16 February 2022 · 7 min read · അനുഭവം
ഒരു പെയിന്റിംഗ് കഥ. (അനുഭവം).
ഒരു പെയിന്റിങ്ങ് കഥ.
അഞ്ച് മാസം മുമ്പ് കുറച്ച് ഫർണിച്ചറുകൾ പോളിഷ് ചെയ്യുന്നതിനായി ഒരാളെ തിരക്കുകയായിരുന്നു. ഒരുപാട് തിരക്കി നടന്നിട്ട് ഒരു കാര്യവുമില്ല എന്ന് പറഞ്ഞത് ഒരു സുഹൃത്തായിരുന്നു. എങ്കിലും കുറെ തിരച്ചിലിനൊടുവിൽ ഒരു എൻജിനിയർ മുഖേന ഒരാളെ കിട്ടി.
അടുത്ത ദിവസം രാവിലെ തന്നെ കക്ഷി വീട്ടിലെത്തി. നാല്പത് വയസ്സ് പ്രായം വരും. കഷണ്ടി കയറി വരുന്ന തലയിൽ ബാക്കി ഭാഗങ്ങളിലായി ചപ്രത്തലമുടി. സദാ ചിരിച്ചു കൊണ്ടുള്ള ചടപടാ സംസാരം .
ഇന്ന ആൾ പറഞ്ഞയച്ചതാണെന്നും നമുക്ക് ഫർണിച്ചറുകൾ മാത്രമല്ല, ഈ വീട് മൊത്തം കളർഫുള്ളാക്കാൻ താനൊരുത്തൻ മാത്രം മതിയെന്നും ഒറ്റ ശ്വാസത്തിൽ തട്ടി വിട്ടു വിദ്വാൻ. തത്കാലം ചെയ്യാനുള്ള പണികൾ വിശദമായി ഞാൻ പറഞ്ഞു കൊടുത്തു. ഇത്തരം കാര്യങ്ങളിൽ മുപ്പത്തി രണ്ട് വർഷത്തെ പ്രവാസ ജീവിതം സമ്മാനിച്ച അപരിചിതത്വം ആവോളമുണ്ട് എന്നിൽ. എങ്കിലും പരിചയ സമ്പന്നനാണ് ഞാനെന്ന ഭാവത്തിൽ സംസാരിച്ചു നില്ക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ , സാമഗ്രികൾ വാങ്ങാനുള്ള പൈസ വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഇക്കാടേലുള്ളത് താ എന്നായി അയാൾ.
അപ്പോഴേ എനിക്കൊരു ശങ്ക തോന്നാതിരുന്നില്ല. എന്തോ ഒരു തകരാറില്ലേ! കൂടുതലൊന്നും ചോദിക്കാതെ ഞാനയാൾക്ക് ഒരു തുക കൊടുത്തു. പിറ്റേന്ന് വരാമെന്ന് പറഞ്ഞ് അതി വിനീതനായി അയാൾ രംഗം വിട്ടു.
പറഞ്ഞ പോലെ അടുത്ത ദിവസം രാവിലെ കുറെ പെയിന്റുകളുടെ ടിന്നും സ്പ്രേ ഗണ്ണും കംപ്രസറുമൊക്കെയായി അയാൾ അവതരിച്ചു. ഹൗ ! ഫീലിയാസ് ഫോഗിനെ വെല്ലുന്ന കൃത്യത. സാധാരണ ഇത്തരം പണിക്കാർ എട്ടര മണിക്കേ എത്താറുള്ളു എന്ന് ഇതിനകം ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ക്ലോക്കിൽ കൃത്യം എട്ട് മണി കാണിച്ചത് ഇയാൾ വന്ന ഓട്ടോ റിക്ഷ റിവേഴ്സ് ഗിയറിലിടുന്ന നേരത്തായിരുന്നു.
ഇക്കാ ഓട്ടോടെ പൈസ കൊടുത്തേക്ക് . ഒരു നൂറ്റമ്പത് .
