9 June 2022 · 5 min read · ചരിത്രം
വാട്ടർലൂ / ചരിത്രം.
ആംസ്റ്റർഡാമിൽ നിന്നും ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു മുൻ തീരുമാനവുമില്ലാതെ എത്തിച്ചേർന്ന ചരിത്രപ്രധാനമായ സ്ഥലമാണ് വാട്ടർലൂ. പണ്ട് ആറിലോ ഏഴിലോ പഠിക്കുമ്പോൾ സാമൂഹ്യപാഠത്തിൽ എവിടെയോ കേട്ടു മറന്ന ഇടത്തിൽ എത്തിയത് വഴി തെറ്റിപ്പോയത് കൊണ്ട് മാത്രമാണ്. യാത്രക്കിടയിൽ ഹൈവേയിൽ പൊടുന്നനെ നേരിടേണ്ടി വന്ന ഒരു ട്രാഫിക് ബ്ലോക്കിൽ നിന്നും ഊർന്നിറങ്ങുമ്പോൾ ഇങ്ങനെയൊരിടത്ത് എത്തിച്ചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
വീതി കുറഞ്ഞ ഗ്രാമീണ റോഡുകൾക്കിരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞ് ചെറിയൊരു വയനാടൻ പ്രതീതിയുളവാക്കിയ പ്രകൃതി. ഹൈവേയിലേക്ക് തന്നെ കേറാനായി മുന്നോട്ട് പോകുന്തോറും സ്വച്ഛവും പ്രശാന്തവുമായ പ്രകൃതിയുടെ മനോഹാരിത കൂടുതൽ പകിട്ടാർന്ന് ഞങ്ങളെ പ്രലോഭിതരാക്കിക്കൊണ്ടിരുന്നു.

സൈൻ ബോർഡുകൾ മാറി മറിഞ്ഞു കൊണ്ടിരിക്കെയാണ്
“വാട്ടർ ലൂ" എന്ന പേരു് കണ്ണിൽ പ്പെട്ടത്. നെപ്പോളിയനുമായി ബന്ധപ്പെട്ട ഒരിടമായിരുന്നതിനാൽ ഫ്രാൻസിലായിരിക്കും വാട്ടർലൂ എന്നാണ് അത് വരെ ധരിച്ചിരുന്നത്. വടക്കൻ ബെൽജിയത്തിലെ അതിമനോഹരമായ ഹ്യൂഗോമൗണ്ട് എന്ന ഈ ഗ്രാമത്തിലെത്തും വരെ അങ്ങനെ തന്നെയായിരുന്നു ഉറച്ച വിശ്വാസവും.
മുന്നോട്ട് പോകുന്തോറും റോഡിനിരുവശവും കിടക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ നീണ്ട നിര കാണാൻ തുടങ്ങി. വാട്ടർലൂ സ്മാരകമായി ഉയർന്ന് നില്ക്കുന്ന കെട്ടിടമായിരുന്നു തുടർന്ന് കണ്ടത്.
വാട്ടർലൂ യുദ്ധം ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരേടായിട്ടാണ് നാമൊക്കെയും പഠിച്ചിട്ടുള്ളത്; ഏറ്റവും മഹത്തായ ഒന്നാണെന്നും. മഹത്വം എന്താണെന്ന് മാത്രം മാഷ് പഠിപ്പിച്ചിരുന്നില്ല. യുദ്ധങ്ങളെ മഹത്വവൽക്കരിക്കുക എന്നാൽ മാനവികതയോടുള്ള വെല്ലുവിളി തന്നെയെന്നതിൽ സംശയമില്ല.
എങ്കിലും എക്കാലത്തെയും മികച്ച സൈനിക നേതാക്കളായിരുന്ന നെപ്പോളിയനും വെല്ലിംഗ്ടണും പരസ്പരം ഏറ്റുമുട്ടിയ യുദ്ധമുഖത്തേക്കാണ് രണ്ട് നൂറ്റാണ്ടിന് ശേഷം ഞാൻ അടുത്ത് കൊണ്ടിരിക്കുന്നതെന്ന് ഓർത്തപ്പോൾ അവാച്യമായ ഒരനുഭവം എന്റെ മനസ്സിനെ ത്രസിപ്പിക്കുന്നതായി തോന്നി.

