2 December 2021 · 16 min read · യാത്ര

യാത്ര/ ബാങ്കോക്ക് ....ബാങ്കോക്ക്.

എൺപതുകളുടെ രണ്ടാം പകുതിയിൽ ദുബായിലെത്തിപ്പെടുമ്പോൾ സന്ദർശിക്കാനായി മനസ്സിൽ കുറിച്ചിട്ട ചില സ്ഥലങ്ങളുണ്ടായിരുന്നു. അതിലൊരിക്കലും ബാങ്കോക്ക് എന്ന മായിക നഗരം ഉൾപ്പെട്ടിരുന്നില്ല. ഈജിപ്ത്, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ആദ്യാവസരങ്ങൾ മാറ്റിവെക്കണമെന്ന് തീരുമാനമെടുത്തപ്പോഴും അവസാനത്തേതായി പോലും ഈ നഗരം മനസ്സിലേക്ക് എത്തി നോക്കിയിരുന്നില്ല. പക്ഷെ, എയർ പോർട്ടിൽ ജോലിക്ക് കയറിയ ശേഷം സഹപ്രവർത്തകരിൽ പലരും ഇടവിടാതെ ബാങ്കോക്കിലേക്ക് യാത്രയാവുന്നതിന്റെ പൊരുളെന്തെന്ന് തിരക്കിയപ്പോഴാണ് അവിടം ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന ആഗ്രഹം  മനസ്സിൽ ചേക്കേറാൻ തുടങ്ങിയത്. തുടർച്ചയായി ബാങ്കോക്കിൽ പോയി വന്നിരുന്ന ഒരാൾക്ക് സഹപ്രവർത്തകരിലെ മലയാളികളിലാരോ ബാങ്കോക്ക് ശശി എന്ന പേരു് നല്കിയിരുന്നത് അക്കാലത്തായിരുന്നു. ഇന്നത്തെ ശശിയായിരുന്നില്ല. പത്തരമാറ്റ് ഒറിജിനൽ ശശി. എന്ന് വെച്ചാൽ സഹപ്രവർത്തകരുടെയിടയിൽ വീരശൂരനായി നിന്നിരുന്ന അയാളുടെ യഥാർത്ഥ പേര്  ശശിയെന്ന് തന്നെയായിരുന്നു.

ആളുകൾ കൂട്ടത്തോടെ ബാക്ക് പാക്കുമായി ബാങ്കോക്കിലേക്ക് തിരിച്ചിരുന്നത് അടിച്ചു പൊളിച്ച് ആഘോഷിക്കാൻ തന്നെയായിരുന്നു. ജോലിക്കിടയിലെ അപൂർവം സന്ദർഭങ്ങളിൽ ശശിയിൽ നിന്നും പൊഴിഞ്ഞു വീഴുന്ന അത്യപൂർവ്വ ബാങ്കോക്ക് അനുഭവങ്ങളുടെ ചരടു പൊട്ടാത്ത കഥകൾ കേൾവിക്കാരിൽ ഉത്സാഹമുണർത്തും വിധമായിരുന്നു. വിയ്യൂർ ജയിൽ ആണുങ്ങൾക്കുള്ളതാണടാ എന്ന പഴയ കാല സിനിമയിലെ ഡയലോഗിനെ കടമെടുത്ത്, വിവരണങ്ങൾക്കൊടുവിൽ ആർത്തട്ടഹസിച്ച് കൊണ്ട് വർക്കല ഭാഷയിൽ ശശിയുടെ ഭരതവാക്യം പിറവിയെടുക്കും. ആണായി പിറന്നവനുള്ളതാഡേ ബാങ്കോക്ക്. മുമ്പിലിരിക്കുന്ന ശ്രോതാക്കളെയൊക്കെ ശിശുക്കളെന്ന മട്ടിൽ ഒരു പച്ഛരസത്തിൽ നോക്കി ക്രോണിക്ക്ൾ ബാച്ചിലറായ ശശി എന്നേറ്റ് പോകും. തങ്ങളിപ്പോഴും ബാങ്കോക്കിലാണെന്ന ഹാംഗോവറിൽ

കേട്ടിരുന്നവരത്രയും തുടർച്ചർച്ചകളിൽ മുഴുകും. 

പല തവണ കേട്ട് കേട്ട് അത്തരമൊരു യാത്ര അക്കാലങ്ങളിൽ മനസ്സിൽ പ്രലോഭനമുയർത്തിയിരുന്നെങ്കിലും ആ ആഗ്രഹം പൂവണിയാതെ അങ്ങനെ തന്നെ നിന്നത് നീണ്ട നാളുകളായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം അത് സാദ്ധ്യമായത് പക്ഷെ, മറ്റൊരു തലത്തിലാണെന്ന് മാത്രം. കൂട്ടുകരോടൊത്തല്ല, മറിച്ച് കുടുംബവുമൊത്ത് ഒരുല്ലാസയാത്ര എന്ന നിലയിലേക്ക് അതിനെ പരിവർത്തിപ്പിച്ചു കൊണ്ടായിരുന്നു അത്. പന്ത്രണ്ടാം മണിക്കൂറിൽ നടക്കാതെ പോയ ഒരു കിഴക്കൻ യൂറോപ്പ് യാത്ര നല്കിയ അനിശ്ചിതത്വത്തിൽ പൊടുന്നനെ പ്ലാൻ ചെയ്ത ഒരു യാത്രയായിരുന്നു ബാങ്കോക്കിലേക്ക്.

ലോകത്തിലെ വ്യത്യസ്ത രുചിഭേദങ്ങളുള്ള വിനോദ സഞ്ചാരികൾ  ഏറ്റവുമധികം  സന്ദർശിക്കാനിഷ്ടപ്പെടുന്ന നഗരമാണ് ബാങ്കോക്ക്. ഒരിക്കൽ  അവിടെ എത്തിപ്പെട്ടാൽ അത്  എന്തുകൊണ്ടെന്ന് നമ്മൾക്ക് തീർത്തും ബോദ്ധ്യപ്പെടും. മനോഹരമായ ക്ഷേത്രങ്ങൾ, അതുല്യമായ സംസ്കാരം, മികച്ച തെരുവ് ഭക്ഷണങ്ങൾ, ലോകത്തിലെ ഏറ്റവും മികച്ച മസാജുകൾ എന്നിവയുടെ മിശ്രണത്തോടെ ഇത് തായ്‌ലൻഡിന് മാത്രമല്ല, പൊതുവെ തെക്ക്-കിഴക്കൻ ഏഷ്യയ്ക്കും ഒരു മികച്ച ആമുഖമാണ്

സുവർണ്ണഭൂമി എയർ പോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ അതിശയങ്ങളുടെ അമിട്ടുകൾ താനേ പൊട്ടിയുയരാൻ തുടങ്ങിയിരുന്നു. ദുബായ് എയർപോർട്ടിന്റെ അതിവിശാലതയിൽ നിന്നും ഒരു പാവം കുഞ്ഞൻ എയർപോർട്ടിന്റെ എളിമയിലേക്ക് കാലുകുത്തുമ്പോൾ, സർവ്വസംഗ പരിത്യാഗിയായി കൊട്ടാരം വിട്ടിറങ്ങിയ ഗൗതമബുദ്ധൻ ഇവിടെ സർവ്വവ്യാപിയാണെന്നതിന്റെ ഒരു സൂചനയും എനിക്കനുഭവപ്പെട്ടില്ല. മറിച്ച് ഹൈന്ദവേതിഹാസത്തിലെ  വളരെ പ്രസിദ്ധമായ ഒരു സന്ദർഭത്തിന്റെ, പാലാഴി മഥനത്തെ ചിത്രീകരിക്കുന്ന പടുകൂറ്റൻ ശില്പമാണ് വിസ്മയാവഹമായ ഒരു കാഴ്ചയായി എയർ പോർട്ടിനുള്ളിൽ തന്നെ എന്റെ മുന്നിലവതരിച്ചത്.

