6 June 2022 · 10 min read · കഥ

ഒറ്റപ്പൂരാടൻ

വിൻസന്റ് ഡി വാൻഗോഗ്

ആംസ്റ്റർഡാമിലെ റെഡ്സ്റ്റ്രീറ്റും സെക്സ് മ്യൂസിയവുംകണ്ടു കണ്ടങ്ങനെ നടക്കുമ്പോഴാണ് പണ്ടെങ്ങോ പരിചിതമായിരുന്നൊരു ഗന്ധം നാസാരന്ധ്രങ്ങളിലൂടെ തലച്ചോറിന്റെ ഇടത്തെ പാർശ്വത്തിലേക്ക് പ്രവേശിക്കുന്നത്. പെട്ടെന്നാണ് പോരും മുമ്പെ ഒരു സുഹൃത്ത് പറഞ്ഞ കഞ്ചാവ് തെരുവുകൾ ഇവിടെത്തന്നെയാണല്ലോ എന്ന് മിന്നിയത്. നിയമാനുസൃതം പ്രവർത്തിക്കുന്ന കഞ്ചാവ് കഫേകളുടെ പ്രഖ്യാതമായ ആ തെരുവ് തന്നെ ഈ തെരുവെന്ന് മനസ്സിലായതങ്ങനെയാണ്. കുറെയേറെ നേരം ഞാൻ ആ നീണ്ട  വഴിയിലൂടെ നടന്നു. 

നഗരത്തിനകത്തായത് കൊണ്ടാകാം ഏപ്രിലിലെ ആ സായാഹ്നത്തിൽ തണുപ്പിന്റെ ആധിക്യം അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. എങ്കിലും രാവിലെ മുതലുള്ള നഗര പ്രദക്ഷിണത്തിൽ തെല്ലു പോലും വിശ്രമമില്ലാതിരുന്നതിനാൽ എവിടെയെങ്കിലും അല്പ നേരം ഇരിക്കണമെന്ന് ശരീരം ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ആറ് മണിയേ ആയിട്ടുള്ളു. വീതി കുറഞ്ഞ റോഡായതിനാൽ വലിയ തിരക്കനുഭവപ്പെടുന്നുണ്ടായിരുന്നു. ആ നടത്തത്തിൽത്തന്നെ ഒരു ചെറുവക കിക്ക് കിട്ടിയ പോലെയായി. എങ്കിലും അതിന്റെ ശരിക്കുമുള്ള ഹിക്മത്ത് ഒന്ന് നേരിട്ടറിഞ്ഞില്ലെങ്കിൽ പിന്നെന്ത് രസം. അത് കൊണ്ട് തന്നെ കഞ്ചാവ് പുകയുന്ന കോഫി ഷോപ്പുകളിലൊന്നിൽ കേറാമെന്ന് കരുതി. തലയിൽ മുണ്ടിട്ട് കയററേണ്ട കാര്യമില്ലല്ലോ ഇവിടെ. ആര് ആരെയറിയാൻ? അങ്ങനെ, ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ചേരമാൻ മൈതാനിയിലിരുന്ന് സപ്തർഷികളെ സാക്ഷിയാക്കി ആസ്വദിച്ച ബൊഹീമിയൻ അന്തരീക്ഷത്തെ പുതിയൊരു തലത്തിൽ തിരിച്ചു പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. നെതർലന്റ്സിൽ വന്നിട്ട് ഒരു കഞ്ചാവ് പുകയെങ്കിലും ഉള്ളിലേക്കെടുത്തില്ലെങ്കിൽ യാത്ര പൂർണ്ണമാകുന്നതെങ്ങനെ.  

ചുവന്ന തെരുവിനോട് ചേർന്ന  കനാലിന്റെ ഓരത്തായി അത്തരം നിരവധി കഫേകളുണ്ട്. വഴിയോരങ്ങളിൽ വില്‌പനക്കായി നില്ക്കുന്ന ആളുകളുമുണ്ടത്രെ. പക്ഷെ, അവരിൽ അപകടകാരികളും കണ്ടേക്കാം എന്നാണ് ഔദ്യോഗിക ഭാഷ്യം തന്നെ. നിനക്ക് കഞ്ചാവടിക്കണമെങ്കിൽ അതിനായുള്ള ഷോപ്പിൽ തന്നെ പൊയ്ക്കോ എന്നാണവരും മൊഴിയുന്നത്.

യെല്ലോ മെല്ലോ, പിക്കാസോ എന്നീ കന്നാബിസ് സ്മോക്കിംഗ് ഷോപ്പുകൾ കണ്ടു. വീണ്ടും നടന്നു. അങ്ങനെയങ്ങനെ നടക്കുമ്പോൾ

ബുൾഡോഗ് എന്ന കഫേ കണ്ണിൽപ്പെട്ടു. ഇനിയധികം പോകണ്ട ഇത് തന്നെ മതിയെന്ന് ഞാൻ എന്നെത്തന്നെ ഉപദേശിച്ചു. അവിടെ എത്തുമ്പോഴേക്കും തെരുവിനാകെ ഒരു ക്ലാസ്സിക്കൽ ഗുമ്മൻ മണം. നമ്മുടെ ഇടുക്കിയിലെ നീലച്ചടയൻ കത്തിയുയരുമ്പോൾ വമിക്കുന്ന ഒരേ സമയം ദുസ്സഹവും  ഹൃദ്യമായതുമായ ഗന്ധം!