അടുത്ത പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾ അവിടെയെത്തി . യുദ്ധം നടന്ന സ്ഥലമത്രയും പ്രത്യേകമായി തിരിച്ച് സംരക്ഷിച്ചിടത്ത് നിരവധി സന്ദർശകർ ആവേശപൂർവ്വം കാഴ്ചകളിൽ മുഴുകി നീങ്ങുന്നുണ്ടായിരുന്നു.
വടക്കൻ ബെൽജിയത്തിലെ ബ്രെയിൻ-എൽ'അല്യൂഡ് മുനിസിപ്പാലിറ്റിയിലുള്ള ഒരു കോട്ടയോട് ചേർന്നുള്ള ഫാമാണ് ഹൂഗോമൗണ്ട്. 1815 ജൂൺ 18 ന് വാട്ടർലൂ യുദ്ധം നടന്ന സ്ഥലം. തീ പാറിയ പോരാട്ടത്തിന് വേദിയായ ഇവിടം അതിമനോഹര ഭൂഭാഗമായാണ് നമ്മെ ഇപ്പോൾ എതിരേല്ക്കുന്നത്. ചെറിയ കുന്നുകളും വൃക്ഷനിബിഡമായ താഴ്വരകളും നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകളും. ഒരു വലിയ മതിൽക്കെട്ടിനകത്തായി പൂന്തോട്ടവും ഒരു പാർക്കും ഉണ്ട്.

അന്ന്, കൃത്യമായും 207 വർഷങ്ങൾക്ക് മുമ്പ് ഒരു പോരാട്ടവേദിയായിരുന്ന സ്ഥലമാണിതെന്ന് ഓർത്തെടുക്കാൻ മനസ്സിനെ റിവേഴ്സ് ഗിയറിലിട്ട് ഓടിച്ചു നോക്കേണ്ടിയിരിക്കുന്നു. അമ്പതിനായിരത്തോളം സൈനികർ ഇരുഭാഗത്ത് നിന്നും മരിച്ചു വീണ ഒമ്പത് മണിക്കൂർ നീണ്ടു നിന്ന യുദ്ധം നടന്ന സ്ഥലം. അത് വരെ ലോകം കണ്ട ഏറ്റവും തീവ്രവും കയ്പേറിയതുമായ ഒരു യുദ്ധമായിരുന്നുവത്രെ അത്.
അവിടെ നില്ക്കുമ്പോൾ ചരിത്രം അതിന്റെ ഗതകാല വേഷഭൂഷാദികളിൽ എന്റെ മുന്നിൽ അണിനിരക്കുന്നതായി എന്റെയാത്മാവ് തൊട്ടറിഞ്ഞു. കുതിരക്കുളമ്പടികളും ആരവാരവങ്ങളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നതും ഞാനറിഞ്ഞു.
1815-ൽ ഫ്രാൻസിന്റെ മുൻ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ എൽബയിലെ പ്രവാസത്തിൽ നിന്ന് രക്ഷപ്പെട്ട് പാരീസിലേക്ക് തിരികെയെത്തി സിംഹാസനം വീണ്ടെടുത്ത് തന്റെ സൈന്യത്തെ പുനർനിർമ്മിച്ചത് യൂറോപ്പ് മുഴുക്കെയും തന്റെ വരുതിയിലാക്കണമെന്ന് കോപ്പ് കൂട്ടിത്തന്നെയായിരുന്നു.
