21 June 2022 · 18 min read · യാത്ര
യാത്ര/ ആംസ്റ്റർഡാം
മുമ്പ് ഹോളണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം. കാറ്റാടി യന്ത്രങ്ങളുടെയും തുലിപ്സിന്റെയും ചീസിന്റെയും നാട്. സൈക്കിളുകൾ ഗതാഗതത്തിന്റെ പ്രധാന രൂപമായ നെതർലൻഡ്‌സ് . വിസ്തീർണ്ണത്തിൽ കേരളത്തിനേക്കാളും 3000 ച.കി.മീറ്റർ കൂടുതലുണ്ടങ്കിലും ജനസംഖ്യ നമ്മേക്കാൾ നേർപകുതി മാത്രമാണുള്ളത്. ഒന്നേമുക്കാൽ കോടി മാത്രം. ജനസംഖ്യയുടെ പകുതിയിലേറെ പേരും അറുപത് വയസ്സ് പിന്നിട്ടവരാകയാൽ ജോലി ചെയ്യാൻ ആളില്ലാത്ത അവസ്ഥ നേരിടുന്ന രാജ്യമാണ്.

ഏതൊരു ഷോപ്പിങ്ങ് മോളിലെയും മിക്കവാറും എല്ലാ കടകളിലും വേക്കൻസി ബോർഡുകൾ കാണാമായിരുന്നു. മണിക്കൂറിന് മിനിമം 17 യൂറോ കിട്ടുമെന്നാണ് കണക്ക്. ഞാനും ഒന്ന് ശ്രമിച്ചു നോക്കിയതാണ്. പക്ഷെ വിസിറ്റിങ് വിസയിൽ അത് അനുവദനീയമല്ലാത്തതിനാൽ മാത്രം ലഭ്യമായില്ല എന്നതാണ് അനുഭവം.

ഭൂമിശാസ്ത്രപരമായി വടക്ക്-പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമായിട്ടാണ് നെതർലാൻഡ്‌സ് അറിയപ്പെടുന്നത്. ലോകത്തെമ്പാടും കോളനിവത്കരണത്തിന് അന്ത്യമായെങ്കിലും, തെക്കെ അമേരിക്കയിലെ വെനിസ്വേലക്ക് അടുത്തായി കരീബിയൻ ദ്വീപ സമൂഹങ്ങളിൽ മൂന്ന് കുഞ്ഞു രാജ്യങ്ങൾ ഇന്നും കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റേതായുണ്ട്; കോളനിയെന്ന് അവകാശപ്പെടുന്നില്ലെങ്കിലും .
നമുക്ക് പതിനാല് ജില്ലകൾ ഉള്ളത് പോലെ നെതർലാൻഡ്‌സിൽ പന്ത്രണ്ട് ജില്ലകളാണുള്ളത്. സമുദ്രവും പുഴകളും തോടുകളും കനാലുകളും നിറഞ്ഞ ഭൂപ്രകൃതി. ഫലഭൂയിഷ്ഠമായ മണ്ണ്, സൗമ്യമായ കാലാവസ്ഥ, കൃഷിയോടു തീവ്രമായ ഔത്സുക്യമുള്ള സമൂഹം, നൂതനമായ കണ്ടുപിടിത്തങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന ശാസ്ത്രസാങ്കേതിക മികവ്. ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരാണെന്ന ഖ്യാതി ഈ രാജ്യത്തിനുണ്ട്. ഗോതമ്പും ബാർലിയും ചോളവും ഉരുളക്കിഴങ്ങുമാണ് പ്രധാന വിളകൾ.
താഴ്ന്നതും പരന്നതുമായ ഭൂപ്രകൃതിയാണ് നെതർലാന്റ്സിന് . നെതർലാൻഡ്സ് എന്നാൽ അക്ഷരാർത്ഥത്തിൽ തന്നെ "താഴ്ന്ന സ്ഥലങ്ങൾ" എന്നാണ് അർത്ഥമാക്കുന്നത്. നാലിലൊന്ന് ഭാഗം സമുദ്രനിരപ്പിന് താഴെയുള്ള ഈ രാജ്യത്ത് വെള്ളപ്പൊക്കം സർവ്വസാധാരണം. നൂറ്റാണ്ടുകൾക്ക് മുമ്പേ ആരംഭിച്ച നിലം നികത്തലിന്റെ അനന്തര ഫലമാണിത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും വെള്ളപ്പൊക്കത്തെപ്പറ്റി പഠിക്കാൻ ഒരു തീർത്ഥാടനം പോലെ ആണ്ടു തോറും വരാറുള്ള സ്ഥലമാണിത്. എന്നിട്ട് എന്തെങ്കിലും പഠിച്ചോ എന്ന് ഇത് വരെ നമുക്കാർക്കും മനസ്സിലായിട്ടില്ല.
കിഴക്ക് ജർമ്മനി, തെക്ക് ബെൽജിയം, വടക്കും പടിഞ്ഞാറും കടൽ തീരങ്ങൾ. വടക്കൻ കടലിലെ പടിഞ്ഞാറൻ തീരം യുണൈറ്റഡ് കിംഗ്ഡവുമായി സമുദ്രാതിർത്തി പങ്കിടുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഡച്ച് ആണ് . എങ്കിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളെ പിന്തുടരാതെ ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്നവരാണ് ഇവർ.
ആംസ്റ്റർഡാം, റോട്ടർഡാം, ഹേഗ്, ഉട്രെക്റ്റ് എന്നിവയാണ് നെതർലാൻഡ്സിലെ ഏറ്റവും വലിയ നാല് നഗരങ്ങൾ. ഹേഗും ഉത്രെക്ടും ഒഴികെ മറ്റ് രണ്ടിടങ്ങളിൽ സന്ദർശനം നടത്താനായി . ആംസ്റ്റർഡാം ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും തലസ്ഥാനവുമാണ്. ഭാഗ്യവശാൽ നിരവധി ദിവസങ്ങളിലായി ഈ നഗരത്തിന്റെ മുക്കും മൂലയും ഇതിന്റെ പ്രാന്തപ്രദേശങ്ങളും ചുറ്റി നടക്കാൻ എനിക്ക് അവസരം കിട്ടി.

തലസ്ഥാനം ആംസ്റ്റർഡാമാണെങ്കിലും ഹേഗിലാണ് പാർലിമെന്റ്, സുപ്രീം കോടതി എന്നിവയുടെ ആസ്ഥാനം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ തുറമുഖമാണ് റോട്ടർഡാം. ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ട് നെതർലാൻഡ്‌സിലെ ഏറ്റവും വലിയ വിമാനത്താവളവും, തിരക്കിന്റെ കാര്യത്തിൽ യൂറോപ്പിലെ മൂന്നാമത്തെതുമാണ്. രാജ്യം നിരവധി അന്തർ സർക്കാർ സംഘടനകൾക്കും അന്താരാഷ്ട്ര കോടതിക്കും ആതിഥേയത്വം വഹിക്കുന്നുണ്ട്. അവയിൽ പലതും ഹേഗിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കൊണ്ട് 'ലോകത്തിന്റെ നിയമ തലസ്ഥാനം' എന്നും അറിയപ്പെടുന്നു.