റോഡിൽ നിന്നും ഞാൻ പതിയെ അകത്തേക്ക് കയറി. നേരിയ അമ്പരപ്പുണ്ട്. അത് ഹൃദയമിടിപ്പിന്റെ വേഗത ചെറുതായി ഉയർത്തിയിട്ടുമുണ്ട്.   വാസ്തവത്തിൽ അപരിചിതത്വം അവിടെ ഒരു പ്രശ്നമേയല്ലെങ്കിലും എന്തോ ഒരു അസ്കിത മനസ്സിൽ ചേക്കേറിയ മട്ട്.

മങ്ങിയ പ്രകാശമുള്ള ഒരു ഹാളിലാണ് ഞാനിപ്പോൾ. ഇരിക്കുന്നവരും നില്ക്കുന്നവരുമായി നിറയെ ആളുകൾ. ഒരു ഹൈ ക്ലാസ്സ് ബാറിന്റെ അന്തരീക്ഷം. ആരവങ്ങളില്ല. ഇരിക്കുന്നവർ ഒരു സൈക്കഡലിക് മൂഡിലെന്നപോലെ ചിന്താമഗ്നരായി, സ്വയം നഷ്ടപ്പെട്ട് ഏതോ അഭൗമ ലോകത്തിൽ അലയുന്ന ഭാവങ്ങളിൽ. നില്ക്കുന്നവരിലും അലോസരഭാവങ്ങളൊന്നുമില്ല. ശാന്ത സ്വരൂപികൾ തന്നെ അവരും. അതേ ഭാവത്തിൽ ഞാനും വരികളുടെ യറ്റത്ത് നിലകൊണ്ടു. നിമിഷ നേരം കൊണ്ട് എനിക്ക് പിന്നിൽ പുതിയ ആളുകൾ വരിയൊത്ത് നില്പായി. മിക്കവാറും ടൂറിസ്റ്റുകൾ തന്നെ. ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു.ആരെങ്കിലും പ്രകോപിതരായാൽ പറഞ്ഞു നില്ക്കാൻ ഒരു ന്യായം പോലുമില്ലാത്തതിനാൽ അതിന് തുനിഞ്ഞില്ല. ധ്യാന നിമീലരായിയിരിക്കുന്നവരുടെയിടയിലൂടെ ഞാനൊരുവിധം മുന്നോട്ട് നീങ്ങി. 

അപരിചിതത്വം എന്നെ ഏറെ നേരം അലോസരപ്പെടുത്താനൊന്നും ഞാൻ വിട്ടു കൊടുത്തില്ല. കൗണ്ടറിൽ വിവരം പറഞ്ഞപ്പോൾ അയാൾ മോണിറ്ററിലേക്ക് വിരൽ ചൂണ്ടി. അതിൽ തെളിയുന്ന ഗ്രാസ് ഗ്രേഡിംഗും വിലയും നോക്കി ഏത് വേണമെന്ന് നമുക്ക് തീരുമാനിക്കാം. ഞാനാകെ കൺഫ്യൂഷനിലായി. എന്റെ അനിശ്ചിതത്വം കണ്ടിട്ടാകാം, നാല് സ്റ്റാറിന്റെത് കടുകട്ടിയായിരിക്കുമെന്ന് പിന്നിൽ നിന്ന ഒരാൾ പറഞ്ഞു തന്നു. എന്നാൽ പിന്നെ രണ്ട് സ്റ്റാറിന്റേതായിക്കോട്ടെ എന്ന് തന്നെ ഞാൻ കരുതി. തീരെ കുറയേണ്ടല്ലോ.

വീണ്ടും കൗണ്ടറിൽ എത്തിയപ്പോൾ ഞാനാവശ്യപ്പെട്ടത് താഴെ കിട്ടുമെന്ന് പറഞ്ഞു കൊണ്ട് അയാൾ വിനയപൂർവ്വം താഴേക്കുള്ള ഒരു പിരിയൻ ഗോവണി കാട്ടി തന്നു. തിരിച്ച് ഇതിലൂടെ എങ്ങനെ മുകളിലെത്തും എന്ന ആശങ്കയോടെ ഞാൻ താഴേക്കിറങ്ങി. 

അത്ഭുതം ! അത് അണ്ടർ ഗ്രൗണ്ട് അല്ലേ അല്ലായിരുന്നു. അവിടെ നിന്നു പുറത്ത് കടന്നാലും തൊട്ടു മുമ്പിൽ നിരത്ത് തന്നെ. അപ്പോൾ ഞാൻ പിരിയൻ ഗോവണിയിലൂടെ എവിടേക്കാണ് ഇറങ്ങിയത്! കഞ്ചാവ് പുക അകത്ത് ചെല്ലും മുമ്പേ ഇങ്ങിനെയെങ്കിൽ അകത്ത് ചെന്നാലെങ്ങനെയായിരിക്കും എന്ന് ഞാനതിശയിച്ചു . മറിമായം തന്നെ !  ഞാൻ രണ്ട് സ്റ്റാറിന്റെ ഒരു കൂട്  pre rolled cigarette വാങ്ങി.  15 യൂറോ.