ക്രിസ്തുവിന് മുമ്പ്  ഇന്ത്യയിൽ നിന്നെത്തിയ ഹിന്ദുമത സ്വാധീനങ്ങൾ, തായ്ലന്റിന്റെ പ്രാദേശിക രാഷ്ട്രീയ സംവിധാനങ്ങളിൽ ഇന്നും നിഴലിക്കുന്നവെന്നതിന്റെ തെളിവായിട്ടാണ് ഈ കാഴ്ച ഞാൻ നോക്കിക്കണ്ടത്.  പുരാതന കാലം മുതലേ  തായ്‌ലൻഡ് ഇന്ത്യയുമായി സ്ഥാപിച്ചിരുന്ന വ്യാപാര, സാംസ്കാരിക, രാഷ്ട്രീയ ബന്ധങ്ങളും ഇതിന്റെ അടിസ്ഥാനമാകാം.   തെക്കുകിഴക്കൻ ഏഷ്യയിൽ പരക്കെയുള്ള ഇന്ത്യൻ സ്വാധീനത്തിനും അത് വഴിയുള്ള സംസ്‌കൃതവൽക്കരണത്തിനും കാരണമായതും വേറൊന്നാകാൻ വഴിയില്ല. ആ ഭാഗത്തെ രാഷ്ട്രങ്ങളിൽ ചിലതെങ്കിലും ഇന്ത്യൻവൽക്കരിച്ച ഹിന്ദു-ബുദ്ധമത മണ്ഡലങ്ങൾ ആയിത്തീർന്നതിന്റെ കാരണങ്ങൾ സൂക്ഷ്മതലത്തിൽ ഇവയൊക്കെ തന്നെയായിരിക്കണം.

ഇന്ത്യയുടെ ചരിത്രപരമായ  സാംസ്കാരിക സ്വാധീന മേഖല വിപുലമായിരുന്നുവെന്നത് നിസ്തർക്കം.  ഹിന്ദുമതം, ബുദ്ധമതം,  വാസ്തുവിദ്യ, ആയോധന കലകൾ, തുടങ്ങിയ  ഘടകങ്ങളുടെ വ്യത്യസ്ത തലങ്ങളിലെ സ്വാധീനവും അവയുടെ സംയോജനങ്ങളും ഏറെ ആഴത്തിൽ തായ്ലന്റിൽ പ്രചാരത്തിലാവുന്നത് വളരെ പെട്ടെന്നായിരുന്നു. ഇന്ത്യൻ സംഗീതവും നൃത്തവും, പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളും, ഇന്ത്യൻ പാചകരീതിയും, ഇന്ത്യൻ മണ്ണിൽ നിന്നും ചിതറിപ്പോയവർ തീർത്ത ചരിത്രപരമായ വികാസവും ഈ പ്രക്രിയയോട് ചേർന്ന് നില്ക്കുന്നവയാണ്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഉപദ്വീപിന്റെ തെക്കുകിഴക്കൻ തീരം ഭരിച്ചിരുന്ന പല്ലവ സാമ്രാജ്യം കടൽ കടക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സാംസ്കാരിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നത് ഒരു സങ്കരസംസ്കാരം വളർന്ന് പുഷ്ടി പ്രാപിക്കാൻ പ്രാപ്തമായിട്ടുണ്ടാവണം.  തെക്കുകിഴക്കൻ ഏഷ്യയിലെ പല രാജ്യങ്ങളിലും ബുദ്ധമതം അഭിവൃദ്ധി പ്രാപിക്കുകയും പ്രധാന മതമായി മാറുകയും ചെയ്യുന്നത് അങ്ങനെയാണ്. പക്ഷെ അത് ഇന്ത്യയിൽ ന്യൂനപക്ഷ മതമായി മാറി എന്നത് വിചിത്രമായി തോന്നുന്ന കാര്യവുമാണ്.

ഡിസംബറിലെ അതിശൈത്യം നിറഞ്ഞ ഒരു പുലർച്ചെയാണ് ഞങ്ങൾ ബാങ്കോക്കിൽ ഇറങ്ങുന്നത്. നമ്മൾ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ആയതിനാൽ എമിഗ്രേഷനിൽ കുറച്ചധികം സമയം ചിലവഴിക്കേണ്ടി വന്നുവെന്ന് മാത്രം. ഫോട്ടോകൾ കയ്യിലുണ്ടാവാതിരുന്നതിനാൽ അവിടെത്തന്നെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുറത്തിറങ്ങി നേരെ അപ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നീങ്ങി. എട്ട് മണിക്കൂർ നീണ്ട യാത്രയിൽ ഫ്ലൈറ്റിൽ ശരിക്കും ഉറങ്ങാനായതിനാൽ വലിയ ക്ഷീണം അനുഭവപ്പെട്ടിരുന്നില്ല. എങ്കിലും കുറച്ചുനേരം വിശ്രമിച്ച ശേഷമാണ് ഞങ്ങൾ പുറത്തേക്കിറങ്ങിയത്.

ബാങ്കോക്കിൽ ഞങ്ങളുടെ യാത്ര ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗമായി ഞങ്ങൾ കണ്ടത് നഗരത്തിന്റെ രക്തവാഹിനിക്കുഴലായ ചാവോ ഫ്രായ നദിയിലൂടെയുള്ള ഒരു യാത്രയാണ്.    നദിയിൽ ദിവസം മുഴുവനും നെടുകെയും കുറുകെയും ഒഴുകി നീങ്ങുന്ന കടത്തുവള്ളങ്ങൾ നിരവധിയാണ്. ഈ യാത്രയിലൂടെ തന്നെ നഗരത്തിലെ ചില പ്രധാന  ലാൻഡ്‌മാർക്കുകളുടെ മികച്ച കാഴ്ചകൾക്കുള്ള അവസരം ഞങ്ങൾക്ക് കൈവരിക്കാൻ കഴിഞ്ഞു. വ്യതിരിക്തമായ ക്ഷേത്ര മേൽക്കൂരകളും വർണ്ണാഭമായ സ്തൂപങ്ങളും തീർത്തും ഫോട്ടോജെനിക് ആയി അനുഭവപ്പെടും വിധമാണ് തോണിക്കാഴ്ചകൾ ഞങ്ങൾക്ക് പകർന്ന് തന്നത്.  അവയൊക്കെയും നേരിൽ കാണാനുള്ള ആവേശമുണർത്താൻ അത് പര്യാപ്തമായിരുന്നു.  അത് വഴി ബാങ്കോക്കിന്റെ മനോഹാരിത ഒപ്പിയെടുക്കുവാനുള്ള   നല്ലൊരു അവസരം തന്നെയാണ് ഈ യാത്രയിലൂടെ ഞങ്ങൾക്ക് കിട്ടിയത്. 

ഡുംഡും എന്ന മദ്ധ്യവയസ്കനായ ഒരു ടാക്സിക്കാരനെയാണ് ആ പരിസരങ്ങളിൽ നിന്ന് ഞങ്ങൾ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്തതെന്ന് പറഞ്ഞാൽ അത് ശരിയല്ല. യാദൃശ്ചികമായി വന്ന് പെട്ടതാണ്. അയാളാണ് ബാങ്കോക്കിലെ പരമാവധി സ്ഥലങ്ങളിലും ഞങ്ങളെ കൊണ്ടെത്തിച്ചതും കാഴ്ചകൾ വിവരിച്ചു തന്നതും കാത്തു നിന്നതും. ആദ്യ ദിവസം തന്നെ അയാളെ ഞങ്ങൾക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ 8 മണിക്കേ ഡും ഡും ഹോട്ടൽ അപ്പാർട്മെന്റിന് മുന്നിൽ ഹാജരാവുമായിരുന്നു. മിതമായ നിരക്കെന്ന് ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ട ഒരു തുകയേ കക്ഷി വാങ്ങിയിരുന്നുള്ളു. ഫ്ലോട്ടിംഗ് മാർക്കറ്റിന്റെ മൂന്ന് മണിക്കൂർ നീളുന്ന യാത്രയിലത്രയും ഞങ്ങളെ തനിയെ വിട്ട് അയാൾ കരയിൽ കാത്തിരിക്കുകയായിരുന്നു.