പതിനേഴാം നൂറ്റാണ്ടോടെ ആരംഭിച്ച റിപ്പബ്ലിക്കൻ കാലഘട്ടത്തിൽനെതർലാൻഡ്‌സ് രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ മഹത്വത്തിന്റെ അതുല്യമായ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അങ്ങനെ ആ തലത്തിൽ ലോകത്തിലെ ഏറ്റവും ശക്തവും സ്വാധീനവുമുള്ളവയിൽ ഒന്നായി മാറി. ഈ കാലഘട്ടത്തെ ഡച്ച് സുവർണ്ണകാലമായാണ് എണ്ണപ്പെടുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനിയും ലോകമെമ്പാടും കോളനികളും വ്യാപാര പോസ്റ്റുകളും സ്ഥാപിക്കുന്നത് ഈ കാലത്താണ്.
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു താവളമായിരുന്നു നമ്മുടെ കൊച്ചി രാജ്യവും . .കൊച്ചി രാജാവിനുവേണ്ടി പോർച്ചുഗീസുകാർ മട്ടാഞ്ചേരിയിൽ പണികഴിപ്പിച്ച രാജകൊട്ടാരം വിപുലീകരിച്ചത് ഡച്ചുകാരായിരുന്നു. അന്നു മുതൽ അത് "ഡച്ച് കൊട്ടാരം" എന്നാണ് അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ഡച്ച് ഗവർണർമാർക്കായി ബോൾഗാട്ടി ദ്വീപിൽ പണിതുയർത്തിയതാണ് ബോൾഗാട്ടി പാലസ്. മട്ടാഞ്ചേരിയിലെ ഡച്ച് ശ്മശാനം കൂടി ഉൾപ്പെടുന്ന നമ്മുടെ അയൽപക്കത്തുള്ള ഡച്ച് തിരുശേഷിപ്പുകളെ കുറിച്ച് ഞാനീ തെരുവിലൂടെ നടക്കുമ്പോൾ വെ റുതെ തന്നെ ഓർത്തു പോകുന്നു.
മലബാർ സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഹോർട്ടൂസ് ഇൻഡിക്കസ് മലബാറിക്കസ് എന്ന പേരിൽ ഒരു കൃതി ഡച്ചുകാരാണ് നമുക്ക് സംഭാവന ചെയ്തത്. കൊച്ചിയിൽ, ഡച്ചുകാർ ദരിദ്രരായ യൂറോപ്യൻ കുട്ടികൾക്കായി ഒരു അനാഥാലയവും വൈപ്പിനിൽ കുഷ്ഠരോഗകേന്ദ്രവും സ്ഥാപിച്ചിരുന്നു.
ഒന്നര നൂറ്റാണ്ടിലേറെ ഈ പഹയന്മാർ കേരളത്തിന്റെ കടലോര തീരങ്ങളിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു സ്ഥിര സാന്നിദ്ധ്യമാക്കി നില നിർത്തിയിരുന്നുവെന്നത് നമ്മുടെ പൂർവ്വികരുടെ അനുഭവ പാഠം. അതിന്റെ പ്രധാന കേന്ദ്രം കൊച്ചി തന്നെ. പോർച്ചുഗീസ്കാർ കേരളം ഉപേക്ഷിച്ചതോടെയാണ് നമ്മുടെ നാട്ടിലെ ഡച്ച് സാന്നിധ്യം ആരംഭിക്കുന്നത്. 1795-ൽ ബ്രിട്ടീഷുകാരുടെ മലബാർ അധിനിവേശത്തോടെ ആ യുഗം അവസാനിക്കുകയുണ്ടായെങ്കിലും അത് ഒന്നര നൂറ്റാണ്ട് കാലമായിരുന്നു എന്നത് ചെറിയ കാര്യമല്ല. ആലപ്പുഴ, ആയക്കോട്ട, ചേന്ദമംഗലം, പാപ്പിനിവട്ടം, പൊന്നാനി, പള്ളിപ്പുറം, കൊടുങ്ങല്ലൂർ, ചേറ്റുവ, കണ്ണൂർ കൊച്ചി എന്നിങ്ങനെ പത്ത് കേന്ദ്രങ്ങളിലായി ഡച്ചുകാരുടെ ഔട്ട് പോസ്റ്റുകൾ ഉണ്ടായിരുന്നു.
ഇത് മലയാളി സമൂഹത്തിനോട് ബന്ധപ്പെട്ട ഡച്ച് ചരിത്രാനുഭവങ്ങൾ. ഇത് പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡച്ചുകാർ നടത്തിയ അധിനിവേശങ്ങളുടെ കഥകൾ നിരവധിയുണ്ടാകും. നിന്റെയൊക്കെ മുതുമുത്തച്ഛന്മാർ എന്റെ നാട്ടിൽ വന്ന് കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങൾ ഏറെയാണ്. എന്നാൽ അല്ലറ ചില്ലറ നല്ല കാര്യങ്ങളും ചെയ്തിട്ടുള്ളത് കൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞു.
1848 മുതൽ ഏകീകൃത ഘടനയുള്ള ഒരു പാർലമെന്ററി/രാജവാഴ്ച സമ്പ്രദായമാണ് നെതർലൻഡ്‌സിൽ. ഗർഭച്ഛിദ്രം, വേശ്യാവൃത്തി, ദയാവധം എന്നിവ നിയമവിധേയമാണ്. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം. ഒരു നൂറ്റാണ്ട് മുമ്പേ നെതർലാൻഡ്സ് സ്ത്രീകളുടെ വോട്ടവകാശം അനുവദിച്ചിരുന്നു. മയക്കുമരുന്ന് നയത്തിൽ ഉദാരത നിലനിർത്തുന്നുണ്ട്. 1870-ൽ നെതർലാൻഡ്‌സ് സിവിൽ നിയമത്തിലെ വധശിക്ഷ നിർത്തലാക്കി.
ആഗോളതലത്തിലെ ആളോഹരി വരുമാനത്തിൽ പതിനൊന്നാം സ്ഥാനമാണ് നെതർലാന്റ്സിന്. പത്രസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, മനുഷ്യവികസനം എന്നിവയുടെ അന്തർദേശീയ സൂചികകളിൽ നെതർലാൻഡ്സ് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഈ വർഷം അഞ്ചാം സ്ഥാനത്തും. നമ്മൾ ഇന്ത്യക്കാർ 142 ആം സ്ഥാനത്താണെന്നത് എങ്ങനെയാണ് നമുക്ക് സന്തോഷപൂർവ്വം ഓർത്തിരിക്കാനാവുക?.
ഭൂമിയിലെ ഏറ്റവും ആകർഷകത്വം നിറഞ്ഞ നഗരങ്ങളിൽ ഒന്നാണ് ആംസ്റ്റർഡാം. മനോഹരമായ കനാലുകൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ നിറഞ്ഞാടുന്ന തുലിപ് പാടങ്ങൾ, കലാപരമായ വൈചിത്ര്യങ്ങളുടെ അപരിമേയമായ ഒത്തുചേരലുകൾ. തെരുവിൽ നിറയുന്ന ആളുകളേക്കാൾ കൂടുതൽ സൈക്കിളുകൾ , അങ്ങനെയങ്ങനെ... തീർച്ചയായും "സോഫ്റ്റ് ഡ്രഗ്സ്", ലൈംഗികത എന്നിവയെക്കുറിച്ചുള്ള വളരെ തുറന്ന നയം കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടി വരും. വാസ്തവത്തിൽ, ആംസ്റ്റർഡാം എല്ലാവർക്കുമായി എന്തെങ്കിലും വിശിഷ്യാ കരുതി വെച്ചിരിക്കുന്നു.

നഗരം ഇത്ര മാത്രം ആകർഷകമാണെന്നത് ഏറെ ആശ്ചര്യകരമാണ്. എല്ലാ യൂറോപ്യൻ നഗരങ്ങളും ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്ന് ആദ്യം തോന്നിയേക്കാം. പക്ഷെ, തീർച്ചയായും അത് ശരിയല്ല.
അടുത്തടുത്തായി അടുക്കിവച്ചിരിക്കുന്നതു പോലെയാണ് മനോഹരമായ ഓരോ വീടുകളും. എല്ലാ കെട്ടിടത്തിന്റെയും മുൻ വശവും മുകൾ ഭാഗവും തൃകോണാകൃതിയിലുള്ള മട്ടച്ചുവരിനാൽ തീർക്കപ്പെട്ടവ. നഗരത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ തന്നെ ഭ്രമിപ്പിക്കുന്ന ഒരനുഭൂതി മനസ്സിനെ പൊതിയുന്നതായി എനിക്കഭവപ്പെടുന്നുണ്ടായിരുന്നു. മ്യൂസിയങ്ങളും ജനപഥങ്ങളും മാത്രമല്ല ഡച്ച് സംസ്കാരത്തിന്റെ പരിച്ഛേദങ്ങളായി നില്ക്കുന്ന തെരുവുകൾ കൂടി കണ്ടെത്താനും എനിക്കവിടെ കഴിഞ്ഞു എന്നത് ഏറെ ആഹ്ലാദകരമായി.
ഡച്ചുകാരാണെകിലും ഇംഗ്ലീഷ് മികച്ച രീതിയിൽ സംസാരിക്കുന്നവരാണ് കണ്ടിടത്തോളം ആളുകൾ. ഡച്ച് ഭാഷ ബുദ്ധിമുട്ടാണ്, നമ്മൾക്ക് അത് അറിയണമെന്ന് അവർക്ക് ഒരു നിർബ്ബന്ധവുമില്ല. നിറപുഞ്ചിരിയോടെ അങ്ങേയറ്റം സൗഹാർദ്ദപരമായിത്തന്നെയാണ് ആളുകൾ പെരുമാറുന്നത്. നഗരം പരിചിതനല്ലാത്ത എന്റെ ഏകാന്ത യാത്രകളിൽ ബസ്സുകളിലും ട്രാമുകളിലും തെരുവുകളിലും എനിക്കതേറെ അനുഭവപ്പെട്ടു.
ആംസ്റ്റർഡാം നഗരത്തിലെ ചെറിയ ചെറിയ തെരുവുകളിൽ വഴിതെറ്റുന്നതിനെക്കുറിച്ചോ ആരെങ്കിലും വഴിതെറ്റിക്കുന്നതിനെക്കുറിച്ചോ ഒരിക്കലും വിഷമിക്കേണ്ടി വരില്ല. എങ്ങോട്ട് തിരിഞ്ഞാലും ആംസ്റ്റർഡാമിന്റെ ചരിത്രത്തെക്കുറിച്ച് നമ്മൾക്ക് ഏറെ മനസ്സിലാക്കാനുള്ള അവസരങ്ങൾ നമ്മെത്തേടി ഇങ്ങോട്ട് വരും. കാഴ്ചയിൽ വന്നു നിറയുന്നതത്രയും നമ്മൾ തിരക്കി നടന്നവ തന്നെ എന്ന തോന്നൽ സൃഷ്ടിച്ചു കൊണ്ട് തന്നെ.