സാധനം കയ്യിൽ കിട്ടിയപ്പോഴേക്കും അവിടത്തെ സീറ്റുകളെല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. കനാലിനും ഷോപ്പിനുമിടയിലുള്ള തുറസ്സായ സ്ഥലത്തു കസേരകളും ടേബിളുകളും ആഷ്ട്രേകളും നിരവധി. ഞാൻ പതിയെ അങ്ങോട്ട് നീങ്ങി ഒഴിഞ്ഞ ഒരിടത്തിരുന്നു. 

കനാലിലൂടെ വിനോദ നൗകകൾ ഒരു ദിശയിലേക്ക് മാത്രമായി നീങ്ങിക്കൊണ്ടിരുന്നു. ഇപ്പോൾ സമയം ഏഴിനോടടുത്തിരുന്നെങ്കിലും ഒരു നാല് മണിയുടെ പ്രതീതി. (ഈയിടെ അസ്തമയം വൈകീട്ട് 9.15 നാണ് ) .

പാക്കറ്റ് തുറന്ന് നോക്കി. സ്പെഷൽ ഫിൽറ്ററൊക്കെ പിടിപ്പിച്ചിട്ടുള്ള നാല് സിഗററ്റുകളടങ്ങിയ കൂടാണത്. ഒന്നെടുത്ത് മണപ്പിച്ചു. തൊട്ടപ്പുറത്തെ സീറ്റുകളിൽ ഓരോരോ ചിന്തകളിൽ മുഴുകിയിട്ടെന്ന പോലെ ആളുകൾ പുകച്ചുരുളുകൾ ആവാഹിച്ച് ആനന്ദതുന്ദിലരായി ഇരിക്കുന്നുണ്ട്.

ഞാൻ ലൈറ്ററെടുത്ത്  സിഗററ്റ് കത്തിച്ച് ഒരു കവിൾ പുക ഉള്ളിലേക്കെടുത്ത് നാല് പതിറ്റാണ്ട് പിന്നിലേക്ക് മനസ്സിനെ തുറന്ന് വിട്ടു. ഉള്ളിലേക്കെടുത്ത പുകയെ അതിന്റെ സത്ത മുഴുക്കെയും രക്തത്തിലലിയാൻ സമയം കൊടുത്ത ശേഷം ഘട്ടംഘട്ടമായി പുറത്തേക്ക് വിട്ടു കൊണ്ട്  കനാലിലേക്ക് നോക്കി. ബോട്ടുകൾ ശബ്ദരഹിതമായി നീങ്ങിക്കൊണ്ടിരുന്നു. അതിനകത്തെ സഞ്ചാരികളുടെ തിളക്കമാർന്ന മുഖത്ത് വിടർന്ന് നിന്ന സന്തോഷ പൂത്തിരകൾക്ക് പോക്കുവെയിൽ രശ്മികൾ കൂടുതൽ അഴകേറ്റി. 

തുടർച്ചയായി മൂന്നാല് പുകകൾ അങ്ങനെ എടുത്തപ്പോഴേക്കും ഒരു തരിപ്പ് പടർന്നേറാൻ തുടങ്ങി. എവിടന്നാണ് തുടക്കമെന്നോ, എവിടേക്കാണത് സംക്രമിക്കുന്നതെന്നോ കണ്ടെത്താ വാനാകാത്ത വിധം ദുരൂഹമായ ഒരവസ്ഥ. ഒരു സുഖം. തലച്ചോറിലെ കുഞ്ഞു ഞരമ്പുകൾ വലിഞ്ഞു മുറുകുകയും പിന്നെയത് ചുരുങ്ങിച്ചുരുങ്ങി ഒരു കടുകുമണിയോളമായത് പോലെയുള്ള അനുഭവം.

ദീർഘകാലത്തെ ഇടവേള യുള്ളതിനാലാകാം ലഹരി ശരീരത്തിലെമ്പാടും പുകഞ്ഞു പരന്നതായി തോന്നി. തെരുവിലൂടെയുള്ള ആളുകളെ ഞാൻ വെറുതെ ഒന്ന് പാളി നോക്കി. നടന്നും സൈക്കിളിലുമായി പോകുന്ന നിരവധി ആളുകൾ. ആരും തിരക്കിലല്ല. തീർത്തും അലസ ഗമനം തന്നെ. അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കെ അവർക്കിടയിൽ നിന്നും പെട്ടെന്നൊരു ക്ഷീണിത മുഖത്തെ ഞാൻ കണ്ടെടുത്തു . എവിടെയോ കണ്ടു മറന്ന മുഖം. എന്നാൽ ഏറെ പരിചിതം. പൈപ്പ് ചുണ്ടിൽ തിരുകി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിശ്ചയമില്ലായ്മയിൽ നില്ക്കുകയായിരുന്നു അയാൾ.