സുഖുംവിറ്റ് റോഡ്

സുഖുംവിറ്റ് റോഡ് ബാങ്കോക്ക് നഗരത്തിലെ പ്രധാന ബിസിനസ്സ് കേന്ദ്രമാണ്.  ഒരിക്കലുമുറങ്ങാത്ത നഗര ഭാഗമായതിനാൽ എപ്പോഴും  തിരക്ക് അനുഭവപ്പെടുന്ന ഒരിടം.  എക്‌സ്‌പ്രസ്‌വേ  കടന്ന് പോകുന്ന ഈ ഭാഗത്തെ അശോകാ ജംഗ്ഷനിൽ അശോക് റെസിഡൻസിയിലെ അതി ബൃഹത്തായ  ഒരു അപ്പാർട്ട്മെന്റാണ് താമസത്തിനായി ഞങ്ങളെടുത്തിരുന്നത്. എയർലൈൻ സ്റ്റാഫുകൾക്കുള്ള പ്രത്യേക ഡിസ്കൗണ്ട് ഉള്ളതിനാൽ ചെറിയവാടകയേ ഇതിനായുള്ളു. ദുബായിൽനിന്ന് തിരിക്കും മുമ്പേ സൂക്ഷ്മമായ തിരഞ്ഞെടുപ്പിലൂടെയാണ് ഇത് കണ്ടെത്തിയത്. മൂന്ന് മുറികളും ഹാളും കിച്ചൻ സൗകര്യമൊക്കെയുള്ള അടിപൊളി അപ്പാർട്മെന്റ്. ഏഴാം നിലയിൽ നിന്ന് നോക്കിയാൽ നഗര ദൃശ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ ഞങ്ങൾക്ക് കൗതുകമുണർത്തുന്ന വിധം തന്നെയായിരുന്നു.

മഴക്കാലമൊഴികെയുള്ള എട്ടൊമ്പത് മാസങ്ങൾ മുഴുക്കെയും ബാങ്കോക്കിലെ യാത്രാസമയങ്ങൾ തന്നെയാണ്. അതിനാൽ സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും എപ്പോഴും അങ്ങോട്ട് . അത് വിമാനത്തിൽ തന്നെ ബോദ്ധ്യപ്പെട്ടതുമാണ്.

സുഖുംവിറ്റ് ലൈനിൽ നിന്ന് സ്കൈട്രെയിൻ വഴി എവിടേക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാകും എന്നതാണ് അവിടെ തന്നെ താമസിക്കാനുള്ള കാരണം. ഇത് ലാം ലുക്ക് കായിലെ ഖുഖോട്ടിൽ നിന്ന് പാത്തുംതാനിയിലെ സിലോം ലൈൻ ഇന്റർചേഞ്ചിലൂടെ നമുക്ക് നഗര ഭാഗങ്ങളൊക്കെയും ആയാസരഹിതമായി ചെന്ന് ചേരാനാവും വിധമാണ്. സിലോം ലൈൻ ഇന്റർചേഞ്ചിലൂടെ സമുത് പ്രകാനിന്റെ മധ്യഭാഗത്തുള്ള ഖേഹയിലേക്ക് പോകാനും എളുപ്പമാണ്. സുഖുംവിറ്റ് സ്റ്റേഷൻ അശോകിലെ സ്കൈട്രെയിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ സുഖുംവിറ്റ് ഏതൊരിടത്തേക്കും നമുക്ക് സുഗമമായ യാത്രക്കുള്ള വഴികൾ തുറന്നിടുന്നു.

ഈ ഭാഗങ്ങളിലൊക്കെയും അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളും വൃത്തിയുള്ള തെരുവുകളും നമുക്ക് കാഴ്ചകളൊരുക്കുന്നു. ഡും ഡുമിന്റെ ഭാഷയിൽ കോപ്പി കടകളുടെ നീണ്ട നിരകളാണ് അവിടെയെങ്ങും. ബ്രാൻഡസ് ഐറ്റംസുകളുടെ തനിപ്പകർപ്പുകൾ നിസ്സാര വിലക്ക് വില്ക്കുന്ന ഷോറൂമുകൾ . അത്തരം കടകൾ അനവധിയാണ് ഈ ഭാഗങ്ങളിലത്രയും. ഓരോയിടങ്ങളിലും കയറി നോക്കാനായി ഡും ഡും ഞങ്ങളെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. ഒന്നും വാങ്ങിയില്ലെങ്കിലും ഓരോ ടൂറിസ്റ്റിനെയും അവിടെ എത്തിക്കുന്നതിന് മാത്രം അയാൾക്ക് ചെറിയൊരു തുക അവരിൽ നിന്നും കിട്ടുമെന്നാണയാൾ പറഞ്ഞത്. അയാൾക്കെന്തെങ്കിലും കിട്ടുമെങ്കിൽ ഞങ്ങളായിട്ട് അത് ഇല്ലാതാക്കേണ്ടെന്ന് കരുതി ഓരോ കടകളിലും കയറിയിറങ്ങി. പതിനായിരവും ഇരുപതിനായിരവും ദിർഹംസുകൾ വില വരുന്ന വാച്ചുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ ഇരുന്നുറ്  ദിർഹംസിന് അവിടെ കിട്ടും. എന്നെപ്പോലുള്ള ഒരാൾക്ക് ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത വിധം ഫിനിഷിംഗിലാണ് ഓരോന്നിന്റെയും നിർമ്മിതി. ഡും ഡും ഒരു വാച്ച് എങ്കിലും വാങ്ങാനായി നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ഒന്നും വാങ്ങിയില്ല.

ഗ്രാൻഡ് പാലസ് 

ബാങ്കോക്കിൽ കാഴ്ചകൾക്കായി തിരഞ്ഞെടുക്കാൻ നൂറുകണക്കിന് ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും, വലിപ്പത്തിലും മഹത്വത്തിലും  മറ്റുള്ളവയേക്കാൾ മുകളിൽ നിൽക്കുന്ന ഒന്നാണ് ഗ്രാൻഡ് പാലസ്.  നദിയിലൂടെയുള്ള യാത്രയിൽ തന്നെ അതിന്റെ പ്രൗഢി  സ്കൈലൈനിൽ നിറഞ്ഞു നില്ക്കുന്നത് ഞങ്ങൾക്ക് കണ്ടെത്താമായിരുന്നു. സ്വർണ്ണ ഇലകൾ കൊണ്ട് പൊതിഞ്ഞ  ചാരിക്കിടക്കുന്ന കൂറ്റൻ ബുദ്ധപ്രതിമയാണ് ഇവിടത്തെ  ആകർഷണീയമായ ഒന്ന്. വാട്ട് ഫ്രോ, തായ്‌ലൻഡിലെ ഏറ്റവും പഴയ ക്ഷേത്ര സമുച്ചയമാണെന്ന് പറയപ്പെടുന്നു.

ആർത്തലക്കുന്ന നഗരത്തിരക്കിൽ നിന്ന് പ്രശാന്തമായ ഒരു മരുപ്പച്ചയിലേക്ക് ഞങ്ങൾ സ്വയം പറിച്ചുനട്ടത് പോലെയുള്ള അനുഭവമാണ് അതിന്റെ പരിസരങ്ങളത്രയും ഞങ്ങൾക്ക് പകർന്ന് തന്നത്.  മൊസൈക് സ്തൂപങ്ങളും പൂന്തോട്ടങ്ങളും നിറഞ്ഞ രസകരമായ ഈ ക്ഷേത്ര സമുച്ചയത്തിന്റെ അങ്കണത്തിൽ സമയം പറന്ന് പോകുന്ന പോലെയാണ് തോന്നിയത് .