ഏകനായുള്ള എന്റെ നിരവധി ദിവസങ്ങളിലെ അലച്ചിലുകളിൽ കാഴ്ചകളിലേക്ക് കടന്നു വന്ന ആംസ്റ്റർഡാമിലെ പഴയ പബ്ബുകളും ഏറ്റവും പഴയ പള്ളിയും ഇടുങ്ങിയ തെരുവുകളുടെ ഭാഗങ്ങളിൽ ചരിത്രത്തിന്റെ ബാക്കിപത്രങ്ങൾ എന്നോണം തലയുയർത്തി നിന്നു. അവക്ക് മേലെ സൂര്യൻ ജ്വലിച്ചു നിന്നെങ്കിലും നഗരത്തെ പൊതിഞ്ഞ തണുപ്പിന്റെ ആവരണത്തെ ചൂഴ്ന്നിറങ്ങാൻ അതിന് ശക്തിയില്ലെന്ന്തോന്നി. മഹാനഗരങ്ങളിലെ പോലെ എന്തിനോ വേണ്ടി തിരക്ക്കൂട്ടി പായുന്ന ആൾക്കൂട്ടങ്ങളെ എനിക്ക് എവിടെയും കാണാനൊത്തില്ല. അലസവും മന്ദഗതിയിലുമുള്ള ചലനങ്ങൾ മാത്രം തെരുവിൽ. എങ്കിലും ഊർജ്ജസ്വലരായ മനുഷ്യർ. അടുത്ത ദിവസം കറങ്ങാനുള്ള ഇടം മനസ്സിൽ കുറിച്ചു കൊണ്ടായിരുന്നു ഓരോ യാത്രയും ഞാൻ അവസാനിപ്പിച്ചിരുന്നത്.
സെക്സ് മ്യൂസിയം
—-----------------------
ഖജുരാഹോയിലെയും കൊണാർക്കിലെയും ലൈംഗികത പ്രസരിക്കുന്ന മനോഹരങ്ങളായ പ്രതിമാ ശിലകളെ കാണാനൊത്തിട്ടില്ലെങ്കിലും അവയുടെ കാവ്യവർണ്ണനകൾ ഓർമ്മയിലെന്നും നിറഞ്ഞു നില്ക്കുന്നവ തന്നെയാണ്.
ആംസ്റ്റർഡാം നഗരത്തിലെ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടരികിലായിട്ടാണ് സെക്സ് മ്യൂസിയം നിലകൊള്ളുന്നത്. അതിന്റെ പ്രവേശന കവാടം തിരക്കേറിയ ഒരു കടയുടെ മുൻവശത്താണ് .
അവിടെ നിന്ന് താഴേക്ക് ഇറങ്ങിച്ചെന്നാൽ മ്യൂസിയത്തിലെത്തും.

സെക്‌സ് മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ നമ്മൾ ആദ്യം കാണുന്നത് ഗ്രീക്ക് ദൈവമായ പ്രിയാപസിന്റെ ഒത്ത ഒരാളുടെ വലുപ്പത്തിലുള്ള പ്രതിമയാണ്.
സെക്‌സ് മ്യൂസിയം ലൈംഗികതയെ കുറിച്ചുള്ള ഒരു പഠന വേദിയാണെന്ന ധാരണയെ തെറ്റിക്കുന്നതായിരുന്നു അവിടത്തെ കാഴ്ചകൾ പകർന്ന് തന്ന അനുഭവം. അത് തീർത്തും അശ്ലീലത്തെക്കുറിച്ച് മാത്രമായിരുന്നു. സ്ത്രീ പുരുഷ സമത്വത്തിന്റെ അപ്പോസ്തലന്മാരാണ് ഈ നാട്ടുകാരെങ്കിലും ഈ മ്യൂസിയത്തിന്റെ നടത്തിപ്പുകാർ പുരുഷ മേധാവിതത്വത്തിന്റെ വക്താക്കളാണെന്നതിൽ തർക്കമേയില്ല. അതിനകം മുഴുവൻ പുരുഷന്മാർക്കു രസിക്കത്തക്ക വിധമുള്ള അശ്ലീലമായിരുന്നു. സ്ത്രീകളെ ചിത്രങ്ങളായും പ്രതിമകളായും കാണാമെന്നല്ലാതെ സന്ദർശകരെന്ന നിലയിൽ അവരെ പ്രതീക്ഷിക്കുന്നേയില്ലാത്ത വിധമുള്ള സജ്ജീകരണങ്ങൾ . പുരുഷന്മാരെ ഹർഷ പുളകിതരാക്കുന്ന നിരവധി സ്ത്രീ ചിത്രങ്ങളാണവിടെ മുഴുക്കെയും.