ഇതയാൾ തന്നെ.

ഞാനെന്നോട് തന്നെ പറഞ്ഞു. ഒരേ സമയം അമ്പരപ്പും വിസ്മയവും എന്നിൽ നിറയാൻ തുടങ്ങി.  ഉദ്വേഗത്തിന്റെ അവസാന നിമിഷങ്ങളിൽ ഉറച്ച ശബ്ദത്തിൽ ഞാനയാളെ പേരു് ചൊല്ലി വിളിച്ചു.

"വിൻസന്റ് "

എന്റെ വിളി ഉച്ചത്തിലായിരുന്നെന്ന് ഞാനറിഞ്ഞില്ലെങ്കിലും തൊട്ടടുത്തിരുന്നവരും നടന്ന് നീങ്ങുന്നവരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്റെ വിളി കേട്ടിട്ടെന്നോണം സെൽഫ് പോർട്രൈയിറ്റിന്റെ ചതുരക്കള്ളികളിൽ നിന്നെന്ന പോലെ ചിരി വിടരാത്ത മുഖത്തോടെ അയാളിറങ്ങി വരുന്നത് ഞാൻ കണ്ടു. ചുണ്ടിൽ നീളൻ പൈപ്പ്. അതിൽ നിന്നും വമിച്ച പുക തെരുവിൽ നിറഞ്ഞു നിന്ന പുകയുമായി ഇടകലരാതെ ഉയർന്ന് നിന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പതുപതുത്ത , 

വൃത്തിഹീനമല്ലെങ്കിലും പഴക്കം ചെന്ന കോട്ട്. ക്ലീൻ ഷേവ് ചെയ്ത മുഖം. തലയിൽ തൊപ്പി. മഞ്ഞച്ച പല്ലുകൾ പുറത്ത് കാട്ടി ചിരിയല്ലാത്ത ഭാവത്തിൽ "നീയെന്താണിവിടെ  " എന്നൊരു മറുചോദ്യവുമായി അയാൾ എന്റെ മുന്നിൽ നിന്നു.  

ഒരു നിമിഷത്തെ ഇടവേളയിൽ അയാൾ പൈപ്പ് വീണ്ടും ആഞ്ഞുവലിച്ചു. ശേഷം തുറിച്ച കണ്ണിലൂടെ എന്നെ അടിമുടി നോക്കി. 

"രാവിലെ നീ  മ്യൂസിയത്തിൽ ചുറ്റിപ്പറ്റി നടക്കുന്നത് ഞാൻ കണ്ടിരുന്നു. *പൊട്ടാറ്റോ ഈറ്റേഴ്സിനായുള്ള പുതിയ ഉരുളക്കിഴങ്ങുകൾക്ക് നനക്കുന്ന തിരക്കിലായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ഞാനെന്റെ **സൂര്യകാന്തിപ്പുക്കളെയും തലോടാനായി സമയം കണ്ടെത്തും. വാടിത്തുടങ്ങുന്ന അവയുടെ മൂർദ്ധാവിൽ ഉമ്മ വെക്കും. അവയുടെ തടങ്ങളിലെ  മണ്ണിളക്കി അവിടം നനച്ചു കൊടുക്കും. മറ്റാരും കൂട്ടില്ലാത്തതിനാൽ അവയുമായി സംവദിക്കും. ചിലപ്പോൾ ശണ്ഠ കൂടും."

ഞാനത്ഭുതം കൂറി. കേട്ടത് ശരിയാണോ എന്ന് തിരിച്ചറിയാനുള്ള പാകത്തിലായിരുന്നില്ല ഞാൻ. എങ്കിലും ആളിത് തന്നെയോ എന്നറിയാനായി ഞാനയാളുടെ ഇടം കവിളിലേക്ക് നോക്കി. മുറിച്ചെടുത്ത ചെവിയുടെ ഭാഗം എങ്ങനെയെന്നറിയാനുള്ള കൗതുകത്തോടെ .

ലഹരി ഉള്ളിൽ ചെന്നതിന്റെ ഭ്രമാത്മകതയിൽ എനിക്ക് തോന്നുന്നതാകാം എന്ന് ഞാനുറപ്പിച്ചു. പക്ഷെ, ശക്തമായ  പ്രഹരം പോലെ ഒരു കൈത്തലം എന്റെ തോളിൽ പതിയുന്നതായി എനിക്കനുഭവപ്പെട്ടു. എന്റെ മൂക്കിന് മുന്നിലായി നീണ്ട പൈപ്പിൽ നിന്നും നീലപ്പുകച്ചുരുളുകൾ ഉയർന്ന് പൊന്താൻ തുടങ്ങി. ഞാൻ ഉന്മാദാവസ്ഥയിലല്ലെന്നും, അത് യാഥാർത്ഥ്യമെന്നും തിരിച്ചറിയാൻ അത് മതിയായിരുന്നു. 