സുഖുംവിറ്റ് സോയ് 1 നും63 നും ഇടയിലുള്ള ഈ പ്രദേശം  ജനപ്രീതിയാർജ്ജിച്ചതാണ്. മനോഹരമായ വാസ്തുവിദ്യകളാൽ അലങ്കരിച്ച, അതിശയകരമായ ഈ രാജ്യത്തിന്റെ പൈതൃകത്തെ കൂടുതൽ മഹത്വപ്പെടുത്തുന്ന ഇടമാണിത്.    ബാങ്കോക്കിലെ അതി മനോഹരമായ  വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് പാലസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരത്തിന്റെ അകത്തളങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു രാജകീയ ചാപ്പലുണ്ട്. ബുദ്ധക്ഷേത്രം എന്ന് തെറ്റായി തോന്നിയേക്കാവുന്ന ഒന്നാണിത്. വാസ്തവത്തിൽ ഇത് ഒരു ചാപ്പലാണ്. സന്യാസിമാരുടെ താമസസ്ഥലം ഒഴികെ ഒരു ക്ഷേത്രത്തിന്റെ എല്ലാ സവിശേഷതകളും ഇതിനുണ്ട്. 1783-ൽ പണികഴിപ്പിച്ച സുഖോത്തൈയിലെ രാജകൊട്ടാരത്തോട് ചേർന്ന മൈതാനത്തിനുള്ളിലെ ഈ രാജകീയ ചാപ്പൽ പുരാതന പാരമ്പര്യത്തിന് അനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്തമായ

എമറാൾഡ് ബുദ്ധ ക്ഷേത്രത്തിന്റെ പരിസരത്താണ് ഇതിന്റെ സ്ഥാനം.

ഗ്രാൻഡ് പാലസ് കാണാതെയുള്ള ഒരു സിറ്റി ടൂർ തീർത്തും അപൂർണ്ണവും തികഞ്ഞ നഷ്ടവും തന്നെയായിട്ടായിരിക്കും ബാങ്കോക്കിൽ നമുക്ക് നേരിടേണ്ടി വരിക. സ്വർണ്ണ പഗോഡകൾ കൊണ്ട് ആകർഷകമായ , മൊസൈക്ക് നിർമ്മിതിയാൽ വിസ്മയം ജനിപ്പിക്കുന്ന പ്രധാന ക്ഷേത്രങ്ങൾ . അവക്ക് മുന്നിൽ തലയുയർത്തി പാറാവ് നിൽക്കുന്ന സംരക്ഷകരായ ഭൂതഗണങ്ങൾ .  നഗരത്തിനകത്തെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ലാൻഡ്‌മാർക്ക് തന്നെയാണിത്. തായ് രാജകുടുംബം താമസിച്ചിരുന്ന കെട്ടിടങ്ങളുടെ സമുച്ചയമാണ് ഗ്രാൻഡ് പാലസ്. എന്നാൽ ഇപ്പോൾ ഇത് ഔദ്യോഗിക കാര്യനിർവ്വഹണങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഗ്രാൻഡ് പാലസും അതിന്റെ ഗ്രൗണ്ടും പൂർണ്ണമായും ചുറ്റിനടക്കാൻ തന്നെ ഏകദേശം രണ്ട് മണിക്കൂറെങ്കിലും എടുക്കും.

ഗ്രാൻഡ് പാലസിന്റെ ഒരു ഭാഗത്തായി തായ് യുദ്ധ മന്ത്രാലയവും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകളുടെയും കാര്യാലയങ്ങളാണ്. എങ്കിലും ഇത്രയും വർഷങ്ങൾക്ക് ശേഷവും അതിന്റെ ബാക്കിയിടങ്ങളൊക്കെയും രാജ്യത്തിന്റെ ആത്മീയ ഹൃദയമെന്ന വിധം ഒരു സ്മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധക്ഷേത്രമായ വാട്ട് ഫ്രാ കീവ് അല്ലെങ്കിൽ എമറാൾഡ് ബുദ്ധ ക്ഷേത്രവും ഗ്രാൻഡ് പാലസിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

പച്ചനിറത്തിലുള്ള രത്നക്കല്ലിന്റെ ഒറ്റ കട്ടയിൽ നിന്ന് ശ്രദ്ധാപൂർവ്വം കൊത്തിയെടുത്ത മരതക ബുദ്ധന്റെ പ്രതിമയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ബുദ്ധന്റെ ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചതിലൂടെയാണ് ബാങ്കോക്കിലെ വാട്ട് ഫ്രോ ലോകമെമ്പാടും പ്രശസ്തി നേടിയിട്ടുള്ളത്. (ബുദ്ധ ക്ഷേത്രങ്ങളാണ് വാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.) ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇത്  ധാരാളം  സഞ്ചാരികളെ ആകർഷിക്കുന്ന ഒരപൂർവ്വ കരവിരുത് തന്നെയാണ്.   20 ഏക്കർ വിസ്തൃതിയിലാണ് ഈ രാജകീയ ആശ്രമം. 46 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുള്ള ഈ ബുദ്ധ പ്രതിമയ്ക്ക് ഫ്രാ പൂത്ത സയ്യത്ത് എന്നാണ് പേരിട്ടിരിക്കുന്നത്.


 

സാധാരണയായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നത് ഇതിന്റെ തല ഭാഗമാണ്. അതിനോട് ചേർന്ന് തന്നെ ഒരു വലിയ ക്ഷേത്ര ഹാൾ ഉണ്ട്. ബുദ്ധന്റെ വെങ്കല ചിത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു ഇവിടം മുഴുക്കെയും. 

ഏഴ് വ്യത്യസ്ത കവാടങ്ങളുള്ള, കൂറ്റൻ മതിലുകളുടെ നിരകളാൽ ചുറ്റപ്പെട്ടതാണ് ക്ഷേത്രം. സുഖോത്തായിയിലെയും അയുത്തായയിലെയും  പുരാതന രാജകീയ ക്ഷേത്രങ്ങളെപ്പോലെ, വാട്ട് ഫ്രാ ക്യൂ സമുച്ചയവും രാജാക്കന്മാരുടെ താമസസ്ഥലങ്ങളിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു. ഈ ചുവരുകൾക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായുള്ള വ്യത്യസ്ത ശൈലിയിലുള്ള കെട്ടിടങ്ങളും ഘടനകളും ഉണ്ട് . ഇത് രാജാക്കന്മാരുടെ വിവിധ ഭരണകാലത്തെ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന വിധം ആകർഷകമാണ്. ഡും ഡും ഒരു ടാക്സിക്കാരൻ മാത്രമല്ലെന്നും തായ് ചരിത്രം മനപ്പാഠമാക്കിയ ഒരാളാണെന്നും മനസ്സിലാക്കാൻ ഞങ്ങൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓരോന്നും വിവരിച്ചു തരുന്നതിൽ അയാൾ തന്റെ വൈദഗ്ദ്യം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അയാളുടെ വിവരണങ്ങളിലെ അവ്യക്ത ഭാഗങ്ങൾ പൂരിപ്പിച്ചെടുക്കാൻ പാകത്തിൽ നമുക്ക് വായിച്ചെടുക്കാനായി ചെറിയ വിവരണങ്ങൾ അവിടവിടെയായി എഴുതപ്പെട്ടിട്ടുമുണ്ട്. 

മിക്ക കെട്ടിടങ്ങളും ക്ലാസിക്കൽ തായ് വാസ്തുവിദ്യയുടെ നിദർശനങ്ങളായി പരിലസിക്കുന്നു. 

പന്ത്രണ്ട് കോണുകളുള്ള ഒരു പീഠത്തിൽ നിറമുള്ള ഇനാമൽ പൊതിഞ്ഞ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ബുദ്ധമത അവശിഷ്ടങ്ങൾ. ബുദ്ധമത വഴിപാടുകൾക്കുള്ള ഒരു മിനിയേച്ചർ ബലിപീഠം, ബുദ്ധമത കൈയെഴുത്തുപ്രതികൾ, സ്വർണ്ണവും ഇനാമൽ ചെയ്ത വെള്ളി കയ്യെഴുത്തുപ്രതി പെട്ടികളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയവും ക്ഷേത്രത്തിലുണ്ട്.

ബാങ്കോക്കിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സ്‌കൈട്രെയിൻ വഴി കൊട്ടാരത്തിലേക്കും പരിസരങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.തായ്‌ലൻഡിലെ ഏറ്റവും പഴയ സർവകലാശാലയും വാട്ട് ഫ്രോയിൽ തന്നെയാണ്.   വാട്ട് ഫ്രോ, തായ് മസാജിന്റെ പരമ്പരാഗത കേന്ദ്രം കൂടിയാണ്. 

