31 October 2021 · 13 min read · കഥ

കഥ

 കാമമോഹിതം അഥവാ പാത്തുവും തുപ്രനും

തുമ്പപ്പൂ നിറമുള്ള സാരിയിൽ  അവിടവിടെയായി തെളിഞ്ഞു നില്ക്കുന്ന ചുവന്ന പൂക്കൾ. വാരിക്കെട്ടിയിട്ടും   പിടഞ്ഞു മാറി നെറ്റിയിലൂടെ മാറിലേക്കിഴഞ്ഞു വീഴുന്ന നീണ്ട ചുരുളൻ മുടിയിഴകൾ. അവയെ ഇടക്കിടെ ഇടതു കൈ കൊണ്ടൊതുക്കാനുള്ള വൃഥാ ശ്രമം. സമൃദ്ധമായ അരക്കെട്ട് താളത്തിൽ ചലിപ്പിച്ച് തിടുക്കത്തിലെന്നോണം മറ്റൊന്നിനെയും കാണാത്ത മട്ടിലുള്ള ഭാവം. അദൃശ്യമായ എന്തിനെയോ തിരയുന്നത് പോലെയുള്ള അവളുടെ കണ്ണുകളിൽ തലേരാത്രിയിലെ ഉറക്കമിളപ്പിന്റെ ആലസ്യം. എന്നും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയുള്ള കടുത്ത അദ്ധ്വാനത്തിൽ നിന്നും മുഖത്തുറഞ്ഞു കൂടുന്ന നേരിയ ക്ഷീണത്തിന്റെ ബാക്കിപത്രമാണത്. എങ്കിലും പാതി കൂമ്പിയ  ആ മിഴികൾ പകർന്ന് നല്കുന്ന ആലസ്യം പോലും അവൾക്കൊരലങ്കാരമാണ്. കടുത്ത കാമദാഹത്തോടെ അങ്ങാടിയുടെ ആയിരം കണ്ണുകൾ തന്റെ മേദസ്സിലൂടെ ഇഴഞ്ഞു നീങ്ങുകയാണെന്ന അറിവ് അവളെ ഒന്ന് കൂടി ഉത്സാഹവതിയാക്കി. വായിൽ നിറഞ്ഞ മുറുക്കാൻ ചാറ് വഴിയരികിലേക്ക് നീട്ടിത്തുപ്പി കൊണ്ട് അവൾ സാരിയുടെ വലതു ഭാഗം എളിയിലേക്കെടുത്തു പൊക്കി കുത്തി .

അതിരാവിലെ, പണിക്ക് പോകും മുമ്പേ ചെത്തിപ്പാടൻ കുമാരന്റെ ചായക്കടയിലേക്കുള്ള വരവായിരുന്നു തുപ്രന്റേത്. റോഡിലൂടെ ചീറിപ്പാഞ്ഞു വന്ന ഒരു  ചെക്കന്റെ ബൈക്ക്  തന്റെ മേലാകെ ചെളിവെള്ളം അഭിഷേകം നടത്തിപ്പോയത് പോലും തുപ്രൻ അറിഞ്ഞില്ല. ബോംബ് പാത്തുവിന്റെ  കണങ്കാലിന് മേലോട്ടു ദൃശ്യമായ അല്പനഗ്നതയിൽ അയാൾ നൊടിനേരത്തേക്ക് എല്ലാം മറന്നിരുന്നു. വെളുത്ത് തുടുത്ത ആ ഭാഗത്തിന്റെ മേലോട്ട് അയാളുടെ മനസ്സ് അതിവേഗം സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. തുളുമ്പുന്ന നിതംബത്തിലെത്തിയപ്പോഴേക്കും മുഖമാകെ വലിഞ്ഞു മുറുകി അയാളുടെ നിയന്ത്രണം വിട്ടു പോകുമെന്ന നിലയിലായി. താനെന്തിനാണീ കവലയിലേക്ക് വന്നതെന്ന് പോലും കുറച്ച് നേരത്തേക്ക് അയാൾ മറന്ന് പോയിരുന്നു.

ഉമിനീർ ഗ്രന്ഥികൾ പുറപ്പെടുവിച്ച കൊതി വെള്ളം തുപ്രനറിയാതെ തന്നെ അയാളുടെ വായിൽ നിന്നും മാറിൽ വീണ്  വിയർപ്പുതുള്ളിയുമായി ഇടകലർന്ന് താഴേക്കൊഴുകി. എത്ര കാലമായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരാഗ്രഹമാണ് ബോംബ് പാത്തുവിന്റെ നഗ്നമേനിയെ ഒന്ന് ചുറ്റിവരിയണമെന്ന്. ഫണം വിടർത്തിയാടുന്ന ഒരു സർപ്പം കണക്കെ അവളുടെ ആഴങ്ങളിലേക്ക് ഇഴഞ്ഞിറങ്ങണമെന്ന്.

തെക്ക് നിന്നും വന്ന ശ്രീദേവി ബസ്സിന്റെ നിലക്കാത്ത ഹോണടിയാണ് തുപ്രനെ സ്ഥലകാലങ്ങളിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കിക്കൊണ്ട് തുപ്രൻ സാവധാനം ചായക്കടയിലേക്ക് കയറി. കമ്മാരനും ശങ്കുരുവും തൊട്ടുപിറകെ ചായക്കടയിലേക്ക് കയറി വന്നതോടെ അന്നത്തെ പണിയെപ്പറ്റിയായി സംസാരം. തുപ്ര ൻ അതിലൊട്ടും തന്നെ താത്പര്യമില്ലാത്ത വിധം ചിന്തകളിൽ മുഴുകിയിരുന്നു. വളരെ യാന്ത്രികമായി പുട്ടും കടലയും കഴിച്ചെന്ന് വരുത്തി. മനസ്സ് നിറയെ പാത്തുവായിരുന്നു. മാദകത്വം നിറഞ്ഞ അവളുടെ ശരീര വടിവ് മനസ്സിൽ നിന്ന് മായുന്നതേയില്ല. മമ്മദാജിയുടെ പറമ്പിലെ പണി എളുപ്പം തീർക്കണമെന്ന് ശങ്കുരു രണ്ട്  പേരോടുമായി പറയുന്നുണ്ടായിരുന്നു. തുപ്രൻ ഈ ലോകത്തൊന്നുമല്ലാതിരുന്നതിനാൽ അതൊന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല.