വശ്യമായ നിറപുഞ്ചിരിയോടെ മെർലിൻ മൺറോ തന്റെ പ്രസിദ്ധമായ പാവാട വേഷത്തിൽ ഒരു വെള്ളിത്തളികക്ക് മുകളിൽ നിറഞ്ഞു നില്ക്കുന്നു. അതുപോലെ തന്നെ കറുത്തമുത്ത് എന്നറിയപ്പെടുന്ന ഫ്രഞ്ച് നർത്തകിയും ഗായികയുമായ ജോസഫൈൻ ബേക്കറും തൊട്ടടുത്ത് തന്നെയുണ്ട്.
മ്യൂസിയത്തിനകത്ത് നടത്തം തുടരുമ്പോൾ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആംസ്റ്റർഡാമിലെ ഇരുണ്ട ഇടവഴികൾ നമ്മൾ കണ്ടെത്തുന്നു. റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് ഉണ്ടാക്കിയെടുക്കാൻ തയ്യാറാക്കപ്പെട്ട ഒരു തെരുവ്. അൽപ്പ വസ്ത്രധാരികളായ സ്ത്രീ പ്രതിമകൾ ജാലകങ്ങളിലൂടെ ആംഗ്യം കാണിക്കുന്നു. നമുക്ക് , യഥാർത്ഥ റെഡ് ഡിസ്ട്രിക്റ്റിൽ എത്തിനോട്ടം അനുവദനീയമല്ലെങ്കിലും ഇവിടെ പ്രതിമകളായ ക്ലയന്റുകളുമായി ചർച്ച നടത്തുന്ന ഇടങ്ങളിലേക്ക് എങ്ങനെയും നോക്കാം. ആ വിഭാഗത്തിലെ ഒരു "ഷോപ്പ് ഡിസ്പ്ലേ" സ്ത്രീകൾ ധരിക്കുന്ന കോർസെറ്റുകളും മറ്റ് അടിവസ്ത്രങ്ങളും കാണിക്കുന്നു.
മുകളിലെ നിലയിലെ ഇടനാഴിയിലെ ഒരു ചെറിയ ഇടത്തിൽ സ്വവർഗരതിയെക്കുറിച്ചുള്ള വിശദീകരണങ്ങളാണ്. പതിനെട്ടാം നൂറ്റാണ്ടിൽ "സോഡോമി" യുടെ പേരിൽ വധിക്കപ്പെട്ടവരെ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു.
ഗ്രീക്ക്, റോമൻ കാലഘട്ടം മുതൽ ഇന്നുവരെയുള്ള ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളിലും നിന്നുള്ള ലൈംഗികതയുടെ രൂപങ്ങൾ ആർട്ട് ഗാലറിയിൽ നമുക്ക് കാണാം. കഴിഞ്ഞ 100 വർഷങ്ങളിലെ ഫോട്ടോഗ്രാഫിയും സിനിമയും, സാഡോ-ക്ലബ്ബും, മെർലിൻ മൺറോയുടെ ചരിത്രവും എന്നിവയെല്ലാം
മ്യൂസിയത്തിലുണ്ട്. തൊട്ടടുത്തായി കലാകാരന്റെ വേഷം ധരിച്ച ഒരു പ്രതിമ ചിത്രം വരയ്ക്കുന്നു. നഗ്നയായ ഒരു സ്ത്രീ പ്രതിമ അവനു വേണ്ടി പോസ് ചെയ്യുന്നു.
ഇവയിൽ ചിലെതൊക്കെ രസകരമാണെന്ന് പറയാം. കാമസൂത്രയിൽ നിന്നുള്ള ചിത്രങ്ങൾ, ഗ്രീസ്, റോം, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫെർട്ടിലിറ്റി ചിഹ്നങ്ങൾ . മധ്യകാല ചാരിത്ര്യ ബെൽറ്റുകൾ. മാതാ ഹരിയുടെ ഫോട്ടോകൾ . ഇവയെല്ലാം ഭംഗിയായി ലേബൽ ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നു.
സെക്‌സ് മ്യൂസിയം വളരെ വലുതാണ്. അതിനേക്കാൾ വലുതാണെന്ന് തോന്നും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരൻ ലിംഗം. ഇന്ത്യയിലെമ്പാടും ശിവലിംഗം മുളച്ചു പൊന്തുന്ന കാലത്തായിരുന്നു ഞാൻ ഈ കാഴ്ചകൾ കാണാനായെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഈ ലിംഗത്തിൽ പാലഭിഷേകം നടത്താനായി ആരെങ്കിലും വരാനിടയുണ്ടെന്ന് എനിക്കൊരു സന്ദേഹമുണ്ടായിരുന്നു. പാല് യഥേഷ്ടം ഉള്ള സ്ഥലം കൂടിയാണല്ലോ നെതർലന്റ്സ് .
മ്യൂസിയത്തിന്റെ മിക്കവാറും ബാക്കി ഭാഗങ്ങളെല്ലാം അശ്ലീലചിത്രങ്ങൾ മാത്രമായിരുന്നു. അവിടെയും ഇവിടെയുമായി ടിവികൾ അശ്ലീല വീഡിയോകൾ കാണിക്കുന്നു. ചില മുറികളിലെ ഓഡിയോ ടേപ്പുകൾ കനത്ത ശ്വാസോച്ഛ്വാസവും ലൈംഗിക ആസ്വാദനത്തിന്റെ ശബ്ദവും പ്രക്ഷേപണം ചെയ്യുന്നു.
ഒരു മുറിയിൽ സ്ത്രീകൾ ഒറ്റയ്ക്കോ പുരുഷന്മാരുമൊത്തുള്ള വിവിധ പോസുകളിലോ ഉള്ള ചരിത്രപരമായ അശ്ലീല ഫോട്ടോകളുടെ ഒരു വലിയ ശേഖരം പ്രദർശിപ്പിക്കുന്ന ഭാഗം ഉണ്ട്. ഫോട്ടോഗ്രാഫിയുടെ ആദ്യ വർഷങ്ങളിലെ പഴയ ഫോട്ടോകളിലെ സ്ത്രീകൾ ഏറ്റവും പുതിയ ഫോട്ടോകളിൽ ഉള്ളവരെക്കാൾ കൂടുതൽ തടിച്ചവരും പൊതുവെ വൃത്താകൃതിയിലുള്ളവരുമാണ്. പുതിയ കാലത്തിലേക്കെത്തുന്തോറും സ്ത്രീകൾ കൂടുതൽ മെലിഞ്ഞവരും മികവാർന്നവരുമായിട്ടായിരുന്നു ചിത്രങ്ങൾ ഓരോന്നും.
നെതർലാൻഡ്സിന് ലൈംഗികതയോട് വ്യത്യസ്തമായ ഒരു മനോഭാവം തന്നെയുണ്ട്. അതിനാൽ തന്നെ ലൈംഗികതയെ കുറിച്ച്ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നു.
നാല് വയസ്സ് മുതൽ, ഡച്ച് സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസ ക്ലാസുകൾ നല്കുന്നുണ്ട്. ലൈംഗികതയെ കുറിച്ചുള്ള അറിവ് വളർത്തിയെടുക്കുക എന്നത് തന്നെയായിരിക്കണമല്ലോ അതിന്റെ ഉദ്ദേശം.
ആൻ ഫ്രാങ്ക് മ്യൂസിയം :
ആംസ്റ്റർഡാം നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആൻ ഫ്രാങ്ക് ഹൗസ് ചരിത്ര പ്രാധാന്യമേറിയ ഒരു മ്യൂസിയമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ആൻ ഫ്രാങ്ക് ഒളിച്ചിരുന്നതും അവരുടെ ഡയറി (ചുവന്ന ചെക്ക് ഡയറി ചിത്രത്തിൽ ) എഴുതിയതുമായ രഹസ്യ അനെക്‌സ് കൂടി ഉൾപ്പെടുന്നതിനാൽ ഇത് തീർച്ചയായും സന്ദർശിക്കേണ്ട ഒരിടം തന്നെയാണ്.

ആൻ ഫ്രാങ്ക് ഹൗസിന്റെആകർഷണീയത സംരക്ഷിക്കുന്നതിനായി സന്ദർശകരുടെ എണ്ണം കർശനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആൻ ഫ്രാങ്ക് ഹൗസിന്റെ ടിക്കറ്റുകൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇവിടെയെത്തിയിട്ടേ മനസ്സിലാക്കാനായുള്ളു. മിനിമം രണ്ട് മാസം മുമ്പെങ്കിലും ഓൺലൈൻ വഴി ടിക്കറ്റെടുത്താലേ അനായാസം ഈ മ്യൂസിയത്തിലേക്ക് പ്രവേശനം സാദ്ധ്യമാകൂ. ബുക്ക് ചെയ്തിട്ട് വരാത്തവരുടേതായ ടിക്കറ്റുകൾ സന്ദർശകരുടെ അഭിരുചി തിരിച്ചറിഞ്ഞ ശേഷം മാത്രം അവിടെ വിതരണം ചെയ്യുന്നുണ്ട്. അവിടെയും ഏറെ തിരക്കാണെങ്കിലും മാന്യത മുറ്റുന്ന ക്യൂവിലായിരിക്കും എല്ലാവരുമെന്നത് ആശ്വാസകരമാണ്.

ആൻ ഫ്രാങ്കിന്റെ ഡയറി വായിച്ചിട്ടുള്ളവർക്ക്,അവർ രണ്ട് വർഷത്തിലേറെയായി ഒളിച്ചു താമസിച്ചിരുന്ന കാലത്തെ സൂചിപ്പിക്കുന്ന ഒരു മ്യൂസിയം എന്നതിലുപരി, അവളുടെ ജീവിത കഥ പറയുന്ന ഒരനുഭവമാക്കി മാറ്റിയെടുക്കുന്ന വിധത്തിലാണ് അകത്തെ കാഴ്ചകൾ .