വൺ മാൻ ഷോയാണ് . എല്ലാം എടുത്ത് അടുക്കി വെച്ചു.
നോക്ക്യേ . എല്ലാം ബ്രാൻഡഡ് സാധനങ്ങളാ. നമ്മളെന്തിന് ചാത്തൻ പെയിന്റ് അടിക്കണം അല്ലേ. ഇക്കാടെ വീട് ഞാനൊരു ഗിമിട്ടനാക്കും. നോക്കിക്കോ.
തത്കാലം വീടിന് ഇപ്പോഴുള്ള ഗിമിട്ടൊ ക്കെ മതി. നിങ്ങളിപ്പോൾ ഫർണിച്ചറുകൾക്ക് പറഞ്ഞ പോലെ ചെയ്താൽ മതിയെന്ന് ഞാൻ.
കുറെ എന്തൊക്കെയോ മിക്സ് ചെയ്ത് സ്പ്രേ അടിക്കാൻ തുടങ്ങി. ഒരു തവണ അടിച്ച ഉരുപ്പടി നോക്കിയപ്പോൾ ഞാനും ഭാര്യയും ഞെട്ടി.
നെയ്യിൽ മുക്കിപ്പൊരിച്ച പലഹാരങ്ങൾ പോലെയായിരുന്നു അത്. ഒരു തരം വൃത്തികെട്ട തിളക്കം, മിനുക്കം.
ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചപ്പോൾ ഇതാണിപ്പോഴത്തെ ട്രെൻഡ്. ഇക്കാക്ക് അറിയാഞ്ഞിട്ടാണ് എന്നായി മറുപടി.
ആള് സ്പ്രേ ഗണ്ണിൽ എന്തോ ഒക്കെ കോരിയൊഴിച്ചിട്ട് വീണ്ടും അടി തുടങ്ങി. ഞാനും ഭാര്യയും അടുക്കളയിൽ പോയി കുശുകുശുത്തു.
രണ്ടാമത്തെ ഒന്ന് കൂടി അടിച്ചു കഴിഞ്ഞപ്പോൾ അതിന്റെ തിളക്കം കണ്ട് ഞങ്ങളുടെ കണ്ണ് മഞ്ഞളിച്ചു. അത് ഒലിച്ചിറങ്ങാൻ തുടങ്ങും പോലെ തോന്നി. അടി നിർത്താൻ ഞാനയാളോട് പറഞ്ഞു.
ഇതല്ല ഇന്നലെ നിങ്ങളോട് പറഞ്ഞത്. സാധാരണ പോളിഷ് അടിക്കാൻ ഇയാൾക്കറിയില്ലേ. ഞങ്ങൾക്കതാണ് വേണ്ടത്. വിനീതനായി തന്നെ ഞാനയാളെ വീണ്ടും തെര്യപ്പെടുത്തി.
അത് ശരി. ഈ നാട്ടിലുള്ള ആരും അത്ര പോരാ ..... ഒട്ടും അഡ്വാൻസ്ഡ് അല്ലാ എന്ന് ഇത്തിരി നീട്ടിയുള്ള ഒരു ഡയലോഗ്. ഞാൻ മസ്കറ്റിലായിരുന്നപ്പോൾ ......
അയാൾ പുലമ്പാൻ തുടങ്ങി.
സാരമില്ല നമുക്ക് ശരിയാക്കാം. ഞാനിവിടെ ഇല്ലേ ....
അപ്പഴേക്കും ഉച്ചയായി .
ഊണ് കഴിക്കാൻ പോകാതെ അയാളങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കാധിയായി.
എന്തേ പോണില്ലേ എന്നായി ഞാൻ.
ഓ. വീട് വരെ നടന്ന് പോയി വരുമ്പോൾ നേരം ഒരു പാടാകും. ഇവിടെ വല്ല പഴമോ മറ്റോ ഉണ്ടെങ്കിൽ അത് മതി. ചോറ് തരര്ത് ട്ടോ ഞാൻ തിന്നൂലാ ...