"*** ഗോഗിൻ , ഞാൻ നിന്നെ എവിടെയെല്ലാം തിരഞ്ഞു . നീയെവിടെയായിരുന്നു. നമ്മുടെ സർഗ്ഗോപാസനകൾക്ക് ഇടയിൽ കടന്ന് വന്നിരുന്ന  കലഹങ്ങളെ നീ പെരുപ്പിച്ചു കാട്ടി. എന്നെ ഉന്മത്തനാക്കും വിധം നീ അവഗണിച്ചു. ഞാൻ നിന്നെ കൂടുതലായി സ്നേഹിക്കാൻ തുടങ്ങുന്നതിന് മുമ്പേ നീയെന്നെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. നമ്മളൊന്നിച്ചുണ്ടായിരുന്ന രണ്ടേ രണ്ട് മാസങ്ങൾ, മഞ്ഞ നിറമണിഞ്ഞ ആ കെട്ടിടം എല്ലാമെല്ലാം വിട്ടെറിഞ്ഞ് കൊണ്ട് നീ എന്നിൽ നിന്നും ഓടിയൊളിച്ചു. അവസാനമായിപ്പോലും ഒരു നോക്കു കാണാൻ നീയെനിക്കവസരം തന്നില്ല. കരീബിയനിലെവിടെയോ നിന്ന് നീയെനിക്ക് തുരുതുരാ എഴുതിക്കൊണ്ടിരുന്നു എന്നത് ശരി തന്നെ. പക്ഷെ, പലപ്പോഴും നിന്നോടുള്ള , ഞാനറിയാതെ തന്നെ എന്നിൽ നിറഞ്ഞ വിദ്വേഷം അവയിൽ പകുതി പോലും വായിക്കാതെ ഞാൻ വലിച്ചെറിയാൻ ഇടയാക്കി. "

അയാളുടെ വിരലുകൾ എന്റെ തോളിൽ താഴ്ന്നമർന്നു. വിചിത്രമായ, ഏറെ വിഭ്രാമകമായ ഒരനുഭവതലത്തിലൂടെ കടന്ന് പോവുകയായിരുന്നു ഞാനെന്ന് എനിക്ക് മനസ്സിലായി.

ഞാൻ കസേരയിൽ ഒന്ന് കൂടി അമർന്നിരുന്നു. കൈകൾ മുകളിലേക്കുയർത്തി ഒന്ന് മൂരി നിവർന്നു. എല്ലാം എന്റെ തോന്നലാണോ എന്നറിയാനായി സിഗറ്റ് കുറ്റികൊണ്ട് കൈയിൽ കുത്തി നോക്കി. പൊള്ളുന്നുണ്ട്. അപ്പോളിത് സ്വപ്നമല്ല. ലഹരിയിൽ വിടർന്നുയരുന്ന വിഭ്രാന്തികളുമല്ല.

പെട്ടെന്ന് രണ്ടാമതൊരു സിഗററ്റ് കൂടി വലിക്കാൻ എനിക്ക് തോന്നി. എന്റെ തൊട്ടടുത്ത കസേരയിൽ നിന്നും അതിദ്രുത താളത്തിൽ ശ്വാസോച്ഛ്വാസം ഉയരാൻ തുടങ്ങി. കൂടെ ആരോ വലിച്ചു വിട്ടിട്ടെന്ന പോലെ കട്ടിപ്പുകയും ഉയർന്നുവന്നു. പക്ഷെ ആ ഇരിപ്പിടത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ ഉണ്ടായിരുന്നു താനും!

മുറിയാതെ നിന്ന വാഗ്ധോരണി, ഫ്രഞ്ചും ഡച്ചും കലർന്ന ഭാഷയിലൂടെ തെരുവിലെ ശബ്ദ ബാഹുല്യങ്ങളെ കീഴടക്കി എന്നിലേക്ക് പ്രവഹിച്ചു. എന്റെ തലച്ചോറിനകനകത്ത് എവിടെയോ മറഞ്ഞിരുന്ന ട്രാൻസ്‌ലേറ്റർ അതെനിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരുന്നു. ബുൾഡോഗിൽ നിന്നും ഉന്മത്തരായ പുരുഷാരം പ്രസന്ന ഭാവത്തോടെ ഇറങ്ങിവരികയും അതിലേറെ ആളുകൾ സ്വയം അലിഞ്ഞില്ലാതാവാൻ അതിലേക്ക് നിർഗ്ഗമിക്കുകയും ചെയ്തു കൊണ്ടിരുന്നു. പൂർണ്ണമായും മഞ്ഞ കലർന്ന ഒരു ഭാവത്തിൽ മഞ്ഞപ്പു പടർന്ന കണ്ണുകളോടെ അയാളെന്നെ തുറിച്ചു നോക്കി.