അന്ന് സന്ധ്യക്ക് കൊളപ്പാടന്റെ ഷാപ്പിൽ കൊള്ളിക്കിഴങ്ങും മീൻ ചാറും കൂട്ടി കള്ള് കുടിച്ചു കൊണ്ടിരിക്കെ തൊട്ടപ്പുറത്തെ ബെഞ്ചിലിരുന്ന തൂറാൻ മുട്ടി പുരുഷു കൂടെയുള്ള സുകുവിനോട് ബോംബ് പാത്തുവിനെ വർണ്ണിക്കുന്നത് കേൾക്കാനിടയായി. രണ്ട് ഗ്ലാസ്സ് അകത്ത് ചെന്നതിന്റെ ലഹരിയിൽ ആ സംസാരം ചെവിയോർക്കാനുള്ള ഔത്സുക്യം തുപ്രനിൽ കൊടിയേറി. പക്ഷെ ഷാപ്പിലെ ബഹളത്തിനിടയിൽ അവരുടെ സംസാരമത്രയും മുങ്ങിപ്പോയതിനാൽ തുപ്രന്റെ ശ്രമം ഫലവത്തായില്ലെന്ന് മാത്രമല്ല, പെട്ടെന്നൊരു നിരാശ അയാളിൽ കുടിയേറുകയും ചെയ്തു.

ദേശത്തെ ജന്മിയായ മമ്മദാജിയുടെ മോൻ ജമാൽ ഷാപ്പിലേക്ക് കേറി വന്നത് അപ്പോഴാണ്. പഴയ കാല സിനിമകളിൽ ജനാർദ്ദനൻ കെട്ടാറുള്ള വില്ലൻ വേഷത്തെ അനുസ്മരിപ്പിക്കുന്ന ഭാവം. പുരുഷുവും സുകുവും ജമാലിനെ കണ്ട് ഭവ്യതയോടെ എഴുന്നല്ക്കാൻ ശ്രമിച്ചെങ്കിലും ജമാൽ അതിനെ ഒരാംഗ്യത്തിലൂടെ തടഞ്ഞു. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ജമാൽ ഇരിക്കും മുമ്പേ മുന്നിലെ ഡെസ്കിൽ രണ്ട് കുപ്പി കള്ളും ഗ്ലാസും റെഡിയായി. ഒരു ഗ്ലാസ് നിറച്ചു വെച്ച ശേഷം ചുറ്റും നോക്കിക്കൊണ്ട് ജമാൽ പറഞ്ഞു. "ഇതെത്രാമത്തെ പ്രാവശ്യാണ് ന്ന് നിക്ക് തന്നെ അറിഞ്ഞുടാ . കമ്മീണിഷ്‌ട്‌കാര് സോഷ്യലിസം കൊണ്ട് വന്നത് ഷാപ്പുകൾ വഴിയാണെന്ന കാര്യം നമ്മൾ മറക്കരുത്. ഇവിടെയെങ്കിലും നമ്മൾ ഒരേ പോലായാലേ ഷാപ്പിന് വെളിയിലും സോഷ്യലിസം പടരൂ. പുരുഷൂന് തിരിഞ്ഞാ" .

ചോദ്യം തൂറാൻ മുട്ടിയോടെന്ന പോലെ ഷാപ്പിൽ കൂടിയിരുന്ന എല്ലാ വരോടും കൂടിയായിരുന്നു. ഒരു തടസ്സവുമില്ലാതെ ബോംബ് പാത്തുവിനെ പ്രാപിക്കാൻ പ്രാപ്തനായിരുന്നു ജമാലെന്നതിനാൽ തുപ്രന് അയാളോട് അനിഷ്ടവും അല്പം കുശമ്പും തോന്നാറുണ്ടായിരുന്നെങ്കിലും അപ്പോളയാൾ പറഞ്ഞത് ശരിവെച്ചു കൊണ്ട് ഒരു ചിരി പാസ്സാക്കി.

ഷാപ്പിൽ നിന്നിറങ്ങി തുപ്രൻ വീട് ലക്ഷ്യമാക്കി നടന്നു. നിറഞ്ഞ നെല്പാടങ്ങൾക്ക് നടുവിലൂടെയുള്ള വെട്ടുവഴിയിലൂടെ ചെറിയൊരാട്ടത്തോടെ അയാൾ നീങ്ങി. ആവണിപ്പാടങ്ങൾ കതിരുകൾ നിറഞ്ഞു ഒരു നവോഢയെപ്പോലെ ഒരുങ്ങി നില്ക്കയാണെന്ന് അയാൾക്ക് തോന്നി. ആളുകൾ കുറവായ പാതയിലൂടെ, വേച്ചു നടക്കാൻ മാത്രം കള്ള് കുടിച്ചിരുന്നില്ലെങ്കിലും മദോന്മത്തനെന്ന് സ്വയം വിശ്വസിപ്പിച്ച് അയാൾ ഒഴുകി. പാടത്ത് നിന്നും വീശിയ ഇളം കാറ്റ് അയാളുടെ ലഹരിക്ക് ആക്കം കൂട്ടിക്കൊണ്ട്  കടന്ന് പോയി.

പാടങ്ങളെ ബന്ധിപ്പിക്കുന്ന ചെറിയ തോട്ടിലെ ഇളം ചൂടുള്ള വെള്ളത്തിൽ തുപ്രൻ കുറച്ചുനേരം നിന്നു. മാഞ്ഞു നീങ്ങുന്ന സാന്ധ്യ പ്രകാശത്തിൽ പള്ളത്തികളും മാനത്ത് കണ്ണികളും അയാളുടെ കാലുകളെ അലസമായി തൊട്ടുകടന്ന് പോയി. ഇളം ചൂടുള്ള വെള്ളം കാലുകളിലൂടെ അരിച്ചേറി ശരീരമാകെ പടരുന്നതായി അയാൾക്ക് തോന്നി. ഇടക്ക് നാഭിക്ക് താഴെ ചെറിയൊരു അനുരണനം .ബോംബ് പാത്തു തലക്കകത്ത് നിന്നും ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞിറങ്ങി തന്റെ അവയവങ്ങളെ ത്രസിപ്പിക്കുന്നതായി തുപ്രൻ തിരിച്ചറിഞ്ഞു.

