത് പുതിയ കാര്യങ്ങളല്ല. ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കീഴിൽ അവർ ഫോർട്ട് കൊച്ചിയിൽ എത്തി വ്യാപാരം നടത്തുകയും അധീശത്വം സ്ഥാപിക്കുകയും ചെയ്തതും, അക്രമവും ചൂഷണവും അതിന് കുടപിടിച്ചതും ചരിത്രത്താളുകളിൽ പതിഞ്ഞ പോരായ്മകൾ തന്നെയായി ഇന്നും കാലത്തെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കുന്നു.

കൊച്ചിൻ ബീച്ച് :

പഴയ കൊച്ചിക്ക് തൊട്ടടുത്തുള്ള കൊച്ചി ബീച്ച് ഫ്രണ്ട്, ഫോർട്ട് കൊച്ചിയിലെ മറ്റൊരു പ്രശസ്തമായ സ്ഥലമാണ്. സ്വച്ഛവും സുന്ദരവുമായ ഒരു സായാഹ്നത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് മറ്റെല്ലാം മറന്ന് നമുക്കിറങ്ങിച്ചെല്ലാവുന്ന ഒരിടമാണിവിടം. തീരങ്ങളോട് കളി പറഞ്ഞു പോകുന്ന കുഞ്ഞു തിരമാലകളിലേക്ക് ചാഞ്ഞു വീശുന്ന ചെങ്കതിരുകൾ ഒരു സായാഹ്നത്തിന്റെ ആഹ്ലാദിരേകം നമ്മളറിയാതെ തന്നെ നമ്മിലേക്കെത്തിക്കുന്നുണ്ട്. വിദേശികളും നാട്ടുകാരും ഇടകലർന്ന ജനസഞ്ചയം ഒരു ദിനാന്ത്യത്തിന്റെ അവിസ്മരണീയമായ നേർക്കാഴ്ചകൾക്കായി ഒരുങ്ങിയിരിക്കയാണ് ഇവിടെ.

( ബീച്ചിനെ കൂടുതൽ മോടി പിടിപ്പിക്കുന്നതിലേക്കായി ത്വരിതഗതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശകർക്ക് ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പലരും അറിയാതെ പോകുന്നുണ്ടെങ്കിലും പ്രധാന കാഴ്ചയിടങ്ങളിലേക്കുള്ള വഴികൾ തുറന്ന് തന്നെ കിടക്കുന്നുണ്ട്.)

ചീനവലകളാണ് ഇവിടെ ഏറ്റവും ദൃശ്യ ഭംഗി നല്കുന്ന ആകർഷണങ്ങളിലൊന്ന്. പതിനാലാം നൂറ്റാണ്ടിലാണ് ചൈനക്കാർ കൊച്ചിയിൽ മത്സ്യബന്ധന വലകൾ കൊണ്ട് വരുന്നത്. കടലിൽ സ്ഥാപിച്ച കുറ്റികളിൽ വലകൾ തൂക്കിയിട്ട് അവയെ നിയന്ത്രിക്കാൻ കൗണ്ടർവെയ്റ്റുകളുള്ള കയറുകളോടെയുള്ള ഒരു വലിയ ഘടനയാണ് ചീന വലകൾ. അവ പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് ആറ് മത്സ്യത്തൊഴിലാളികളെങ്കിലും ആവശ്യമാണ്.

ദക്ഷിണ ചൈനയുടെ കടൽത്തീരങ്ങളിൽ വളരെ സാധാരണമാണെങ്കിലും, കൊച്ചിയിലും കൊല്ലത്തും മാത്രമാണ് ഇന്ത്യയിൽ  ചീനവലകൾ ഉപയോഗിക്കുന്നത് എന്നത് സവിശേഷമായ കാര്യമാണ്. ഈ വലകൾ വളരെ ആകർഷണീയമാണ്. പക്ഷെ, ഇപ്പോൾ ഇതെല്ലാം വിനോദ സഞ്ചാരികൾക്കായുള്ള കാഴ്ചപ്പണ്ടങ്ങളായി പരിണമിച്ചിരിക്കുന്നു. 

മത്സ്യത്തൊഴിലാളികൾ ഒരു ചെറിയ പ്രതിഫലം വാങ്ങി  വിദേശ സഞ്ചാരികളെ അതിന്റെ പ്രക്രിയ വിശദീകരിക്കുകയും കാണിക്കുകയും ചെയ്യുന്നത് കാണാനിടയായി.