എന്തായാലും ഊണ് കൊടുക്കാനില്ലാത്തതിനാൽ നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴവും നാരങ്ങ വെള്ളവും കൊടുത്തു. അത് കഴിച്ച ഊർജ്ജത്തിൽ ഒന്ന് മയങ്ങാൻ കിടന്നു. മൂന്ന് മണി വരെ എന്തൊക്കെയോ തേച്ചും ഉരച്ചും നിന്ന ശേഷം പറഞ്ഞു.
ഇക്കാ എന്നാ ഞാൻ പോട്ടെ. ഈ പെയിന്റ് മണം ഭയങ്കര ബുദ്ധിമുട്ടാ . ശ്വാസം മുട്ട് വരും.
ഞാൻ മേലോട്ട് നോക്കി. എന്താ ഇങ്ങനെ എന്ന് ചോദിക്കാൻ എന്റെ നാവ് പൊങ്ങുന്നില്ല. നാവ് വായിൽ തന്നെ ഇല്ലേ എന്നുറപ്പിക്കാൻ ഞാൻ പല്ല് കൂട്ടി ഒന്ന് കടിച്ചു നോക്കി. സംഗതി ഉണ്ട്. പക്ഷെ ഒന്നും ചോദിക്കാനുള്ള കെല്പിലല്ല.
ആയിരം രൂപയാണ് കൂലി. വാങ്ങാനായി നില്ക്കുമ്പോൾ അയാൾ പറഞ്ഞു.
നാളെ ഇക്ക പറഞ്ഞ പോളിഷുംവാങ്ങി ഞാൻ വരാം. വിഷമിക്കണ്ട.അതിന്റെ പൈസ പിന്നീട് കൊടുത്താൽ മതി. പക്ഷെ ഇന്നിവിടെ പൊട്ടിച്ച പെയിന്റുകളൊന്നും അവർ തിരിച്ചെടുക്കില്ലാട്ടോ.
ഞാനാകെ ഡംമമ്ന്നായി. എന്താ ഇയാളോട് പറയുക. നാലായിരം രൂപയുടെതെന്ന് പറഞ്ഞ സാധനങ്ങളിൽ കാൽ ഭാഗമേ ഉപയോഗിച്ചിട്ടുള്ളു. ആ പൈസ യത്രയും ഡിം !
തലേന്ന് കൊടുത്ത പൈസയിൽ ആയിരം രൂപ ബാക്കിയില്ലേ അതെന്താ കണക്ക് പറയാത്തതെന്നായി ഞാൻ. കൂലിയായി അതെടുത്തോ എന്ന് പറയാനുള്ള ധൈര്യം ഞാനൊരു വിധം സംഭരിച്ചു.
അതൊക്കെ പറയാ ഇക്കാ ഞാനിവിടെ തന്നെ ഇല്ലേ എന്ന് അയാളുടെ ഇൻസ്ററന്റ് മറുപടി. ഇപ്പ ഇന്നത്തെ കൂലി താ . ചെന്നിട്ട് വേണം മനുഷ്യന് എണ്ണയിട്ടൊന്ന് കുളിക്കാൻ.
പിറ്റേന്ന് പുതിയ പെയിന്റുമായി അയാളെത്തി. അപ്പോൾ മണി എട്ടരയായി. എന്തേ വൈകിയതെന്ന് അയാളെ നോവിക്കാതെ ഞാൻ ചോദിച്ചു. പെയിന്റ് വാങ്ങാൻ പോയതല്ലെ. ദേ നോക്ക്യേ ഇക്ക പറഞ്ഞതാണ് ഇതൊക്കെയും.
കൂടെ മറ്റൊരു അയ്യായിരത്തിന്റെ ബില്ല് എന്നെ ഏൽപ്പിച്ചു.