ചേരമാൻ ടാക്കീസിന് മുന്നിലെത്തിയപ്പോൾ തുപ്രൻ ഒന്ന് നിന്നു. മടിയിൽ നിന്നും ബീഡിയെടുത്ത് കത്തിച്ചു. സിനിമ തുടങ്ങിയിട്ട് കുറച്ചു നേരമായിക്കാണും.  ടാക്കീസിൽ നിന്നും ഡയലോഗുകൾ പുറത്തേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു. ടാക്കീസിന് മുന്നിലെ വിശാലമായ മൈതാനത്തിന് നടുവിലെ ചേരമാൻ കുളത്തിന്റെ പ്രാചീനമായ പടവുകളിലേക്ക് തുപ്രൻ അരിച്ചു നീങ്ങി. 

പെട്ടെന്നാണത് കണ്ടത്. ചെത്തിപ്പാടൻ കുമാരന്റെ ചായക്കടയിലെ പെട്രോമാക്സ് വെളിച്ചത്തിൽ അയാളുടെ മനസ്സിനെ എന്നും മഥിക്കുന്ന സർപ്പ സൗന്ദര്യത്തിന്റെ തത്സ്വരൂപം. ഉടലഴകിന്റെ പൗർണ്ണമിയായി അത് ആറടിയിൽ നിവർന്ന് നില്ക്കുന്നു. ചേരമാൻ ടാക്കീസിന്റെ സ്ക്രീനിൽ നിന്നും തനിക്ക് വേണ്ടിയിറങ്ങി വന്ന് മുന്നിലവതരിച്ച ജയഭാരതിയോ വിജയശ്രീയോ ആണോ ഇത് ! തുപ്രൻ ആശ്ചര്യപ്പെട്ടു. അവരിരുവരുടെയും സൗന്ദര്യവും മാദകത്വവും ഒന്നിച്ചിഴചേർന്നിരിക്കുന്നു ഈ ഉടലിൽ എന്ന അറിവിൽ തുപ്രന്റെ സിരകളത്രയും വിജ്രംഭിച്ചു. നിറനിലാവിലെന്നപോലെ പാത്തുവിനെ അടുത്ത് കാണാനുള്ള അടങ്ങാത്ത കൊതിയോടെ തുപ്രൻ അങ്ങോട്ട് നീങ്ങി.

മുമ്പൊക്കെ അവളെ പ്രാപിക്കാനുള്ള അദമ്യമായ കൊതിയുമായി നടന്ന കാലം. സെക്കന്റ് ഷോ കഴിഞ്ഞ് ആളുകൾ പിരിയും വരെ പുറമ്പോക്കിലുള്ള അവളുടെ കുടിലിനരികെയുള്ള ലൈബ്രറി വരാന്തയിൽ തനിച്ചിരിക്കുമ്പോൾ താൻ സ്വയം മറന്ന് പോകുമായിരുന്നു. അവളൊന്ന് അനുവദിക്കുമെങ്കിൽ  തനിക്ക് കിട്ടാൻ പോകുന്ന സുരതാനുഭവത്തിന്റെ ലഹരി തന്നിൽ തിര തള്ളി മറിയുമായിരുന്നു. പലപ്പോഴും ജമാൽ ആ കൂരക്കകത്ത് നിന്നും ഇഴഞ്ഞിറങ്ങി വന്ന് എങ്ങോട്ടോ നടന്ന് മറയുന്നത് കണ്ടിട്ടുണ്ട്. അപൂർവ്വം സന്ദർഭങ്ങളിൽ പുരുഷുവും സുകുവും  കാര്യസാദ്ധ്യം നേടി തിളങ്ങുന്ന മുഖവുമായി നടന്ന് പോവുന്നതും  കണ്ടിട്ടുണ്ട്. എന്നിട്ടും ഒരിക്കൽ പോലും തന്റെ ഇംഗിതത്തിന് അവൾ വഴങ്ങാത്തതെന്തേ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട്. അവരെക്കാളൊക്കെ പൗരുഷവും ആരോഗ്യവും തനിക്കില്ലെന്നുണ്ടോ? ആ അറിയില്ല. വേറെന്തോ ആകണം അവൾ തന്നെ അകറ്റി നിർത്താനുള്ള കാരണം. 

പാത്തുവിന്റെ കൂരക്ക് തൊട്ടടുത്തുള്ള സരസുവിനെയോ ആസ്യയെയോ തനിക്കെത്ര എളുപ്പത്തിൽ എന്തു വേണമെങ്കിലും ചെയ്യാമായിരുന്നിട്ടും തന്റെ മനസ്സെന്തേ അവളെ മാത്രം ചുറ്റിത്തിരിയുന്നു! സരസുവും ആസ്യയും തന്നെ എത്ര വട്ടം പ്രലോഭിപ്പിച്ചിരിക്കുന്നു. താനൊരിക്കലും അവർക്ക് വശംവദനായിട്ടില്ല. തുപ്രൻ ഒരാണല്ലെന്ന് അവർ പലപ്പോഴും അധിക്ഷേപിച്ചിട്ടു പോലും അങ്ങനെയല്ലെന്ന് അവരുടെ മുമ്പിൽ തെളിയിക്കണമെന്ന് തോന്നിയിട്ടുമില്ല. താനൊരാണാണെന്ന് തെളിയിക്കുന്നെങ്കിൽ അത് പാത്തു സമക്ഷമേ ഉണ്ടാകൂ എന്ന ദൃഢനിശ്ചയമായിരുന്നു അപ്പോഴൊക്കെയും  മനസ്സിൽ.

അന്നത്തെ അവളുടെ പ്രതിഫലമായ അമ്പത് രൂപ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും തന്റെ തുണിത്തുമ്പിൽ താൻ കരുതി വെക്കുമായിരുന്നു. നാലാക്കി മടക്കി പത്രക്കടലാസിൽ പൊതിഞ്ഞു വെച്ച രൂപ. വീട്ടിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങാതെ പോലും ഒരേയൊരു ഉദ്ദേശത്തിനായി താൻ കരുതി വെച്ചിരുന്ന അമൂല്യ സമ്പത്താണത്.  പാത്തുവിന്റെ ഉടലിന്റെ നിമ്ന്നോന്നതങ്ങളെ  മനസ്സിൽ കെട്ടിയിട്ടു കൊണ്ട് കല്യാണിയുമായി ഇണ ചേരുമ്പോൾ പോലും അവൾ കാണാത്ത വിധം താൻ ആ പണത്തിന്റെ ഭദ്രത ഉറപ്പു വരുത്തുമായിരുന്നു. എന്നിട്ടും ഓരോ തവണയും തന്റെ കെഞ്ചലിനെ പാത്തു അവഗണിച്ചു. ചുണ്ട് കോട്ടി പുച്ഛരസം കലർന്ന ഒരു ഭാവത്തിൽ ഓരോ പ്രാവശ്യവും അവൾ പറഞ്ഞു, 

തുപ്രൻ പോ .