ഇത് മുൻകൂട്ടിക്കണ്ട സഖ്യരാജ്യങ്ങളും എന്തിനും തയാറായി നിന്നു. യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം തന്നെ കീഴടക്കുമെന്ന ഭീഷണി നേരിടേണ്ടി വന്നപ്പോൾ, അത് വരെ കാര്യമായ തോൽവികളൊന്നും നേരിട്ടിട്ടില്ലാത്ത നെപ്പോളിയന്റെ മനസ്സ് ഒന്ന് കാളി കാണും. എന്നാൽപ്പിന്നെ ആദ്യം അങ്ങോട്ട് ചെന്ന് അക്രമിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നത് അങ്ങനെയാണ്.
ആദ്യം നെപ്പോളിയൻ ബെൽജിയം ആക്രമിക്കുകയും സഖ്യസേനയിലുണ്ടായിരുന്ന പ്രഷ്യക്കാരെ നിസ്സാരമായി തോല്പിച്ചോടിക്കുകയും ചെയ്തു. പ്രഷ്യക്കാർ കൗശലപൂർവ്വം പിൻവാങ്ങുകയായിരുന്നു. നെപ്പോളിയൻ കരുതിയത് പോലെ അവർ വാലും ചുരുട്ടി ജർമ്മനിയിലേക്ക് പലായനം ചെയ്യുകയായിരുന്നില്ല. പുലി പതുങ്ങിയത് മുന്നോട്ട് കുതിക്കാൻ തന്നെയായിരുന്നുവെന്ന് അറിയാനുള്ള കഴിവ് എന്ത് കൊണ്ടോ ഒരു പാട് രാജ്യങ്ങൾ കീഴടക്കിയ നെപ്പോളിയന്റെ മനസ്സിൽ ഒട്ടു വന്നതുമില്ല. വീണ്ടും സംഘടിച്ച് മുന്നേറാൻ പ്രഷ്യക്കാർ തക്കം പാർത്തിരുന്നു.
പ്രഷ്യക്കാർ തന്നോടൊപ്പം ചേരാൻ മാർച്ച് ചെയ്യുന്നതായി അറിഞ്ഞ വെല്ലിംഗ്ടൺ ഡ്യൂക്ക് ആണ് അപ്പോൾ ഒന്ന് കൂടി ഉഷാറായത്. തന്റെ സൈന്യത്തെ യുദ്ധത്തിന് തയ്യാറായ ഒരു തന്ത്രപ്രധാന സ്ഥാനത്തേക്ക് നയിക്കാൻ അദ്ദേഹം തീരുമാനിച്ചു.

അതിവിടെയായിരുന്നു.
ആ സ്ഥലത്താണ് ഞാനിപ്പോൾ നില്ക്കുന്നതെന്ന് ഓർത്തപ്പോൾ രോമാഞ്ചകഞ്ചുകിതമായി മേലാസകലം.
രണ്ട് ദിവസമായി തോരാ മഴയായിരുന്നു. ഇടവപ്പാതി തകർത്തു, തിമിർത്തു പെയ്ത് കൊണ്ടിരുന്ന ദിനങ്ങൾ. ആക്രമണോത്സുകനായി നിന്നിരുന്ന നെപ്പോളിയന്റെ ഉത്സാഹത്തിന് മേൽ അത് കോരിച്ചൊരിഞ്ഞ് അദ്ദേഹത്തിന്റെ ആവേശം ചോർത്തിക്കളയുമോ എന്ന നില വന്നു. അതിനാൽ പെയ്തൊഴിയാതെ നിന്ന മഴ വക വെയ്ക്കാതെ നെപ്പോളിയൻ ജൂൺ 18-ന് രാവിലെ ആക്രമണം തുടങ്ങാൻ നിർബ്ബന്ധിതനായി.
അങ്ങനെ ആ നിർണ്ണായക ദിവസമെത്തി. യുദ്ധം തുടങ്ങി. കുതിരപ്പടകൾ തമ്മിലും കാലാൾപ്പടകൾ തമ്മിലും ഇടമുറിയാത്ത വിധം നേർക്ക് നേർ നിന്നുള്ള പോരാട്ടം. മുഷ്ടിയും വാളും തോക്കും കൊണ്ടുള്ള പഴയ കാല യുദ്ധം.