ഞാൻ തൃശങ്കുവിലായി.
ഒട്ടും കടുപ്പിക്കാതെ ഒതുങ്ങി നിന്ന് കൊണ്ട് ഞാൻ ചോദിച്ചു. ആയിരം നേരത്തെ ബാക്കിയില്ലേ. അത് കഴിച്ച് ബാക്കി തന്നാൽ പോരേ.
ഏയ്. അത് ഇന്നലെ രാത്രി ഉമ്മാക്ക് തീരെ വയ്യാണ്ടായപ്പോൾ ഞാൻ ആസ്പത്രിയിൽ കൊണ്ടോയി. അത് മുഴുവനും പൊട്ടി. ആസ്പത്രിക്കാര് നമ്മളെ മിണ്ങ്ങാനായിട്ട് ഇരിക്ക്യാ. എന്താ ചെയ്ക.
എന്നിട്ട് തുടർന്നു.
ഞാനിവിടെത്തന്നെയുണ്ടല്ലോ. ഇക്ക പേടിക്കണ്ട ഞാൻ തരാന്നേ. ഇതിപ്പ ഈ പൈസ മുഴുവൻ വേണം. ബില്ലടക്കണ്ടേ .
കൊണ്ട് വന്ന സാധനങ്ങൾ കലക്കി സ്പ്രേ ചെയ്യാൻ തുടങ്ങി. ഞാൻ ഉച്ചക്ക് മുമ്പേ നേന്ത്രപ്പഴം വാങ്ങാനായി സഹദേവന്റെ കടയിലേക്ക് പോയി. പോകുമ്പോൾ ഞാനാലോചിച്ചു. രണ്ട് ദിവസത്തെ പരിചയമേ ഉള്ളു. ഇയാൾ ടെ ഉമ്മാനെ ചികിത്സിക്കാൻ ഞാനെന്തിന് പണം കൊടുക്കണം. ആങ്! തിരിച്ചു തരുമായിരിക്കും. അത്യാവശ്യം വന്നപ്പോൾ എടുത്തതായിരിക്കും. അങ്ങനെയൊക്കെയല്ലേ മനുഷ്യന്മാര്. ഞാൻ സ്വയം പറഞ്ഞു.
ക്ലാഡിങ് ടൈലുകൾ മിനുക്കുന്ന പണിയായിരുന്നു അന്ന് . പണി തിരു തകൃതി തന്നെ. നേന്ത്രപ്പഴം തിന്നാനുള്ള സമയമാകും മുമ്പേ ഗേറ്റിന്റെ ഇരു വശങ്ങളിലെയും ക്ലാഡിങ്ങിന് ക്ലിയർ എന്നൊരു സാധനം പൂശി.
പൂശോട് പുശ്.
ഞങ്ങൾ വീണ്ടും സ്തബ്ധരായി. ബാലഗോപാലനെ എണ്ണതേപ്പിക്കുന്ന പാട്ട് മനസ്സിലേക്ക് ഇരമ്പി വന്നു. ചുമരാകെ എണ്ണമയം.! ഇതെന്താ ഇങ്ങനെ ?
ഇതിന്റെ റിസൽറ്റ് നാളെയെ കിട്ടൂ. ഇക്ക കിടുങ്ങും. നോക്കിക്കോ. അതിങ്ങനെ നിന്നോട്ടെന്ന് .
നമുക്ക് അകത്തെ ക്ലാഡിങ്ങിൽ നക്ഷത്രം തെളിയുന്ന ഡിസൈൻ ആക്കിയാലോ എന്നായി തുടർന്ന് അയാൾ.
ഞങ്ങളെ നക്ഷത്രമെണ്ണിപ്പിക്കാനുള്ള പദ്ധതിയാണ് ഇയാളുടെ മനസ്സിലെന്നറിഞ്ഞ് ഞാനതിനെ വിലക്കി.