ഫ്ളോട്ടിങ്ങ് മാർക്കറ്റ്

ആദ്യമായി ബാങ്കോക്ക് സന്ദർശിക്കുന്ന മിക്കവാറും എല്ലാ സഞ്ചാരികൾക്കും പരമ്പരാഗത ബോട്ടുകളിൽ നടത്തുന്ന അത്യാകർഷകവും അവിസ്മരണീയവുമായ ഷോപ്പിംഗ് ഏരിയകൾ സന്ദർശിക്കാൻ തീവ്രമായ ആഗ്രഹമുണ്ടാവുക സ്വാഭാവികം. ബാങ്കോക്ക് സിറ്റി സെന്ററർ സന്ദർശിച്ച ശേഷമാണ് ഞങ്ങൾ ക്ലോംഗ് ലാറ്റ് മയോം ഫ്ലോട്ടിംഗ് മാർക്കറ്റിലേക്കുള്ള യാത്രയാരംഭിച്ചത്.    ഡും ഡും ഏറെ വേഗത കുറച്ച് കൊണ്ട് വഴി നീളെയുള്ള കാഴ്ചകളിൽ അഭിരമിക്കാനുള്ള അവസരം ഞങ്ങൾക്കൊരുക്കി. ബാങ്കോക്കിലെ ടാലിംഗ് ചാങ് ജില്ലയിലാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

അതിരാവിലെ ഒരു ചുടു ചായ മാത്രം കുടിച്ചു കൊണ്ട് ഡുംഡും ഞങ്ങളെ ഉണർത്താനെത്തി. എങ്കിലും ഒമ്പത് മണിയോടെയേ ഞങ്ങൾക്ക് പുറപ്പെടാനായുള്ളു. 

ഉച്ചഭക്ഷണ സമയത്ത്   ഫ്ലോട്ടിംഗ് മാർക്കറ്റ് സന്ദർശിക്കുന്ന വിധം കുറച്ചെവിടെയെങ്കിലും ചുറ്റിത്തിരിയുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമുയർന്നു.  അത് വളരെ നല്ല കാര്യമെന്ന് ഡും ഡും ഉത്സാഹപൂർവ്വം പിന്താങ്ങി. ന്യായമായ വിലയ്ക്ക് രുചികരമായ പ്രാദേശിക വിഭവങ്ങൾ വിൽക്കുന്ന ധാരാളം ഫുഡ് സ്റ്റാളുകൾ നിറഞ്ഞ ഒരു തെരുവിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. പ്രാതലും ഉച്ചഭക്ഷണവും കൂടി സംയോജിപ്പിച്ച ഒന്നായിരുന്നു ഞങ്ങളുദ്ദേശിച്ചത്. അതേതായാലും ഫലം കണ്ടു. മക്കൾക്ക് രണ്ടാൾക്കും ഇഷ്ട ഭോജ്യങ്ങൾ കിട്ടിയപ്പോൾ ഞാനും ഭാര്യയും ഫ്ലാറ്റിൽ നിന്നും കഴിച്ച ബ്രെഡ് ടോസ്റ്റിന്റെ രുചിയോർത്ത് വയറിലൊന്നു തടവി ഇരുന്നു ഓരോ ജ്യൂസിൽ വിശപ്പിനെയൊതുക്കി നിർത്തി. 

മാർക്കറ്റിൽ  നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കൂടുതലും പ്രാദേശിക വിനോദസഞ്ചാരികൾ തന്നെ. ഈ മാർക്കറ്റ് ആഴ്ചയിൽ ഏതാനും ദിവസങ്ങൾ മാത്രമേ തുറന്നിരിക്കൂ എന്നതിനാൽ തിരക്ക് ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഡുംഡും വിശദീകരിച്ചു. അതിനാൽ രാവിലെ 10 മണി മുതൽ ഇവിടത്തെ തിരക്ക് പതിവാണത്രെ.

 ക്ലോംഗ് ലാറ്റ് മയോം ഫ്ലോട്ടിംഗ് മാർക്കറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും മാത്രമേ തുറന്നിരിക്കുകയുള്ളൂ, രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ. അതിനാൽ അവിടെയും വളരെ തിരക്ക് അനുഭവപ്പെടാവുന്നത് കൊണ്ട് തലേന്ന് തന്നെ ഡും ഡും ഞങ്ങൾക്ക് അതെപ്പറ്റി മുന്നറിയിപ്പ് നല്കിയിരുന്നു. 

ക്ലോംഗ് ലാറ്റ് മയോം ഫ്ലോട്ടിംഗ് മാർക്കറ്റ് സന്ദർശിക്കുന്നതിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വളഞ്ഞ് പുളഞ്ഞൊഴുകുന്ന  കനാലുകളിലൂടെ ഒരു ബോട്ട് ടൂർ നടത്താനുള്ള അത്യന്തം രസകരമായ അവസരം മാത്രമല്ല. കൂടെ അതിന്റെ പരിസരങ്ങളിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളുടെ മനോഹാരിത ആവോളം നുകരുക എന്നതു കൂടിയാകുമ്പോൾ അവിടെ ചിലവഴിക്കുന്ന സമയമത്രയും നമ്മുടെ ഓർമ്മയിൽ എന്നെന്നും നിലനില്ക്കുന്നവയായി തീരും. 

അവിടത്തെ ബോട്ട് യാത്രകൾ വ്യത്യസ്ത രീതികളിലും സമയ ദൈർഘ്യങ്ങളിലുമായി നമുക്ക് തെരഞ്ഞെടുക്കാവുന്നവയാണ്. കുടുംബമൊത്താണെങ്കിൽ ഒരു ബോട്ട് വാടകക്കെടുത്ത് യാത്രതിരിക്കുന്നത് തന്നെയാണ് അഭികാമ്യം. പലയിടങ്ങളിൽ നിന്നായെത്തിയ ടൂറിസ്റ്റുകളെ കയറ്റി പോവുന്ന പാക്കേജുമുണ്ട്. ഞങ്ങൾ രണ്ടായിരം ബാതിന് മൂന്ന് മണിക്കൂർ നേരത്തേക്ക് ഒരു ബോട്ട് പറഞ്ഞുറപ്പിച്ചു. മുവായിരത്തിൽ തുടങ്ങി താഴോട്ടിറങ്ങിയിറങ്ങിയാണ് അവിടെ എത്തിയത്. ഡും ഡുമിന് ഇവിടെയും എന്തോ തടയുന്നുണ്ടെന്ന് അയാളുടെ ശരീര ഭാഷയിൽ നിന്ന് വ്യക്തം. അതെന്തോ ആയ്ക്കോട്ടെ.

ഫ്ലോട്ടിംഗ് മാർക്കറ്റിന്റെ വിസ്മയാ വഹങ്ങളായ കാഴ്ചകളിലൂടെ ഒഴുകി നീങ്ങുമ്പോൾ കുട്ടനാടൻ യാത്രകൾ എന്നും ഒരു സ്വപ്നമായി അവശേഷിക്കുകയാണ് എന്നോർത്തു പോയി.  അവിടത്തെ സ്വച്ഛവും ശാന്തവുമായ ജലപ്പരപ്പുകളിലൂടെയുള്ള ഇത്തരം തോണിയാത്രകൾ എത്ര സുദരമായിരിക്കും എന്ന് ഏതൊരു മലയാളിക്കും ആലോചിക്കാതിരിക്കാനാവില്ല. 