ബോംബ് പാത്തു ദേശത്തെത്തുന്നതിന് മുമ്പുള്ള കഥകൾ പലരും പറഞ്ഞ് തുപ്രനും കേട്ടിട്ടുണ്ട്. ബോംബെയിലെ കാമാത്തിപുരയിൽ നിന്നും ഏതോ കാസർകോട്ടുകാരൻ രക്ഷപ്പെടുത്തി കൊണ്ട് വരുമ്പോൾ അവൾക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല പോലും. നാലഞ്ചുകൊല്ലം അയാളുടെ വീട്ടിൽ വേലക്കാരിയും  വെപ്പാട്ടിയുമായിക്കഴിഞ്ഞ ശേഷമാണ് ഒരിക്കൽ അവളൊരു കൈക്കുഞ്ഞുമായി ദേശത്ത് അവതരിക്കുന്നത്. ഏത് നിമിഷവും പൊട്ടാനൊരുങ്ങി നില്ക്കുന്ന ഒരു ബോംബ് പോലായിരുന്നു അന്നവൾ . ബോംബെ പാത്തു എന്ന് പറയുന്നതിനെക്കാൾ എന്ത് കൊണ്ടും ആളുകൾക്കെളുപ്പം അവളെ ബോംബ് പാത്തു എന്ന് വിളിക്കുന്നതിലായിരുന്നു.

കുഞ്ഞുമായി കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന അവൾക്ക് ചുറ്റും ദേശത്തെ വിടന്മാർ വട്ടമിട്ടു പറന്നു. അവളുടെ ചെറുപ്പം പകർന്ന് നല്കിയ ശരീര വടിവിന്റെ വശ്യത അവർക്ക് സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു. പക്ഷെ, അവളുടെ കരുത്തിനും ചൂളുന്ന നോട്ടത്തിനും പുലയാട്ടുകൾക്കും മുമ്പിൽ വമ്പന്മാരായ അവരൊക്കെയും തോറ്റു പോവുകയായിരുന്നു. അങ്ങനെയാണ് നിരാലംബയായ അവൾക്ക് താങ്ങായി ദേശത്തെ പ്രമാണി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് അവതരിക്കുന്നത്. അയാളാണവൾക്ക് പുറമ്പോക്കിൽ ഒരു കൂരയുണ്ടാക്കിക്കൊടുക്കുന്നത് തന്നെ. അതിന് പ്രത്യുപകാരമെന്നോണം അയാളും കൂട്ടാളികളും ദീർഘകാലം തങ്ങളുടെ കാമ വെറികൾക്ക് അവളെ ഇരയാക്കിയിരുന്നു എന്നത് ദേശത്ത് പാണന്മാരില്ലാഞ്ഞിട്ടും പാടിപ്പതിഞ്ഞ പാട്ടായിരുന്നു.

അവൾ ദേശത്തിന്റെ കാമസ്വരൂപിണി തന്നെയായിരുന്നു.  ദേശക്കാർക്കെല്ലാം അറിയാവുന്ന പോലെ അവൾക്കായി എന്നും സന്ധ്യക്ക്  കാറുകൾ കാത്തു കിടന്നു. കുളിച്ചില്ലെങ്കിലും അവൾ സുരസുന്ദരി തന്നെയായിരുന്നു. എങ്കിലും അപൂർവ്വമായി ചേരമാൻ കുളത്തിലിറങ്ങിയുള്ള അവളുടെ പള്ളി നീരാട്ട്  ചെറുപ്പക്കാർക്കും മുതിർന്നവർക്കു പോലും ഒരു ആറാട്ട് കാഴ്ച തന്നെയായിരുന്നു. പോരിന് തയാറായി നില്ക്കുന്ന പോലുള്ള അവളുടെ മുലകളും മുലക്കച്ചക്ക് താഴെ നനഞ്ഞൊട്ടിയ പൊക്കിൾച്ചുഴിയും തുടകളും അധികനേരമാസ്വദിക്കാൻ അവൾ ആർക്കും അവസരം നല്കില്ലായിരുന്നു. അതൊരിക്കലും അവളുടെ ബിസിനസ്സ് പ്രൊമോഷനു വേണ്ടിയുള്ള ഒരു ഡെമോ ആയിരുന്നില്ല. കച്ചവട താത്പര്യാർത്ഥം അത്തരമൊരു പ്രദർശനം അവൾക്കാവശ്യമില്ലായിരുന്നു. അവളോട് ഇണ ചേരാൻ സാഹചര്യമില്ലാതിരുന്ന ബഹുഭൂരിപക്ഷത്തിനും മനസ്സിൽ രതിവേഗമുണർത്തി അതിൽ ആനന്ദ നിർവൃതി നേടാൻ കുളക്കടവിലെ കാഴ്ചകൾ ഒരു പരിധിയോളം സഹായകമായിരുന്നു. പക്ഷെ കുളത്തിൽ നിന്നും വരുന്ന പുലയാട്ടു വിളികളുടെ വാഗ്ധോരണി ടാക്കീസിലെ ഡയലോഗുകളെക്കാളും മൂർച്ചയുള്ളതായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും കാഴ്ചക്കാരായ ദേശക്കാർക്ക് ഉമിനീരിറക്കാനല്ലാതെ വേറൊന്നും ചെയ്യാനാവാതിരുന്ന നാളുകളായിരുന്നു അന്നൊക്കെയും.

ചെത്തിപ്പാടന്റെ കടയിലേക്ക് തുപ്രൻ നടന്ന് കേറി. പാത്തുവിനെ ഒന്നടുത്ത് കാണുകയെങ്കിലുമാകാമല്ലോ. അവളുടെ സാമീപ്യത്തിൽ അവളിൽ നിന്ന് പുറപ്പെടുന്ന മാദക ഗന്ധം അല്പമെങ്കിലും കിട്ടിയാൽ അത് തന്നെ പരമഭാഗ്യം!