ഇക്കാക്ക് തീരെ സൗന്ദര്യ ബോധമില്ല. മസ്കറ്റിലൊക്കെ എന്റെ പണി എല്ലാവർക്കും എന്തൊരിഷ്ടമാണെന്നറിയ്യോ.
(എം.എഫ് ഹുസൈന്റെ പുനരവതാരമായിരിക്കുമോ ഇയാളെന്ന് എനിക്ക് സന്ദേഹമായി).
ഞാനൊന്നും മിണ്ടിയില്ല. ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞാൽ ഇട്ടെറിഞ്ഞ് പോയാലോ.
അങ്ങനെയാണത്രെ നാട്ടുനടപ്പ് !
മൂന്ന് മണിക്ക് കട്ടയും പടവും മടക്കി രണ്ട് ഗാന്ധിമാരെ ഏറ്റ് വാങ്ങി ആൾ സ്ഥലം വിട്ടു.
ഇടക്കിടെ മഴയും ഇടക്കിടെ അയാളുമായി രണ്ടാഴ്ചയായി അപ്പോഴേക്കും. പണി തീരെ നീങ്ങുന്നില്ല. ഒരാളെ കൂടി വിളിച്ചിരുന്നെങ്കിൽ പണി വേഗം തീർക്കായിരുന്നല്ലോ എന്ന എന്റെ ചോദ്യത്തെ അയാൾ നിഷ്കരുണം തട്ടിത്തെറിപ്പിച്ചു. ഞാൻ ശരിയാക്കിത്തരാം ഇക്കാ. എന്തിനാ വേറെ ആള്.
രണ്ട് ദിവസം കഴിഞ്ഞിട്ടും ക്ലാഡിങ്ങ് ടൈൽ എണ്ണ തേച്ച ബാലഗോപാലനെപ്പോലെ തന്നെ നിന്നു. ഒരു മാറ്റവുമില്ല.
ഇടക്കിടെ പണ്ടപ്പരപ്പും പരാധീനതയും വിളമ്പുന്നതല്ലാതെ പണി തീരെ നീങ്ങാതായി. കൊണ്ട് വന്ന കംപ്രസ്സർ വെറുതെ വെച്ചിട്ട് ബ്രഷ് കൊണ്ടായി താഢനം.
ഒരു ദേശത്തിന്റെ കഥ എന്ന നോവലിലെ ബസ്ര കുഞ്ഞപ്പുവിനെ പോലെ കയ്യിൽ കിട്ടുന്ന കളറുകൾ അവിടവിടെ പൂശി ആളുടെ വൈദഗ്ധ്യം വെളിവാക്കാനുള്ള പുറപ്പാടിലാണ് അയാളെന്ന് തോന്നി.
അതിനിടെ ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ സഹതാപാർഹമായ കഥകളിൽ അലിഞ്ഞ് ഉമ്മാടെ ചികിത്സക്കായി എടുത്ത ആയിരം രൂപ ഇനി തിരിച്ചു തരേണ്ടെന്ന് ഞാൻ പറഞ്ഞു പോയി. അല്ലെങ്കിൽ എന്നെക്കൊണ്ടയാൾ പറയിപ്പിച്ചു എന്നതാണ് ശരി. എന്നാലെങ്കിലും ഇത്തിരി ആത്മാർത്ഥമായി പണി ചെയ്ത് തന്നെങ്കിലോ എന്ന് ഞാനും വെറുതേ അപ്പോൾ വ്യാമോഹിച്ചു.
കിം ഫലം!
കാക്കയെങ്ങനെ കൊക്കാകാനാണ്.
ഇതിനിടെ അത്യാവശ്യമായി എന്തോ വാങ്ങാനായി കൊടുത്ത പൈസയിൽ നിന്നും 600 രൂപ അയാൾടെ കയ്യിൽ ബാക്കി വന്നു. പക്ഷെ കൂലി വാങ്ങുന്ന നേരം രണ്ട് ഗാന്ധിമാരെ തന്നെ കിട്ടണം. ഞാനിവിടെ തന്നെയില്ലേ ഇക്കാ എന്ന പതിവ് പല്ലവിയും.