"ഞാനിങ്ങനെ ഇടക്കിറങ്ങിപ്പോരാറുണ്ട്. മിക്കവാറും മദ്ധ്യാഹ്നത്തിന് മുന്നേയായിരിക്കുമത്. മ്യൂസിയത്തിനകത്ത് ചുറ്റിത്തിരിയുന്ന ചിലരുടെ മുഖഭാവങ്ങളും അഭിപ്രായപ്രകടനങ്ങളും എന്നെ തീർത്തും രോഷാകുലനാക്കാറുണ്ട്. ചിത്രകലയെക്കുറിച്ചോ പോസ്റ്റ് ഇംപ്രഷനിസത്തെക്കുറിച്ചോ എന്നെക്കുറിച്ച് തന്നെയോ ഒന്നുമറിയാത്ത ചിലരുടെ സൗന്ദര്യശാസ്ത്ര വ്യാഖ്യാനങ്ങൾ കേട്ടാൽ ഇറങ്ങിപ്പോരാതെങ്ങനെ? 

ഒരിക്കൽ സെൽഫ് പോർട്രെയിറ്റിൽ നിന്നുമിറങ്ങി എന്റെ പൈപ്പ് തിരഞ്ഞു കൊണ്ടിരിക്കെ ബുദ്ധിജീവികളെന്ന നാട്യത്തിൽ ചിത്രങ്ങൾ നോക്കിക്കാണുന്ന രണ്ട് പേരുടെ സംഭാഷണം കേൾക്കാനിടയായി. സെൽഫ് പോർട്രെയിറ്റിൽ നിന്നും ഞാനിറങ്ങിപ്പോന്നതോടെ ശൂന്യമായി തീർന്ന കാൻവാസിന് മുന്നിലായി അവരിരുവരും നിശ്ചലരായി നില്ക്കുകയാണ്. ഇന്നെവിടെ കറങ്ങണമെന്ന ചിന്തയിൽ ഞാനും . അപ്പോൾ അവരിലൊരാൾ പറയുകയാണ്. ജീവിതത്തിന്റെ അർത്ഥശൂന്യതയാണ് ഈ ചിത്രത്തിലൂടെ വാൻ ഗോഗ് പറഞ്ഞു വെക്കുന്നത്. ഒരു വെളുത്ത ഫ്രെയിമിലൂടെ ഇത് ധ്വനിപ്പിക്കാൻ വേറെയാർക്കു കഴിയും. അപാരം അപാരം! 

അത് കേട്ട് രണ്ടാമൻ താടിയുഴിഞ്ഞ്  അർത്ഥഗർഭമായി ഒന്ന് മൂളിക്കൊണ്ട്  തലയാട്ടി. ശരിക്കും എനിക്കപ്പോൾ തോന്നിയത് അവരെ നിലത്തേക്ക് തള്ളിയിട്ട് അവരുടെ മുഖത്തേക്ക് ഒരു കീഴ്ശ്വാസം വിട്ടു കൊടുക്കാനായിരുന്നു. നമ്മൾ പണ്ടങ്ങനെയായിരുന്നല്ലോ. ഇഷ്ടപ്പെടാത്തതെന്തെങ്കിലും കേട്ടാൽ അങ്ങനെ ചെയ്ത് മുറി വിട്ടിറങ്ങിപ്പോകുമായിരുന്ന നമ്മുടെ പഴയ ശീലം. 

ഞാൻ പറഞ്ഞു കാടുകയറുകയാണല്ലേ.

നീയും ഞാനും ഒന്നിച്ചാൽ, നമ്മെപ്പോലുള്ളവർ എല്ലാരുമൊന്നിച്ചു ചേരും എന്ന് ഞാൻ വ്യാമോഹിച്ചു. ****തിയോ  നമുക്കിരുവർക്കുമെന്ന പോലെ മറ്റുള്ളവർക്കും ഒരു സഹായ ഹസ്തമാകുമെന്നും ഞാൻ കരുതി. ഇനി അവനില്ലെങ്കിൽപ്പോലും നമ്മുടെ സഹവർത്തിത്വം പരസ്പര പൂരകങ്ങളാവുമെന്നും അത് നമ്മെ സംരക്ഷിച്ചേക്കുമെന്നും ഞാൻ കൊതിച്ചിരുന്നു " .

ഞാൻ ചെവി മുറിച്ചു കൊടുത്തത് എന്റെ കാമുകിക്കാണെന്നത് നീ വിശ്വസിക്കുന്നില്ലേ? എനിക്കറിയാം, മറ്റാര് വിശ്വസിച്ചില്ലെങ്കിലും നീയത് ഉൾക്കൊള്ളുമെന്ന്. റേച്ചൽ അത്രക്ക് എന്റെ എല്ലാമായിരുന്നല്ലോ. എന്റെ ഉന്മാദങ്ങളെ എല്ലാം ഉൾക്കൊണ്ടിരുന്നവൾ . എനിക്ക് താങ്ങായിരുന്നവൾ . എനിക്കവളോടുണ്ടായിരുന്ന സ്നേഹാധിക്യം തിരിച്ചറിയാൻ അവളെ കഴിഞ്ഞ് നിന്നെപ്പോലെ മറ്റൊരാൾ ഈ ഭൂമിയിലുണ്ടായിരുന്നില്ല. എങ്കിലും ആ രാതിയിൽ അവളെ ഭയചകിതയാക്കാൻ ഞാനങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്ന് അപൂർവമായി എന്നെ തേടിയെത്തുന്ന ബോധ നിമിഷങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്.