രണ്ട് പരിപ്പുവട താ കുമാരേട്ടാ . 

തുപ്രൻ വിളിച്ചു പറഞ്ഞിട്ട്  കാമാതുരമായ കണ്ണുകളോടെ പാത്തുവിനെ നോക്കി. ചായക്കടക്ക് അകത്തിരുന്നവരുടെ കണ്ണുകളത്രയും കൂർത്ത ചുണ്ടുകളായി രൂപാന്തരം പ്രാപിച്ച് പാത്തുവിന്റെ മാംസം കൊത്തിപ്പറിക്കുകയായിരുന്നു. ബാക്കി വന്ന മാംസത്തുണ്ടുകളെ നക്കിയെടുത്ത് കൊണ്ട് അതിൽ നിന്നിറ്റുന്ന മധുരം നുണഞ്ഞിട്ടെന്ന പോലെ തുപ്രൻ അവളോട് പരമാവധി ചേർന്ന് നിന്നു. പാത്തു അലസമായി അവനെ ഒന്ന് നോക്കിക്കൊണ്ട് എണ്ണപ്പലഹാരത്തിന്റെ പൊതിയും വാങ്ങി സമൃദ്ധമായ നിതംബവും കുലുക്കി പടിഞ്ഞാറോട്ട് നടന്നു.

ആ നില്പിൽ തുപ്രൻ മറ്റെല്ലാം മറന്നു. പുരാണത്തിലെ ഒരു രാജാവ് ഉണ്ണാനിരുന്നപ്പോൾ മറ്റൊരു ജന്മത്തിലേക്ക് പ്രവേശിച്ച പോലെ കടയുടെ അകത്തിരുന്നവരത്രയും മറ്റൊരു ലോകത്തിലെന്ന പോലെ തരിച്ചിരുന്നു. പാത്തു

പോയിക്കഴിഞ്ഞ ശേഷവും അവളിൽ നിന്ന് പ്രസരിച്ചിരുന്ന മാദക ഗന്ധം കുറെ നേരത്തേക്ക് അവിടമത്രയും പരന്നൊഴുകി. അതിന്റെ മാറ്റ് നേർത്തു വന്നപ്പോൾ തുപ്രൻ ഉണർന്നു.

പരിപ്പുവടയും വാങ്ങി തുപ്രൻ മൈതാനത്തേക്ക് നടന്നു. ചേരമാൻ കുളത്തിന്റെ കല്പടവിൽ മുഴുക്കെ ചെറുപ്പക്കാർ രാഷ്ട്രീയ ചർച്ചകളിലാണ്. അവരൊക്കെയും സമത്വ സുന്ദരമായ ഒരു ലോകത്തിന് വേണ്ടി പൊരുതാനുറച്ചു അതിന്റെ ആശയങ്ങളുമായി  പരസ്പരം സംവദിക്കുകയാണ്. ഭക്ഷണം വസ്ത്രം പാർപ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടിയും സ്ഥിതി സമത്വത്തിന് വേണ്ടിയും അഹോരാത്രം ചിന്തിക്കുന്നവരാണവർ. തുപ്രൻ മനസ്സ് കൊണ്ട് അവരോടൊപ്പമാണ്. പക്ഷെ, ഇപ്പോൾ, ഇപ്പോളെന്നല്ല കുറെ കാലമായി തുപ്രന്റെ അടിസ്ഥാനാവശ്യം പാത്തുവിനെ പ്രാപിക്കുക എന്നത് മാത്രമാണ്. പൈസയുള്ള പ്രമാണിമാർക്കും ചില വിശേഷപെട്ട ആളുകൾക്കും പുരുഷുവിനും സുകുവിനും പോലും പാത്തുവിനെ പ്രാപിക്കാനാവുന്നുണ്ട്. തന്റെ കാര്യത്തിൽ മാത്രമെന്താണ് ഒരു അസ്പൃശ്യത ? ഇക്കാര്യത്തിലുള്ള അസമത്വത്തെപ്പറ്റി ചിന്തിക്കാനും അതിനെതിരെ പോരാടാനും ആരുമില്ലാത്തത് എന്താണ് ?

മൈതാനത്തിന്റെ ഒരോരം പറ്റി തുപ്രൻ ഇരുന്നു. അപ്പുറത്തും ഇപ്പുറത്തുമായി ചെറുപ്പക്കാരുടെ ചെറുസംഘങ്ങൾ വട്ടമിട്ടിരുന്ന് ചർച്ചയിലാണ്. പരിപ്പുവടയുടെ പൊതി അഴിച്ച് ഒന്നെടുത്ത് കടിച്ചു കറുമുറാ തിന്ന ശേഷം തോർത്തെടുത്ത് മുഖം തുടച്ചു കൊണ്ട് മണ്ണിലേക്ക് ചാഞ്ഞു.

ആകാശത്ത് പൂവിതറിയപോലുള്ള നക്ഷത്രക്കൂട്ടം. ഒന്ന് രണ്ട് മൂന്ന് . തുപ്രൻ എണ്ണാൻ തുടങ്ങി. സപ്തർഷികൾ തുപ്രനെ നോക്കി ചിരിച്ചു.