ഹോളോകോസ്റ്റിന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട യഹൂദ ഇരകളിൽ ഒരാളായിരുന്നു ആൻ. 1947-ൽ ദി ഡയറി ഓഫ് എ യംഗ് ഗേൾ (ഡച്ചിൽ Het Achterhuis, lit. 'the back house'; ഇംഗ്ലീഷ്: The Secret Annex) എന്ന പ്രസിദ്ധീകരണത്തിലൂടെ മരണാനന്തര പ്രശസ്തി നേടിയവൾ.
1942 മുതൽ 1944 വരെ രണ്ടാം ലോകമഹായുദ്ധത്തിൽ നെതർലാൻഡ്‌സിലെ ജർമ്മൻ അധിനിവേശ സമയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന തന്റെ ജീവിതമാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ഇത് നിരവധി നാടകങ്ങൾക്കും സിനിമകൾക്കും കൂടി അടിസ്ഥാനമായിട്ടുണ്ട്.
1945-ൽ ഒരു തടങ്കൽപ്പാളയത്തിൽ അതിദാരുണമാം വിധം ജീവിതമൊടുങ്ങിയ പതിനാറുകാരിയായ ആ പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിയപ്പെടാത്ത വിധം കൂട്ടക്കുഴിമാടത്തിൽ എറിയപ്പെട്ടതായി കരുതപ്പെടുന്നു. ജർമ്മനിയിലെ ബെർഗൻ-ബെൽസൺ എന്ന അതി ഭയാനകമായ ക്യാമ്പിൽ ആണ് അത് എന്നാണ് നിഗമനം.
ഒരു വലിയ ഇന്ററാക്ടീവ് ടച്ച്‌സ്‌ക്രീൻ സന്ദർശകരെ ആനിന്റെ ചെറിയ മുറിക്ക് ചുറ്റും 360-ഡിഗ്രി നോക്കാനും പശ്ചാത്തല വിവരങ്ങളുള്ള നിരവധി ചിത്രങ്ങൾ സൂം ഇൻ ചെയ്യാനും കഴിയുംവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. സീക്രട്ട് അനെക്സും ഡയറി റൂമും കഴിഞ്ഞ് ആൻ ഫ്രാങ്ക് ഹൗസിൽ മ്യൂസിയം റൂട്ടിന്റെ അവസാനത്തിലാണ് ഈ എക്സിബിഷൻ അവതരിപ്പിക്കുന്നത്. യഥാർത്ഥ ചിത്രങ്ങൾ ഇപ്പോഴും സീക്രട്ട് അനെക്സിലെ ആനിന്റെ കിടപ്പുമുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
(മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല).
ഗെയ്തൂൺ :
ഒരു നഗരത്തിലുടനീളം വെള്ളത്തിലൂടെ മാത്രം യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, "കിഴക്കിന്റെ വെനീസി"ലെ ജലവീഥികളും കേളികളും കണ്ട് മതിമറന്ന എനിക്ക് യഥാർത്ഥ വെനീസ് പെട്ടെന്ന് മനസ്സിൽ വരുന്ന ആദ്യത്തെ നഗര നാമമാകില്ല തന്നെ. കാരണം വെനീസ് ഇത് വരെ കാണാനൊത്തിട്ടില്ല എന്നത് തന്നെയാണ്. നഗരം ചുറ്റാനുള്ള ഒരേയൊരു മാർഗ്ഗം ജലപാതകൾ മാത്രമായ "വടക്കിന്റെ വെനീസ് " എന്നറിയപ്പെടുന്ന ഡച്ച് ഗ്രാമത്തിൽ നില്ക്കുമ്പോൾ ഇക്കാര്യം ഓർക്കാതിരിക്കുന്നതെങ്ങനെ!

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗെയ്തുൺ എന്ന ഡച്ച് ഗ്രാമം എന്നെ ഇതെല്ലാം ഓർമ്മിപ്പിക്കുന്നുവെങ്കിൽ കുട്ടനാടൻ സമാനതകളുടെ അവിസ്മരണീയമായ ഒരു യൂറോപ്യൻ പതിപ്പ് ഞാനിവിടെ കണ്ടെത്തുന്നു എന്നുള്ളതാണ്. റോഡുകളോ വാഹനങ്ങളോ ഇല്ലാത്ത ഈ യഥാർത്ഥ ഡച്ച് ഗ്രാമ ശൈലിയിൽ ഒരേയൊരു ഗതാഗത മാർഗ്ഗം ബോട്ടുകൾ മാത്രമാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ ഭൂമിയോട് പോരാടി അന്നത്തിനുള്ള വക തേടിയിരുന്ന കർഷക സമൂഹം കണ്ടെത്തിയ ധാരാളം ആടുകളുടെ കൊമ്പുകളിൽ നിന്നാണ് 'ഗീതൂർ' എന്ന പേര് വന്നത് എന്നാണ് അനുമാനം. Goat Horn ഡച്ചിലേക്ക് മൊഴിമാറ്റം വന്നപ്പോൾ അത് Geithhoorn എന്നായി മാറി. പ്രശസ്ത ഡച്ച് ചലച്ചിത്രകാരൻ ബെർട്ട് ഹാൻസ്ട്ര ഇവിടെ ഫാൻഫെയർ എന്ന സിനിമ ചിത്രീകരിച്ചതോടെയാണ് ഗ്രാമത്തിന് ടൂറിസത്തിന്റെ ആദ്യ രുചി ലഭിച്ചത്.

ഗെയ്തുണിലെ ആദ്യത്തെ താമസക്കാർ തെക്കൻ യൂറോപ്പിൽ നിന്ന് വന്നവരായിരുന്നു. തങ്ങളുടെ മതപരമായ ആചാരങ്ങൾ മുറുകെ പിടിച്ചു കൊണ്ട് പ്ലേഗിൽ നിന്നും മറ്റു മതവിഭാഗങ്ങളുടെ പീഢനങ്ങളിൽ നിന്നും പതിമൂന്നാം നൂറ്റാണ്ടിൽ അവർ ഇവിടെ അഭയം തേടിയെത്തി. തങ്ങളുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി സ്വയം ചാട്ടവാറടിച്ച് ശിക്ഷയേൽക്കുന്നവരായിരുന്നു അവർ. ഗെയ്തൂണിലെ നിവാസികൾക്ക് അവരുടെ ഭരണാധികാരിയായ ഉട്രെക്റ്റിലെ ബിഷപ്പുമായി അക്കാലത്ത് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് മതതത്വങ്ങൾ പുതുതായി ഉടലെടുത്തു. ഈ കാലയളവിൽ നിരവധി മെനോനൈറ്റുകൾ ഇവിടെ താമസമാക്കി. അവരും ഗെയ്തുണിൽ അഭയം തേടിയെത്തിയവരായിരുന്നു. റോമൻ കത്തോലിക്കരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന കൂട്ടരായിരുന്നു ഇവരെങ്കിലും അവിടെ അവർക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായും അവരുടേതായ രീതിയിലും ആചരിക്കാൻ കഴിയും വിധം വ്യാപിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ചരിത്രം.

റോഡുകളേയില്ലാത്ത ഡച്ച് പട്ടണമായ ഗെയ്തുൺ സന്ദർശിക്കുമ്പോൾ കെട്ടുകഥകൾ പൊളിച്ചെഴുതപ്പെടുകയും യഥാർത്ഥ വസ്തുതകൾ നമുക്ക് മുന്നിൽ അവതരിക്കുകയും ചെയ്യുന്നതായി കണ്ടെത്താനാകും.
ഡച്ച് പ്രവിശ്യയായ ഓവറിജസലിലെ ഒരു ഗ്രാമമാണ് ഗെയ്തൂൺ. ആംസ്റ്റർഡാമിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട് .
ഈ യാത്രയിൽ റോഡിനിരുവശവും നിറഞ്ഞു നില്ക്കുന്ന തുലിപ്പ് പാടങ്ങൾ കണ്ണിനും മനസ്സിനും ഒരുപോലെ അനുഭൂതിപരമാകുന്നു.
ഗ്രാമത്തിന്റെ ഭൂരിഭാഗവും കാൽനടയായോ ബോട്ടിലോ മാത്രമേ എത്തിച്ചേരാനാകൂ എന്നതിനാൽ തന്നെ ഗെയ്തൂൺ വളരെ മനോഹരമാണ്. എവിടെ തിരഞ്ഞാലും കനാലുകളും പാലങ്ങളും തന്നെ. ഇരുന്നുറോളം പാലങ്ങൾ ഉണ്ട് . ഓരോന്നും മരങ്ങൾ കൊണ്ട് നിർമ്മിച്ചവ. അത് ഗ്രാമത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഒട്ടുമിക്ക വീടുകളിലും കോട്ടേജുകളിലും ഓല മേഞ്ഞ മേൽക്കൂരകളാണുള്ളത്. കനാലുകൾക്കരികെയുള്ള നടപ്പാതയിലൂടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് മറു വശത്തെ കഫേകളിലോ റസ്റ്റോറന്റുകളിലോ ഉച്ചഭക്ഷണം കഴിക്കാൻ നിൽക്കുമ്പോൾ കാലം അൽപ്പമെങ്കിലും പിന്നോട്ട് പോയത് പോലെ തോന്നും. .
"വടക്കിന്റെ വെനീസ്" എന്നറിയപ്പെടുന്ന നെതർലാൻഡ്സിലെ ഗെയ്തൂൺ പതിമൂന്നാം നൂറ്റാണ്ടിൽ ആസൂത്രണം ചെയ്തു നിർമ്മിച്ച ഒരു ജലപാത നഗരമാണ്. റോഡുകളൊന്നും തന്നെ നിർമ്മിച്ചില്ല. പട്ടണത്തിൽ നാവിഗേറ്റ് ചെയ്യാനുള്ള ഏക മാർഗ്ഗം പണ്ടർ അഥവാ "വിസ്പർ-ബോട്ടുകൾ" എന്ന് വിളിക്കുന്ന
ബോട്ടുകൾ മാത്രമാണ്. ഇന്നും, ഈപഴയ പട്ടണത്തിലൂടെയുള്ള നടപ്പാത കൂടാതെയുള്ള ഏക പാത സൈക്കിൾ പാത മാത്രമാണ്.