അതിമനോഹരമായ, പ്രകൃതിക്ക്നി

റവും മിഴിവും നല്കുന്ന ഒരു സൂര്യാസ്തമയം ഞങ്ങൾക്ക് മുന്നിൽ അരങ്ങേറിക്കഴിഞ്ഞു.   അടുത്തതായി വൈകുന്നേരത്തെ മത്സ്യ മാർക്കറ്റ് കാണുകയും മീൻ കച്ചവടക്കാരിൽ നിന്നും ആദായ വിലക്ക് മീൻ വാങ്ങി അടുത്തുള്ള റെസ്റ്റോറന്റിൽ കൊടുത്ത് പാകം ചെയ്യിച്ചു കഴിക്കാനുമാണ് ഉദ്ദേശം. ഇന്നത്തെ യാത്രയുടെ പരിസമാപ്തിയാണ് ഈയൊരു കാര്യത്തോടെ കൈവരുന്നത്. വൈകുന്നേരങ്ങളിൽ ചീനവലകളിൽ നിന്നും ലഭ്യമായ മീനുമായി അവർ നമ്മളെ തേടി വരുന്നു. നാട്ടുകാരായ നമ്മളെക്കാൾ അവർക്ക് പഥ്യം വിദേശ സഞ്ചാരികളോടാണ്.  എങ്കിലും ഭാഗ്യം തുണച്ചാൽ നല്ല പച്ച മീൻ തന്നെ നമുക്കും കിട്ടിയെന്നിരിക്കും. 

ചീനവലകളിൽ നിന്നാണ് ഈ മത്സ്യം മുഴുവൻ വരുന്നതെന്ന് സായിപ്പിനെ പറഞ്ഞു പറ്റിക്കാൻ ഇക്കൂട്ടർക്കായേക്കും. പക്ഷെ, ഇത്തരം വലകൾ മിക്കവാറും പ്രവർത്തനരഹിതമായവ തന്നെയാണെന്നത് നമുക്ക് നേരിൽ മനസ്സിലാക്കാവുന്നതേയുള്ളു. അഞ്ചോ ആറോ ആളുകൾ ഒരു ചീനവലയെ ചുറ്റിപ്പറ്റി ജോലി ചെയ്താൽ അത് അവരുടെ അഷ്ടിക്ക് തികയാതെ വരും എന്നതിനാൽ പുറമേ നിന്ന് വാങ്ങുന്ന മത്സ്യമാണ് കൂടുതലും വിറ്റഴിക്കുന്നതെന്ന് ഒരു ചേട്ടൻ ഞങ്ങളോട് ഏറ്റു പറഞ്ഞു. എങ്കിലും പുറംകടലിൽ നിന്ന് വരുന്നവയാണെങ്കിലും അവയും പുതിയതും രുചികരമായവയും തന്നെയെന്നതിൽ സംശയിക്കേണ്ട. ചീനവലയിൽ തടയുന്നത് ഒന്നോ രണ്ടോ മത്സ്യങ്ങൾ മാത്രം. അത് കൊണ്ടെന്താക്കാനാ? ഇപ്പോൾ മനുഷ്യർക്ക് പകരമായി പഴയ മോട്ടോർ സൈക്കിളിന്റെ സഹായത്തോടെ വല ഉയർത്താനും താഴ്ത്താനുമാകുമെങ്കിലും മീൻ വലയിൽ കയറിക്കിട്ടിയാലല്ലേ കൊടുക്കാനാവൂ എന്നായി ചേട്ടൻ.

മൂന്ന് കിലോയോളം വരുന്ന ഒരു മീനാണ് ഞങ്ങൾക്കവർ 800 രൂപക്ക് തന്നത്. 1200 രൂപയിൽ തുടങ്ങി താഴോട്ടിറങ്ങി 800 ൽ എത്തുകയായിരുന്നു. നാട്ടിലാണെങ്കിൽ 1500 രൂപയിൽ ഒരു നയാ പൈസ കുറവിന് ഈ മീൻ കിട്ടില്ലെന്നുറപ്പ്. ഒന്ന് കൂടി. ഇത്ര ഫ്രെഷ് ആയ ഫോർമാലിൻ രഹിത മീനും നാട്ടിൽ കിട്ടില്ല. കറുത്ത ആവോലി എന്ന അതി രുചികരമായ ആ മീൻ അടുത്തൊരു റെസ്റ്റോറന്റിൽ കൊടുത്ത ശേഷം അത് വിഭവമായി വരുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണ് ഞങ്ങൾ.

ഇന്നത്തെ യാത്ര അവസാനിക്കുകയാണ്. നാവികനായിരുന്ന വാസ്കോ ഡി ഗാമക്ക് ഒരു ബിഗ് സല്യൂട്ട് നല്കാനായി ഞങ്ങൾ കോട്ടയിലേക്ക് തിരിഞ്ഞു.

Share this story

Comments (0)

  • Be the first to write one.