തുപ്രനെ പോലെ തന്നെ ദേശക്കാരായ ഒരുപാടാളുകളുടെ സ്വപ്നങ്ങളിൽ അവൾ എന്നും നിറഞ്ഞാടി നിന്നു. പുറമ്പോക്കിലെ നെടുനീളത്തിലുള്ള ചെറ്റക്കുടിലുകളിൽ അവളുടേത് മാത്രം അഴകോടെയാണ് ഒറ്റപ്പെട്ടു നിന്നിരുന്നത്. അവൾ വരും മുമ്പേ അവിടത്തെ മഗ്ദലനകളായി വിരാജിച്ചിരുന്ന സരസുവിന്റെയും ആസിയയുടേയും കച്ചവടത്തിന്റെ അസ്തമയം തുടങ്ങുമെന്ന് അവർ ആശങ്കപ്പെട്ട കാലമായിരുന്നു അത്. തങ്ങുടെ ഇടപാടുകാരെ തട്ടിയെടുത്ത് കഞ്ഞി കുടി മുട്ടിക്കുമോ ഈ ഒരുമ്പെട്ടവൾ എന്നവർ ന്യായമായും ഭയപ്പെട്ടു. പക്ഷെ അവരുടെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു പാത്തുവിന്റെ മാർക്കറ്റിങ്ങ് രീതികൾ. ലോക്കൽ സെയിൽസിൽ തീരെ സെലക്റ്റീവായിരുന്ന അവൾക്ക് വേണ്ടി വരത്തന്മാരായ പ്രമാണിമാരുടെ കാറുകൾ കാത്തു കിടക്കാൻ തുടങ്ങി. തുടക്കത്തിൽ അവളെ ശത്രു പക്ഷത്ത് നിറുത്തിയിരുന്ന സരസുവും ആസിയയും അവളോട് ഐക്യപ്പെടാനും ആശ്രിതകളായി മാറാനും താമസമുണ്ടായില്ല. തങ്ങളെല്ലാം ഒരേ തൂവൽ പക്ഷികളാണെന്ന ബോധം അങ്ങനെ അവരെ സമന്വയത്തിന്റെ പാതയിലേക്കെത്തിച്ചു.

അവർ ഏത് പക്ഷത്തു നിന്നാലും തനിക്കൊന്നുമില്ലെന്ന നിലപാടിലായിരുന്നു പാത്തു. ആശങ്കകളേതുമില്ലാതെ അവൾ വേണ്ടപ്പെട്ടവർക്ക് മാത്രമായി പകിട്ടാർന്ന കിടക്കകളിൽ രതി സുഖങ്ങളുടെ സ്വർഗ്ഗീയാനന്ദം പകർന്ന് നല്കി. വില കൂടിയ വസ്ത്രങ്ങളണിഞ്ഞ് അവൾ അങ്ങാടിത്തെരുവിനെ സജീവമാക്കും മുമ്പേ അവളുടെ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് വിശിഷ്ടമായ പേർഷ്യൻ പരിമളതൈലങ്ങളുടെ മണം കാറ്റിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങും. തുപ്രന് പലപ്പോഴും അത് അലോസരമായി തോന്നിയിട്ടുണ്ട്. ഈ മണത്തേക്കാൾ തനിക്കിഷ്ടം ഒരിക്കലും അനുഭവിച്ചറിയാനാകാത്ത അവളുടെ വിയർപ്പുമണം തന്നെയായിരിക്കും എന്നയാൾ ഓർത്തു പോയിട്ടുണ്ട്. അപ്പോഴൊക്കെയും തന്റെ തുണിത്തുമ്പിൽ നാലായി മടക്കി കെട്ടിയിട്ടിട്ടുള്ള അമ്പത് രൂപ നോട്ടിന്റെ കടലാസു പൊതിയിൽ അയാളുടെ കൈ അറിയാതെ ചെല്ലും. ഒടുവിലൊരു ദീർഘ നിശ്വാസത്തിൽ താത്കാലികമായി എല്ലാം ഒടുങ്ങും.

മൂന്ന് പതിറ്റാണ്ടുകളിലൂടെ ലോകമാകെ മാറി മറിഞ്ഞെങ്കിലും തുപ്രന്റെ മനസ്സ് മാത്രം ഒരു മാറ്റവുമേല്ക്കാതെ പതിവ് പടി തുടർന്നു. അങ്ങാടിയുടെ പഴയ മുഖമാകെ മിനുക്കപ്പെട്ടു. കല്യാണ മണ്ഡപവും ഡ്രൈവിംഗ് സ്കൂളും പോലെ വന്നെത്തിയ പുതിയ മാറ്റങ്ങൾ മൂലം ഒരു ചെറിയ നഗരമായിത്തന്നെ ചേരമാൻ പരിസരം രൂപാന്തരപ്പെട്ടു. എങ്കിലും ചേരമാൻ ടാക്കീസും പുറമ്പോക്കിലെ ചെററക്കുടിലുകളും മാത്രം തുപ്രന്റെ മനസ്സ് പോലെ ഒരു മാറ്റവുമില്ലാതെ തുടർന്നു. 

പാത്തുവിനെ മോഹിക്കാൻ തുടങ്ങിയ നാളുകളിലുണ്ടായ  തുപ്രന്റെ ബലിഷ്ഠമായ മാറിടവും ദൃഢമായ കൈകാലുകളും പക്ഷേ ശോഷിച്ചു തുടങ്ങിയിരുന്നു. എങ്കിലും അയാളുടെ മനസ്സിപ്പോഴും പാത്തുവിനെ ഒരു ചൂണ്ട കൊളുത്താലെന്നപോലെ കൊത്തിവലിക്കുന്നുണ്ട് ! കൊളപ്പാടന്റെ ഷാപ്പിലേക്കുള്ള അര മൈൽ നടത്തം ഇപ്പോൾ ദുസ്സഹമായി മാറിയിരിക്കുന്നു. എങ്കിലും, തിരികെ വരുമ്പോൾ ഒരസ്വാസ്ഥ്യവും തന്നെ അലട്ടാറില്ല എന്നും അയാളോർത്തു.

പതിറ്റാണ്ടുകളുടെ കഠിനമായ അദ്ധ്വാനം പാത്തുവിന്റെ ആകാര വടിവിലും മുഖകാന്തിയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയെങ്കിലും, കാമ ഭാവം നിറഞ്ഞ ആകർഷകത്വം പൂർണ്ണമായും അവളെ വിട്ടൊഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കിപ്പുറവും തുപ്രന് ദീർഘ നിശ്വാസത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കാൻ പാകത്തിൽ അതവളിൽ ബാക്കിയായി നിലകൊണ്ടു. കാറുകളുമായി വന്ന് കൂട്ടിക്കൊണ്ട്പോവുന്ന പതിവുകൾ എന്നേ നിന്ന് കഴിഞ്ഞിരുന്നു. പഴയ അമ്പത് രൂപ നിരക്കിൽ നിന്നും താഴ്ന്ന് താഴ്ന്ന് ഇന്നവൾ അഞ്ചു രൂപയിലെത്തി നില്ക്കയാണെന്ന് തുപ്രനറിയാം. അവൾ ദേശത്ത് പ്രത്യക്ഷപ്പെടുമ്പോളുണ്ടായിരുന്ന കൈക്കുഞ്ഞ് വളർന്ന് വലുതായിരുന്നു. കുറെ നാൾ കഞ്ചാവ് വിറ്റ് നടന്ന് പിന്നീട് എവിടെയോ അപ്രത്യക്ഷനായി. അതിനാൽ അവളിന്ന് തനിച്ചാണെന്നു മറ്റേവരെയും പോലെ തുപ്രനുമറിയാം.