ഉച്ചയാകുമ്പോഴേക്കും സഖ്യസേന ഫ്രഞ്ചുകാരുടെ അക്രമണത്തിൽ തകർന്നു നിലംപരിശാകുമെന്ന നിലയിലായി. ലാ ഹെയ് സെയിന്റിലെ ഫാമിന്റെ പ്രധാന കോട്ട അവർക്ക് നഷ്ടപ്പെട്ടു. ഇത് നെപ്പോളിയന് കൂടുതൽ ഉശിരു പകരാനിടയാക്കി. പക്ഷേ, കടുത്ത പോരാട്ടത്തിന് ശേഷം സഖ്യ സേന ഹൂഗോമൗണ്ട് ഫാം തിരികെ പിടിച്ചു.
തുടർന്ന് ആവർത്തിച്ചുള്ള ആക്രമണങ്ങൾ കൊണ്ട് ഫാം പിടിച്ചെടുക്കുന്നതിൽ നെപ്പോളിയൻ പരാജയപ്പെട്ടു. (പോരാട്ടത്തിനിടെ പ്രധാന കെട്ടിടത്തിന് തീപിടിക്കുകയും കത്തിയമരുകയും ചെയ്തു. അന്നവിടെ തോട്ടക്കാരനായിരുന്ന ഒരാളുടെ വീടാണ് ഇപ്പോൾ ആ സ്ഥാനത്ത് ഉള്ളത് എന്നാണ് അവിടെ സൂചിപ്പിക്കുന്ന വിവരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്.)
നിർണ്ണായക മാറ്റം ഉച്ചകഴിഞ്ഞ് ആയിരുന്നു. ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കം വിട്ട്, ഒന്ന് വിശ്രമിച്ച ശേഷം പ്രഷ്യക്കാർ യുദ്ധരംഗത്തെത്തി. അവർ സഖ്യകക്ഷികൾക്ക് അനുകൂലമായി മാറുന്നതുവരെ യുദ്ധം ഏതാണ്ട് സമനിലയിലായിരുന്നു. ഒരു കോലിന് അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന സ്ഥിതിയിൽ തന്നെ.
പക്ഷെ, സൂര്യാസ്തമയത്തോടെ ലോകം തന്നെ മാറുകയായിരുന്നു. അമ്പതിനായിരത്തോളം സൈനികർ ഇരു ഭാഗത്തുമായി മരിച്ചു വീണു. അതിലേറെപ്പേർ അംഗവിഹീനരായി . നെപ്പോളിയൻ പരാജയത്തിന്റെ രുചിയറിയാൻ തുടങ്ങുകയായിരുന്നു.
മഴ ശക്തിയോടെ നിന്ന് പെയ്തു. ഏറെക്കഴിയാതെ നെപ്പോളിയൻ അടിയറവ് പറഞ്ഞു. ഇക്കാലമത്രയും യുദ്ധം ചെയ്ത് നേടിയ ഖ്യാതി മുഴുക്കെയും ആ ഒരൊറ്റ ദിവസത്തെ യുദ്ധത്തിൽ മഴ കഴുകിക്കളഞ്ഞു. മുമ്പും അപൂർവമായി യുദ്ധ പരാജയങ്ങളെ നേരിട്ടിട്ടുണ്ടെങ്കിലും വാട്ടർലൂ ചരിത്രമാവുകയായിരുന്നു.
പോരാട്ടം അവസാനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവും, മൃതദേഹങ്ങളാലും മുറിവേറ്റവരാലും നിറയപ്പെട്ട ഭൂപ്രകൃതിയായിരുന്നു ഇവിടം.
വാട്ടർലൂ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പോരാട്ടങ്ങളിൽ ഒന്നായി. ഇരുപത് വർഷത്തിലേറെ നീണ്ടുനിന്ന തുടർച്ചയായ പോരാട്ടങ്ങൾക്ക് ശേഷം ഈ ഒറ്റ ദിവസത്തെ ഏറ്റുമുട്ടൽ യൂറോപ്യൻ ആധിപത്യത്തിനായുള്ള ഫ്രഞ്ച് അഭിലാഷങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകി. അങ്ങനെ ഫ്രഞ്ച് വിപ്ലവത്തിന്റെയും നെപ്പോളിയൻ യുദ്ധങ്ങളുടെയും പര്യവസാന ഘട്ടമായി തീർന്നു വാട്ടർലൂ.