മൂന്നാഴ്ച്ചക്കിടയിൽ ഒമ്പത് ദിവസങ്ങൾ അയാൾ എന്തൊക്കെയോ കാട്ടി കൂട്ടിയപ്പോൾ എനിക്ക് സഹി കെട്ടു. പിറ്റേന്ന് വന്നപ്പോൾ ഞാൻ പറഞ്ഞു. ചെയ്തതിനൊക്കെയും ഉപകാരം. താനിനി ഒന്നും ചെയ്യണ്ട.
ഒമ്പത് ദിവസങ്ങളിലെ കൂലിയും ആവശ്യമില്ലാത്ത പെയിന്റുല്പന്നങ്ങളുമായി പതിനെട്ടായിരം രൂപ സ്വാഹ! തരേണ്ടെന്ന് പറഞ്ഞ എക്സ്ട്രാ ആയിരം രൂപയും 600 രൂപ വേറെയും.
എനിക്ക് വാശിയായി. ആ അറുന്നൂറ് രൂപ എനിക്ക് തിരികെ തന്നെ ഒക്കു എന്നായി ഞാൻ.
ഞാൻ തരാം ഇക്കാ ഞാനിവിടെ അടുത്ത് തന്നെയില്ലേ. അന്യനാട്ടുകാരനൊന്നുമല്ലല്ലോ. ഈ ഇക്ക എന്താണിങ്ങനെ എന്ന് അയാളും.
ഇപ്പോൾ മാസം അഞ്ച് കഴിഞ്ഞു. ഞാനിടക്കിടെ വിളിക്കും. മുഖത്തോട് മുഖം നോക്കി നിന്ന് പറ്റിച്ച അയാളിൽ നിന്നും ആ 600 രൂപയെങ്കിലും വാങ്ങിച്ചെടുത്തേ അടങ്ങു എന്നായി എന്റെ നിലപാട്.
ഇതിനിടയിൽ അയാൾ ചെയ്ത പണികളാക്കെ ഞാൻ വേറെ ആളെക്കൊണ്ട് രണ്ടാമത് ചെയ്യിച്ചു. അവർക്ക് കൂലി 900 രൂപ മാത്രം. നേന്ത്രപ്പഴവും ലാഭം!
ബാലഗോപാലൻ ഇപ്പോൾ കുളി കഴിഞ്ഞ് എണ്ണമയമില്ലാത്ത നിലയിലാണ്.
പക്ഷെ അയാൾ ഒരിക്കലും ആ പൈസ തരില്ലെന്ന് എനിക്കുറപ്പായി.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അറ്റ കൈ എന്ന നിലക്ക് ഞാനൊരു സൂത്രം പ്രയോഗിച്ചു.
ഞാൻ പറഞ്ഞു. ആ 600 രൂപ തന്നില്ലെങ്കിൽ കുഴപ്പമില്ല. അതിനി എനിക്ക് വേണ്ട. ഞാനത് കുറെ പള്ളികൾക്കു നേർച്ചയാക്കിയിട്ടുണ്ട്. കാസർകോട്ടെ ഉപ്പള പള്ളി മുതൽ , തിരുവനന്തപുരത്തെ പാളയം പള്ളി വരെയുള്ള അമ്പതോളം പള്ളികളുടെ ലിസ്റ്റ് അയച്ചു തരാം എന്ന് പറഞ്ഞു. നേർച്ച എന്റേതാണെങ്കിലും പൈസ തന്റെ കയ്യിലാണല്ലോ. എല്ലാം താൻ നേരിട്ട് പോയി നടത്തണം. ഓരോ പള്ളിയിലും 12 രൂപ വീതം. അത് ചെയ്തില്ലാന്നുണ്ടെങ്കിൽ അതിഭയങ്കരങ്ങളായ ഭവിഷ്യത്തുകൾ അയാൾക്ക് നേരിടേണ്ടിവരും എന്നും പറഞ്ഞു.