സന്ധ്യ കഴിഞ്ഞ നേരം കൊളപ്പാടന്റെ ഷാപ്പിൽ നിന്നും തനിയെ തിരികെ നടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. പഴയ വെട്ടുവഴി റോഡായി പരിണമിച്ചതും ആവണിപ്പാടങ്ങളെ തീർത്തും ഇല്ലാതാക്കി അതിന്റെ ഇരുവശങ്ങളിലും ഉയർന്ന വലിയ കോൺക്രീറ്റ് വീടുകളും അയാളെ ഇന്ന് മാത്രമല്ല ദു:ഖിതനാക്കുന്നത്. കട്ടക്കല്ലുകൾ പല്ലിളിക്കുന്ന നിരത്തിലൂടെ നഗ്നപാദനായി തുപ്രൻ വേച്ചുവേച്ചു നടന്നു. ചേരമാൻ ടാക്കീസിലെ  മൈക്ക് സെറ്റിൽ നിന്നും പണ്ട് കേട്ടിരുന്ന ഒരു പഴയ പാട്ടിന്റെ ഈരടികൾ അയാളുടെ നാവിൻ തുമ്പിൽ തത്തിക്കളിച്ചു. നീ മധു പകരൂ , മലർ ചൊരിയു അനുരാഗ പൗർണ്ണമിയേ…

തുപ്രനിൽ അയാളറിയാതെ തന്നെ ഒരു ചിരി പടർന്നു. അയാൾ ആർത്തലച്ചു ചിരിക്കാൻ തുടങ്ങി. അനുരാഗ പൗർണ്ണമിയേ എന്ന് അയാൾ ആവർത്തിച്ച് പാടി കൊണ്ടിരുന്നു. അപ്പോഴൊക്കെയും പാത്തുവിന്റെ മുഖം ചന്ദ്രകാന്തി പരത്തിക്കൊണ്ട് അയാളുടെ മനസ്സിൽ നൃത്തം വെച്ചു. ഇത്ര നാളുകളായിട്ടും തന്നിൽ നിന്നും ഒഴിഞ്ഞു മാറാത്ത ഈ വികാരത്തെ അയാൾ കൗതുകപൂർവ്വം മനസ്സിലിട്ട് ഊയലാട്ടി. ഒരു കിതപ്പോടെ അയാൾ അവസാനത്തെ കലുങ്കിലിരുന്നു.

ഒരേ മോഹവുമായി പിന്നിട്ട പതിറ്റാണ്ടുകളിലേക്ക് തിരികെ നോക്കാൻ തുപ്രന് ധൈര്യമുണ്ടായില്ല. ആവണിപ്പാടങ്ങൾ ഇല്ലാതായതോടെ അവയെ ബന്ധിപ്പിച്ചിരുന്ന കൈത്തോടുകളും ഇല്ലാതായെങ്കിലും അവക്ക് മുകളിലെ കലുങ്കുകൾ ഇന്നും ബാക്കിയായി നില്ക്കുന്നത് ഒരു വിരോധാഭാസമായി തുപ്രന് തോന്നി. എവിടെയോ നഷ്ടപ്പെട്ട പാട്ടിന്റെ ബാക്കി വരികൾ തിരയാതെ തുപ്രൻ മുന്നോട്ട് നടന്നു.

ചേരമാൻ ടാക്കീസ് എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. അത് വകവെക്കാതെ തുപ്രൻ നടന്നു. തുലാവർഷം അരങ്ങു തകർക്കാനുള്ള പുറപ്പാടാണ്. ഇടക്കിടെ ഭീതി പരത്തി കൊണ്ട് മിന്നലും തുടർന്ന് ഇടി വെട്ടുമുണ്ട്. മെയിൻ റോഡരികിലുള്ള ലൈബ്രറി വരാന്തയിൽ കയറാമെന്ന ധാരണയിൽ നടക്കുമ്പോഴാണ് തുപ്രനിൽ ഞെട്ടലുണ്ടാക്കിക്കൊണ്ട് ഒരു മിന്നലിനൊടുവിൽ ആ വിളി വന്നത്.

തുപ്രാ….

അതേ മിന്നൽ വെളിച്ചത്തിൽ അയാൾ ആ രൂപം കണ്ടു. കാമസ്വരൂപിണിയായ പാത്തു . തന്റെ ദേവത ! ശക്തമായ മിന്നലേറ് വീണ്ടുമുണ്ടായി. തുടർന്നുള്ള ഇടിവെട്ടിന് മുമ്പേ ഇടിവെട്ടിനേക്കാൾ ശക്തിയേറിയ സ്വരത്തിൽ അവൾ വീണ്ടും വിളിച്ചു.

തുപ്രാ…

ആ വിളി മഴയിലലിഞ്ഞുചേരും മുമ്പേ തുപ്രൻ അവളുടെ അരികിലേക്കോടാനൊരുങ്ങി. താൻ ഈ കാലമത്രയും കേൾക്കാൻ കൊതിച്ചിരുന്ന വിളി ! അവൾ മഴയിൽ കുളിച്ചൊട്ടി നില്ക്കയാണ്. തെരുവും അങ്ങാടിയും ഒട്ടൊക്കെ വിജനമാണ്. ലൈബ്രറി വരാന്തയും ആളൊഴിഞ്ഞ് കിടക്കുന്നു. സന്ധ്യ കഴിഞ്ഞതേയുള്ളുവെങ്കിലും തുലാവർഷ മഴയെ ഭയന്ന് ആളുകൾ വീട്പറ്റിക്കഴിഞ്ഞിരിക്കണം,

തുപ്രനോർത്തു.

ഈശ്വർ സത്യ ഹെ ! 

ചേരമാനിൽ ഇന്റർവെൽ സമയത്ത് പാട്ട് വെക്കാറില്ലല്ലോ. തനിക്ക് തോന്നിയതാണോ!