ഇരുകരകളിലും കച്ചവട സ്ഥാപനങ്ങൾ നിറഞ്ഞ വളവും തിരിവുകളുമുള്ള ഈ പുഴയിലൂടെ തലങ്ങും വിലങ്ങും ഒഴുകി നടക്കുന്ന കുഞ്ഞു വഞ്ചികളും യന്ത്ര ബോട്ടുകളും കുട്ടനാട്ടിലായിരുന്നെങ്കിൽ എത്ര മനോഹരമായേനെ എന്നു് ആശിച്ചു പോകും. തീർച്ചയായും കലക്കവെള്ളം നിറഞ്ഞ ഈ പുഴ തീർക്കുന്ന അസ്വാരസ്യം ചെറുതല്ല. നമ്മുടെ നാട്ടിലെ അതിവൃഷ്ടിപ്രദേശങ്ങളിൽ നിന്നൊഴുകി വരുന്ന കലങ്ങിയ പോലെയുള്ള വെള്ളമാണ് ഈ കനാലിലത്രയും. കരകളിൽ വരിവരിയായുള്ള കച്ചവട സ്ഥാപനങ്ങൾ. വള്ളങ്ങളിലും നമ്മളെ തേടി വരുന്ന കച്ചവടക്കാർ. ഇളനീരും പഴങ്ങളുമായി മാത്രം വരുന്നവർ. ദുനിയാവിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത തരം പഴവർഗ്ഗങ്ങൾ.

കരയിൽ നിറഞ്ഞു നില്ക്കുന്ന അത്യാകർഷകങ്ങളായ കടകളും ചിലയിടങ്ങളിലെ പൊന്തക്കാടുകളും എല്ലാം കൂടി ഒരപൂർവ്വ കാഴ്ചാ പ്രപഞ്ചം തന്നെ ഞങ്ങൾക്ക് സമ്മാനിച്ചു എന്ന് പറയാതെയും വയ്യ. കുട്ടനാട്ടിലായിരുന്നെങ്കിൽ ഇത് എത്രയോ മടങ്ങ് ആസ്വാദ്യകരമായേ നെ എന്നതാണ് പറഞ്ഞു വന്നത്. എങ്കിലും ഏറെ അനുഭുതിപരമായിരുന്നു ആ മൂന്ന് മണിക്കൂറുകൾ. സഞ്ചാരികളുടെ തിക്കും തിരക്കും ഒഴിവാക്കാൻ അതിരാവിലെ തന്നെ അവിടം സന്ദർശിക്കുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം.

ക്ഷേത്രങ്ങൾ, ഓർക്കിഡ് ഫാമുകൾ, നെടു നീളത്തിലുള്ള പൂന്തോട്ടങ്ങൾ, ചിലയിടങ്ങളിൽ കൈതപ്പൊന്തകളും കണ്ടൽവനങ്ങളും. കനാലിലേക്ക് ചാഞ്ഞു നില്ക്കുന്ന തെങ്ങുകൾ. ശരിക്കും കേരളത്തിലാണെന്ന പ്രതീതി ജനിപ്പിക്കുന്ന നിരവധി കാഴ്ചകൾ ഞങ്ങൾക്ക് ഈ യാത്ര പ്രദാനം ചെയ്തുവെന്നതും സത്യം. 

തെക്കുകിഴക്കൻ ഏഷ്യയിലെ പല വിപണികളെയും പോലെ, ക്ലോംഗ് ലാറ്റ് മയൂം ഫ്ലോട്ടിംഗ് മാർക്കറ്റിൽ ധാരാളം ഭക്ഷണപാനീയങ്ങൾ ലഭ്യമാണ്. താത്പര്യമെങ്കിൽ താങ്ങാനാവുന്ന വിലയിൽ ചില പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കുന്നതിനുള്ള മികച്ച സ്ഥലവുമാണിത്.  ഭക്ഷണം നമ്മളുടെ മുന്നിൽ തന്നെ പാകം ചെയ്യുന്നു!  ഓഫർ എന്താണെന്ന് കാണാനും ഒന്നോ രണ്ടോ വിഭവം പരീക്ഷിക്കാനും ഒരിക്കലെങ്കിലും മുതിരുന്നത് ഒരു രസം തന്നെയാണ്.

പ്രാദേശിക ഭക്ഷണത്തിനോട് താത്പര്യം മക്കൾക്കായിരുന്നു. അതിനാൽ തന്നെ ഞാനും ഭാര്യയും പലപ്പോഴും കാഴ്ചകൾക്കപ്പുറം ഇന്ത്യൻ റെസ്റ്റോറന്റുകളും തിരഞ്ഞായിരുന്നു യാത്ര.

ഇവിടെ കടുത്ത വിലപേശലുകളോടെ തന്നെ ഒരു ഗൈഡഡ് ബോട്ട് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.  നമ്മൾസന്ദർശിക്കാൻ തിരഞ്ഞെടുത്ത മാർക്കറ്റിനെക്കുറിച്ചും മറ്റ് മാർക്കറ്റുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ടായിരിക്കുന്നത് നല്ലതാണ്. നമുക്കവയെക്കുറിച്ചെല്ലാം ഏറെക്കുറെ അറിയാമെന്ന് കച്ചവടക്കാരെ ബോദ്ധ്യപ്പെടുത്തേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്. എന്ന് വെച്ചാൽ വിലപേശൽ ഇവിടെ കഠിനമായ ഒരു ജോലി തന്നെയാണെന്നർത്ഥം. അതിനായി ഏറെ സമയമെടുക്കുന്നതുമായതിനാൽ, അതിലേക്ക് ചെന്ന് ചാടുന്നതിന് മുമ്പ് ശരിക്കും ആലോചിച്ച് ഉറപ്പിക്കേണ്ടിയിരിക്കുന്നു. ചാർജ്ജിന്റെ കാര്യത്തിൽ അവരുമായുള്ള തർക്കം ചിലപ്പോൾ നീണ്ടു പോയേക്കാം. എങ്കിലും നമ്മൾക്കായി പറഞ്ഞുറപ്പിച്ച സമയമത്രയും അത്യന്തം ആസ്വാദ്യകരമായ ഒരു തോണി യാത്രയിൽ തോണിക്കാരനും നമ്മളോടൊത്ത് തന്നെ ചേരുന്നതായി അനുഭവപ്പെടും തീർച്ച.

ബാങ്കോക്ക് സന്ദർശിക്കുന്നവരിൽ നല്ലൊരു ശതമാനം പേരിലും സെക്സ് ടൂറിസത്തിന്റെ ഒരു പ്രലോഭനം നിലനില്ക്കുന്നുണ്ടെങ്കിലും ഇത്തരം അനുഭവ സാന്ദ്രമായ പ്രകൃതി ദൃശ്യങ്ങളിലേക്കും കുടുംബമൊത്തുള്ള ആഹ്ലാദ നിമിഷങ്ങളിലേക്കും ചെന്നെത്താനാഗ്രഹിക്കുന്നവരും ചെറുതല്ല തന്നെ. 

ഖോസാൻ റോഡും

ചതു ചക്മാർക്കറ്റും

ചാവോ ഫ്രായ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഖോസാൻ റോഡ്, ചെലവുകുറഞ്ഞ താമസ സൗകര്യങ്ങൾ കാരണം ബാക്ക്പാക്കർമാരുടെ ഒരു സങ്കേതമായി കണക്കാക്കപ്പെടുന്നു. മികച്ച ഷോപ്പിംഗ് സൈറ്റുകൾ, എക്സോട്ടിക് റെസ്റ്റോറന്റുകൾ, ഗംഭീരമായ പബ്ബുകൾ എന്നിവയാൽ ഈ സ്ഥലം ഒരു അതിശയകരമായ രാത്രി ജീവിതത്തിന് അനുയോജ്യമായ ഇടമായാണ് അറിയപ്പെടുന്നത്.

ബാങ്കോക്കിലെ ഏറ്റവും സജീവവും ശബ്ദായമാനവുമായ സ്ഥലങ്ങളിൽ ഒന്നാണ് ഖോസാൻ റോഡ്. അത്യാധുനിക ഫാഷൻ വസ്ത്രങ്ങളും സുവനീറുകളും വാങ്ങുന്ന ഷോപ്ഹോളിക്കുകളാലും രുചികരങ്ങളായ തായ് പലഹാരങ്ങൾ ആസ്വദിക്കുന്ന ഭക്ഷണപ്രേമികളാലും നിറഞ്ഞിരിക്കുന്ന കടകളുടെ നിരകളാണവിടെയെങ്ങും.