വാസ്തവത്തിൽ അന്ന് അവസാന ദിവസം നീയെന്നെ പിരിഞ്ഞു പോയ നേരം ഞാൻ തീർത്തും അനാഥനാവുകയായിരുന്നു. വല്ലാത്ത ശൂന്യത . എനിക്കറിയാം, എന്റെ അവസ്ഥ അതായിരിക്കുമെന്ന് നിനക്ക് നല്ലപോലെ അറിയാമായിരുന്നുവെന്ന്. പക്ഷെ വേറൊരു മാർഗ്ഗം നിന്റെ മുന്നിൽ ഇല്ലായിരുന്നിരിക്കാം. 

ആ സായാഹ്നമായിരുന്നു എനിക്കേറ്റവും ദുസ്സഹമായിരുന്നത്. കടുത്ത മഞ്ഞ വെളിച്ചം പ്രസരിപ്പിച്ചു കൊണ്ട് സൂര്യൻ മറയാൻ പോകുന്ന നേരം. എന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലക്കും വെളിച്ചം ചൊരിഞ്ഞിരുന്ന നീ പോയതോടെ ഞാനാകെ ഉന്മത്തനായി. നമ്മുടെ മഞ്ഞ വീട്ടിൽ നിന്നുമിറങ്ങി ഞാനവിടെ തെരുവുകളിൽ അലഞ്ഞു. എന്റെ മുമ്പിൽ എല്ലാറ്റിനും മഞ്ഞപ്പായിരുന്നു.

നീ എന്നോടൊപ്പമുണ്ടായിരുന്ന രണ്ട് മാസക്കാലം എത്ര മാത്രം ആഹ്ലാദവാനായിരുന്നു ഞാനെന്ന് നീയോർക്കുന്നുണ്ടോ ? സത്യത്തിൽ, ബോധപൂർവ്വം നിന്നെ കൊല്ലാനായി ഞാൻ ശ്രമിക്കുകയായിരുന്നെന്ന് നീ കരുതിയിട്ടുണ്ടാവില്ല. എനിക്കത് നന്നായറിയാം. പക്ഷെ, നിന്നെ കൊല്ലാനുള്ള ഭ്രാന്തമായ ആവേശം തന്നെയായിരുന്നു ആ നിമിഷത്തിൽ എന്നിലത്രയും. എന്തോ ഞാനപ്പോൾ അങ്ങനെ ആയിപ്പോയി. 

നീയോർത്തിരുന്നോ ആവോ. പരസ്പരം പുറം തിരിഞ്ഞിരുന്ന് നമ്മൾ ചിത്രങ്ങൾ പൂർത്തിയാക്കിയിരുന്നത്. സായാഹ്നങ്ങളിൽ ആർട്ഗാലറികളിൽ അവ പ്രദർശിപ്പിച്ച് കിട്ടിയ കാശുമായി നേരെ റേച്ചലിന്റെ കതകിൽ മുട്ടി രാവെളുക്കുവോളം അവിടെ കഴിഞ്ഞിരുന്നത്. എല്ലാം നീ മറക്കുകയായിരുന്നെന്ന് ഞാനോർത്തപ്പോൾ ഞാനെന്നെയും മറന്നു. നിനക്ക് എന്റെ കൂടെയുള്ള ജീവിതം ദുസ്സഹമാണെന്ന് തിയോ പറഞ്ഞു ഞാനറിഞ്ഞപ്പോൾ എന്ത് നീക്കുപോക്കിനും ഞാൻ തയാറായിരുന്നു. എങ്കിലും എന്റെ സഹോദരനാണെങ്കിലും തിയോയായിരിക്കുമോ നമുക്കിടയിൽ വെറുപ്പിന്റെ വിത്തുകൾ പാകിയതെന്ന് ചിലപ്പോളെങ്കിലും ഞാനാലോചിച്ചു പോയിട്ടുണ്ട്. അവന്റെ കഞ്ഞി കുടി കഴിഞ്ഞിരുന്നത് നമ്മുടെ ചിത്രങ്ങൾ വിറ്റു കിട്ടിയതിൽ നിന്നുമുള്ള പങ്ക് കൊണ്ടായിരുന്നെങ്കിൽപ്പോലും … 

ഗോഗിൻ , നീ പോയതോടെ ഞാൻ തീർത്തും ഏകനായി. നമ്മുടെ മഞ്ഞ വീടിനകത്തളം ശൂന്യതയുടെ മഞ്ഞപ്പു പടർന്ന് എന്റെ കാഴ്ചയെ, വല്ലപ്പോഴും എന്നിലേക്കെത്തി നോക്കുന്ന ബോധത്തെപ്പോലും മങ്ങിപ്പിച്ചു. എത്ര വഴക്കിട്ടാലും നീയെന്നോടൊപ്പം ഉണ്ടാകുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്റെ സങ്കടങ്ങളും, ആവലാതികളും, സന്തോഷങ്ങളും പങ്കു വെക്കാൻ ഒരാൾ. ഉന്മാദം പകർന്ന് തരുന്ന എന്റെ വിഷാദ നിമിഷങ്ങളെ ഇറക്കി വെക്കാൻ ഒരത്താണി. അതാണ് ഇല്ലാതാക്കിക്കൊണ്ട് നീ തിരിഞ്ഞു നടന്നത്.

എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. നിന്നെക്കൊല്ലാനായി ഞാനെടുത്ത കത്തി അപ്പോഴും എന്റെ കയ്യിലുണ്ടായിരുന്നു. ഞാനതെടുത്ത് എന്റെ ഇടത്തെ ചെവി മുറിച്ചെടുത്തു. എന്റെ വിഷാദരോഗവും ഡിമൻഷ്യയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കണം. എനിക്കൊന്നുമറിയില്ലായിരുന്നു. എന്റെ തലക്കകത്ത് മുഴുവൻ മഞ്ഞ നിറം ചൊരിയുന്ന നിലാവ് നിന്ന് പെയ്യുകയായിരുന്നിരിക്കണം.

ഒരു പത്രക്കടലാസെടുത്ത് ഞാൻ ആ ചെവി ഭദ്രമായി പൊതിഞ്ഞു. നേരെ റേച്ചലിന്റെ വീട്ടിലേക്ക്. എന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ചോര യത്രയും വസ്ത്രങ്ങളെ കുതിർത്തു തുടങ്ങിയിരുന്നു. സന്ധ്യയായതിനാൽ ആരുമതു കാണുന്നുണ്ടായിരുന്നില്ല.

റേച്ചൽ എനിക്കെല്ലാമായിരുന്നെന്ന് നിനക്കറിയാവുന്നതാണല്ലോ. അതിനാൽ ഞാനെന്റെ ചെവി അവൾക്ക് സമ്മാനമായി കൊടുത്തു.

എനിക്കിപ്പോൾ ഏറെ ആശ്വാസം തോന്നുന്നു. ഞാനീ പറഞ്ഞതൊക്കെയും നീ മനസ്സിരുത്തി ശ്രദ്ധിച്ചിരുന്നല്ലോ. എന്റെ ആത്മാവ് നിനക്ക് പകുത്തു നല്കിയത് പോലുള്ള ഒരാനന്ദം എന്നിലിപ്പോൾ നിറയുന്നുണ്ട്. എന്റെ മനസ്സ് നിറഞ്ഞു തൂവുകയാണ്. ഇനി ഞാൻ പോകട്ടെ. വിധിയിൽ വിശ്വസിക്കുന്നില്ലെങ്കിലും ഞാൻ പറയട്ടെ . വിധിയുണ്ടെങ്കിൽ ഇനിയും കാണാം.

കുറച്ചു നേരം എന്റെ ചെവിയിൽ ഒരു മൂളൽ പോലെ എന്തോ തടഞ്ഞു നിന്നു. മുന്നിലെ അദൃശ്യമായിരുന്ന പൈപ്പിൽ നിന്നും വമിച്ചിരുന്ന പുകക്ക് കട്ടി കൂടുന്നതായി തോന്നി. കനത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. അത് നഗരത്തിലെ വായുവിൽ മെല്ലെ അലിഞ്ഞുചേരുന്നത് എനിക്ക് ശരിക്കും ദൃശ്യമായി.

ഒടുവിൽ പുക ഒടുങ്ങി. പുക ശമിച്ചു. തെരുവ് പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഞാൻ കണ്ടെത്തി. പതിയെ എഴുന്നേറ്റ് എന്നെ ചൂഴ്ന്നിരുന്ന വിഹ്വലതകളെ മുഴുക്കെ അവിടെ ഉപേക്ഷിച്ച്  ട്രാമിനെ ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി.

(വിൻസന്റ് ഡി വാൻഗോഗ് (1853-1890) പ്രഖ്യാതനായ ഡച്ച് ചിത്രകാരൻ. ഉന്മാദത്തിന്റെ പാരമ്യത്തിൽ തന്റെ ചെവി മുറിച്ച്

കാമുകിക്ക് കാഴ്ച വെച്ചവൻ. 37 മത്തെ വയസ്സിൽ വെടിയുതിർത്ത് ജീവിതം അവസാനിപ്പിച്ചു. പൊട്ടാറ്റോ ഈറ്റേഴ്സും സൂര്യകാന്തിപ്പൂക്കളും ഉൾപ്പെടെ നിരവധി വിശിഷ്ട രചനകൾ .

പോൾ ഗോഗിൻ അദ്ദേഹത്തോടൊപ്പം രണ്ട് മാസം മാത്രം കൂടെ താമസിച്ച പ്രശസ്തനായ ഫ്രഞ്ച് ചിത്രകാരൻ. തിയോ, വാൻ ഗോഗിന്റെ സഹോദരൻ .)

(ബുൾഡോഗിനെ ചുറ്റിപ്പറ്റി ഇതിൽ പ്രതിപാദിച്ചതെല്ലാം തികച്ചും സാങ്കല്പ്പികമാണ്).

Share this story

Comments (0)

  • Be the first to write one.