പഴയ ഗെയ്തുണിൽ ഉടനീളം നിരവധി ചെറിയ ദ്വീപുകളാണുള്ളത്. തടി പാലങ്ങൾ വഴി തന്നെ അവിടെയും എത്തിച്ചേരാനാകും. ഈ ദ്വീപുകളിൽ ഓരോന്നിലും ഒന്നോ രണ്ടോ വീടുകളേ ഉള്ളു. ചില വീടുകളെങ്കിലും നൂറ്റാണ്ടുകൾ പഴക്കം വിളിച്ചോതുന്നവയാണ്. ഇപ്പോഴും മരത്തട്ട് കൊണ്ടുള്ള മേൽക്കൂരകളാൽ നിർമ്മിക്കപ്പെട്ടവ. അവിടത്തെ താമസക്കാർ ഏകദേശം 2600 പേരെ ഉള്ളുവെന്നാണ് വിവരണങ്ങൾ പറഞ്ഞു തരുന്നത്.
ടുലിപ് ഫെസ്റ്റിവൽ :
വസന്തകാലത്ത് നെതർലാന്റ്സിൽ എത്തിയിട്ട് ടുലിപ് ഗാർഡൻ കാണാതെ പോകുന്നത് ഗംഭീര നഷ്ടമായിരിക്കും എന്ന് പറഞ്ഞത് ഭാര്യയാണ്. ദുബായിലെ മിറക്ക്ൾ ഗാർഡന്റെ വേറൊരു പതിപ്പ് മാത്രമായിരിക്കും ഇതെന്ന് ഞാൻ പറഞ്ഞു നോക്കിയെങ്കിലും വഴങ്ങുന്ന മട്ടില്ലായിരുന്നു . ഭൂമിയുടെ മന്ദഹാസമാണ് പൂക്കൾ എന്ന ബഷീറിയൻ ഉദ്ധരണി അവൾക്കെന്നും ഹൃദിസ്ഥമായിരുന്നത് കൊണ്ട് അതെടുത്ത് എന്റെ നേർക്കവൾ വീശി. എന്നാ പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി.ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന ഹോളണ്ടിന്റെ സിഗ്നേച്ചർ പൂക്കളാണ് ടുലിപ്സ്. ഞാനത്ര കണ്ട്അരസികനല്ലാത്തതിനാൽ എന്റെ മനസ്സും കൊതിക്കുന്നുണ്ടായിരുന്നു അവിടെയെത്താനും കാഴ്ചകളിൽ മുഴുകാനും.

എല്ലാവർഷവും ഏപ്രിൽ 14 മുതൽ മേയ് 15 വരെ അരങ്ങേറുന്ന ടുലിപ് ഫെസ്റ്റിവലിലൂടെയാണ് നെ തർലാൻഡ്സിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുന്നത്. വർണ്ണാഭമായ വയലുകളിലും, തോട്ടത്തിലും മനോഹരമായി പൂത്തു നില്ക്കുന്ന ടുലിപ്സ് വസന്തം ആസ്വദിക്കാനുള്ള ഏറ്റവും നല്ല സമയം ഭാഗ്യവശാൽ ഞങ്ങൾക്കും അങ്ങനെ ലഭ്യമായി. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ടുലിപ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നത് ഈ വർഷം ഏപ്രിലിലാണ്. സന്ദർശക ബാഹുല്യം ഏറിയതിനാൽ ഏപ്രിൽ 18 ലേക്ക് ബുക്കിംഗിന് ശ്രമിച്ച ഞങ്ങൾക്ക് 22 നുള്ള ടിക്കറ്റാണ് കിട്ടിയത്.
ആംസ്റ്റർഡാം സിറ്റിയോട് ചേർന്നൊഴുകുന്ന ആംസ്റ്റൽ നദിയോരത്തുള്ള ആംസ്റ്റൽ വീൻ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ മക്കളോടൊത്ത് താമസിച്ചിരുന്നത്. നഗരത്തിനോട് ഏറെ അടുത്താണെങ്കിലും ചെറിയ ചെറിയ കനാലുകളും ഹരിതാഭ നിറഞ്ഞ പാർക്കുകളും സമൃദ്ധമായ ഒരിടം. വണ്ണാത്തിക്കിളികളും കാക്കകളും , കടൽകാക്കകളും മൈനകളും എന്ന് വേണ്ട നിരവധി പക്ഷികൾ സദാ പാറിപ്പറക്കുന്ന അന്തരീക്ഷം. അവിടെ നിന്നും രണ്ട് മണിക്കൂറോളം കാറിൽ യാത്ര ചെയ്തിട്ടാണ് ലിസ്സി ജില്ലയിലെ ക്യൂക്കൻ ഹോഫ് എന്ന ടുലിപ് പാടങ്ങളുടെ , ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. കാറ്റിലാടി നില്ക്കുന്ന ചോളവയലുകളും ഉരുളക്കിഴങ്ങ് പാടങ്ങളും അവക്കിടയിൽ നിരനിരയായി നില്ക്കുന്ന കാറ്റാടി യന്ത്രങ്ങളും ഞങ്ങളുടെ യാത്രയുടെ ആവേശത്തിന് കൊടിയേറ്റും വിധം മനോഹരമായിരുന്നു.

പൂക്കളെ ലൈവായി കണ്ട് ആസ്വദിക്കുക എന്നത് ഒരു വീഡിയോയ്ക്കും പകരം വെയ്ക്കാനാകാത്ത ഒരു കാര്യമാണ്. പാർക്കിലെ മണവും അന്തരീക്ഷവും , കണ്ണിനും മനസ്സിനും ലഭിക്കുന്ന അനുഭൂതിപരതയും നേരിട്ട് ഇവിടെയെത്തിയില്ലെങ്കിൽ നമ്മൾക്ക് നഷ്ടമായേക്കാവുന്ന അമ്യൂലമായ അനുഭവം തന്നെയായിരിക്കും. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ആദ്യത്തെ hyacinths, tulips എന്നിവ ഇതിനകം പൂത്തുകഴിഞ്ഞിരുന്നു. എങ്കിലും വർണ്ണാഭമായ പാർക്കിന്റെ ആസ്വാദ്യത ഞങ്ങൾക്ക് അനുഭവിക്കാൻ പാകത്തിൽ തന്നെയായിരുന്നു. തൊട്ടു താഴെയായി ബോളൻസ്ട്രീക്കിൽ പൂക്കുന്ന അടുത്ത പൂപ്പാടങ്ങളും ഞങ്ങൾക്ക് കാണാനായി. പത്ത് മണിക്ക് മുമ്പായി ഞങ്ങളവിടെ എത്തിച്ചേർന്നെങ്കിലും പതിനായിരക്കണക്കിന് ആളുകളെ വഹിച്ചു വന്ന നിരവധി ബസ്സുകളും കാറുകളും കൊണ്ട് പാർക്കിന് പുറത്തെ മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. തലേദിവസം മഞ്ഞ് പെയ്തിരുന്നതിനാൽ അല്പം തണുപ്പ് അന്തരീക്ഷത്തെ പൊതിഞ്ഞിരുന്നു. പക്ഷേ സൂര്യൻ അതിന്റെ പരമാവധി ചൂട് ചൊരിഞ്ഞു തരാൻ പാകത്തിലായിരുന്നു. ഓരോ സന്ദർശകർക്കും ലോകത്തിലെ ഏറ്റവും വലിയ സ്പ്രിംഗ് പാർക്ക് എങ്ങനെ കണ്ടെത്താമെന്നും അതിന്റെ എല്ലാ സൗന്ദര്യാംശങ്ങളും എങ്ങനെ ആസ്വദിക്കാമെന്നും അറിയാവുന്നത് പോലെ. യഥാർത്ഥ ഫോട്ടോ ഷൂട്ടുകൾ, പൂക്കളുടെ ക്ലോസ്-അപ്പുകൾ, തീർച്ചയായും തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ധാരാളം ഫ്ലവർ ബൾബുകൾ, പൂക്കൾ, മറ്റ് സുവനീറുകൾ. ക്യൂകെൻഹോഫ് വളരെ വലുതായതിനാൽ, ഒരേ സമയം പതിനായിരക്കണക്കിന് സന്ദർശകർ ഉണ്ടെന്ന തോന്നൽ തന്നെ നമ്മൾക്ക് അനുഭവപ്പെടില്ല .