പണ്ടെങ്ങോ വായിച്ചിട്ടുള്ള ബാങ്കോക്കാണിതെന്ന് തോന്നിപ്പോകും കാഴ്ചകളാണ് ചിലയിടങ്ങളിൽ. അറപ്പും വെറുപ്പും തോന്നിക്കുന്ന തരത്തിൽ പാകം ചെയ്യാനായി കരുതി വെച്ചിരിക്കുന്ന തേളുകളും എട്ടുകാലികളും . ഒരിക്കലും വിശ്വാസം വരാത്ത വിധം എന്റെ ഭാര്യ അവിടെ നിന്നും ഓടിപ്പോകാൻ കൊതിച്ചു. നടത്തത്തിനിടയിൽ  വിലകുറഞ്ഞ ബിയറും മറ്റ്  ഭക്ഷണങ്ങളും ഉച്ചത്തിൽ മുഴങ്ങുന്ന സംഗീതവും പോലുള്ള വൈചിത്ര്യങ്ങളും ഞങ്ങൾ ഈ തെരുവിൽ കണ്ടെത്തി. 

സാധാരണയായി ഞങ്ങൾക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത  തരത്തിലുള്ള കാര്യമാണ്. എന്നാൽ  ഖോസാൻ റോഡ് അത്തരം കാര്യങ്ങളുമായി ഇഴുകിച്ചേർന്ന തിരക്കിലാണ്. 

ബംഗ്ലാംഫു എന്ന പ്രദേശത്താണ് ഖോസാൻ റോഡ് സ്ഥിതി ചെയ്യുന്നത്. വാട്ട് ഫ്രാ ക്യൂവിൽ നിന്നും ഗ്രാൻഡ് പാലസിൽ നിന്നും ഏറെ അകലെയല്ലാതെ നടന്നെത്താവുന്നതാണ് ഈ സ്ഥലം.

മൊത്തക്കച്ചവടക്കാർക്കും വ്യാപാരികൾക്കും ഇടയിൽ മാത്രം പ്രചാരം നേടിയ ചതുചക് വീക്കെൻഡ് മാർക്കറ്റ് വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ് എന്ന് ഞങ്ങൾ അവിടെ എത്തിപ്പെട്ടപ്പോൾ തന്നെ മനസ്സിലായി. അതിന്റെ വിസ്മയാവഹമായ വലിപ്പവും  വൈവിധ്യമാർന്ന ചരക്ക് ശേഖരങ്ങളും പരിചയസമ്പന്നരായ ഏതൊരു ഷോപ്പർമാരെയും അവരുടെ മുട്ടുകുത്തിക്കും. ഇവിടെയാണ് നമ്മൾക്ക് അക്ഷരാർത്ഥത്തിൽ മടുക്കുന്നത് വരെ ഷോപ്പിംഗ് നടത്താൻ കഴിയുക. വെറുതെ ചുറ്റിത്തിരിയാൻ ഇറങ്ങിയവരാണെങ്കിലും എന്തെങ്കിലും വാങ്ങാൻ നമ്മൾ പ്രലോഭിതരാവും അവിടെ എന്നത് തീർച്ച.

ഞങ്ങൾക്ക് ബാങ്കോക്കിൽ ഒരു വാരാന്ത്യമുണ്ടായിരുന്നതിനാൽ ചതുചക് വീക്കെൻഡ് മാർക്കറ്റിലേക്ക് ഒരു ദിവസത്തെ യാത്ര ചെയ്യുകയെന്നത് മനസ്സ് കുളിർക്കുന്ന ഒരനുഭവം തന്നെയായിരിക്കുമെന്ന് ഡും ഡും പറഞ്ഞിരുന്നു. ഞങ്ങൾക്കത് അത്യാഹ്ലാദകരമായിരിക്കും എന്നയാൾ ഉറപ്പു നല്കിയിരുന്നു. ചതുചക്കിലൂടെ സഞ്ചരിക്കുമ്പോൾ, അത് അലസമായിട്ടാണെങ്കിലും ഷോപ്പിംഗിനായാലും നമ്മളെ ഹർഷോന്മാദത്തിലേക്ക് നയിക്കും വിധമാണ് അവിടത്തെ സംവിധാനങ്ങൾ. പ്രധാന നടപ്പാത മുഴുവൻ മാർക്കറ്റിനെയും വലയം ചെയ്യുന്ന വിധമാണ്. സോയ്1, സോയ് 2, സോയ് 3, എന്നിങ്ങനെ അക്കങ്ങളുള്ള ഇടവഴികളുടെ ഒരു പരമ്പരയായി മാറി അനന്തതയിലേക്ക് നീളുന്ന ആകർഷകങ്ങളായ ഷോപ്പുകളാണ് അവിടെ ഞങ്ങളെ എതിരേറ്റത്. 

ചതുചക് പാർക്ക് ഓഫീസിൽ എടിഎമ്മുകളും ഫോറിൻ എക്സ്ചേഞ്ച് ബൂത്തുകളും സഹിതം ഒരു ഇൻഫർമേഷൻ സെന്റർ ഉണ്ട്. വിശ്രമിക്കാനുള്ള ഇരിപ്പിടണം ടോയ്‌ലറ്റുകളും മാർക്കറ്റിലുടനീളം സ്ഥിതി ചെയ്യുന്നു. 

വാട്ട് അരുൺ

ചാവോ ഫ്രായ നദിയുടെ തീരത്തായി 260 അടി ഉയരത്തിലാണ് ഡോൺ അല്ലെങ്കിൽ വാട്ട് അരുൺ ക്ഷേത്രം. ഉദയത്തിന്റെയും അസ്തമയത്തിന്റെയും അതിമനോഹരമായ കാഴ്ചകളുള്ള ഈ ക്ഷേത്രം ഗ്രാൻഡ് പാലസ് കഴിഞ്ഞാൽ ബാങ്കോക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

ഹിന്ദു ദേവനായ സൂര്യ ഭഗവാനിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.  ഉദയസൂര്യന്റെ വികിരണം എന്നും ഇതിനെ വിളിക്കപ്പെടുന്നു. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് വാട്ട് അരുൺ. പ്രഭാതത്തിലെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്റെ ഉപരിതലത്തിൽ നിന്ന് തൂവെള്ള നിറത്തിൽ പ്രതിഫലിക്കുന്നുവെന്നാണ് അവരുടെ വിവരണം. അത്തരമൊരു കാഴ്ച നിർഭാഗ്യവശാൽ ഞങ്ങൾക്ക് ലഭ്യമായില്ല.

പതിനേഴാം നൂറ്റാണ്ട് മുതൽ ക്ഷേത്രം നിലനിന്നിരുന്നുവെങ്കിലും, രാമ രണ്ടാമന്റെയും രാമ മൂന്നാമന്റെയും ഭരണകാലത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അതിന്റെ വ്യതിരിക്തമായ മകുടം നിർമ്മിക്കപ്പെടുന്നത്. സന്ദർശകർ ഉചിതമായി വസ്ത്രം ധരിക്കുകയും അവരുടെ പാദരക്ഷകൾ ഒഴിവാക്കുകയും ചെയ്താലേ ക്ഷേത്രാകണത്തിലേക്ക് പ്രവേശനം തരപ്പെടുകയുള്ളു. 

നദിക്ക് കുറുകെ ഗ്രാൻഡ് പാലസിലേക്കും അതിനപ്പുറത്തേക്കും ഉള്ള കാഴ്ചകൾക്കായി ക്ഷേത്രത്തിന്റെ മുകളിലേക്ക് കയറാൻ കഴിയും. ഞാനും ഭാര്യയും താഴെ നിന്ന് കൊണ്ടുള്ള ദൃശ്യങ്ങൾ മാത്രം ആസ്വദിക്കാൻ തീരുമാനിച്ചത് ആരോഗ്യപ്രശ്നങ്ങൾ മൂലമായിരുന്നു. അതേസമയം മക്കൾ, അതിന്റെ ഇടുങ്ങിയ പടികൾ കയറിക്കയറി മുകളിലേക്ക് പോകുന്നത് കാണാമായിരുന്നു.