സ്പെയിനിലും പോർച്ചുഗലിലും വെല്ലിംഗ്ടണിന്റെ കാമ്പെയ്‌നുകളിലെ അനുഭവപരിചയമുള്ളവർ കണ്ടു പരിചയിച്ചതിനേക്കാൾ വളരെയേറെ നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും തോത് ഇരുവശത്തും ഈ യുദ്ധത്തിന് സാക്ഷ്യം വഹിച്ചു.
വാട്ടർലൂ യുദ്ധം അതിൽ ഉൾപ്പെട്ട സൈന്യത്തിനും ഈ ഗ്രാമത്തിനും തീർത്തും വിനാശകരമായ സംഭവമായിരുന്നു. വടക്കൻ ബെൽജിയത്തിലെ ഇടയനിലയങ്ങളും കൃഷിയിടങ്ങളും ഇടകലർന്ന പ്രകൃതിയത്രയും യുദ്ധത്തിൽ കരിഞ്ഞുണങ്ങുകയും നശിക്കുകയും ചെയ്തു. പോരാട്ടത്തിന്റെ കേന്ദ്രമായ ഹ്യൂഗോ മൗണ്ട് ഭാഗങ്ങൾക്കായിരുന്നു വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നത്.
യുദ്ധത്തിന്റെ അനന്തര നീക്കമെന്ന നിലയിൽ വെല്ലിംഗ്ടണിന്റെയും പ്രഷ്യൻ സൈനിക മേധാവിയായിരുന്ന ബ്ലൂച്ചറിന്റെയും കൂടിക്കാഴ്ചയോടെ, യൂറോപ്പിൽ രാഷ്ട്രീയ മാറ്റത്തിന്റെ നീണ്ട പ്രക്രിയ ആരംഭിച്ചു, ഇത് മേഖലയിൽ തുടർന്നുള്ള സമാധാനത്തിന് കാരണമായി.
വാട്ടർലൂവിൽ നെപ്പോളിയന്റെ തോൽവിക്ക് ശേഷം, ഫ്രാൻസിലെ അദ്ദേഹത്തിന്റെ അനുയായികൾ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. വിജയികളായ യൂറോപ്യൻ ശക്തികൾ ലൂയി പതിനെട്ടാമൻ രാജാവിന്റെ ഭരണം രണ്ടാം തവണയും പുനഃസ്ഥാപിക്കുമെന്ന് ഉറപ്പാക്കിയതോടെ നെപ്പോളിയന്റെ ദിനങ്ങൾ അവസാനിച്ചു. അദ്ദേഹത്തെ മരിച്ചോ ജീവനോടെയോ പിടികൂടാനുള്ള പ്രഷ്യൻ ഉത്തരവ് മനസ്സിലാക്കിയ നെപ്പോളിയൻ ഫ്രാൻസിലെ റോഷെഫോർട്ട് തുറമുഖത്തേക്ക് പലായനം ചെയ്തു. പലതവണ വിഫലമായ രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷം, ഒരു കത്തിലൂടെ ബ്രിട്ടനിലെ രാജകുമാരൻ റീജന്റിനോട് സംരക്ഷണം അഭ്യർത്ഥിക്കുകയും ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് അഭയം നേടുകയും ചെയ്തു.
കീഴടങ്ങലിനുശേഷം, നെപ്പോളിയൻ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു വിദൂര ദ്വീപായ സെന്റ് ഹെലീനയിലേക്ക് സ്ഥിരമായി നാടുകടത്തപ്പെട്ടു. അവിടെ അദ്ദേഹം 1821-ൽ 51-ആം വയസ്സിൽ മരിച്ചു.
@@@