ക്യൂകെൻഹോഫിൽ ഞങ്ങൾ തീർച്ചയായും അവിടത്തെ അന്തരീക്ഷവുമായി അക്ഷരാർത്ഥത്തിൽ അലിഞ്ഞുചേരുകയായിരുന്നു. അതിമനോഹരമായ പൂക്കൾ ആസ്വദിച്ചു കൊണ്ട്. രാജകുടുംബാംഗങ്ങളുടെ പേരിലുള്ള പ്രധാന കെട്ടിടങ്ങളിൽ ഞങ്ങൾ ഓർക്കിഡുകൾ, തുലിപ്സ്, ഫ്രീസിയകൾ എന്നിവയെ തലോടാൻ കൊതിച്ചു കൊണ്ട് ചുറ്റി നടന്നു. എന്തെങ്കിലും കഴിക്കാനും കുടിക്കാനും കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഒരു ചൂടുള്ള ഹാം സാൻഡ്‌വിച്ച് അല്ലെങ്കിൽ ഫ്രഷ് ഫ്രൈകൾ, എന്നിവ മുട്ടിന് മുട്ടുള്ള കൊച്ചു കടകളിൽ അവിടെ കാണാം. അവ നമ്മുടെ വിശപ്പടക്കാനുള്ള ലഘുഭക്ഷണത്തിനായുള്ള റെസ്റ്റോറന്റുകളും കഫേകളുമാണ്. തീർച്ചയായും നമ്മൾക്ക് സ്വന്തമായി ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാനും നിരവധി ബെഞ്ചുകളിലൊന്നിൽ അല്ലെങ്കിൽ പിക്നിക് പുൽമേട്ടിൽ ഇരിക്കാനും കഴിയും. പക്ഷെ, ഞങ്ങൾ ഒന്നും കരുതിയിരുന്നില്ല, വെള്ളമൊഴികെ.

പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഏതൊരു കാലത്തും അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ക്ലാസിക് ചിഹ്നങ്ങളായും വാസ്തുവിദ്യ, ഡിസൈൻ എന്നിവയിൽ ഞങ്ങൾക്ക് പൂക്കൾ കണ്ടെത്താനായി. Keukenhof-ൽ ഞങ്ങൾക്ക് ഈ ക്ലാസിക്കുകൾ ഒരുമിച്ച് കാണാനായി എന്നതാണ് അതിന്റെ ഹൈലൈറ്റ് . ടുലിപ്‌സ്, ഡാഫോഡിൽസ്, ഹയാസിന്ത്‌സ് എന്നിവയ്‌ക്ക് പുറമേ, പവലിയനുകൾക്കുള്ളിലെ ഫ്ലവർ ഷോകൾ വലുതും മനോഹരവുമായി മാറിയിരിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങിയാൽ നമ്മൾക്ക് ടുലിപ്‌സിന്റെയും മറ്റ് തരത്തിലുള്ള പൂക്കളുടെയും ഒരു വലിയ കടൽ തന്നെ കണ്ടെത്താൻ കഴിയും.
പശ്ചാത്തലത്തിൽ നിര നിരയായുള്ള വിൻഡ് മില്ലുകളുമായി നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ടുലിപ് പാടങ്ങൾ .
അത് തീർച്ചയായും നമ്മുടെ കണ്ണുകളെ ശാന്തമാക്കുകയും മനസ്സിന് നവോന്മേഷം പകരുകയും ചെയ്യും. 79 ഏക്കർ വിസ്തൃതിയിലായി ഏകദേശം എഴുപത് ലക്ഷം പൂക്കൾ.
ഹോളണ്ടിനെ ലോകപ്രശസ്തമാക്കുന്ന പല കാര്യങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ക്യൂക്കൻഹോഫ് ടുലിപ് ഫെസ്റ്റിവൽ . ഹോളണ്ടും നെതർലാൻഡും ഒന്നാണെന്ന് ഞാൻ തെറ്റായി കരുതിപ്പോന്നിരുന്നു മുമ്പ്. വാസ്തവത്തിൽ, ഹോളണ്ട് നെതർലൻഡ്സ് രാജ്യത്തിനുള്ളിലെ ഒരു പ്രദേശമാണ്. ആ പ്രദേശമാകട്ടെ ടുലിപ്സിന് പേരുകേട്ടതും. ഇന്ന് ലോകത്തിലുള്ള ടുലിപ് പൂക്കളിൽ 90 ശതമാനവും നെതർലാൻഡ്സിലാണ് വളരുന്നത്.
റിക്സ് മ്യൂസിയം:
നെതർലാൻഡ്‌സിന്റെ ദേശീയ മ്യൂസിയമാണ് നഗരമദ്ധ്യത്തിലുള്ള റിക്‌സ്‌മ്യൂസിയം. മധ്യകാലഘട്ടം മുതൽ ഇന്നുവരെയുള്ള ഡച്ച് കലയ്ക്കും ചരിത്രത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന മ്യൂസിയമാണ് ഇത്. അഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന, 1885 ൽ സ്ഥാപിത മായ ഈ മ്യൂസിയം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഒന്നാണ്. ഈ കെട്ടിടം തന്നെ ഒരു കലാസൃഷ്ടിയായി നമ്മുടെ മനസ്സിന്റെ വിസ്മയ ഭാവങ്ങളെ ഉണർത്താനുതകും വിധം ഗംഭീരമാണ്.
സൈക്കിളിൽ സഞ്ചരിച്ച് കാഴ്ചകളിൽ മുഴുകാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു മ്യൂസിയമാണിത്. തെരുവിലതെന്ന പോലെ സൈക്കിളുമായി വരുന്ന സന്ദർശകർക്ക് പ്രത്യേക പാത ഉള്ളിലൊരുക്കിയിട്ടുണ്ട്. മ്യൂസിയത്തിന് താഴെയായി പോകുന്ന തുരങ്കമാണ് അവർക്കുളള പ്രധാന വഴി. തുടർന്ന് വലിയ ഗ്ലാസ് ജാലകങ്ങൾ നിറഞ്ഞ വീഥിയേറിയ വഴിയിലൂടെ മ്യൂസിയത്തിന്റെ നടുമുറ്റത്തെത്താം. ഒരിക്കൽ തുരങ്കത്തിലൂടെയുള്ള ഗതാഗതം അടയ്ക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചതോടെ സൈക്കിൾ ടണൽ സംരക്ഷിക്കപ്പെട്ടു. ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും മനോഹരമായ സൈക്കിൾ അണ്ടർപാസ്സായിരിക്കും ഇത്.

ഒരു ദശലക്ഷത്തിലധികം കലാസൃഷ്ടികളാണ് മ്യൂസിയത്തിൽ ഉള്ളത്. അവയിൽ പലതും കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഡച്ച് മാസ്റ്റേഴ്സിന്റെതാണ്. വാൻഗോഗിന്റെ, വെർമീറിന്റെ , റെംബ്രാന്റിന്റെ വിശിഷ്ടമായ കൃതികൾ. അത് കൂടാതെ കഴിഞ്ഞ ആയിരം വർഷങ്ങളിലെ ഡച്ച് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതും മറ്റ് കാലഘട്ടങ്ങളിലെ വസ്തുക്കളും കലാസൃഷ്ടികളും കൊണ്ട് മനസ്സിലേക്ക് ചരിത്രബോധം നിറക്കുന്നുമുണ്ട് ഈ മ്യൂസിയം.
പതിനേഴാം നൂറ്റാണ്ടിലെ കലാകാരന്മാരുടെ മാസ്റ്റർപീസുകൾ നിറഞ്ഞ വിപുലമായ ഇടനാഴികൾ. ഡച്ച് ഡോൾഹൗസുകൾ, ഏഷ്യൻ ആർട്ട് ശേഖരങ്ങൾ എന്നിവയാൽ പൂരിതമായ ഭാഗങ്ങൾ വേറെയും. കലയിലും ചരിത്രത്തിലും താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും കൗതുകകരമായ നിരവധി കാര്യങ്ങൾ അവിടെ കണ്ടെത്താൻ കഴിയും.
(മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല).
വാൻ ഗോഗ് മ്യൂസിയം :
നെതർലാന്റ്സിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ വിൻസെന്റ് ഡി വാൻ ഗോഗിന്റെ ജീവിതവും കലാസൃഷ്ടിയും ഈ മൾട്ടി ലെവൽ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡച്ച് / ഫ്രഞ്ച് കാലഘട്ടങ്ങളിലെ സൃഷ്ടികൾ നിരനിരയായി പ്രദർശിപ്പിച്ചിരിക്കുന്നു. പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, കത്തുകൾ, അദ്ദേഹത്തിന്റെ സമകാലികരുടെ കൂടി രചനകൾ എന്നിവയാണ് അവിടെ പ്രദർശിപ്പിച്ചിരിക്കന്നത് . ലോകത്തിലെ ഏറ്റവും പ്രശസ്തമായ 25 മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്.