വാക്സ് മ്യൂസിയം

രാഷ്ട്രതന്ത്രജ്ഞർ , കല, ശാസ്ത്ര മേഖലകളിലെ അദ്വിതീയർ ,സ്‌പോർട്‌സ്, ടിവി, സിനിമ, സംഗീതം, ചരിത്രം, തുടങ്ങിയവയിൽ വെന്നിക്കൊടി പാറിച്ചവർ, ലോകത്തെ അറിയപ്പെടുന്ന സെലിബ്രിറ്റികളുമായി അടുത്തിടപഴകാനുള്ള അവസരമാണ് മാഡം തുസാഡ്സ് വാക്സ് മ്യൂസിയം നമുക്ക് മുന്നിൽ തുറന്നിടുന്നത്. അവിടെ കാണുന്ന മെഴുകു പ്രതിമകൾ അവയുടെ കൃത്യവും സൂക്ഷ്മവുമായ വിശദാംശങ്ങളാൽ നമ്മളെ പൂർണ്ണമായും വിസ്മയിപ്പിക്കും. അത്തരത്തിലുള്ള നൂറോളം മെഴുക് പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്.

എല്ലാ സ്റ്റാൻഡുകളിലും രൂപങ്ങൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാം. ചില സ്റ്റാൻഡുകളിൽ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാനും അത് വഴി ഒരു യഥാർത്ഥ ദൃശ്യം സൃഷ്‌ടിക്കുന്നതിനുമുള്ള സാദ്ധ്യതകളും നമുക്ക് മുന്നിൽ തുറക്കുന്നുണ്ട്.

സന്ദർശകരും നാട്ടുകാരുമായി തിരക്കുപിടിച്ച ഒരിടമാണ്  മ്യൂസിയം. വളരെ ജനപ്രിയമാണ്, അതിനാൽ ഏറെ നാളായി കാത്തിരുന്ന ഫോട്ടോകൾക്കായുള്ള നീണ്ട ക്യൂ ഒഴിവാക്കാൻ ആഴ്ചയുടെ മധ്യത്തിൽ അതിരാവിലെയോ വൈകുന്നേരമോ മാഡം തുസാഡ്സ് സന്ദർശിക്കുന്നതാണ് ഉചിതം. ഷോപ്പിംഗ് സെന്ററിന്റെ ആറാം നിലയിൽ സ്ഥിതി ചെയ്യുന്ന സമുച്ചയം, സന്ദർശകരെ മ്യൂസിയത്തിലേക്കുള്ള അവരുടെ സന്ദർശനത്തെ ഒരു ഷോപ്പിംഗ് സ്‌പ്രീയുമായി കൂടിച്ചേരാനുള്ള അവസരമൊരുക്കുന്നു. കൂടാതെ അടുത്തുള്ള കൂറ്റൻ വ്യാപാര കേന്ദ്രങ്ങളായ എം.‌ബി‌കെ, സിയാം സെന്റർ തുടങ്ങിയ മോളുകൾ സന്ദർശിക്കാനും മ്യൂസിയത്തിൽ നിന്നും വഴികൾ ഇഷ്ടം പോലെയുണ്ട്.

ലുംഫിനി പാർക്ക്

1920കളിൽ രാമ ആറാമൻ രാജാവാണ് ഈ പാർക്ക് സൃഷ്ടിച്ചത്. ആദ്യഘട്ടത്തിൽ ഒരു പ്രദർശന കേന്ദ്രം എന്ന നിലയിലായിരുന്നു ഇതിന്റെ ആകർഷണം. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നഗരത്തിലെ ആദ്യത്തെ പൊതു പാർക്കായി ഇത് മാറുകയായിരുന്നു. നേപ്പാളിൽ ബുദ്ധൻ ജനിച്ച സ്ഥലത്തിന്റെ പേരാണ് ഇതിനു് നല്കിയിരിക്കുന്നത്. 142 ഏക്കർ വിസ്തൃതിയുള്ള വിശാലമായ പാർക്കിന്റെ പ്രവേശന കവാടത്തിൽ രാജാവിന്റെ ഒരു പ്രതിമ നമ്മളെ സ്വാഗതം ചെയ്യുന്നു. സെൻട്രൽ ബാങ്കോക്കിലെ ഏറ്റവും വലിയ ഹരിത ഇടങ്ങളിലൊന്നാണ് ലുംഫിനി പാർക്ക്. വിവിധ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം. വർഷങ്ങളായി, ബാങ്കോക്ക് നിവാസികൾക്കും സന്ദർശകർക്കുമായി ഇത് ഒരു ജനപ്രിയ ഒത്തുചേരൽ സ്ഥലം കൂടിയായി മാറിയിരിക്കയാണ്.

ആളുകൾ ഒരു റൗണ്ട് ജോഗിംഗിനായും, എയ്റോബിക്സ്, മറ്റ് വർക്ക് ഔട്ട് കൾക്കായും ഇവിടെക്ക് എത്തിപ്പെടുന്നു. കൂടാതെ ദിവസം മുഴുവൻ വിശ്രമിക്കുന്നയിടമായും ചിലരെങ്കിലും ഈ പാർക്കിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. പാർക്കിനുള്ളിലെ തടാകത്തിൽ പെഡൽ ബോട്ടുകളിൽ സ്വയം തുഴഞ്ഞേറി ആഹ്ലാദ നിമിഷങൾ പങ്കിടുന്ന കുടുംബങ്ങൾ. അരമണിക്കൂർ നേരത്തേക്ക് ഞങ്ങളും ഒരു ബോട്ടെടുത്ത് തടാകത്തിലൂടെ അലസമായൊരു ഗമനം നടത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വ്യത്യസ്ത കളിസ്ഥലങ്ങൾ, ഔട്ട്ഡോർ ജിം എന്നിവയും പാർക്കിനുള്ളിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിന് മുമ്പ്, ലുംഫിനി പാർക്കിലെ സൗജന്യ എയ്‌റോബിക്‌സ് സെഷനുകളിലും ഹൈ-എനർജി ടെക്‌നോ ട്യൂണുകളിലും ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകൾ സൂചിപ്പിക്കുന്നുണ്ട്. 

നഗരമദ്ധ്യ പാർക്കുകളിൽ ദൃശ്യമാവാറുള്ള മറ്റ് ചില കാഴ്ചകൾ ഇവിടെയും കാണാനിടയായി. മരത്തണലിന്റെ സാന്ത്വനത്തിൽ പുസ്തകങ്ങളിൽ മുഖം പൂഴ്ത്തിയിരിക്കുന്നവർ. പുറം ലോകത്തിന്റെ ആരവങ്ങളിൽ നിന്നകന്ന് ധ്യാന നിമീലിതരായിരിക്കുന്ന മറ്റ് ചിലർ. സൂര്യാസ്തമയത്തോടെ ഞങ്ങൾ പാർക്കിൽ നിന്നുമിറങ്ങി. ഇന്ന് ഞങ്ങളെ നയിക്കാൻ ഡും ഡും ഉണ്ടായിരുന്നില്ല. അതിനാൽ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്ക് ഞങ്ങൾ നീങ്ങി. പിറ്റേന്ന് രാവിലെ ദുബായിലേക്ക് തിരിക്കേണ്ടതായതിനാൽ ഞങ്ങൾ സുഖും വിറ്റിലെ അപ്പാർട്ട്മെന്റ് ലക്ഷ്യമാക്കിയായിരുന്നു തുടർ യാത്ര . നാല് ദിവസങ്ങൾ നീണ്ടു നിന്ന ബാങ്കോക്ക് കാഴ്ചകൾ തികച്ചും അവിസ്മരണീയമായ ഒരനുഭവമായി മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. സുഖും വിറ്റിലെ തെരുവ് മസ്സാജ് കേന്ദ്രത്തിൽ നിന്നും ലെഗ്ഗ് മസ്സാജിങ്ങ് നടത്തിയിരുന്നതിനാലാകാം കാലുകൾക്ക് ഒരു പുത്തനുണർവ്വ് അനുഭവപ്പെട്ടിരുന്നു. മെട്രോയിറങ്ങിയുള്ള നടത്തത്തിന് അതിനാൽ ചടുലവേഗം കൈവന്നു. 

Share this story

Comments (0)

  • Be the first to write one.