കടുത്ത വിശ്വാസിയായ അയാൾ പിറ്റേന്ന് അതിരാവിലെ തന്നെ 600 രൂപയുമായി വീട്ടിലെത്തി.
ഇക്ക എന്നെ കുടുക്കാൻ നോക്ക്വാരുന്നല്ലേ. നേർച്ചക്കടം ബാക്കി വെച്ച അമ്മായിടെ മോന് ചൊറീം ചെരങ്ങും വിട്ടുമാറണില്ല . ഒരു മരുന്നും ഫലിക്കണൂല്ല. ദേ ഇക്കാടെ പൈസ. ഞാനൊഴിവായേ .......
നൂറ്റാണ്ട് ഇരുപത്തൊന്നാണെന്നാലും, പുരോഗമന വാദിയാണ് ഞാനെന്ന ഭാവം ഉള്ളിലുണ്ടെങ്കിലും നേർച്ചക്കടം വീട്ടിയില്ലെങ്കിൽ ഈ വയസ്സാൻ കാലത്ത് ഇനി ചൊറീം ചെരങ്ങും എനിക്ക് പിടിച്ചാലോ എന്ന് ചെറിയൊരു പേടി എന്റെ ഉള്ളിലും പടർന്ന് കേറാൻ തുടങ്ങിയിരുന്നു.
സുഖമില്ലാത്ത ഉമ്മാടെ വിവരം തിരക്കിയ കൂട്ടത്തിൽ ഞാനയാളോട് പറഞ്ഞു. ഞാനാ നേർച്ചക്കാര്യം പിൻവലിച്ചു. അതങ്ങട് മായ്ച്ച് കളഞ്ഞു. പള്ളിക്കെന്തിനാ നമ്മടെ കാശ്. അവര്ടേൽ ദമ്പിടി കാശുണ്ടെന്നേ. ഈ പൈസ കയ്യിൽ വെച്ചോ. ഉമ്മാക്ക് മരുന്ന് വാങ്ങിക്കൊടുക്ക്.
എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അയാൾ പൈസ വാങ്ങി പോക്കറ്റിലിട്ടു. ഇയാളൊരു മണ്ടൻ തന്നെയാണ് ട്ടാ എന്നതായിരുന്നോ ആ ചിരിയുടെ അർത്ഥം. ആവോ!
രണ്ട് ദിവസം മുമ്പാണ് ഇയാളെ പറഞ്ഞയച്ച എൻജിനിയറെ കണ്ടത്. ഇടയിൽ പല തവണ വിളിച്ചപ്പോഴും കിട്ടാതിരുന്ന കാര്യം ഞാൻ സൂചിപ്പിച്ചു. കൂട്ടത്തിൽ എനിക്ക് പറ്റിയ ഹിമാലയൻ മണ്ടത്തരത്തെപ്പറ്റിയും പറഞ്ഞു. എല്ലാം കേട്ട ശേഷം അയാൾ പറഞ്ഞു. ഞാനേല്പിച്ചിരുന്നത് ശരിയായ മേസ്തിരിയെത്തന്നെയായിരുന്നു. പണിക്ക് വന്നവൻ ഹെൽപ്പർ മാത്രമായിരുന്നത്രേ. പണിക്കാരോട് ഇത് പറയുന്നത് കേട്ടു നിന്നിരുന്ന അയാൾ കാറ്റ് പിടിച്ച പോലെ പാഞ്ഞ് വന്ന് എനിക്ക് മുട്ടൻ പണി തരികയായിരുന്നു.
അരമുറി തേങ്ങ പോയാലെന്താ, പട്ടീടെ സ്വഭാവം മനസ്സിലാക്കാനായല്ലോ എന്ന് മാത്രം ഞാൻ മനസ്സിലോർത്തു.