വാൻ ഗോഗിന്റെ ജീവിതത്തോട് ബന്ധപ്പെട്ടു നിന്നിരുന്ന പ്രധാന വ്യക്തികൾ, അദ്ദേഹത്തിന്റെ ഡ്രോയിംഗുകളുടെ തിരഞ്ഞെടുക്കൽ എന്നിവയാണ് വേറൊരു വശത്ത് . ഇവയെല്ലാം ഉൾപ്പെടുന്ന ഒരു മുഴുവൻ ഗാലറിയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. സൂര്യകാന്തിപ്പൂക്കൾ (1889), ആൽമണ്ട് ബ്ലോസം (1890), ദി പൊട്ടറ്റോ ഈറ്റേഴ്സ് (1885) എന്നിവയുൾപ്പെടെയുള്ള ലോകപ്രശസ്ത ചിത്രങ്ങൾ .
വാൻ ഗോഗ് സൂര്യകാന്തിപ്പൂക്കളുടെ നാല് വ്യത്യസ്ത കോമ്പോസിഷനുകൾ വരച്ചിട്ടുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയും വ്യത്യസ്ത നിറങ്ങളിലുള്ള പശ്ചാത്തലങ്ങളോടെയും അതിന്റെ ആവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. കടും മഞ്ഞ നിറത്തിലും (1889) ഇളം മഞ്ഞ നിറത്തിലും (1888) സൂര്യകാന്തിപ്പൂക്കളുടെ വ്യത്യസ്തത കാണാം.

വാൻ ഗോഗ് തന്നെ ചിലപ്പോൾ മറ്റ് കലാകാരന്മാരുടെ സൃഷ്ടികൾ വളരെ വ്യക്തിഗതമായ രീതിയിൽ പകർത്തിയിട്ടുണ്ടെന്ന് മ്യൂസിയത്തിലെ ലഘുലേഖ പറഞ്ഞു തരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കലാകാരന്മാരിൽ അഗ്രഗണ്യനായ വിൻസെന്റ് വാൻ ഗോഗിന്റെ സൃഷ്ടികളുടെ ഏറ്റവും വലിയ ശേഖരമാണ് ഈ മ്യൂസിയത്തിലുള്ളത്.
വാൻ ഗോഗിന്റെ 200-ലധികം പെയിന്റിംഗുകൾ, 500 ഡ്രോയിംഗുകൾ കൂടാതെ മറ്റ് കലാകാരന്മാരുടെയും അദ്ദേഹത്തിന്റെ സമകാലികരുടെയും ഇംപ്രഷനിസ്റ്റുകളുടെയും പോസ്റ്റ് ഇംപ്രഷനിസ്റ്റുകളുടെയും സൃഷ്ടികൾ ഈ ശേഖരത്തിലുണ്ട്. വാൻ ഗോഗിന്റെ കൃതികൾ കാലക്രമത്തിൽ അഞ്ച് കാലഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്നു, ഓരോന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും വ്യത്യസ്ത കാലഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. നെതർലാൻഡ്സ്, പാരീസ്, ആർലെസ്, സെന്റ്-റെമി എന്നിവിടങ്ങളിലെ ജീവിത കാലങ്ങളെയും രചനകളെയുമാണ് അവ പ്രതിനിധീകരിക്കുന്നത്.

"എന്റെ ചിത്രങ്ങൾ വിറ്റുപോകുന്നില്ല എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ഒരു കാലം വരും, എന്റെ ചിത്രങ്ങൾക്ക് അവയിലുപയോഗിച്ചിരിക്കുന്ന ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം." വാൻ ഗോഗിന്റെ ഈ വാചകം സത്യമാവുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന പേരും പ്രശസ്തിയും മരിച്ചതിനു ശേഷമാണ് വിൻസെന്റ് വാൻ ഗോഗ് എന്ന അതുല്യ ചിത്രകാരനെ തേടി എത്തുന്നത്.
(മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല).
സാൻസെ ഷാൻസ്
ആംസ്റ്റർഡാമിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാൻസെ ഷാൻസ്, സന്ദർശകരെ ആകർഷകവും ഗ്രാമീണവുമായ ചുറ്റുപാടുകളിലേക്ക് സ്വാഗതം ചെയ്യുന്ന ഓപ്പൺ എയർ മ്യൂസിയമാണ്.

18-ഉം 19-ഉം നൂറ്റാണ്ടുകളിൽ വ്യാവസായിക മേഖലയായിരുന്ന സാനിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് Zaanse Schans-ൽ കുറച്ച് മണിക്കൂറുകൾ ചെലവഴിക്കുന്നത് വഴി സന്ദർശകർക്ക് തീർച്ചയായും അനുഭവവേദ്യമാകും. പഴയ കാലത്തിന്റെ ഒരു പുന:സൃഷ്ടിയായാണ് ഈ ഗ്രാമത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ തിരക്കിനെ അവഗണിച്ചു കൊണ്ട് മാസ്ക് രഹിത ലോകത്ത് നടത്താനായ ഈ യാത്ര തീർത്തും ആസ്വാദ്യകരമായിരുന്നു.

Zaanse Schans സ്ഥിതി ചെയ്യുന്നത് സാൻ നദിയുടെ തീരത്തായതിനാൽ, ഈ പ്രദേശം മുഴുക്കെ കറങ്ങാൻ ബോട്ട് ഏറെ അനുയോജ്യമാണ്. കൗ ബോട്ട് ! പേര് സൂചിപ്പിക്കുന്നത് പോലെ ഈ ബോട്ട് പണ്ടൊക്കെ പശുക്കളെ പുൽമേടുകളിലേക്ക് കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്നതാണ്. സാൻ മേഖലയിലെ ജീവിതത്തെക്കുറിച്ച് ഗൈഡ് ഭൂതകാലത്തിൽ നിന്നുള്ള ആവേശകരമായ കഥകൾ പറഞ്ഞു തരും. കാൽനടയായും കടത്തുവള്ളത്തിലൂടെയും ഞങ്ങൾ സാനിന്റെ രണ്ട് തീരങ്ങളിലും എത്തിച്ചേർന്നു. ജീവനുള്ള മ്യൂസിയം പോലെയുള്ള Zaanse Schans വിൻഡ്‌മിൽ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലൂടെ കടന്നുപോകുമ്പോൾ ചോക്കലേറ്റിന്റെയും ഫ്രഷ്-ബേക്ക് ചെയ്ത വാഫിളുകളുടെയും സ്വർഗ്ഗീയ ഗന്ധം നമ്മളെ നടത്തത്തിന്റെ വേഗത കുറക്കാൻ നിർബ്ബന്ധിതരാക്കിയേക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ഡസൻ കണക്കിന് പരമ്പരാഗത വീടുകളും ഉപയോഗത്തിലുള്ള കാറ്റാടി മില്ലുകളും കമ്മ്യൂണിറ്റിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

വർണ്ണാഭമായ, കറങ്ങുന്ന കാറ്റാടി മില്ലുകൾ തന്നെയാണ് ഏറ്റവും വലിയ ആകർഷണം. അവയിൽ മിക്കതും പ്രദർശനത്തിനായിട്ടാണെങ്കിലും ഇന്നും ഉപയോഗത്തിലുള്ളവയുമുണ്ട്. ഓരോ വർഷവും ഏകദേശം ഒരു ദശലക്ഷം സന്ദർശകർ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. Zaanse Schans പര്യടനം നടത്തുമ്പോൾ കണ്ടിരിക്കേണ്ട നിരവധി ചരിത്രപരമായ കെട്ടിടങ്ങളുടെ നീണ്ട നിരകൾ തന്നെ അവിടെ ദൃശ്യമാണ്. ഒരു ചോക്ലേറ്റ് ഷോപ്പ്, ചോക്ലേറ്റ് നിർമ്മാണ പ്രക്രിയയെക്കുറിച്ചുള്ള പ്രദർശനങ്ങൾ, ചീസ് ഫാക്റ്ററി അങ്ങനെ നിരവധി കാഴ്ചകൾക്ക് കൂടി വേദിയാണ് ഇവിടം.
###.