മഴയിൽ നനഞ്ഞൊട്ടിയ പാത്തുവിന്റെ ചെഞ്ചുണ്ടുകളിൽ നിന്നും മഴത്തുള്ളികൾ മുത്തുമണികളായി മാറിലേക്ക് പതിഞ്ഞു. അവ പൊക്കിൾ ചുഴിയിലൂടെ വീണ്ടും താഴോട്ടൊഴുകി. അവളുടെ വിടർന്ന കണ്ണിൽ സ്വതവേയുള്ള ആലസ്യത്തിന് പകരമായി കുടി കൊണ്ട ആസക്തിയെ തുപ്രൻ തിരിച്ചറിഞ്ഞു. വർദ്ധിച്ച് വന്ന കിതപ്പിനെ വകവെക്കാതെ തുപ്രൻ അവളുടെ അടുത്തേക്കോടി ചെന്നു.

തുപ്രാ. 

അവൾ വീണ്ടും വിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ തുപ്രൻ തരിച്ചു നിന്നു. ഇക്കാലമത്രയും താൻ മനസ്സിൽ പേറി നടന്നിരുന്ന ആവേശമൊക്കെയും ചോർന്ന് പോയ പോലെ അയാൾക്കനുഭവപ്പെട്ടു. ഒന്നും ചെയ്യാനാകാതെ അയാൾ അവൾക്ക് മുന്നിൽ തരിച്ചു നിന്നു.

പതിയെ അവൾ അയാളുടെ കൈയിൽ കടന്ന് പിടിച്ചു. വിരൽത്തുമ്പിലൂടെ,  കൊള്ളിയാൻ മിന്നലേറ്റിട്ടെന്ന പോലെ ഒരു വിദ്യുത് തരംഗം ശരീരമെമ്പാടും പടർന്ന് പിടിച്ചതായി തുപ്രനറിഞ്ഞു. അവളവനുമായി കൂരക്കകത്തേക്ക് നൂണ്ടു കയറി.

ഒരു പുരുഷായുസ്സത്രയും താൻ ഉപാസിച്ചിരുന്ന  കാമദേവത ഇതാ തന്റെ മുന്നിൽ അനാവൃതയാവുകയാണ്. തുപ്രന് എല്ലാം ഒരു സ്വപ്നം പോലെ തോന്നി. നനഞ്ഞൊട്ടിയ സാരി അവളഴിച്ചു മാറ്റുന്നത് ഒരു കുട്ടിയുടേതെന്ന കൗതുകത്തിൽ തുപ്രൻ നോക്കിക്കണ്ടു. അയാളുടെ ഉമിനീർ ഗ്രന്ഥികൾ വരണ്ടു വറ്റിയിരുന്നു. അവൾ ബ്ലൗസും കൂടി അഴിച്ചു മാറ്റിയതോടെ അവളുടെ പ്രായം നേർപകുതിയായി കുറഞ്ഞതായി തുപ്രൻ അറിഞ്ഞു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. തുപ്രന് അഴിച്ചു മാറ്റാനായി, കോന്തലക്കൽ അവൾക്കായി വർഷങ്ങളായി കൊണ്ട് നടക്കുന്ന നാലായി മടക്കിയ അമ്പത് രൂപാ നോട്ടുള്ള ഒരൊറ്റ മുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.

താഴെ വിരിച്ചിട്ട തഴപ്പായയിലേക്ക് പതിയേ ഇരുന്ന് കൊണ്ട് അവളവന്റെ കൈപിടിച്ചിരുത്താൻ ശ്രമിച്ചു. മഴയുതിർത്ത കൊടും തണുപ്പിലും തുപ്രന് ഒരു പൊള്ളലനുഭവപ്പെട്ടു. എങ്കിലും ഉള്ളിലെ ആസക്തിയെ നിയന്ത്രിക്കാനാവാതെ തുപ്രൻ അവളെ അനുസരിച്ചു. കിടക്കപ്പായിലേക്ക് ഇരിക്കും മുമ്പേ തുപ്രൻ മുണ്ടിന്റെ കോന്തലക്കെട്ടഴിച്ച് മുപ്പത് വർഷത്തിലേറെ പഴക്കം ചെന്ന ആ അമ്പത് രൂപാ നോട്ടിന്റെ പൊതി പുറത്തെടുത്ത് നിവർത്തി. കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞുതിരാൻ തുടങ്ങിയിരുന്ന ആ നോട്ട് തുപ്രൻ തന്റെ ഇരു കണ്ണുകളോടും ചേർത്തു. ദീർഘകാലം തപം ചെയത് നേടിയ ഒരു വരദാനം തനിക്കേറ്റവും ഇഷ്ടമുള്ള ഒരു മൂർത്തിക്ക് കാണിക്ക വെക്കുമ്പോലെ അതയാൾ അവൾക്ക് നീട്ടി.

ദേശമാകെ മുഴങ്ങും വിധം ഭീകരമായ ഒരിടി, മിന്നലിനൊപ്പം തന്നെ ഭൂമിയിലേക്കിറങ്ങി വെട്ടി. അതോടൊപ്പം കാലങ്ങളായി പാത്തുവിനായി കരുതി വെച്ചിരുന്ന ജീവജലം തുപ്രനിൽ നിന്നും അണപൊട്ടിയൊഴുകി. നീണ്ടു നിന്ന സുരതാവേഗത്തിനൊടുവിൽ തുപ്രൻ നന്നായി കിതച്ചു. പിന്നെ ലോകം കീഴടക്കിയവന്റെ നിറഞ്ഞ സംതൃപ്തിയോടെ അവളുടെ നഗ്നമേനിയിൽ അമർന്ന് കിടന്നു.

+++++++ +++++++ +++++++ ++++++

Share this story

Comments (3)

  • ഹബീബ്.

    16 November 2021

    habibmh3@gmail.com

  • Suharabi

    16 November 2021

    Great work.Congratulations.

  • Unknown

    24 November 2021

    ഒരു കാലത്ത് എറിയാടിന്റെ യുവതയെ ആകെ ത്രസിപ്പിച്ച ബോംബെ ...ശ അല്ലേ, ഞങ്ങളിലെ യുവത്വം പൂവിടുമ്പോഴേക്കും അവളുടെ ഓജസ്സും തേജസ്സും എല്ലാം വറ്റി വരണ്ടിരുന്നു.